ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
ഒന്നാം സർഗ്ഗം

[ 1 ]

ഒന്നാം സർഗ്ഗം


ശ്രീക്കേറ്റ ലാസ്യപദമായ്‌ ഭുവി സഹ്യമാകു-
മാക്കേളിപൂണ്ട മലയുണ്ടു വിളങ്ങിടുന്നു
ഈക്കേരളാഖ്യ വിഷയത്തിനു നേർകിഴക്കാ-
യൂക്കേറിടും പ്രകൃതി കെട്ടിയ കോട്ടപോലെ.
       1
വന്ധ്യം ശമിക്കരിശമെന്നറിവാർന്നൊടുക്കം
വിന്ധ്യപ്രഭേദി മുനി സഹ്യമിതിൽത്തപിപ്പാൻ
സന്ധ്യർത്ഥി കുന്നുകളൊടെന്നവിധം കടന്നു
സന്ധ്യയ്ക്കു ചണ്ഡകിരണൻ ചരമാദ്രിയിൽപ്പോൽ.
       2
നാട്ടാർക്കലം ഘനരസത്തെയണ,ച്ചിളക്കം
കാട്ടാതെ വീതി, ഗജ, മാൾ മുതലായ ചിഹ്‌നം
കൂട്ടാർന്നു വംശമണി, യിക്ഷിതിഭൃത്തു കേളി-
കേട്ടാളുമഗ്ര്യകനകത്തൊടു മിന്നിടുന്നു.
       3
വൻകേസരീന്ദ്രർ വിതറും മദയൂഥനാഥർ-
തൻകേടകന്ന നറുമുത്തുകൾ കണ്ടിടുമ്പോൾ
സങ്കേതസീമ്‌നി ചതിചെയ്തു മണാളരെന്നു
വിൺകേഴ‌‍മാൻമിഴികൾ നെറ്റി ചുളിച്ചിടുന്നു.
       4
പാലഞ്ചുമാറിഹ കിരാതികൾ പാട്ടുപാടി
നീലത്തഴക്കുഴലഴിച്ചു പകുത്തിടുമ്പോൾ
ചാലത്തണഞ്ഞു പകവിട്ടു ഫണാകലാപ-
ജാലം വിരിച്ചുരഗകേകികളാടിടുന്നു.
       5
ചേണാളുമങ്ങു നിജമൗലിയിൽനിന്നു പൊങ്ങും
ശോണാശ്‌മഭാസ്സുടയ ചന്ദനകാനനത്തിൽ
പ്രാണാധികപ്രണയമേന്തുകിലും പണിപ്പെ-
ട്ടാ,ണാനയിക്കുവതഹീന്ദ്രർ നവോഢമാരെ.
       6
കാട്ടാളരേകുമൊരു ചന്ദനദാരു ലോഭം
കാട്ടാതെയുണ്ടനലനായവരെ, പ്രകാമം
കൂട്ടാളി ഗന്ധവഹനോടരികത്തു ഘോഷം
കൂട്ടാതെ ചെന്നുപചരിപ്പതിനോതിടുന്നു.
       7
സോമോപമാസ്യകൾ പിണങ്ങുകമൂലമുള്ളിൽ-
ക്കാമോപരോധമിയലും തരുണർക്കു തെന്നൽ
പ്രേമോക്തിയിൽ പ്രിയകളെസ്സവിധത്തിലാക്കി-
യാമോദമേറ്റമരുളുന്നു സഖാവുപോലെ.
       8

[ 2 ]


തുംഗദ്രുരോമ,മരുവിക്കരയഷ്ടി, പാദം,
ശൃംഗപ്പെരുന്തല, ഗുഹാസ്യമിതൊക്കെയേറ്റം
അംഗത്തിലാളുമിന്നവനാദിവിരാൾപുമാൻപോൽ
ഭംഗംവെടിഞ്ഞു മുനിസേവിതനായിടുന്നു        9

മേട്ടുംപുറത്തു ഹിമമന്തിയിലെത്തിയാന്ധ്യം
കൂട്ടുന്നനേരമനിമേഷർ, തടസ്സമെന്യേ
വേട്ടുള്ളൊരോമനകൾ കണ്ണുമിഴിച്ചു നില്ക്കെ-
ക്കാട്ടുന്നു കാടുകൾ പരാംഗനമാരുമായി.        10

ആക്കത്തിലേറ്റവുമുയർന്നു നിരന്നുനില്ക്കും
മേൽക്കമ്പു തെന്നലിലുലഞ്ഞ വനദ്രുമങ്ങൾ
നോക്കട്ടെ നിൻകരമടിക്കു കടപ്പതെന്നാ-
യാക്കർമ്മസാക്ഷിയൊടുരയ്പതുപോലെ തോന്നും.        11

പാരിച്ച ദുഷ്ടമൃഗപക്ഷിഗണത്തെ വേട്ട-
പ്പോരിൽ ജയിച്ചിവിടെ മേവിന ഭൂതനാഥൻ
ഹാരിത്വമാർന്നമരപങ്‌ക്തി പൊഴിച്ചിടും പൂ-
മാരിത്തണുപ്പരുവിയിൽത്തലകാട്ടിടുന്നു.        12

വ്യാലം വിഭൂതിയിവ പൂ,ണ്ടഖിലാഗമങ്ങൾ
ക്കാലംബമായ്, ഭൃതഗുഹത്വമൊടൊത്തുകൂടി,
കോലം ശിവാകലിതമാക്കിടുമിഗ്ഗിരീശൻ
ശ്രീലദ്വിജാധിപനെ മൗലിയിലേന്തിടുന്നു.        13

ത്വിട്ടെമ്പടിക്കുടയ വിന്ധ്യനിൽനിന്നു താൻ താഴ്-
പോട്ടെയ്ക്കിറങ്ങിയലയാഴിയിലെത്തുവോളം
മുട്ടെക്കിടക്കുമിതു ദക്ഷിണഭാരതത്തിൻ
നട്ടെല്ലുപോലെ വിലസുന്നു നവാഭമായി.        14

