പ്രപഞ്ചവും മനുഷ്യനും/ഉയർന്ന മാനസിക പ്രവർത്തനങ്ങൾ
[ 249 ]
24
തിരുത്തുകഉയർന്ന
തിരുത്തുകമാനസിക പ്രവർത്തനങ്ങൾ
തിരുത്തുകബാഹ്യലോകത്തുനിന്നു വരുന്ന പ്രചോദനങ്ങളുടെ ഫലമായി മസ്തിഷ്കത്തിൽ ഉപയോഗപ്രദമായ ബന്ധങ്ങൾ സ്ഥാപിക്കുകയും അനുയോജ്യമായ പ്രതികരണങ്ങൾ ഉളവാക്കുകയും ചെയ്യുന്ന പ്രവർത്തനത്തെ പൊതുവിൽ പഠനം എന്നു പറയാം. എല്ലാ ജന്തുക്കളുടെയും സ്വഭാവത്തിൽ വളരെയേറെ സ്വാധീനം ചെലുത്തുന്നുണ്ട് ഈ പ്രവർത്തനങ്ങൾ. ഉയർന്ന ജന്തുക്കളിൽ പൊതുവിലുള്ള സ്വഭാവങ്ങളുടെയും ഉയർന്ന മാനസിക പ്രവർത്തനങ്ങളുടെയും അടിസ്ഥാനം തന്നെ ഈ പഠനമാണ്. മനുഷ്യനടക്കമുള്ള വിവിധ ജന്തുക്കൾ പ്രകടിപ്പിക്കുന്ന വൈവിധ്യമാർന്ന സ്വഭാവങ്ങൾക്കെല്ലാം അടിസ്ഥാനമായിട്ടുള്ള മസ്തിഷ്കപ്രവർത്തനങ്ങളെക്കുറിച്ച് നാഡീകോശങ്ങളുടെ ശരീരക്രിയാപരവും ശരീരഘടനാപരവും ജൈവരസ തന്ത്രപരവുമായ വീക്ഷണകോണുകളിൽനിന്നുള്ള വിശദീകരണങ്ങളും സിദ്ധാന്തങ്ങളും ഇന്നു നിലവിലുണ്ട്. ഈ വിവിധ സിദ്ധാന്തങ്ങൾ തമ്മിൽ നിരുപാധികവും സോപാധികവുമായ ചോദനങ്ങളുടെ പ്രവർത്തനസരണികളിൽ ഏതേതു തലത്തിൽവെച്ചാണ് ഫലപ്രദമായ പുതിയ ബന്ധങ്ങൾ ഉളവാകുന്നത് എന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്. എങ്കിലും അവ തമ്മിലുള്ള പരസ്പര പ്രവർത്തനമാണ് പഠനത്തിലെ മൗലിക ഘടകമെന്നുള്ള കാര്യത്തിൽ എല്ലാവർക്കും യോജിപ്പുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ നടക്കുന്ന ഭൗതികമാറ്റങ്ങളെക്കുറിച്ചും അഭിപ്രായവ്യത്യാസമുണ്ടെങ്കിലും നാഡീകോശങ്ങൾ തമ്മിൽ നേരിട്ടുള്ള സാമീപ്യബന്ധത്തിന്റെ ഫലമായിട്ടാണ് നിരുപാധികവും സോപാധികവുമായ ചോദനങ്ങൾ തമ്മിൽ പ്രാരംഭപ്രതിപ്രവർത്തനം നടക്കുന്നതെന്ന് എല്ലാവരും അംഗീകരിക്കുന്നു.
നാഡീകോശങ്ങൾ തമ്മിലുള്ള സന്ധികൾ, നേരിട്ടുള്ള ബന്ധസ്ഥാനങ്ങളല്ല. രണ്ടു കോശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നത് അവയ്ക്കിടയിൽ പ്രവർത്തിക്കുന്ന ചില രാസവസ്തുക്കളാണ്. ഇവയുടെ പ്രവർത്തനം സുഗമമാവുകയും തൊട്ടടുത്തുള്ള കോശങ്ങൾ തമ്മിൽ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നതിനു ഒരു പ്രത്യേക തോതിലുള്ള ഉത്തേജനം ആവശ്യമാണ്. എന്നാൽ തടുർച്ചയായുള്ള ഉപയോഗം വഴി കുറഞ്ഞ തോതിലുള്ള ഉത്തേജനങ്ങൾക്കും ഈ ബന്ധം സ്ഥാപിക്കാൻ കഴിയും. ഇങ്ങനെ നാഡീകോശസന്ധികൾ സുകരമായി തീരുന്ന പ്രക്രിയകളാണ് ഉയർന്ന മാനസിക പ്രവർത്തനങ്ങൾക്ക് നിദാനമെന്നു കരുതപ്പെടുന്നു. വാസ്തവത്തിൽ ഇത്തരം പ്രവർ [ 250 ] ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന നാഡീകോശബന്ധങ്ങൾ വാർത്താശേഖരണത്തിനു അഥവാ ഓർമ്മയ്ക്കു നിദാനമായിട്ടാണു വർത്തിക്കുന്നത്. ആവർത്തിച്ചാവർത്തിച്ച് ഒരേ നാഡീകോശശ്രേണികൾ ഉത്തേജിക്കപ്പെടുന്നതിന്റെ ഫലമായി അവ തമ്മിലുള്ള ബന്ധം ദൃഢതരമാകുന്നതിന്റെ അന്തിമഫലമാണ് ഓർമ്മ. അതേസമയം പഠനമാകട്ടെ, ഈ പ്രക്രിയകളുടെ ആരംഭത്തെ കുറിക്കുന്നതാണ്. മുമ്പു പ്രവർത്തിക്കാതിരുന്ന നാഡീകോശസന്ധികളെ ആദ്യമായി പ്രവർത്തിപ്പിച്ചുതുടങ്ങുക എന്ന കാര്യം അത്യധികം സങ്കീർണ്ണമായതാണ്. പഠനവുമായി ബന്ധപ്പെട്ട മസ്തിഷ്കപ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഈ പ്രാരംഭോത്തേജനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ഒരു വാർത്താശകലത്തെ പ്രതിനിധീകരിക്കുന്ന സ്ഥാനികമോ കാലികമോ ആയ ഒരൊറ്റ സംഭവത്തെ പുനരുത്തേജിപ്പിക്കുന്നതാണ് ഓർമ്മ. സ്ഥാനികവും കാലികവുമായി ബന്ധപ്പെട്ട ഒട്ടേറെ ഓർമ്മകളെ സംയോജിപ്പിക്കാനുള്ള കഴിവാണ് പഠനം. മനുഷ്യനിലെ യുക്തിവല്ക്കരണവും ഇതുമായി ബന്ധപ്പെട്ട സമാനമായ ഒരു പ്രക്രിയയാണ്. പക്ഷേ, അതു കുറേക്കൂടി സങ്കീർണ്ണമാണെന്നു മാത്രം. മനുഷ്യമസ്തിഷ്കത്തിൽ മുദ്രണം ചെയ്യപ്പെടുന്ന വാർത്താശകലങ്ങൽ ഭാഷയുടെ മാധ്യമമുപയോഗിച്ച് കോഡുചെയ്യുകയും വിവിധ രീതിയിൽ സംയോജിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയ്ക്കു നാം ചിന്ത, ഭാവന, ബുദ്ധിപരമായ പ്രവർത്തനം എന്നെല്ലാമുള്ള പേരുകൾ നൽകിയിരിക്കുന്നു.
