അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


ചാപബാണങ്ങളേയുമെടുത്തു പരികര-
മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. 900
നില്‌ക്കുന്നനേരമാർത്തുവിളിച്ചു നക്തഞ്ചര-
രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാർ.
വൃക്ഷങ്ങൾ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം
പ്രക്ഷേപിച്ചിതു വേഗാൽ പുഷ്‌കരനേത്രൻമെയ്‌മേൽ.
തൽക്ഷണമവയെല്ലാമെയ്‌തു ഖണ്ഡിച്ചു രാമൻ
രക്ഷോവീരന്മാരെയും സായകാവലി തൂകി
നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങൾതന്നാ-
ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ലാം.
ഉഗ്രനാം സേനാപതി ദൂഷണനതുനേര-
മുഗ്രസന്നിഭനായ രാമനോടടുത്തിതു. 910
തൂകിനാൻ ബാണഗണ,മവേറ്റ്‌ രഘുവരൻ
വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി.
നാലു ബാണങ്ങളെയ്‌തു തുരഗം നാലിനെയും
കാലവേശ്‌മനി ചേർത്തു സാരഥിയോടുംകൂടെ.
ചാപവും മുറിച്ചു തൽകേതുവും കളഞ്ഞപ്പോൾ
കോപേന തേരിൽനിന്നു ഭൂമിയിൽ ചാടിവീണാൻ.
പിൽപാടു ശതഭാരായസനിർമ്മിതമായ
കെൽപേറും പരിഘവും ധരിച്ചു വന്നാനവൻ.
തൽബാഹുതന്നെച്ഛേദിച്ചീടിനാൻ ദാശരഥി
തൽപരിഘത്താൽ പ്രഹരിച്ചിതു സീതാപതി. 920
മസ്തകം പിളർന്നവനുർവിയിൽ വീണു സമ-
വർത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും.
ദൂഷണൻ വീണനേരം വീരനാം ത്രിശിരസ്സും
രോഷേണ മൂന്നുശരം കൊണ്ടു രാമനെയെയ്‌താൻ.
മൂന്നും ഖണ്ഡിച്ചു രാമൻ മൂന്നുബാണങ്ങളെയ്‌താൻ
മൂന്നുമെയ്‌തുടൻ മുറിച്ചീടിനാൻ ത്രിശിരസ്സും
നൂറുബാണങ്ങളെയ്‌താനന്നേരം ദാശരഥി
നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്‌താൻ.
അവയും മുറിച്ചവനയുതം ബാണമെയ്‌താ-
നവനീപതിവീരനവയും നുറുക്കിനാൻ. 930
അർദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ-
ലുത്തമാംഗങ്ങൾ മൂന്നും മുറിച്ചു പന്താടിനാൻ.
അന്നേരം ഖരനാദിത്യാഭതേടീടും രഥം-
തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു
വന്നു രാഘവനോടു ബാണങ്ങൾ തൂകീടിനാ,-
നൊന്നിനൊന്നെയ്‌തു മുറിച്ചീടിനാനവയെല്ലാം.
രാമബാണങ്ങൾകൊണ്ടും ഖരബാണങ്ങൾകൊണ്ടും
ഭൂമിയുമാകാശവും കാണരുതാതെയായി.
നിഷ്‌ഠുരതരമായ രാഘവശരാസനം
പൊട്ടിച്ചാൻ മുഷ്‌ടിദേശേ ബാണമെയ്താശു ഖരൻ. 940
ചട്ടയും നുറുക്കിനാൻ ദേഹവും ശരങ്ങൾകൊ-
ണ്ടൊട്ടൊഴിയാതെ പിളർന്നീടിനാ,നതുനേരം
താപസദേവാദികളായുളള സാധുക്കളും
താപമോടയ്യോ! കഷ്‌ടം! കഷ്‌ടമെന്നുരചെയ്‌താർ.
ജയിപ്പൂതാക രാമൻ ജയിപ്പൂതാകയെന്നു
ഭയത്തോടമരരും താപസന്മാരും ചൊന്നാർ.
തല്‌ക്കാലേ കുംഭോത്ഭവൻതന്നുടെ കയ്യിൽ മുന്നം
ശക്രനാൽ നിക്ഷിപ്തമായിരുന്ന ശരാസനം
തൃക്കയ്യിൽ കാണായ്‌വന്നിതെത്രയും ചിത്രം ചിത്രം;
മുഖ്യവൈഷ്‌ണവചാപം കൈക്കൊണ്ടു നില്‌ക്കുന്നേരം 950
ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്‌ണവതേജ-
സ്സുൾക്കൊണ്ടു കാണായ്‌വന്നു രാമചന്ദ്രനെയപ്പോൾ.
