ഭാഷാഭാരതം/ആദിപർവ്വം/അനുക്രമണികാപർവ്വം

ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
അനുക്രമണികാപർവ്വം
[ 89 ]
അനുക്രമണികാപൎവ്വം


നാരായണനെയും സാക്ഷാൽ നരനാം നരനേയുമേ
സരസ്വതീദേവിയേയും നമിച്ചു ജയമോതുക.

1. അനുക്രമണിക


ശൗനകനാരംഭിച്ച സത്രത്തിൽ സന്നിഹിതനായ സൂതനോടു്, ചില മഹർഷിമാർ, വ്യാസനിർമ്മിതമായ ഭാരതകഥ വിസ്തരിച്ചുപറയാനാവശ്യപ്പെടുന്നു. വ്യാസൻ ഭാരതം നിർമ്മിച്ചതും അതു് ഗണപതിയെക്കൊണ്ടു പകർത്തിച്ചതും ആയ കഥ വിവരിച്ചതിനുശേഷം, സൂതൻ ഭാരതകഥയെ സംബന്ധിച്ച ഒരു ദിങ് മാത്രദർശനം നടത്തുന്നു. മഹാഭാരതശ്രവണഫല വിവരണത്തോടുകൂടി അദ്ധ്യായം അവസാനിക്കുന്നു.

ലോമഹർഷണന്റെ[1] പുത്രനുഗ്രശ്രവസ്സെന്ന പൗരാണികനായ സൂതനന്ദനൻ നൈമിഷാരണ്യത്തിങ്കൽ കുലപതിയായ ശൗനകന്റെ പന്തീരാണ്ടുകൊണ്ടു കഴിയുന്ന സത്രത്തിൽ:

നിരക്കെത്താപസശ്രേഷ്ഠരിരിക്കുന്നോരിടത്തുടൻ
പെരുത്ത വിനയത്തോടുമൊരുനാൾ ചെന്നു കേറിനാൻ.        1
നൈമിഷാരണ്യാശ്രമത്തിലാ മഹാൻ ചെന്നവാറുടൻ
ചിത്രസൽക്കഥ കേൾപ്പാനായൊത്തുകൂടീ മഹർഷികൾ.        2
പ്രത്യേകമഭിവാദ്യം ചെയ്താത്താപസരൊടായവൻ
പ്രത്യർച്ചിതൻ[2] സാധു തപോവൃദ്ധി ചോദിച്ചിതാദ്യമേ:        3
വിഷ്ടര[3]ങ്ങളിലാ യോഗിശ്രേഷ്ഠരെല്ലാമിരിക്കവേ
മുനിവാക്കാൽ പീഠമേറീ വിനീതൻ സുതനന്ദനൻ        4
ഇരുന്നവൻ വിശ്രമിച്ചെന്നറിഞ്ഞിട്ടൊരു മാമുനി
കഥാപ്രസ്താവനയ്ക്കായിട്ടയഥ ചോദിച്ചു സാദരം:        5
"വരവെങ്ങുന്നിത്രനാളും പരം നന്ദിച്ചിതെങ്ങു നീ?
സരോജനേത്ര, ഹേ സൂത, പറകെന്നോടശേഷവും."        6

[ 90 ]

എന്നു ചോദിച്ചതിൽ സൂതനന്ദനൻ ലൗമഹർഷണി1
 നിരക്കെത്താപസശ്രേഷ്ഠരിരിക്കുന്ന സഭാന്തരേ 7
മുറയ്ക്കു തത്തച്ചരിതമുരയ്ക്കുംപടി ചൊല്ലിനാൻ.
സൂതൻ പറഞ്ഞു
ജനമേജയരാജർഷി മാനി പാരീക്ഷിതൻ2 മഹാൻ 8
സർപ്പസത്രം ചെയ്യുമിടത്താ പൃത്ഥ്വീപതിയോടഹോ!
കൃഷ്ണദ്വൈപായനൻ8 ചൊന്ന പുണ്യനാനാചരിത്രവും 9
പുനരമ്മട്ടു വൈശമ്പായനൻ ചൊന്നവയൊക്കയും
ഏവം മഹാഭാരതത്തിലാവും ചിത്രകഥാക്രമം 10
കേട്ടിട്ടു തീർത്ഥക്ഷേത്രങ്ങൾ ചുറ്റിച്ചുറ്റും നടന്നു ഞാൻ.
സമന്തപഞ്ചകം4 പുണ്യസ്ഥലം പുക്കേൻ ദ്വിജാദൃതം5 11
പണ്ടാ സ്ഥലത്താണു കരുപാണ്ഡവന്മാർ പരസ്പരം
യുദ്ധം ചെയ്തതു മറ്റുള്ള പൃത്ഥ്വീനാഥരുമൊത്തഹോ! 12
പിന്നെ ഞാൻ നിങ്ങളെക്കാണ്മാൻ വന്നേനിവിടെ വിപ്രരേ!
ആയുഷ്മാന്മാർ ബ്രഹ്മഭൂതരായുള്ളോർ നിങ്ങൾ നിർണ്ണയം. 13
ഈ യഞ്ജത്തിങ്കലർക്കാഗ്നിപ്രായതേജസ്സി6യന്നവർ
അഭിഷേകം ചെയ്തു ശുദ്ധർ ജപഹോമവിധായികൾ7 14
ഭവാന്മാരരുളുന്നേടത്തിവൻ ചൊല്ലേണ്ടതെന്തിനി,
പുരാണപുണ്യകഥകൾ പരം ധർമ്മാർത്ഥബന്ധികൾ8 15
നരേന്ദ്രമാമുനിജനവരേണ്യചരിതങ്ങളിൽ?
ഋഷികൾ പറഞ്ഞു
പരാശരാത്മജൻചൊന്ന പുരാണം പുണ്യമുത്തമം 16
സുരബ്രഹ്മർഷിപരിഷ പരം ശ്ലാഘിപ്പതല്ലയോ?
അവ്വണ്ണമേ ശ്രേഷ്ഠചിത്രപർവ്വബന്ധമനോജ്ഞമായ് 17
സൂക്ഷ്മാർത്ഥന്യായമായ് വേദമാർഗ്ഗപ്പൊരുളണിഞ്ഞതായ്,
ഭാരതാഖ്യേതിഹാസ10 ത്തിൻ സാരപുണ്യാർത്ഥമൊത്തതായ് 18
ശുദ്ധിയോടും സർവ്വശാസ്ത്രവൃത്തിയോടും തെളിഞ്ഞതായ്,
ജനമേജയനെന്നുള്ള ജനനാഥനൊടദ്ധ്വരേ 19
വ്യാസവാക്കാലോതിയല്ലോ വൈശാമ്പയാനമാമുനി.
നാലുവേദത്തിന്റെയും സത്താലേ വ്യാസൻ ചമച്ചതായ് 20
പുണ്യസംഹിതയുള്ളോന്നു ചൊന്നാലും പാപനാശനം.

[ 91 ]

സൂതൻ പറഞ്ഞു
ആദിചൈതന്യമീശാനൻ ഹുതിസ്തുതിഫലപ്രദൻ1 21

സത്യൈകപൂർണ്ണബ്രാഹ്മാഖ്യൻ വ്യക്താവ്യക്തനനശ്വരൻ,
അസൽസദസദാകാരൻ വിശ്വാത്മാ സദാസൽപരൻ 22

പരാപരങ്ങൾ2 സൃഷ്ടിപ്പോൻ പുരാണൻ പരനവ്യയൻ,
മംഗല്യൻ മംഗലൻ വിഷ്ണു വരേണ്യനനഘൻ ശുചി 23

ഏവമുള്ള ഹൃഷീകേശൻ വിശ്വാചാര്യന്നു കൂപ്പി ഞാൻ,
ചൊല്ലന്നത്ഭുതകർമ്മാവായുള്ളാ വ്യാസർഷിതൻ മതം 24

എല്ലാരുമാദരിപ്പോന്നതെല്ലാം ചൊല്ലാം ശുഭാവഹം
ഓതീട്ടുണ്ടോതിടുന്നുണ്ടിങ്ങോതീടും പലരൂഴിയിൽ 25

ഇതിഹാസമിതത്യന്തമതിയാർന്ന മഹാജനം.
ദിവ്യമാനുഷസങ്കേതഭവ്യമായ് ശബ്ദഭംഗിയിൽ 26

ഇതു നാനവിധച്ഛന്ദോമധുരം3 വിബുധപ്രിയം.
ഇങ്ങു തേജഃപ്രകാശം വിട്ടെങ്ങും തിങ്ങും തമോമയേ4 27

മുന്നം പ്രജാബീജമായോരണ്ഡമുണ്ടായിതവ്യയം.
യുഗാദിയിങ്കലുണ്ടായ ലോകകാരണമാമതിൽ 28

സത്യജ്യോതിർബ്രഹ്മതത്ത്വം നിത്യമൊത്തെന്നുപോൽ ശ്രുതി.
അത്ഭുതാചിന്ത്യരൂപന്താനെപ്പോഴുമതഹോ! സമം 29

അവ്യ‌ക്തം ഹേതു ദുർജ്ഞേയം ദിവ്യം സദസദാത്മകം.
അതിൽ പിതാമഹൻതാനങ്ങുദിച്ചാനാ പ്രജാപതി 30

ബ്രഹ്മാ വിഷ്ണു ശിവാംഗൻ കൻ പരമേഷ്ഠി പരം മനു.
ദക്ഷൻ പ്രാചേത‌സൻ പിന്നെദക്ഷനന്ദനരേഴുപേർ 31