പഠനവും സോപാധികമായ റിഫ്ളെക്സുകൾ ഉണ്ടാകുന്നതും തമ്മിൽ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങളുണ്ട്. ബോധപരമായ സ്മൃതിയുടെ നിലവാരത്തിലേക്കെത്താത്ത വെറും അനൈച്ഛികപ്രതികരണപ്രവണത ആർജ്ജിക്കുന്നതാണ് വ്യവസ്ഥാപനം. എന്നാൽ കൂടുതൽ സങ്കീർണ്ണായ പ്രതികരണശൃംഖലകൾ സ്വേച്ഛയാ ആർജ്ജിക്കുന്നതാണ് പഠനം. ഇവിടെ ഏതെങ്കിലും ഒരൊറ്റപ്പെട്ട സ്മൃതിശകലമല്ല, പരസ്പരബദ്ധമായ സ്മൃതി ശൃംഖലയാണ് പ്രതിപ്രവർത്തിക്കുന്നത്. എന്തായാലും ഇത്തരത്തിലുള്ള എല്ലാ ഉയർന്ന മാനസിക പ്രവർത്തനങ്ങളുടെയും അടിസ്ഥാനം മസ്തിഷ്കത്തിൽ ഒറ്റപ്പെട്ടതോ സങ്കീർണ്ണമോ ആയ സ്മൃതി-ശൃംഖലകൾ രൂപംകൊള്ളുന്നതാണ്. അപ്പോൾ മസ്തിഷ്കത്തിൽ വാർത്താശകലങ്ങൾ മുദ്രണം ചെയ്യുന്നതെങ്ങനെയാണെന്നു മനസ്സിലാക്കുകയാണ് ഈ വക പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താനുള്ള മാർഗ്ഗം.
സ്മൃതിപഥങ്ങൾ രൂപംകൊള്ളുന്നതെങ്ങനെയാണെന്നു വിശദീകരിക്കാനായി ഒറ്റയ്ക്കും കൂട്ടായും വിവിധ സിദ്ധാന്തങ്ങൾ ആവിഷ്കൃതങ്ങളായിട്ടുണ്ട്. ധർമ്മപരമായ ശരീരക്രിയാമാറ്റങ്ങളോ സ്ഥിരമായ ശരീര ഘടനാപരമായ വ്യതിയാനങ്ങളോ ആണ് ഓർമ്മയുടെ ഭൗതികാടിസ്ഥാനമെന്നു നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അടുത്തകാലത്തായി ഈ പഴയ സിദ്ധാന്തങ്ങൾക്കു ചില രൂപാന്തരങ്ങൾ വരുത്തിയിട്ടുണ്ട്. പഠനവും (ഹസ്വകാലസ്മൃതിയും, [ 251 ] താൽക്കാലികവും നേരെ എതിർദിശയിൽ ആവർത്തിക്കാവുന്നതുമായ ശരീരക്രിയാപരമായ പ്രക്രിയകളുടെ ഫലമാണെന്നു കരുതപ്പെടുന്നു. അതേസമയം, ശരീരഘടനാപരമായ രൂപാന്തരങ്ങളാണ് ദീർഘകാല സ്മൃതിക്ക് അഥവാ ഏറെക്കുറെ സ്ഥിരമായ ഓർമ്മയ്ക്കു നിദാനമെന്നു കണക്കാക്കിവരുന്നു.
ഇക്കഴിഞ്ഞ ദശകത്തിൽ ഹ്രസ്വകാല, ദീർഘകാല സ്മൃതികൾക്ക് കോശത്തിനുള്ളിൽ നടക്കുന്ന ജൈവരസതന്ത്ര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരണമേകാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഈ വസ്തുതകൾ ശരീരക്രിയാപരമായ സിദ്ധാന്തങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ള ധർമ്മപരമായ മാറ്റങ്ങൾക്കു വ്യക്തമായ അടിസ്ഥാനമേകുന്നു. അതേസമയം ഘടനാപരമായ രൂപാന്തരങ്ങൾക്കു വിരുദ്ധവുമല്ല ഇവ. എന്തായാലും ജൈവരസതന്ത്രപരമായ സമീപനം പഴയകാലത്തു തുടർന്നുവന്നിരുന്ന ശരീരക്രിയാപരവും ഘടനാപരവുമായ സമീപനങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമാണ്. ഈ സമീപനങ്ങൾ ഒരിക്കലും പരസ്പരവിരുദ്ധങ്ങളല്ല, മറിച്ച് പരസ്പരപൂരകങ്ങളാണ്. ഇന്ന് ഇത്തരത്തിലുള്ള വിവിധ സമീപനങ്ങളെ ഒന്നിച്ചുചേർത്ത് സമഗ്രമായ ഒരു വീക്ഷണം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
അപഗ്രഥനികൾ
തിരുത്തുകഇന്ദ്രിയപരമായ ബോധമാണ് എല്ലാ പഠനങ്ങളുടെയും ആദ്യഘട്ടം. എല്ലാ ബോധേന്ദ്രിയങ്ങളും ബാഹ്യലോകത്തുനിന്നും വരുന്ന എല്ലാ ചോദനങ്ങളെയും അതേപടി മസ്തിഷ്കത്തിലേയ്ക്കു നയിക്കുന്നില്ല. അതീവ സങ്കീർണ്ണമായ ഒരു അപഗ്രഥനപ്രക്രിയ ഓരോ ബോധേന്ദ്രിയത്തിലും, അതോടു ബന്ധപ്പെട്ട മസ്തിഷ്ക കേന്ദ്രങ്ങളിലും വെച്ച് നടക്കുന്നു. ഉദാഹരണത്തിന്, ബാഹ്യാന്തരീക്ഷത്തിൽ നിന്ന് നമ്മുടെ ശരീരത്തിൽ പതിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ചോദനങ്ങളിൽനിന്ന് അൾട്രാവയലറ്റ് രശ്മികളും ഇൻഫ്രാറെഡ് രശ്മികളും ഒഴിച്ചുള്ള മറ്റ് ഏഴു നിറങ്ങളെ പ്രതിനിധീകരിക്കുന്ന പ്രകാശതരംഗങ്ങൾ മാത്രമേ നയനേന്ദ്രിയത്തെ ഉത്തേജിപ്പിക്കുന്നുള്ളു. വിവേചനപരമായ നിരോധനപ്രക്രിയയാണ് ഇതിനു പിന്നിൽ വർത്തിക്കുന്നത്. ഈ അപഗ്രഥനവ്യവസ്ഥയ്ക്കു മൂന്നു ഘടകങ്ങളുണ്ട്. ബാഹ്യലോകവുമായി ബന്ധംപുലർത്തുന്ന ബോധേന്ദ്രിയങ്ങൾ; അവയിൽ നിന്നു വിവിധ ചോദനങ്ങളെ വൈദ്യുതസ്പന്ദനങ്ങളായി മസ്തിഷ്കത്തിലേയ്ക്ക് ആനയിക്കുന്ന സംജ്ഞാനാഡികൾ; ഈ നാഡീസ്പന്ദനങ്ങളെ സ്വീകരിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന മസ്തിഷ്ക കേന്ദ്രങ്ങൾ. ഈ മൂന്നു ഘടകങ്ങളും ചേർന്നുകൊണ്ടുള്ള പ്രവർത്തനവ്യവസ്ഥയെയാണ് അപഗ്രഥിനികൾ എന്നു പറയുന്നത്.
