വൃത്താന്തപത്രപ്രവർത്തനം
രചന:സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
പത്രപ്രസാധനം
[ 133 ]
അദ്ധ്യായം 11
പത്രപ്രസാധനം

പത്രപ്രസാധനത്തിങ്കൽ മുഖ്യചുമതലക്കാരായ ഉദ്യോഗസ്ഥൻമാർ ചീഫ്റിപ്പോർട്ടർ അല്ലെങ്കിൽ നിവേദകാധ്യക്ഷൻ, സബ് എഡിറ്റർ അല്ലെങ്കിൽ ഉപപത്രാധിപർ, ചീഫ് എഡിറ്റർ അല്ലെങ്കിൽ പ്രധാന പ്രസാധകൻ എന്നിവരാണ്. വളരെ ധനശക്തിയോടുകൂടി നടത്തുന്ന പ്രതിദിനപത്രങ്ങൾക്ക് ഈ വിവിധ പ്രവൃത്തികൾ നിർവഹിപ്പാൻ വേറെ വേറെ ആളുകൾ ഉണ്ടായിരിക്കും. എന്നാൽ സാമാന്യനിലയിൽ നടക്കുന്ന പ്രതിവാരപത്രങ്ങൾക്കു ഇവയിൽ രണ്ടോ അതിലേറെയോ പണികൾ ഒരാൾതന്നെ വഹിച്ചുകൊള്ളുന്നു. ഒരു പ്രതിവാരപത്രത്തിന്നു നിവേദകാധ്യക്ഷനായും ഉപപത്രാധിപരായും ഇരിപ്പാൻ ഒറ്റ ഒരാൾക്കു സാധിക്കും. ചിലപ്പോൾ ഇയാൾതന്നെ പ്രധാനപ്രസാധകനായും പണിയെടുത്തുകൊള്ളും. പ്രതിദിനപത്രങ്ങളിൽ പ്രവൃത്തി പലതുള്ളതിനാൽ, ഓരോന്നിനും വെവ്വേറെ ആളെ നിശ്ചയിക്കുന്നത് പണിനടപ്പാൻ സൗകര്യമായിരിക്കുന്നതാകകൊണ്ട്, മേല്പറഞ്ഞ പല ഉദ്യോഗസ്ഥൻമാരും ഉണ്ടായിരിക്കാൻ ആവശ്യമുണ്ട്.

ഇവരിൽ, നിവേദകാധ്യക്ഷന്റെ പ്രവൃത്തി, തന്റെ കീഴിലുള്ള റിപ്പോർട്ടർമാർക്കു അന്നന്നത്തെ പണികൾ നിശ്ചയിക്കയും, അവരുടെ വൃത്താന്താഖ്യാനങ്ങളെ പരിശേധിക്കയും, താൻ കൂടെ ചില സംഗതികൾക്ക് സന്നിഹിതനായിരുന്ന് അവയെപ്പറ്റി റിപ്പോർട്ടുകൾ എഴുതുകയും ആണ്. കീഴിലുള്ളവരെ ഓരോ പണികൾക്ക് നിയോഗിക്കുമ്പോൾ, ഔചിത്യം നോക്കിവേണം അവരെ നിശ്ചയിപ്പാൻ. സംഗീതത്തിൽ അഭിരുചിയുള്ളവനെ കോടതിയിൽ വ്യവഹാരം കേൾക്കുന്നതിനും; നിയമകാര്യങ്ങളിൽ താല്പര്യമുള്ളവനെ നാടകസംഗീതാദി വിനോദങ്ങൾക്കും; പന്തുകളിക്കാരനെ സഭായോഗത്തിനും നിയോഗിച്ചാൽ, അവരുടെ റിപ്പോർട്ടുകൾ വെള്ളത്തിൽനിന്ന് കരയ്ക്കുപിടിച്ചിട്ട മൽസ്യത്തിന്റെ നീന്തൽപോലെ ആയിപ്പോയേക്കും. അവരെ അവരുടെ അഭിരുചി അനുസരിച്ച് നിശ്ചയിക്കേണ്ടതിന്നുംപുറമെ, അവരുടെ ക്ലേശങ്ങളെ അധ്യക്ഷൻ [ 134 ] അറികയും വേണം. ഉല്ലസിപ്പാനുള്ള സന്ദർഭങ്ങളെല്ലാം തനിക്കും, ഖേദങ്ങളൊക്കെ കീഴ്‍ത്തരക്കാർക്കുമായി വീതിക്കുന്ന നിവേദകാദ്ധ്യക്ഷന്റെ സ്വാർത്ഥപ്രതിപത്തി പത്രനടപ്പിന്ന് ചിലപ്പോൾ അസ്വരസകാരണമായിത്തീർന്നേക്കും. കീഴ്‍ത്തരക്കാരെ കരുണവെച്ചു കൊണ്ടുനടത്തുന്നതായാൽ, അവർ ഏതു കാര്യത്തിലും മേലുദ്യോഗസ്ഥനെ സഹായിക്കാൻ ഒരുക്കമായിരിക്കും.

ഉപപത്രാധിപരുടെ പ്രവൃത്തി എത്ര കഷ്ടപ്പാടുള്ളതാണെന്ന് പുറമേയുള്ളവർ അറിയാറില്ല. ഇങ്ങനെയൊരു പണിക്കാരൻ പത്രകാര്യാലയത്തിൽ ഉണ്ടെന്നുകൂടി പത്രവായനക്കാർ അറിഞ്ഞിരിക്കയില്ല. വൃത്താന്തനിവേദകന്മാർ അവിടെയുമെവിടെയും ഓടിയെത്തി വർത്തമാനങ്ങൾ ശേഖരിക്കുന്നു, അവയെയൊക്കെ, പ്രസാധകൻ അല്ലെങ്കിൽ പത്രാധിപർ എന്നൊരു സ്വരൂപം അച്ചടിപ്പിച്ചു പുറപ്പെടുവിക്കുന്നു, എന്നായിരിക്കും ചിലർ വിചാരിക്കുന്നത്. എന്നാൽ, പ്രധാന പ്രസാധകന് അത്രയേറെ പണിയൊന്നുമില്ല; പത്രത്തിന്റെ നിലതെറ്റാതെ കൊണ്ടുനടത്തുക, മുഖപ്രസംഗങ്ങൾക്കു വിഷയങ്ങൾ നിശ്ചയിക്ക അവയിൽ ഇന്നസംഗതികൾ അടങ്ങിയിരിക്കണമെന്ന് ഉപദേശിക്ക, ആവശ്യംവന്നാൽ താൻതന്നെ മുഖപ്രസംഗം എഴുതുക, പത്രത്തിന്റെ വകയായി പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങൾക്കൊക്കെ ഉത്തരവാദിയായി