കേരളപാണിനീയം/നാമാധികാരം/ലിംഗപ്രകരണം
കേരളപാണിനീയം |
---|
നാമാർത്ഥവസ്തുവിന്നുള്ള |
പുരുഷൻ, സ്ത്രീ, നപുംസകം എന്നു ലോകത്തിൽ പ്രസിദ്ധമായ വിഭാഗത്തിനു തന്നെയാണു് ഭാഷയിൽ ലിംഗം എന്നു പറയുന്നതു്. സംസ്കൃതത്തിലും മററും ലിംഗത്തിനു വ്യവസ്ഥയില്ല. അചേതനമായ കിണ്ടി (കുണ്ഡീ), കുടം (ഘടഃ) ഇത്യാദിയെ സംസ്കൃതത്തിൽ അവൾ എന്നും അവൻ എന്നും അർത്ഥമായ സാ, സഃ എന്ന പദങ്ങൾകൊണ്ടണു വ്യവഹരിക്കുന്നതു്. ഭാഷയിലെ ലിംഗവ്യവസ്ഥ അർത്ഥമനുസരിച്ചാകയാൽ വളരെ സയുക്തികമായിരിക്കുന്നുണ്ടു്. വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങൾ തുടങ്ങിയ ജന്തുക്കൾപോലും ഭാഷയിൽ നപുംസകലിംഗം ആണു്. അതിനുള്ള യുക്തി പുംസ്ത്വം, സ്ത്രീത്വം ഇതു രണ്ടും വിശേഷബുദ്ധി എന്ന ചെതന്യമുള്ളവരിലേ പ്രധാനമായി ഗണിക്കേണ്ടതുള്ളു എന്നും മനുഷ്യനെ സംബന്ധിച്ചിടത്തോളം ആവക ജന്തുക്കളെയും അചേതനമായി ഗണിക്കാവുന്നതിനാൽ അവയിലെ പുംസ്ത്രീഭേദം വകവയ്ക്കേണ്ടതില്ല എന്നും ആണു്.
അകാരന്തത്തിനേ ഉള്ളു |
അകാരാന്തശബ്ദങ്ങളിൽ മാത്രമേ പ്രധാനമായി ലിംഗപ്രത്യയം ചേർക്കേണ്ടതുള്ളു. അകാരന്തത്തിലും താലവ്യാകാരാന്തശബ്ദങ്ങൾക്കു് ലിംഗഭേദമില്ല. എന്നാൽ ബഹുമാനത്തെ കാണിപ്പാനായി ചിലെടത്തു് ആവക ശബ്ദങ്ങൾക്കും ലിംഗപ്രത്യയം ചേർക്കാറുണ്ടു്. തന്തയാൻ, തള്ളയാൾ ഇത്യാദികൾ ഉദാഹരണങ്ങൾ. അകാരാന്തശബ്ദങ്ങളൊഴികെ മററുള്ളവയിൽ ലിംഗപ്രത്യയം ചേർത്തുകാണുന്നിടത്തെല്ലാം ഉച്ചാരണസൗകര്യമോ മറ്റേതെങ്കിലുമോ ഒരു പ്രയോജനം ഉണ്ടായിരിക്കും. വക്കീലന്മാർ, തിരുമുല്പാടന്മാർ മുതലായ ശബ്ദങ്ങളിൽ വക്കീൽമാർ, തിരുമുല്പാടുമാർ എന്നൊക്കെ ഉച്ചരിക്കുന്നതു് വിഷമമാകയാൽ "അൻ' എന്ന പുല്ലിംഗപ്രത്യയം ചേർത്തിരിക്കുന്നു. സംസ്കൃതത്തിലും അകാരാന്തം, സകാരാന്തം, തകാരാന്തം, നകാരാന്തം ഇങ്ങനെ ചില ശബ്ദങ്ങളിൽ മാത്രമേ പ്രധാനമായി ലിംഗഭേദമുള്ളു. മുനി- മുനിവൻ, ഉച്ചെശ്ശ്രവസ്- ഉച്ചെശ്ശ്രവസൻ എന്നും മററും ഇകാരാന്തം, സകാരാന്തം മുതലായ നാമങ്ങളിൽ ലിംഗപ്രത്യയം പഴയ കൃതികളിൽ കാണുന്നുണ്ടു്. അതിന്റെ പ്രയോജനം പ്രാധാന്യം കണക്കാക്കിയാണെന്നു് സമാധാനപ്പെടാം. തിരുമുല്പാടന്മാർ, വക്കിലന്മാർ ഇത്യാദികളിൽ വ്യക്തിവിവക്ഷകൂടിയുണ്ടു്. തിരുമുല്പാടു് എന്നതു് സ്ഥാനപ്പേർ: സ്ഥാനംമാത്രം