ശാരദ
രചന:ഒ. ചന്തുമേനോൻ
രണ്ടാം അദ്ധ്യായം
[ 36 ]
രണ്ടാം അദ്ധ്യായം


പ്രഹരം കിട്ടുമെന്നു ഭയപ്പെട്ട് പടിപ്പുരയിൽനിന്നും ഓടിപ്പോയ ശങ്കരൻ ഒരു രണ്ടു നാഴിക വഴിയിൽ നിൽക്കാതെ തിരിഞ്ഞുനോക്കാതെ ക്ഷീണിച്ചു വലഞ്ഞ് വഴിയിൽ ഒരേടത്ത് ഇരുന്നു.

പൂഞ്ചോലക്കര എടത്തിൽ കൃഷ്ണനുണ്ണി എന്നു പേരായിട്ട് ഒരു ദേഹം ഉണ്ടെന്ന് എന്റെ വായനക്കാർക്ക് ഓർമ്മ ഉണ്ടായിരിക്കാം.ഇയാൾ വലിയച്ചന്റെ മൂന്നാമത്തെ അനന്തരവനാണ്. ഈ കാലം നാല്പത്തഞ്ചു വയസ്സു പ്രായമാണ്. സംസ്കൃതഭാഷയിൽ നല്ല പാണ്ഡിത്യവും നല്ല ബുദ്ധിഗുണവും നിർമ്മലമനസ്സും ഉള്ള ഒരാളായിരുന്നു. ഇദ്ദേഹത്തിന് ശാരദയുടെ അമ്മയെ വളരെ താല്പര്യമായിരുന്നു. ആ സ്ത്രീയെ വലിയച്ചൻ ദ്രോഹിച്ചതിനാൽ രാജ്യം വിട്ടുപൊയ്ക്കളവാൻ എടയായതാണെന്നുള്ള അഭിപ്രായക്കാരനും ആ സ്ത്രീക്കു സംഭവിച്ച കഷ്ടദശയിൽ വളരെ പരിതാപം ഉള്ളവനും ആയിരുന്നു. എഴുത്തു വായനയും ശങ്കരന്റെ ഓട്ടവും കഴിഞ്ഞശേഷം ഇദ്ദേഹം സ്വന്തം വിശ്വാസമുള്ള ഒരു കാർയ്യസ്ഥനെ വിളിച്ച് ഓടിപ്പോയ ശങ്കരന്റെ പിന്നാലെ ഓടി അവനെ കണ്ടുപിടിച്ച് ശാരദയുടേയും രാമൻമേനോന്റെയും വിവരങ്ങളെ കുറിച്ചു വിവരമായി അന്വേഷിച്ച് വർത്തമാനങ്ങൾ എല്ലാം അറിഞ്ഞ് വേറെ ചില വിവരങ്ങൾ ശങ്കരനെ അറിയിച്ചു മടങ്ങി ചെല്ലേണമെന്നു പറഞ്ഞയച്ചിരുന്നു. കൃഷ്ണനുണ്ണിയുടെ ഭൃത്യൻ കല്പനപ്രകാരം ഓടി , വളരെ ഓടി. കുറെ കഴിഞ്ഞപ്പോൾ തന്റെ മുമ്പിൽ വളരെ ദൂരത്ത് ഒരാൾ ഓടുന്നപോലെ തോന്നി. പിന്നേയും ഓടി. അല്പം ചന്ദ്രികാപ്രകാശമുള്ള ഒരു രാത്രിയായിരുന്നു. കുറെ കഴിഞ്ഞപ്പോഴേക്കും കൃഷ്ണനുണ്ണിയുടെ കാർയ്യസ്ഥൻ രാമൻ ഓടി ഏകദേശം അടുത്ത് എത്തി. ഏകദേശം ഇരുനൂറുവാര സമീപമായപ്പോഴേ ശങ്കരൻ കണ്ടുള്ളു. കണ്ട ഉടൻ ശങ്കരൻ ഭയപ്പെട്ട് എണീറ്റ കുതിച്ചോടി.

രാമൻ :- ഹെ, നില്ക്കു നില്ക്കു. എനിക്കു ഒന്നു പറയാനുണ്ട്.

ശ :- ഒന്ന് പറവാനുണ്ട് , അല്ലെ . ഈ ജന്മം എന്നെ തൊടാൻ കിട്ടുകയില്ലെന്നു പറഞ്ഞ് പിന്നെയും കുതിച്ചോടി. [ 37 ] പിന്നാലെ തന്നെ രാമനും ഓടി. മുമ്പും വഴിയുമായി ഓടി. ശങ്കരൻ കാൽതടഞ്ഞു വീണു. രാമൻ അപ്പോഴേക്ക് അടുക്കെ എത്തി.

