'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?/വിദ്യാഭ്യാസമുളള സ്ത്രീ സ്വതന്ത്രയോ?

'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?
രചന:ജെ. ദേവിക
വിദ്യാഭ്യാസമുളള സ്ത്രീ സ്വതന്ത്രയോ?
[ 153 ]


വിദ്യാഭ്യാസമുള്ള സ്ത്രീ സ്വതന്ത്രയോ?


വീടിനു പുറത്തുപോയി പഠിച്ച് ഉന്നതബിരുദങ്ങൾ നേടുന്ന മലയാളിസ്ത്രീ എന്തുകൊണ്ട് പലപ്പോഴും വെറും ഇരയായി മാറുന്നു? ഗാർഹികാതിക്രമത്തിനുമുമ്പിൽ അവൾ നിശബ്ദയായിപ്പോകുന്നതെന്തു കൊണ്ട്? വീടിനു പുറത്തുവച്ചുണ്ടാകുന്ന തിക്താനുഭവങ്ങളെക്കുറിച്ച് പരസ്യമായി പരാതിപ്പെടാൻ ധൈര്യംകാണിക്കാത്തതെന്തുകൊണ്ട്? പുരുഷന്മാർ കയ്യടക്കിവച്ചിരിക്കുന്ന പൊതു ഇടങ്ങളിലേക്ക് ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ കടന്നുചെന്ന് 'ഞാനും നിങ്ങളെപ്പോലെ പഠിച്ചവളാണ്, എനിക്കിവിടെ തുല്യമായ ഇടമുണ്ട്'എന്നു പ്രഖ്യാപിക്കാൻ അവൾക്ക് കഴിയാത്തതെന്തുകൊണ്ട്? പുരുഷന്മാർ ക്ഷണിച്ചാലും ക്ഷണിച്ചില്ലെങ്കിലും പൊതുവേദികളിൽ കടന്നുചെന്ന് തങ്ങളുടെകാര്യം പറയാനുളള തന്റേടം കേരളത്തിൽ ഇംഗ്ലീഷ്‌വിദ്യാഭ്യാസം നേടിയ ആദ്യതലമുറയിൽപ്പെട്ട സ്ത്രീകൾക്കുണ്ടായിരുന്നു. പിന്നത്തെ തലമുറകൾക്കെന്തുപറ്റി? ഇതൊക്കെയാണ് ഈ അദ്ധ്യായത്തിൽ പരിശോധിക്കുന്നത്.


സ്ത്രീവിദ്യാഭ്യാസത്തെ സ്ത്രീപക്ഷത്തുനിന്നു പരിശോധിക്കുമ്പോൾ

കേരളത്തിലെ ഉയർന്ന സ്ത്രീസാക്ഷരത, സ്ത്രീവിദ്യാഭ്യാസം എന്നിവയെപ്പറ്റി മലയാളികൾക്ക് പൊതുവെ വലിയ അഭിമാനമാണ്. കേരളം സാമ്പത്തികമായ പിന്നോക്കാവസ്ഥയിലായിരുന്ന കാലത്താണ് ഈ നേട്ടങ്ങൾ കൈവരിച്ചതെന്ന [ 154 ] വസ്തുത അനവധി ഗവേഷണപഠനങ്ങൾക്കു വഴിതെളിച്ചു. ഇന്ന് സ്കൂൾ-കോളേജ് വിദ്യാർത്ഥികളിൽ വലിയ ഭാഗവും പെൺകുട്ടികളാണ്. പത്താംതരത്തിലെത്തുന്നതും അധികവും പെൺകുട്ടികൾതന്നെ. സാങ്കേതികവിദ്യാഭ്യാസത്തിലും അവർ മുന്നേറിക്കൊണ്ടിരിക്കുന്നു. പുറംനാടുകളിൽ കേരളത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഇവിടത്തെ സ്ത്രീകളുടെ വിദ്യാഭ്യാസനേട്ടം ഇന്നും വളരെ പ്രശംസിക്കപ്പെടാറുണ്ട്. - ഇന്നു കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ, സാമൂഹ്യവികാസം എന്നിവയിൽ സ്ത്രീകളുടെ പങ്ക് എന്തുതന്നെയായാലും ശരി, കേരളം അടുത്തകാലത്തു സമ്പാദിച്ച കീർത്തിയുടെ നല്ലപങ്ക് സ്ത്രീകളുടെ സംഭാവനയാണെന്ന് നിസ്സംശയം പറയാം.

പത്തൊൻപതാം നൂറ്റാണ്ടിൽ മിഷണറിമാരുടെ പള്ളിക്കൂടങ്ങളിലാരംഭിച്ച് സർക്കാർപള്ളിക്കൂടങ്ങളുടെ വ്യാപനത്തിലൂടെയും സമുദായങ്ങൾ പടുത്തുയർത്തിയ വിദ്യാലയങ്ങളിലൂടെയും നാം ഈ നേട്ടത്തിൽ എത്തിച്ചേർന്നതിന്റെ ചിത്രം ഗവേഷകരുടെ പഠനങ്ങളിൽനിന്ന് ലഭിക്കുന്നുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ മദ്ധ്യകാലമായപ്പോഴേക്ക് സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരിൽ വലിയൊരു ശതമാനത്തിന് അക്ഷരവിദ്യാഭ്യാസമെങ്കിലും നേടാനുളള സാഹചര്യം ഇവിടെയുണ്ടായി.

എങ്കിലും പിന്തിരിഞ്ഞുനോക്കുമ്പോൾ - പ്രത്യേകിച്ച് സ്ത്രീപക്ഷത്തുനിന്നു നോക്കുമ്പോൾ - പല ചോദ്യങ്ങളും ഉയർന്നുവരുന്നു. സ്ത്രീകളുടെ കാര്യമെടുത്താൽ 'വിദ്യയുണ്ട്, തൊഴിലില്ല' എന്ന നിലയാണ്. സ്ത്രീകളായ തൊഴിലന്വേഷകരധികമുണ്ട് കേരളത്തിൽ; സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം കുറവുമാണ്. കുടുംബത്തിനുള്ളിലും ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ നില വളരെ മെച്ചമാണെന്ന് തീർത്തുപറയാൻ വയ്യ. ഇത്രയും വിദ്യാഭ്യാസം നേടിയിട്ടും കേരളത്തിലെ സ്ത്രീകൾ കൂടുതൽ ഗാർഹികാതിക്രമം സഹിക്കുന്നുവെന്നും പൊതുവെ സ്ത്രീകൾക്കെതിരെയുളള അതിക്രമം ഇവിടെ കൂടുതലാണെന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. മാത്രമല്ല, ഭർത്താവിൽനിന്നുളള മർദ്ദനത്തെ ഇവിടത്തെ നല്ലൊരുവിഭാഗം അഭ്യസ്തവിദ്യരായ സ്ത്രീകൾ ന്യായീകരിക്കുന്നുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു! സ്ത്രീകളുടെ ആത്മഹത്യാശ്രമനിരക്കും അധികമാണ്.

വിദ്യാസമ്പന്നകളായ മലയാളിവനിതകൾ
2001ൽ കേരളത്തിൽ 87.86 ശതമാനം വനിതകൾ സാക്ഷരരായിരുന്നു, 1950ൽ ഈ കണക്ക് വെറും 36.47 ശതമാനമായിരുന്നു എന്നോർക്കണം. ഇന്ത്യൻ ശരാശരിയെക്കാൾ (53.67%) എത്രയോ മുന്നിലാണിത്. അതുപോലെ, 2003-04ൽ കേരളത്തിലാകെയുള്ള 48.94 ലക്ഷം സ്ക്കൂൾവിദ്യാർത്ഥികളിൽ 49.1 ശതമാനം പെൺകുട്ടികളായിരുന്നു. പത്താംതരംവരെ എത്തുന്നതധികവും പെൺകുട്ടികൾതന്നെ. 2002-03ലെ കണക്കുപ്രകാരം ആൺകുട്ടികളിൽ 18.93 ശതമാനം കൊഴിഞ്ഞുപോയി. പെൺകുട്ടികളിൽ കേവലം 9.82 ശതമാനമേ കൊഴിഞ്ഞുള്ളൂ. കോളേജുകളിലെ ബിരുദപഠനത്തിൽ മൂന്നിൽ രണ്ടുപേർ പെൺകുട്ടികളാണ് - ബിരുദാനന്തരതലത്തിൽ മുക്കാലും. സാങ്കേതികപഠനത്തിൽ ആൺകുട്ടികളാണു മുന്നിലെങ്കിലും എഞ്ചിനിയറിങ്ങ് വിദ്യാഭ്യാസത്തിലുംമറ്റും പെൺകുട്ടികൾ മുന്നേറുന്നുണ്ട് - 2002-'03ലെ കണക്കുപ്രകാരം എഞ്ചിനിയറിങ്ങിനു ചേർന്നവരിൽ 33.96% പെൺകുട്ടികളായിരുന്നു. എങ്കിലും പൊതുവെ വിവാഹക്കമ്പോളത്തിൽ വിലയിടിവുണ്ടാക്കാത്ത വിദ്യാഭ്യാസത്തിലേക്കാണ് പെൺകുട്ടികൾ ഒഴുകിയെത്താറ്.



