ദേവഗീത/സർഗ്ഗം രണ്ട്-അക്ലേശകേശവം
←സാമോദദാമോദരം | ദേവഗീത (ഖണ്ഡകാവ്യം) രചന: സർഗ്ഗം രണ്ട് - അക്ലേശകേശവം |
മുഗ്ദ്ധമധുസൂദനം→ |
(ജയദേവകൃതമായ ഗീതഗാവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945 |
ദേവഗീത |
---|
|
രണ്ടാം സർഗ്ഗം
അക്ലേശകേശവം
തിരുത്തുക
ഗാപനാരികളിലൊന്നുപോൽ പ്രണയ-
മംബുജേക്ഷണനു കാൺകയാൽ
കോപമാർന്നുടനുയർന്നക,ന്നകലെ
വന്ന രാഗവതി രാധിക
ക്ഷീബഭൃംഗശതഝംകൃതാകലിത-
കുഞ്ജമൊന്നിൽ, വിരഹവ്യഥാ-
വേപമോടൊളിവിൽ വാണു തോഴിയോടു
ദീനദീനമിദമോതിനാൾ.
ഗീതം അഞ്ച്
തിരുത്തുക 1
ഗാക്കളിൽ ക്ഷീരസമൃദ്ധി, തൻ നിശ്വാസ-
മേൽക്കേ, മേന്മേൽ സ്വയം സഞ്ജാതമാകുവാൻ
ചെന്തളിർച്ചുണ്ടിൽത്തുളുമ്പും സുധാധാര
സന്തതം ചേർന്നു മധുരമായങ്ങനെ,
നിശ്ശേഷലോകാനുഭൂതിദഗീതികൾ
നിർഗ്ഗളിപ്പിക്കുന്നൊരോടക്കുഴലുമായ്;
ചഞ്ചൽദൃഗഞ്ചലശ്രീയൊടു, മാ നൃത്ത-
സഞ്ചാരമൊപ്പിച്ചിളകും ശിരസ്സൊടും
നീലോൽപലോജ്ജ്വലശ്യാമഗണ്ഡങ്ങളി-
ലാലോലകുണ്ഡലോദ്ഭിന്നതേജസ്സൊടും,
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെൻനേർക്കുതിർത്ത ഹാസത്തൊടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
2
ചന്ദ്രരഞ്ജിതമായൂരപിൻഛികാ-
സുന്ദരമണ്ഡലാലംകൃതകേശനായ്,
ഇന്ദ്രചാപാങ്കിതസ്നിഗ്ദ്ധാംബുദോപമ-
നന്ദനീയാകർഷകോജ്ജ്വലവേഷനായ്;
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
3
ഗാപനിതംബിനിമാർതൻ മദഭര-
വേപിതാർദ്രാസ്യവികസ്വരാബ്ജങ്ങളിൽ,
ഉമ്മവെയ്ക്കാൻ കൊതിച്ചാമൃദുബന്ധൂക-
രമ്യാധരത്തിൽ തുളുമ്പും സ്മിതവുമായ്,
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
4
കോരിത്തരിപ്പിലാ രോമങ്ങൾ ജൃംഭിച്ച
കോമളാജാനുകരപല്ലവങ്ങളാൽ,
ആയിരമംഗനാവല്ലികളെസ്വയ-
മാലിംഗനാച്ഛാദിതാംഗികളാക്കിയും,
കാലിലും കൈയിലും മാറിലുമൊന്നുപോൽ
ചേലഞ്ചിമിന്നും വിശിശ്ടരത്നാഭയാൽ,
ബന്ധുരാകാരൻ, നിജാന്തികമെപ്പൊഴു-
മന്ധകാരാവലിക്കപ്രാപ്യമാക്കിയും;
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
5
സഞ്ചരിച്ചീടും വലാഹകശ്രേണിയാൽ
ചഞ്ചലത്തായ്ത്തോന്നുമച്ചന്ദ്രമണ്ഡലം,
നിന്ദിതമാംവിധം, സുന്ദരചന്ദന-
ബിന്ദുവാലങ്കിതമാം ലലാടത്തൊടും
കുന്നെതിർക്കൊങ്കകളെത്ര മർദ്ദിക്കിലും
കുന്നിക്കിളകാത്ത ഹൃൽക്കവാടത്തൊടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
6
ഉന്നിദ്രശോഭം വിശിഷ്ടരത്നാഢ്യമായ്
മിന്നും മകരമനോഹരകുണ്ഡലം,
മന്ദേതരമായി മണ്ഡനംചെയ്യുന്നൊ-
രിന്ദീവരോജ്ജ്വലഗണ്ഡയുഗ്മത്തൊടും,
പാരമുദാരനായ്, പ്രേമപ്രസന്നനായ്,
ചാരുപീതാംബരാലംകൃതഗാത്രനായ്,
മാമുനിമുഖ്യരും വൃന്ദാരകാഢ്യരും
മാനവശ്രേഷ്ഠ,രസുരപ്രവരരും,
ഒന്നിച്ചു നന്ദിച്ചു വന്ദിച്ചു, ഹാ തന്നൊ-
ടൊന്നിച്ചെഴുന്നൊരാബ്ഭക്തസംഘത്തൊടും;
