കേരളപാണിനീയം/ധാത്വധികാരം/പ്രയോജകപ്രകൃതി

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

പ്രയോജകപ്രകൃതി എന്നും കേവലപ്രകൃതി എന്നും ധാതുക്കൾ പ്രകൃതി എന്ന ഇനത്തിൽ രണ്ടുവിധം ഉണ്ടെന്നു പറഞ്ഞുവല്ലോ. അതിൽ കാലപ്രകാരാദികളിൽ ഉണ്ടാകുന്ന രൂപഭേദം കേവലപ്രകൃതിയിൽ ഇരിക്കുന്ന ധാതുവിൽ പറഞ്ഞു കഴിഞ്ഞു. പ്രയോജകപ്രകൃതിയിലും കാലാദ്യുപാധികളെ സംബന്ധിച്ചിട്ടുള്ള രൂപങ്ങളെല്ലാം തുല്യംതന്നെ. കേവലധാതുവിനെ പ്രയോജകപ്രകൃതിയിൽ ആക്കാനുള്ള മാർഗ്ഗംമാത്രം നിർണ്ണയിക്കേണ്ടതുണ്ട്; അതിനാരംഭിക്കുന്നു. പ്രയോജകപ്രകൃതി ഉണ്ടാക്കേണ്ടതെങ്ങനെ?

പ്രയോജകം ജനിച്ചീടു- മി, പ്പി, ത്തു പ്രത്യയങ്ങളാൽ.

കേവലധാതുവിൽ "ഇ', "പ്പി', "ത്തു' എന്ന മൂന്നു പ്രത്യയങ്ങളിൽ ഒന്നു ചേർത്താൽ പ്രയോജകപ്രകൃതിയുണ്ടാകും. ഇന്ന ധാതുവിനു് ഇന്നതെന്നു മേലാൽവിവേചനം ചെയ്യും. അതിനുമുമ്പേ പ്രയോജകപ്രകൃതിയിൽ രൂപനിർണ്ണയത്തിനുവേണ്ടി കാരിതാകാരിതഭേദം പറയുന്നു.

ഇ പ്പി രണ്ടും ചേർന്ന ധാതു- വെല്ലാം കാരിതമാണുപോൽ.

ഇ, പ്പി, ത്തു, എന്നു് മൂന്നു പ്രത്യയം പറഞ്ഞതിൽ ആദ്യത്തെ രണ്ടും സ്വരാന്തമാകയാൽ അവയ്ക്കു് കാരിതാകാരിതഭേദത്തിനു വകയുണ്ടു്. സന്ദേഹം തീർക്കാനായിട്ടു് രണ്ടും കാരിതങ്ങളാണെന്നു വിധിക്കുന്നു. ത്തു് വൃഞ്ജനാന്തമാകയാൽ അതിൽ ഇൗ വിഭാഗത്തിനു് പ്രസക്തിയേ ഇല്ല. ഇനി ഇന്ന ധാതുവിനു് ഇന്ന പ്രത്യയം എന്നു വിഷയവിഭാഗം ചെയ്യാം:

കാരിതത്തിൽ പ്പി ശേഷത്തി- ലെല്ലാറ്റിനുമികാരവും.

കേവലപ്രകൃതിയിൽ കാരിതമായ ധാതുവിനു് പ്രയോജകരൂപം ഉണ്ടാക്കാൻ പ്പി എന്നു പ്രത്യയം ചേർക്കണം. ശേഷം എല്ലാ ധാതുക്കൾക്കും അകാരിതമായാലും ശരി, കാരിതഭേദമില്ലാത്ത വൃഞ്ജനാന്തമായാലും ശരി: ഇ എന്നു പ്രത്യയം. എന്നാൽ അകാരിതങ്ങൾക്കും വൃഞ്ജനാന്തങ്ങൾക്കും ചില വ്യത്യസ്തങ്ങൾ ഉടനെ പ്രസ്താവിക്കും; അതുകൾ ഒഴിച്ചുള്ളവയ്ക്കേ ഇ പ്രത്യയം കാണുകയുള്ളു. ഉദാഹരണം:

കാരിതം

അകാരിതം കളിക്കുന്നു കളിപ്പിക്കുന്നു സ്വരാന്തം: കേൾക്കുന്നു കേൾപ്പിക്കുന്നു കളയുന്നു കളയിക്കുന്നു ചേർക്കുന്നു ചേർപ്പിക്കുന്നു പണിയുന്നു പണിയിക്കുന്നു തോൽക്കുന്നു തോൽപിക്കുന്നു

വൃഞ്ജനാന്തം: ഒാടുന്നു ഒാടിക്കുന്നു ചൊല്ലുന്നു ചൊല്ലിക്കുന്നു

അകാരിതത്തിനു് ഇ വരുന്നതിൽ വ്യത്യസ്തം:

ഇ പ്രത്യയം വേണ്ട, ധാതു ജഡകർത്തൃകമാവുകിൽ, പ്രയോജകാർത്ഥം കാണിക്കാൻ കാരിതീകരണം മതി. അകാരിതങ്ങൾക്കു് "ഇ' എന്ന പ്രത്യയമാണല്ലോ പറഞ്ഞത്; എന്നാൽ ധാതു ജഡകർത്തൃകമാണെങ്കിൽ- എന്നുവെച്ചാൽ, അചേതനമായ ജഡവസ്തു ചെയ്യുന്ന ക്രിയയാണു് ധാതുവിന്റെ അർത്ഥം എന്നുവരികിൽ- പ്രത്യയം ചേർക്കാതെ ധാതുവിനെ കാരിതമാക്കിയാൽ മതി. അകാരിതത്തെ കാരിതമാക്കുന്നതുകൊണ്ടുതന്നെ പ്രയോജകത്തിന്റെ അർത്ഥം ജനിച്ചുകൊള്ളും. ഉദാ:

ഉടയുന്നു പൊടിയുന്നു അരയുന്നു ചേരുന്നു ഉടയ്ക്കുന്നു പൊടിക്കുന്നു അരയ്ക്കുന്നു ചേർക്കുന്നു

ഇവിടെ ഉടയുക, പൊടിയുക, അരയുക, ചേരുക എല്ലാം ജഡവസ്തുക്കൾ ചെയ്യുന്ന ക്രിയയാകുന്നു. പണിയുക, കളയുക മുതലായവ ചേതനക്രിയകളാകയാൽ അതുതൾക്കു് "പണിയിക്ക, കളയിക്ക' എന്നു് ഇ വേണം; ഉടയുക, പൊടിയുക മുതലായവ അചേതന ക്രിയകളാകയാൽ ഉടയ്ക്കുക, പൊടിക്കുക എന്നു് പ്രത്യയം കൂടാതെ ഇരുന്നാൽ മതി.

ജഡകർത്തൃകങ്ങളായ വൃഞ്ജനാന്തത്തിനും വിശേഷം പറയുന്നു:

ഖരാദേശമിരട്ടിപ്പും വൃഞ്ജനാന്തജഡത്തിന്

വൃഞ്ജനാന്തധാതുവും ജഡകർത്തൃകമായാൽ ഇ പ്രത്യയം വേണ്ട; ഖരാദേശവും ദ്വിത്വവും മതി. അന്ത്യവൃഞ്ജനം ഇരട്ടിച്ചാൽ പ്രയോജകാർത്ഥം ഉളവാകും; ആ വൃഞ്ജനം അനുനാസികമാണെങ്കിൽ അതിനെ പൊരുത്തം നോക്കി ഖരമാക്കുകയും കൂടി വേണമെന്നർത്ഥം. ഉദാ:

മൂടുന്നു മൂട്ടുന്നു (ചേതനകർത്തൃകമായാൽ) മൂടിക്കുന്നു ആടുന്നു ആട്ടുന്നു ആടിക്കുന്നു മുങ്ങുന്നു മുക്കുന്നു മുങ്ങിക്കുന്നു പൊങ്ങുന്നു പൊക്കുന്നു പൊങ്ങിക്കുന്നു

പ്രയോജ്യകർത്താവു തന്റെ മനസ്സോടുകൂടിയോ കൂടാതെയോ പ്രയോജക കർത്താവിന്റെ നിർബന്ധംകൊണ്ടു് ഒരു ക്രിയ ചെയ്യുമ്പോൾ ആ കർത്താവു് സചേതനനെങ്കിലും അചേതന പ്രായനാകുന്നതിനാൽ അവ്വണ്ണമുള്ള ക്രിയയും ഇവിടെ അചേതനകർത്തൃകം തന്നെ. ഉദാ:

തൂങ്- തൂക്കുന്നു; മടങ്-മടക്കുന്നു.

തുങ്ങിച്ചാവുകയും, മടങ്ങുകയും പ്രായേണ കർത്താവിനു് സമ്മതമാവാത്തതിനാൽ ഇൗ ധാതുക്കൾ അചേതന കർത്തൃകങ്ങൾതന്നെ; ഇങ്ങനെ അചേതനകർത്തൃകത്വം വിവക്ഷാവുസാരിയാകയാൽ പ്രയോജ്യൻ പ്രയോജകപ്രരണനിമിത്തം ഉദാസീനനായി ചെയ്യുന്ന ക്രിയയും ചിലപ്പോൾ അചേതനകർത്തൃകമായി വിവക്ഷിക്കുമാറുണ്ടു്. ഉദാ:

ഉൗൺ- ഉൗട്ടുന്നു; തീൻ- തീറ്റുന്നു; കാൺ- കാട്ടുന്നു; കാണിക്കുന്നു.

"കാട്ടിപ്പിക്കുന്നു, ഉൗട്ടിപ്പിക്കുന്നു, പറയിപ്പിക്കുന്നു, നീക്കിപ്പിക്കുന്നു. കളയിപ്പിക്കുന്നു' ഇത്യാദി അർത്ഥവിവക്ഷകൂടാതെ രണ്ടും മൂന്നും പ്രയോജകപ്രത്യയങ്ങളെ ചിലർ പ്രയോഗിക്കുന്നതു പിഷ്ടപേഷംപോലെ അനാവശ്യകവും പൊട്ടുപോലെ അഭംഗിയും ആകുന്നു. എന്നാൽ,

തേ തേയുന്നു, തേയ്ക്കുന്നു, തേപ്പിക്കുന്നു; കായു് കായുന്നു, കാച്ചുന്നു; കാച്ചിക്കുന്നു.

