യോസേഫ് യാക്കോബി
Knobloch (1888)

[ 3 ] Rev. JOSEPH JACOBY.

യോസേഫ് യാക്കോബി എന്ന സ്വദേശബോധകന്റെ

ജീവചരിത്രം.

Communicated by Rev. J. Knobloch.

"കൎത്താവു സകലവും നന്നായി ചെയ്തു"
എന്നുള്ള വിസ്മയശബ്ദത്തോടേ ഞങ്ങൾ ഈ കഴിഞ്ഞ ജൂലായി
മാസം ൨൫-ാം ൹ വൈകുന്നേരം ബാസൽമിശ്ശനോടു ചേൎന്നു ദീൎഘകാ
ലത്തോളം വിശ്വസ്തശുശ്രൂഷക്കാരനാായ യോസേഫ് യാക്കോബി എന്ന
ബോധകൻ വടകരയിൽനിന്നു നിദ്രപ്രാപിച്ചതിനെക്കുറിച്ചുള്ള കമ്പി
വാൎത്തയെ വായിച്ചു. വായനക്കാരിലും പലൎക്കും ആ വാൎത്ത കേൾ
ക്കുംസമയം ഇവ്വിധം പറവാൻ സംഗതിയായി എന്നു വിചാരിക്കുന്നു.
എന്തെന്നാൽ മൂന്നര വൎഷമായി കഠിനരോഗത്താൽ വലഞ്ഞും ബാധിക്ക
പ്പെട്ടും ഇരുന്ന സഹോദരന്നു ഇത്ര കൃപാഭിഷിക്തനായി മരണതാഴ്വരയി
ലേക്കു പ്രവേശിപ്പാനും ജയം കൊള്ളുവാനും മൺപാത്രമായ രോഗശരീര
ത്തിൽ അനുഭവിച്ച ദുഃഖാദിവേദനകളിൽനിന്നു അന്തമില്ലാത്ത സുഖാ
നുഭോഗത്തിൽ ചേരുവാനും കരുണയുള്ള ദൈവം കൃപ നല്കിയതിനാൽ
ഈ മരണസംഭവം ഹേതുവായി ദുഃഖിതരായി നില്ക്കുന്ന കുഡുംബക്കാരും
മറ്റനേകരും കൂടേ ഇരട്ട ആശ്വാസവും അനുഭവിക്കുന്നവരായി ജയവീര
നായ കൎത്താവിനെ സന്തോഷത്തോടു കൂടേ സ്തോത്രം ചെയ്യുന്നതു ന്യായം
തന്നേയല്ലോ.

എന്നാൽ തന്റെ ഓട്ടത്തെ തികെച്ച ഈ സഹോദരന്റെ ജീവചരി
ത്രത്തിൽനിന്നു കേരളോപകാരിപത്രാധിപരുടെ ക്ഷണനപ്രകാരം കുറ
ഞ്ഞൊരു വിവരം വായനക്കാരുടെ മുമ്പിൽ വെപ്പാൻ പോകുമ്പോൾ
"തന്നെ കുറിച്ചു നല്ലതൊന്നും പറവാനില്ല പറകയുമരുതു" എന്ന താഴ്മ
യുള്ള വാക്കു കഴിയുന്നേടത്തോളം പ്രമാണിക്കേണ്ടുന്നതാകുന്നതിൽ ബോ
ധകൻ താൻ തന്നേ എഴുതുകയും ചില സ്നേഹിതരുടെ കൈകളിൽനിന്നു
കിട്ടുകയും ചെയ്തതിനെ താഴേ പ്രസിദ്ധപ്പെടുത്തുന്നതേയുള്ളൂ.
[ 4 ] യോസേഫ് യാക്കോബി മദ്രാസ് സംസ്ഥാനത്തിൽ ഉൾപ്പെട്ട നെല്ലൂർ
ജില്ലയിലേ പ്രധാനപട്ടണമായ നെല്ലൂരിൽവെച്ചു ൧൮൨൮-ാം വൎഷത്തി
ലേ നവമ്പർ മാസത്തിൽ ജനിച്ചു. അമ്മയച്ഛന്മാർ സമ്പത്തും മഹ
ത്തും ഇല്ലാത്തവരായിരുന്നു എങ്കിലും ദൈവം അവൎക്കു നാലു ആൺമക്ക
ളെയും നാലു പെൺമക്കളെയും കൊടുത്തു; ഇവരിൽ യോസേഫ് രണ്ടാ
മവൻ ആയിരുന്നു. പിതാക്കൾ ഹിന്തുമതപ്രകാരം ഭക്തരായി നടന്നതു
കൂടാതെ തങ്ങളുടെ മക്കളെ യാതൊരു വേണ്ടാസനത്തിന്നും വിടാതെ ചെ
റുപ്പത്തിൽ തന്നേ എഴുത്തുപള്ളിയിൽ അയക്കയും അവർ അനുസരണം
അച്ചടക്കം വിനയം മുതലായ സുഗുണങ്ങളിൽ മുതിൎന്നു വരുമാറു തങ്ങ
ളാൽ ആകുന്ന പ്രയത്നം ചെയ്തൊഴികേ അവരെ തക്കവണ്ണം നോക്കി
രക്ഷിക്കയും ചെയ്യേണമെന്നു വളരേ താല്പര്യപ്പെട്ടു. ഇങ്ങിനേ ഇരിക്കു
മ്പോൾ യോസേഫിന്റെ അച്ഛൻ പണി എടുത്തുവരുന്ന സത്യദൈവ
ഭക്തനായ ഒരു ഇംഗ്ലിഷ് വൈദ്യന്റെ (Dr. J. Simm) ഉപദേശത്താലും
ദൈവവചനവായനയാലും അച്ഛൻ ക്രിസ്തീയവേദത്തിൽ ചേരേണം
എന്നു മനസ്സായി മൂത്തമകനുമായി തിരുസ്നാനം ഏല്ക്കയും ചെയ്തു.
൧൮൩൪-ാമതിൽ ആ സായ്പിന്നു മാറ്റമുണ്ടാകുമ്പോൾ പതിനാലു സംവ
ത്സരത്തോളം തന്നെ സേവിച്ച വിശ്വസ്തപണിക്കാരനെ കൂട്ടിക്കൊണ്ടു പോ
കേണം എന്നു വെച്ചു അവനെയും ഭാൎയ്യമക്കളെയും മദ്രാസിലേക്കു കൊ
ണ്ടുവന്നു. അവിടത്തുള്ള താമസം അല്പം മാത്രം ആയിരുന്നു. പിന്നേ
കണ്ണൂരിലേക്കു മാറ്റമായപ്പോൾ സായ്പു യോസേഫിന്റെ അപ്പനെയും
ജ്യേഷ്ഠനെയും (John) കപ്പൽവഴിയായി കൊണ്ടുപോകയും അമ്മയും മറ്റു
ള്ള മൂന്നു മക്കളും കരവഴിയായി കണ്ണൂരിൽ എത്തുകയും ചെയ്തു. എന്നാൽ
ആയവർ വന്ന കപ്പലിലേ കപ്പിത്താൻ ജ്യേഷ്ഠനായ ജോനിൽ (John) വ
ളരേ പ്രീതിവെച്ചു മേല്പറഞ്ഞ വൈദ്യൻ സായ്പും ഇവനെ ഇംഗ്ലാണ്ടിലേ
ക്കു അയച്ചു പഠിപ്പിക്കേണം എന്നു താല്പൎയ്യപ്പെടുകയാൽ അവർ രണ്ടുപേർ
ഒത്തുവന്നു അച്ഛന്റെ സമ്മതം വാങ്ങി, ഇങ്ങിനേ ജോൺ ആ കപ്പലിൽ
തന്നേ വിലാത്തിക്കു യാത്രയായിപ്പോയി. എന്നാൽ അമ്മയും മറ്റുള്ള കു
ട്ടികളോടു കൂടേ കണ്ണൂരിൽ എത്തിയപ്പോൾ മൂത്തമകനെ കാണാഞ്ഞതി
നാൽ ദുഃഖിച്ചുംകൊണ്ടു നാലു മാസത്തോളം ദീനമായി കിടന്നു മരണ
ത്തിന്നും കൂടേ അടുത്തിരുന്നു പോൽ. എന്നാൽ ആ സമയത്തു തന്നേ
യജമാനനായ സായ്പും കണ്ണൂരിലേ ഇംഗ്ലീഷ് പാതിരിസായ്പും കൂടേ അമ്മ
യെ ചെന്നു കണ്ടു വളരേ സ്നേഹത്തോടേ ആത്മരക്ഷയെ പറ്റി സംസാ
രിക്കയും കൎത്താവിൽ വിശ്വസിച്ചാൽ മകനെ തൊട്ടുള്ള ദുഃഖവും വേദന
യും മാറും എന്നു ഖണ്ഡിച്ചു പറകയും ചെയ്തു; ഇതെല്ലാം കേട്ടിട്ടു അമ്മ:
"ദൈവം എന്റെ മകനെ സുഖമായി എനിക്കു വീണ്ടും തന്നാൽ ഞാനും
[ 5 ] ശേഷം കുട്ടികളും സ്നാനം ഏല്ക്കും" എന്നു പറഞ്ഞെങ്കിലും തനിക്കു ശരീ
രസുഖം വരുന്നുണ്ടെന്നു കണ്ടപ്പോൾ തന്നേ സ്നാനത്തിന്നായിട്ടു ചോ
ദിച്ചു. ഇങ്ങിനേ അമ്മയും ഏഴു വയസ്സുള്ള യോസേഫും മറ്റു രണ്ടു കുട്ടി
കളും സ്ത്രീറ്റ എന്ന ഇംഗ്ലിഷ് പാതിരിസായ്പിന്റെ (Rev. J. Street) കൈ
യാൽ സ്നാനപ്പെട്ടു. ഇതു ൧൮൩൫-ാമതിൽ ആയിരുന്നതു.

എന്നാൽ ആ സമയത്തു കണ്ണൂരിലേ നാലഞ്ചു ക്രിസ്തീയകുഡുംബ
ങ്ങൾ ഇടയൻ ഇല്ലാത്ത ആടുകൾ എന്ന പോലേ ആയിരുന്നു. അവരെ
നോക്കുവാനാകട്ടേ മേയ്പാനാകട്ടേ മിശ്ശനരിയും ഉപദേശിയും ഗുരുനാഥ
നും ഇല്ല. അന്നേരം അവിടത്തുണ്ടായിരുന്ന ഇംഗ്ലിഷ് പാതിരി ചെറു
ആട്ടിങ്കൂട്ടത്തെ തനിക്കു കഴിയും പ്രകാരം തുണെച്ചിരുന്നാലും സഭക്കാർ
ഞായറാഴ്ചതോറും നമ്മുടെ പഴയ മിശ്ശൻപള്ളി ഉണ്ടായിരുന്ന സ്ഥല
ത്തിൽ സ്ഥാപിച്ചിരുന്ന എഴുത്തുപള്ളിയിൽ (Garrison School) കൂടി ചേ
ൎന്നു വായാന അറിയുന്ന ഒർ ആൾ ആരാധന നടത്തേണ്ടിവന്നു. എ
ന്നാൽ ചെറുസഭയിൽ ആത്മികജീവൻ കുറഞ്ഞു ലൌകിക ആഡംബ
രങ്ങൾ ഏറിപ്പോകയും ചെയ്തു. എങ്കിലും കൎത്താവു ഈ സങ്കടമുള്ള
സ്ഥിതിയെ ദയയോടേ ഓൎത്തു എന്നതു പിന്നേത്തതിൽ കാണും. അന്നു
എട്ടൊമ്പതു വയസ്സായ യോസേഫ് ഇംഗ്ലിഷ് പാതിരിസായ്പിന്റെ വി
ചാരണയിലുള്ള ഒരു അജ്ഞാന തമിഴുപാഠശാലയിൽ ഒമ്പതു മാസ
ത്തോളം പഠിച്ചു തമിഴുഭാഷാവായന വശാക്കുകയും ചെയ്തു. എന്നാൽ
ആ ശാലയിലേ ക്രമാദികളെ ഓൎത്താൽ സങ്കടം തന്നേ. അതിലേ ഗുരു
നാഥൻ ഒരു ദിവസം: "ഇവിടേ വരുന്ന കുട്ടികൾ എല്ലാവരും ഭസ്മം
തൊട്ടു വരേണം, ഇല്ലാഞ്ഞാൽ നൂറു ഏത്തവും ഇരുപത്തഞ്ചടിയും ഉണ്ടാ
കും" എന്നു കല്പിക്കകൊണ്ടു ചെറിയ യോസേഫ് ശാല വിട്ടു ചില മാസ
ങ്ങളുടെ ശേഷം ഇഞ്ചിനീയർസായ്പു (Law) തന്റെ ബങ്കളാവിന്നു അരികേ
സ്ഥാപിച്ച തമിഴു സ്ക്കൂളിൽ തന്റെ അനുജനോടു കൂടേ (David) ചേൎന്നു.
ഈ എഴുത്തുപള്ളിയിൽ പഠിപ്പിക്കുന്ന ഗുരുനാഥനോ പിന്നേത്തതിൽ അ
ഞ്ചരക്കണ്ടിയിൽ ഉപദേശിയായിത്തീൎന്ന പൌലയ്യൻ ആയിരുന്നു, ഇവർ
ഞായറാഴ്ചതോറും ചെറിയ സഭയിൽ ആരാധനയും കഴിച്ചു.

൧൮൩൭-ാം വൎഷത്തിൽ കൎത്താവു സഭെക്കു വലിയൊരു ഉപകാരവും
സന്തോഷവും നല്കിയതിവ്വണ്ണം: പാളയങ്കോട്ടയിൽ തപ്പാൽ വിചാരക
നായ ദൈവഭക്തിയുള്ള ഒരു സായ്പു (Mr. West) കണ്ണൂരിലേക്കു വന്നു സഭ
ക്കാരെ ഓരപ്പൻ തന്റെ മക്കളോടെന്ന പോലേ വിചാരിക്കയും തമിഴുഭാ
ഷയിൽ കൎത്തൃവാരത്തിലും ആഴ്ചവട്ടത്തിലും ആരാധന കഴിക്കയും ചെ
യ്തതു കൂടാതെ പാഠശാലയിലും വേദപാഠം നടത്തുകയും ശരിയായി പഠി
ക്കുന്ന കുട്ടികളെ സമ്മാനങ്ങളാൽ ഉത്സാഹിപ്പിച്ചു സന്തോഷിപ്പിക്ക
[ 6 ] യും ചെയ്തു. പിന്നേ ഇംഗ്ലീഷ് പാതിരിസായ്പിന്റെ നിയോഗപ്രകാരം
പൌൽ വാധ്യാർ ധൎമ്മശാലയിലും അങ്ങാടിയിലും ജാതികളോടു പ്ര
സംഗിപ്പാൻ പോകുമ്പോൾ ചെറിയ യോസേഫിനെയും പാട്ടുപാടു
വാനും വേദപുസ്തകത്തിൽനിന്നു സംഘത്തോടു വായിപ്പാനും കൂട്ടിക്കൊ
ണ്ടു പോകും. ഇതത്രേ നമ്മുടെ പ്രിയ യോസേഫ് അയ്യന്റെ ശുശ്രൂ
ഷാരംഭം എന്നു പറയാം. അതു തന്നെയല്ല, തനിക്കു ഈ സമയത്തിൽ
അത്രേ ദൈവവചനം വായിക്കുന്നതിലും കുഡുംബപ്രാൎത്ഥന കഴിക്കുന്ന
തിലും ഉത്സാഹം വൎദ്ധിച്ചു വന്നു.

എന്നാൽ ൧൮൩൮-ാമതിൽ മുമ്പറഞ്ഞ ദയാലുവായ സിം (Dr. Simm)
സായ്പു ദീനം ഹേതുവായി വിലാത്തിക്കു പോകുവാൻ നിശ്ചയിച്ചതുകൊ
ണ്ടു താൻ പോകുന്നതിന്നു മുമ്പേ കത്തയച്ചു യോസേഫിന്റെ ജ്യേഷ്ഠ
നെ ഇംഗ്ലാണ്ടിൽനിന്നു വരുത്തി ജ്യേഷ്ഠാനുജന്മാരെ ഇരുവരെയും വൈദ്യപ്പ
ണിക്കു ആക്കേണം എന്നതിന്നു വട്ടം കൂട്ടി എങ്കിലും തന്റെ ബദ്ധപ്പാടുള്ള
പോക്കുനിമിത്തം കാൎയ്യത്തെ സിദ്ധിച്ചുതരുവാൻ സംഗതിവന്നില്ല. ഈ സ
മയത്തിൽ ൩൫ വീട്ടുകാർ കണ്ണൂരിലേ നാട്ടുക്രിസ്തീയസഭയോടു ചേൎന്നിരുന്നു.

൧൮൩൯-ാം സംവത്സരത്തിൽ തമിഴുഭാഷയെ നന്നായി അറിയുന്ന
ഒരു മിശ്ശനരി (Dr. H. Gundert) ചിത്തൂരിൽനിന്നു കുഡുംബസഹിതം ത
ലശ്ശേരിയിൽ വന്നു. ഇവർ മതാമ്മയുമായി അവിടേ ഉള്ള നെട്ടൂരിൽ പെ
ണ്കുട്ടികൾക്കുവേണ്ടി ഒരു അനാഥശാല സ്ഥാപിച്ചിരിക്കുന്നു എന്നും അ
തിൽ ചേരുന്ന കുട്ടികൾക്കു പഠിപ്പു തുന്നൽ മുതലായതുണ്ടെന്നുമുള്ള ശ്രുതി
കണ്ണൂരിൽ കേട്ടപ്പോൾ അയ്യന്റെ അച്ഛൻ മുതിൎന്ന തന്റെ രണ്ടു പെ
ണ്കുട്ടികളെയും ആ ശാലയിൽ കൊണ്ടുപോയി ആക്കിയതിനാൽ കണ്ണൂ
രിൽ ഒരു ചെറിയ സഭയുണ്ടെന്നു ഗുണ്ടൎത്തസായ്പവൎകൾ കേട്ടാറേ മാസ
ത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വന്നു തിരുവത്താഴം സ്നാനം എന്ന
ക്രിസ്തീയ ആചാരങ്ങളെ നടത്തി. സഭക്കാർ എല്ലാവരും ഇവരുടെ പ്ര
സംഗത്തിൽ വളരേ ഇഷ്ടപ്പെട്ടും ഇവരോടു ഇണങ്ങിയുംകൊണ്ടതു വലിയ
ഒരു അനുഗ്രഹമായിത്തീൎന്നു. യോസേഫയ്യൻ അന്നു എഫെസ്യർ ൬,
൧൪-ാം വാക്കിനെ കുറിച്ചു കേട്ട ഒരു പ്രസംഗത്തെ മരിക്കുവോളം ഓൎത്തതു
ഞങ്ങൾ അറിയുന്നു.

ഇങ്ങിനേ ഇരിക്കുമ്പോൾ, ൧൮൪൦-ാം വൎഷത്തിൽ തന്നേ, ദൈവമക്ക
ൾക്കു ശേഷിച്ചിരിക്കുന്ന സ്വസ്ഥാനുഭവത്തിൽ പ്രവേശിച്ച പ്രിയ ഹേബി
ൿസായ്പവൎകൾ ഒരു പ്രസംഗയാത്രയിൽ മംഗലാപുരത്തുനിന്നു കണ്ണൂരിലേ
ക്കു വന്നു, ജൂൻമാസം മുതൽ സപ്തമ്പർമാസം വരേ ഇംഗ്ലിഷ് പാതിരിസാ
യ്പിന്റെ (Rev. Mr. Lugard) വീട്ടിൽ പാൎക്കയും താമസത്തിന്നിടയിൽ ചെ
റിയ തമിഴുസഭയെ ദിനന്തോറും കൂട്ടിവരുത്തി ജോൻ യാക്കോബി എന്ന
[ 7 ] ഭാഷാന്തരക്കാരൻമുഖാന്തരം ദൈവവചനത്തെ ധാരാളം അറിയിച്ചുപദേ
ശിക്കയും ചെയ്യുന്നതിലാൽ സഭക്കാരിൽ പലർ തങ്ങൾ ഉറങ്ങിക്കിടക്കുന്ന
സ്ഥിതിയിൽനിന്നുണൎന്നു വന്നു പ്രാൎത്ഥനെക്കും വേദവായനെക്കും നല്ല
നടപ്പിന്നും ഉത്സാഹമുള്ളവരായിത്തീരുകയും ചെയ്തു.

