ആൎയ്യവൈദ്യചരിത്രം (ചരിത്രം)
രചന:പി. വി. കൃഷ്ണവാരിയർ
എട്ടാം അദ്ധ്യായം : രോഗങ്ങളുടെ നിദാനലക്ഷണചികിത്സകളെക്കുറിച്ച് എഴുതിയ ഹിന്തുഗ്രന്ഥകാരന്മാർ.

[ 148 ]

എട്ടാം അദ്ധ്യായം

രോഗങ്ങളുടെ നിദാനലക്ഷണചികിത്സകളെക്കുറിച്ച് എഴുതിയ ഹിന്തുഗ്രന്ഥകാരന്മാർ.


"സൂത്രസ്ഥാനം" എന്ന ഘട്ടത്തിൽ വൈദ്യശാസ്ത്രനിയമങ്ങളെക്കുറിച്ചു പൎയ്യാലോചിച്ചശേഷം ഹിന്തുവൈദ്യഗ്രന്ഥകാരന്മാർ രോഗങ്ങളുടെ കാരണങ്ങളേയും, ലക്ഷണങ്ങളേയും സൂക്ഷ്മമായി ഗ്രഹിക്കുന്നതിലാണു പ്രത്യേകം ശ്രദ്ധവെച്ചിട്ടുള്ളത്. ഈ ഭാഗത്തിന്ന് അവർ "നിദാനം" എന്നു പേരിട്ടിരിക്കുന്നു. ഹിന്തുഗ്രന്ഥകാരന്മാരുടെ കൂട്ടത്തിൽ മാധവാചാൎയ്യരാണു ഒടുവിൽ അധികം രോഗങ്ങളുടെ കാരണങ്ങളേയും ലക്ഷണങ്ങളേയും കണ്ടുപിടിച്ചു വിവരിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ സു [ 149 ] ശ്രുതൻ രോഗങ്ങളുടെ തരം, കാരണങ്ങൾ, ലക്ഷണങ്ങൾ ഇവയെ പ്രതിപാദിക്കുന്നതിന്നായി 16 അദ്ധ്യായങ്ങൾ ഒഴിച്ചിട്ടിട്ടുണ്ട്. അവകൾ വാതവ്യാധിനിദാനം, അൎശോനിദാനം, അശ്മരീനിദാനം, ഭഗന്ദരനിദാനം, കുഷ്ഠനിദാനം, പ്രമേഹനിദാനം, ഉദരനിദാനം, മൂഢഗർഭനിദാനം, വിദ്രധിനിദാനം, വിസർപ്പനാഡീസ്തനരോഗനിദാനം, ഗ്രന്ഥ്യപച്യൎബ്ബുദഗളഗണ്ഡുനിദാനം, വൃദ്ധ്യപദംശശ്ലീപദനിദാനം, ക്ഷുദ്രരോഗനിദാനം, ശൂകദോഷനിദാനം, ഭഗ്നനിദാനം, മുഖരോഗനിദാനം ഇങ്ങിനെ പതിനാറാകുന്നു. സുശ്രുതൻ സകലരോഗങ്ങൾക്കും നിദാനം താഴേ പറയുന്ന ഏഴുകാരണങ്ങളിൽ ഒന്നല്ലെങ്കിൽ മറ്റൊന്നായിരിക്കുമെന്നു പറഞ്ഞിരിക്കുന്നു. അവയെ താഴേ കാണിക്കാം:--

1. ആദിബലപ്രവൃത്തങ്ങൾ--അച്ഛനമ്മമാരുടെ ശുക്ലശോണിതദോഷംകൊണ്ടുണ്ടാവുന്നവ--കുഷ്ഠം, അൎശസ്സ് മുതലായവ.

2. ജന്മബലപ്രവൃത്തൾ--ഗർഭകാലത്തു അമ്മയുടെ അപത്ഥ്യാചരണംകൊണ്ടുണ്ടാകുന്നവ--ആന്ധ്യം, മുടങ്കാൽ മുതലായവ.

3. ദോഷബലപ്രവൃത്തങ്ങൾ--ശരീരത്തിലുള്ള വാതാദിദോഷങ്ങൾ നിമിത്തമുണ്ടാകുന്നവ--ജ്വരം മുതലായവ.

4. സംഘാതബലപ്രവൃത്തങ്ങൾ--ഓരോ പ്രത്യേകസംഗതികളാൽ സംഭവിക്കുന്നവ--വിഴ്ച, സർപ്പദൎശം മുതലായവ.

5. കാലബലപ്രവൃത്തങ്ങൾ--ശീതോഷ്ണാദികാലസ്ഥിതി ഭേദത്താൽ സംഭവിക്കുന്നവ--ജലദോഷം മുതലായവ.

