ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
നാലാം സർഗ്ഗം
[ 37 ]
നാലാം സർഗ്ഗം

അന്നിമ്മട്ടാമന്ത്രിപോകെ പ്രമോദം
കുന്നിക്കും ഹൃത്താർന്നമാവാസ്യരാവിൽ
ഒന്നിച്ചഷ്ടാഗാരർ ചേർന്നാർ, ശ്മശാനം-
തന്നിൽ ഭൂതശ്രേണിപോൽ, ഗോഷ്ഠിയിങ്കൽ       1

ആരാവിങ്കൽക്കൊണ്ടൽതൻ പങ്‌ക്തി വാനും
സ്ഫാരാടോപം ഫേരവശ്രേണി പാരും
ആരാവത്താൽ പൂർണ്ണമാക്കിച്ചമച്ചു
പാരാവാരം വൻതരംഗവ്രജംപോൽ       2

വൻദർപ്പത്താലിന്ദുഹര്യക്ഷഭീവി-
ട്ടുന്നമ്രധ്വാന്തേഭയൂഥം ചരിച്ചു
കന്ദർപ്പച്ചൂടേറ്റ വേശ്യാഗണംപോൽ
മിന്നൽക്കൂട്ടം പാഞ്ഞു തെക്കും വടക്കും നടക്കും       3

ആരാവിൻ വീടെത്തുവാൻ ധ്വാന്തഭീയാൽ
താരാനാഥൻ റാന്തൽ കത്തിച്ചിടുമ്പോൾ
ആരാൽക്കാറ്റിൽക്കെട്ട തീക്കോലിനേറ്റം
നേരായ്ക്കൂടെക്കൂടെ വിദ്യുത്തു മിന്നി       4

[ 38 ]

പാരാവാരം പോലെ വായ്ക്കും തമസ്സിൽ
ഘോരാകാരം കണ്ടു നക്ഷത്ര വൃന്ദം
ആരാൽ പ്പേടിച്ചക്ഷിമൂടിത്തുറക്കു
ന്നോരാമട്ടിൽക്കത്തി വിദ്യുത്തു മേന്മേൽ       5

ആലസ്യംപൂണ്ടേവരും നിദ്രയാകും
ജാലക്കാരിക്കുള്ള കൺകെട്ടിലായി
നീലക്കൊണ്ടൽഗ്ഗർജ്ജിതത്തിൻകണക്ക-
ക്കാലം ഭേകം സിംഹനാദം മുഴക്കി.       6

തീയും തോൽക്കും കണ്ണുരുട്ടിജ്ജഗത്തിൽ-
ഭീയുണ്ടാക്കിക്കൂക്കിയാർത്തങ്ങുമിങ്ങും
പായും ഭൂതം, യക്ഷി, രക്ഷസ്സു, മാടൻ
പേയും, നാരിക്കുള്ള ഗർഭം കലക്കി.        7

കന്നക്കോലും കത്തിയും കൈയിലേന്തി
കന്നൽക്കണ്ണാൾക്കുള്ള കാതും കഴുത്തും
മന്ദം ദസ്യൂശ്രേഷ്ഠർ ശൂന്യപ്പെടുത്താൻ
സന്നദ്ധത്വംപൂണ്ടു ലാത്തിത്തുടങ്ങി.        8

[ 39 ]

കൊള്ളില്ലെന്നോ ദുഷ്ടരോർത്താശുഗത്തെ-
ത്തള്ളിക്ഷിപ്രം വാതിലൂക്കോടടച്ചു?       14

കീലാലത്തിൽ പ്രത്യഹം മുങ്ങിയാലും
വേലാതീതം പങ്കമാളും കൃപാണം
കാലാഹീന്ദ്രക്രൂരമശ്ശൗര്യവാന്മാർ
സ്ഥൂലാഹ്ലാദം കൈയിൽ മിന്നിച്ചിരുന്നു       15

കല്ലാം മാറിൽക്കല്ലനേകം ധരിച്ചാ
വല്ലായ്മക്കാർ യുദ്ധസന്നദ്ധരായി
പുല്ലായ്മന്നിൽ ജീവനെക്കണ്ടു മേന്മേ-
ലുല്ലാസംപൂണ്ടസ്സമാജത്തിൽ വാണു       16

ധീരന്മാർക്കന്നക്കഴയ്ക്കൂട്ടമാളും
വീരൻ നേതാവെത്തിയദ്ധ്യക്ഷനായി
ഘോരം കല്പാന്താബ്ദനിർഘോഷമിത്ഥം-
കാരം വാക്യം സ്നിഗ്ദ്ധഗംഭീരമോതി       17