ഭൂഷയ്ക്കു വൃക്ഷതൃണപങ്‌ക്തി കലർന്നു ചാരു-
വേഷത്തിൽ മിന്നുമൊരിതിൻ പുകൾ തീർത്തുരപ്പാൻ
ശേഷന്നുമുണ്ടു പണി; നല്ല ഗിരീശനായാൽ
ഭാഷയ്ക്കവന്നു കുറവിന്നവകാശമുണ്ടോ ?        15

ഉണ്ടാഗ്ഗിരിക്കരികിൽ മേക്കുവശത്തൊളിപ്പൂ-
ച്ചെണ്ടായ് ശ്ശിവാദ്രിയുടെ തെക്കളകാപുരംപോൽ
തണ്ടാരിൽമാതിനുടെ കൂത്തു വെളിക്കുനിന്നു
കൊണ്ടാടുമാഴിയതിരാം മലയാളരാജ്യം.        16

പാരം കരിമ്പു പനസം മുളകേലമിഞ്ചി
കേരം കവുങ്ങു തളിർവെറ്റിലയേത്തവാഴ
ഈ രമ്യവസ്തുതതിചേർന്നു വിളങ്ങുമീ നൽ-
പ്പാരഗ്ര്യകല്പതരുമണ്ഡിതനന്ദനാഭം.        17

ഓരോ വിദേശമമരും വണിഗീശരെത്ര
പേരോ കടന്നിവിടെയുള്ള ധനം കവർന്നു

[ 3 ]

ആരോമലാമതിനു താഴ്ചയശേഷമില്ല
സൂരോഗ്രരശ്മികളുമാഴിയോടെന്തെടുക്കും?       18

വൻ നർമ്മദാനദിയെയും വഴിമേൽത്തടഞ്ഞ
മന്നന്റെ വീര്യ, മവളോതിയറിഞ്ഞൊരാഴി
തന്നന്തികത്തിലവനെസ്സകുലം വധിച്ചു-
വന്നപ്പോഴാബ് ഭൃഗുസുതന്നിതു കാഴ്ചവച്ചു.       19

വാരാശി, തന്നോടുവിലെശ്ശിശു കേരളത്തെ
നേരായ്പ്പുലർത്തീടണമെന്നു കരാറുവാങ്ങി,
ധാരാളമംബുവരുളുന്നതുകൊണ്ടു മേന്മേൽ
ധാരാധരങ്ങളിതിൽ മാരി പൊഴിച്ചിടുന്നു        20

ഇല്ലീഷലിങ്ങു, ഹിമബിന്ദുവഹിച്ച കുന്നിൻ
വല്ലീതൃണങ്ങളിലിനപ്രഥമാംശു ചേർന്നാൽ,
ചൊല്ലീടുമാരുമിള മൗക്തികമാല പച്ച
വില്ലീസുറൗക്കയുടെ മേലണിയുന്നുവെന്നായ്.       21

ഭീവിട്ടുകൂന്തൽവല, ചുണ്ടിര, ബാഹുപാശം,
ഭൂവി,ല്ലപാംഗവിശിഖം, മുഖചന്ദ്രഹാസം,
ഈ വിശ്രുതായുധഗണം കലരും വധുക്കൾ
ഭാവിപ്പൂ തത്രയുവഹൃന്മൃഗയാവിനോദം.        22

സാരാനനേന്ദു, മിഴിമീൻ, ഗളകംബു, കേശ-
ധാരാധരം, കടമിഴിത്തിര ഹാസഫേനം
ധാരാളമാമണി, യിളങ്കുളുർകുന്നുമൊത്തു
പേരാണ്ടനന്തസുഷമാബ്ധികൾ തത്ര കാണാം.        23
 
വിൺമാനിനീമകുടഭൂഷകൾ വാനിൽനിന്നി-
പ്പൊൻമാൻ‍കിശോരമിഴിമാരുടെ ഭംഗിനോക്കി
വൻമാലൊടക്ഷിയടയാത്തൊരമർത്യഭാവം
ജന്മാന്തരാഘഫലമെന്നു നിനച്ചിടുന്നു.        24

രാവില്ലതിന്നു പകലി,ല്ലരികത്തണഞ്ഞു
സേവിച്ചിടും ജനതയെത്വരയോടു വഞ്ചി
കൈവിട്ടിടാതെയിഹ കായൽ കടത്തിടുന്നു
ഗോവിന്ദമൂർത്തി ഗുരുവാം ഭവമെന്നപോലെ.        25

മാനാതിരിക്തഗുണയാം മഹിയിൽപ്പെടുന്ന
നാനാപദാർത്ഥനിരയൊക്കെയുമൊത്തു മേന്മേൽ
ഈ നാടു വാച്ചുവിലസുന്നു സമസ്തസമ്പൽ-
സ്ഥാനാഢ്യമായ് പ്രകൃതിതൻ പ്രതിലേഖപോലെ.        26

ചേണാർന്നിടും പുകൾമണം ദിശി നീളെ വീശും
വേണാടിതിന്നരിയ ദക്ഷിണഖണ്ഡമല്ലോ;
കാണാൻ വരുന്നവരെയപ്പൊഴുതേ കരിങ്കൽ-
ത്തൂണാക്കി നിർത്തിടുമതിൻ സുഷമേന്ദ്രജാലം        27

[ 4 ]

ഉണ്ടായതിൽ തിരുവനന്തപുരാഖ്യയോടു
കണ്ടാൽ വിശപ്പു മറയും പുരമൊന്നുദാരം;
തണ്ടാർമകൾപ്രിയനതിങ്കലുറക്കമാണു
രണ്ടാമതാമരിയ പാൽക്കടലിൽക്കണക്കേ.       28

സന്താനമേറുമമരാവതി തന്റെയേക-
സന്താനമിപ്പുരി, ശുചീന്ദ്രപുരസ്ഥനീശൻ
തൻതാപമാറ്റിയതുകൊണ്ടു തെളിഞ്ഞു വൃത്ര-
ഹന്താവു നന്ദിയൊടു വഞ്ചിധരയ്ക്കു നൽകി.       29