പ്രജാപതികൾ മൂവേഴുപേർ പിറന്നാരതിൽ പരം;
സർവ്വർഷിവിദതൻ സാക്ഷാൽ സർവ്വരൂപൻ പരാൽപരൻ 32

വിശ്വേദേവകളാദിത്യവസുനാസത്യരാദികൾ
യക്ഷസാദ്ധ്യപിശാചുക്കൾ ഗുഹ്യകന്മാർ പിതൃക്കളും. 33

പിന്നെയുണ്ടായി മുനികൾ പണ്ഢിതബ്രഹ്മവാദികൾ
രാജൽഗുണന്മാർ വളരെ രാജർഷിപ്പെരുമാക്കളും 34

അപ്പർക്കൻ ദ്യോവു ഭൂ വായുവഭ്രചന്ദ്രാഗ്നിദിക്കുകൾ
വർഷർത്തു മാസപക്ഷാഹോരാത്രങ്ങൾ മുതലായിഹ 35

ലോകസാക്ഷികളായ് നില്പതാകവേ,യെന്നുവേണ്ടഹോ!
പരമീയുലകിൽ കാണും ചാരാചരമശേഷവും 36

ഇതിങ്കലുണ്ടായ് പ്രളയമതിലെല്ലാം ലയിക്കുമേ.
ഋതുലിംഗങ്ങളോരോരോ ഋതുക്കളിലെഴും വിധം 37

[ 92 ]

ഇതു വീണ്ടും യുഗംതോറും പുതുതായുത്ഭവിക്കുമേ.
ഈവണ്ണമേ നിത്യബോധമാവതോളം ക്ഷയോദയാൽ1 38

മുറ്റും സംസാരമാം ചക്രം ചുറ്റുമാദ്യന്തമെന്നിയേ.
മുപ്പത്തിമൂവായിരവും മുന്നൂറും മുപ്പതു പരം 39

മുപ്പത്തിമൂന്നുമാണല്ലോ സംക്ഷേപാദ്ദേവസൃഷ്ടികൾ
ദ്യോവിൻ മകൻ ബൃഹത്ഭാനു ചക്ഷുരാത്മാ വിഭാവസു 40

ഋചീകൻ സവിതാവർക്കൻ ഭാനുവാശാവഹൻ രവി.
വൈവസ്വതന്മാരെല്ലാരുമീ വർഗ്ഗേ മനുവുത്തമൻ 41

ദേവഭ്രാട്ടാണു തൽ പുത്രൻ സുഭ്രാട്ടവനു നന്ദനൻ.
സുഭ്രാട്ടിന്നും മൂന്നു പുത്രർ സുപ്രജന്മാർ ബഹുശ്രുതർ 42

ദശജ്യോതിശ്ശതജ്യോതിസ്സഹസ്രജ്യോതിരാഖ്യരാം.
ദശജ്യോതിസ്സിനുണ്ടായീ പുത്രന്മാർ പതിനായിരം 43

അതിലും പത്തിരട്ടിച്ചു ശതജ്യോതിസ്സിനാത്മജർ
പത്തിരട്ടിച്ചതിന്നുമ്മേൽ സഹസ്രജ്യോതിരാത്മജർ. 44

ഈവഴിക്കാം കുരുയദുകുലം ഭരതവംശവും
യയാതീക്ഷ്വാകുവംശങ്ങൾ മറ്റു മന്നവർവംശവും; 45

കലർന്നനേകവംശത്തിൽ പലസൃഷ്ടിപ്പരപ്പുമേ.
ഭൂതസ്ഥാനസ്ഥിതികളും ത്രിവർഗ്ഗത്തിൻ രഹസ്യവും 46

കർമ്മോപാസനവിജ്ഞാനകാണ്ഡത്രൈവർഗ്ഗികങ്ങളും
ധർമ്മകാമാർത്ഥവിസ്താരവന്മഹാശാസ്ത്രജാലവും 47

ലോകയാത്രകളും കണ്ടാനാകേ യോഗാൽ മുനീശ്വരൻ .
ഇതിഹാസം പലവിധമ‌തിൻ വ്യാഖ്യാ ശ്രുതിപ്പൊരുൾ 48

ഇതിൽ ക്രമപ്പെടുത്തീട്ടുണ്ടിതീ ഗ്രന്ഥസ്വരൂപമാം.
പരത്തീട്ടും മഹാജ്ഞാനം ചുരുക്കീട്ടും മുനീശ്വരൻ 49

പറഞ്ഞാനിതിൽ വിസ്താരച്ചുരുക്കങ്ങൾ ബുധപ്രിയം.
മന്വാദ്യമേ ഭാരതമെന്നാസ്തികാദ്യമിതെന്നുമേ 50

വസുവൃത്താദ്യമെന്നും വെച്ചിതോരോയോഗ്യർ ചൊല്ലുവോർ2
അനേകസംഹിതാജ്ഞാനം മനീഷികൾ വിളക്കുവോർ 51

വ്യാഖ്യാനിപ്പോർ ചിലർ ചിലരീഗ്രന്ഥം ദൃഢമേന്തുവോർ.
തപോവ്രതബ്രഹ്മചര്യവ്യവസായങ്ങളാൽ പരം 52

ഇതിഹാസമിതുണ്ടാക്കീ പുണ്യം സത്യവതീസുതൻ3
ബ്രഹ്മർഷി പാരാശരനാ ബ്രഹ്മജ്ഞൻ സംശിതവ്രതൻ4 53

അവ്വണ്ണമീ മഹാഖ്യാനം സർവ്വം കല്പിച്ചു മാമുനി;

[ 93 ]

ഇതെങ്ങനേ ശിഷ്യലോകർക്കോതേണ്ടൂയെന്നുമോർത്തുതേ 54

ഇത്ഥം ദ്വൈപായനമുനിയോർത്തിരിപ്പതറിഞ്ഞുടൻ
മുനിപ്രീതിക്കുമഖിലജനങ്ങൾക്കു ഹിതത്തിനും 55

എഴുന്നെള്ളീ ലോകഗുരു ഭഗവാനങ്ങു നാന്മുഖൻ.
ബ്രഹ്മനെക്കണ്ടത്ഭുതം പൂണ്ടമ്മഹാൻ കൂപ്പിനിന്നുടൻ 56

പീഠം കൊടുത്തുതാൻ കൂടെക്കൂടും മാമുനിമാരൊടും
ഹിരണ്യഗർഭനരുളിയിരിക്കെപ്പരമാസനേ 57

അരികിൽ കുപ്പിനിന്നാനാ വരിഷ്ഠൻ1 വാസാവീസുതൻ2
പരമേഷ്ഠി വിരിഞ്ചന്റെ പരമാനുജ്ഞയേറ്റുടൻ 58

വ്യാസനും പീഠമാനന്ദഹാസംപൂണ്ടാണ്ടിതന്തികേ,
ഉണർത്തിച്ചാൻ ബ്രഹ്മനോടാ മുനി പിന്നെ വിനീതനായ്. 59

വ്യാസൻ പറഞ്ഞു
ഒരു കാവ്യം ചമച്ചേൻ ഞാൻ പെരുതും ബുധപൂജിതം
ബ്രഹ്മൻ, വേദരഹസ്യങ്ങളമ്മട്ടന്യാഗമങ്ങളും3 60

സാംഗോപാംഗശ്രുതിശിരോമംഗലശ്രുതിവിസ്തരം4
ഇതിഹാസപുരാണങ്ങൾ ഗതിക്കുന്മേഷപോഷണം 61

ഭൂതഭവ്യഭവൽഭാവപൂതമാം കാലലക്ഷണം
ജരാമരണഭീ വ്യാധി ഭാവാഭാവനിരൂപണം 62

നാനാ ധർമ്മങ്ങൾ കലരൂമാശ്രമങ്ങടെ ലക്ഷണം
നാലു ജാതി തിരിഞ്ഞാദ്യകാലത്തുണ്ടായൊരാ ക്രമം 63

ബ്രഹ്മചര്യം തപസ്സുർവ്വി ചന്ദ്രൻ സൂര്യനതേവിധം
ഗ്രഹനക്ഷത്രതാരങ്ങളിവമാനം യുഗസ്ഥിതി 64

ഋഗ്യജൂസ്സാമനിലകളദ്ധ്യാത്മവിധിചിന്തനം
ന്യായശിക്ഷാചികിത്സാദി ദാനം പാശുപതം പരം 65

ദിവ്യമാനുഷജന്മങ്ങൾക്കവ്വണ്ണം യുക്തിദർശനം
തീർത്ഥങ്ങൾ പുണ്യദേശങ്ങളീ സ്ഥലങ്ങടെ കീർത്തനം 66

നദീശൈലവനാംഭോധിസ്ഥിതികൾക്കുള്ള വർണ്ണനം
പുരങ്ങൾ ദിവ്യകല്പങ്ങൾ മുറ സംഗരകൗശലം 67

വാക്കിന്റെ ജാതിഭേദങ്ങൾ ശ്ലാഘ്യമാം ലോകയാത്രയും
മറ്റുള്ളതൊക്കേയുമിതിൽ മുറ്റുമൊപ്പിച്ചിരിപ്പു ഞാൻ 68

എന്നാലിതെഴുതാൻ പാരിലിന്നാളെക്കിട്ടിയില്ല മേ.
ബ്രഹ്മാവു പറഞ്ഞു
കൂടും തപോബലാൽ മെച്ചംകൂടും മാമുനിമാർകളിൽ 69
ശ്രേഷ്ഠനങ്ങെന്നെന്റെ പക്ഷം ശ്രേഷ്ഠജ്ഞാനപ്രതിഷ്‌ഠയാൽ.

[ 94 ]

ജന്മംമുതൽ ബ്രഹ്മവിത്താം നിന്മൊഴിക്കണ്ടു സത്യത 70

കാവ്യമെന്നങ്ങു ചൊന്നെന്നാൽ കാവ്യമാമതു നിർണ്ണയം.
കവീന്ദ്രർക്കീക്കാവ്യമാർക്കും കവയ്ക്കാ 1 നെളുതായ്‌ വരാ 71

ഭുവി ഗാർഹസ്ഥ്യമിന്നന്യാശ്രമികൾക്കെന്നവണ്ണമേ;
ഇക്കാവ്യമെഴുതാനായി വിഘ്നേശനെ നിനയ്ക്ക നീ 72

സൂതൻ പറഞ്ഞു
ഏവം കല്പിച്ചുടൻ ബ്രഹ്മദേവൻ പുക്കാൻ നിജാലയം;
അഥ ഹേരംബനെദ്ധ്യാനിച്ചിതു സത്യവതീസുതൻ 73

നിനച്ച മാത്രയിൽത്തന്നെ ഗണേശൻ ഭക്താകാമദൻ
വിഘ്നേശ്വരൻ വ്യാസർ വാഴുംദിക്കിൽ പ്രത്യക്ഷമെത്തിനാൻ.74

ആശു പൂജിച്ചിരുത്തീട്ടാ വ്യാസൻ തൊഴുതുണർത്തിനാൻ.
വ്യാസൻ പറഞ്ഞു
ഗണനായക, ഞാനെന്റെ മനസ്സിൽ തീർത്തുവെച്ചതായ് 75

ചൊല്ലും ഭാരതമങ്ങുന്നു നല്ലമട്ടെഴുതേണമേ!
സൂതൻ പറഞ്ഞു
അതു കേട്ടോതി വിഘ്നേശനിതു ഞാനെഴുതിത്തരാം 76

ഇടയ്ക്കെഴുത്താണി നിർത്താനിടയാക്കാതിരിക്കുകിൽ.
ഉരച്ചാൻ വ്യാസന'ങ്ങർത്ഥം ധരിക്കാതെഴുതീടൊലാ. 77

ആട്ടേയെന്നോതി വിഘ്നേശസ്വാമി ലേഖകനായിനാൻ;
കൃതിക്കു മുരടുണ്ടാക്കി കൃതി മാമുനി കൗതുകാൽ. 78

അതിനെപ്പിന്നെയാ വ്യാസൻ പ്രതിജ്ഞാപൂർവ്വമോതിനാൻ
എണ്ണായിരവുമെണ്ണൂറുമെണ്ണം ശ്ലോകങ്ങൾതൻ പൊരുൾ 79

ഈ ഞാൻ കണ്ടേൻ ശൂകൻ കണ്ടാൻ സഞ്ജയൻ തന്നെ സംശയം
ശ്ലോകകൂടമതുണ്ടിന്നുമാകെദ്ദുർഗ്രന്ഥി ദുർഭിദം2. 80

ഗുഢാർത്ഥബന്ധമതുടച്ചെടുപ്പാൻ ദുർഗ്ഘടം മുനേ!
ഗണേശനിഹ സർവ്വജ്ഞൻ ക്ഷണം ചിന്തിച്ചിരുന്നുപോം; 81

ആ നേരത്തന്യപദ്യങ്ങളസംഖ്യം വ്യാസർ തീർക്കുമേ.
മുഴുത്തജ്ഞാനതിമിരാൽ മിഴി കെട്ടോരു ലോകരിൽ 82

ജ്ഞാനാഞ്ജനക്കോലുകൊണ്ടു താനേ കാണ്കാഴ്ച നല്കുമേ.
ധർമ്മാർത്ഥകാമമോക്ഷങ്ങൾ കൂട്ടീട്ടും വേർതിരിച്ചുമേ 83

കാട്ടീടും ഭാരതരവി നാട്ടാർക്കിരുളൊഴിച്ചുതേ.
പുരാണപൂണ്ണേന്ദുവിതു മറജ്യോൽസ്ന3 വിരിച്ചഹോ! 84

നരന്മാർചിത്തകുമുദനിര നീളെ വിടർത്തുതേ.
ഇതിഹാസവിളക്കേറ്റം മതിമോഹമഹാമറ4 85

കളഞ്ഞു ലോകാന്തർഗ്ഗേഹം തെളിയിക്കുന്നിതെങ്ങുമേ.

[ 95 ]

സംഗ്രഹാദ്ധ്യായമാം വിത്തും പൗലോമാസ്തീകവേർകളും 86

സംഭവസ്കന്ധവിരിവും സഭാരണ്യവിടങ്കവും1
അരണീപർവ്വനിറവും വിരാടോദ്യോഗസാരവും 87

ഭീഷ്മപർവ്വപ്പെരുംകൊമ്പും ദ്രോണപർവ്വദളാളിയും
കർണ്ണപർവ്വപ്പുതുപ്പൂവും ശല്യപർവ്വസുഗന്ധവും 88

സ്രീപർവ്വൈഷീകനിഴലും ശാന്തിപർവ്വഫലൗഘവും
അശ്വമേധാമൃതച്ചാറുമാശ്രമസ്ഥാനനിഷ്ഠയും 89

മൗസലശ്രുത്യന്തവുമായ് ദ്വിജസേവിതമായ്2 സദാ
നില്ക്കുമീ ഭാരതമഹാവൃക്ഷം സൽക്കവികൾക്കഹോ! 90

പർജ്‌ജന്യം3 ജീവികൾക്കെന്ന മട്ടിലാജീവ്യ4മായ് വരും.
ചൊല്ലാമാ മാമരത്തിന്റെ നല്ലാസ്വാദവിശുദ്ധമായ് 91

നിത്യം സുരർക്കുമച്ഛേദ്യം സത്യപുഷ്പഫലോദയം.
അമ്മ കല്പിക്കയാൽ ഭീഷ്മസമ്മതപ്പടി പണ്ടഹോ! 92

വിചിത്രവീര്യക്ഷേത്രത്തിൽ കൃഷ്ണദ്വൈപായനൻ മുനി
മക്കൾ മൂവരെയുണ്ടാക്കിയഗ്നി മൂന്നെന്നവണ്ണമേ 93

ധൃ‌തരാഷ്ട്രൻ പാണ്ഡു പിന്നെ വിദുരൻ മൂവരിങ്ങനെ.
പിന്നെത്തപസ്സിനായ് പോയീ മാന്യൻ മുനി നിജാശ്രമേ 94

ഉണ്ടായ് വളർന്നവർ ഗതികൊണ്ടാർ പുത്രരതിന്നുമേൽ.
തീർത്തുവിട്ടൂ ഭരതമീ മർത്ത്യലോകേ മഹാമുനി. 95

ജനമേജയ‌നും വിപ്രജനവും കേട്ടിരിക്കവേ,
ചൊല്ലാൻ വൈശമ്പായനനാം നല്ല ശിഷ്യനൊടേതിനാൻ 96

അവൻ സ‌ദ്സ്യമദ്ധ്യത്തിൽ ശ്രവിപ്പിച്ചിതു ഭാരതം
യജ്ഞക്രിയയ്ക്കുന്തരത്തിൽ പ്രാജ്ഞൻ ചോദിക്കകാരണം. 97

കുരുവംശത്തിൻ പരപ്പും ഗാന്ധാരീധർമ്മനിഷ്ഠയും
വിദുരജ്ഞാനവും കുന്തീധൈര്യവും വ്യാസനോതീനാൻ. 98

കൃഷ്ണമഹാത്മ്യവും പിന്നെപ്പാണ്ഡവർക്കുളള സത്യവും
ധാർത്തരാഷ്ട്രർക്കുള്ള ദുഷ്ടധൂർത്തും ചൊന്നാൻ മുനീശ്വരൻ. 99

ഇതു ലക്ഷം ഗ്രന്ഥമത്രേ പുണ്യകർമ്മിജനങ്ങടെ
ഉപാഖ്യാനങ്ങളോടൊത്തുള്ളാദ്യഭാരതമുത്തമം. 100

ചതുർവിംശതിസാഹസ്ര5മിതു ഭാരതസംഹിത
ഉപാഖ്യാനങ്ങൾ കൂടാതെയുള്ള ഭാരതമോതുവോർ. 101

മുനി നൂറ്റൻപതാൽപ്പിന്നെത്തീർത്തു സംക്ഷേപമായഹോ
അനുക്രമണികാദ്ധ്യായം തൽകഥാപർവ്വസംഗ്രഹം. 102

ഇതാദ്യം ശൂകനാം സ്വന്തം സുതന്നോതീ മഹാമുനി

[ 96 ]

പിന്നെ മറ്റുള്ള ശിഷ്യർക്കും മാന്യനാം വ്യാസനേകിനാൻ. 103

കൃതിച്ചു സംഹിതയറുപതു ലക്ഷത്തിൽ വേറെയും
മുഖ്യം മുപ്പതു ലക്ഷംതാൻ സ്വർഗ്ഗലോകത്തു വെച്ചുതേ. 104

പതിനഞ്ചു പിതൃക്കൾക്കു ഗന്ധർവർക്കു ചതുർദ്ദശ
ഒരുലക്ഷം മാത്രമത്രേ നരലോകത്തിലുള്ളതും. 105

നാരദൻ ദേവകൾക്കോതീ പിതൃക്കൾക്കങ്ങു ദേവലൻ
ഗന്ധർവയക്ഷരക്ഷോവർഗ്ഗാന്തരേ ചൊല്ലിനാൻ ശൂകൻ. 106

ഓതീ മനുഷ്യലോകത്തിൽ വേദവേദാംഗപാരഗൻ
വ്യാസശിഷ്യൻ ധർമ്മശീലൻ വൈശാമ്പായനമാമുനി. 107

ഒരുലക്ഷമതീ ഞാനിങ്ങുരയ്ക്കുന്നതു കേൾക്കുവിൻ:
ദുര്യോധനൻ മന്യു1വാം മാമരംപോൽ
സ്കന്ധം2 കർണ്ണൻ സൗബലൻ ശാഖയെല്ലാം
ദുശ്ശാസനൻ പുഷ്പഫലങ്ങളത്രേ
മൂലം ഭൂപൻ ധൃതരാഷ്ട്രൻ വിബുദ്ധി.3 108

യുധിഷ്ഠിരൻ ധർമ്മമാം മാമരംപോൽ
സ്കന്ധം പാർത്ഥൻ ശാഖകൾ ഭീമസേനൻ
മാദ്രേയന്മാർ പുഷ്പഫലങ്ങളത്രേ
മൂലം കൃഷ്ണൻ വേദവും വിപ്രരും താൻ. 109

പാണ്ഡു നാനാനാടടക്കി മാന്യൻ ധീവിക്രമങ്ങളാൽ
കാട്ടിൽ വേട്ടയ്ക്കു പോയ് പാർത്തു പാട്ടിൽ മാമുനിമാരുമായ്. 110

മൃഗവ്യവായഘാത4 ത്താലകപ്പെട്ടിതവന്നഴൽ;5
തത്ര പാർത്ഥർക്കു ജന്മംതൊട്ടൊത്തു കർമ്മവിധിക്രമം.6 111

ധർമ്മോപനിഷാദാവൃത്തി7യമ്മമാർക്കുളവാക്കിതേ
ധർമ്മവായുസുരേന്ദ്രാശ്വിസംബന്ധാൽ8 ധർമ്മസിദ്ധയേ.9 112

മുനിമാരൊത്തു വർദ്ധിച്ചാർ ജനനീജനരക്ഷയിൽ10
പുണ്യാരണ്യസ്ഥലത്തുള്ള മുന്യാശ്രമതലങ്ങളിൽ. 113

[ 97 ]

അഥർഷിനീത‌രാവയെത്തീ ധൃതരാഷ്ട്രാത്മജാന്തികേ 2
പടുസുന്ദരർ3 കൗന്തേയർ ജടിലബ്രഹ്മചാരികൾ. 114

“പുത്രന്മാരും സോദരരും ശിഷ്യരും പുനരിഷ്ടരും
ഇവർ പാണ്ഡവർ നിങ്ങൾക്കെ"ന്നവരോതി മറഞ്ഞുതേ. 115

 ഈവണ്ണം മുനിമാർ തന്നോരിവരെക്കണ്ടു കൗരവർ
ശിഷ്ടനാനാപൗരരൊത്തു ഹൃഷ്ടരായാർത്തു ചുറ്റുമേ. 116

 ഇതു പാണ്ഡവരല്ലെന്നുമതേയെന്നുമതിൽ ചിലർ
അവൻ പണ്ടേ ചത്തിതേവമാവാൻ വയ്യെന്നുമേ ചിലർ. 117

അഥ "ഭോ സ്വാഗതം, പാണ്ഡുസുതരെക്കണ്ടു ഭാഗ്യമേ!
ചൊല്ലൂ സ്വാഗത"മെന്നെല്ലാം ചൊല്ലു കേൾക്കായിതെങ്ങുമേ.118

ഇഗ്ഘോഷമൊന്നു നിന്നപ്പോൾ ദിക്കൊക്കെ മുരളുംവിധം
അശരീരിമഹാഭുതഭൃശഘോഷം മുഴങ്ങിതേ. 119

പുഷ്പവർഷം സുഗന്ധങ്ങളഭൂഭേരീദരസ്വനം4
പാണ്ഡു പുത്രപ്രവേശത്തിലുണ്ടായീ പലതത്ഭുതം. 20

അതിനാൽ വീണ്ടുമേ പൗരർക്കതിഹർഷം മുഴുക്കയാൽ
മാനം മുട്ടീ മഹാശബ്ദം മാനകീർത്തിവിവർദ്ധനം. 121

വേദശാസ്ത്രാദിവിവിധഭേദമെല്ലാം പഠിച്ചവർ
പാർത്ഥന്മാരവിടെ പ്രീത്യ പാർത്തിതാദരവേറ്റഹോ! 22

പ്രാജ്യധർമ്മജശീല5ത്താൽ രാജ്യാംഗങ്ങൾ6ക്കു നന്ദിയായ്;
ഭീമസേനന്റെ ധീരത്വമജ്ജുനന്റെ പരാക്രമം. 123

കുന്തിതൻ ഗുരുശുശ്രൂഷ യമജർക്കു വിനീതിയും
ഇവർക്കൊക്കും ശൗര്യഗുണമിവയാൽ തുഷ്ടരായ് ജനം. 124

രാജമദ്ധ്യത്തിങ്കൽ നേടീ രാജകന്യയെയജ്ജൂനൻ
സ്വയംവരേ കൃഷ്ണ7യെത്താൻ സ്വയമാശ്ചര്യവിക്രമാൽ. 125

അന്നുതൊട്ടിട്ടു വില്ലാളിമന്നർക്കും മാന്യനായവൻ
എന്നല്ലർക്കൻപോലെ പോരിൽ ദുർന്നിരീക്ഷ്യനുമായിതേ. 126

അവനെല്ലാബ് ഭുപരേയും സ്വവർഗ്ഗത്തോടെ വെന്നഹോ!
അർജ്ജുനൻ ധർമ്മപുത്രന്നു രാജസൂയം നടത്തിനാൻ. 127

അന്നവും ദ‌ക്ഷിണകളുമെന്നല്ലെല്ലാ ഗുണങ്ങളും
തികഞ്ഞ രാജസൂയത്തെ നികത്തി ധർമ്മനന്ദനൻ, 128

ശ്രീമാധവനയം8 ചേർന്ന ഭീമാർജ്ജുനബലോദയാൽ
കാലേ ജരാസന്ധശിശുപാലോദ്ധതവധ9ത്തൊടും. 129

[ 98 ]

വിശിഷ്ടരത്നസ്വർണ്ണങ്ങൾ പശുഹസ്ത്യശ്വജാതികൾ
വിചിത്രവസ്ത്രനിരകൾ വിരിപ്പുകൾ പുതപ്പുകൾ, 130

കരിമ്പടങ്ങൾ തുകിൽകൾ പരിചാം രോമമെത്തകൾ
നോക്കും1ദുര്യോധനൻ പാട്ടിലീക്കാഴ്ചദ്രവ്യമെത്തിതേ. 131

അന്നിത്ഥം പാണ്ഡവർക്കൊത്തൊരുന്നിദ്രശ്രീയു കാണ്കയാൽ
മൂക്കുമീൎഷ്യാമൂലമുണ്ടായൂക്കൻ മന്യുവവന്നഹോ! 132

മയൻ വിമാനവിഭവമിയന്നത്ഭുതമാം സഭ
പാണ്ഡവർക്കു പണിഞ്ഞേകിക്കണ്ടിണ്ടൽപ്പെട്ടു വീണ്ടുമേ. 133

അതിൽ താനിടറിപ്പോയ് വീണതിൽ കൃഷ്ണാന്തികേ2പരം
പ്രേമമര്യാദ3വിട്ടിട്ടു ഭീമൻ പൊട്ടിച്ചിരിച്ചുതേ. 134

പല രത്നോപഭോഗാഢ്യനില വായ്ക്കിലുമായവൻ
മെലിഞ്ഞു വിളറിക്കേട്ടുളളലിഞ്ഞൂ ധൃതരാഷ്ട്രനും. 135

ധൃതരാഷ്ട്രൻ ചൂതിനനുവദിച്ചു തനയപ്രിയൻ
അതു കേട്ടിട്ടു ഗോവിന്ദന്നതികോപം ജ്വലിച്ചൂതേ. 136

അതിപ്രീതിപെടാതോരോരതിവാദേ രസിച്ചവൻ
ദ്യൂതിദിഘോരദൂർന്നീതിജാതാപത്തു പൊറുത്തതേ. 37

നേരെ ഭീഷ്മദ്രോണകൃപന്മാരേയും നിരസിച്ചഹോ!
പോരേറ്റുഗ്രം തമ്മിൽ നൃ‌പന്മാരെക്കൊല്ലിപ്പതോർക്കയാൽ 138

പാണ്ഡവന്മാർ ജയിക്കുമ്പോൾ ചണ്ഡം കേട്ടപ്രിയങ്ങളെ
കണ്ടു ദുര്യോധനമതം കർണ്ണസൗബലചിത്തവും. 139

ധൃതരാഷ്ട്രൻ ചിരം ധ്യാനിച്ചോതീ സഞ്ജായനോടുതോൻ.

ധൃ‌തരാഷ്ട്രൻ പറഞ്ഞു
കേൾക്കൂ സഞ്ജയ, താനെല്ലാമുൾക്കൊള്ളൊല്ലെന്റെ തെറ്റിതിൽ
പഠിപ്പുമറിവും ധീയും പെടും നീ ബുധസമ്മതൻ.
പടയ്ക്കില്ലാശയെൻ വംശം മുടിക്കാൻ കൊതിയില്ല മേ. 141

അത്ര മൽപുത്രരും പാണ്ഡുപുത്രരും ഭേദമില്ല മേ.
വൃദ്ധനാമെൻ കുറ്റമാക്കും പുത്രന്മാർ മന്യുശാലികൾ4 142

കണ്ണില്ലാത്താസ്സാധുമക്കൾ നന്ദിക്കെല്ലാം സഹിപ്പു ഞാൻ;
സാധു ദുര്യോധനൻ മോഹിപ്പോതു മോഹിപ്പനൊപ്പമേ. 143

രാജസൂയേ പാണ്ഡുപുത്രരാജശ്രീപുഷ്ടി കണ്ടവൻ
പരിചിൽ സഭയിൽ പാരം പരിഹാസത്തെയേറ്റവൻ, 144

അമർഷി പോരിലവരെയമർത്താൻ കഴിയാത്തവൻ
ക്ഷത്രിയന്മട്ടുത്തമശ്രീ സിദ്ധിക്കുത്സാഹമറ്റവൻ, 145

കള്ളച്ചൂതിനു മന്ത്രിച്ചാനുള്ളാൽ ശകുനിയൊത്തവൻ
അതിൽ ഞാൻ കണ്ടതെന്തെന്തെന്നതിനിക്കേൾക്ക സഞ്ജയ! 146

[ 99 ]

അതിയായ് ബുദ്ധിയിൽ തത്ത്വസ്ഥിതി കണ്ടതു കേൾക്കുകിൽ
അതിൽക്കാണും സൂത, നീയെൻ മതിക്കണ്ണിന്റെ കാഴ്ചകൾ. 147

എന്നോ കേട്ടു ചിത്രചാപം കുലച്ചി-
ട്ടൊന്നായ് ലാക്കെയ്തിട്ടു രാജാക്കൾ കാണ്കേ,
നന്ദ്യാ പാൎത്ഥൻ കൃഷ്ണയേ വേട്ടതീ ഞാ-
നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ.        148

എന്നോ കേട്ടു ദ്വാരകയ്ക്കുള്ള ലക്ഷ്യം
ചെന്നാപ്പാൎത്ഥൻ ചെയ്ത ഭദ്രാപഹാരം1
ഇന്ദ്രപ്രസ്ഥേ രാമകൃഷ്ണാപ്തിയും ഞാ-
നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 149

എന്നോ കേട്ടൂ വൻപെഴും മാരി പെയ്തോ-
രിന്ദ്രൻതന്നെശ്ശസ്ത്രശക്ത്യാ തടുത്തും
അഗ്നിക്കായിക്ഖാണ്ഡവം നല്കിയെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 150

എന്നോ കേട്ടൂ മുൻപരക്കില്ലവും വി-
ട്ടൊന്നായ്‌ ക്കുന്തീയുക്തരായ് പാൎത്ഥർ പോയി
എന്നാലുണ്ടാ വിദുരൻ മന്ത്രിയായെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 151

എന്നോ കേട്ടൂ രംഗമദ്ധ്യേൎജ്ജുനൻ ലാ-
ക്കന്നെയ്തേറ്റാ ദ്രൗപദീലാഭമൂലം
പാഞ്ചാലന്മാർ പാണ്ഡവൎക്കാപ്തരായെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 152

എന്നോ കേട്ടൂ മാഗധാധീശനാകും
മന്നോർമന്നശ്രീ ജരാസന്ധനേയും
കൊന്നൂ ഭീമൻ ഹന്ത! കൈയൂക്കിനാലെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 153

എന്നോ കേട്ടൂ ദിഗ്‌ജയത്തിങ്കൽ നാനാ-
മന്നോർവൎഗ്ഗം പാണ്ഡവന്മാരടക്കി
നന്നായ് ചെയ്തൂ രാജസൂയത്തെയന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 154

എന്നോ കേട്ടൂ ഹന്ത തീണ്ടാരിയായ് പ-
ട്ടൊന്നേ ചാൎത്തിക്കേണിടും കൃഷ്ണയാളെ
നിൎന്നാഥാഭം2 സഭയിൽ കൊണ്ടുവന്നെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 155

എന്നോ കേട്ടൂ ധൃൎത്തദുശ്ശാസനൻതാൻ
വങ്കൻ വസ്ത്രാക്ഷേപമങ്ങെത്ര ചെയ്തും

[ 100 ]

വസ്ത്രങ്ങൾക്കുള്ളന്തമേ കണ്ടതില്ലെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 156

എന്നോ കേട്ടൂ ചൂതിലാസ്സൗബലൻ നാ-
ടൊന്നായ് നേടിത്തോറ്റ ധർമ്മാത്മജന്നും
മാന്യഭ്രാതൃശ്രേഷ്ഠർ പിന്നാലെ നിന്നെ-
നന്നെ തീർന്നൂ സഞ്ജയാ, മേ ജയശ. 157

എന്നോ കേട്ടൂ ക്ലിഷ്ടരായ് ജ്യേഷ്ഠതുഷ്ടി-
ക്കൊന്നായ് കാട്ടിൽ പോകുമാപ്പാണ്ഡവന്മാർ
അന്നോരോരോ ചേഷ്ട കാണിച്ചതെല്ലാ-
മന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 158

എന്നോ കേട്ടൂ ധർമ്മരാജൻ വനം വാ-
ണന്നൊട്ടേറെ സ്നാതകബ്രാഹ്മണൗഘം
ഒന്നിച്ചുണ്ടേ ഭിക്ഷ ഭക്ഷിച്ചുകൊണ്ടെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 159

എന്നോ കേട്ടൂ ദേവകൈരാതരുദ്രൻ-
തന്നെപ്പോരിൽ പ്രീതനാക്കീട്ടു പാർത്ഥൻ
നന്ദ്യാ വാങ്ങീ പാശൂപതാസ്ത്രമെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 160

എന്നോ കേട്ടൂ വിണ്ണിലും ബ്രാഹ്മചര്യം
ഭിന്നിപ്പിക്കാതർജ്ജുനൻ നിഷ്ഠയോടേ
ഇന്ദ്രൻതന്നോടസ്ത്രജാലം ഗ്രഹിച്ചെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 161

എന്നോ കേട്ടൂ വരശക്ത്യാ സുരർക്കു-
മവദ്ധ്യന്മാർ കാലകേയാസുരന്മാർ
പൗലോമന്മാരിവരെജ്ജിഷ്ണു വെന്നെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 162

എന്നോ കേട്ടൂ ദൈത്യരെക്കൊല്ലുവാൻ പോ-
യിന്ദ്രാത്മജൻ വൈരിജിത്താം കിരീടി
വന്നൂ കാര്യം നേടി വിണ്ണിങ്കൽനിന്നെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 163

എന്നോ കേട്ടൂ മർത്ത്യർ ചെല്ലാത്ത ദിക്കിൽ-
ച്ചെന്നാബ്‌ഭീമൻ ഹന്ത വിത്തേശനായി
ചേർന്നൂ ശേഷം പാണ്ഡവന്മാരുമെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 164

എന്നോ കേട്ടൂ ഘോഷയാത്രയ്ക്കു ഗന്ധ-
ർവ്വന്മാർ കർണ്ണാദ്ധ്യക്ഷരെൻ പുത്രരെത്താൻ

[ 101 ]

ബന്ധിച്ചന്നാളർജ്ജുനൻ വേർപെടുത്തെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 165

എന്നോ കേട്ടൂ യക്ഷനായ് വന്നു ധർമ്മൻ
നന്നായ് ചോദിച്ചോരു ചോദ്യത്തിനെല്ലാം
ചൊന്നാൻ നന്നായുത്തരം ധർമ്മഭൂവെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 166

എന്നോ കേട്ടൂ മത്സ്യരാജന്റെ നാട്ടിൽ
കൃഷ്ണാപാർത്ഥർക്കുള്ളൊരജ്ഞാതവാസം
അന്നെൻ മക്കൾക്കറിവാൻ പറ്റിയില്ലെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 167

എന്നോ കേട്ടൂ ഗോഗ്രഹണത്തിൽവെച്ചി-
ട്ടിന്ദ്രാത്മജൻ തനിയേതാനുടച്ചൂ
ഒന്നായേല്ക്കും നമ്മുടേ വൻപരേയെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 168

എന്നോ കേട്ടൂ മത്സ്യനങ്ങുത്തരാഖ്യ-
പ്പെൺകുട്ടിയേയജ്ജൂനന്നേകിയപ്പോൾ
സുതാർത്ഥമായവളെ സ്വീകരിച്ചെ-
ന്നന്നേ തീർന്നൂ‌ സഞ്ജയാ, മേ ജയാശ. 169

എന്നോ കേട്ടൂ തോറ്റു കാശറ്റു തെണ്ടി
സ്വന്തം നാട്ടാർ വിട്ട ധർമ്മാത്മജന്നും
ഉണ്ടായേഴക്ഷൗഹിണിസ്സൈന്യമെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 170

എന്നോ കേട്ടു മാധവൻ വാസുദേവ-
നൊന്നാമത്തെക്കാലടിക്കൂഴി വീണ്ടോൻ
നന്നായ് പാർത്ഥാർത്ഥത്തിനുദ്യുക്തനാണെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 171

എന്നോ കേട്ടൂ നരനാരായണന്മാ-
രെന്നാ കൃഷ്ണന്മാരെ ഞാൻ നാരദോക്ത്യാ
പിന്നെക്കണ്ടേൻ ബ്രഹ്മലോകത്തിലമ്മ-
ട്ടന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 172

എന്നോ കേട്ടൂ നാട്ടിനെല്ലാം ഹിതാർത്ഥം
കണ്ണൻ വന്നാൻ കൗരവസന്ധികൃത്തായ്
സന്ധിപ്പിപ്പാൻ നോക്കിയൊക്കാതെ പോയെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 173

എന്നോ കേട്ടൂ കർണ്ണദുര്യോധനാദ്യ-
രുന്നീയെന്നും കൃഷ്ണനേ നിഗ്രഹിപ്പാൻ

[ 102 ]

കണ്ണൻ കാട്ടീ വിശ്വരൂപത്തെയെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 174

എന്നോ കേട്ടൂ വാസുദേവൻ പുറപ്പെ-
ട്ടന്നേരം തേർമുന്നിലായ് നിന്നു കുന്തി
കേഴുമ്പോൾത്താനാശ്വസിപ്പിച്ചിതെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 175

എന്നോ കേട്ടു മന്ത്രിയായിട്ടവർക്കു-
ണ്ടെന്നും കണ്ണൻ പിന്നെയാ ബ്‌ഭീഷ്മർതാനും
ആശിസ്സേകീടുന്നിതാ ദ്രോണരെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 176

എന്നോ കേട്ടൂ ഭീഷ്മർ യുദ്ധത്തിനിങ്ങു-
ണ്ടെന്നാൽ ഞാനില്ലെന്നു ചൊല്ലീട്ടു കർണ്ണൻ
സൈന്യക്കൂട്ടം വിട്ടു പിൻവാങ്ങിയെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 177

എന്നോ കേട്ടൂ വാസുദേവാർജ്ജുനന്മാർ
പിന്നെഗ്ഗാണ്ഡീവാഖ്യമാം മുഖ്യചാപം
എന്നീ മൂന്നും കൂടിയൊന്നിച്ചു ചേർന്നെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 178

എന്നോ കേട്ടൂ കരുണാസങ്കടം കൊ-
ണ്ടൊന്നായ് തേരിൽക്കേണു വാണർജ്ജുനന്നായ്
കണ്ണൻ കാട്ടീ വിശ്വരൂപത്തെയെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 179

എന്നോ കേട്ടൂ ഭീഷ്മർ പത്തായിരം കൊ-
ല്ലുന്നൂ നിത്യം തേരിലാണ്ടോരെ, യെന്നാൽ
തീർന്നീലാരും പേരുകേട്ടോരിലെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 180

എന്നോ കേട്ടൂ തന്റെ ഹിംസയ്ക്കുപായം
ചൊന്നാൻ ഗംഗാനന്ദൻ ധർമ്മശീലൻ
അന്നാക്കൃത്യം പാണ്ഡവന്മാരെടുത്തെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 181

എന്നോ കേട്ടൂ ശൂരനാം ഭീഷ്മരെത്തൻ
മുന്നേ നിർത്തുന്നാശ്ശിഖണ്ഡിക്കു പിൻപേ
നിന്നമ്പെയ്തിട്ടർജ്ജുനൻ വീഴ്ത്തിയെന്നാ
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 182

എന്നോ കേട്ടൂ ഭീഷ്മരാം വൃദ്ധവീരൻ
ചിന്നുന്നമ്പാൽ ശത്രുസംഘം മുടിച്ചോൻ

[ 103 ]

ഖിന്നൻ വീണൂ ശരതല്പപത്തിലെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 183

എന്നോ കേട്ടൂ വീണെഴും ഭീഷ്മർ വെള്ളം
തന്നീടെന്നായപ്പൊഴമ്പെയ്തു പാർത്ഥൻ
തണ്ണീർ മന്നീങ്കന്നുയർത്തിക്കൊടുത്തെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 184

എന്നോ കാറ്റും സൂര്യനും ചന്ദ്രനും കാ-
ട്ടുന്നൂ പാണ്ഡുക്കൾക്കു പോരിൽ ജയത്തെ
എന്നും നമ്മെ ശ്വാപദം പേടിയാക്കു-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 185

എന്നോ ദ്രോണൻ പല ദിവ്യാസ്ത്രഭേദം
നന്നായ് പോരിൽ കാട്ടിടും ചിത്രയോധി
കൊന്നീലേതും പാണ്ഡവശ്രേഷ്ഠരെത്താ-
നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 186

എന്നു കേട്ടൂ വീരസംശപ്തകന്മാ-
രെന്നാപ്പാർത്ഥദ്ധ്വംസി മൽസൈന്യസംഘം
കൊന്നാനെല്ലാമർജ്ജുനൻതന്നെയെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 187

എന്നോ കേട്ടൂ ദുർഭിദവ്യൂഹമൊന്നാ-
ദ്രോണാചാര്യൻ തീർത്തതാപ്പാർത്ഥപുത്രൻ
താനേ കേറീ ഭിന്നമാക്കിച്ചമച്ചെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 188

എന്നോ കേട്ടൂ പാർത്ഥനോടേല്ക്കുവാൻ വ-
യ്യെന്നിട്ടൊപ്പം ബാലസൗഭദ്രനെത്താൻ
ചുറ്റും ചെന്നാ വീരർ കൊന്നാർത്തിതെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 189

എന്നോ കേട്ടൂ പാർത്ഥജദ്ധ്വംസനം ചെ-
യ്തൊന്നിച്ചാർക്കും കൗരവപ്രൗഢഘോഷം
പിന്നെപ്പാർത്ഥൻ സൈന്ധവേ ചൊന്നാരാ വാ-
ക്കന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 190

എന്നോ കേട്ടൂ സൈന്ധവദ്ധ്വംസനത്തി-
ന്നന്നാപ്പാർത്ഥൻ ചെയ്ത ഘോരപ്രതിജ്ഞ
മന്നോർമദ്ധ്യേ സിദ്ധമായ്ത്തീർന്നിതെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 191

എന്നോ കേട്ടൂ പാർത്ഥവാഹം തളർന്നോ-
രന്നേരംതാനങ്ങഴിച്ചാശൂ കൃഷ്ണൻ

[ 104 ]

തണ്ണീർ കാട്ടിപ്പിന്നെയും തേർക്കണച്ചെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 192

എന്നോ കേട്ടൂ വാഹവിശ്രാന്തികാലേ
തന്നേ തേർത്തട്ടിങ്കൽനിന്നർജ്ജുനൻതാൻ
സൈന്യക്കൂട്ടം സർവ്വമൊപ്പം തടുത്തെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 193

എന്നോ കേട്ടൂ നഗയൂഥോഗ്രമാകും1
ദ്രോണവ്യൂഹം സാത്യകി ഭിന്നമാക്കി
കൃഷ്ണന്മാർ നില്ക്കുന്നിടം പൂക്കിതെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 194

എന്നോ കേട്ടൂ കർണ്ണനായ് പോരടിക്കെ-
ക്കൊന്നീടാതേ ഭീമനേ വിട്ടു വീണ്ടും
കർണ്ണൻ വില്ലാൽക്കുത്തി നിന്ദിച്ചിതെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 195

എന്നോ കേട്ടൂ ദ്രോണരാ ദ്രൗണി ശല്യൻ
കർണ്ണൻ കൃപൻ കൃതവർമ്മാവുമെല്ലാം
കണ്ടേ നിന്നൂ2 സൈന്ധവഹിംസ3യെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 196

എന്നോ കേട്ടൂ കർണ്ണനായിട്ടു സാക്ഷാ-
ലിന്ദ്രൻ നല്കിക്കൊണ്ട വേൽ വാസുദേവൻ
ഘടോൽക്കചങ്കൽ ചെലവാക്കിച്ചിതെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 197

എന്നോ കേട്ടൂ പാർത്ഥനെക്കൊല്ലുവാനായ്-
ത്തന്നേ സൂക്ഷിപ്പോരു വേലർക്കപുത്രൻ
ഘടോൽക്കചാക്രമണേ ചാട്ടിയെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 198

എന്നോ കേട്ടു ഗുരുവാം ദ്രോണർ തേരിൽ-
ത്തന്നേ യോഗദ്ധ്യാനമുൾക്കൊണ്ടിരിക്കേ
ധൃഷ്ടദ്യുമ്നൻ ധർമ്മമല്ലാതെ കൊന്നെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 199

എന്നോ കേട്ടു ദ്രൗണിയായ് ദ്വന്ദ്വയുദ്ധം-
തന്നിൽ ശൂരൻ നകുലൻ മാദ്രി പെറ്റോൻ
നിന്നൂ തുല്യം വീരമദ്ധ്യത്തിലെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 200

എന്നോ ദ്രോണദ്ധ്വംസനാൽ ക്രൂദ്ധനായ് ചെ-
ന്നശ്വത്ഥാമാവുഗ്രനാരായണാസ്ത്രം

[ 105 ]

ന്നെയ്തിട്ടും പാണ്ഡവന്മാർ ശമിച്ചി-
ല്ലന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 201

എന്നോ കേട്ടൂ തമ്പി ദുശ്ശാസനൻതൻ
നിണം ഭീമൻ മാറു കീറിക്കുടിക്കേ
തടുത്തീലന്നാരുമേ വീരരെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 202

എന്നോ കേട്ടൂ ശൂരനായോരു സാക്ഷാൽ
കർണ്ണൻതന്നേയർജ്ജുനൻ ദേവഗുഹ്യേ
അന്നാ ഭ്രാതൃദ്വന്ദ്വയുദ്ധേ വധിച്ചെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 203

എന്നോ കേട്ടു കൃഷ്ണനോടും തിരക്കീ-
ടുന്നോരൂക്കേറുന്ന മദ്രേശനേയും1
കൊന്നൂ പോരിൽ ധർമ്മജന്മാവുതാനെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 204

എന്നോ കേട്ടൂ കലഹദ്യൂതവിത്താ2-
കുന്നാ ദുഷ്ടൻ സൗബലനേ രണത്തിൽ
കൊന്നൂ മാദ്രേയൻ സഹദേവൻ ചൊടിച്ചെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 205

എന്നോ കേട്ടൂ ശ്രാന്തനായിത്തനിച്ചായ്-
ക്കയംപൂക്കംഭസ്സിനെ സ്തബ്ധമാക്കി
ദുര്യോധനൻ വിരഥൻ വാണു കേണെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 206

എന്നോ കേട്ടൂ പാണ്ഡവരക്കയത്തിൽ-
ച്ചെന്നാക്കണ്ണൻതന്നൊടൊത്തത്തഘോഷം
എന്നുണ്ണിയെദ്ധർഷണംചെയ്തി 3 തെന്നാ-
യന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 207

എന്നോ കേട്ടു പല ചിത്രപ്രചാരാൽ4
 ഗദായുദ്ധം ചെയ്യുമെൻ പുത്രനെത്താൻ
വീഴ്ത്തീ ഭീമൻ കൃഷ്ണബുദ്ധ്യാ ചതിച്ചെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 208

എന്നോ കേട്ടൂ ദ്രൗണി മുൻപിട്ടൊരുങ്ങി-
ച്ചെന്നാപ്പാഞ്ചാലദ്രൗപദേയാദ്യരേയും
കൊന്നൂ നിശ്ശേഷം നിദ്രയിൽ കഷ്ടമായെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 209

എന്നോ കേട്ടൂ വായുജൻ പിൻതുടർന്നേ-
റ്റന്നശ്വത്ഥാമാവൊരത്യുൽബണാസ്ത്രം

[ 106 ]

ഐഷീകംതാൻ വിട്ടു ഗർഭം കെടുത്തെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 210

എന്നോ കേട്ടു സ്വസ്തിയെന്നർജ്ജുനൻ ദ്രൗ-
ണ്യസ്ത്രം1 നിർത്തീ ബ്രഹ്മശിരസ്സിനാൽ താൻ
അശ്വത്ഥാമാ മൗലിരത്നം കൊടുത്തെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 211

ഗാന്ധാരിക്കോ മക്കളും പൗത്രരും ഹാ!
ബന്ധുക്കളും പിതൃസോദര്യരും പോയ്
അസാദ്ധ്യവും ചെയ്തിഹ പാണ്ഡവന്മാ-
രശത്രുവാകുംപടി നാടു നേടി. 212

പത്താൾ ശേഷിപ്പുണ്ടു യുദ്ധത്തി,ലെൻ ഭാ-
ഗത്താ മൂന്നാൾ പാണ്ഡവർക്കേഴുപേരും;
ഏഴും പിന്നെപ്പതിനൊന്നും രണത്തിൽ
പാഴായക്ഷൗഹിണിസ്സൈന്യം മുടിഞ്ഞു. 213

ഇഹ കൂരിരുൾ കൂടുന്നു മോഹമുൾക്കേറിടുന്നു മേ
ബോധമില്ലാതെയാകുന്നു ചേതസ്സിങ്ങഴലുന്നു മേ. 214

സൂതൻ പറഞ്ഞു
ഇത്ഥം പറഞ്ഞാംബികേയ2നത്തലാൽ വിലപിച്ചഹോ!
മൂർച്ഛിച്ഛിതങ്ങാശ്വസിച്ചുരച്ചൂ സഞ്ജയനോടുടൻ. 215

ധൃതരാഷ്ട്രൻ പറഞ്ഞു
അലമീ നിലിയിൽ പ്രാണൻ കളവേനാശു സഞ്ജയ!
ജീവിച്ചിരുന്നിട്ടു ഫലമിവൻ കണ്ടീലലേശവും. 216

സൂതൻ പറഞ്ഞു
അരചൻ പലതീവണ്ണം പറഞ്ഞു വിലപിച്ചഹോ!
ഉരഗംപോലെ വീർപ്പിട്ടു പരം മോഹം പെടുമ്പൊഴേ 217
ധീമാൻ ഗാവല്‌ഗണിമഹാൻ സാമർത്ഥ്യത്തോടുമോതിനാൻ.

സഞ്ജയൻ പറഞ്ഞു
നാരദവ്യാസരുളാൽ നേരേ കേൾപ്പീലയോ ഭവാൻ 218
മഹാഗുണങ്ങൾ തിങ്ങുന്ന മഹാരാജാലയങ്ങളിൽ
പിറന്നോരായ് മഹോത്സാഹം പൊരുന്നോർ ബലശാലികൾ
മഹാദിവ്യാസ്ത്രമഹിതർ മഹേന്ദ്രപ്രൗഢിയുള്ളവർ 220
ധർമ്മത്തോടൂഴി കാത്തഗ്ര്യകർമ്മദാനങ്ങൾ ചെയ്തഹോ!
പരം പ്രസിദ്ധിനേടീട്ടു പരലോകം ഗമിച്ചതായ്.
ശൈബ്യൻ മഹാരഥൻ വീരൻ സൃഞ്ജയൻ ജയി നായകൻ 221
സുഹോത്രനാ രന്തിദേവൻ കാക്ഷീവാൻ ദ്യുതിയേറിയോൻ
ബാൽഹീകൻ ദമനൻ പിന്നെശ്ശര്യാതിയജിതൻ നളൻ 222

[ 107 ]

വിശ്വാമിത്രനമിത്രഘ്നനംബരീഷൻ മഹാബലൻ
മരുത്തൻ മനുവിക്ഷ്വാകു ഗയൻ ഭരതനാവിധം 223

രാമൻ ദാശരഥി ശ്രീമാൻ ശശബിന്ദു ഭഗീരഥൻ
കൃതവീര്യൻ മഹാഭാഗനമ്മട്ടു ജനമേജയൻ 224

യയാതിയെന്ന സുകൃതി സ്വയമേ ദേവയാജി താൻ
അവന്റെ യജ്ഞയൂപ1ത്താൽ സവനാവനി2 മിന്നിപോൽ. 225

എന്നീയിരുപതും നാലും മന്നോരെപ്പണ്ടു നാരദൻ
പുത്രശോകംപൂണ്ടു കേഴും ശൈബ്യന്നോതിക്കൊടുത്തുതേ. 226

ഇവർക്കുപുറമേയും പണ്ടവനീശർ മഹാബലർ
മഹാരഥർ മഹയോഗ്യരിഹലോകം വെടിഞ്ഞുതാൻ. 227

പൂരു പിന്നെക്കുരു യദു ശൂരനാ വിഷ്വഗശ്വനും
അണുഹൻ യുവനാശ്വൻ താൻ കകുൽസ്ഥൻ വീരനാം രഘു 228

വിജയാംഗശ്വേതവീതിഹോത്രന്മാർകൾ ബൃഹൽഗുരു
ഉശീനരൻ ശതരഥൻ കങ്കൻ ദുളിദുഹൻ ദ്രുമൻ 229

ദംഭോത്ഭവൻ പിന്നെ വേനൻ സഗരൻ നിമി സംകൃതി
ശംഭു ദേവാവൃധൻ പുണ്ഡ്രനജേയപരശുക്കളും 230

ദേവാഹ്വയൻ സുപ്രമേയൻ സുപ്രതീകൻ ബൃഹദ്രഥൻ
മഹോത്സാഹൻ സുക്രതുവാ വിനീതൻ നൈഷധൻ നളൻ231

സത്യവ്രതൻ ശാന്തഭയൻ സുമിത്രൻ സുബലൻ പ്രഭു
ജാനുജംഘാനരണ്യാർക്കർ പ്രിയഭൃത്യൻ ശുചിവ്രതൻ 232

ബലബന്ധു നിരാമർദ്ദൻ കേതു ശ്യംഗൻ ബൃഹൽബലൻ
ധൃഷ്ടകേതു ബൃഹൽകേതു ദീപ്തകേതു നിരാമയൻ 233

അവിക്ഷിൽ ചപലൻ ധൂർത്തൻ കൃതബന്ധു ദൃഢേഷുധി
മഹാപുരാണസംഭാവ്യൻ പ്രത്യംഗൻ പരഹാ ശ്രുതി 234

ഇവരും മറ്റുപലരും നൂറുമായിരവും നൃപർ
കേൾപ്പുണ്ടു നൂറു പത്മ2ത്തിലപ്പുറം വേറെ മന്നരും. 235

ഋദ്ധിക്കൊത്ത സുഖം വിട്ടും ബുദ്ധിവീര്യങ്ങളുള്ളവർ
പരലോകം ഗമിച്ചല്ലോ പരം നിന്മക്കൾപോലെതാൻ. 236

അവർക്കെഴും ദിവ്യകർമ്മം വിക്രമം ദാനശീലത
മാഹാത്മ്യം പിന്നെയാസ്തിക്യം സത്യം ശുദ്ധി ദയാർജ്ജവം 237

ഇവ വാഴ്ത്തും സൽപുരാണകവിപണ്ഡിതർ നിത്യവും;
സർവ്വർദ്ധിഗുണരാം യോഗ്യർ സർവ്വരും ഹന്ത പോയിതേ. 238

നിന്മക്കളോ ദുർമ്മതികൾ വന്മന്യുവ്യഥയുള്ളവർ4
ഭൂവി ലോഭികൾ ദുർവൃത്താകരേയോർത്തുള്ള കേഴൊലാ. 239

[ 108 ]

പഠിപ്പുമറിവും ധീയും പെടും നീ ബുധസമ്മതൻ
ബുദ്ധിശാസ്ത്രവവിക്കുള്ളോർ സത്യം ഭാരത, മാഴ്കിടാ 240

നിഗ്രഹാനുഗ്രഹനില നീ ഗ്രഹിപ്പീലയോ നൃപ!
പുത്രരക്ഷയ്ക്കോറ്റമനുവൃത്തി1 യൊക്കില്ല കേവലം. 241

ഏവം വരാനുള്ളതാണിന്നേവം ദുഃഖിച്ചിടൊല്ലിതിൽ
ദൈവത്തെബ്ബുദികൊണ്ടാരു കവച്ചങ്ങു കടപ്പവൻ? 242

വിധി കല്പിച്ചതിന്നാരുമതിലംഘിച്ചുനിന്നിടാ;
ഭാവഭാവം2സുഖം ദുഃഖമിവ കാലൈകമൂലമാം.3 243

കാലം സൃഷ്ടിപ്പതും ഭൂതജാലത്തെസ്സംഹരിപ്പതും
സംഹരിപ്പോരു കാലത്തെസ്സംഹരിപ്പതു കാലമാം. 244

കാലം ശൂഭാശുഭാഫലജാലം നിർമ്മിപ്പതെങ്ങുമേ
കാലമേ സംഹരിച്ചിട്ടു കാലേ സർവ്വം ചമപ്പതും. 245

എല്ലാമുറങ്ങുമ്പൊഴുണർന്നല്ലോ കാലമിരിപ്പതും
എല്ലാരിലും സമം തെറ്റാതല്ലോ കാലം നടപ്പതും 246

എല്ലാം കാലകൃതംതാൻ കണ്ടുള്ളിളക്കാതിരിക്ക നീ.
സൂതൻ പറഞ്ഞു
ഇതോതിപ്പുത്രദുഃഖാർത്തൻ ധൃതരാഷ്ട്രനരേന്ദ്രനെ 247

ആശ്വസിപ്പിച്ചാത്മനിലയ്ക്കാക്കീ സഞ്ജയനപ്പെഴേ.
ഇതേ വിഷയമായ് വ്യാസനോതീയുപനിഷത്തതും 248

ലോകേ വിദ്വൽകവി ശ്രേഷ്ഠരതിൽ ചൊല്ലൂ പുരാണമായ്.
ഭാരതം ചൊൽവതേ പുണ്യമൊരു പാദം പഠിക്കിലും 249

ശ്രദ്ധയുള്ളോനൊഴിഞ്ഞിടുമദ്ധാ4 പാപങ്ങളൊക്കെയും.
ദേവദേവർഷിവരരുമേവം ബ്രഹ്മർഷിമുഖ്യരും 250

ശുദ്ധകർമ്മാക്കൾ വർണ്ണ്യന്മാരത്ര യക്ഷഫണീന്ദ്രരും
അത്ര വാഴ്ത്തീട്ടുണ്ടു സാക്ഷാൽ നിത്യനാം വാസുദേവനെ; 251

അവനല്ലോ സത്യമൃതം പവിത്രം പുണ്യമുത്തമം
നിത്യം പരബ്രഹ്മമെന്നു ചിത്തജ്യോതിസ്സു കേവലം 252

വാഴ്ത്തുന്നു തൻ ദിവ്യകർമ്മമത്രേ നിത്യം മനീഷികൾ;
അവങ്കൽനിന്നേ സദസത്ഭാവം വിശ്വം ജനിപ്പതും. 253

ബ്രഹ്മാദിസന്തതികളും ജന്മവും പിന്നെ മൃത്യവും
അദ്ധ്യാത്മമായ് ശ്രുതിയെഴും പഞ്ചഭൂതഗണങ്ങളും 254

അവ്യക്തത്തിന്നുമേ മൂലമതുമായവനേകനാം.
യതിയോഗിജനും ധ്യാനസ്ഥിതിയോഗബലത്തിനാൽ 255

ആത്മക്കണ്ണാടിയിൽ കാണ്മോരാത്മജ്യോതിസ്സുതാനവൻ.

[ 109 ] === ഫലശ്രുതി ===

ശ്രദ്ധയോടും മനംവെച്ചു സദ്ധർമ്മവ്രതനിഷ്ഠയാൽ 256

അദ്ധ്യായമിതു ശീലിപ്പോനദ്ധാ പാപമൊഴിഞ്ഞുപോം.
അനുക്രമണികാദ്ധ്യായമാദിതൊട്ടിതു ഭാരതേ 257

ആസ്തിക്യമോടു കേൾക്കുന്നോനാർത്തി കൃച്ഛ്റങ്ങളിൽ പെടാ
രണ്ടു സന്ധ്യക്കുമിതിലേതാണ്ടു ഭാഗം ജപിക്കുകിൽ 258

രാവും പകലുമായ് ചെയ്തുണ്ടാവും പാപങ്ങളറ്റുപോം.
ഭാരതത്തിന്നതത്രേ നൽസാരം സത്യാമൃതം പരം. 259

തയിർക്കു വെണ്ണ മർത്ത്യർക്കു സ്വയം വിപ്രരുമാവിധം
ആരണ്യകം മറകളിലമൃതം ഭേഷജങ്ങളിൽ. 260

കടൽ കായൽകളിൽ, പൈ മുൻപെടും നാല്കാലി തങ്ങളിൽ,
ഇതിഹാസങ്ങളിൽ ശ്രേഷ്ഠമിതിന്മാതിരി ഭാരതം. 261'

ഇതേകപാദമെന്നാലും ശ്രാദ്ധേ കേൾപ്പിക്കിൽ വിപ്രരെ
പിതൃക്കൾക്കന്നപാനങ്ങളൊടുങ്ങാതേകിയെന്നുമാം. 262

ഇതിഹാസപുരാണങ്ങൾക്കൊണ്ടു വേദം പുലർത്തണം
എന്നെ സ്നേഹിക്കുമെന്നല്പജ്ഞനെ വേദം ഭയയപ്പെടണം. 263

ഈ കൃഷ്ണവേദം വിദ്വാൻ കേൾപ്പിക്കിലർത്ഥം ഗ്രഹിച്ചിടാം
ഭ്രൂണഹത്യാദിയാം പാപഗണവും കളയാം ദൃഢം. 264

ശുദ്ധിയോടീയൊരദ്ധ്യായം ചൊന്നവൻ പ്രതിപർവ്വമേ
ഒട്ടുക്കു ഭാരതം ചൊന്നമട്ടിലാമെന്നു മന്മതം. 265

ആർഷമാമിതതിശ്രദ്ധാപൂർവ്വം കേൾക്കുന്നവനുമേ
ദീർഗ്ഘായുസ്സും കീർത്തിയുമാസ്വർഗ്ഗപ്രാപ്തിയുമൊത്തീടും. 266

ഒരു ഭാഗം നാലു വേദമൊരു ഭാഗത്തു ഭാരതം,
തുലയിൽ തൂക്കിനാർ മുന്നം പല ദേവകളൊത്തുപോൽ. 267

സരഹസ്യം നാലു വേദമിരിക്കുന്നതിൽനിന്നുമേ
മഹത്തായന്നുതൊട്ടെങ്ങും മഹാഭാരതമെന്നു പേർ. 268

മഹത്ത്വവും ഗൗരാവവുമിഹ കൂടിയ കാരണാൽ
മഹത്ത്വവുഭാരവത്വാഢ്യം മഹാഭാരതമായിതേ; 269

ഇതിന്റെ സാരമറിവോനറ്റുപോം സർവ്വപാപവും.
തപസ്സപാപം ശ്രുതിചൊല്ലാപാപം
സ്വാഭാവികശ്രൗതനടപ്പപാപം
വൃത്യർത്ഥ1മർത്ഥാഹൃതിയിങ്ങപാപം
കാമ്യക്കലർപ്പാലിവതന്നെ പാപം. 270


  1. ലോമഹൎഷണൻ - പുരാണ പാരായണം കൊണ്ടു ശ്രോതാക്കളിൽ രോമാഞ്ചം ജനിപ്പിച്ചതിനാൽ ഈ പേരിൽ പ്രസിദ്ധനായിത്തീൎന്ന ഒരു മഹർഷി.
  2. പ്രത്യൎച്ചിതൻ = പകരം പൂജിക്കപ്പെട്ടവൻ
  3. വിഷുരം = പീഠം