"കേട്ടാലും ഞാൻ ചൊൽവ, താരെ ക്ഷണം നാം
കൂട്ടാക്കേണം? ദൈവവും സാരമില്ല;
നാട്ടാരെന്തും കാട്ടിനോക്കട്ടെ; കാട്ടിൻ
പാട്ടാളിക്കോ ജംബുകത്രാസമുള്ളൂ?       18

പൊയ്പോയല്ലോ ഹന്ത മെയ്ക്കും മതിക്കും
കെല്പോലും ദുർമ്മന്ത്രി; മറ്റെന്തുവേണം?
ഇപ്പോഴെന്തും നോക്കു കാട്ടാം; വിരിഞ്ചൻ
വായ്പോന്നായുസ്സെന്നമട്ടാരെതിർക്കും?       19

കാറോടൊക്കും ഘോരസൈന്യങ്ങൾ പത്തോ
നൂറോ കൂടിക്കൊൾകിലും പുല്ലുപോലെ
വീറോടെല്ലാം വെന്നിടും വീരനീയെൻ
വാറോലക്കീറിന്നു തീനായതില്ലേ?       20

രാമാസ്ത്രത്താൽ വാനിൽനിന്നാർത്തിപൂണ്ടോ-
രാ മാരീചൻ വാർദ്ധിമേൽ വീണപോലെ
ധീമാനാമെൻ കൗശലത്താലമാത്യൻ
ഭൂമാവെന്യേ പാണ്ടിപോയ്പ്പറ്റിയില്ലേ?       21

ചൊല്ലേറും മൽസൂത്രമേകം നിമിത്തം
കല്ലേറൊന്നാൽ മാങ്ങ രണ്ടെന്നപോലെ
കില്ലേശീടാതുർവരേശന്നു പൊയ്പോ-
യില്ലേ ഹർമ്മ്യോത്തംസവും മന്ത്രിമുത്തും?       22

പേർത്തമ്പമ്പോ! പാർത്ഥരെക്കാട്ടിലാക്കാ-
നോർത്തദ്യൂതം സൗബലൻ ചെയ്തപോലെ
മൂർത്തം ശൗര്യമ്പോലെഴും മന്ത്രിതന്നെ-
ദ്ധൂർത്തല്ലീ ഞാൻ കൗശലം ചെയ്തകറ്റി       23

[ 40 ]


ഏതായാലും വഞ്ചിനിധ്യന്തികത്തിൽ
ഭൂതാപത്തില്ലെന്നു തോന്നുന്നു മേലിൽ
ജാതാമോദം നോക്കു കൈകൊട്ടിയാർക്കാം
ജേതാക്കന്മാർ തിട്ടമീയെട്ടുവീടർ       24

കാറ്റുള്ളപ്പോൾപ്പാറ്റിടുന്നോനെയല്ലോ
മുറ്റും ലക്ഷ്മീദേവി മാനിപ്പതെങ്ങും
പറ്റുന്നേരം പാർത്തു പറ്റിച്ചിടാഞ്ഞാൽ
തെറ്റും പിന്നെത്തായമെന്നാപ്തവാക്യം       25

കോളില്ലാത്തോരത്തരം നോക്കി വേണം
മേളിച്ചാരും കായലിൽത്തോണിവയ്പാൻ
കേളിക്കെന്നും കേളിഗേഹങ്ങളാം നാം
വാളിന്നിപ്പോൾ വിശ്രമം നൽകിടൊല്ല       26

ബാലന്നായിച്ചെട്ടി കാശെന്നപോൽ നൽ-
ക്കാലം സ്വല്പം മർത്ത്യനേകുന്ന ദൈവം;
ആലസ്യം വിട്ടപ്പൊഴാളും ശ്രമംതാൻ
മൂലം പിന്നീടുള്ള സമ്പത്തിനെല്ലാം       27

വാണിജ്യം ചെയ്തർത്ഥലാഭം വരുത്താ-
നാണിക്കാശെന്നോർത്തു വർത്തിച്ചിടാഞ്ഞാൽ
കോണിൽത്തള്ളും ചെട്ടിയാർ പുത്രനേയും
ക്ഷോണിത്തട്ടിൽ ദിഷ്ടവും തിട്ടമേവം       28

