ദേവഗീത/സർഗ്ഗം പതിനൊന്ന്-സാനന്ദഗോവിന്ദം
←ചതുരചതുർഭുജം | ദേവഗീത (ഖണ്ഡകാവ്യം) രചന: സർഗ്ഗം പതിനൊന്ന് - സാനന്ദഗാവിന്ദം |
സാമോദദാമോദരം→ |
(ജയദേവകൃതമായ ഗീതഗാവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945 |
ദേവഗീത |
---|
|
പതിനൊന്നാം സർഗ്ഗം
സാനന്ദഗാവിന്ദം
തിരുത്തുക
ഏണാക്ഷീമണിയെച്ചിരം മധുരമയ-
പ്രേമാർദ്രസാമോക്തിയാൽ
പ്രീണിപ്പിച്ചു, വിലാസി, കേളിശയനം
പ്രാപിക്കവേ കേശവൻ;
കാണാനേറെ ഞെരുങ്ങുമാറിരുൾചൊരി-
ഞ്ഞെത്തീടവേ സന്ധ്യ, തൻ
പ്രാണസ്വാമിനി രാധയോടു സഖി ചെ-
ന്നേവം കഥിച്ചീടിനാൾ:
ഗീതം ഇരുപത്
തിരുത്തുക 1
മധുരമൊഴി, മടിയരുതേ, മമ സഖി, നീ രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
ചകിതനായിച്ചാരെയെത്തിച്ചാടുവാക്കുകൾ തൂകി-
ച്ചരണയുഗം, ശരണമെന്നായ് പ്രണമനവുമേകി;
വഞ്ജുളലതാകുഞ്ജകത്തിൽ മഞ്ജുകേളീതൽപം
സഞ്ചയിച്ചു, നഞ്ചിടിപ്പു തഞ്ചുമാറനൽപം;
അനുഗതനായ് തവ രമണൻ കാത്തിരിപ്പൂ കാലേ
അനുചിതമാണിനി വിളംബമിതറിയുക നീ, ബാലേ!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
2
ഘനജഘനസ്തനകലശഭാരഭരേ, ബാലേ,
കനകകോമളമണിമയോജ്ജ്വലനൂപുരങ്ങളാലേ;
ഒലിയലകളിളകി, ബന്ധുരമന്ഥരഗതിയാലേ
കലിതകൗതുകം പ്രിയനികുഞ്ജകം പൂകുക നീ ചാലേ!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
3
ശൃണു സഖീ, നീ, കുതുക മധുകരകലാപം
മനസി മോഹം, തരുണിമാർക്കേകിപ്പെയ്തിടുമാലാപം!
കുസുമസായകചരണസേവകുമുദിതകോകിലജാലം
കുതുകദായകമധുരകാകളി ചൊരിയുവൊരിക്കാലം;
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
4
അനിലചഞ്ചലമൃദുലപല്ലവലളിതപാണികളാലേ
അരുതു, താമസമരുതെന്നായ് സ്വയമരുളിടുന്നതുപോലേ;
വനലതാവലി വെമ്പിനിൽപൂ വടിവൊടീ രണമേകി
വനജലോചനേ, വരിക, നേരം വളരെയയ്യോ, വൈകി!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
5
വിമലജലധാരപോലീവിചലമണിഹാരം
വിലസിടുമിക്കുചകലശമിളകിടുന്നൂ പാരം;
ഹരിമൃദുകരപരിരംഭാമൃതപുളകസൂചനചാർത്തി-
പ്പരിലസിപ്പൂ കാമവീചീവീഥികളിൽത്തത്തി!
ശകുനമിതു പിശുനം വാമസ്തനചലനം, നൂനം.
ശരി, യതിനോടറിക ചോദിച്ചരുതിനിയഭിമാനം.
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
6
തവസഖികൾ സകലരുമിക്കാര്യമിന്നറിഞ്ഞു
തവ തനുവും രതിസമരസജ്ജമായ്ക്കഴിഞ്ഞു.
അതിരസിതരശനരവഡിണ്ഡിമസമേതം
മതി, കുപിതേ, ലജ്ജ, വേഗം പൂകുക സങ്കേതം!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
7
സ്മരശരസമനഖരുചിരമാം
കരമൊരാളിതൻ തോളിൽ
അരിചിൽച്ചേർത്തു, നിൻ കനകകങ്കണ-
സ്വനമിളകവേ, ചേലിൽ;
ഗമനംചെയ്ക നീ സസുഖമങ്ങനെ-
തവസുഖഗതിശീലം
കമനി, നിൻ പ്രിയനറിവു നൽകട്ടെ
ശിഥിലശിഞ്ജിതജാലം!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
8
മുഗ്ദ്ധമോഹനമായി മിന്നിടും മുത്തുമാലകൾപോലും
മുക്തമായിത്തീർന്നിടുമാറത്ര കാന്തികോലും;
വസ്ത്രഭൂഷാദ്യുജ്ജ്വലശ്രീഭഞ്ജനസമാനം
സദ്രസമനർഗ്ഗളമായ് നിർഗ്ഗളിക്കുമിഗ്ഗാനം;
ഹരിപദയുഗനളിനസേവനനിരതതൻ ഗളംതന്നിൽ
പരിലസിക്കട്ടേ പരമനിർവൃതിപകർന്നു നിത്യവും മന്നിൽ!