ഇത്യാദി ഇരട്ടിച്ച പ്രയോജകാർത്ഥം വിവക്ഷിക്കുന്ന പ്രയോജകങ്ങൾക്കു് ഒരു അസാധുത്വവുമില്ല. ഇവിടെ "തേയ്ക്കുന്നു' എന്ന പ്രയോജകപ്രത്യയം വന്നപ്പോൾ ധാതു കാരിതമായിത്തീർന്നതിനാൽ രണ്ടാമതു പ്രയോജകപ്രത്യയം ചെയ്യുന്നതു് കാരിതത്തിനു വരുന്ന പ്പി പ്രത്യയമാകുന്നുവെന്നറിക.

ഇനി പൊതുവേയുള്ള രണ്ടു വ്യത്യസ്തങ്ങളെ നിർദ്ദേശിക്കുന്നു:

ര-ല-ളാന്തങ്ങൾ, ഴാന്തങ്ങൾ അവന്തങ്ങളുമുള്ളതിൽ ഏതാനും ധാതുവിൽ ചേർന്നു കാണും ത്തു പ്രത്യയം പുനഃ.

ര, ല, ള, ഴ ഒാഷ്ഠ്യമായ അകാരം ഇത്രയും വർണ്ണങ്ങളിൽ അവസാനിക്കുന്ന ധാതുക്കളിൽ ഏതാനും ചിലതുകൾക്കാണു് ത്തു എന്ന പ്രത്യയം. ഇതിനു ശരിയായ ഒരു നിയമം ചെയ്യുന്നതു ലഘുവല്ല. ത്തു ജഡപ്രയോജകമാണ്; ദ്വിത്വഖരാദേശങ്ങൾക്കു സൗകര്യക്കുറവുള്ള മധ്യമാന്തങ്ങളിൽ അതിനെ ഉപയോഗിക്ക എന്നാണു യുക്തി കൽപിക്കേണ്ടതു്.

ഉദാ: തുവരുന്നു - തുവർത്തുന്നു. നീളുന്നു - നീ (ള്ത്തു)ട്ടുന്നു. പകരുന്നു -പകർത്തുന്നു. ഉരുളുന്നു - ഉരു (ള്ത്തു)ട്ടുന്നു. അകലുന്നു-അക(ല്ത്തു)റ്റുന്നു. നടക്കുന്നു - നടത്തുന്നു. ചുഴലുന്നു- ചുഴ(ല്ത്തു)റ്റുന്നു. പരക്കുന്നു- പരത്തുന്നു. വീഴുന്നു - വീഴ്ത്തുന്നു നിൽക്കുന്നു- നിറുത്തുന്നു. താഴുന്നു- താഴ്ത്തുന്നു. ഇരിക്കുന്നു - ഇരിത്തുന്നു } വ്യത്യസ്തം വരുന്നു- വരുത്തുന്നു

ഏകമാത്രകമായുള്ള ടറാന്തമുവിയേറ്റിടും.

ഒറ്റയായ ഹ്രസ്യസ്വരം മാത്രമുള്ളതും ട എന്നോ റ എന്നോ ഉള്ള വർണ്ണത്തിൽ അവസാനിക്കുന്നതും ആയ ധാതുക്കൾക്കു് ഉവി എന്നാണു് പ്രയോജകപ്രത്യയം. ഇൗവക ധാതുക്കളെ ഉകാരം (സംവൃതം) ചേർത്തു് സ്വരാന്തമാക്കിയിട്ടുവേണം ഇ പ്രത്യയം ചെയ്യാൻ എന്നർത്ഥം. ഇങ്ങനെയുള്ള ധാതുക്കൾക്കുതന്നെ ഭൂതരൂപത്തിലും വിശേഷം പറഞ്ഞിട്ടുണ്ടു്. വ്യഞ്ജനാന്തങ്ങൾക്കു ഭൂതത്തിൽ ഇ എന്നാണു പ്രത്യയം. ഇവയ്ക്കുമാത്രം തു പ്രത്യയമാണ്; അതു് പ്രകൃത്യന്തവർണ്ണത്തോടു ചേർന്നു ദ്വിത്വഫലവും കാട്ടും. അതുകൊണ്ടു് ഇവ സംവൃതാന്തങ്ങളാണോ എന്നു സംശയിപ്പാൻ ഇടയുണ്ടു്. ഇവയ്ക്കു് ഇങ്ങനെ പലയിടത്തും വ്യത്യസ്തരൂപം വരാനുള്ള കാരണം ശബ്ദോത്പത്തി പ്രകരണത്തിൽ സ്പഷ്ടമാകും. ഉദാ:

വിടുന്നു വിടുവിക്കുന്നു (വാമൊഴിയിൽ ചുരുങ്ങി) വിടീക്കുന്നു ഇടുന്നു ഇടുവിക്കുന്നു; ഇടീക്കുന്നു പെറുന്നു പെറുവിക്കുന്നു; പെറീക്കുന്നു

കെടുക എന്ന ധാതുവിനു് ഒരാളെപ്പറ്റി പറയുമ്പോൾ കെടുക്കുക എന്നും തീയെപ്പറ്റിയാണെങ്കിൽ കെടുത്തുക എന്നും ആണു് പ്രയോജകരൂപം. ഇതു് ത്തു ജാത്യാജഡപ്രയോജകമാകയാലാകുന്നു.

