അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/അഹല്യാസ്തുതി
←അഹല്യാമോക്ഷം | അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്) രചന: ബാലകാണ്ഡം |
സീതാസ്വയംവരം→ |
- "ഞാനഹോ കൃതാർത്ഥയായേൻ ജഗന്നാഥ! നിന്നെ-
- ക്കാണായ്‌വന്നതുമൂലമത്രയുമല്ല ചൊല്ലാം.
- പത്മജരുദ്രാദികളാലപേക്ഷിതം പാദ-
- പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ
- സിദ്ധിച്ചു ഭവൽപ്രസാദാതിരേകത്താലതി-
- ന്നെത്തുമോ ബഹുകൽപകാലമാരാധിച്ചാലും?
- ചിത്രമെത്രയും തവ ചേഷ്ടിതം ജഗൽപതേ!
- മർത്ത്യഭാവേന വിമോഹിപ്പിച്ചിടുന്നിതേവം. 1110
- ആനന്ദമയനായോരതിമായികൻ പൂർണ്ണൻ
- ന്യൂനാതിരേകശൂന്യനചലനല്ലോ ഭവാൻ.
- ത്വൽപാദാംബുജപാംസുപവിത്രാഭാഗീരഥി
- സർപ്പഭൂഷണവിരിഞ്ചാദികളെല്ലാരെയും
- ശുദ്ധമാക്കീടുന്നതും ത്വൽപ്രഭാവത്താലല്ലോ;
- സിദ്ധിച്ചേനല്ലോ ഞാനും സ്വൽപാദസ്പർശമിപ്പോൾ.
- പണ്ടു ഞാൻ ചെയ്ത പുണ്യമെന്തു വർണ്ണിപ്പതു വൈ-
- കുണ്‌ഠ! തൽകുണ്‌ഠാത്മനാം ദുർല്ലഭമുർത്തേ! വിഷ്ണോ!
- മർത്ത്യനായവതരിച്ചോരു പൂരുഷം ദേവം
- ചിത്തമോഹനം രമണീയദേഹിനം രാമം 1120
- ശുദ്ധമത്ഭുതവീര്യം സുന്ദരം ധനുർദ്ധരം
- തത്ത്വമദ്വയം സത്യസന്ധമാദ്യന്തഹീനം
- നിത്യമവ്യയം ഭജിച്ചീടുന്നേനിനി നിത്യം
- ഭക്ത്യൈവ മറ്റാരെയും ഭജിച്ചീടുന്നേനില്ല.
- യാതൊരു പാദാംബുജമാരായുന്നിതു വേദം,
- യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും,
- യാതൊരു നാമം ജപിക്കുന്നിതു മഹാദേവൻ,
- ചേതസാ തത്സ്വാമിയെ ഞാൻ നിത്യം വണങ്ങുന്നേൻ.
- നാരദമുനീന്ദ്രനും ചന്ദ്രശേഖരൻതാനും
- ഭാരതീരമണനും ഭാരതീദേവിതാനും 1130
- ബ്രഹ്‌മലോകത്തിങ്കൽനിന്നന്വഹം കീർത്തിക്കുന്നു
- കൽമഷഹരം രാമചരിതം രസായനം
- കാമരാഗാദികൾ തീർന്നാനന്ദം വരുവാനായ്
- രാമദേവനെ ഞാനും ശരണംപ്രാപിക്കുന്നേൻ.
- ആദ്യനദ്വയനേകനവ്യക്തനനാകുലൻ
- വേദ്യനല്ലാരാലുമെന്നാലും വേദാന്തവേദ്യൻ
- പരമൻ പരാപരൻ പരമാത്മാവു പരൻ
- പരബ്രഹ്‌മാഖ്യൻ പരമാനന്ദമൂർത്തി നാഥൻ
- പൂരുഷൻ പുരാതനൻ കേവലസ്വയംജ്യോതി-
- സ്സകലചരാചരഗുരു കാരുണ്യമൂർത്തി 1140
- ഭൂവനമനോഹരമായൊരു രൂപം പൂണ്ടു
- ഭൂവനത്തിങ്കലനുഗ്രഹത്തെ വരുത്തുവാൻ.
- അങ്ങനെയുളള രാമചന്ദ്രനെസ്സദാകാലം
- തിങ്ങിന ഭക്ത്യാ ഭജിച്ചീടുന്നേൻ മനസി ഞാൻ.