നിൽക്കുക--ഇങ്ങനെ ചില പണികളെ പ്രധാന പത്രാധിപർക്കുള്ളു. ഈ ഉദ്യോഗസ്ഥനെഴുതുന്ന ഉപന്യാസങ്ങളും പ്രത്യേകവ്യവസ്ഥകളിൽ പ്രമാണികൾ എഴുതി അയയ്ക്കാറുള്ള വിശിഷ്ടോപന്യാസങ്ങളും കഴിച്ചാൽ, പത്രത്തിലുള്ള മറ്റു സകല ലേഖനങ്ങളും ഉപപത്രാധിപരുടെ കൈയിൽ കൂടെ കടന്നുവേണം പോവാൻ. വർത്തമാനങ്ങൾ സന്ദേശങ്ങൾ മുതലായവയെല്ലാം പരിശോധിച്ചുവിടുന്നതും, പത്രത്തിന്റെ ഉള്ളടക്കങ്ങൾ എത്രത്തോളമായി എന്ന് അന്വേഷിച്ചുകൊള്ളുന്നതും, മറ്റു പലേ കാര്യങ്ങളും ഉപപത്രാധിപരുടെ ചുമതലയിലാണ്. ഈ ഉദ്യോഗസ്ഥന്റെ ക്ലേശങ്ങൾ ഒന്നു രണ്ടല്ല, താലൂക്കു തോറുമുള്ള ലേഖകന്മാരുടെ വർത്തമാനക്കത്തുകൾ, കമ്പിവാർത്തകൾ, നഗരവാർത്തകൾ, വ്യവഹാര വാർത്തകൾ മുതലായ നാനാപ്രകാരേണയുള്ള ലേഖനങ്ങളൊക്കെ വന്ന് കുന്നുപോലെ കൂടിയിരിക്കും. [ 135 ] ഇവയെല്ലാം അതേവിധത്തിൽ അച്ചടിപ്പിക്ക എന്നു വച്ചാൽ, ഒരു തവണയ്ക്കും കഴിഞ്ഞ് ധാരാളം അവശേഷിക്കും. വിഷയഗൗരവവും സന്ദർഭ രസികതയും വഹുജന താൽപര്യവും നോക്കുമ്പോൾ, ഇതുകൾ തള്ളിക്കളവാനോ നീക്കിവെപ്പാനോ പാടില്ലെന്നും ഇരിക്കും. ആ നിലയിൽ ഇതുകളെ സംക്ഷേപിച്ചു കൊടുക്കണം. മൂന്നു പംക്തി നിറയെ വരുന്ന ലേഖനം വെട്ടിക്കുറച്ച് ഒരു പംക്തിയാക്കുക; ഒരു പംക്തി വരുന്നത് ഒരു സ്റ്റിക്കാക്കുക; പലമതിരി കൈയക്ഷരങ്ങളും മനസ്സിലാക്കിത്തിരുത്തുക; ഇടയ്ക്ക് തടഞ്ഞുകളഞ്ഞ ഘട്ടങ്ങൾക്കു പകരം ഔചിത്യം പോലെ ഒന്നുരണ്ടു വരി എഴുതിച്ചേർക്കുക-ഇപ്രകാരം പല പണികളും നടത്തിയാൽ മാത്രം പോരാ; ഈ ലേഖനങ്ങൾകൊണ്ട് പത്രത്തിന്റെ എത്ര ഭാഗം കഴിഞ്ഞു എന്ന് അപ്പോഴപ്പോൾ അന്വേഷിക്കണം. ചില സമയങ്ങളിൽ അച്ചു നിരത്തിയത് അളന്നുനോക്കുമ്പോൾ രണ്ടുമൂന്നു പംക്തി അധികമായിരിക്കും. ഏതു ലേഖനമാണ് നിറുത്തേണ്ടത്, ഏത് ഇനിയും വെട്ടിക്കുറയ്ക്കാവുന്നത്, എന്നൊക്കെ ക്ലേശപ്പെടേണ്ടിവരും. ഇതിനിടയിൽ, വളരെ പ്രക്ഷോഭജനകമായ ഒരു സംഭവത്തെപ്പറ്റി വർത്തമാനം കിട്ടുന്നു എന്നു വിചാരിക്കാം. അതിന്ന് കുറെയെങ്കിലും സ്ഥലം ഉണ്ടാക്കണം; അതു പ്രസ്താവിക്കാതെയിരുന്നു കൂടല്ലോ. ഈ ദുർഗ്ഘട ഘട്ടങ്ങളിൽ ഔചിത്യം പോലെ ഉപായം തോന്നണം. പിന്നെ താൻ സമ്മതിച്ചു വിടുന്ന ലേഖനങ്ങളിൽ അപകീർത്തികരമായി യാതൊന്നും ഉണ്ടായിരിക്കരുതെന്ന് ശ്രദ്ധവെയ്ക്കണം. അപകീർത്തികരമായ സംഗതികൾ ലേഖനത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ലെങ്കിൽ കൂടി, ചിലപ്പോൾ തലവാചകം അപകീർത്തികരമായിരുന്നേക്കാം. ഇതിലൊക്കെ ഉപപത്രാധിപരുടെ നോട്ടം എത്തണം. പിന്നെ, അന്യ പത്രങ്ങൾ, മാസികകൾ, മുതലായവ വായിച്ച്, തന്റെ വായനക്കാർക്കു രുചിക്കുന്നതായ ഖണ്ഡങ്ങൾ അവയിൽ നിന്ന് എടുക്കുന്ന പണിയും ഉപപത്രാധിപർക്കു നടത്താനുണ്ടാകും. പ്രധാന പത്രാധിപരുടെ ചുമതലയിൽപ്പെട്ടതായ മുഖപ്രസംഗം കഴിഞ്ഞാൽ, പിന്നെ, പത്രാധിപക്കുറിപ്പായും ഉപപ്രസംഗമായും ലേഖനങ്ങൾ എഴുതുന്നതും, ഉപപത്രാധിപരുടെ പ്രവൃത്തിയിൽ ഉൾപ്പെട്ടിരിക്കും. വലിയ നിലയിൽ നടത്തുന്ന പ്രതിദിനപത്രങ്ങൾക്ക്, ഓരോ വിഷയത്തിന് ചുമതലക്കാരായി [ 136 ] ഓരോ ഉപപത്രാധിപന്മാർ ഉണ്ടായിരിക്കുമാറുണ്ട്. വർത്തമാന കത്തുകൾക്ക് ഒരാൾ; കമ്പി വാർത്തകൾക്ക് ഒരാൾ; നിയമകാര്യങ്ങൾക്ക് ഒരാൾ; ഇങ്ങനെ പല പല വകുപ്പുകളും പ്രത്യേകം ഓരോ ആളുടെ അധീനതയിലായിരിക്കും.

