ഭാസ്ക്കരമേനോൻ/പന്ത്രണ്ടാമദ്ധ്യായം

ഭാസ്ക്കരമേനോൻ (നോവൽ)
രചന:രാമവർമ്മ അപ്പൻ തമ്പുരാൻ
പന്ത്രണ്ടാമദ്ധ്യായം

[ 119 ]

പന്ത്രണ്ടാമദ്ധ്യായം

ഉപസംഹാരം


ഇൻസ്പെക്ടർ പിറ്റേദിവസം കാലത്തെഴുനീറ്റു റിക്കാർട്ടുകെട്ടിൽനിന്നൊരു കടലാസു ചുരുളെടുത്തു നിവൎത്തിയപ്പോൾ കനലിൽ ചുട്ടെടുത്ത കനകച്ചങ്ങലപോലെ വിളങ്ങുന്ന സൂര്യബിംബത്തിൽനിന്നു പൊട്ടിപ്പുറപ്പെടുന്ന രശ്മിക്കൂട്ടം ജനാലകളിൽ‌കൂടി കടന്നു സ്റ്റേഷൻ മുറിക്കകത്തു കുടികൊണ്ടിരുന്ന അന്ധകാരനികരത്തെ നിർമ്മൂലനം ചെയ്യുവാൻ തുടങ്ങിയതുകണ്ടാൽ പതിമൂന്നാം തീയതി പുലൎന്നതു കുണ്ടുണ്ണിനായർ ഇൻസ്പെക്ടരുടെ പ്രത്യേകാവശ്യത്തെ ഉദ്ദേശിച്ചു തന്നെയാണോ എന്നു തോന്നും. ഇൻസ്പെക്ടൎക്കും ഉപകാരസ്മരണ ഉണ്ടാകാതിരുന്നില്ല. ബാലാൎക്കകിരണങ്ങളെ ആദരപൂൎവം സ്വീകരിച്ചുകൊണ്ടു അദ്ദേഹം ജനാലയുടെ അടുക്കലേക്കുനീങ്ങി. അവിടെനിന്നുകൊണ്ടു് അന്നേദിവസം കോടതിമുമ്പാകെ ചാൎജ്ജുചെയ്യുവാൻ നിശ്ചയിച്ചിരിക്കുന്ന കൊലപാതകക്കേസുകളുടെ വികടമാർഗ്ഗങ്ങൾ അകപ്പെട്ടു, ചേരയെ വിഴുങ്ങുവാൻ ഉത്സാഹിച്ച നീൎക്കോലിയെപ്പോലെ, യാതൊരവസാനവും കണ്ടുകിട്ടാതെ കിടന്നു കുഴങ്ങുമ്പോൾ വഴിയിലൊരു കോലാഹലംകോട്ടു തിരിഞ്ഞുനോക്കിയ നിമിഷത്തിൽ, കേസ്സാലോചനമൂലം കുണ്ടുണ്ണിനായൎക്കുണ്ടായിരുന്ന കണ്ടപ്പാടു് സകലതും കലാശിച്ചു നെറ്റിത്തടത്തിലെ ചുളിവുകളൊക്കെ നിവൎന്നു. തലചൊറിഞ്ഞിരുന്ന കയ്യിന്റെ ജോലിയും ഒതുങ്ങി എതിരായി വരുന്ന സ്വരൂപത്തിൽ പതിഞ്ഞിരിക്കുന്ന ദൃഷ്ടികൾക്കുമാത്രം എമച്ചുമിഴി കുറഞ്ഞുപോയതിനാൽ വേല കുറേക്കൂടി വർദ്ധിച്ചു. വളരെ താമസംകൂടാതെ [ 120 ] പ്രത്യക്ഷമായിട്ടു കാണുന്ന സ്വരൂപത്തെക്കുറിച്ചുണ്ടായിരുന്ന സംശയം തീൎന്നു വിശ്വാസം ജനിച്ചതോടുകൂടി വായിച്ചിരുന്ന കടലാസ്സും വലിച്ചെറിഞ്ഞു ആനന്ദപുരം ഇൻസ്പെക്ടർ നിലവിട്ടു പകച്ചു നിന്നുപോയി. ഇൻസ്പെക്ടർ കേട്ട കോലാഹലം പടിക്കൽ കൂടിയിരുന്ന ജനസംഘത്തിന്റേയായിരുന്നു. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന കടലാസ്സു സ്റ്റേഷനാപ്സരുടെ മരണത്തെപ്പറ്റിയായിരുന്നു. സ്റ്റേഷനിലേക്കു കടന്നുവന്ന സ്വരൂപം നമ്മുടെ പണ്ടത്തെ സ്റ്റേഷനാപ്സരുടേതുമായിരുന്നു.