ശ :- എന്നെ ഒന്നും ചെയ്യരുതേ. ഞാൻ ക്ഷീണിച്ചിരിക്കുന്നു. എന്നെ വല്ലതും ചെയ്താൽ ഞാൻ ഈ നിമിഷം മരിച്ചുപോകും എന്നെ തൊടരുതേ , ഒന്നും ചെയ്യല്ലേ.

രാ :- തന്നെ ഞാൻ എന്താണെടോ ചെയ്യുന്ന്ത്. എനിക്ക് തന്നോട് ഒരു വിവരം പറയാൻ പറഞ്ഞയച്ചിട്ടുണ്ട്. ഞാൻ തന്നെ ഒന്നും ചെയ്‌വാനല്ല വന്നത്. എണീക്ക്.

ശ :- എനിക്ക് ഒരു വിവരവും കേൾക്കേണ്ട. ദയവു വേണം. ഞാൻ ഇവിടെനിന്നു പതുക്കെ എണീറ്റ് പൊയ്ക്കോളം എനിയും ആളുകൾ വരുന്നുണ്ടായിരിക്കാം. എന്നെ തല്ലി ദ്രോഹിച്ചിട്ട് എന്താണ് ഫലം. ഞാൻ ഒരു കൂലിക്കാരന്റെ നിലയിൽ എഴുത്തുകൊണ്ടുവന്നതിന് എന്നെ എന്തിനു തല്ലുന്നു. അങ്ങനെ ചെയ്യുന്നത് മർയ്യാദയാണെങ്കിൽ ചെയ്തോളിൻ. ഞാൻ ഇവിടെത്തന്നെ കിടക്കാം. വേണ്ടുന്ന ആളുകളെ എല്ലാം ശേഖരിച്ച് എന്നെ തല്ലി കൊന്നോളു.

രാ:- കഷ്ടം . എന്താണെടൊ തനിക്കു ഭ്രാന്തുണ്ടോ. ഞാൻ തല്ലാനും തല്ലിക്കാനും വന്നതല്ല. കല്യാണി അമ്മയുടെ ജ്യേഷ്ഠൻ കൃഷ്ണനുണ്ണി എജമാനൻ പറഞ്ഞയച്ചിട്ട് തന്നെ കാണാൻ വന്നതാണ്. കല്യാണി അമ്മയെ കൃഷ്ണനുണ്ണി എജമാനന്നു വളരെ താല്പർയ്യമായിരുന്നു. ആ അമ്മയ്ക്ക് ശാരദ എന്ന ഒരു കുട്ടി ഉണ്ടായിട്ടുണ്ടെന്നു കേട്ടതിലുള്ള സന്തോഷത്താൽ തന്നെ കണ്ടു വിവരങ്ങൾ എല്ലാം അറിഞ്ഞുചെല്ലാനും ചില വിവരങ്ങളെ തന്നോടു പറവാനും പറഞ്ഞയച്ചിട്ട് ഞാൻ വന്നതാണ്. ഓടി ഓടി ഞാൻ തന്നെക്കാൾ വലഞ്ഞിരിക്കുന്നു. ഇപ്പോൾ എനിക്ക് ഒരാളേയും തല്ലാൻ വയ്യ. ഞാൻ തന്നെ എന്തിനു തല്ലുന്നു. കഷ്ടം എണീറ്റിരിക്കും . എന്നു പറഞ്ഞ് ശങ്കരന്റെ കയ്യുപിടിച്ചു പതുക്കെ എഴുനീല്പിച്ച് ഇരുത്തി.

ശങ്കരനു പരിഭ്രമം പിന്നെയും തീർന്നില്ല. ഈ വിദ്വാൻ തന്നെ എന്തോ ചതിപ്പാനായി വന്നതായിരിക്കും എന്നുള്ള ഭയം ശങ്കരന്നു വിടുന്നില്ല. കുറെ ആലോചിച്ച് , ഒടുവിൽ

ശ :- എനിക്ക് ക്ഷീണംകൊണ്ട് ഒന്നും വയ്യാ. ഞാൻ ഇന്നു ഭക്ഷണം കഴിച്ചിട്ടില്ല. എനിക്ക് ഒന്നും സംസാരിപ്പാനും വയ്യാ. കുറെ വെള്ളം കുടിപ്പാൻ കിട്ടിയാൽ നന്നായിരുന്നു.

