രാമരാജാബഹദൂർ/അദ്ധ്യായം മുപ്പത്തിആറ്
←അദ്ധ്യായം മുപ്പത്തിഅഞ്ച് | രാമരാജാബഹദൂർ രചന: അദ്ധ്യായം മുപ്പത്തിആറ് |
../→ |
[ 424 ]
"ബാലി മരിച്ചതു കേട്ടൊരു താരയു-
മാലോല വീഴുന്ന കണ്ണുനീരും വാർത്ത്
ദുഃഖേന വക്ഷസി താഡിച്ചുതാഡിച്ചു
ഗദ്ഗദവാചം പറഞ്ഞു പലതരം
.................................................
കല്യാണമാശു ഭവിക്കും തവ
ചൊല്ലേറും വീരമഹാത്മൻ!"
കാർത്തികതിരുനാൾ രാമവർമ്മരാജാവിന്റെ കാലത്ത് മൈസൂർവിഷയങ്ങളുടെ വിസ്തൃതിയെ വഞ്ചിരാജ്യത്തിലോട്ടു നീട്ടുവാൻ രാജ്യാപഹരണവ്യാപാരത്തിൽ വിക്രമഭുജന്മാരായ ഒരു അച്ഛനും മകനും ചെയ്ത സാഹസങ്ങൾ, സൂചികുത്തുവാനുള്ള സ്ഥലംപോലും സ്വാധീനമാക്കാതെ ഇങ്ങനെ പരാജയത്തിൽ അവസാനിച്ചു. ലോകസ്വഭാവം അനുസരിച്ചു വഞ്ചിഭൂവാസികൾ തങ്ങളുടെ മഹാരാജാവിന്റെ ഭാഗ്യമഹസ്സിനെ രാജസൂയതുല്യങ്ങളായ സപര്യകളും സമ്മേളനങ്ങളുംകൊണ്ട് സമാരാധിച്ചു. ജനധനനഷ്ടങ്ങളെ പ്രാപഞ്ചിക'ച്ചുങ്ക'ങ്ങളായി പരിഗണിച്ച് അഹർന്നിശമായുള്ള ആഘോഷങ്ങൾ കൊണ്ടാടി മഹാരാജാവിനെ പുളകാങ്കിതനാക്കുന്നതിനിടയിൽ, ടിപ്പുവിന്റെ സേനായാത്രയെ ശശ്വത്സ്മരണീയമാക്കിയ നരബലികളും ഹോമങ്ങളും ദക്ഷിണതിരുവിതാംകൂറിൽ ആവർത്തിതമാകുന്നു എന്നു ബഹുജനസങ്കടം കാര്യാലയങ്ങളിൽ ദിവസംപ്രതി എത്തിത്തുടങ്ങി. ഖഡ്ഗാഗ്നിപ്രയോഗങ്ങൾ അതിദുസ്സഹങ്ങളാവുകയാൽ ജനങ്ങൾ മഹാക്ഷോഭസ്ഥിതിയിലായി. ഉത്തരതിരുവിതാംകൂറിനെ വ്യഥിപ്പിച്ച ദുഷ്കാലവൈഭവം ഇങ്ങോട്ടു സംക്രമിച്ചിരിക്കുന്നു എന്നു ദാക്ഷിണാത്യർ മാറത്തലച്ചു. ഈ അക്രമങ്ങൾ പാണ്ട എന്ന പറയനാൽ നിർവ്വഹിതമെന്നു പല ലക്ഷ്യങ്ങൾകൊണ്ടും ജനങ്ങൾക്കു ബോദ്ധ്യമായി. പെരിഞ്ചക്കോട്ടുസങ്കേതാധിപൻ ആയ കുഞ്ചുമായിറ്റിപ്പിള്ള മരിച്ചുപോയിരിക്കുന്ന സ്ഥിതിക്ക് അദ്ദേഹത്തിന്റെ കാൽക്കൽ [ 425 ] വീണു രക്ഷ തേടുന്നതിനും കഴിവില്ലാതായിത്തീർന്നു. പാണ്ടയോ, ഇന്നു ചോഴമണ്ഡലത്തെ ഭസ്മീകരിച്ചിട്ട് അടുത്ത രാത്രി പഞ്ചനദങ്ങളെ രക്തസിന്ധുക്കളാക്കി, മൂന്നാം ദിവസം രാത്രിയിൽ ഭൂമിയെ അമാഗധമാക്കുന്നു. ഇങ്ങനെ ദക്ഷിണതിരുവിതാംകൂറിലെ ഓരോ ഖണ്ഡത്തിലെയും നിശാകാശങ്ങൾ രക്തത്തിന്റെയോ അഗ്നിയുടെയോ ക്രൂരശോണിമകൊണ്ടു ഉദ്ദൂതതിമിരമായി കഴിയുന്നതിനിടയിൽ ഏതോ ശോണിതപുരത്തിൽ കാരാഗാരസ്ഥനാക്കപ്പെട്ടിരിക്കുന്ന കല്ലറയ്ക്കൽപിള്ളയുടെ മോചനത്തിനുള്ള പ്രാർത്ഥനകളും അനന്തശയനദ്വാരകയിൽ എത്തിത്തുടങ്ങി. സാംക്രമികരോഗഭീതിയാൽ എന്നപോലെ ദക്ഷിണതിരുവിതാംകൂറിലെ ധനപ്രതാപസങ്കേതങ്ങളിൽനിന്നു പ്രതിനിമിഷം മുക്തങ്ങളായ ഭയപ്രലപനങ്ങൾ മഹാരാജകർണ്ണങ്ങളിൽ എത്തി അവിടുത്തെ സന്ധ്യാസമാധികളെ വികലമാക്കി. തിരുമനസ്സുകൊണ്ടു തന്റെ ചര്യാനുഷ്ഠാനത്തിനുള്ള വിഘാതങ്ങളെ ദുരീകരിപ്പാൻ സ്വാശ്രിതപ്രധാനനായ മന്ത്രിവര്യനെ വരുത്തി ജനസങ്കടനിവർത്തനത്തിനുള്ള പ്രതിബന്ധം എന്തെന്നു ചോദ്യം ചെയ്തു.
ദിവാൻജി: "അതെല്ലാം ഇപ്പോൾ ഒതുങ്ങിയിരിക്കും. വിക്രമനെ അങ്ങോട്ടയച്ചിട്ടുണ്ട്. പാണ്ട തിരുമനസ്സിലെ ദാക്ഷിണ്യത്തിൽ കുറെ മുതിർന്നുപോയി. അതവസാനിച്ചു."
മാഹാരാജാവ്: (വിനോദകാപട്യത്തിന്റെ സൂചകമായി ഭ്രൂക്കളെ സങ്കോചിപ്പിച്ച്) "പാണ്ടയോ? എന്റെ കേശവാ, വല്ലാത്തൊരു വർഗ്ഗം തന്നെ! ആ പെരിഞ്ചക്കോടൻ മഹാരാക്ഷസൻ. നിന്റെ കഥയോ പോകട്ടെ. ആ കുട്ടി ത്രിവിക്രമൻ - അവൻ ഒരു കൊടുംകൂറ്റൻ. അഴിക്കോട്ടയിലെ ജയത്തിന് അവനെ ഇനിയും സമ്മാനിക്കണം, കേട്ടോ. എന്താ, ആ കുറു - ഓ - കുറുങ്ങോടൻ എന്ന ഭീമന്റെ രസികത്തങ്ങൾ വിക്രമൻ പറഞ്ഞുകേട്ടു. അയാളെ വരുത്തി ഒരു വിരുന്നൂട്ടി ഒരു കങ്കണവും ധരിപ്പിച്ചയയ്ക്കണം. അതൊന്നുമല്ല ഞാൻ പറയുവാൻ തുടങ്ങിയത്." (ഗണ്ഡങ്ങളിൽ കൈകൊടുത്തു തലതാഴ്ത്തി ഒരു മഹാമന്ത്രത്തിന് ഒരുങ്ങുന്നതുപോലുള്ള സുശാന്താദരത്തോടെ) "നിനക്ക് ഒരു രൂപവും ഇല്ലേ, ആ കാര്യക്കാർ എങ്ങോട്ടു പോയി എന്ന്? നിങ്ങൾ ഒന്നല്ലേ? അതിനെ മനസ്സിൽ കിടന്നു കഷ്ടപ്പെടുത്തുന്നു. ഒന്നും ഒളിക്കേണ്ട; പറഞ്ഞേക്ക്."
ദിവാൻജിയുടെ ശരീരം വിറച്ചു. "തിരുമുമ്പിൽവച്ച് അടിയന്റെ പഴമനസ്സ് ഇളകരുതെന്നു കരുതി ഒന്നും തിരുമനസ്സറിയിക്കാത്തതാണ്. എങ്ങോട്ടു മാഞ്ഞോ? എന്തു കഥയോ!" എന്ന് അദ്ദേഹം ഉണർത്തിച്ചു.