- സ്വതന്ത്രൻ പരിപൂർണ്ണനാനന്ദനാത്മാരാമ-
- തനന്ദ്രൻ നിജമായാഗുണബിംബിതനായി
- ജഗദുത്ഭവസ്ഥിതിസംഹാരാദികൾ ചെയ്‌വാ-
- നഖണ്ഡൻ ബ്രഹ്‌മവിഷ്ണുരുദ്രനാമങ്ങൾ പൂണ്ടു
- ഭേദരൂപങ്ങൾ കൈക്കൊണ്ടൊരു നിർഗ്ഗുണമൂർത്തി
- വേദാന്തവേദ്യൻ മമ ചേതസി വസിക്കേണം. 1150
- രാമ! രാഘവ! പാദപങ്കജം നമോസ്തുതേ!
- ശ്രീമയം ശ്രീദേവീപാണിദ്വയപത്‌മാർച്ചിതം.
- മാനഹീനന്മാരാം ദിവ്യന്മാരാലനുധ്യേയം
- മാനാർത്ഥം മൂന്നിലകമാക്രാന്തജഗത്ത്രയം
- ബ്രഹ്‌മാവിൻ കരങ്ങളാൽ ക്ഷാളിതം പത്മോപമം
- നിർമ്മലം ശംഖചക്രകുലിശമത്സ്യാങ്കിതം
- മന്മനോനികേതനം കൽമഷവിനാശനം
- നിർമ്മലാത്മനാം പരമാസ്പദം നമോസ്തുതേ.
- ജഗദാശ്രയം ഭവാൻ ജഗത്തായതും ഭവാൻ
- ജഗതാമാദിഭൂതനായതും ഭവാനല്ലോ. 1160
- സർവഭൂതങ്ങളിലുമസക്തനല്ലോ ഭവാൻ
- നിർവികാരാത്മാ സാക്ഷിഭൂതനായതും ഭവാൻ.
- അജനവ്യയൻ ഭവാനജിതൻ നിരഞ്ജനൻ
- വചസാം വിഷമമല്ലാതൊരാനന്ദമല്ലോ.
- വാച്യവാചകോഭയഭേദേന ജഗന്മയൻ
- വാച്യനായ്‌വരേണമേ വാക്കിനു സദാ മമ.
- കാര്യകാരണകർത്തൃഫലസാധനഭേദം
- മായയാ ബഹുവിധരൂപയാ തോന്നിക്കുന്നു.
- കേവലമെന്നാകിലും നിന്തിരുവടിയതു
- സേവകന്മാർക്കുപോലുമറിയാനരുതല്ലോ. 1170
- ത്വന്മായാവിമോഹിതചേതസാമജ്ഞാനിനാം
- ത്വന്മാഹാത്മ്യങ്ങൾ നേരേയറിഞ്ഞുകൂടായല്ലോ.
- മാനസേ വിശ്വാത്മാവാം നിന്തിരുവടിതന്നെ
- മാനുഷനെന്നു കൽപിച്ചീടുവോരജ്ഞാനികൾ.
- പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ-
- ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ.
- ശുദ്ധനദ്വയൻ സമൻ നിത്യൻ നിർമ്മലനേകൻ
- ബുദ്ധനവ്യക്തൻ ശാന്തനസംഗൻ നിരാകാരൻ
- സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തൻ
- സത്വങ്ങളുളളിൽ വാഴും ജീവാത്മാവായ നാഥൻ 1180
- ഭക്താനാം മുക്തിപ്രദൻ യുക്താനാം യോഗപ്രദൻ
- സക്താനാം ഭുക്തിപ്രദൻ സിദ്ധാനാം സിദ്ധിപ്രദൻ
- തത്ത്വാധാരാത്മാ ദേവൻ സകലജഗന്മയൻ
- തത്ത്വജ്ഞൻ നിരുപമൻ നിഷ്‌കളൻ നിരഞ്ജനൻ
- നിർഗ്ഗുണൻ നിശ്ചഞ്ചലൻ നിർമ്മലൻ നിരാധാരൻ
- നിഷ്‌ക്രിയൻ നിഷ്‌കാരണൻ നിരഹങ്കാരൻ നിത്യൻ
- സത്യജ്ഞാനാനന്താനന്ദാമൃതാത്മകൻ പരൻ
- സത്താമാത്രാത്മാ പരമാത്മാ സർവ്വാത്മാ വിഭൂ
- സച്ചിദ്‌ബ്രഹ്‌മാത്മാ സമസ്തേശ്വരൻ മഹേശ്വര-
- നച്യുതനാദിനാഥൻ സർവദേവതാമയൻ 1190
- നിന്തിരുവടിയായതെത്രയും മൂഢാത്മാവാ-
- യന്ധയായുളേളാരു ഞാനെങ്ങനെയറിയുന്നു
- നിന്തിരുവടിയുടെ തത്ത്വ,മെന്നാലും ഞാനോ
- സന്തതം ഭൂയോഭൂയോ നമസ്തേ നമോനമഃ
- യത്രകുത്രാപി വസിച്ചീടിലുമെല്ലാനാളും
- പൊൽത്തളിരടികളിലിളക്കം വരാതൊരു
- ഭക്തിയുണ്ടാകവേണമെന്നൊഴിഞ്ഞപരം ഞാ-
- നർത്ഥിച്ചീടുന്നേയില്ല നമസ്തേ നമോനമഃ
- നമസ്തേ രാമരാമ! പുരുഷാദ്ധ്യക്ഷ! വിഷ്ണോ!