അതിന്റെ ശേഷം ലുഗൎഡസായ്പൎകൾ മാറിപ്പോയി ഫെനൽ (Rev. Mr.
Fennel) എന്ന ഭക്തിയേറിയ വേറൊരു ഇംഗ്ലിഷ് പാതിരി കണ്ണൂരിലേക്കു
വന്നു. ഈ സായ്പും അവരുടെ മതാമ്മയും ചെറിയ യോസേഫിനെ അ
റിഞ്ഞു വന്നപ്പോൾ അവനെ തങ്ങളുടെ വീട്ടിലേ പണിക്കു കൊണ്ടുപോ
യി. എങ്കിലും പള്ളിയിൽ തന്നേ വല്ല പ്രവൃത്തിക്കു യോഗ്യനായിത്തീ
രേണ്ടതിന്നു മതാമ്മ വളരേ താല്പൎയ്യത്തോടു കൂടേ ചെറിയവനു ഇംഗ്ലി
ഷ്ഭാഷ പഠിപ്പിച്ചുകൊടുത്തു. ഇവന്റെ ഉത്സാഹവും തങ്ങളോടുള്ള പ
റ്റും കണ്ടിട്ടു അവർ അവനെ ഭവനത്തിൽ തന്നേ പാൎപ്പിച്ചു; പിന്നേ
ആ ഭവനത്തിൽ ദിവസേന രാവിലേ എല്ലാ പണിക്കാരെ കൂട്ടീട്ടു ദൈവ
വചനവായന പതിവായിരുന്നതുകൊണ്ടു യോസേഫിന്നും അതിനാൽ
ഏറ ഉപകാരം ലഭിച്ചിരിക്കുന്നു. എന്നാൽ നല്ല ഇടയനായ കൎത്താവു
ഇതിനാൽ തന്റെ ആത്മാവിനെ രക്ഷിപ്പാൻ ആഗ്രഹിക്കുന്നു എന്നു ത
നിക്കു അന്നു ബോദ്ധ്യമായിരുന്നില്ല. പാതിരിസായ്പും മതാമ്മയും തന്നെ
വളരേ സ്നേഹിച്ചതുകൊണ്ടു അച്ഛന്റെ വീടിനെ ഏകദേശം മറന്നു ത
ന്നിഷ്ടം ഗൎവ്വം മുതലായ ദുൎഗ്ഗുണങ്ങളെ പിഞ്ചെല്ലുവാൻ തുടങ്ങിയതു ദോ
ഷവളൎച്ചെക്കു ഒരു ആരംഭമായി കണ്ടു.

൧൮൪൧ ജനുവരിമാസത്തിൽ തന്നേ മുമ്പറഞ്ഞ പ്രിയ ഹേബിൿ
സായ്പു അവൎകൾ അഹറോൻ എന്ന ഉപദേശിയോടൂം തിമോഥി എന്ന
മലയാളബാല്യക്കാരനോടും കൂട കണ്ണൂരിൽ താമസിപ്പാൻ തക്കവണ്ണം വീ
ണ്ടും മംഗലാപുരത്തിൽനിന്നു വന്നു. സഭക്കാർ സാധാരണമായി കൂടിവ
രുന്ന എഴുത്തുപള്ളിപ്പറമ്പിൽ പാൎപ്പാൻ ചെറിയ ഒരു വീടും പള്ളിയും
പണിയിച്ചതിനിടയിൽ വളരേ സ്നേഹശുഷ്കാന്തികളോടേ കൎത്തൃവേല
യും ചെയ്തു. അവർ അങ്ങാടിയിലും വെള്ളക്കാരുടെയും നാട്ടുക്രിസ്ത്യാന
രുടെയും ഇടയിലും ദൈവവചനപ്രസംഗം കഴിച്ചതിനാൽ അറിയായ്മ
യിലും പാപത്തിലും കിടന്നിരുന്ന പലൎക്കു കൎത്താവിനെ താല്പൎയ്യത്തോടേ
അന്വേഷിപ്പാൻ സംഗതിവന്നു. ഇവരുടെ ഇടയിൽ അയ്യന്റെ ജ്യേഷ്ഠ
നും ഉണ്ടായതുകൊണ്ടു ഹേബിൿസായ്പു അനുജന്റെ മേലും ദൃഷ്ടി വെച്ചു.

ആ സമയത്തിൽ ഫെനൽ സായ്പവൎകൾ ദീനംനിമിത്തം കല്ക്കത്തയി
ലേക്കു പോകുവാൻ കല്പന വാങ്ങി തന്റെ ചെറിയ യോസേഫിനെയും
ഒരുമിച്ചു കൊണ്ടു പോകുവാൻ നിശ്ചയിച്ചതു ബാലന്നു ബഹു കൌതുകം
തോന്നി യാത്രെക്കു ഒരുങ്ങിനിന്നു. എന്നാൽ കൎത്താവിന്റെ വിചാരവും
[ 8 ] അമ്മയച്ഛന്മാരുടെ ഇഷ്ടവും വേറേ ആയിരുന്നു. അമ്മയുടെ കണ്ണുനീർ
കണ്ടിട്ടു ദുഃഖത്തോടേ എന്നു വന്നാലും തന്റെ പ്രയാണകാംക്ഷയെ അ
ടക്കി ഏറ്റവും പ്രിയപ്പെട്ട യജമാനന്മാർ കണ്ണൂർ വിട്ടുപോകുമ്പോൾ അ
വരോടു വിടവാങ്ങി ഒരാഴ്ചയോളം പട്ടാളത്തിലേ ഒരു സായ്പിനോടു കൂടേ
താമസിച്ചതിൽ പിന്നേ സ്വന്തവീട്ടിൽ വന്നു. അന്നു വൈകുന്നേരം അ
ഹരോൻ ഉപദേശി വീട്ടിൽ വന്നു "ഹേബിൿസായ്പു നിന്നെ കൂട്ടിക്കൊണ്ടു
ചെല്ലുവാൻ എന്നെ അയച്ചിരിക്കുന്നു" എന്നു പറഞ്ഞപ്പോൾ "മൂന്നു ദി
വസം കഴിഞ്ഞിട്ടു ഞാൻ വരാം" എന്നു ബാലൻ പറഞ്ഞയച്ചു. അവ
ധി കഴിഞ്ഞ ശേഷമോ ഹേബിൿസായ്പിന്റെ അടുക്കൽ പോകുവാൻ ത
നിക്കു ഒട്ടും മനസ്സില്ലാത്ത കാരണം സായ്പിന്റെ അടുക്കൽ പോയാൽ
മോടിയോടു ഉടുത്തും ധാരാളം ഭക്ഷിച്ചും ഇഷ്ടംപോലേ പ്രവൃത്തിച്ചും
കൊണ്ടു നടപ്പാൻ കഴിവില്ല എന്ന ഭയമത്രേ. വീട്ടിൽ ഇരിക്കുന്ന നാ
ലാം നാളിൽ ഹേബിൿസായ്പു താനേ വന്നു ബാലനെ മിശ്ശൻവീട്ടിലേക്കു
കൂട്ടിക്കൊണ്ടു പോകുവാൻ നോക്കി എങ്കിലും ഇവൻ ഒഴികഴിവായി: "ഞാൻ
പട്ടാളത്തിലേ സായ്പിന്റെ അടുക്കൽ ചെല്ലുവാൻ വിളിക്കപ്പെട്ടു; അവ
രെ ചെന്നു കണ്ടിട്ടുവരാം" എന്നു പറഞ്ഞു. എന്നാൽ ഹേബിൿസായ്പു
അതിന്നു സമ്മതിക്കാതെ ഉടനേ തന്നോടു ഒന്നിച്ചു പോരേണം എന്നു
മുട്ടിച്ചപ്പോൾ ഇദ്ദേഹം വളരേ കരഞ്ഞു. എന്നാറേ ഹേബിൿസായ്പു
പരിതാപമുള്ള മുഖത്തോടേ "ഞാൻ അല്പം പ്രാൎത്ഥിക്കട്ടേ" എന്നു പറ
ഞ്ഞു. കൎണ്ണാടകഭാഷയിൽ പ്രാൎത്ഥന കഴിച്ചശേഷം അമ്മയപ്പന്മാൎക്കും
കുട്ടികൾക്കും കൈകൊടുത്തിട്ടു യോസേഫിനെ ഉറ്റുനോക്കി "നീ ഇന്നു
വൈകുന്നേരം മിശ്ശൻവീട്ടിലേക്കു എന്റെ അടുക്കൽ വരുമല്ലോ" എന്നു
ചൊല്ലി പോയി. സായ്പു പോയതിൽ പിന്നേ ബാലന്റെ മനസ്സിൽ ഒ
ട്ടും സുഖമുണ്ടായില്ല, എന്തുവേണ്ടു എന്നു തന്നിൽ തന്നേ ആലോചിച്ചു
കൊണ്ടു പോരാടുമ്പോൾ, അമ്മ: "മകനേ, ഈ ഹേബിൿസായ്പു ഒരു
ദൈവമനുഷ്യനാകുന്നു, അവൎക്കു മുഷിച്ചൽ വരുത്തുന്നതു നന്നല്ലാ, താമ
സിയാതെ സായ്പിന്റെ അടുക്കൽ പോയി ജ്യേഷ്ഠനോടൊന്നിച്ചു പഠിക്കു
ന്നതു നല്ലതു" എന്നു പറഞ്ഞപ്പോൾ താൻ അനുസരിച്ചു അന്നു വൈ
കുന്നേരം തന്നേ (Oct. 1842) മിശ്ശൻ വീട്ടിലേക്കു പോകയും ചെയ്തു. എ
ന്നാൽ അവിടേത്ത ബാല്യക്കാരുടെ അവസ്ഥയെ കണ്ടിട്ടു വീണ്ടും മടങ്ങി
പോകുവാൻ പലപ്പോഴും വിചാരിച്ചെങ്കിലും സായ്പിന്റെ പിതൃഭാവവും
ജ്യേഷ്ഠന്റെ ബുദ്ധിയുപദേശവും അവനെ ജയിച്ചതുകൊണ്ടു സ്ഥിരമായി
നിന്നുകൊൾവാൻ നിശ്ചയിച്ചു. ഇവന്നു മോടിയോടുടുത്തു നടക്കുന്നതിൽ
പ്രിയം ഉണ്ടെന്നു സായ്പു കണ്ടപ്പോൾ ഒരു നാൾ അവനോടു: "കുട്ടിയേ,
നീ ഇത്ര നല്ല വസ്ത്രത്തെ വീട്ടിൽ ഉടുത്തു നഷ്ടമാക്കുന്നതു എന്തിന്നു?
[ 9 ] ഞാൻ നിണക്കു തക്കവസ്ത്രം ഉണ്ടാക്കിച്ചു തരാം" എന്നു പറഞ്ഞു. തുന്ന
ക്കാരൻ കാടത്തുണികൊണ്ടു ഉണ്ടാക്കിയ ചല്ലടംകൊണ്ടു വന്നപ്പോൾ
ബാലൻ അതിനെ കണ്ടിട്ടു കരയുവാൻ തുടങ്ങി! അന്നേരം ചെയ്വാൻ
കൊടുത്ത വേലയോ സായ്പിന്റെ മുറിയിലേ മേശ, കടലാസ്സു, പുസ്തകം
മുതലാവറ്റെ ക്രമപ്പെടുത്തി സൂക്ഷിപ്പാനും പള്ളി അടിച്ചു വാരി പള്ളി
വസ്ത്രങ്ങളെ വെടിപ്പോടേ കാപ്പാനും മറ്റുള്ള ബാല്യക്കാരോടു ഒന്നിച്ചു
തോട്ടത്തിൽ തൈ നനെപ്പാനും തന്നേ ആയിരുന്നു. ആരംഭത്തിൽ ഇ
തെല്ലാം തനിക്കു ബഹു കഷ്ടം തോന്നുകയാൽ കണ്ണുനീരും വാൎത്തു; സാ
ത്താനും കൂടേ അവനെ പരീക്ഷിച്ചു, "നീ മിശ്ശനിൽ വന്നതുകൊണ്ടൂ ഇ
വ എല്ലാം സഹിപ്പാൻ സംഗതിയായി എന്നും ഇംഗ്ലിഷുസായ്പ്മാരോടു
കൂടേ പാൎത്തു എങ്കിൽ എത്ര സുഖം അനുഭവിക്കാമായിരുന്നു" എന്നും
മറ്റുമുള്ള ഒരോ ദുരാലോചനകളെ മന്ത്രിച്ചുകൊടുത്തു, എങ്കിലും പ്രിയ
ഉപദേഷ്ടാവും അപ്പനുമായ ഹേബിക്ക്സായ്പിന്റെ കളങ്കമില്ലാത്ത സ്നേ
ഹവും ദൈവത്തോടുള്ള നിത്യസംസൎഗ്ഗത്തിൽനിന്നുളവാകുന്ന വിസ്മി
താത്മശക്തിയും ഈ പ്രയാസങ്ങളെ ഒക്കെയും ജയിച്ച ശേഷം ബാലൻ
സകലത്തെയും ഉത്സാഹത്തോടും സന്തോഷത്തോടും കൂടേ ചെയ്തുകൊ
ണ്ടിരുന്നു.

ഈ സമയത്തിൽ മംഗലാപുരത്തുനിന്നു മേഗ്ലിങ്ങ് (Rev. Dr. Mogling)
സായ്പവൎകളും അവിടേത്ത ഇപദേശിശാലയിലുള്ള കുട്ടികളും കണ്ണൂരിലേ
ക്കു വന്നപ്പോൾ ഹേബിൿസായ്പു യോസേഫിന്റെ അനുജനായ ദാവീദി
നെ അവരോടു കൂടേ അയച്ചു; എന്നാൽ അവൻ ദീനം നിമിത്തം പഠി
പ്പുതികെക്കാതെ വീണ്ടും മടങ്ങിവരേണ്ടിവന്നു. യോസേഫിന്നും ആ ശാ
ലയിൽ ചേരുവാൻ വളരേ താല്പൎയ്യമുണ്ടായിരുന്നു എങ്കിലും ഹേബിക്ക്
സായ്പ് സമ്മതിച്ചില്ല. ഇങ്ങിനേ ഇരിക്കുമ്പോൾ (൧൮൪൩ാമതിൽ ത
ന്നേ) ബാലൻ ഒന്നാം പ്രാവശ്യം തിരുവത്താഴം എടുത്തു അതിനാൽ മു
ഴുവനും മിശ്ശൻസഭയുടെ ഒരംഗം ആയിത്തീരുകയും തന്നെത്താൻ കൎത്താ
വിന്റെ വേലെക്കായി നേൎന്നുകൊൾകയും ചെയ്തതു കൂടാതെ അന്നു ത
ന്നേ ഹേബിക്ക് സായ്പിന്റെ ഭാഷാന്തരക്കാരനാവാനും തുടങ്ങി, എങ്കിലും
താന്തന്നേ പറയുംപ്രകാരം "അന്നു ഒരുത്തൻ: നിണക്കു മാനസാന്തര
വും പാപമോചനവും ലഭിച്ചുവോ, യേശുവിനെ നീ ഉള്ളവണ്ണം അറി
യുന്നുവോ, നിനക്കു അവനിൽ സത്യവിശ്വാസമുണ്ടോ? എന്നു ചോദി
ച്ചിരുന്നാൽ എനിക്കു തക്ക ഉത്തരം ഉണ്ടാകയില്ലയായിരുന്നു" എന്നിങ്ങി
നേ തന്റെ അവസ്ഥയായിരുന്നു. എന്നാൽ ൧൮൪൩-ാം സംവത്സര
ത്തിൽ അത്രേ കൎത്താവു വലയുന്ന പാപിയെ തന്നോടു അടുപ്പിപ്പാൻ വ
ഴി ഒരുക്കിയതു പറയാം. ഹേബിക്ക്സായ്പ് ഒരു ഞായറാഴ്ച വൈകുന്നേ
[ 10 ] രം ഇംഗ്ലിഷു പ്രസംഗത്തിൽ മത്തായി ൩, ൭ എന്ന വാക്കിനെ ആധാര
മാക്കിക്കൊണ്ടു: "വരുംകോപത്തിൽനിന്നു ഓടിപ്പോകുവാൻ ആർ നി
ങ്ങൾക്കു വക കാണിച്ചു തന്നു? എന്ന ചോദ്യം സ്നാപകനായ യോഹ
ന്നാൻ അന്നു യരുശലേമിൽ പാൎത്തിരുന്ന പരീശരോടും ചദൂക്യരോടും ക
ഴിച്ചു എന്നു മാത്രമല്ല, ഇന്നും ഈ സഭയിൽ ഇരിക്കുന്നവരായ പല സ്വ
നീതിക്കാരും അവിശ്വാസികളുമായ പരീശ ചദൂക്യരായ നിങ്ങളോടും,
നിന്നോടും തന്നേ, വിശുദ്ധാത്മാവു പറയുന്നതു കേൾപ്പാൻ ചെവികളു
ള്ളവൻ കേൾക്കട്ടേ" എന്നു പറഞ്ഞ വാക്കു ഇടിമുഴക്കം പോലേ ബാല
ന്റെ ഹൃദയത്തെ തട്ടി; അന്നു തൊട്ടു ചില സമയത്തോളം പാപബോ
ധം ഉണ്ടായിട്ടു ഉള്ളിൽ ഭീതിയും സംശയവും ഉള്ളവനായി പാൎത്തപ്പോൾ
ഒരു സഹോദരന്റെ അച്ഛൻ മരണക്കിടക്കയിൽ എത്തിയപ്രകാരം കേ
ട്ടിട്ടു ഹേബിക്ക്സായ്പ് യോസേഫിനെയും കൂട്ടിക്കൊണ്ടു അവന്റെ അടു
ക്കൽ ചെന്നു. മരണത്തിന്നു സമീപിച്ചിരിക്കുന്നവനെ അനുതാപവി
ശ്വാസങ്ങൾക്കായി ഉണൎത്തിയപ്പോൾ അദ്ദേഹം: "അയ്യോ, സായ്പേ! എ
ന്റെ രക്ഷയുടെ ദിവസങ്ങളെ ഞാൻ മുഴുവനെ ദോഷത്തിൽ കഴിച്ചു
പോയി, എനിക്കിപ്പോൾ അനുതപിപ്പാൻ പ്രയാസം, ഞാൻ അരിഷ്ട
പാപിയായിക്കിടക്കുന്നു, നിങ്ങൾ ഈ വാക്കുകളെ പറയുന്നതു എനിക്കു
വേദന വൎദ്ധനയാകുന്നതേയുള്ളൂ" എന്നു ചൊല്ലി കണ്ണടെച്ചതു ബാലൻ
കണ്ടപ്പോഴും ഹേബിക്ക്സായ്പ് വ്യസനത്തോടെ "അയ്യോ, മനുഷ്യൻ അവി
ശ്വാസത്താൽ തന്റെ ഹൃദയത്തെ അവസാനത്തോളം കഠിനപ്പെടുത്തി
യാൽ ആയവനോടു എന്താവതു!" എന്നു പറഞ്ഞതു കേട്ടപ്പോഴും ത
ന്റെ ഉള്ളിലേ ഭയം അധികം വൎദ്ധിച്ചു; താനും ആശയില്ലാത്തൊരു പാ
പിയായി മരിക്കേണ്ടിവരുമോ എന്നത്യന്തം ഭയപ്പെട്ടു തനിച്ചുപോയി, വ
ളരേ പ്രാൎത്ഥിച്ചു, എങ്കിലും ആശ്വാസം ലഭിച്ചിട്ടില്ല. ഈ അരിഷ്ട
സ്ഥിതിയിൽ ഇരിക്കുമ്പോൾ ഒരു വെള്ളിയാഴ്ചദിവസത്തിൽ ഹേബിക്ക്
സായ്പ് യോഹ. ൧൯, ൧൬. ൧൭ എന്നീ ശ്ലോകങ്ങളെ കുറിച്ചു പ്രസംഗി
ച്ചാറേ: "യേശു തന്റെ ക്രൂശിനെ ചുമന്നുകൊണ്ടു പോകുന്നതിനെ
നോക്കുക! പാപിയേ, നിന്റെ സകലപാപങ്ങളെയും കൂടേ അവൻ ത
ന്മേൽ ചുമന്നുകൊണ്ടു പോയിരിക്കുന്നു എന്നതിനെ നീ, നീ തന്നേ, വി
ശ്വസിക്കുന്നുവോ?" എന്നു സഭയോടു ചോദിച്ചതു പാപഭാരത്താൽ ഞ
രങ്ങുന്ന തന്നോടു തന്നേ ചോദിക്കുന്നപ്രകാരം തോന്നി, "കൎത്താവേ ഈ
സത്യത്തെ വിശ്വസിപ്പാൻ തക്കവണ്ണം എനിക്കു കൃപ നൽകേണമേ"
എന്നു തന്റെ മനസ്സിൽൎത്ഥിച്ചസമയം ഉടനേ സമാധാനവും ആ
ശ്വാസവും ലഭിച്ചു തികഞ്ഞ ഉൾസന്തോഷത്തോടേ പള്ളിയിൽനിന്നു
ഇറങ്ങിപ്പോകയും ചെയ്തു.
[ 11 ] ആ സമയം മുതൽ ബാലന്നു തന്നെ ഇത്ര സ്നേഹിച്ച ദൈവത്തെ
മാത്രം സ്നേഹിച്ചുസേവിപ്പാനും അവന്നായിട്ടത്രേ ജീവിച്ചുമരിപ്പാനും ഉ
ള്ള ഏകാഗ്രഹം ഉണ്ടായിരുന്നു. ഹേബിക്ക്സായ്പും ഇതറിഞ്ഞതു നിമി
ത്തം പതിനാറു പ്രായം മാത്രമേയുള്ളവനെ അങ്ങാടിപ്രസംഗത്തിന്നും
പ്രസംഗയാത്രെക്കും കൊണ്ടു പോകും. ഇങ്ങിനേ ൧൮൪൪-ാം ദിസെമ്പർ
മാസത്തിൽ തളിപ്പറമ്പു കീച്ചേരി അരോളി എന്ന സ്ഥലങ്ങളിലേക്കു
പോകുമ്പോൾ ജോൻ, യോസേഫ് എന്ന ജ്യേഷ്ഠാനുജന്മാരെയും വിളിച്ചു
കൊണ്ടുപോയി. ആ യാത്രയിൽ ജാതികളും മാപ്പിള്ളമാരും വചനത്തെ
ഇത്ര ശ്രദ്ധയോടേ കേൾക്കയാലും കഴിഞ്ഞ രണ്ടു സംവത്സരങ്ങൾക്കു
ള്ളിൽ ൩൩ പേരെ തിരുസ്നാനത്താൽ കണ്ണൂർസഭയോടു ചേൎപ്പാൻ ക
ൎത്താവു കൃപനല്കിയതുകൊണ്ടും ഭൃത്യന്മാരുടെ സന്തോഷം ഏറ്റവും വ
ൎദ്ധിച്ചു. എന്നാൽ ചിലപ്പോൾ സുവിശേഷംമൂലം കൎത്തൃവേലക്കാൎക്കു ക
ഷ്ടാനുഭവവും ഉണ്ടെന്നു പിന്നത്തേതിൽ അറിവാൻ ഇവൎക്കും വേണ്ടുവോ
ളം സംഗതിവന്നു. എങ്ങിനേ എന്നാൽ, ഹേബിക്ക്സായ്പു സാധാരണ
മായി ഫിബ്രുവരി മുതൽ ഏപ്രിൽ വരേയുള്ള മാസങ്ങളിൽ കൂട്ടുവേല
ക്കാരുമായി പയ്യാവൂർ തളിപ്പറമ്പു ചെറുകുന്നു ഏന്നീ സ്ഥലങ്ങളിലേ ഉ
ത്സവങ്ങൾക്കു പ്രസംഗത്തിന്നായി പോകും. ഇവർ അറിയിക്കുന്ന പുതു
ഉപദേശത്തിൽ ജാതിക്കാരിൽ പലൎക്കും വളരേ രസം തോന്നിയാലും
ക്ഷേത്രാവകാശികൾ തങ്ങളുടെ സമ്പാദ്യവും ആദായവും കുറഞ്ഞുപോ
കുന്നതുകണ്ടപ്പോൾ അവർ ജനക്കൂട്ടത്തെ കലക്കി പ്രസംഗികളുടെ നേ
രെ കയൎപ്പാൻ ഉത്സാഹിച്ചാറേ പിശാചും കൂടേ ജനങ്ങളുടെ ഉള്ളങ്ങളെ
ഇളക്കിയതിനാൽ ആ സ്ഥലങ്ങളിലുണ്ടായ കല്ലും ഇളനീൎത്തൊണ്ടും കുല
ത്തണ്ടും കൊണ്ടുള്ള ഏറുകളും കൂക്കലും അസഹ്യചീത്തവാക്കും അസ
ഭ്യദൂഷണവും അല്പം അല്ലാഞ്ഞു. തളിപ്പറമ്പത്തുവെച്ചു യുവാവായ
യോസേഫ് ഉപദേശി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടത്തിൽ
നിന്നൊരുവൻ കല്ലെറിഞ്ഞതു അദ്ദേഹത്തിന്റെ കാലിന്നു പറ്റി, അതു
എല്ലിന്മേൽ ആകകൊണ്ടു തല്ക്കാലം ഒന്നും കണ്ടില്ല എങ്കിലും വീട്ടിലേ
ക്കു മടങ്ങിവന്ന ശേഷം ചില ദിവസത്തോളം വളരേ വേദന ഉണ്ടായിരു
ന്നു. പിന്നേ (൧൮൪൬) ചെറുകുന്നിൽവെച്ചുണ്ടായ ഉപദ്രവവും അടി
യും ജനക്കലക്കവും ഹേതുവായി ഉത്സവം തീരുംമുമ്പേ തന്നേ അവർ
ആ സ്ഥലത്തെ വിട്ടുപോകേണ്ടിവന്നു പോൽ. എന്നാൽ നമ്മുടെ പ്രി
യ യോസേഫ് ഇതെല്ലാം അനുഭവിക്കും സമയം "അതു മാനം" എന്നു
വിചാരിച്ചതു കൂടാതെ "ആവശ്യം എന്നു വന്നാൽ കൎത്താവിന്നു വേണ്ടി
എന്റെ ജീവനെയും വെച്ചുകൊടുപ്പാൻ ഞാൻ ഒരുങ്ങിയിരുന്നു" എന്നു
താൻ പറയുന്നു എങ്കിലും ഈ ജയഘോഷഭാവം എപ്പോഴും ഉണ്ടായി
[ 12 ] — 10 —

