അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/ഉമാമഹേശ്വരസംവാദം
←രാമായണമാഹാത്മ്യം | അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്) രചന: ബാലകാണ്ഡം |
ഹനുമാനു തത്ത്വോപദേശം→ |
- കൈലാസാചലേ സൂര്യകോടിശോഭിതേ വിമ-
- ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്‌ഠം
- ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം
- നീലലോഹിതം നിജ ഭർത്താരം വിശ്വേശ്വരം
- വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതി
- സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെഃ 110
- "സർവാത്മാവായ നാഥ! പരമേശ്വര! പോറ്റീ !
- സർവ്വലോകാവാസ ! സർവ്വേശ്വര! മഹേശ്വരാ!
- ശർവ! ശങ്കര! ശരണാഗതജനപ്രിയ!
- സർവ്വദേവേശ ! ജഗന്നായക! കാരുണ്യാബ്ധേ!
- അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
- മെത്രയും മഹാനുഭാവന്മാരായുളള ജനം
- ഭക്തിവിശ്വാസശുശ്രൂഷാദികൾ കാണുന്തോറും
- ഭക്തന്മാർക്കുപദേശംചെയ്തീടുമെന്നു കേൾപ്പു.
- ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ-
- ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു. 120
- കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ
- ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം.
- തത്ത്വഭേദങ്ങൾ വിജ്ഞാനജ്ഞാനവൈരാഗ്യാദി
- ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികളും
- ക്ഷേത്രോപവാസഫലം യാഗാദികർമ്മഫലം
- തീർത്ഥസ്നാനാദിഫലം ദാനധർമ്മാദിഫലം
- വർണ്ണധർമ്മങ്ങൾ പുനരാശ്രമധർമ്മങ്ങളു-
- മെന്നിവയെല്ലാമെന്നോടൊന്നൊഴിയാതവണ്ണം
- നിന്തിരുവടിയരുൾചെയ്തു കേട്ടതുമൂലം
- സന്തോഷമകതാരിലേറ്റവുമുണ്ടായ്‌വന്നു. 130
- ബന്ധമോക്ഷങ്ങളുടെ കാരണം കേൾക്കമൂല-
- മന്ധത്വം തീർന്നുകൂടി ചേതസി ജഗൽപതേ!
- ശ്രീരാമദേവൻതൻറെ മാഹാത്മ്യം കേൾപ്പാനുളളിൽ
- പാരമാഗ്രഹമുണ്ടു, ഞാനതിൻ പാത്രമെങ്കിൽ
- കാരുണ്യാംബുധേ! കനിഞ്ഞരുളിച്ചെയ്തീടണ-
- മാരും നിന്തിരുവടിയൊഴിഞ്ഞില്ലതു ചൊൽവാൻ."
- ഈശ്വരി കാർത്ത്യായനി പാർവ്വതി ഭഗവതി
- ശാശ്വതനായ പരമേശ്വരനോടീവണ്ണം
- ചോദ്യംചെയ്തതു കേട്ടു തെളിഞ്ഞു ദേവൻ ജഗ-
- ദാദ്യനീശ്വരൻ മന്ദഹാസംപൂണ്ടരുൾചെയ്തുഃ 140
- "ധന്യേ! വല്ലഭേ! ഗിരികന്യേ! പാർവ്വതീ! ഭദ്രേ!
- നിന്നോളമാർക്കുമില്ല ഭഗവത്ഭക്തി നാഥേ!
- ശ്രീരാമദേവതത്വം കേൾക്കേണമെന്നു മന-
- താരിലാകാംക്ഷയുണ്ടായ്‌വന്നതു മഹാഭാഗ്യം.
- മുന്നമെന്നോടിതാരും ചോദ്യംചെയ്തീല, ഞാനും
- നിന്നാണെ കേൾപ്പിച്ചതില്ലാരെയും ജീവനാഥേ!
- അത്യന്തം രഹസ്യമായുളെളാരു പരമാത്മ-
- തത്വാർത്ഥമറികയിലാഗ്രഹമുണ്ടായതും
- ഭക്ത്യതിശയം പുരുഷോത്തമൻതങ്കലേറ്റം
- നിത്യവും ചിത്തകാമ്പിൽ വർദ്ധിക്കതന്നെ മൂലം. 150
- ശ്രീരാമപാദാംബുജം വന്ദിച്ചു സംക്ഷേപിച്ചു
- സാരമായുളള തത്വം ചൊല്ലുവൻ കേട്ടാലും നീ.