ഘടനാപരമായ അടിസ്ഥാനം
തിരുത്തുകഇങ്ങനെ ഇന്ദ്രിയനിലവാരത്തിൽ തന്നെ ഒരു അപഗ്രഥനത്തിനു വിധേയമായിട്ടാണ് വൈദ്യുതസ്പന്ദനങ്ങളായി വാർത്തകൾ മസ്തിഷ്കത്തിലെത്തി [ 252 ] ച്ചേരുന്നത്. വളരെ അടുത്തകാലത്തു നടത്തപ്പെട്ട ചില പരീക്ഷണങ്ങൾ പ്രകാശം നേത്രാന്തരപടലത്തിലെ നാഡീകോശങ്ങളിലും തുടർന്നു മസ്തിഷ്കത്തിലെ ദർശനകേന്ദ്രങ്ങളിലെ നാഡീകോശങ്ങളിലും ഉണ്ടാക്കുന്ന ഘടനാപരമായ വ്യതിയാനങ്ങളിലേയ്ക്കു വെളിച്ചം വീശുന്നു. നാഡീകോശസന്ധികളിൽ പങ്കുചേരുന്ന ആക്സോണുകളുടെ ശാഖാഗ്രങ്ങളിലുണ്ടാവുന്ന വ്യാസവർദ്ധനയും സാന്ദ്രതാ വർദ്ധനയുമാണ് എറ്റവും ശ്രദ്ധേയമായ വസ്തുത. ആക്സോണുകളുടെ ശാഖാഗ്രങ്ങളിലുണ്ടാവുന്ന വ്യാസവർദ്ധനയും സാന്ദ്രതാവർദ്ധനയുമാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ആക്സോണുകളുടെ ശാഖാഗ്രങ്ങളുടെ എണ്ണത്തിലും വ്യാസത്തിലും സാന്ദ്രതയിലുമുള്ള വർദ്ധനവ് മസ്തിഷ്കപ്രവർത്തനവുമായി ബന്ധമുള്ളതാണെന്ന് ഇതിൽനിന്നു വ്യക്തമാണ്. ചില മസ്തിഷകന്യൂറോണുകളുടെ സാന്ധികാഗ്രങ്ങളുടെ എണ്ണം ശരാശരി 30,000 ആണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. മസ്തിഷ്കകോശങ്ങളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലനുസരിച്ചു സന്ധികളിലെ സൂക്ഷ്മശാഖകളുടെ എണ്ണത്തിലും വ്യാസത്തിലും സാന്ദ്രതയിലും മാറ്റമുണ്ടാകുമെന്നുള്ളത് ഇന്ന് ഏറെക്കുറെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതിന് ഉയർന്ന മാനസികപ്രവർത്തനവുമായി ബന്ധമുണ്ടുതാനും.
ന്യൂറോണുകൾ തമ്മിൽ ബന്ധം സ്ഥാപിക്കുന്ന കാര്യത്തിൽ അടിസ്ഥാനപരമായ നിയമങ്ങൾ വല്ലതുമുണ്ടോ എന്ന പ്രശ്നം ശ്രദ്ധേയമാണ്. ജന്തുക്കളുടെ പ്രാഥമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അധോകേന്ദ്രങ്ങളിലെ നാഡീകോശങ്ങൾ തമ്മിലുള്ള ബന്ധം തികച്ചും നിയതമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. അവ പാരമ്പര്യഘടകങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതുകൊണ്ട് സ്ഥിരമായ പ്രവർത്തനരീതി നിലനിർത്തുന്നു. ഈ വസ്തുത തെളിയിക്കുന്ന ഒരു പരീക്ഷണം നോക്കാം. സ്വർണ്ണമത്സ്യത്തിന്റെ നേത്രേന്ദ്രിയനാഡികൾ വിച്ഛേദിച്ചപ്പോൾ അത് അന്ധനായിത്തീർന്നു. സാധാരണഗതിയിൽ ഇടത്തേ കണ്ണിൽ നിന്നുള്ള നാഡികൾ വലത്തേ മസ്തിഷ്കദളവുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഈ വിച്ഛേദനത്തിനുശേഷം പുനരുജ്ജീവനത്തിന്റെ ഫലമായി ആ നാഡികൾ വീണ്ടും സംയോജിച്ചപ്പോൾ ഇടതുനാഡികൾ വലതു മസ്തിഷ്ക ദളങ്ങളുമായി മാത്രമാണ് ബന്ധം സ്ഥാപിച്ചത്. ഈ പുനർസംയോജന സമയത്ത് നാഡീകോശങ്ങൾ തമ്മിലുണ്ടായ ബന്ധങ്ങൾ തികച്ചും പൂർവ്വസ്ഥിതിയിലേതുമാതിരിയായിരുന്നു. ഇതിൽനിന്നും ഈ നാഡീകോശങ്ങൾ തമ്മിലുള്ള ബന്ധം മുൻകൂട്ടി നിർണ്ണയിക്കപ്പെട്ടതാണെന്നുവരുന്നു.
എന്നാൽ ആധുനിക ഗവേഷണങ്ങൾ ഇത് ഒരു സാർവത്രിക നിയമമായി അംഗീകരിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ, മസ്തിഷ്കത്തിലെ ഉപരിതലപാളയിൽ നാഡീകോശങ്ങൾ തമ്മിൽ സ്ഥാപിക്കുന്ന ബന്ധങ്ങൾ തികച്ചും 'ആകസ്മികം' ആണത്രേ. എന്നാൽ അതോടൊപ്പം നിശ്ചിതബന്ധങ്ങളുമുണ്ടെന്നുള്ളത് വാസ്തവമാണ്. എങ്കിലും, ഉയർന്ന മാനസിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മസ്തിഷ്കകേന്ദ്രങ്ങളിൽ മസ്തിഷ്കപ്രവർത്തനങ്ങൾക്ക [ 253 ] നുസൃതമായി യാദൃച്ഛികബന്ധങ്ങൾ സ്ഥാപിക്കപ്പെടുന്നുണ്ടെന്ന് കരുതാൻ ന്യായമുണ്ട്.
അനുഭവമുദ്രണവുമായി അഥവാ ഓർമ്മയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ മസ്തിഷ്കപ്രവർത്തനം നാഡീകോശങ്ങൾ തമ്മിലുള്ള ഈ സാന്ധികബന്ധങ്ങൾ മാത്രമാണെന്നു കരുതികൂടാ. കാരണം, ഈ ബന്ധങ്ങൾ വളരെക്കാലം നിലനില്ക്കുകയില്ല. എന്നാൽ അനുഭവങ്ങൾ ഏറെക്കാലും സ്മൃതിപഥത്തിൽ തങ്ങിനില്ക്കുന്നു. അപ്പോൾ ദീർഘകാല സ്മൃതിക്ക് ആധാരമായി വർത്തിക്കുന്നത് ഈ സാന്ധികബന്ധങ്ങളല്ലെന്നു വരുന്നു. നാഡീകോശങ്ങളുടെ ശാഖാഗ്രങ്ങളിൽ ഉണ്ടാകുന്ന ഘടനാപരമായ പരിവർത്തനങ്ങളോടൊപ്പം, അവിടത്തെ പോക്ഷകവസ്തുവിന്റെ നിർമ്മിതിയും വർദ്ധിക്കുന്നതായി കണ്ടിട്ടുണ്ട്. പക്ഷേ, ഇത്തരം മാറ്റങ്ങൾ നാഡീകോശങ്ങളിലുണ്ടാവുന്നത് ദീർഘകാലത്തെ ഉപയോഗത്തിന്റെയോ ഉപയോഗരാഹിത്യത്തിന്റെയോ ഫലമായിട്ടാണ്. എന്നാൽ സോപാധിക റിഫ്ളെക്സുകളും മറ്റും രൂപംകൊള്ളുന്നത് താരതമ്യേന ചുരുങ്ങിയ സമയംകൊണ്ടാണ്. ഇങ്ങനെയുള്ള ചില ബന്ധങ്ങൾ ജീവിതകാലം മുഴുവനും നിലനിന്നുവെന്നും വരും. അപ്പോൾ നാഡീകോശങ്ങളുടെ ഘടനാപരമായ പരിവർത്തനങ്ങൾ കൂടാതെ, മറ്റു ചില പ്രവർത്തനങ്ങൾകൂടി ഇതിനു പിന്നിലുണ്ടെന്നു വരുന്നു.