എന്നല്ല "പിന്നത്തേതിൽ ഓരോ പുതിയ പരീക്ഷകൾ എനിക്കുണ്ടായ
തിനാൽ ഞാൻ കൎത്താവിനെ സ്നേഹിച്ചുസേവിക്കേണ്ടിയപ്രകാരം ചെ
യ്തിട്ടില്ല കഷ്ടം" എന്നുള്ള വിലാപവും കേൾക്കുന്നു.

൧൮൪൭-ാം സംവത്സരം കണ്ണൂർസഭെക്കും മറ്റുള്ള മലയാളസഭകൾ
ക്കും കൎത്തൃസന്ദൎശനത്താൽ അനുഗ്രഹവും സന്തോഷവുമുള്ള ഒരു സമ
യമായിരുന്നു. വെള്ളക്കാരിൽനിന്നും നാട്ടുകാരിൽനിന്നുമുള്ള സഭ ആ
ത്മസ്നാനത്തിന്നായി കെഞ്ചിയാചിച്ചതു കൎത്താവു കേട്ടു അപേക്ഷയെ
സാധിപ്പിക്കയും ചെയ്തു. ഹേബിക്ക്സായ്പു ഒക്തോബർമാസത്തിൽ ക
മ്മട്ടിയാൎക്കു എഴുതിയ കത്തിനെ ചുരുക്കമായി ഇവിടേ ചേൎത്താൽ ന
ന്നെന്നു തോന്നുന്നു "വിശ്വസ്തനായ നിയമദൈവത്തിന്നു ഞങ്ങളെ അ
ഗ്നിസ്നാനം കഴിപ്പാൻ പ്രസാദം തോന്നിയപ്രകാരം ഇന്നു നിങ്ങളോടു
അറിയിപ്പാനുള്ള ചൊല്ലിമുടിയാത്ത കൃപ എനിക്കു ലഭിച്ചിരിക്കുന്നു.
അതിനാൽ ഇവിടേയുള്ള രണ്ടു സഭകളിൽ പലൎക്കും അനുതപിപ്പാനും
പാപങ്ങളെ ഏറ്റുപറവാനും സംഗതിവന്നു. പുരുഷന്മാരും സ്ത്രീകളും
കുട്ടികളും പുതുതായി ജീവിപ്പിക്കപ്പെട്ടവർ എന്ന പോലെയുള്ള സ്ഥിതി
യിൽ ഇരിക്കുന്നു. പതിനാറു ജാതിക്കാരെ സ്നാനപ്പെടുത്തുവാനും കൃപ
ലഭിച്ചു. ആകപ്പാടേ സംഖ്യ നോക്കിയാൽ ഈ സംഭവത്താൽ ൪൦-൫൦
പ്രായമുള്ളവരും ൧൫ കുട്ടികളും ൫ ദമ്പതികളും പുതിയ ജീവനുള്ളവരായി
തീൎന്നു. എന്നാൽ ഈ കാൎയ്യത്തിന്റെ ആരംഭം ചിറക്കല്ലിലേ ആണ്കുട്ടി
കളുടെ ഇടയിൽ തന്നേ. സപ്തമ്പർ ൧൬-ാം൹ ഏറ്റവും കഠിനഹൃദയ
മുള്ള ബാലനായ ദാവീദ് എന്റെ അടുക്കൽ വന്നു തന്റെ പാപങ്ങളെ
കണ്ണുനീരോടേ ഏറ്റുപറഞ്ഞു. വെള്ളിയാഴ്ച ൧൭-ാം൹ ഞാൻ ഈ സം
ഭവത്തെ രണ്ടു സഭകളോടറിയിച്ചു. ൨൩-ാം൹ ഞാൻ വീണ്ടും ചിറ
ക്കല്ലിൽ ഇരിക്കുമ്പോൾ ൧൫ വയസ്സുള്ള ദാനിയേൽ എന്റെ അടുക്കൽ
ഓടിവന്നു "എനിക്കു ഹാ കഷ്ടം, കഷ്ടം, കഷ്ടം എന്നെപ്പോലേയുള്ള ഒരു
പാപിക്കു എന്തു വേണ്ടു?" എന്നു ചില പ്രാവശ്യം തിണ്ണംവിളിച്ചപ്പോൾ
ഞാൻ കരഞ്ഞുകൊണ്ടുനിന്നാറേ അവൻ എന്റെ മുറിയിൽ കടന്നു ഉ
രത്തശബ്ദത്തോടേ താൻ ചെയ്ത പാപങ്ങളെ ഓരോന്നായി വിവരിച്ചു
ഏറ്റുപറഞ്ഞു. ഒടുവിൽ അവൻ ശാന്തനായി എന്റെ അരികേ ഇരു
ന്നിട്ടു ക്രിസ്തുവിന്റെ ക്രൂശുമരണത്തെ തൊട്ടു അവനോടു സംസാരിക്കു
മ്പോൾ അവന്റെ ഹൃദയത്തിൽ സമാധാനവും സന്തോഷവും ഇറങ്ങി.
ഇവൻ പുറത്തു ഇറങ്ങിയ ശേഷം അവന്റെ അനുജനായ യോസേഫും
വന്നു അപ്രകാരം തന്നേ ചെയ്തുപോന്നു. അതിൽപിന്നെ ചിറക്കല്ലി
ലേ സഭയോടും ൨൪-ാം൹ കണ്ണൂരിലേ സഭകളോടും അവസ്ഥ അറിയി
ച്ചപ്പോൾ സഭക്കാരും അനുതപിക്കയും കണ്ണീരോടേ തങ്ങളുടെ പാപ
[ 13 ] ങ്ങളെ ഏറ്റുപറകയും ചെയ്തു. ൨൬-ാം൹ ഞായറാഴ്ചയിൽ കൎത്താവു
തന്റെ വചനത്തെ അനവധിയായി അനുഗ്രഹിച്ചതുകൊണ്ടു അന്നു
വൈകുന്നേരം തയ്യിലേ സാറ എന്ന സ്ത്രീയും പിറേറന്നാൾ വെള്ളക്കാ
രും നാട്ടുകാരും പലരും തങ്ങളുടെ പാപങ്ങളെ ഏറ്റുപറകയും പ്രാൎത്ഥ
നയാൽ സമാധാനം ലഭിക്കയും ചെയ്തു." ഇപ്രകാരം തന്നേ ഒക്തോ
ബർ ൩-ാം൹ ചിറക്കല്ലിലും 8-ാം൹ കണ്ണൂരിലും പലർ തങ്ങൾ പുതിയ
സൃഷ്ടികളായിത്തീൎന്നപ്രകാരം സാക്ഷിചൊല്ലിയതു. ഈ മാസം ൬-ാം൹
ഹേബിക്ക്സായ്പു തലശ്ശേരിയിലേക്കു പോയി കണ്ണൂരിലേ വൎത്തമാനം അ
റിയിച്ചപ്പോൾ അവിടത്തിലും അഞ്ചരക്കണ്ടിയിലും അഗ്നിസ്നാനപ്രവൃ
ത്തി തുടങ്ങി; ജാതികളിൽനിന്നും ൨൦ പേൎക്കു സ്നാനം കൊടുപ്പാനും സംഗ
തിവന്നു. പിന്നേ നവമ്പർ മാസത്തിൽ കൎത്താവു തന്റെ ഉണൎവ്വുവേ
ലയെ കോഴിക്കോട്ടിലേ പെണ്കുട്ടികളുടെ ശാലയ്ക്കിലും തുടങ്ങി. ഇങ്ങിനേ
എല്ലാ സഭകൾക്കും ഒരു പുതുപെന്തകൊസ്ത സംഭവിച്ചതിനാൽ അവ
റ്റിൽ ആത്മികവൎദ്ധന മാത്രമല്ല സംഖ്യാവൎദ്ധനയും കൂടേ ഉണ്ടായി.
കണ്ണൂരിലേ പള്ളിയിൽ ആളുകൾക്കു സ്ഥലം കുറഞ്ഞു പോകയാൽ അ
തിനെ വലുതാക്കേണ്ടി വന്നു. ഈ കാൎയ്യത്തിനു രണ്ടു സഭകളുടെ അവ
യവങ്ങൾ ൩൦൦൦ ഉറുപ്പികയോളം കൂട്ടി ചേൎത്തു; വെള്ളക്കാരിൽ ഓരൊറ്റ
സഹോദരൻ ൪൦ ഉറുപ്പിക റൊക്കമായി സമൎപ്പിച്ചുപോൽ.

ഈ വാൎത്തകേട്ടിട്ടു മലയാളസഭകളിൽ ഇപ്പോൾ വ്യാപിച്ചുവന്ന നി
ദ്രാഭാവം മാറിപ്പോകേണ്ടതിന്നും കൎത്താവിൻ ആത്മാവു നമ്മെ എല്ലാ
വരെ അന്നു ചെയ്തപ്രകാരം തന്നേ ജീവനുള്ള പുതുസ്ഥിതിയിൽ ആക്കേ
ണ്ടതിന്നും "നീ പുതുപെന്തകൊസ്തെതാ" എന്ന അപേക്ഷയെ ശുഷ്ക്കാ
ന്തിയോടു കൂടേ കഴിക്കേണ്ടതല്ലയോ?

ഈ സമയത്തിൽ നമ്മുടെ പ്രിയ യോസോഫ് ഉപദേശിയും "കൎത്താ
വിനെ പുതുതായി അന്വേഷിച്ചുവരുടെ കൂട്ടത്തിൽ ഒരുവനായിരുന്നു"
എന്നും "ഹാ, അതു ഭാഗ്യമുള്ളൊരു സമയമായിരുന്നു, മിശ്ശൻപള്ളിയിലും
വീടുകൾതോറും നിത്യം കൎത്താവിൻ സ്തുതിയും അപേക്ഷായാചനകളും
മാത്രം കേൾപ്പാനുണ്ടായി; വയസ്സന്മാരുടെയും കുട്ടികളുടെയും മരണക്കിട
ക്കയുടെ അരികത്തുചെല്ലുമ്പോൾ അതാ, അവർ പരദീസിൽ എത്തി
കൎത്താവിൻ തിരുമുഖത്തെ ദൎശിക്കുന്നു എന്നു തോന്നിപ്പോകും; എന്തെ
ന്നാൽ അവർ തങ്ങളുടെ ദീനമോ വേദനയോ വല്ല ആവശ്യങ്ങളെ ചൊ
ല്ലിയുള്ള സങ്കടങ്ങളോ കേൾപിക്കാതെ പാപികളും നിത്യനരകശിക്ഷ
കൾക്കു മാത്രം യോഗ്യരുമായിരുന്ന തങ്ങളെ ദൈവം ക്രിസ്തയേശുവിൽ
എത്ര സ്നേഹിച്ചു എന്നും യേശുമൂലം തങ്ങൾക്കുള്ള സമാധാനാവും
സ്വൎഗ്ഗീയ ആശ്വാസങ്ങളും അവരുടെ ഹൃദയത്തിൽ നിറഞ്ഞിരിക്ക
[ 14 ] യാൽ മതി എന്നും മാത്രം ആശിച്ചവരായിരുന്നു" എന്നും താൻ തന്നേ
പറയുന്നു.

കൎത്താവിൻ സമ്മുഖത്തിൽനിന്നുള്ള ഈ തണുപ്പിന്റെ കാലം (അ
പൊ. പ്രവൃ. ൩, ൧൯) കഴിഞ്ഞശേഷം പലർ സന്തോറിസമാധാന
ങ്ങളിൽ സ്ഥിരായി നിന്നു. എങ്കിലും മറ്റുള്ളവർ ഓരോ വലിയ പരീക്ഷ
കളിൽ കൂടി കടക്കുമ്പോൾ ചിലർ പ്രയാസേന ജയം കൊൾകയും
ചിലർ തളൎന്നു വീഴുകയും ചെയ്തു കഷ്ടം! എന്നാൽ കൎത്താവു തനിക്കു
ള്ളവരെ ഈ സമയത്തിലും റിടാതെ തീയിൽകൂടി എന്ന പോലേ
രക്ഷിച്ചതു കാണുന്നു. വസൂരിദീനം കണ്ണൂരിൽ പ്രബലപ്പെടുമ്പോൾ
തളൎന്നുപോയ പലർ തങ്ങളുടെ കൎത്താവിനെ പുതുതായി അന്വേഷിച്ചു
രക്ഷ പ്രാപിച്ചവരായി ബഹുസന്തോഷത്തോടേ നിദ്രപ്രാപിക്കയും ചെ
യ്തതുകൂടാതെ മനന്തിരിഞ്ഞ നാലു ബാല്യക്കാർ അന്നേരം തങ്ങളെ ത
ന്നേ കൎത്തൃവേലെക്കായി ഭരമേല്പിച്ചതിനാലും ൧൮൪൮ ഒക്തോബർമാസം
൬-ാം൹ കണ്ണൂിൽവെച്ചു ൫൩ പേൎക്കു തിരുസ്നാനം കഴിപ്പാൻ സംഗതി
വന്നതിനാലും ൭-ാം൹ ചിറക്കല്ലിൽ ഉണ്ടായ മിശ്ശൻ ഉത്സവത്തിൽ ക
ൎത്താവിൻ സാമീപ്യത്തെ പ്രത്യേകം അനുഭവിച്ചതിനാലും സ്ഥിരതയോ
ടേ നില്ക്കുന്നവരുടെ സന്തോഷം വൎദ്ധിച്ചുവന്നു.

പിന്നേത്തതിൽ നമ്മുടെ യോസേഫ്ഉപദേശിയാൎക്കു തന്റെ ജ്യേ
ഷ്ഠനായ ജോൻ ഉപദേശിയോടു വിടവാങ്ങേണ്ടിവന്നതിനാൽ വലിയ സ
ങ്കടം പിണഞ്ഞു. അദ്ദേഹം ക്ഷയരോഗത്താൽ കുറേ കാലത്തോളം വല
ഞ്ഞിട്ടു മരണത്തോടടുത്തിരിക്കുമ്പോൾ അനുജനെ വരുത്തി അവനോടു:
"ഞാൻ കൎത്താവിന്റെ അടുക്കൽ പോവാറായതുകൊണ്ടു നമ്മുടെ വലി
യകുഡുംബത്തെ രക്ഷിപ്പാൻ നീ മാത്രം ശേഷിക്കും എന്നു ഞാൻ അറി
യുന്നു; എന്നാൽ യേശുവിനെ മുറുകപ്പിടിക്ക, അവൻ നിണക്കു സഹായി
ക്കും" എന്നു പറഞ്ഞു. ജ്യേഷ്ഠൻ തന്റെ ൨൪-ാംവയസ്സിൽ (൧൮൪൮)
ദൈവത്തോടുള്ള തികഞ്ഞ സമാധാനത്തിൽ ഉറങ്ങിപ്പോയതു; ശേഷിക്കു
ന്ന അമ്മയച്ഛന്മാൎക്കും മറ്റുള്ളവൎക്കും ഇതിനാലുള്ള സങ്കടം ഏറ വലുതാ
യിരുന്നു. എങ്കിലും ആശ്വാസത്തിന്റെ ഉറവായ പിതാവു അവരെ ധാ
രാളമായി തണുപ്പിക്കയും ചെയ്തപ്രകാരം കേൾക്കുന്നു.