രാ :- ഞാൻ പോയി ക്ഷണം വെള്ളം കൊണ്ടുവരാം എന്നു പറഞ്ഞു രാമൻ സമീപമുള്ള ഒരു വാർയ്യത്തേക്ക് ഓടിപ്പോയി. [ 38 ] ശങ്കരൻ എഴുന്നേറ്റു നിന്നു നാലുഭാഗത്തും സൂക്ഷിച്ചുനോക്കി. ഈ ഓടി വന്ന വിദ്വാന്റെ വഴിയേ പിന്നെയും ആൾ ശേഖരമായി വരുന്നുണ്ടായിരിക്കുമെന്നതായിരുന്നു ശങ്കരന്റെ ഭയം. വളരെ എല്ലാം സൂക്ഷിച്ചുനോക്കി , ആരെയും കണ്ടില്ല. പിന്നെയും ഒന്ന് ഓടിയാലോ എന്നു ശങ്കരനു തോന്നി "വേണ്ട , വരുന്നതെല്ലാം വരട്ടെ . ഒരു സമയം ഈ വന്നയാൾ പറഞ്ഞതു നേരായി വന്നാലൊ , അതുകൊണ്ട് ഇവിടെത്തന്നെ നില്ക്കുക. വരുന്നതെല്ലാം വരട്ടെ എന്നു മനസ്സുകൊണ്ട് ശങ്കരൻ ഉറച്ചു. അപ്പോഴേക്കു രാമൻ കിണ്ടിയിൽ നല്ല സംഭാരവവും ഒരു ചൂട്ടുവെളിച്ചവും കൊണ്ടുവന്നു ശങ്കരന്റെ അടുക്കെ എത്തി. ചൂട്ട് ഒന്നു പ്രകാശിപ്പിച്ചു ശങ്കരന്റെ മുഖത്തേക്കു നോക്കി, രാമൻ ഒന്നു ചിരിച്ചു. സംഭാരം കുടിപ്പാൻ കൊടുത്തു. സംഭാരം മുഴുവനും ആർത്തിയോടെ കുടിച്ച് "ആവൂ" എന്നു പറഞ്ഞു രണ്ടാമതും അവിടെ ഇരുന്നു.

രാ :- എന്താണ് ഹെ സംശയമെല്ലാം തീർന്നുവോ. ഞാൻ ചതിപ്പാൻ വന്നവനാണെന്നുള്ള ഭയം ഇനിയും വിട്ടില്ലേ ?

ശ :- എനിക്കു സംശയം ഒന്നുമില്ല. സംഭാരം കുടിച്ചതുകൊണ്ടു ക്ഷീണത്തിന്നു ഭേദം തോന്നുന്നു. എനി രണ്ടു തല്ലു കൊണ്ടാലും തൽക്കാലം സിദ്ധി കൂടകയില്ലെന്നു തോന്നുന്നു എന്നു പറഞ്ഞു ശങ്കരൻ ഒന്നു ചിരിച്ചു.

രാ :- എനിയും താൻ ശങ്കിക്കുന്നുണ്ടെങ്കിൽ തനിക്കു മഹാപാപം ഉണ്ടാകും. തന്റെ മുഖവും ദേഹവും കണ്ടാൽ തനിക്കു വളരെ ക്ഷീണമുണ്ടെന്നു തോന്നുന്നു. ഇവിടെ അടുത്ത് ഒരു വാർയ്യം ഉണ്ട്. അവിടെ നിന്നാണ് ഞാൻ ഇപ്പോൾ ഈ സംഭാരം കൊണ്ടുവന്നത്. നോക്ക് അങ്ങോട്ടു പോവുക. അവിടെ നിന്നു നോക്കു രണ്ടാൾക്കും ഊണു കഴിക്കാം. ഇന്നു രാത്രി അവിടെ താമസിച്ചു ഉഷസ്സിനു തനിക്കു പോവുകയും ചെയ്യാം.