മേദിന്യലങ്കരണമാമിതിൽ വാണു പൗരർ
മോദിച്ചിടുംപടി നയത്തൊടു വഞ്ചിരാജ്യം
ആദിത്യവർമ്മനൃപനാണ്ടു കുറച്ചുകാല-
മാദിത്യനംബരതലം പകലെന്നപോലെ.       30

ധീ, വിദ്യ, ശാന്തി, വിനയം, ഹരിഭക്തിതൊട്ടി-
ബ്‌ഭൂവിൽപ്പുകഴ്ന്ന പല നന്മ നൃപന്നു ചേർന്നും
ആ വിശ്വശില്പി ബത! ബാഹുബലം പിലാശിൻ
പൂവിന്നു ഗന്ധസമമായവനേകിയില്ല.       31

ചണ്ഡപ്രതാപഗുണശൂന്യതകൊണ്ടു രത്ന-
ഷണ്ഡംപെറും ജലധിമേഖലയെബ്‌ഭുജിപ്പാൻ
ദണ്ഡം വളർന്നിതു നരേന്ദ്രനു നാൾക്കുനാളിൽ
ഷണ്ഡൻ ഗൃഹസ്ഥനു കുടുംബിനിയെക്കണക്കെ.       32

സ്നാനം നമസ്കൃതി ജപം വ്രതമംബുജാക്ഷ
ധ്യാനം തുടങ്ങിയൊരു വൃത്തികൾകൊണ്ടു കാലം
സാനന്ദമാപ്രഭു കഴിച്ചു കുലർഷിരാമ-
ന്നൂനം പെടുന്നതകലെക്കളവാൻ കണക്കേ.       33

ഭൂവാസവാന്വയസമുത്ഭവമാർന്നു ശുദ്ധം
ഭൂവാനവന്റെ നിലപൂണ്ടിടുമിപ്രജേശൻ
പൂവാപി വിട്ടുപവനത്തറമേൽപ്പതിക്കു-
മാവാരിജത്തിനെതിരായൊളി മങ്ങലേന്തി.       34

തന്നാഭപോയുമഥ വിഷ്ണുപദാന്തമേറ്റം
നന്നായ്ഭജിച്ചുമൊടുവിൽക്കരമൊക്കെവിട്ടും
അന്നാൾ ജലാശയസമാശ്രയമാർന്നുമൂഴി-
തൻ നാഥനന്തിയിലെയർക്കനു തുല്യനായി.       35

കന്യാകുമാരിമുതലന്നിടവാവരയ്ക്കും
ധന്യാഗ്ര്യമെന്നു പുകൾ പൊങ്ങിന നാട്ടിലെങ്ങും
സന്യാസിയാം നൃപനിലുള്ളൊരനാദരത്താ-
ലന്യായമേറി,യിരുൾപോലെ കറുത്തവാവിൽ.       36

ഭൂരിക്ഷിതീശബലവും പുരവാസിമൂത്തും
പാരിച്ച കോശധനവും പരരാജഭീയും,

[ 5 ]

പാരിങ്കൽ വേനലിലുദന്വദപാന്തകുല്യാ-
വാരിക്കെഴും രുചികണക്കു കുറഞ്ഞുവന്നു.       37

തട്ടിപ്പറിപ്പു, കലഹം, കൊല തൊട്ടനേകം
മട്ടിന്നു ദുഷ്ടതകൾ ഭൂപബലക്ഷയത്താൽ
നാട്ടിൽപ്പെരുത്തു, മൃഗയയ്ക്കനധീനമായ
കാട്ടിന്നകത്തു കടുവന്യമൃഗങ്ങൾപോലെ.       38

അന്നാട്ടിലത്ഭുതബലം‍പെടുമെട്ടുവീട-
രെന്നാഖ്യപൂണ്ട ഖലമൗലിവിഭൂഷണങ്ങൾ
അന്നാൾ വിളങ്ങി, മലർതിങ്ങിന വാപിയിങ്ക-
ലൊന്നായ് മദത്തൊടണയും ദിഗിഭങ്ങൾ പോലെ.       39

ഘോരാസുരാഗ്രണി ഹിരണ്യനൊടൊത്തു വീണ്ടും
ഹാ! രാവണത്രിപുരതാരകശൂരകംസർ
പാരാതെയിക്കലിയിൽ വന്നവതാരമാർന്നാ-
ലാ രാമനാമഠമൊടൊത്ത ഖലർക്കു പറ്റും.       40

ശ്രീവായ്പുപോയ് ശിഥിലമംഗലയായ വഞ്ചി-
ഭൂവാകെയപ്പുരുഷർ തൻ ഭുജദുഷ് പ്രതാപം
ഹാ! വാച്ച വേനലിലുണങ്ങിയ കാട്ടിനുള്ളിൽ
ദാവാഗ്നിപോലെ പിടിപെട്ടിതു നാലുപാടും.       41

ആ തുംഗഭാസ്സൊടതിയായ്പ്പരപുച്ഛമേന്തി-
യേതും തടസ്സമിയലാതെയനന്തമെങ്ങും,
ഓതുന്നതിന്നു പണിയാംപടി,യെട്ടു ധൂമ-
കേതുക്കൾപോലെ, യവർ ഭീതിദരായ് നടന്നു.       42

സാഹന്തരാകുമിവർ, തങ്ങൾ കണക്കു രാജ-
ദ്രോഹം തുടർന്ന മുഖ,മീർഷ്യ കലർന്നു, കണ്ടോ
മോഹംതഴ,ച്ചരികുലാവമതിപ്രദന്മാ-
രാഹന്ത! നാര്യവമതിപ്രദരായ് ഭവിച്ചു?       43

ഏവർക്കു കൈയിലൊരു ചക്രമിരിപ്പ,തേറ്റ-
പ്പാവങ്ങളോടതിവർ തച്ചു പറിക്കമൂലം,
കൈവന്ന ഭീതിയൊടു ചക്രധരൻ സുഷുപ്തി-
ഭാവം നടിച്ചു തലതെല്ലുമുയർത്തിയില്ല.       44

ഭൂവല്ലഭന്നൊരുവനാശ്രിതനെന്നു വന്നാൽ
ദൈവം തടുക്കിലു,മവന്റെ ഗൃഹത്തിനുള്ളിൽ
ആവമ്പർപോമളവു, മുമ്പിലകമ്പടിക്കായ്
വൈവസ്വതന്റെ ഭടരാഞ്ഞു വലിഞ്ഞുകേറും.       45

