അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/സീതാസ്വയംവരം
←അഹല്യാസ്തുതി | അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്) രചന: ബാലകാണ്ഡം |
ഭാർഗ്ഗവഗർവശമനം→ |
- വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോൾ
- വിശ്വനായകൻ തന്നോടീവണ്ണമരുൾ ചെയ്‌താൻ:
- "ബാലകന്മാരെ!പോക മിഥിലാപുരിക്കു നാം
- കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ.
- യാഗവും മഹദേവചാപവും കണ്ടുപിന്നെ
- വേഗമോടയോദ്ധ്യയും പുക്കു താതനെക്കാണാം."
- ഇത്തരമരുൾചെയ്‌തു ഗംഗയും കടന്നവർ
- സത്വരം ചെന്നു മിഥിലാപുരമകം പുക്കു.
- മുനിനായകനായ കൗശികൻ വിശ്വാമിത്രൻ
- മുനിവാടംപ്രാപിച്ചിതെന്നതു കേട്ടനേരം
- മനസി നിറഞ്ഞൊരു പരമാനന്ദത്തോടും
- ജനകമഹീപതി സംഭ്രമസന്വിതം
- പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു-
- മാചാര്യനോടുമൃഷിവാടംപ്രാപിച്ചനേരം
- ആമോദപൂർവ്വം പൂജിച്ചാചാരംപൂണ്ടുനിന്ന
- രാമലക്ഷ്മണന്മാരെക്കാണാനായി നൃപേന്ദ്രനും
- സൂര്യചന്ദ്രന്മാരെന്നപോലെ ഭൂപാലേശ്വര-
- നന്ദന്മാരെക്കണ്ടു ചോദിച്ചു നൃപേന്ദ്രനും:
- 'കന്ദർപ്പൻ കണ്ടു വന്ദിച്ചീടിന ജഗദേക-
- സുന്ദരന്മാരാമിവരാരെന്നു കേൾപ്പിക്കേണം.
- നരനാരയണന്മാരാകിയ മൂർത്തികളോ
- നരവീരാകാരം കൈക്കൊണ്ടു കാണായതിപ്പോൾ?'
- വിശ്വാമിതനുമതു കേട്ടരുൾചെയ്‌തീടിനാൻ:
- 'വിശ്വസിച്ചാലും മമ വാക്യം നീ നരപതേ!
- വീരനാം ദശരഥൻതന്നുടെ പുത്രന്മാരിൽ
- ശ്രീരാമൻ ജ്യേഷ്‌ഠനിവൻ ലക്ഷ്‌മണൻ മൂന്നാമവൻ.
- എന്നുടെ യാഗം രക്ഷിച്ചീടുവാനിവരെ ഞാൻ
- ചെന്നു കൂട്ടിക്കൊണ്ടുപോന്നീടിനാനിതുകാലം.
- കാടകംപുക്കനേരം വന്നൊരു നിശാചരി
- താടകതൻനെയൊരു ബാണംകൊണ്ടെയ്‌തു കൊന്നാൻ.
- പേടിയും തീർന്നു സിദ്ധാശ്രമം പുക്കു യാഗ-
- മാടൽകൂടാതെ രക്ഷിച്ചീടിനാൻ വഴിപോലെ
- ശ്രീപാദാംബുജരജഃസ്‌പൃഷ്ടികൊണ്ടഹല്യതൻ
- പാപവും നശിപ്പിച്ചു പാവനയാക്കീടിനാൻ
- പരമേശ്വരമായ ചാപത്തെക്കാണ്മാനുള്ളിൽ
- പരമാഗ്രഹമുണ്ടു നീയതു കാട്ടിടേണം.'