ശ്രീജയദേവൻ ഭജിപ്പതേതു ദേവപാദം
ഹാ, ജവ, മക്കേശവനോടങ്കുരിതമോദം;
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
കാണും വന്നെന്നെ, യോതും സ്മരകഥയവൾ, പ്ര-
ത്യംഗമാശ്ലേഷമേകി-
പ്രീണിപ്പിക്കും, രമിക്കും, മനസിയിതുവിധം
ചിന്തയാലാർത്തനായി;
പ്രാണേശൻ നോക്കിനിന്നെപ്പുളകിതതനുവായ്
വേപമാളുന്നു, ഹർഷം
പൂണുന്നൂ മെയ് വിയർത്താ സ്ഥിരതിമീരനികു-
ഞ്ജത്തിൽ മൂർച്ചിച്ചിടുന്നു!
കണ്ണിന്നഞ്ജനരേഖ, കാതിൽ നവമാം
താപിഞ്ഛകം, ശ്യാമമാ-
മർണ്ണോജാളി ശിരസ്സി, ലാ മുലകളിൽ
കസ്തൂരികാകർദ്ദമം;
എന്നീമട്ടണിയിച്ചു, നീലവസന-
ശ്രീചേർന്നു, കുഞ്ജം നിറ-
ഞ്ഞൊന്നായ് സ്വൈരിണിമാർക്കു, മത്സഖി, തമ-
സ്സേകുന്നിതാലിംഗനം!
പോവുന്നോരഭിസാരലോലുപകളാം
കാഷ്മീരഗൗരാംഗിമാർ
താവും കാഞ്ചനകാന്തികന്ദളികളാ-
ലാബദ്ധരേഖാളിയായ്
മേവും തിഗ്മതമാലപത്രനിരപോ-
ലാനീലമാമിത്തമ-
സ്സേവം തൽപ്രിയരാഗഹേമനികഷ-
സ്ഥാനം വഹിപ്പൂ, സഖി!
ഹാരങ്ങൾ, കാഞ്ചി, മണിനൂപുരകങ്കണങ്ങ-
ളാരമ്യദീപ്തരുചിചേർത്ത ലതാഗൃഹത്തിൽ
ആരാലണഞ്ഞ, ഹരിദർശനജാതലജ്ജാ-
ഭാരാവനമ്രമുഖി രാധയോ, ടോതി തോഴി:
ഗീതം ഇരുപത്തൊന്ന്
തിരുത്തുക 1
രതിരസരഭസജഹസിതേ, രാധേ,
രമിക്കുക ചെന്നു നീ ഹരിസവിധേ!
മലർവല്ലിക്കുടിലിൽ നീ കടന്നു ചെല്ലൂ,
മദനോത്സവങ്ങളിൽപ്പങ്കുകൊള്ളൂ!
2
കുചഹേമമയകുംഭതരളഹാരേ!
കുളിർനവാശോകദളശയനസാമേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
3
മനസിജഖരശരരഭസഭാവേ1
മധുമത്തമധുകരകലിതരാവേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
4
സുമസമസുലളിതമൃദുലദേഹേ!
സുരഭിലസുമദളര ചിതഗഹേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
5
മദകരരസഭരഗാനലോലേ!
മലയനവാനിലശീതകാലേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
6
വിലസിതപീനസ്തനഘനജഘനേ!
വിതതലതാശതപത്രഘനേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
7
സിതരദസ്മിതരുചിജിതശിഖരേ!
ശതശതപരഭൃതസ്വരമുഖരേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
8
വിഹിതപത്മാവതിസുഖവിഭവൻ,
വിബുധനാം ജയദേവൻ, കവിതിലകൻ,
അടിയറവെപ്പിതിദ്ദിവ്യഗീതം,
അരുളുക മുരഹര, മമ സുകൃതം!
മഹിയിലേതീശൻതൻ ചരണപത്മം
മഹിതമിഗ്ഗീതത്തിൻ ശയനസത്മം,
രമിക്കുവാനാ ദിവ്യഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
നിന്നെത്തന്നെ വഹിച്ചു ഹൃത്തി, ലതിയായ്
ക്ഷീണിച്ചു, കന്ദർപ്പനാ-
ലുന്നിദ്രവ്യഥയാർന്നു നിന്നധരപീ-
യൂഷം കൊതിക്കുന്നിവൻ;
ചെന്നൊന്നൽപമിരിക്കുകാ മടിറ്റിൽ, നിൻ
കണ്ണേറിലാകൃഷ്ടനായ്
നിന്നീടുന്നു നമിച്ചിതാ, സഖി, നിന-
ക്കെന്തിന്നിനിസ്സംഭ്രമം?