6. ദൈവബലപ്രവൃത്തങ്ങൾ--ദൈവയോഗത്താൽ സംഭവിക്കുന്നവ-- ഇടിത്തീവീഴുക, പിശാചാദ്യാവേശം മുതലായവ.

7. സ്വഭാവബലപ്രവൃത്തങ്ങൾ--സ്വഭാവേന ഉണ്ടാകുന്നവ--ദാഹം, ജരാനര മുതലായവ. [ 150 ] ഹാരീതനാകട്ടെ വ്യാധികളെയെല്ലാം കൎമ്മജങ്ങൾ, ദോഷജങ്ങൾ, ദോഷകൎമ്മജങ്ങൾ ഇങ്ങിനെ മൂന്നു തരമാക്കി ചുരുക്കി പിടിച്ചിരിക്കുന്നു. "കൎമ്മം" എന്നത് ഈ ജന്മത്തിലോ, കഴിഞ്ഞുപോയ ഒരു ജന്മത്തിലോ ചെയ്ത പുണ്യപാപങ്ങളാകുന്നു. "സുഖദുഃഖങ്ങൾ നമ്മുടെ കഴിഞ്ഞ ഒരു ജന്മത്തിലെ പുണ്യ പാപങ്ങളുടെ ഒഴിച്ചുകൂടാത്തതായ ഫലങ്ങളാകുന്നു. അത്രമാത്രമല്ല, ഈ ജന്മത്തിൽ നാം ചെയ്യുന്ന പുണ്യപാപങ്ങളുടെ ഫലമായിരിക്കും ഇനിയത്തെ ജന്മത്തിൽ അനുഭവിക്കുന്നത്. ഏതെങ്കിലും ഒരു ജീവി മരിച്ചാൽ അതു പിന്നെ അതിന്റെ പുണ്യപാപങ്ങൾക്കനുസരിച്ച് കുറെ ഉയൎന്ന സ്ഥിതിയിലോ അല്ലെങ്കിൽ താണനിലയ്ക്കോ ഉള്ള ഒരു ജീവിയായി വീണ്ടും ജനിക്കുന്നതുമാണു." അങ്ങിനെ കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ ഫലമായും ചില രോഗമുണ്ടാകുമെന്നാണു ഊഹിക്കപ്പെട്ടിരിക്കുന്നത്. ഹാരീതൻ ഇന്നിന്ന പാപങ്ങൾ ചെയ്തിരുന്നാൽ ഇന്നിന്ന ഫലമാണു അനുഭവിക്കുക എന്നും മറ്റും വിസ്തരിച്ചുപറഞ്ഞിട്ടുണ്ട്. അതിൽ ചിലതെല്ലാം ഇവിടെ കാണിക്കാം.

പാപകൎമ്മം ഫലം
ബ്രഹ്മഹത്യ --പാണ്ഡുരോഗം.
ഗോവധം --കുഷ്ഠം.
രാജവധം --രാജയക്ഷ്മാവ്.
സാധാരണഹിംസ --അതിസാരം.
സ്വാമ്യങ്ഗനാഗമനം --പ്രമേഹം.
ഗുരുദാരഗമനം --മൂത്രകൃച് ഛ്രം.
സ്വകുലജാസംഗം --ഭഗന്ദരം.
പരോപദ്രവം --ശൂലം.
പൈശൂന്യം --കാസശ്വാസങ്ങൾ.
മാൎഗ്ഗവിഘ്നം --പാദരോഗം.

[ 151 ]

ക്ഷേത്രം, ജലം ഇവയിൽ മലവിസർജ്ജനം ചെയ്ക --ഗുദരോഗങ്ങൾ.
പരാന്നവിഘ്നം --അജീർണ്ണം.
വിഷദാനം --ഛർദ്ദി.
ധൂൎത്ത് --അപസ്മാരം.
ഭ്രൂണപാതനം --യകൃദ്രോഗം.
ദുഷ്ടാന്നദാനം --അഗ്നിമാന്ദ്യം.
കാട്ടുതീ കുളത്തുക --വിസർപ്പം.
അപേയപാനം --രക്തപിത്തം.
ബഹുവൃക്ഷഛേദം --ബഹുവ്രണം.
പരദ്രവ്യാപഹരണം --ഗ്രഹണി.
സ്വൎണ്ണസ്തേയം --കുഴിനഖം.
രൗപ്യസ്തേയം --ചിത്രകുഷ്ഠം.
ത്രപുചൗൎയ്യം --സിദ്ധ്മകുഷ്ഠം.
സീസചൗൎയ്യം --മുഖരോഗം.
ലോഹചൗൎയ്യം --ബർബ്ബരത.
ക്ഷാരചൗൎയ്യം --അതിമൂത്രം.
ഘൃതചൗൎയ്യം --ആന്ത്രരോഗം.
തൈലചൗൎയ്യം --അതികണ്ഡു.

