അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/സുതീഷ്ണാശ്രമപ്രവേശം
- സത്യവിക്രമനിതി സത്യവുംചെയ്‌തു തത്ര
- നിത്യസംപൂജ്യമാനനായ് വനവാസികളാൽ
- തത്ര തത്രൈവ മുനിസത്തമാശ്രമങ്ങളിൽ
- പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി 260
- സത്സംസർഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു
- വത്സരം ത്രയോദശ,മക്കാലം കാണായ്‌വന്നു
- വിഖ്യാതമായ സുതീക്ഷ്‌ണാശ്രമം മനോഹരം
- മുഖ്യതാപസകുലശിഷ്യസഞ്ചയപൂർണ്ണം
- സർവർത്തുഗുണഗണസമ്പന്നമനുപമം
- സർവകാലാനന്ദദാനോദയമത്യത്ഭുതം
- സർവപാദപലതാഗുൽമസംകുലസ്ഥലം
- സർവസൽപക്ഷിമൃഗഭുജംഗനിഷേവിതം.
- രാഘവനവരജൻതന്നോടും സീതയോടു-
- മാഗതനായിതെന്നു കേട്ടോരു മുനിശ്രേഷ്‌ഠൻ 270
- കുംഭസംഭവനാകുമഗസ്ത്യശിഷ്യോത്തമൻ
- സംപ്രീതൻ രാമമന്ത്രോപാസനരതൻ മുനി
- സംഭ്രമത്തോടു ചെന്നു കൂട്ടിക്കൊണ്ടിങ്ങു പോന്നു
- സംപൂജ്യച്ചരുളിനാനർഗ്‌ഘ്യപാദാദികളാൽ.
- ഭക്തിപൂണ്ടശ്രുജനനേത്രനായ് സഗദ്‌ഗദം
- ഭക്തവത്സലനായ രാഘവനോടു ചൊന്നാൻഃ
- "നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ
- സന്തതം ജപിപ്പു ഞാൻ മൽഗുരുനിയോഗത്താൽ.
- ബ്രഹ്‌മശങ്കരമുഖ്യവന്ദിമാം പാദമല്ലോ
- നിന്മഹാമായാർണ്ണവം കടപ്പാനൊരു പോതം. 280
- ആദ്യന്തമില്ലാതൊരു പരമാത്മാവല്ലോ നീ
- വേദ്യമല്ലൊരുനാളുമാരാലും ഭവത്തത്ത്വം.
- ത്വത്ഭക്തഭൃത്യഭൃത്യഭൃത്യനായിടേണം ഞാൻ
- ത്വൽപാദാംബുജം നിത്യമുൾക്കാമ്പിലുദിക്കണം.
- പുത്രഭാര്യാർത്ഥനിലയാന്ധകൂപത്തിൽ വീണു
- ബദ്ധനായ് മുഴുകീടുമെന്നെ നിന്തിരുവടി
- ഭക്തവാത്സല്യകരുണാകടാക്ഷങ്ങൾതന്നാ-
- ലുദ്ധരിച്ചീടേണമേ സത്വരം ദയാനിധേ!
- മൂത്രമാംസാമേദ്ധ്യാന്ത്രപുൽഗല പിണ്ഡമാകും
- ഗാത്രമോർത്തോളമതി കശ്‌മല,മതിങ്കലു- 290
- ളളാസ്ഥയാം മഹാമോഹപാശബന്ധവും ഛേദി-
- ച്ചാർത്തിനാശന! ഭവാൻ വാഴുകെന്നുളളിൽ നിത്യം.
- സർവഭൂതങ്ങളുടെയുളളിൽ വാണീടുന്നതും
- സർവദാ ഭവാൻതന്നെ കേവലമെന്നാകിലും
- ത്വന്മന്ത്രജപരതന്മാരായ ജനങ്ങളെ
- ത്വന്മഹാമായാദേവി ബന്ധിച്ചീടുകയില്ല.
- ത്വന്മന്ത്രജപവിമുഖന്മാരാം ജനങ്ങളെ
- ത്വന്മഹാമായാദേവി ബന്ധിപ്പിച്ചീടുന്നതും.
- സേവാനുരൂപഫലദാനതൽപരൻ ഭവാൻ
- ദേവപാദപങ്ങളെപ്പോലെ വിശ്വേശ പോറ്റീ! 300
- വിശ്വസംഹാരസൃഷ്‌ടിസ്ഥിതികൾ ചെയ്‌വാനായി
- വിശ്വമോഹിനിയായ മായതൻ ഗുണങ്ങളാൽ
- രുദ്രപങ്കജഭവവിഷ്ണുരൂപങ്ങളായി-
- ച്ചിദ്രൂപനായ ഭവാൻ വാഴുന്നു, മോഹാത്മനാം
- നാനാരൂപങ്ങളായിത്തോന്നുന്നു ലോകത്തിങ്കൽ
- ഭാനുമാൻ ജലംപ്രതി വെവ്വേറെ കാണുംപോലെ.
- ഇങ്ങനെയുളള ഭഗവത്സ്വരൂപത്തെ നിത്യ-
- മെങ്ങനെയറിഞ്ഞുപാസിപ്പു ഞാൻ ദയാനിധേ!