കുറിക്കുമ്പോൾ വ്യക്തിവിവക്ഷയില്ലായ്കയാൽ വചനം വേണ്ട. ബഹുത്വംകൂടി കാണിക്കണമെന്നുവരുമ്പോൾ "തിരുമുല്പാടൻ' എന്നു് ഏകവചനം ചേർത്തു് ഒററവ്യക്തിയെ ഉണ്ടാക്കീട്ടു് അതിനുമേൽ ബഹുത്വം കുറിക്കാൻ "മാർ' ചേർക്കുന്നു. അവിടെയും പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും ചേർത്തു് ജാതിയെപ്പറകയാണെങ്കിൽ "തിരുമുല്പാടർ' എന്നു് അലിംഗബഹുവചനം വരും. ഒരുവനെ പറകയാണെങ്കിലും "ഇവൻ ഒരു തിരുമുല്പാടനാണ്' എന്നു പറയാം. അങ്ങനെ ചെയ്യുമ്പോൾ അയാളെപ്പററി അനാദരംകൂടി തോന്നും. ലിംഗവചനപ്രത്യയങ്ങൾ കൂടാതെ സ്ഥാനപ്പേരുമാത്രം പറഞ്ഞാൽ മതിയാകുമെന്നിരിക്കെ "അൻ' ചേർക്കുമ്പോൾ പ്രകൃതമായ സ്ഥാനപ്പേരുള്ള ഒരാളാണിവൻ എന്നു് അർത്ഥം വരികയാൽ പ്രധാനം വ്യക്തിയായിപ്പോകുന്നു; അതിൽനിന്നു് സ്ഥാനപ്പേരിനെ ഇവൻ അർഹിക്കുന്നില്ലെന്നുകൂടി ധ്വനിക്കും. ലിംഗവചനാദികളായ ഉപാധികളെ എടുത്തു കാണിക്കാൻ കുറിചേർക്കുന്നതു് അത്യാവശ്യമുള്ളിടത്തു മാത്രം മതി എന്നാണു് ദ്രാവിഡഭാഷകളുടെ സിദ്ധാന്തം. ഇൗ തത്ത്വത്തെ "പുംസ്ത്രീകൾക്കും ലിംഗഭേദംവേണ്ടു ദുർവ്വർജ്ജമെങ്കിലേ' എന്നു സൂത്രത്തിൽത്തന്നെ വിളിച്ചുപറയും.
അനിയം (അൻ-ഇ-അം) തനിനാമത്തിൽ |
ലിംഗപ്രത്യയങ്ങളെ വിധിക്കുന്നു: തനിനാമം= സർവ്വനാമമല്ലാത്ത നാമം. തനിനാമത്തിൽ പുല്ലിംഗത്തിനു് "അൻ' എന്നും, സ്ത്രീലിംഗത്തിനു് "ഇ' എന്നും, നപുംസകത്തിനു് "അം' എന്നും പ്രത്യയം വരും. സർവ്വനാമങ്ങളെ വേർതിരിപ്പാനാണു് തനിനാമം എന്നു പറഞ്ഞതു്.
ഉദാ:
- പും- കേമൻ, കള്ളൻ, കുമാരൻ, കുട്ടൻ
- സ്ത്രീ- കേമി, കള്ളി, കുമാരി, കുട്ടി
- നപും- കേമം, കള്ളം
- സർവ്വനാമങ്ങളിൽ പുല്ലിംഗത്തിനു് "അൻ' എന്നും, സ്ത്രീലിംഗത്തിനു് "അൾ' എന്നും, നപുംസകത്തിനു് "ത്' എന്നും പ്രത്യയങ്ങൾ.
ഉദാ:
- അവൻ അവൾ അത്;
- ഇവൻ ഇവൾ ഇത്
- യാവൻ യാവൾ യാത്;
- ഏവൻ ഏവൾ ഏത്
പുംസ്ത്രീസാധാരണശബ്ദങ്ങളിലും "അൻ' "അൾ' എന്ന രണ്ടുംതന്നെ പ്രത്യയങ്ങൾ: മകൻ,മകൾ.
ആഖ്യാതത്തോടു ചേരുമ്പോൾ ഇൗ "അൻ' "അൾ' എന്ന പുംസ്ത്രീ പ്രത്യയങ്ങൾ ദീർഘിച്ചു് "ആൻ' എന്നും ആകും. നപുംസകം ഭേദംകൂടാതെ "തു' എന്നുതന്നെ.
ഉദാ:
- വന്നാൻ, പോയാൻ, ചൊല്ലിനാൻ, ഇരിക്കുന്നാൻ,
- വന്നാൾ, പോയാൾ, ചൊല്ലിനാൾ, ഇരിക്കുന്നാൾ,
- വന്നിതു, പോയിതു.