മഹാരാജാവ്: "ഞാൻ ചിലത് ആലോചിപ്പാൻ വിളിച്ചുനിറുത്തിയപ്പോൾ ഇങ്ങട്ടു വട്ടംകറക്കിത്തുടങ്ങി. അവനോ, ഒരു ശരവും ഏൽക്കാത്ത ലക്ഷകവചനും. എന്തു സൃഷ്ടിയോ, എന്ത് അഭ്യാസമോ! ഭഗവാനറിയാം. നിന്നെ ഒന്നു പഴിച്ചു അവനെ നോവിക്കാൻ ഞാൻ നോക്കി. ആ ക്ഷണത്തിൽ ഇവിടന്നു പറന്നവനെ ഇനി കാണണം. കേട്ടോ കേശവാ, ആ വലിയ വെള്ളക്കുത്തുണ്ടായത് വന്മഴ കഴിഞ്ഞിട്ടല്ലേ?" [ 426 ]
ദിവാൻജി: (അഭിനന്ദനഹർഷത്തോടെ) "അടിയൻ! ഒടുവിലത്തെ പിശറുകൾക്കിടയിൽ ആയിരുന്നു."
മഹാരാജാവ്: "അപ്പോൾ ആ വലിയ വെള്ളപ്പൊക്കംവന്നത്-? ടിപ്പുവിന്റെ ആഗ്നേയാസ്ത്രത്തിനു വാരുണാസ്ത്രം എന്നും ആ സുൽത്താനെ ശ്രീപത്മനാഭൻ ഓടിക്കുമെന്നും അവൻ മുരങ്ങാറുണ്ടായിരുന്നു. ഒരു ഗിരിതടാകവർണ്ണനയും ചെറുപ്പത്തിലെങ്ങാണ്ടോ ഇവിടെ വന്നിരുന്ന ഒരു ഗോസായി പറഞ്ഞു ഞാനും കേട്ടിട്ടുണ്ട്. എന്തിലും ചെന്നു ചാടുന്ന ഭൈരാഗിയുമാണ്."
ദിവാൻജി: (ദീർഘശ്വാസത്തോടും സംഭവനിരീക്ഷണത്തിനു തന്നെ ആത്മശക്തനാക്കാൻ പടത്തലവനായ മഹൽഗുരു ഇല്ല്ലല്ലോ എന്നുള്ള ദുഃഖസ്മൃതിയോടും) "കല്പിച്ച് എന്തായാലും തിരുവുള്ളം കലങ്ങിക്കരുത്. അടിയങ്ങടെ വിധി പലവിധങ്ങളിൽ ഇങ്ങനെ കഴിയും. ഒരു പുരുഷരത്നം രാജ്യത്തിനു പക്ഷേ, നഷ്ടമായെന്നാണ് അടിയനു തോന്നുന്നത്. അല്ല്ലെങ്കിൽ, എവിടെ എത്തിയെങ്കിലും അടിയനെ കണ്ടു, പടവെട്ടാൻ ഭസ്മപ്പൊതിയുംകൊണ്ടു പുറപ്പെടുമായിരുന്നു."
മഹാരാജാവ്: "ആ കണ്ഠീരവനെ ചീന്തിയതു ഞാൻ കണ്ടു. രണ്ടും ചില്ലറ മനുഷ്യരല്ല. അതിലും ഇവൻ അന്നുമുതൽ ഒരു വിശേഷമൂർത്തി എന്ന് ഇവിടെ തോന്നിപ്പോയി. ഇവിടെ എല്ലാരെയും ഇട്ടു ശിങ്കിലിപാടിക്കുകയായിരുന്നു. എന്നാലോ മഹാദയാലു, ന്യായസ്ഥൻ, നിർദ്ദാക്ഷിണ്യവാൻ, ആന്തരാൽ സുസ്ഥിരഭക്തൻ. വിചാരിക്കെ വിചാരിക്കെ, അവന്റെ ഗുണങ്ങൾ എണ്ണമില്ലാതെ കണ്ടുവരുന്നു. എന്തെങ്കിലും ഭഗവാൻ ജഗന്മൂർത്തി അവനെ രക്ഷിക്കട്ടെ!"
ഇങ്ങനെ തുടങ്ങിയ സംവാദം മൈസൂരിനെ ഇംഗ്ലീഷ് കമ്പനിയാർ ആക്രമിപ്പാൻ നിശ്ചയിച്ചിരിക്കുന്നതിനാൽ ദിവാൻജി ഒരു സേനാശാഖസഹിതം ശ്രീരംഗപട്ടണത്തിലേക്കു പുറപ്പെടേണ്ട സംഗതിയിലോട്ടും മറ്റും പ്രവേശിച്ചു.
ഇതിനിടയിൽ പെരിഞ്ചക്കോട്ടുകാവിലെ ലക്ഷ്മിഅമ്മ കുലഭ്രഷ്ടതകൊണ്ടുള്ള നിസ്സഹായതയെ കഷ്ടതരമായി അനുഭവിക്കുന്നു. പാപികളോടുള്ള സംഘടനഫലം ആ സാധ്വിയെ അതിരൂക്ഷമായി വലപ്പിക്കുന്നു. ആ ഗുപ്തഗേഹത്തിന്റെ ആശ്രമസ്വഭാവം മാറി, ഒരു കുംഭീപാകമെന്നപോലെ അവരെ നിരന്തമായുള്ള വേദനകളാൽ വ്യാകുലപ്പെടുത്തുന്നു. കല്ലറയ്ക്കൽപിള്ളയെ ആരാഞ്ഞു തിരിയുന്ന മല്ലൻപിള്ള പ്രമുഖന്മാരുടെ സഹായം ഇടയ്ക്കിടെ മാത്രം കിട്ടുന്നു. ഭർത്താവിന്റെ 'നവാബ'ത്വത്താൽ പരജനവീക്ഷണത്തെ പ്രതിബന്ധിച്ചു മൂടുപടധാരിണിയായി ഗോപനം ചെയ്യപ്പെട്ടിരുന്ന ആ വിദേശിനിക്കു സമീപജനങ്ങളുടെ സഹായവും ലബ്ധമാകുന്നില്ല. ലോകം തിമിരനിബിഡവും ജീവിതം അസിധാരാതരണവും അനുഭവം തിക്തരസഭൂയിഷ്ഠവും എന്നുള്ള വികല്പങ്ങൾ ആ സാധ്വീഹൃദയത്തിന്റെ ഘടനാസൗരൂപ്യത്തെ വികൃതമാക്കുന്നു. ഗൃഹത്തെ ആച്ഛാദനംചെയ്യുന്ന വൃക്ഷങ്ങളിലെ ലതകൾ [ 427 ] സൂര്യകിരങ്ങളാൽ പരിതുഷ്ടരാക്കപ്പെടുന്നുവെങ്കിലും ആ പത്രാവലി ആ കിരണങ്ങളുടെ പ്രവേശത്തെ കൃപണമാത്സര്യത്തോടെ നിരോധിക്കുന്നു. തെക്കുള്ള വനവൈതരണിയിലെ വൃക്ഷശാഖകളെല്ലാം പാദാഘാത്താൽ ചാഞ്ഞും ഒടിഞ്ഞും തീർന്നു മനോഹാരിത്വത്തെ കൈവെടിഞ്ഞിരിക്കുന്നു. ആ അഗ്രഹാരത്തിലെ ഗായകദ്വിജങ്ങളും കിരാതദർശനത്തിലെന്നപോലെ ആ സങ്കേതത്തെ ഉപേക്ഷിച്ചിരിക്കുന്നു. നിശാകാലങ്ങളിൽ മാത്രം വേതാളാകൃതികളായ ചില സത്വങ്ങൾ ആ വൃക്ഷനിരകളെ ഭേദിച്ച് അതിലെ അന്തർവ്വാസിയെ സമാരാധിച്ചു പിരിയുന്നു.