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
7
പൂവിട്ടുനിൽക്കും കദംബവൃക്ഷത്തിന്റെ
പൂരിതസൗരഭ്യശ്യാമളച്ഛായയിൽ,
സുസ്ഥിതനായി,ക്കലികുലുഷഭയ-
മസ്തമിപ്പിക്കുന്ന തേജസ്വരൂപിയായ്,
കാമജോദ്വേഗതരംഗതരളിത-
കോമളാലോലദൃഗഞ്ചലകേളിയാൽ,
ആകർഷകമാം വപുസ്സിനാലെന്നെയും
രാഗാർദ്രമാമിസ്മൃതികളിലങ്കിലും,
ഉൽപന്നകൗതുകം സല്ലീലമിപ്പൊഴു-
മൽപമൊന്നാരമിപ്പിച്ചുകൊണ്ടാർദ്രനായ്;
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
8
ശ്രീജയദേവകവിയാൽ ഭണിതമാ-
യാ ജഗന്നാഥസ്വരൂപചിത്രാഢ്യമായ്,
അക്കാരണത്താൽ തദീയപാദാബ്ജങ്ങ-
ളുൾക്കാമ്പിലോർക്കാൻ തികച്ചനുരൂപമായ്,
വർണ്ണനാപൂർണ്ണമായുള്ളൊരിഗ്ഗീതകം,
പുണ്യവാന്മാർക്കെന്നുമേകട്ടെ മംഗളം!
ഏതേതു ദേവന്റെ തൃപ്പാദപൂജയി-
ഗ്ഗീത, മാ ദേവനെ, ക്കാർമുകിൽവർണ്ണനെ,
ഭദ്രാനുരാഗിണി രാധതൻ നാഥേ
ഭക്തിപൂർവ്വം സ്മരിച്ചഞ്ജലിചെയ്വു ഞാൻ!
എന്നെക്കൂടാതെയന്യാംഗനകളുമൊരുമി-
ച്ചച്യുതൻ ക്രീഡയാടു-
ന്നെന്നിട്ടും തദ്ഗുണൗഘം മമ സഖി, മനസാ
കീർത്തനം ചെയ്കയാം ഞാൻ
എന്നാത്മാവന്യമൊന്നിൽ ഭ്രമമിയലുകിലും
സംക്രമിപ്പീല, തോഷാ-
ലൊന്നായ് ദോഷം ത്യജിച്ചാശയിലുഴറുകയാ-
ണെന്തിനിച്ചെയ്വൂ ഹാ, ഞാൻ!
ഗീതം ആറ്
തിരുത്തുക 1
അല്ലിലൊരാളുമറിഞ്ഞിടാതീ മലർ-
വല്ലിക്കുടിലിലൊരുങ്ങിയെത്തി,
ആസന്നസദ്രതിക്രീഡാത്മകാവേശ-
ഫാസമാനോൽഫുല്ലഹാസനായി,
പാരമുദാരനായ്, ശൃംഗാരസങ്കൽപ-
സാരവികാരസമേതനായി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
നിർജ്ജനകുഞ്ജകപ്രാപ്തയായ്,സംഭ്രമ-
നിർദ്ധൂതനീലവിലോചനയായ്,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
2
ഓരോ പദത്തിലും കോരിത്തരിച്ചുപോ-
മോരോരോ ചാടുവാക്കോതിയോതി,
അത്യനുകൂലനായ്, പ്രേമാർദ്രമെന്മന-
മൽപാൽപമായിക്കവർന്നൊടുവിൽ
ഞാനെന്നെത്തന്നെ മറക്കുമാ,റെന്നെയൊ-
രാനന്ദമൂർച്ഛയ്ക്കധീനയാക്കി,
അത്തവ്വി,ലത്രമേൽ തന്ത്രത്തി,ലെന്മടി-
ക്കുത്തഴിച്ചംശുകം സ്രസ്തമാക്കി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
ആദ്യസമാഗമലജ്ജിതയായ്,പ്രണ-
യോദ്യൽസ്മിതാർദ്രസുഭാഷിണിയായ്,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
3
അന്യഗാപാംഗനാചിന്തയേലാതെന്നി-
ലന്യൂനമാകുമാസക്തിയേന്തി,
തന്നധരങ്ങൾ ഞാൻ പുൽകി നുകർന്നുകൊ-
ണ്ടെന്നുരസ്സിൽ ചിരം ചേർന്നുപറ്റി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
ഉല്ലാസലോലയാ,യുല്ലസൽപ്പല്ലവ-
തല്ലജതൽപകശായിതയായ്,
ആലിംഗനോദ്യൽപ്പുളകാങ്കിതാംഗിയാ,-
യാചുംബനോത്സവപ്രീണിതയായ്,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
4
കോമളശ്രീലകപോലതലങ്ങളിൽ
കോൾമയിർക്കൂമ്പുകൾ ചിന്നിമിന്നി,
ഉത്തമചിത്തജകൽപിതദർപ്പത്താ-