ആനാളെന്നുള്ള പുംസ്ത്രീകൾ |
ബഹുമാനം ദേ്യാതിപ്പിക്കുന്ന സ്ഥലങ്ങളിൽ എല്ലാ ശബ്ദങ്ങൾക്കും പുല്ലിംഗത്തിൽ "ആൻ' എന്നും സ്ത്രീലിംഗത്തിൽ "ആൾ' എന്നും ചേരും. അധികം ബഹുമാനം ദേ്യാതിപ്പിക്കുന്നിടത്തു് രണ്ടു ലിംഗത്തിനും ബഹുവചനരൂപം ചേർത്തു് "ആർ' എന്നുംവരും.
ഉദാ: തന്തയാൻ, തള്ളയാൾ, തന്തയാർ, തള്ളയാർ, സ്വാമിയാർ, കുമ്പിനിയാർ, കട്ടയാൻ, തട്ടാൻ, മാരാൻ, വിഡ്ഢിയാൻ, മൊട്ടയാൻ, ആശാൻ, വാധ്യാർ, തമ്പുരാൻ.
അത്തിയെന്നു ചിലേടത്തു |
ചില ശബ്ദങ്ങളിൽ സ്ത്രീലിംഗപ്രത്യയം "ത്തി' എന്നായിട്ടു വരും.
ഉദാ:
- പും- പണിക്കാരൻ പപ്പടക്കാരൻ തെരുകാരൻ
- സ്ത്രീ- പണിക്കാരത്തി പപ്പടക്കാരത്തി തെരുകാരത്തി
ഇൗ "ത്തി' പ്രത്യയം മുൻപിലെ വർണ്ണം താലവ്യമാണെങ്കിൽ തകാരത്തിനു് താലവ്യമായ ചകാരം ആദേശം വന്നു് "ച്ചി' എന്നായിത്തീരും.
ഉദാ: പും- തടിയൻ ചെട്ടി
മടിയൻ സ്ത്രീ- തടിച്ചി ചെട്ടിച്ചി
മടിച്ചി
തമ്പുരാട്ടി മുതലായ ശബ്ദങ്ങളിൽ കാണുന്ന "ആട്ടി' എന്നതും "ത്തി' പ്രത്യയം ചേർന്നുണ്ടായ രൂപം തന്നെയാണു്. "ആൾ' എന്നതിനു് "ആളുന്ന' എന്നർത്ഥം. ആൾ+ത്തി എന്നതിൽ തകാരത്തിനു മൂർദ്ധന്യാദേശം വന്നു് ആൾ+ട്ടി എന്നും, പിന്നെ ളകാരത്തിനും മൂർദ്ധന്യാദേശത്താൽ "ആട്ടി' എന്നും ആയിത്തീർന്നിരിക്കുന്നു.
കൃദന്തശബ്ദങ്ങളിലും തദ്ധിതാന്തശബ്ദങ്ങളിലും നപുംസകത്തിനു കൂടി "അൻ' എന്നുതന്നെ ലിംഗപ്രത്യയം വരും.
ഉദാ: തെക്കൻ- മനുഷ്യൻ; ഭാഷ കൂനൻ- കൂനൻ മാട് കോട്ടാറൻ- മനുഷ്യൻ, ചരക്കു് തടിയൻ- തടിയൻ മരം തുവരൻ- തുവരുന്നതു് വളവൻ- വളവൻവടി തുരപ്പൻ-- തുരക്കുന്നതു് ഉൗക്കൻ- ഉൗക്കൻ മതിൽ
നപുംസകമലിംഗംതാ- |
മേല്ക്കാണിച്ച ലിംഗപ്രത്യയങ്ങളുടെ സ്വരൂപത്തെപ്പററി വിചാരണ ചെയ്യുന്നു. അതിൽ ആദ്യംതന്നെ "അം' എന്ന നപുംസകപ്രത്യയത്തെക്കുറിച്ചാലോചിക്കുന്നു: ലോകത്തിൽ സ്ത്രീയെന്നും പുരുഷനെന്നും ഉള്ള ഭേദമനുസരിച്ചു് സ്ത്രീലിംഗപുല്ലിംഗങ്ങൾ സിദ്ധമാകുന്നു. അതുരണ്ടും അല്ലാത്തതിനാണു് നപുംസകം എന്നു പറഞ്ഞുവരുന്നതു്. അപ്പോൾ ലിംഗമില്ലാത്തതു് നപുംസകം എന്നാണു വന്നുകൂടുന്നതു്. ആ സ്ഥിതിക്കു് ലിംഗമില്ലാത്തതിനെക്കുറിപ്പാൻ ഒരു ലിംഗപ്രത്യയം ചേർക്കേണ്ട ആവശ്യമേ ഇല്ല; ഒരു ലിംഗപ്രത്യയവും ചേർക്കാതിരിക്കുന്നതുകൊണ്ടുതന്നെ നപുംസകമാണെന്നു ഗ്രഹിക്കാവുന്നതാണു്. സൂക്ഷ്മം നോക്കിയാൽ പുല്ലിംഗസ്ത്രീലിംഗ പ്രത്യയങ്ങളും, പ്രയോഗിക്കുന്ന പദത്തിന്റെ അർത്ഥം പുരുഷനോ സ്ത്രീയോ എന്നുള്ളതു് വേറെ വിധത്തിൽ ഗ്രഹിപ്പാൻ കഴിയുന്നേടത്തു്, ചേർക്കണമെന്നില്ല. "ആ' "പെ' മുതലായ ശബ്ദങ്ങൾതന്നെ ഇതിനു ദൃഷ്ടാന്തങ്ങൾ. ഇങ്ങനെ "അം' എന്നൊരു നപുംസകപ്രത്യയം സ്വീകരിക്കേണ്ടതില്ലാത്തതിനാൽ മരം, പാലം, കടം ഇൗ വക നപുംസകശബ്ദങ്ങളിൽ കാണുന്ന "അം' എന്ന ഭാഗം അംഗപ്രത്യയമാണെന്നു വയ്ക്കുന്നതാണു യുക്തം; അല്ലാതെ ലിംഗപ്രത്യയമാക്കുന്ന തല്ലെന്നു് ഡാക്ടർ കാൽഡെ്വൽ അഭിപ്രായപ്പെട്ടിരിക്കുന്നു. മരത്തെ, മരത്താൽ എന്നും മററുമുള്ള പ്രതിഗ്രാഹികാദി വിഭക്തികൾ ചേർന്ന പദങ്ങളിൽ "അം' പ്രത്യയം കാണാതിരിക്കുന്നതും അതു ലിംഗപ്രത്യയമല്ലാതിരിക്കുന്നതുകൊണ്ടുതന്നെയാണു്. രാമനെ, രാമനാൽ; മകളെ, മകളാൽ ഇത്യാദി പുംസ്ത്രീലിംഗശബ്ദങ്ങളിൽ ലിംഗപ്രത്യയത്തിന്നുശേഷം വിഭക്തിപ്രത്യയം വന്നിരിക്കെ നപുംസകത്തിൽ മാത്രം അപ്രകാരമല്ലെന്നുള്ളതിന്നു യുക്തിയും കാണുന്നില്ല. "അനക്കം', "ആട്ടം' മുതലായ ഭാവരൂപങ്ങളിൽ "അം' എന്നതു് ലിംഗപ്രത്യയമല്ലെന്നു സ്പഷ്ടമാണല്ലോ. അവയിൽ കാണുന്ന "അം' എന്ന ഭാഗം "അനങ്ങുക' ഇത്യാദി കൃതികളിൽനിന്നു് "കൃതിതൃതു് പ്രത്യയം' എന്ന നാമരൂപമുണ്ടാക്കുന്നതിനുള്ള പ്രത്യയമാകുന്നു. മരത്താൽ ഇത്യാദി വാക്കുകളിൽ "അത്ത്' എന്നുള്ള ഭാഗം യോജിപ്പിന്നുവേണ്ടി ചേർക്കുന്ന ഇടനിലയാകുന്നു. മരത്തിന്റെ, മരത്തിനു് ഇത്യാദി സ്ഥലങ്ങളിൽ "ഇൻ' എന്നുള്ള ഭാഗം ഇടനിലയാകുന്നതുപോലെ "അത്ത്' എന്നുള്ളതും ഇടനിലതന്നെ. ഇങ്ങനെ ഇടനിലയായി "അത്ത്' എന്നു വരുമെന്നുള്ളതിനു് വിഭക്ത്യാഭാസങ്ങളുടെ കൂട്ടത്തിൽപ്പെട്ട കാററത്തു്, വെയിലത്തു്, മഴയത്തു് മുതലായ ശബ്ദങ്ങളും സഹായിക്കുന്നുണ്ടു്. കാററു്, വെയിൽ, മഴ ഇത്യാദി ശബ്ദങ്ങളിൽനിന്നു് അതുള്ള സ്ഥലത്തിൽ എന്ന അർത്ഥത്തിൽ ആധികാരികാവിഭക്തിയുടെ സ്ഥാനത്തു് "അത്ത്' എന്ന ഒരു പ്രത്യയം വരുന്നു എന്നാണല്ലോ സ്വീകരിക്കേണ്ടതു്. അതുപോലെ മരത്താൽ, മരത്തിന്റെ ഇത്യാദി സ്ഥലങ്ങളിൽ ഇടനിലയായി ഒരു "അത്ത്' ഫ്രത്യയം വരുന്നുവെന്നു വെക്കുന്നതു യുക്തമായിരിക്കുന്നുണ്ടു്.
