ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും (ശാസ്ത്രം)
രചന:കെ. പാപ്പൂട്ടി
അധ്യായം 3 : ഗ്രഹങ്ങളുടെ ദേവ സങ്കൽപവും
ഫലഭാഗത്തിന്റെ ആവിർഭാവം

[ 79 ]

അധ്യായം 3


ഗ്രഹങ്ങളുടെ ദേവ സങ്കൽപവും ഫലഭാഗത്തിന്റെ ആവിർഭാവവും
ബുധൻ: സൂര്യനോട് ഏറ്റവും അടുത്ത പഥമുള്ള ഗ്രഹം. സൂര്യനിൽ നിന്നുള്ള ഏകദേശം ദൂരം 5.8 കോടി കിലോമീറ്റർ. പിണ്ഡം ഭൂമിയുടെ 6 ശതമാനത്തിനടുത്ത് . ഉയർന്ന താപനിലയും കുറഞ്ഞ ഗുരുത്വാകർഷണവും മൂലം അന്തരീക്ഷത്തെ നിലനിർത്താൻ കഴിഞ്ഞില്ല. ഉൽക്കകൾ പതിച്ച ഗർത്തങ്ങളാണ് ബുധന്റെ ഉപരിതലം നിറയെ. ബുദ്ധിയുടെയും അറിവിന്റെയും ദേവനാകാൻ ഒരു യോഗ്യതയും ഇല്ല. സ്വയം ഭ്രമണത്തിന് 58.65 ദിവസവും സൂര്യനെ ചുറ്റാൻ 88 ദിവസവും എടുക്കുന്നു. ചിലകാലത്ത് പ്രഭാതത്തിൽ കിഴക്കെ ചക്രവാളത്തിനടുത്തും മറ്റു ചില കാലത്ത് സന്ധ്യക്ക് പടിഞ്ഞാറേ ചക്രവാളത്തിനടുത്തും കാണാം. അധികകാലവും മൗഢ്യത്തിലായിരിക്കും.


3.1 ഗ്രഹങ്ങളുടെ ദേവസങ്കൽപം

ഫലഭാഗ ജ്യോതിഷത്തിന്റെ അടിസ്ഥാനം ഗ്രഹങ്ങളുടെ ദേവസങ്കൽപമാണ്. ജ്യോതിഷത്തിന്റെ ആരംഭകാലം തൊട്ടേ ഈ സങ്കൽപത്തിന്റെ അംശം അതിലുണ്ട്. ലോകത്തെല്ലായിടത്തും സൂര്യചന്ദ്രന്മാരെ ദേവന്മാരായാണ് കരുതിപ്പോന്നത്. ജീവന്റെ ദാതാവും സംരക്ഷകനുമായിരുന്നു സൂര്യൻ. ഇത്ര 'ചെറിയ' ഒരു വസ്തു ഇത്ര വിശാലമായ ഭൂമിക്കു മുഴുവനും വെളിച്ചവും ചൂടും നൽകുന്നത് പ്രാചീനരെ അത്ഭുതപ്പെടുത്തി. ഉദയാസ്തമയങ്ങളുടെ കൃത്യതയും അയന ചലനങ്ങൾക്ക് ഋതുക്കളുമായുള്ള ബന്ധവും അവർക്കു മനസ്സിലാക്കാൻ കഴിയുന്നതിലപ്പുറമായിരുന്നു. അതുപോലെ വീടും വിളക്കുമില്ലാതെ കഴിഞ്ഞ കാലത്ത് ചന്ദ്രനും എന്തൊരുപകാരിയായിരുന്നു എന്ന് നമുക്കിന്ന് മനസ്സിലാക്കുക എളുപ്പമല്ല. വേലിയേറ്റം വഴി ചന്ദ്രൻ തന്റെ പ്രതാപവും വെളിവാക്കി. സ്ത്രീകളുടെ ആർത്തവവും വാവും തമ്മിലുള്ള ബന്ധം നിമിത്തമാകാം, ചന്ദ്രൻ ലോകത്തെല്ലായിടത്തും ഉൽപാദനത്തിന്റെയും (സന്താന ഉൽപാദനവും കാർഷിക ഉൽപാദനവും ഇതിൽ പെടും) സമൃദ്ധിയുടെയും ദേവിയോ ദേവനോ ആയി ആരാധിക്കപ്പെട്ടു. പല പ്രാചീന സമൂഹങ്ങളിലും ചന്ദ്രന് സൂര്യനേക്കാൾ പോലും പ്രാധാന്യം കൈവന്നു. അമാവാസിക്കു ശേഷമുള്ള ചന്ദ്രന്റെ പിറവിയെ ഭക്തിയോടെയും ആഘോഷത്തോടെയും ആണ് അവർ എതിരേറ്റത്.

ആദിത്യന്റെയും ചന്ദ്രന്റെയും താരഗണങ്ങളുടെയും ചലനവിശേഷങ്ങൾ ശരിയായി മനസ്സിലാക്കിയ ഒരാൾ, മരണശേഷം അവയുടെ ലോകത്ത് ചെന്നു ചേരുമെന്നും അയാൾക്ക് ഭൂമിയിൽ [ 80 ] അനന്തമായ സന്തതിപരമ്പരകൾ ഉണ്ടാകുമെന്നും വേദാംഗജ്യോതിഷം ഉദ്ഘോഷിക്കുന്നു. ബാബിലോണിയർക്ക് ചന്ദ്രൻ 'സിൻ' (Sin) എന്ന ദേവനായിരുന്നു സിറിയയിലും കാൽദിയയിലും (ബാബിലോണിയയ്‌ക്ക് തെക്ക്) അത് 'നമ്മു' , 'ഹുർ', 'ഉർ' എന്നീ പേരുകളിൽ ആരാധിക്കപ്പെട്ടു. ചന്ദ്രന് ഭൂമിയിൽ ഒരു താവളമുള്ളതായി അവർ വിശ്വസിച്ചു - ഉർ എന്ന പ്രദേശത്തിന്റെ തലസ്ഥാനമായ ഹറാനിൽ. ചന്ദ്രൻ അവർക്ക് അറിവിന്റെ ദേവനും നിയമങ്ങളുടെ ദാതാവും ആയിരുന്നു.

ബുധ-ശുക്രന്മാരുടെ പഥം

ജ്യോതിഷികളെ കുഴക്കിയ ഒരു പ്രശ്നമായിരുന്നു ബുധ-ശൂക്രന്മാരുടെ പഥങ്ങൾ. മറ്റു ഗ്രഹങ്ങളെപ്പോലെ അവ ഒരിക്കലും ഉച്ചിയിൽ വരുന്നില്ല. സൂര്യോദയത്തിനു മുമ്പ് കിഴക്ക് അല്ലെങ്കിൽ സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറ് ആണ് ഇവയെ കാണുക. (സന്ധ്യക്കു കാണുന്ന കാലത്ത് പ്രഭാതത്തിൽ കാണില്ല; അതുപോലെ മറിച്ചും). ഈ രണ്ടു കാലത്തിനും ഇടയ്ക്ക് അവ സൂര്യനെ മറികടന്നുപോകുന്നുണ്ട്. അതായത് ബുധനും ശുക്രനും സൂര്യന്റെ ഇരുവശത്തേക്കും ദോലനം ചെയ്യുകയാണ്. നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഭൂമിയെ ചുറ്റുന്നു എന്നു വിശ്വസിച്ചിരുന്ന കാലത്ത് ഈ പ്രതിഭാസത്തിന് വിശദീകരണം കൊടുക്കുക എളുപ്പമായിരുന്നില്ല. ഈ ഗ്രഹങ്ങളുടെ അത്ഭുതസിദ്ധിയായേ അവർക്കതിനെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

കോപ്പർ നിക്കസിന്റെ സൗരകേന്ദ്ര സിദ്ധാന്തത്തിന് ഈ പ്രതിഭാസത്തെ എളുപ്പം വിശദീകരിക്കാൻ കഴിഞ്ഞു (യഥാർഥത്തിൽ സൗരകേന്ദ്ര സിദ്ധാന്തത്തിലേക്ക് കോപ്പർനിക്കസിനെ നയിക്കുന്നതിൽ ഇതു വലിയ പങ്കു വഹിച്ചു എന്നു പറയുന്നതാവും ശരി) ചിത്രം നോക്കൂ: ബുധൻ സൂര്യനെ ചുറ്റുന്ന പഥത്തിന്റെ വ്യാസാർധം 579 കോടി കി.മി. ആണ്. ഭൂപഥത്തിന്റെ വ്യാസാർധം 15 കോടി കി.മീറ്ററും. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ബുധനും ഇടയ്ക്കുള്ള കൂടിയ കോണളവ് ഏകദേശം 22o ആണ്. അതു കൊണ്ട് സന്ധ്യക്ക്, സൂര്യാസ്തമയത്തിനു ശേഷം ഏറിയാൽ 1½ മണിക്കൂറും രാവിലെ സൂര്യോദയത്തിനു മുമ്പ് 1½ മണിക്കൂറും മാത്രമേ ബുധനെ കാണാൻ പറ്റൂ. മിക്കപ്പോഴും ഇതിലും കുറഞ്ഞ സമയമേ ബുധൻ ചക്രവാളത്തിനു മീതെ കാണപ്പെടൂ (ജാതകത്തിലെ ഗ്രഹനിലയിൽ ബുധൻ എപ്പോഴും രവി നിൽക്കുന്ന രാശിയിലോ, തൊട്ടടുത്ത രാശിയിലോ മാത്രം നിൽക്കുന്നതിനു കാരണമിതാണ്).

ഇതുപോലെ തന്നെയാണ് ശുക്രന്റെ സ്ഥിതിയും. ശുക്രപഥത്തിന്റെ വ്യാസാർധം 10.82 കോടി കി.മി.

ഇസ്രയേലിൽ സ്വർഗത്തിന്റെ രാജ്ഞിയായ 'അഷ്തോർ' ആയിരുന്നു ചന്ദ്രൻ. അഷ്തോറിന്റെ ബഹുമാനാർഥം പൗർണമി നാളിൽ വലിയ കേക്കുകൾ ഉണ്ടാക്കുക അവിടുത്തെ ആചാരമായിരുന്നു. യഹൂദനാട്ടിൽ ചന്ദ്രാരാധന നിർത്താനും യഹോവ [ 81 ] എന്ന ഏകദൈവത്തെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാനും പ്രവാചകനായ ജൊസിയ നടത്തിയ ശ്രമങ്ങൾ ഇസ്രായേൽ ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരേടാണ്.

ആണ് സൂര്യനിൽ നിന്ന് 46o വരെ മാറി കാണപ്പെടാം (ഗ്രഹനിലയിൽ രവി നിൽക്കുന്ന രാശിയിൽ നിന്ന് 2 രാശികൾ വരെ അകലെ സ്ഥിതി ചെയ്യാം). സൂര്യോദയത്തിന് മുമ്പോ അസ്തമയത്തിന് ശേഷമോ 3 മണിക്കൂർ വരെ ശുക്രനെ അപ്പോൾ കാണാം.

ബുധൻ സൂര്യനെ 88 ദിവസം കൊണ്ട് ഒന്നു ചുറ്റും. ഒരു നാൾ സന്ധ്യക്ക് സൂര്യനിൽ നിന്ന് ഏറ്റവും വലിയ കോണളവിൽ കാണപ്പെടുന്ന ബുധൻ പിന്നീട് സൂര്യനോട് അടുക്കുന്നതായാണ് നാം കാണുക. 13o അടുക്കുമ്പോഴേക്കും മൗഢ്യത്തിലാകും (അതായത് സൂര്യന്റെ പരഭാഗശോഭകൊണ്ട് കാണാതാകും). ഒന്നര മാസത്തിനു ശേഷം മറുവശത്ത് (പ്രഭാതത്തിൽ) പ്രത്യക്ഷപ്പെടും. പിന്നീട് കോണളവ് കൂടിക്കൂടിവരും. പരമാവധി എത്തി എത്തിയ ശേഷം തിരിച്ചു യാത്രയാകും. അതായത്, ബുധൻ സൂര്യനിരുവശത്തുമായി ദോലനം ചെയ്യുന്നതുപോലെ തോന്നും. ഇതു തന്നെയാണ് ശുക്രന്റെയും സ്ഥിതി.

ഉദാഹരണത്തിന് കൊല്ലവർഷം 1177 തുലാം 29ന് (2001 നവംബർ 4ന്) മൗഢ്യത്തിൽ പ്രവേശിച്ച ബുധൻ ധനു 12ന് പ്രഭാതത്തിൽ വീണ്ടും ദൃശ്യമായി തുടങ്ങുന്നു. ധനു 28ന് സൂര്യനിൽ നിന്ന് പരമാവധി ദൂരെ എത്തുന്നു. വീണ്ടും തിരിച്ച് (വക്രഗതിയിൽ) സഞ്ചരിച്ച് മകരം 9ന് വക്രമൗഢ്യത്തിൽ പ്രവേശിക്കുന്നു. മകരം 19ന് വക്രമൗഢ്യാവസാനം. ഇതേ രീതിയിൽ ആ വർഷം ബുധന് 6 മൗഢ്യങ്ങളുണ്ട് (ഏറെക്കാലവും ബുധൻ മൗഢ്യത്തിലായിരിക്കും) ശുക്രന് ആ വർഷം ഒരു മൗഢ്യമേയുള്ളൂ. ധനു 2ന് തുടങ്ങി കുംഭം 2 വരെ

ഈജിപ്തുകാർക്ക് സൂര്യദേവനായ 'റാ' (Ra) തന്നെയായിരുന്നു എന്നും മുഖ്യദേവൻ. നാലായിരത്തോളം വർഷം മുമ്പ് ഹമുറബി ആദ്യത്തെ നിയമസംഹിതയുണ്ടാക്കി പ്രാബല്യത്തിൽ വരുത്തിയപ്പോൾ അത് 'റാ' നേരിട്ടു നൽകിയതാണെന്നായിരുന്നു അദ്ദേഹം ജനതയെ ധരിപ്പിച്ചത്. എങ്കിലും 'ഖൊൻസു' എന്ന ചന്ദ്രദേവനും (തോത്ത് എന്നും വിളിക്കും) ഈജിപ്തുകാർ വലിയ പ്രാധാന്യം നൽകി. 'ഹോറസ്' എന്ന വാനദേവന്റെ രണ്ടു കണ്ണുകളായാണ് അവർ സൂര്യചന്ദ്രന്മാരെ കരുതിയത്. ധാന്യങ്ങളുടെ ദേവനായ ഒസിറിസിന്റെ പെരുന്നാളിന് തലേന്ന് പുർണ [ 82 ] ചന്ദ്രന് പന്നിയെ അറുത്തു ബലി നൽകുന്ന സമ്പ്രദായം അവിടെ ഉണ്ടായിരുന്നതായി ക്രി.മു. 450ൽ അവിടം സന്ദർശിച്ച ഹെറഡോട്ടസ് രേഖപ്പെടുത്തുന്നുണ്ട്. പന്നി സ്വന്തമായില്ലാത്ത നിർധനർ പന്നിയുടെ കളിമൺ രൂപങ്ങളുണ്ടാക്കി ബലിയർപ്പിക്കുമായിരുന്നുവത്രേ.

റാ - ഈജിപ്തുകാരുടെ സൂര്യദേവൻ അനുഗ്രഹം ചൊരിയുന്നു.
ശുക്രൻ - കാഴ്ചയിൽ അതിസുന്ദരമായ ഗ്രഹം. സൂര്യനിൽ നിന്ന് 10.8 കോടി കിലോമീറ്റർ അകലെ. അന്തരീക്ഷം കനത്ത കാർബൺഡയോൿസൈഡ് ആണ്. കനത്ത മേഘപാളികളിൽ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്നതുകൊണ്ടാണ് ഇത്രയേറെ ശോഭ. ഉള്ളിൽ താപനില 400 ഡിഗ്രിയിലധികമാണ്. സ്വയം ഭ്രമണത്തിന് 243 ദിവസവും പരിക്രമണത്തിന് 224.7 ദിവസവും വേണം. പ്രഭാതത്തിലും സന്ധ്യക്കും മാത്രം കാണപ്പെടുന്നു.

ഗ്രീക്കുകാരുടെ സൂര്യദേവനായ 'ഹീലിയോ' ആണ് പിൽക്കാലത്ത് അപ്പോളോ ദേവനായി മാറിയത്. വ്യാഴം സിയൂസ് ദേവനും (ജൂപ്പിറ്റർ) ബുധൻ ഹെർമസ് ദേവനും (സിയൂസിന്റെ മകൻ) ശുക്രൻ അഫ്രോഡൈറ്റ് ദേവതയും ചൊവ്വ ആരസും ശനി ക്രോണോസും ആയി അവരുടെ കഥകളിൽ പ്രത്യക്ഷപ്പെട്ടു. ഒളിമ്പസ് കുന്നിൽ അവർക്കെല്ലാം സ്വന്തമായ ആസ്ഥാനങ്ങളും ഉണ്ടായിരുന്നു.

ആദ്യകാലത്ത് ഗ്രഹം എന്ന സങ്കൽപ്പം എവിടെയും ഉണ്ടായിരുന്നില്ല. തിരുവാതിരയും കേട്ടയും ചിത്രയും പോലെ തന്നെയായിരുന്നു പ്രാചീനർക്ക് ശുക്രനും വ്യാഴവും ചൊവ്വയുമെല്ലാം.. വേദങ്ങളിൽ ശുക്രനെയും വ്യാഴത്തെയും പരാമർശിക്കുന്നതും താരങ്ങളായിട്ടാണ്. ലഗധമുനിയുടെ വേദാംഗജ്യോതിഷത്തിൽ പോലും ഗ്രഹങ്ങളെ കുറിച്ചു പറയാതിരുന്നത് അന്നവയ്ക്ക് വലിയ പ്രാധാന്യം കൈവരാതിരുന്നതുകൊണ്ടാകണം. രാശിവ്യവസ്ഥയെ ആസ്പദമാക്കിയുള്ള കാലഗണന വികസിച്ചതിനു ശേഷം മാത്രമാണല്ലോ ഗ്രഹങ്ങൾക്ക് പ്രാധാന്യമേറിയത്. മൈത്രായണ ഉപനിഷത്തിൽ ഗ്രഹങ്ങളെക്കുറിച്ചുള്ള പരാമർശമുണ്ട്. യാജ്ഞവൽക്യ സ്‍മൃതികളിൽ ഗ്രഹങ്ങളുടെ ആരാധനയ്ക്കുള്ള വ്യവസ്ഥയുമുണ്ട്. ആ കാലമായപ്പോഴേക്കും (ക്രി.മു. 7-ാം നൂറ്റാണ്ടിനടുത്ത്) ഗ്രഹങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.

ഭാരതീയർ ഗ്രഹങ്ങളുടെ പ്രാധാന്യം കണ്ടെത്തും മുമ്പ് തന്നെ ബാബിലോണിയർക്ക് അതിനു കഴിഞ്ഞു എന്നു വേണം ഊഹിക്കാൻ. ശുക്രനെയാണവർ ആദ്യം തിരിച്ചറിഞ്ഞത്. ആ ഗ്രഹത്തെ സംബന്ധിച്ച ചില നീരീക്ഷണങ്ങൾ അവരെ അമ്പരപ്പിച്ചതായി ചരിത്ര രേഖകളിൽ നിന്നു വ്യക്തമാകും. ചിലകാലത്ത് 'പ്രഭാതതാര'മായും (നമ്മൾ കൊറ്റി എന്നും പെരുമീൻ എന്നും വിളിക്കുന്നു) മറ്റു ചിലപ്പോൾ സാന്ധ്യാതാരമായും പ്രത്യക്ഷപ്പെടുന്നത് ഒരേ വസ്തുവാണെന്നും ഈ രണ്ടു കാലത്തിനുമിടയ്‍ക്ക് അത് സൂര്യനെ മറികടക്കുന്നുണ്ടെന്നും അക്കാലത്ത് അതിനെ കാണാൻ പറ്റില്ലെന്നും ഉള്ള തിരിച്ചറിവ് അവരിലുണ്ടാക്കിയ അത്ഭുതം ചെറുതല്ല. ശുക്രനെ അവർ 'ഇഷ്തർ' എന്നാണ് വിളിച്ച്ത്. സൂര്യനും ചന്ദ്രനുമൊപ്പം ആകാശത്തിലെ മൂന്നാമത്തെ പ്രധാന ദേവതയായി അവർ ഇഷ്തറിനെ വാഴിച്ചു. പ്രേമത്തി [ 83 ] ന്റെയും ഉൽപാദനത്തിന്റെയും ദേവിയായിരുന്നു ഇഷ്തർ. സൂര്യബിംബത്തിനും ചന്ദ്രക്കലയ്‍ക്കും ഒപ്പം, എട്ടു രശ്മികളോടെ അവർ അതിനെ ചിത്രീകരിച്ചു. ക്രി.മു. 2000ലെ ഒരു ക്യൂണിഫോം ലിഖിതത്തിൽ ഇങ്ങനെ കാണാം. "അബു 5-ാം തീയ്യതി ഇഷ്തർ കിഴക്കു പ്രത്യക്ഷപ്പെടുന്നുവെങ്കിൽ മഴയും നാശവുമുണ്ടാകും. നിസാൻ 10 വരെ അത് കിഴക്കുണ്ടാകും. 11ന് അത് അപ്രത്യക്ഷമാകും. 3 മാസം പിന്നെ കാണില്ല. ദു-ഉസു 11ന് അത് വീണ്ടും പടിഞ്ഞാറ് പ്രത്യക്ഷപ്പെടുമ്പോൾ ഭൂമിയിൽ കലഹങ്ങൾ വർധിക്കും പക്ഷെ വിളവ് കൂടും". ഗ്രഹമൗഢ്യം എന്നു ജ്യോത്സ്യൻ വിശേഷിപ്പിക്കുന്ന പ്രതിഭാസമാണിവിടെ സൂചിപ്പിക്കുന്നത്.

ബാബേൽ ഗോപുരം: ദൈവശാപം കൊണ്ട് ഒരിക്കലും പണിതീരാത്ത അംബരചുംബിയായി ബൈബിളിൽ വർണിക്കുന്നു. ഒരേ സമയം മാർദുകിന്റെ ക്ഷേത്രവും വാനനിരീക്ഷണ കേന്ദ്രവുമായിരുന്നു (ചിത്രം കലാകാരന്റെ ഭാവനയാണ്). ബാബിലോൺ നഗരാവിശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും അൻപത് മീറ്ററോളം ഉയരത്തിൽ, തകർന്നടിഞ്ഞ ബാബേൽ ഗോപുരം നിൽക്കുന്നു. ക്രിസ്തുവിനു മുമ്പ് 689ൽ സെന്നാച്ചെറിബ് എന്ന അസീറിയൻ രാജാവ് ആദ്യ ഗോപുരം തകർത്ത ശേഷം നെബുക്കാദ് നസ്സറിന്റെ കാലത്ത് പുതുക്കിപ്പണിതു. 95 മീറ്റർ സമചതുരത്തിൽ 7 നിലകളിലായി 80 മീറ്ററിലധികം ഉയരത്തിൽ അതു നിലകൊണ്ടു.

ഏറെ താമസിയാതെ വ്യാഴം, ബുധൻ, ചൊവ്വ, ശനി എന്നീ ഗ്രഹങ്ങളെയും ബാബിലോണിയർ തിരിച്ചറിഞ്ഞു. ഗ്രഹങ്ങളെ നക്ഷത്രങ്ങളിൽ നിന്ന് വേറിട്ടറിഞ്ഞ കാലത്ത് അവയ്‍ക്ക് പേരുകൾ നൽകേണ്ടി വന്നു. തങ്ങളുടെ ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകളാണ് ബാബിലോണിയർ അവയ്‍ക്കു നൽകിയത്. ഭൂമി ദേവനായ 'ബെൽ' മാനത്ത് തന്റെ കാവൽ ഭടന്മാരായി 3 പേരെ നിയോഗിച്ചു പോലും ശമഷ്, സിൻ, ഇഷ്തർ എന്നീ പേരുകളുള്ള ആ മൂന്ന് ദേവന്മാരാണ് പിന്നീട് സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നീ ഗ്രഹരൂപങ്ങൾ സ്വീകരിച്ചത് എന്നാണ് ഒരു കഥ. നിനവേയിലും ഉറുക്കിലും അൽബേലായിലുമെല്ലാം ഇഷ്തറിന് അവർ ക്ഷേത്രങ്ങൾ നിർമ്മിച്ചു.

ഗ്രഹമൗഢ്യം

ഗ്രഹങ്ങൾ സൂര്യൻ നിൽക്കുന്ന രാശിയിലോ അതിനു സമീപമോ എത്തുമ്പോൾ സൂര്യതേജസ്സുകൊണ്ട് അവയെ കാണാൻ കഴിയാതെ വരുന്നതാണ് ഗ്രഹമൗഢ്യം. ഗ്രഹങ്ങൾക്ക് അപ്പോൾ 'രശ്മി ഇല്ലാതാകും' എന്നാണ് ജ്യോത്സ്യൻ പറയുക. സൂര്യനിൽ നിന്ന് എത്ര അകലെ എത്തുമ്പോഴാണ് ഇത് സംഭവിക്കുക എന്നത് ഗ്രഹത്തിന്റെ ശോഭയെ ആശ്രയിച്ചിരിക്കും (സൂര്യനിൽ നിന്നുള്ള ദൂരം, ഭൂമിയിൽ നിന്നുള്ള ദൂരം, ഗ്രഹത്തിന്റെ വലിപ്പം, അതിൽ സൂര്യപ്രകാശം പതിക്കുന്ന ഭാഗത്തിന്റെ എത്ര അംശം ഭൂമിക്കു നേരെ നിൽക്കുന്നു, പ്രതലത്തിന്റെ പ്രതിഫലനശേഷി ഇതിനെയൊക്കെ ആശ്രയിച്ചിരിക്കും ഗ്രഹത്തിന്റെ ശോഭ). ജ്യോതിഷി മൗഢ്യകാലമായി പരിഗണിക്കുക, സൂര്യന്റെ ഇരുവശത്തും താഴെ പറയുന്ന കോണളവുകളിൽ ഗ്രഹം സ്ഥിതി ചെയ്യുമ്പോഴാണ്.

ഗ്രഹം സൂര്യനിൽനിന്നുള്ള
അകലം ഡിഗ്രിയിൽ
ഗ്രഹം സൂര്യനിൽനിന്നുള്ള
അകലം ഡിഗ്രിയിൽ
ചന്ദ്രൻ 12 ചൊവ്വ 17
ബുധൻ 13 വ്യാഴം 11
ശുക്രൻ 9 ശനി 15
മൗഢ്യകാലത്ത് ഗ്രഹങ്ങൾക്ക് ഫലദായകത്വം ഉണ്ടാകില്ല എന്നാണ് ജ്യോതിഷ വിശ്വാസം.
[ 84 ]
ബ്രിട്ടിഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു അസീറിയൻ ഫലകം
അസീറിയൻ ഫലകത്തിലെ ക്യൂണിഫോം ലിഖിതം
ലിഖിതത്തിന്റെ ഉച്ചാരണം

വ്യാഴത്തെ തിരിച്ചറിഞ്ഞപ്പോൾ ബാബിലോൺ നഗരത്തിന്റെ സ്ഥാപകനും പരിപാലകനുമായി അവർ ആരാധിച്ചുപോന്ന 'മാർദുക്' ദേവന്റെ പ്രതിരൂപമായി അതിനെ ചിത്രീകരിച്ചു. ബൈബിളിൽ പരാമർശിക്കുന്ന 'ബാബേൽ ഗോപുരം' മാർദുക്കിന്റെ ക്ഷേത്രവും ഒരു വാനനിരീക്ഷണ കേന്ദ്രവും കൂടിയായിരുന്നു.

ചൊവ്വാഗ്രഹം അവർക്ക് യുദ്ധത്തിന്റെയും പ്ലേഗിന്റെയും അധിപതിയായ 'നെർഗൽ' ആയിരുന്നു. ആകാശ ദൈവങ്ങളിൽ ഏറ്റവും ശൂരനും നെർഗൽ ആണ്.

ശനി മരണത്തിന്റെയും പാതാളത്തിന്റെയും അധിപനായ, 'നിനൂർത്ത' ആയി പരിഗണിക്കപ്പെട്ടു. ബുധൻ വിദ്യയുടെയും വിവേകത്തിന്റെയും ദേവനായ 'നെബു' ആണെന്നും വന്നു.

മുൻ പറഞ്ഞ 5 ഗ്രഹങ്ങളും സൂര്യനും ചന്ദ്രനും ഉൾപ്പെടെ 7 ഗ്രഹങ്ങളായിരുന്നു ബാബിലോണിയർക്ക് ഉണ്ടായിരുന്നത്. അവയുടെ പേരിൽ 7 ദിവസങ്ങൾ ചേർന്ന ആഴ്ച എന്ന സങ്കൽപം അവർ ഉണ്ടാക്കി. ക്രമേണ 7 എന്ന സംഖ്യ തന്നെ അത്ഭുത സിദ്ധിയുള്ള ഒരു മാന്ത്രിക സംഖ്യയായി മാറി. 7 നിറങ്ങൾ, 7 സ്വരങ്ങൾ, 7 നക്ഷത്രങ്ങൾ ചേർന്ന സപ്തർഷികളും കാർത്തികയും, 7 കടലുകൾ, 7 നിലമാളിക, 7 മുദ്രകൾ വെച്ച സർക്കാർ രേഖകൾ...ഇങ്ങനെ പോകുന്നു ഏഴിന്റെ മഹത്വം.

ഈജിപ്തിലും ഗ്രീസിലും പേർഷ്യയിലും മറ്റും ഏഴുഗ്രഹങ്ങൾ എന്ന സങ്കൽപം പ്രചാരം നേടിയെങ്കിലും ഭാരതത്തിലെത്തിയപ്പോൾ അത് നവഗ്രഹസങ്കൽപമായ വികസിച്ചു. രാഹുവും കേതുവുമായിരുന്നു പുതിയ രണ്ടെണ്ണം. പക്ഷെ അപ്പോഴും ആഴ്ചയുടെ ദിവസങ്ങളിൽ മാറ്റം ഉണ്ടായില്ല. രാഹുവിനും കേതുവിനും സ്വന്തമായ ദിവസങ്ങളൊന്നും നൽകിയില്ല എന്നർഥം.

ശുക്രൻ ബാബിലോണിയൻ ജ്യോതിഷികളെ അമ്പരപ്പിച്ചത് സാന്ധ്യതാരമായും പ്രഭാതതാരമായും മാറിമാറി പ്രത്യക്ഷപ്പെട്ടുകൊണ്ടു മാത്രമല്ല ഒരു കളിമൺ ഫലകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക : "ഇഷ്തർ വൃശ്ചികത്തിൽ കടക്കുമ്പോൾ വെള്ളപ്പൊക്കമുണ്ടാകുമെന്നത് സുവിദിത [ 85 ] മാണ്. പക്ഷെ, ഇപ്രാവശ്യം അതുണ്ടായില്ല ഇഷ്തർ വൃശ്ചികത്തിന്റെ മാറിടത്തിൽ എത്തിയപ്പോഴേക്കും അവൾ തട്ടിയെടുക്കപ്പെട്ടു. വൃശ്ചികത്തെ സ്പർശിച്ചെങ്കിലും തുളച്ചു കടക്കാൻ കഴിഞ്ഞില്ല“. എന്താണീ തട്ടിയെടുക്കൽ സൂചിപ്പിക്കുന്നത് എന്നല്ലേ. ശുക്രൻ വക്രഗതിയിൽ പ്രവേശിച്ചതാണെന്നു തീർച്ച.

ഈജിപ്തുകാർ പ്രപഞ്ചത്തെ കണ്ടത് ഇങ്ങനെയാണ്. വാനദേവത 'നട്ട്' നക്ഷത്രനിബിഢമായ തന്റെ ശരീരം കൊണ്ട് ഭൂമിക്കു മേൽ ഒരു കമാനം തീർത്തിരുന്നു. അവളുടെ ശരീരത്തിനു മീതെകൂടി ഒരു വഞ്ചിയിൽ സൂര്യൻ യാത്ര ചെയ്യുന്നു. (ഉദയവും അസ്തമയവും കാണിച്ചിട്ടുണ്ട്) രാത്രിയൽ മരിച്ചവരുടെ ലോകമായ പാതാളത്തിലാണ് സൂര്യൻ.
ചൊവ്വ – ജ്യോതിഷ വിശ്വാസികൾ ഏറെ ഭയപ്പെടുന്ന ഗ്രഹം സൂര്യനിൽ നിന്നുള്ള ദൂരം 22.8 കോടി കിലോമീറ്റർ. പിണ്ഡം ഭൂമിയുടെ 10 ശതമാനം. നേർത്ത അന്തരീക്ഷം. ധ്രുവങ്ങളിൽ ഹിമമുണ്ട്. ഉപരിതലത്തിൽ ഇരുമ്പിന്റെ ഓക്സൈഡ് ഉള്ളതിനാൽ ചുവപ്പു നിറമാണ്. യുദ്ധത്തിന്റെ ദേവനാകാൻ ഒരു യോഗ്യതയുമില്ല. സ്വയം ഭ്രമണത്തിന് 687 ദിവസവും വേണം. ആകാശത്തിലെവിടെയും കാണപ്പെടാം. രണ്ടു കൊച്ച് ഉപഗ്രഹങ്ങളുണ്ട്.

മറ്റൊരു ഫലകത്തിൽ ഉള്ളത് മാർഇഷ്തർ എന്ന ജ്യോതിഷി നിരീക്ഷണ നിലയത്തിൽ നിന്ന് ചക്രവർത്തിക്ക് അയച്ച ഒരു കുറിപ്പാണ്. “ചക്രവർത്തിക്ക് മാർ ഇഷ്തർ: മാർദുക്കിനെ സംബന്ധിച്ച റിപ്പോർട്ട് ഞാൻ തന്നിരുന്നല്ലോ. അനുവിന്റെ പഥത്തിലുള്ള അതിന്റെ ഗതിയെ ആസ്പദമാക്കിയാണ് ഞാൻ അങ്ങനെ പ്രവചിച്ചത്. എന്നാൽ മാർദുക് ഗതി മന്ദമാക്കിയെന്നു മാത്രമല്ല പിറകോട്ടു പോവുക കൂടി ചെയ്തിരിക്കുന്നു. എന്റെ പ്രവചനം തെറ്റിയിരിക്കുന്നു. കുറ്റം എന്റേതല്ല എന്ന് അങ്ങ് മനസ്സിലാക്കുമല്ലോ?“.

അതെ, വ്യാഴവും പണി പറ്റിച്ചിരിക്കുന്നു. അനുവിന്റെ പഥത്തിലൂടെ (ഖഗോളമധ്യരേഖയിലൂടെ) മുമ്പോട്ടു പോയ്ക്കൊണ്ടിരിക്കുന്ന വ്യാഴം ഗതി മാറ്റി, തിരിച്ചു യാത്രയായിരിക്കുന്നു. ഈ കുറിപ്പിൽ ശ്രദ്ധേയമായിട്ടുള്ള ഒരു കാര്യം അതിന്റെ സൗഹൃദസ്വരമാണ്. ജ്യോതിഷി രാജാവിനോട് പെരുമാറുന്നത് മേലധികാരിയോടെന്ന പോലെയല്ല. സുഹൃത്തിനോടെന്നപോലെയാണ്.

ചൈനക്കാരും വ്യാഴത്തിന്റെ ഈ അത്ഭുത വിദ്യ കണ്ട് അന്ധാളിക്കുന്നത് അവരുടെ രേഖകളിൽ കാണാം. വ്യാഴം അവർക്ക് സമൃദ്ധിയുടെ ദേവനായിരുന്നു. അതിന്റെ വക്രഗതിയെ അവർ ക്ഷാമത്തിന്റെ സൂചനയായാണ് കരുതിയത്. ബാബിലോണിയരെപ്പോലെ ചൈനക്കാർക്കും ആകാശം ദൈവങ്ങളുടെ ഇരിപ്പിടമായിരുന്നു. എങ്കിലും ഇരുകൂട്ടരുടെയും സമീപനങ്ങൾ തമ്മിൽ കാതലായ വ്യത്യാസം കാണാം. ചൈനക്കാർ അവരുടെ പ്രാകൃത ദൈവങ്ങളെ ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും ആരോപിക്കുകയും എന്നിട്ട് ഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. ദൈവങ്ങൾക്ക് ഇങ്ങനെ 'കാണപ്പെടുന്ന രൂപങ്ങൾ' കൈവന്നതോടെ ഫലഭാഗ ജ്യോതിക്ഷത്തിലേക്കും മറ്റ് ആചാര വൈകൃതങ്ങളിലേക്കുമുള്ള നീക്കം അനിവാര്യവും സുഗമവുമായി. ചൈനക്കാർ ഗ്രഹസ്ഥാപനങ്ങളെ ഭാഗ്യ നിർഭാഗ്യങ്ങളുടെ സൂചകമായി കണക്കാക്കിയെങ്കിലും ജനനസമയത്തെ ഗ്രഹനില വെച്ച് വ്യക്തികളുടെ ഭാവി പ്രവചിക്കാം എന്ന അബദ്ധത്തിലേക്ക് എടുത്തു ചാടിയില്ല. എന്നാൽ ബാബിലോണിയർ, പ്രത്യേകിച്ച് കാൽദിയർ, എത്തിച്ചേർന്നത് ആ വിശ്വാസത്തിലാണ്.

ശ്രദ്ധയോടെയുള്ള വാനനിരീക്ഷണവും നിരീക്ഷണം വഴി കണ്ടെത്തിയ പ്രതിഭാസങ്ങൾക്ക് ശാസ്ത്രീയമായ വിശദീകരണം [ 86 ] നൽകാൻ വേണ്ട ശാസ്ത്രവിജ്ഞാനത്തിന്റെ അഭാവവും ചേർന്നാണ് ഗ്രഹങ്ങളുടെ ദേവസങ്കൽപത്തിലേക്ക് നയിച്ചത്. സൂര്യന്റെ അയനചലനവും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും ഗ്രഹങ്ങളുടെ വക്രഗതിയും ഗ്രഹശോഭയിലുണ്ടാകുന്ന ഏറ്റക്കുറവും

ചന്ദ്രന്റെ വൃദ്ധിക്ഷയവും ഗ്രഹങ്ങളുടെ ശോഭാവ്യതിയാനവും

അമാവാസിക്കു ശേഷം ഒരു നേർത്ത കലയായി പടിഞ്ഞാറെ മാനത്ത് പ്രത്യക്ഷപ്പെടുന്ന ചന്ദ്രൻ ക്രമേണ ഓരോ ദിവസവും വലുതാവുകയും കിഴക്കോട്ടു നീങ്ങിപ്പോവുകയും ചെയ്യുന്ന പ്രതിഭാസം പ്രാചീനകാലം മുതൽക്കേ മനുഷ്യനിൽ അത്ഭുതം ഉളവാക്കിയിരുന്നു. സൂര്യപ്രകാശം ഏറ്റാണ് ചന്ദ്രൻ പ്രകാശിക്കുന്നത് എന്ന് ബാബിലോണിയയിലെയും ഭാരതത്തിലെയും ജ്യോതിശാസ്ത്രജ്ഞർ മനസ്സിലാക്കി വരുമ്പോഴേക്കും ഫലഭാഗ ജ്യോതിഷം അഥവാ ജ്യോത്സ്യം പിടിമുറുക്കിക്കഴിഞ്ഞിരുന്നു. വെളുത്ത പക്ഷത്തിൽ വൃദ്ധി പ്രാപിച്ചു വരുന്ന ചന്ദ്രൻ ദുർബലനും പാപിയും ആയിരിക്കുമെന്നും ആണ് ജ്യോത്സ്യം പറയുന്നത്.

വൃദ്ധിക്ഷയങ്ങളുടെ യഥാർഥ കാരണം നമുക്കിന്നറിയാം. എല്ലാകാലത്തും ചന്ദ്രഗോളത്തിന്റെ നേർപകുതിയിൽ സൂര്യപ്രകാശം വീഴുന്നുണ്ട്. എന്നാൽ, ഭൂമിക്കു ചുറ്റും ചന്ദ്രന്റെ സ്ഥാനം മാറുന്നതിനനുസരിച്ച് ഈ പ്രകാശമാനമായ ഭാഗത്തിന്റെ ഒരു പങ്ക് നമ്മുടെ കണ്ണിൽ നിന്ന് മറയ്ക്കപ്പെടും (ചിത്രം കാണുക). അമാവാസിയിൽ പൂർണമായും മറയ്ക്കപ്പെടും. പൗർണമിയിൽ സൂര്യപ്രകാശം പതിക്കുന്ന ഭാഗം പൂർണമായും കാണും. നമ്മൾ നോക്കുന്ന സ്ഥാനത്തു നിന്ന് എപ്പോഴും ചന്ദ്രന്റെ പകുതി ഗോളഭാഗം നമുക്ക് അഭിമുഖമായി വരുമെങ്കിലും അതിൽ സൂര്യപ്രകാശം വീഴുന്ന അംശം എത്രയുണ്ട് എന്നതിനനുസരിച്ച് ചന്ദ്രക്കലയുടെ വലിപ്പം മാറും.

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ - (സൂര്യനെ ചിത്രത്തിന്റെ മുകൾ ഭാഗത്ത്, വിദൂരത്ത് സങ്കൽപിക്കുക) ചന്ദ്രന്റെ ഒരു പകുതിയിൽ എപ്പോഴും സൂര്യപ്രകാശം പതിക്കുന്നുണ്ടാവും. അതിൽ എത്ര അംശം നമുക്ക് കാണാൻ കഴിയുന്നു എന്നത് ചന്ദ്രന്റെ സ്ഥാനം അനുസരിച്ച് മാറും.

ഗ്രഹശോഭയിലുണ്ടാകുന്ന ഏറ്റക്കുറവും പണ്ടേ ശ്രദ്ധിക്കപ്പെട്ട ഒരു വസ്തുതയാണ്. ചൊവ്വയുടെ കാര്യത്തിലാണ് ഇത് ഏറെ ശ്രദ്ധേയം. ചൊവ്വ സന്ധ്യക്ക് കിഴക്കുദിക്കുന്ന കാലത്ത് അതിനു ശോഭ ഏറ്റവും കൂടുതലായിരിക്കും. സന്ധ്യക്കു പടിഞ്ഞാറോ പ്രഭാതത്തിനു മുമ്പ് കിഴക്കോ പ്രത്യക്ഷപ്പെടുന്ന കാലത്ത് ശോഭ തീരെ കുറവും ആയിരിക്കും. യുദ്ധ ദേവനായ ചൊവ്വയുടെ ബലവും ബലക്ഷയവുമായാണ് ജ്യോതിഷികൾ അതിനെ കണ്ടത്. യഥാർഥ കാരണം ഇന്നു നമുക്കറിയാം(ചിത്രം നോക്കൂ). ചൊവ്വയെ സന്ധ്യക്കു കിഴക്കു കാണുമ്പോൾ അതു ഭൂമിയോട് ഏറ്റവും അടുത്ത് A എന്ന സ്ഥാനത്തായിരിക്കും. ദൂരക്കുറവു കാരണം ശോഭ ഏറ്റവും കൂടുതലുമായിരിക്കും.സന്ധ്യക്ക് പടിഞ്ഞാറു കാണുന്ന കാലത്ത് B യിലും പ്രഭാതത്തിൽ കാണുന്ന കാലത്ത് C യിലും ആയിരിക്കും ചൊവ്വയുടെ സ്ഥാനം. ദൂരം കൂടുന്നതുകൊണ്ട് ശോഭ കുറയും. കൂടാതെ സൂര്യന്റെ പരഭാഗശോഭയും (Background light) അപ്പോൾ ഗ്രഹത്തിന്റെ ദൃശ്യത കുറയ്ക്കും.

ശുക്രന്റെ കാര്യത്തിൽ മറ്റൊരു വിചിത്രമായ സംഗ

[ 87 ]
തിയാണ് പ്രാചീനർ കണ്ടത്. സന്ധ്യയ്ക്കതിനെ ഒരു ദിക്കിൽ (ചക്രവാളത്തിൽ നിന്ന് ഒരു നിശ്ചിത ഉയരത്തിൽ) നല്ല ശോഭയോടെ കാണുന്നുവെന്നിരിക്കട്ടെ. ക്രമേണ ശുക്രൻ അവിടെ നിന്ന് മാറിപ്പോവുകയും കുറെ നാൾക്കുശേഷം അതേ ദിക്കിൽ തന്നെ തിരിച്ചെത്തുകയും ചെയ്യും. പക്ഷേ, അപ്പോൾ അതിനു ശോഭ വളരെ കുറഞ്ഞിരിക്കും. ഒരേ സ്ഥാനത്ത് ശുക്രന് ശോഭ രണ്ടു വിധമാകാനുള്ള കാരണവും പണ്ടത്തെ ജ്യോതിഷികൾക്കു മനസ്സിലായില്ല. ഭൂകേന്ദ്ര സിദ്ധാന്തമനുസരിച്ച് അതിനു കഴിയുകയുമില്ല. ഗ്രഹങ്ങൾ സൂര്യനെയാണ് ചുറ്റുന്നത് എന്നു സങ്കൽപിച്ചാൽ സംഗതി എളുപ്പമാകും(ചിത്രം II നോക്കുക). ശുക്രൻ A എന്ന സ്ഥാനത്തായാലും B എന്ന സ്ഥാനത്തായാലും കാണപ്പെടുക ഒരേ ദിക്കിൽ(ചക്രവാളത്തിൽ നിന്ന് ഒരേ ഉയരത്തിൽ) ആണല്ലോ. പക്ഷേ, ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ വലിയ വ്യത്യാസം വന്നിരിക്കുന്നു; അതുകൊണ്ടു തന്നെ ശോഭയിലും. എന്നാൽ ജ്യോതിഷി ഇതിനെയും ചിത്രീകരിച്ചത് ബലവും ബലക്ഷയവുമായാണ്.
ചൊവ്വയുടെ ശോഭയിലെ വ്യതിയാനം. സന്ധ്യക്ക് ചൊവ്വ ഉദിക്കുന്ന കാലത്ത് (സ്ഥാനം A. ചൊവ്വ ഭൂമിക്കു കിഴക്കും സൂര്യൻ പടിഞ്ഞാറും)അതു ഭൂമിയോട് അടുത്തായിരിക്കും. അപ്പോൾ ശോഭ ഏറ്റവും കൂടിയിരിക്കും. സന്ധ്യക്ക് പടിഞ്ഞാറോ (സ്ഥാനം B) പ്രഭാതത്തിന് മുമ്പു കിഴക്കോ (സ്ഥാനം C) കാണുന്ന കാലത്ത് ഭൂമിയിൽ നിന്ന് വളരെ അകലെയായിരിക്കും. അപ്പോൾ ശോഭ വളരെ കുറഞ്ഞു പോകും. പ്രകാശത്തിന്റെ ഈ ഏറ്റക്കുറവ് കുജന്റെ ബലവും ബലക്ഷയവുമായാണ് ജ്യോതിഷികൾ ചിത്രീകരിച്ചത്.
ശുക്രന്റെ ശോഭാവ്യതിയാനം. ശുക്രൻ A എന്ന സ്ഥാനത്തായാലും B എന്ന സ്ഥാനത്തായാലും ഭൂമിയിൽ നിന്ന് (സൂര്യനെ അപേക്ഷിച്ച്) ഒരേ കോണളവിലാണ് കാണപ്പെടുക. എങ്കിലും ഭൂമിയിൽ നിന്നുള്ള ദൂരവ്യത്യാസം കാരണം ശോഭയിൽ വലിയ അന്തരമുണ്ടാകും.

ഗ്രഹങ്ങളുടെ ദേവസങ്കൽപത്തിന് ഉപോൽബലകമായ മറ്റൊരു നിരീക്ഷണം ഗ്രഹങ്ങളുടെ നിറവ്യത്യാസമായിരുന്നു. ശുക്രൻ വെള്ളിപോലെ വെളുത്തിട്ടാണ്. ചൊവ്വ ചുവപ്പുനിറത്തിലും. ചന്ദ്രനും വ്യാഴവും മഞ്ഞ കലർന്ന വെള്ള നിറമാണ് (കുളിർശോഭ). സൂര്യനാകട്ടെ തീക്ഷ്ണരൂപിയും. സ്വാഭാവികമായും ആ ദേവന്മാരുടെ/ദേവികളുടെ സ്വഭാവ‌വും അതിനനുസരിച്ചായിരിക്കണം. പുരാണകഥാപാത്രങ്ങളെ പ്രതിനിധീകരിക്കാൻ ഗ്രഹങ്ങളെ തെരഞ്ഞെടുത്തപ്പോൾ ഇതും പരിഗണിക്കപ്പെട്ടു എന്നു വ്യക്തം. ചൊവ്വയെ യുദ്ധദേവനാക്കിയത് അതിന്റെ ചുവപ്പുനിറം കൊണ്ടാണ്. ഗ്രഹങ്ങളെ ശുഭന്മാരും പാപന്മാരും ആയി വേർതിരിച്ചതിൽ ഇത്തരം പരിഗണനകൾ പ്രധാനമായി ഭവിച്ചിരിക്കും. ചൊവ്വയ്ക്കു ചുവപ്പുനിറം വരാൻ കാരണം അതിന്റെ ഉപരിതലത്തിലുള്ള ഇരുമ്പിന്റെ ഓക്സൈഡാണെന്നും ശുക്രനു വെള്ളശോഭ കൈവന്നത് അതിന്റെ കനത്ത അന്തരീക്ഷത്തിനു മീതെയുള്ള മേഘങ്ങളിൽ തട്ടി സൂര്യപ്രകാശം നന്നായി പ്രതിഫലിക്കുന്നതുകൊണ്ടാണെന്നും അന്നത്തെ ജ്യോതിഷി എങ്ങനെ അറിയാൻ!

എല്ലാം ഇതേപോലെ കാരണം കണ്ടെത്താൻ കഴിയാത്ത അത്ഭുതപ്രതിഭാസങ്ങളായി അവശേഷിച്ചു. അതെല്ലാം അവയുടെ സ്വന്തം ഇച്ഛാശക്തിയുടെയും ശക്തിദൗർബല്യങ്ങളുടെയും ലക്ഷണമായി വ്യാഖ്യാനിക്കപ്പെട്ടു. സൂര്യന്റെ അയനചലനവും ഗ്രഹ [ 88 ] ങ്ങളുടെ വക്രഗതിയും അവ സ്വേഛയാ ചെയ്യുന്ന കാര്യങ്ങളാണെന്നും വൃദ്ധിക്ഷയങ്ങളും ശോഭയിലെ വ്യതിയാനവും ഗ്രഹങ്ങളുടെ ബലത്തിലുണ്ടാവുന്ന ഏറ്റക്കുറവുകൾ മൂലമാണെന്നും അവർ വിശ്വസിച്ചു. സൂര്യന്റെ രാശിസ്ഥിതി കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റത്തേയും അവർ ദൈവികമായാണ് കണ്ടത്. സൂര്യദേവൻ ഓരോ രാശിയിലും ഭൃത്യാത്മാക്കളെ നിർത്തിയിരിക്കുന്നു എന്ന് ബാബിലോണിയർ വിശ്വസിച്ചു. സൂര്യൻ കുംഭം രാശിയിൽ കടക്കുമ്പോൾ ഭൃത്യാത്മാക്കൾ ജലധാരകൊണ്ട് അതിന്റെ രശ്മികളെ നനവുള്ളതാക്കുന്നു. (ബാബിലോണിയയിൽ കുംഭത്തിലാണ് മഴ. ആ രാശിക്ക് കുടമേന്തിയ മനുഷ്യന്റെ രൂപം അവർ സങ്കൽപ്പിച്ചത് വെറുതെയല്ല.) കർക്കടകത്തിൽ (അവരുടെ വേനൽക്കാലം) ഭൃത്യാത്മാക്കൾ സൂര്യനിലെ തീ ആളിക്കത്തിക്കുന്നു. ഹേമന്തത്തിൽ തണുപ്പിക്കുന്നു. മറ്റുഗ്രഹങ്ങൾക്കും ഇതുപോലെ സ്വാധീനമുണ്ടെന്ന് ബാബിലോണിയർ വിശ്വസിച്ചു.

ഈജിപ്തുകാർ അവരുടെ സൂര്യദേവനായ "റാ"യെ ചിലപ്പോൾ ഗരുഡന്റെ ചിറകുകളുള്ള ഒരു വട്ടമായും ചിലപ്പോൾ ഗരുഡത്തലയുള്ള മനുഷ്യരൂപമായും ചിത്രീകരിച്ചു. ‘ഖെപേര‘ എന്ന ‘ദിവ്യവണ്ട്‘ ആയിരുന്നു സൂര്യന്റെ മറ്റൊരു പ്രതിരൂപം. വണ്ട് ഉരുട്ടുന്ന ചാണകഗോളത്തിൽ അവർ സൂര്യരൂപം ദർശിച്ചു ; അതിൽ നിന്ന് പുഴുക്കൾ സ്വയംഭൂവാകുന്നത് അവർ അത്ഭുതത്തോടെ നിരീക്ഷിച്ചു. (വണ്ട് അതിൽ മുട്ടയിടുന്ന കാര്യം അവർക്കറിയില്ലായിരുന്നു!) ഖെപേരയുടെ ദിവ്യശക്തി ആർജ്ജിക്കാനായി അവർ വണ്ടിനെ കെട്ടിയ വളകൾ ധരിക്കുമായിരുന്നു.'

3.2 ഫലഭാഗജ്യോതിഷം മറ്റു രാജ്യങ്ങളിലേക്ക്

അലക്സാണ്ടർ ചക്രവർത്തി പടനയിച്ചു വന്ന വഴി. ഇതു തന്നെയാണ് ജ്യോതിഷം വന്ന വഴിയും

ഗ്രീക്കുകാർ ജ്യോതിശ്ശാസ്ത്രത്തിലെ പല ആശയങ്ങളും ബാബിലോണിയയിൽനിന്ന് അതേപടി കടംകൊള്ളുകയാണുണ്ടായത്. പക്ഷേ, അവരുടെ കഥകൾക്കുപകരം അവർ പുതിയ കഥകളുണ്ടാക്കി. കഥകളധികവും തങ്ങളുടെ ഇതിഹാസങ്ങളിൽ നിന്നു തന്നെ സ്വീകരിച്ചു. എങ്കിലും കഥാപാത്രങ്ങൾക്ക് ബാബിലോണിയർ കൽപ്പിച്ച സ്വഭാവങ്ങളിൽ മാറ്റം വരാതെ അവർ നോക്കി. കുംഭത്തെ പ്രതിനിധീകരിക്കാൻ ഒരു കഥാപാത്രമു [ 89 ] ണ്ടായി. ദൈവത്തിനു ജലദാനം ചെയ്യുന്ന ഗാനിമിഡ്. കുംഭത്തിൽ ജനിക്കുന്നവർ ദൈവത്തിനു പ്രിയപ്പെട്ടവരാകും. കന്നി (കതിരേന്തിയ കന്യക) കൃഷിയുടെ ദേവതയായി. ഭൂമിയിലെ സകല നന്മതിന്മകളും 12 രാശികൾക്ക് അവർ വീതിച്ചു നൽകി. പ്രതിഭാസങ്ങൾക്ക് ഗ്രഹ-രാശി ബന്ധങ്ങൾ കണ്ടെത്തുക ജ്യോതിഷ പണ്ഡിതരുടെ ഒരു ഒഴിവുസമയ വിനോദമായി മാറി. പഞ്ഞത്തിനും രോഗത്തിനും യുദ്ധത്തിനും എല്ലാം കാരണക്കാർ ഗ്രഹങ്ങളും താരാഗണങ്ങളുമായി.

ബൈബിളിൽ പറയുന്ന എബ്രഹാം ക്രി.മു. 2000ത്തിനടുത്ത് യൂഫ്രട്ടീസ് തീരത്തെ ഉർനഗരത്തിൽ ജനിച്ചു എന്നു പറയപ്പെടുന്നു. ഒരിക്കൽ അവിടുത്തെ 'സിൽ' ദേവാലയത്തിലെ പുരോഹിതരോട് അദ്ദേഹം തർക്കിച്ചു എന്ന് ജോസഫസ് രേഖപ്പെടുത്തുന്നു. ഗ്രഹങ്ങൾ ദൈവങ്ങളാണെങ്കിൽ അവ എന്തുകൊണ്ട് ഇടയ്ക്കു ക്രമരഹിതമായി ചലിക്കുന്നു? അവയെ നിയന്ത്രിക്കുന്ന 'വലിയ ദൈവം' വേറേ ഉണ്ടായിരിക്കണം - ഇതായിരുന്നു അദ്ദേഹത്തിന്റെ വാദം. കാൽദിയന്മാർ ഈ ദൈവ നിന്ദയെ ചോദ്യം ചെയ്തു. ഒടുവിൽ എബ്രഹാമിനു നാടുവിടേണ്ടിവന്നു. ഇക്കഥ നേരായിക്കൂടെന്നില്ല എന്നേ പറയാൻ പറ്റൂ.

വ്യാഴം : ഗ്രഹങ്ങളിൽ ഭീമൻ. ഭൂമിയുടെ 1300 ഇരട്ടി വലിപ്പവും 318 ഇരട്ടി പിണ്ഡവും. സൂര്യനിൽ നിന്നുള്ള ദൂരം 77.8 കോടി കിലോമീറ്റർ. ഹൈഡ്രജൻ, ഹീലിയം, മീതെയ്ൻ മുതലായവ അടങ്ങിയ കനത്ത അന്തരീക്ഷം. സ്വയംഭ്രമണത്തിന് 9.84 മണിക്കൂർ മാത്രം. പരിക്രമണത്തിന് 11.86 വർഷം. 17 ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഗാനിമിഡെയാണ് സൗരയുഥത്തിലെ തന്നെ ഏറ്റവും വലിയ ഉപഗ്രഹം. (5276 കിലോമീറ്റർ വ്യാസാർധം)

ഭാരതത്തിൽ ആദ്യകാലത്ത് സൂര്യനും ചന്ദ്രനും ആണ് ദേവാത്മാക്കളായുണ്ടായിരുന്നത്. ഗ്രീസിൽ നിന്നാണ് മറ്റു ഗ്രഹദൈവങ്ങൾ ഇന്ത്യയിലെത്തിയതെന്നു വേണം വിശ്വസിക്കാൻ. ഭാരതീയ ജ്യോതിഷികളുടെ മുഖ്യ ആചാര്യന്മാരിൽ ഒരാളായ ഗാർഗൻ പറയുന്നതു നോക്കുക : “ഗ്രീക്കുകാർ തീർച്ചയായും മ്ലേച്ഛന്മാർ തന്നെ. എന്നാൽ അവർക്കിടയിൽ ജ്യോതിശാസ്ത്രം സമ്പുഷ്ടമാണ്. തന്മൂലം അവർ ഋഷികൾക്കു കൂടി ബഹുമാന്യരായിത്തീർന്നിരിക്കുന്നു." (ഗാർഗൻ ജീവിച്ചിരുന്നത് ക്രി.മു. രണ്ടാം നൂറ്റാണ്ടിനടുത്തായിരുന്നുവെന്നും പരാശരമുനി അദ്ദേഹത്തിന്റെ പിൻഗാമി ആയിരുന്നുവെന്നും കരുതപ്പെടുന്നു). ബാബിലോണിയർക്കും ഗ്രീക്കുകാർക്കും പേർഷ്യക്കാർക്കും എല്ലാം ഇന്ത്യയുമായി വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് വിവരങ്ങളുടെ കൊള്ളക്കൊടുക്ക അവരെല്ലാമായി നടന്നിട്ടുണ്ടാകാം. ചിലപ്പോൾ പല ആശയങ്ങളും വികസിച്ചു വന്നത് ഇന്ത്യയിലാണെന്നും വരാം. പക്ഷേ നമുക്കതിനു തെളിവൊന്നും നൽകാനില്ല. എന്നുമാത്രമല്ല ഫലഭാഗ ജ്യോതിഷം ഇന്ത്യയിൽ വ്യാപകമായത് അലക്സാണ്ടറുടെ വരവിനു ശേഷം (ക്രി.മു. നാലാം നൂറ്റാണ്ട്) ആണെന്നതും അതിന്റെ ഉത്ഭവം ഭാരതത്തിലല്ല എന്നതിന്റെ സൂചനയാണ്.

ഗ്രഹങ്ങൾ ദൈവങ്ങളായതോടെ ജ്യോതിഷികൾ ദൈവജ്ഞരും ആയി ചമഞ്ഞു. ദൈവങ്ങളുടെ ഇംഗിതം മനസ്സിലാക്കാനുള്ള ശാസ്ത്രമായി ജ്യോതിഷം മാറി. ദിക്കും സമയവും അറിയാനും കൃഷിക്കു വേണ്ടി കാലാവസ്ഥ പ്രവചിക്കാനും മനുഷ്യരുടെയും സംഭവങ്ങളുടെയും പ്രായം ഗണിക്കാനുമായി വളർത്തിയെടുത്ത ഒരു നിരീക്ഷണ ശാസ്ത്രം ക്രമേണ ഫലഭാഗവും ശകുനവും ലക്ഷണവും ശുഭാശുഭ മുഹൂർത്തങ്ങളും ഒക്കെ നിർണയിക്കാനുള്ള ഏർപ്പാടായി അധഃപതിക്കുന്നത് ബാബിലോണിയയുടെയും ഗ്രീസിന്റെയും ചരിത്രം പരിശോധിക്കുന്നവർക്ക് കാണാൻ കഴിയും.

ഗ്രഹങ്ങളിൽ നിന്നു വരുന്നത് വെറും പ്രകാശമല്ല, മനുഷ്യരുടെ കർമങ്ങൾക്കു വഴികാട്ടുന്ന നിയോഗങ്ങളാണ് എന്ന വിശ്വാസം ക്രമേണ വേരുറച്ചു. ബാബിലോണിയയിലും കാൽദി [ 90 ] യയിലുമാണതിന്റെ തുടക്കം. മനുഷ്യരുടെയും രാജ്യത്തിന്റെയും ഭാഗ്യനിർഭാഗ്യങ്ങൾ ആശ്രയിക്കുന്നത് ഗ്രഹങ്ങളുടെ സ്ഥിതിയെ ആയതുകൊണ്ട് വാന നിരീക്ഷണം ജ്യോതിഷിയുടെ കടമയായി മാറി. ജനനസമയത്തെ ഗ്രഹനിലയ്ക്ക് ആദ്യകാലത്ത് വലിയ പ്രാധാന്യമുണ്ടായിരുന്നില്ല; അതത് കാലത്തെ ഗ്രഹനിലകൾ (അഥവാ ഗ്രഹചാരം) ആയിരുന്നു പ്രധാനം. കെട്ടിടങ്ങൾ പണിയുമ്പോഴും കച്ചവടം തുടങ്ങുമ്പോഴും ദീർഘയാത്ര, യുദ്ധം, വിളവെടുപ്പ് തുടങ്ങിയ കർമങ്ങളിലേർപ്പെടുമ്പോഴും ഗ്രഹങ്ങളുടെ നില അനുകൂലമാണോ എന്നു നോക്കുമായിരുന്നു. രാശിചക്രത്തിൽ ഗ്രഹങ്ങളുടെ ത്രികോണസ്ഥാനങ്ങളും ഷഡ്കോണസ്ഥാനങ്ങളും നല്ലത്, ചതുരസ്ഥാനങ്ങൾ ദോഷകരം എന്നെല്ലാമുള്ള വിശ്വാസങ്ങൾ ഉണ്ടായി വന്നു.

ശനി: വളയിട്ട സുന്ദരി. ജ്യോതിഷ വിശ്വാസികളുടെ പേടിസ്വപ്നം. ഭൂമിയുടെ 1000 ഇരട്ടി വലിപ്പവും 95 ഇരട്ടി പിണ്ഡവും. സൂര്യനിൽ നിന്നുള്ള ദൂരം 142.7 കോടി കിലോമീറ്റർ. കനത്ത അന്തരീക്ഷത്തിൽ മുഖ്യമായും ഹൈഡ്രജനും ഹീലിയവും. സ്വയം ഭ്രമണത്തിന് 10.2 മണിക്കൂറും പരിക്രമണത്തിന് 29.46 വർഷവും. ശനിയെ ചുറ്റിക്കറങ്ങുന്ന പൊടിപടലങ്ങളും ചെറുശകലങ്ങളും ചേർന്ന നിരവധി അടുക്കുകളാണ് വലയങ്ങളായി കാണപ്പെടുന്നത്. 26ഓളം ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ടൈറ്റാൻ ആണ് സൗരയുഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹം (5150 കിലോമീറ്റർ)

രാശികൾക്കു പേരു നൽകാനായി മാനത്തു സങ്കൽപിച്ച രൂപങ്ങളും അന്ധവിശ്വാസങ്ങൾ വർധിപ്പിക്കാൻ സഹായിച്ചു. വൃശ്ചികം വിഷമുള്ള തേളാണ്; അതുകൊണ്ട് വൃശ്ചികം ഉദിക്കുമ്പോൾ ഒരു സദ്കർമവും ചെയ്യാൻ കൊള്ളില്ല. ചിങ്ങ(സിംഹം)ത്തിൽ ജനിച്ചയാൾ ശൗരിയായിരിക്കും. ഇങ്ങനെ പോയി വിശ്വാസങ്ങൾ. ക്രമേണ, ജനനസമയത്തെ ഗ്രഹനിലയാണ് സർവപ്രധാനം എന്ന ആശയത്തിലേക്ക് ജ്യോതിഷികൾ എത്തിച്ചേർന്നു. ചന്ദ്രൻ ഉദിച്ചുയരുമ്പോൾ ജനിക്കുന്ന കുഞ്ഞിന്റെ ജീവിതം സന്തുഷ്ടവും ദീർഘവുമാകും. ചൊവ്വ ഉദിക്കുമ്പോഴാണ് ജനനമെങ്കിൽ കുഞ്ഞ് അനാരോഗ്യയായിരിക്കും. വേഗം മരണമടയും. രണ്ടു ഗ്രഹങ്ങൾ ജനനസമയത്ത് ആകാശത്തുണ്ടങ്കിൽ അതിൽ ഉദിച്ചുയരുന്നതിനാകും അസ്തമിക്കുന്നതിനേക്കാൾ ബലം. ഉദാഹരണത്തിന് വ്യാഴം ഉദിക്കുകയും ശുക്രൻ അസ്തമിക്കുകയുമാണെങ്കിൽ ആ വ്യക്തിക്ക് പിൽക്കാല ജീവിതത്തിൽ ഭാഗ്യമുണ്ടാകും, പക്ഷേ അയാൾ ഭാര്യയെ ഉപേക്ഷിക്കും. രണ്ടു ഗ്രഹങ്ങൾ എതിർസ്ഥാനങ്ങളിൽ (6 രാശിവ്യത്യാസത്തിൽ) നിന്നാൽ അന്യോന്യം ദുർബലരാകും; യോഗത്തിലാണെങ്കിൽ (ഒരേ രാശി) ബലമേറും.

ഗ്രീസിലെത്തിയപ്പോൾ കാൽദിയരുടെ വിശ്വാസങ്ങളിൽ വീണ്ടും കുട്ടിച്ചേർക്കലുകൾ നടന്നു. അവിടെ '100 നിയമങ്ങളുടെ പുസ്തകം' (The book of 100 rules) എന്ന ഒരു ജ്യോതിഷ ഗ്രന്ഥം തന്നെ പ്രചാരത്തിലായി. എല്ലാവരും അവനവന്റെ അധിപഗ്രഹം ഏതെന്നു മനസ്സിലാക്കുകയും അതിന്റെ സ്വഭാവത്തിനൊത്ത് ജീവിക്കാൻ വെമ്പൽകാട്ടുകയും ചെയ്തു. വ്യാഴം (Jove) ഉദിക്കുമ്പോൾ ജനിച്ചവൻ രസികൻ (Jovial) ആകാൻ ശ്രമിച്ചു. ചൊവ്വയിൽ ജനിച്ചവർക്ക് തങ്ങളുടെ ശുണ്ഠിക്കും വഴക്കാളിത്തത്തിനും ക്രൂരതയ്ക്കും ന്യായീകരണമായി. ഗ്രഹങ്ങളുടെ കാരകത്വം വലിയ ചർച്ചാവിഷയം തന്നെയായി. പലതും പരിഹാസ്യവും [ 91 ] സാമാന്യബുദ്ധിക്കു നിരക്കാത്തതും ആയിരുന്നു. ഉദാഹരണത്തിന് ചുവപ്പുനിറം, കയ്പുരുചി, പുരുഷലിംഗം, കരൾ, പിത്താശയം, കിഡ്നി, ഇടതുചെവി, 42 മുതൽ 57 വരെയുള്ള പ്രായം, ചൊവ്വാഴ്ച്ച, വ്യാഴാഴ്ച്ചരാത്രി ഇവയുടെയെല്ലാം കാരകഗ്രഹമാണ് ചൊവ്വയെന്ന് ഗ്രീക്കുകാർ വിശ്വസിച്ചു. ചൊവ്വ ദോഷ സ്ഥാനത്തായിരുന്നാൽ ഇതിനെല്ലാം കുഴപ്പം വരാം. മറ്റു ഗ്രഹങ്ങൾക്കും ഇതുപോലെ കാരത്വങ്ങൾ കൽപിക്കപ്പെട്ടു.

ഈജിപ്തിലേയും ബാബിലോണിയയിലെയും ദൈവങ്ങൾ പൊതുവെ മനുഷ്യരോടു സൗഹൃദം പുലർത്തുന്നവരായിരുന്നു. (ചുരുങ്ങിയത്, ക്ഷേത്രങ്ങൾക്ക് മതിയായ കാണിക്ക കിട്ടിയിടത്തോളം കാലമെങ്കിലും) അവർ മനുഷ്യരെപ്പോലെ വികാരം കൊള്ളുകയും അവശരാവുകയും തമ്മിൽ ശത്രുത്വവും മിത്രത്വവും പുലർത്തുകയും ചെയ്യും. യഹൂദന്മാരുടെ സർവശക്തനായ യഹോവയ്ക്കുപോലും ആറു ദിവസം കൊണ്ട് സകലതും സൃഷ്ടിച്ച ശേഷം ഏഴാംദിവസം വിശ്രമിക്കേണ്ടിവന്നു. അവൻ ഉണർവുനേടി എന്നു ബൈബിൾ പറയുന്നു. ബാബിലോണിലെ പുരോഹിതന്മാർ ക്ഷീണിച്ച ദൈവങ്ങൾക്കു വിശ്രമിക്കാൻ ശ്രീകോവിലുകളിൽ കിടക്ക തയ്യാറാക്കിയിരുന്നു. മെക്സിക്കോയിലെ ആസ്തെക്കുകളുടെ ദൈവത്തിനു ക്ഷീണം തീർക്കാൻ മനുഷ്യരക്തം തന്നെ വേണമായിരുന്നു. ക്രി.മു.307-ൽ അഗസ്തോക്ലിസ് കാർത്തേജ് നഗരം വളഞ്ഞപ്പോൾ ശനിഗ്രഹത്തെ പ്രീതിപ്പെടുത്താനായി ഉന്നത കുടുംബങ്ങളിൽ നിന്നുള്ള 200 ആൺകുട്ടികളെ ആഹൂതി ചെയ്യുകയുണ്ടായത്രെ. എങ്കിലും ദൈവങ്ങളുടെ രക്തദാഹം അത്രയേറെയൊന്നും അന്നുണ്ടായിരുന്നില്ല.

ഫലഭാഗജ്യോതിഷം ജ്യോതിശാസ്ത്രത്തെ അതിവേഗം കീഴ്പ്പെടുത്തിക്കളഞ്ഞു. ഇതിനുള്ള കാരണങ്ങൾ കണ്ടെത്താൻ പ്രയാസമില്ല. അറിവ് ഒരു വിഭാഗം ആളുകളുടെ കൈയിൽ കേന്ദ്രീകരിച്ചു എന്നതാണ് അതിലൊന്ന്. ജ്യോതിശാസ്ത്രം പുരോഹിതരുടെ കുത്തകയായി മാറി. നിരീക്ഷണത്തിനും ഗണനത്തിനും എല്ലാം വേണ്ടത്ര സമയം കിട്ടിയത് അവർക്കുമാത്രമാണ്. സമൂഹത്തിന്റെ ചെലവിൽ സുഖമായി ജീവിച്ചവരാണവർ. സമൂഹത്തിനാവശ്യമായ അറിവുകൾ ഉൽപാദിപ്പിക്കുക അവരുടെ ചുമതലയായിരുന്നു. സമയമളക്കാനും ദിക്കറിയാനും കാലാവസ്ഥാ മാറ്റങ്ങൾ മുൻകൂട്ടി നൽകി കർഷകരെ സഹായിക്കാനും അവർക്കേ കഴിഞ്ഞുള്ളൂ. കുഞ്ഞുങ്ങളുടെ ഗ്രഹനില കുറിച്ചതും, പിന്നീട് ആവശ്യമുള്ളപ്പോൾ, പ്രായം ഗണിച്ചതും അവരാണ് (കേരളം പോലെ ചുരുക്കം ചില സ്ഥലങ്ങളിലേ പുരോഹിതരല്ലാത്ത ഗണകന്മാരുണ്ടായിരുന്നുള്ളൂ; അതും പിൽക്കാലത്ത്). പഞ്ചാംഗങ്ങൾ രചിച്ചു തുടങ്ങിയപ്പോൾ, അതു ഗണിച്ചെടുത്തതും പുരോഹിതർ തന്നെ. അവരെ അത്ഭുത സിദ്ധിയുള്ളവരായും ദൈവജ്ഞരായും സമൂഹം കണക്കാക്കിയതിൽ അത്ഭുതമില്ല. ഗ്രഹണം പോലുള്ള ചില പ്രതിഭാസങ്ങൾ പ്രവചിച്ചു കൊണ്ട് അവർ തങ്ങളുടെ ദൈവജ്ഞതയ്ക്ക് തെളിവും നൽകി. ഗ്രഹങ്ങളുടെ ദേവസങ്കൽപവും ജ്യോതിഷിയുടെ ദൈവജ്ഞതയും കൂടിച്ചേർന്നപ്പോൾ ഫലഭാഗജ്യോതിഷത്തിന് അടിത്തറയായി. ഗ്രഹസ്ഥിതിയും അവയുടെ ബല-ദൗർബല്യങ്ങളും മനുഷ്യജീവിതത്തെ ബാധിക്കുന്നുണ്ടെന്നും 'ദൈവജ്ഞന് ' (ജ്യോത്സ്യന്) അത് പറഞ്ഞു തരാനും ദോഷഫലങ്ങൾക്ക് പ്രതിവിധികൾ (ബലികൾ, പൂജകൾ, തീർഥാടനങ്ങൾ, ദാനധർമങ്ങൾ മുതലായവ) നിർദേശിക്കാനും കഴിയും എന്നുമുള്ള വിശ്വാസം പ്രചരിപ്പിക്കപ്പെട്ടു. പ്രവചനം നടത്തുന്നവരും പരിഹാരവിധികൾ നടപ്പാക്കാൻ സഹായിക്കുന്നവരും (പൂജാരികളും മറ്റും-രണ്ടും പുരോഹിത വിഭാഗങ്ങൾ തന്നെ) തമ്മിലുള്ള കൂട്ടുകച്ചവടം പതുക്കെ വികസിച്ചു വന്നു.

ഒരു ഘട്ടത്തിൽ ജ്യോതിഷികളുടെ നിലനിൽപിന് ഇതാവശ്യവുമായിവന്നു. ചൈനക്കാർ കാന്തം ഉപയോഗിച്ച് വടക്കുനോക്കിയന്ത്രം ഉണ്ടാക്കാൻ പഠിച്ചു. ഈജിപ്തുകാർ 365¼ ദിവസ [ 92 ] ത്തിന്റെ സൗരവർഷവും അതനുസരിച്ചുള്ള സൗരകലണ്ടറും നിർമിച്ചു. വർഷങ്ങൾക്കു നമ്പർ കൊടുക്കുന്ന രീതിയും ഉണ്ടായിവന്നു. അതോടെ ദിക് നിർണയവും കാലാവസ്ഥാ പ്രവചനവും പ്രായഗണനയും 'ദൈവജ്ഞനു' മാത്രം ചെയ്യാൻ കഴിയുന്ന പണിയല്ലാതായി. രാജകൊട്ടാരത്തിലും സമൂഹത്തിലും ജ്യോതിഷിക്കു തന്റെ സ്ഥാനവും പ്രാധാന്യവും നിലനിർത്തണമെങ്കിൽ ഫലഭാഗം പോലുള്ള പൊടിക്കൈകൾ ആവശ്യമായിരുന്നു. അന്നു സർവസാധാരണമായിരുന്ന പകർച്ചവ്യാധികളും യുദ്ധങ്ങളും കൂടാതെ വരൾച്ച, ക്ഷാമം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളും 'ഗ്രഹപ്പിഴ'കളായി വ്യാഖ്യാനിക്കാനും ഗ്രഹണം, ധൂമകേതുക്കളുടെ വരവ് ഇവയുമായി ചില ദുരന്തങ്ങളെ ബന്ധിപ്പിക്കാനും ജ്യോതിഷികൾക്ക് എളുപ്പമായിരുന്നു.

സാത്താനും ദൈവവും-നന്മയുടെയും തിന്മയുടെയുടെയും പ്രതീകങ്ങൾ-എല്ലാ സംസ്കാരങ്ങളിലും കാണാം. ഈജിപ്തിലെ സൂര്യദേവനായ 'റാ'യെ വിഴുങ്ങാൻ എപ്പോഴും 'അപെപി' അവസരം പാർത്തിരിക്കുമായിരുന്നു. പേർഷ്യയിൽ 'അധുര മസ്ദ'യുടെ എതിരാളി 'അൻഗ്രാമൈൻയു'വും ബാബിലോണിയയിൽ 'മാർദുകി'ന്റെ മുഖ്യശത്രു 'തയാമത്തും' ആയിരുന്നു. എങ്കിലും ബൈബിളിലെ 'ലൂസിഫർ' നയിക്കുന്ന സാത്താന്മാരുടെ വൻപടപോലൊന്ന് മറ്റെവിടെയും കാണില്ല. (ഭാരതീയരുടെ അസുരന്മാർക്ക് ലൂസിഫറെ പോലെ കഴിവുറ്റ ഒരു നേതൃത്വമില്ല എന്നതാണ് കുഴപ്പം.

നാഗരികതകൾ വളർച്ച മുരടിക്കുകയോ തകരുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് അന്ധവിശ്വാസങ്ങൾ വളരുന്നത് എന്ന് ചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് കാണാം. ബാബിലോണിയൻ സംസ്കാരം വളർന്നുകൊണ്ടിരുന്ന ആദ്യഘട്ടങ്ങളിൽ അവർ വളർത്തിയെടുത്തത് പ്രധാനമായും ജ്യോതിശാസ്ത്രത്തെയാണ്, ജ്യോത്സ്യത്തെയല്ല. നിരീക്ഷണങ്ങളുടെ പരിമിതി കാരണം അതിൽ അബദ്ധങ്ങളും അന്ധവിശ്വാസങ്ങളും ധാരാളം ഉണ്ടായിരുന്നുവെന്നത് ശരിതന്നെ. പക്ഷേ, ആദ്യകാല ജ്യോതിഷത്തിന്റെ ഉദ്ദേശ്യം ഭൗതിക ജീവിതം കൂടുതൽ സുഗമമാക്കുകയും ഉൽപാദനം വർധിപ്പിക്കാനാവശ്യമായ വിജ്ഞാനം നൽകുകയുമായിരുന്നു. എന്നാൽ പിൽക്കാലത്ത്, വിദേശാക്രമങ്ങളുടെയും പ്രകൃതിയിൽ വന്ന മാറ്റങ്ങളുടെയും സമൂഹത്തിൽ യാഥാസ്ഥിതികത്വം പിടിമുറുക്കിയതിന്റെയും ഒക്കെ ഫലമായിട്ടാകാം, മുരടിപ്പ് വന്ന് ഭവിക്കുകയും ജനതയ്ക്ക് ആത്മവിശ്വാസം നഷ്ടമാവുകയും ചെയ്യുന്നതും നാം കാണുന്നു. സ്വന്തം യുക്തിബോധത്തേയും ശേഷിയേയും ആശ്രയിക്കുന്നതിനു പകരം ഭൗമാതീത ശക്തികളിൽ ആശ്രയമർപ്പിക്കാനും ഗ്രഹദൈവങ്ങളിൽ ഭാവിയെ ദർശിക്കാനും അവർ തയ്യാറായി. യുക്തിക്കു പകരം മുക്തി സ്ഥാനം പിടിച്ചു. അന്ത്യനാളിനെയും രക്ഷകനെയും കുറിച്ചുള്ള ചിന്തകളും ഈ ഘട്ടത്തിലാണ് വേരൂന്നിയത്. ബാബിലോണിയൻ സംസ്കാരത്തിന്റെ പിന്തുടർച്ചക്കാരായ കാൽദിയന്മാർ ജ്യോതിഷത്തെ ഒരു നിരീക്ഷണശാസ്ത്രം എന്നതിൽ നിന്ന് വെറും ഫലഭാഗമായി തരംതാഴ്ത്തുന്നതിൽ മുഖ്യപങ്കുവഹിച്ചു.

ഗ്രീസിലും ഇന്ത്യയിലും ഈജിപ്തിലുമെല്ലാം സംസ്കാരങ്ങളുടെ ഗതി അന്വേഷണാത്മകതയിൽ നിന്ന് യാഥാസ്ഥിതികത്വത്തിലേക്ക് തിരിയുന്ന ഘട്ടത്തിൽ തന്നെയാണ് ഫലഭാഗജ്യോതിഷം അഥവാ ജ്യോത്സ്യം പ്രാമുഖ്യം നേടിയത് എന്നു കാണാൻ പ്രയാസമില്ല. [ 93 ]

ക്രി.മു ഏഴാം നൂറ്റാണ്ടോടെയാണ് വ്യാപാരികളും സഞ്ചാരികളും വഴി കാൽദിയൻ ജ്യോതിഷം ഗ്രീസിൽ പ്രചാരം നേടുന്നത്. എങ്കിലും അലക്സാണ്ടറുടെ പടയോട്ടവും തുടർന്നു നടന്ന വർധിച്ച സാംസ്കാരിക വിനിമയവുമാണ് ജ്യോതിഷത്തെ ഗ്രീസിലും മറ്റിടങ്ങളിലും ഇത്ര വ്യാപകമാക്കിയത്. ബാബിലോണിയരുടെ ഗ്രഹദൈവങ്ങളുടെ സ്ഥാനത്ത് അവർ സമാനസ്വഭാവമുള്ള സ്വന്തം ഗ്രഹദൈവങ്ങളെ (അവരുടെ പുരാണ കഥകളിൽ നിന്നെടുത്ത്) പ്രതിഷ്ഠിച്ചു. ബുധൻ ഹെർമസ്സും (സിയൂസ് ദേവന്റെ മകൻ) ശുക്രൻ അഫ്രോഡൈറ്റും ചൊവ്വ ആരസും (ചിലപ്പോൾ ഹെർകുലീസ് - രണ്ടും യുദ്ധ വീരന്മാർ) വ്യാഴം ജൂപ്പിറ്ററും (സിയൂസ് ദേവൻ) ശനി ക്രോണോസും (കാലത്തിന്റെ ദേവൻ) ആയി രൂപാന്തരപ്പെട്ടു.


3.3 ജ്യോത്സ്യം പിടിമുറുക്കുന്നു

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഗ്രഹനില കുറിക്കുക എന്ന രീതി എന്നു മുതലാണ് ഭാരതത്തിൽ നിലവിൽ വന്നത് എന്നു കൃത്യമായി പറയാനാവില്ല. രാമായണം പോലുള്ള പുരാണങ്ങളിൽ അതിന്റെ സൂചനയുണ്ട്. അതിൽ ജന്മനക്ഷത്രങ്ങൾക്കു നല്ല പ്രാധാന്യം നൽകപ്പെട്ടിരുന്നു. പക്ഷേ, അത് ഫലഭാഗത്തിനു വേണ്ടി ആയിരുന്നില്ല. പ്രായഗണനയ്ക്കു വേണ്ടിയായിരുന്നു. ഏതു ചാന്ദ്രമാസത്തിലെ ഏതു നാളിലാണ് ജനനം എന്നറിഞ്ഞാൽ പിറന്നാളുകൾ വരുന്നതറിയാം. വിവാഹത്തിനു പൊരുത്തം നോക്കാനോ അതുപോലുള്ള ആവശ്യങ്ങൾക്കോ അന്ന് ജാതകം ഉപയോഗിച്ചിരുന്നില്ലെന്ന് എളുപ്പം ബോധ്യമാകും. രാമൻ സീതയെ വിവാഹം കഴിച്ചതോ ശ്രീകൃഷ്ണൻ രുഗ്മിണിയെ വേട്ടതോ ജാതകം നോക്കിയല്ലല്ലോ. അർജുനൻ പാഞ്ചാലിയെ വരിച്ചതും ദുഷ്യന്തൻ ശകുന്തളയെ വരിച്ചതും പൊരുത്തം നോക്കിയല്ല. പ്രാചീന ഭാരതത്തിൽ ആ ഏർപ്പാടുണ്ടായിരുന്നില്ല എന്നു വ്യക്തം. രാജാക്കന്മാരുടെയും ഉന്നതന്മാരുടെയും ഇടയിൽ സ്വയംവരങ്ങൾ വ്യാപകമായിരുന്നു എന്ന് അക്കാലത്തെ സാഹിത്യങ്ങൾ പരിശോധിച്ചാൽ കാണാം. സ്വയംവരവും ജാതകവും ഒന്നിച്ചുപോവില്ലല്ലോ. ജാതിയിൽ താഴ്ന്നവർക്കാകട്ടെ ജാതകം ഉണ്ടായിരുന്നുമില്ല.

ഇന്ത്യയിൽ ജ്യോത്സ്യം വ്യാപകമാകുന്നതിനു മുമ്പു തന്നെ യൂറോപ്പിനെയും മധ്യധരണ്യാഴിക്കു ചുറ്റുമുള്ള പ്രദേശങ്ങളെയും (പേർഷ്യ, സിറിയ, ഈജിപ്ത്, പാലസ്തീൻ...) അതു കീഴടക്കി ക്കഴിഞ്ഞിരുന്നു. ക്രി.മു.നാലാം നൂറ്റാണ്ടോടെ അതു ഗ്രീസിനെ ഗ്രസിച്ചു. പിന്നെ റോമിനെയും. റോമാ സാമ്രാജ്യത്തെയും ഇന്ത്യയെയും എല്ലാം അത് അടിപ്പെടുത്തി. ലോകത്തിലെ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും അത് സ്വാധീനം ചെലുത്തി. ജ്യോത്സ്യത്തെ ഇന്നത്തെ രീതിയിൽ വികസിപ്പിച്ചെടുത്തതിൽ ഏറ്റവും വലിയ പങ്ക് വഹിച്ച രാജ്യങ്ങൾ കാൽദിയയും ഗ്രീസും (പിൽക്കാലത്ത്) ഇന്ത്യയുമാണ്.

ഗ്രഹങ്ങൾക്ക് ദൈവികത്വം കൽപിച്ച ശേഷം കാൽദിയർ ചെയ്തത് രാശികളെ ഭാവങ്ങളാക്കി തിരിക്കുകയായിരുന്നു. ലഗ്നരാശിയെ (കുഞ്ഞു ജനിക്കുമ്പോൾ കിഴക്കുദിച്ചുകൊണ്ടിരുന്ന രാശി) അവർ ഒന്നാം ഭാവം (First House) എന്നു വിളിച്ചു. തുടർന്നുള്ള രാശികളെ 2,3,4,.... ഇങ്ങനെ 12 ഭാവങ്ങളാക്കി. ഇനി ആ കുഞ്ഞിന്റെ ഭാവിഭാഗധേയങ്ങളെല്ലാം ഈ ഭാവങ്ങളിലെ ഗ്രഹനില അനുസരിച്ചായിരിക്കുമെന്നവർ പ്രഖ്യാപിച്ചു. ചുരുക്കത്തിൽ മേടം, ഇടവം... എന്നിങ്ങനെ രാശികൾ എണ്ണുന്നതിനു പകരം, ഇനി ഓരോ ജാതകനും, അയാളുടെ ലഗ്നരാശി മുതൽ ഭാവ [ 94 ] ങ്ങൾ വേണം എണ്ണാൻ. ഓരോ രാശിഭാവവും ജീവിതത്തിലെ തന്നെ ഓരോരോ ഭാവങ്ങൾക്ക് ആധാരമാണത്രേ. വിവാഹകാര്യങ്ങൾക്ക് ഏഴാം ഭാവം (കളത്രഭാവം), ആയുസ്സിന് എട്ടാം ഭാവം, ധനപരമായ കാര്യങ്ങൾക്ക് രണ്ടും പന്ത്രണ്ടും ഭാവങ്ങൾ... എന്നിങ്ങനെ. ജനനസമയത്ത് ഓരോ ഭാവത്തിലും നിൽക്കുന്ന ഗ്രഹങ്ങൾ നവജാതശിശുവിൽ പ്രഭാവം ചെലുത്തുന്നു. അവയുടെ രശ്മികൾ വെറും പ്രകാശമല്ല, പ്രത്യേക പ്രഭാവങ്ങളാണ് (ഗ്രഹങ്ങൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം അന്നത്തെ ജ്യോത്സ്യർ എങ്ങനെ അറിയാൻ!). ജ്യോതിശാസ്ത്രത്തിൽ കാര്യകാരണബോധം, സിദ്ധാന്തവും നിരീക്ഷണവും തമ്മിലുള്ള അന്യോന്യ ബന്ധം, ഇതൊന്നും ക്രമേണ ആവശ്യമില്ലെന്നായി.

പെരിക്ലിസും ഗ്രഹണവും

ഏതൻസ് ഭരിച്ച ഏറ്റവും പ്രശസ്തനായ രാഷ്ട്രതന്ത്രജ്ഞനും സൈന്യാധിപനും ആയിരുന്നു പെരിക്ലിസ് (മരണം ക്രിസ്തുവിനു മുമ്പ് 429). ഗ്രീസിൽ ശാസ്ത്രവും കലകളുമെല്ലാം ഏറെ വികസിച്ചുവന്ന കാലം. ഒരിക്കൽ നാവികയുദ്ധം നടക്കവേ പെട്ടെന്ന് സൂര്യഗ്രഹണം സംഭവിച്ചപ്പോൾ നാവികർ സംഭീതരായി; യുദ്ധം ഉപേക്ഷിക്കുമെന്ന നിലവന്നു. പെരിക്ലിസ് തന്റെ കോട്ട് ഊരി വിളക്കിനു മുന്നിൽ പിടിച്ചിട്ട് കപ്പിത്താനോട് ചോദിച്ചുവത്രേ: “ഇപ്പോൾ വിളക്കു കാണാൻ കഴിയുന്നുണ്ടോ?” ഗ്രഹണവും ഇതുപോലെ സൂര്യനെ ചന്ദ്രൻ മറയ്ക്കുന്നതാണെന്നും ഭയപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിക്കൊടുത്തു.

വിവിധ ജ്യോതിഷ ചിന്താപദ്ധതികൾ ബാബിലോണിയയിലും തുടർന്ന് ഈജിപ്തിലും ഇന്ത്യയിലുമെല്ലാം വളർന്നു വികസിച്ചു. ചിലർ സൂര്യനും സൗരരാശികൾക്കും പ്രാമുഖ്യം കൽപിച്ചപ്പോൾ മറ്റു ചിലർ ചന്ദ്രനും ചന്ദ്രരാശികൾക്കും പ്രാമുഖ്യം കൽപിച്ചു. ഇവർ തമ്മിൽ തർക്ക വിതർക്കങ്ങൾ നടന്നു. ജ്യോതിഷികളുടെ സംഗമങ്ങളും വിവാദങ്ങളും പതിവായി. അഭിപ്രായവ്യത്യാസങ്ങളിൽ പ്രധാനമായ ഒന്ന് ഇതായിരുന്നു. ഏതു സമയത്തെ ഗ്രഹനിലയാണ് കുഞ്ഞിന്റെ ഭാവി തീരുമാനിക്കുന്നത് ? കുഞ്ഞു പിറക്കുന്ന സമയത്തെ ഗ്രഹനിലയോ, അതോ ഗർഭധാരണസമയത്തെ ഗ്രഹനിലയോ ? ഈ തർക്കം നൂറ്റാണ്ടുകൾ നീണ്ടുനിന്നു. കൊട്ടാരത്തിലെ മുഖ്യ ജ്യോത്സ്യൻ, രാജാവ് എപ്പോൾ യുദ്ധത്തിനും നായാട്ടിനും പുറപ്പെടണമെന്ന് ഉപദേശിക്കും പോലെ തന്നെ ശ്രേഷ്ഠനായ പുത്രൻ പിറക്കാൻ എപ്പോൾ രാജ്ഞിയുമായി സംഭോഗം നടത്തണമെന്നും ഉപദേശിക്കാൻ ചുമതലപ്പെട്ടവനായി. എന്തായാലും, തർക്കങ്ങളുടെ ഒടുവിൽ, ഭൂരിപക്ഷാഭിപ്രായം ജനനസമയത്തെ ഗ്രഹനില നോക്കിയാൽ മതിയെന്നായിരുന്നു (ഗർഭധാരണ സമയം മിക്കപ്പോഴും നിശ്ചയമുണ്ടാവില്ലല്ലോ).

ബാബിലോണിയരുടെ തത്വചിന്തയിൽ ഫലഭാഗത്തിന്റെയും മിസ്റ്റിസിസത്തിന്റെയും അംശം ആദ്യം മുതലേ ഉണ്ടായിരുന്നു എന്നതാണ് സത്യം. എന്നാൽ ഗ്രീക്കു സംസ്കാരം അങ്ങനെയായിരുന്നില്ല. അത് ഭൂമിയിൽ കാലുറച്ചു വളർന്നതാണ്. അവരുടെ ദൈവങ്ങൾ പോലും 'ഇമ്മിണി വലിയ' മനുഷ്യർ മാത്രമായിരുന്നു. തമ്മിൽ പോരടിക്കുകയും മനുഷ്യരുടെ വഴക്കുകളിൽ ഭാഗം ചേരുകയും സ്ത്രീകളെ (ദേവപുത്രിമാരെയും മനുഷ്യപുത്രിമാരെയും) തട്ടിക്കൊണ്ടുപോവുകയും ഗ്രീസിന്റെതന്നെ വടക്കുള്ള ഒളിംപസ് കുന്നുകളിൽ താമസിച്ച്, ഇടയ്ക്കുമാത്രം വാനയാത്ര നടത്തുകയും ചെയ്യുന്ന രസികൻ ദൈവങ്ങൾ. [ 95 ]
ഗലീലിയൻ ഉപഗ്രഹങ്ങൾ: ഇയോ, ഒയ്‌റോപ്പ, ഗാനിമിഡേ, കാലിസ്റ്റോ.
ബെറോസസിന്റെ സ്വാധീനം

ബാബിലോണിയൻ ജ്യോതിഷം ഗ്രീസിൽ പറിച്ചുനടുന്നതിൽ വലിയപങ്കുവഹിച്ച ഒരാൾ ബെറോസസ് എന്ന പണ്ഡിതനാണെന്നു പറയപ്പെടുന്നു. അയാൾ ബാബിലോൺ നഗരത്തിലെ ബെൽ -മാർദുക്ക് ദേവാലയത്തിലെ ഒരു പുരോഹിതനായിരുന്നു.

അലക്സാണ്ടർ ബാബിലോൺ കീഴടക്കിയപ്പോൾ അയാൾ ആദ്യം ഈജിപ്തിലേക്കും പിന്നീട് ഈജിയനിലെ കോസ് ദ്വീപിലേക്കും കടന്നു. കോസിൽവെച്ച് അയാൾ കാൽദിയരുടെ ചരിത്രരചന നടത്തിയെങ്കിലും ഇന്ന് ആ ഗ്രന്ഥം ലഭ്യമല്ല. എന്നാൽ ജൊസിഫസ് തുടങ്ങിയ ആദ്യകാല ചരിത്രകാരന്മാരുടെ കൃതികളിലൂടെ അതിന്റെ കുറെ അംശങ്ങൾ നഷ്ടപ്പെടാതെ കിട്ടിയിട്ടുണ്ട്.

ബെറോസസ് പിന്നീട് ഏതൻസിലെത്തി. അവിടെ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും പഠിപ്പിക്കുന്ന ഒരു സ്കൂൾ സ്ഥാപിച്ചു. ഫലഭാഗം കൂടാതെ ജ്യോതിഷത്തിൽ വിചിത്രമായ പല 'സിദ്ധാന്ത'ങ്ങളും അയാളുടെ പഠനപദ്ധതിയിൽ പെടും. ചന്ദ്രൻ ഒരു ഗോളമാണെന്നും അതിന്റെ ഒരു പകുതി സ്വയം പ്രകാശമുള്ളതാണെന്നും ഒക്കെയാണ് അദ്ദേഹം പഠിപ്പിച്ചത്. എന്തായാലും ഏതൻസിൽ ബെറോസസിന്റെ സ്കൂൾ അതിവേഗം പ്രശസ്തമായി. പിന്നീട്, പേർഷ്യൻ സാമ്രാജ്യത്തിന്റെ തകർച്ചയെത്തുടർന്ന് ഗ്രീസിലേക്ക് കാൽദിയരുടെ വൻകുടിയേറ്റം തന്നെയുണ്ടായി. അലക്സാണ്ടർക്ക് മുമ്പുതന്നെ കച്ചവടബന്ധങ്ങളിലൂടെ വികസിച്ചു കഴിഞ്ഞിരുന്ന ഈജിപ്ഷ്യൻ - ബാബിലോണിയൻ സ്വാധീനം ഇതോടെ ഗ്രീസിൽ വളരെയധികം വർധിച്ചു.

ശാസ്ത്രവും യുക്തിചിന്തയും ഇത്രയധികം വികാസം പ്രാപിച്ച ഒരു ദേശം ഗ്രീസുപോലെ ഭൂമിയിലന്നു വേറെ ഉണ്ടായിരുന്നില്ല. സൂര്യചന്ദ്രന്മാരെ 'അപരിഷ്കൃതരുടെ ദൈവങ്ങൾ' എന്നപഹസിച്ച അരിസ്റ്റോഫിനിസിന്റെയും, കോപ്പർനിക്കസ്സിനും ആയിരത്താണ്ടുകൾക്കു മുമ്പ് ഒരു സൗരകേന്ദ്ര സിദ്ധാന്തത്തിനു രൂപം നൽകിയ അരിസ്റ്റാർക്കസിന്റെയും നാടാണ് ഗ്രീസ്. കടലിൽ വെച്ച് യുദ്ധം നടക്കവേ ഗ്രഹണം സംഭവിച്ചപ്പോൾ പേടിച്ച് യുദ്ധം വെടിയാൻ തയ്യാറായ സൈനികരെ ഗ്രഹണത്തിന്റെ ശാസ്ത്രം പറഞ്ഞു മനസ്സിലാക്കി അതിൽനിന്നു പിന്തിരിപ്പിച്ച പെരിക്ലിസിന്റെ നാടാണത്.

എന്നിട്ടും, ഒടുവിൽ ഫലഭാഗജ്യോതിഷവും വാനദൈവങ്ങളും ഗ്രീക്കുകാരെ കീഴ്പ്പെടുത്തിക്കളഞ്ഞു. എന്നു മാത്രമല്ല, ജ്യോത്സ്യത്തെ ഇത്രയേറെ സങ്കീർണമാക്കിയതിൽ അവർ വലിയ പങ്ക് വഹിക്കുകയും ചെയ്തു.

ഗ്രീസിന്റെ ഈ ദുര്യോഗത്തിൽ പെരിക്ലിസിനും ഒരുതരത്തിൽ പങ്കുണ്ട്. ഏതൻസിൽ ജനപ്രീതി നേടാൻ പെരിക്ലിസ് ഉയർത്തിയ യുദ്ധമുറവിളിയാണ് സ്പാർട്ടയുമായി വൈരം മൂർച്ചിക്കാനും പെലോപ്പെനീഷ്യൻ യുദ്ധങ്ങൾക്ക് തുടക്കം കുറിക്കാനും ഇടയാക്കിയത്. ക്രി.മു.459ൽ തുടങ്ങിയ യുദ്ധം, മൂന്നു ഘട്ടങ്ങൾ പിന്നിട്ട്, 405-ൽ അവസാനിക്കുമ്പോഴേക്കും ഗ്രീക്കുസംസ്കാരവും ജീവിതരീതികളും താറുമാറായിക്കഴിഞ്ഞിരുന്നു. യുദ്ധത്തിൽ വിജയിച്ച സ്പാർട്ടയ്ക്കും ഏറെക്കാലം പിടിച്ചു നിൽക്കാനായില്ല. പിന്നീട്, അലക്സാണ്ടറുടെ നേത്യത്വത്തിൽ [ 96 ] മാസിഡോണിയ ഉയിർത്തെഴുന്നേൽക്കും വരെ ഈ തകർച്ച നീണ്ടു നിന്നു. ജനങ്ങൾ വിധിയെയും ആകാശദൈവങ്ങളെയും പുൽകിയത് മിക്കവാറും ഈ ഘട്ടത്തിലാണ്. ജാതകവും ഗ്രഹനിലയും ഗ്രീക്കു ജനതയെ ഇതിനകം എത്രമാത്രം സ്വാധീനിച്ചു കഴിഞ്ഞിരുന്നു എന്നതിനു തെളിവാണ് അലക്സാണ്ടറുടെ ജനനകഥ തന്നെ. ജനനം (ക്രി.മു.356) ശുഭമായ ഗ്രഹനിലയിലായിരിക്കാൻ ഫിലിപ്പ് രാജാവിന്റെ കൊട്ടാര ജ്യോതിഷിയും ഭിഷഗ്വരനുമായിരുന്ന നെക്തനബോസ് ഔഷധവിദ്യകൊണ്ട് രാജ്ഞിയുടെ പ്രസവം ഏതാനും മണിക്കൂർ താമസിപ്പിച്ചു എന്നാണ് കഥ. കഥ നേരായാലും നുണയായാലും ഫലഭാഗജ്യോതിഷത്തിന്റെ സ്വാധീനം അന്ന് എത്രമാത്രം ഉണ്ടായിരുന്നു എന്ന് അത് സൂചിപ്പിക്കുന്നു.

ജുപിറ്റർ (വ്യാഴം) ക്രോണോസിന്റെ (ശനി) പുത്രനാണ്. ക്രോണോസ് തന്റെ പിതാവായ യുറാനോസിനോട് ഒരു കൊടും ക്രൂരത കാട്ടി. അദ്ദേഹത്തിന്റെ വൃഷണങ്ങൾ ഒരു അരിവാൾ കൊണ്ട് അരിഞ്ഞു വീഴ്ത്തി. കടലിൽ വീണ വൃഷണങ്ങൾക്കു ചുറ്റുമുള്ള തിരമാലയിൽ നിന്നു സുന്ദരിയായ അഫ്രോഡൈറ്റ് ജന്മമെടുത്തു. സിയൂസ് ദേവൻ ക്രോണോസിനെ തരംതാഴ്ത്തി, ദൈവികശക്തി എടുത്തുമാറ്റി. കയ്യിൽ അരിവാളേന്തിയ, ദുഃഖിതനായ ഒരു കിഴവനായാണ് യൂറോപ്യൻ ജ്യോതിഷത്തിൽ ശനിയെ ചിത്രീകരിക്കാറ്.

ഇപ്പോഴും ഗ്രഹങ്ങൾക്ക് (ഉപഗ്രഹങ്ങൾക്കും) ഗ്രീക്കു ദേവന്മാരുടെ പേരു നൽകുന്ന പതിവ് ശാസ്ത്രജ്ഞർ തുടരുന്നു. 1610-ൽ ഗലീലിയോ വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ കണ്ടെത്തിയപ്പോൾ അവയ്ക്കു നൽകിയ പേരുകൾ : ഇയോ, ഒയ്റോപ്പ, ഗാനിമിഡേ, കാലിസ്റ്റോ എന്നായിരുന്നു. 1655-ൽ ക്രിസ്റ്റ്യൻ ഹീഗൻസ് ടൈറ്റാൻ (ശനിയുടെ ഉപഗ്രഹം) കണ്ടെത്തി പേരുനൽകി. 1781-ൽ വില്യം ഹെർഷൽ കണ്ടെത്തിയ ഗ്രഹത്തെ പിന്നീട് യുറാനസ് എന്നു വിളിച്ചു. പിന്നീട് നെപ്റ്റ്യുണും (1845) പ്ലുട്ടോയും (1930) അനേകം ഉപഗ്രഹങ്ങളും കണ്ടെത്തിയപ്പോഴും അവയ്ക്കെല്ലാം പേരിടാൻ വേണ്ടത്ര ദൈവങ്ങൾ ഗ്രീക്കു പുരാണത്തിൽ നിന്നു കണ്ടെത്താൻ കഴിഞ്ഞു.

കാൽദിയൻ ചിന്തകൾക്ക് ഗ്രീസിൽ പ്രചാരം നൽകുന്നതിൽ പങ്കുവഹിച്ച മറ്റൊരാൾ പ്ലാറ്റോ (ക്രി.മു. 427-347) ആണ്. പ്ലാറ്റോയ്ക്ക് സുഹൃത്തായി ഒരു കാൽദിയൻ പണ്ഡിതനും ശിഷ്യനായി മറ്റൊരു കാൽദിയനും ഉണ്ടായിരുന്നു. അവരുടെ സ്വാധീനം കൊണ്ടാകാമെന്നു കരുതുന്നു,നക്ഷത്രങ്ങൾക്ക് ദൈവീകത്വമുണ്ടെന്ന് പ്ലാറ്റോ വിശ്വസിച്ചു. ഭൂമിയിലെ എല്ലാ വസ്തുക്കളും നാലു മൂലകങ്ങൾ (പൃഥ്വി, ജലം, വായു, അഗ്നി) ചേർന്നുണ്ടാകുമ്പോൾ നക്ഷത്രങ്ങളുടെ സൃഷ്ടിയിൽ അഞ്ചാമതൊന്നുകൂടി - ആത്മാവ് (Soul) കൂടി - അടങ്ങിയിട്ടുണ്ടെന്നദ്ദേഹം സിദ്ധാന്തിച്ചു. (ഭാരതീയരുടെ പഞ്ചഭൂത സിദ്ധാന്തത്തിലെ 'ആകാശം' എന്ന മൂലകം ഗ്രീക്കുകാർക്ക് ഉണ്ടായിരുന്നില്ല.) എല്ലാ കാര്യങ്ങളിലും യുക്തിചിന്ത പ്രയോഗിച്ച പ്ലാറ്റോക്ക്, അത്ഭുതകരമെന്നു പറയട്ടെ, നക്ഷത്രങ്ങളെ ജീവനുള്ളവയായി പരിഗണിക്കുന്നതിൽ ഒരു അയുക്തിയും തോന്നിയില്ല. പിന്നീട്,ഗ്രീക്കുസംസ്കാരത്തിന്റെ തകർച്ചയുടെ ഘട്ടത്തിൽ പ്രാബല്യം നേടിയ സ്റ്റോയിക് തത്വചിന്തകരാകട്ടെ നക്ഷത്രങ്ങൾക്ക് വികാര വിചാരങ്ങളും അഭിലാഷങ്ങളും ഒക്കെ ഉള്ളതായിപ്പോലും ചിത്രീകരിച്ചു. പ്ലാറ്റോയുടെയും സ്റ്റോയിക്കുകളുടെയും ചിന്തകൾ ഗ്രീക്കുജനതയെ ആഴത്തിൽ സ്വാധീനിച്ചു.

അപ്പോഴേക്കും സിയൂസിനു ഗ്രീക്കുജനതയിലുണ്ടായിരുന്ന സ്വാധീനം പതുക്കെ ടൈക്ക് (Tyche - goddess of Chance - ഭാഗ്യദേവത), അനൻകെ (Ananke - goddess of Fate - വിധിയുടെ ദേവത) എന്നിവർ കൈവശപ്പെടുത്തി. ഭാവി രൂപപ്പെടുത്താൻ തങ്ങൾക്കുതന്നെ കഴിയും എന്ന ആത്മവിശ്വാസത്തിന്റെ സ്ഥാനത്ത് എല്ലാം അനിശ്ചിതമാണെന്നും 'നക്ഷത്രവിദ്യ' മാത്രമാണ് ഭാവി അറിയാനുള്ള ഏകമാർഗമെന്നും ഉള്ള വിശ്വാസത്തിലേക്ക് ഗ്രീക്കു ജനത എത്തിച്ചേർന്നു. പഴയ ദൈവങ്ങൾ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും രൂപത്തിൽ പുനർജനിച്ചു. ഇടിയും മിന്നൽ പിണരുകളുമായി മനുഷ്യരുടെ പോരാട്ടങ്ങളിൽ [ 97 ] പങ്കെടുത്തിരുന്ന ജൂപ്പിറ്റർ ദേവൻ,ശാന്തനായി, വ്യാഴത്തിന്റെ രൂപത്തിൽ രാശികളിലൂടെ സഞ്ചരിക്കുകയും തന്റെ രാശിസ്ഥാനമനുസരിച്ചുമാത്രം മനുഷ്യരെ സ്വാധീനിക്കുകയും ചെയ്തു തുടങ്ങി. മറ്റു ദൈവങ്ങളും അപ്രകാരംതന്നെ. ക്രി.പി രണ്ടാം നൂറ്റാണ്ടായപ്പോഴേക്കും ഈ പതനം പൂർത്തിയായിക്കഴിഞ്ഞിരുന്നു.

ഗ്രീസിലെ നഗര രാഷ്ട്രങ്ങളിൽ ഒന്നായിരുന്നു ഇയോണിയാ; മിലിറ്റസ് തലസ്ഥാനമായി 12 നഗരങ്ങൾ ഉൾപ്പെട്ട ഏതാനും ദ്വീപുകൾ. ക്രി. മു. 7-6 നൂറ്റാണ്ടുകളിൽ ഇവിടെ ദൈവങ്ങളെയും മതങ്ങളെയും ജ്യോതിഷത്തെയും മാറ്റിനിർത്തി, പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ഒരു വിഭാഗം ചിന്തകർ ഉയർന്നുവന്നു. 'ഫിലോസഫർ' എന്നാണവർ അറിയപ്പെട്ടത്. എഞ്ചിനീയറും രാഷ്ട്രതന്ത്രജ്ഞനും ആയിരുന്ന തെയ്ൽസ് ആയിരുന്നു അവരിൽ മുമ്പൻ. അനാക്സിമെനസ്, ഹെറാക്ലിറ്റസ്, ഡെമോക്രറ്റസ്, ല്യൂസിപ്പസ്, പൈത്തഗോറസ് എന്നു തുടങ്ങി, ഗ്രീക്കു ശാസ്ത്രത്തിനും തത്വചിന്തയ്ക്കും ഗണ്യമായ സംഭാവന നൽകിയ ഒട്ടേറെ പ്രമുഖർ 'ഇയോണിയൻ സ്കൂളി'ന്റെ സൃഷ്ടിയാണ്. സൂര്യപ്രകാശം കൊണ്ടാണ് ചന്ദ്രൻ ശോഭിക്കുന്നതെന്ന് കൃത്യമായി പറഞ്ഞ ആദ്യ ചിന്തകൻ അനാക്സഗോറസ് (ജനനം ക്രി.മു. 499) ആണ്. ഗ്രഹണം വിശദീകരിക്കുക പിന്നീട് എളുപ്പമുള്ള കാര്യമായി. ഗ്രീസ് ഒരു ഭാഗത്ത് ജ്യോതിഷത്തിനു കീഴടങ്ങിക്കൊണ്ടിരുന്നപ്പോൾ തന്നെയാണ് ശാസ്ത്രത്തിന്റെ പുതുനാമ്പുകൾ ഇയോണിയയിൽ മുളപൊട്ടിയത് എന്ന കാര്യം വിസ്മരിച്ചുകൂടാ.

ഗ്രീസിനെ ജ്യോതിഷം കീഴ്പ്പെടുത്തിയത് നൂറ്റാണ്ടുകൾ കൊണ്ടാണെങ്കിൽ റോമിനെ സ്വാധീനിക്കാൻ പതിറ്റാണ്ടുകൾ മതിയായി. ടൈബിരിയസ് ചക്രവർത്തി (ക്രി.മു. 42 – ക്രി.പി 37) തന്നെ ജ്യോതിഷം പഠിച്ച് ഒരു ജ്യോതിഷിയായി. റോമിൽ ജ്യോതിഷം നല്ലൊരു കച്ചവടച്ചരക്കായിരുന്നു. കാൽദിയന്മാർ അവിടെ തമ്പടിച്ചുകൂടി ജ്യോതിഷം വിറ്റു കാശാക്കി. അക്കാലത്തെ റോമൻ കവികളിലൊരാളായിരുന്ന ജൂവനൽ അന്നത്തെ പ്രഭുകുടുംബങ്ങളിലെ സ്ഥിതി ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്നതിങ്ങനെയാണ് : “നിങ്ങളുടെ പ്രിയതമ ജ്യോത്സ്യരോടു ചോദിക്കുന്നു : കരൾ രോഗം പിടിപെട്ട എന്റെ ഭർതൃമാതാവ് എന്താണിനിയും കാലപുരി പൂകാത്തത് ? നിങ്ങൾ അംഗരാജ്യങ്ങളിലേക്കു പോകുമ്പോൾ ഭാര്യ കൂടെ വരുന്നില്ല, കാരണം ട്രസില്ലസ്സിന്റെ 'ഭാഗ്യ സർവസ്വം' (The fortune book) അനുസരിച്ച് സമയം മോശമാണ്. കൺപോളകൾ തുടിക്കുമ്പോൾ അവൾ തന്റെ ഗ്രഹനില പരിശോധിപ്പിച്ച് അതിനുള്ള മറുമരുന്ന് കണ്ടെത്തുന്നു; അതെപ്പോൾ കഴിക്കണമെന്ന് പെടോസിറിസ് പറഞ്ഞുതരും. അവൾക്ക് അടുത്ത മയിൽക്കുറ്റിയോളം പോകാൻ പോലും പറ്റിയ മുഹൂർത്തം പഞ്ചാംഗം പരതി സഖി പറഞ്ഞു കൊടുക്കണം.” ഇങ്ങനെ ആത്മീയചൈതന്യം നഷ്ടപ്പെട്ട റോമൻ സംസ്കാരത്തിനു മേലാണ് പിൽക്കാലത്ത് ക്രിസ്തുമതം അവരോധിക്കപ്പെട്ടത്. സ്വാഭാവികമായും, ഇത്തരം ജീർണ വിശ്വാസങ്ങളുടെ അംശങ്ങൾ ക്രിസ്തുമതാചാരങ്ങളിലും വന്നു ഭവിച്ചു.