കേരളപാണിനീയം/ധാത്വധികാരം/നാമധാതുപ്രകരണം

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

സ്വതേ ഉള്ള ധാതുക്കൾകൂടാതെ മറ്റു ശബ്ദങ്ങളിൽനിന്നും ധാതുക്കളെ സൃഷ്ടിക്കാറുമുണ്ടു്. ഇൗവക ധാതുക്കളിൽ മിക്കവയും നാമജങ്ങളാകയാൽ ഇവയ്ക്കു് "നാമധാതു' എന്നു പേർ ചെയ്തിരിക്കുന്നു. ഉദാ:

കല്ലുപോലാകുന്നു = കല്ലിക്കുന്നു. മുറുമുറു എന്നു ശബ്ദിക്കുന്നു= മുറുമുറുക്കുന്നു.

നാമധാതുക്കൾക്കു് അർത്ഥം കല്പിക്കുന്നതു് "ആ നാമത്തെ ചെയ്ക', "അതുപോലെ ആവുക' മുതലായ ഒരു സാമാന്യധാതുവിന്റെ കർത്താവോ കർമ്മമോ ചേർച്ചപോലെ ആക്കീട്ടു വേണ്ടതാകുന്നു.

ഇ- പ്രത്യയത്താൽ കൃതിയായ് ചമയും മിക്ക നാമവും

മിക്ക നാമങ്ങളെയും ധാതുക്കളാക്കുന്നതിനു് ഇ എന്നു പ്രതൃയം ചേർത്താൽ മതിയാകും. ഉദാ:

നാമം ധാതു രൂപം

വമ്പു് വമ്പി വമ്പിക്കുന്നു ഒന്നു് ഒന്നി ഒന്നിക്കുന്നു കഴമ്പു് കഴമ്പി കഴമ്പിക്കുന്നു കെടുമ്പു് കെടുമ്പി കെടുമ്പിക്കുന്നു

നാമം സ്വരാന്തമാണെങ്കിൽ കാരിതീകരണം മതി.

സ്വരത്തിൽ അറുന്ന നാമങ്ങൾക്കു് പ്രയോജകത്തിനു പറഞ്ഞതുപോലെ ഇ എന്നു പ്രത്യയം ചേർത്താൽ മതിയാകും. ഉദാ:

തടി-തടിക്കുന്ന, ചുമ -ചുമയ്ക്കുന്നു, ബല - ബലക്കുന്നു, മര - നരയ്ക്കുന്നു.

മധുരം എന്നതിനു മധുരിക്കുന്നു എന്ന രൂപം വരുന്നതിൽ അകാരലോപവും ഇ പ്രതൃയവും വ്യത്യസ്തം. ഇതുപോലെ വേറെയും കാണും.

വികാരമെന്നിയേ നാമം ധാതുവാകുമപൂർവ്വമായു്.

അപൂർവ്വം ചില ധാതുക്കൾ വികാരമൊന്നും കൂടാതെ യഥാസ്ഥിതമായ നിലയിൽത്തന്നെ ധാതുവാകുന്നതുമുണ്ടു്. ഉദാ:

തൊലി- തൊലിയുന്നു, കരി - കരിയുന്നു, പുക - പുകയുന്നു.

നാമധാതുക്കളുടെ രൂപനിഷ്പത്തിയും പ്രയോജകപ്രകൃതിക്കു കാണിച്ച യുക്തിയനുസരിച്ചു തന്നെ എന്നു് ഇൗ സൂത്രങ്ങളുടെ സ്വഭാവം കൊണ്ടു സ്പഷ്ടമാകുന്നു. വേറെ വിധത്തിലും നാമധാതുവുണ്ടാക്കാൻ വഴി കാണിക്കുന്നു:

കൊള്ളാംപെടുകയെന്നുള്ള ധാതുവോടു സമാസവും;

"പെട്' എന്ന ധാതുവിനോടു സമാസം ചെയ്തും നാമധാതുവിനെ ഉണ്ടാക്കാം ഉദാ:

പണി - പണിപ്പെടുന്നു, കീഴു് - കീഴ്പ്പെടുന്നു, ഭയ - ഭയപ്പെടുന്നു, സുഖ - സുഖപ്പെടുന്നു, ഗുണ - ഗുണപ്പെടുന്നു, ദോഷ - ദോഷപ്പെടുന്നു, അക - അകപ്പെടുന്നു, അടി - അടിപെടുന്നു (ദ്വിത്വാഭാവം വ്യത്യസ്തം)

ഇനി സംസ്കൃതത്തിൽ നിന്നെടുക്കുന്ന ധാതുക്കളെ മലയാളമാക്കാനുള്ള മാർഗ്ഗം പറയുന്നു:

ഗുണം പ്രസ്കതിയുണ്ടെങ്കിൽ ചെയ്തിട്ടി പ്രത്യയത്തൊടേ പ്രയോഗിപ്പു സംസ്കൃതത്തിൽ നിന്നു ധാതുവെടുക്കുകിൽ രുപമെല്ലാമികാരാന്ത- കാരിതത്തിനു തുല്യമാം.

സംസ്കൃതത്തിൽനിന്നു ധാതുക്കളെ ഭാഷയിൽ എടുക്കുമ്പോൾ അവയ്ക്കു് സംസ്കൃത പ്രസിദ്ധമായ "ഗുണം' എന്ന സ്വരവികാരം നിമിത്തമുള്ളിടത്തെല്ലാം ചെയ്തിട്ടു് പ്രയോജകത്തിന്നു പറഞ്ഞ ഇ എന്ന പ്രത്യയം ചേർക്കണം. അപ്പോൾ അതു് ഇകാരാന്ത കാരിതധാതുപോലെ ആയിത്തീരുന്നതിനാൽ രൂപങ്ങളെല്ലാം അതിനു ചേർന്നു വരും. ഉദാ:

സംസ്കൃതം മലയാളം സംസ്കൃതം മലയാളം

നമു് - നമി - നമിക്കുന്നു ഭാഷു് - ഭാഷി - ഭാഷിക്കുന്നു വദു് - വദി - വദിക്കുന്നു ചിന്തു് - ചിന്തി - ചിന്തിക്കുന്നു

"ഗുണം' എന്നു പറയുന്നതു് ഇകാരം ഏകാരമായിട്ടും, ഉകാരം ഒാകാരമായിട്ടും ഋകാരം അരു് എന്നായിട്ടും മാറുകയാകുന്നു. ഇ= ഏ ഉ= ഒാ എന്നും ഉള്ള മാറ്റം വന്നതിനുമേൽ ഏ = അയു് എന്നും, ഒാ= അവു് എന്നും ഒാ= അവു് എന്നുകൂടി സ്വരംപരമായാൽ മാറ്റമുണ്ടാകും. ഉദാ:

വിദു് - വേദിക്കുന്നു. നുദു് - നോദിക്കുന്നു,

ദൃശു് - ദർശിക്കുന്നു, ഭു - ഭവിക്കുന്നു, നീ- നയിക്കുന്നു,

ഹൃ - ഹരിക്കുന്നു

ഭാഗിക്കുന്നു, വാദിക്കുന്നു, സ്തുതിക്കുന്നു, സൃഷ്ടിക്കുന്നു ഇത്യാദികൾ ഭാഗം, വാദം, സ്തുതി, സൃഷ്ടി എന്നു നാമത്തിൽനിന്നുണ്ടാക്കീട്ടുള്ള ധാതുക്കളാകുന്നു.