ഉന്നമ്രശ്രീസഞ്ചിതം വഞ്ചിരാജ്യം;
മന്നൻ പേർത്തും ദുർബലൻ ഭീരു ശുദ്ധൻ
കന്നൽക്കണ്ണാൾക്കുള്ളൊരാശ്ലേഷണസൗഖ്യം
സുന്നം പ്രേയാൻ കുഷ്ഠരോഗാർത്തനായാൽ       29

ചട്ടക്കാരൻ ഭസ്മമുണ്ടോ ധരിപ്പൂ
മൊട്ടശ്ശീർഷം മാല ചൂടുന്നതുണ്ടോ?
പൊട്ടന്നുണ്ടോ പാട്ടുകേട്ടാൽ വികാരം
പൊട്ടച്ചെട്ടിക്കാരു പൊൻപൂച്ചിടുന്നു?       30

ചേരും വസ്തുദ്വന്ദ്വമല്ലാതെ മന്നിൽ-
ച്ചേരുന്നേരം ദോഷമത്യന്തമുണ്ടാം
ഭൂരുട്ടെന്യേ പാറചേരുന്ന മല്ലീ-
വീത്തുണ്ടോ വാച്ചു പൂക്കുന്നു തെല്ലും?       31

എല്ലാംകൊണ്ടും നൂനമിബ്ഭൂമിപാലൻ
കൊല്ലാൻ തക്കോൻതന്നെ സന്ദേഹമില്ല
നല്ലാളാരും വേൾക്കുവാൻ വന്നിടാഞ്ഞാൽ
നല്ലാർക്കുണ്ടോ കന്യകാഭാവദുഃഖം?       32

കല്ലോ നീരോ രണ്ടിലൊന്നെന്നുവച്ചാ-
ണല്ലോ നാമീ വേല കൈയേറ്റതാദ്യം

[ 41 ]

കല്ലോടിപ്പോയ്, രണ്ടുവെട്ടിന്നു വെള്ളം
കില്ലോതാനില്ലിങ്ങു കാണുമാറായി       33

ഇപ്പോൾത്തുമ്പയ്ക്കാരു താരാട്ടുപാടാൻ
നില്പോൻ? നൂലിൽക്കോർത്ത പത്താക്കുരുക്കി-
വയ്പോളുണ്ടോ ഭൂഷ മറ്റൊന്നു തീർക്കാ-
തെപ്പോഴും മാൽ മദ്ധ്യവർത്തിക്കു സിദ്ധം       34

വെങ്ങാനൂരിൽപ്പിള്ളയപ്പോൾ കഥിച്ചാൻ
ചങ്ങാതിക്കുള്ളോരു സത്താം നിദേശം
ഇങ്ങാധാരം കൃത്യമേതിന്നുമോർത്താൽ
മങ്ങാതെന്നും ഭൂതമീശാജ്ഞകേൾപ്പു       35

ഊനം കൈവിട്ടേറെനാൾ വഞ്ചിരാജ്യ-
ശ്രീ നമ്മെത്താൻ വേൾക്കുവാൻ വന്നിരന്നും
മൗനം മെന്മേൽപ്പൂണ്ടു നാം വാഴ്വതെന്തേ?
ദീനത്രാണം ദൈവവും സമ്മതിക്കും       36

കേമന്മാർ തൻപൂർവരാഗന്മാരതിന്നെ-
ന്തീമന്നന്നീനാടു യോജിപ്പതില്ല
കാമം ജന്മം മാത്രമോർത്താദരിപ്പാൻ
നാമജ്ഞന്മാരല്ല; കൈയൂക്കുകാര്യം       37

ആരാൽക്കാർന്നോർതന്റെ ചൊൽകേട്ടു വസ്ത്രം
നേരായ്‌വാങ്ങിപ്പോകി,ലെന്താണു പോട്ടേ
ചേരാതുള്ളോൻ നായരായാലുപേക്ഷി-
പ്പോരാരോമൽത്തയ്യലാൾക്കെന്തു കുറ്റം?       38

നാമല്ലാതീ വഞ്ചിരാജ്യം ഭരിപ്പാ-
നീ മണ്ണിൽപ്പറ്റില്ല മറ്റാരുമിപ്പോൾ;
ക്ഷേമം കാഷ്ഠാമണ്ഡലത്തിന്നു നൽകാൻ
സാമർത്ഥ്യം ദിക്പാലകർക്കെന്നു സിദ്ധം       39