ഇവർക്കെല്ലാവർക്കും മേലാവാണ് പ്രധാന പ്രസാധകൻ. ഒരുപത്രത്തിന്റെ പ്രധാന പ്രസാധകനാവാൻ മുഖ്യമയി വേണ്ടത് പഴമ പരിചയമാണ്. കുട്ടിത്തരം റിപ്പോർട്ടർക്കു കൂടിയും പ്രസധകന്റെ ഗുണങ്ങൾ കുറേശ്ശ ഉണ്ടായിരിക്കേണ്ടത് ആവശ്യമാകയാൽ, ഈ താണതരം പ്രവൃത്തിയിലിരുന്ന് മേൽപ്പടി ഗുണങ്ങൾ അഭിവൃദ്ധിപ്പെടുത്തി ക്രമേണ പത്രാധിപസ്ഥാനത്തെത്തുവാൻ സാധിക്കുന്നതാണ്. ചില പത്രങ്ങൾക്ക് പ്രധാന പത്രാധിപർ തന്നെയാണ് ഉപപത്രാധിപരുടേയും നിവേദകാധ്യക്ഷന്റെയും പണികൾകൂടെ നടത്തിക്കൊള്ളുന്നത്. ചെറുപ്പക്കാരനായ ഒരു പത്രക്കാരന് പത്രാധിപസ്ഥാനം കിട്ടുവാൻ സംഗതി വരുമ്പോൾ, അവൻ ആവശ്യം അറിഞ്ഞിരിക്കേണ്ട ചില മുഖ്യകാര്യങ്ങൾ ഉണ്ട്. ഒന്നാമതായി, വർത്തമാനങ്ങൾ അച്ചുനിരത്തിക്കുന്നതിലും, അവയ്ക്ക് ഉചിതസ്ഥാനം നിശ്ചയിക്കുന്നതിലും ഒരു വ്യവസ്ഥ ശീലിക്കണം. ഇന്നയിന്നതരം അച്ചിൽ വേണം ഇന്നയിന്ന വകകൾ ചേർക്കുവാൻ എന്ന് ഒരു നിശ്ചയം ചെയ്താൽ, ആ വ്യവസ്ഥ കൈവിടാതെയിരിക്കണം. വർത്തമാനക്കത്തുകൾ ഇന്നഭാഗത്ത്, മുഖപ്രസംഗം ഇന്ന പംക്തിയിൽ, പത്രാധിപക്കുറിപ്പുകൾ ഇന്ന പംക്തിയിൽ, നഗരവാർത്തകൾ ഇന്ന ഭാഗത്ത്, 'ലേഖനങ്ങൾ' ഇന്ന പംക്തിയിൽ, അന്യപത്രപ്രസ്താവങ്ങൾ ഇന്നെടത്ത്, പരസ്യങ്ങൾ ഇന്നെടത്ത്, എന്ന് ഒരിക്കൽ നിശ്ചയം ചെയ്തുകൊണ്ടാൽ, പിന്നെ അച്ചുനിരത്തുകരുടെ നിരന്തരമായ ചോദ്യങ്ങൾ ഉണ്ടാവാതെ കഴിക്കാം. രണ്ടാമത്, പത്രാധിപർക്ക് അച്ചടിപ്പണിയിൽ പരിശീലനം ഉണ്ടായിട്ടില്ലെങ്കിൽ, തന്റെ അച്ചുകൂടത്തിലെ അച്ചുനിരത്തുകാർ എത്ര പംക്തികൾ നിരത്തുമെന്ന നിശ്ചയം ഉണ്ടായിരിക്കണം; അവർ എത്രമാത്രം നിരത്തീട്ടുണ്ടെന്നും ഇനി എത്രപംക്തിക്കു 'പകർപ്പു' വേണമെന്നും, നിരത്തിയതു ആവശ്യത്തിൽ കവിഞ്ഞിട്ടുണ്ടെങ്കിൽ എത്രയുണ്ടെന്നും അപ്പൊഴപ്പോൾ അന്വേഷിക്കണം. ഈ രണ്ടു മുൻകരുതലുകളും ഇല്ലായിരുന്നാൽ, പത്രം പ്രസിദ്ധപ്പെടുത്തേണ്ടുന്ന [ 137 ] സമയത്തു നൈരാശ്യപ്പെടാനോ, മനം കുഴങ്ങാനോ ഇടയാവുന്നതാണ്. പത്രാധിപർ ശ്രദ്ധവെച്ചുകൊണ്ടിരിക്കേണ്ടതായ മറ്റൊരു കാര്യം, പത്രത്തിൽ അച്ചടിച്ചിരിക്കുന്ന യാതൊരു ലേഖനവും ആർക്കും അപകീർത്തികരമോ ശല്യകാരണമോ ആയിരിക്കരുതെന്നുള്ളതാണ്. വർത്തമാനക്കത്തുകളിൽ മാത്രമല്ല, 'ലേഖനങ്ങൾ' എന്ന വകകളിലും ഇത്തരം ദൂഷ്യങ്ങൾ ഉണ്ടാവാറുണ്ട്. "ലേഖകന്മാരുടെ അഭിപ്രായങ്ങൾക്കും വീഴ്ചകൾക്കും പത്രാധിപർ ഉത്തരവാദിയാകുന്നതല്ല"-എന്നു ലേഖനങ്ങളുടെ മുകളിൽ പത്രാധിപർ പ്രസ്താവിക്കാറുള്ളതിനു വിശേഷമായ വില ഒന്നുമില്ല. ഇതിന്റെ അർത്ഥം, പത്രാധിപർ ആ അഭിപ്രായങ്ങളേയും വീഴ്ചകളേയും ശരിവെച്ചിരിക്കുന്നു എന്നു വായനക്കാരും വിചാരിക്കരുതേ, എന്നു മാത്രമാണ്; അല്ലാതെ, അത്തരം ലേഖനങ്ങളിൽ അപകീർത്തികരമായി വല്ലതും ഉണ്ടായിരുന്നാൽ അതിന്നു പത്രാധിപർ ഉത്തരവാദിയല്ല, എന്നല്ലാ. അപകീർത്തികരമയ ഏതൊരു സംഗതിയും, മുഖപ്രസംഗത്തിലാകട്ടെ, പരസ്യത്തിലാകട്ടെ, ഉണ്ടായിരുന്നാൽ, അതു പ്രസിദ്ധപ്പെടുത്തുന്നവരൊക്കെ അതിന് ഉത്തരവാദികളാണ്. അവയുടെ-ആ പ്രസംഗങ്ങളുടെയോ, വർത്തമാനക്കത്തുകളുടെയോ, ലേഖനങ്ങളുടേയൊ പരസ്യത്തിന്റെയോ-കർത്താക്കന്മാർക്കോ നിയമം ബാധകമായിരിക്കൂ എന്നും, പത്രനാഥന്മാർക്ക് ബാധകമല്ലാ, എന്നും വിചാരിച്ചുപോകരുത്. 'ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതിൽവെച്ച് അപകീർത്തിക്കേസ്സ് വന്നാൽ, ഞാൻ ഉത്തരം പറഞ്ഞുകൊള്ളാം, നിങ്ങളെ ബാധിക്കയില്ല'-എന്ന് ലേഖകന്മാർ കത്തെഴുതി ഉറപ്പുകൊടുക്കുന്നത്, അവരുടെ അജ്ഞത്വത്താൽ ആണെന്നേ കരുതേണ്ടു. ആകയാൽ മേല്പറഞ്ഞ പത്രാധിപപ്രസ്താവംകൊണ്ട് പത്രാധിപർ യാതൊരു പക്ഷത്തിലും ചാഞ്ഞുനില്ക്കുന്നില്ലെന്നറിയിക്കാമെന്നല്ലാതെ, നിയമബാധയിൽനിന്ന് ഒഴിയുന്നില്ലെന്ന് എപ്പൊഴും ഓർത്തിരിക്കേണ്ടതാകുന്നു. പഴമപരിചയമില്ലാത്ത പത്രക്കാരൻ തന്റെ പത്രത്തിലേക്കുള്ള പണിക്കാരുടെ പ്രവൃത്തികളെയെല്ലാം ഇടവിടാതെ പര്യവേക്ഷണം ചെയ്തുകൊണ്ടിരിക്കണം. അച്ചുനിരത്തുകാരുടെ വീഴ്ചയാൽ പലേ തെറ്റുകൾ പ്രൂഫിൽ ഉണ്ടായേക്കാം; അതു തിരുത്തുന്ന ആളുടെ പ്രമാദത്താൽ ചില [ 138 ] പേരുകൾക്കുകൂടി മാറ്റം വന്നുപോയേക്കാം, ഇതുകൾ നോക്കി പിഴ പോക്കണം. ലേഖനങ്ങളിൽ സാഹിത്യസംബന്ധമായ ഭംഗിയോ ശുദ്ധിയോ പോരാതെയിരുന്നാൽ, അതും ശരിപ്പെടുത്താൻ കഴിയും. ഇങ്ങനെ നിരന്തരം മേൽനോട്ടം വെച്ചുകൊണ്ടിരുന്നാൽ, പത്രം തീരെ നിർദ്ദോഷമാക്കാൻ സാധിക്കുന്നതാണ്.