ഖണ്ഡിച്ചാൻ ഖരനുടെ ചാപവും കവചവും
കുണ്ഡലഹാര കിരീടങ്ങളുമരക്ഷണാൽ.
സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി-
ച്ചാദിനായകനടുത്തീടിന നേരത്തിങ്കൽ
മറ്റൊരു തേരിൽ കരയേറിനാനാശു ഖരൻ
തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോൾ.
പിന്നെയും ഗദയുമായടുത്താനാശു ഖരൻ
ഭിന്നമാക്കിനാൻ വിശിഖങ്ങളാലതും രാമൻ. 960
ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി-
ലേറിവന്നസ്ത്രപ്രയോഗം തുടങ്ങിനാൻ ഖരൻ.
ഘോരമാമാഗ്നേയാസ്ത്രമെയ്‌തു രഘുവരൻ
വാരുണാസ്ത്രേന തടുത്തീടിനാൻ ജിതശ്രമം.
പിന്നെക്കൗബേരമസ്ത്രമെയ്‌തതൈന്ദ്രാസ്‌ത്രംകൊണ്ടു
മന്നവൻ തടഞ്ഞതു കണ്ടു രാക്ഷസവീരൻ
നൈര്യതമസ്ത്രം പ്രയോഗിച്ചിതു യുമ്യാസ്ത്രേണ
വീരനാം രഘുപതി തടുത്തുകളഞ്ഞപ്പോൾ
വായവ്യമയച്ചതുമൈന്ദ്രാസ്‌ത്രംകൊണ്ടു ജഗ-
ന്നായകൻ തടുത്തതു കണ്ടു രാക്ഷസവീരൻ 970
ഗാന്ധർവ്വമയച്ചതു ഗൗഹ്യകമസ്ത്രംകൊണ്ടു
ശാന്തമായതു കണ്ടു ഖരനും കോപത്തോടെ
ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമൻ
ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാൽ
തീക്ഷ്‌ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി
വൈഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാൽ
സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു
തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോൾ
യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി-
ക്രോധേന രഘുവരനോടടുത്തീടുന്നേരം 980
ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ-
ന്നിന്ദ്രാരിതലയറുത്തീടിനാൻ ജഗന്നാഥൻ.
വീണിതു ലങ്കാനഗരോത്തരദ്വാരേ തല
തൂണി പുക്കിതു വന്നു ബാണവുമതുനേരം.
കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു
കുണ്‌ഠഭാവേന നിന്നു സംശയം തുടങ്ങിനാർ.
ഖരദൂഷണത്രിശിരാക്കളാം നിശാചര-
വരരും പതിന്നാലായിരവും മരിച്ചിതു
നാഴിക മൂന്നേമുക്കാൽകൊണ്ടു രാഘവൻതന്നാ,-
ലൂഴിയിൽ വീണാളല്ലോ രാവണഭഗിനിയും. 990
മരിച്ച നിശാചരർ പതിനാലായിരവും
ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം,
ജ്ഞാനവും ലഭിച്ചിതു രാഘവൻപോക്കൽനിന്നു
മാനസേ പുനരവരേവരുമതുനേരം
രാമനെ പ്രദക്ഷിണംചെയ്‌തുടൻ നമസ്‌കരി-
ച്ചാമോദംപൂണ്ടു കൂപ്പിസ്തുതിച്ചാർ പലതരംഃ
"നമസ്തേ പാദാംബുജം രാമ! ലോകാഭിരാമ!
സമസ്തപാപഹരം സേവകാഭീഷ്‌ടപ്രദം.
സമസ്തേശ്വര! ദയാവാരിധേ! രഘുപതേ!
രമിച്ചീടണം ചിത്തം ഭവതി രമാപതേ! 1000
ത്വൽപാദാംബുജം നിത്യം ധ്യാനിച്ചു മുനിജന-
മുത്ഭവമരണദുഃഖങ്ങളെക്കളയുന്നു
മുൽപാടു മഹേശനെത്തപസ്സുചെയ്‌തു സന്തോ-
ഷിപ്പിച്ചു ഞങ്ങൾമുമ്പിൽ പ്രത്യക്ഷനായനേരം
'ഭേദവിഭ്രമം തീർത്തു സംസാരവൃക്ഷമൂല-
ച്ഛേദനകുഠാരമായ്‌ ഭവിക്ക ഭവാ'നിതി
പ്രാർത്ഥിച്ചു ഞങ്ങൾ മഹാദേവനോടതുമൂല-
മോർത്തരുൾചെയ്‌തു പരമേശ്വരനതുനേരം.