൧൮൪൯-ാമതിൽ തലശ്ശേരിയിലുണ്ടായ പെണ്കുട്ടികളുടെ ശാല ഗുണ്ട
ൎത്ത് സായ്പും മതാമ്മയുമായി ചിറക്കല്ലിലേക്കു മാറിയതിനാൽ കണ്ണൂർ സ
ഭെക്കും വിശേഷിച്ചു പ്രിയ ഹേബീൿ സായ്പിന്നും സന്തോഷം വൎദ്ധിച്ചു
വന്നതുകൂടാതെ സുവിശേഷകരുടെ "ചെറുപട്ടാളം" പുതിയ ഉത്സാഹ
ത്തോടേ ജാതികളിൽ "ദൈവരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തര
പ്പെടുവിൻ" എന്നു ഘോഷിച്ചുപോന്നു. ആ വൎഷത്തിലേ ഔഗസ്തുമാസ
[ 15 ] ത്തിൽ യോസേഫ്ഉപദേശി വിവാഹം ചെയ്തു. അതിന്റെ ശേഷം
(൧൮൫൦) തയ്യിൽ പാൎത്തു മുക്കുവരുടെ ഇടയിൽ പ്രവൃത്തിക്കയും സഭക്കാ
രെ നോക്കുകയും ചിറക്കല്ലിൽനിന്നു ഇവിടേക്കു മാറിയ ആൺ കുട്ടികളെ
വിശേഷിച്ചു പഠിപ്പിക്കയും ആവശ്യം പോലേ പ്രസംഗയാത്രെക്കു പോ
കയും ചെയ്തു. ഇങ്ങനേ "ചെറു പട്ടാളം" പയ്യാവൂരിലേ ഉത്സവപ്രസം
ഗത്തിന്നു പോയപ്പോൾ ഉണ്ടായ ഭയങ്കരഉപദ്രവം ആവിതു: "ഞങ്ങൾക്കു
ഒരാഴ്ചയോളം പയ്യാവൂരിൽ വെച്ചു ആയിരങ്ങളോടു സുവിശേഷം അറിയി
പ്പാൻ തക്കവണ്ണം കൃപലഭിച്ചു. എന്നാൽ രണ്ടു ദിവസങ്ങളിൽ ക്ഷുദ്ര
ക്കാർ ആനകളെ ഞങ്ങളുടെ നേരേ അയച്ചു. ഒന്നാംപ്രാവശ്യം പാപ്പാൻ
ചെറിയ ഒരു ആനയെ ഞങ്ങളുടെ നേരേ തിരിപ്പിച്ചു. എന്നാൽ അവൻ
എത്ര പ്രയത്നിച്ചിട്ടും അതു അനുസരിച്ചില്ല. ഞങ്ങൾ വിറയലോടേ
ഒരു വരമ്പിന്മേൽ നിന്നിരിക്കുമ്പോൾ ആന വേറെ ഒരു വരമ്പോടു ഉര
ഞ്ഞു കൊണ്ടു പോയ്ക്കളഞ്ഞു. പിറ്റേ ദിവസം അവർ ഉത്സവക്രമത്തി
ന്നു വിരോധമായി നാലു വലിയ ആനകളെ കൊണ്ടുവന്നു. ഞങ്ങൾ അ
ന്നേരം പ്രസംഗിക്കയായിരുന്നു. അപ്പോൾ അതാ ചങ്ങലയില്ലാത്ത ഒരു
ആന തുള്ളിച്ചാടുവാൻ തുടങ്ങിയാറേ ജനക്കൂട്ടം പിരിഞ്ഞു, ആനകളോ
ഞങ്ങളുടെ നേരെ പാഞ്ഞുവന്നു ഞങ്ങൾ എല്ലാവരും വിറെച്ചു എങ്കിലും
നിന്ന സ്ഥലത്തിൽനിന്നു മാറീട്ടില്ല. ആപത്തു അത്യന്തം വലിയതു എ
ന്നു വിചാരിക്കുമ്പോൾ ആനകളിൽ രണ്ടെണ്ണം പിന്തിരിഞ്ഞു മറ്റുള്ളവ
യും ഞങ്ങളെ അടുത്തടുത്തു കടന്നുപോയി, ഞങ്ങൾക്കു യാതൊരു ഹാ
നി പറ്റാതെ കൎത്താവു ഞങ്ങളെ സൂക്ഷിച്ചു നോക്കിയതിനാൽ ജനങ്ങൾ
വിസ്മയിച്ചു നിന്നു. പിറ്റേ ദിവസം ക്ഷേത്രത്തിന്റെ ഉടയവൻ തമ്പി
ലേക്കു വന്നു പറഞ്ഞതു: "നിങ്ങളിൽനിന്നു വല്ലതും കേൾപ്പാൻ അല്ല
നിങ്ങൾ എന്റെ ദേവനെ കല്ലെന്നു വിളിക്കുന്നതുകൊണ്ടു സങ്കടം പറ
വാൻ തന്നേ ഞാൻ വന്നതു. സൎക്കാർ നിങ്ങളെ അയച്ചുവോ?" ഈ
ചോദ്യത്തിന്നു ഞങ്ങൾ: "സൎക്കാരല്ല, ഞങ്ങളുടെ നിത്യകൎത്താവും രാജാ
വുമായ നിങ്ങളുടെ സൃഷ്ടാവും രക്ഷിതാവും ന്യായാധിപതിയുമായവൻ
തന്നേ ഞങ്ങളെ അയച്ചു; ഈ കൎത്താവായ യേശുക്രിസ്തുവിന്റെ നാമ
ത്തിൽ ഞങ്ങൾ നിങ്ങളോടു പ്രസംഗിക്കുന്നു" എന്നു പറഞ്ഞപ്പോൾ അദ്ദേ
ഹം നിങ്ങൾ ഇപ്പോൾ അഞ്ചു വൎഷങ്ങളായിട്ടു ഇവിടേ വന്നു പ്രസം
ഗിക്കുന്നതിനാൽ എനിക്കു കൊല്ലന്തോറും ആദായത്തിൽ ൨൦൦ ഉറുപ്പിക
കുറവുവന്നതുകൊണ്ടു ഞാൻ ആയിരം ഉറുപ്പിക നഷ്ടത്തിന്നു നിങ്ങളുടെ
നേരെ അന്യായപ്പെടും" എന്നു ചൊല്ലീട്ടു കോപത്തോടേ പോകുമ്പോൾ
"നിങ്ങൾ വീണ്ടും ഉത്സവസ്ഥലത്തിലേക്കു ഇറങ്ങി വരുന്നു എങ്കിൽ നോ
ക്കിക്കൊൾവിൻ" എന്നു ഉറക്കേ വിളിച്ചു പറഞ്ഞു. എന്നാൽ "അവ
[ 16 ] ന്റെ ഇഷ്ടം കൂടാതെ ഒരു രോമം പോലും ഞങ്ങളുടെ തലയിൽനിന്നു
വീഴുകയില്ല എന്ന വാക്കിൻപ്രകാരം ഞങ്ങൾക്കു സംഭവിച്ചതുകൊണ്ടു
മുടങ്ങാതെ ധൈൎയ്യത്തോടേ വീണ്ടും പ്രസംഗിച്ചു". ഗുണ്ടൎത്ത് മതാമ്മയു
ടെ ഒരു കത്തിൽനിന്നു ഇതിനെ തൊട്ട ചില വാക്കുകളെ ഇവിടേ ചേ
ൎക്കേണ്ടതു: "ഹേബീൿസായ്പു പയ്യാവൂരിൽനിന്നു മടങ്ങിവന്ന ഉടനേ ഉപ
ദേശിമാരുമായി തളിപ്പറമ്പത്തേ ഉത്സവത്തിന്നുപോയി, അവിടേവെച്ചു
പയ്യാവൂരിൽ അവരുടെ നേരേ ആനയെ ഓടിച്ച ഒരു പാപ്പാൻ സുവി
ശേഷത്തെ കേൾപ്പാൻ വന്നിരുന്നു, ഇവന്റെ വായിൽനിന്നു അവർ കേ
ട്ടപ്രകാരം അങ്ങേ ഉത്സവം കഴിയും മുമ്പേ തന്നേ ആ നാലു ആനകളിൽ
ഒന്നു ചത്തുപോയതുകൊണ്ടു ജനങ്ങൾ ആകപ്പാടെ ഇതു ഹേബിൿസാ
യ്പു അറിയിക്കുന്ന ദൈവത്തിന്റെ ശിക്ഷ ആകുന്നു എന്നു പറയുന്നു". എ
ന്നാൽ അന്നേരം ഉണ്ടായ കല്ലേറു മഴകണക്കേ പെയ്തയ്തു കേൾക്കുമ്പോൾ
മഹാസങ്കടം തന്നേ; എന്നിട്ടും ചെറുപട്ടാളത്തിന്നു പ്രസംഗത്താലും പ്രാ
ൎത്ഥനയാലും ജയവും ഉണ്ടായി എന്നു കേൾക്കുന്നു.

ഈ വക സങ്കടങ്ങളാൽ പ്രിയ യോസേഫ് ഉപദേശിയുടെ ധൈൎയ്യം
കുറഞ്ഞുപോയിരിക്കും എന്നു വിചാരിച്ചാൽ തെറ്റിപ്പോകുന്നു. പട്ടാള
ത്തിന്നു പടിയിൽ ധൈൎയ്യവും ശക്തിയും ഏതുപ്രകാരം വൎദ്ധിച്ചിരിക്കുന്നു
വോ അപ്രകാരം തന്നേ കണ്ണൂരിലേ കൎത്തൃപട്ടാളത്തിനും സംഭിച്ചതു
കാണുന്നു. എന്തെന്നാൽ ആ ൫൦-ാം വൎഷത്തിൽ തന്നേ ഹേബിൿസാ
യ്പു 'തന്റെ കുട്ടികളായ' പതിനഞ്ചുപേരോടു കൂടേ പാലക്കാട്ടേക്കുള്ള ഒരു
പ്രസംഗയാത്രയിൽ ഇരിക്കുന്നതു കാണുന്നു. ഇവരിൽ യോസേഫയ്യനും
ഉണ്ടായിരുന്നു. ഈ പ്രയാണത്തിൽ അവൎക്കു പൊന്നാനി കുടക്കൽ പ
ട്ടാമ്പി തൃത്താല വാണിയങ്കുളം പാലക്കാടു കല്പാത്തി ചെറുപ്പുള്ളശ്ശേരി
അങ്ങാടിപ്പുറം മഞ്ചേരി കോഴിക്കോടു എന്നീ സ്ഥലങ്ങളിൽ ദൈവസ്നേ
ഹത്തെയും അവന്റെ അഭിഷിക്തനെയും കുറിച്ചു മുടക്കം കൂടാതെ പ്രാ
ഗത്ഭ്യത്താടേ സാക്ഷിപറവാനും മൂന്നാൾ ചുമടുപുസ്തകങ്ങളെ പരത്തു
വാനും കൃപലഭിക്കയാൽ മഹാ സന്തോഷത്തോടേ വീട്ടിലേക്കു മടങ്ങിവ
ന്നു. അന്നു മുതൽ പാലക്കാടും ഒരു മിശ്ശൻസ്ഥലം ആയിത്തീരേണം
എന്നുള്ള ആശ സഹോദരന്മാരിൽ ഉണ്ടായതുകൊണ്ടു ആയതിന്നു നിവൃ
ത്തി വരുംവരേ കൎത്താവിനോടും കമ്മട്ടിയാരോടും യാചന കഴിച്ചു പോ
ന്നു. ഈ കഴിഞ്ഞ ൫൦-ാം വൎഷത്തിൽ ക്ഷാന്തി വിശ്വാസസന്തോഷങ്ങൾ
നിറഞ്ഞവളായി ക്ഷയരോഗത്താൽ മരിച്ച തന്റെ അനുജത്തിയുടെ ക
ല്ലറെക്കൽ നിന്നിരുന്ന യോസേഫ് ഉപദേശിയാർ പുതുവൎഷത്തിലും ക
ഷ്ടച്ചൂളയിൽ കൂടി കടക്കേണ്ടിവന്നു. "ഭാൎയ്യകിട്ടി നന്മകിട്ടി" എന്നുള്ള മാ
ധുൎയ്യാനുഭവം അല്പനേരത്തേക്കു മാത്രം ആസ്വദിച്ചു. എങ്ങിനേയെ
[ 17 ] ന്നാൽ തന്റെ പ്രിയമുള്ള ഭാൎയ്യയായ എലിശബെത്ത് ഒരു പെണ്കുട്ടിയെ
പ്രസവിച്ച ശേഷം ക്ഷയരോഗമൂലം കഴിഞ്ഞുപോയി. ഭാൎയ്യ പൂൎണ്ണ
സമാധാനത്തോടേ ഉറങ്ങി എന്നുള്ള ആശാസം ഈ കൈപ്പുള്ള അനുഭവ
ത്തിൽ ഉണ്ടായിരുന്നാലും ശേഷിച്ച അനാഥക്കുട്ടിയുടെ അവസ്ഥയും ത
ന്റെ നഷ്ടവും ഓൎക്കുന്തോറും താൻ ദുഃഖിതനായി പലപ്പോഴും കണ്ണു
നീർ വാൎത്തതു ഗ്രഹിക്കാമല്ലോ. എന്നാൽ കൎത്താവു ഈ സമയങ്ങളി
ലും തന്റെ ഭൃത്യനെ വിട്ടിട്ടില്ല. 'ചെറുപട്ടാളം' യുദ്ധത്തിനു പുറപ്പെടു
മ്പോൾ നമ്മുടെ യോസേഫും തയ്യാറായിരുന്നു താനും. "മുത്തപ്പൻ ത
ന്റെ കുട്ടികളുമായി അതാ എത്തി" എന്നു പയ്യാവൂരിലും "അതാ അ
വൻ വന്നു" എന്നു തളിപ്പറമ്പിലും ജനങ്ങൾ കൂകിവിളിക്കുമ്പോൾ മുത്ത
പ്പനും തന്റെ മക്കളും സകല മനോവിചാരങ്ങളെ നീക്കി പ്രാഗത്ഭ്യ
ത്തോടേ "വിശേഷിച്ചു വേറൊരുവനിൽ രക്ഷയില്ല" എന്നു ഘോഷി
പ്പാൻ തുടങ്ങി. കൂടാളിത്തെരുവിൽ പ്രസംഗിക്കുമ്പോൾ അവിടത്തേ ചാ
ല്യർ പച്ചച്ചാണം കൊണ്ടു എറിഞ്ഞു മുഖത്തും ഉടുപ്പിന്മേലും പറ്റി
ച്ചതും വിശേഷിച്ചു സായ്പിന്റെ മുഖത്തും താടിമേലും ചാണം പറ്റി
ഞേലുന്നതും വസ്ത്രം ചാണം പിരണ്ടതും കണ്ടാൽ സങ്കടം തോന്നിപ്പോ
കും. ഇങ്ങനേ ചെറുപട്ടാളത്തിന്നു സംഭവിച്ചെങ്കിലും ഇവർ "ജാതി
കളിൽ കൎത്താവിനെ സേവിക്കുന്നതു മഹാ ഭാഗ്യം അത്രേ" എന്ന സ്തുതി
യോടേ മടങ്ങിവന്നു. ഈ കൊല്ലത്തിൽ ബാസലിൽനിനുള്ള മൂപ്പൻ
സായ്പവർകളും (Rev. J. Josenhans) അവരോടൊന്നിച്ചു ഹേബിൿസായ്പി
ന്റെ സഹായത്തിന്നായി ഒരു പുതിയ മിശ്ശനരിയും (Rev. E. Diez) വ
ന്നതിനാൽ കണ്ണൂർസഭെക്കും അതിനോടു ചേൎന്ന 'ചെറുപട്ടാളത്തിന്നും'
വളരേ സന്തോഷവും അനുഗ്രഹവുമുണ്ടായി.

പിന്നേ യോസൻഹൻസ് സായ്പവർകൾ ഇന്ത്യയെ വിടുന്നതിനു മുമ്പേ
തന്നേ ഹേബിൿസായ്പു യോസേഫ്ഉപദേശിയുമായി പാലക്കാടു കോയ
മ്പത്തൂർ നീലഗിരി എന്നീ സ്ഥലങ്ങളിലേക്കു പ്രസംഗയാത്രെക്കു പുറ
പ്പെട്ടു ഒരു മാസത്തിൽ അധികം സഞ്ചരിക്കയും ചെയ്തതു കേൾക്കുന്നു.
ജൂലായിമാസത്തിൽ (൧൮൫൨.) യോസേഫ്ഉപദേശി രണ്ടാമതും വിവാ
ഹം ചെയ്തു എങ്കിലും ഈ കുറിയും ൫ മോശ. ൨൪, ൫ഇൽ കാണുന്ന ക്ര
മപ്രകാരം കാൎയ്യം നടന്നതു കാണുന്നില്ല; എന്തെന്നാൽ ഔഗുസ്തമാസ
ത്തിലും ദിസേമ്പ്രമാസത്തിലും താൻ ഹേബിൿസായ്പിനോടു കൂടേ രണ്ടു
വട്ടം പാലക്കാട്ടിലേക്കും മറ്റും പ്രസംഗയാത്രയിൽ ആയിരുന്നതു ഞ
ങ്ങൾ അറിയുന്നു. ഈ കൊല്ലത്തിൽ അഗ്നിഭയത്തിലും ആയിരുന്നു;
തയ്യിൽ ൬൫ വീടുകൾ കത്തിപ്പോയെങ്കിലും ഉപദേശിയുടെ വീടിനെ ക
ൎത്താവു രക്ഷിച്ചതു നന്ദിക്കു ഹേതുവായിത്തീൎന്നു. [ 18 ] ൧൮൫൩-ാം വൎഷത്തിൽ ഒന്നാം ഭാൎയ്യയിൽനിന്നുള്ള കുട്ടി മരിച്ച ഉട
നേ രണ്ടാം ഭാൎയ്യയായ എലൈസാ ഒരു ആണ്കുട്ടിയെ പ്രസവിച്ചതിനാൽ
സൎവ്വകുഡുംബത്തിന്നും വളരേ സന്തോഷമുണ്ടായി. അതല്ലാതെ ഈ
കൊല്ലത്തിലും പല പ്രസംഗയാത്രകളിൽ സുവിശേഷത്തെ വായ്മൊ
ഴിയാലും പുസ്തകങ്ങളാലും തന്റെ പ്രിയപ്പെട്ട "അച്ഛനുമായി" പരത്തു
വാൻ കൎത്താവു കൃപനല്കി.