വേഗം ചെന്നാ വൃദ്ധനെക്കൊന്നു പൃത്ഥ്വീ-
ഭാഗം കാക്കാം; വാക്കുകൊണ്ടെന്തുകിട്ടും?
രാഗം കേട്ടാലാതുരന്നെന്തു ലാഭം?
രോഗം മാറാനൗഷധംതന്നെ വേണം       40

അപ്പോൾ ചൊന്നാനക്കുളത്തുർഗ്യഹേശൻ;
'കെല്പോലും നാം മന്നനെ ഖഡ്ഗമേന്തി
ഇപ്പോൾക്കൊന്നാൽ പന്തിയാവില്ല; സൂത്രം
വയ്പോളം നന്നല്ല നേരായ മാർഗ്ഗം       41

ആപത്തീ നാം മന്ത്രിമുഖ്യന്നു നൽകി-
ബ്ഭൂപശ്രേഷ്ഠന്നന്തവും ചേർത്തുവെന്നാൽ
തീപറ്റുംപോൽ കാട്ടിൽനി,ന്നറ്റമെന്യേ
കോപംപൊങ്ങും പൗരവർഗ്ഗത്തിൽനിന്നും       42

[ 42 ]


വേനൽക്കാലം കാറ്റു ചൊവ്വിന്നടിച്ചാൽ
നൂനം കൈത്തോടാണു വഞ്ചിക്കു കായൽ;
മാനം കാറിൽ‌പ്പെട്ടു വൻ‌കോളുകൊണ്ടാ-
ലൂനം‌പറ്റും ലന്തതൻ കപ്പലിനും.       43

പൌരാമർഷാഗ്നിക്കു നാം ഭക്ഷ്യമായാൽ
പോരാ; പിന്നെബ്‌ഭൂമിപൻ ചത്തിടുമ്പോൾ
ആ രാജശ്രേഷ്ഠാന്വയത്തിങ്കലുള്ളോ-
രാരായാലും കുടവേ വദ്ധ്യരത്രേ.       44

സ്ത്രീയാകട്ടെ, ബാലരാകട്ടെ, കാര്യം
പേയായ്‌പോകും ശത്രുശേഷത്തെ വച്ചാൽ;
നായാട്ടുണ്ടോ ജാതിയും പ്രായവും പാർ-
ത്തിയാനെല്ലാം പാവകന്നൊന്നുപോലെ.       45

അപ്പോൾ മാർത്താണ്ഡാലയേശൻ കഥിച്ചാൻ;
‘നൽ‌പോരിന്നുള്ളൊരു നാളല്ലിതൊന്നും;
ഇപ്പോൾ സൂത്രംതന്നെ വെയ്‌ക്കേണ,മെന്ന-
പ്പപ്പോ! കാര്യം തെറ്റി; കാലം മറിഞ്ഞു.       46

ആലസ്യം‌വിട്ടുർവരാകാന്തവംശം
മൂലച്‌ഛേദം ചെയ്‌കിലേ പന്തിയാകൂ;
മേലത്തേക്കിബ്ബാധപറ്റൊല്ല ചെറ്റും;
കാലം നോക്കിക്കല്യർ കാണുന്നു കാര്യം.       47

യോഗക്കാരാം ബ്രഹ്മ‌ബന്ധുക്കളൊട്ടു-
ക്കാഗസ്സില്ലാത്തോരു സാധുക്കളെന്നായ്
ധീഗന്ധം വിട്ടോർക്കുമീ മന്നനെപ്പോയ്
വേഗം കൊൽ‌വാൻ മറ്റുപേർ വേണ്ടതുണ്ടോ ?       48

പിന്നീടല്പം ചെമ്പഴന്തിക്കുകൂടി-
ച്ചൊന്നീടാനുണ്ടസ്സദസ്സിങ്കലെന്നായ്
അന്നീടാർന്നോരപ്പുമാനോതിയപ്പോൽ-
ച്ചൊന്നീടട്ടേ വേണ്ടതെന്നായി കൂട്ടർ.       49

നാശം‌കാർന്നോരാർന്നതോർത്തുള്ളിലേറ്റം
ക്ലേശം‌പൂണ്ടോരാ യുവാവപ്പൊഴോതി:
‘മോശപ്പെട്ടോരെന്റെ നാവിന്നു പൊങ്ങാൻ
ലേശം‌പോലും ശക്തിയില്ലിസ്സദസ്സിൽ.       50

