തുഞ്ചത്തെഴുത്തച്ഛൻ
രചന:വിദ്വാൻ കുറുവാൻ തൊടിയിൽ ശങ്കരൻ എഴുത്തച്ഛൻ
തർജ്ജമ
തുഞ്ചത്തെഴുത്തച്ഛൻ
  1. ജീവചരിത്രസംഗ്രഹം
  2. എഴുത്തച്ഛനും മലയാളഭാഷയും
  3. കിളിപ്പാട്ടു്
  4. തർജ്ജമ
  5. എഴുത്തച്ഛന്റെ ഗ്രന്ഥങ്ങൾ
  6. എഴുത്തച്ഛന്റെ സാഹിത്യം

[ 76 ]

നാലാം അദ്ധ്യായം

തർജ്ജമ തിരുത്തുക


എഴുത്തച്ഛന്റെ കൃതികൾ മിക്കവാറും തർജ്ജമകളാകയാൽ അദ്ദേഹത്തിന്റെ തർജ്ജമരീതിയെ പരിശോധിക്കേണ്ടത് ഈ അദ്ധ്യായത്തിലെ കൃത്യമായി വന്നിരിക്കുന്നു. എല്ലാ ഭാഷകൾക്കും അവയുടെ പരിഷ്കാരത്തിന് അന്യഭാഷക്അളിൽ നിന്ന് ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തെടുക്കുന്നത് സർവ്വഥാ ആവശ്യമാകുന്നു. ബാല്യദശയിലിരിക്കുന്ന ഭാഷകൾക്ക് ഇതു പ്രതേകിച്ചും ഒഴിച്ചുകൂടാത്തതുമാണ്; എന്നാൽ വിവേകപൂർവ്വം വിവർത്തനം ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങൾ മാത്രമേ ഭാഷാപോഷണത്തിന്നുതകുന്നുള്ളു. സ്വതന്ത്രമായെഴുതുവാൻ കൊല്പില്ലാത്തവരിൽ പലരും പുസ്തകങ്ങൾ തർജ്ജമ ചെയ്തു കവിയശസ്സു കൈക്കലാക്കുവാൻ ശ്രമിക്കുന്നുണ്ട്. ഇതു നല്ലതു തന്നെ; പക്ഷെ ഗ്രന്ഥനിർമ്മിതിയേക്കാൾ സുഗമമാണിതെന്നു കരുതുന്നതാണ് മഹാ അബദ്ധമായിട്ടുള്ളത്. കവിഹൃദയം മനസ്സിലാക്കുവാനും അതിനെ ശരിക്ക് അന്യഭാഷയിൽ കൊണ്ടുവരുവാനും തക്ക പാണ്ഡിത്യം നേടുകയും, ഓരോ ഭാഷക്കും സമുദായത്തി [ 77 ] ന്നും പ്രത്യേകമായുള്ള അലങ്കാരശൈലികളും ആചാരസമ്പ്രദായങ്ങളും മനസ്സിലാക്കി വിവർത്തനംചെയ്യപ്പെടുന്ന ഭാഷയിലും യഥോചിതം അവയെ നിർമ്മിക്കുവാനും തക്ക സാമർത്ഥ്യം സമ്പാദിക്കുകയും ചെയ്കയെന്നതു് അത്ര എളുപ്പമുള്ള കാര്യങ്ങളല്ല. ഈവക സംഗതികളൊന്നും ആലോചിക്കാതെ ചെയ്യപ്പെടുന്ന തർജ്ജമകളും നമ്മുടെ ഭാഷയിൽ ധാരാളമാണ്. വൃത്താനുവൃത്തമായും പദാനുപദമായും ചെയ്യുന്ന തർജ്ജമകൾക്ക് ഒരു വിധത്തിൽ ഗുണമുണ്ടെങ്കിൽ മറ്റൊരു വിധത്തിൽ ദോഷവും വരുവാനുണ്ട്. സംസ്കൃതം മുതലായ പരിഷ്കൃതഭാഷകളിൽ നിന്നു വൃത്താനുവൃത്തമായും മറ്റും മലയാളത്തേപ്പോലുള്ള ഭാഷകളിലേക്കു തർജ്ജമ ചെയ്യുമ്പോൾ മൂലത്തിലെ ആശയം അടക്കുവാൻ സാധിക്കാതെവരുന്നതിനാൽ, വിവർത്തകന്മാർക്കു പല "മരണവികൃതി"കളും കാണിക്കേണ്ടിവരുന്നു. സ്വതന്ത്രതർജ്ജമകളാണു മിക്കപ്പോഴും ഇത്തരം തർജ്ജമകളേക്കാൾ ഭാഷാപോഷണത്തിന്നധികം ഉപകരിക്കുക.

എഴുത്തച്ഛന്റെ തർജ്ജമ മിക്കവാറും സ്വതന്ത്രമാണെന്നു തന്നെ പറയാം. തനിക്കു പ്രത്യേകമായി സ്വാരസ്യം കൊണ്ടുവരാൻ വഴിയില്ലാത്ത ദിക്കിൽ അദ്ദേഹം മൂലത്തിന്നു വളരെ ശരിയായ തർജ്ജമതന്നെയാണു് ചെയ്തിട്ടുള്ളതു്; എന്നാൽ കവിസാധാരണമായ മനോധർമ്മം പ്രകടിപ്പിപ്പാൻ അല്പമൊരിടം കിട്ടിയാൽ പ്രസ്തുതമഹാകവി ആ സന്ദർഭത്തെ വെറുതേ കളവാൻ ഒരിയ്ക്കലും ഇടവരുത്തുകയില്ല. നോക്കുക:[ 78 ]

 "അഗണിതഗുണമപ്രമേയമാദ്യം
 സകലജഗൽസ്ഥിതി സമ്യമാദിഹേതും
 ഉപരമപരമം പരാത്മഭൂതം
 വരദമഹം പ്രണതോസ്മി രാമചന്ദ്രം"
    അദ്ധ്യാത്മരാമായണം മൂലം.

 "അഗണ്യഗുണമാദ്യമവ്യയമപ്രമേയ-
 മഖിലജഗൽസൃഷ്ടിസ്ഥിതിസംഹാരംമൂലം
 പരമം പരാപരമാനന്ദം പരാതന്മാനം
 വരദമഹം പ്രണതോസ്മിസന്തതം രാമം".
    അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്.

 "കൈലാസാഗ്രേകദാചിൽ രവിശതവിമലേ
  മന്ദിരേരത്നപീഠേ
 സംവിഷ്ടം ധ്യാനനിഷ്ഠം ത്രിനയനമഭയം
  സേവിതം സിദ്ധസംഘൈഃ
 ദേവീ വാമാങ്കസംസ്ഥാ ഗിരിവരതനയാ
  പാർവ്വതീ ഭക്തിനമ്രാ
 പ്രാഹേദം ദേവമീശം സകലമലഹരം
  വാക്യമാനന്ദകന്ദം".
    അദ്ധ്യാത്മരാമായണം മൂലം.

 "കൈലാസ്സാചലേ സൂർയ്യകോടിശോഭിതേവിമ-
 ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം
 ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം
 നീലലോഹിതം നിജഭർത്താരം വിശ്വേശ്വരം

[ 79 ]

 വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതീ
 സുന്ദരി ഹൈമവതി ചോദിച്ചുഭക്തിയോടെ"
    അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്.

മേൽക്കാണിച്ച രണ്ടുദാഹരണങ്ങളും മൂലത്തിൽനിന്നു് ഒട്ടും ഭേദം വരുത്താത്തവയാണ്. ഇവിടെ വലിയ ഒരു രാസിക്യമൊന്നും വിവർത്തനന്ത്തിൽ കൊണ്ടുവരുവാൻ സാധിയ്ക്കയില്ല; എന്നാൽ കവികർമ്മമർമ്മജ്ഞനായ അദ്ദേഹം തന്റെ മനോധർമ്മം കാണിപ്പാൻ കിട്ടുന്ന സന്ദർഭങ്ങളെ എങ്ങിനെ ഉപയോഗിച്ചിരിയ്ക്കുന്നുവെന്നുകൂടി പരിശോധിച്ചുനോക്കുക. ശ്രീരാമനോടു മിയ്ക്കവാറും പരാജയപ്പെട്ടുകഴിഞ്ഞ രാവണൻ ഗത്യന്തരമില്ലെന്നു കണ്ടപ്പോൾ കുംഭകർണ്ണനെ ഉണർത്തുവാനായി ഭൃത്യന്മാരെ നിയോഗിയ്ക്കുന്നു. ആ ഘട്ടത്തിലെ വാക്യങ്ങൾ ഇങ്ങിനെയാണു്.-


 "     
 ഇത്യുക്താസ്തേ മഹാകായാ-
 സ്തുർണ്ണം ഗത്വാതു യത്നതഃ
 വിബോദ്ധ്യകുംഭശ്രവണം
 നിന്യൂരാവണസന്നിധിം".
    രാമായണം മൂലം.

 "രാക്ഷസരാജ നിയോഗേന ചെന്നോരോ
 രാക്ഷസരെല്ലാമൊരുമ്പെട്ടുണർത്തുവാൻ
 ആനകദുന്ദുഭിമുഖ്യവാദ്യങ്ങളു-
 മാന തേർ കാലാൾ കുതിരപ്പടകളും

[ 80 ]

 കുംഭകർണ്ണോരസി പാഞ്ഞുമാർത്തും ജഗൽ
 ക്കമ്പം വരുത്തിനാരെന്തൊരുവിസ്മയം
 കുംഭസഹസ്രം ജലം ചൊരിഞ്ഞീടിനാർ
 'കുംഭകർണ്ണ'ശ്രവണാന്തരേപിന്നയും
 കുംഭിവരന്മാരെക്കൊണ്ടുനാസാരന്ധ്ര-
 സംഭൂതരോമം പിടിച്ചു വലിപ്പിച്ചും
 തുമ്പിക്കരമറ്റലറിയുമാനകൾ
 ജംഭാരിവൈരിയ്ക്കു കമ്പമില്ലേതുമേ.
 ജൃംഭാസമാരംഭമോടുമുണർന്നിതു
 സംഭ്രമിച്ചോടിനാനാശരവീരരും
    
    ✳"
    രാമായണം തർജ്ജമ.

ഈ ഉദാഹരണത്തിൽ എഴുത്തച്ഛൻ കാണിച്ചിട്ടുള്ള സ്വാതന്ത്ര്യം രസാവഹമായിട്ടുള്ളതാണു്. ആജാനബാഹുവായ ആ മഹാരാക്ഷസനെ ഉണർത്തുന്നേടത്തു യാതൊരു വിപ്ലവും കൂടാതെ 'യത്നതഃ വിബോദ്ധ്യ" എന്നു മാത്രം പറഞ്ഞു നിർത്തിയ മൂലഗ്രന്ഥകാരന്റെ മനോദ്ധർമ്മം സഹൃദയാഗ്രേസരനായ പ്രസ്തുത കവിയെ അത്ര രസിപ്പിച്ചില്ല. അവിടെ അദ്ദേഹം തെന്റെ സ്വതസ്സിദ്ധമായ രസികത്തം പ്രകടിപ്പിച്ചു കവിതയ്ക്കു ചൈതന്യം വരുത്തി. ഉദാഹരിച്ചുകാണിച്ച വരികളിൽ അദ്ദേഹം എത്രമാത്രം കോലാഹലം കൂട്ടിയിരിയ്ക്കുന്നു!! ഇതുപോലെത്തന്നെ അദ്ദേഹത്തിന്റെ [ 81 ] നിരീക്ഷണം വേണ്ടേടത്തെല്ലാം വേണ്ടപോലെത്തന്നെ എത്തീട്ടുണ്ടു്. നോക്കുക :-

"അനലശിഖകളുമനിലസുതഹൃദയവും തെളി-
ഞ്ഞാഹന്ത വിഷ്ണുപദം ഗമിച്ചൂ തദാ
വിബുധപതിയൊടു നിശിചരാലയം വെന്തോരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
അഹമഹമികാധിയാ പാവകജ്വാലക-
ളംബരത്തോളമുയർന്നുചെന്നൂ മുദാ".
രാമായണം കിളിപ്പാട്ടു്


ഈ ഭാഗം മൂലത്തിലില്ലാത്തതാണു്. "ഉൽപ്‌ളുത്യോൽപ്‌ളുത്യ സംദീപ്തപുച്ഛേനമഹതാകപിഃ ദദാഹലങ്കാമഖിലാം സാട്ടപ്രാസാദതോരണാം" എന്നു മാത്രം പറഞ്ഞവസാനിപ്പിയ്ക്കയാണു് മൂലകാരൻ ചെയ്യുന്നതു്. എന്നാൽ നമ്മുടെ മഹാകവി അതുകൊണ്ടു തൃപ്തിപ്പെടുന്നില്ല; അദ്ദേഹം തന്റെ കവിതാകാമിനിയെ കമനീയമായ അലങ്കാരമണിയിയ്ക്കുവാൻ കിട്ടിയ ഒരൊന്നാന്തരം സന്ദർഭത്തെ വെറുതെ കളവാൻ തയ്യാറല്ല. ദേവേന്ദ്രൻ രാവണന്റെ ശത്രുവാണല്ലൊ. അനലൻ ദേവേന്ദ്രന്റെ ബന്ധുവുമാണു്. ഈ സ്ഥിതിയ്ക്കു് അനലൻ ചെയ്യുന്ന പ്രസ്തുതകൃത്യം അറിയുന്നതിൽ ഇന്ദ്രനും അറിയ്ക്കുന്നതിൽ അനലനും വളരെ സന്തോഷത്തിന്നു വകയുണ്ടു്. ഇതെല്ലാം കൂടിയാലോചിച്ചാൽ മാത്രമേ മൂലഗ്രന്ഥകാരനെ വിട്ടു് [ 82 ] അദ്ദേഹം സ്വതന്ത്രമായിച്ചെയ്ത ഈ ഉൽപ്രേക്ഷയുടെ സ്വാരസ്യം മുഴുവനും വെളിപ്പെടുകയുള്ളു.

മൂലഗ്രന്ഥകാരന്റെ പല ന്യൂനതകളേയും അദ്ദേഹം സൂക്ഷ്മബുദ്ധ്യാ മനസ്സിലാക്കുകയും, തന്റെ ഗ്രന്ഥത്തിൽ അവ സംക്രമിയ്ക്കാതിരിപ്പാൻ കഴിയുന്നതും ശ്രദ്ധിയ്ക്കുകയും ചെയ്തിട്ടുണ്ടു്. ഒരുദാഹരണം കാണിയ്ക്കാം :-

"അഗ്രേ യാസ്യാമ്യഹം പശ്ചാ-
ത്ത്വമന്വേഹി ധനുർദ്ധരഃ
ആവയോർമ്മദ്ധ്യഗാ സീതാ
മായേവാത്മ പരാത്മനോഃ".
രാമായണം മൂലം
"മുന്നിൽ നീ നടക്കേണം വഴിയെ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവൻ ഗതഭയം
ജീവാത്മാ പരമാത്മാക്കൾക്കു മദ്ധ്യസ്ഥയാകും
ദേവിയാം മഹാമായാ ശക്തിയെന്നതുപോലെ"
രാമായണം കിളിപ്പാട്ടു്.

ഇതിൽ "അഗ്രേയാസ്യാമ്യഹം" എന്നതിന്നു് "മുന്നിൽ നീ നടക്കേണ"മെന്നെഴുത്തച്ഛൻ തർജ്ജമചെയ്തുപോയെന്നും അതദ്ദേഹത്തിന്നു പറ്റിയ ഒരബദ്ധമാണെന്നും പലരും പറയുന്നതു കേട്ടിട്ടുണ്ടു്; ഇതത്ര ആലോചനാപൂർവ്വം പുറപ്പെടീച്ചിട്ടുള്ള അഭിപ്രായമാണെന്നു തോന്നുന്നില്ല. "ജീവാത്മാപരമാത്മാക്കൾക്കു മദ്ധ്യത്തിൽ മായയെന്നപോലെ [ 83 ] ഞാൻ മുമ്പിലും നീ പിന്നിലും നമുക്കു രണ്ടാൾക്കും മദ്ധ്യത്തിൽ സീതയും നടക്കട്ടെ" എന്നു പറഞ്ഞാൽ മുറയ്ക്കു് ശ്രീരാമന്റെ പ്രതിബിംബം ജീവാത്മാവായും, ലക്ഷ്മണന്റേതു് പരമാത്മാവായുമാണെല്ലൊ കലാശിയ്ക്കുക. ഈ ഔചിത്യഭംഗം കണ്ടതുകൊണ്ടുതന്നെയാണെഴുത്തച്ഛൻ "മുൻപിൽ നീ നടക്കണ"മെന്നെഴുതിയതെന്നു നിസ്സംശയം പറയാവുന്നതാണു്. ഇങ്ങിനെ സൂക്ഷ്മമായിപ്പരിശോധിച്ചാൽ അദ്ദേഹത്തിന്റെ കവനകലാസാമർത്ഥ്യത്തിന്റെ പല ലക്ഷ്യങ്ങളും കാണ്മാൻ സാധിയ്ക്കുന്നതാണു്.

വിവർത്തനഗ്രന്ഥങ്ങൾക്കു പ്രായേണ കണ്ടുവരാറുള്ള ശുഷ്കത അദ്ദേഹത്തിന്റെ കവിതയിൽ ഒരിയ്ക്കലും കാണുകയില്ല. സാധാരണതർജ്ജമക്കാർക്കു് ആശയപ്രകാശനസംരംഭംകൊണ്ടു്, രചന, പാകം മുതലായ കാർയ്യങ്ങളിൽ അശേഷം ശ്രദ്ധിപ്പാൻ സാധിയ്ക്കാറില്ല. ഇതാണു് ആശയങ്ങളുണ്ടെങ്കിലും ഇവരുടെ കവിതാരീതി കേവലം ശുഷ്കമായിത്തോന്നുന്നതിന്നുള്ള പ്രധാനകാരണം. സ്വതന്ത്രതർജ്ജമകൾ സ്വതന്ത്രകൃതികളേപ്പോലാക്കുവാൻ, വകതിരിവുള്ള ഒരു തർജ്ജമക്കാരന്നു കഴിയും. ഇതിന്നു് എഴുത്തച്ഛന്റെ കവിതകൾ മിയ്ക്കവാറും ഉദാഹരിയ്ക്കാവുന്നതാണു്: നോക്കുക :-

 "വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
 ദുശ്ച്യവനനും കുസുമായുധവശനായാൻ.
 ചെന്തൊണ്ടി വായ്മലരും, പന്തൊക്കും മുലകളും,
 ചന്തമേറിടും തുടക്കാമ്പു മാസ്വദിപ്പതി-

[ 84 ]

 നെന്തൊരു കഴിവെന്നു ചിന്തിച്ചു ശതമഖൻ
 ചെന്താർബാണാർത്തികൊണ്ടു സന്താപം മുഴുക്കയാൽ.
 സന്തതം മനക്കാമ്പിൽ സുന്ദരഗാത്രീരൂപം
 ചിന്തിച്ചു ചിന്തിച്ചനംഗാന്ധനായ് വന്നാനല്ലൊ"
        
 "മന്ദഹാസവും പൂണ്ടു രാഘവനതുകേട്ടു
 മന്ദം മന്ദം പോയ് ചെന്നു നിന്നു കണ്ടിതു ചാപം;
 ജ്വലിച്ച തേജസ്സോടു മെടുത്തു വേഗത്തോടെ
 കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം.
 നിന്നരുളുന്നനേര മീരേഴുലോകങ്ങളു-
 മൊന്നു മാറ്റൊലിക്കൊണ്ടു വിസ്മയപ്പെട്ടൂ ജനം.
 പാട്ടുമാട്ടവും കൂത്തും പുഷ്പവൃഷ്ടിയുമോരോ
 കൂട്ടമേ വാദ്യങ്ങളും മംഗലസ്തുതികളും
 ദേവകളൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-
 ദേവനെസ്സേവിയ്ക്കയുമപ്സരസ്ത്രീകളെല്ലാം
 ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-
 ഹോത്സവാരംഭഘോഷം കൊണ്ടു കൌതുകം പൂണ്ടാർ
        
 ഇടിവെട്ടിടുംവണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു
 നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
 മൈഥിലി മയിൽ‌പ്പേടപോലെ സന്തോഷം പൂണ്ടാൾ
 കൌതുകമുണ്ടായ്‌വന്നൂ ചേതസി കൌശികനും.

[ 85 ]

 മൈഥിലിതന്നെപ്പരിചാരികമാരും നിജ-
 മാതാക്കന്മാരും കീടി നന്നായിച്ചമയിച്ചാർ.
 സ്വർണ്ണവർണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
 സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
 സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദം മന്ദ-
 മർണ്ണോജനേത്രന്മുൻപിൽ സരൂപം വിനീതയായ്
 വന്നുടൻ നേത്രോൽപ്പല മാലയുമിട്ടാൾ, മുന്നെ
 പിന്നാലെ വരണാർത്ഥമാലയുമിട്ടീടിനാൾ
 മാലയും ധരിച്ചുനീലോല്പലകാന്തിതേടും
 ബാലകൻ ശ്രീരാമനു മേറ്റവും വിളങ്ങിനാൻ"
    അദ്ധ്യാത്മരാമായണം.

നമുക്കു ഈ ഭാഗങ്ങൾ വായിയ്ക്കുമ്പോൾ ഇതു തർജ്ജമയാണെന്നുതന്നെ മനസ്സിലാക്കുവാൻ സാധിയ്ക്കുന്നില്ല; അത്രയും അനർഗ്ഗളമായ സരസ്വതീപ്രവാഹമാണിവയിൽ കാണുന്നതു്. നമ്മുടെ വിവർത്തകന്മാർ മഹാകവിയുടെ രീതിയെ അനുകരിയ്ക്കുകയാണെങ്കിൽ അതു മലയാളഭാഷയുക്കു എന്തുമാത്രം അനുഗ്രഹമാകുമായിരുന്നു.