ദേവകിയോ, കനകമൃണാളമെന്നപോലെ കൃശഗാത്രിയായി, സമസ്താർത്ഥസമ്പ്രാപ്തയായ സന്യാസിനിയായി, പീഡാചേഷ്ടകളിലും ഗോഷ്ടികളിലും നിന്നു മുക്തയായി ശയനംചെയ്യുന്നു. അശനപാനങ്ങൾക്ക് ആ യുവതേജോവതി കൗതുകയാകുന്നില്ല. അമ്മേ എന്നുള്ള പദം കേവലം കൃതജ്ഞതയെ അവകാശപ്പെടുന്ന ശുശ്രൂഷകി എന്നതിന്റെ പര്യായമായി മാത്രം ആ കന്യക ഉച്ചരിക്കുന്നു. പ്രാപഞ്ചികബന്ധങ്ങളെ ഖണ്ഡിച്ചുള്ള ഈ നിലയിൽ ആ 'കോകില' കന്യകയുടെ ഹൃദയത്തിൽനിന്നു ജനകപദത്തിൽ സമ്പൂജിക്കപ്പെട്ടിരുന്ന പെരിഞ്ചക്കോടന്റെ 'കാക'ലാളനങ്ങൾ ജലരേഖകൾപോലെ മാഞ്ഞുപോയിരിക്കുന്നു. തനിക്കു പരമാനന്ദസമുദ്രത്തിൽ പരിശുദ്ധസ്നാനവും അന്തഃകായത്തിനു നിഗഹമാഗമതത്ത്വജ്ഞരായ സിദ്ധന്മാർക്കും ദുർലഭമായുള്ള മോഹനസുഷുപ്തിയും സന്ധാനംചെയ്ത് ഒരു നാരായണസ്വരൂപം അവൾക്കു നിതാന്തദർശനം നല്കുന്നതുപോലെ സംസാരിച്ചും ചിരിച്ചും രസിച്ചും ദിവസങ്ങൾ കഴിക്കുന്നു. ആ സംസാരവിച്ഛേദകമായ വൈദ്യുതസ്വരൂപത്തെ നിതാന്തം ധ്യാനിച്ചും ആ പരിപാവനാത്മിക ജന്മജന്മാന്തരസിദ്ധമായുള്ള തപഃഫലത്താൽ പ്രശാന്തധീമതിയായും പരമഗതിലബ്ധിയിലുള്ള നിശ്ചലവിശ്വാസത്തോടും സ്വച്ഛന്ദമൃത്യുത്വം സംസദ്ധമായുള്ള മഹാത്മികമായി ചിലപ്പോൾ സുക്ഷുപ്തിക്ഷീരാബ്ധിയിൽ ആമഗ്നയാവുകയും ചെയ്യുന്നു. ലക്ഷ്മിഅമ്മ പുത്രിയുടെ ശയ്യയ്ക്കടുത്തുനിന്ന് അശ്രുസേചിതമുഖത്തോടും കൃപാമൃദുലതയോടും ദുരാപത്തിന്റെ സമീപദർശനത്തിൽ ആധിവശയായും രോഗിണീഹിതങ്ങളറിവാൻ യത്നിക്കുന്നു.
ദേവകി: "എല്ലാം നിറഞ്ഞ് അമ്മേ, ഒന്നും വേണ്ട. അമ്മ ഇങ്ങനെ ഒരുവൾ ഉണ്ടായി എന്നു വ്യസനിക്കരുത്. ഇവിടെ എഴുന്നള്ളിയിരുന്ന ആ ഭഗവാനെ ഒന്നുകൂടി പ്രത്യക്ഷമാക്കാമോ?"
ലക്ഷ്മിഅമ്മ: "സ്വപ്നമാണതു മകളേ."
ദേവകി: "മരിക്കുന്നവർക്കു പരമാർത്ഥം കാണാം. അമ്മേ തൊടാൻ സാധിക്കുന്നില്ല. അമ്മയുടെ രഹസ്യങ്ങൾ എന്തെന്ന് ഇനി ചോദിക്കുന്നില്ല. ബാധകൾ നീങ്ങട്ടെ. ഞാൻ പോകുന്നതാണ് അമ്മയ്ക്കും സുഖം."
ലക്ഷ്മിഅമ്മ: "നീ അല്പമെന്തെങ്കിലും കഴിക്ക്. പട്ടിണികിടക്കുന്നതു കണ്ട് എനിക്കു സഹിപ്പാൻ മേല." [ 428 ]
ദേവകി: "അകത്തു അമൃതം നിറയുമ്പോൾ എനിക്കു വേറൊന്ന് എന്തിന്? എന്റെ ഭഗവാന്റെ തൃക്കൈകൾ അതിനെ എന്റെ തലയിൽ നിറച്ചിട്ടുപോയി."
ലക്ഷ്മിഅമ്മ സ്വപുത്രിയുടെ നിരപരാധിത്വം പരമമായുള്ള നീതിപീഠത്തിന്റെ നിർധാരണത്തിൽ പാപകളങ്കിതമല്ലെന്നു നിരീക്ഷിക്കപ്പെടുന്നതുപോലെ തന്റെ പ്രാരബ്ധവലയിതമായുള്ള ദുരിതങ്ങൾ ക്ഷന്തവ്യങ്ങളാകുന്നില്ലല്ലോ എന്നു വ്യസനിച്ചു ദൈവഗതിയുടെ പക്ഷപാതപ്രകൃതിയെ ചിന്തിച്ചു നിലകൊണ്ടു.
ദേവകി: "അമ്മേ, ഇതെവിടത്തെ സംഗീതം ഞാൻ കേൾക്കുന്നു?"
ലക്ഷ്മിഅമ്മ: "നീ സ്വപ്നം കാണുകയാണ് ദേവൂ."
ദേവകി: "അമ്മേ! ഭഗവാനേ! അതാ - ആ - ഈ പോന്നു പോലുള്ള നിലാവ്! ഏതു ചൻ - ന്ദ്രൻ - ഉദിച്ചു - ഉണ്ടാകുന്നു അമ്മേ?"
ലക്ഷ്മിഅമ്മ: "പേ പറഞ്ഞ് അമ്മയെ കരയിക്കാതെ കുഞ്ഞേ. ഇതെന്തു കഷ്ടം!"
ദേവകി: "അഷ്ടഗന്ധം - എന്തു - എന്തു - വാസന! അമ്മ എന്തു പൂവു ചൂടിയിരിക്കുന്നു."
ലക്ഷ്മിഅമ്മ: "നീ എന്നെ വിളിച്ചു കിടപ്പിലാക്കാൻ നോക്കാതെ. വല്ല ഇളനീർവെള്ളമെങ്കിലും തൊട്ടുതെറിപ്പാൻ ഞാൻ മാത്രമേയുള്ളൂ."
ദേവകി: "അല്ലമ്മേ, അമ്മയെപ്പോലെ - അത് - ആ - നോക്കൂ. എത്രയോ അമ്മമാര് - എന്നെ തലോടുന്നു! സുഖം - അമ്മേ - സുഖം, സുഖം. രാത്രി - രാത്രി - എന്നും ആ തളത്തിൽ വരുന്ന കാലൻ - അവർ ഇങ്ങോട്ടു - വിടില്ല."
ലക്ഷ്മി അമ്മ: "കാലനോ? ശ്ശേ,ശ്ശേ! അങ്ങനെ ഒന്നും പറയാതെ."
ദേവകി: (അവസാനത്തെ ബോധാവർത്തനത്തിലുള്ള സ്വരധാടിയോടെ) "യുദ്ധം കഴിഞ്ഞു തിരുമേനി ജയിച്ചല്ലോ. അച്ഛൻ വരാത്തതെന്ത്?"
ലക്ഷ്മിഅമ്മ: "ജയിച്ചെന്നാരു പറഞ്ഞു? അച്ഛൻ സാവധാനത്തിൽ വരും. അടങ്ങിക്കിടക്ക്."
ദേവകി: "അച്ഛനോടു പറയണം, ആരെയും ദ്രോഹിക്കരുതെന്ന്. എന്തു സുഖമായ തണുപ്പമ്മേ! ലോകത്തിലെ കഷ്ടത എന്തോന്ന്? ഈ സുഖവും എന്റെ ഭഗവാൻ തരുന്നതാണല്ലോ. അച്ഛനോടു പ്രത്യേകം പറയണം, ആ കൊച്ചു കപ്പിത്താനദ്ദേഹത്തെ അമ്മ പ്രസവിച്ചതുപോലെ വിചാരിച്ചുകൊൾവാൻ. (വീണ്ടും ബോധം ക്ഷയിച്ച്) അടുത്തു വരിക - അമ്മമാർ - എ - എന്നെ - വിളിക്കുന്നു. ഞാ - ഞാൻ അങ്ങോട്ടു ചെല്ലട്ടെ. എന്റെ - ഭഗവാൻ - അതാ നില്ക്കുന്നു. (ബദ്ധാഞ്ജലിയായി) വിളിക്കുന്നമ്മേ. കൈ നീട്ടുന്നു. ആ - അം - ഏ - പൂക്കള് എന്തു ചൊരിയുന്നു! - അതാ വിളിക്കുന് - നൂ. (അവസാനമായുള്ള പ്രാണായാമസ്വരത്തിൽ) നാ - രാ - യ - ണാ - നാ - രാ - യണാ." [ 429 ]
ഇങ്ങനെ ദേവകിയായ ഋഷിവാടകന്യകക്ക് മുക്തിപദം പുർവ്വഗാമികളുടെ സുകൃതസഞ്ചയഫലമായും, ആ പുണ്യത്താൽ സംരക്ഷിതമായ ദേഹിയുടെ സംശുദ്ധിയാലും, അപ്രയാസം ലബ്ധമായി.