പുതിയ സാദ്ധ്യതകൾ, പുതിയ തടസങ്ങൾ

പത്തൊൻപതാംനൂറ്റാണ്ടിൽ മതപ്രചരണത്തിനായി ഇവിടെയെത്തിയ മിഷണറിമാർക്കു മുമ്പുതന്നെ പെൺകുട്ടികളെ ചെറിയതോതിൽ വിദ്യാഭ്യാസംചെയ്യിക്കുന്ന രീതി ഈ നാട്ടിലുണ്ടായിരുന്നു. ഓരോസ്ഥലത്തും നിലത്തെഴുത്തുപള്ളികളുണ്ടായിരുന്നു. അവിടെ ചെറിയ ആൺകുട്ടികളും പെൺകുട്ടികളും എഴുത്തും വായനയും അത്യാവശ്യം കണക്കും പഠിച്ചുവന്നു. സ്ഥിതിയുളള വീട്ടുകാർ ആശാന്മാരെ വീട്ടിൽവരുത്തി അവിടത്തെ കുട്ടികളെ മുഴുവൻ അടിസ്ഥാനപാഠങ്ങൾ അഭ്യസിപ്പിച്ചു. ഉന്നതജാതിയിൽപ്പെട്ട പല സ്ത്രീകളും മുഴുവൻ അടിസ്ഥാനപാഠങ്ങളും അഭ്യസിച്ചിരുന്നു. ഇതിനെക്കുറിച്ചു പറയുമ്പോൾ തെക്കൻതിരുവിതാംകൂറിൽ പ്രചാരത്തിലുളള ഒരു കഥയാണ് ഓർമ്മവരുന്നത്. സ്വാമി വിവേകാനന്ദന്റെ കേരളസന്ദർശനത്തെക്കുറിച്ചും കേരളം 'ഭ്രാന്താലയ'മാണെന്ന് അദ്ദേഹം പറഞ്ഞതിനെക്കുറിച്ചും മിക്കവരും കേട്ടിരിക്കും. ഇതുമൊരു വിവേകാനന്ദസന്ദർശനകഥയാണ്, അധികമാരും കേട്ടിട്ടില്ലെന്നുമാത്രം. നാഗർകോവിലിൽ വണ്ടിയിറങ്ങിയ സ്വാമി കന്യാകുമാരിയിലേക്ക് പോകുന്നവഴി വിശപ്പുംദാഹവുംകൊണ്ട് വലഞ്ഞു. സമീപത്തുളള വീടുകളിൽപ്പോയി ഭക്ഷണം ചോദിക്കാമെന്നുകരുതി പലരോടും [ 155 ] തിരക്കി. ഭാഷ പരിചയമില്ലാതിരുന്നതുകൊണ്ട് അദ്ദേഹത്തിന് പലയിടത്തും അലയേണ്ടിവന്നു. ഒടുവിൽ ഒരു പഴയ തറവാടിന്റെ മുറ്റത്ത് കയറിച്ചെന്നു. അവിടെ ആരേയും കണ്ടില്ല. വയസ്സായ ഒരു അമ്മൂമ്മമാത്രം പുറത്തളത്തിൽ എന്തോ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ഇത്രയും വലിയ തറവാട്ടിൽ സംസ്കൃതം പഠിച്ച പുരുഷന്മാർ കാണുമെന്നും അവരോട് സംസാരിക്കാൻ കഴിയുമെന്നുമായിരുന്നു വിവേകാനന്ദന്റെ പ്രതീക്ഷ. രണ്ടുമൂന്നുതവണ ആംഗ്യഭാഷയിൽ ഇക്കാര്യം അദ്ദേഹം അമ്മൂമ്മയോട് ചോദിച്ചുവെങ്കിലും ഫലമില്ലെന്നു തോന്നി. ഒടുവിൽ നിരാശനായി മടങ്ങാനൊരുങ്ങി. അപ്പോൾ ആ അമ്മൂമ്മ പിറകിൽനിന്ന് വിളിക്കുന്നു, 'ഹേ, യുവസന്യാസി, നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നുവല്ലോ? മകനേ, നിനക്ക് ഭക്ഷണം വേണ്ടയോ?' അതും ശുദ്ധസംസ്കൃതത്തിൽ!

ഹെസ്റ്റർ സ്മിത്ത്, 1976


കഥമാത്രമാണെങ്കിലും നടക്കാൻ സാദ്ധ്യതയുണ്ടായിരുന്ന കഥയാണ്. സംസ്കൃതഭാഷയിൽ ആഴത്തിൽ അറിവുണ്ടായിരുന്ന സ്ത്രീകളെക്കുറിച്ച് പല കഥകളും നമ്മുടെ ചരിത്രത്തിലുണ്ട്. കടുത്ത നിയന്ത്രണങ്ങൾക്കുള്ളിൽ കഴിഞ്ഞിരുന്ന നമ്പൂതിരിസ്ത്രീകൾ പലപ്പോഴും അടിസ്ഥാനവിദ്യാഭ്യാസം നേടിയിരുന്നു. 1930ലെ സെൻസസ് കണക്കുപ്രകാരം തിരുവിതാംകൂറിലെ നമ്പൂതിരി-പോറ്റി സ്ത്രീകളിൽ 43.2 ശതമാനം പേർ സാക്ഷരരായിരുന്നു. തിരുവിതാംകൂറിലെ മറ്റു സമുദായങ്ങളിലെ സ്ത്രീകൾ ഇവർക്ക് പിന്നിലായിരുന്നു. നായർസ്ത്രീകളിൽ 29.1 ശതമാനവും ക്രിസ്ത്യാനിസ്ത്രീകളിൽ 34.8 ശതമാനവും സാക്ഷരരായിരുന്നു. അതുപോലെ കേരളത്തിലെ മുസ്ലീങ്ങൾ അറബി- മലയാളം ഉപയോഗിച്ചിരുന്ന പത്തൊൻപതാംനൂറ്റാണ്ടിൽ കുട്ടികളെ അതിന്റെ അടിസ്ഥാനപാഠങ്ങൾ അഭ്യസിപ്പിച്ചിരുന്നത് സ്ത്രീകളായിരുന്നുവെന്ന് ഗവേഷകയായ ബി.എസ്സ്. ഷെറിൻ ചൂണ്ടിക്കാണിക്കുന്നു. 'ലബച്ചികൾ' എന്നായിരുന്നു ഇവർക്ക് പേര്.

പക്ഷേ, സംസ്കൃതഭാഷയിലൂന്നിയ വിദ്യാഭ്യാസം സ്ത്രീകൾക്ക് പ്രത്യേകിച്ചൊരു ഗുണവും ചെയ്യുന്നില്ലെന്ന ആരോപണം പത്തൊൻപതാംനൂറ്റാണ്ടിൽ കേട്ടുതുടങ്ങിയിരുന്നു. ഇതേകാലത്താണ് സ്ത്രീത്വത്തെക്കുറിച്ചുള്ളപുതിയ ആദർശങ്ങളും എല്ലായിടത്തും പരക്കാൻതുടങ്ങിയത്. ഇവയെക്കുറിച്ച് മുമ്പൊരദ്ധ്യായത്തിൽ പറഞ്ഞല്ലോ. ചുരുക്കിപ്പറഞ്ഞാൽ, സ്ത്രീയുടെ ശരിയായ കർമ്മഭൂമി കുടുംബമാണെന്ന ആശയം അക്കാലത്തെ സ്ത്രീവിദ്യാഭ്യാസചർച്ചകളേയും ബാധിച്ചു. കാവ്യനാടകാദികൾ പഠിച്ചതുകൊണ്ടുള്ള പാണ്ഡിത്യം വീട്ടുത്തരവാദിത്വങ്ങളെ നേരാംവണ്ണം നിർവ്വഹിക്കാനുള്ള കഴിവ് സ്ത്രീക്കുണ്ടാക്കിക്കൊടുക്കുന്നില്ലന്നായിരുന്നു ഒരു വിമർശനം. രണ്ടാമതായി, ശൃംഗാരപ്രധാനമായ കാവ്യങ്ങളുംമറ്റും പഠിക്കുന്നതുകൊണ്ട് പെണ്ണുങ്ങൾ 'ചീത്ത'യാകുമെന്ന [ 156 ] ആശങ്കയും ധാരാളംപേർ പ്രകടിപ്പിച്ചു. കുടുംബജോലികൾതന്നെ ഏറ്റവും നല്ല ക്രമത്തിൽ ചെയ്യണമെന്ന ആവശ്യം സ്കൂൾപഠിപ്പുകൊണ്ട് സാധിക്കില്ലെന്നതിനാൽ പെൺകുട്ടികൾക്ക് ഈവക കഴിവുകൾ ഉണ്ടാക്കിക്കൊടുക്കുന്ന പ്രത്യേക 'സ്ത്രീവിദ്യാഭ്യാസം' വേണമെന്ന വാദം സാധാരണ കേട്ടിരുന്നു. സർക്കാരും സമുദായപ്രമാണികളും ഈ സ്ത്രീവിദ്യാഭ്യാസം പരീക്ഷിച്ചുനോക്കുകയും ചെയ്തു. 1914-ൽ തിരുവിതാംകൂർ സർക്കാർപള്ളിക്കൂടങ്ങൾക്ക് വേണ്ടി രചിക്കപ്പെട്ട സ്ത്രീവിദ്യാഗൃഹപാഠാവലി എന്ന പുസ്തകം നമുക്കൊന്നു പരിശോധിച്ചുനോക്കാം. എൻ.ശിവരാമപിള്ള, ചെങ്കോട്ട ഡി.രാമയ്യർ എന്നീ രണ്ടു പുരുഷന്മാരാണ് ഈ പുസ്തകത്തിന്റെ രചന നിർവഹിച്ചത്. പുരുഷന്റെ വരുതിക്ക് സ്ത്രീയെ നിർത്താനുള്ള എളുപ്പമാർഗ്ഗം എന്തെന്നുള്ള പ്രശ്നമാണ് പുസ്തകത്തിലെ ആമുഖത്തിലെ മുഖ്യചർച്ചാവിഷയം. സ്ത്രീകൾ പഠിച്ചാൽ ഉദ്യോഗംതേടുമെന്നോ പുരുഷന്റെ വരുതി നിഷേധിച്ചു വിദ്യാഗർവുകൊണ്ട് 'ദുർമാർഗികളായി ഭവിക്കു'മെന്നോ പലരും ഭയക്കുന്നുണ്ടെന്ന് ആദ്യംതന്നെ ലേഖകർ തിരിച്ചറിയുന്നു. എന്നാൽ 'യഥാർത്ഥസ്ത്രീവിദ്യാഭ്യാസം' ഇങ്ങനെ സ്വാതന്ത്ര്യബോധമുള്ള 'ഗർവ്വുകാരികളെ' ഉണ്ടാക്കില്ലെന്നും മറിച്ച്, അവർ കൂടുതൽ അടക്കവും വിനയവും അനുസരണയും വീട്ടുത്തരവാദിത്വങ്ങൾ വഹിക്കാനുള്ള പ്രാപ്തിയും ഉള്ളവരായി ഭവിക്കുമെന്നുമാണ് ലേഖകരുടെ വാദം:

ക്ഷേത്രങ്ങളിൽമാത്രം ദൈവമുണ്ടെന്നും അവിടെയുള്ള വിഗ്രഹങ്ങളെക്കൂടാതെ വേറെ ദൈവമില്ലെന്നുമോർക്കുന്ന പാമരസ്ത്രീകൾ മേൽപ്രകാരം വിഗ്രഹങ്ങളില്ലാത്ത ഭവനങ്ങളിൽ പാപകൃത്യങ്ങൾചെയ്യുന്നതിന് ഭയപ്പെടുന്നതാണോ? സ്ത്രീകൾ പഠിച്ചാലവർക്ക് സകല വിവേകവും ഉണ്ടാകുന്നതാകയാൽ അവർ പുരുഷന്മാർക്ക് മന്ത്രികളെപ്പോലെ സമയങ്ങളിൽ ബുദ്ധിപറയുന്നതാണ്, കാര്യസ്ഥന്മാരെപ്പോലെ ഗൃഹകൃത്യങ്ങളെല്ലാം നടത്തിയും നടത്തിച്ചുംകൊള്ളും, കണക്കുകളെല്ലാം എഴുതിക്കൊള്ളും. മാതാവിനെപ്പോലെ പുരുഷന്മാരെ സംരക്ഷണംചെയ്യും.

