ദേവഗീത/സർഗ്ഗം മൂന്ന്-മുഗ്ദ്ധമധുസൂദനം

ദേവഗീത (ഖണ്ഡകാവ്യം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സർഗ്ഗം മൂന്ന് - മുഗ്ദ്ധമധുസൂദനം
(ജയദേവകൃതമായ ഗീതഗാവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945
ദേവഗീത
  1. സാമോദദാമോദരം
  2. അക്ലേശകേശവം
  3. മുഗ്ദ്ധമധുസൂദനം
  4. സ്നിഗ്ദ്ധമധുസൂദനം
  5. സാകാംക്ഷപുണ്ഡരീകാക്ഷം
  6. സോൽക്കണ്ഠവൈകുണ്ഠം
  7. നാഗരികനാരായണം
  8. സാകാംക്ഷപുണ്ഡരീകാക്ഷം
  9. അമന്ദഗോവിന്ദം
  10. ചതുരചതുർഭുജം
  11. സാനന്ദഗോവിന്ദം
  12. സാമോദദാമോദരം

മൂന്നാം സർഗ്ഗം
മുഗ്ദ്ധമധുസൂദനം

തിരുത്തുക

കംസാരിയായിസ്സംസാര-
വാസനാബദ്ധനാം ഹരി,
സന്ത്യജിച്ചു രാധികയെ-
ച്ചിന്തി,ച്ചന്യവധുക്കളെ.
അനംഗപീഡാകുലനാനുശായിതൻ
വനത്തിലങ്ങിങ്ങു തിരഞ്ഞു രാധയെ
ഇനാത്മജകൂലനികുഞ്ജമൊന്നിൽവ-
ന്നണഞ്ഞു,കാണാഞ്ഞഴലാർന്നു മാധവൻ.

ഗീതം ഏഴ്

തിരുത്തുക

         1
മുഗ്ദ്ധഗാപവിലാസിനിമാർതൻ
മദ്ധ്യത്തിലെന്നെക്കാൺകയാൽ,
രുഷ്ടയാ,യപരാധിയാമെന്നെ
വിട്ടകന്നുപോയ് രാധിക.
ഹാ, തടുത്തില പോയിടായ്കെന്നു
ഭീതചിത്തനായ് നിന്നെ ഞാൻ.
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിച്ചെയ്വതിന്നു ഞാൻ?

         2

കഷ്ടമയ്യോ, ചിരവിരഹത്താൽ
കത്തുകയാണാമാനസം.
എന്തുചെയ്യുമോ ദീനയാമവ-
ളെന്തു വാക്കുകളോതുമോ?
എന്തുകാര്യം ധനജനസുഖ-
മന്ദിരാദികൾകൊണ്ടു മേ?
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിച്ചെയ്വതിന്നു ഞാൻ?

         3

ചഞ്ചലനീലഭൃംഗരഞ്ജിത-
മഞ്ജുളാരുണാബ്ജോപമം,
കോപവക്രിതഭ്രൂലതാങ്കിത-
കോമളാസ്യമതോർപ്പു ഞാൻ.
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിച്ചെയ്വതിന്നു ഞാൻ?

         4

അന്തരംഗസ്ഥയാമവളെ ഞാൻ
സന്തതം രമിപ്പിക്കവേ,
എന്തിനായ്ത്തിരക്കുന്നു പിന്നെ ഞാൻ
ഹന്ത,യീ വനവീഥിയിൽ?
ചിന്തയിൽ മനം നൊന്തുനൊന്തേവ-
മെന്തിനായ് വിലപിപ്പു ഞാൻ?
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിയിന്നു ചെയ്വു ഞാൻ?

         5

അന്തികത്തിൽനിന്നെന്നെ വിട്ടേവ-
മെന്തിനോമനേ, പോയി നീ?
ഖിന്നമാണു വെറുമസൂയയാൽ
സന്നതാംഗി, നിൻ മാനസം.
ആകയാൽ നിനക്കാകുകില്ലെനി-
യ്ക്കേകുവാനിന്നു സാന്ത്വനം.
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിച്ചെയ്വതിന്നു ഞാൻ?

         6

നിന്നെയോമനേ,കാണ്മൂ,ഹന്ത ഞാൻ
മുന്നിലിങ്ങിതാ നിൽപു നീ.
ഉണ്മയിൽപ്പിന്നെയെന്തുകൊണ്ടണ-
ഞ്ഞുമ്മവെയ്പതില്ലെന്നെ നീ?
കാതരാക്ഷി, ഹാ, തെല്ലുമിന്നതിൻ
കാരണമറിവീല ഞാൻ.
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിച്ചെയ്തിടേണ്ടു ഞാൻ?

         7

മോഹിനി, മാപ്പലിഞ്ഞു നൽകുകെൻ
സാഹസത്തിനെനിക്കു നീ.
ഇല്ലപരാധമീദൃശം മേലി-
ലില്ല ചെയ്യുകയില്ല ഞാൻ.
മന്മഥാകുലനാണു ഞാൻ, തരൂ
കണ്മണീ, തവ ദർശനം!
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിച്ചെയ്വതിന്നു ഞാൻ?

         8

അത്ര ഭക്തനായ് 'തിന്ദുവില്വ'മാ-
മബ്ധിയിങ്കൽനിന്നുത്ഥനായ്,
സോമകൽപകനായ്, ജയദേവ-
നാമനാകും കവിയിതാ,
യാതൊരു പദപങ്കജത്തിലി-
ഗ്ഗീതിയഞ്ജലിചെയ്വിതോ,
അപ്പവിത്രഹരിപദയുഗ-
മെപ്പൊഴുമേകും മംഗളം!
തണ്ടാർസായക,മദ്ഗളത്തിൽ ഗരള-
ശ്രീയല്ല, നീലോൽപല-
ച്ചെണ്ടാ,ണബ്ഭുജഗശന,ല്ലുദകജ-
ത്തണ്ടാണുരസ്സിങ്കൽ മേ,
കണ്ടീടുന്നതു ഭസ്മമല്ലുടലിൽ മേ,
മാലേയമാ, ണെന്തിനായ്-
ക്കൊണ്ടെൻനേർക്കു വരുന്നു നീ, വിരഹി ഞാ-
നെയ്യാൻ ഹരഭ്രാന്തിയാൽ?
ലോകം ലീലയിൽ വെന്ന മന്മഥ, കുല-
ച്ചെൻനേർക്കു നിൻ വില്ലു, നീ
തൂകായ്കസ്ത്രശതങ്ങൾ, മൂർച്ഛിതരെയെ-
ന്തർദ്ദിപ്പതിൽ പൗരുഷം?
ഹാ, കഷ്ടം, ഹരിണാക്ഷിതൻ കടമിഴി-
ക്കോണെയ്ത കൂരമ്പുകൊ-
ണ്ടാകെച്ചിദ്രിതമെൻ ഹൃദന്ത,മതിനി-
ല്ലാശ്വാസമിന്നൽപവും!
ഹാ, മർമ്മവ്യഥ ചില്ലിവില്ലിൽ മിഴിയ-
മ്പേകട്ടെ, ചെയ്യട്ടതി-
ശ്യാമാത്മത്വമെഴുന്നൊരക്കുടിലമാം
വാർകൂന്തൽ മാരോദ്യമം
വാമേ, മോഹമണച്ചിടട്ടിവനു നിൻ
രാഗാർദ്രബിംബാധരം
ഭീമോഗവ്യഥ ചേർക്കിലോ മനസി നിൻ
സദ്വൃത്തവക്ഷോരുഹം?
ഏതോമൽകരപത്മസംഗമസുഖം,
ചഞ്ചൽകടാക്ഷോത്സവം,
പൂതസ്യാംബുജസൗരഭം, സുധിതമാ-
മാവക്രസംഭാഷണം
ചേതസ്സാൽനുകരുന്നിതേതധരമാ-
ധുര്യം സതൃഷ്ണം സ്വയം
ജാതം കൽപനയിങ്കലൊക്കയുമ, താ-
ർക്കെങ്ങാ വിയോഗാതപം?...

ചേണഞ്ചിടുന്ന പുരികക്കൊടി വില്ലു, കൂർത്ത
ബാണങ്ങളായെഴുമപാംഗതരംഗജാലം;
ഞാണായ കർണ്ണ, മിവയൊത്തുലസിപ്പു, പുഷ്പ-
ബാണന്റെ ദിഗ്വിജയജംഗമദേവതേ, നീ!
താളത്തോടൊത്തു പീലിത്തിരുമുടിയിളകി,-
സ്സാന്ദ്രമാം വേണുഗാനം
മേളിക്കെത്തൽസ്സരിത്തിൽ ഹൃദയമലിയുമാ-
മുഗ്ദ്ധന്മാർ കണ്ടിടാതെ,
ഓളം രാധാകപോലങ്ങളിലിളകിയനു-
സ്യൂതമായാപതിക്കും
ലീലാഗാപാലനേത്രാഞ്ചലമനവരതം
നിങ്ങളെക്കാത്തിടട്ടേ!