പ്രതിദിനപത്രങ്ങളിൽ പത്രാധിപർക്കു എല്ലാറ്റിന്റെയും മേൽനോട്ടമാണു മുഖ്യമായ പണി എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. മുഖപ്രസംഗങ്ങൾ എഴുതുവാൻ പ്രത്യേകം വിദ്വാന്മാരുണ്ടായിരിക്കും; ഇവർ പലേ സ്ഥലങ്ങളിൽ പാർക്കുന്നവരായിരിക്കാം. പത്രാധിപരുടെ വേല ഈ പ്രസംഗങ്ങളെ തന്റെ പത്രത്തിന്നു നിശ്ചയിച്ചിട്ടുള്ള നയമനുസരിച്ചു ശോധനചെയ്തു ശരിപ്പെടുത്തി പ്രസിദ്ധപ്പെടുത്തിക്കയാണ്. ഒരക്ഷരംകൂടെ എഴുതിക്കൊടുക്കാതെ കഴിക്കാം. എന്നാൽ പ്രതിവാര പത്രങ്ങൾക്കു ഇങ്ങിനെ മുഖപ്രസംഗമെഴുത്തുകാരെ വേറെ നിശ്ചയിച്ചുംകൊണ്ട് പത്രാധിപർ എന്നൊരു സ്വരൂപത്തെ, പണിയൊന്നുമില്ലാതെ, വെച്ചുംകൊണ്ടിരിപ്പാൻ സാധിക്കയില്ല. ഇവയ്ക്കു മുഖപ്രസംഗങ്ങൾ എഴുതുന്നത് മിക്കവാറും പത്രാധിപർതന്നെയാണ്. മുഖപ്രസംഗങ്ങൾ മാത്രമല്ലാ, ഉപപ്രസംഗങ്ങൾ, പത്രാധിപക്കുറിപ്പുകൾ, ലോകവാർത്തകൾ, മുതലായ പലതും പത്രാധിപർതന്നെ എഴുതേണ്ടിയിരിക്കും. രാജ്യകാര്യങ്ങളിൽ യാതൊരു കക്ഷിയുടേയും പ്രാതിനിധ്യം വഹിക്കാത്തതായ പത്രമായിരുന്നാൽ, അതിന്നു മുഖപ്രസംഗങ്ങൾ നാനാവിഷയങ്ങളിൽ ആകാം. എന്നാൽ രാജ്യഭരണകാര്യങ്ങളിൽ ഒരു കക്ഷിയെ പിൻതാങ്ങുന്ന പത്രമായിരുന്നാൽ, അതിലെ മുഖപ്രസംഗങ്ങൾ രാജ്യകാര്യ വിഷയമായിട്ടുതന്നെയിരിക്കുകയാണ് നടപ്പ്. ഇതിൽവെച്ചു ചില ദോഷങ്ങൾ ഇല്ലായ്കയുമില്ല. സമുദായ കാര്യങ്ങൾ വ്യവസായ കാര്യങ്ങൾ എന്നിങ്ങിനെ നാനാവിഷയങ്ങളെ ഇടയ്ക്കിടയ്ക്കു പ്രതിപാദിച്ചുകൊണ്ടിരിക്കുന്നതാകയാൽ, വായനക്കാർക്കു രാജ്യകാര്യപ്രസംഗങ്ങൾ വായിപ്പാൻ അധികം രുചി തോന്നുന്നതാണ് എന്നൊരു വലുതായ ഗുണമുണ്ട്.

മുഖപ്രസംഗം ഏതു വിധത്തിലയിരിക്കും? ഇതിലേക്കു നിഷ്കൃഷ്ടമായ നിബന്ധനകൾ പറവാൻ [ 139 ] മാർഗ്ഗമില്ല. അതാതു സമയങ്ങളിൽ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കു വിഷയമായിത്തീർന്നിരിക്കുന്ന സംഗതികളെക്കുറിച്ചു മുഖപ്രസംഗങ്ങൾ ചെയ്യുന്നതാണു യുക്തമായുള്ളത്. ഇവയിൽ ജനസമൂഹത്തിന്റെ അഭിപ്രായഗതികൾ വിചാരങ്ങൾ, ശങ്കകൾ, നിന്ദനങ്ങൾ, മുതലായവയൊക്കെ പ്രതിഫലിപ്പിച്ചിരിക്കണം. ഭാഷയ്ക്കു എത്രമേൽ സൗഷ്ഠവം ആകാമോ അത്രയും വരുത്തണം. വായനക്കാരനെ താൻ അറിയാതെ ബഹുദൂരം ആകർഷിച്ചുകൊണ്ടു പോകത്തക്ക രചനാസാമർത്ഥ്യം മുഖപ്രസംഗത്തിൽ പ്രയോഗിച്ചിരിക്കണം. മുഖപ്രസംഗമെഴുതുകയെന്നതു ഒരു കലാവിദ്യയാണെന്നു ധരിച്ചുവേണം എഴുതുവാൻ. പ്രസംഗം വായിച്ചുകഴിയുമ്പോൾ, വായനക്കാരന്റെ ഉള്ളിൽ പ്രസംഗവിഷയം നല്ലവണ്ണം പതിഞ്ഞിരിക്കത്തക്ക വാചകങ്ങളേ ഉപയോഗിക്കാവൂ. അവന്റെ ഗ്രഹണശക്തിയെ ശിഥിലമാക്കുന്ന പ്രകാരത്തിൽ അർത്ഥത്തെ കവിഞ്ഞ് വാക്കുകൾ ഉപയോഗപ്പെടുത്തരുത്. ഇതിലേക്കൊക്കെ, മുഖപ്രസംഗമെഴുത്തുകാരന്നു അവശ്യം വേണ്ടതായ ഗുണം, പൊതുജനങ്ങളുടെ ഉള്ളിനെ അറിയുക എന്നുള്ളതാണ്. മുഖപ്രസംഗം എഴുതുന്ന ആൾ മനസ്സങ്കല്പത്താൽ ബഹുജനങ്ങളുടെ ഉള്ളിൽ കടന്നുചെന്നു, അവിടെ ആ വിഷയത്തെപ്പറ്റിയുണ്ടാകുന്ന വിചാരങ്ങളേയും വേദനങ്ങളേയും കണ്ടറിഞ്ഞ് തന്റെ ഉള്ളിൽ പകർത്തണം. ഈ നിലയിലുരുന്നുകൊണ്ടും എഴുതുമ്പോൾ മാത്രമെ, മുഖപ്രസംഗം പത്രവായനക്കാരുടെ ചിത്തങ്ങളെ ആകർഷിച്ചു ഇളക്കിമറിയ്ക്കു. ഇങ്ങനെ എഴുതുന്നവന്നു അവശ്യത്തിലധികമായ വാക്കുകൾ തൂവൽതുമ്പത്തു വന്നുചേരുകയില്ല. നേരെമറിച്ചു ഏതാനും പദങ്ങൾ ഉരുവിട്ടുവെച്ചുങ്കൊണ്ടു, അവയെ മുഖപ്രസംഗങ്ങളിൽ ഉപയോഗിപ്പാൻ നിശ്ചയിച്ച് വിഷയം തേടിപ്പിടിച്ചിട്ട്, ആ വിഷയത്തിന്റെ ഓരോ ഭാഗങ്ങൾ ഓരോരോ പദാവലിക്കരുവിൽ വാർത്തൊഴിച്ചുകൊണ്ടിരുന്നാൽ പത്രവായക്കാർക്കു മനസ്സുമടുപ്പുണ്ടാകും.