- ശ്രീരാമൻ പരമാത്മാ പരമാനന്ദമൂർത്തി
- പുരുഷൻ പ്രകൃതിതൻകാരണനേകൻ പരൻ
- പുരുഷോത്തമൻ ദേവനനന്തനാദിനാഥൻ
- ഗുരുകാരുണ്യമൂർത്തി പരമൻ പരബ്രഹ്‌മം
- ജഗദുത്ഭവസ്ഥിതിപ്രളയകർത്താവായ
- ഭഗവാൻ വിരിഞ്ചനാരായണശിവാത്മകൻ
- അദ്വയനാദ്യനജനവ്യയനാത്മാരാമൻ
- തത്ത്വാത്മാ സച്ചിന്മയൻ സകളാത്മകനീശൻ 160
- മാനുഷനെന്നു കൽപിച്ചീടുവോരജ്ഞാനികൾ
- മാനസം മായാതമസ്സംവൃതമാകമൂലം.
- സീതാരാഘവമരുൽസൂനുസംവാദം മോക്ഷ-
- സാധനം ചൊൽവൻ നാഥേ! കേട്ടാലും തെളിഞ്ഞു നീ.
- എങ്കിലോ മുന്നം ജഗന്നായകൻ രാമദേവൻ
- പങ്കജവിലോചനൻ പരമാനന്ദമൂർത്തി
- ദേവകണ്ടകനായ പങ്‌ക്തികണ്‌ഠനെക്കൊന്നു
- ദേവിയുമനുജനും വാനരപ്പടയുമായ്
- സത്വരമയോദ്ധ്യപുക്കഭിഷേകവും ചെയ്തു
- സത്താമാത്രാത്മാ സകലേശനവ്യയൻ നാഥൻ 170
- മിത്രപുത്രാദികളാം മിത്രവർഗ്ഗത്താലുമ-
- ത്യുത്തമന്മാരാം സഹോദരവീരന്മാരാലും
- കീകസാത്മജാസുതനാം വിഭീഷണനാലും
- ലോകേശാത്മജനായ വസിഷ്‌ഠാദികളാലും
- സേവ്യനായ് സൂര്യകോടിതുല്യതേജസാ ജഗ-
- ച്ഛ്‌റാവ്യമാം ചരിതവും കേട്ടുകേട്ടാനന്ദിച്ചു
- നിർമ്മലമണിലസൽകാഞ്ചനസിംഹാസനേ
- തന്മായാദേവിയായ ജാനകിയോടുംകൂടി
- സാനന്ദമിരുന്നരുളീടുന്നനേരം പര-
- മാനന്ദമൂർത്തി തിരുമുമ്പിലാമ്മാറു ഭക്ത്യാ 180
- വന്ദിച്ചുനില്‌ക്കുന്നൊരു ഭക്തനാം ജഗൽപ്രാണ-
- നന്ദനൻതന്നെത്തൃക്കൺപാർത്തു കാരുണ്യമൂർത്തി
- മന്ദഹാസവുംപൂണ്ടു സീതയോടരുൾചെയ്തുഃ
- "സുന്ദരരൂപേ! ഹനുമാനെ നീ കണ്ടായല്ലീ?
- നിന്നിലുമെന്നിലുമുണ്ടെല്ലാനേരവുമിവൻ-
- തന്നുളളിലഭേദയായുളേളാരു ഭക്തി നാഥേ!
- ധന്യേ! സന്തതം പരമാത്മജ്ഞാനത്തെയൊഴി-
- ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ.
- നിർമ്മലനാത്മജ്ഞാനത്തിന്നിവൻ പാത്രമത്രേ
- നിർമ്മമൻ നിത്യബ്രഹ്‌മചാരികൾമുമ്പനല്ലോ. 190
- കൽമഷമിവനേതുമില്ലെന്നു ധരിച്ചാലും
- തന്മനോരഥത്തെ നീ നൽകണം മടിയാതെ.
- നമ്മുടെ തത്ത്വമിവന്നറിയിക്കേണമിപ്പോൾ
- ചിന്മയേ! ജഗന്മയേ! സന്മയേ! മായാമയേ!
- ബ്രഹ്‌മോപദേശത്തിനു ദുർല്ലഭം പാത്രമിവൻ
- ബ്രഹ്‌മജ്ഞാനാർത്ഥികളിലുത്തമോത്തമനെടോ!"
- ശ്രീരാമദേവനദേവനേവമരുളിച്ചെയ്തനേരം
- മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവി :
- "വീരന്മാർ ചൂടും മകുടത്തിൻ നായകക്കല്ലേ !
- ശ്രീരാമപാദഭക്തപ്രവര ! കേട്ടാലും നീ 200
- സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം
- നിശ്ചലം സർവോപാധി നിർമുക്തം സത്താമാത്രം
- നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
- നിശ്ചയിച്ചാലുമുള്ളിൽ ശ്രീരാമദേവനെ നീ