ഒന്നായ്പ്പരസ്പരമിണങ്ങിയുമർത്ഥമാളാൻ
നന്നായ്ക്കുവൃത്തികൾ തുടങ്ങിയുമാക്ഖലന്മാർ
അന്നാട്ടിലെ പ്രജകളെപ്പിശിതാശവാച്ച
ചെന്നായ്ക്കളാടുകളെയെന്നവിധം മഥിച്ചാർ.       46

[ 6 ]


ഹാ! ദിഷ്ടമിങ്ങനെ മറിഞ്ഞു തമോമയന്മാ-
രാദിത്യരാജശുഭമണ്ഡലമാക്രമിക്കേ
ആ ദിക്കിലുള്ള പുരവാസികളാകമാനം
ഖേദിച്ചു ബാഷ്പജലരാശിയിൽ മഗ്നരായി.       47

ആ രാജവൈരികളെയെട്ടരയോഗമെന്നു
പേരാർന്ന ഗോഷ്ഠിയിലെഴും ദ്വിജർ, നാടടക്കാൻ
നേരായ്ത്തുണച്ചു, കടുവേനലിൽ വീടെരിപ്പാൻ
പാരാതെ പാവകനെ മാരുതനെന്നപോലെ.       48

ഹുങ്കാളുമപ്പുരുഷർ നല്ലവരെന്നുവച്ചാ-
മൺകാക്കുവോനവരെയേറ്റവുമാദരിച്ചു.
വൻകാളഭോഗികളെയുല്പലപുഷ്പദാമ-
ശങ്കാകുലൻ ഗളതലത്തിലിടുന്നപോലെ.       49

പങ്കം വെടിഞ്ഞ നൃപനായവർ ദുഷ്ടരെന്ന
ശങ്കയ്ക്കു തെല്ലുമവകാശമുദിച്ചതില്ല;
തൻകണ്ണു നല്ലവനു നല്ലതുതന്നെ കാട്ടും
തിങ്കൾക്കുളിർക്കതിരിലഞ്ജനവും വെളുക്കും.       50

കണ്ടാലമിത്രയമനായൊരു കൊച്ചുതമ്പാ-
നുണ്ടായിരുന്നു രവിവർമ്മ, നിളേശമന്ത്രി
പണ്ടാരമാം മുതലു കന്മണിപോലെ കാത്തു-
കൊണ്ടാനവൻ നൃപനു ദക്ഷിണ ബാഹുതുല്യൻ.       51

കൂറ്റന്നുതക്ക ചുമൽ, മുട്ടുതൊടുന്ന കൈകൾ,
മാറ്റമ്പി നിർഭരമുയർന്നു തടിച്ച മേനി,
ഊറ്റം നിറഞ്ഞ മുഖലക്ഷ്മി, വിരിഞ്ഞ വക്ഷ,-
സ്സേറ്റം കരുത്തു,മവനാണ്ടു,രിപുക്കൾ ഭീയും.       52

ആയം വ്യയത്തിലധികം പ്രജകൾക്കു നിത്യ-
മായത്തമാക്കി, യവനിക്കഴലാകെയാറ്റി,
ആയംപെടും ഗുണഗണത്തിനു കേളിരംഗ-
മായസ്സുമന്ത്രസമനാം സചിവൻ വിളങ്ങി.       53

ആണുങ്ങൾതന്നണിമണിക്കിരുപത്തിനാലു
കാണും വയസ്സതിനിടയ്ക്കവനാജിഭൂവിൽ
വേണുംപടിക്കഹിതകീർത്തി ഹിമാനിയെത്തൻ
ചേണുറ്റ ബാഹുബലവഹ്നിയിലാവിയാക്കി.       54

വമ്പാർന്ന ദോർബ്ബലമിയന്നിടുമാ യുവാവാം
തമ്പാനെ, വൃദ്ധരിലെഴും കൊതിയൊക്കെനീക്കി,
വെൺപാൽപ്പുകൾക്കമനിപോയ്ത്തനിയേ പുണർന്നാൾ
ശമ്പാമതല്ലി നവവർഷഘനത്തിനെപ്പോൽ.       55

വഞ്ചിക്കു, മാരി, യിരുൾ, കാറിവ വാച്ച രാവിൽ
വഞ്ചിച്ചിടാത്തൊരു വിളക്കുമരം കണക്കേ.

[ 7 ]

വഞ്ചിത്തധൈര്യമെഴുമസ്സചിവാഗ്ര്യനുൾപ്പൂ-
വഞ്ചിക്കുഴങ്ങുമൊരു പൗരരെ രക്ഷചെയ്തു.        56

പൂമാതു പാല്‌ക്കടലിനെന്നകണക്കു കാന്തി-
ഭൂമാവെഴുന്നൊരു കുമാരി നൃപന്നുദിച്ചൂ.
ആ മാന്യതന്നുടലൊളിക്കളി മൂടിനിന്ന
കൗമാരമാം തിരയെ യൗവനബാഹു നീക്കി.        57

വർഷർത്തുവൊത്ത നിലമെന്നതുപോലെ, സാരോൽ-
ക്കർഷം വസന്തമരുളും മലർവാടിപോലെ;
വർഷർത്തുനീങ്ങി വിലസും മുഴുതിങ്കൾപോലെ,
ഹർഷത്തെ നല്‌കി ജനതയ്‌ക്കവൾ യൗവനത്തിൽ.        58

രണ്ടായിരം ജലധരങ്ങൾ തുടർച്ചയായ്‌ക്കാൽ-
ത്തണ്ടാരുകണ്ടടിയിൽ‍വന്നു ജലം തിരക്കി
തിണ്ടാടുമാ, റബലതൻ കുഴൽ നീണ്ടിരുണ്ടു-
കൊണ്ടാഭപൂണ്ടിടതിരണ്ടു ചുരുണ്ടു മിന്നി.        59