രാമന്റെ വാക്കുകളും സ്വഭാവവും ശങ്കരന്റെ മനസ്സിന്നു ക്രമേണ വിശ്വാസത്തെ വർദ്ധിപ്പിച്ചു. രണ്ടുപേരുംകൂടി വാർയ്യത്തേക്കു പോയി ഊൺ കഴിച്ച് അവിടെ താമസിച്ചു. ശങ്കരൻ കല്യാണിഅമ്മയുടേയും ശാരദയുടേയും വിവരങ്ങൾ എല്ലാം വഴിപോലെ പറഞ്ഞു രാമനെ ധരിപ്പിച്ചു. എടത്തിലെ സ്ഥിതികൾ എല്ലാം രാമനും പറഞ്ഞു ശങ്കരനെ വെടിപ്പായി മനസ്സിലാക്കി. ഒടുവിൽ -

ശ :- എന്നാൽ കൃഷ്ണനുണ്ണി എജമാനനും വലിയച്ചനുമായി തമ്മിൽ രസക്കേടായിട്ടാണ് സ്ഥിതി എന്നു തോന്നുന്നു. [ 39 ] രാ :- യാതൊരു രസക്കേടുമില്ല. കൃഷ്ണനുണ്ണി എജമാനൻ വളരെ സ്വഭാവഗുണമുള്ളാളാണ്. അതി ദയാലുവും നിർമ്മലമനസ്സുമാണ് വലിയ ഒരു കാർയ്യസ്ഥനല്ല. എന്നാൽ അദ്ദേഹത്തിന്റെ സ്വഭാവം കൊണ്ട് ഒരു മനുഷ്യനും അദ്ദേഹത്തോടു മുഷികയില്ല. അതികോപിയായ വലിയച്ചനും അതിദുഷ്ടനായ രാഘവനുണ്ണി എജമാനനും മറ്റു എടത്തിലുള്ള എല്ലാവരും കൃഷ്ണനുണ്ണി എജമാനനോട് ഒരുപോലെ താല്പർയ്യമായിട്ടാണ്. ഒരാളോടും അദ്ദേഹം ശണ്ഠയ്ക്കു പോവാറില്ല. സ്വഭാവം ഇങ്ങനെ നന്നായിട്ട് ഞാൻ മറ്റൊരാളെ കണ്ടിട്ടില്ല.

ശ :- എന്താണ് എന്നോട് പറവാൻ പറഞ്ഞയച്ച വിവരങ്ങൾ.

രാ :- അതൊ, പറയാം. ശാരദ എന്ന കുട്ടി എഴുത്തിൽ കണ്ടപ്രകാരം സത്യമായി കല്യാണിഅമ്മയുടെ മകളാണെങ്കിൽ നിശ്ചയമായി എടത്തിലെ സന്തതിയാണ്. എടത്തിൽ നിന്ന് അവളെ രക്ഷിക്കേണ്ടതുമാണ്. എന്നാൽ വലിയച്ചൻ അതിന്ന് സ്വന്തമനസ്സാലെ സമ്മതിക്കുന്നത് പ്രയാസമാണ്. രാമൻമേനോൻ എന്താണ് എനി ചെയ്‌വാൻ വിചാരിക്കുന്നത് എന്നുള്ളതിനെപ്പറ്റി വിവരമായി എജമാനനെ ഗൂഢമായി അറിയിക്കേണമെന്നും എജമാനന്നു കുട്ടിയെ ഒന്നു കാണേണമെന്ന് വളരെ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിനാൽ കഴിയുന്ന സഹായം എല്ലാം ചെയ്യുമെന്നും പറഞ്ഞു

ശ :- കൃഷ്ണനുണ്ണി എജമാനന്നു കുട്ടിയോട് ഇത്ര പ്രീതി തോന്നിയതു ശാരദയുടെ ഭാഗ്യവിശേഷം തന്നെ. ഞാൻ വിവരങ്ങൾ എല്ലാം എന്റെ എജമാനനെ അറിയിക്കാം. എനി ഞങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കൃഷ്ണനുണ്ണി എജമാനനെ ഗൂഢമായി അറിയിച്ചിട്ടല്ലാതെ ചെയ്കയില്ല എന്ന് അവിടെ ധരിപ്പിക്കണം. പാർപ്പിന്റെ കാർയ്യം ഉറച്ചാൽ ആ വിവരവും അറിയിക്കാം.

ശങ്കരനും രാമനും പിന്നെയും വൈത്തിപ്പട്ടരെ കുറിച്ചും മറ്റും എടത്തിലെയും മറ്റും വർത്തമാനങ്ങളെക്കുറിച്ചും തമ്മിൽ ഉണ്ടായ സംഭാഷണം കഴിയുമ്പോഴേക്കു പ്രഭാതമായി. ശങ്കരൻ യാത്രപറഞ്ഞ് ഉടനെ പുറപ്പെടുകയും ചെയ്തു.