അംപ്രത്യയം ദന്ത്യനാന്ത- |
മരം, പാലം ഇത്യാദിനപുംസക ശബ്ദങ്ങളിലെ "അം' എന്നതു് ലിംഗപ്രത്യയമോ എന്ന സംഗതിയിൽ ഇൗ ഗ്രന്ഥകർത്താവിനു തോന്നുന്ന അഭിപ്രായം ഇങ്ങനെയാണ്: "അം' എന്നതു് ലിംഗപ്രത്യയം ആകുന്നു. മരത്തെ, മരത്തിൽ ഇത്യാദി സ്ഥലങ്ങളിൽ "അം' എന്നതിലെ അനുസ്വാരത്തിനു് "ത്ത്' എന്നാദേശം വന്നിരിക്കയാണു്. അതിനാൽ ലിംഗപ്രത്യയത്തിന്റെ ശേഷം തന്നെയാണു് നപുംസകത്തിലും വിഭക്തിപ്രത്യയം വരുന്നതു്. മരത്തിന്റെ, മരത്തിൽ ഇത്യാദികളിൽ വിഭക്തിപ്രത്യയത്തിന്റെ മുൻപിൽ "അത്ത്' എന്നു ചേർത്തു് അംഗം ഉണ്ടായിത്തീരുന്നു എന്നു പറയുന്നതിനു യുക്തിയുണ്ടെങ്കിലും "മരം' എന്ന വിഭക്തിപ്രത്യയമില്ലാത്ത നിർദ്ദേശികാരൂപത്തിൽ അവസാനത്തിൽ ഒരു അംഗപ്രത്യയം വന്നുകൂടിയതുകൊണ്ടു് ഒരു മെച്ചവും കിട്ടുന്നില്ലെന്നു മാത്രമല്ല അവസാനത്തിൽ അംഗപ്രത്യയം (ഇടനില) വരുന്നതിനു യുക്തിയും കാണുന്നില്ല. എന്നാൽ നപുംസകലിംഗപ്രത്യയമായിക്കാണുന്ന "അം' എന്നതു് ആദികാലങ്ങളിൽ "അന്' എന്നായിരുന്നു എന്നും പിന്നെ നകാരം അനുസ്വാരമായി മാറിപ്പോയതാണെന്നും വിചാരിക്കുന്നതു് യുക്തമായിത്തോന്നുന്നുണ്ടു്. "കൂവളത്തിൻവേർ' എന്നതു "കൂവ-ളത്തുംവേർ' എന്നുച്ചരിച്ചുവരുന്നതു സാധാരണയാണല്ലോ. അതിൽ കാരത്തിനു് അനുസ്വാരം ഉച്ചരിക്കുന്ന സ്ഥിതിക്കു് നകാരത്തിനും അനുസ്വാരോച്ചാരണം സംഭവിക്കാവുന്നതാണു്. ഇങ്ങനെ ആദിയിൽ "അന്' എന്നായിരുന്നു നപുംസകപ്രത്യയമെന്നു വരുന്നപക്ഷം മരത്തെ, മരത്താൽ ഇത്യാദികളിൽ "അന്' എന്നതിലെ നകാരത്തിനു ഖരാദേശം വന്നു് തകാരമായെന്നും, ആ തകാരം പിന്നെ ഇരട്ടിക്കുന്നു എന്നും സ്വീകരിച്ചാൽ മതിയാകും. അനുനാസികങ്ങൾക്കു് ഖരാദേശം സമസ്തപദങ്ങളിൽപ്പോലും സാധാരണ വരുന്നതാണു്. (ആണ്ടു+പിറന്നാൾ=) ആട്ടപ്പിറന്നാൾ; ചെപ്പുക്കുടം, ചെപ്പേടു് ഇത്യാദികൾ ഉദാഹരണങ്ങൾ. ദ്വിത്വഖരാദേശങ്ങൾ ചെയ്യുന്നതു് അപ്രാധാന്യം സൂചിപ്പിക്കാനാകുന്നു. അതും ഇവിടെ യോജിക്കുന്നുണ്ടു്. പ്രധാന കാരകത്തെ കുറിക്കുന്ന നിർദ്ദേശികാവിഭക്തിയിൽ ത്താദേശമില്ല; അപ്രധാനങ്ങളായ മറ്റു വിഭക്തികളിലേ ഇതു വരുന്നുള്ളു. ഇനി നകാരത്തിനു് അനുസ്വാരം ഉച്ചാരണഭേദം വഴിക്കുവരാവുന്നതാണോ എന്നു നോക്കുകയാണെങ്കിൽ അതും സംഭവിക്കാവുന്നതായിത്തന്നെയിരിക്കുന്നു. സംസ്കൃതത്തിൽ മകാരത്തിനെന്നപോലെ നകാരത്തിനും അനുസ്വാരം സന്ധിയിൽപ്പോലും വരുന്നതായിക്കാണുന്നുണ്ടു്. താൻ+താൻ=താംസ്താൻ. ഒററപ്പദത്തിലും രമ്+സ്യതേ=രംസ്യതേ എന്നപോലെ മൻ+സ്യതേ=മംസ്യതേ എന്നാകുന്നുണ്ടു്. അതുകൊണ്ടു സംസ്കൃത്തിലെപ്പോലെ മലയാളത്തിലും "അന്' എന്ന പ്രത്യയം "അം' എന്നായതാണെന്നു സ്വീകരിക്കുന്നതുതന്നെയാണു യുക്തം. ഇൗ സംഗതികൊണ്ടുതന്നെ പദമധ്യത്തിൽ മകാരനകാരങ്ങൾക്കു ധ്വനിസാമ്യം വരുമെന്നുള്ളതും സ്പഷ്ടമായല്ലോ. തമിഴിൽത്തന്നെ കടം, ഫലം ഇത്യാദി ശബ്ദങ്ങൾക്കു് കടൻ, പലൻ ഇത്യാദി രൂപങ്ങൾ നാടോടിബ്ഭാഷയിൽക്കൂടി കാണുന്നുണ്ടു്. ഇതിനുപപത്തി കാണിക്കാൻവേണ്ടി ഭവനന്ദി നപുംസകത്തിൽ "അം' എന്നും "അൻ' എന്നും പ്രത്യയമാകാമെന്നു വിധിക്കയും ചെയ്യുന്നു. അതിനാൽ ആദികാലത്തു നപുംസകത്തുലും "അൻ' തന്നെ ആയിരുന്നു പ്രത്യയം എന്നും അതു ക്രമേണ പുല്ലിംഗത്തിൽനിന്നു ഭേദം സ്പഷ്ടമാക്കാൻവേണ്ടി നകാരത്തിനു് അനുസ്വാരാദേശംചെയ്തു് "അം' എന്നാക്കി എന്നും, പലൻ, കടൻ ഇത്യാദികൾ പഴയ സമ്പ്രദായത്തിന്റെ അവശേഷങ്ങളാണെന്നും ഉൗഹിപ്പാൻ നല്ല വകയുണ്ടു്. എന്നാൽ "അന്' എന്നു നകാരമായാലേ ഖരാദേശദ്വിത്വങ്ങൾകൊണ്ടു് "അത്ത്' ഉണ്ടാകുകയുള്ളല്ലോ; കട പല എന്നു് കാരമാണല്ലോ കാണുന്നതു് എന്ന ചോദ്യത്തിനു് സമാധാനം പറയുന്നു:
പദാന്തത്തിൽ നങ്ങൾക്കും |
തമിഴിൽ കടൻ എന്നതിലെ അന്ത്യവർണ്ണം കാരമല്ല; നകാരം തന്നെയാണു്. പദാവസാനത്തിൽ വരുന്ന രേഫത്തിനും റകാരത്തിനും അവർ, മകളർ, ചാർ, ആർ (വെള്ളം) ഇത്യാദികളിൽ ധ്വനിസാമ്യമുള്ളതുപോലെ കാരനകാരങ്ങൾക്കും, പദാവസനാത്തിൽ ധ്വനിസാമ്യം വന്നിട്ടുള്ളതാണു്. മലരു്, നീരു്, ഇത്യാദി ശബ്ദങ്ങൾ സംവൃതം ചേർത്തു പറയുമ്പോൾ രേഫാന്തങ്ങളാണെന്നു തെളിയുന്നുണ്ടെങ്കിലും സംവൃതംകൂടാതെ ചില്ലായിനില്ക്കുമ്പോൾ മലരു്, നീരു് എന്നല്ല; മലറു്, നീറു് എന്നുതന്നെയാണു് ഉച്ചരിക്കപ്പെടുന്നതു്. അകാരത്തിനുമേൽ അനുസ്വാരം വന്നാൽ അതിനെ ത്തകാരം ആയിട്ടാണു ഗണിക്കേണ്ടതെന്നു് വേറെ ഉദാഹരണങ്ങളിൽ നിന്നും തെളിയുന്നുണ്ടു്. തുലാം- തുലാത്തിൽ, സലാം- സലാത്തിന്റെ; എല്ലാം- എല്ലാത്തിലും ഇത്യാദി. അതിനാൽ "അം' എന്ന അനുസ്വാരത്തിന്റെ യഥാർത്ഥമായ ആഗമം ഏതായാലും ആ അനുസ്വാരത്തിനു് "ത്ത്' ആദേശം വരുന്നതിൽ യാതൊരു വിരോധവുമില്ല. അതുകൊണ്ടു് ഏതായാലും "അത്ത്' എന്നൊരു അംഗപ്രത്യയം പ്രതേ്യകമായി സ്വീകരിച്ചിട്ടാവശ്യമില്ല. ഇരുട്ടത്തു്, മഴയത്തു് എന്ന വിഭക്ത്യാഭാസങ്ങളിൽ കാണുന്ന "അത്ത്' എന്നതും "അം' എന്നതിൽനിന്നുതന്നെ വരുന്നു. "അം' ചേർക്കുന്നതാകട്ടെ, "അതുള്ള സ്ഥലം' എന്നു് അർത്ഥംകുറിക്കാൻവേണ്ടീട്ടാകുന്നു. മടി ഉള്ളവൻ മടിയൻ എന്നു പുല്ലിംഗത്തിൽ അൻ പ്രത്യയംപോലെ നപുംസകത്തിൽ അം പ്രത്യയം വരേണ്ടതു് ന്യായമാണല്ലോ. മഴയുള്ള സ്ഥലത്തിൽ എന്നാണു് മഴയത്തു് എന്ന വിഭക്ത്യാഭാസത്തിന്റെ അർത്ഥവും. ചില്ലായുള്ള മകാരം സംവൃതം ചേരുമ്പോൾ "ത്ത്' എന്നാകുമെന്നു് ചില്ലുകളെപ്പററിയുള്ള വിചാരണയിൽ പറഞ്ഞിട്ടുള്ളതും നോക്കുക. അവിടെയും ഹിതമൊടു, ഹിതത്തൊടു എന്ന വികല്പരൂപം കാണുന്നതിനാൽ അനുസ്വാരത്തിനു് ത്താദേശം വരികയാണെന്നുള്ള കല്പന ബലപ്പെടുന്നു. ഇനി മേല്പറഞ്ഞ ലിംഗപ്രത്യയങ്ങളുടെ ഉൽപ്പത്തിയെപ്പററിയും കുറച്ചൊന്നു പ്രസ്താവിക്കാം: "ആ' എന്ന ശബ്ദരൂപംതന്നെയാണു് "അൻ' എന്ന പുല്ലിംഗപ്രത്യയമായി പരിണമിക്കുന്നതു്. ആ എന്ന പുരുഷവാചകമായ ആദ്യദ്രാവിഡശബ്ദം തമിഴ്മലയാളങ്ങളിൽ ഹ്രസ്വവും ണകാരത്തിനു കാരാദേശവും (ഇതൊട്ടും അപൂർവ്വമല്ല) വന്നു് "അൻ' എന്ന പുല്ലിംഗപ്രത്യയമായി. തെലുങ്കിൽ "ഡു' ചേർന്നു് (ഇതും അപൂർവ്വമല്ല- വേ- വേണ്ടുന്നു; വേണ്ടും ഇത്യാദി നോക്കുക) "വാണ്ഡു' എന്നായി. തെലുങ്കിൽ അവൻ= വാണ്ഡു, ചിന്നവൻ= ചിന്നവാണ്ഡു). കർണ്ണാടകത്തിൽ "ഉ' കാരം ചേർന്നു് "അനു' എന്നുമായി. കർണ്ണാടകത്തിൽ അന്ദർ (അവൻ ദരു) എന്ന അലിംഗബഹുവചനത്തിൽ ദകാരത്തിന്റെ അംശം കാണുന്നുണ്ടു്. നകാരത്തിനു മകാരം വന്നു് "അം' എന്നും രൂപം കർണ്ണാടകത്തിൽ ഉണ്ടു്. ഹ്രസ്വംകൂടാതെ "ആൻ' എന്നുതന്നെ തമിഴുമലയാളങ്ങളിൽ കാണുന്നുണ്ട്- ആശാൻ, വാധ്യാൻ ഇത്യാദികൾ നോക്കുക. ആഖ്യാതരൂപങ്ങളിലോ ചെയ്താൻ, ചെയ്താൾ എന്നു സർവ്വത്ര ദീർഘമേയുള്ളു. അപ്രകാരംതന്നെ "ആൾ' എന്ന ശബ്ദരൂപം "അൾ' എന്ന സ്ത്രീലിംഗപ്രത്യയമായി. ആൾ എന്നതു് ഇക്കാലത്തു സ്ത്രീപുരുഷസാമാന്യ വാചകമായിത്തീർന്നിട്ടുണ്ടെങ്കിലും ആദികാലത്തിൽ അതു സ്ത്രീവാചകം മാത്രമായിരുന്നു എന്നൂഹിപ്പാൻ സ്ത്രീവാചകശബ്ദങ്ങളോടുകൂടി കമനിയാൾ, സുന്ദരിയാൾ, അന്നനടയാൾ ഇങ്ങനെ പ്രയോഗിച്ചുകാണുന്നതും പുരുഷവാചകങ്ങളോടു ചേർന്നുള്ള പ്രയോഗം കാണാതിരിക്കുന്നതും