മുഖപ്രസംഗമെഴുതേണ്ട സമ്പ്രദായമെന്താണ്? വിശേഷാൽ ഒരു സമ്പ്രദായവും ചട്ടമാക്കീട്ടില്ല എന്നു ഉത്തരം പറയാം. സാധാരണമായി ഒരു വിഷയത്തെപ്പറ്റി ഒരു [ 140 ] ഉപന്യാസമെഴുതുമ്പോൾ ഇന്നയിന്ന ക്രമത്തിനു ഓരോ സംഗതികൾ പ്രതിപാദിക്കേണമെന്നു സാഹിത്യശാസ്ത്രപ്രകാരം ചില ചിട്ടകൾ ഉണ്ട്. ഏറെക്കുറെ ആ രീതിക്കു തന്നെയാണു മുഖപ്രസംഗങ്ങൾ എഴുതുന്നത്. വിദ്യാലയങ്ങളിലാണെങ്കിൽ, ഒരു വിഷയത്തെക്കുറിച്ചു എഴുതുന്ന ഉപന്യാസത്തെ പ്രസ്താവന, വാദം, ഉപസംഹാരം എന്നു മൂന്നു ഭാഗമായി പിരിക്കത്തക്ക രീതിയിൽ വേണം പ്രതിപാദനം ചെയ്യാൻ, എന്നു സാഹിത്യശാസ്ത്ര നിബന്ധന ചെയ്തുകാണാം. ഈ രീതിയിൽ തന്നെയാണ് ഏതു വിഷയത്തെയും പ്രതിപാദിക്കേണ്ടത്. മുഖപ്രസംഗങ്ങളും ഈ രീതിക്കെഴുതാം. എന്നാൽ ഇതിന്നൊരു ദൂഷ്യമുണ്ട്. പ്രസംഗങ്ങൾ ഒരേ മട്ടിലാരംഭിച്ച് ഒരേ മാതിരി കരുവിലൂടെ കടന്നു പോകുന്നതായി തോന്നും: സാഹിതീരസം കുറയുകയും ചെയ്യും. ഭാഷാസരണിയ്ക്കും പ്രതിപാദനരീതിയ്ക്കും വൈചിത്ര്യം വേണമെന്നു ആഗ്രഹമുള്ള പത്രാധിപോപന്യാസകർത്താക്കന്മാർ മേല്പടി സാഹിത്യശാസ്ത്രനിബന്ധനകളിൽതന്നെ കുടുങ്ങിക്കിടന്നുകൊള്ളണമെന്നു നിയമമില്ല. അവർക്കു സ്വേച്ഛപോലെ അഭിപ്രായം സ്വരൂപിക്കാൻ അവകാശമുള്ളതിന്മണ്ണംതന്നെ ഉപന്യാസത്തിന്റെ രൂപത്തേയും ഇഷ്ടംപോലെ ഭേദപ്പെടുത്താം. സാഹിത്യരസത്തിന്നു ഭംഗം വരുത്താതെയിരിക്കേണമെന്നേ നോക്കേണ്ടതുള്ളൂ. 'പ്രസ്താവന' എന്നൊരു ഭാഗമേ വേണ്ടാ എന്നു വെയ്ക്കുക; സാധാരണമായി 'ഞങ്ങൾ പറഞ്ഞിട്ടുള്ളതു വായനക്കാർ ഓർമ്മിക്കുമല്ലോ'-ഇത്യാദി വാചകങ്ങളെക്കൊണ്ടു അവസാനിപ്പിക്കുന്ന പ്രാരംഭവാക്യങ്ങളും, ഇതുപോലെയുള്ള മുഖവുരകളും മുഖപ്രഷംഗങ്ങളുടെ മുഖപ്രകാശത്തിന്നു മങ്ങലുണ്ടാക്കുന്നവയാകുന്നു. ഇവയേ ഉപേക്ഷിക്കുന്നതിൽവെച്ചു ദൂഷ്യമൊന്നും വരാനില്ല. ഇങ്ങനെ, പ്രസ്താവനയെ തള്ളിക്കളഞ്ഞശേഷം, താൻ പ്രതിപാദിപ്പാൻ പോകുന്ന സംഗതികളിൽ ഉപസംഹാരത്തെയെടുത്ത് ഉപന്യാസാരംഭത്തിൽ വെയ്ക്കുക; എന്നിട്ട്, അതിലെ അഭിപ്രായത്തെ സ്ഥപിപ്പാൻവേണ്ട വാദങ്ങളെ വഴിക്കു വഴിയായി ഉപന്യസിക്കുക. ഈ സമ്പ്രദായത്താലുള്ള ഗുണം, ഉപന്യാസകർത്താവിനു തന്റെ പ്രസംഗത്തിലെ പ്രാരംഭവാക്യങ്ങൾകൊണ്ടു തന്നെ താൻ പറവാൻ പോകുന്നതെന്താണെന്നു വായനക്കാരെ [ 141 ] ഗ്രഹിപ്പിയ്ക്കാനും, അതുവഴി അവന്നു ആ ഉപന്യാസം മുഴുവൻ വായിപ്പാൻ താത്പര്യമുണ്ടാക്കുവാനും കഴിയും, എന്നുള്ളതാകുന്നു.

ഒരു പത്രത്തിന്റെ മുഖപ്രസംഗമെന്നല്ല, ഏതൊരു ഉപന്യാസവും അതിലെ പ്രാരംഭഘട്ടംകൊണ്ടു വായനക്കാരന്റെ മനസ്സിനെ ഹഠാൽ ആകർഷിപ്പാൻ തക്കവണ്ണം ഒന്നാമത്തെ വാക്യം സാരംകൊണ്ടും ഊർജ്ജസ്വലതകൊണ്ടും മെച്ചമായിരിക്കണം; ഇതിലേക്കാണു ഉപന്യാസകർത്താക്കന്മാർ പ്രത്യേകം ഉത്സാഹിക്കേണ്ടത്. ഒരു ഉപന്യാസമെന്നത് സാഹിത്യമഹാർണ്ണവത്തിൽ ഇറക്കിവിടുന്ന ഒരു ഓടമാണെന്നു വിചാരിക്കാം. ഓടം പണിചെയ്താൽപിന്നെ, കരയിൽനിന്നു ഇറക്കിവിടുവാൻ വൈഷമ്യം കുറെയൊന്നുമല്ല. വേലിയേറ്റമിറക്കങ്ങൾ നോക്കി, തിരയുടെ തരം‌പോലെ ഉന്തിത്തള്ളി വെള്ളത്തിലിറക്കിക്കഴിഞ്ഞാൽ, തിര തിരിച്ചടിച്ച് കരയ്ക്കു കയറ്റീട്ടില്ലെങ്കിൽ, ഓടം ദുർഘടം കൂടാതെ ഓടിക്കൊള്ളും. ഒരു വിഷയത്തെക്കുറിച്ചു പറയേണ്ട അഭിപ്രായങ്ങൾ മനസ്സിൽവെച്ചു സ്വരൂപിച്ച് അവയെ സാഹിത്യക്കടലിൽ പ്രവേശിപ്പിക്കുന്നതിനു കരയ്ക്കുനിന്നു ഇറക്കിവിടുന്ന പ്രാരംഭഘട്ടം സുഗമമായിരുന്നാൽ, ഉപന്യാസം മറുഭാഗങ്ങളിൽ സുഖമായി സഞ്ചരിച്ചുകൊള്ളും. ഇതിലേക്കു, സാഹിത്യരസജ്ഞന്മാർ ഉപന്യാസത്തെ തിരിച്ചടിച്ച് കരയ്ക്കു കയറ്റി പൊളിച്ചുവിടാതിരിക്കാൻതക്കവണ്ണം, തരംനോക്കിയെഴുതിക്കൊണ്ടാൽ മതി. ഉപന്യാസത്തിലെ ആരംഭത്തിലുള്ള രണ്ടുമൂന്നു വാക്യങ്ങൾകൊണ്ടു വായനക്കാരുടെ മനസ്സിനെ ആകർഷിക്കാമെങ്കിൽ, മറ്റു ഭാഗങ്ങൾ മുറയ്ക്കു നടന്നുകൊള്ളും. മുഖ്യമായി വേണ്ടതു, ഉപന്യാസം തുടങ്ങുമ്പോൾതന്നെ പ്രതിപാദ്യവിഷയത്തിൽ നേരേ കടക്കുക, വാങ്മുഖം ഉപേക്ഷിക്കുക, പ്രതിപാദ്യമായ കാര്യമെന്തെന്നും സ്ഥാപിപ്പാൻ പോകുന്ന അഭിപ്രായമെന്തെന്നുകൂടിയും ഒന്നാം വാക്യംകൊണ്ടുതന്നെ വായനക്കാരനു മനസ്സിലാകുക-ഇത്രയുമാകുന്നു എന്നു ചുരുക്കിപ്പറയാം.