രാമപുരം പ്രദേശത്ത് എത്തിയപ്പോൾ രണ്ടുമൂന്നു നാഴിക പുലർന്നിരിക്കുന്നു. വൈത്തിപ്പട്ടർ കാണിച്ചുകൊടുത്ത അരയാൽ ചുവട്ടിൽ ഒരു നാഴികയോളം താമസിച്ചു. പട്ടരെ കണ്ടില്ല. ശങ്കരൻ അവിടെ നിന്നും പോന്നു. പരിയാരം എന്നു പേരായ കടവു കടക്കുമ്പോഴേ പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. ഉറക്കും , വിശപ്പും ക്ഷീണവും ശങ്കരനെ അസാമാന്യമായി ബാധിച്ച് നടപ്പാൻ ഒരു നിവൃത്തിയും. [ 40 ] ഇല്ലാതെ ആയി. കടവു കടന്ന് ഒരു മൂന്നു നാഴിക തെക്കോട്ടു നടന്ന ശേഷം വഴിക്കു സമീപം ഒരു തേക്കിൻകാട്ടിന്റെ ഉള്ളിൽ ഒരു ക്ഷേത്രത്തെ കണ്ട് അങ്ങോട്ടു നടന്നു ക്ഷേത്രത്തിൽ എത്തിയപ്പോൾ അവിടം നിർജ്ജനമായിട്ടാണു കണ്ടത്. മൂന്നേമുക്കാൽ ഭാഗവും കുറ്റിക്കാടുകൾ നിറഞ്ഞ് ഇടിഞ്ഞു പൊളിഞ്ഞുകിടക്കുന്ന ഒരു കളവും പുല്ലും കാടും നിറഞ്ഞുനിൽക്കുന്ന ഒരു തറയോടുകൂടിയ ഒരു അരയാലും മുട്ടിനുമീതെ കാടുനിറഞ്ഞുനിൽക്കുന്ന തിരുമുറ്റത്ത് ഒരാൾക്കു സന്ധിച്ചു നടക്കാൻ മാത്രം വിസ്താരത്തിൽ വാതിൽ മാടത്തിലേക്കു ഒരു വഴിയും കണ്ടു. ക്ഷേത്രവളപ്പു മുഴുവനും അതിദീർഘങ്ങളായി നിൽക്കുന്ന തേക്കുവൃക്ഷങ്ങളാൽ നിറയപ്പെട്ടിരുന്നു. ശങ്കരൻ തിരുമുറ്റത്തുള്ള വഴിയിൽക്കൂടെ വാതിൽമാടത്തിന്റെ വാതുക്കൾ എത്തി. അകത്തേക്കു നോക്കിയപ്പോൾ രണ്ടു മൂന്നു സംവത്സരമായി ഓല മാറ്റിക്കെട്ടാതെയുള്ള പുരയോടുകൂടിയ ഒരു മണ്ഡപവും വാതിൽ പകുതി അടഞ്ഞുനിൽക്കുന്ന ഒരു ശ്രീകോവിലും അതിന്റെ അകത്തു വളരെ ക്ഷീണിച്ചു കത്തുന്ന ഒരു ദീപത്തേയും കണ്ടു. അമ്പലത്തിൽ ആൾ ഉണ്ടായിരിക്കുമെന്നു നിശ്ചയിച്ചു. ശങ്കരൻ ഉച്ചത്തിൽ ഹേ, അമ്പലത്തിൽ ആരാണ് ഒന്നു പുറത്തേക്കു വരണേ എന്നു പറഞ്ഞു. അപ്പോൾ തിടപ്പള്ളിയിൽനിന്നു വെളുത്തു തടിച്ച ഒരു കൂറ്റൻ തുളു എമ്പ്രാൻ പുറത്തേക്കു ചാടി വന്നു.

എമ്പ്രാൻ :- ആറു ദെവസ്താനത്തില് ബായിടുന്നു. നീനു ഗജപോക്കിരി , യമ്പളത്തില് ബായിഡാവോ , നിനഗു എന്തുവേണം.

ശ :- അങ്ങുന്നെ എനിക്ക് അമ്പലത്തിൽ ഒരു വഴിപാട് കഴിക്കാനുണ്ട്. അതു കഴിച്ച് ഭക്ഷണം കഴിച്ചു പോണം. അതിനു തരമാവുമോ എന്നു അറിഞ്ഞില്ല.