- ഇത്തരം വിശ്വാമിത്രൻതന്നുടെ വാക്യം കേട്ടു
- സത്വരം ജനകനും പൂജിച്ചുവഴിപോലെ
- സൽക്കാരായോഗ്യന്മാരാം രജപുത്രന്മാരെക്ക-
- ണ്ടുൾക്കുരുന്നിങ്കൽ പ്രീതി വർദ്ധിച്ച ജനകനും
- തന്നുടെ സചിവനെ വിളിച്ചു നിയോഗിച്ചു
- "ചെന്നു നീ വരുത്തേണമീശ്വരനുടെ ചാപം"
- എന്നതുകേട്ടു മന്ത്രിപ്രവരൻ നടകൊണ്ടാ-
- നന്നേരം ജനകനും കൗശികനോടു ചൊന്നാൻ:
- "രാജനന്ദനനായ ബാലകൻ രഘുവരൻ
- രാജീവലോചനൻ സുന്ദരൻ ദാശരഥി
- വില്ലിതുകുലച്ചുടൻ വലിച്ചു മൂറിച്ചീടിൽ
- വല്ലഭനിവൻ മമ നന്ദനയ്‌ക്കെന്നു നൂനം."
- "എല്ലാമീശ്വരനെന്നേ ചൊല്ലാവിതെനിക്കിപ്പോൾ
- വില്ലിഹ വരുത്തീടു"കെന്നരുൾചെയ്തു മുനി.
- കിങ്കരന്മാരെ നിയോഗിച്ചിതു മഹീന്ദ്രനും
- ഹുങ്കാരത്തോടു വന്നു ചാപവാഹകൻമാരും
- സത്വരമയ്യായിരം കിങ്കരന്മാരും കൂടി
- മൃത്യുശാസനചഅപമെടുത്തു കൊണ്ടുവന്നാർ.
- ഘണ്ടാസഹസ്രമണിവസ്ത്രാദി വിഭൂഷിതം
- കണ്ടാലും ത്രൈയംബകമെന്നിതു മന്ത്രീന്ദ്രനും.
- ചന്ദ്രശേഖരനുടെ പള്ളിവിൽ കണ്ടു രാമ-
- ചന്ദ്രനുമാനന്ദമുൾക്കൊണ്ടു വന്ദിച്ചീടിനാൻ.
- "വില്ലെടൂക്കമോ? കുലച്ചീടാമോ? വലിക്കാമോ?
- ചൊല്ലുകെ"ന്നതു കേട്ടുചൊല്ലിനാൻ വിശ്വാമിത്രൻ:
- 'എല്ലാമാ,മാകുന്നതു ചെയ്താലും മടിക്കേണ്ട
- കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ'.
- മന്ദഹാസവും പൂണ്ടു രാഘവനിതു കേട്ടു
- മന്ദംമന്ദം പോയ് ചെന്നുനിന്നു കണ്ടിതു ചാപം.
- ജ്വലിച്ച തേജസ്സോടുമെടുത്തു വേഗത്തോടെ
- കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം
- നിന്നരുലുന്നനേരമീരേഴുലോകങ്ങളു-
- മൊന്നു മാറ്റൊലിക്കൊണ്ടു, വിസ്മയപ്പെട്ടു ജനം
- പാട്ടുമാട്ടവും കൂത്തും പുഷ്‌പവൃഷ്‌ടിയുമോരോ
- കൂട്ടമേ വാദ്യങ്ങളും മംഗലസ്തുതികളൂം
- ദേവകലൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-
- ദേവനെസേവിക്കയുമപ്‌സരസ്ത്രീകളെല്ലാം
- ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-
- ഹോത്സവാരംഭഘോഷം കണ്ടു കൗതുകം പൂണ്ടാർ.
- ജനകൻ ജഗത്‌സ്വാമിയാകിയ ഭഗവാനെ-
- ജ്ജനസംസദി ഗാഢാശ്ലേഷവും ചെയ്താനല്ലോ.
- ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു
- നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
- മൈഥിലി മയില്പ്പേടപോലെ സന്തോഷംപൂണ്ടാൾ
- കൗതുകമുണ്ടായ്‌വന്നു ചേതസി കൗശികനും.
- മൈഥിലിതന്നെപ്പരിചാരികമാരും നിജ-
- മാതാക്കന്മാരും കൂടി നന്നായിചമയിച്ചാർ.