മരണ ലക്ഷണങ്ങൾ കണ്ടിട്ടില്ലാത്ത ലക്ഷ്മിഅമ്മ പുത്രിയുടെ ബോധക്ഷയം തീർപ്പാനായി, പാൽകിണ്ടി ആരാഞ്ഞു സാഹസപ്പെട്ടു. ചില ശബ്ദങ്ങൾ കേട്ടു തുടങ്ങി. അതു ബഹുപാദങ്ങളുടെ സഞ്ചാരഘോഷമാണെന്നു വ്യക്തമായി. അത്യുച്ചത്തിൽ വഴികാട്ടിയും ഉപദേശിച്ചും പുറപ്പെടുന്ന ശബ്ദങ്ങൾ അഴകൻപിള്ളയുടെതാണ്. തെക്കോട്ടു നോക്കിയതിൽ ഒരു കനകവിഗ്രഹവും പ്രകാശിച്ചുകാണുന്നു. അതു തന്റെ പുത്രിയുടെ ജീവിതമോഹസംഹാരകനായ കമനീയഗാത്രനാണെന്നു കാണുകയാൽ "മരിക്കാൻ കിടക്കുന്നവളെ ഒന്നു കണ്ടിട്ടു പോകണേ" എന്നു ജനനി വിളികൂട്ടി. മഹാരാജദത്തമായുള്ള വേലുംകൊണ്ടു വൃക്ഷശിരസ്സുകൾക്കിടയിൽ അഴകൻപിള്ള വാനരസഞ്ചാരം തുടങ്ങി. ത്രിവിക്രമാനാൽ നീതരായ രാജഭാടന്മാർ ആ കാട്ടിലോട്ട് കണ്ടകവല്ലീവലയങ്ങളെ കൂസാതെ, തോക്കുകൾ നീട്ടിക്കൊണ്ടു പ്രവേശിച്ചു. പറപാണ്ടയെ ആരാഞ്ഞു പല ഗൂഢസങ്കേതങ്ങളിലും സഞ്ചരിച്ചിട്ട് എത്തിയിരിക്കുന്ന ഈ പദാതിസംഘം ആ നിഷാദന്റെ അന്തകന്മാരാകുവാൻതന്നെ ബദ്ധപ്രതിജ്ഞന്മാരായിരുന്നു. ചുറ്റും ഭടജനങ്ങളാലും മുകളിൽ അഴകൻപിള്ളയാലും നിരോധിക്കപെട്ടപ്പോൾ, ലക്ഷ്മിഅമ്മയുടെ ആശ്രമപരിസരത്തിൽ പാർത്തിരുന്ന പറപാണ്ട കാടു ഞെരിച്ചുകൊണ്ട് പുറത്തുചാടി. ഭടജനം "ഇതാ പോണൂ" "അതാ ആ മരം ചുറ്റി," "പാറ തിരിഞ്ഞു," "ആ കുഴി ചാടി," "അതാ ആ ചാലിനകത്ത്" എന്നെല്ലാം വിളികൂട്ടിക്കൊണ്ടു പിന്തുടർന്നു. ഇടയ്ക്കിടെ നെടുന്തോക്കുകൾ നിധനശക്തമായുള്ള ശലാകകളെ വർഷിച്ചു. വൃക്ഷമൂർദ്ധാവുകളിൽനിന്നു താഴത്തുചാടിയ അഴകൻപിള്ളയുടെ നെടുങ്കാലുകൾ വീശിവച്ചപ്പോൾ പാണ്ടയുടെ പുറകിൽ തൊട്ടുതൊട്ടില്ല എന്നാ മട്ടിൽ അയാൾ എത്തിക്കഴിഞ്ഞു "അതുതന്നെ അഴകൻപിള്ളേ, കൺഠീരവപ്പിടി ഒന്നുകൂടി കാട്ടൂ" എന്ന് ത്രിവിക്രമൻ വിളിച്ചുകൊണ്ട് കുന്നിൻചരിവുകൾ, പാറക്കൂട്ടങ്ങൾ, മുതലായവ പല വക്രഗതികളിൽക്കൂടെ രണ്ടുമൂന്നു നാഴികയും പാണ്ടസങ്കേതമായ കല്ലമ്പലത്തിന്റെ പാർശ്വത്തിലുള്ള നീരാഴിക്കരയിൽ എത്തി. ആ ഭീമപഞ്ചാസ്യൻ അന്തകനെപ്പോലും എതിർപ്പാനും നിരവധി മൃതികൾ എല്പാനും ബഹുജന്മങ്ങൾ തരണംചെയ്‌വാനും സന്നദ്ധനെന്ന ധൈര്യസമഗ്രതയോടെ തിരിഞ്ഞുനിന്നു. "വെടിവയ്ക്കരുത്" എന്ന് ത്രിവിക്രമന്റെ ആജ്ഞകൾ ഭടജനായുധങ്ങളുടെ പ്രവർത്തനത്തെ നിരോധിച്ചു. ത്രിവിക്രമനും അഴകൻപിള്ളയും സൈനികസംഘവും പാണ്ടയുടെ മുമ്പിൽ അണിനിരന്നു തന്റെ ഉള്ളിൽ ഉദിച്ചിരുന്ന പ്രബലസംശയത്തോടെ, മുമ്പിൽ നിൽക്കുന്ന ഭയങ്കരാകാരത്തെ സൂക്ഷിച്ചുനോക്കിയപ്പോൾ പരമാർത്ഥം മനസ്സിലായി ത്രിവിക്രമൻ ഒന്നു പുഞ്ചിരിക്കൊണ്ടു. "ഓടാനും ഒഴിയാനും നിൽക്കാണ്ടു [ 430 ] കയ്യാമത്തിനടങ്ങിക്കൊണ്ടാൽ കല്പിച്ചു പക്ഷേ, മാപ്പുതന്നു രക്ഷിക്കും" എന്നു തനിക്കു കിട്ടീട്ടുള്ള അധികാരത്തെ ആസ്പദമാക്കി, ആ യുവസേനാനി, സൗജന്യഭാഷണംകൊണ്ട് ആ ചണ്ഡാലാകാരനെ ഘോരവിധിനിപാതത്തിൽനിന്നും രക്ഷിപ്പാൻ യത്നിച്ചു.