- അദ്യൈവ ഭവച്ചരണാംബുജയുഗം മമ
- പ്രത്യക്ഷമായ്‌വന്നിതു മത്തപോബലവശാൽ. 310
- ത്വന്മന്ത്രജപവിശുദ്ധാത്മനാം പ്രസാദിക്കും
- നിർമ്മലനായ ഭവാൻ ചിന്മയനെന്നാകിലും
- സന്മയമായി പരബ്രഹ്‌മമായരൂപമായ്
- കർമ്മണാമഗോചരമായോരു ഭവദ്രൂപം
- ത്വന്മായാവിഡംബനരചിതം മാനുഷ്യകം
- മന്മഥകോടികോടിസുഭഗം കമനീയം
- കാരുണ്യപൂർണ്ണനേത്രം കാർമ്മുകബാണധരം
- സ്മേരസുന്ദരമുഖമജിനാംബരധരം
- സീതാസംയുതം സുമിത്രാത്മജനിഷേവിത-
- പാദപങ്കജം നീലനീരദകളേബരം. 320
- കോമളമതിശാന്തമനന്തഗുണമഭി-
- രാമമാത്മാരാമമാനന്ദസമ്പൂർണ്ണാമൃതം
- പ്രത്യക്ഷമദ്യ മമ നേത്രഗോചരമായോ-
- രിത്തിരുമേനി നിത്യം ചിത്തേ വാഴുകവേണം.
- മുറ്റീടും ഭക്ത്യാ നാമമുച്ചരിക്കായീടണം
- മറ്റൊരു വരമപേക്ഷിക്കുന്നേനില്ല പോറ്റീ!"
- വന്ദിച്ചു കൂപ്പി സ്തുതിച്ചീടിന മുനിയോടു
- മന്ദഹാസവും പൂണ്ടു രാഘവനരുൾചെയ്‌തുഃ
- "നിത്യവുമുപാസനാശുദ്ധമായിരിപ്പോരു
- ചിത്തം ഞാനറിഞ്ഞത്രേ കാണ്മാനായ്‌വന്നു മുനേ! 330
- സന്തതമെന്നെത്തന്നെ ശരണം പ്രാപിച്ചു മ-
- ന്മന്ത്രോപാസകന്മാരായ് നിരപേക്ഷന്മാരുമായ്
- സന്തുഷ്‌ടന്മാരായുളള ഭക്തന്മാർക്കെന്നെ നിത്യം
- ചിന്തിച്ചവണ്ണംതന്നെ കാണായ്‌വന്നീടുമല്ലോ.
- ത്വൽകൃതമേതൽ സ്തോത്രം മൽപ്രിയം പഠിച്ചീടും
- സൽകൃതിപ്രവരനാം മർത്ത്യനു വിശേഷിച്ചും
- സൽഭക്തി ഭവിച്ചീടും ബ്രഹ്‌മജ്ഞാനവുമുണ്ടാ-
- മൽപവുമതിനില്ല സംശയം നിരൂപിച്ചാൽ.
- താപസോത്തമ! ഭവാനെന്നെസ്സേവിക്കമൂലം
- പ്രാപിക്കുമല്ലോ മമ സായൂജ്യം ദേഹനാശേ. 380
- ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യനെ-
- ക്കണ്ടു വന്ദിച്ചുകൊൾവാ,നെന്തതിനാവതിപ്പോൾ?
- തത്രൈവ കിഞ്ചിൽക്കാലം വസ്‌തുമുണ്ടത്യാഗ്രഹ-
- മെത്രയുണ്ടടുത്തതുമഗസ്ത്യാശ്രമം മുനേ!"
- ഇത്ഥം രാമോക്തി കേട്ടു ചൊല്ലിനാൻ സുതീക്ഷ്‌ണനു-
- "മസ്തു തേ ഭദ്ര,മതു തോന്നിയതതിന്നു ഞാൻ
- കാട്ടുവേനല്ലോ വഴി കൂടെപ്പോന്നടുത്തനാൾ.
- വാട്ടമെന്നിയേ വസിക്കേണമിന്നിവിടെ നാം
- ഒട്ടുനാളുണ്ടു ഞാനും കണ്ടിട്ടെൻ ഗുരുവിനെ.
- പുഷ്‌ടമോദത്തോടൊക്കത്തക്കപ്പോയ്‌ക്കാണാമല്ലോ." 390
- ഇത്ഥമാനന്ദംപൂണ്ടു രാത്രിയും കഴിഞ്ഞപ്പോ-
- ളുത്ഥാനംചെയ്തു സന്ധ്യാവന്ദനം കൃത്വാ ശീഘ്രം
- പ്രീതനാം മുനിയോടും ജാനകീദേവിയോടും
- സോദരനോടും മന്ദം നടന്നു മദ്ധ്യാഹ്നേ പോയ്
- ചെന്നിതു രാമനഗസ്ത്യാനുജാശ്രമേ ജാവം
- വന്നു സൽക്കാരംചെയ്താനഗസ്ത്യസഹജനും
- വന്യഭോജനവുംചെയ്തന്നവരെല്ലാവരു-
- മന്യോന്യസല്ലാപവും ചെയ്തിരുന്നോരുശേഷംഃ