പിന്നേ ൧൮൫൪-ാം വൎഷത്തിൽ സായ്പും യോസേഫുഉപദേശിയും മ
ലപ്പുറം പാലക്കാടു നീലഗിരി ബങ്കളൂർ ഫ്രെഞ്ച്റോക്ക്സ് എന്ന സ്ഥലങ്ങ
ളോളം ഒരു ഘോഷണയാത്രെക്കു പുറപ്പെട്ടു. ഈ യാത്രിൽ അനുഭവി
ച്ച ദൈവാനുഗ്രഹവും കണ്ട പ്രവൃത്തി സാദ്ധ്യവും കൊണ്ടുള്ള സന്തോ
ഷം അവർ മടങ്ങിവന്ന ഉടനേ ൨൮ പേൎക്കു തിരുസ്നാനം ഉണ്ടായതു നിമി
ത്തം ഏറ്റവും വൎദ്ധിച്ചു എങ്കിലും പിന്നേത്തതിൽ വന്ന വ്യസനം എ
ത്ര എന്നു പറഞ്ഞുകൂടാ. കണ്ണൂരിലും അതിന്നു ചുറ്റുമുള്ള ദിക്കുകളിലും
നടപ്പുദീനം കലശലായി എങ്ങും വ്യാപിച്ചു, സഭയിലും കടന്നു ചില സ
ഭക്കാരെ കൎത്താവിൻ അടുക്കേ കൊണ്ടുപോയി. അന്നു ദീസ്സായ്പും ഗു
ണ്ടൎത്ത് മതാമ്മയും തങ്ങളാൽ ആകുവോളം ദീനക്കാരെ ശുശ്രൂഷിച്ചുവന്ന
പ്പോൾ അവൎക്കും രോഗം പിടിപെട്ടു എങ്കിലും കൎത്താവിൻ അളവില്ലാ
ത്ത കരുണ അവരെ തന്റെ പ്രവൃത്തിക്കായി ശേഷിപ്പിച്ചു. ഈ സമ
യത്തിൽ ഒരുദിവസം വൈകുന്നേരം (ഔഗുസ്ത ൧൭-ാം൹) യോസേഫ്ഉ
പദേശി വിരോധം കൂട്ടാക്കാതെകണ്ടു നടപ്പുദീനം പിടിപെട്ട സഭക്കാര
ത്തിയായ ഫിലിപ്പീനയുടെ അടുക്കൽ ചെന്നു മടങ്ങിവരുമ്പോൾ ഭാൎയ്യ
ആ അമ്മയുടെ അവസ്ഥ ചോദിച്ചാറേ "ആ അമ്മ ഇപ്പോൾ തന്നേ മ
രിച്ചു" എന്നു ഉത്തരം പറഞ്ഞു. അതു കേട്ടിട്ടു ഭാൎയ്യ വളരേ വ്യസനിച്ചു
ഭൎത്താവിന്നു വേണ്ടിയതു ചെയ്തുതീൎത്ത ഉടനേ താൻ മുറിയിൽ പോയി കി
ടന്നു; ഉപദേശിയാർ അതു കണ്ടപ്പോൾ "നിണക്കെന്തു" എന്നു ചോദി
ച്ചാറേ ആ ഭയങ്കരദീനത്തിന്റെ ആരംഭമെല്ലാം ഉണ്ടെന്നു കേട്ടിട്ടു താൻ
ദുഃഖത്തോടേ ഹേബിൿസായ്പിന്റെ അടുക്കൽ പാഞ്ഞുചെന്നു വൎത്തമാ
നം അറിയിച്ച ഉടനേ സായ്പു മരുന്നു കൊണ്ടുവന്നു കൊടുത്തെങ്കിലും ഒ
ന്നും ഫലിച്ചില്ല. "സായ്പേ, ഞാൻ കൎത്താവിന്റെ അടുക്കൽ പോകു
ന്നു" എന്നു അവൾ പറഞ്ഞാറേ, സായ്പു: "കട്ടി, നിണക്കു ഭയമുണ്ടോ?"
എന്നു ചോദിച്ചതിന്നു അവൾ: "ഹാ എന്റെ സ്നേഹമുള്ള യേശുവി
ന്റെ അടുക്കൽ പോകുന്നതുകൊണ്ടു എന്തിന്നു ഭയം?" എന്നു ഉച്ചരി
ച്ചിട്ടു സായ്പു മിണ്ടാതെനിന്നു. അപ്പോൾ അവൾ തന്റെ ഭൎത്താവി
നെ നോക്കി "മനശ്ശയെ നല്ലവണ്ണം നോക്കേണം, കൎത്താവിന്നായി വള
ൎത്തുവിൻ; നിങ്ങൾ എന്ന കൊണ്ടു ദുഃഖിക്കേണ്ട, കൎത്താവിനെ നോക്കു
[ 19 ] വിൻ; അവൻ നിങ്ങളെ ആശ്വസിപ്പിക്കട്ടെ" എന്നു പറഞ്ഞതിൽ പി
ന്നേ അമ്മയച്ഛന്മാരെയും മറ്റും ചോദിച്ചു അവരോടും ഓരോ ആശ്വാ
സവാക്കുകളെ പറഞ്ഞു. പിന്നോ ഹേബിൿസായ്പു "നിണക്കു വേറെ വ
ല്ലതും പറവാനുണ്ടോ എന്നു ചോദിച്ചാറെ" ജ്യേഷ്ഠനെക്കാണ്മാൻ താല്പ
ൎയ്യമുണ്ടായിരുന്നു (Abraham Chadayappen) എങ്കിലും അവർ ദൂരത്തല്ലേ,
വേണ്ടതില്ല എന്റെ സലാം പറവിൻ; ഇപ്പോൾ പ്രാൎത്ഥിപ്പിൻ; ഇനി
താമസിക്കേണ്ട, ദൂതന്മാർ അതാ വന്നിരിക്കുന്നു. എന്റെ ശവസംസ്കാര
ത്തിൽ എല്ലാം നല്ലൂ". ("All is well") എന്ന പാട്ടുപാടേണം എന്നു പ
റഞ്ഞു. പിന്നേ ഹേബിൿസായ്പു പ്രാൎത്ഥനകഴിച്ചു തീരുമ്പോൾ രോഗി
ആമെൻ എന്നും ചൊല്ലി കൎത്താവിൽ നിദ്രപ്രാപിക്കയും ചെയ്തു. ഇ
തിനാൽ അയ്യന്നു പറ്റിയ സങ്കടം വലുതായിരുന്നു, വിശേഷിച്ചു അമ്മ
യില്ലാത്ത തന്റെ കുട്ടിയെ ഓൎക്കുന്തോറും നന്ന വ്യസനിച്ചു, എന്നാൽ
ഈ കാൎയ്യത്തിലും കൎത്താവു അയ്യന്റെ അമ്മയാലും ഗുണ്ടൎത്ത്മതാമ്മയാ
ലും തന്റെ വാത്സല്യത്തെ വെളിപ്പെടുത്തി ഏറിയോരാശ്വാസം എത്തി
ച്ചുതന്നു. സപ്തെമ്പർമാസത്തിലേ ൨-ാം൹ മുതൽ നവമ്പർ ൧-ാം൹
വരേ അയ്യൻ ഹേബിൿസായ്പിനോടു കൂടേ പാലക്കാട്ടോളം യാത്രെക്കു പോ
യിരുന്ന സമയത്തു അവർ ഗ്രാമന്തോറും ക്രൂശിന്റെ വചനം അറിയിച്ചു,
"കൎത്താവു ഞങ്ങൾക്കു ഈ യാത്രയിൽ വളരേ സന്തോഷവും സമാധാന
വും നല്കി, ഞങ്ങളുടെ പ്രസംഗവും വ്യൎത്ഥമായില്ല എന്നു വിശ്വസിപ്പാ
നും സംഗതി ഉണ്ടു" എന്നു പറയുന്നു.

൧൮൫൫-ാം വൎഷാരംഭത്തിൽ ഹേബിൿസായ്പിന്റെ "ഓമനയോസേ
ഫ്" വളരേ ക്ഷീണനായിരുന്നതു കൊണ്ടു സായ്പു തന്റെ സഹായത്തി
ന്നായി അയ്യന്റെ അനുജനായ ദാവീദിനെ മംഗലാപുരത്തുനിന്നു വരു
ത്തി. (ഇദ്ദേഹം മുമ്പേ, ഉപദേശിയായി കൎത്താവിനെ സേവിച്ചിരുന്നു
എങ്കിലും സത്യത്തിന്റെ പരിജ്ഞാനത്തിൽ വൎദ്ധിക്കേണ്ടതിന്നും സുവി
ശേഷകസ്ഥാനത്തിന്നു അധികം പ്രാപ്തിയുള്ളവനായി തീരേണ്ടതിന്നും
൧൮൫൨-ാം മതിൽ ശാലയിൽ വീണ്ടും ചേരുവാൻ അപേക്ഷിച്ചപ്പോൾ
ഹേബിൿസായ്പിനു അവനെ വിടുവാൻ അത്ര മനസ്സുണ്ടാകാഞ്ഞാലും
ബാലന്റെ സത്യാഗ്രഹം കണ്ടിട്ടു ഒടുവിൽ സമ്മതിച്ചു. എന്നാൽ നല്ല
അടിസ്ഥാനമുള്ള പഠിപ്പോടും യജമാനനായ കൎത്താവിന്റെ സേവെക്കാ
യി എത്രയും പറ്റത്തക്ക പ്രാപ്തിവരങ്ങളോടും കൂടേ മടങ്ങിവന്നതു കണ്ട
പ്പോൾ ഇരട്ടി സന്തോഷമുണ്ടായി). പതിവുപ്രകാരം പയ്യാവൂർ മുത
ലായ ക്ഷേത്രോത്സവങ്ങളിൽ പ്രവൃത്തിച്ച ശേഷം സായ്പു യോസേഫ്
ദാവീദ് എന്ന രണ്ടു ജ്യേഷ്ഠാനുജന്മാരോടൊന്നിച്ചു ദീൎഘയാത്രെക്കു പുറ
പ്പെട്ടു. അവർ പോകുവാൻ നിശ്ചയിച്ചിരുന്ന സ്ഥലങ്ങൾ മലപ്പുറം
[ 20 ] പാലക്കാടു, കോയമ്പത്തൂർ, നീലഗിരി, ഫ്രെഞ്ച്റോക്ക്സ്, ബങ്കളൂർ മൈ
സൂർ, കുടകു എന്നിവയായിരുന്നു. കോയമ്പത്തുർ വരേ അവർ കൎത്തൃ
വേലയെ അനുഗ്രഹത്തോടെ ചെയ്തിട്ടു സായ്പു അവിടേത്ത മുസ്സാവരിബ
ങ്കളാവിൽ ചില ആത്മാക്കളെ കൎത്താവിൻ അടുക്കൽ നടത്തേണം എ
ന്നുള്ള വിശേഷപ്രവൃത്തിയുണ്ടെന്നു കാണ്കയാൽ ദാവീദുപദേശിയെയും
പണിക്കാരനെയും മേട്ടുപാളയത്തേക്കു മുമ്പേ അയച്ചു. എന്നാൽ വ
ഴിയിൽ വെച്ചു പ്രിയ ദാവീദിനു നടപ്പുദിനം കിട്ടി പ്രയാസേന മേട്ടുപാ
ളയത്തിലേ മുസ്സാവരിബങ്കളാവിൽ എത്തി; തന്നോടു കൂടേയുള്ള പണി
ക്കാരന്റെ അദ്ധ്വാനമെല്ലാം വെറുതെയായി എന്നു മാത്രമല്ല ഇവനും
ആ രോഗത്താൽ തന്നേ കിടപ്പിലായി. സായ്പും യോസേഫ്ഉപദേശി
യാരും എത്തിയാറെ ദാവീദിന്റെ അവസ്ഥ മഹാസങ്കടം എന്നു കണ്ടു.
"നിങ്ങൾ വരേണം എന്നു ഞാൻ പ്രാൎത്ഥിച്ചു; നിങ്ങൾ എത്തിയതു നന്നാ
യി; നിങ്ങളെ കണ്ടതു എനിക്കു വലിയ ആശ്വാസം" എന്നു ദാവീദ് പറ
ഞ്ഞ ഉടനേ ഹേബിൿസായ്പു അന്നു അവിടേ ഉണ്ടായിരുന്ന ഒരു വൈദ്യരെ
ചെന്നു വിളിച്ചു. അദ്ദേഹം രണ്ടു ദിനക്കാൎക്കും മരുന്നുകൊടുത്തു. പണി
ക്കാരൻ അതിനാൽ സൌഖ്യപ്പെട്ടു; എന്നാൽ യാത്രയുടെ അദ്ധ്വാനത്താൽ
ദീനംപിടിക്കുംമുമ്പേ തന്നേ നന്ന ക്ഷീണിച്ചുപോയ ദാവീദിനു ഭേദം ഒട്ടും
കണ്ടില്ല. വൈദ്യരോടു "സൌഖ്യംവരുമോ" എന്നു പിന്നേയും പിന്നേ
യും ചോദിക്കുമ്പോൾ "നിങ്ങൾക്കു അവന്നു യാതൊരു സഹായവും ചെ
യ്തുകൂടാ, നിങ്ങളും ഈ സ്ഥലം വിട്ടു വേഗം നീലഗിരിക്കു പോകേണം"
എന്നുള്ള ഉത്തരം മാത്രമേ ഉണ്ടായിട്ടുള്ളൂ. ദീനക്കാരനെ കോയമ്പത്തൂ
രിലേക്കു അയക്കേണം എന്ന കല്പനയും കൂടേ ഉണ്ടാകയാലും യോസേഫ്
ഉപദേശിയും സഹായത്തിന്നും ആശ്വാസത്തിന്നും ആവശ്യപ്പെടത്തുക്ക
വണ്ണം ദീനക്കാരനാകയാലും ഹേബിൿസായ്പു ഒരു കൂലിവണ്ടി പിടിച്ചു
കോയമ്പത്തൂരിലേക്കു മടങ്ങിപ്പോകുന്ന വഴിയിൽ ദീനം അധികം കലശ
ലായി ഗൂഡലൂർ സമീപത്തു ഏകദേശം ഉച്ചെക്കു രണ്ടു മണിസ്സമയം
(മെയി ൩൧-ാം) പ്രിയ ദാവീദ് സമാധാനത്തിൽ കഴിഞ്ഞുപോകയും
ചെയ്തു. വൈകുന്നേരം ൮ മണിക്കു അവർ കോയമ്പത്തൂരിലേ ലണ്ടൻ
മിശ്ശൻ വീട്ടിൽ എത്തി. എദ്ദിസ്‌സായ്പും (Rev. Addis) മദാമ്മയും അ
വൎക്കു കാണിച്ച സ്നേഹവും പറഞ്ഞ സാന്ത്വനവാക്കുകളും ചെ
യ്ത സഹായവും ദുഃഖിതനായ ജ്യേഷ്ഠനെ വളരേ ആശ്വസിപ്പിച്ചു; പിറ്റേ ദിവ
സം രാവിലേ എദ്ദിസ്‌സായ്പു ശവസംസ്കാരം കഴിച്ചു. ഹേബിൿസായ്പു
മരിക്കുന്നവനോടു ഓരോരിക്കൽ: "നീ കൎത്താവായ യേശുവിൽ വിശ്വസി
ക്കുന്നുവോ?" എന്നു ചോദിച്ചതിന്നു "അതേ, അതേ, യേശു എനിക്കു
സകലവും ആകുന്നു" എന്നു ഉത്തരം ചൊല്ലി; വേറൊരു സമയത്തു അ
[ 21 ] വൻ ജ്യേഷ്ഠനോടു:"യഹോവ കൊല്ലുന്നു, യഹോവ ജീവിപ്പിക്കുന്നു" എന്നു
പറകയാൽ ദുഃഖിതർ പുതു ആശപൂണ്ടു, എന്നാൽ കൎത്താവിന്റെ ഇഷ്ടം
തങ്ങളുടേതിനെക്കാൾ നല്ലതായിരുന്നു എന്നു പാട്ടുപാടിക്കൊണ്ടു അങ്ങേ
കരെക്കു ഓടുന്ന ബാല പുരുഷന്റെ മരണം കണ്ടിട്ടു പറയേണ്ടി വന്നു.
മൂത്ത ജ്യേഷ്ഠൻ എന്ന പോലെ ദാവീദും തന്റെ ൨൪-ാം വയസ്സിൽ മരിച്ച
പോയതു. എന്നാൽ പടയാളികളുടെ ഇടയിൽനിന്നു ചിലർ യുദ്ധത്തിൽ
പട്ടുപോകുന്നതിനാൽ ശേഷിക്കുന്നവരുടെ ധൈൎയ്യം പോയ്പോകരുതു എ
ന്നതു പോലെ ഇത്ര വലിയ നഷ്ടവും സങ്കടവും അനുഭവിച്ചു നമ്മുടെ
രണ്ടു "ചെറുപട്ടാളക്കാരും" പിറ്റെന്നു പുറപ്പെട്ടു നീലഗിരിയിൽ എത്തി
യപ്പോൾ അങ്ങുള്ള സഹോദരന്മാരും മറ്റും ഇവൎക്കു തട്ടിയ കഷ്ടത്തെ
കുറിച്ചു കേട്ടിരുന്നതിനാൽ അവരെ വളരേ ആശ്വസിപ്പിക്കയും ചെയ്തു.

ഈ ദുഃഖകരമായ സമാചാരം കണ്ണൂരിൽ എത്തിയപ്പോൾ ഇത്ര കട്ടി
കളെയും മറ്റും കൎത്താവിന്നു മടക്കികൊടുത്ത അമ്മയച്ഛന്മാരുടെ വ്യസ
നം പറഞ്ഞുകൂടാ, അമ്മെക്കു അതു മേലിൽനിന്നുള്ള ഒരു വിളി (Summons)
പോലേ തോന്നുകയും ചെയ്തു. മകനായ യോസേഫ് ഏകനായി മട
ങ്ങിവന്നപ്പോൾ അമ്മ: "നിങ്ങൾ ഇരുവരായി ഇവിടേനിന്നു പോയി ഇ
പ്പോൾ നീ ഏകനായി മടങ്ങിവന്നു" എന്നു പറഞ്ഞിരുന്നാലും ശിക്ഷി
ക്കുന്ന വടിയെ ഈ സമയത്തിലും ചുംബിച്ചു പ്രിയമകന്റെ പിന്നാലേ
ചെല്ലുവാൻ തക്കവണ്ണം ചിന്തിച്ചുകൊണ്ടിരിക്കയും ചെയ്തു. അതിന്നു
വേഗത്തിൽ സംഗതിവന്നപ്രകാരവും പറയാം. അവർ ഒരു ദിവസം കോലായിൽ ഇരിക്കുമ്പോൾ ഒരു ക്രിസ്തീയബാല്യക്കാരൻ ഒരു ചിരട്ടകൊ
ണ്ടു പൂച്ചയെ എറിഞ്ഞതു അമ്മയുടെ നെറ്റിക്കുകൊണ്ടു അതിനാൽ
വിടാത്ത തലവേദനയും പനിയും ഉണ്ടായിട്ടു ചില മാസത്തോളം കിട
പ്പിലായി. ഒരു ദിവസം ഭൎത്താവു അമ്മയുടെ കുട്ടിലിന്നരികേ ഇരുന്നു
യോഹ. ൧൯-ാം അദ്ധ്യായം വായിച്ചുകൊണ്ടിരിക്കുമ്പോൾ താൻ ഒന്നും
കാണാതെയും കേളാതെയുംകണ്ടു ഭാൎയ്യ കൎത്താവിൽ ഉറങ്ങിപ്പോയി. മ
കനായ യോസേഫ് അന്നേരം വീട്ടിൽ ഇല്ലായ്കകൊണ്ടു മടങ്ങിവന്ന
പ്പോൾ വളരേ സങ്കടപ്പെട്ടു കരിഞ്ഞു. എന്നാൽ "നീ വെള്ളങ്ങളിൽ
കൂടി കടന്നുപോകുമ്പോൾ ഞാൻ നിന്നോടു കൂടേ ഇരിക്കും, നീ അഗ്നി
യിൽ കൂടി നടക്കുമ്പോൾ നീ വെന്തുപോകില്ല, അഗ്നിജ്വാല നിന്റെ
മേൽ കത്തുകയുമില്ല" എന്നുള്ള വാഗ്ദത്തത്തെ കൎത്താവു ഈ പുതിയ സ
ങ്കടത്തിലും നിവൃത്തിച്ചു തന്റെ ദാസനെയും വൃദ്ധനായ അപ്പനെയും
ആശ്വസിപ്പിച്ചുറപ്പിച്ചു. പിന്നേ നവെമ്പർ ദിസെമ്പർ എന്നീ മാസ
ങ്ങളിൽ അയ്യൻ ഹേബിൿസായ്‌പ്പുമായി പാലക്കാടുവരേയുള്ള ഒരു പ്ര
സംഗയാത്രിൽ തന്റെ വിശ്വാസത്തെ കഷ്ടത്താൽ സ്ഥിരപ്പെടുത്തിയ
[ 22 ] കൎത്താവിന്റെ നിത്യസുവിശേഷത്തെ വീണ്ടും പ്രാഗത്ഭ്യത്തോടേ ഘോ
ഷിച്ചുപോന്നു.