ശരീരക്രിയാപരമായ അടിസ്ഥാനം
തിരുത്തുകഒരു പ്രത്യേക ചോദനം മൂലം ഉത്തേജിപ്പിക്കപ്പെടുന്ന നാഡീകോശങ്ങളുടെ പരാവർത്തക പ്രവാഹത്തിന്റെ പ്രവർത്തനത്തിലാണ് ഹ്രസ്വകാലസ്മൃതി അധിഷ്ഠിതമായിരിക്കുന്നതെന്ന് ഇന്ന് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനംമൂലം, ചോദനം നിലച്ചിട്ടും, പ്രസ്തുത ന്യൂറോണുകൾക്ക് കുറച്ചുകാലംകൂടി ഉത്തേജിതാവസ്ഥയിൽ കഴിയാൻ സാധിക്കുന്നു. കുറച്ചുകാലത്തിനുശേഷം അതു സ്വയം ക്ഷയിച്ചുപോവുകയോ, മറ്റേതെങ്കിലും കേന്ദ്രത്തിൽ ഉടലെടുക്കുന്ന ഉത്തേജനത്തിന്റെ നിരോധകസ്വാധീനംമൂലം നിലയ്ക്കുകയോ ചെയ്യുന്നു. സ്ഥിരമായ സ്മൃതിസംഭരണത്തിന്, പരാവർത്തകപരിവാഹമുണ്ടാകുന്ന നാഡീകോശസന്ധികളിൽ ഘടനാപരമായ രൂപാന്തരമുണ്ടാവേണ്ടത് അനിവാര്യമാണ്. ജെ. ഇസഡ് യങ്ങും മറ്റുമാണ് ഈ നിഗമനം ആവിഷ്കരിച്ചിട്ടുള്ളത്.
ഹെബ്ബ്, മിൽനർ, എക്കിൾസ് തുടങ്ങിയവരും സദൃശമായ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. കേന്ദ്രനാഡീവ്യൂഹത്തിന്റെ പല കേന്ദ്രങ്ങളിലും, നാഡീകോശങ്ങൾ തികച്ചും അനിയമിതമായിട്ടാണ് ബന്ധങ്ങൾ സ്ഥാപിക്കുന്നതെന്ന് ഇവർ സിദ്ധാന്തിക്കുന്നു. ഒരു നാഡീകോശത്തിന്റെ ഉപയോഗമോ ഉത്തേജനമോ വഴി, മിനിറ്റുകളും മണിക്കൂറുകളും ദിവസങ്ങൾപോലും നിലനില്ക്കുന്ന പരാവർത്തകപരിവാഹം ഉളവാകുമത്രെ. തൊട്ടടുത്തുള്ള നാഡീപരിവാഹങ്ങളിൽ തുടർച്ചയായി ഒത്തൊരുമിച്ചുള്ള പ്രവർത്തനമുണ്ടാകുമ്പോൾ, അവ തമ്മിൽ കൂട്ടിമുട്ടുന്നിടത്തെ സന്ധികളിലെ വൈദ്യുത [ 254 ] പ്രവാഹം സുഗമമായിത്തീരുന്നു. തന്മൂലം പിന്നീട് ഇവയിലേതെങ്കിലുമുണ്ടാകുന്ന പ്രചോദനം മറ്റേതിലും ഉത്തേജനമുളവാക്കുന്നു. അപ്പോൾ, മസ്തിഷ്കത്തിൽ എന്നെങ്കിലും അടുത്തതായി മുദ്രണം ചെയ്യപ്പെട്ടിട്ടുള്ള സംഭവങ്ങളിൽ ഏതെങ്കിലുമൊന്ന് ഉത്തേജിക്കപ്പെടുമ്പോൾ മറ്റേതും സ്മൃതിപഥത്തിലെത്തുന്നു.
കോണോർസ്കിയുടെയും മറ്റും അഭിപ്രായത്തിൽ, ഒരു പ്രത്യേക പ്രചോദനം മസ്തിഷ്കത്തിൽ പ്രതിനിധീകരിക്കപ്പെടുന്നതിന് താഴെ പറയുന്ന വിഭാഗം ന്യൂറോണുകൾ പ്രവർത്തിക്കുന്നു: ചോദനത്തിന്റെ പ്രവർത്തനാരംഭത്തിൽ മാത്രം പ്രാവർത്തികമാക്കപ്പെടുന്ന ന്യൂറോണുകൾ ചോദനത്തിന്റെ ആരംഭത്തിനാവശ്യമായ കൂടുതൽ റിഫ്ളെക്സുല്പാദകശക്തിക്ക് ഇവ കാരണമാകുന്നു. ചോദനത്തിന്റെ പ്രവർത്തനസമയം മുഴുവനും പക്ഷേ, അതിനുശേഷമില്ല; പ്രാവർത്തികമാക്കപ്പെടുന്ന ന്യൂറോണുകൾ; ചോദനത്തിന്റെ പ്രവർത്തനസമയത്തു മാത്രമല്ല, പരാവർത്തക പരിവാഹം മൂലം ചോദനം അവസാനിച്ചിട്ടും കുറച്ചുകൂടി പ്രാവർത്തികമാക്കപ്പെടുന്ന ന്യൂറോണുകൾ ഇവ, ആ ചോദനത്തിന്റെ ഹ്രസ്വസ്മൃതിപഥത്തിന് അടിസ്ഥാനമിടുന്നു; ചോദനം അവസാനിച്ചതിനുശേഷം മാത്രം പ്രാവർത്തികമാക്കപ്പെടുന്ന ന്യൂറോണുകൾ - ഇവ ചോദനം നിലനില്ക്കുന്ന കാര്യത്തിൽ സജീവമായ പങ്കു വഹിക്കുന്നു. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ, ഏതെങ്കിലും ഒരു സംഭവത്തെ തുടർന്ന്, മനുഷ്യരിലും മൃഗങ്ങളിലും, അതേക്കുറിച്ചുള്ള ബോധം നിലനിൽക്കുന്ന കാലയളവ്, മസ്തിഷ്ക കോശങ്ങളിൽ ആ ചോദനപഥം ചെലുത്തിയ ശക്തിക്കനുസൃതമായിട്ടിരിക്കുന്നു.
അരിസ്റ്റോട്ടിലിന്റെ കാലം മുതൽക്കുതന്നെ, തത്ത്വചിന്തകരും ശാസ്ത്രജ്ഞന്മാരും 'ഓർമ്മയുടെ ആസ്ഥാനം' കണ്ടുപിടിക്കാനായി ഒട്ടേറെ പരികല്പനകൾ ചമച്ചിട്ടുണ്ട്. പക്ഷേ, ഇന്നു കൂടുതൽ കൂടുതൽ തെളിവുകൾ സമാഹരിക്കപ്പെട്ടതോടെ, ഓർമ്മയും പഠനവും മറ്റും കേന്ദ്രനാഡീവ്യൂഹത്തിന്റെ ഏതെങ്കിലും ചില മേഖലകളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. എന്നാലും ചില പ്രദേശങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാവീണ്യമുള്ളവയാണെന്ന കാര്യത്തിൽ സംശയത്തിനവകാശമില്ല. സെറിബ്രൽ കോർടെക്സിലെ സംയോജനത്തലത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് കോണോർസ്കിയും ഹെബ്ബും മറ്റും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുപോലെ, ഉപരികേന്ദ്രങ്ങളിലേയ്ക്ക് പ്രധാന വാർത്തകളെല്ലാം എത്തിച്ചേരുന്നത് മധ്യമസ്തിഷ്കത്തിലെ തന്തുജാലങ്ങളിലൂടെയും തലാമസിലൂടെയുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നിരുപാധികവും സോപാധികവുമായ ചോദനപഥങ്ങൾ തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെടുന്നത് കോർടെക്സിന് താഴെയാണെന്ന് ഗാസ്റ്റാട്ടും മറ്റും സിദ്ധാന്തിച്ചിട്ടുണ്ട്.