രണ്ടിപ്പൊളുല്‌പലദലങ്ങളടിക്കു കാണു-
ന്നുണ്ടിങ്ങു, മുൻപവയിലേതൊടടുപ്പതെന്നായ്
രണ്ടിങ്കലും മുകളിൽനിന്നു പകച്ചുനോക്കും
വണ്ടിൻ കിടയ്‌ക്കവൾ തൊടും തിലകം വിളങ്ങി.        60

അന്നിർമ്മലാംഗിയുടെ കണ്ണുകൾ, മുന്നിൽ മൂക്കു,
പിന്നിൽ ശ്രവസ്സു, തടവിങ്ങനെ രണ്ടുപാടും
വന്നിങ്ങുമങ്ങുമുഴലും, വിധിവേർപിരിച്ചി-
ട്ടൊന്നിച്ചിടാത്ത കരിമീനിണപോലെ മിന്നി.        61

രക്താധരോർദ്ധ്വമുഖരശ്‌മിപതിഞ്ഞ ഞാത്തിൻ
മുക്താഫലത്തെ നവദാഡിമബീജമെന്നായ്
കൊത്താൻ വരുന്ന ശുകിതന്നുടെ കൊക്കുപോലാ-
നൽത്താമരാക്ഷിയുടെ നാസികയുല്ലസിച്ചു.        62

കാണിക്കുമുള്ളിൽ നവയൗവനലക്ഷ്‌മി മാന്ദ്യം
കാണിച്ചിടാതെ വിലസും മുഖമന്ദിരത്തിൽ
മാണിക്യദീപികകൊളുത്തിയപോലെ മഞ്‌ജു-
വാണിക്കെഴും ചൊടി പെരുത്തു തുടുത്തു മിന്നി.        63

ചുറ്റും ദ്വിജങ്ങളെയടക്കിയ വക്ത്രമാണ്ടാൽ
പറ്റും ദ്വിജേശമുഖിയെന്നഭിധാനമാർക്കും;
മുറ്റും ദ്വിജേശനവനുള്ള നിസർഗ്ഗമാനം
വിറ്റുണ്ട വക്‌ത്രമജനേകിയവൾക്കു മാത്രം.        64

ആ മങ്കതൻ മൊഴിയൊടൊറ്റയിൽ മല്ലടിച്ചുൾ-
പ്പൂമങ്ങിവീണൊരു വിപഞ്ചിയെ മന്നിടത്തിൽ
നാമന്നുതൊട്ടു തടവെന്നിയെ വീണയെന്ന
നാമത്തിലിന്നുമറിയുന്നതിലെന്തു ചിത്രം?        65

[ 8 ]

തന്തുപ്രവേശവുമിടയ്ക്കരുതാതെ മാറിൽ-
പ്പൊന്തും കുചങ്ങൾ, മദനപ്രതിഹാരകാഗ്ര്യൻ
ജന്തുക്കളപ്പടി മയങ്ങിടുമാറു ചെപ്പും
പന്തും കളിപ്പതിനു വെച്ചവിധം വിളങ്ങി        66

പേരുറ്റ പത്മജകളാദനിറങ്ങി രണ്ടു
മേരുക്കൾ തീർപ്പതിനു തങ്കമെടുത്തശേഷം
ആരും നികത്തിടുവതിന്നണയാതെ വായ്ക്കും
ശ്രീരുക്മനിമ്നഖനിപോലെ വിളങ്ങി നാഭി        67

ഏകത്ര കൊങ്കകൾ, പരത്ര നിതംബബിംബം,
പാകത്തിലീയവയവങ്ങൾ തടിച്ചിടുമ്പോൾ,
ശോകത്തൊടക്കഥ നിനച്ചു ചടച്ചു മദ്ധ്യം;
ലോകത്തിലേവനുമസൂയ കൃശത്വമേകും.        68

മുട്ടാം തടത്തിനകമേ തലകുത്തി രംഭ
മുട്ടാതെയത്തരുണിതൻ തനുസൗകുമാര്യം
കിട്ടാൻ കൊതിച്ചു കിടവിട്ടു തപിച്ചിടുന്ന
മട്ടായ് മനോജ്ഞമവൾതൻ തുട മിന്നി രണ്ടും.        69

വാടുന്നു ചമ്പക, മഹർമ്മുഖഭാസ്കരന്നു
ചൂടുണ്ടു; പൊന്നിനു മണം ലവലേശമില്ല;
ഈടുള്ളൊരത്തനു കിണഞ്ഞു പിണഞ്ഞു കൈക്കു
കേടറ്റു പിന്നെ വിധി സൃഷ്ടിയൊഴുക്കനാക്കി.        70

മന്നാകെ വെന്നു മഹിതധ്വജപങ്‌ക്തി നാട്ടാൻ
സന്നാഹമാർന്നരുളിടും സ്മരസാർവഭൗമൻ
അന്നാൾ വഹിപ്പൊരു മലർക്കണ തീർന്നിടാത്ത
പൊന്നാവനാഴിയവളെന്നു നിനയ്ക്കുമാരും.        71

ക്ലാന്തിപ്പെടാതെയഴകാം കടലിൽക്കിടന്നു
നീന്തിക്കളിക്കുമവൾ നൂതനയൗവനത്തിൽ,
പൂന്തിങ്കൾ പൂർണ്ണിമയിലെന്നകണക്കു; കാമ-
ഭ്രാന്തിൽക്കുഴക്കി യുവമുഖ്യരെയാകമാനം.        72

പാടാം പ്രവീണതയൊടുവർശിയെന്നപോലെ;
കൂടാം സുധീസഭയിലൂക്കൊടു ഗാർഗ്ഗിപോലെ;
നേടാം പടയ്ക്കണയുകിൽപ്പുകൾ ഭാമപോലെ;-
യീടാളുമത്തരുണിയേതിനുമൊത്തിരുന്നു.        73

കണ്ടാൽ ശരിക്കു കടലിന്മകൾ, നാവിളക്കി-
ക്കൊണ്ടാൽ സരസ്വതി, കൃപാണിയെടുത്തുനിന്നാൽ
വണ്ടാറണിക്കുഴലി, ദുർഗ്ഗ, യിവണ്ണമാരും
കൊണ്ടാടുമാറു, പലമട്ടു ലസിച്ചിരുന്നു.        74