പിറ്റേ വൎഷത്തിൽ (൧൮൫൬) ഗുണ്ടൎത്ത് സായ്പും മതാമ്മയും ചിറ
ക്കൽവിട്ടു മംഗലാപുരത്തേക്കു പോകയാൽ ദീസ്‌സായ്പും മതാമ്മയും പെ
ണ്കുട്ടികളുടെ ശാല നോക്കുവാൻ ചിറക്കലിലേക്കു മാറിപ്പോയി. ഹേ
ബിൿസായ്‌പ്പു തന്റെ "മകനുമായി ഉത്സവങ്ങളിലും അങ്ങാടികളിലും
മടിക്കരി, ഫ്രഞ്ച്റോക്ക്സ്, പാലള്ളി, നീലഗിരി, പാലക്കാടു തെക്കേമലയാ
ളച്ചന്തകൾ എന്നീ സ്ഥലങ്ങളിലും കൎത്താവിന്റെ വചനത്തെ ധാരാളം
ഘോഷിച്ചുപോന്നു. വൎഷത്തിന്റെ അന്ത്യത്തിലോ അഞ്ചരക്കണ്ടിയിൽ
൧൮ സംവത്സരമായി നടന്നപ്രവൃത്തിക്കു മുടക്കുംവന്നതിനാൽ അവിടേ
ത്ത സഭയിലേ ക്രിസ്ത്യാനികൾ മിക്കുപേരും തോട്ടത്തിന്റെ യജമാനൻ
നീക്കിയ തങ്ങളുടെ ഉപദേശിയോടു കൂടേ കണ്ണൂരിലേക്കു പോകുവാൻ നി
ശ്ചയിച്ചു. ആയതുകൊണ്ടു സായ്പുമാർ യോസേഫ്ഉപദേശിയാരെ
അങ്ങോട്ടയച്ചു, അവർ മൂപ്പന്മാരെ വരുത്തി അവരുടെ സങ്കടങ്ങൾ എ
ല്ലാം കേട്ടു തങ്ങൾക്കു എന്തു ചെയ്വാൻ മനസ്സുണ്ടെന്നു അറിഞ്ഞശേഷം
യജമാനൻ ൬൦ ആളുകളെ പണിയിൽനിന്നു പിരിപ്പിച്ചു വിട്ടയക്കുമ്പോൾ
അവരോടു കൂടേ ചൊവ്വ എന്ന സ്ഥലത്തേക്കു പുറപ്പെട്ടു. ഹേബീൿ
സായ്പു പാട്ടോടും പ്രാർത്ഥനയോടും കൂടേ അവരെ എതിരേല്ക്കുമ്പോൾ
ആബാലവൃദ്ധം സന്തോഷത്തോടിരുന്നു. എന്നാൽ ഈ വലിയ സംഖ്യ
യുടെ (ആകപ്പാടേ ൧൭൦ ആത്മാക്കൾ) അഹോവൃത്തിക്കായി എന്തുവേ
ണ്ടു എന്നുള്ള ചോദ്യം കുറഞ്ഞോരു ഭാരമല്ലയായിരുന്നു. എന്നിട്ടും അ
വരെ അടിമത്തനത്തിലേക്കു തിരികേ അയക്കുന്നതിനെക്കാൾ അവരുടെ
ഐഹികജീവനത്തിന്നും ഒരു വഴി അന്വേഷിക്കുന്നതു നല്ലു എന്നു ഹേ
ബിൿസായ്പിന്നു തോന്നുകയാൽ ചൊവ്വപ്പറമ്പിൽ വെച്ചു പണി എടു
പ്പിപ്പാൻ തുടങ്ങി. അഞ്ചരക്കണ്ടിയിൽനിന്നു വന്നു ചേൎന്നവരിൽ ഒരു
കൂട്ടം അൎദ്ധക്രിസ്ത്യാനർ ഉണ്ടായതിനാൽ ഭാരം അധികം തന്നേ വൎദ്ധി
ച്ചു. എന്നാൽ കൎത്താവു ഈ സങ്കടത്തിലും സഹായിയും സ്ഥായിയും
ആയ്നില്ക്കയാൽ സാധാരണമായിപ്പോയ ഉത്സവങ്ങളിൽ സുവിശേഷത്തെ
അറിയിപ്പാൻ കഴിവുവന്നതു കൂടാതെ ഏപ്രിൽ മാസത്തിൽ (൧൮൫൭)
൨൪ പേരെ തിരുസ്നാനത്താൽ സഭയോടു ചേൎത്തശേഷം യാത്രക്കാൎക്കു വീ
ണ്ടും ഒരു പ്രസംഗപ്രയാണത്തിന്നു പുറപ്പെടുവാനും ഇടവന്നു. എന്നാൽ
ഇവരുടെ പോക്കിനാൽ പ്രിയ ദീസ്‌സായ്പിന്റെ മേൽ വീണ പ്രവൃത്തി
ഭാരം വഹിപ്പാൻ കഴിയുന്നതിന്നു മീതേ ഘനമേറി രക്ഷാതിസാരത്താലു
ള്ള അവരുടെ സൌഖ്യക്കേടു മരണത്തോളം വൎദ്ധിച്ചതുകൊണ്ടു യാത്രക്കാ
രെ വീട്ടിലേക്കു വരുവാൻ വിളിക്കേണ്ടിവന്നു. അതിന്റെ ശേഷം വളരേ
[ 23 ] ക്ഷീണനായിപ്പോയ ദീസ്‌സായ്പിനെ ചോമ്പാലിലേക്കും മില്ലർസായ്പി
നെ അവിടേനിന്നു കണ്ണൂരിലേക്കും മാറ്റിയതിനാലും ചൊവ്വപ്പറമ്പിൽ
൨൧ വീടുകൾ അധികം കെട്ടിയതിനാലും അഞ്ചരക്കണ്ടിയിൽനിന്നു വന്ന
വരെല്ലാം സ്ഥിരവാസം പ്രാപിച്ചു പോൽ. ഈ വൎഷത്തിലേ ഔഗസ്ത
മാസത്തിൽ ഉണ്ടായ കലമ്പലിൻ (Mutiny) ഭയവും ദൈവകൃപയാൽ
വെറുതെ ആയിപ്പോയി. അപ്രകാരം തന്നേ കൎത്താവു തന്റെ ഭൃത്യരോ
ടു കൂടേ കന്നട ദേശത്തിലും ഉണ്ടായപ്രകാരം കേൾക്കുന്നു. അവിടേത്ത
ക്രിസ്താനർ മിക്കുപേർ തൃപ്തികേടുള്ള ചില തലവന്മാരുടെ ഉത്സാഹ
ത്തിന്മേൽ മിശ്ശനിൽനിന്നു വേൎപിരിയുവാൻ ഭാവിച്ചപ്പോൾ ഹേബിൿ
സായ്പു അയ്യനെയും കൂട്ടിക്കൊണ്ടു അങ്ങുപോയി എങ്കിലും പുതുവൎഷ
ത്തിന്റെ ആരാധനെക്കു കണ്ണൂരിൽ ഇരിക്കേണം എന്ന ആവശ്യം ഹേതു
വായി തൃപ്തികേടും കലക്കഭാവവുമുള്ള കന്നടസഭക്കാരെ പുതുവൎഷത്തിൽ
(൧൮൫൮) മാത്രം സമാധാനപ്പെടുത്തുവാൻ സംഗതിവന്നുള്ളൂ. അവർ
മടങ്ങിവന്ന ശേഷം സായ്പു തന്റെ പ്രിയ യോസേഫിനോടു: "നീ വീ
ണ്ടും വിവാഹം ചെയ്യേണം, നിന്റെ കാൎയ്യത്തെ നോക്കുവാൻ ഒരാൾ
ആവശ്യം, നമുക്കു വേഗം ഒരു വലിയ യാത്രെക്കു പോകേണം" എന്നു പ
ലപ്രാവശ്യം പറകകൊണ്ടു അയ്യൻ മൂന്നാമതും ഇപ്പോഴത്തേ ഭാൎയ്യയായ
സാറയെ (മാൎച്ച്മാസത്തിൽ തന്നേ) വിവാഹം ചെയ്തു. (ഈ ഭാൎയ്യയിൽ
നിന്നുള്ള പത്തു കുട്ടികളിൽ ആറു പേർ മാത്രം ശേഷിക്കുന്നുണ്ടു.) ഈ
വൎഷത്തിൽ നമ്മുടെ യാത്രക്കാർ കണ്ണൂരിലും ചുറ്റുമുള്ള ദിക്കുകളിലും
മാത്രം വചനത്തെ ഘോഷിച്ചറിയിച്ചു. പതിനാറു കൊല്ലമായി വൎഷ
ന്തോറും ചെന്ന ഉത്സവങ്ങളിലും അവരുടെ ശബ്ദം ഈ സംവത്സരത്തിൽ
കേളാത്ത സംഗതി സായ്പിന്റെ സുഖക്കേടും ജനക്കലക്കവും തന്നേ.
ആ സ്ഥലങ്ങളിലേക്കു പോകാതെ ഇരിക്കുന്നതു നന്നെന്നു ചില സ്നേഹി
തരുടെയും ഉദ്യോഗസ്ഥന്മാരുടെയും ആലോചനയുമായിരുന്നു. എന്നാൽ
സഭകളിൽവെച്ചു പ്രവൃത്തിച്ചതു വലിയ അനുഗ്രഹമായിത്തീൎന്നു. മാൎച്ച്
൧൯-ാം൹ എന്ന ചൊവ്വപ്പള്ളിപ്രതിഷ്ഠനാളിലും സപ്തമ്പർ ൨൬-ാം
൹ എന്ന സ്നാനദിവസത്തിലും അവർ കൎത്താവിന്റെ സാമീപ്യത്തെ
പ്രത്യേകം അനുഭവിക്കയും പുതുധൈൎയ്യം ലഭിക്കയും ചെയ്തു.

൧൮൫൯-ാം സംവത്സരത്തിന്റെ ആരംഭത്തിൽ ഹേബിൿസായ്പിന്റെ
സൌഖ്യക്കേടുനിമിത്തം ഇഷ്ടംപോലേ യാത്രെക്കു പുറപ്പെടുവാൻ കഴി
ഞ്ഞില്ല. എങ്കിലും "മാൎച്ചമാസം ൨൩ാം-൹ ഞാൻ എന്റെ പ്രിയമുള്ള
യോസേഫുമായി നീലഗിരിവഴിയായി പുറപ്പെട്ടു. ഒരു കാൽ നൂറ്റാണ്ടി
ന്നു മുമ്പേ ഞാൻ ആ തീയതിയിൽ തന്നേ ബാസലിൽനിന്നു ഇന്ത്യെക്കു
പുറപ്പെട്ടു. ഹല്ലെലൂയാ"! നിലഗിരിയിലേക്കു സൌഖ്യത്തിന്നായി പോ
[ 24 ] യി എന്നു വന്നാലും ഒരു ദിവസമെങ്കിലും സ്വസ്ഥനായിരുന്നില്ല. അ
വിടേവെച്ചു ലുഗൎഡസായ്പിനെ വീണ്ടുംകാണ്മാൻ സംഗതിവന്നതിനാൽ
വളരേ സന്തോഷമുണ്ടായി. ആ സമയത്തെ ഓൎക്കുന്ന എല്ലാവരും അ
ന്നു ലഭിച്ച അനുഗ്രഹങ്ങളെക്കൊണ്ടു ഇന്നും കൎത്താവിനെ സ്തുതിക്കുന്നു.
എന്നാൽ ഒരു കത്തിൽനിന്നു കേൾക്കുന്നതു: "എന്നോടു കൂടേ ഇങ്ങോട്ടു
വന്ന പ്രിയപ്പെട്ട യോസേഫിനെ അവന്റെ സുഖക്കേടുനിമിത്തം മട
ക്കി അയക്കേണ്ടിവന്നു; കണ്ണൂരിൽ എത്തിയശേഷം അവന്നു സുഖം വന്നു,
ദൈവത്തിന്നു സ്തോത്രം"! ഹേബിൿസായ്പു അഞ്ചു മാസത്തോളം അവി
ടേ പാൎത്തിട്ടും സൌഖ്യക്കേടു വൎദ്ധിച്ചതു കാണുമ്പോൾ വൈദ്യന്മാരും
കൂട്ടുവേലക്കാരും വിലാത്തിക്കുപോകേണം എന്ന തീൎച്ചയുള്ള ആലോച
നപറഞ്ഞപ്പോൾ ദൈവേഷ്ടത്തിന്നു തന്നെ ഏല്പിച്ചു തന്റെ പ്രിയമക്ക
ളെയും മലയാളരാജ്യത്തെയും ഇനി കാണാതെ വ്യസനത്തോടേ വിട്ടു,
സപ്തമ്പർമാസം ൨൮-ാം൹- മദ്രാസിൽനിന്നു കപ്പൽകയറി സ്വന്തനാ
ട്ടിലേക്കു പോകയും ചെയ്തു. ഈ വൎത്തമാനം കണ്ണൂരിൽ എത്തിയപ്പോൾ
സഭെക്കും പ്രത്യേകിച്ചു പ്രിയയോസേഫ്ഉപദേശിയാൎക്കും വളരേ ദുഃഖ
മുണ്ടായി. എന്നാൽ സായ്പു അയച്ച കത്തുകളാലും അന്നു സഭാശുശ്രഷ
ഏറ്റ ഉപദേഷ്ടാവിനാലും എല്ലാവൎക്കും ആശ്വാസം വന്നു.

ഹേബിൿസായ്പു പോയശേഷം മില്ലർസായ്പു യോസേഫയ്യനെ ചിറ
ക്കല്ലിലേക്കു അയച്ചു. അവിടേ സെബസ്ത്യാൻഅയ്യനുമായി പെണ്കുട്ടി
കളുടെ ശാല നോക്കിവന്നു. പിന്നേ ചില മാസങ്ങളുടെ ശേഷം ആ
ശാല കണ്ണൂരിലേക്കും സെബസ്ത്യാനയ്യൻ മംഗലപുരത്തേക്കും മാറിപ്പോ
കയാൽ യോസേഫയ്യൻ തനിയേ അവിടേ (൧൮൬൦) പാൎത്തുവന്ന മല
യാളസഭകളിലേ വിധവമാരെയും അവരുടെ കുട്ടികളെയും ൧൮൬൩-ാം
സംവത്സരത്തോളം നോക്കിപ്പോന്നു. ഈ സമയത്തിന്നകം ഇരുപതുവ
യസ്സുള്ള ഒരു ബാല്യക്കാരനെ കൎത്താവിന്റെ അടുക്കൽ വഴിനടത്തുവാൻ
കൃപലഭിച്ചതിനാൻ അയ്യന്നു വളരേ സന്തോഷമുണ്ടായി. അദ്ദേഹ
ത്തിന്നു സംബന്ധികളാൽ ഉപദ്രവം വളരേ ഉണ്ടായി എങ്കിലും അവ
ന്റെ വിശ്വാസസ്ഥിരതയും സാക്ഷ്യവും കേട്ടപ്പോൾ ജ്യേഷ്ഠനും ഭാൎയ്യയും
കൂടേ ഇങ്ങോട്ടു ചേൎന്നു അനുജനുമായിട്ടു സ്നാനം ലഭിക്കയും ചെയ്തു.
൬൩ഇൽ പ്രായം ചെന്ന തന്റെ അച്ഛൻ ജടയപ്പനുപദേശിയാരോടു
വിവാഹംചെയ്ത അനുജത്തിയുടെ വീട്ടിൽവെച്ചു കൎത്താവിന്റെ സ്വസ്ഥ
തയിൽ പ്രവേശിക്കുയും ചെയ്തു.

൧൮൬൪-ാം വൎഷത്തിൽ ചിറക്കല്ലിലേ വിധവമാരെ കമ്മട്ടിയാരുടെ
കല്പനപ്രകാരം ഓരോ സഭകളിലേക്കു വിട്ടയച്ചതിനാൽ അയ്യനെ ചൊ
വ്വസഭയിൽ പ്രവൃത്തിപ്പാനാക്കി; അവിടേയുള്ള പല സഭക്കാരുടെ അട
[ 25 ] ങ്ങാത്ത സ്വഭാവനടപ്പുകൾ നിമിത്തം അനവധി സങ്കടം അനുഭവിച്ചു
പോൽ. പിന്നേ ൧൮൬൫—൬൬ എന്നീ സംവത്സരങ്ങളിൽ അയ്യൻ വ
ളരേ ദൈവാനുഗ്രഹത്തോടെ തളിപ്പറമ്പിൽ പ്രവൃത്തിച്ചു. ൧൮൬൭-ാം
വൎഷത്തിൽ പാലക്കാട്ടിൽവെച്ചു അഭ്യാസമേറിയ ഉപദേശി (Paul Ittira-
richen) മരിച്ചതുകൊണ്ടും മറ്റുള്ള വേലക്കാൎക്കു സൌഖ്യക്കേടു വളരേ ഉ
ണ്ടായതുകൊണ്ടും അയ്യനെ ആ സ്ഥലത്തേക്കു മാറ്റി എങ്കിലും ബഹു
മാനപ്പെട്ട ബാസൽമിശ്യൻ കമ്മട്ടിയാരിൽനിന്നു അയ്യന്നു പാതിരിഹ
സ്താൎപ്പണം കൊടുക്കേണം എന്നും കുടക്കല്ലിലേ ഉപദേഷ്ടാവിന്റെ സ
ഹായത്തിന്നായി ആ സ്ഥലത്തേക്കു മാറിപ്പോകേണം എന്നുമുള്ള കല്പന
വരികയാൽ സ്ഥലമാറ്റം കഴിഞ്ഞ ശേഷം ഹസ്താൎപ്പണത്തിന്നു ഒരുക്കി.

ഇങ്ങനേ ജൂലായിമാസം ൨൯-ാം൹ ബുധനാഴ്ച എന്ന ഹസ്താൎപ്പണ
ദിവസം അടുത്തുവന്നു. ആ നാളിൽ കുടക്കൽസഭെക്കും അന്യസഭക
ളിൽനിന്നു വന്നു പലൎക്കും വിശേഷിച്ചു സഭാശുശ്രൂഷെക്കു വേൎതിരിക്ക
പ്പെടുവാൻ ഒരുങ്ങിനില്ക്കുന്ന അയ്യന്നും ബഹു സന്തോഷമുണ്ടായിരുന്നു.
അന്നുള്ള ആരാധന കുടക്കല്ലിലേ പഴയപള്ളിൽ തന്നേ കഴിച്ചതു.
"രാജസന്നിധാനേ" എന്ന ഗീതം പാടിയശേഷം രേൿഉപദേഷ്ടാവു
൭൯-ാം സങ്കീൎത്തനം വായിച്ചു പ്രാൎത്ഥിതിൽ പിന്നേ ശൌഫ്ലർബോധ
കർ ൧. കൊറി. ൪, ൧. ൨. എന്ന വാക്കുകളെ ആധാരമാക്കി "ബോധക
സ്ഥാനം മദ്ധ്യസ്ഥസ്ഥാനമല്ല ഒരു ശുശ്രൂഷയത്രേ" എന്നതിനെ കുറിച്ചു
പ്രസംഗിച്ചു. അനന്തരം യോസേഫയ്യൻ തന്റെ ജീവചരിത്രത്തെ ചു
രുക്കത്തിൽ വായിച്ചതിൽ പിന്നേമൂപ്പൻസായ്പവർകൾ (Rev. J. M.
Fritz) "നീ എന്നെ സ്നേഹിക്കുന്നുവോ?" എന്ന വചനത്തെ തൊട്ടു ചില
പ്രബോധനവാക്കുകളെ പറഞ്ഞിട്ടു അയ്യനെ ഹസ്താൎപ്പണമൂലം ബോധ
കസ്ഥാനത്തിൽ ആക്കുകയും ചെയ്തു. അന്നു അവിടേ കൂടിയവരൊക്കെ
യും കൎത്താവു തങ്ങളെ അനുഗ്രഹിച്ചപ്രാരം സാക്ഷിചൊല്ലുന്നു. അ
യ്യൻ തനിക്കു ഭരമേല്പിച്ച പുതുശുശ്രൂഷയെ എങ്ങിനേ അംഗീകരിച്ചു
എന്നതു താഴേ കാണിക്കുന്ന വരികളാൽ തെളിയുന്നു. "കൎത്താവു കരു
ണയാലേ അയോഗ്യനായ എന്നെ ഇപ്പോൾ തന്റെ വിശുദ്ധശുശ്രൂഷെ
ക്കു വേൎതിരിപ്പാൻ ഇഷ്ടം തോന്നിയതിൽ ഞാൻ എന്റെ പ്രാപ്തികേടും
പോരായ്മയും വിചാരിക്കുമ്പോൾ: എന്റെ ആത്മാവേ, യഹോവായെ
വാഴ്ത്തുക, എന്റെ ഉള്ളിലുള്ള സകലവുമേ, അവന്റെ വിശുദ്ധമുള്ള നാ
മത്തെ വാഴ്ത്തുക, എന്റെ ആത്മാവേ, യഹോവായെ വാഴ്ത്തുക; അവൻ
ചെയ്ത സകല ഉപകാരങ്ങളെയും മറക്കയും അരുതേ; എന്നു മാത്രം എ
നിക്കു പറവാനുള്ളതു. കൎത്താവിൻ വേലയിൽ എന്നെ ഇത്രോളം സ്നേഹ
ത്തിൽ പാലിച്ചുവന്നതുമല്ലാതെ ഇന്നു ഈ ദിവ്യശുശ്രൂഷെക്കായി നിശ്ച
[ 26 ] യിച്ചാക്കിയ വിലാത്തിയിലുള്ള നമ്മുടെ ബഹുമാനപ്പെട്ട കമ്മറ്റിയാൎക്കും
ഈ സഭയിൽ വെച്ചു ഏറ്റവും കൃതജ്ഞതയോടെ വന്ദനംചൊല്ലന്നു.
കൎത്താവിൽ എന്നെ ഏറ്റവും സ്നേഹിച്ചു അവന്റെ അറിവിലേക്കു നട
ത്തുവാനായി വളരേ അദ്ധ്വാനദുഃഖങ്ങൾ സഹിച്ച ക്രിസ്തുയേശുവിൽ
എനിക്കു അച്ഛനായിരിക്കുന്ന പ്രിയഹേബിൿസായ്പിന്നു ഞാൻ വലിയ
കടക്കാരനായിരുന്നു, കൎത്താവു തന്റെ ആ വിശ്വസ്തദാസനിലും അവരാ
ലും ചെയ്ത എല്ലാറ്റിന്നായി അവന്റെ നാമം സ്തുതിക്കപ്പെടേണമേ.
വിലാത്തിയിലും ഈ മലയാളത്തിലും, അവരിൽ പ്രത്യേകം സഭകൾക്കു
അച്ഛന്മാരായിരിക്കുന്ന കൎത്താവിൻ പഴയ ശുശ്രഷക്കാൎക്കും ശേഷം എ
ല്ലാ ഉപദേഷ്ടാക്കന്മാൎക്കും അവരുടെ എല്ലാ നന്മകൾക്കായിട്ടും ഞാൻ
താഴ്മയോടെ വന്ദനം ചൊല്ലുന്നു. ഒടുക്കും കൎത്താവിൽ പ്രിയസഹോദര
സഹോദരിമാരേ, നിങ്ങളുടെയും എല്ലാ സ്നേഹോപകാരങ്ങൾക്കായിട്ടും
ഞാൻ നന്ദിയോടെ വന്ദനം ചൊല്ലുന്നതു കൂടാതെ ഇവിടേ ഇന്നു കൎത്താ
വിൻമുമ്പാകെ കൂടിവന്ന എല്ലാവരോടും എന്റെ അപേക്ഷയാവിതു: നി
ങ്ങൾ പ്രത്യേകം നിങ്ങളുടെ പ്രാൎത്ഥനയിൽ (എന്നെ) ഓൎത്തു ഇപ്പോൾ
ഏല്പാൻ ഭാവിക്കുന്ന അവന്റെ വിശുദ്ധശുശ്രൂഷയിൽ വിശ്വസ്തുജാഗ്ര
തയോടെ തന്റെ സഭയിലും ജാതികളുടെ ഇടയിലും അനുഗ്രഹത്തിന്നാ
യിത്തീരുന്നതിനാൽ കൎത്താവിൻനാമത്തിന്നു സ്തുതി ഉണ്ടായ്വരുവാനായി
എനിക്കായിട്ടു പ്രാൎത്ഥിക്കേണം എന്നു അപേക്ഷിക്കുന്നു." ഇന്നഭാവ
ത്തോടെ പുറപ്പെടുന്നവന്നു കൎത്താവിന്റെ അനുഗ്രഹം പിഞ്ചെല്ലും എ
ന്നു പറയുന്നതു വെറുംവാക്കല്ല അതു ഇദ്ദേഹത്തിന്നു ശേഷിച്ചിരുന്ന ജീ
വനാളുകളിൽ കാണ്മാനും ഇടവരികയും ചെയ്തു.