കന്നൻ മന്ത്രിക്കുള്ള കൈയൂക്കുമൂലം,
പൊന്നമ്മാമൻ ശേഷമെന്തോന്നു ചൊൽ‌വൂ ?
എന്നമ്മയ്ക്കും ബാലനായോരെനിയ്‌ക്കും
സുന്നം മേലിൽ ക്ഷേമമെന്നായിതല്ലോ.       51

ഈ രാജ്യം വിട്ടെങ്കിലന്യത്ര പോയ-
ദ്ധീരാമാത്യൻ സൌഖ്യരായ്‌പ്പാർക്കുമല്ലോ;

[ 43 ]

പോരാ തദ്രക്ലത്തിലാറാടിടാതെൻ
ഘോരാസിക്കില്ലേതുമേ ചാരിതാർത്ഥ്യം.        52

എന്നല്ലായുസ്സപ്പുമാനുള്ള കാലം
മന്ദം നമ്മൾക്കുള്ള ഭാഗ്യം നിതാന്തം;
ഉന്നമ്രശീഭാനു വാരാശിതന്നിൽ—
ചെന്നല്ലാതില്ലുഴിയിൽദ്ധ്വാന്തലേശം.        53

പിന്നീടും ഞാനൊന്നുരയ്ക്കുന്നു;നാണം
ചൊന്നീടുമ്പോളറ്റമില്ലാതെയുള്ളിൽ
വന്നീടുന്നുണ്ടെങ്കിലും വാരിജാസ്ത്രൻ
തന്നീടാർന്നോരാജ്ഞ കേൾക്കേണ്ടതല്ലേ?        54

ക്ഷോണിത്തട്ടിൻ നായകന്നുള്ള പുത്രീ—
മാണിക്യത്തിൽ മഞ്ജുളാഭിഖ്യയിന്നാൾ
ത്രാണിക്കൊട്ടും താഴ്ചയില്ലാത്തൊരെൻ കൺ—
കോണിൽതട്ടിച്ചത്തു ഞാൻ ചത്തിടാതെ.        55

ചേലുള്ളോരപ്പെണ്ണിന്നൂർവീശനച്ഛൻ,
കാലുഷ്യത്തിൻ കാതലാം മന്ത്രിയിഷ്ടൻ;
മേലും കീഴും നോക്കിയല്ലെന്റെ രാഗം;
വാലും തുമ്പും കാമനി,ല്ലെന്തു കാട്ടാം?        56

വിത്തം, കൈയു, ക്കാഭ, സൽസാഹ്യമെല്ലാ—
മൊത്തമ്പുന്നോമെന്നെയീ യൗവനത്തിൽ
അത്തങ്കപ്പെൺമൗലി കൈക്കൊണ്ടിടാഞ്ഞാൽ
വൃത്തം മേലീയെട്ടു വീഭേഴു വീടാം.        57

ആ നല്ലാരിന്നുള്ളു മോഷ്ടിച്ച കള്ള—
ന്നൂനംകൂടാതന്തമേകിത്തഭംഗം
സാനന്ദം ഞാൻ പുൽകുവാൻ നിങ്ങളോർത്താൽ
നൂനം പറ്റും; സംഹതിരക്കന്തസാദ്ധ്യം?        58

ഏവം വാക്യം കേട്ടു പള്ളിച്ചൽമേവും
ദേവശ്രേഷ്ഠന്നൊത്ത വീരൻ കഥിച്ചാൻ!
"ശ്രീ വമ്പിക്കും തന്വിയെശ്ശക്തയായ്ത്താൻ
ദൈവം സൂനം സൃഷ്ടി ചെയ്യുന്നു മന്നിൽ.        59

എങ്ങാൻ നിൽക്കും ചന്ദനം മങ്കതൻ ശ്രീ
മങ്ങാതുള്ളോരോമനകൊങ്കയിങ്കൽ
തങ്ങാൻ മൂലം തൽഗുണം; നല്ല പെണ്ണും
ചങ്ങാതിക്കൊത്തുള്ള ധന്യന്നുതന്നെ.        60

ഇത്താരുണ്യക്കാതലാം ചെമ്പരന്തി—
ക്കൊത്താരുള്ളൂ ഭൂപപുത്രിക്കു വേൾപ്പാൻ
അത്താരേശൻ പൂന്നിലാവിന്നു കാന്തൻ,
നൽത്താരിന്നപ്പെൺകൊടിക്കൂന്തൽ ഗേഹം.        61

[ 44 ]