ഒരു അട്ടഹാസത്തോടെ പഞ്ചാസ്യക്രിയയായിത്തന്നെ, പാണ്ട ത്രിവിക്രമന്റെ ശരീരത്തിന്മേൽ പതിച്ചു. ആ രണ്ടു ശരീരങ്ങളും കനകകൃഷ്ണശിലകളുടെ സംയോഗമെന്നപോലെ സമ്മേളനംചെയ്തു. വിക്രമൻ വിദഗ്ദ്ധസമരത്തിനു വട്ടംകൂട്ടെ, ആ യുവശരീരത്തെയും വഹിച്ചുംകൊണ്ട് പരിപന്ഥയായ ഗിരികായൻ ഒന്നു പിന്നടിച്ച് അഗാധമായുള്ള നീരാഴിയിൽ, ഒരു മഹാശിലാഖണ്ഡത്തിന്റെ പ്രപാതമെന്നപോലെ ഉണ്ടായ ഒരു മുഴക്കം, കല്ലമ്പലത്തിലും സമീപമുള്ള പാറക്കൂട്ടങ്ങളിലും പ്രതിധ്വനിച്ചു, ഭടജനങ്ങൾ തോക്കുകൾ നീട്ടിക്കൊണ്ട് ആ മഹാകൂപത്തെ വലയംചെയ്തു. "അനങ്ങരുത്, പാപികളേ, തെറ്റി പൊന്നുംകൊടത്തിനും കൊണ്ടുപോകും". എന്നു വിളികൂട്ടിക്കൊണ്ടു അഴകൻപിള്ള ആ കൂപത്തിലെ ഒരു ഭാഗത്തു കാണപ്പെട്ട അപകടപടികളിൽക്കൂടി കീഴ്പോട്ടിറങ്ങാൻ, ഈ വശത്തു പിടിച്ചും അങ്ങേവശത്തു കുന്തമൂന്നിയും ഇരുന്നു നിരങ്ങിത്തുടങ്ങി. വെള്ളത്തിന്റെ അഗാധതകൊണ്ടുള്ള കറുപ്പിനിടയിൽ താഴ്ന്ന വിഗ്രഹങ്ങളെ കാണുന്നില്ല. ദേവകിക്ക് ഇഹലോകസുഖങ്ങൾ നഷ്ടപ്പെടുത്തുന്ന ഘാതകമദനനു താൻതന്നെ രുദ്രമൂർത്തി എന്നു നിശ്ചയിച്ചുകൊണ്ട് ത്രിവിക്രമനെ പിടികൂടി കുളത്തിലോട്ടു ചാടിയ ഭീമനിഷാദൻ ജലാഗാധതയിൽ ആയപ്പോൾ, യുവാവിന്റെ കണ്ഠത്തെ സ്വപാണികൾ ചേർത്തുകൊണ്ടു ഞെക്കിത്തുടങ്ങി. ത്രിവിക്രമന്റെ മുഷ്കരതാഡനങ്ങൾ ജലനിരോധത്തിനിടയിൽ ആ ശിലാകൂടത്തിന്മേൽ പുഷ്പസമ്പാതമെന്നപോലെ നിഷ്ഫലങ്ങളായി. ധീരയുവാവ് കുടഞ്ഞുതുടങ്ങി. ഗജകായൻ ആ യുവകൂറ്റന്റെ ശിരസ്സിനെ കീഴ്പോട്ടമർത്തി, ഊക്കു കൂട്ടി ഞെരിച്ചുതുടങ്ങി. ഭടജനങ്ങളിൽ ചിലരും അഴകൻപിള്ളയും നീരാഴിയിലോട്ടു ചാടാൻ വസ്ത്രങ്ങൾ മാറ്റിത്തുടങ്ങി. അന്തർഭാഗത്തുള്ള സമരകലാപത്താൽ ജലം ഇളകിക്കലങ്ങി. തസ്കരനായകന്റെ ഹസ്തചന്ദ്രക്കലകൾ സംയോജിച്ചുള്ള മുറുക്കത്തെ, ത്രിവിക്രമൻ സ്വസ്കന്ധങ്ങളെ ഉയർത്തി തടഞ്ഞുകൊണ്ട് പാദത്താൽ പ്രതിയോഗിയുടെ ഉദരത്തെ ലക്ഷ്യമാക്കി തൊഴിച്ചു. ആ അതിസാഹസവും ഫലിച്ചില്ല. നിഷാദവീരൻ തന്റെ പിടി മുറുക്കി ത്രിവിക്രമനെ പരലോകപ്രാന്തം സന്ദർശിപ്പിക്കുമാറ് അയാളുടെ കണ്ണുകളെ പുറത്തോട്ട് ഉന്തിച്ചു. "ആങ്ഹാ" എന്നു പല്ലു ഞെരിച്ച് ഉച്ചരിച്ചുകൊണ്ട് ആ യുവാവ് മഹാത്മാവായ ജനകഗുരുവാൽ ഉപദിഷ്ടമായുള്ള ബ്രഹ്മാസ്ത്രശക്തിയെ അംഗുലായുധത്താൽ പ്രയോഗിച്ചു. അസ്ത്രം സൂക്ഷ്മലാക്കിൽ തറച്ചില്ല. രണ്ടാമതും ആ അസ്ത്രം, ജീവരക്ഷാമാത്രത്തിനെന്നുള്ള സങ്കല്പത്തോടെ പ്രയുക്തമായപ്പോൾ പറപാണ്ടയുടെ നേത്രങ്ങൾ കല്പാന്താഗ്നിപ്രജ്വലനത്തെ സന്ദർശിച്ചു. പുറത്തു കേൾപ്പാൻ പാടില്ലാത്ത ഒരു അട്ടഹാസം, [ 431 ] പാണ്ടയുടെ ഉദരകൂപത്തെ ആ കൂപജലംകൊണ്ടു നിറച്ചു. ജലതലത്തിന്റെ മുഖത്തു കുമിളകൾ ദ്രുതതരം പൊങ്ങി പാണ്ടയുടെ കൈകൾ ത്രിവിക്രമകണ്ഠത്തെ വിട്ടിട്ടു വിടുർന്നു. ആ ശരീരം കമഴ്ന്നു. ത്രിവിക്രമൻ ശ്വാസബലംകൊണ്ടുള്ള ആയത്താൽ ജലമുഖത്തിൽ പ്രത്യക്ഷനായി. ഭടജനങ്ങൾ സന്തോഷത്താൽ ആർപ്പുകൾ വിളിച്ചുകൊണ്ട് തോക്കുകൾ എടുത്തു നീട്ടി, സന്നദ്ധരായി നിന്നു. "വെച്ചു താങ്ങിക്കൊടുത്തു പിള്ള; ങ്ഹ! ഹങ്ങനെ കൊള്ളട്ടേ വർമ്മക്കുത്ത്" എന്ന് അഴകൻപിള്ള സന്തോഷാട്ടഹാസം ചെയ്തുകൊണ്ട് കരയ്ക്കുകയറുവാൻ സഹായമായി, യുവാവിനു തന്റെ ശൂലത്തെ നീട്ടിക്കൊടുത്തു. ഒരു മഹാകമഠം എന്നപോലുള്ള ഒരു മുതുക് മേല്പോട്ടു കണ്ടുതുടങ്ങിയപ്പോൾ, ഒരു അണിവെടി തീർന്ന് സരസ്സിനെ രക്തമയമാക്കി. "ചതിച്ചോ!" എന്ന് ത്രിവിക്രമൻ വിളികൂട്ടുന്നതിനിടയിൽ ആ ഭീമകായം വീണ്ടും ജലത്തിലോട്ടു താണു. രക്തപ്രസരമായുള്ള കൂപജലത്തിൽ കുമിളകൾ പൊങ്ങിത്തുടങ്ങി. "അഴകൻപിള്ള ചാടൂ" എന്നുണ്ടായ ത്രിവിക്രമന്റെ ആജ്ഞ അനുസരിച്ച് ആ ദീർഘപാദൻ മുങ്ങി, അല്പം കഴിഞ്ഞ് ഒരു ബൃഹൽകായത്തെയും കൊണ്ടു പൊങ്ങി.