തന്നെയുമല്ല; ഏറ്റവും പ്രധാനപ്പെട്ട കാര്യം പിന്നാലെ വരുന്നു:

സ്ത്രീകൾ വിദ്യാഭ്യാസം ചെയ്തിരുന്നുവെങ്കിൽ വിദ്യതന്നെ പാതിവ്രത്യത്തിന് കാവലായിരുന്ന് പാതിവ്രത്യത്തിന് ഭംഗംവരാതെ സൂക്ഷിക്കുമെന്നുള്ളത് അസംശയമാകുന്നു.

പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനകാലത്തു പ്രത്യക്ഷപ്പെട്ട ആദ്യ മലയാളനോവലുകളിലെ നായികമാരിൽ പലരും ഇപ്പറഞ്ഞ പുതിയ വിദ്യാഭ്യാസംചെയ്ത ഉത്തമസ്ത്രീകളായാണ് ചിത്രീകരിക്കപ്പെട്ടത്. സംസ്കൃതവിദ്യാഭ്യാസം ദോഷകരമാണെന്നും പെണ്ണുങ്ങളിൽ ഗർവ്വുണ്ടാക്കുമെന്നുമറ്റും ആരോപിച്ചശേഷം, സ്ത്രീകളെ ഭർത്താവിന് വിധേയകളാക്കിത്തീർക്കുന്ന പുതിയ വിദ്യാഭ്യാസരീതിയുടെ ഗുണഗണങ്ങളെ പ്രകീർത്തിക്കുന്ന പ്രസംഗങ്ങൾ ഇവയിൽ പലതിലും ചേർത്തിട്ടുണ്ട്. ക്രമേണ സ്ത്രീവിദ്യാഭ്യാസം കേരളത്തിൽ വളർന്നുവന്ന സമുദായങ്ങളുടെ പ്രിയപ്പെട്ട വിഷയമായി തീർന്നു. സ്ത്രീകളെ ഉത്തമകുടുംബിനികളും പതിവ്രതകളുമാക്കിത്തീർക്കുന്ന വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കേണ്ട കടമ സമുദായങ്ങൾക്കുണ്ടെന്നു വാദിച്ച പലരും സമുദായത്തിന്റെ സൽപ്പേരും നന്മയും മുഴുവൻ സ്ത്രീകളുടെ (മാത്രം) ഉത്തരവാദിത്വമാണെന്നുപോലും വാദിക്കാൻ മുതിർന്നു. സ്ത്രീക്ക് പുരുഷനൊപ്പം എല്ലാകാര്യങ്ങളും ചെയ്യാൻ കഴിവുണ്ടെന്നോ സ്ത്രീക്കും പുരുഷന്റെയൊപ്പം കുടുംബപരവും സാമൂഹ്യവുമായ കടമകളുണ്ടെന്നോ മാത്രമല്ല ഇവിടെ പറഞ്ഞതെന്ന് ശ്രദ്ധിക്കേണ്ടതാണ്. മറിച്ച്, സ്ത്രീക്ക് കഴിവ് പുരുഷനൊപ്പമാണെങ്കിലും സമുദായത്തോടുള്ള ഉത്തരവാദിത്വം കൂടുതലാണെന്ന വാദമാണിത്. ലഘുവായി പറഞ്ഞാൽ, സമുദായനന്മയെന്ന ഭാരം കൂടുതൽ വഹിക്കേണ്ടത് സ്ത്രീയാണെന്നവകാശപ്പെടാൻ പലരും മടിച്ചില്ല. അതിലൊരാൾ അന്നത്തെ അറിയപ്പെടുന്ന നായർസമുദായപ്രവർത്തകയായിരുന്ന കെ. ചിന്നമ്മയായിരുന്നു. അവരുടെ വാക്കുകളിൽ :

ഒരു ഗൃഹത്തിലേയോ സമുദായത്തിലേയോ മാനത്തിനും അപമാനത്തിനും കാരണം സ്ത്രീകൾതന്നെയാണെന്നുള്ളത് പറയേണ്ടതില്ലല്ലോ. പുരുഷന്മാർ ദുഃസ്വഭാവികളും അറിവില്ലാത്തവരും ആയിത്തീർന്നാലുണ്ടാകുന്ന ഭവിഷ്യത്തുകൾ അത്ര അസഹ്യമാകയില്ല. നേരെമറിച്ച് സ്ത്രീയുടെ ദുഃസ്വഭാവവും അറിവില്ലായ്മയും നിമിത്തം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ 'ഗുരുതര'മാണ്.

('വിദ്യാഭ്യാസത്തിൽ സ്ത്രീകളുടെ സ്ഥാനം', ലക്ഷ്മീഭായി 8 (6) 1913)


കെ. ചിന്നമ്മ
ആറ്റിങ്ങൽ സ്വദേശിയായിരുന്ന കെ. ചിന്നമ്മ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ തിരുവിതാംകൂറിൽ സാമൂഹ്യസേവനരംഗത്ത് തനതായ മുദ്രപതിപ്പിച്ച സ്ത്രീയായിരുന്നു. കുറഞ്ഞ സാമ്പത്തികസ്ഥിതിമാത്രമുണ്ടായിരുന്ന കുടുംബത്തിൽപ്പിറന്ന അവർക്ക് വിദ്യാഭ്യാസം സമുദായത്തിൽ ഉയരാനുള്ള മാർഗ്ഗമായി. തിരുവനന്തപുരത്തെ സെനനാ മിഷൻ സ്ത്രീവിദ്യാലയത്തിൽനിന്ന് അടിസ്ഥാനപഠനം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം വനിതാകോളേജിൽനിന്ന് ബി.എയ്ക്കു താഴെയുള്ള എഫ്.എ. ബിരുദം സമ്പാദിച്ചു. പൊതുവിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് ഇൻസ്പെക്ട്രസ്സായി ജോലിക്കുചേർന്നു. വിവാഹിതകളായ ഉദ്യോഗസ്ഥകളുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ചു. 1911ൽ ചേർന്ന നായർസമുദായസമ്മേളനത്തിൽ സ്ത്രീകൾക്ക് സമുദായകാര്യങ്ങളിലും സമുദായപരിഷ്ക്കരണത്തിലും അർഹിക്കുന്ന പ്രാധാന്യം നൽകാത്തതിൽ വ്യസനംപ്രകടിപ്പിച്ചുകൊണ്ടു നടത്തിയ പ്രസംഗം വളരെ ശ്രദ്ധപിടിച്ചുപറ്റി. മന്നത്തുപത്മനാഭനടക്കമുള്ള നായർനേതാക്കളുടെ ആദരവും അംഗീകാരവും ചുരുങ്ങിയവേളയിൽ നേടാൻ അവർക്കു കഴിഞ്ഞു. നിരവധി വനിതാസമാജങ്ങൾ സ്ഥാപിച്ചു. 1918ൽ തിരുവനന്തപുരത്ത് ശ്രീമൂലം ഷഷ്ട്യബ്ദപൂർത്തിസ്മാരക ഹിന്ദുമഹിളാമന്ദിരം സ്ഥാപിച്ചു. സാധുപെൺകുട്ടികൾക്ക് വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകുന്ന സ്ഥാപനമെന്ന നിലയ്ക്ക് കഠിനാദ്ധ്വാനത്തിലൂടെ അതിനെ വളർത്തിയെടുത്തു. മഹിളാമന്ദിരം എന്ന പേരിൽ ഒരു സ്ത്രീപ്രസിദ്ധീകരണവും നടത്തിയിരുന്നു. 1930ൽ ചിന്നമ്മ അന്തരിച്ചുവെങ്കിലും അവർ തുടങ്ങിയ സ്ഥാപനം ഇന്നും നിലനിൽക്കുന്നു.


തന്നെയുമല്ല, അനുസരണകാട്ടാത്ത സ്ത്രീകളെ അടിച്ചുനന്നാക്കാനുള്ള അധികാരം ഭർത്താക്കന്മാർക്ക് വകവച്ചുകൊടുക്കുന്ന വാദങ്ങൾ ഈ ചർച്ചയിലുടനീളം കേൾക്കാനുമുണ്ടായിരുന്നു. അധികം ചോദ്യംചെയ്യപ്പെടാതെ അവ ഉന്നയിക്കപ്പെട്ടു. മുമ്പ് പരിശോധിച്ച സ്ത്രീവിദ്യാഗൃഹപാഠാവലിയിലെ പാഠപുസ്തകത്തിൽ ഭർത്താവിനുമുമ്പിൽ പാതിവ്രത്യസത്യം ചെയ്തിട്ട് സൂത്രത്തിൽ അയാളെ പറ്റിക്കുന്ന ഒരു കൗശലക്കാരിയുടെ കഥ [ 157 ] ലേഖകർ വിവരിക്കുന്നുണ്ട്. ഇങ്ങനെയുള്ള പെണ്ണുങ്ങളെ ഭർത്താക്കന്മാർ 'കോലുകൊണ്ട് പഠിപ്പിച്ചാലേ നന്നാവൂ' എന്ന് പറയുന്നതിൽ യാതൊരു തെറ്റും അക്കാലത്ത് അവർക്കു തോന്നിയില്ല. മറിച്ച്, ഇത്തരം പെരുമാറ്റം ഭർത്താക്കന്മാരിൽനിന്ന് ഉണ്ടായാൽ അവരെ കോലുകൊണ്ട് പഠിപ്പിക്കാനുള്ള അധികാരം ഭാര്യമാർക്കുള്ളതായി ഇവരും, ഇവരെപ്പോലുള്ള മറ്റുകൂട്ടരും ആരും പറഞ്ഞതേയില്ല. 'നല്ലപിള്ള'യായിക്കഴിയുക എന്ന ഭാരം എപ്പോഴും സ്ത്രീയുടെ തലയിലാണല്ലോ? ഇതിനെക്കുറിച്ചാണ് തിരുവിതാംകൂർസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിൽ ജോലിനോക്കിയ ആദ്യത്തെ വനിതകളിൽ ഒരാളായിരുന്ന കെ. ലക്ഷ്മി അമ്മ 'പുരുഷധർമ്മം' എന്ന തന്റെ ലേഖനത്തിൽ പറഞ്ഞത്:

ഭാര്യാധർമ്മം, സ്ത്രീധർമ്മം മുതലായ ധർമ്മങ്ങളെപ്പറ്റി അനേകം ലേഖനങ്ങൾ ഈയിടെ കാണുന്നുണ്ട്. എന്നാൽ, അതുപോലെതന്നെ ഭർത്തൃധർമ്മത്തെയോ പുരുഷധർമ്മെത്തയോപറ്റി യാതൊന്നും പ്രസിദ്ധപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. സ്ത്രീകൾക്ക് മാത്രമാണോ അവരുടെ മുറയെപ്പറ്റി ഓർമ്മയില്ലാതിരിക്കുന്നത്. അല്ലെങ്കിൽ പുരുഷന്മാർക്ക് യാതൊരു ചുമതലയും ഇല്ലെന്നുണ്ടോ?