എ :- ദുഡ് നീനു നന്ന കയ്യിലെ കൊട്ടരെ. ബാളിബാഡുരാത്തിരി ഗയക്കും. ഇല്ല ബഹു ദുർബിച്ച ദിക്കു അപ്പാ നായി അക്കി നി ബെദ്യബച്ചതെ ഉള്ളു. അതു നാനു അരഗു കൊടലിക്കില്ല.

ശങ്കരൻ ഉടനെ ഒരു ഉറുപ്പിക എടുത്ത് എമ്പ്രാനു വെച്ചുകാണിച്ചുംകൊണ്ട് ഇതാ അങ്ങുന്നേ എനിക്ക് ഒരു ഉരി ഉണക്കൽ അരി ചോറുമാത്രം കിട്ടിയാൽ മതി. അതു തരാതെ കഴികയില്ല. ഞാൻ ക്ഷണം കുളിച്ചു വരാം എന്നു പറഞ്ഞു.

എമ്പ്രാൻ മയാളത്തിൽ വന്നിട്ട് കഷ്ടിച്ച് ഒരു രണ്ടുമാസമായിട്ടെ ഉള്ളു. ഒന്നായി അറയ്ക്കാലുറുപ്പികയിൽ കവിഞ്ഞ ദക്ഷിണയോ വഴിപാടോ ഇതേവരെ കയ്യിൽ വീണിട്ടില്ലാ. ഒന്നായി ഒരുറുപ്പിക. [ 41 ] കയ്യിൽ വീണപ്പോൾ സന്തോഷം അധികമായി ഉണ്ടായി. ഇങ്ങിനെ തന്നതിന്ന് എന്താണ് ശങ്കരനോട് ഉപചാരമായി പറയേണ്ടത് എന്ന് ഓർത്തുംകൊണ്ടു ശങ്കരന്റെ മുഖത്തേക്കു നോക്കി വെടിപ്പായി ഒരു മന്ദഹാസം ചെയ്തു. മലയാളം ഒരു വാക്കുപോലും ശരിയായി പറയാൻ ഇദ്ദേഹത്തിനു ശീലമില്ല. എങ്കിലും ശങ്കരൻ ചെയ്ത ഈ ഉചിതകർമ്മത്തെക്കുറിച്ച് അഭിനന്ദിച്ച് ഒരു വാക്കു പറയണമെന്ന് എമ്പ്രാനു അത്യാഗ്രഹം ഉണ്ടായതിനാൽ കർണ്ണാടകം തന്നാൽ കഴിയുന്നേടത്തോളം മലയാളമാക്കി ഇങ്ങനെ പറഞ്ഞു.

എ :- നീനു ബഹള ബുദ്ധിമന്ത, രസിക നാനു ഉപവാസയിട്ടാലും നിവേദ്യ നിനഗുകൊടുത്ത ബെഗസ്താനമാഡിബാ നാനു മലയാളിക്ക ബന്തു എരഡു തിങ്കളുമാത്ര ആയിത്തപ്പാ നിന്മ മലയാളബായ നനഗു തെളിവതല്ലപ്പാ.

ശങ്കരൻ കുളിച്ചുവരുമ്പോഴേക്കു വാതിൽമാടത്തിൽ ഒരു ഭാഗത്തി ഒരു തേക്കിലയിൽ ഒരു പട നിവേദ്യച്ചോറും ഉപകരണമായി കുറെ ഉപ്പും പച്ചമുളകും സംഭാരവും എമ്പ്രാൻ തെയ്യാറാക്കി വെച്ചിരിക്കുന്നു. ശങ്കരൻ ഉടനെ ഭക്ഷണത്തിനു ഇരുന്നു. അപ്പോഴേക്കു ക്ഷേത്രത്തിലെ കഴകക്കാരന വാർയ്യർ കടന്നു വന്നു. "ആരാണ് പുതിയ വഴിപോക്കൻ" എന്നു എമ്പ്രാനോടു ചോദിച്ചുംകൊണ്ട് ശങ്കരൻ ഉണ്ണുന്ന സ്ഥലത്തിനു സമീപം ചെന്ന് ഇരുന്നു.

കഴകക്കാരൻ ശങ്കുവാർയ്യർ കുറെ പ്രായം ചെന്ന സുശീലനായ ഒരു മനുഷ്യനാണ്. ശങ്കരന്റെ മുഖത്തേക്കു സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു. ഒരു നാലഞ്ചു നിമിഷം നോക്കിക്കൊണ്ടിരുന്ന ശേഷം.-

ശങ്കുവാർയ്യർ :- ശങ്കരനോട്-മുമ്പെ ഞാൻ എവിടെയോവെച്ചു ഒരു പ്രാവശ്യം കണ്ടതായി എനിക്കു നല്ല ഓർമ്മ തോന്നുന്നു. എവിടെ വച്ചാണെന്ന് ഓർത്തുനോക്കീട്ടു ലേശം തോന്നുന്നില്ല.

