സത്യവേദപുസ്തകം/സെഖൎയ്യാവു/അദ്ധ്യായം 7
സെഖൎയ്യാവു - അദ്ധ്യായങ്ങൾ |
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
1 ദാർയ്യാവേശ് രാജാവിന്റെ നാലാം ആണ്ടിൽ, കിസ്ളേവ് എന്ന ഒമ്പതാം മാസം, നാലാം തിയ്യതി, സെഖർയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
2 ബേഥേൽകാർ യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നു സരേസരിനെയും രേഗെം-മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു,
3 സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഞങ്ങൾ ഇത്ര സംവത്സരമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ടു ഉപവസിക്കേണമോ എന്നു ചോദിപ്പിച്ചു.
4 അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കു ഉണ്ടായതെന്തെന്നാൽ:
5 നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതു: നിങ്ങൾ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?
6 നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങൾ തന്നേയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നതു?
7 യെരൂശലേമിന്നും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിന്നും താഴ്വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ?
8 യഹോവയുടെ അരുളപ്പാടു സെഖർയ്യാവിന്നുണ്ടായതെന്തെന്നാൽ:
9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഔരോരുത്തൻ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്‍വിൻ .
10 വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുതു.
11 എന്നാൽ ചെവി കൊടുപ്പാൻ അവർക്കും മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കയും കേൾക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു.
12 അവർ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു ഒരു മഹാകോപം വന്നു.
13 ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നേ അവർ നിലവിളിക്കും; ഞാൻ കേൾക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
14 ഞാൻ ഒരു ചുഴലിക്കാറ്റുകൊണ്ടു അവരെ അവർ അറിയാത്ത സകലജാതികളുടെയും ഇടയിൽ പാറ്റിക്കളഞ്ഞു; ദേശമോ ആരും പോക്കുവരത്തില്ലാതവണ്ണം അവരുടെ പിമ്പിൽ ശൂന്യമായ്തീർന്നു; അങ്ങനെ അവർ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.