ശരീരക്രിയാപരമായ ഈ പഠനങ്ങളിലൂടെയും ദീർഘകാലസ്മരണകൾക്ക് വസ്തുനിഷ്ഠമായ വിശദീകരണം നൽകാൻ കഴിയുന്നില്ല. അതേ [ 255 ] സംബന്ധിച്ച് കൂടുതൽ തൃപ്തികരമായ പരിഹാരം കണ്ടെത്താൻ ജൈവരസതന്ത്രപരമായ സമീപനത്തിനു കഴിയുന്നുണ്ട്.
ജൈവരസതന്ത്രപരമായ അടിസ്ഥാനം
തിരുത്തുകകഴിഞ്ഞ രണ്ടു ദശകങ്ങളിലായി, ജൈവരസതന്ത്രപരമായ ഗവേഷണങ്ങളിലുണ്ടായ വമ്പിച്ച പുരോഗതിയുടെ ഫലമായി, ഡി.എൻ.എ. ആർ.എൻ.എ പ്രോട്ടീൻ പ്രവർത്തന ശ്യംഖലയുടെ ഫലമായി സ്ഥിരമായി വിവിധ സ്വഭാവങ്ങൾ മുദ്രണം ചെയ്തുവയ്ക്കുന്നതെങ്ങനെയാണെന്നും, അവയെ വിവർത്തനംചെയ്ത് തക്കസമയത്തു പ്രവർത്തിക്കുന്നതെങ്ങനെയാണെന്നും വ്യക്തമാവുകയുണ്ടായല്ലോ. മസ്തിഷ്കപ്രവർത്തനങ്ങളിലും അനുഭവങ്ങൾ മുദ്രണംചെയ്യുന്നതിൽ ഇങ്ങനെയൊരു 'എൻഗ്രാം' സങ്കല്പത്തെ അന്വേഷിച്ച് പലരും ഗവേഷണം നടത്തുകയുണ്ടായി.
പഠനവും ഓർമ്മയും, നാഡീകോശങ്ങൾക്കുള്ളിൽ നടക്കുന്ന രാസപ്രവർത്തനങ്ങളുടെ ഫലമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒട്ടേറെ സിദ്ധാന്തങ്ങൾ ആവിഷ്കൃതമായിട്ടുണ്ട്. മോണി, കാറ്റ്സ്, ഹാൾ സ്റ്റെഡ് തുടങ്ങിയവരുടെ ആദ്യകാല സിദ്ധാന്തങ്ങൾ, സവിശേഷമായ പ്രോട്ടീനുകൾ സംശ്ലേഷണം ചെയ്യുന്നതുവഴിയാണ് ഓർമ്മ രൂപംകൊള്ളുന്നതെന്ന് സമർത്ഥിക്കുകയുണ്ടായി. എന്നാൽ ഈ നിഗമനങ്ങൾ ശരിയല്ലെന്നു പിൽക്കാലത്തു തെളിഞ്ഞു.
തന്മാത്രാ നിലവാരത്തിലുള്ള മസ്തിഷ്കപ്രവർത്തനങ്ങളെക്കുറിച്ച് ആദ്യത്തെ ഗഹനമായ പഠനങ്ങൾ നടത്തിയത് സ്വീഡിഷ് നാഡീ ജൈവശാസ്ത്രജ്ഞനായ ഹോൾഗർ ഹൈഡനും കൂട്ടരുമാണ്. ഇത്തരം പഠനങ്ങൾ നടത്തുന്നതിന് സാങ്കേതികതടസ്സങ്ങളാണ് പ്രധാന പ്രശ്നം. നാഡീകോശങ്ങളെ മസ്തിഷ്കത്തിൽനിന്ന് വേർതിരിച്ചെടുക്കുക, ഓരോ ന്യൂറോണിനെയും ആവരണം ചെയ്തിട്ടുള്ള ഗ്ലിയൽ കോശങ്ങൾ നീക്കം ചെയ്യുക, ന്യൂക്ളിയസ്സിനെ കോശശരീരത്തിൽനിന്ന് വേർപെടുത്തി അവയിലെ ആർ.എൻ.എ. അളവും പ്രോട്ടീൻ-എൻസൈം പ്രവർത്തനവും മറ്റു രാസഘടകങ്ങളും നിർണ്ണയിക്കുക തുടങ്ങിയവയ്ക്കുള്ള സൂക്ഷ്മ സാങ്കേതിക വിദ്യകൾ അവർക്കാവിഷ്ക്കരിക്കേണ്ടതുണ്ടായിരുന്നു.
1960 ഓടുകൂടി ഹൈഡനും കൂട്ടരും വിജയിക്കുകയും അത്ഭുതാവഹമായ ചില വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരികയുമുണ്ടായി. മുയലുകൾ, എലികൾ തുടങ്ങിയ മൃഗങ്ങൾ പരീക്ഷണവിധേയമായി. അവയെ ഏതെങ്കിലും ഒരു പുതിയ അനുഭവത്തിന് വിധേയമാക്കുകയും ഉടനടി കൊലപ്പെടുത്തി ന്യൂറോണുകൾ വിശ്ലേഷണം ചെയ്യുകയുമാണുണ്ടായത്. ഏതെങ്കിലും തരത്തിലുള്ള പ്രചോദനമുണ്ടാവുകയാണെങ്കിൽ, അതു ന്യൂറോണിലെ ആർ.എൻ.എ. ഉല്പാദനവും തദനന്തരമുള്ള പ്രോട്ടീൻ നിർമ്മിതിയും വർദ്ധിപ്പിക്കുന്നതായി തെളിഞ്ഞു. മാത്രമല്ല, ന്യൂറോണിന്റെ ആർ.എൻ.എ. പ്രവർത്തനം വർദ്ധിച്ചതോടെ, ഗ്ലിയൽ സെല്ലുകളുടേത് കുറയുകയും ചെയ്തു. [ 256 ] അപ്പോൾ ആദ്യം കരുതിയിരുന്നതുപോലെ, ഗ്ലിയൽ സെല്ലുകൾ വെറും ആവരണകോശങ്ങൾ മാത്രമല്ലെന്ന് വ്യക്തമായി. ന്യൂറോൺ പ്രവർത്തനം ഉച്ചകോടിയിലെത്തുമ്പോൾ അതിന്റെ ഉത്തേജിതപ്രവർത്തനം നിലനിർത്തുന്നതിനാവശ്യമായ ആർ.എൻ.എ. യും ഊർജദായക സംയുക്തങ്ങളും പ്രദാനം ചെയ്യുന്നതു ഗ്ലിയൽ സെല്ലുകളാണ്. നാഡി ശാന്തമാകുമ്പോൾ ഈ ഗ്ലിയൽസെല്ലുകൾ ആർ.എൻ.എ. വീണ്ടും സംഭരിച്ചുവയ്ക്കുന്നു.
ഈ പരീക്ഷണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. മസ്തിഷ്കം പ്രചോദിക്കപ്പെടുമ്പോൾ ആർ.എൻ.എ. ഉല്പാദനം വർദ്ധിക്കുന്നു എന്നു മാത്രമല്ല, ഈ ആർ.എൻ.എ യിലെ ഒരു ചെറുവിഭാഗം അതിന്റെ ബേസ്ക്രമത്തിൽ അഥവാ രാസഘടനയിൽ പ്രചോദിക്കപ്പെടാത്ത മൃഗങ്ങളുടേതിൽ നിന്നു വ്യത്യാസമുള്ളവയും കൂടിയാണ്. പുതുതായി ആർജിച്ച സ്വഭാവം ഈ വ്യതിരിക്ത ആർ.എൻ.എ. തന്മാത്രകളിലാണ് മുദ്രണം ചെയ്യപ്പെട്ടിട്ടുള്ളതെന്നു കരുതാവുന്നതാണ്. ഒരു സ്വഭാവം പഠിക്കുന്ന പ്രക്രിയയിൽ ആദ്യഘട്ടത്തിലെയും അനന്തരഘട്ടത്തിലേയും ആർ.എൻ.എ യിലെ ബേസ് ക്രമത്തിനു പോലും പ്രകടമായ അന്തരമുണ്ടായിരുന്നുവെന്നു തെളിഞ്ഞു.
ചുരുക്കത്തിൽ ഹൈഡൻ ആവിഷ്കരിച്ച സിദ്ധാന്തമനുസരിച്ച് പുതിയ അനുഭവങ്ങളാർജിക്കുമ്പോൾ പരിവർത്തനപ്പെടുത്തപ്പെട്ട നാഡീസ്പന്ദനങ്ങൾ ന്യൂറോണിലും അതിന്റെ ഗ്ലിയൽ സെല്ലുകളിലും ഉള്ള ആർ.എൻ.എ. തന്മാത്രകളിലെ ബേസ് അനുക്രമത്തെ പരിവർത്തനപ്പെടുത്തുന്നു. ഈ പുതിയ ആർ.എൻ.എ. തന്മാത്രകൾ പുതിയ പ്രോട്ടീൻ തന്മാത്രകളെ നിർമ്മിക്കും. ഈ പുതിയ പ്രോട്ടീന്, ആർ.എൻ.എ-യിൽ മാറ്റമുളവാക്കിയ അതേ തോതിലുള്ള നാഡീസ്പന്ദനമുണ്ടാകുമ്പോൾ പ്രതികരണമുളവാക്കാൻ കഴിയും.അതേ വൈദ്യുതസ്പന്ദനങ്ങൾ വീണ്ടുമുണ്ടാകുമ്പോൾ ഈ പുതിയ പ്രോട്ടീനുകൾ വേർപെടുകയും, നാഡീകോശസന്ധി സ്ഥാനത്ത് പ്രേക്ഷകവസ്തുക്കളെ വൻതോതിൽ മോചിപ്പിക്കുകയും ചെയ്യുന്നു. ഇതു വഴി ഈ സന്ധികളിലൂടെ നാഡീസ്പന്ദനം തൊട്ടടുത്തുള്ള നാഡീകോശങ്ങളിലേയ്ക്കു പകർത്തപ്പെടുന്നു. ഇങ്ങനെ ഓരോ നാഡീകോശത്തിലും പ്രത്യേക ഘടനയിലുള്ള ആർ.എൻ.എ. തന്മാത്രകൾ സൃഷ്ടിക്കപ്പെടുന്നതുവഴി വ്യത്യസ്ത ചോദനങ്ങളോട് വ്യത്യസ്തരീതിയിലുള്ള പ്രതികരണമാണ് അത് ഉളവാക്കുക. ഇങ്ങനെ ഓരോ നാഡീകോശത്തിനും ഒട്ടേറെ വാർത്താശകലങ്ങളെ ശേഖരിച്ചു വയ്ക്കാൻ കഴിയുന്നു. ഇങ്ങനെ ജൈവസ്വഭാവങ്ങളെപ്പോലെതന്നെ മാനസികസ്വഭാവങ്ങളും ജൈവരാസവസ്തുക്കളിലാണ് സമാഹരിക്കപ്പെട്ടിട്ടുള്ളതെന്നു കരുതാൻ ന്യായമുണ്ട്.
ഹൈഡൻ ഈ സിദ്ധാന്തം ആവിഷ്കരിച്ചതോടെ ഈ ദിശയിലുള്ള ഗവേഷണങ്ങൾ ഊർജസ്വലമായി നടക്കാൻ തുടങ്ങി. ഇതിനെതിരായും അനുകൂലമായും ഉള്ള ഒട്ടുവളരെ തെളിവുകൾ പിൽക്കാലത്തു സമാഹരിക്കപ്പെട്ടിട്ടുണ്ട്. മിഷിഗൻ സർവകലാശാലയിലെ ജെയിംസ് വി.മാക്കോണൽ [ 257 ] റാടപ്പുഴുവായ പ്ലാനേറിയയിൽ നടത്തിയ പരീക്ഷണങ്ങൾ സ്മൃതിതന്മാത്രകൾ ആർ.എൻ.എ. തന്നെയാണെന്നു സൂചിപ്പിക്കുകയുണ്ടായി.
ഹൈഡന്റെ സിദ്ധാന്തത്തെത്തുടർന്ന് ഗിയാട്ടോ മറ്റൊരു സിദ്ധാന്തമാവിഷ്കരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആർ.എൻ.എ. അല്ല, ഡി.എൻ.എ. ആണ് ഓർമ്മകൾ ശേഖരിച്ചുവെയ്ക്കുന്ന രാസവസ്തു. ഡി.എൻ.എ. യുടെ ബേസ് അനുകമത്തിൽ ന്യൂക്ളിയോടൈഡുകളുടെ കൂട്ടലോ കുറയ്ക്കലോ മറ്റോ വഴി വ്യത്യാസമുണ്ടാകുന്നതാണ് വാർത്തകൾ മുദ്രണം ചെയ്യുന്നതിനടിസ്ഥാനമായി വർത്തിക്കുന്നത്. എന്നാൽ ഈ സിദ്ധാന്തത്തിനു അനുകൂലമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ബ്രിഗ്സും കിറ്റോവും ചേർന്നു നടത്തിയ പഠനങ്ങളുടെ ഫലമായി ആർ.എൻ.എ-യും ഡി.എൻ.എ-യും സ്മൃതി തന്മാത്രകളാവാനിടയില്ലെന്നു സ്ഥാപിക്കുന്ന ഒട്ടേറെ വാദമുഖങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആർ.എൻ.എ-യുടെ ഘടനയെ നിർണ്ണയിക്കുന്നതു ഡി.എൻ.എ-യാണ്. അതിന്റെ ബേസ്-അനുക്രമത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ വൈദ്യുത സ്പന്ദനങ്ങൾക്ക് കഴിയുകയില്ല. മാത്രമല്ല, ആർ.എൻ.എ-യുടെ ഘടനയിൽ വ്യത്യാസമുണ്ടായാൽ അതു പുതിയ പ്രോട്ടീനുകളെ നിർമ്മിക്കുക വഴി, കോശത്തിന്റെ സാധാരണ ഗതിയിലുള്ള പ്രവർത്തനങ്ങൾ താറുമാറാക്കുകയും അതിന്റെ നാശത്തിലേയ്ക്കു വഴിവെക്കുകയും ചെയ്യും. തന്മൂലം ആർ.എൻ.എ-യും ഡി.എൻ.എ-യും സ്മൃതി തന്മാത്രകളാണെന്നു കണക്കാക്കാൻ കഴികയില്ലെന്ന് ഇവർ സിദ്ധാന്തിക്കുന്നു.