ആ യാമിനീശമുഖിതൻ പുതുമേനി നിത്യ-
വ്യായാമമേറ്റധികകാന്തി കലർന്നു മിന്നി,

[ 9 ]

പോയാശുശുക്ഷണിയിൽ വീണുതിരിച്ചനല്പ-
ശ്രീയാർന്നുപോരുമൊരു ഹേമശലാകപോലെ.        75

ബാലാമണിക്കളികവീഥിയിൽ മിന്നിടുന്ന
നീലാഭപൂണ്ട തിലകപ്പടി, ശസ്ത്രദാക്ഷ്യം
ആ ലാക്കിൽ മേനിയൊളികൂട്ടുകതന്നെ ചെയ്തു;
ചേലാർന്നിടുന്ന വടിവിന്നണിയാകുമെന്തും.        76

കല്യാവലിക്കണിയലാ, യുലകിൻമിഴിക്കു
കല്യാണമേകി,യഭിധയ്ക്കിരുമട്ടിലർത്ഥം
കല്യാണിയാമവൾ വരുത്തിയു, മൊന്നുകൂടി-
ക്കല്യാണമാ,ണ്ടതു ശരിപ്പെടുവാൻ കൊതിച്ചു.        77

അൻപാകെയത്തരുണിയച്ഛനു മന്ത്രിയായ
തമ്പാനെ വിട്ടിതരനിൽക്കുടിവച്ചതില്ല;
വൻപാർന്നിടും നദി, പയോധിയെ വിട്ടു, കൂപം-
തൻപാർശ്വമെത്തി നിലനിന്നറിവില്ലയല്ലോ.       78

താനേ വിയത്തടിനി വ, ന്നൊരു വൃദ്ധതീർത്ഥ-
സ്നാനേച്ഛുവിൻ നടവഴിക്കൊഴുകുന്നതായാൽ
ആനേരമന്നരനെഴും നിലയാണമാത്യ-
സ്ഥാനേശനാം തരുണമൌലി വഹിച്ചതന്നാൾ        79

ഭൂകാന്തനാത്മസുതതൻ മനമന്യദിക്കിൽ-
പ്പോകാതെ മന്ത്രിയിലണഞ്ഞതു കണ്ടു മോദാൽ
രാകാബ്ജബിംബമുദയാദ്രിയിൽനിന്നു പൊങ്ങി-
യാകാശമെത്തുവതു കണ്ടിടുമാഴിപോലെ.        80

ആവശ്യമുള്ളൊരനുകൂലതയാകമാനം
കൈവന്നു നന്മയെഴുമാ യുവകാമുകന്മാർ
ദൈവത്തെ വാഴ്ത്തിയകമേ വളരുന്നൊരാശ-
പ്പൂവല്ലിപൂക്കുവതു കണ്ടു തെളിഞ്ഞിരുന്നാർ.        81

ആമട്ടമാത്യനൃപർ വാഴ്വതു കണ്ടുകണ്ട-
സ്സാമർത്ഥ്യമേറ്റമിയലും ഖലരെട്ടുവീടർ
ധീമങ്ങി, യേഷണി മുറയ്ക്കു തുടങ്ങി, തോറ്റു-
പോമന്നു മായതുടരുന്നൊരരക്കർപോലെ.        82

ചെന്നെട്ടുവീടരുടെ ദുഷ്ടതയൊക്കെ മന്ത്രി‌
ചൊന്നിട്ടുമുള്ളിലതു വാസ്തവമെന്നു മന്നൻ
അന്നൊട്ടുമേ കരുതിയി, ല്ലവനോതുമുക്തി
വൻനിട്ടിലന്ധനു പിടിച്ച വിളക്കൊടൊത്തു.        83

ആരാൽപ്പരർക്കുടയൊരേഷണിയാം വിഷച്ചാ-
റാ രാജവര്യനു ചെവിക്കമൃതെന്നു തോന്നി;
ഹാ! രാഗമാം പുഴയെയെങ്ങു തടസ്സമറ്റു
നേരാംവഴിക്കൊഴുകുവാൻ വിധി സമ്മതിപ്പൂ?        84

[ 10 ]

കാലക്രമേണ നൃപനാസ്സചിവങ്കൽ വായ്ക്കും
കൂലങ്കഷപ്രണയശൈവലിനീജലത്തെ
മാലമ്പുമാറഹിതദുർവചനാർക്കരശ്മി
ജാലം വരട്ടി, തടിയെ ക്ഷയമെന്നപോലെ.       85

ഉള്ളിൽക്കറുപ്പു, ദിവി കാർമ്മുകിൽപോൽ, പ്പരന്നു
കൊള്ളിച്ചു പുഞ്ചിരിനിലാവിനമന്ദമാന്ദ്യം,
തള്ളിക്കടന്നതിലെഴും തിരുവുള്ളമെന്ന
വള്ളിക്കുമേലരിശമാമിടിവാളു വീണു.       86

ആവൃത്തമൊന്നുമകളങ്കശശാങ്കകീർത്തി
ശ്രീവൃദ്ധനാം പ്രിയതമൻ പറയായ്കമൂലം
ഭൂവൃത്രശാസനതനൂജയറിഞ്ഞതില്ലാ
പ്രാവൃട്ടുതൻവരവു ബാലമരാളിപോലെ.       87

അന്നാളൊരിക്കലരിപാശർ നൃപന്റെ മുമ്പിൽ
ചെന്നാദരത്തൊടു വണങ്ങി വിനീതരായി
നിന്നാർ, തരത്തിനു ശിരസ്സു പറിച്ചെടുത്തു
തിന്നാൻ കുനിഞ്ഞൊരു തരക്ഷുകുലംകണക്കേ.       88

വെൺപട്ടിൽമൂടിയൊരു പാഴ്ക്കിണറെന്നപോലെ
വൻപിട്ടിലല്പഹസിതത്തെ വെളിക്കുകാട്ടി
കുമ്പിട്ടുനിൽക്കുമവരിൽ ഗുണശാലി മന്ന-
നൻപൊട്ടുപൂണ്ടു കുശലാദികൾ പൃച്ഛചെയ്താൻ.       89

