അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ജടായുസ്തുതി
- "അഗണ്യഗുണമാദ്യമവ്യയമപ്രമേയ-
- മഖിലജഗൽസൃഷ്‌ടിസ്ഥിതിസംഹാരമൂലം
- പരമം പരാപരമാനന്ദം പരാത്മാനം
- വരദമഹം പ്രണതോസ്‌മി സന്തതം രാമം. 1670
- മഹിതകടാക്ഷവിക്ഷപിതാമരശൂചം
- രഹിതാവധിസുഖമിന്ദിരാമനോഹരം
- ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര-
- കോമളകരാംബുജം പ്രണതോസ്മ്യഹം രാമം.
- ഭൂവനകമനീയരൂപമീഡിതം ശത-
- രവിഭാസുരമഭീഷ്‌ടപ്രദം ശരണദം
- സുരപാദപമൂലരചിതനിലയനം
- സുരസഞ്ചയസേവ്യം പ്രണതോസ്മ്യഹം രാമം.
- ഭവകാനനദവദഹനനാമധേയം
- ഭവപങ്കജഭവമുഖദൈവതം ദേവം 1680
- ദനുജപതികോടി സഹസ്രവിനാശനം
- മനുജാകാരം ഹരിം പ്രണതോസ്മ്യഹം രാമം.
- ഭവഭാവനാദൂരം ഭഗവത്സ്വരൂപിണം
- ഭവഭീവിരഹിതം മുനിസേവിതം പരം
- ഭവസാഗരതരണാംഘൃപോതകം നിത്യം
- ഭവനാശായാനിശം പ്രണതോസ്മ്യഹം രാമം.
- ഗിരിശ ഗിരിസുതാഹൃദയാംബുജവാസം
- ഗിരിനായകധരം ഗിരിപക്ഷാരിസേവ്യം
- സുരസഞ്ചയദനുജേന്ദ്രസേവിതപാദം
- സുരപമണിനിഭം പ്രണതോസ്മ്യഹം രാമം. 1690
- പരദാരാർത്ഥപരിവർജ്ജിതമനീഷിണാം
- പരപൂരുഷഗുണഭൂതി സന്തുഷ്‌ടാത്മനാം
- പരലോകൈകഹിതനിരതാത്മനാം സേവ്യം
- പരമാനന്ദമയം പ്രണതോസ്മ്യഹം രാമം.
- സ്മിതസുന്ദരവികസിതവക്ത്രാംഭോരുഹം
- സ്മൃതിഗോചരമസിതാംബുദകളേബരം
- സിതപങ്കജചാരുനയനം രഘുവരം
- ക്ഷിതിനന്ദിനീവരം പ്രണതോസ്മ്യഹം രാമം.
- ജലപാത്രൗഘസ്ഥിതരവിമണ്ഡലംപോലെ
- സകലചരാചരജന്തുക്കളുളളിൽ വാഴും 1700
- പരിപൂർണ്ണാത്മാനമദ്വയമവ്യയമേകും
- പരമം പരാപരം പ്രണതോസ്മ്യഹം രാമം.
- വിധിമാധവ ശംഭുരൂപഭേദേന ഗുണ-
- ത്രിതയവിരാജിതം കേവലം വിരാജന്തം
- ത്രിദശമുനിജനസ്തുതമവ്യക്തമജം
- ക്ഷിതിജാമനോഹരം പ്രണതോസ്മ്യഹം രാമം.
- മന്മഥശതകോടി സുന്ദരകളേബരം
- ജന്മനാശാദിഹീനം ചിന്മയം ജഗന്മയം
- നിർമ്മലം ധർമ്മകർമ്മാധാരമപ്യനാധാരം
- നിർമ്മമമാത്മാരാമം പ്രണതോസ്മ്യഹം രാമം." 1710
- ഇസ്തുതി കേട്ടു രാമചന്ദ്രനും പ്രസന്നനായ്
- പത്രീന്ദ്രൻതന്നോടരുളിച്ചെയ്തു മധുരമായ്‌ഃ
- "അസ്തു തേ ഭദ്രം, ഗച്ഛ പദം മേ വിഷ്ണോഃ പരം
- ഇസ്തോത്രമെഴുതിയും പഠിച്ചും കേട്ടുകൊണ്ടാൽ
- ഭക്തനായുളളവനു വന്നീടും മത്സാരൂപ്യം
- പക്ഷീന്ദ്ര! നിന്നെപ്പോലെ മൽപരായണനായാൽ."
- ഇങ്ങനെ രാമവാക്യം കേട്ടൊരു പക്ഷിശ്രേഷ്‌ഠ-
- നങ്ങനെതന്നെ വിഷ്ണുസാരൂപ്യം പ്രാപിച്ചുപോയ്
- ബ്രഹ്‌മപൂജിതമായ പദവും പ്രാപിച്ചുഥേ
- നിർമ്മലരാമനാമം ചൊല്ലുന്ന ജനംപോലെ. 1720