ഉടനവളതിമോദമാർന്നു, ചഞ്ചൽ-
ക്കടമിഴിയാൽക്കടൽവർണ്ണനെത്തലോടി,
സ്ഫുടതരമണിനൂപുരാരവശ്രീ
തടവി നടന്നു ലതാഗൃഹത്തിലെത്തി.
ഗീതം ഇരുപത്തിരണ്ട്
തിരുത്തുക 1
രാധാനനശുഭദർശനതരളവികാരവിഭംഗിതനായ്
രാകേശോദയദീപ്തതരംഗജലാശയകൽപകനായ്
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
2
അമലതരോജ്ജ്വലഹാരമുരസ്സതിലൊളിചേർത്തതിനാലേ
സമുദിതബുദ്ബുദനിബിഡിതയമുനാജലപൂരമ്പോലേ;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
3
അതിമൃദുഗൗരദുകൂലം ശ്യാമളതനുവിലണിഞ്ഞനിശം
വിതതപരാഗസമൂഹസമുജ്ജ്വലനീലാംബുജസദൃശം;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
4
തരളദൃഗഞ്ചലചലനമനോഹരമാകിന നിജവദനം
തരുണീമണിതൻഹൃത്തിലനങ്കുശരതിചോദനനടനം;
രഞ്ജിപ്പിച്ചക്കഞ്ജോദരഭുവിസന്ദീപിതകാമം
ഖഞ്ജനമിഥുനമിണങ്ങും ശാരദശാന്തതടാകസമം;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
5
വദനാംബുജപരിസേവിതരവിസമകുണ്ഡലമണ്ഡിതനെ
മൃദുഹസിതോജ്ജ്വലിതാധരപല്ലവകൃതരതിചോദനനെ;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
6
ശിശിരകരാമലകരനികരാകുലജലധരപടലസമം
ശിരസിജഭാരം വിധൃതവാമോഹനവികസിതവിശദസുമം.
തിമിരോദരമതിൽനിന്നുയരുന്നൊരു വിധുബിംബമ്പോലേ
തിരളൊളി കിളരും മലയജതിലകം ചേർന്നിഹ നിജഫാലേ;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
7
പുളകിതനായ്, രതിലീലാകലകളിലതിധീരതയേന്തി-
ക്കുളിർമെയ് മലരണിമണിഭൂഷണഗണകിരണശ്രീ ചിന്തി;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
8
ശ്രീജയദേവകവീശ്വരഭണിതദ്വിഗുണീകൃതഭൂഷൻ
രാജിക്കുന്നൂ രാധാകാമുകനങ്കിതപരിവേഷൻ.
ധ്യാനിച്ചീടുക ഹൃത്തിൽ സുചിരം ഹരിഭക്തന്മാരേ,
ഹാ, നിങ്ങൾക്കു ലഭിക്കും സുകൃതം പ്രണമിക്കുക നേരേ!
ഏതൊരു ദേവപദാർച്ചനയിതു മമ ഭൂവി, യബ്ഭഗവാനെ
ശാതോദരി കണ്ടാളുന്മദമൊടു വിലസും കേശവനെ!
കാതോളം ഗമനംനടത്തിയതിനാൽ-
ത്താന്തങ്ങളായ്ത്തീർന്നപോൽ
കാതര്യം കലരുന്നൊരക്കമനിതൻ
കാന്താർദ്രനേത്രങ്ങളിൽ,
ജാതാനന്ദമയാശ്രുബിന്ദുനിവഹം
പ്രാണേശനെക്കാൺകവേ
വീതാലസ്യമുദിക്കുമാ ശ്രമജലം-
പോലുൽപതിച്ചു തദാ!
അൽപം പുഞ്ചിരി ചുണ്ടിൽ വന്നതു മാ-
ച്ചീടാൻ നയത്തിൽത്തിരി-
ഞ്ഞപ്പോൾത്തന്നെ മുഖം ചൊറിഞ്ഞു വെളിയിൽ-
പ്പോയീടിനാമാളിമാർ,
തൽപാന്തത്തിലണ, ഞ്ഞനംഗരതിസാ-
കൂതപ്രിയാസ്യേന്ദു ക-
ണ്ടപ്പോളുൾത്രപയും ത്രപാഭരിതപോൽ-
ക്കൈവിട്ടിതേണാക്ഷിയെ!
വാരാളും ജയലക്ഷ്മിതൻ ശ്ലഥിതമാം
മന്ദാരപുഷ്പങ്ങൾപോൽ-
ച്ചോരത്തുള്ളികൾ തത്തി, യുഗസമരോ-
ല്ലാസം വെളിപ്പെട്ടപോൽ,
പാരം കുങ്കുമമാർന്നു, ഹാ, കുവലയാ-
പീഡത്തിനെക്കേവലം
നേരമ്പോക്കിനു, കൊന്നൊരാ ഹരിഭുജ-
ദ്വന്ദ്വം ജയിപ്പൂ ചിരം!