കണ്ണുണ്ടെങ്കിൽത്തിട്ടമെന്നിഷ്ടനെത്താ-
നെണ്ണും ഭർത്താവെന്നു രാജന്യപുത്രി;
മണ്ണും വിണ്ണും മറ്റൊരാൾ നൽകിയാലും
പെണ്ണുൾക്കൊള്ളും പ്രീതി സൌന്ദര്യവാങ്കൽ.       62

ശ്രീതിങ്ങീടും തന്വി തർക്കിക്കുകിൽ തൽ-
പാതിവ്രത്യം മാറ്റുവാൻ മാലനല്പം
ജാതിക്കേകാം; പോക്കുമുട്ടുന്ന കാല-
ത്തോതിക്കോനും പച്ചമാംസം ഭുജിക്കും.       63

ശ്രീക്കും സ്ത്രീക്കും കാറ്റിനും സ്ഥൈര്യമുണ്ടോ?
തീക്കുണ്ഡത്തിൽക്കാട്ടിടും വെണ്ണമുറ്റും
നിൽക്കുന്നുണ്ടോ വെണ്ണയായേറെ നേരം?
ഭീക്കുള്ളം നാം ലക്ഷ്യമാക്കേണ്ട ലേശം”.       64

ഈമട്ടാം വാക്കക്കഴയ്ക്കൂട്ടമാളും
കേമൻ മുറ്റും കേട്ടു വീണ്ടും പറഞ്ഞു:
“നാമമന്യോന്യം ചൊല്ലുവാനുള്ളതെല്ലാം
കാമം ചൊല്ലിത്തീർത്തുവെന്നോർത്തിടുന്നേൻ.       65

രണ്ടിഷ്ടന്മാരിസ്സമാജത്തിലൊന്നും
മിണ്ടിക്കൂടെന്നാണയിട്ടേച്ചു വന്നോ?
വേണ്ടി,ല്ലാട്ടേ മൊത്തമായ് ഞാനവർക്കും
വേണ്ടിസ്സ്വൽ‌പം ചൊല്ലൂവൻ വല്ലപാടും.       66

യോഗക്കാരാം പോറ്റിമാരുള്ളതസ്‌മ-
ദ്യോഗം; തെല്ലും പൌരർ ശങ്കിച്ചിടാതെ
വേഗം നാമാശ്ശുദ്ധരെക്കൊണ്ടു പ്യത്ഥ്വീ-
ഭാഗം കാക്കും സാധുവിന്നന്തമേകാം.       67

ശേഷം കാര്യം പിന്നെയാകട്ടെ; രാജ്ഞീ-
വേഷം കെട്ടും തത്സഗർഭ്യയ്ക്കു രാജ്യം
ഈഷത്തും താൻ സ്വന്തമാവില്ല; ചുമ്മാ-
ഘോഷം കൂട്ടാൻ പൊട്ടരല്ലെട്ടുവീടർ.       68

സ്ത്രീഹത്യക്കും ഭ്രൂണഹത്യയ്ക്കുമീ ഞാൻ
മോഹം ഹൃത്തിൽ പൂണ്ടിടുന്നില്ല തെല്ലും;
സ്നേഹം ഭൂവോടുണ്ടതിന്നെന്തു? നിസ്സ-
ന്ദേഹം പാപം വേണ്ടതേ നേടിടാവൂ.       69

കള്ളം വിട്ടെന്നൻപെഴും ചെമ്പഴന്തി-
പ്പിള്ളയ്ക്കുള്ളോരോമനബിഭാഗിനേയൻ
ഉള്ളപ്പെണ്ണിന്നേകിയെന്നുള്ള വൃത്തം
വെള്ളം ചാടിക്കുന്നു ചക്ഷുസ്സിൽ നിന്നും       70

എന്തോ വല്ലാതുള്ള ദോഷത്തിനാണ-
പ്പന്തോടൊക്കും കൊങ്കയാളോടു രാഗം.

[ 45 ]

എൻ‌തോഴൻ‌തൻ ഭാഗിനേയന്റെ ചേത-
സ്സെന്തോതേണ്ടു? ചെന്നു വേണ്ടാത്ത ദിക്കിൽ.       71

നെല്ലും മോരും‌പോലെ പെൺ, നാടിവറ്റിൽ-
ച്ചെല്ലും മോഹം രണ്ടുമൊന്നിക്കയില്ല;
കല്ലും നഞ്ഞും ചേർന്നിടും മാനസത്താൽ-
ക്കൊല്ലും നല്ലാരാരെയും പാരിടത്തിൽ.       72

ഏതായാലും മാമനെക്കൊന്നൊരീ ഞാൻ
ധീതാവും തൽ ഭാഗിനേയന്നു ഹൃത്തിൽ
ഹാ! താപത്തെച്ചേർക്കുവാൻ തക്കതായോ-
രേതാവത്താം വാക്യമോതുന്നതില്ല.       73

അമ്മാവൻ തൻ‌മൃത്യുവോർത്തീ യുവാവിൻ
വൻമാൽ തീർപ്പാൻ ജീവനെസ്സന്ത്യജിച്ചും
നമ്മാലെന്തും ഹന്ത! കർത്തവ്യ,മെന്നാൽ
ബ്രഹ്മാവിന്നെന്തിച്ഛയെന്നാരറിഞ്ഞു?       74

എല്ലാം നേരേ പോയിടേണം; നടുക്കി
നല്ലാർ ചാടിക്കാര്യമല്പം കുഴച്ചു’
ഉല്ലാസം‌വിട്ടക്കഴയ്ക്കൂട്ടമേവം
ചൊല്ലാൻ‌മൂലം കണ്ടതില്ലന്യരാരും.       75

ചൊന്നാർ ഭീവിട്ടപ്പുമാന്മാർ സരോഷം;
‘നന്നായ് കാര്യം! മന്നവൻ ചാവതെന്നോ
അന്നാൾപ്പുത്രന്മാരൊടും റാണിയിബ്ഭൂ-
തൻ‌നാഥത്വം സ്വീകരിക്കട്ടെയെന്നോ?       76

ചൊല്ലാമെന്നാലെന്തിനമ്മന്നനെത്താൻ
കൊല്ലാനോർത്തീടുന്നു? ചുമ്മാതിരിക്കാം;
വല്ലായ്മയ്ക്കാം മദ്ധ്യവർത്തിത്വമെന്ന-
ങ്ങുല്ലാസം‌പൂണ്ടോതിയല്ലോ; മറന്നോ?       77

സ്ത്രീഹത്യയ്ക്കും ഭ്രൂണഹത്യയ്ക്കുമേതും
മോഹം‌വേണ്ടാ; രാജ്യവും വേണ്ട; പോട്ടേ;
ഗേഹംതോറും തെണ്ടിടാം ഭിക്ഷുവെപ്പോൽ;
ദേഹം‌പോയാൽ മോക്ഷവും കൈക്കലാവും       78

ധർമ്മം ഭർമ്മം രണ്ടുമൊന്നിച്ചു നേടാൻ
കർമ്മം നൂനം മന്നിലെല്ലാർക്കുമില്ല;
ശർമ്മത്തിങ്കൽ കാംക്ഷയില്ലായകകൊണ്ടോ
നർമ്മത്തിന്നോ ഞങ്ങളോടേവമോതി?.       79

പോരും പോരും! ഭീരുവിൽക്കുടിയേറ്റം
ഭീരുത്വം പൂണ്ടങ്ങുരച്ചോരു വാക്യം
ആരും കേൾപ്പാനില്ല; സായൂജ്യമിച്‌ഛി-
ച്ചൂരും പേരും ഞങ്ങൾ മാറ്റുന്നുമില്ല.       80

[ 46 ]


ശ്രീരാമന്നും ജാഹ്നവിക്കും കളങ്കം
ചേരാൻതക്കോരോമനക്കീർത്തിയോടും
സ്വാരാജ്യത്തിന്നേകനായ്പ്പോക;ഞങ്ങൾ-
ക്കീരാജ്യംതാൻ വേണ്ടതന്യേച്ഛയില്ല       81

കൈയും കെട്ടിദ്ധർമ്മവും പാർത്തിരുന്നാൽ
പയ്യും തുട്ടും നീക്കുവാനാവതല്ല;
ഈയുള്ളോരേദ്ധേനുവും കണ്ട വൃക്ഷ-
ത്തയ്യും പോറ്റി, ല്ലൂഴി വിണ്ണാകയില്ല       82

ഭ്രൂണത്രാണം ഹന്ത! നമ്മൾക്കകാല-
പ്രാണത്യാഗത്തിന്നു ഭൈഷജ്യരത്നം
ആണത്തം വിട്ടുള്ള വാക്യം ശ്രവിപ്പാൻ
തൂണല്ലല്ലോ ഞങ്ങ,ളെന്തോന്നു ചെയ്‌വൂ?"       83