...ഭർത്താവിനെ ശുശ്രൂഷിക്കുന്നത് ഭാര്യയുടെ ചുമതലയാണെങ്കിൽ അതുപോലെതന്നെ അവശ്യം ഭാര്യയെ ശുശ്രൂഷിക്കുന്നത് ഭർത്താവിന്റെയും ചുമതലയാണെന്നതിൽ സംശയമില്ല. അതുകൊണ്ട് സ്ത്രീധർമ്മത്തെ ഉപദേശിക്കുന്ന മഹാത്മാക്കൾ അവരവരുടെ കർത്തവ്യകർമ്മങ്ങളെ ശരിയായി നിർവഹിക്കുന്നതായാൽ ഇരുകക്ഷികൾക്കും ആക്ഷേപത്തിനും വഴിയുണ്ടാവില്ലെന്നുമാത്രമല്ല, വളരെ ഗുണമുണ്ടാകുന്നതുമാകുന്നു.

('പുരുഷധർമ്മം', ശാരദ 1 (8) 1906)
ഹെസ്റ്റർ സ്മിത്ത്, 1976

[ 159 ]

ലക്ഷ്മിയമ്മയെപ്പോലെയുള്ള 'തന്റേടക്കാരി'കൾ ഉണ്ടാകരുതെന്നായിരുന്നു 'സ്ത്രീവിദ്യാഭ്യാസ' ത്തിന്റെ ആരാധകരുടെ ലക്ഷ്യവും! എന്നാൽ വീട്ടമ്മയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസത്തിന് അനുകൂലമായ മുദ്രാവാക്യങ്ങൾക്കിടയിലും വ്യത്യസ്തമായ ചില നിർദ്ദേശങ്ങൾ കേട്ടിരുന്നു. അതിലൊന്ന് ഒ. ചന്തുമേനോൻ രചിച്ച ഇന്ദുലേഖ (1889) എന്ന നോവൽ ഉയർത്തിക്കാട്ടിയ വിദ്യാഭ്യാസാദർശമാണ്. ഇന്ദുലേഖയിലെ (അതേ പേരുള്ള) നായിക ഇംഗ്ളിഷും സംസ്കൃതവും നന്നായി പഠിച്ചവളാണ്. സംഗീതത്തെക്കുറിച്ച് നല്ല ജ്ഞാനവും ശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ച് അറിവുമുള്ളവളാണ്. പക്ഷേ പഠിത്തംകൊണ്ട് ഇന്ദുലേഖയ്ക്ക് അറിവുണ്ടായി എന്നതിനുപുറമേ മറ്റു പല ഗുണഗണങ്ങളും സിദ്ധിക്കുന്നുണ്ട്. തെറ്റും ശരിയും വ്യക്തമായി വേർതിരിച്ചറിയാനുള്ള കഴിവ്, നല്ല മനഃസാന്നിദ്ധ്യം, ആത്മനിയന്ത്രണം, ശരിയെന്ന് തിരിച്ചറിഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കാനുള്ള കഴിവ് - ഇതൊക്കെയാണ് അവളുടെ സവിശേഷഗുണങ്ങൾ. ധനികനെങ്കിലും തനിക്കൊട്ടും ചേരാത്ത ഒരു പുരുഷനെ വിവാഹം കഴിക്കാൻ താൻ അത്യധികം സ്നേഹിക്കുന്ന കുടുംബകാരണവർ നടത്തുന്ന ശ്രമങ്ങളെ ഇന്ദുലേഖയ്ക്ക് പ്രതിരോധിക്കാൻ കഴിഞ്ഞത് ഈവക സ്വഭാവഗുണങ്ങൾ അവൾക്കുണ്ടായതുകൊണ്ടാണെന്ന് ഈ നോവൽ നമ്മോട് പറയുന്നു. വീട്ടുജോലി സമർത്ഥമായി നിർവ്വഹിക്കാനുള്ള പഠിപ്പിനെക്കാൾ പ്രധാനം മനഃശക്തി വളർത്തുന്നതരം വിദ്യാഭ്യാസമാണെന്ന് നോവൽ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് സാരം. തനിക്ക് തെറ്റെന്നു ബോദ്ധ്യപ്പെട്ട ഒരു പ്രവൃത്തിയും തന്നെക്കൊണ്ട് ചെയ്യിക്കാൻ ആർക്കുംകഴിയില്ലെന്ന് ഇന്ദുലേഖ തെളിയിക്കുന്നു. സ്നേഹിക്കുന്ന പുരുഷനോട് അടുപ്പം കാണിക്കുമ്പോഴും തന്റെ വിമർശനബുദ്ധിയും വിവേകവും കൈവെടിയാൻ അവൾ തയ്യാറാകുന്നില്ല. ഇതൊക്കെയാണ് ഇന്ദുലേഖയ്ക്ക് വിദ്യാഭ്യാസംകൊണ്ടുണ്ടായ ഗുണം. തനിക്കു ചുറ്റുമുള്ള ലോകത്തെ വിമർശനദൃഷ്ട്യാ വീക്ഷിച്ച് തെറ്റുംശരിയും വേർതിരിച്ചുകണ്ട് ശരിയിൽ ഉറച്ചുനിൽക്കാനുള്ള തന്റേടം - ഇതേ തന്റേടമാണ് ഏതാണ്ടിതിനടുത്തകാലത്ത് കോളിൻസ് മദാമ്മ എഴുതിയ ഘാതകവധം (1877) എന്ന നോവലിലെ മറിയം എന്ന കഥാപാത്രവും പ്രകടിപ്പിക്കുന്നത്. ക്ഷിപ്രകോപിയായ അപ്പനെ അവൾ പേടിക്കുന്നില്ല. അവൾക്കിഷ്ടമില്ലാത്ത ഒരു വിവാഹാലോചന അദ്ദേഹം ഉറപ്പിച്ചതിനെ അവൾ നഖശിഖാന്തം എതിർക്കുന്നു. വിദ്യാഭ്യാസത്തിലൂടെ ശരിതെറ്റുകളെപ്പറ്റി അറിവുണ്ടായ തനിക്ക് ഒന്നിനേയും ഭയപ്പെടേണ്ട കാര്യമില്ലെന്ന ആത്മവിശ്വാസമാണ് മറിയം പ്രകടിപ്പിക്കുന്നത്.

ഈ വിദ്യാഭ്യാസാദർശത്തിന് വളരെ അനുകൂലികളുണ്ടായില്ല. എങ്കിലും 'തന്റേടക്കാരികൾ' പലരും ഉണ്ടായിക്കൊണ്ടേയിരുന്നു. ആധുനികവിദ്യാഭ്യാസം നേടിയ മലയാളിസ്ത്രീകളുടെ ആദ്യ തലമുറയിൽപ്പെട്ടവരും സ്ത്രീയുടെ അവകാശങ്ങൾക്കായി വാദിച്ചവരുമായ പലർക്കും 'തന്റേടക്കാരി' എന്ന വിശേഷണം ചേരും. ഇക്കൂട്ടരെ ആധുനികപുരുഷന്മാർ എത്രത്തോളം ഭയന്നിരുന്നുവെന്ന് അറിയണമെങ്കിൽ അക്കാലത്തെ ഹാസ്യരചനകൾ പരിശോധിച്ചുനോക്കിയാൽ മതി. 1950കളിൽ പ്രസിദ്ധ ഹാസ്യസാഹിത്യകാരനായിരുന്ന പി.കെ. രാജരാജവർമ്മയെഴുതിയ 'അവിവാഹിതയായ ബി.ഏക്കാരി' എന്ന ഹാസ്യലേഖനത്തിൽ ഒരു ചിത്രമുണ്ട് - സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി കിട്ടാവുന്ന എല്ലാ വേദികളിലും ഇടിച്ചുകയറിച്ചെന്ന് മനുസ്മൃതി കത്തിച്ചുചാമ്പലാക്കണമെന്ന് വാദിക്കുന്ന ചൂടത്തിയുടെ ചിത്രം. മലബാറിൽ സഞ്ജയനും തിരുവിതാംകൂറിൽ ഇ.വി. കൃഷ്ണപിള്ളയും (രണ്ടുപേരും മലയാളത്തിലെ അതിപ്രശസ്തരായ ഹാസ്യസാഹിത്യകാരന്മാർ) 'പ്രസംഗക്കാരികളെ' അത്യധികം ഭയപ്പെട്ടിരുന്നുവെന്നാണ് അവരുടെ എഴുത്തിൽനിന്നും കിട്ടുന്ന സൂചന. എന്നാൽ ഇവർ നിർമ്മിച്ച ഈ 'ഭയങ്കരി'യുടെ ചിത്രം കേവലം സങ്കൽപ്പസൃഷ്ടിയാണെന്നു പറയാനുംവയ്യ. അക്കാലത്തെ പല സ്ത്രീകളും ഇതും ഇതിനപ്പുറവും ചെയ്തവരായിരുന്നു. 1928ൽ യുവ അഭിഭാഷകയായിരുന്ന അന്നാചാണ്ടി 'സ്ത്രീകൾക്ക് സർക്കാർ ജോലിനൽകിയാൽ അത് സാമൂഹ്യവിപത്തിനിടവരുത്തു'മെന്ന് പ്രസ്താവിച്ചുകൊണ്ട് ലേഖനമെഴുതിയ അന്നത്തെ വലിയ പ്രമാണിയായിരുന്ന ടി.കെ. വേലുപ്പിള്ളയെ നേരിട്ടത് ഇങ്ങനെയൊരു ഇടിച്ചുകയറ്റത്തിലൂടെയാണ്. തിരുവനന്തപുരത്തെ വിദ്യാഭിവർദ്ധിനിസഭ ഒരു പൊതുയോഗം കൂടിയ വേളയിലാണ് ഇതുണ്ടായത്. അന്നത്തെ തിരുവിതാംകൂർ ഹൈക്കോടതി ജഡ്ജിയായിരുന്ന പി.കെ.നാരായണപിള്ളയായിരുന്നു അദ്ധ്യക്ഷൻ. 'സ്ത്രീകൾ തങ്ങൾക്ക് അർഹതയില്ലാത്ത സർക്കാരുദ്യോഗം തട്ടിയെടുക്കുന്നു' എന്ന വേലുപ്പിള്ളയുടെ ആരോപണത്തെ സ്ത്രീകൾക്കെതിരെ ഫയൽചെയ്ത അന്യായമായി 'ബഹുമാനപ്പെട്ട കോടതി' കണക്കാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇങ്ങനെ പ്രതിസ്ഥാനത്തായ [ 160 ] പെണ്ണുങ്ങൾക്കുവേണ്ടി വാദിക്കാനെത്തിയ വക്കീലാണ് താനെന്ന് സ്വയം പ്രഖ്യാപിച്ചു. തുടർന്ന് അവർ നടത്തിയ പ്രസംഗം കോടതിയിൽ നടക്കുന്ന ഒന്നാന്തരം വാദത്തോട് കിടപിടിക്കുന്നതായിരുന്നു. 'ഇടിച്ചുകയറി'യതുപോലെ ഇറങ്ങിപ്പോകാനും ഇവർ മിടുക്കികളായിരുന്നു. 1932ലെ സമസ്തകേരള സാഹിത്യപരിഷത് സമ്മേളനത്തിലെ പൊതുസമ്മേളനങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ബി. ഭാഗീരഥി അമ്മ ഇറങ്ങിപ്പോയി. ഇങ്ങനെ പല സംഭവങ്ങളും അക്കാലത്തു നടക്കുയുണ്ടായി. 1937ൽ മുസ്ലീംവനിത എന്ന പുരോഗമനപ്രസിദ്ധീകരണത്തിന്റെ പ്രസാധക എൻ. ഹലീമാബീവി തിരുവല്ലയിൽവച്ചുനടന്ന മുസ്ലീംവനിതാസമ്മേളനത്തിൽ വിദ്യാഭ്യാസത്തിന്റെ മഹത്വത്തെപ്പറ്റി ഇങ്ങനെ പ്രസ്താവിച്ചു:

അക്ഷരാഭ്യാസം നിഷിദ്ധമായും അപരാധമായും കരുതിയിരുന്ന നമ്മളിൽ പലരും ഇന്ന് അഭ്യസ്തവിദ്യകളായിത്തീർന്നിരിക്കുന്നു. സ്ത്രീകൾ വിദ്യാഭ്യാസം ചെയ്തിരുന്നുവെങ്കിൽ അവർ വഴിപിഴയ്ക്കുമെന്നുള്ള തെറ്റിദ്ധാരണ ഇന്ന് ഭൂരിഭാഗവും നശിച്ചിട്ടുണ്ടെന്നുള്ളത് ആശ്വാസകരമാണ്. ആശയങ്ങൾ വിപുലീകരിക്കുവാനും വിശദീകരിക്കുവാനും സ്വാഭിപ്രായം രേഖപ്പെടുത്തുവാനും പ്രഖ്യാപനംചെയ്യുവാനും വിദ്യാഭ്യാസമാണ് നമുക്ക് സഹായകമായിത്തീർന്നിട്ടുള്ളത്. അതിന്റെ മഹച്ഛക്തിയിൽ അന്തർലീനമായ വിശാലഹൃദയത്വംതന്നെയാണ് പുറത്തിറങ്ങാതിരുന്ന നമ്മൾ എല്ലാവരേയും ഭീതിയും ലജ്ജയുംവിട്ട് ഇന്നിവിടെ ഈ യോഗത്തിൽ സന്നിഹിതരാകുന്നതിന് ഇടയായിത്തീർന്നിട്ടുള്ളതെന്ന് ഞാൻ വിസ്മരിക്കുന്നില്ല.

('സ്വാഗതപ്രസംഗം',മുസ്ലീംവനിത 1(4) 1937 )


എന്തായാലും ഇരുപതാംനൂറ്റണ്ടിന്റെ ആരംഭം മുതൽ സ്ക്കൂളിൽ പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൊച്ചിയിലും തിരുവിതാംകൂറിലും ഉയർന്നുകൊണ്ടേയിരുന്നു. മലബാറിൽ ഈ പുരോഗതി കണ്ടില്ല - മലബാർ നേരിട്ടുള്ള ബ്രിട്ടീഷ്ഭരണത്തിൻകീഴിലായിരുന്നല്ലോ.


സ്ത്രീവിദ്യാഭ്യാസം — തെക്കും വടക്കും

ബ്രിട്ടീഷ് അധികാരത്തിൻകീഴിൽ ഞെരിഞ്ഞമർന്ന മലബാറിൽ സർക്കാരിന്റെ സാമൂഹ്യക്ഷേമപ്രവർത്തനങ്ങൾ കുറവായിരുന്നു. പരമ്പരാഗതമായ ഉച്ചനീചത്വങ്ങളെ ഊട്ടിയുറപ്പിച്ച വിദേശഭരണംമൂലം മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നീ പ്രദേശങ്ങളെ അപേക്ഷിച്ച് സാക്ഷരതയിലും സ്ത്രീസാക്ഷരതയിലും പിന്നിലായിരുന്നു. 1951ൽ മലബാറിൽ സ്ത്രീസാക്ഷരത 21 ശതമാനമായിരുന്നു. തിരുവിതാംകൂറിൽ ഈ സംഖ്യ 37 ശതമാനവും. പക്ഷേ മദ്രാസ്പ്രവിശ്യയെ മൊത്തത്തിലെടുത്താൽ അതിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് മലബാറിലെ സ്ത്രീസാക്ഷരത വളരെ മെച്ചമായിരുന്നുവെന്നു വേണം പറയാൻ - മറ്റു ഭാഗങ്ങളുടെ ഏകദേശം രണ്ടിരട്ടിയായിരുന്നു മലബാറിലെ സംഖ്യ. സ്വാതന്ത്ര്യത്തിനുശേഷവും ഐക്യകേരളസംസ്ഥാനരൂപീകരണത്തിനു ശേഷവും മലബാറിൽ സ്കൂൾവികസനം ത്വരിതപ്പെട്ടു. ഏതാനും ദശകങ്ങൾകൊണ്ട് വിദ്യാഭ്യാസകാര്യത്തിൽ തെക്കും വടക്കും തമ്മിലുള്ള അന്തരം നികന്നു.

തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഭരണാധികാരികൾക്ക് ബ്രിട്ടിഷധികാരികളുടെ മതിപ്പു സമ്പാദിക്കാൻ കിണഞ്ഞു പരിശ്രമിക്കേണ്ടിയിരുന്നു. വിദ്യാലയവികാസവും മറ്റും ഈ ആവശ്യത്തെ നിറവേറ്റാനും സഹായിച്ചു. മാത്രമല്ല, ഹിന്ദുരാജ്യമെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന തിരുവിതാംകൂറിൽ ഇക്കാലത്ത് ജാതിവിരുദ്ധസമരങ്ങൾ പെരുകിയതിന്റെ ഫലമായി ജാതിമാമൂലുകളുടെ സംരക്ഷകരായ ഭരണാധികാരികളുടെ ജനപ്രിയതയ്ക്ക് ഇടിവുണ്ടായിത്തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ രാജാധികാരത്തിന് പുതിയൊരടിത്തറ പണിയേണ്ട ആവശ്യവുമുണ്ടായിരുന്നു. വിദ്യാഭ്യാസം, ആധുനിക ചികിത്സാസൗകര്യം എന്നിവ വികസിപ്പിക്കുന്നതിലൂടെ ഭരണാധികാരത്തിന് പുതിയ അടിത്തറ പാകാൻ അധികാരികൾ ശ്രമിച്ചു. എന്നാൽ മലബാറിൽ ബ്രിട്ടിഷുകാർ ജനങ്ങൾ ആവശ്യപ്പെട്ടിട്ടും വിദ്യാഭ്യാസവികാസത്തിനുംമറ്റും മുതിർന്നില്ല. സ്വാതന്ത്ര്യത്തിനു ശേഷമാണ് ഇവിടെ വിദ്യാലയങ്ങൾ വ്യാപകമായത്.

ഉന്നതവിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ വിജയങ്ങൾ പലതും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇവിടെ നാം പരസ്യമായി ആഘോഷിക്കുകയുണ്ടായി. പ്രധാനപ്പെട്ട സമുദായങ്ങളെല്ലാംതന്നെ സമുദായാംഗങ്ങളായ സ്ത്രീകളുടെ വിദ്യാഭ്യാസനേട്ടങ്ങളെ അഭിനന്ദിച്ചു. പത്രങ്ങളിൽ അതു വാർത്തയായിരുന്നു. മലയാളിസ്ത്രീകളിൽ ആധുനികവൈദ്യബിരുദം ആദ്യമായി നേടിയ മേരി പുന്നൻ ലൂക്കോസ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ സുറിയാനിക്രിസ്ത്യാനി സമൂഹം അവരെ സ്വർണ്ണമെഡൽ നൽകി ആദരിച്ചു. 1917ൽ ഗൗരി ശങ്കുണ്ണി എന്ന ഈഴവയുവതിയുടെ ബി.എ. പരീക്ഷാവിജയത്തെത്തുടർന്ന് എസ്.എൻ.ഡി.പി യോഗം അവരെ ഇതുപോലെ ആദരിച്ചു. 1925ൽ യു. ദേവകിയമ്മയ്ക്ക് എം.എ.എൽ.റ്റി പരീക്ഷ ജയിച്ചതിനെത്തുടർന്ന് കണ്ണൂരിലെ തിയ്യപ്രമുഖരിൽനിന്ന് [ 161 ] സ്വർണ്ണമെഡൽ ലഭിച്ചു. എന്നാൽ സമുദായം കോരിച്ചൊരിഞ്ഞ ആ ആദരവിന് അത്ര നല്ലതല്ലാത്ത വശംകൂടിയുണ്ടായിരുന്നു. 'ഉത്തമ കുടുംബിനികൾ' ആണ് സമുദായത്തിന്റെ നെടുംതൂൺ എന്ന ആ ധാരണയാണ് മിക്ക സമുദായനേതാക്കളും പ്രചരിപ്പിച്ചത്. വിജയിനികൾ എപ്പോഴും 'നിയമത്തിന് അപവാദം' മാത്രമായിരുന്നു. ബിരുദധാരിണികളിൽ അധികമാരും സമുദായനേതൃത്വത്തിലേക്ക് ഉയർന്നുമില്ല. കേരളത്തിലെയും ഇന്ത്യയിലെയും ദളിത്‌സ്ത്രീകളിൽനിന്ന് കോളേജ് ബിരുദം നേടിയ ആദ്യ വനിതയായിരുന്ന ദാക്ഷായണി വേലായുധനായിരിക്കണം ഇതിനൊരപവാദം. 1945ൽ അവർ കൊച്ചി നിയമനിർമ്മാണകൗൺസിലിലേക്ക് നാമനിർദ്ദേശംചെയ്യപ്പെട്ടു. സമുദായത്തിന്റെ മൊത്തം താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിയായി അംഗീകരിക്കപ്പെടുകയും ചെയ്തു. > കാണുക പുറം 49, 50 <