- നമസ്തേ രാമരാമ! ഭക്തവത്സല! രാമ! 1200
- നമസ്തേ ഹൃഷികേശ! രാമ! രാഘവ! രാമ!
- നമസ്തേ നാരായണ! സന്തതം നമോസ്തുതേ.
- സമസ്തകർമ്മാർപ്പണം ഭവതി കരോമി ഞാൻ
- സമസ്തമപരാധം ക്ഷമസ്വ ജഗൽപതേ!
- ജനനമരണദുഃഖാപഹം ജഗന്നാഥം
- ദിനനായകകോടിസദൃശപ്രഭം രാമം
- കരസാരസയുഗസുധൃതശരചാപം
- കരുണാകരം കാളജലദഭാസം രാമം
- കനകരുചിരദിവ്യാംബരം രമാവരം
- കനകോജ്ജ്വലരത്നകുണ്ഡലാഞ്ചിതഗണ്ഡം 1210
- കമലദലലോലവിമലവിലോചനം
- കമലോത്ഭവനതം മനസാ രാമമീഡേ."
- പുരതഃസ്ഥിതം സാക്ഷാദീശ്വരം രഘുനാഥം
- പുരുഷോത്തമം കൂപ്പി സ്തുതിച്ചാൽ ഭക്തിയോടേ
- ലോകേശാത്മജയാകുമഹല്യതാനും പിന്നെ
- ലോകേശ്വരാനുജ്ഞയാ പോയിതു പവിത്രയായ്.
- ഗൌതമനായ തന്റെ പതിയെ പ്രാപിച്ചുട-
- നാധിയും തീർത്തു വസിച്ചീടിനാളഹല്യയും.
- ഇസ്തുതി ഭക്തിയോടെ ജപിച്ചീടുന്ന പുമാൻ
- ശുദ്ധനായഖിലപാപങ്ങളും നശിച്ചുടൻ 1220
- പരമം ബ്രഹ്‌മാനന്ദം പ്രാപിക്കുമത്രയല്ല
- വരുമൈഹികസൌഖ്യം പുരുഷന്മാർക്കു നൂനം.
- ഭക്ത്യാ നാഥനെ ഹൃദി സന്നിധാനംചെയ്തുകൊ-
- ണ്ടീ സ്തുതി ജപിച്ചീടിൽ സാധിക്കും സകലവും.
- പുത്രാർത്ഥി ജപിക്കിലോ നല്ല പുത്രന്മാരുണ്ടാ-
- മർത്ഥാർത്ഥി ജപിച്ചീടിലർത്ഥവുമേറ്റമുണ്ടാം.
- ഗുരുതൽപഗൻ കനകസ്തേയി സുരാപായി
- ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി
- പുരുഷാധമനേറ്റമെങ്കിലുമവൻ നിത്യം
- പുരുഷോത്തമം ഭക്തവത്സലം നാരായണം 1230
- ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി-
- ച്ചാദരാൽ വണങ്ങുകിൽ സാധിക്കുമല്ലോ മോക്ഷം.
- സദ്വഹൃത്തനെന്നായീടിൽ പറയേണമോ മോക്ഷം
- സദ്യസ്സംഭവിച്ചീടും സന്ദേഹമില്ലയേതും.