പ്രയോജകപ്രകൃതിയിലെ രൂപനിഷ്പത്തിക്രമമെല്ലാം വിവരിച്ചു കഴിഞ്ഞല്ലോ. ഇനി അതിനെപ്പറ്റിയുള്ള ചില സിദ്ധാന്തങ്ങളെ വിമർശിക്കാം: പ്രയോജകരൂപങ്ങളെ സംബന്ധിച്ചിടത്തോളം, ധാതുക്കൾ ചേതനകർത്തൃകം, അചേതനകർത്തൃകം എന്നു രണ്ടിനമായിപ്പിരിയുന്നുവെന്നു നാം കണ്ടു. അചേതനമായ ജഡവസ്തു ചെയ്യുന്ന ക്രിയയാണു് ധാതുവിന്റെ അർത്ഥം എങ്കിൽ പ്രയോജകാർത്ഥം കുറിക്കാൻ ഒരു പ്രത്യയത്തിന്റെ ആവശ്യമില്ല; കാരിതീകരണവും (അകാരിതത്തിന്), ദ്വിത്വഖരാദേശങ്ങൾ എന്ന പരസംക്രാന്തിസൂചകങ്ങളായ വർണ്ണവികാരങ്ങളും (വൃഞ്ജനാന്തങ്ങൾക്ക്) മാത്രം ചെയ്താൽ മതി. ഇതിൽനിന്നു നാം ഗ്രഹിക്കേണ്ടതെന്ത്? ചേതന ധർമ്മമാണു് പ്രയോജകവ്യാപാരം ; പ്രയോജ്യകർത്താവുതന്നെയാണു് ക്രിയ ചെയ്യുന്നത്; പ്രയോജകകർത്താവു് അവനെ പ്രരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അപ്പോൾ പ്രയോജ്യൻ ജഡനാണെങ്കിൽ അവനെ പ്രയോജകൻ പ്രരിപ്പിക്കുന്നതെങ്ങനെ? മന്ത്രി, രാജ്യം സ്വയം ഭരിക്കാൻ ശക്തനാണു്. രാജാവു് അവനെ ഉപദേശ നിയന്ത്രണാദികൾകൊണ്ടു് ഭരണക്രിയയിൽ പ്രവർത്തിപ്പിച്ചാൽ മതി. അതുകൊണ്ടു ഭരിപ്പിക്ക ശരിയായ പ്രയോജകമാണു്. അതുപോലെയല്ല, "കാറ്റു് മരം ഇളക്കുന്നു' എന്നിടത്തെ "ഇളക്കുക' കാറ്റു വാക്കിനു മരം തനിയേ ഇളകുന്നു.' എന്നിടത്തെ ഇളക്കുക' കാറ്റു വാക്കിനു മരം തനിയേ ഇളക്കുന്നു' എന്നല്ലാതെ പ്രയോജകനായ കാറ്റു് വരുതി കൊടുക്കയും അതിൻപ്രകാരം പ്രയോജ്യനായ മരം പ്രവൃത്തിചെയ്കയും ഒന്നും ഇവിടെ തെളിയുന്നില്ല. ഇളക്കുക പ്രയോജകമാണെങ്കിൽ തുറക്കുകയും പ്രയോജകമാകരുതോ? മരത്തിൽ ഇളക്കമുണ്ടാകുന്നതിനു് കാറ്റു് എന്തു പ്രവൃത്തിചെയ്യുന്നോ ആ പ്രവൃത്തി കതകും മറ്റും തുറക്കുന്ന ആളുടെ കെയും ചെയ്യുന്നുണ്ടു്. ഇളകുക- ഇളക്കുക എന്നപോലെ തുറവുക (അല്ലെങ്കിൽ തുറകുക) തുറക്കുക എന്ന വിധത്തിൽ രൂപം കാണുന്നില്ലെന്നു മാത്രമേ ഭേദമുള്ളു. തുറക്കുക എന്ന ക്രിയയ്ക്കു് ഒരു കർമ്മത്തിന്റെ അപേക്ഷയുള്ളതിനാൽ അതിനെ നാം സകർമ്മകക്രിയ എന്നു പറയാറുണ്ടു്. അതുപോലെ ഇളക്കുക എന്നതിനെയും സകർമ്മക്രിയ എന്നു പറഞ്ഞാൽ മതിയാകും. കർമ്മാപേക്ഷകൂടാതെ ഇളകുക എന്നു മാത്രമായിട്ടും ആ ക്രിയയെ കാണിക്കാം. അതുപോലെ തുറവുക എന്നു് അകർമ്മരൂപം കാണുന്നില്ലെങ്കിൽ അതു് ഒരു യദൃച്ഛാവിലാസമെന്നേ വരികയുള്ളു. അതുകൊണ്ടു് അചേതനകർത്തൃകക്രിയകൾക്കു പറഞ്ഞ പ്രയോജകം ശരിയായ പ്രയോജകമല്ല, അകർമ്മക്രിയയെ സകർമ്മകമാക്കാനുള്ള മാർഗ്ഗമെന്നു പറകയാണു് അധികം നന്നു് എന്നു വരുന്നു. അകർമ്മകധാതുവിൽ ക്രിയ കർത്താവിൽത്തന്നെ വിശ്രാന്തമായിട്ടു നിലച്ചു പോകുന്നു; സകർമ്മത്തിൽ അതു് കർത്താവിനെക്കവിഞ്ഞു് കർമ്മത്തിലേക്കു സംക്രമിക്കുന്നു. ഇതാണല്ലോ സകർമ്മകാകർമ്മകങ്ങളുടെ വ്യത്യാസം. പരസംക്രാന്തിയെ സൂചിപ്പിക്കുന്നതിനുള്ള ഉപായം ഖരാദേശവും ഇരട്ടിപ്പും ആണെന്നു് ഇതിനുമുമ്പു് സ്ഥാപിച്ചിട്ടുണ്ടു്. ജഡക്രിയകളിൽനിന്നു് പ്രയോജകം ഉണ്ടാക്കുന്നതിനുള്ള മാർഗ്ഗവും ഇൗ ദ്വിത്വഖരാദേശങ്ങൾ തന്നെയാണു് പല ദിക്കിലും. അതുകൊണ്ടു് ഇളകുക എന്നപോലുള്ള അകർമ്മകധാതുക്കൾക്കു് ഇളക്കുക എന്നപോലെ ഒരു സകർമ്മരൂപം വേറെ ഉണ്ടെന്നു പറകയാണു് യുക്തം; അല്ലാതെ അവയെ കേവലപ്രയോജകകൃതികളായിട്ടു ഗണിക്കയല്ല. ഇൗ സ്ഥിതിക്കു ധാതുക്കൾക്കു് രൂപഭേദം വരുന്നതിനു പറഞ്ഞ കാലപ്രകാരാദികളായ ഇനങ്ങളുടെ കൂട്ടത്തിൽ സകർമ്മകാകർമ്മകഭേദത്തെക്കൂടി ഒരു പുതിയ ഉപാധിയായി ഗണിക്കണമെന്നു വരുന്നു: അങ്ങനെ ചെയ്കതന്നെയാണു് ന്യായം; ഇൗ ഉപാധിക്കു് കർമ്മയോഗം എന്നു പേരും കൊടുക്കാം. സംസ്കൃതം മുതലായ ആര്യഭാഷകളിലെ പതിവനുസരിച്ചാണു് ഇവിടെ കർമ്മയോഗം എന്ന ഉപാധിയെ പ്രയോജകം എന്ന ഉപാധിയിൽത്തന്നെ ഉൾപ്പെടുത്തിയതു്. എന്നാൽ ഇൗ അംശത്തിൽ ആര്യഭാഷകൾക്കും ദ്രാവിഡഭാഷകൾക്കും തമ്മിൽ വ്യത്യാസമുണ്ടു്. സംസ്കൃതത്തിൽ "വായുർ വൃക്ഷം ചാലയതി (= വായു വൃക്ഷത്തെ ഇളക്കുന്നു) എന്നു് ജഡ ധാതുവിനും, "രാജാ മന്ത്രിണാ രാജ്യം ശാസയതി' (= രാജാവു് മന്ത്രിയെക്കൊണ്ടു രാജ്യം ഭരിപ്പിക്കുന്നു) എന്നു് ചേതനധാതുവിനും രൂപത്തിൽ വിശേഷമില്ല. ദ്രാവിഡത്തിൽ അതുപോലെയല്ല ; ക്രിയ ചേതനകർത്തൃകമാകയാൽ പാടിക്കുന്നു ഇത്യാദിപോലെ ഇ എന്നോ, ഭരിപ്പിക്കുന്നു എന്നപോലെ പ്പി എന്നോ പ്രയോജകപ്രത്യയം വേണം. അചേതനകർത്തൃകത്തിനാകട്ടെ, പരസംക്രാന്തി ദേ്യാതിപ്പിക്കുന്നതിനുള്ള വർണ്ണവികാരങ്ങളേ ഉള്ളു; ഏതാനും ധാതുക്കൾക്കു് ത്തു എന്നൊരു പ്രത്യയവും ഉണ്ടു്. അപ്പോൾ (1) കാരിതീകരണം (2) ഖരാദേശത്തോടു കൂടിയോ തനിയേയോ അന്ത്യദ്വിത്വം (3) ത്തു പ്രത്യയയോഗം ഇങ്ങനെ മൂന്നു മാർഗ്ഗങ്ങളാണു് അകർമ്മകത്തെ സകർമ്മകമാക്കാൻ ഉള്ളതു്. കാരിതത്തിനു് പ്പി എന്നും ശേഷമെല്ലാത്തിനും ഇ എന്നും പ്രത്യയങ്ങൾ പ്രയോജകപ്രകൃതിയെ ഉളവാക്കുന്നു. ഇങ്ങനെ പ്രയോജകം, കർമ്മയോഗം എന്നു രണ്ടായി പിരിച്ച ഉപാധികൾക്കു് വിഷയവിവേചനം സിദ്ധിച്ചു.