ശ :- എനിക്കും കണ്ടതുപോലെ തോന്നുന്നു.

ശങ്കു :- എവിടെയാണ് ദിക്ക്.

ശ :-ദിക്കോ- പറയാം (എന്നു പറഞ്ഞ് ഒന്നു ചിറിച്ചു ) എന്റെ ദിക്കു പൂർവ്വം തിരുവനന്തപുരത്താണ്. ഇപ്പോൾ പ്രത്യേകം ദിക്ക് ഒന്നുമില്ല. സഞ്ചാരിയായി കാലം കഴിക്കുന്നു.

ശങ്കു :- കാശിക്കു പോയിട്ടുണ്ടോ ?

ശ :- ഉണ്ട്. കാശിയിൽ ഒന്നുരണ്ടു സംവത്സരം താമസിച്ചിട്ടുണ്ട്. [ 42 ] ശങ്കു :- ശരി , ശരി , അങ്ങിനെ വരട്ടെ ശരി , കാശിയിൽവെച്ചാണു കണ്ടിട്ടുള്ളത്. സംശയമില്ല. നിങ്ങൾ ആരുടെ കൂടെയാണു കാശിക്കു പോയത്.

ശ :- തെക്കില്ലത്ത് രാമൻമേനോൻ എന്നൊരാളുണ്ട് അദ്ദേഹത്തിന്റെ കൂടെ ഞാൻ പലപ്പോഴും കാശിയിൽ പോയി താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാർയ്യ കല്യാണിക്കുട്ടി അമ്മയും ഉണ്ടായിരുന്നു.

ശങ്കു :- ഓ ഹൊ , ഓ ഹൊ , പൂഞ്ചോലക്കര എടത്തിൽ നിന്നു പൊയ അമ്മ ! മനസ്സിലായി , മനസ്സിലായി. സകലതും മനസ്സിലായി. എനി ഒന്നും പറയണ്ട ശിവ ! ശിവ ! ഇപ്പോഴേക്ക് എട്ടുകൊല്ലമായി ഞാൻ നിങ്ങളെ കണ്ടിട്ട്. രാമൻമേനോനും കല്യാണി അമ്മയ്ക്കും ചെറിയ ഒരു പെൺകിടാവും അന്ന് ഉണ്ടായിരുന്നു. അവരൊക്കെ ഏതു ദിക്കിലാണ് ഇപ്പോൾ ? രാമൻമേനോൻ നല്ല ശിക്ഷയാണ്. ബഹുയോഗ്യനാണ്. എനിക്ക് അന്ന് അദ്ദേഹം ഒന്നാന്തരം ഒരു കസവു വേഷ്ടിയും കല്യാണിഅമ്മ ഒരു ചകലാസ്സു സമ്മാനമായി തന്നിരുന്നു.

ശങ്കരൻ ഉണ്ടായ വിവരങ്ങൾ എല്ലാം വാർയ്യരോടു പറഞ്ഞു. ഊൺകഴിഞ്ഞ് സുഖമായി അമ്പലത്തിൽ കിടന്നുറങ്ങി. ഉറങ്ങി ഉണർന്നപ്പോഴേക്കു നേരം അസ്തമനമായിരിക്കുന്നു. അന്നു രാത്രി വാർയ്യരുടെ കൂടെ സുഖമായി താമസിച്ചു. പലേ വിവരങ്ങളും അയാളിൽ നിന്നു ഗ്രഹിച്ചു. പിറ്റേ ദിവസത്തെ വണ്ടിക്കു രാമൻമേനോന്റെ അടുക്കലേക്കു പുറപ്പെടുകയും ചെയ്തു.