ഒരു വിഷയത്തെക്കുറിച്ചു പ്രസംഗിപ്പാൻ വിചാരിക്കുമ്പോൾ താൻ പറയാൻപോകുന്ന അഭിപ്രായങ്ങൾ ഏറെക്കുറെ മറ്റു പലർക്കും ഉള്ളതായും, അവർ പറഞ്ഞുകഴിഞ്ഞതായും, കാണും. ഇതിൽ ക്ലേശിപ്പാനെന്തുള്ളു? അഞ്ചും [ 142 ] മൂന്നും കൂട്ടിച്ചേർത്താൽ ഫലം എട്ടാണെന്നിരിക്കിൽ, ആ സംഗതി സാധാരണക്കാരൊക്കെ അറിഞ്ഞിരിക്കുന്നതിൽ അത്ഭുതപ്പെടാനുമില്ല. എന്നാൽ, ഇങ്ങിനെ അഭിപ്രായങ്ങൾക്കു വ്യത്യാസമില്ലാതിരുന്നാലും, അഞ്ചും മൂന്നും കൂട്ടിച്ചേർത്താൽ എട്ടാകുന്നു എന്നു സ്ഥാപിക്കുവാൻ ഓരോരുത്തൻ ഓരോ സമ്പ്രദായത്തെ പ്രയോഗിക്കുന്നു. ഇത്: നന്നായിട്ടോ, ചീത്തയായിട്ടോ, ഇടത്തരമായിട്ടോ പ്രതിപാദിച്ചിരിക്കാം. പ്രതിപാദനരീതിയ്ക്കുള്ള വ്യത്യാസത്തിനു കാരണം അതാതാളുകളുടെ സാമർത്ഥവിശേഷത്തിനുള്ള ഏറ്റക്കുറച്ചൽതന്നേ, എന്നു സമ്മതിച്ചേ കഴിയൂ. സാധാരണമായി, ഒരു വിഷയത്തെപ്പറ്റി പലേ പത്രങ്ങൾ മുഖപ്രസംഗം ചെയ്യുന്നുണ്ട്. അവയിലടക്കിയിരിക്കുന്ന അഭിപ്രായങ്ങളെ അപേക്ഷിച്ചേടത്തോളം, പ്രസംഗങ്ങൾക്കു തമ്മിൽ വ്യത്യാസമില്ലെന്നും പറയാം. എന്നാൽ പിന്നെ എന്താണ് ചില പ്രസംഗങ്ങൾ മാത്രം രസകരമായിരിക്കുന്നു എന്നും, വായനക്കാരർ പറയുന്നത്? ശ്രദ്ധവെച്ചു പണിയെടുത്താൽ ഉപന്യാസം ഒന്നാന്തരമാക്കാമെന്നുള്ള വിചാരം വെറും ഭ്രമമാണെന്നു മനസ്സിലാക്കേണ്ടതാണ്. ശ്രേഷ്ഠനായ ഒരു സാഹിത്യകാരകനല്ലാതെ, ശ്രേഷ്ഠമായ ഒരു ഉപന്യാസം രചിക്കുവാൻ മറ്റൊരാളാൽ കഴികയില്ല. അയാളുടെ സ്വാഭിപ്രായങ്ങളേയോ, മനോഭാവനകളേയോ, അന്യന്മാർക്കു ലഭിക്കത്തക്കതായ സംഗതികളോ പ്രതിപാദിച്ചതുകൊണ്ടല്ലാ ഉപന്യാസം ശ്രേഷ്ടമായിത്തീർന്നിട്ടുള്ളത് ആ ഉപന്യാസമാകട്ടെ, അയാളുടെ മനസ്സു സാമാന്യേന ഏതേതു കരുവിൽ ഒഴികിച്ചെന്നു വീണ് ഓരോരോ രൂപങ്ങളെ കൈക്കൊള്ളും എന്നതിന്റെ പ്രകടനം ആകുന്നു എന്നു ധരിക്കണം. ശ്രേഷ്ഠന്മാരായ ഉപന്യാസകർത്താക്കന്മാരുടെ ഉപന്യാസങ്ങളെ ഓർമ്മിച്ചുവോക്കുക; അവരുടെ ആശയങ്ങളെയല്ല നാം സ്മരിക്കുന്നത്; അവരെക്കുറിച്ചു നാം മനസ്സിൽ സങ്കല്പത്താൽ പ്രതിഷ്ഠിച്ചിട്ടുള്ള അവരുടെ ഓരോ സ്വരൂപങ്ങളെ നാം ഓർക്കുന്നു. അവരുടെ ഉപന്യാസങ്ങളിലൊക്കെ അനിർവചനീയമായ 'എന്തോ ഒന്നു' ഉണ്ട്. ഈ 'എന്തോ ഒന്നു'-ഈ വ്യക്തിത്വം, ഈ ഇന്ദ്രജാലവൈഭവം, ഈ വശീകരണശക്തി-ചിലർക്കുണ്ട്; മറ്റു ചിലർക്ക് ഇല്ല; ഈ വ്യത്യാസമാണ് ഉപന്യാസങ്ങളുടെ നന്മതിന്മകൾക്കും കാരണം. [ 143 ]

ഒരു സംഗതിയെക്കുറിച്ചു പ്രസംഗിക്കേണ്ടതിനു ഒരു അന്തർഹിതമായ ചൈതന്യം തന്നെ ഇളക്കിമറിക്കുന്നില്ലെങ്കിൽ, ഒരുവനും ആ സംഗതിയെപ്പറ്റി എഴുതാനായിട്ടിരിക്കരുതെന്നാണെനിക്കു പറവാനുള്ളത്. തന്റെ കൈവശമുള്ള പദങ്ങളെ പ്രദർശിപ്പിക്കാനായി എന്തെങ്കിലം സംഗതികൾ ആ പദങ്ങൾക്കുള്ളിൽ കുടുക്കുന്നതുകൊണ്ട് പ്രയോജനം ഉണ്ടാകുന്നുണ്ടെങ്കിൽ അത് പത്രപംക്തി നിറയ്ക്കുവാൻ മാത്രമാകുന്നു. ഇത്തരക്കാരാണ് തങ്ങളുടെ പക്കലുള്ള ഏതാൻ ചില പദങ്ങളെ തിരിച്ചും മറിച്ചും, മറിച്ചും തിരിച്ചും ഉപയോഗിച്ച്, വാക്യങ്ങളെ മിക്കവാറും ഒരേവിധത്തിൽ തുടങ്ങുകയും, ഒരേവിധത്തിൽ അവസാനിപ്പിക്കയും ചെയ്യുന്നത്. ഇവർക്ക് ഏതു കാര്യവും 'അഭിലഷണീയ'മോ 'അനഭിലഷണീയ'മോ; 'ആശാസ്യ'മോ 'അനാശാസ്യ'മോ ആയിരിക്കും. ഏതഭിപ്രായവും, 'സാരഗർഭ'മോ, 'ശ്രദ്ധാർഹ'മോ 'ആദരണീയ'മോ 'അഭിനന്ദനീയ'മോ ആയിരിക്കും; ഏതു വാസ്തവവും 'വിസ്മരണീയ'മോ, 'അവിസ്മരണീയ'മോ, 'അവിതർക്കിത'മോ 'പ്രത്യേകം പറഞ്ഞേ തീരു എന്നില്ലാ'ത്തതോ, 'വ്യസനകര'മോ ആയിരിക്കും. ഏന്തിനേറെ? ഇവരുടെ മുഖപ്രസംഗങ്ങളിൽ ഒരെണ്ണമെങ്കിലും രചനാവൈചിത്ര്യമുള്ളതായിരിക്കയില്ല. ഇവരുടെ പ്രിയപ്പെട്ട ചില പദങ്ങളും വാചകങ്ങളും 'ഈ അവസരത്തിൽ പ്രസ്താവിക്കാതിരിക്കാൻ നിവൃത്തിയില്ല'; 'അനുകരണീയമായ വിധം പ്രശസ്തതരമായിരിക്കുന്നുണ്ട്'; 'അനുഭാവപൂർവകവും ആക്ഷേപാർഹവുമായ നയം'; 'ആശാസ്യമായ ഭേദഗതികൾ', 'പ്രത്യേകം പ്രസ്താവയോഗ്യമാണ്', 'സാർവത്രികമായ അതൃപ്തി', 'സ്ഥാനം ആശാസ്യമായ ഒന്നായിരിക്കുന്നില്ല'; 'എത്ര പ്രാവശ്യം പറഞ്ഞാലും മതിയാകുന്നതല്ല'; 'ഏറ്റവും അത്ഭുതജനകമായിരിക്കുന്നു എന്ന് ഈ അവസരത്തിൽ വീണ്ടും പ്രസ്താവിക്കാതിരിക്കാൻ നിർവാഹമില്ല'; 'അഭിലഷണീയവും ആവശ്യകവുമായ ഒരു കാര്യമാണ്'; 'യാതൊരുത്തരെയും പ്രത്യേകം അറിയിച്ചേ തീരൂ എന്നില്ലാത്ത ഒരു വാസ്തവമാണ്'; 'വർദ്ധനയ്ക്ക് പര്യാപ്തങ്ങളായിരിക്കുന്നില്ല'; 'പ്രത്യേകം പറയേണ്ടതില്ല'; 'വളർച്ചയെ തടയുന്നതിന് പര്യാപ്തങ്ങളായ വ്യവസ്ഥകൾ'; 'അനാശ്യാസവും ആക്ഷേപാർഹവുമായ ഒരു പ്രതിലോമനയം'; 'അനുചിതവും അനാദരണീയവുമായ ഒരു പ്രവൃത്തി'; [ 144 ] 'സർവവിദിതമാണ്'; 'അയുക്തവും ആക്ഷേപാർഹവുമാണ്'; 'അനുചിതങ്ങളും അനഭിലഷണീയങ്ങളും ആയ വ്യവസ്ഥ'; 'ഗണ്യതരങ്ങളായ പരിഷ്കാരങ്ങൾ'; 'ഒരു വിധത്തിലും നീതീകരിക്കത്തക്കതല്ല; 'അഭിപ്രായം ശ്രദ്ധാർഹമായ ഒന്നാണെന്നുള്ളതിന് സംശയമില്ല'; 'അവിതർക്കിതമായ ഒരു വാസ്തവം'; 'ഫലം ആശാസ്യമായിരിക്കുന്നുണ്ട്'; 'അവിസ്മരണീയമായ ഒരു വാസ്തവമാണ്'; 'അനഭിലഷണീയങ്ങളായ വ്യവസ്ഥകൾ'; 'അനഭിലഷണീയമായ വിധം'; 'അനുചിതങ്ങളും അനഭിലണീയങ്ങളുമാണെന്നുള്ള അഭിപ്രായത്തെ മാർജ്ജനം ചെയ്യുന്നതിന് സാധിക്കയില്ല'; 'നാമാവശേഷങ്ങളാക്കുന്നു'; 'ഈ അഭിപ്രായം എത്രയും ആദരണീയമാണെന്ന് പ്രത്യേകം പ്രസ്താവിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല'-ഇത്യാദി അനേകം ഉണ്ട്. ഇവയിൽ ചില പദങ്ങളും വാചകങ്ങളും അടുത്തടുത്ത വാക്യങ്ങളിൽ ഒരേ മട്ടിൽ പ്രയോഗിക്കുന്നതിന് കൂടിയും ഇവർക്കു മടിയില്ല. ഇതിനിടെ 55 വാക്യങ്ങൾ അടങ്ങിയ ഒരു മുഖപ്രസംഗത്തിൽ, 21-എണ്ണത്തിൽ, 'കാണുന്നു' എന്ന ക്രിയാപദത്തിന്റെ ഒരു രൂപം വാക്യാന്തത്തിൽ പ്രയോഗിച്ചിരിക്കുന്നതായി ഞാൻ കണ്ടു; ഇവ പലതും തൊട്ടുതൊട്ടിരിക്കുന്ന വാക്യങ്ങളിലാണുതാനും! വാക്യങ്ങളുടെ എണ്ണം ക്രമത്തിനു പറയാം: 3-5-6-8-9-10-12-16-19-24-25-29-31-34-35-37-38-42-50-51-54. ഇവയിൽ അവസാന ഭാഗങ്ങളിൽ പ്രയോഗിച്ചിരുന്ന ശബ്ദരൂപങ്ങൾ, യഥാക്രമം എഴുതാം:- ആയിക്കാണുന്നു; ആണു കാണുന്നത്; എന്നും കാണുന്നുണ്ട്; എന്നു കാണുന്നു; എന്നു കാണുന്നത്; കാണുന്ന; ആയും കാണുന്നു; കാണാവുന്നതാണ്; ആയും കാണുന്നുണ്ട്; എന്നു കാണുന്നു; ആയിക്കാണുന്നു; ആയിക്കാണുന്നു; ആയിക്കാണുന്നു; എന്നും കാണുന്നത്; ആയിക്കാണുന്നത്; ആയും കാണുന്നു; എന്നു കാണുന്നത്; ആയിക്കാണുന്നുണ്ട്; ആയിക്കാണുന്നു; എന്നും കാണുന്നുണ്ട്; കാണുന്നത് - ഇപ്രകാരം ഏകരൂപമായി അവസാനിക്കുന്ന വാക്യങ്ങളെക്കൊണ്ടു ഒരു പ്രസംഗം നിറച്ചാൽ, വായനക്കാർക്കു് നീരസം തോന്നുന്നതിൽ അത്ഭുതമെന്തുള്ളു? വാക്യങ്ങൾക്ക് വൈചിത്ര്യം ഇല്ലെങ്കിൽ, ഉപന്യാസം, വരണ്ട് കട്ടവെടിച്ച് കീറിക്കിടക്കുന്ന തറയെന്നവണ്ണമിരിക്കും. അത്തരം തറ നോക്കിക്കൊണ്ടിരിപ്പാൻ ആർക്കും കൗതുകമുണ്ടാകയില്ല. [ 145 ] ഇടയ്ക്കിട പല നിറത്തിലുള്ള പൂച്ചെടികൾ നട്ടുനനച്ച് പിടിപ്പിച്ചിരിക്കുന്ന തോട്ടം ആക്കിയാൽ കാണ്മാൻ എത്രയോ സന്തോഷമാണ്.