- സ്വർണ്ണവർണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
- സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
- സ്വർണ്ണമാലയും ധരിച്ചാദരഅൽ മന്ദം മന്ദ-
- മർണ്ണോജനേത്രൻ മുൻപിൽ സത്രപം വിനീതയായ്
- വന്നുടൻ നേത്രോത്പലമാലയുമിട്ടാൾ മുന്നേ,
- പിന്നാലേ വരണാർത്ഥമാലയുമിട്ടീടിനാൾ
- മാലയും ധരിച്ചു നീലോല്പലകാന്തി തേടും
- ബാലകൻ ശ്രീരാമനുമേറ്റവും വിളങ്ങീടിനാൻ.
- ഭൂമിനന്ദനയ്‌ക്കനുരൂപനായ് ശോഭിച്ചീടും
- ഭൂമിപാലകബാലൻതന്നെക്കണ്ടവർകളും
- ആനന്ദാബുധിതന്നിൽ വീണുടൻ മുഴുകിനാർ
- മാനവവീരൻ വാഴ്‌കെന്നാശിയും ചൊല്ലീടിനാർ
- അന്നേരം വിശ്വാമിത്രൻ തന്നോടു ജനകനും
- വന്ദിച്ചുചൊന്നാ "നിനിക്കാലത്തെക്കളയാതെ
- പത്രവും കൊടുത്തയച്ചീടേണം ദൂതന്മാരെ-
- സ്സത്വരം ദശരഥഭൂപനെ വരുത്തുവാൻ."
- വിശ്വാമിത്രനും മിഥിലാധിപൻതാനും കൂടി
- വിശ്വാസം ദശരഥൻ തനിക്കു വരുംവണ്ണം
- നിശ്ശേഷ വൃത്താന്തങ്ങളെഴുതിയയച്ചിതു
- വിശ്രമത്തോടു നടകൊണ്ടിതു ദൂതന്മാരും.
- സാകേതപുരി പുക്കു ഭൂപാലൻതന്നെക്കണ്ടു
- ലോകൈകാധിപൻകൈയിൽ കൊടുത്തു പത്രമതും
- സന്ദേശം കൺറ്റു പംക്തിസ്യന്ദനന്താനുമിനി-
- സ്സന്ദേഹമില്ല പുറപ്പെടുകെന്നുരചെയ്തു.
- അഗ്നിമാനുപാദ്ധ്യായനഅകിയ വസിഷ്‌ഠനും
- പത്നിയാമരുന്ധതിതഅനുമായ് പുറപ്പെട്ടു.
- കൗതുകം പൂണ്ടു ചതുരംഗവാഹിനിയോടും
- കൗസല്യാദികളായ ഭാര്യമാരോടും കൂടി
- ഭരതശത്രുഘ്‌നന്മാരാകിയ പുത്രന്മാരും
- പരമോത്സവയോഗ്യവാദ്യഘോഷങ്ങളോടും
- മിഥിലാപുരമകം പുക്കിതു ദശരഥൻ
- മിഥിലാധിപൻതാനും ചെന്നെതിരേറ്റുകൊണ്ടാൻ.
- വന്ദിച്ചു ശതാനന്ദൻ തന്നോടും കൂടെച്ചെന്നു
- വന്ദ്യനാം വസിഷ്‌ഠനെത്തദനു പത്നിയേയും
- അർഘ്യാപാദ്യാദികളാലർപ്പിച്ചു യഥാവിധി
- സത്ക്കരിച്ചിതു തഥായോഗ്യമുർവ്വീന്ദ്രൻതാനും.
- രാമലക്ഷ്‌മണന്മാരും വന്ദിച്ചു പിതാവിനെ-
- സ്സാമോദം വസിഷ്‌ഠനാമാചാര്യപാദാംബ്ജവും
- തൊഴുതു മാതൃജനങ്ങളേയും യഥാക്രമം
- തൊഴുതു ശ്രീരാമപാദാംഭോജമനുജന്മാർ.
- തൊഴുതു ഭരതനെ ലക്ഷ്‌മണകുമാരനും
- തൊഴുതു ശത്രുഘ്‌നനും ലക്ഷ്‌മണപാദാംഭോജം.