ബ്രിഗ്സും കിറ്റോവും ചേർന്ന് മറ്റൊരു സിദ്ധാന്തമാവിഷ്കരിച്ചിട്ടുണ്ട്. അതിൻപ്രകാരം നാഡീകോശങ്ങളിൽ പ്രത്യേക എൻസൈമുകൾ കേന്ദ്രീകരിക്കുന്ന പ്രക്രിയയാണ് ഓർമ്മയുമായി ബന്ധപ്പെട്ടിരിക്കുന്നത്. നാഡീസ്പന്ദനങ്ങൾ സന്ധികൾ വഴി കടന്നുപോകുന്നത് രാസപ്രേഷകവസ്തുക്കളുടെ ഉൽപാദനത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു നിശ്ചിതപരിധിയിലുള്ള പ്രേഷകവസ്തുക്കൾ ഉൽപാദിപ്പിക്കപ്പെട്ടാൽ മാത്രമേ ഒരു നിശ്ചിതസ്പന്ദനത്തിനു നാഡീകോശസന്ധിയെ തരണംചെയ്ത് അടുത്ത കോശത്തിലേയ്ക്കു കടക്കാൻ കഴിയൂ. ഓരോ കോശത്തിലും നിലവിലുള്ള എൻസൈം വ്യവസ്ഥയാണ് പ്രേഷകവസ്തുവിന്റെ നിർമ്മിതിയെ നിയന്ത്രിക്കുന്നത്. ആവശ്യമായ പോഷകവസ്തുവിനെ നിർമ്മിക്കാനുള്ള എൻസൈം വ്യവസ്ഥ നാഡീകോശങ്ങളിലുണ്ടെങ്കിൽ ആവർത്തിച്ചുള്ള പ്രചോദനംവഴി പ്രേഷകവസ്തു കൂടുതലായി ഉല്പാദിപ്പിക്കപ്പെടുകയും നാഡീസ്പന്ദനം സുഗമമായി സന്ധികൾ വഴി കടന്നുപോകുകയും ചെയ്യുന്നു. ഈ സിദ്ധാന്തപ്രകാരം ഏതെങ്കിലും നാഡീകോശം പ്രത്യേക വാർത്തകൾ ശേഖരിച്ചുവെയ്ക്കുന്നില്ല; മറിച്ച് തുടർച്ചയായുള്ള നാഡീകോശങ്ങളുടെ ഉത്തേജനം സുഗമമാക്കുക വഴിയാണ് വാർത്തകൾ മസ്തിഷ്കത്തിലെ വിവിധ നാഡീകോശസരണികളിൽ മുദ്രണം ചെയ്യപ്പെടുന്നത്. [ 258 ] മുകളിൽ വിവരിച്ച സിദ്ധാന്തങ്ങളിൽ ഏതാണ് തികച്ചും ശരി എന്ന് ഇനിയും തീർത്തുപറയാറായിട്ടില്ല. അതി വിദൂരഭാവിയിൽ ഈ പ്രശ്നങ്ങൾക്കു വ്യക്തമായ ഒരുത്തരം കണ്ടെത്താൻ കഴിയുമെന്നു പ്രതീക്ഷിക്കാം. ഏതായാലും ഈ ജൈവരാസപ്രവർത്തനങ്ങൾ ദീർഘകാല സ്മൃതികളെ നിയതമായ രീതിയിൽ മുദ്രണം ചെയ്യുന്നതിനുള്ള ഒരു ഭൗതികോപാധിയായിരിക്കാമെന്നു കരുതാൻ ന്യായമുണ്ട്. എന്നാൽ താൽക്കാലികവും ഹ്രസ്വകാലവുമായ ഓർമ്മകളെ മുദ്രണം ചെയ്യുന്നതിൽ ശരീരക്രിയാപരമായ പരിവർത്തനങ്ങൾക്കാണു പ്രാമുഖ്യം.
വാക്കുകൾ, വാചകങ്ങൾ
തിരുത്തുകഇതുവരെ വിവരിച്ച പ്രക്രിയകളെല്ലാം മനുഷ്യന്റെയും മറ്റു ജന്തുക്കളുടെയും മസ്തിഷ്കങ്ങളിലെല്ലാം ഒരുപോലെ നടക്കുന്ന പ്രവർത്തനങ്ങളാണ്. എന്നാൽ മറ്റൊരു ജന്തുക്കൾക്കുമില്ലാത്ത ചില സവിശേഷതകൾ മനുഷ്യന്റെ മാനസിക പ്രവർത്തനങ്ങൾക്കുണ്ട്. ഇതേക്കുറിച്ചു റഷ്യൻ ശാസ്ത്രജ്ഞനനായ ഐ.പി. പാവ്‍ലോവ് ആവിഷ്കരിച്ച ഒരു സിദ്ധാന്തം ഇവിടെ പ്രതിപാദിക്കാം. ശരീരക്രിയാപരമായ നിഗമനങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പാവ്‍ലോവ് മനുഷ്യനും മറ്റു മൃഗങ്ങൾക്കും പൊതുവായിട്ടുള്ള ഇന്ദ്രിയബോധപരമായ പ്രവർത്തനവ്യവസ്ഥയ്ക്കു പ്രഥമസിഗ്നൽ വ്യവഥയെന്നു പേരിട്ടു. എന്നാൽ മനുഷ്യനിൽ ഈ പ്രഥമസിഗ്നൽ വ്യവസ്ഥയ്ക്ക് ഉപരിയായി മറ്റൊരു സിഗ്നൽ വ്യവസ്ഥകൂടി പ്രവർത്തിക്കുന്നുണ്ട്. ഇന്ദ്രിയങ്ങൾ വഴി വന്നുചേരുന്ന വാർത്തകളെ ഭാഷയുപയോഗിച്ച് സാമാന്യവൽക്കരിക്കാനും ആ വിധത്തിൽ മസ്തിഷ്കത്തിൽ സമാഹരിക്കാനും മനുഷ്യനു കഴിയുന്നു; തന്മൂലം ഭാഷ 'സിഗ്നലുകളുടെ സിഗ്നൽ' ആയി തീർന്നിരിക്കുന്നു. മനുഷ്യന്റെ മാത്രം പ്രത്യേകതയായ ഈ ഭാഷാപരമായ സിഗ്നൽ വ്യവസ്ഥയ്ക്കു പാവ്‍ലോവ് നൽകിയ പേരാണ് ദ്വിതീയ സിഗ്നൽ വ്യവസ്ഥ.