ചൊന്നാരതിന്നവർ: 'പരം തിരുമേനി കാക്കു-
മിന്നാട്ടിലെങ്ങനെയമംഗലമെത്തിനോക്കും?
നന്നായ് വിളക്കു തെളിവോരറമേലിരുട്ടു
നിന്നാളുമോ? കനലരിപ്പൊരുറുമ്പുമുണ്ടോ?       90

ശ്രീരാമനെന്നവിധമുത്തമസൽഗുണങ്ങൾ-
ക്കാരാമമാകുമവിടുന്നിളകാത്തിടുമ്പോൾ
പോരായ്മയെങ്ങനെയതിങ്കൽ വരുന്നു? ദുഗ്ദ്ധ-
വാരാകരത്തിരയിലുപ്പിനു മാർഗ്ഗമുണ്ടോ?       91

എന്നാലുമല്പമടിയങ്ങളുണർത്തിടുന്ന-
തിന്നാണുറച്ചതു; മടിക്കിലബദ്ധമാകും;
ചൊന്നാൽ മുഷിഞ്ഞിടുകിലും ഭയമില്ല; പത്ഥ്യ-
ത്തിന്നാർക്കു വാഞ്ഛ? ഗദശാന്തി വരേണമല്ലോ.       92

ഹുങ്കമ്പുമിസ്സചിവനുള്ളൊരു ദോഷമേതും
പങ്കം പെടാത്തൊരവിടേയ്ക്കറിയാവതല്ല;
തൻ‍കണ്മണിക്കുടയ ദുഷ്ടുതെളിഞ്ഞു കാണ്മാൻ
തൻകണ്ണു പോര, മുകുരം കരതാരിൽ വേണം       93

സമ്മാന്യരിൽ പ്രഥമനാമവിടേയ്ക്കു മേലി-
ദ്ദുർമ്മാനവന്റെ സഹവാസമനർത്ഥബീജം;

[ 11 ]

തേന്മാവിലിത്തിളൊരു തെല്ലു പടർന്നുപോയാൽ
തേന്മാവുവിട്ടൊടുവിലിത്തിൾ തനിച്ചു നിൽക്കും.       94

ഈ രാജ്യമൊക്കെയവിടേയ്ക്കനധീനമാക്കാൻ
ധാരാളമായ് പണിതുടർന്നിടുമീയമാത്യൻ
പാരാളുവാൻ കൊതിയൊടും ഭജനം മുഴുത്തി-
ട്ടൂരാണ്മയെന്നു പറയും മൊഴി സത്യമാക്കും.       95

കാലിച്ചെറുക്കനെയമാത്യപദത്തിലേറ്റി-
പ്പാലിച്ചുവെങ്കിലിതുതന്നെ കലാശമാർക്കും;
കാലിൽത്തളപ്പിനു ചെരിപ്പു കൊടുത്തുപോയാൽ
മേലിൽത്തനിക്കതു മുഖത്തു ചവിട്ടിനത്രേ.       96

പിച്ചയ്ക്കുവന്നവനെ വീടുകയറ്റിവിട്ടാ-
ലച്ചിക്കു നായരവനെന്നു നിനയ്ക്കുമപ്പോൾ;
മൊച്ചക്കുരങ്ങനെയടുക്കൽ വിളിക്കിലങ്ങോ-
രുച്ചിക്കു മേൽക്കയറി നാടകമാടിനിൽക്കും.       97

കോയിക്കലഗ്നിയിലെരിച്ചവനീതലത്തെ
സ്ഥായിക്കു കാക്കുമവിടത്തെ വധിച്ചുകൊൾവാൻ
ആയിക്കഴിഞ്ഞു പണി; പാലുകൊടുത്തുതീർന്ന
കൈയിൽ കടിക്കുവതു ജിഹ്മഗസമ്പ്രദായം.       98

ശ്രേയസ്സുയർന്ന തവവംശമിതിന്നു ഘോരാ-
പായം വരുത്തുവതിനിക്ഖലദാവവഹ്നി
മായത്തിലോർപ്പതധുനാ ബകബന്ധനാഖ്യ-
ന്യായത്തിലെന്നു വരുമോ? കലിയാണു കാലം.       99

സേവയ്ക്കുരയ്ക്കയടിയങ്ങൾ പഠിച്ചതല്ല;
ദേവൻ 'പ്രമാണമിനിവേണ്ടതി'നെന്നു ചൊല്ലി
ആ വമ്പർ വിട്ട നയനോദകവാരുണാസ്ത്രം
ഭൂവല്ലഭന്റെ ഹൃദയത്തിലമന്ദമേറ്റു.       100

തങ്കൽപ്പെരുത്ത ഭയഭക്തി നടിച്ചിവണ്ണം
പങ്കംപെറും കിതവർ ചൊന്നതു കേട്ടനേരം
ശങ്കയ്ക്കധീനമരചന്റെ മനം നടുക്കു
വൻകല്ലുവീണ കുളമെന്നവിധം ചലിച്ചു.       101

'എന്തിജ്ജനങ്ങൾ പറയുന്നതു?കൊച്ചു തമ്പാൻ
ചിന്തിക്കയാണു മമ വംശവിനാശ'മെന്നോ?
പൊന്തിച്ചിടുന്ന പരമത്ഭുതമീയുദന്തം;
പന്തിക്കുകുത്തിയിമ കണ്ണുപൊടിക്കയായോ?       102

കാശിന്നുമില്ല വിലയങ്ങനെയുള്ളൊരേഭ്യ-
രാശിക്കു ഞാൻ പ്രഥമമന്ത്രി പദത്തെ നൽകി
ആശിച്ചെടുത്തു ഹരിചന്ദനമെന്നുവച്ചു
പൂശിക്കഴിഞ്ഞു കനൽ മേനിയിലാകെയെന്നോ?       103

[ 12 ]


ഈ വന്ന പുരുഷരിലോ സചിവങ്കലോ ഹൃൽ-
പൂവിന്നു വഞ്ചനയെനിക്കറിയാവതല്ല!
ഓവിന്നകം ഫണി, വെളിക്കു വിലാള,മേവം
മേവുന്ന മൂഷികനുമിത്തരമില്ല ദുഃഖം.       104

