അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/അഗസ്ത്യസന്ദർശനം
- ഭാനുമാനുദിച്ചപ്പോളർഘ്യവും നല്‌കി മഹാ-
- കാനനമാർഗ്ഗേ നടകൊണ്ടിതു മന്ദം മന്ദം. 360
- സർവർത്തുഫലകുസുമാഢ്യപാദപലതാ-
- സംവൃതം നാനാമൃഗസഞ്ചയനിഷേവിതം
- നാനാപക്ഷികൾ നാദംകൊണ്ടതിമനോഹരം
- കാനനം ജാതിവൈരരഹിതജന്തുപൂർണ്ണം
- നന്ദനസമാനമാനന്ദദാനാഢ്യം മുനി-
- നന്ദനവേദദ്ധ്വനിമണ്ഡിതമനുപമം
- ബ്രഹ്‌മർഷിപ്രവരന്മാരമരമുനികളും
- സമ്മോദംപൂണ്ടു വാഴും മന്ദിരനികരങ്ങൾ
- സംഖ്യയില്ലാതോളമുണ്ടോരോരോതരം നല്ല
- സംഖ്യാവത്തുക്കളുമുണ്ടറ്റമില്ലാതവണ്ണം. 370
- ബ്രഹ്‌മലോകവുമിതിനോടു നേരല്ലെന്നത്രേ
- ബ്രഹ്‌മജ്ഞന്മാരായുളേളാർ ചൊല്ലുന്നു കാണുംതോറും.
- ആശ്ചര്യമോരോന്നിവ കണ്ടുകണ്ടവരും ചെ-
- ന്നാശ്രമത്തിനു പുറത്തടുത്തു ശുഭദേശേ
- വിശ്രമിച്ചനന്തരമരുളിച്ചെയ്തു രാമൻ
- വിശ്രുതനായ സുതീക്ഷ്‌ണൻതന്നോ'ടിനിയിപ്പോൾ
- വേഗേന ചെന്നു ഭവാനഗസ്ത്യമുനീന്ദ്രനോ-
- ടാഗതനായോരെന്നെയങ്ങുണർത്തിച്ചീടേണം.
- ജാനകിയോടും ഭ്രാതാവായ ലക്ഷ്‌മണനോടും
- കാനനദ്വാരേ വസിച്ചീടുന്നിതുപാശ്രമം.' 380
- ശ്രുത്വാ രാമോക്തം സുതീക്ഷ്‌ണന്മഹാപ്രസാദമി-
- ത്യുക്താ സത്വരം ഗത്വാചാര്യമന്ദിരം മുദാ
- നത്വാ തം ഗുരുവരമഗസ്ത്യം മുനികുല-
- സത്തമം രഘൂത്തമഭക്തസഞ്ചയവൃതം
- രാമമന്ത്രാർത്ഥവ്യാഖ്യാതൽപരം ശിഷ്യന്മാർക്കാ-
- യ്‌ക്കാമദമഗസ്ത്യമാത്മാരാമം മുനീശ്വരം
- ആരൂഢവിനയംകൊണ്ടാനതവക്ത്രത്തോടു-
- മാരാൽ വീണുടൻ ദണ്ഡനമസ്‌കാരവും ചെയ്താൻ.
- "രാമനാം ദാശരഥി സോദരനോടും നിജ-
- ഭാമിനിയോടുമുണ്ടിങ്ങാഗതനായിട്ടിപ്പോൾ. 390
- നില്‌ക്കുന്നു പുറത്തുഭാഗത്തു കാരുണ്യാബ്ധേ! നിൻ
- തൃക്കഴലിണ കണ്ടു വന്ദിപ്പാൻ ഭക്തിയോടെ."
- മുമ്പേതന്നകകാമ്പിൽ കണ്ടറിഞ്ഞിരിക്കുന്നു
- കുംഭസംഭവൻ പുനരെങ്കിലുമരുൾചെയ്താൻഃ
- "ഭദ്രം തേ, രഘുനാഥമാനയ ക്ഷിപ്രം രാമ-
- ഭദ്രം മേ ഹൃദിസ്ഥിതം ഭക്തവത്സലം ദേവം.
- പാർത്തിരുന്നീടുന്നു ഞാനെത്രനാളുണ്ടു കാണ്മാൻ.
- പ്രാർത്ഥിച്ചു സദാകാലം ധ്യാനിച്ചു രാമരൂപം
- രാമ രാമേതി രാമമന്ത്രവും ജപിച്ചതി-
- കോമളം കാളമേഘശ്യാമളം നളിനാക്ഷം." 400
- ഇത്യുക്ത്വാ സരഭസമുത്ഥായ മുനിപ്രവ-
- രോത്തമൻ മദ്ധ്യേ ചിത്തമത്യന്തഭക്ത്യാ മുനി-
- സത്തമരോടും നിജശിഷ്യസഞ്ചയത്തോടും
- ഗത്വാ ശ്രീരാമചന്ദ്രവക്ത്രം പാർത്തരുൾചെയ്താൻഃ
- "ഭദ്രം തേ നിരന്തരമസ്തു സന്തതം രാമ-
- ഭദ്ര! മേ ദിഷ്‌ട്യാ ചിരമദ്യൈവ സമാഗമം.
- യോഗ്യനായിരിപ്പോരിഷ്‌ടാതിഥി ബലാൽ മമ
- ഭാഗ്യപൂർണ്ണത്വേന സംപ്രാപ്തനായിതു ഭവാൻ.
- അദ്യവാസരം മമ സഫല,മത്രയല്ല
- മത്തപസ്സാഫല്യവും വന്നിതു ജഗൽപതേ!" 410
- കുംഭസംഭവൻതന്നെക്കണ്ടു രാഘവൻതാനും
- തമ്പിയും വൈദേഹിയും സംഭ്രമസമന്വിതം
- കുമ്പിട്ടു ഭക്ത്യാ ദണ്ഡനമസ്‌കാരം ചെയ്തപ്പോൾ
- കുംഭജന്മാവുമെടുത്തെഴുനേൽപിച്ചു ശീഘ്രം
- ഗാഢാശ്ലേഷവുംചെയ്തു പരമാനന്ദത്തോടും
- ഗൂഢപാദീശാംശജനായ ലക്ഷ്‌മണനെയും
- ഗാത്രസ്പർശനപരമാഹ്ലാദജാതസ്രവ-
- ന്നേത്രകീലാലാകുലനായ താപസവരൻ
- ഏകേന കരേണ സംഗൃഹ്യ രോമാഞ്ചാന്വിതം
- രാഘവനുടെ കരപങ്കജമതിദ്രുതം 420
- സ്വാശ്രമം ജഗാമ ഹൃഷ്ടാത്മനാ മുനിശ്രേഷ്‌ഠ-
- നാശ്രിതജനപ്രിയനായ വിശ്വേശം രാമം
- പാദ്യാർഗ്‌ഘ്യാസന മധുപർക്കമുഖ്യങ്ങളുമാ-
- പാദ്യ സമ്പൂജ്യ സുഖമായുപവിഷ്‌ടം നാഥം
- വന്യഭോജ്യങ്ങൾകൊണ്ടു സാദരം ഭുജിപ്പിച്ചു
- ധന്യനാം തപോധനനേകാന്തേ ചൊല്ലീടിനാൻഃ