ഇതൊന്നും കൂടാതെ കണ്ണ് മുതലായ ഓരോ ഇന്ദ്രിയങ്ങൾക്ക് കേടു വരുത്തിയാൽ അതിന്നു തക്ക ശിക്ഷയായി കണ്ണുകാണായ്ക മുതലായ ഓരോ രോഗങ്ങളുണ്ടാകുന്നതാണെന്നും അദ്ദേഹം സിദ്ധാന്തിച്ചിരിക്കുന്നു. ഇങ്ങിനെ കൎമ്മംകൊണ്ടുണ്ടാകുന്ന രോഗങ്ങൾ പ്രായശ്ചിത്തവിധി കൊണ്ടും, പിന്നെ ശമനൗഷധങ്ങളെക്കൊണ്ടും ആശ്വാസപ്പെടുന്നതാണു. എന്നാൽ ചില സംഗതികളിൽ തൽക്കാലം ഇതുകൊണ്ടൊന്നും രോഗങ്ങൾ മാറാത്തപക്ഷം, ആവക രോഗികൾക്ക് [ 152 ] പിന്നേത്തെ ജന്മത്തിലും രോഗബാധകൂടാതെ കഴിയുമെന്നു തീൎച്ചയായും വിശ്വസിക്കാം.

ദോഷങ്ങൾ നിമിത്തമുണ്ടാകുന്ന രോഗങ്ങളുടെ പ്രതിവിധിക്ക് ഹിന്തുവൈദ്യന്മാർ "ചികിത്സിതം" എന്നാണു പേരിട്ടിരിക്കുന്നത്. അവർ പല രോഗങ്ങൾക്കും ചികിത്സിക്കുകയും, ഔഷധങ്ങളെ വിധിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രായേണ എല്ലാ രോഗങ്ങളുടേയും പേരും സംഖ്യയും താഴേ കാണിക്കാം.

രോഗങ്ങളുടെ
പേർ സംഖ്യ
ജ്വരം (പനി) 25 വിധം
അതിസാരം. 7 ,,.
ഗ്രഹണി 5 ,,
പ്രവാഹിക 4 ,,
അജീൎണ്ണം 3 ,,
വിഷൂചിക 3 ,,
അൎശസ്സ് (മൂലക്കുരു) 6 ,,
ചൎമ്മകിലം 3 ,,
കൃമിരോഗങ്ങൾ 23 ,,
പാണ്ഡുരോഗം 5 ,,
കാമില, കുംഭകാമില, ഹലീമകം ഓരോവിധം
രക്തപിത്തം 3 ,,
കാസം 5 ,,
ക്ഷയം 5 ,,
ശോഷം 6 ,,
ശ്വാസരോഗം 5 ,,
ഹിക്കാരോഗം 5 ,,
അഗ്നിവികാരരോഗം 4 ,,

[ 153 ]

അരോചകം 5 ,,
ഛർദ്ദിരോഗം 7 ,,
സ്വരഭേദരോഗം 6 ,,
തൃഷ്ണാരോഗം 6 ,,
മൂർഛാരോഗം 4 ,,
ഭ്രമരോഗം 1 ,,
നിദ്രാ, തന്ദ്രാ, സന്യാസ, ഗ്ലാവിരോഗങ്ങൾ ഓരോവിധം
മദരോഗം 7 ,,
മദാത്യയം 4 ,,
പരമദം 1 ,,
പാനാജീർണ്ണം, പാനവിഭ്രമ, പാനാത്യയരോഗങ്ങൾ ഓരോവിധം
ദാഹരോഗം 7 ,,
ഉന്മാദം 6 ,,
ഭൂതോന്മാദരോഗം 20 ,,
അപസ്മാരം 4 ,,
ആമവാതം 4 ,,
ശൂലം 8 ,,
പരിണാമശൂലം 8 ,,
ഉദാവർത്തം 13 ,,
ആനാഹരോഗം 2 ,,
ഉരോഗ്രഹരോഗം 1 ,,
ഹൃദ്രോഗം 5 ,,
ഉദരരോഗം 8 ,,
ഗുന്മൻ 8 ,,
മൂത്രാഘാതം 13 ,,
മൂത്രകൃച് ഛ്രം 8 ,,
അശ്മരി 4 ,,

[ 154 ]

