അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ബാലകാണ്ഡം
രാമാദികളുടെ ബാല്യകാലത്തെപ്പറ്റി പ്രതിപാദിക്കുന്ന ഈ ഭാഗത്തിന്‌ ബാലകാണ്ഡം എന്ന പേർ അന്വർത്ഥമാണ്‌.

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ബാലകാണ്ഡം

അയോദ്ധ്യാകാണ്ഡം


ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ !ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ!ജയ
ശ്രീരാമ! രാമാ രാമ!രാവണാന്തകരാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ!രമണീയവിഗ്രഹ!നമോസ്തുതേ.
നാരായണായ നമോ നാരായണായനമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമനാമംപാടി വന്നപൈങ്കിളിപ്പെണ്ണേ!
ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതൽതാനുംവന്ദിച്ചുവന്ദ്യന്മാരെ
ശ്രീരാമസ്‌മൃതിയോടെപറഞ്ഞുതുടങ്ങിനാൾ.