പാണ്ട എന്നു വിശ്വസിക്കപ്പെട്ടിരുന്ന സത്വത്തെ കണ്ടപ്പോൾ, ഭടജനം ഒരു മഹാസാഹസം പ്രവർത്തിച്ച അപരാധികളെന്നപോലെ നിലകൊണ്ടു. ജടാഭാരവും കൃത്രിമമീശയും ശരീരത്തിലെ കരിപ്പൊടിയും ജലത്തിലെ ആമജ്ജനത്തിൽ നീങ്ങിയിരുന്നു. അവസാനശ്വാസങ്ങളോടെ വയർപെരുകി കരയിലാക്കി ശയിക്കപ്പെട്ട ആ ഭയങ്കരാകാരം, പഞ്ചമവർഗ്ഗ്യനായ പാണ്ടയുടേതല്ല, തന്റെ തുംബീരതയാൽ ആർജ്ജിതമായുള്ള ഒരു ഗൃഹൈശ്വര്യത്തിന്റെ സംസ്ഥാപകനും രാജ്യത്തിലെ സചിവപ്രധാനന്റെ സമീപബന്ധുവും ടിപ്പുസുൽത്താനെപ്പോലും ഗാത്രപരിമിതിയും ബലിഷ്ഠതയുംകൊണ്ട് അത്ഭുതപരവശനാക്കിയ ലോകസംരംഭകനും ആയ പെരിഞ്ചക്കോട്ടു കുഞ്ചമായിറ്റിപ്പിള്ളയുടേതായിരുന്നു. തന്റെ യജമാനനായ മാതുലന്റെ ബുദ്ധിവൈഭവം അഭൗമമെന്നു ചിന്തിച്ച് ത്രിവിക്രമൻ അത്ഭുതപരതന്ത്രനായി. മാങ്കാവിൽവച്ചു മുറിവേറ്റു എങ്കിലും മരണവിളികൾ പുറപ്പെടുവിച്ചത് മരിച്ചുകിടക്കുന്ന ആളിന്റെ കൗശലോപായമായിരുന്നു എന്നു ദിവാൻജി ആ വൃത്താന്തഗ്രഹണം മുതൽ ഊഹിച്ചിരുന്നു. പാണ്ടയും പെരിഞ്ചക്കോടനും ഒന്നുതന്നെ എന്നു തീർച്ചയാക്കിയിരുന്നതായി പല സൂചനകളും അദ്ദേഹത്തിൽനിന്നു വെളിപ്പെട്ടുവരുന്നതിനെയും നമ്മുടെ യുവസേനാനി ആ ഘട്ടത്തിൽ സ്മരിച്ചു. അവസാനശ്വാസത്തിൽ കിടക്കുന്ന പെരിഞ്ചക്കോടനെ കണ്ടപ്പോൾ, ആർത്തനായ അഴകൻപിള്ള ആ ധീരനെ അഭിമാനിച്ചു "ഹയ്യപ്പാ! ഇരിക്കേയും ചാവേയും കെടുംചതിവല്യോ ചെയ്തൂട്ടര്!" എന്നു മാറത്തടിച്ചു ഖേദിച്ചു. താൻ മർമ്മക്ഷതം ഏല്പിച്ചു എങ്കിലും തന്നെ വിട്ടു വെള്ളത്തിൽ പൊങ്ങുമ്പോൾ കരയ്ക്കടുപ്പിച്ചു മറുതട്ടുകൊണ്ടു സുബോധവാനാക്കാമെന്നു വിചാരിചിച്ചു, ഗുരുധ്യാനത്തോടെ പ്രയോഗിച്ച താഡനം ശത്രുവിനെ മരണത്തിൽ പതിപ്പിക്കുന്നതു കണ്ട് ത്രിവിക്രമകുമാരൻ വ്യസനിച്ചു. [ 432 ]
ആ വ്യസനത്തെ ദുസ്സഹതരമാക്കാൻ ഒരു സംഭവംകൂടി ഉണ്ടായി. പുത്രിയെ ശുശ്രൂഷിപ്പാൻ പാൽക്കിണ്ടിയുംകൊണ്ടെത്തിയ ലക്ഷ്മിഅമ്മ തന്റെ ശിരസ്സിന്മേൽ പതിച്ചുപോയ ബ്രഹ്മഗദയുടെ കാഠിന്യത്തെ ഗ്രഹിച്ചു. പാണ്ടയെത്തുടർന്നുള്ള ഭടജനങ്ങളുടെ ഉദ്യമത്തിന്റെ പര്യവസാനം സംഭവിപ്പിച്ചേക്കാവുന്ന അവസ്ഥയെയും അവർ സ്മരിച്ചു. ജീവിതാനന്ദം പുനരനവാപ്തം; ജീവിതാവലംബം സന്ദിഗ്ദ്ധം. പുത്രീശരീരത്തിന്റെ രക്ഷയ്ക്കായി വാതിൽ ബന്ധിച്ചുകൊണ്ട് പാണ്ടയുടെ പരമാർത്ഥം അറിഞ്ഞിരുന്ന ലക്ഷ്മിഅമ്മ, ഓടിയവരെത്തുടർന്നു പാഞ്ഞ് രണ്ടാമത്തെ ചരമരംഗത്തെയും അവസാനകർമ്മത്തിനെന്നപോലെ പ്രാപിച്ചു. അവസ്ഥകൾ കണ്ടപ്പോൾ, ആ സാധ്വി ഭർത്തൃശിരസ്സിനെ മടിയിലാക്കി താലോലിച്ച് അത്യാതുരയായി കരഞ്ഞുതുടങ്ങി. "ഭഗവാനേ! എവിടെക്കിടന്നു! എങ്ങോട്ടിഴുത്തു! ഇതും കാണാൻ സംഗതിവന്നല്ലോ! മഹാദേവീ! ഭഗവതീ!" എന്ന് ഉറക്കെ വിലപിച്ചപ്പോൾ, പെരിഞ്ചക്കോടൻ കണ്ണുകൾ തുറന്നു. സ്വപ്രണയിനിയെ തലോടുവാൻ സദീനം കൈകൾ ഉയർത്തിയപ്പോൾ അവ പാർശ്വത്തിൽ വീണുപോയി. ത്രിവിക്രമനും അഴകൻപിള്ളയും ഭടജനവും വലയംചെയ്തു നിൽക്കയും ആ സാധ്വി സ്വകാന്തശിരസ്സിനെ മാറോടണച്ചു. ആ ബൃഹൽകായത്തിൽ ആവാസംചെയ്തിരുന്ന ദേഹി, പ്രേമനിശ്വാസങ്ങളാൽ വിജിതമായി, എങ്ങോട്ടോ നിർഗ്ഗമനവും ചെയ്തു. ലക്ഷ്മിഅമ്മയുടെ രോദനങ്ങൾ നിലകൊണ്ടു. ഭർത്തൃപാദങ്ങളെ കണ്ണോടണച്ചു നമസ്കരിച്ചിട്ട് ആ സാധ്വി ത്രിവിക്രമനോട് ഇങ്ങനെ പ്രാർത്ഥിച്ചു: "അച്ഛനും മകൾക്കും ഒരേ മുഹൂർത്തംതന്നെ. അങ്ങോട്ടു കൊണ്ടുവന്നു എന്റെ മകനായി സകലതും നടത്തി രക്ഷിക്കുക. എനിക്കു ഭഗവാനൊഴികെ നിങ്ങൾതന്നെയാണ് ആധാരം. പരമാർത്ഥമെല്ലാം പറയാം. അങ്ങോട്ടു കൊണ്ടുവരിക. മറ്റേ ജഡം-" വാവിട്ടു കരഞ്ഞും തലയറഞ്ഞും ആ സ്ത്രീ നടതുടങ്ങി. യുവാവിന്റെ ആംഗ്യത്താൽ നിയുക്തനായ അഴകൻപിള്ള അവരെ പിന്തുടർന്നു. ഭടജനോപചാരത്തോടെ വീരചരമംപ്രാപിച്ച ദശകണ്ഠനായ പെരിഞ്ചക്കോടൻ, തന്റെ പ്രണയസങ്കേതത്തിലെ അവസാനവാസത്തിൽ അമരാൻ ത്രിവിക്രമനാൽ സഹായിതരായ ഏതാനും പദാതിയുടെ കണ്ഠങ്ങളിൽ ആരൂഢനായി.
ദേവകിയുടെ ജഡദർശനവും ലക്ഷ്മിഅമ്മയാൽ വിലപിതങ്ങളായ അവളുടെ പ്രേമകഥയും ത്രിവിക്രമകുമാരനെ വല്ലാതെ തളർത്തി. രണ്ടു ശവശരീരങ്ങളുടെയും സംസ്കരണം കഴിച്ചിട്ട് ആ യുവാവ് അച്ഛനെ സന്ദർശിച്ച് ലക്ഷ്മിഅമ്മയുടെ സംരക്ഷണത്തിനു വേണ്ട വ്യവസ്ഥകൾ ചെയ്യിച്ചു. എന്നാൽ പിതൃഗൃഹം വിടുന്നതിനു മുമ്പിൽ, കേശമീശകൾ വളർന്ന് അത്യന്തം മലിനങ്ങളായ വസ്ത്രങ്ങളും ധരിച്ച് എല്ലും തൊലിയും മാത്രമായുള്ള ഒരു പ്രാകൃതസ്വരൂപം അവിടെ എത്തി, കാരണവപ്പാട്ടിലെ തൊഴുത് താൻ കല്ലറയ്ക്കൽപിള്ളയാണെന്നു ധരിപ്പിച്ചു. പെരിഞ്ചക്കോടൻ മരിച്ചു എന്നു കേട്ടപ്പോൾത്തന്നെ അദ്ദേഹത്തിന്റെ അനുചരസംഘം ഭിന്നമായി. ഓരോരുത്തരും അവരവരുടെ വഴിനോക്കിപ്പിരിഞ്ഞതിനാൽ [ 433 ] ബന്ധനമോചനം കിട്ടിയ ആ ഗൃഹസ്ഥൻ, പാണ്ടസംഘത്തിന്റെ യഥാർത്ഥസ്ഥിതി അറിയാതെ അനന്തരകാലത്തെ അഭയത്തിനായി വേലുത്തമ്പിയെ ശരണംപ്രാപിച്ചതായിരുന്നു. കുളിയും ഊണും കഴിപ്പിച്ചതിന്റെശേഷം, ത്രിവിക്രമൻ പരമാർത്ഥങ്ങൾ ആ ഗൃഹസ്ഥനെ ധരിപ്പിച്ച് ഒരു ദുഃഖപ്രകടനത്തിന്റെ സന്ദർശനകഷ്ടതയെ അനുഭവിച്ചു.