അയ്യൻ ഈ സമയം മുതൽ ൧൮൭൬-ാം വൎഷത്തിലേ ഏപ്രിൽമാസം
വരേ കുടക്കല്ലിൽ തന്നേ പാൎത്തു സഭയിലും ജാതികളുടെ ഇടയിലും വേ
ലചെയ്തു. ഈ സമയത്തിന്നകം ജാതികളിൽനിന്നു വളരേ ആളുകൾ സ
ഭയോടു ചേൎന്നുവന്നു. താൻ പ്രസംഗയാത്രെക്കു പോകുമ്പോൾ യേശു
ക്രിസ്തുവിൽ ഉദിച്ചുവന്ന രക്ഷാകരമായ ദൈവകൃപയെ താൻ ലഭിച്ചനുഭ
വിക്കുന്ന പ്രകാരം എത്രയും ധൈൎയ്യത്തോടും വാത്സല്യത്തോടും കൂടേ അ
റിയിച്ചതിനാൽ നാനാജാതികൾ ആശ്ചൎയ്യപ്പെട്ടു, ഇവർ പറയുന്നതു സ
ത്യം തന്നേ എന്നു ഏറ്റുപറകയും ചിലർ ക്രിസ്തുമതത്തെ അംഗീകരിക്ക
യും ചെയ്തു. ഇങ്ങനേ പുതുതായി സഭയോട് ചേരുവാൻ വന്നവൎക്കു
താൻ വളരേ ക്ഷമാക്ഷാന്തികളോടു രക്ഷാമാൎഗ്ഗത്തെ ഗ്രഹിപ്പിച്ചുകൊടു
ത്തതിനെ ഓൎക്കുന്തോറും അയ്യൻ റ്വഴികാട്ടിമാത്രമല്ല ആത്മാക്കളെ തങ്ങ
ളുടെ രക്ഷിതാവിന്റെ കൂട്ടായ്മയിലേക്കു വഴിനടത്തുന്നവനുമായിരുന്നു എ
ന്നു പറയേണം. വിശേഷിച്ചു ക്രിസ്തുമൂലം തങ്ങൾക്കുള്ളതൊക്കയും വിട്ടു
[ 27 ] ബന്ധുവില്ലാത്ത പരദേശികളെപോലെ ആയിത്തീൎന്നവൎക്കു കാണിച്ച
പിതൃവാത്സല്യവും ചെയ്ത സഹായവും കണ്ടനുഭവിച്ചവർ ഇന്നോളം ന
ന്ദിയോടെ ഓൎക്കുന്നു. അപ്രകാരം തന്നേ സഭയിലും തളരാത്ത ശുഷ്കാ
ന്തിയോടെ വിരുദ്ധം സഹിക്കയും തെറ്റിപ്പോയവരെ വഴിക്കാക്കുവാൻ
നോക്കുകയും ആബാലവൃദ്ധത്തെ പ്രബോധിപ്പിക്കയും സഭാവൃദ്ധിക്കായി
ഉത്സാഹിക്കയും യുവാക്കളെ ബാലയോഗം മൂലം സദ്ഗുണമാൎഗ്ഗത്തിലേക്കു
നടത്തുകയും ചെറുപൈതങ്ങളെ ഞായറാഴ്ച ശാലമൂലം നല്ലിടയനെ
അറിവാൻ താല്പര്യപ്പെടുത്തുകയും ദീനക്കാരെ ആശ്വസിപ്പിക്കയും ദരിദ്ര
രെ സഹായിക്കയും മൃത്യുശയ്യയിൽ കിടക്കുന്നവൎക്കു ജയകിരീടത്തെ ചൂണ്ടി
ക്കാണിക്കയും കൎത്താവു ഒരു പുതു പെന്തെകോസ്തയാൽ സഭയെയും
മലയാളരാജ്യത്തെയും സന്ദൎശിക്കേണം എന്നതിന്നായി നിത്യപക്ഷവാദ
ത്താൽ യാചിക്കയും ചെയ്തു. റേൿസായ്പും മതാമ്മയും ദിനംഹേതുവാ
യി നീലഗിരിക്കുപോയ സമയത്തിൽ (൧൮൭൨,൭൩.) സകലഭാരത്തെ
താൻ തന്നേ വഹിക്കേണ്ടിവന്നു എങ്കിലും അന്നു മാസത്തിൽ ഒരിക്കൽ
കോഴിക്കോട്ടിൽനിന്നു വരുന്ന ഉപദേഷ്ടാവിനോടു ഓരോ സങ്കടങ്ങളെ
അറിയിപ്പാൻ ഉണ്ടായാലും "നിങ്ങളാലാവോളം എല്ലാമനുഷ്യരോടും സ
മാധാനം കോലുവിൻ" എന്ന വാക്കു തന്നേ ബോധകരുടെ ചട്ടമായി
രുന്നതുരുന്നതു നന്നായിക്കണ്ടിരിക്കുന്നു. പെരുമാറ്റത്തിൽ വാത്സല്യവും പ്രവൃ
ത്തിയിൽ കളങ്കമില്ലായ്മയും സ്വകാൎയ്യജീവനത്തിൽ സമാധാനസഞോ
ഷങ്ങളുടെ ആത്മാവിൻ അഭിഷേകവും വിളങ്ങുകയാൽ മേധാവികൾക്കും
കീഴ്പെട്ടവൎക്കും ഇവരോടുള്ള സംസൎഗ്ഗത്തിൽനിന്നു അനുഗ്രഹം ലഭിച്ചു
എന്നേപറയേണ്ടതു.

മുമ്പറഞ്ഞതു പോലെ അയ്യൻ ൧൮൭൬-ാം വൎഷത്തിലേ ഏപ്രിൽമാ
സത്തിൽ കമ്മറ്റിയാരുടെ കല്പനപ്രകാരം കോഴിക്കോട്ടിലേക്കു മാറ്റമാ
യിപ്പോയി. അന്നേരം പ്രിയ ശൌഫ്ലർസായ്പു വിലാത്തിക്കുപോകേണ്ടി
വന്നതു കൊണ്ടു ഈ സ്ഥലത്തിലേ സഭാശുശ്രൂഷയിലും ജാതികളോടുള്ള
സുവിശേഷഘോഷണത്തിലും ഒരു സഹായിയാൽ അത്യാവശ്യമുണ്ടായി
രുന്നു. ഈ മാറ്റത്താൽ ചുമന്നടുക്കേണ്ടുന്ന ഭാരവും ഉത്തരവാദത്വവും
ഓൎത്തിട്ടു തനിക്കു പ്രാപ്തിയും യോഗ്യതയും പോരാ എന്നു പറഞ്ഞാലും
കൎത്താവിന്റെ വിളിക്കനുസാരമായി ധൈൎയ്യത്തോടെ "കരുവിക്കുകൈവെ
ച്ചു" നല്ല സഹഭടനായി നിലെക്കു നില്ക്കയും ചെയ്തു. "താൻ കാണുന്ന
ഏവരോടും നാട്ടുകാരാകട്ടേ റിലാത്തിക്കാരാകട്ടേ താണവരാകട്ടേ ഉയൎന്ന
വരാകട്ടേ ദരിദ്രരാകട്ടേ ധനവാന്മാരാകട്ടേ താൻ എതിരേറ്റ ഏവരോടും
കൎത്താവിനെ കുറിച്ചു ഒന്നു രണ്ടു വാക്കു പറയാതെ ഇരിക്കയില്ല എന്നും,
വിശേഷിച്ചു രോഗികളെ ചെന്നു കണ്ടു അവരെ ആശ്വസിപ്പിക്കുന്നതി
[ 28 ] ലും സഹായിക്കുന്നതിലും സഭയിൽനിന്നു തെറ്റിപ്പോയവരെ മടക്കി ക
ൎത്താവിന്റെ അടുക്കൽ കൊണ്ടുവരുവാൻ പ്രയത്നിക്കുന്നതിലും തനിക്കു
വളരേ സന്തോഷവും ഉത്സാഹവുമുണ്ടായ്ചിരുന്നു എന്നും, പലപ്പോഴും
താൻ ബലഹീനതയിൽ വല്ലവരോടു വല്ല തെറ്റു ചെയ്തു ബോധംവ
ന്നാൽ വളരേ വ്യസനിച്ചു അവരോടു കാൎയ്യത്തെ അറിയിച്ചു സമാധാനം
ഉണ്ടാക്കുവോളം ശ്രമിക്കും" എന്നും, ഒരു സഹോദരൻ പറയുന്നതു കൂടാ
തെ തന്റെ നിഷ്കളങ്കമായ സ്നേഹവും ചെയ്ത വേലയിലേ മനഃപൂൎവ്വത
യും ഹൃദയഭക്തിയും കൊണ്ടു കൂട്ടുവേലക്കാൎക്കു നല്ലൊരു ദൃഷ്ടാന്തമായും
ഇരുന്നു. സ്വന്തഭവനത്തിന്റെ ഓരോ ദുഃഖഭാരങ്ങളിലും താൻ തന്റെ
രക്ഷിതാവിന്റെ ആശ്രയമാക്കിക്കൊണ്ടു ചൈതന്യപ്രാൎത്ഥനയാൽ പ്രാഗ
ത്ഭ്യം പ്രാപിച്ചു നിവൎന്നുനില്ക്കയും ചെയ്തു. പിന്നേ ൧൮൭൭—൧൮൭൮
എന്നീ വൎഷങ്ങളിലേ ക്ഷാമകാലത്തിൽ സഭാശുശ്രഷക്കാൎക്കുണ്ടായ മഹാ
ഭാരത്താൽ അയ്യനും വലഞ്ഞെങ്കിലും കൎത്താവു ആ സമയത്തിൽ സഭ
യോടു ചേരുവാൻ വരുത്തിയ ചെറിയവരുടെയും വലിയവരുടെയും സം
ഘത്തെ കണ്ടപ്പോൾ ക്ഷീണത എല്ലാം മറന്നുകളഞ്ഞു. എന്നാൽ
൧൮൭൮ മെയിമാസത്തിൽ വൈത്തിരിക്കുള്ള ഒരു യാത്രിൽനിന്നു രക്താതി
സാരത്തോടു കൂടേ മടങ്ങിവന്നനാൾ മുതൽ ബലക്ഷയം വൎദ്ധിച്ചതിനാൽ
രണ്ടു മാസത്തേക്കു കല്പന വാങ്ങേണ്ടിവന്നു എങ്കിലും അതനുഭവിച്ച ശേഷം
കോഴിക്കോട്ടിലേ പ്രവൃത്തിക്കു വേണ്ടുന്ന ശക്തി ഇനിയില്ല എന്നു കാണു
കയാൽ ൧൮൭൯-ാം വൎഷത്തിലേ ഫിബ്രുവരിമാസത്തിൽ ഉപസ്ഥാനമായ
കോവില്ക്കണ്ടിയിലേക്കു മാറിപ്പോയി, അങ്ങേ ചെറുസഭയെ ആ വൎഷത്തി
ന്റെ അന്തംവരെ നോക്കി. അന്നേരം അവരെ ചോമ്പാലിലേക്കു സ
ഹായത്തിന്നായി വിളിച്ചു എങ്കിലും ദീനം നിമിത്തം ആ സ്ഥലത്തിൽ
മൂന്നു മാസത്തോളം മാത്രമേ പ്രവൃത്തിപ്പാൻ പാടുണ്ടായിട്ടുള്ളു; ആയതു
കൊണ്ടു അവരെ വീണ്ടും കോല്ക്കണ്ടിയിലേക്കു മാറ്റുവാൻ കമ്മറ്റി
യാർ അനുവദിച്ചു; ഇവിടേ എത്തിയ ഉടനേ സുഖംപ്രാപിക്കയും കൎത്താ
വിന്റെ കൃപയാൽ ആറുവൎഷത്തോളം അങ്ങേ സഭയിലും ജാതികളുടെ
ഇടയിലും സുവിശേഷവേല നടത്തുകയും ചെയ്തു. താൻ സഭെക്കു കാ
ട്ടിയ പിതൃഭാവവും കഴിച്ച ഏകാഗ്രമായ പ്രസംഗങ്ങളും അനുസരണ
ക്കേടു ഛിദ്രഭാവം മുതലായ ദുൎഗ്ഗുണങ്ങളെ അമൎത്തുന്നതിലും സഭക്കാരെ
നിത്യം പ്രബോധിപ്പിക്കുന്നതിലും കാണിച്ച സഹിഷ്ണുതാക്ഷാന്തികളും
സഭയെ പ്രാൎത്ഥനയാലും തിരുവചനത്താലും പണിയിപ്പാനുള്ള ഉത്സാ
ഹവും കണ്ടുകേട്ടവരെല്ലാം ഈ ശുശ്രുശക്കാരനെ സ്നേഹിക്കയും മാനിക്ക
യും ചെയ്യേണ്ടിവന്നു. കുട്ടികളോടും താൻ ശിശുപ്രായമായ ഭാവത്തിൽ
പെരുമാറുകയാൽ ഇവൎക്കും "തങ്ങളുടെ അയ്യനെ" കണ്ടു കൈകൊടുത്തു അ
[ 29 ] വരുടെ വായിൽനിന്നു കഥയും ദൈവവചനവും കേട്ടുകൊണ്ടിരിപ്പാൻ
ഏറ്റവും താല്പൎയ്യമുണ്ടായിരുന്നു. ചുറ്റുമുള്ള ജാതികൾക്കും അയ്യൻ ഒ
രു സ്നേഹിതനായിത്തീൎന്നപ്രകാരം കാണേണമെങ്കിൽ അവരോടു കൂടേ
വീടുതോറും ചെന്നാൽ മതി. വിശേഷിച്ചു മുക്കാടിയിൽ ചെല്ലുമ്പോൾ
ആബാലവൃദ്ധം കൂടിവന്നു ദൈവവചനത്തെ ശ്രദ്ധയോടെ കേൾക്കും.
അയ്യൻ ജീവനോടിരിക്കും സമയത്തു ഇവരുടെ ഇടയിൽ തക്ക പ്രവൃത്തി
ഫലം കാണ്മാൻ സംഗതിവന്നില്ലെങ്കിലും കൎത്താവിന്റെ വചനം വെറു
തെ മടങ്ങിവരികയില്ല, താൻ അതിനെ അയച്ച കാൎയ്യത്തെ അനുഷ്ഠിക്കും
നിശ്ചയം! ഈ കൎത്തൃശുശ്രൂഷഷക്കാരനിൽ കണ്ടിരിക്കുന്ന നിത്യസന്തോഷ
ഭാവം "കൎത്താവിനെ സന്തോഷത്തോടെ സേവിപ്പിൻ" എന്നുള്ള വേദവാ
ക്യത്തെ ഞങ്ങൾക്കു പലപ്പോഴും ഓൎമ്മവരുത്തി. പകലിന്റെ അദ്ധ്വാന
വും പ്രയാസവും കഴിഞ്ഞ ശേഷം തങ്ങളുടെ വീട്ടിൽനിന്നു കേൾപ്പാറായ
രാഗശബ്ദങ്ങളാൽ: ഈ വീട്ടിന്നു രക്ഷയുണ്ടെന്നും പൌൽഅപ്പൊസ്തലൻ
കൊലോസ്സൎക്കു ൩,൧൬ഇൽ എഴുതിയപ്രകാരം തന്നേ ഇവരുടെ അവ
സ്ഥ ആകുന്നു എന്നും അടുത്ത പള്ളിയിൽ കൂടക്കൂടേ താമസിക്കുന്ന മി
ശ്ശനരിമാൎക്കും പലപ്പോഴും വിചാരിപ്പാൻ സംഗതി ഉണ്ടായിരുന്നു. എ
ന്നിട്ടും ആ ഭവനത്തിന്നു ദുഃഖവും സങ്കടവും നേരിട്ടുവന്നില്ല എന്നു വി
ചാരിക്കേണ്ടാ: മക്കൾ മൂന്നു പേർ കല്യാണംകഴിച്ച ശേഷം മക്കളുടെ മ
ക്കളെ കാണുന്നതിനാലുള്ള സന്തൊഷത്തിൽ കൈപ്പായ ഒരു അനുഭവ
വും ഉണ്ടായിരുന്നു; അതോ, മൂത്തമകളുടെ ഭൎത്താവു മുവ്വറാട്ടിൽ ഉപദേ
ശിയായിരിക്കുന്ന സമയത്തു ഭാൎയ്യയെയും മകനെയും വിട്ടുപോയിക്കുളഞ്ഞ
തും അയ്യന്റെ ഒടുക്കത്തെ നാഴികവരേ നാശകരമായവഴികളിൽ നടന്ന
തും തന്നേ. അയ്യൻ ഈ മരുമകന്നു വേണ്ടി കഴിച്ച പ്രതിവാദം അല്പ
മല്ലാഞ്ഞു; എന്നാലും "മുടിയനായമകൻ മടങ്ങിന്നു" എന്നുള്ളതു കേൾ
പ്പാൻ അവൎക്കു സംഗതിവന്നില്ല; അവർ കഴിഞ്ഞ ശേഷം മാത്രം അദ്ദേ
ഹം കണ്ണൂരിലേ ഒരു സഹോദരന്റെ ഭവനത്തിൽ വെച്ചു മരിക്കേണം എ
ന്നും തനിക്കു കൃപലഭിക്കേണം എന്നുമുള്ള ആശയോടെ വന്നു ചേൎന്നു വ്യ
സനകരമായ ശാരീരികസ്ഥിതനായി പല അനുതാപയാചനകളോടെ
(August 5th) മരിക്കയും ചെയ്തു. ശേഷിച്ച, നാലു മക്കളെ കൊണ്ടും
അയ്യന്നു ഓരോ ഭാരവിചാരങ്ങളുമുണ്ടായി, എന്നാൽ തനിക്കു പതിവുള്ള
പ്രകാരം ഇവരെയും കൎത്താവിന്റെ കൈയിൽ ഏല്പിക്കയാൽ "ഇരിട്ടുള്ള
മാൎഗ്ഗത്തിലും പ്രകാശത്തെ കണ്ടു" എന്നു ഒടുവിൽ പറയേണ്ടു.