ചത്തു ജീവിച്ച ഭാസ്ക്കരമേനവനെ കണ്ടിട്ടുണ്ടായ ഭയത്താലും ആശ്ചര്യത്താലും സ്തബ്ധന്മാരായ തന്റെ കീഴുദ്യോഗസ്തന്മാരേയും മറ്റു പലരേയും തൽക്കാലം ഗണ്യമാക്കാതെ സ്റ്റേഷനാപ്സർ നേരിട്ടു ഇൻസ്പെക്ടരുടെ സന്നിധാനത്തിൽചെന്നു സലാംവച്ചു നിൽക്കുയാണുണ്ടായതു്. ഇൻസ്പെക്ടർ ഒന്നുകൂടി കണ്ണുമിഴിച്ചതല്ലാതെ ഏതൊരുവിധത്തിലാണു് സ്റ്റേഷനാപ്സൎക്കു സ്വാഗതം പറയേണ്ടതെന്നു തീരുമാനിക്കുവാൻ ശക്തനായില്ല. സ്റ്റേഷനാപ്സർ തന്റെ അജ്ഞാതവാസകഥ പറഞ്ഞഉ ഇൻസ്പെക്ടരെ സമാധാരപ്പെടുത്തുകയും ഉണ്ടായില്ല. അതിനുള്ള സമയം വന്നിട്ടില്ലെന്നു കണ്ടിട്ടെന്നപോലെ.

'കേസ്സെല്ലാം തെളിഞ്ഞു. സ്റ്റേഷനിൽ കിടക്കുന്ന പുള്ളികൾ എന്റെകൂടെ ഇപ്പോൾ തന്നെ അമ്പലക്കാട്ടേയ്ക്കു പുറപ്പെടുവാൻ ഉത്തരവുണ്ടാകണം. ഇവിടന്നും സഹായത്തിനു വരുന്നതായാൽ ഉപകാരമായിരുന്നു.' എന്നു ഭാസ്ക്കരമേനോൻ ബോധിപ്പിച്ചതിനു് അനുസ്വാരശൂന്യമായ പ്രണവംകൊണ്ടൊരു അനുസരണവും അതിനയോജിച്ച നടവടിയും ആയിരുന്നു ഇൻസ്പെക്ടരുടെ മറുവടി. [ 121 ] ഇൻസ്പെക്ടരും ആളുകളും അമ്പലക്കാട്ടു ചെന്നു കയറിയപ്പോൾ സ്റ്റേഷനാപ്സരുടെ ശിഷ്യനും പോലീസ്സുകാരനും നാലുകെട്ടിൽനിന്നു കോലായിലേക്കു കടക്കുന്ന വാതലിന്റെ ഇരുഭാഗത്തും കൂടിയിരിക്കുന്നു. അപ്പാത്തിക്കരി നടുമുറ്റത്തിന്റെ വക്കത്തു വല്ലഴിയിന്മേൽ കൈകൊടുത്തു കൈയിന്മേൽ തലയും ചാച്ചു് ചിന്താക്രാന്തനായിട്ടു കാലു പിണച്ചു നിൽക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ ഭാൎയ്യ അടുത്തുള്ള തൂണിന്മേൽ ചാരിയിരുന്നു് കണ്ണീരിൽ കുളിക്കുന്നുമുണ്ടു്. സ്റ്റേഷനാപ്സർ വാതുക്കൽ നിന്നിരുന്നവരോടു സംസാരിച്ചതും ശങ്കരമേനോൻ മരിച്ചുകിടക്കുന്ന അകം തുറന്നു നോക്കിയതും അപ്പാത്തിക്കരിയാകട്ടെ ഭാൎയ്യയാകട്ടെ അറിയാഞ്ഞതെന്തുകൊണ്ടാണെന്നു പുത്രദുഃഖമനുഭവിച്ചിട്ടുള്ള മാതാപിതാക്കന്മാരെപ്പോലെ മറ്റാൎക്കാകുന്നു പൂൎണ്ണമായി അറിവാൻ കഴിയുന്നതു്? നാലുകെട്ടിലേക്കു കടക്കുന്ന ഇൻസ്പെക്ടരുടെ ബൂട്ട്സിന്റെ ശബ്ദം കേട്ടാണു് അപ്പാത്തിക്കരി തിരിഞ്ഞുനോക്കിയതു്. ആ മാത്രയിൽ അദ്ദേഹത്തിന്റെ നയനങ്ങളിൽനിന്നു പൊടുന്നനെ പുറപ്പെട്ട അശ്രുധാരയെ ഒതുക്കിനിറുത്തുവാൻ മനസ്സിൽ കത്തിക്കാളുന്ന വ്യസനം അദ്ദേഹത്തിനെ അനുവദിച്ചില്ലെന്നേ പറയേണ്ടതുള്ളു. സ്റ്റേഷനാപ്സരെ കണ്ടതുമുതൽ ഇൻസ്പെക്ടരുടെ കാഴ്ചയും കേൾവിയും മറ്റും കേവലം സ്വപ്നപ്രായങ്ങളായിത്തീൎന്നു. അമ്പലക്കാട്ടേക്കുള്ള വരവുതന്നെ വാസ്തവത്തിൽ സ്വപ്നാടനമെന്നേ പറഞ്ഞുകൂടു. അവിടെ വന്നതിന്റെ ശേഷം നടന്നതും മുഴുവനും നടന്നിരുന്നതും കുണ്ടുണ്ണിനായരെച്ചൊല്ലിയേടത്തോളം സ്വപ്നത്തിൽ സ്വപ്നമെന്നല്ലാതെ മറ്റൊന്നു പറവാൻ കാണുന്നില്ല. ഈ സ്ഥിതിയിൽ ഇൻസ്പെക്ടരുണ്ടോ [ 122 ] അപ്പാത്തിക്കരിയെ സമാധാനപ്പെടുത്തുവാൻ പുറപ്പെട്ടാൽ പ്രാപ്തനായിത്തീരുന്നു! മുഖത്തോടുമുഖം നോക്കിക്കൊണ്ടു മൂകന്മാരെപ്പോലെ നിന്നിരുന്ന ഇവരെ ഈ ദുർഘടസ്ഥിതിയിൽനിന്നു രക്ഷപ്പെടുത്താൻ സ്റ്റേഷനാപ്സർ തന്നെ സഹായിക്കേണ്ടിവന്നു. അദ്ദേഹം ഇവരുടെ അടുത്തുവന്നു.