ലുദ്ദീപ്തഭാവാർദ്രചിത്തനായി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
ആലസ്യദോന്മദസ്ഫൂർത്തിയാൽത്തെല്ലൊന്നു
മീലിതമായ മിഴികളുമായ്,
ആരബ്ധമാന്മഥക്രീഡോദിതസ്വേദ-
പൂരിതസ്നിഗ്ദ്ധശരീരിണിയായ്,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
5
ചിന്തനാതീതസരസിജസായക-
തന്ത്രവിചാരവിചക്ഷണനായ്,
ചാമീകരാഭമെൻ പീനസ്തനങ്ങളിൽ
ചാരുനഖക്ഷതമാല ചാർത്തി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
മുഗ്ദ്ധകപോതപരഭൃതകൂജിത-
മൊത്തസീൽക്കാരങ്ങളൊത്തിണങ്ങി,
പുഷ്പാംബുദോജ്ജ്വലവിശ്ലഥവേണിയിൽ
പുഷ്പങ്ങളങ്ങിങ്ങുതിർന്നു തങ്ങി,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
6
മൈഥുനക്രീഡാവിധികളൊന്നെങ്കിലും
ശൈഥില്യമേൽക്കാതെ, പൂർത്തിയാക്കി,
എന്മുടിക്കെട്ടിൽപിടിച്ചുകൊണ്ടെൻ മുഖ-
ത്തുണ്മയോടുള്ളഴിഞ്ഞുമ്മയേകി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
മഞ്ജുമണിമയമഞ്ജീരസഞ്ജാത-
ശിഞ്ജിതരഞ്ജിതപാദയായി,
മെല്ലെക്കുലുങ്ങിക്കിലുങ്ങിയുലഞ്ഞൂർന്നൊ-
രുല്ലസൽപ്പൊന്നരഞ്ഞാളുമായി;
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
7
പ്രേമാനുരഞ്ജിതാത്മോത്സവമാകുമ-
ക്കാമലീലാപ്താനുഭൂതിയിങ്കൽ,
സ്തോകമുകുളിതമോഹനലോചന-
സൂകസുരമ്യദളങ്ങളുമായ്,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
സംഭോഗസഞ്ജാതസന്തോഷസിദ്ധിയിൽ
സംഭരിതാലസ്യലാലസയായ്,
ക്ഷീണത്താലത്രമേൽ നിസ്സഹമായ്,വാടി-
വീണോരുടലലർവല്ലിയോടെ,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
8
ഹാ, ജഗന്നായകക്രീഡോത്സവാർദ്രമി
ശ്രീജയദേവഭണിതഗീതം,
ഉൽക്കണ്ഠയുൾച്ചേർന്നു വാഴുമാ രാധയാ-
ലുക്ത,മിതേകട്ടെ നിത്യസൗഖ്യം!
ആരുടെതൃക്കാൽക്കലഞ്ജലിചെയ്വൂ ഞാ-
നീ രമ്യഗീത,മക്കേശവനെ,
കാമനുംകാമനെ,ക്കാരുണ്യപൂർണ്ണനെ,-
ക്കാർമുകിൽവർണ്ണനെ, ക്കൈതൊഴുന്നേൻ!
എന്നെക്കാൺകെ വനത്തിൽ, വേണു തനിയേ
തൻ കൈയിൽനിന്നൂർന്നുവീ-
ണൊന്നായ്ച്ചില്ലി ചുളിച്ചു വല്ലവികളാ
നേർക്കുറ്റുനോക്കീടവേ;
സ്വിന്നശ്രീലകപോലനായ്, സ്മയമയ-
സ്മേരാമൃതാർദ്രാസ്യനായ്
നിന്നോരവ്രജകന്യകാവരിതനെ-
ദ്ദർശിപ്പു ഹർഷിപ്പു ഞാൻ!
നോക്കിക്കാണാൻ ഞെരുങ്ങുംവടിവവിടവിടെ-
പ്പിഞ്ചിളം മൊട്ടുപൊട്ടി-
പ്പൂക്കും കങ്കേളി, പൊയ്കയ്ക്കരികിലരിയ പൂ-
ങ്കാവിലോലും സമീരൻ,
വായ്ക്കും ഝങ്കാരപൂരസ്വരമൊടിളകിടും
ഭൃംഗികാരാശി പുൽകി-
പ്പൂക്കും തേന്മാ,വിതെല്ലാമയി സഖി, മമ ഹൃ-
ത്താരിലത്യാധി ചേർപ്പൂ!
സാകൂതസ്മിതരായി വാർമുടിയഴി-
ഞ്ഞാകുഞ്ചിതഭ്രൂക്കളയ്
രാകേശാർദ്ധനഖക്ഷതാവൃതലസ-
ദ്വിക്ഷുബ്ധക്ഷോജരായ്,
ആകമ്രച്ഛലപൂർവ്വകം ഭുജലതാ-
മൂലാവലോകം തെളി-
ഞ്ഞേകം ഗാപികളായ് രമിച്ച ഭഗവാ-
നേകട്ടെ നിത്യം ശുഭം!