പ്രഥമ സിഗ്നൽ വ്യവസ്ഥ സമാർജിക്കുന്ന വാർത്തകളെ അഥവാ സിഗ്നലുകളെ ഭാഷാപദങ്ങളുപയോഗിച്ചുകൊണ്ട് സാമാന്യവൽക്കരിക്കുന്ന പ്രക്രിയ മനുഷ്യമസ്തിഷ്കത്തിൽ മാത്രമാണു നടക്കുന്നത്. ഓരോ മനുഷ്യനും വളർന്നുവരുന്ന കാലഘട്ടങ്ങളിൽ പ്രഥമ സിഗ്നൽ വ്യവസ്ഥയിൽ ശേഖരിക്കപ്പെടുന്ന വാർത്തകളെ മസ്തിഷ്കത്തിലെ സംസാരകേന്ദ്രം സ്വായത്തമാക്കുന്ന പദങ്ങളുമായി ബന്ധപ്പെടുത്താൻ പരിശീലിക്കുന്നു. ഉദാഹരണത്തിന് ഒരു ശിശു 'അമ്മ' എന്ന പദം ഉച്ചരിക്കാൻ പഠിക്കുമ്പോൾ മസ്തിഷ്കത്തിലെ സംസാരകേന്ദ്രം സ്വായത്തമാക്കിയ റിഫ്ളെക്സുകളുടെ ബന്ധങ്ങളുമായി ഇതര ഇന്ദ്രിയങ്ങൾ വഴി അമ്മയിൽ നിന്നു ലഭിക്കുന്ന ദർശനപരവും ശ്രവണപരവും സ്പർശനപരവും മറ്റുമായ സിഗ്നലുകളെ ബന്ധിപ്പിക്കാൻ പരിശീലിക്കുന്നു. ഇങ്ങനെ ഒരു പദം പഠിക്കുമ്പോൾ ആ പദവുമായി ബന്ധപ്പെട്ട വിവിധ ഇന്ദ്രിയബോധപരമായ വാർത്തകളെ വിവിധ മസ്തിഷ്കകേന്ദ്രങ്ങളിലായി ബന്ധപ്പെടുത്തുകയാണു ചെയ്യുന്നത്. [ 259 ] ഇവയെല്ലാം തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നത് പല തവണത്തെ ആവർത്തനം വഴിയാണ്. ഈ ബന്ധങ്ങൾ സുസ്ഥാപിതമായിക്കഴിഞ്ഞാൽ ആ വസ്തുവിൽനിന്ന് അല്ലെങ്കിൽ സംഭവത്തിൽനിന്ന് ഏതെങ്കിലും ഒരു ഇന്ദ്രിയത്തെ ഉത്തേജിപ്പിക്കുന്ന പ്രചോദനമുണ്ടായാൽ അതു മസ്തിഷ്കത്തിലെ ബന്ധപ്പെട്ട മറ്റെല്ലാ കേന്ദ്രങ്ങളെയും ഉത്തേജിപ്പിക്കുകയും അതിന്റെ മറ്റെല്ലാ ഗുണങ്ങളും സ്മൃതിപഥത്തിൽ തെളിയുകയും ചെയ്യുന്നു. 'അമ്മ' എന്ന പദം പഠിച്ചുകഴിഞ്ഞാൽ പിന്നീട് ആ പദം കേൾക്കാനിടയാവുമ്പോൾ പ്രസ്തുത വ്യക്തിയുടെ ദർശനപരവും മറ്റുമായ രൂപം മസ്തിഷ്കത്തിൽ ഉത്തേജിപ്പിക്കപ്പെടും. ഇതുപോലെ സംസാര കേന്ദ്രം സ്വായത്തമാക്കുന്ന ഓരോ പദത്തോടും അതാതു പദവുമായി ബന്ധപ്പെട്ട ബാഹ്യവസ്തുവിൽനിന്ന് അഥവാ സംഭവത്തിൽ നിന്ന് ഉള്ള സിഗ്നലുകളെ ബന്ധപ്പെടുത്തിക്കൊണ്ടാണ് നാം ഭാഷ കൈകാര്യം ചെയ്യാൻ പഠിക്കുന്നത്.
ഭാഷ തികച്ചും സാമൂഹ്യമായ ഒരു പ്രതിഭാസമാണ്. മനുഷ്യന്റെ സാമൂഹ്യജീവിതമാണ് ഭാഷയുടെ ആവിർഭാവത്തിന് വഴിതെളിച്ചത്. അതേസമയം, ഭാഷയാണ് ആധുനിക മനുഷ്യന്റെ സ്രഷ്ടാവ്. ഇന്ദ്രിയദ്വാര സ്വായത്തമാകുന്ന, പരിതഃസ്ഥിതിയിലുള്ള വിവിധ പ്രതിഭാസങ്ങളെയെല്ലാം ഭാഷാപദങ്ങളുപയോഗിച്ച് പ്രതീകവല്ക്കരിക്കാൻ കഴിയുന്നതു വഴി, വിവിധ പ്രതിഭാസങ്ങളുമായി നേരിട്ടുള്ള ബന്ധം നിലനിർത്താതെ തന്നെ അവയെക്കുറിച്ചുള്ള സ്മരണ നിലനിർത്താൻ കഴിയുന്നു. അതുമൂലം ഇത്തരത്തിലുള്ള വിവിധ വസ്തുക്കളെക്കുറിച്ചുള്ള സ്മരണകൾ തമ്മിൽ ബന്ധിപ്പിക്കാനും നമുക്ക് കഴിയുന്നു. ഇത്തരം പ്രക്രിയകളെയാണ് നാം ചിന്ത, ഭാവന എന്നെല്ലാം വിളിക്കുന്നത്. ചിന്തയും ഭാവനയുമെല്ലാം തന്നെ ഭാഷയുടെ മാധ്യമത്തിലൂടെയാണ് നടക്കുന്നത്. നാം എല്ലായ്പോഴും ചിന്തിക്കുന്നത്, ഭാഷയിലൂടെയാണ്. ഒന്നിനെക്കുറിച്ചും വാക്കുകളിലൂടെയല്ലാതെ ചിന്തിക്കാൻ നമുക്കു സാദ്ധ്യമല്ല.
ജനനം മുതൽ, നാമിടപഴകാനിടയാവുന്ന എല്ലാ സംഭവങ്ങളും മസ്തിഷ്കത്തിൽ മുദ്രണം ചെയ്യപ്പെടുന്നു. വളർന്നുവരുംതോറും ഭാഷാപദങ്ങളുപയോഗിച്ച് പ്രഥമ സിഗ്നൽ വ്യവസ്ഥയിലെ വാർത്തകളെ ദ്വിതീയ സിഗ്നൽ വ്യവസ്ഥയിലേയ്ക്ക് വീണ്ടും നാം 'കോഡ്' ചെയ്യുന്നു. ഇതെല്ലാം തന്നെ മസ്തിഷ്കത്തിലെ കോടിക്കണക്കിനു കോശങ്ങളിലായി സമാഹരിക്കപ്പെട്ടിരിക്കുന്നു. ഈ വാർത്തകൾ തമ്മിൽ അഥവാ അവയെ ഉൾക്കൊള്ളുന്ന നാഡീകോശങ്ങൾ തമ്മിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയുമ്പോൾ പുതിയ ആശയങ്ങൾ രൂപം കൊള്ളുന്നു. എല്ലാ തരത്തിലുള്ള സർഗ്ഗാത്മകതയുടെയും ഭാവനയുടെയും ക്രിയാത്മകചിന്തയുടെയും അടിസ്ഥാനം, മസ്തിഷ്കകോശങ്ങൾ തമ്മിൽ പുതിയ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനുള്ള കഴിവ് ആണ്. ഈ കഴിവ് വിവിധ വ്യക്തികളിൽ വ്യത്യസ്തരീതിയിലായിരിക്കും. മസ്തിഷ്ക കോശങ്ങളുടെ മൗലിക [ 260 ] പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് പാരമ്പര്യഘടകങ്ങളായതിനാൽ, പുതിയ പുതിയ നാഡീകോശബന്ധങ്ങൾ രൂപീകരിക്കാനുള്ള മസ്തിഷ്കത്തിൻറ കഴിവും ഒരു പരിധിവരെ അവയുടെ നിയന്ത്രണത്തിലായിരിക്കും. വ്യക്തിത്വങ്ങൾ തമ്മിലുള്ള വൈവിധ്യത്തിനും നിദാനമിതുതന്നെയാണ്. ഇതിൽ നിന്നും, വാക്കുകളും വാചകങ്ങളും മനുഷ്യന്റെ ഉയർന്ന മാനസിക പ്രവർത്തനങ്ങളിലും, അതുവഴി മനുഷ്യവംശത്തിന്റെ തന്നെ പരിണാമത്തിലും വഹിച്ചിട്ടുള്ള സുപ്രധാന പങ്കു വ്യക്തമാണല്ലോ.