'യാമിനീചരന്മാരായ്‌ ജനിക്ക നിങ്ങളിനി
രാമനായവതരിച്ചീടുവൻ ഞാനും ഭൂമൗ. 1010
രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു-
മോക്ഷവും തന്നീടുവനില്ല സംശയമേതും.'
എന്നരുൾചെയ്‌തു പരമേശ്വരനതുമൂലം
നിർണ്ണയം മഹാദേവനായതും രഘുപതി.
ജ്ഞാനോപദേശംചെയ്‌തു മോക്ഷവും തന്നീടണ-
മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!"
എന്നവരപേക്ഷിച്ചനേരത്തു രഘുനാഥൻ
മന്ദഹാസവും പൂണ്ടു സാനന്ദമരുൾചെയ്‌തുഃ
"വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികൾ-
ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ. 1020
ജാഗ്രത്സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങൾക്കും മീതേ
സാക്ഷിയാം പരബ്രഹ്‌മം സച്ചിദാനന്ദമേകം.
ബാല്യകൗമാരാദികളാഗമാപായികളാം
കാല്യാദിഭേദങ്ങൾക്കും സാക്ഷിയായ്മീതേ നില്‌ക്കും.
പരമാത്മാവു പരബ്രഹ്‌മമാനന്ദാത്മകം
പരമം ധ്യാനിക്കുമ്പോൾ കൈവല്യം വന്നുകൂടും."
ഈവണ്ണമുപദേശംചെയ്‌തു മോക്ഷവും നല്‌കി
ദേവദേവേശൻ ജഗൽക്കാരണൻ ദാശരഥി.
രാഘവൻ മൂന്നേമുക്കാൽ നാഴികകൊണ്ടു കൊന്നാൻ
വേഗേന പതിന്നാലുസഹസ്രം രക്ഷോബലം. 1030
സൗമിത്രി സീതാദേവിതന്നോടുംകൂടെ വന്നു
രാമചന്ദ്രനെ വീണു നമസ്‌കാരവും ചെയ്‌താൻ.
ശസ്ത്രൗഘനികൃത്തമാം ഭർത്തൃവിഗ്രഹം കണ്ടു
മുക്തബാഷ്പോദം വിദേഹാത്മജ മന്ദംമന്ദം
തൃക്കൈകൾകൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാ-
ളൊക്കവേ പുണ്ണുമതിൻ വടുവും വാച്ചീടിനാൾ.
രക്ഷോവീരന്മാർ വീണുകിടക്കുന്നതു കണ്ടു
ലക്ഷ്‌മണൻ നിജഹൃദി വിസ്‌മയം തേടീടിനാൻ.
'രാവണൻതന്റെ വരവുണ്ടിനിയിപ്പോ'ളെന്നു
ദേവദേവനുമരുൾചെയ്‌തിരുന്നരുളിനാൻ. 1040
പിന്നെ ലക്ഷ്‌മണൻതന്നെ വൈകാതെ നിയോഗിച്ചാൻഃ
'ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം.
യുദ്ധംചെയ്തതും ഖരദൂഷണത്രിശിരാക്കൾ
സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും
താപസന്മാരോടറിയിച്ചു നീ വരികെ'ന്നു
പാപനാശനനരുൾചെയ്‌തയച്ചോരുശേഷം,
സുമിത്രാപുത്രൻ തപോധനന്മാരോടു ചൊന്നാ-
നമിത്രാന്തകൻ ഖരൻ മരിച്ച വൃത്താന്തങ്ങൾ.
ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു-
മമർത്ത്യവൈരികളെന്നുറച്ചു മുനിജനം. 1050
പലരുംകൂടി നിരൂപിച്ചു നിർമ്മിച്ചീടിനാർ
പലലാശികൾമായ തട്ടായ്‌വാൻ മൂന്നുപേർക്കും
അംഗുലീയവും ചൂഡാരത്നവും കവചവു-
മംഗേ ചേർത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാർ.
ലക്ഷ്‌മണനവ മൂന്നും കൊണ്ടുവന്നാശു രാമൻ-
തൃക്കാല്‌ക്കൽവച്ചു തൊഴുതീടിനാൻ ഭക്തിയോടെ.
അംഗുലീയകമെടുത്തംബുജവിലോചന-
നംഗുലത്തിന്മേലിട്ടു, ചൂഡാരത്നവും പിന്നെ
മൈഥിലിതനിക്കു നല്‌കീടിനാൻ, കവചവും
ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാൻ. 1060