1920കളിൽ സ്ത്രീപ്രതിനിധിയായി കൊച്ചിനിയമനിർമ്മാണകൗൺസിലിൽ അംഗമായിരുന്ന തോട്ടയ്ക്കാട്ടു മാധവിയമ്മ നായർസമുദായസംഘടനാപ്രവർത്തനത്തിലും മറ്റും വ്യാപൃതയായിരുന്നെങ്കിലും കഴിവുള്ള വനിതയെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും സമുദായനേതൃത്വത്തിലേക്കുയർന്നില്ല. 1947ലെ തിരുവിതാംകൂർ നായർമഹാസമ്മേളനത്തിൽ പ്രസംഗിച്ച മലബാറിൽനിന്നുള്ള നായർ നേതാവ് മച്ചിങ്ങൽ കൃഷ്ണമേനോൻ 'എല്ലാ അതിരുകളെയും ഭേദിച്ചു' എന്നുതന്നെ പറയണം! അദ്ദേഹത്തിന് കിട്ടിയ കണക്കനുസരിച്ച് നായർ വിദ്യാർത്ഥിനികളിൽ സ്കൂൾഫൈനൽ കഴിഞ്ഞവരിൽ 50 ശതമാനവും വിവാഹംകഴിച്ചുവെങ്കിൽ ഇന്റർമീഡിയറ്റ്തലം (ഇപ്പോഴാണെങ്കിൽ പ്ലസ് ടു) കഴിഞ്ഞവർ 40 ശതമാനംമാത്രമേ വിവാഹം കഴിച്ചുള്ളു. ബി.എക്കാരികളിൽ 20 ശതമാനംപേർ മാത്രമേ വിവാഹംകഴിച്ചുള്ളു. ഇതൊരു വലിയ വിപത്താണെന്നായിരുന്നു മേനോന്റെ അഭിപ്രായം. അദ്ദേഹം പറഞ്ഞു: "അവിവാഹിതകളായ സ്ത്രീകൾ സമുദായത്തിനൊരു ഭാരമാണ്. സദാചാരപരമായി നോക്കിയാലും ആ നില ആദരണീയമാകുന്നില്ല." (ദീപിക, 14 സെപ്തംബർ, 1949)

ദാക്ഷായണി വേലായുധൻ.

പല ബഹുമതികളും നേടിക്കൊണ്ടാണ് ദാക്ഷായണി വേലായുധൻ പൊതുരംഗത്തേക്കുയർന്നു വന്നത്. കൊച്ചിയിൽനിന്ന് ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ പട്ടികജാതി പെൺകുട്ടി, ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിണി എന്നിങ്ങനെ പലതും. 1913ൽ, കൊച്ചിയിലെ മുളവുകാട് ദ്വീപിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളേജിൽനിന്നും പിന്നീട് മദ്രാസിൽനിന്നുമാണ് അവർ ബിരുദങ്ങൾ നേടിയത്. കൊച്ചിവിദ്യാഭ്യാസവകുപ്പിൽ ജോലിനോക്കിയെങ്കിലും 'പുലയത്തിട്ടീച്ചർ' എന്ന പരിഹാസം സഹിക്കേണ്ടിവന്നത്രേ! അദ്ധ്യാപികയായി ജോലിനോക്കവെ ആർ. വേലായുധനെ വിവാഹംകഴിച്ചു. 1945ൽ അവർ കൊച്ചി നിയമസഭയിൽ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിൽ കോൺഗ്രസ് ടിക്കറ്റിൽനിന്നുകൊണ്ട് അംഗത്വം നേടി. എന്നാൽ 1950കളിൽ അവർ രാഷ്ട്രീയജീവിതത്തിൽനിന്ന് അൽപ്പമൊന്നു പിൻവാങ്ങി, എൽ.ഐ.സിയിൽ ഉദ്യോഗസ്ഥയായി. 1971ൽ രാഷ്ട്രീയത്തിലേക്കു മടങ്ങാൻ ശ്രമിച്ചു. ആ വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അവർ അടൂർ മണ്ഡലത്തിൽനിന്ന് ഭാർഗ്ഗവി തങ്കപ്പനെതിരെ മത്സരിച്ചു പരാജയപ്പെട്ടു. ചരിത്രകാരിയായ മീരാ വേലായുധൻ മകളാണ്.

(ചെറായി രാമദാസ്, അയ്യൻകാളിക്ക് ആദരത്തോടെ, എറണാകുളം, 2009, പുറം 103-107)


എങ്കിലും സമുദായങ്ങളിലെ പുരുഷന്മാരിൽ പുരോഗമനപക്ഷവും യാഥാസ്ഥിതികപക്ഷവും പലപ്പോഴുമുണ്ടാവുകയും അവ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. 1920കളുടെ അവസാന വർഷങ്ങളിൽ നമ്പൂതിരിസമുദായപ്രസ്ഥാനത്തിൽ [ 162 ] ഇത്തരമൊരു ഏറ്റുമുട്ടലിന് അരങ്ങൊരുങ്ങിക്കഴിഞ്ഞിരുന്നു - യോഗക്ഷേമസഭ എന്ന നമ്പൂതിരിസംഘടനയും നമ്പൂതിരിയുവജനസംഘം എന്ന പുരോഗമനവാദികളുടെ സംഘവും തമ്മിൽ. നമ്പൂതിരിമാരുടെ ഗൃഹജീവിതത്തിനിണങ്ങിയ വിദ്യാഭ്യാസം ഗൃഹത്തിൽവച്ച് പെൺകുട്ടികൾക്ക് നൽകിയാൽ മതിയെന്നു യാഥാസ്ഥിതികരും ലോകകാര്യങ്ങളിലേക്ക് മനസ്സിനെ തുറന്നിടുന്ന വിദ്യാഭ്യാസമാണ് അവർക്കുവേണ്ടതെന്ന് പുരോഗമനപക്ഷവും വാദിച്ചു. പെൺകുട്ടികൾ ഏതുവിധവും എഴുത്ത് പരിശീലിച്ച്, പത്രംവായിച്ച്, സ്വന്തം അഭിപ്രായം കുറിച്ചുവച്ച്, ഇടുങ്ങിയ ജീവിതത്തിനു പുറത്തേക്ക് ഇറങ്ങിവരണമെന്ന് പുരോഗമനപക്ഷക്കാരുടെ അനിഷേദ്ധ്യനേതാവായ വി.ടി. ഭട്ടതിരിപ്പാട് > കാണുക പുറം 216 < തന്റെ പ്രശസ്തമായ ഒരു കത്തിൽ ആഹ്വാനംചെയ്തു. പക്ഷേ, 1927-ൽ യോഗക്ഷേമസഭ നിയമിച്ച സ്ത്രീവിദ്യഭ്യാസ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ സ്ത്രീകൾക്ക് ആധുനികവിദ്യാഭ്യാസം വേണമെന്നും എന്നാലത് ഗൃഹജീവിതത്തിന് ഉതകുന്നതായിരിക്കണമെന്നുള്ള മദ്ധ്യമാർഗ്ഗനിർദ്ദേശമാണ് മുന്നോട്ടുവച്ചത്. ഇതിനെ പുരോഗമനപക്ഷത്തിന്റെ പ്രസിദ്ധീകരണമായ ഉണ്ണിനമ്പൂതിരി കാര്യമായി വിമർശിച്ചു.

ഹെസ്റ്റർ സ്മിത്ത്, 1976

ഈ തർക്കത്തിന് കൃത്യമായ പരിഹാരം കണ്ടില്ലെന്നതാണ് വാസ്തവം. പുരോഗമനപക്ഷക്കാർ ആഗ്രഹിച്ച വിമർശനപരമായ വിദ്യാഭ്യാസം നിലവിൽവന്നില്ല. തന്നെയുമല്ല 1930കൾ വലിയ സാമ്പത്തികകുഴപ്പത്തിന്റെ കാലമായിരുന്നു. > കാണുക പുറം 105 < സർക്കാർജോലിയുടെ സ്ഥിരതയിലായിരുന്നു എല്ലാവരുടേയും നോട്ടം. എന്തായാലും 'സ്ത്രീവിദ്യാഭ്യാസം' പരാജയപ്പെട്ടതായി സർക്കാർതന്നെ സമ്മതിച്ചു. 1933ൽ തിരുവിതാംകൂർ സർക്കാർ നിയമിച്ച വിദ്യാഭ്യാസപരിഷ്കരണകമ്മിറ്റിയുടെ റിപ്പോർട്ട് (1935) ഇത് എടുത്തുപറഞ്ഞു. ഗൃഹശാസ്ത്രം, രോഗീപരിചരണം, പ്രഥമശുശ്രൂഷ മുതലായ വിഷയങ്ങളിൽ വിദ്യാർത്ഥിനികളോ അവരുടെ മാതാപിതാക്കന്മാരോ താൽപര്യംകാട്ടുന്നില്ലെന്നും പുരുഷന്മാർക്കൊപ്പം മത്സരിക്കാനുതകുന്ന ജോലിസാദ്ധ്യതയുള്ള പഠനത്തിലാണ് അവരുടെ കണ്ണെന്നും റിപ്പോർട്ടിൽ ലേഖകർ നിരീക്ഷിച്ചു. അതായത്, ജോലി നേടിയെടുക്കുകയെന്ന ഏകലക്ഷ്യത്തോടുകൂടി പഠിക്കാൻ വരുന്നവരുടെ എണ്ണം വളരെ വർദ്ധിക്കുകയുണ്ടായി. ചുറ്റുമുള്ള ലോകത്തെ വിമർശനദൃഷ്ട്യാ വീക്ഷിക്കാനുതകുന്ന വിദ്യാഭ്യാസരീതിയോട് ആഭിമുഖ്യംകാട്ടിയവരധികവും രാഷ്ട്രീയ പ്രസ്ഥാനങ്ങളോടോ സമുദായസംഘടനകളോടോ ആഭിമുഖ്യം പുലർത്തിയവരായിരുന്നു. ഇതിനുള്ള സൗകര്യവും സ്വാതന്ത്ര്യവും കൂടുതൽ പുരുഷന്മാർക്കാണുണ്ടായിരുന്നത്. ജോലിമാത്രം തേടുന്ന, ബാക്കി കാര്യങ്ങളിൽ മുഴുവൻ നിഷ്ക്രിയത പുലർത്തുന്ന, കുറേപ്പേരാണ് വിദ്യാർത്ഥിനികൾ എന്ന കുറ്റപ്പെടുത്തലിൽ തീരെ കാമ്പില്ലായിരുന്നു എന്നു പറയാൻ വയ്യ!