ആമോദദം മധുരനാരകസൽഫലത്തിൻ
വ്യാമോഹമേകുമിവനുള്ളിൽ വിഷം പുലർത്തി
ഹാ! മോടിവായ്പു പുറമാണ്ടൊരു കാഞ്ഞിരക്കാ-
യാമോ? ഹരേ! കഥയിതത്ഭുതമാരറിഞ്ഞു?       105

ഒന്നുണ്ടു വാസ്തവ, മിളയ്ക്കിവനാണു നാഥ-
നെന്നുണ്ടു ബോധമഖിലപ്രജകൾക്കുമിപ്പോൾ;
എന്നും പകൽസമയമമ്പിളിയംബരത്തിൽ
മിന്നുന്നതില്ലതുലകിന്റെ നിസ്സർഗരീതി.       106

ഹാ! കാന്തയെഗ്ഗഹനസീമ്നി വെടിഞ്ഞു രാമൻ;
ശ്രീ കാമുകൻ മണി തിരഞ്ഞു വനത്തിലോടി;
നാകാധിപാത്മജനടർക്കു മടിച്ചു നിന്നു;
ലോകാപവാദഭയമേതൊരു ധീരനില്ല?       107

നാവോതിടുന്നതു, കരം തുടരുന്ന, തങ്ങുൾ-
പ്പൂവോർത്തിടുന്ന, തിവ മൂന്നിനുമൈക്യമെന്യേ
ആവോളമത്രമനുജാധമനോ മമാപ്ത-
നാവോ? കലിക്കുടയവൈഭവമാരുകണ്ടു?       108

ആശാന്തകീർത്തിതഗുണർക്കുമഹോ ജഗത്തി-
ലാശാന്തമക്ഷിയുഗളത്തിനു ലക്ഷ്യമല്ല,
കാശാർജ്ജുനപ്പുകളെഴും പുരുഷർക്കുകൂടി-
ക്കാശാർജ്ജനത്തിലുയിരും തൃണവും സമാനം.       109

ഞാനേക,നെന്റെ സഹജയ്ക്കു ശിശുക്കളല്ലാ-
തീനേരമില്ല സുതർ; പക്ഷമൊടിസ്സുഗോത്രം
താനേ മുറിപ്പതിനുറയ്പൊരു ജിഷ്ണുവാം നീ
ഹാ നേരുമെൻ സചിവ! നീതിയുമറ്റദുഷ്ടൻ.'       110

കമ്പിത്തപാലിൽ മൊഴിപോവതിൽ നൂറിരട്ടി
വമ്പിച്ച വേഗമൊടു ചിന്തകളീവിധത്തിൽ
മുൻപിൽ മറന്നു ഹൃദിപൂണ്ടരചൻ ഭയത്താൽ
തുമ്പിപ്പടിക്കു വിറയാർന്നവരോടു ചൊന്നാൻ.       111

"എൻകാശ്യപിക്കണികൾ നിങ്ങൾ പറഞ്ഞിദാനീം
ഹുങ്കാണ്ട മന്ത്രിയുടെ സത്യമറിഞ്ഞമൂലം
ശങ്കാവിഹീനമകതാരു തെളിഞ്ഞിടുന്നു,
വൻകാറുമാറുവളവമ്പിളിയെന്നപോലെ.       112

ആണത്തമോടരികിലെപ്പൊഴുമേവമെട്ടു
ചാണക്യർ നിങ്ങൾ തുണയുള്ളതുകാരണത്താൽ

[ 13 ]

ക്ഷീണിതമറ്റിവിടെ രാക്ഷസമന്ത്രി ചെയ്യും
വീണപ്രവൃത്തികൾ ഫലിച്ചിടുവാൻ പ്രയാസം.       113

ധീവിങ്ങിടും പ്രജകൾ നിങ്ങൾ നമുക്കവന്നുൾ
പ്പൂവിൽപ്പെടും മദമറുത്തിടുവാൻ, തുണയ്പിൻ;
ഭൂവിൽ ഭവത്തൊടമർചെയ്തു ജയം ലഭിപ്പാൻ
ജീവിക്കു നൽശമദാദിഗുണങ്ങൾപോലെ.       114

പാപപ്രസക്തിപെടുമായവരോടിവണ്ണം
ഭൂപൻ കഥിച്ച വചനങ്ങൾ തനിക്കു മേലിൽ
ഹാ! പത്രപുഷ്പഫലശാഖകളൊത്തു വായ്ക്കു-
മാപദ്‌ദ്രുമങ്ങളുടെ വിത്തുകളായ് ഭവിച്ചു.       115

ഝടിതി പണിഫലിച്ചെന്നേറ്റവും തോഷമോട-
ക്കുടിലമതികൾ തത്തന്മന്ദിരം ചെന്നു പുക്കാർ;
കടിയിൽ മൃതി ദൃഢംതാൻ ദൃഷ്ടനെന്നോർത്തു മോദാൽ
കൊടിയ ഫണികൾ വീണ്ടും പോടുപുകുംകണക്കേ.       116

കാകം, പട്ടി, പരുന്തു ഗൃദ്ധ്രമിവയജ്ജീവൻ
    വെടിഞ്ഞുള്ളതാം
ലോകത്തിൽ തനു കീറി നാലുപുറവും പുണ്ണാ-
    ക്കിടും‍പോലവേ,
ശോകം, സാദ്ധ്വസ,മീറ,ശങ്കയിവയബ്ഭൂപ-
    ന്റെ ധീവിട്ട ഹൃ-
ത്താകപ്പാടെ മുറിപ്പെടുത്തി ദയതെല്ലില്ലാ-
    തെയെല്ലായ്പ്പൊഴും.       117

ഒന്നാം സർഗ്ഗം സമാപ്തം


"https://ml.wikisource.org/w/index.php?title=ഉമാകേരളം/ഒന്നാം_സർഗ്ഗം&oldid=71371" എന്ന താളിൽനിന്ന് ശേഖരിച്ചത്