- വക്ഷസി ചേർത്തു താതൻ രാമനെപ്പുണർന്നിട്ടു
- ലക്ഷ്‌മണനെയും ഗാഢാശ്ലേഷവും ചെയ്തീടിനാൻ
- ജനകൻ ദശരഥൻ തന്നുടെ കൈയുംപിടി-
- ച്ചനുമോദത്തോടുരചെയ്തിതു മധുരമായ്:
- "നാലു കന്യകമാരുണ്ടെനിക്കു കൊടുപ്പാനായ്
- നാലുപുത്രന്മാർ ഭവാൻതനിക്കുണ്ടല്ലോതാനും
- ആകയാൽ നാലു കുമാരന്മാർക്കും വിവാഹം ചെ-
- യ്‌താകിലോ നിരൂപിച്ചാലേതുമേ മടിക്കേണ്ട."
- വസിഷ്‌ഠൻതാനും ശതാനന്ദനും കൗശികനും
- വിധിച്ചു ഘൂർത്തവും നാല്വർക്കും യഥാക്രമം
- ചിത്രമായിരിപ്പൊരു മണ്ഡപമതും തീർത്തു
- മുത്തുമാലകൾ പുഷ്പഫലങ്ങൾ തൂക്കി നാനാ-
- രത്നമഡിതസ്തംഭതോരണങ്ങളും നാട്ടി
- രത്നമഡിതസ്വർണ്ണപീഠവും വച്ചു ഭക്ത്യാ
- ശ്രീരാമപാദാംഭോജം കഴുകിച്ചനന്തരം
- ഭേരിദുന്ദുഭിമുഖ്യവാദ്യഘോഷങ്ങളോടും
- ഹോമവും കഴിച്ചു തൻപുത്രിയാം വൈദേഹിയെ
- രാമനു നൽകീടിനാൻ ജനകമഹീന്ദ്രനും.
- തല്പാദതീർത്ഥം നിജ ശിരസി ധരിച്ചുട-
- നാൾപുളകാംഗത്തോടെ നിന്നിതു ജനകനും.
- യാതൊരു പാദതീർത്ഥം ശിരസി ധരിക്കുന്നു
- ഭൂതേശവിധിമുനീന്ദ്രാദികൾ ഭക്തിയോടെ.
- ഊർമ്മിളതന്നെ വേട്ടു ലക്ഷ്‌മണകുമാരനും
- കാമ്യാംഗിമാരാം ശ്രുതകീർത്തിയും മാണ്ഡവിയും
- ഭരതശറ്ഋരുഘ്‌നന്മാർതന്നുടെ പത്നിമാരായ്;
- പരമാനന്ദംപൂണ്ടു വസിച്ചാരെല്ലാവരും.
- കൗശികാത്മജനോടും വസിഷ്‌ഠനോടും കൂടി
- വിശദസ്മിതപൂർവ്വം പറഞ്ഞു ജനകനും:
- "മുന്നം നാരദനരുൾചെയ്തു കേട്ടിരിപ്പു ഞാ-
- നെന്നുടെ മകളായ സീതാവൃത്താന്തമെല്ലാം
- യാഗഭൂദേശം വിശുദ്ധ്യാർത്ഥമായുഴുതപ്പോ-
- ളേകദാ സീതാമദ്ധ്യേ കാണായി കന്യാരത്നം
- ജാതയായൊരു ദിവ്യകന്യകതനിക്കു ഞാൻ
- സീതയെന്നൊരു നാമം വിളിച്ചേനേതുമൂലം
- പുത്രിയായ് വളർത്തു ഞാനിരിക്കും കാലത്തിങ്ക-
- ലത്ര നാരദനെഴുന്നള്ളിനാനൊരുദിനം
- എന്നോടു മഹാമുനിതാനരുൾചയ്‌താനപ്പോൾ:
- 'നിന്നുടെ മകളായ സീതാവൃത്താന്തം കേൾ നീ
- പരമാനന്ദമൂർത്തി ഭഗവാൻ നാരായണൻ
- പരമാത്മാവാമജൻ ഭക്തവത്സലൻ നാഥൻ
- ദേവകാര്യാർത്ഥം പംക്തികണ്ഠനിഗ്രഹത്തിനഅയ്
- ദേവേന്ദ്രവിരിഞ്ചരുദ്രാദികളർത്ഥിക്കയാൽ
- ഭൂമിയിൽ സൂര്യാന്വയേ വന്നവതരിച്ചിതു
- രാമനായ് മായാമർത്ത്യവേഷമ്പൂണ്ടറിഞ്ഞാലും.
- യോഗേശ്വരൻ മനുഷ്യനായിടുമ്പോളതുകാലം
- യോഗമായാദേവിയും മാനുഷവേഷത്തോടെ
- ജാതയായിതു തവ വേശ്മനി തൽക്കാരണത്താൽ
- സാദരം ശ്രീരാമനു കൊടുക്ക മടിയാതെ'
- ഇത്ഥം നാരദനരുളിച്ചെയ്‌തു മറഞ്ഞിതു
- പുത്രിയായ് വളർത്തിതു ഭക്തികൈക്കൊണ്ടു ഞാനും
- സീതയെ ശ്രീരാഘവനെങ്ങനെ കൊടുക്കാവൂ!
- ചേതസി നിരൂപിച്ചാലെങ്ങനെയറിയുന്നു?
- എന്നതോർത്തിരിക്കുമ്പോളൊന്നു മാനസേ തോന്നി
- പന്നഗവിഭൂഷണൻതന്നനുഗ്രഹശക്ത്യാ.
- മൃത്യുശാസനാചഅപം മുറിച്ചീടുന്ന പുമാൻ
- ഭർത്താവാകുന്നതു മല്പുത്രിക്കെന്നൊരു പണം
- ചിത്തത്തിൽ നിരൂപിച്കുവരുത്തി നൃപന്മാരെ
- ശക്തിയില്ലിതിനെന്നു പൃഥ്വീപാലകന്മാരും
- ഉദ്ധതഭാവമെല്ലാമകലെക്കളഞ്ഞുടൻ
- ബുദ്ധിയും കെട്ടുപോയങ്ങടങ്ങിക്കൊണ്ടാരല്ലോ
- അത്ഭുതപുരുഷനാമുല്പലനേത്രൻതന്നെ
- ത്വല്പ്രസാദത്തിലിന്നു സിദ്ധിച്ചേൻ ഭാഗ്യവശാൽ."
- ദർപ്പകസമനായ ചില്പുരുഷനെ നോക്കി
- പില്പാടു തെളിഞ്ഞുരചെയ്‌തിതു ജനകനും:
- "അദ്യ മേ സഫലമായ് വന്നു മാനുഷജന്മം
- ഖദ്യോതായുതസഹസ്രോദ്യോതരൂപത്തൊടും
- ഖദ്യോതാന്വയേ പിറന്നൊരു നിന്തിരുവടി
- വിദ്യുത്സംയുതമായ ജീമൂതമെന്നപോലെ
- ശക്തിയാം ദേവിയോടും യുക്തനായ് കാൺകമൂലം
- ഭക്തവത്സല! മമ സിദ്ധിച്ചു മനോരഥം.
- രക്തപങ്കജചരണാഗ്രേ സന്തതം മമ
- ഭക്തി സംഭവിക്കേണം മുക്തിയും ലഭിക്കേണം
- ത്വൽ പാദാംബുജഗളീതാംബുധഅരണം കൊണ്ടൂ
- സർപ്പഭൂഷണൻ ജഗത്തൊക്കെസ്സംഹരിക്കുന്നു;
- ത്വൽ പാദാംബുജഗളിതഅംബുധാരണം കൊണ്ടു
- സല്പുമാൻ മഹാബലി സിദ്ധിച്ചാനൈന്ദ്രം പദം
- ത്വൽ പാദാംബുജരജഃ സ്പൃഷ്ടികൊണ്ടഹല്യയും
- കില്‌ബിഷത്തോടു വേർപെട്ടു നിർമ്മലയാൾ.