സാമാന്യം യുക്തിയായിരിക്കുന്നുണ്ടു്. തമിഴിൽ അനുഭവം അർത്ഥമായ "തു' എന്ന ധാതുതന്നെ നപുംസകപ്രത്യയമായി പരിഗണിച്ചിരിക്കണമെന്നാണു് ഇൗ ഗ്രന്ഥകാരന്റെ അഭിപ്രായം. തന്നെത്താൻ ഒന്നിനും കഴിയാതെ ചേതനങ്ങൾ ചെയ്യുന്നതെല്ലാം അനുഭവിച്ചും കൊണ്ടിരിക്കയാണല്ലോ ജഡവസ്തുവിന്റെ സ്വഭാവം. അതിനാൽ അനുഭവാർത്ഥകമായ "തു' ധാതുവിന്നു നപുംസകപ്രത്യയത്വം യുക്തമായിരിക്കുന്നു. "ഇ' എന്ന സ്ത്രീലിംഗപ്രത്യയം സംസ്കൃതത്തിൽനിന്നു വന്നുചേർന്നതായിരിക്കാം. സംസ്കൃതത്തിൽ "കർത്രീ' "മനസ്വിനീ' ഇത്യാദികളിൽ കാണുന്ന "ഇൗ' എന്ന സ്ത്രീപ്രത്യയം മലയാളപ്പെടുത്തി "ഇ' എന്നാക്കിയെന്നു മാത്രം. ഭേദം. ഭോഷി, മിടുക്കി, കള്ളി, മുട്ടി ഇത്യാദി ഭാഷാനാമങ്ങളിലും "ഇ' പ്രത്യയം ഉപയോഗിച്ചുവരാറു ണ്ടെങ്കിലും സംസ്കൃതനാമങ്ങളിലാണു് അതിനു് അധികം പ്രചാരവും. തകാരം ചേർന്ന "തി' എന്ന സ്ത്രീലിംഗപ്രത്യയം ദ്രാവിഡംതന്നെ. തെലുങ്കിൽ ഇതാണു് മിക്ക നാമങ്ങളിലും സ്ത്രീപ്രത്യയം; എന്നാൽ തെലുങ്കിൽ നപുംസകത്തിനും ഇതുതന്നെ പ്രത്യയം. ഒരുവൻ, ഒരുത്തി; കുറവൻ, കുറത്തി ഇത്യാദികളിൽ "തി' പ്രത്യയം ദ്വിത്വത്തോടെ തമിഴു് മലയാളങ്ങളിലും സാധാരണമാണു്.
അൻ, അൾ, തൂ മൂന്നും ലിംഗപ്രത്യയമാകുന്നതിനു പുറമേ വചനപ്രത്യയവും കൂടിയാണ്; ഏകവചനം കുറിക്കാൻ വേറെ പ്രത്യയം ഇല്ല; കേമൻ, കേമന്മാർ മകൾ, മകളർ. എന്നാൽ "അൻ' നാമത്തിനും സർവ്വനാമത്തിനും സാധാരണമായിരിക്കെ "അൾ', "തു' രണ്ടും സർവ്വനാമത്തിനു മാത്രമേ ഉള്ളു. അൾ, മകൾ എന്നു് ഒരു നാമത്തിൽ മാത്രം കാണുന്നുണ്ടു്. "തു' അത്രയുംകൂടിയില്ല. നാമങ്ങളിൽ മുറയ്ക്കു് അൻ, ഇ അല്ലെങ്കിൽ ത്തി, അം എന്നാണു് ലിംഗപ്രത്യയങ്ങൾ; സർവ്വനാമങ്ങൾക്കാണു് അൻ, അൾ, തൂ, അൻ, അൾ രണ്ടിനും സാധാരണമായിട്ടു് "അർ' എന്നു ബഹുവചനം ഒന്നുതന്നെ; തു എന്ന നപുംസകത്തിനു് അ എന്നു ബഹുവചനം.
അപ്പോൾ: അൻ- പുല്ലിംഗെകവചനപ്രത്യയം } അർ- പുംസ്ത്രീബഹുവചനപ്രത്യയം അൾ- സ്ത്രീലിംഗെകവചനപ്രത്യയം അ-നപുംസകബഹുവചനപ്രത്യയം തു- നപുംസകെകവചനപ്രത്യയം
എന്നാൽ ഇപ്പോൾ "അതുകൾ', "ഇതുകൾ' എന്നും പ്രയോഗിച്ചുതുടങ്ങിയിരിക്കുന്ന സ്ഥിതിക്കു് സർവ്വനാമത്തിലും കേമന്മാർ, കേമികൾ എന്ന പുംസ്ത്രീനാമങ്ങളിലെ ലിംഗപ്രത്യയവും വചനപ്രത്യയവും വെവ്വേറെ ആക്കാമെന്നുവരുന്നു.