എന്നും മറ്റും ദുഷ്ടർ ചൊല്ലുന്നതെക്കേ-
ട്ടന്നുദ്വേഗാലക്കഴയ്ക്കൂട്ടമോതി:
'എന്നും നിങ്ങൾക്കിഷ്ടമെന്തായതെന്യേ
മന്നും വിണ്ണും നോക്കിയല്ലെന്റെ കൃത്യം       84

ബാലന്മാരെക്കൊല്ലുകിൽത്തൽക്ഷണം മ-
റ്റാലംബം വിട്ടാർത്തയാം റാണി കായം
കാലന്നേകും; വേനലിൽക്കൊമ്പു പട്ടാൽ
മൂലം താനേ ശുഷ്കമാം തർക്കമില്ല       85

ആരാൽച്ചെന്നബ്ബാലരെക്കൊന്നിടുന്നോ-
നാരാണെന്നേ ശങ്ക ഹൃത്തിങ്കലുള്ളൂ
ധീരാഗ്ര്യന്മാരെന്നിയേ പിന്നെയാരും
പോരാ; പോയാൽ ദുർഘടം; കയ്യറയ്ക്കും       86

മറ്റുള്ളോരെക്കൊണ്ടു ചെയ്യിച്ചുവെന്നാൽ
തെറ്റും; കാര്യം തീർന്നതായ് നമ്മൊടോതി
മുറ്റും ഗൂഢം ബാലരെപ്പോറ്റിയെന്നാൽ
ചുറ്റും നാമീ വേലയൊക്കെക്കഴിച്ചും       87

ഇവണ്ണമപ്പുരുഷനോതവേ കട-
ന്നവർണ്യമാം ഹുങ്കൊടു രാമനാമഠം
ജവത്തിലപ്പൂതന കംസനോടുപോൽ
ലവം ഭയം ഹ്രീയിവ വിട്ടു ചൊല്ലിനാൻ       88

ശിശുവോ, വധുവോ, ജരാർത്തനോ, നൽ-
പ്പശുവോ, ഭൂസുരനോ, പിഴയ്ക്കിലാർക്കും
അശുഭത്തെ വരുത്തിടുന്നതെങ്കിൽ
പിശുനത്വം മമ വാളിനില്ല തെല്ലും       89

പുല്ലുമന്നിലുയി,രില്ല ഭയം, ഞാൻ
കൊല്ലുവൻ നൃവരബാലരെയെല്ലാം.

[ 47 ]

കല്ലുമെൻ കരളുമൊക്കുമീവണ്ണം
ചൊല്ലുമാമൊഴി വികത്ഥനമാമോ?.       90
  
നാവെട്ടുനീളത്തിൽ വെളിക്കുനീട്ടി
വാവെട്ടു വെട്ടാൻ പലകൂട്ടരുണ്ടാം;
ഈ വിഷ്ടപത്തിൽ ക്രിയയൊന്നു ചെയ്വാൻ
ഭീവിട്ടുറപ്പോനയുതത്തിലേകൻ’.       91
  
അതിപാപിയവൻ കടന്നിതോതു-
ന്നതിൽവച്ചന്യരമന്ദമോദമേന്തി,
മതിയസ്സൽ സബാസ് ബലേ ബലേ ഭേ-
ഷിതി കൈകൊട്ടിയുരച്ചു കൂകിയാർത്തു.       92

 മുഷ്ക്കാളുമപ്പുരുഷർ ഗോഷ്ഠിയു,മന്ധകാരം
തൽക്കാലമുഴിയു,മൊരേ നിമിഷത്തിൽ വിട്ടു;
രുക്കാർന്നു പൂർവദിശ സൂര്യസമാഗമത്താ-
ലക്കാമിനീമണി ന്യപാത്മജയെന്നപോലെ.       93
  
പോരുള്ളൊരപ്പൂരുഷർ കേരളരാജ്യലക്ഷ്മി-
ചാരുസ്വയംവരസുഖത്തെ ലഭിച്ചുകൊൾവാൻ
ആരും മടിക്കുമൊരു വേലതുടങ്ങി; നാട്ടി-
ന്നാരുണ്ടു താങ്ങ, ലറിയാമഖിലേശനെല്ലാം.       94

നാലാം സർഗ്ഗം സമാപ്തം


"https://ml.wikisource.org/w/index.php?title=ഉമാകേരളം/നാലാം_സർഗ്ഗം&oldid=71378" എന്ന താളിൽനിന്ന് ശേഖരിച്ചത്