എന്നാൽ കർമ്മയോഗം എന്നൊരു പുതിയ ഉപാധി കല്പിക്കുന്നതിൽ പലേ ദുർഘടങ്ങളും വന്നു ചേരുന്നു. സ്വരാദിപ്രത്യയങ്ങളിൽ ക്കു അംഗപ്രത്യയവും ഭൂതതുകാരത്തിനു് ഇരട്ടിപ്പും കർമ്മയോഗത്തിന്റെ ലക്ഷണങ്ങൾ ആണല്ലോ. ഇതുപോലെ അകർമ്മകധാതുക്കളിലും കാണുന്നുണ്ടു്. എങ്ങനെ എന്നാൽ,

പിട - പിടയ്ക്കുന്നു, പിടച്ചു. മൂ- മുക്കുന്നു, മൂത്തു. തോല്- തോല്ക്കുന്നു, തോറ്റു. വിറ - വിറയ്ക്കുന്നു, വിറച്ചു. വിയർ - വിയർക്കുന്നു, വിയർത്തു.

അതിനാൽ ഇച്ചൊന്ന ലക്ഷണമുള്ള ധാതുവെല്ലാം സകർമ്മകം എന്നു പറവാൻ പാടില്ല. ഇൗ ലക്ഷണമില്ലാത്ത ധാതുക്കൾ സകർമ്മമായിട്ടു കാണുന്നുമുണ്ട്:

കട - കടയുന്നു, കടഞ്ഞു. തുടരു് - തുടരുന്നു, തുടർന്നു. അറി -അറിയുന്നു, അറിഞ്ഞു. ചൊല്ല്- ചൊല്ലുന്നു, ചൊന്നു.

ഇങ്ങനെ താർക്കികന്മാർ പറയുന്ന അന്വയവ്യാപ്തിയും വ്യതിരേകവ്യാപ്തിയും ഇല്ലാത്തതിനാൽ ക്കു യോഗവും ഭൂതതുകാരദ്വിത്വവും സകർമ്മകത്തിന്റെ ലക്ഷണങ്ങാകുന്നതല്ല. ഉക്തക്രിയകൊണ്ടു് പലേ അകർമ്മങ്ങളെയും സകർമ്മങ്ങളാക്കാമെന്നേ ഉള്ളു. അതിനാൽ,

ചേരുന്നു - ചേർന്നു. ചേർക്കുന്നു- ചേർത്തു. അരയുന്നു- അരഞ്ഞു അരയ്ക്കുന്നു- അരച്ചു.

ഇത്യാദിപോലെ രണ്ടുവിധരൂപവും ഉള്ള ധാതുക്കളിൽ ക്കുവും തുകാര ദ്വിത്വവും ഉള്ള രൂപം സകർമ്മകം, മറ്റേതു് അകർമ്മകം എന്നു തീരുമാനിക്കാം എന്നല്ലാതെ ക്കു യോഗദ്വിതങ്ങൾ സകർമ്മലക്ഷണങ്ങളാണെന്നു സാമാന്യവിധി ചെയ്യുന്നതിനു മാർഗ്ഗമില്ല. അകർമ്മകധാതുക്കൾക്കു് സകർമ്മകരൂപവും, മറിച്ചു് സകർമ്മകങ്ങൾക്കു് അകർമ്മകരൂപവും കാണുന്നതു് ഇടക്കാലത്തുണ്ടായ ഒരു വ്യതിയാനമാണെന്നു കല്പിക്കുന്നതിനു് നമുക്കു് തക്കതായ ലക്ഷ്യങ്ങളും കിട്ടീട്ടില്ല. അതുകൊണ്ടു് ഇവിടെ അർത്ഥമല്ല, രൂപമാണു് പ്രമാണം. ഇൗ ദുർഘടംകൊണ്ടു ധാതുക്കളെ സകർമ്മകാകർമ്മകങ്ങൾ എന്നു വിഭാഗിക്കാതെ കാരിതാകാരിതങ്ങൾ എന്നു വിഭാഗിക്കേണ്ടി വന്നു. കർമ്മമുണ്ടായാലും ശരി, ഇല്ലാഞ്ഞാലും ശരി, ക്കു് യോഗവും, തുകാരദ്വിത്വവും ഉള്ള ധാതുകാരിതം; ഇൗ വിശേഷം ഇല്ലാത്തതു് അകാരിതം.