പ്രമേഹം 20 ,,
സോമരോഗം 1 ,,
പ്രമേഹക്കുരു 10 ,,
മോദാദോഷരോഗം 1 ,,
ശോഫരോഗം 9 ,,
വൃദ്ധിരോഗം 7 ,,
അണ്ഡവൃദ്ധി 1 ,,
ഗണ്ഡമാല 1 ,,
ഗണ്ഡാലജി 1 ,,
ഗ്രന്ഥിരോഗം 9 ,,
അർബ്ബുദരോഗം 6 ,,
ശ്ലീപദരോഗം 3 ,,
വിദ്രധി 6 ,,
വ്രണരോഗം 15 ,,
അസ്ഥിഭംഗം 8 ,,
കോഷ്ഠഭേദം 2 ,,
വഹ്നിദഗ്ദ്ധ (തീപ്പൊള്ളിയ) രോഗം 4 ,,
നാഡീരോഗം 5 ,,
ഭഗന്ദരരോഗം 8 ,,
ഉപദംശം 5 ,,
ശൂകരോഗം 24 ,,
കുഷ്ഠം 18 ,,
ക്ഷുദ്രരോഗം 60 ,,
വിസർപ്പം 9 ,,
ഉദർദ്ദം 1 ,,
ശീതപിത്തരോഗം 1 ,,

[ 155 ]

അമ്ലപിത്തരോഗം 3 ,,
വാതരക്തം 8 ,,
വാതരോഗങ്ങൾ 80 ,,
പിത്തരോഗങ്ങൾ 40 ,,
കഫരോഗങ്ങൾ 20 ,,
രക്തരോഗങ്ങൾ 10 ,,
മുഖരോഗങ്ങൾ 74 ,,
നാസാരോഗങ്ങൾ 18 ,,
കർണ്ണമൂലരോഗങ്ങൾ 5 ,,
കർണ്ണരോഗങ്ങൾ 18 ,,
ശിരോരോഗങ്ങൾ 10 ,,
കപാലരോഗങ്ങൾ 9 ,,
നേത്രരോഗങ്ങൾ 94 ,,
പുംസ്ത്വദോഷരോഗങ്ങൾ 5 ,,
ശുക്ലദോഷരോഗങ്ങൾ 8 ,,

സ്ത്രീരോഗങ്ങളെക്കുറിച്ചു പിന്നെ പ്രത്യേകം അദ്ധ്യായത്തിലാണു വിവരിച്ചിട്ടുള്ളത്. ബാലരോഗങ്ങളും, ബാലപരിചരണവിധിയും മറ്റും "കുമാരഭൃത്യ" എന്ന ഘട്ടത്തിലും വിവരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യർക്കറിയുവാൻ പാടില്ലാത്തവിധം ഭൂതങ്ങളാലോ മറ്റോ ഉണ്ടാക്കപ്പെടുന്നതായ രോഗങ്ങളുടെ കാരണങ്ങളും, ലക്ഷണങ്ങളും മറ്റും "ഭൂതവിദ്യ" എന്ന ഘട്ടത്തിലും പറയപ്പെട്ടിട്ടുണ്ട്.

വിഷങ്ങളുടെ ചികിത്സയും, പ്രത്യൗഷധവിധിയും മറ്റും "കല്പം" എന്ന സ്ഥാനത്തിലാണു വിവരിക്കപ്പെട്ടിരിക്കുന്നത്. വിഷങ്ങൾ സ്ഥാവരങ്ങൾ എന്നും, ജംഗദങ്ങൾ എന്നും രണ്ടുവിധമുണ്ട്. ഉമ്മത്ത്, പാഷാണം, വത്സനാഭം മുതലായവയെല്ലാം സ്ഥാവര വിഷങ്ങളാണു. അവകൾ വമനം, വിരേചനം, ന [ 156 ] സ്യം, അഞ്ജനം എന്നിവയാൽ ആശ്വാസപ്പെടുന്നതുമായിരിക്കും. ജാംഗമവിഷങ്ങളിൽ കീടങ്ങൾ, തേളുകൾ, ചിലന്തികൾ, ഗൗളികൾ, ഊറ്റമ്പുലികൾ, സർപ്പങ്ങൾ, പേപ്പട്ടി, കുറുക്കൻ, ചെന്നായ്ക്കൾ, കരടികൾ, നരികൾ മുതലായ ജന്തുക്കളെല്ലാം അടങ്ങിയിരിക്കും. ഇവയിൽ ഒരോന്നു കടിച്ചാൽ അതിന്നൊക്കെ പല ഔഷധങ്ങളും വിധിച്ചിട്ടുണ്ട്. എന്നാൽ ഈ രണ്ടുവിധം വിഷങ്ങളേയും ഹിന്തുക്കൾ പണ്ടേതന്നെ മരുന്നാക്കി ഉപയോഗിച്ചുവരുന്നതുമുണ്ട്. ചിലപ്പോൾ "വിഷസ്യ വിഷമൗഷധം" എന്ന ന്യായത്തെ അനുസരിച്ച് ഒരു വിഷത്തിന്നു പകരം മറ്റൊരു വിഷം കൊടുക്കുകയും പതിവില്ലെന്നില്ല. അതുപ്രകാരം ജംഗമവിഷത്തിന്നു സ്ഥാവരവിഷവും, സ്ഥാവര വിഷത്തിന്നു ജംഗമവിഷവും പ്രതിമരുന്നായി കൊടുക്കുവാൻ വിധിയുണ്ട്. ഈ കൂട്ടത്തിൽ "ക്ഷാരഗദം" എന്ന ഒരു ഔഷധമുണ്ടാക്കി ഭേരിമേൽ തേച്ചു വിഷം തീണ്ടിയവന്റെ മുമ്പിൽ വെച്ചു കൊട്ടിയാൽ വിഷം ഇറങ്ങുന്നതാണെന്നുള്ള ഒരു അത്ഭുതകരമായ പ്രയോഗം ഒരു ഗ്രന്ഥകർത്താവു പറഞ്ഞിരിക്കുന്നു.

ഒരു രോഗത്തെ തിരിച്ചറിയുന്നതിന്നായി ഹിന്തുവൈദ്യന്മാർ പ്രാചീനകാലം മുതൽക്കേ ദൎശനം, ഹൃദയശബ്ദപരിശോധന സമാഘാതം അല്ലെങ്കിൽ മുട്ടിനോക്കുക, ഉരോന്തരാളത്തിലും മറ്റുമുണ്ടാകുന്ന സ്വാഭാവികശബ്ദങ്ങളെ പാൎത്തുനോക്കുക [1] ഗന്ധം [ 157 ] നോക്കുക, സ്വാദുനോക്കുക ഇവയെല്ലാം ചെയ്തിരുന്നു. ചില പൂർവ്വാചാൎയ്യന്മാർ ഇതിൽ ഒടുക്കത്തെ സംഗതി ഒഴിവാക്കിയിരിക്കുന്നു. എന്നാൽ, മറ്റുചിലർ അതു ചെയ്തിട്ടില്ലെന്നു മാത്രമല്ല, ഏതെങ്കിലും ഒരു രോഗത്തിന്റെ സ്ഥാനത്തേയും, സ്വഭാവത്തേയും കുറിച്ചു ശരിയായ ഒരറിവു സമ്പാദിക്കേണ്ടതിന്നു വൈദ്യൻ ആയാളുടെ പഞ്ചേന്ദ്രിയങ്ങളേയും ഉപയോഗിക്കേണ്ടതാണെന്നു പ്രത്യേകം സിദ്ധാന്തിക്കുക കൂടി ചെയ്തിരിക്കുന്നു. രോഗിയുടെ ആകൃതി, കണ്ണ്, നാവ്, തോൽ, നാഡീസ്പന്ദനം, ശബ്ദം, മൂത്രം, മലം ഇവയെല്ലാം വൈദ്യൻ പരിശോധിച്ചു നോക്കേണ്ടതാണു. ഉപദ്രവത്തിന്റെ ശരിയായ ലക്ഷണത്തേയും, ഗതിയേയും അറിയേണ്ടതിന്നു നാഡീപരിശോധനയാണു എല്ലാറ്റിലും വെച്ചു മുഖ്യമായി വിചാരിക്കപ്പെട്ടിട്ടുള്ളത്. നാട്ടുവൈദ്യന്മാർ ഇപ്പോൾ സമാന്യേന ചെയ്തുവരുന്നതും അതുതന്നെയാണു. നാഡീസ്പന്ദനത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാക്കേണ്ടതിന്നു മണിബന്ധത്തിലെ നാഡിയെയാണു സാധാരണയായി തിരഞ്ഞെടുക്കുന്നത്. രോഗി പുരുഷനാണെങ്കിൽ വലങ്കയ്യിലേയും, സ്ത്രീയാണെങ്കിൽ ഇടങ്കയ്യിലേയും നാഡിയെ പരിശോധിക്കണം. നാഡീസ്പന്ദനത്തെ പരിശോധിക്കുമ്പോൾ വൈദ്യൻ അതിന്റെ സങ്കോചക്ഷമത (Compressbility), പൗനഃപുന്യം അല്ലെങ്കിൽ അവിച്ഛേദം (Frequency), നിയമം (Regularity), പ്രമാണം (Size), വിരലുകളിൽതട്ടുമ്പോൾ തോന്നുന്ന മാതിരികൾ(Impressions) ഇവയൊക്കെ നോക്കേണ്ടതാണു. വാതകോപത്തിൽ ആ നാഡീസ്പന്ദനം ഒരു സർപ്പം ഇഴയുന്നതുപോലെയോ, അട്ടയുടെ ഗതിപോലെയോ ഇരിക്കും. പിത്തമാണു കോപിച്ചിരിക്കുന്നതെങ്കിൽ, അത്(നാഡി) ഒരു തവളയെപ്പോലെ ചാടുകയൊ, കാക്കയെപ്പോലെയോ കൂരിയാറ്റയെപ്പോലെയോ പറക്കുന്ന മാതിരിയിൽ തോന്നുകയോ ചെയ്യും. അതു വിരലിന്മേൽ മെല്ലെ [ 158 ] മിടിക്കുകയും, ഹംസത്തിന്റെയോ മാടപ്രാവിന്റെയോ ഗതിപോലെ ഇരിക്കുകയും ചെയ്യുന്നതാണെങ്കിൽ അവിടെ കഫകോപമാണെന്നും തീർച്ചപ്പെടുത്തണം. ഒരു കപിഞ്ജലപക്ഷി ഓടുന്നതുപോലെയിരിക്കുന്ന നാഡീസ്പന്ദനം ഉന്മാദത്തെ സൂചിപ്പിക്കുന്നതാകുന്നു. അനിയതമായ (നിയമം കൂടാത്ത) ഒരു നാഡീസ്പന്ദനം കണ്ടാൽ മദാത്യയരോഗമുണ്ടെന്നു നിശ്ചയിക്കാം. അറിയുവാൻ ഏകദേശം തീരെ പ്രയാസമുള്ളതും, താണതും, നിയമമില്ലാത്തതും, ഏറ്റവും ക്ഷീണിച്ചതും, ആയ സ്പന്ദനം മരണത്തെ സൂചിപ്പിക്കുന്നതുമാകുന്നു. പനിയുള്ളവന്റെയോ കാമാർത്തന്റെയൊ നാഡീസ്പന്ദനം വേഗത്തോടുകൂടിയിരിക്കും. നല്ല ശരീരസൗഖ്യമുള്ളവന്റെയാണെങ്കിൽ അതു മദ്ധ്യബലത്തോടുകൂടിയും, ശരിയായുമിരിക്കുകയും ചെയ്യും. ഇതൊന്നുംകൂടാതെ ഇനിവേറെ പലേ ദേഹസ്ഥിതി ഭേദങ്ങളേയും ഈ നാഡീസ്പന്ദനം സൂചിപ്പിക്കുന്നതാണെന്ന് ആശ്ചൎയ്യകരമായവിധത്തിൽ ഓരോ ഗ്രന്ഥങ്ങളിൽ വിവരിക്കപ്പെട്ടിരിക്കുന്നു. പ്രാചീനസംസ്കൃതഗ്രന്ഥങ്ങളിൽ കാണുന്ന മാതിരിയിലുള്ള നാഡീസ്പന്ദനവിവരണവും യൂറോപ്പിൽ ഈ വിഷയത്തിൽ ഏറ്റവും വലിയൊരു പ്രമാണഭൂതനും യോഗ്യനുമായ ഗാലൻ എന്ന പ്രസിദ്ധവൈദ്യൻ കൊണ്ടുവന്നിട്ടുള്ള നാഡീസ്പന്ദനസിദ്ധാന്തവും തമ്മിൽ വളരെ സാദൃശ്യമുണ്ടെന്നുകൂടി ഈ സന്ദൎഭത്തിൽതന്നെ പ്രസ്താവിക്കുന്നതു രസകരമായിരിക്കുമല്ലൊ. "അദ്ദേഹത്തിന്നുശേഷമുണ്ടായ സകലവൈദ്യന്മാരും ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ മതത്തെ കേവലം പകർത്ത് എഴുതുകയാണു ചെയ്തിട്ടുള്ളത്." (ഡോക്ടർ ബർഡൊ). ഗാലനാകട്ടെ ക്രമത്തിൽ താണു ചുരുങ്ങിച്ചുരുങ്ങി വരുന്നതായ നാഡീസ്പന്ദനത്തേയും (Pulsus myurus), ഉറുമ്പരിക്കുന്നതുപോലെ അറിയുവാൻ വളരെ പ്രയാസമുള്ളതായ സ്പന്ദനവിശേഷത്തേയും (Pulsus formicans), ആടിനെപ്പോ [ 159 ] ലെ ചാടുന്നതായ ഒരു സ്പന്ദനത്തേയും(Pulsus dorcadisans) തിരമാലപോലെ താണും പൊന്തിയുമിരിക്കുന്ന സ്പന്ദനത്തേയും (Pulsus fluctuosus)കുറിച്ചു പറയുന്നുണ്ട്. ഇതുകൊണ്ടു ഗാലൻ ഈ വിഷയത്തിൽ ഹിന്തുവൈദ്യന്മാരിൽനിന്നാണു അറിവു സമ്പാദിച്ചതെന്നു വിചാരിക്കാമല്ലൊ.

ചിലമാതിരി രോഗങ്ങൾ ഭൂതങ്ങൾ നിമിത്തമുണ്ടാകുന്നതാണെന്നു വിശ്വസിക്കപ്പെട്ടുവരുന്നതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. സകലമതക്കാരുടെ ഇടയിലും ഏറക്കുറെ കണ്ടുവരുന്നതായ രോഗങ്ങളെസംബന്ധിച്ചുള്ള ഈ ഭൗതികസിദ്ധാന്തം, (Demon theory of diseases) ഹിന്തുവൈദ്യഗ്രന്ഥകാരന്മാരേയും ഇളക്കീത്തീർക്കാതിരുന്നിട്ടില്ല. അവരുടെ സിദ്ധാന്തത്തിൽ, ഭൂതങ്ങൾ വെറുതേയൊ, വല്ല കാരണവശാലൊ കോപിച്ചാൽ അവ ആ അപരാധിയുടെ ദേഹത്തിൽ കടന്നുകൂടുകയും, അവനെ പലവിധത്തിലും ഉപദ്രവിക്കുകയും, ഓരോ രോഗങ്ങളുണ്ടാക്കിത്തീർക്കുകയും ചെയ്യുന്നതാണെന്നു കാണുന്നു. ഹാരീതൻ അങ്ങിനെ പത്തുവിധം ഭൂതങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്. ആവക ഗ്രഹങ്ങളുടെ പേരുകളും അവയുടെ ആവേശംകൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങളും മറ്റും താഴേ പറയുന്നു.

ഐന്ദ്രഗ്രഹം--ഇതു സാധാരണയായി പൂങ്കാവുകൾ, വിഹാരങ്ങൾ, ദേവാലയങ്ങൾ ഈവക പ്രദേശങ്ങളിൽ നിന്നാണു ബാധിക്കുന്നത്. ഈ ഗ്രഹം ബാധിച്ചാൽ ഭ്രാന്തനെപ്പോലെ ചിരിക്കുക, പാടുക മുതലായി ഓരോന്നു പ്രവൎത്തിക്കും.

ആഗ്നേയഗ്രഹം--ഇതു ശ്മശാനം, നാൽകൂട്ടപ്പെരുവഴി ഈ വക സ്ഥലങ്ങളിൽ നിന്നു ബാധിക്കും. അതു ബാധിച്ചിട്ടുള്ളവൻ കരയുകയും, പേടിച്ചു ചുറ്റും നോക്കുകയും ചെയ്യും.

യമഗ്രഹം--ഇതു യുദ്ധഭൂമിയിൽനിന്നും, ശ്മശാനങ്ങളിൽനിന്നും ബാധിക്കുവാനിടയുണ്ട്. ഇതിനാൽ ബാധിതനായ മനു [ 160 ] ഷ്യൻ വളരെ ദീനനായും, പ്രേതത്തെപ്പോലെയും ഇരിക്കും.

നൈരൃതഗ്രഹം--പുറ്റ്, പെരുവഴി, പ്രശസ്തവൃക്ഷം ഇങ്ങിനെ ഓരോന്നിന്റെ സമീപത്തിൽ നിന്നാണു ഈ ഗ്രഹം ബാധിക്കുന്നത്. അതു ബാധിച്ചു കഴിഞ്ഞാൽ ആ മനുഷ്യൻ ഒന്നും അനങ്ങാതിരിക്കുകയോ, ഓടിനടക്കുകയൊ, ആളുകളെ ഉപദ്രവിക്കുകയോ, കൊല്ലുകയോ ചെയ്യും. അതുകൂടാതെ ആയാളുടെ മുഖം വിവർണ്ണമായിത്തീരുകയും ശക്തി വർദ്ധിക്കുകയും, ചേതന ദുഷിച്ചുപോകയും ചെയ്യും.

വാരുണഗ്രഹം--ഈ ഗ്രഹം നദികൾ, തടാകങ്ങൾ എന്നിവയുടെ തീരങ്ങളിലായിരിക്കും സഞ്ചരിക്കുന്നത്. അതു ബാധിച്ചവന്നു വായിൽനിന്നു വെള്ളം ഒലിച്ചുകൊണ്ടിരിക്കുകയും, മൂത്രം അധികമായിത്തീരുകയും, കണ്ണിൽ വെള്ളം നിറയുകയും ചെയ്യും. അതിന്നുപുറമെ ആയാൾ മൂകനെപ്പോലെ കാണപ്പെടുന്നതുമാണു.

മാരുതഗ്രഹം--ചുഴലിക്കാറ്റിന്റെ നടുവിൽനിന്നും മറ്റുമാണു ഈ ഗ്രഹം ബാധിക്കുന്നത്. അതു ബാധിച്ചവൻ മുഖംവാടി ദീനനായിരിക്കുകയും, വിറക്കുകയും, നിലവിളിക്കുകയും ചെയ്യും. അതല്ലെങ്കിൽ പരവശനായും കണ്ണിന്നു ശക്തികുറഞ്ഞും കലശലായ വിശപ്പോടു കൂടിയുമിരിക്കും.

കുബേരഗ്രഹം--അധികമായ വല്ല സന്തോഷമോ ഗർവ്വോ അഭിമാനമോ ഉള്ള സമയത്താണു ഇതു ബാധിക്കുന്നത്. ഇതിനാൽ ബാധിതനായവൻ ഗർവ്വോദ്ധതനും അലങ്കാരങ്ങളിൽ വളരെ താല്പൎയ്യത്തോടു കൂടിയവനുമായിരിക്കും.

ഈശ്വരാനുഗ്രഹം--ജീർണ്ണിച്ചുകിടക്കുന്ന ക്ഷേത്രങ്ങളിൽ നിന്നും മറ്റുമാണു ഇതു സാധാരണ ബാധിക്കുന്നത്, ഈ ശിവഗ്രഹം ബാധിച്ചവൻ മേലൊക്കെ ഭസ്മം വാരി പൂശുകയും, ദിഗംബരനായി (വസ്ത്രം കൂടാതെ) പാഞ്ഞുനടക്കുകയും, ശിവധ്യാനത്തിൽ [ 161 ] താല്പൎയ്യത്തോടു കൂടിയിരിക്കുകയും ഗീതവാദ്യങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യും.

ഗ്രാഹകഗ്രഹം--ഇതു ശൂന്യഗൃഹം ശൂന്യ(നിർജ്ജല)മായ കൂപങ്ങൾ ഇവയിൽനിന്നു ബാധിക്കും. ഇതു ബാധിച്ചുപോയാൽ വിശപ്പോ ദാഹമോ ഉണ്ടായിരിക്കുകയില്ലെന്നു മാത്രമല്ല പറഞ്ഞതൊന്നും ആയാൾ കൂട്ടാക്കുകയുമില്ല.

പൈശാചഗ്രഹം--അശുചിയായും അശുദ്ധമായുമുള്ള സ്ഥലങ്ങൾ, ഉച്ഛിഷ്ടം ഇവകളിലാണു ഇതിന്റെ വാസം. ഈ ഗ്രഹം ബാധിച്ചിട്ടുള്ളവൻ നൃത്തം വെക്കുക, നിലവിളിക്കുക, പാടുക, ഉറക്കെപറയുക, ഭ്രാന്തനെപ്പോലെ തിരിയുക, വസ്ത്രം ധരിക്കാതിരിക്കുക, വായിൽനിന്നും വെള്ളം ഒലിപ്പിച്ചു കൊണ്ടിരിക്കുക ഇതൊക്കെ ചെയ്യുന്നതാണു.

ഇങ്ങിനെ ഭൂതാവേശംകൊണ്ടുണ്ടാകുന്ന രോഗങ്ങൾക്കു ഹിന്തുവൈദ്യശാസ്ത്രത്തിൽ മരുന്നുകളെക്കൊണ്ടും മന്ത്രങ്ങളെക്കൊണ്ടും പല ചികിത്സകളും പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ തകിട് മുതലായ രക്ഷാസാധങ്ങളെ ധരിക്കുകയും പതിവില്ലെന്നില്ല. ഭൂതാവേശംകൊണ്ടും മറ്റുമുണ്ടാകുന്ന രോഗങ്ങളുടെ ശാന്തിക്കായി ഹിന്തുക്കൾ സാധാരണയായി ധരിക്കുന്ന ചില രക്ഷാകരണങ്ങളുടെ സ്വഭാവവും വിവരണവും മറ്റും അധികവും മന്ത്രശാസ്ത്രത്തിൽ പെട്ടതാകയാൽ ഇവിടെ എടുത്തു വിസ്തരിക്കുന്നില്ല.


  1. ഹൃദയശബ്ദങ്ങളെ പരിശോധിച്ചുനോക്കുക (Palipitation), സമാഘാതം(Percussion), ഉരോന്തരാളത്തിലും മറ്റുമുള്ള സ്വാഭാവികശബ്ദങ്ങളെ പാൎത്തു നോക്കുക. (Ausculation)എന്നിവയൊന്നും കേവലം പുതിയതല്ല. ഇവയെക്കുറിച്ചു ചരകത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ആത്രേയൻ തന്റെ പ്രിയശിഷ്യനായ ഹാരീതനോടുള്ള ചോദ്യോത്തരത്തിൽ ഇതെല്ലാം കുറേക്കൂടി അധികം ശരിയായി പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഇപ്പോഴുള്ള പുസ്തകങ്ങളിൽ ഏതിലെ വിധിയോടും ശരിക്കുനിൽക്കുന്നതുമായിരിക്കും.