ഭൂമിയുടെ ഒരു ഭാഗം അന്ധകാരനിബിഡമായിരിക്കുമ്പോൾ, മറ്റൊരുഭാഗം സൂര്യപ്രകാശിതമായി സ്ഥിതിചെയ്യുന്നു. പെരിഞ്ചക്കോടനാൽ ആരാധിതരായ അബലകളിൽ, പുത്രിയായ പരിപാവനരത്നം പരമപദത്തിലും വിധവയായ സുമംഗലി ദുഃഖപാരാവാരത്തിലും അസ്തമിച്ചു; എന്നാൽ ഭാഗ്യദിവാകരന്റെ ഉദയവും പ്രകാശവും ചന്ത്രക്കാരനായ ദുഷ്‌പ്രതാപവാന്റെ മണ്ഡലത്തെ അനുഗ്രഹിച്ചു. സാവിത്രിയെ ബാധിച്ച ശീതജ്വരം വിശ്രുതവിദഗ്ദ്ധന്മാരായ വൈദ്യന്മാരുടെ ചികിത്സയ്ക്കു നമനംചയ്തപ്പോൾ, ആ കന്യകയിൽനിന്ന് ചന്ത്രക്കാരന്റെ മഹൽചരമവൃത്താന്തം ധരിപ്പാൻ ഉണ്ണിത്താന് സന്ദർഭമുണ്ടായി. ആചാരാനുസാരമുള്ള അനുഷ്ഠാനങ്ങൾകൊണ്ടു ചരമപ്രാപ്തനു ലബ്ധമാകാവുന്ന മോക്ഷത്തിനുള്ള പദ്ധതികൾ ഉണ്ണിത്താൻ യഥാക്രമം നിർവഹിച്ചു. ചിലമ്പിനഴിയത്തെ ധനസംഗ്രഹങ്ങളിൽ ഒരു സാരമായ ഭാഗം രാജ്യസംരക്ഷണത്തിനായി പല വിധത്തിലും വിനിയോഗിക്കപ്പെട്ടു. ദിവാൻജിയും ഉണ്ണിത്താനും തമ്മിലുള്ള നീരസം നീങ്ങാൻ മഹാരാജാവിന്റെ നിയോഗങ്ങൾ സഫലമായത് അവിടുന്ന് അപാരമായി സന്തോഷിച്ചു. ഉണ്ണിത്താൻ കോശകാര്യാധിപത്യത്തെ കല്പനാനുസാരം വീണ്ടും കൈയേറ്റു. സാവിത്രിയുടെ വിവാഹം കോലാഹലംകൂടാതെ ആഘോഷിക്കപ്പെട്ടു. ഈ സംഭവങ്ങൾ കഴിഞ്ഞ് ഒരു അനദ്ധ്യായവേളയിൽ ഉണ്ണിത്താൻ ചിലമ്പിനഴിയത്തേക്കു പുറപ്പെടാനായി കല്പനാനുവാദത്തിനു മുഖംകാണിച്ച ദിവസം, മഹാരാജാവിന് ഒരു മഹാസുദിനമായിരുന്നു. രാജഗൗരവം തൽക്കാലം സിംഹാസനഭൂഷണമായി നീക്കിവച്ചിട്ട് അവിടുന്ന് ഒരു പ്രബുദ്ധന്റെ നില മാത്രം അവലംബിച്ചു, തുല്യപണ്ഡിതനോട് തിരുവുള്ളത്തിൽ സന്തുഷ്ടിവരുമാറ് വിനോദസംഭാഷണം തുടങ്ങി. ഉണ്ണിത്താൻ ബഹുഗീതകളെയും യോഗവാസിഷ്ഠങ്ങളെയും ഉദ്ധരിച്ചു വിജയസമരം ചെയ്തുകൊണ്ട് ചിലമ്പിനേത്തേക്കു രണ്ടുകൈയിലും വീരശൃംഖലയോടും സവിത്രിക്ക് ഒരു ഭാണ്ഡം രാജസമ്മാനങ്ങളോടും മടങ്ങി. തനിക്കു രാജസമ്മാനമൊന്നുമില്ലാത്തതിനെപ്പറ്റി മീനാക്ഷിഅമ്മ പരുഷംപറഞ്ഞു.
ഉണ്ണിത്താൻ: "അതേതെ, ദിവാൻജിയജമാനന്റെ കർമ്മം അവിടുന്നാണു നല്ലപോലെ അറിഞ്ഞത്, അതുകൊണ്ട് കേശവനുണ്ണിത്താന്റെ കളത്രത്തെ മനസാ വാചാ കർമ്മണാ ആരെങ്കിലും സമ്മാനിക്കാനോ പൂജിക്കാനോ ഒരുങ്ങുകയില്ല."
മീനാക്ഷിഅമ്മ: "എനിക്ക് ആഗ്രഹമുള്ളത് (ഭർത്താവിന്റെ വദനബിംബത്തിന്റെ നേർക്കു സ്വനേത്രഝഷങ്ങളെ കളിയാടിച്ചുകൊണ്ടു) [ 434 ] കല്പിച്ചുതന്നു കഴിഞ്ഞു. ഞാൻ ചാകാത്തത് അവിടുത്തെ അനുഗ്രഹവും ഇവിടുത്തെ മനോഗുണവുംകൊണ്ടാണെന്നു ഞാൻ വിചാരിക്കുന്നു. 'ആരെയും വ്യസനിപ്പിക്കരുതെ'ന്ന് ഇങ്ങോട്ടുതന്നെ കല്പിച്ചത് എനിക്ക് ഒരു രാജ്യം തന്നതുപോലുള്ള വിലമതിപ്പാണ്. തിരുവുള്ളംകൊണ്ട് അങ്ങനെ അരുളിച്ചെയ്‌വാൻ തോന്നിയതു ധർമ്മനിഷ്ഠകൾ അറിവാനുള്ള ദിവ്യനേത്രം അവിടത്തേക്കുള്ളതുകൊണ്ടാണ്."
ഉണ്ണിത്താൻ: "മതിമതി. അച്ഛനാകട്ടെ, സാംബശാസ്ത്രിസ്വാമികളാട്ടെ, എന്നെ ഇങ്ങനെ തല്ലീട്ടില്ല. എനിക്കു ദിവ്യചക്ഷുസ്സില്ലെന്നല്ല, ഞാൻ അന്ധനുമായിപ്പോയി. (വാത്സല്യത്തോടെ) എന്റെ മീനാക്ഷി അതെല്ലാം മറക്കണമെന്ന് എത്ര തട അപേക്ഷിച്ചു! അധികവും കുഴിയിൽ ചാടിച്ചതെല്ലാം ആ ദ്രോഹി കൊടന്തയല്ലേ? അവൻ എല്ലും തൊലിയും തകർന്നു, കീറമുണ്ടും ഉടുത്ത് കോഴിയെ അടിച്ചു നടക്കുന്നു. കലികാലത്തു ചെയ്യുന്നതുടനെ അനുഭവിക്കും. ഏതെങ്കിലും എന്റെ മീനാക്ഷി ഇനിയും എന്നെ ഇളിഭ്യനാക്കരുത്. ദിവാൻജിയജമാനനെ കണ്ടു പഠിക്കൂ. അദ്ദേഹം അങ്ങനെ ഒരു കാലമോ സംഭവമോ ഉണ്ടായി എന്ന് ഒരു വാക്കാലാകട്ടെ, നോക്കാലാകട്ടെ സൂചിപ്പിക്കുന്നില്ല. മഹാശയൻ എന്നു പറയണമെങ്കിൽ അദ്ദേഹത്തെ വേണം. മഹതി എന്നുള്ള സ്ഥാനം വേണമെങ്കിൽ-"
മീനാക്ഷിഅമ്മ: "ഓ, ഇതെന്തബദ്ധം1 എനിക്കു ശാസ്ത്രജ്ഞന്മാരുടെ വ്യാപ്തിഗ്രഹണവും മറ്റുമില്ല. ഞാൻ തിരുമനസ്സിലെ മഹത്ത്വത്തെ സ്തുതിച്ചതേയുള്ളു. ഇങ്ങോട്ടു കൊള്ളണമെന്നേ ഞാൻ വിചാരിച്ചില്ല."
ഈ സംവാദകയുഗ്മത്തെ, ആ മഹാഭവനത്തിലെ മറ്റൊരു കെട്ടിൽ അഭിനീതമായിക്കൊണ്ടിരുന്ന ഒരു പ്രണയരംഗത്തിലെ അഥവാ സമരരംഗത്തിലെ കോലാഹലം അങ്ങോട്ടേക്ക് ആകർഷിച്ചു.
പരിപന്ഥികൾ ത്രിവിക്രമകുമാരനും സാവിത്രിയും ആയ നവദമ്പതിമാർതന്നെ ആയിരുന്നു.
സാവിത്രി: "ഈ മൂപ്പുകൾ പറയുന്നതാണെനിക്കു സഹിച്ചുകൂടാത്തത്. അദ്ദേഹത്തെ ദഹിപ്പിച്ചു. ഭാര്യയുടെ പൊറുതിക്കു വേണ്ട ഏർപ്പാടുചെയ്തു. അതെല്ലാം ശരി. മറ്റേ ആ പരമസാധുവിനെ എന്തിനു ചാകാൻവിട്ടു?"
ത്രിവിക്രമൻ: "എന്റെ സാവിത്രിപ്പിള്ളേ, താൻ കാര്യക്കാരമ്മാവെനെപ്പോലെ വലിയ ത്യാഗം അഭ്യസിച്ചുകളയരുത്. ഭംഗി പറഞ്ഞാലും അതു വിശ്വസിക്കത്തക്കതായിരിക്കണം."