൧൮൮൫-ാംവൎഷത്തിലേ ദിസെമ്പർമാസത്തിൽ അയ്യൻ കീഴൂർ ഉത്സ
വത്തിന്നു പോയപ്പോൾ ഏകാന്തവാസി എന്ന പോലേ പേരാമ്പ്ര
എന്ന ദിക്കിൽ പാൎക്കുന്ന പൌലയ്യനെ കാണേണം എന്നുള്ള ആഗ്രഹ
[ 30 ] ത്തിന്മേൽ ക്നോബ്ലൊൿ യൌസ് പേതർ എന്നീ മൂന്നു ഉപദേഷ്ടാക്കൾ സ
ഹിതം ആ സ്ഥലത്തേക്കു പോയി. അവിടേവെച്ച കണ്ടു കേട്ടതിനെക്കുറി
ച്ചു അയ്യന്നു വളരേ സന്തോഷമുണ്ടായിരുന്നു എങ്കിലും ഉത്സവപ്രസംഗ
ത്താലും പേരാമ്പ്രയിലേക്കുള്ള ദുൎഘടമായ വഴിയാലുമുള്ള അദ്ധ്വാനം അ
വരുടെ ശക്തിക്കു മീതെയായിരുന്നു എന്നിപ്പോൾ തോന്നുന്നു. എന്തെ
ന്നാൽ ആ പ്രസംഗയാത്രയിൽനിന്നു മടങ്ങിവന്നതിൽപിന്നേ തനിക്കു പ
തിവുള്ളപ്രകാരം പുലൎച്ചെക്കു എഴുനീറ്റു സ്വകാൎയ്യപ്രാത്ഥനയെ അടു
ത്ത പള്ളിയിൽ ചെന്നു കഴിച്ച ശേഷം വീട്ടുകാരെ എല്ലാവരെയും ഉറക്ക
ത്തിൽനിന്നുണൎത്തി കുഡുംബപ്രാൎത്ഥനെക്കായി ഒന്നിച്ച് കൂടി വരുത്തുക
യും ദിവസവേലയെ നടത്തുകയും ചെയ്തുവന്നാലും ഒരു വക ബലക്ഷയം
അവരിൽ കാണായിരുന്നു. ഇവ്വണ്ണം ക്രിസ്തുജനനോത്സവത്തിന്റെ അ
നുഗ്രഹങ്ങളെ സഭയുമായി അനുഭവിച്ച ശേഷം വൎഷാന്ത്യദിവസത്തിൽ
വൈകുന്നേരം പള്ളിപ്രാൎത്ഥനെക്കു എല്ലാവരെയും വിളിച്ചു കഴിവാറായ
വൎഷത്തിൽ കൎത്താവു ചെയ്ത കരുണാവാത്സല്യങ്ങളെക്കൊണ്ടു സഭയെ
ഉണൎത്തിയ ശേഷം തിരുവത്താഴം പെരുമാറുമളവിൽ അപ്പം വെച്ചി
രുന്ന പാത്രം തന്റെ കയ്യിൽനിന്നു താണുപോകുന്നപ്രകാരം അനുഭവി
ച്ചു, തന്നെത്താൻ ഉറപ്പിച്ചു വീണ്ടും കൈ ഉയത്തുൎമ്പോൾ അധികമായി
താണുപോകുന്നതിനെ കണ്ടു എന്നു മാത്രമല്ല, ശരീരവും തളൎന്നുപോകു
ന്നതിനെ അനുഭവിച്ചു. കൈതാങ്ങൽ അന്വേഷിച്ചപ്പോൾ ഒരു കസാ
ലമേൽ ഇരുന്നു. അതിൽ പിന്നേ തന്റെ നാവിന്നു തരിപ്പു വന്നു എന്ന
റിഞ്ഞതിനാൽ സന്തോഷവും ആനന്ദവും നിറഞ്ഞവനായി അന്ത്യയാ
ത്രാഘോഷണം പോലേയുള്ള ഒരു പ്രബോധന കഴിക്കയും കൎത്താവു
ഈ വൎഷത്തെയും അവസാനിപ്പാൻ തനിക്കു കൃപനല്കിയതിനെ ഓൎത്തു
കണ്ണുനീരോടെ പ്രാൎത്ഥിക്കയും ചെയ്തു. പിന്നേ ശരീരത്തിന്റെ ബലഹീ
നതനിമിത്തം സഭക്കാർ അയ്യനെ കൈതാങ്ങി വീട്ടിലേക്കു കൊണ്ടുപോ
യി കിടത്തി. എന്നാൽ പതിവുള്ള വൎഷാന്ത്യപ്രാൎത്ഥനയിൽ (Watch
night) തനിക്കു ചേരുവാൻ കഴിവില്ലാതെപോയതുകൊണ്ടു വളരേ വ്യസ
നം ഉണ്ടായി. ഇപ്രകാരം പുതുവൎഷത്തിൽ (൧൮൮൬) പ്രവേശിച്ചിരി
ക്കുന്നു. പിറേറദിവസം രാവിലേ പക്ഷവാതത്തിന്റെ ലക്ഷണങ്ങൾ
തെളിവായി കാണായ്വന്നതു കൂടാതെ ഒരു കൈയും കാലും അശേഷം
വീണുപോകയും ചെയ്തു. സഭക്കാർ അയ്യന്റെ വീട്ടിൽ വന്നു ദുഃഖിച്ചു
നില്ക്കുമ്പോൾ ബോധകർ അവരോടു: "ദൈവത്തിന്റെ നല്ല ഇഷ്ടം
എന്നിൽ ഭവിക്കട്ടേ" എന്നു പറഞ്ഞു. പിന്നേ വൈദ്യരെ വിളിപ്പാൻ
ആലോചിക്കുമ്പോൾ ഞെരുക്കുസമയത്തിൽ തനിക്കുവേണ്ടി ഒന്നും കടം
പെടരുതു എന്ന വിചാരത്തിന്മേൽ വിരോധിച്ചു എങ്കിലും സഭക്കാർത
[ 31 ] ന്നേ ഒരു വൈദ്യനെ വരുത്തി തങ്ങളാൽ ആവോളം ഉപദേഷ്ടാവിനെ
ശുശ്രഷിക്കുയും ചെയ്തു. മാൎച്ചുമാസത്തിൽ അല്പം സൌഖ്യമുണ്ടായ
പ്പോൾ വീണ്ടും തന്റെ പ്രവൃത്തിയെ എടുപ്പാൻ കഴിവു വരും എന്ന ആ
ശപൂണ്ടു. ഇങ്ങനേ ഈ വൎഷത്തിന്റെ അന്തംവരേ ഒരുവിധം സുഖം
തന്നേ അനുഭവിക്കുന്നതുകൊണ്ടു ദിസമ്പർമാസത്തിൽ കോഴിക്കോട്ടോളം
വരികയും ൮൭-ാംസവത്സരത്തിന്റെ ആരംഭത്തിൽ മകളുടെ മകന്നു സ്വ
ന്തകൈയാൽ തിരുസ്നാനം കഴിക്കയും ചെയ്തു. എന്നാൽ എപ്രിൽമാ
സത്തിൽ രോഗം വീണ്ടും പുതുശക്തിയോടെ ഇളകിയതിനാൽ "തന്റെ
ഭവനകാൎയ്യത്തെ ക്രമപ്പെടുത്തേണം" എന്നു വിചാരിച്ചു എല്ലാ കണക്കു
കളെ തക്ക കൈകളിൽ ഭരമേല്പിക്കയും കുറേ കടം ഉള്ളപ്രകാരം കണ്ടതു
നിമിത്തം വളരേ വ്യസനിക്കയും ചെയ്തു. എങ്കിലും കൎത്താവു തന്റെ ദാ
സന്റെ ആശയെ ലജ്ജിപ്പിക്കാതെ പിന്നേത്തതിൽ ഈ ഞെരുക്കത്തി
ന്നു തക്കു വഴി കാണിച്ചതിനാൽ വളരേ നന്ദിയോടെ ഇരുന്നു. ൧൮൮൮-ാം
സംവത്സരത്തിൽ തനിക്കു പെൻശൻ നിശ്ചയിച്ച ശേഷം വടകരയിൽ
പാൎക്കുന്ന മക്കൾ അച്ഛൻ തങ്ങളോടു കൂടേ പാൎക്കേണം എന്നപേക്ഷിക്ക
യാൽ അനുവാദം വാങ്ങി മാൎച്ച ൫-ാം തിയ്യതി ആ സ്ഥലത്തേക്കു മാറി
പോയി, തന്റെ പ്രവൃത്തിയിൽനിന്നു സ്വസ്ഥനായി മനഃസന്തോഷ
ത്തോടെ പാത്തു. അടുത്ത ദൈവാരാധനസ്ഥലത്തിലേക്കു വടികുത്തി
നടന്നു താനും ചെന്നു ചേരും. ഇങ്ങനേ ജുൻമാസംവരേ യാതൊരു
സുഖക്കേടു കൂടാതേ മനഃസ്വസ്ഥതയോടെ നാം കഴിച്ചു. എന്നാൽ മേ
ല്പറഞ്ഞമാസം ൧൮-ാം തിയ്യതി രോഗം അതികഠിനമായി തീൎന്നു. അന്നു
മുതൽ നടപ്പാനും നല്ലവണ്ണം സംസാരിപ്പാനും പാടില്ലാതെ പോയി.
പിന്നേ അഗുസ്തമാസത്തിൽ രണ്ടാഴ്ചയോളം വലിയ ഒരു ഉൾപോരാട്ട
ത്തിൽ കൂടി കടക്കേണ്ടിവന്നു. അങ്ങനേ ഒരു ഞാറാഴ്ചരാത്രിയിൽ ഉൾ
പോർ അതിക്രമിച്ച സമയം താൻ ഒരാളോടു സംസാരിക്കുന്നപ്രകാരവും
വലത്തേ കൈകൊണ്ടു കൂടക്കൂടേ കിടക്കുമേൽ കുത്തുന്നപ്രകാരവും ഒരു
ഉരുസൽ അടുത്ത മുറിയിൽ കിടന്നിരുന്നവർ കേട്ടിട്ടു അയ്യന്റെ മുറിയിൽ
ചെന്നു നോക്കിയപ്പോൾ ശരീരം ആകപ്പാടെ വിയൎത്തിരിക്കുന്നതു കണ്ടു.
"ഞാൻ പിശാചിനോടു പോരാടി, അവൻ എന്നോടു: നീ മഹാപാപി,
നിണക്കു രക്ഷയില്ല എന്നു വളരേ നേരത്തോളം കുറ്റംചുമത്തി ഭയങ്കര
മായി പോരാടി, ഒടുക്കും ഞാൻ: യേശുക്രിസ്തു തന്റെ രക്തത്താൽ നീതീ
കരിച്ചവന്നു രക്ഷയുണ്ടെന്നും ദൈവം തെരിഞ്ഞെടുത്തവരിൽ കുറ്റംചു
മത്തുന്ന അപവാദി ആർ എന്നും പറഞ്ഞപ്പോൾ അവൻ വഴതിപ്പോ
യിക്കളഞ്ഞു; ഇങ്ങനേ ഞാൻ ജയം പ്രാപിച്ച ശേഷം ആ ഭയങ്കര അന്ധ
കാരം നീങ്ങി എല്ലാം വെളിച്ചവും ഉല്ലാസവുമായിത്തീൎന്നു," എന്ന
[ 32 ] വർ മഹാസന്തോഷത്തോടും ചിരിയോടും കൂടേ ഭാൎയ്യാമക്കളോടും സ്നേഹി
തരോടും പറഞ്ഞു. അതിൽപിന്നേ മരണത്തോളം വിശേഷിച്ച ഒരു
പോരാട്ടം അയ്യനു ഉണ്ടായില്ല, എല്ലാം ആശ്വാസവും സന്തോഷവുമേ
ആയിരുന്നുള്ളൂ. ഇതിൽപിന്നേ വളരേ സാവധാനത്തോടും കൂടേ ഇരുന്നു
തന്നെ ശുശ്രഷിക്കുന്നവൎക്കു എപ്പോഴും നന്ദികാട്ടി, തനിക്കു വായിപ്പാൻ
കഴിവില്ലായ്കയാൽ ദൈവവചനത്തെ വായിപ്പിച്ചു കേൾക്കുന്നതിലും പ്രാ
ൎത്ഥിക്കുന്നതിലും ഇഷ്ടപ്പെട്ടു. ശരീരശക്തിയോടൊന്നിച്ച മനശ്ശക്തി പ്രാ
പ്തികളും ക്രമേണ കുറഞ്ഞു പോയിരുന്നിട്ടും ഈ വൎഷത്തിലേ ജനുവരിമാ
സത്തിൽ ബാസലിൽനിന്നു ഈ നാട്ടിലേക്കു വന്ന കമ്മിറ്റിയാരുടെ പ്ര
തിനിധികളായ (Rev. Th. Oehler & W. Preiswerk Esq.) ഏലർ ഉപദേ
ഷ്ടാവവർകളെയും പ്രൈസ്‌വർൿസായ്പവർകളെയും കാണാൻ സംഗ
തിവരികയാൽ വളരേ സന്തോഷത്തോടെ അവരെ അംഗീകരിക്കയും അ
നുഗ്രഹിക്കുയും ചെയ്തു. എന്നാൽ അവരോടു സംസാരിപ്പാൻ കഴിവില്ലാ
യ്കയാൽ കണ്ണുനീർ വാൎത്തു. പിന്നേ മേയിമാസത്തിൽ ഒരിക്കൽ കുഡുംബ
ക്കാരെ തൻ അരികത്തു വരുത്തി അവരോടു തന്റെ മരണശേഷം ആച
രിക്കേണ്ടുന്ന ക്രമങ്ങളെ മുന്നറിയിച്ചു. ജൂലായിമാസത്തിലേ ൧൭-ാം൹
വീണ്ടും അല്പം സൌഖ്യം അനുഭവിക്കയാൽ തന്നെ ഒരു കസാലയിൽ
ഇരുത്തേണം എന്നപേക്ഷിച്ചു താന്തന്നേ ആ ദിവസത്തിനു നിശ്ചയിച്ച
വേദവചനത്തെ (Text) വായിച്ച ശേഷം ൨ഠ; ൨൨: ൪൬; ൮൬; ൧൨൧;
൧൨൩ എന്നീ സങ്കീത്തനങ്ങളെയും യശായ ൫൩-ാം അദ്ധ്യായത്തെയും
വായിപ്പാൻ കല്പിച്ചു. ഇതെല്ലാം കേട്ടതിൽപിന്നേ ഞാൻ ഇനി മൂന്നു
ദിവസത്തിന്നകം മരിക്കും" എന്നു പറഞ്ഞു എങ്കിലും അന്നേരം ഉണ്ടായ
സുഖാവസ്ഥയെ കണ്ടവർ അപ്രകാരം വിചാരിച്ചില്ല; എന്നാൽ ചില
ദിവസം കഴിഞ്ഞിട്ടു അയ്യന്റെ ഇരുപാൎശ്വങ്ങളും വീണുപോയപ്രകാരം
അടുത്തുള്ളവർ കണ്ടാറേ "അച്ഛന്റെ യാത്ര അവസാനിപ്പാറായോ?"
എന്നു മരുമകൻ ചോദിച്ചതിനു "അതേ" എന്നുത്തരം പറഞ്ഞു എല്ലാ
വരെയും സന്തോഷത്തോടെ നോക്കി. പിറ്റേദിവസം (൨൨-ാം൹.)
വൈദ്യൻ "ഈ രോഗം മരണത്തിന്നായുള്ളതത്രേ" എന്നു തീച്ചപ്പെടുത്തി
യതിനാൽ ദൂരത്തുള്ള മക്കൾക്കും മറ്റും അറിവു കൊടുത്തു; മൂത്തമകൻ
കോഴിക്കോട്ടിൽനിന്നു വന്നതിനാൽ അച്ഛനു വളരേ ആശ്വാസമായി;
തനിക്കു തിരുവത്താഴം വേണം എന്നുള്ള ആശെക്കും ൨൪-ാം-൹ ഹോ
ലെഉപദേഷ്ടാവു ചോമ്പാലിൽനിന്നു വന്നതിനാൽ നിവൃത്തിവന്നു. അ
ന്നേരം കഴിച്ച ചോദ്യങ്ങൾക്കു സുബോധത്തോടെ ഉത്തരം കൊടുക്കയും
എല്ലാവരെയും തിരിച്ചറികയും ചെയ്തു. വ്യാഴാഴ്ച (൨൫-ാം൹) രാവിലേ
മുതൽ നല്ല സുബോധമില്ലാത്തതുപോലേ കിടന്നു എങ്കിലും അടുക്കേ
[ 33 ] നില്ക്കുന്നവരെ കണ്ണു തുറന്നു നോക്കും; എന്നാൽ ഉച്ചതിരിഞ്ഞ ഉടനേ
കഫവലി ആരംഭിച്ചു. അയ്യനെ വളരേ സ്നേഹിച്ചും ശുശ്രഷിച്ചും വന്ന
എപ്പൊറെറക്കരിയുടെ അഭിപ്രായപ്രകാരം ഇനി രണ്ടു മണിക്കൂറു നേര
മേയുള്ളൂ എന്നു ബന്ധുക്കൾ കേട്ടപ്പോൾ (അപ്പൻ മുൻനിയമിച്ച ഗീത
ങ്ങളെ പാടുകയും വേദാംശങ്ങളെ വായിക്കയും ചെയ്വാൻ തുടങ്ങി. ഇവ്വ
ണ്ണം മക്കൾ പാട്ടുകൾ പാടി പ്രാൎത്ഥനകഴിക്കുന്നതിൻമദ്ധ്യേ പ്രിയ അ
ച്ഛൻ വൈകുന്നേരം നാലുമണിസമയത്തു ഇഹത്തിലേ എല്ലാ വേദന
കളിൽനിന്നു വിശ്രമിപ്പാൻ തക്കവണ്ണം കൎത്താവിൻ മടിയിൽ ചെന്നു
ചേൎന്നിരിക്കുന്നു.

അയ്യൻ മരിച്ച വൎത്തമാനം ചോമ്പാൽ തലശ്ശേരി കോവിൽക്കണ്ടി
കോഴിക്കോടു എന്ന സ്ഥലങ്ങളിൽ എത്തിയ ഉടനേ കുഡുംബക്കാരിലും
സ്നേഹിതരിലും ചിലർ ശവസംസ്കാരത്തിന്നു പുറപ്പെട്ടു വടകരയിൽ എ
ത്തിയാറേ ദുഃഖിക്കുന്നവരോടു കൂടേ ദുഃഖിച്ച എങ്കിലും ആശ്വാസം നി
റഞ്ഞവരായിട്ടു അയ്യൻ ഈ സമയത്തിനായി തന്നേ മുന്നിയമിച്ചപ്രകാ
രം പാട്ടുപാടുകയും വേദവാക്യങ്ങളെ വായിച്ചു പ്രാൎത്ഥിക്കയും ചെയ്ത
ശേഷം സമാധാനമുഖിയായ ശവത്തെ കരയുന്ന ഭാൎയ്യാമക്കളുമായി ചോ
മ്പാലിലേക്കു കൊണ്ടു പോയി. കൂടിവന്ന സഭയുടെ മുമ്പിൽ ശവത്തെ
പള്ളിയിൽവെച്ച ഉടനേ ഷ്മൊല്ക്ക് ഉപദേഷ്ടാവു അയ്യൻ ജീവനോടിരി
ക്കുമ്പോൾ എഴുതിവെച്ച ആഗ്രഹപ്രകാരം വെളിപ്പാടു ൧, ൧൮-ാം വച
നത്തെ വായിച്ചു പ്രസംഗിച്ചതിൽപിന്നേ ക്നോബ്ലൊൿ ഉപദേഷ്ടാവു
അയ്യന്റെ ജീവചരിത്രത്തെ ചുരുക്കത്തിൽ പറഞ്ഞ ശേഷം സ്തേഫാൻ
അയ്യൻ പ്രാൎത്ഥനകഴിച്ചു. അതിൽപിന്നേ ശവത്തെ ശ്മശാനസ്ഥല
ത്തിൽ കൊണ്ടുപോയി ഹോലെ ഉപദേഷ്ടാവു നമ്മുടെ സഭയിൽ നട
ക്കുന്ന ക്രമപ്രകാരം ശവസംസ്കാരം കഴിക്കയും ചെയ്തു.

ഇങ്ങനേ ഒടുക്കത്തേ സ്നേഹക്രിയ കഴിച്ചം ദുഃഖത്തോടും വ്യസന
ത്തോടും ശ്മശാനസ്ഥലത്തെ വിട്ടും പോയ ഭാൎയ്യകളും സ്നേഹിതരും മല
യാളസഭകളിൽ അനേകരും കൂടേ
"നീതിമാന്റെ കൊമ്മ അനുഗ്രഹത്തിൽ ആകും"
എന്ന ആശ്വാസകരമായ വേദവാക്യത്തെ ഓൎക്കുകയും തന്റെ ദാസന്നു
ജയം നല്കിയ കൎത്താവിനെ പൂൎണ്ണമനസ്സോടു കൂടേ സ്തുതിക്കയും തന്റെ
പ്രത്യക്ഷതെക്കായി കാത്തുനില്ക്കുന്ന ഏവരോടും ജീവകിരീടത്തെ സമ്മാ
നിച്ചരുളുവാൻ വാഗ്ദത്തം ചെയ്തു രക്ഷിതാവിനെ ഉററുസ്നേഹിച്ചും അ
ന്തം വരേ വിശ്വസ്തരായി സേവിച്ചം കൊൾവാൻ നിൎണ്ണയിക്കയും ചെ
യ്താൽ നന്നു എന്നു ഒടുവിൽ പറയുന്നതേയുള്ളൂ.
[ 34 ] ഒരിക്കൽ നിന്റെ ആജ്ഞയാൽ

വിടേണ്ടിപോം ഈ ലോകം;

അതോ, നടക്ക പ്രീതിയാൽ,

അന്നരുതിങ്ങു ശോകം;

നിണക്കു മെയ്യുയിർ തരാം;

ഏല്പിച്ചവനെ കാക്കെല്ലാം;

നല്ലന്തം ഏകുക ആമെൻ.









Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=യോസേഫ്_യാക്കോബി&oldid=210358" എന്ന താളിൽനിന്ന് ശേഖരിച്ചത്