ഇങ്ങനെ സകർമ്മകാകർമ്മകവിഭാഗം യോജിക്കാതെവന്നതിൽ ആ വിഭാഗത്തെക്കൂടി പ്രയോജകത്തിൽത്തന്നെ ഉൾപ്പെടുത്തീട്ടു് പ്രയോജകത്തിനു് ചേതനപ്രയോജകം, അചേതനപ്രയോജകം എന്നൊരു വിഭാഗം കല്പിക്കേണ്ടിവന്നു. അപ്പോൾ സകർമ്മകരൂപംതന്നെ അചേതനപ്രയോജകമായി "തേയുന്നു' എന്നു് അകർമ്മകമായ കേവലപ്രകൃതി; തേയ്ക്കുന്നു' എന്നു് അതിന്റെ സകർമ്മകം അചേതന പ്രയോജകം,"തേപ്പിക്കുന്നു' എന്നു് ഇരട്ടിച്ച പ്രയോജകം ചേതനം. ഇൗ വിഭാഗത്തിൽ സകർമ്മകാകർമ്മകഭേദമുള്ള ധാതുക്കൾക്കു് ഇരട്ടിപ്പടിയായി പ്രയോജകപ്രകൃതി വരുമെന്നേ ഉള്ളു.

രൂപനിഷ്പത്തി അർത്ഥനിബന്ധനമല്ലായ്കയാൽ ചേതനകർത്തൃകം, അചേതന കർത്തൃകം എന്നവിഭാവും സർവ്വത്രികമല്ലെന്നു് എടുത്തു പറയേണ്ടതില്ല.

ഉണ്ണുക - ഉൗട്ടുക; തിന്നുക - തീറ്റുക; കയറുക - കയറ്റുക; ഉറങ്ങുക - ഉറക്കുക; കാണുക - കാട്ടുക; മടങ്ങുക - മടക്കുക.

ഇത്യാദികളായി അനേകം ഉദാഹരണങ്ങൾ നോക്കുക. ഇതു് ചേതന കർത്തൃകത്തിനു് അചേതനകർത്തൃകത്തിന്റെ രൂപം വന്നതിനുള്ള ലക്ഷ്യമാണു്. മറിച്ചുള്ളതിനും അപൂർവ്വമായിട്ടെങ്കിലും ഉദാഹരണങ്ങൾ ഇല്ലാതില്ല:

മിന്നുക- ചൂട്ടു മിന്നിക്കുന്നു. പെയ്യുക- മഴ പെയ്യിക്കുന്നു., പറ്റുക - പൊടി പറ്റിക്കുന്നു.

എന്നാൽ ഇ പ്രത്യയത്തിനു് ചേതനപ്രവൃത്തി കുറിക്കാൻ ഒരു വിശേഷശക്തിയുണ്ടെന്നു് താഴേക്കാണിക്കുന്ന പ്രയോഗങ്ങൾ ബോദ്ധ്യപ്പെടുത്തും:

മൂടു് - കുപ്പായത്തിന്റെ കീറൽ മൂട്ടുന്നു ശവം മൂടിക്കുന്നു ആടു് -വാൽ ആട്ടുന്നു ദാസിയെ ആടിക്കുന്നു വീഴു് - വെള്ളം വീഴ്ത്തുന്നു കുട്ടിയെ വീഴിക്കുന്നു ചമ - ഗ്രന്ഥം ചമയ്ക്കുന്നു കന്യകയെ ചമയിക്കുന്നു