മുഖപ്രസംഗങ്ങൾ നീട്ടിവലിച്ചെഴുതുന്ന സമ്പ്രദായം ഇപ്പോൾ മാറിത്തുടങ്ങീട്ടുണ്ട്. ചെറിയ ചെറിയ ഖണ്ഡികകളെക്കൊണ്ട് പത്രാധിപപ്രസംഗപംക്തി നിറയ്ക്കുകയാണ് ഉത്തമം എന്നൊരഭിപ്രായമുണ്ട്. എങ്കിലും പൂർവാചാരത്തിൽനിന്നു പിൻതിരിവാൻ എല്ലാവർക്കും സമ്മതമായിട്ടില്ല. എന്നാലും, ഓരോരോ മുഖ്യസംഗതികളെക്കുറിച്ചു സരസവും സംക്ഷിപ്തവുമായ പത്രാധിപക്കുറിപ്പുകൾ എഴുതി വായനക്കാരെ ആകർഷിപ്പാൻ സാമർത്ഥ്യമള്ളവരെപ്പറ്റിയാണ് പത്രനടത്തിപ്പുകാർക്ക് അധികം താൽപര്യമുണ്ടാകുന്നത്. ഇത്തരം ഖണ്ഡലേഖനങ്ങൾ ഒരേ വിഷയത്തെ മാത്രം പ്രതിപാദിച്ചാൽ പോരാ എന്നും; പലേ വിഷയങ്ങളെപ്പറ്റി പറയുന്നവയായിരിക്കേണമെന്നും, അറിയേണ്ടതാകുന്നു. എന്നുമാത്രമല്ല; ഇവ സ്വയം വിചാരിച്ച് എഴുതുന്നവയായിരിക്കണം. ആക്ഷേപം പറയേണ്ടെടത്ത് ആക്ഷേപിക്കുക; ഉത്സാഹിപ്പിക്കേണ്ടെടെത്ത് ഉൽസാഹിപ്പിക്കുക; ഫലിതമായിരിക്കേണ്ടെടെത്തു ഫലിതം പറക-ഇങ്ങനെ നാനാപ്രകാരമായിരിക്കണം. സ്വകപോലകല്പിതമായ ഉപന്യാസങ്ങൾ എഴുതുവാൻ ഉത്സാഹിക്കുന്നവർ, അവരുടെ അറിവിൽ അപ്പൊഴപ്പോൾ എത്തുന്നതായ ഫലിതകഥകൾ, സാരസംഗതികൾ, വിശേഷസംഭവങ്ങൾ എന്നിതുകളൊക്കെ ഒരു പുസ്തകത്തിൽ കുറിച്ചു സൂക്ഷിച്ചുവെച്ചിരുന്നാൽ, ലേഖനങ്ങളിൽ യഥോചിതം കൂട്ടിച്ചേർപ്പാൻ പ്രയോജനപ്പെടും; ലേഖനവിഷയങ്ങളെ ഫലിതകഥകൾകൊണ്ടു ദൃഷ്ടാന്തപ്പെടുത്തിയെഴുതുന്നതു പലപ്പോഴും കൗതുകകരമായിരിക്കുമാറുണ്ട്. സാരസങ്കരമായ ഇത്തരം പുസ്തകം പിൽക്കാലത്തു വിലയേറിയ രത്നാകരമായും ഉപകാരപ്പെടും.

പത്രാധിപരുടെ പണികളിൽ ഒന്ന് ഗ്രന്ഥനിരൂപണമാണ്. അഭിപ്രായം പറവാനായി ഓരോരുത്തർ അയക്കുന്ന പുസ്തകങ്ങളുടെ ഗുണദോഷങ്ങൾ നിരൂപിക്കുവാൻ പത്രക്കാരൻ സമർത്ഥനായിരിക്കണം. നിരൂപണം ചെയ്യാൻ പത്രാധിപർക്കു സമയമോ സൗകര്യമോ ഇല്ലെന്നിരിക്കിൽ, [ 146 ] അതിലേക്ക് പ്രത്യേകം മിടുക്കുള്ള ലേഖകൻമാരെക്കൊണ്ട് ആ ആവശ്യം നിർവഹിക്കാറുണ്ടെന്ന് മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. എങ്ങിനെയായാലും, ഗ്രന്ഥങ്ങളെ നിരൂപിക്കുന്നതുകൊണ്ട് പത്രത്തിനു വിശേഷ ഗുണമുണ്ടാകും. വായനക്കാർ ഭിന്നരുചികളായിരിക്കുമ്പോൾ, സാഹിത്യത്തിൽ കൗതുകമുള്ളവരും അവരുടെ കൂട്ടത്തിൽ ഉണ്ടാവാം. അവരുടെ ഹിതത്തിനായും, ഭാഷാഭിവൃദ്ധിക്കായിട്ടും, ഗ്രന്ഥനിരൂപണം ആവശ്യകവും ഉചിതവുമാകുന്നു. എന്നാൽ, വർത്തമാനപത്രങ്ങളിൽ പുസ്തകാഭിപ്രായം പറയുന്നത്, സാഹിത്യവിഷയങ്ങളെ പ്രത്യേകമായി പ്രതിപാദിക്കുന്ന പത്രഗ്രന്ഥങ്ങളിലോ പത്രങ്ങളിലോ നിരൂപണം ചെയ്യുന്നതിന്നൊപ്പം സവിസ്തരമായിരിക്കേണ്ടാ; ചുരുക്കത്തിൽ പറഞ്ഞാൽ മതി. പുസ്തകത്തെപ്പറ്റി വായനക്കാരുടെ കൺമുമ്പിൽ വെയ്ക്കേണ്ട പ്രധാനപ്പെട്ട സംഗതികൾ മാത്രം സംഗ്രഹിച്ചിരിക്കയാണ് ആവശ്യമായ കാര്യം. ഇങ്ങനെയിരുന്നാലും, ഭാഷയ്ക്കും ജനസമുദായത്തിന്നും, രാജ്യക്ഷേമത്തിന്നും അഭിവൃദ്ധി വരാൻ ഉപയോഗപ്പെടുന്ന ഗ്രന്ഥങ്ങളെ ക്ഷുദ്രകൃതികളിൽ നിന്നു വേർതിരിച്ചറിവാനും, അവയ്ക്കു പ്രചാരം വരുത്തുവാനും, അവയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിപ്പാനും നിരൂപണകർത്താവ് സാഹിത്യകുശലനായിരിക്കണം. ഗ്രന്ഥകർത്താവിന്റെ പേരു മാത്രം നോക്കിക്കൊണ്ട് ഒരു കൃതിയെ പ്രശംസിക്കയോ, നിന്ദിക്കയോ ചെയ്യുന്നതുകൊണ്ട് യാതൊരുപകാരവും ലോകർക്കു സിദ്ധിക്കയില്ല; അങ്ങനെ ചെയ്യുന്നത് യുക്തിഭ്രമത്തിന്ന് ഉദാഹരണമായിരിക്കും താനും. ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയത്തെയും സാഗിത്യരചനാ ഗുണങ്ങളെയും വേണം നിരൂപിപ്പാൻ. ഇതിനു പകരം പുസ്തകത്തിന്റെ 'മുഖവുര'യിൽനിന്ന് ഏതാൻ സംഗതികളെ ഗ്രഹിച്ചുകൊണ്ട് മുഖവുരയിലെ വാക്യങ്ങളെത്തന്നെ തട്ടിയുടച്ചു വാർത്ത് അഭിപ്രായമെഴുതുന്ന സമ്പ്രദായം തീരെ ജുഗുപ്സിതമായിട്ടുള്ളതാകുന്നു. ഈ വിഷയത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ മുൻ ഒരു അദ്ധ്യായത്തിൽ എഴുതീട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല.