ദേവഗീത/സർഗ്ഗം ഒന്ന്-സാമോദദാമോദരം

ദേവഗീത (ഖണ്ഡകാവ്യം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സർഗ്ഗം ഒന്ന് - സാമോദദാമോദരം
(ജയദേവകൃതമായ ഗീതഗാവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945
ദേവഗീത
  1. സാമോദദാമോദരം
  2. അക്ലേശകേശവം
  3. മുഗ്ദ്ധമധുസൂദനം
  4. സ്നിഗ്ദ്ധമധുസൂദനം
  5. സാകാംക്ഷപുണ്ഡരീകാക്ഷം
  6. സോൽക്കണ്ഠവൈകുണ്ഠം
  7. നാഗരികനാരായണം
  8. സാകാംക്ഷപുണ്ഡരീകാക്ഷം
  9. അമന്ദഗോവിന്ദം
  10. ചതുരചതുർഭുജം
  11. സാനന്ദഗോവിന്ദം
  12. സാമോദദാമോദരം

ഒന്നാം സർഗ്ഗം
സാമോദദാമോദരം

തിരുത്തുക

കോടക്കാറിടതൂർന്നതാണു ഗഗനം,
രാധേ, തമാലാപ്തമീ-
ക്കാടൊട്ടുക്കിരുളാർന്നതാണു, നിശയാ-
യോർത്താലിവൻ ഭീരുവും;
വീടെത്തിച്ചിടുകാകയാലിവനെ നീ-
താ,നെന്ന നന്ദോക്തിയാൽ
കൂടിച്ചേർന്നു ഗമിച്ചു മാധവനുമ-
ന്നുൾപ്രീതരായ് രാധയും!


യമുനയുടെ തടത്തിൽ മാർഗ്ഗമദ്ധ്യേ
സുമിതസുരമ്യനികുഞ്ജങ്ങൾതോറും
അമലരവർ യഥേച്ഛമാസ്വദിച്ചോ-
രലർശരകേളികളന്വഹം ജയിപ്പൂ!


വാണീപാദപവിത്രചിത്രവിലസൽ-
ചേതോനികേതൻ, നിജ-
പ്രാണാധീശ്വരി പത്മതൻ നിരഘമാം
നൃത്തത്തിനുത്തേജകൻ
വേണുംപോൽ ജയദേവനാം കവിയിതാ
വർണ്ണിപ്പിതാത്താദരം
ചേണഞ്ചും വസുദേവനന്ദനരതി-
ക്രീഡാവിലാസോത്സവം.


ചിത്തം ശ്രീവിശ്വനാഥസ്മരണയിലനുര-
ഞ്ജിക്കിലാക,ട്ടതല്ലാ
മെത്തും ശൃംഗാരസാന്ദ്രോജ്ജ്വലകലകളിലാ-
ണിഷ്ടമെന്നാലതാട്ടേ;
എത്തിക്കേട്ടാസ്വദിക്കൂ സരളപദസമാ-
ലംകൃതോദ്യൽപ്രസാദ-
സ്നിഗ്ദ്ധസ്ഫീതാഭമാമീ മധുമയജയദേ-
വോക്തി,യെൻ ലോകമേ നീ!


ശബ്ദാഡംബരനാണുമാപതിധരൻ,
സംശ്ലാഘ്യനാണെങ്കിലും
ശബ്ദത്തിങ്കൽ ദുരൂഹ്യതയ്ക്കിടകൊടു-
ത്തീടുന്നു, ഹാ,ചാരണൻ.
സ്പർദ്ധിപ്പൂ കവിവര്യനാം ശ്രുതിധരൻ
ഗാവർദ്ധനാചാര്യരോ-
ടിദ്ധഖ്യാതിവഹിപ്പതില്ലനുപമ-
ശൃംഗാരകാവ്യാപ്തിയിൽ!


കവികുലനൃവരൻ ധോയി-
ക്കവികലമല്ല യശസ്സു ലവലേശം
സുവിശദശബ്ദാവലിത-
ന്നവസരശുദ്ധിയറിവോൻ ജയദേവൻ!

ഗീതം ഒന്ന്

തിരുത്തുക

         1

ജ്ഞാനമാർഗ്ഗമായ് മുക്തിയിങ്കലേ-
ക്കാനയിക്കുമാ വേദങ്ങൾ,
ഉൽക്കടപ്രളയാബ്ധിയിങ്കൽനി-
ന്നുദ്ധരിച്ചു വഹിപ്പു നീ!
ജയ, ധൃതമകരശരീര, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!

         2

നിത്യഭൂധാരണത്തിനാൽ,ത്തഴ-
മ്പൊത്തു ചുറ്റും, ഗരിഷ്ഠമായ്,
വിസ്തൃതമാം നിൻ പൃഷ്ഠവേദിയിൽ
വർത്തിപ്പൂ വിശ്വമണ്ഡലം!
ജയ, ധൃതമഠകരൂപ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!

         3

ഉഗമായ നിൻ ദംഷ്ട്രിയിൽച്ചേർന്നു
പറ്റി, വിട്ടിടാതങ്ങനെ,
ഉല്ലസിപ്പിതിക്ഷോണി, ചന്ദ്രനി-
ലുള്ളൊരാപ്പങ്കരേഖപോൽ!
ജയ, ധൃതസ്രൂകരരൂപ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!

         4

ആ ഹിരണ്യകശിപുതൻ ലൂന-
ദേഹമാം മത്തഭൃംഗകം,
തങ്ങിനിൽക്കും നഖങ്ങൾ മേളിക്കു-
മങ്ങതൻ പാണിപങ്കജം
അപ്രതിമമതുല്ലസിക്കുന്നി-
തദ്ഭുതോദ്രമായന്വഹം!
ജയ, ധൃതനരഹരിരൂപ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!

         5

ലോകവിസ്മയകാരികൾക്കഴ-
ലേകുമത്ഭുതവിക്രമ!
ത്വച്ചരണനഖോദകം പാപ-
മുക്തിദം, ശുദ്ധിദായകം.
പാതമേകുന്നു, ഹാ ബലിക്കങ്ങു
പാദവിക്ഷേപശക്തിയാൽ!
ജയ, ധൃതപടുവടുരൂപ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!

         6

ക്ഷോണിയെ സ്വയം ക്ഷത്രിയകുല-
ശോണിതമയഗംഗയിൽ,
മുക്കിടുന്നു നീ ഭഞ്ജിതപാപം
നിഷ്ക്രമിതഭവാതപം!
ജയ, ജയ, ഭൃഗുകുലതിലക, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!

         7

ആശകൾക്കധിനായകർക്കുള്ളി-
ലാശചേർത്തു ചേർത്തന്വഹം,
മിന്നിടും ദശഗീവകോടീര-
ധന്യമാം ബലി, യുദ്രസം,
ചിത്തരമ്യമായ് ക്ഷേപണംചെയ്വൂ
പത്തുദിക്കിലും, ഹാ, ഭവാൻ!
ജയ, രഘുവര, ജയ, രാമ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!

         8

ശ്വേതരമ്യവപുസ്സതിൽ, ഹല-
പാതഭീതിയാലാദരാൽ,
ത്വൽപദാശ്രയം തേടിയെത്തിയോ-
രപ്പവിത്രയമുനപോൽ,
അംബുരാഭം പരിലസിപ്പു നി-
ന്നംബരം, ഹാ, മനോഹരം!
ജയ, ഹലധര, ബലരാമ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!

         9

ത്യാഗമൂർത്തിയായെത്തിയ ഭവാൻ
യാഗകർമ്മവിധികളിൽ,
ഹാ, ഹസിപ്പൂ നിഷിദ്ധമായുള്ള
ഗാഹനനക്രിയാദികൾ!
ജയ, കരുണാമയ, ബുദ്ധ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!

         10

സ്വേച്ഛയാ, പാപപങ്കിലരായ
മ്ളേച്ഛരെക്കൊന്നൊടുക്കുവാൻ
ധൂമകേതുവെപ്പോൽ കരാളമാം
ഭീമഖഡ്ഗം ധരിപ്പൂ നീ!
ജയ, ധൃതകൽക്കിശരീര, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!

         11

അത്യുദാരമായുത്സവദമാ-
യത്രമാത്രം ശുഭദമായ്,
ക്കൽമഷഹരമായ്, ജയദേവ-
നിർമ്മിതമാമിഗ്ഗീതകം,
ഭക്തവത്സലനാം ഭവാൻ, കനി-
ഞ്ഞുദ്രസം ശ്രവിക്കേണമേ!
ജയ, ധൃതദശവിധരൂപ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!


വേദോദ്ധാരകനായ്, ത്രിലോകവഹനാ-
യുദ്വിഭ്രഭൂചക്രനായ്,
ഹാ, ദൈത്യാന്തകനായ്, ബലിപ്രണതനാ-
യക്ഷത്രിയദ്വേഷിയായ്
വൈദേഹിക്കഴൽചേർത്ത രാവണനിടി-
ത്തീയായ്, ഹലാശസ്ത്രനാ-
യൗദാര്യാകരമായ് ഖലപ്രമഥനാം-
വിഷ്ണോ, നമിക്കുന്നു ഞാൻ.

ഗീതം രണ്ട്

തിരുത്തുക

         1

ശ്രീതകമലാകുചോജ്ജ്വലമണ്ഡല,
ധൃതമകരമനോഹരകുണ്ഡല,
കലിതകൽപകമാലികോരസ്ഥല,
ജയ, ഹരേ, ജയ, ദേവ, സുനിർമ്മല!

         2

ജയ, ദിനമണിമണ്ഡലമണ്ഡന,
ജയ, നിയതഭവഭയഖണ്ഡന!
മുനിമാർമാനസഹംസ, ജനാർദ്ദന,
ജയ, ഹരേ, ജയ, ഹേ, മധുസൂദന!

         3

ഗരളഗർവ്വിതകാളിയഭഞ്ജന,
ഗരുഡവാഹന, ലോകാനുരഞ്ജന,
യദുകുലാബ്ജദിവാകര, മൊഃഅന,
ജയ, ഹരേ, ജയ, ദേവാരിനാശന!

         4

 മധു -മുര-നരകാദിവിദ്ധ്വംസന,
മധുരദർശന, മംഗളകാരണ,
സുരസമൂഹപ്രസാദപരായണ,
ജയ, ഹരേ, ജയ, ദേവ, നാരായണ!

         5

അമലപദ്മദളോജ്ജ്വലലോചന,
അസഹനീയഭവഭയമോചന,
അഖിലലോകനിധാന, നിരഞ്ജന,
ജയ, ഹരേ, ജയ, ദേവ, ജനാർഡ്ഡന!

         6

ജനകജാകൃതമംഗളഭൂഷണ,
ജയ, ജയ, ഹരേ, ഹേ, ജിതഭൂഷണ!
ജയ, സമരശമിതദശാനന,
ജയ, ഹരേ, ദേവ, ഹേ, രഘുനന്ദന!

         7

നവലളിതജലധരസുന്ദര,
നളിനജാസ്യ വിധുചകോര, വര,
ജയ, ജയ, ദേവ, സായൂജ്യമന്ദ്ര,
ജയ, ജയ, ഹരേ, ദേവ, ഹേ, ധൃതമന്ദര!

         8

പരിലസിപ്പൂ ജയദേവനിർമ്മിതം
പരമാനന്ദതം ഗീതാമൃതമിദം
ജയ, ജയ, ഹരേ, ശൗരേ, ജനാർദ്ദനാ,
ജയ, ജയ, ദേവ, ഹേ, മധുസൂദന!


അന്തസ്ഥോജ്ജ്വലരാഗദീപ്തി വെളിവായ്
കാണും വിധം പത്മതനു
പന്തൊക്കുന്ന പയോധരങ്ങൾ പകരും
കാശ്മീരമാർന്നങ്ങനെ;
ചെന്താർബാണശരാർത്തിമൂലമുതിരും
സ്വേദങ്ങളാൽ സൗഭഗം
ചിന്തിടും മധുവൈരിതൻ മഹിതമാം
മാർത്തട്ടു നൽകും ശുഭം!


പൂക്കാലം വന്നകാലം, പ്രണയവിവശയായ്
കൃഷ്ണനെത്തേടി, പിച്ചി-
പ്പൂക്കൾക്കൊപ്പം മൃദുത്വം കലരുമവയവം
സർവ്വവും താന്തമായി,
അക്കാന്താരാന്തരത്തിൽ, ത്വരയൊടു മദനാ-
വേശവൈവശ്യമുൾച്ചേ-
ർന്നുൾക്കാമ്പിൽ ദീപ്തമാകും രതിയൊടുഴറുമാ
രാധയോടോതി തോഴി.

ഗീതം മൂന്ന്

തിരുത്തുക

         1

അവിടെയക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കു!-


ലളിതലവംഗലതകളാടി
കുളിർമലയാനിലനൊത്തുകൂടി;
പരിചിലിന്ദിന്ദിരകോകിലങ്ങൾ,
പകരുന്നഝങ്കാരപഞ്ചമങ്ങൾ,
സതതം മൃദുലതരംഗകങ്ങൾ
വിതറുമിക്കുഞ്ജകുടീരകങ്ങൾ,
വികസദ്വസന്തയോഗാഞ്ചിതങ്ങൾ
വിരഹിജനാത്മവിഭേദകങ്ങൾ
നിറയുന്നൊരീ യമുനാതടത്തിൽ
നിരുപമശ്യാമവനോദരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി;
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!

         2

അവിടെക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കൂ!-
മലരമ്പനെയ്യുന്ന സായകങ്ങൾ
മനതാരിൽ കാമസ്ഫുലിംഗങ്ങൾ,
എരിയിക്കെ,പ്പാന്ഥവധൂജനങ്ങൾ
ചൊരിയുമാശാകുലരോദനങ്ങൾ,
വഴിയവേ, വാരിളം പൂങ്കുലകൾ,
വരിവണ്ടിൻ ചേണുറ്റ മാലികകൾ,
അകലുഷദീപ്തിയിൽചേർന്നു, ചിന്നി-
ബ്ബകുളകലാപമിണങ്ങി മിന്നി,
വിലസുന്നൊരീ യമുനാതടത്തിൽ
വിലുളിതശ്യാമവനോദരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി,
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!

         3

അവിടെക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കൂ!-


മൃഗമദസൗരഭശ്രീയിണങ്ങി
പ്രഗതപ്രവാളങ്ങൾ തിങ്ങിവിങ്ങി,
കരളും മിഴിയും കവർന്നു, ഭംഗി-
കലരും തമാലദ്രുമങ്ങൾതിങ്ങി,
വിരഹവിവശയുവാന്തരംഗ-
വിദലകാനംഗനഖാഭയേന്തി,
നിരനിരയായ് നിൽക്കും കിംശുകങ്ങൾ
നിറയുമിശ്യാമവനോദരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി,
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!

         4

അവിടെക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കൂ!-

മദനമഹേശകനകദണ്ഡം
മഹിതാഭ വാരി വീശുന്നവണ്ണം,
വിമലസുരഭിലകുഡ്മളങ്ങൾ
വികസിച്ചുനിൽക്കുന്ന കേസരങ്ങൾ;
സ്മരനെഴും തൂണീരമെന്നപോലെ
കരിവരിവണ്ടുകൾ ചേർന്നു, ചാലേ,
അനുപമസൽസുമസഞ്ചയങ്ങൾ
അണിയിട്ടുനിൽക്കുന്ന പാടലങ്ങൾ;
വിലസുന്നൊരീ യമുനാതടത്തിൽ
വിലുളിതശ്യ്യാമവനോദരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി,
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!

         5

അവിടെക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കൂ!-


സ്മരശരദൂരിതലജ്ജരാകും
തരുണർതൻ വിശ്വാവലോകനത്തിൽ,
പരിഹാസപ്പുഞ്ചിരിതൂകിത്തൂകി-
പ്പരിലസിച്ചീടും കുറുമൊഴികൾ;
വിരഹിജനങ്ങളെ കുത്തുവാനായ്
വിരചിച്ച കുന്തമുഖങ്ങൾപോലെ-
തുടരെയെല്ലാടവും താണുപൊങ്ങി-
യിടതിങ്ങിനിൽക്കുന്ന കേതകങ്ങൾ,
നിറയുന്നൊരീ യമുനാതടത്തിൽ
നിരുപമശ്യ്യാമവനോദരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി,
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!

         6

അവിടെക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കൂ!-


കുളിർപിച്ചിപ്പൂമണം വാർന്നൊഴുകി
കുറുമൊഴിമുല്ലകൾ പൂക്കൾ പാകി,
യമികൾതൻ മാനസത്തിന്നുപോലും
ഭ്രമമേകിടുംവിധം കാന്തികോലും,
യുവജനാഭീഷ്ടസാഫല്യമേകും
സവിലാസമാമീ വനോദരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി,
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!

         7

അവിടെക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കൂ!-


പരിലസൽപ്പിച്ചകവല്ലരിതൻ
പരിരംഭണം മെയ്യിലേൽക്കയാലേ,
പുളകം പൊടിച്ചപോൽ മോഹനമായ്
പുതുതായി മൊട്ടിട്ട ചൂതജാലം,
അഴകിൽനിരന്നു, പരിസരത്തി-
ലൊഴുകും യമുനതൻ സംഗമത്തിൽ,
ജലശീകരപരിപൂതമായി
വിലസുമീ വൃന്ദാവനാന്തരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി,
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!

         8

മധുസൂദനസ്മൃതിസാരമായി
മധുമാസവർണ്ണനാസാന്ദ്രമായി.
ജനിതമദനവികാരമായി
ജയദേവൻ തൂകുമീ ദിവ്യഗീതം,
നുതിചെയ്വതാരെ,യാ വാസുദേവൻ
കുതുകാൽ കനകാംഗിമാരുമായി,
വിവിധസല്ലാപപ്രസക്തനായി
വിഹരിപ്പൂ വൃന്ദാവനത്തിൽ!


കണ്ടാലും വിടരുന്ന മല്ലികകൾതൻ
ചഞ്ചൽപ്പരാഗങ്ങളെ-
ക്കൊണ്ടാരമ്യസുഗന്ധചൂർണ്ണമൊരുപോൽ-
ക്കാടാകെയർച്ചിച്ചിതാ,
തണ്ടാർസായകജീവവായു വെളിയിൽ-
ത്തത്തുംവിധം കേതക-
ച്ചെണ്ടിൻ സൗരഭബന്ധുവായ പവനൻ
ഭസ്മീകരിപ്പൂ മനം!


പൂന്തേനിൽ കൊതിപൂണ്ടഴന്നു മുരളും
വണ്ടിണ്ടയാൽത്തണ്ടല-
ഞ്ഞേന്തിത്തൊന്തിന മാന്തളിർക്കുലകളിൽ-
ത്തത്തും പീകശ്രേണികൾ,
ചിന്തും കാകളി കർണ്ണശല്യമരുളും
പാന്ഥവ്രജം, പാടുപെ-
ട്ടുന്തിത്തള്ളി ദിനം കഴിപ്പൂ ദയിതാ-
സങ്കൽപസമ്പ്രാപ്തിയിൽ!

ആലിംഗനത്തിനുഴറും കളവാണിമാർതൻ
ലീലാവിലാസരുചി കണ്ടു മനം മയങ്ങി,
ചേലാർന്നു ദൂരെ വിലസുന്ന മുരാരിതൻ നേർ-
ക്കാലക്ഷ്യമാക്കി, യവൾ രാധയോടോതി വീണ്ടും.

ഗീതം നാല്

തിരുത്തുക

         1

ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-


ചന്ദനചർവ്വിതമാം നീലകളേബരത്തിൽ
സുന്ദരമാകും മഞ്ഞപ്പട്ടുചാർത്തി;
മാറിൽകുളിരിളകുമ്മാതിരി മനോഹര-
മാരിവില്ലൊളിമലർമാല മിന്നി;
കേളിയിലിളകുന്നൊരാ മണികുണ്ഡലങ്ങൾ
ചേലിൽപ്പൂങ്കവിൾത്തട്ടിലാഭചിന്നി;
ആ രത്നശ്രീവിലാസ,മാ രമ്യമന്ദഹാസ-
ധാരയിൽ,പ്പതിന്മടങ്ങായി മാറി;
ഗാപികാവൃതനായി ക്രീഡാനിരതനായി-
ഗ്ഗോപാലബാലനതാ ലാലസിപ്പൂ!

         2

ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-


കുന്നൊക്കും കുചങ്ങൾതൻ ഭാരത്താൽത്തളർന്നതാ
കുന്ദബാണാർത്തയാമൊരുജ്ജ്വലാംഗി,
കണ്ണനെപ്രേമപൂർവ്വം പുൽകിത്തൻ ഗാഅമനു-
വർണ്ണിപ്പിദുദഞ്ചിതപഞ്ചമത്തിൽ!
ഗാപികാവൃതനായിട്ടീദൃശലീലകളിൽ
ഗാപാലബാലനതാ ലാലസിപ്പൂ!

         3

ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-


അന്യസുന്ദരി നന്ദനനന്ദനവിലോചന-
വിന്യാസവിലാസത്തിൻ വിഭ്രമത്തിൽ,
അത്രമേലാകൃഷ്ടയായംഗജശരമേറ്റേ-
റ്റക്ഷികളടച്ചിരുന്നാത്തരാഗം,
വേണുഗാപാലമുഖദ്ധ്യാനനിർവൃതിയിങ്കൽ
പ്രാണനലിഞ്ഞലിഞ്ഞു പരിലസിപ്പൂ!
ഗാപികാവൃതനായിട്ടീദൃശോത്സവങ്ങളിൽ
ഗാപാലബാലനതാ ലാലസിപ്പൂ!

         4

ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-


സൽപൃഥുനിതംബിനിയാമന്യഗാപനാരി
സസ്പൃഹം രഹസ്യമൊന്നുച്ചരിക്കാൻ,
അന്തികേചെന്നനേരം തൽക്കവിൾത്തടങ്ങളിൽ
ചിന്തിയപുളകങ്ങൾ കാൺകയാലേ,
'എന്നിലുണ്ടനുരാഗം ധന്യനെ'ന്നോർത്തവയിൽ
ചിന്നിടുന്നനവധി ചുംബനങ്ങൾ!-
ഗാപികാപരീതനായീദൃശകേളികളിൽ
ഗാപാലബാലനതാ ലാലസിപ്പൂ!

         5

ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-


കാമജകേളികളിൽ, കോമളകലകളിൽ
കാമമുൾച്ചേർന്നൊരന്യകോമളാംഗി,
യാമുനേ, കൂലേ, വനേ, മോഹനേ, വഞ്ചുളാപ്ത-
കാമദനിലയനേ പോകുകെന്നായ്,
ഓതിടുമ്മാതിരിയിലംഗജാർത്തയായ്, നിജ-
പീതാംബരാഞ്ചലം, ഹാ, പരിഗഹിപ്പൂ!
ഗാപികാപരീതനായീദൃശക്രീഡകളിൽ
ഗാപാലബാലനതാ ലാലസിപ്പൂ!

         6

ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-


അങ്കിതോന്മദമന്യമങ്കതൻകരാങ്കുര-
കങ്കണശിഞ്ജിതങ്ങൾ സംക്രമിക്കേ,
കോടക്കാർവർണ്ണൻ തൂകുമോടക്കുഴൽവിളിയും
പേടമാൻകണ്ണികൾതൻ നർത്തനവും
ഒപ്പമിണക്കി,യിലത്താളമടിച്ചടിച്ചി-
ങ്ങത്ഭുതരാസരസമുദ്ഭവിക്കെ;
മേളക്കൊഴുപ്പിനേകകാരണക്കാരിയാമ-
ന്നാളീകലോചനയെ സ്മരിപ്പു കൃഷ്ണൻ!-
ഗാപികാവൃതനായിട്ടീദൃശലീലകളിൽ
ഗാപാലബാലനതാ ലാലസിപ്പൂ!

         7

ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-


ഉണ്മയിൽത്തഴുകുന്നിതേകയെക്കൊണ്ടൽവർണ്ണ-
നുമ്മവയ്ക്കുന്നിതന്യഗാപികയെ,
ഗാഢാനുരക്തയാകും മറ്റൊരുമോഹിനിയെ-
ഗ്ഗൂഢമായ് രമിപ്പിപ്പതൂഢമോദം.
മന്ദസ്മിതമധുരമംഗളകടാക്ഷത്താൽ
സുന്ദരിയൊരുവളെസ്സൽക്കരിപ്പൂ!
നന്നായനുനയത്താൽ വാമയാമപരയെ
നന്ദിപ്പിച്ചിണക്കുവാനനുഗമിപ്പൂ!-
ഗാപികാപരീതനായീദൃശകേളികളിൽ
ഗാപാലബാലനതാ ലാലസിപ്പൂ!

         8

പാവിതം, ജയദേവനിർമ്മിത, മിദം ഗീതം,
ഭാവുകപ്രദം, ഭാവസങ്കലിതം;
കേശവകേളീരഹസ്യാമലം, ഹർഷലോലം
പേശലം, യശസ്സിദ്ധിക്കേകമൂലം;
അർച്ചനമാവതാർതൻ തൃച്ചേവടിത്തളിരി-
ലച്യുത, നബ്ഭഗവാൻ, വിശ്വനാഥൻ,
സുന്ദരഗാപകന്യാവൃന്ദസമാവൃതനായ്
വൃന്ദാവനാന്തരത്തിലുല്ലസിപ്പൂ!
ആനന്ദം ഭക്തലോകത്തിനു പരിചിലണ-
ച്ചുൽപലശ്യാമളശ്രീ-
യൂനംവിട്ടോലുമംഗാദ്ഗളിതസുഷമയാ-
ലുത്സവം കാമനേകി,
തേനഞ്ചും വാണിമാരാം വ്രജരമണികുലം
ചുറ്റിലും ചേർന്നുപുൽകി-
സ്സാനന്ദം ക്രീഡചെയ്വൂ ഹരി, മധുവിതി,ലു-
ന്മൂർത്തശൃംഗാരമായി!
മാലേയാമലമാരുതൻ പരിസര-
സ്ഥോഗാരഗാക്രാന്തനാ-
പ്രാലേയപ്ലവനേച്ഛയാ ഹിമനുഗം
ലക്ഷീകരിച്ചങ്ങനെ,
ചേലോടങ്ങുഗമിപ്പൂ, കൊകിലകുലം
ചഞ്ചദ്രസാലാങ്കുര-
ശ്രീലോദ്രേകസമീക്ഷജോന്മദഭരം
ഘോഷിപ്പൂ കൂകൂരവം.

ഉത്സിക്തദ്രാസലീലാരസഭരിതങ്ങളാ-
മുജ്ജ്വലാപാംഗിമാർത-
ന്നുത്സംഗ നീതയാമപ്രണയവിവശയാം
രാധയാലാത്തമോദം,
ഉത്സേധശ്രീയെഴുന്നോരുരസിജപരിരം-
ഭാനുപൂർവ്വം, 'സുധാർദ്രം
ത്വത്സുനസ്നിഗ്ദ്ധമാസ്യം',നുതിയിദമരുളു-
പ്പെട്ട ശൗരേ, നമസ്തേ! ....