ദേവഗീത/സർഗ്ഗം ഒമ്പത്-അമന്ദഗോവിന്ദം
←സാകാംക്ഷപുണ്ഡരീകാക്ഷം | ദേവഗീത (ഖണ്ഡകാവ്യം) രചന: സർഗ്ഗം ഒമ്പത് - അമന്ദഗോവിന്ദം |
ചതുരചതുർഭുജം→ |
(ജയദേവകൃതമായ ഗീതഗാവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945 |
ദേവഗീത |
---|
|
ഒൻപതാം സർഗ്ഗം
അമന്ദഗോവിന്ദം
തിരുത്തുക
മല്ലീശരോന്മഥിതയായ്, രതിഭഞ്ജനത്താ-
ലുല്ലാസമറ്റു കലഹാന്തരിതാർദ്രയായി,
കല്യാണകൃഷ്ണപരിതങ്ങൾ നിനച്ചവാഴും
മല്ലാക്ഷിയോടു സഖിയോതി രഹസ്സിലേവം:
ഗീതം പതിനെട്ട്
തിരുത്തുക 1
മഞ്ജുവാസന്തികാഭയിൽ മുങ്ങി
മന്ദമാരുതൻ വീശുമീ രാവിൽ,
അച്യുതനൊത്തു മേളിപ്പതേക്കാ-
ളിജ്ജഗത്തിലെന്തുണ്ടൊരു ഭാഗ്യം!
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
2
നൽക്കരിമ്പനതന്നിളന്നീരി-
ന്നോക്കുമോമൽസ്തനകലശങ്ങൾ,
സുന്ദരങ്ങൾ, സരസങ്ങൾ, നീയി-
ന്നെന്തിനയ്യോ, വിഫലീകരിപ്പൂ?
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
3
അദ്ഭുതോജ്ജ്വലവിഗഹനാകു-
മച്യുതനെത്യജിച്ചിടായ്കെന്നായ്,
അത്രമേൽക്കേണു ഞാനെത്രവട്ടം
അർത്ഥനചെയ്തു നിന്നോടു, കഷ്ടം!
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
4
എന്തിനീദു:ഖ, മെന്തിനീ ബാഷ്പ,-
മെന്തിനീദൃശവിഹ്വലഭാവം?
അക്കലാലോലഗാപികാസംഘ-
മൊക്കെ നിന്നെപ്പരിഹസിക്കില്ലേ?
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
5
ശീതളമായ്, പരിമൃദുവാമ-
ശ്വേതപത്മദളാസ്തരംതന്നിൽ,
അമ്മഴമുകില്വർണ്ണനെ നോക്കൂ!
നിന്മിഴികൾ സഫലീകരിക്കൂ!
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
6
അന്തരംഗത്തിലുൾക്കടശോക-
മെന്തിനായ് നീ ജനിപ്പിപ്പതേവം?
കുത്സിതോദിതമാണീ വിയോഗം
മത്സഖി, കേൾക്കുകെൻ മൊഴി വേഗം!
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
7
വന്നിടും മധുസൂദനൻ വീണ്ടും
ചൊന്നിടും മധുരോക്തികൾ വീണ്ടും
എന്തിനുപിന്നെയീവിധം, കഷ്ടം!
സന്തപിപ്പൂ നിൻ മൃദുചിത്തം?
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
8
ശ്രീയുതം, ജയദേവഭണിതം,
മായാഗാപമഹിതചരിതം;
ഹാ, ലളിതമിതേകാവു മോദം
ശ്രീലചിത്തർ നിങ്ങൾക്കു സതതം!
ഏതുദേവന്റെ തൃപ്പദം, പൂതം,
ജാതമോദം സ്തുതിപ്പതിഗ്ഗീതം,
ഹന്ത, യദ്ദേവനെത്തിടും നേരം
എന്തിനെന്തിനീ നീരസഭാരം?
പ്രേയാനോടു ചൊടിച്ചു കാലിണ പിടി-
ച്ചിട്ടും കുലുങ്ങീ, ലഹോ,
നീയീർഷ്യാകുലയായിനിന്നു, നിതരാം
വൈമുഖ്യവും കാട്ടി നീ;
ഹാ, യുക്തം തവ ചന്ദനം കടുവിഷം
നീഹാരപൂരം കൊടും-
തീ, യോമൽശ്ശിശിരാംശു ചണ്ഡതപനൻ
ക്രീഡോത്സവം പീഡയും!
സാനന്ദേന്ദ്രാദിവൃന്ദാരകഗണമകുട-
സ്ഥേന്ദ്രനീലോപലത്താ,-
ലാനമ്രാപീഡരാകെ, ക്കുവലയകലികാ-
വീഥി മേളിച്ചു മിന്നി,
തേനേറ്റം വാർന്നു നീരം പെരുകിയൊഴുകിടും
ഗംഗപോലുല്ലസിക്കും
ശ്രീനാഥന്തൻ പാദാബ്ജം, കലുഷമകലുവാൻ
സാദരം കൂപ്പിടുന്നേൻ!