ദുഃഖകരമായ മറ്റൊരു കാര്യംകൂടി ഇവിടെ പറയേണ്ടതാണ്. വിജ്ഞാനനിർമ്മാണത്തിൽ ഏർപ്പെടുന്ന മലയാളിസ്ത്രീകൾ വളരെ കുറവാണെന്നതാണത്. ഉള്ളവർ അദൃശ്യർകൂടിയാണ്. ഈ തമസ്കരണത്തിന് നല്ലൊരു ഉദാഹരണം ചെറായി രാമദാസ് [ 163 ] രചിച്ച അയ്യൻകാളിക്ക് ആദരപൂർവ്വം എന്ന കൃതിയിൽ കാണാം. അദ്ദേഹം ശ്രീമതി ദാക്ഷായണി വേലായുധനെക്കുറിച്ചെഴുതിയ കുറിപ്പിലാണിത്. ശ്രീമതി ദാക്ഷായണിയുടെ മക്കളെക്കുറിച്ചു പറയുമ്പോൾ അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. അവരുടെ ഏകമകൾ മീരാ വേലായുധൻ കേരളത്തിലെ എണ്ണപ്പെട്ട ചരിത്രകാരികളിൽ ഒരാളാണ്. ദേശീയപ്രസ്ഥാനത്തിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ചും സാമൂഹ്യപരിഷ്ക്കരണത്തിന്റെ ഫലങ്ങളെക്കുറിച്ചും വിലപ്പെട്ട ലേഖനങ്ങൾ അവർ എഴുതിയിട്ടുണ്ട്. ചരിത്രകാരനായ ചെറായി അതു ശ്രദ്ധിക്കുന്നില്ല. പക്ഷേ, മീരയുടെ ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കാൻ അദ്ദേഹം മറന്നിട്ടില്ല! (അയ്യൻകാളിക്ക് ആദരപൂർവ്വം, എറണാകുളം, 2009, പുറം 108)


എന്നിട്ടും ലൈംഗികം

സ്ത്രീപുരുഷന്മാർ കലാലയങ്ങളിൽ ഒന്നിച്ചു പഠിച്ചുതുടങ്ങിയെങ്കിലും ഇവരെ പരസ്പരം ഇടപഴകാൻ അധികം അനുവദിച്ചിരുന്നില്ല. അക്കാലത്ത് കോളേജ് വിദ്യാർത്ഥികളായിരുന്ന പലരുടെയും ആത്മകഥകളിൽ ഇത് സ്പഷ്ടമാകുന്നുണ്ട്. 1930കളിൽ എറണാകുളം മഹാരാജാസ് കോളേജിൽ ആണിനും പെണ്ണിനും വേറെവേറെ കോണിപ്പടികളുണ്ടായിരുന്നു; ലൈബ്രറിയിൽ പോകാൻ വ്യത്യസ്ത സമയങ്ങളും. 1927ൽ തിരുവനന്തപുരം മഹാരാജാ (ഇന്നത്തെ യൂണിവേഴ്സിറ്റി കലാലയം) കലാലയത്തിലെ ഒരു വിദ്യാർത്ഥി ഇങ്ങനെയെഴുതി:

വിദ്യാർത്ഥിനികൾ! അവർ നമ്മുടെ കോളേജിന്റെ അവിഭാജ്യഘടകംതന്നെയോ? ലജ്ജ സ്ത്രീസ്വഭാവംതന്നെ, പക്ഷേ, ഒച്ചുകളെപ്പോലെ ചെറുതോടുകൾക്കുള്ളിൽ അവർ ഒളിച്ചിരിക്കുന്നതിന് അത് ന്യായീകരണമാകുമോ? ക്ലാസ്സുകളിലെ നിശബ്ദരായ കേൾവിക്കാർ എന്നതിലുപരി എന്തുപങ്കാളിത്തമാണ് അവർക്ക് കോളേജിന്റെ വിശാലജീവിതത്തിലും പ്രവർത്തനത്തിലുമുള്ളത്?...

('From a College Window', The Old College : The Maharajah's College of Science 4 (1) 1927)


അച്ചടക്കത്തിന്റെ പേരിൽത്തുടങ്ങി സ്ത്രീകളും പുരുഷന്മാരും തമ്മിലുണ്ടാകുന്ന ആകർഷണത്തെ ക്രിമിനൽകുറ്റമായി കണക്കാക്കുന്ന രീതിയിലവസാനിച്ച പെരുമാറ്റച്ചട്ടങ്ങളാണ് കലാലയങ്ങൾക്കുള്ളിൽ പ്രാവർത്തികമായത്. സഹവിദ്യാഭ്യാസത്തെ, അതായത് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന രീതിയെ, എത്രത്തോളം അറച്ചറച്ചാണ് കേരളത്തിലെ വിദ്യാഭ്യാസാധികൃതർ സമീപിച്ചത്! നാലാംക്ലാസ്സിനുശേഷം മാനസികപക്വത എത്തിക്കഴിഞ്ഞതിനുശേഷമേ ആണിനെയും പെണ്ണിനെയും ഒപ്പമിരുത്താവൂ എന്നാണ് തിരുവിതാംകൂർ സർവ്വകലാശാലാരൂപീകരണത്തെപ്പറ്റി പഠിക്കാൻ നിയമിതമായ കമ്മിറ്റിക്ക് 1920കളിൽ ലഭിച്ച പ്രതികരണം. ഈ മനോഭാവം കൊണ്ട് പെൺകുട്ടികൾക്ക് കാര്യമായ നഷ്ടമുണ്ടെന്ന് ഒരു ലേഖിക അക്കാലത്തുതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. 'സഹവിദ്യഭ്യാസം' എന്ന തന്റെ ലേഖനത്തിൽ എൻ. മാലതി ഇങ്ങനെയെഴുതി: [ 164 ]

കലാലയങ്ങളിലെത്തുന്ന പെൺകുട്ടികൾ വെറും കൂപമണ്ഡൂകങ്ങളെപ്പോലെ വർത്തിച്ചിരുന്നു. അവരാകട്ടെ അപ്പോൾമാത്രമേ ബാഹ്യേലാകത്തിൽ ചരിക്കുവാൻ തുടങ്ങുന്നുള്ളു. സഹപാഠികളായ വിദ്യാർത്ഥികളുടെ മുമ്പിൽവച്ച് തങ്ങൾക്ക് മനസ്സിലാകാത്ത ഭാഗങ്ങളെ ചോദിക്കുവാൻപോലും ഓരോരുത്തരുടെ സങ്കുചിതമനസ്സ് അവരെ അനുവദിക്കുന്നില്ല. സഹവിദ്യാഭ്യാസംകൊണ്ട് യഥാർത്ഥ സ്ത്രീത്വം നശിപ്പിച്ച് പുരുഷത്വം നേടാനുള്ള ഒരു മാർഗ്ഗമാണെന്ന് ഒരുപക്ഷേ ചിലർ ആക്ഷേപിക്കുമായിരിക്കാം. പരമാർത്ഥം നോക്കുകയാണെങ്കിൽ സ്ത്രീത്വം നശിക്കുന്നില്ലെന്നു മാത്രമല്ല ഇന്നത്തെ നിലയ്ക്കാവശ്യമായ ചില പുരുഷഗുണങ്ങൾ സിദ്ധിക്കുകയും ചെയ്യുന്നു.

('സഹവിദ്യാഭ്യാസം', മഹിള 16 (7)1936)


1955ലും ഈ സ്ഥിതിയിൽ വലിയമാറ്റമില്ലായിരുന്നുവെന്ന് എസ്. കോമളവല്ലി എഴുതിയ ലേഖനം വായിച്ചാൽ തോന്നും:

സഹവിദ്യാഭ്യാസത്തിന്റെ ഗുണവശങ്ങൾ വളരെയധികം പ്രകീർത്തിക്കപ്പെടുന്ന ഒരു കാലമാണിത്. പക്ഷേ ആ ആശയത്തിന്റെ ഉദ്ദേശശുദ്ധിയെപ്പോലും അങ്ങേയറ്റം അപഹസിക്കുന്ന ഒരു മാതൃകയാണ് ഇന്ന് പലപ്പോഴും കാണാൻ കഴിയുക. അനോന്യം സംസാരിക്കുന്നതോ പോകട്ടെ അന്യോന്യം ദർശിക്കുന്നതുപോലും അപരാധമായി ഗണിക്കപ്പെടുന്ന അന്തരീക്ഷം.

('വിദ്യാഭ്യാസം ഒരു വിദ്യാർത്ഥിനിയുടെ കണ്ണുകളിലൂടെ', കൗമുദി ആഴ്ചപ്പതിപ്പ്, 1955)