- നിന്തിരുവടിയുടെ നാമകീർത്തനം കൊണ്ടു
- ബന്ധവുമകന്നു മോക്ഷത്തെയും പ്രാപിക്കുന്നു
- സന്തതം യോഗസ്ഥൻമാരാകിയ മുനീന്ദ്രന്മാർ;
- ചിന്തിക്കായ് വരേണമേ പാദപങ്കജദ്വയം"
- ഇത്ഥമോരോന്നേ ചൊല്ലി സ്തുതിച്ചു ജനകനും
- ഭക്തികൈക്കൊണ്ടു കൊടുത്തീടിനാൻ മഹാധനം;
- കരികളറുനൂറും പതിനായിരം തേരും
- തുരഗങ്ങളെയും നൽകീടിനാൻ നൂറായിരം;
- പത്തിയുമൊരുലക്ഷം മുന്നൂറു ദാസികളും
- വസ്ത്രങ്ങൾ ദിവ്യങ്ങളായുള്ളതും ബഹുവിധം.
- മുത്തുമാലകൾ ദിവ്യരത്നങ്ങൾ പലതരം
- പ്രത്യേകം നൂറുകോടിക്കാഞ്ചനഭാരങ്ങളും
- സീതാദേവിക്കു കൊടുത്തീടിനാൻ ജനകനും;
- പ്രീതികൈക്കൊണ്ടു പരിഗ്രഹിച്ചു രാഘവനും.
- വിധിനന്ദനപ്രമുഖന്മാരാം മുനികളെ
- വിധിപൂർവ്വം ഭക്ത്യാ പൂജിച്ചു വണങ്ങിനാൻ.
- സമ്മാനിച്ചിതു സുമന്ത്രാദി മന്ത്രികളെയും
- സമ്മോദം പൂണ്ടു ദശരഥനും പുറപ്പെട്ടു
- കല്‌മഷമകന്നൊരു ജനകനൃപേന്ദ്രനും
- തന്മകളായ സീതതന്നെയുമാശ്ലേഷിച്ചു
- നിർമ്മലഗാത്രിയായ പുത്രിക്കു പതിവ്രതാ-
- ധർമ്മങ്ങളെല്ലാമുപദേശിച്ചു വഴിപോലെ.
- ചിന്മയൻ മായാമയനായ രാഘവൻ നിജ-
- ധർമ്മാദാരങ്ങളൊടും കൂടവേ പുറപ്പെട്ടു.
- മൃദംഗാനകഭേരീതൂര്യാഘോഷങ്ങളോടും
- മൃദുഗാനങ്ങൾ തേടും വീനയും കുഴലുകൾ
- ശൃംഗകാഹളങ്ങളും മദ്ദളമിടക്കകൾ
- ശൃംഗാരരസപരിപൂർണ്ണവേഷങ്ങളോടും
- ആന തേർ കുതിര കാലാളായ പടയോടു-
- മാനന്ദമോടും പിതൃമാതൃഭ്രാതാക്കളോടും
- കൗശികവസിഷ്‌ഠാദിതാപസേന്ദ്രന്മാരായ
- ദേശികന്മാരോടും ഭൃത്യാമാത്യാദികളോടും
- വേഗമോടെഅയോദ്ധ്യയ്‌ക്കാമ്മാറങ്ങു തിരിച്ചപ്പോ-
- ളാകാശദേശേ വിമാനങ്ങളും നിറഞ്ഞുതേ.
- സന്നാഹത്തോടു നടന്നീടുമ്പോൾ ജനകനും
- പിന്നാലെ ചെന്നു യാത്രയയച്ചോരനന്തരം
- വെൺകൊറ്റക്കുട തഴ വെൺചാമരങ്ങളോടും
- തിങ്കൾമണ്ഡലം തൊഴുമാലവട്ടങ്ങളോടും
- ചെങ്കൊടിക്കൂറകൾകൊണ്ടങ്കിതധ്വജങ്ങളും
- കുങ്കുമമലയജകസ്തൂരിഗന്ധത്തോടും
- നടന്നു വിരവോടു മൂന്നു യോജന വഴി
- കടന്നനേരം കണ്ടു ദുർന്നിമിത്തങ്ങളെല്ലാം.