സാവിത്രി: "ഭംഗിയും മറ്റുമല്ല. സത്യമായി ഞാൻ അറിഞ്ഞിരുന്നു എങ്കിൽ ആ പാവത്തിനെ അങ്ങനെ വിടൂല്ലായിരുന്നു; എങ്ങനെയും രക്ഷിച്ചുകൊള്ളുമായിരുന്നു. അതു ചെയ്തില്ലെങ്കിൽ നമ്മുടെ മനുഷ്യത്വം എന്തിന്?"
ത്രിവിക്രമൻ: "എന്നാൽ എന്റെ കുഞ്ഞമ്മ പോയി ടിപ്പുവിന്റെ അരമനയിലെ ബീഗം സാഹിബ്ബാ ആയിക്കളഞ്ഞാൽ - ധർമ്മം ആ വഴിയെയും പോണമല്ലോ." [ 435 ] സാവിത്രി: "സ്ഥിതി മറന്ന് എന്റടുത്തു കളിച്ചാലുണ്ടല്ലോ, ചേട്ടാ."
സാവിത്രിയുടെ സംബോധനപദം കേട്ട് ത്രിവിക്രമൻ പൊട്ടിച്ചിരിച്ചു. തന്റെ അബദ്ധത്തിൽ ലജ്ജിതയായ യുവതി തോൽക്കാൻ മനസ്സില്ലാതെ ശൈശവവിഹാരരീതിയിൽ ചില ദ്വ്വന്ദ്വയുദ്ധമർദ്ദനങ്ങൾ പ്രയോഗിച്ചു. ത്രിവിക്രമൻ കുതിച്ചുചാടി, "ഇനി കുത്തുന്നത് നടുനെഞ്ചിലാക്കണേ" എന്ന് സാവിത്രിക്കു കഠാരയുടെ ലാക്കു തെറ്റിയതിനെ പരിഹസിച്ചു.
സാവിത്രി: "അപ്പോൾ, എന്റെ കൈക്കുപോലും മര്യാദ അറിയാം. കണ്ടോ കാട്ടുമനുഷ്യനെപ്പോലെ കൊടുക്കാതെ കൊന്നത്?"
ത്രിവിക്രമൻ: "അല്ലേ, കുത്തിക്കൊല്ലാൻ മടിക്കാത്തവരെ ആരും പേടിക്കൂല്ലേ?"
സാവിത്രി: "കുത്തിനും കൊലയ്ക്കും വലിയ പേടിതന്നെ! ചാടിക്കയറി ആ പാളയത്തിൽ വന്നപ്പോൾ അവർ അമുക്കിക്കൊണ്ടെങ്കിൽ എന്തു ചെയ്യുമായിരുന്നു?"
ത്രിവിക്രമൻ: "ഹെയ്! ഇതാരു പറഞ്ഞു. പാളയത്തിൽ വന്നു എന്ന്? വന്നെങ്കിൽ അതു പടക്കൗശലങ്ങളിൽ ഒന്ന്."
സാവിത്രി: "പൊണ്ണത്തനങ്ങൾ നടിക്കരുത്. അവർ തരത്തിനു പിടിച്ചുകൊണ്ടെങ്കിൽ ഒരു കപ്പിത്താൻ സാഹേബ് മങ്ങച്ചാരാടുന്നതു കാണാമായിരുന്നു."
ത്രിവിക്രമൻ: "അല്ലല്ല, ചന്ത്രക്കാരനമ്മാവനെ രക്ഷിച്ച സാവിത്രിയുടെ സരസ്വതീദേവി ഹിന്ദുസ്ഥാനിയിൽ വിളങ്ങുന്നതു കേൾക്കാമായിരുന്നു."
ഗൃഹനായകനായ വസിഷ്ഠന്റെ ഗൗരവഹിതത്തിനു വിരുദ്ധമായുള്ളവിധത്തിൽ ഈ മത്സരം മുറുകിയപ്പോൾ, ആ തളത്തിന്റെ കിഴക്കുള്ള വാതുക്കൽ രണ്ട് ആദരണീയവിഗ്രഹങ്ങൾ പ്രത്യക്ഷരായി. അങ്ങനെ സംഘടിച്ച ദമ്പതീയുഗ്മങ്ങളുടെ മുഖചതുഷ്കത്തിലും പ്രകാശിച്ച ആനന്ദസ്തോഭങ്ങൾ, ചന്ത്രക്കാരന്റെ ജീവിതത്താൽ ആ മഹാഭവനത്തിനു സമ്പാദിതമായ ദുരിതതിമിരത്തെ അപാകരിച്ച് ആ മണ്ഡലപ്രാഭവത്തെ വിദ്യോതമാനമാക്കി.
അല്പകാലം മുമ്പുതന്നെ അപൗരുഷനും നിസ്തേജനും ആക്കിത്തീർത്തിരുന്ന മനോവ്യാധിയും വിഭ്രാന്തിയും നീക്കാനായിട്ടു മാത്രം ടിപ്പുവിന്റെ അക്രമണം ഉണ്ടായി എന്നു സ്വയം വാദിച്ച് അവിതർക്കിതാനുമാനമായി തീർച്ചപ്പെടുത്തിയിരുന്ന ഉണ്ണിത്താൻ, ഭാര്യാസഹിതം താൻ വിദ്വേഷിച്ചിരുന്ന പുത്രിയെയും ഗൃഹപ്രവേശനിരോധനത്താൽപ്പോലും നിസ്സൗജന്യമായി അവമാനിച്ച ജാമാതാവിനെയും പ്രമോദസമുൽക്കർഷത്തോടെ കണ്ടപ്പോൾ, ഒരു ചാരിതാർത്ഥ്യഹിമം അദ്ദേഹത്തിന്റെ ഹൃദയത്തിനു ശീതളാനുഭൂതിയെ പ്രദാനംചെയ്തു. ഗൗരവത്തോടെ യുവദമ്പതിമാർ നില്ക്കുന്ന തളത്തിലോട്ടു പ്രവേശിച്ചു. അവരോട് പിതൃമാതുലഗുരുസ്ഥാനങ്ങൾ സംയോജിച്ച ഒരു അഭിവന്ദ്യമഹോപദേഷ്ടാവായി, ഇങ്ങനെ ഒരു അനുഷ്ഠാനപദ്ധതിയുടെ ഉപദേശം ആ സന്ദർഭത്തിൽ [ 436 ] ആവശ്യമെന്നു തോന്നി, അദ്ദേഹം ഉച്ചരിച്ചുപോയി: "ത്രിവിക്രമാ, കേട്ടോ സാവിത്രീ, തെറ്റിദ്ധരിക്കരുത്. ഞാൻ ജന്മനാതന്നെ നിരുന്മേഷപ്രകൃതമാണ്. എങ്കിലും ഒന്നു അനുഭവംകൊണ്ടറിഞ്ഞിട്ടുണ്ട്. അതീവസന്തോഷത്തെ സാമാന്യേന ഒരു അല്പസന്താപമെങ്കിലും പിന്തുടരുന്നു. അതു ഭഗവൽഗതി. എങ്കിലും നാം സൂക്ഷിക്കേണ്ടതൊന്നുണ്ട്. ശൈശവത്തിൽ വിഹാരം, കൗമാരത്തിലും യൗവനത്തിലും അഭ്യാസം, ബുദ്ധിസംസ്കരണം; അതു കടന്ന് അല്ലെങ്കിൽ, ഇങ്ങനത്തെ കെട്ടിൽ അകപ്പെട്ടു തീർന്നാൽ ഒരു നില - മനസ്സിലായോ? - ഘനം, ഗൗരവം, കാര്യസ്ഥത - അതു വിടരുത്. ഇതെല്ലാം ഊർജ്ജ്വസ്വലതയോടെ പരിപാലിക്കണം. നിങ്ങളുടെ വമ്പിച്ച കുലം, സമ്പത്ത്, പ്രതാപം ഇവയെ ലോകം എന്നും കണക്കാക്കൂല്ല. വില പൗരുഷം ഒന്നിനാണ്. അതിന്റെ ദൃഢത എന്ത് അമൂല്യസമ്പത്തെന്നോ! ശുദ്ധചര്യ എന്നും മറ്റുമുണ്ടല്ലോ, അതെല്ലാം പൗരുഷബോധത്തെ സ്വയം പിന്തുടരും. ഇതെല്ലാം കണ്ടു പഠിപ്പാൻ ഗുരുനാഥൻ പൊന്നുതിരുമേനിതന്നെ. അവിടത്തെ തിരുവടികളെ തുടർന്നാൽ എല്ലാത്തിലും എവിടെയും എന്നും ക്ഷേമം - വിജയം."