എന്നാൽ ആൺകുട്ടികൾ മാത്രമോ പെൺകുട്ടികൾ മാത്രമോ പഠിക്കുന്ന കലാലയങ്ങളിലും ലൈംഗികതയെക്കുറിച്ചുള്ള ഭീതിക്ക് കുറവൊന്നുമില്ലായിരുന്നു. നാമിന്ന് അധികം പുറത്ത് സംസാരിക്കാത്ത ഒരു വിഷയമാണ് സ്വവർഗ്ഗാനുരാഗം - 'ഈയടുത്തെങ്ങാനുമുണ്ടായ വിപത്ത്' എന്ന മട്ടിലാണ് പലരും ഇതേപ്പറ്റി പറയാറുള്ളത്. എന്നാലിത് ശരിയല്ല. മനുഷ്യരുണ്ടായ കാലംമുതൽക്കേ ഇത്തരം ആഗ്രഹങ്ങൾ ഉണ്ടായിരുന്നെന്നും ഇതിൽനിന്ന് ആർക്കുമൊരു ദോഷവും വരാനില്ലെന്നും പണ്ഡിതലോകം ഇന്ന് അംഗീകരിക്കുന്നു. മതമേധാവികൾ ഇപ്പോഴും ഇതിനെതിരാണെങ്കിലും ആധുനികസർക്കാരുകളും മറ്റുസ്ഥാപനങ്ങളും ഇതിനെ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു. സ്വവർഗ്ഗാനുരാഗികൾ സംഘടിച്ചുതുടങ്ങിയിട്ടുണ്ട്, ഇവിടെയും. എന്തായാലും സ്വവർഗ്ഗാനുരാഗികളായ വിദ്യാർത്ഥികളെ പരമാവധി വേട്ടയാടുന്ന സ്ഥലങ്ങളായി പലപ്പോഴും കലാലയങ്ങൾ പ്രവർത്തിച്ചിരുന്നു (ഇന്നും പ്രവർത്തിക്കുന്നു). 1906ൽ തിരുവനന്തപുരത്തെ മഹാരാജാ കലാലയത്തിൽനിന്ന് ഒരദ്ധ്യാപകനെയും ചില വിദ്യാർത്ഥികളെയും 'പ്രകൃതിവിരോധം' ചെയ്തുവെന്നാരോപിച്ച് പുറത്താക്കി. പത്രങ്ങളിൽ ഇതു വാർത്തയായിരുന്നു. പെൺകുട്ടികൾക്കായി തിരുവനന്തപുരം വിമൻസ് കോളേജിന് പിന്നിലായി നിർമ്മിച്ച സർവ്വകലാശാലാ ഹോസ്റ്റലിന്റെ നിയമാവലിയിൽ രണ്ടു പെൺകുട്ടികൾ കട്ടിലിൽ ഒന്നിച്ചിരിക്കരുത് എന്നൊരു നിയമമുണ്ടായിരുന്നു! എന്തിലും ലൈംഗികത മണക്കുന്ന, ഏതൊരാളുടേയും സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കാൻ പ്രേരിപ്പിക്കുന്ന വാസന മലയാളിയുടെ മനഃസ്ഥിതിയിലുണ്ടായത് ഇതിലൂടെയൊക്കെയല്ലേ എന്നു സംശയിച്ചുപോകുന്നു - അച്ചടക്കത്തിന്റെ പേരിൽ ലൈംഗിക അടിച്ചമർത്തൽ നടത്തിയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഓമനസന്തതിയല്ലേ അത്?


ആത്മാഭിമാനവും താൻപോരിമയും

ജോലിക്കുവേണ്ടിമാത്രമുള്ള വിദ്യാഭ്യാസത്തിന് പല പോരായ്മകളുണ്ടായിരുന്നെങ്കിലും അത് അന്ന് വളർന്നുതുടങ്ങിയിരുന്ന സ്ത്രീധനപ്പിശാചിന്റെ പിടിയിൽനിന്ന് വളരെ സ്ത്രീകളെ രക്ഷപ്പെടുത്തി. ജോലിയുണ്ടായിരുന്ന വളരെ സ്ത്രീകൾ വിവാഹംകഴിച്ചില്ല. സ്ത്രീധനദുരിതം അനുഭവിക്കാതിരിക്കാൻ, സ്വന്തംകാലിൽ നിൽക്കാൻ, സുരക്ഷിതത്വം നേടാൻ, അവൾക്ക് കഴിഞ്ഞു. ഇവരിൽ പലരും മറുനാടുകളിൽ പഠിച്ചശേഷം തിരിച്ചെത്തി ജോലി ചെയ്തവരാണ്. പലപ്പോഴും പുതിയ ആശയങ്ങളും സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതാനുള്ള ആത്മധൈര്യവുംകൊണ്ടായിരുന്നു അവർ മടങ്ങിയത്. അതിവിടെ ചലനമുണ്ടാക്കി. ഇന്നും പല സ്ത്രീകളും പുറത്തുപോയി പഠിക്കുന്നുണ്ടെങ്കിലും അവരിൽ അധികവും മടങ്ങിവരാറില്ല. കാരണം ഇവിടെ ഇപ്പോൾ ജോലികളില്ല!

സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസത്തിലൂടെ ലഭിച്ച താൻപോരിമയെ ഏറ്റവും തീവ്രരാഷ്ട്രീയക്കാരികൾപോലും അംഗീകരിച്ചിരിക്കുന്നു. ഇന്ത്യൻ ദേശീയപ്രസ്ഥാനം വൻസമരങ്ങളിലേർപ്പെട്ട കാലത്താണ് പിന്നീട് ദേശീയസമരനായികയായി മാറിയ ക്യാപ്റ്റൻ ലക്ഷ്മി കലാലയവിദ്യാർത്ഥിനിയായത്. വളരെ വിദ്യാർത്ഥികൾ പഠിപ്പുപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിലേക്കു കുതിച്ചുചാടിയ കാലം. സമരത്തിൽ പങ്കെടുത്തെങ്കിലും അതിനുവേണ്ടി പഠിപ്പുപേക്ഷിക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്തുവെന്ന് ആത്മകഥയിൽ അവർ പറയുന്നുണ്ട്. സ്വതന്ത്രനില [ 165 ] അതിനെ അപേക്ഷിച്ചാണ് നിൽക്കുന്നതെന്ന ബോദ്ധ്യം അവർക്കുണ്ടായിരുന്നു.

എന്നാലിന്ന് ജോലികൾ വിരളമാണ്. ജോലിഭാരം പലപ്പോഴും അധികമാണ്. എങ്കിലും മലയാളിസ്ത്രീയുടെ സ്വപ്നമാണത് — പരിമിതമായ സ്വാതന്ത്ര്യമെങ്കിലും കിട്ടാനുള്ള വഴി. പക്ഷേ ആത്മാഭിമാനം നൽകുന്ന പഠിപ്പും സ്വന്തംകാലിൽ നിൽക്കാനുള്ള കഴിവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് മറ്റാരും മനസിലാക്കിയില്ലെന്നുവന്നാലും സ്ത്രീകളെങ്കിലും മനസിലാക്കണം! ആധുനികവിദ്യാഭ്യാസം നമ്മുടെ വ്യക്തിബോധത്തെ ശക്തിപ്പെടുത്തുമെന്ന് തീർച്ചയാണ്. പത്താംക്ലാസ് വരെ പിടിച്ചുനിൽക്കുന്നതധികവും പെൺകുട്ടികളായതുകൊണ്ട് അവരിൽ വ്യക്തിബോധത്തിന്റെ വളർച്ച കൂടാനാണിട. എന്നാൽ ഈ വികാസം നടക്കുന്ന അതേവേളയിൽ പെൺകുട്ടികളോട് നൂറ് പെരുമാറ്റച്ചട്ടങ്ങളും അതിരുകളും ആദരിക്കേണ്ട ആവശ്യത്തെക്കുറിച്ച് നാം പറഞ്ഞുകൊണ്ടിരിക്കുന്നു! ഒരുവശത്തുകൂടി ആൺകുട്ടികൾക്കൊപ്പം പഠിത്തത്തിൽ ശുഷ്കാന്തികാണിക്കാനും ജോലിതേടാനും പ്രോത്സാഹനം ലഭിക്കുന്ന പെൺകുട്ടിയോട് (ഇന്ന് പഠിത്തത്തിൽ പിന്നിലായാൽ ആൺകുട്ടിക്കും പെൺകുട്ടിക്കും ഒരേ ശകാരംതന്നെയാണ് വീട്ടിലും സ്കൂളിലും കിട്ടുന്നത്) നീ പെണ്ണാണെന്ന ഓർമ്മ വേണമെന്ന് നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇത് പെൺകുട്ടിയിൽ സൃഷ്ടിക്കുന്ന മാനസികസംഘർഷത്തെക്കുറിച്ച് നാം ഓർക്കാറുണ്ടോ? പഠിത്തത്തിൽ എത്ര മിടുക്കുകാട്ടിയാലും വിവാഹമാണ് അവളെ സംബന്ധിച്ചിടത്തോളം ജീവിതവിജയത്തിലേക്കുള്ള മാർഗ്ഗമെന്ന സന്ദേശം അവളിൽ മടുപ്പുളവാക്കിയാൽ അത്ഭുതമെന്തിരിക്കുന്നു? ഇത്ര കടുത്ത സാഹചര്യങ്ങളോടു മല്ലടിച്ചു മടുക്കുമ്പോൾ ജീവിതം അവസാനിപ്പിച്ചുകളയാമെന്ന് വിചാരിച്ചാൽ അവളെ കുറ്റപ്പെടുത്താനാകുമോ? വിമർശനബോധം വളർത്തിയെടുത്ത് ആത്മാഭിമാനവും ധൈര്യവും വിദ്യാർത്ഥിനിക്ക് പകർന്നുകൊടുക്കുന്ന വിദ്യാഭ്യാസരീതി മാത്രമേ സ്ത്രീകളെ ഈ കുരുക്കിൽ നിന്ന് രക്ഷിക്കൂ. ആത്മാഭിമാനവും ജീവിതവിജയവും തമ്മിൽ ബന്ധമുണ്ടെന്നു പറഞ്ഞത് ഇതുകൊണ്ടാണ്.


float
float


കൂടുതൽ ആലോചനയ്ക്ക്

വിദ്യയെന്നാൽ സ്വാതന്ത്ര്യത്തിലേക്കുള്ള പാസ്പോർട്ട് - ഈ ആശയം നാം വളരെ കേട്ടിട്ടുണ്ട്. അതേ, ഏതു രാജ്യത്തിന്റെയും സ്വാതന്ത്ര്യത്തെക്കുറിച്ചു പഠിക്കുമ്പോൾ അവിടത്തെ സാക്ഷരതാനിരക്ക്, പ്രത്യേകിച്ച് സ്ത്രീസാക്ഷരത, പരിശോധിക്കുന്നത് സാധാരണമാണ്. പക്ഷേ, വിദ്യാഭ്യാസമുണ്ടായാൽ പൂർണ്ണസ്വാതന്ത്ര്യം പിന്നാലെ വന്നുകൊള്ളുമെന്ന തോന്നൽ അസ്ഥാനത്താണെന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണെന്ന് ഈ അദ്ധ്യായത്തിൽ പരാമർശിച്ചത്. പുരുഷന്മാരുടെ അനുഭവത്തെ എല്ലാവർക്കും ബാധകമാക്കിയതിന്റെ ഒരുദാഹരണമല്ലേ, ഇത്? പുരുഷന്മാരുടെ കാര്യത്തിൽ ഇത് ശരിയായിരിക്കാം - പഠിച്ചവൻ സ്വതന്ത്രനാകാറുണ്ട്, പലപ്പോഴും. പഠിപ്പ്, തൊഴിൽ, കൂലി എന്നിവ നേടിക്കഴിഞ്ഞാൽ അടുത്തപടി സ്വാതന്ത്യ്രത്തിലേക്കുള്ള കുതിച്ചുചാട്ടമാണെന്ന സാമാന്യബോധം പുരുഷന്മാരുടെമാത്രം ചരിത്രാനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ലേ നിലനിൽക്കുന്നത്? ⚫