ഇങ്ങനെ രണ്ടു അർത്ഥം വരുന്നിടത്തുള്ള രൂപഭേദം ചൂണ്ടിക്കാണിക്കേണ്ടതുള്ളതുകൊണ്ടു് ചേതനാചേതനവിഭാഗം ഉപേക്ഷിക്കാവുന്നതല്ല. ചേതനം, അചേതനം എന്ന കല്പന വിവക്ഷാധീനമാകായാൽ, ഉദാസീനമായോ നിർബന്ധം നിമിത്തമായോ ഉള്ള ചേതനന്റെയും പ്രവൃത്തിയെ അചേതനക്രിയയായി ഗണിക്കാമെന്നു പറഞ്ഞിട്ടുള്ളതും നോക്കുക. അതിനാൽ നപുംസകനാമങ്ങൾക്കു് പ്രതിഗ്രാഹികാവിഭക്തി വേണ്ടെന്നു വയ്ക്കാനുള്ള യുക്തിതന്നെയാണു് പ്രയോജകചിഹ്നമായ ഇപ്രത്യത്തെ ഉപേക്ഷിക്കുന്നതിനുള്ള യുക്തിയും എന്നു സമാധാനപ്പെടാം. ക്കു യോഗാദികൾ അചേതനപ്രയോജകം. ഇ ചേതനപ്രയോജകം. ഇപ്പി ദ്വിഗുണപ്രയോജകം. അതിലും പ്രത്യയം ഇ എന്നുതന്നെ. പ്രയോജകത്തിനെല്ലാം കാരിതരൂപം വേണ്ടതിനാൽ രണ്ടു് ക്കു വരുന്നതിൽ ആദ്യത്തേതിനു് പ്പു എന്നു് ആദേശം ചെയ്യുന്നുവെന്നേ ഉള്ളു. ഇൗ ആദേശം ഉ, ഇൻ, ആൻ (കേൾപ്പു, കേൾപ്പിൻ, കേൾപ്പാൻ) എന്ന മറ്റു പ്രത്യയങ്ങളിൽക്കൂടി ഉള്ളതുമാണല്ലോ. പ്രയോജകൻ ചെയ്യുന്ന പ്രരണയുടെ ബലമനുസരിച്ചാണു് പ്രയോജകപ്രകൃതിയിൽ രൂപനിഷ്പത്തി. ക്രിയാഫലത്തെ കർമ്മത്തിൽ സംക്രമിപ്പിക്കുന്നതുപോലെ ദുർബ്ബലമായ ഒരു പ്രവൃത്തിയേ ഉള്ളു എങ്കിൽ ക്കു യോഗദ്വിത്വാദി വികാരങ്ങൾ മതി; അതിൽ കടന്നതായ ഒരു ചേതനവ്യാപാരം വിവക്ഷിതമാണെങ്കിൽ ഇ എന്ന പ്രത്യയം കൂടി ചേർക്കണം. പ്രരിപ്പിക്കുന്നവനെ പ്രരിപ്പിക്ക എന്നു് ഇരട്ടിപ്പടിയായി പ്രരണയുണ്ടെങ്കിൽ ഒാരോന്നിനും വേറെ വേറെ ഇ എന്നു പ്രത്യയം വേണം. ക്കു യോഗദ്വിത്വാദിവികാരങ്ങൾ പ്രരണാർത്ഥവിവക്ഷയില്ലാ ത്തിടത്തുകൂടി പലേ ധാതുക്കളിലും വന്നുചേർന്നിട്ടുണ്ടു്. സ്വാർത്ഥത്തിൽത്തന്നെ പ്രയോജകരൂപമുള്ള ഇൗ ധാതുക്കളെ കാരിതം എന്നൊരിനം കല്പിച്ചു് അതിൽ ചേർത്തിരിക്കുന്നു. ക്കു ചേരുന്നതു് സ്വരാന്തങ്ങളിലും ചില്ലന്തങ്ങളിലും മാത്രമേ ഉള്ളു. അതുകൊണ്ടു് കാരിതാകാരിതവിഭാഗവും അതുകൾക്കു മാത്രമേ ഉള്ളു. വൃഞ്ജനാന്തങ്ങളിൽ ക്കുവിന്റെ സ്ഥാനത്തു് ഖരാദേശദ്വിത്വങ്ങൾ ഉണ്ടെങ്കിലും ക്കു പോലെ അതുകൾ സ്വാർത്ഥത്തിൽ വന്നിട്ടുള്ള ലക്ഷ്യങ്ങൾ കാണുന്നില്ല. ത്തു എന്നതു് പ്പു പോലെ ക്കുവിന്റെ സ്ഥാനത്തു വരുന്ന ഒരിടനിലയേ ഉള്ളുവെന്നു് പ്രഥമദൃഷ്ടിയിൽ തോന്നാം. ചേരുന്നു- ചേർക്കുന്നു എന്നപോലെയാണല്ലോ വീഴുന്നു-വീഴുത്തുന്നു എന്ന രൂപോൽപ്പത്തിയും. എന്നാൽ ഭൂതരൂപത്തിൽ ഭേദം വരുന്നുണ്ടു്. "ചേർക്കുന്നു' എന്ന പ്രയോജകത്തിനു് ഭൂതം "ചേർത്തു' എന്ന "തു' പ്രത്യയം കൊണ്ടായിരിക്കെ "വീഴ്ത്തുന്നു' എന്നതിനു് "വീഴ്ത്തി' എന്നു് ഇകാരംകൊണ്ടാണു്. സ്വരാന്തങ്ങൾക്കും ചില്ലന്തങ്ങൾക്കും തുപ്രതൃയം; പൂർണ്ണവൃഞ്നാന്തങ്ങൾക്കു് "ഇ' പ്രത്യയം എന്നാണു് ഭൂതരൂപത്തിൽ നിയമം കാണുന്നത്; ആ സ്ഥിതിക്കു് ത്തു പ്രത്യയംതന്നെ എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ത്തു ഒരു പ്രത്യയമാകുമ്പോൾ "വീഴ്ത്ത്' എന്ന പ്രയോജകപ്രകൃതി വൃഞ്ജനാന്തമായി പ്പോയതിനാൽ ഭൂതകാലത്തിൽ ഇ പ്രത്യയം വരുന്നു എന്നു് സാമാധാനം സുലഭമാണു്. "ത്ത്' പ്രത്യയമാണെന്നുള്ളതിനു് സംശയമില്ല. എഴുതുന്നു, കരുതുന്നു, പൊരുതുന്നു ഇത്യാദികളിൽ കാണുന്ന പ്രത്യയം തന്നെ ഇരട്ടിച്ചതാണിതു്. ശബ്ദോൽപ്പത്തിപ്രകരണത്തിൽ വിവർത്തന പ്രക്രിയ നോക്കുക. പരസംക്രാന്തിയുള്ളതിനാൽ ഇരട്ടിക്കേണ്ടിവന്നു.