ഇതിനിടെ സർപ്പദൃഷ്ടിക്കാരൻ വൈത്തിപ്പട്ടര് പറഞ്ഞ നിശ്ചയപ്രകാരം ആൽത്തറക്കൽ വന്നു കുറെ കാത്തുനിന്ന് വഴിപോക്കര് ഓരോരുത്തരോടു ചോദിച്ചതിൽ ശങ്കരൻ കടന്നുപോയിരിക്കേണമെന്നു തോന്നി. നേരെ കടവിലേക്ക് നടന്ന് അവിടെ അന്വേഷിച്ചതിൽ ശങ്കരൻ കടന്നുപോയതായി അറിഞ്ഞു. കടവുകാരൻ ശങ്കരനെ വൈത്തിപ്പട്ടരുടെകൂടെ പൂഞ്ചോലക്കരയ്ക്കു പോവുമ്പോൾ കണ്ടിട്ടുണ്ട്. ശങ്കരൻ പ്രഭാതസമയം കടവ് കടന്നുപോയി എന്ന് അവർ പറഞ്ഞറിഞ്ഞു വൈത്തിപ്പട്ടർ വളരെ ക്രോധിച്ചു. സർപ്പദൃഷ്ടികലശലായി കൺമിഴികളുടെ ഗോഷ്ഠികളാൽ കടവിലുള്ളവരെ ആ സകലം ഭയപ്പെടുത്തി. ഉടനെ കടവു കടന്ന് നേരെ തീവണ്ടിക്കു കുതിച്ചു നടന്നു. വൈകുന്നേരത്തെ വണ്ടി കിട്ടി. അസ്തമിച്ചു പത്തുനാഴിക ആയപ്പോഴേക്കു തന്റെ ഗൃഹത്തിൽ എത്തി. രാമൻമേനോൻ ഉറങ്ങീട്ടില്ല. വിവരങ്ങളെക്കുറിച്ചു ചോദിച്ചതിൽ വൈത്തിപ്പട്ടർ ശങ്കരന്റെ ധിക്കാരത്താലും വികൃതിയാലും യാതൊന്നും താൻ വിചാരിച്ചപോലെ നടന്നി [ 43 ] ല്ലെന്നും എഴുത്തുകൊടുത്തുവോ എന്നുതന്നെ ഞാൻ അറിഞ്ഞില്ലയെന്നും മറ്റും ഘോഷം കൂട്ടി .

വൈ:- അവൻ ഇന്നു രാവിലത്തെ വണ്ടിക്ക് ഇങ്ങോട്ട് പോന്നിരിക്കുന്നുവല്ലോ. ഇതെന്തു കഥയാണ്. ഇങ്ങിനത്തെ കുരുത്തംകെട്ടവരെ കൂടെ കൊണ്ടു നടന്നാൽ എങ്ങനെ കാര്യം നടക്കും. ഞാൻ യജമാനന്റെ കൂടെ ആയതിൽ ശങ്കരന് വലിയ സുഖക്കേടുള്ളതുപോലെ തോന്നുന്നു. ഞാൻ പക്ഷേ യജമാനൻ കല്പിച്ചാൽ എന്റെ പാട്ടിൽ പോയ്ക്കോളാം . എന്നാൽ യജമാനൻ ഈ ജന്മം കുരുത്തം കെട്ട ചെക്കനെ ഒന്നിച്ചു താമസിപ്പിക്കരുത്. മഹാപാപിയാണ് അവൻ. അശേഷം സ്വാമിഭക്തിയും വകതിരിവും ഇല്ല, ഒരിക്കലും അവനെ കൂടെ താമസിപ്പിക്കരുതെ. ഉടൻ യജമാനൻ അവനെ കളയണം. അവന്റെ നാട്യവും ശൃംഗാരവും കണ്ടിട്ട് എനിക്കു മതിയായി.

രാമൻ മേനോന് ഈ വാക്കുകളെ അശേഷം രസിച്ചില്ല.

രാ:- ആട്ടെ, അവൻ നാളത്തെ വണ്ടിക്കു വരുമായിരിക്കാം.. വന്നിട്ടു വിവരങ്ങളെ എല്ലാം അന്വേഷിക്കാം. എന്നും പറഞ്ഞു മേനോൻ ഉറങ്ങാൻ പോയി.

പിറ്റേദിവസത്തെ വണ്ടിക്കു ശങ്കരൻ എത്തി വർതമാനങ്ങൾ എല്ലാം രാമൻ മേനോനോടു പറഞ്ഞു.

"ഓ ഹോ, ഇത്ര കലശലാണു വട്ടം." എന്നു മാത്രം രാമൻമേനോൻ അപ്പോൾ പറഞ്ഞു. എന്താണ് ഇനി പ്രവർത്തിക്കേണ്ടത് എന്ന ആലോചനയും തുടങ്ങി.

"https://ml.wikisource.org/w/index.php?title=ശാരദ/രണ്ടാം_അദ്ധ്യായം&oldid=38491" എന്ന താളിൽനിന്ന് ശേഖരിച്ചത്