'ഇനി നിങ്ങൾ ഈ കാൎയ്യത്തെപ്പറ്റി വിചാരിച്ചു വ്യസനിച്ചിട്ടു ഫലമുണ്ടെന്നു തോന്നുന്നില്ല. സംഗതികളെല്ലാം ഞാൻ അന്വേഷിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ കറച്ചധികം വിസ്തരിപ്പാനുള്ളതുകൊണ്ടു സൌകൎയ്യമായിട്ടൊരു ദിക്കിൽ പോയിരുന്നിട്ടാണെങ്കിൽ നന്നായിരുന്നു' എന്നു സാവധാനത്തിൽ പറഞ്ഞതുകേട്ടു് അപ്പാത്തിക്കരി അദ്ദേഹത്തിന്റെ ആഫീസുമുറിയിലേക്കു വഴികാണിച്ചു. ഇൻസ്പെക്ടരും അപ്പാത്തിക്കരിയും അകത്തു കടന്നു ഓരോ ചാരുകസാലയിൽ ഇരുന്നതിന്റെ ശേഷം ഇൻസ്പെക്ടരുടെ അനുവാദത്തോടുകൂടി, സ്റ്റേഷനാപ്സരും ഒരു ചൂരക്കസാലയിൽ ഇരുന്നു. എന്നിട്ടു അടുത്തു കിടക്കുന്ന മേശയുടെ വക്കു തലോടിക്കൊണ്ടു ഇപ്രകാരം ആരംഭിച്ചു:—

'ഈ മരണവും കിട്ടുണ്ണിമേനവന്റെ കേസ്സിനോടു സംബന്ധിച്ചതുതന്നെയാണു്' എന്നു പറഞ്ഞു കുറച്ചുനേരം മിണ്ടാതിരുന്നു, കേട്ടിരിക്കുന്നവരും മൌനത്തെ ഉപേക്ഷിച്ചില്ല.

'ഇക്കഴിഞ്ഞ അഞ്ചാംതീയതി രാത്രി എട്ടുമണി പത്തുമിന്നിട്ടിനു ഒരാൾ കമ്പൗണ്ടരുടെ അറിവകൂടാതെ ആസ്പത്രിയിൽനിന്നു 'പ്രൂസിക്ക് ആസിഡ്' എന്ന വിഷമരുന്നു കട്ടുകൊണ്ടോടി. ഇയാൾ രോഗികൾ കിടക്കുന്ന മുറിയിൽ കൂടിയാണു അകത്തേക്കു കടന്നതു്. തിരിയെപോന്നതും പരിഭ്രമത്തിന്റെ ശക്തികൊണ്ടു മരുന്നുകുപ്പി [ 123 ] തുടച്ചുവയ്ക്കാനാവട്ടെ രോഗികളെ ഉപദ്രവിക്കാതെ നടക്കാനാവട്ടെ ക്ഷമയുണ്ടായില്ല. ഇയാൾ ശല്യപ്പെടുത്തിയ രോഗിയുടെ നിലവിളി കമ്പൗണ്ടർ പുറത്തുപോയി വരുമ്പോൾ കേട്ടുവെങ്കിലും സാധാരണയായിട്ടു വിചാരിച്ചതിനാൽ അത്ര ശ്രദ്ധവെച്ചില്ല.

'കുമാരൻനായരല്ലെ കമ്പൌണ്ടരെ മാറ്റി നിറുത്തിയതു?' എന്ന ചോദ്യംമൂലമാണു ഇൻസ്പെക്ടരുടെ മൌനത്തിനു ഭംഗം വന്നതു്.

'കുമാരൻനായരും കമ്പൗണ്ടരുംകൂടി ആസ്പത്രിക്കു പുറത്തു സംസാരിച്ചുനില്ക്കുമ്പോഴാണു് ആൾ കമ്പൌണ്ടരുടെ അകത്തു കടന്നതു്. പക്ഷേ, കുമാരൻനായർ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല. ഉടപ്പിറന്നവളുടെ നിർബന്ധംകൊണ്ടാണു പണയപ്പണ്ടം അന്നു രാത്രിതന്നെ കുമാരൻനായൎക്കെടുപ്പിക്കേണ്ടിവന്നതു്.

'ഇതിൽ ശങ്കരനെന്താണു് പിഴച്ചതു്?' എന്നു അപ്പാത്തിക്കരിയും സംവാദത്തിൽ പങ്കുകൊള്ളുവാൻ തുടങ്ങി.

'ശങ്കരമേനവന്റെ മരണം ഒടുക്കത്തെ സംഗതിയാണു്. അതു ഞാൻ അവിടെ വരുമ്പോൾ പറയാം. പണയംവെച്ച ആളും അമ്മുവിനെക്കൊണ്ടു കുമാരൻനായരോടു പറയിപ്പിച്ച ആളും വേറെയാണു്. ഈ ആൾ തന്നെയാണു വിഷമരുന്നപഹരിക്കുന്നതിൽ സഹായിച്ചിട്ടുള്ളതും. കുമാരൻനായരുടെ സഹായമുണ്ടായിരുന്നുവെങ്കിൽ ഇത്ര പരിഭ്രമിച്ചു മരുന്നെടുക്കേണ്ടിവരികയില്ലായിരുന്നു.'

'ആരാതു്? കാൎയ്യസ്ഥനൊ, കുഞ്ഞിരാമൻനായരോ?'

'ഊരും പേരും ഞാൻ വഴിയെ പറഞ്ഞോളാം. കുമാരൻനായർ പത്തുമിന്നിട്ടേ കമ്പൌണ്ടരായിട്ടു സംസാരിച്ചു നിന്നിട്ടുള്ളു. കാര്യം കഴിഞ്ഞപ്പോൾ അദ്ദേഹം [ 124 ] പിരിഞ്ഞു. അപ്പോൾ എട്ടുമണി പത്തുമിനിട്ടായി. ഇതിനു സാക്ഷി കുമാരൻനായരുടെ വാച്ചുതന്നെ. ഒരാൾ മരുന്നുകൊണ്ടുപോയല്ലോ. അയാൾ വീട്ടിൽചെന്നു ഉണ്ടുവെന്നു വരുത്തി അകത്തുപോയിക്കിടന്നു. മറ്റെല്ലാവരും ഉറങ്ങേണ്ട സമയമായപ്പോൾ അടുക്കളിൽ ചെന്നു കിണറ്റിൻകരെയുള്ള തുടിയിന്മേൽ പിടിച്ചു പുറത്തേക്കു കടന്നു. ഇതിനു വീട്ടിൽ താമസിക്കുന്ന ഒരു ശിഷ്യൻതന്നെയാണു സാക്ഷി.

'ശിഷ്യനെങ്ങിനെയാണു് ഇതു കണ്ടെത്തിയതു്' എന്നു ചോദിക്കേണ്ട ആവശ്യം അപ്പത്തിക്കരിയുടേതായിരുന്നു.

'രുചിക്ഷയം കണ്ടാൽ പുറത്തേക്കു ചാടുന്ന ദിവസമാണെ'ന്നു കുറേദിവസംമുമ്പുതന്നെ ശിഷ്യൻ തീർച്ചപ്പെടുത്തീട്ടുണ്ടത്രെ. വീട്ടിലെ 'വല്യജമാന്നു' ഇതിനെപ്പറ്റി കുറച്ചേതാണ്ടൊക്കെ രൂപമുണ്ടെന്നുകൂടി കേട്ടു.

'ശങ്കരൻ കുറെ സ്ത്രൈണനായിരുന്നു. ഒട്ടും വികൃതിയല്ല. ഈ കേസ്സിൽ അവനെന്താണു് പിഴച്ചതു്?' എന്നു വീണ്ടും ചോദിക്കാതിരിപ്പാൻ അപ്പാത്തിക്കരിക്കു മനസ്സുവന്നില്ല.

'ശങ്കരമേനവന്റെ മരണം ഒടുക്കത്തെ സംഗതിയല്ലെ അതു ഞാൻ പിന്നെപ്പറയാം. വഷമരുന്നെടുത്തിട്ടു അയാളും കൂട്ടുകാരനുംകൂടി അർദ്ധരാത്രി പന്ത്രണ്ടുമണിക്കല്പംമുമ്പു് പുളിങ്ങോട്ടുചെന്നു. ഇതിൽ ആദ്യത്തേ ആൾക്കു എം.കെ. ഗോവിന്ദപ്പണിക്കരെന്നും, രണ്ടാമനു് കെ. അയ്യപ്പൻനായരെന്നും പേരെന്നിരിക്കട്ടെ. അടുക്കളയും മതില്ക്കെട്ടുംകൂടി ചേരുന്ന മുക്കിൽകൂടിയാണു അവർ അകത്തേക്കു കേറിക്കടന്നതു്. അയ്യപ്പൻ നായരുടെ [ 125 ] കൈയിൽ ഒരു വലിയ വടിയുണ്ടായിരുന്നു. അതിനെ ജനാലയുടെ അഴികളുടെ ഇടയിൽക്കൂടിക്കടത്തി ഒവറയിലേക്കു കടക്കുന്ന വാതിലിന്റെ സാക്ഷ കുത്തിത്തുറന്നു. പിന്നത്തെ പ്രവൃത്തി നടത്തിയതു ഗോവിന്ദപ്പണിക്കരാണു്! അപ്പോൾ അയ്യപ്പൻ നായർ വടി എറക്കാലിൽ കുത്തിനിൎത്തി ഓവറയുടെ പുറഞ്ചുമരിനോടു ചേൎന്നുനിന്നതേയുള്ളു. പണിക്കർ കിട്ടുണ്ണിമേനവന്റെ അകത്തുകടന്നു ചുക്കുവെള്ളക്കിണ്ടിയിൽ വിഷമരുന്നു ധാരാളം കൊണ്ടിട്ടു. അതിന്റെ ശേഷം മേശപ്പുറത്തിരുന്ന ലക്കോട്ടിൽനിന്നു് എഴുത്തെടുത്തു ലെക്കോട്ടവിടെത്തന്നെ വച്ചു. എന്നിട്ടു പുറത്തേക്കു കടന്നു് ഇറയത്തു കാത്തുനിന്നു. ഏകദേശം പന്ത്രണ്ടുമണി കഴിഞ്ഞപ്പോൾ കിട്ടുണ്ണിമേനവൻ ഉണൎന്നു വെള്ളമെടുത്തു കുറച്ചുകുടിച്ചപ്പോൾ ദുസ്വാദു തോന്നീട്ടോ കൈകുടഞ്ഞിട്ടോ കിണ്ടി മേശപ്പുറത്തിട്ടു. അത്രമാത്രമേ എടയുണ്ടായുള്ളു. അപ്പോഴേക്കും ബോധക്ഷയത്തോടുകൂടി അദ്ദേഹം കിടക്കയിൽ വീണു. കിണ്ടിയുടെ ശബ്ദംകേട്ടു അയ്യപ്പൻനായർ ഓവറയിൽ കടന്നു ചെരിച്ചു നോക്കിയപ്പോൾ കിട്ടുണ്ണിമേനവന്റെ പ്രാണപരാക്രമമായിരുന്നു. വേഗം അകത്തു കടന്നു വിളക്കൂതി ലക്കോട്ടു കൈയിലെടുത്തു. എന്നിട്ടു കിണ്ടിയിലെ വെള്ളവും കളഞ്ഞു വച്ചിട്ടാണു ഓവറയിലേക്കു കടന്നതു്. അപ്പോൾ അവിടെ ഒഴിച്ചിട്ടുള്ള മരുന്നു വെള്ളത്തിൽ കാലടികൾ പതിയുന്നതുകൊണ്ടുള്ള വൈഷമ്യം ആലോചിച്ചില്ല. ഇരുട്ടുകുഴിയിൽകൂടി ചുമരിന്മേൽ പിടിച്ചു പുറത്തേക്കു് കടക്കുന്ന സമയം തോൎത്തുമുണ്ടു തൂക്കുന്ന കോലു തട്ടിക്കളഞ്ഞതും വകവച്ചില്ല. ഇരുട്ടത്തു ചുമരു തടയുമ്പോൾ കൈകൾ തോളിനു മീതെ പൊങ്ങാറില്ലെന്നു് ഞാൻ ധരിച്ചിട്ടുള്ളതുകൊണ്ടു അയ്യപ്പൻനായരുടെ പൊക്കം ഞാൻ കണക്കാക്കി ഏകദേശം അഞ്ചടി [ 126 ] മൂന്നംഗുലം ആയിരിക്കണമെന്നു ഇൻസ്പെക്ടർ അഭിപ്രായപ്പെട്ടു. ഈ 'എടസരി' കാൎയ്യസ്ഥന്റെ ശിഷ്യനെ ഉദ്ദേശിച്ചായിരുന്നു. ഇതിനുത്തരമായി,

'അല്ല, ശരിയായിട്ടു ബാലകൃഷ്ണമേനവന്റെ ഉയരമുണ്ടു്' എന്നു പറഞ്ഞപ്പോൾ ഇൻസ്പെക്ടർ ഒന്നും മിണ്ടിയില്ല. സ്റ്റേഷനാപ്സർ പിന്നെയും ആരംഭിച്ചു.

അയ്യപ്പൻനായർ പുറത്തുവന്നപ്പോൾ പണിക്കരെ കണ്ടില്ല. അകത്തുനിന്നു പുറപ്പെട്ട ശബ്ദങ്ങൾ കേട്ടു ഭയപ്പെട്ടിട്ടോ എന്തോ അയാൾ പോയിക്കഴിഞ്ഞു. ഈ വക ശബ്ദങ്ങൾ കേട്ടിട്ടുതന്നെയാണു് കുഞ്ഞിരാമൻനായരും ഉണൎന്നതു്. അയ്യപ്പൻനായരുതന്നെയാണു് 'പുളിങ്ങോട്ടു സ്വത്തു് കൂനന്റെ വീട്ടിൽ' എന്നു പറഞ്ഞു് ബീറ്റുകാൺസ്റ്റബിളിനെ ചതിച്ചതും അമ്പലക്കാട്ടുവച്ചു് ഗോവിന്ദനെ പൊളിപറഞ്ഞു പറ്റിച്ചതും.'

കാൎയ്യസ്ഥന്റെ ശിഷ്യനു അയ്യപ്പൻ െന്നല്ലേ പേരു്? എന്നായിരുന്നു ഇൻസ്പെക്ടരുടെ ക്ഷമവിട്ടുള്ള പിന്നത്തെ ചോദ്യം.

'അതെ, പക്ഷേ ആ അയ്യപ്പനല്ല ഇതു്. കാൎയ്യസ്ഥന്റെ ശിഷ്യനു വാതൽ തുറന്നു കൊടുത്തതു് കിട്ടുണ്ണിമേനവന്റെ ശിഷ്യനാണു്. അയാൾ വെളുപ്പിന്നു വന്നുകൊള്ളാമെന്നു് ഗോവിന്ദനായിട്ടു കരാറാക്കീട്ടു രാത്രി തെണ്ടാൻ പോവകുകയാണു ചെയ്തതു്.'

'ഗോവിന്ദൻ എന്തുകൊണ്ടാണു് അതു പറയാതിരുന്നതു്.' എന്നു് കുണ്ടുണ്ണിനായർ എതിർചോദ്യം തുടങ്ങി.

'അപകടം വല്ലതും വന്നെങ്കിലോ എന്ന ഭയം കൊണ്ടും പണമിടപെട്ട ഒരു സ്വല്പ സംഗതിയിൽ കാൎയ്യ [ 127 ] സ്ഥന്റെ നേരെയുണ്ടായിരുന്ന ദ്വേഷംകൊണ്ടും കാൎയ്യസ്ഥന്റെ ശിഷ്യനെ ഞാൻ തേടി കണ്ടുപിടിച്ചു് കൂട്ടിവച്ചു ചോദിച്ചപ്പോൾ കാൎയ്യമൊക്കെ തെളിഞ്ഞു.'

'പുളിങ്ങോട്ടു ബംഗ്ലാവിൽ ഗൂഢമായിട്ടു നടന്നതൊക്കെ ഇത്ര സൂക്ഷ്മമായിട്ടെങ്ങിനെയാണു നിങ്ങൾക്കു് മനസ്സിലായതു്? നിങ്ങൾ പറയുന്ന ആളുകളെ ഈ കേസിൽ പെടുത്തീട്ടുള്ളതായി അറിയുന്നില്ലല്ലോ' എന്ന ചോദ്യം അപ്പാത്തിക്കരിയുടേതാണു്.

'സൂക്ഷ്മം അറിഞ്ഞിട്ടുവേണം പെടുത്തുവാൻ എന്നുവച്ചു് കാത്തിരിക്കുകയായിരുന്നു. പുളിങ്ങോട്ടു കണ്ട കാലടികളുടെ ആകൃതിയും പോക്കും ആദ്യം മനസ്സിലാക്കി. പിന്നെ അവിടെ കണ്ട പല അടയാളങ്ങളും പരിശോധിച്ചു. എനിക്കു സംശയം തോന്നിയ ആളുകളുടെ നടപടികളൊക്കെ ഞാൻതന്നെ കാത്തുകൊണ്ടിരുന്നു. പലരേയും വിസ്തരിച്ചു യുക്തിക്കൊത്തവണ്ണം ചിലതൊക്കെ ഊഹിച്ചു. ഊഹത്തിനെ പിന്താങ്ങുന്നതായ ലക്ഷ്യങ്ങൾ കാണുന്നതുവരെ ക്ഷമിച്ചു. ഇങ്ങിനെയൊക്കായാണു് ഞാൻ സൂക്ഷ്മം മനസ്സിലാക്കിയതു്. ആരെന്തു പറഞ്ഞാലും അതിനൊക്കെ ചെവികൊടുക്കും. പ്രത്യക്ഷമായിട്ടു അനുഭവം വരുന്നതുവരെ ഒന്നും വിശ്വസിക്കുകയുമില്ല. ഇതാണു് എന്റെ നിയമം.'

'ഇവരെന്തിനായിട്ടാണു ഈ ദുഷ്‌പ്രവൃത്തി ചെയ്തതു്?' എന്നായിരുന്നു ഇൻസ്പെക്ടരുടെ ചോദ്യം.

അതാണിനി പറവാൻ പോകുന്നതു്. ഗോവിന്ദപ്പണിക്കൎക്കു ഒരു സ്ത്രീയിൽ എന്തെന്നില്ലാത്ത അനുരാഗം ജനിച്ചു. അവൾക്കോ അയാളെ കണ്ടുകൂടാ. അവളുടെ സ്നേഹം അന്യനിലാണു വേരുറച്ചിട്ടുള്ളതു്. ആ സ്ത്രീ [ 128 ] സ്വാധീനയാവുമെങ്കിൽ പണിക്കർ എന്തുതന്നെ ചെയ്വാനും സന്നദ്ധനാണെന്നു കണ്ടു് അയ്യപ്പൻനായർ ഒരു പോരാലോചിച്ചു. കിട്ടുണ്ണിമേനവൻ മരിച്ചാൽ തനിക്കു കുറെ ലഭ്യത്തിനു വകയുണ്ടു്. പണിക്കൎക്കു അനുരാഗമുള്ള സ്ത്രീ നായരുടെ ഉടപ്പിറന്നവളാണു്. തന്റെ അഭീഷ്ടം നടത്തിത്തന്നാൽ പണിക്കരെക്കൊണ്ടു ഉടപ്പിറന്നവൾക്കു സംബന്ധം തുടങ്ങിക്കാമെന്നു അയ്യപ്പൻ നായർ കരാറു ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണു തനിക്കു കിട്ടുവാൻ വഴിയുള്ള സ്വത്തു അന്യനു എഴുതിക്കൊടുക്കുവാൻ പോകുന്നുവെന്നു സൂക്ഷ്മവൎത്തമാനം കേട്ടതു്. പുളിങ്ങോട്ടു നടക്കുന്ന വൎത്തമാനങ്ങളെല്ലാം സമ്പാദിച്ചിരുന്നതു അവിടെ താമസിച്ചിരുന്ന ഒരാളുടെ വീട്ടിലെ ചെറുപ്പക്കാരിയായ ഒരു സ്ത്രീ മുഖേനയാണു്. ആ സ്ത്രീക്കു അയ്യപ്പൻ നായരു എന്നു പറഞ്ഞാൽ പ്രാണനാണു്. നായൎക്കും തന്നിൽ നിഷ്കളങ്കമായ സ്നേഹമുണ്ടെന്നാണു് അവൾ വിശ്വസിച്ചിരുന്നതു്. എന്നാൽ ഈ സ്ത്രീയെ അയാൾ പാട്ടിൽ പിടിച്ചിരുന്നതു പുളിങ്ങോട്ടെ വൎത്തമാനം അറിവാൻ വേണ്ടിയും തന്റെ ഉടപ്പിറന്നവളെ ഗോവിന്ദപ്പണിക്കൎക്കു സ്വാധീനപ്പെടുത്തിക്കൊടുക്കുന്നതിൽ സഹായത്തിനുവേണ്ടിയും മാത്രമാണഉ്. മരണപത്രത്തിന്റെ സംഗതി ഈ സ്ത്രീ പറഞ്ഞുകേട്ട നിമിഷത്തിൽ കാൎയ്യം വേഗം തീൎക്കുവാൻ ഉത്സാഹിച്ചു തുടങ്ങിയെങ്കിലും, ഒസ്യത്തു കിട്ടുണ്ണിമേനവൻ ഒപ്പിട്ട ദിവസം രാത്രിയിലേ എല്ലാം ഒരുക്കൂട്ടുവാൻ സാധിച്ചുള്ളു. പിന്നത്തെ കഥ ഞാൻ മുമ്പു പറഞ്ഞുവല്ലോ' ഇത്രത്തോളമായപ്പോൾ ഇൻസ്പെക്ടർ,

'ഭാസ്ക്കരമേന്നെ, നിങ്ങൾ എല്ലാം തുറന്നു പറയുന്നില്ലെന്നുണ്ടൊ' എന്നു ശങ്കിക്കുവാൻ തുടങ്ങി. സ്റ്റേഷനാപ്സർ [ 129 ] ഇതിനുത്തരമൊന്നും പറഞ്ഞില്ല. മുൻവിവരിച്ചിരുന്ന പ്രസംഗത്തിലേക്കുതന്നെ വീണ്ടും പ്രവേശിച്ചു.

'അയ്യപ്പൻനായർ പുളിങ്ങോട്ടുനിന്നു പോകുംവഴി ലക്കോട്ടിന്റെ ഉള്ളിൽ തപ്പിനോക്കിയപ്പോൾ ഒസ്യത്തുകണ്ടില്ല. പണിക്കരുടെ കയ്യിലാണെന്നു മനസ്സിലായപ്പോൾ പിന്നെയും അയാളെ ആശ്രയിക്കേണ്ടിവന്നു. കിണ്ടിയിൽ മരുന്നിടുവാൻ പോകുന്ന സമയം കിട്ടുണ്ണിമേനവൻ ഉണൎന്നാൽ ദുർഘടമാവുമല്ലൊ എന്ന മുൻകരുതലൊടുകൂടിയാണു് ആ പണിക്കരെക്കൊണ്ടു കഴിപ്പിച്ചതു്. പക്ഷെ മരുന്നിട്ടു കഴിഞ്ഞാൽ ഉടനെ ഒസ്യത്തു കൈക്കലാക്കുമെന്നു വിചാരിച്ചില്ല. ഏഴാംതീയതി ഇവർ തമ്മിൽ ശിവൻകാട്ടിൽവച്ചു നടത്തിയ സംവാദം അയ്യപ്പൻ നായരുടെ ഇഷ്ടംപോലയല്ല കലാശിച്ചതു്. പണിക്കർ ഒസ്യത്തു കൊടുത്തില്ല. അയാളുടെ കാൎയ്യം സാധിച്ചാലെ കൊടുക്കുള്ളു എന്നു ശാഠ്യം പിടിച്ചു. സംവാദത്തിന്റെ ഇടയ്ക്കു് ഒസ്യത്തു തട്ടിപ്പറിക്കുവാൻ അയ്യപ്പൻ നായർ ഉത്സാഹിച്ചിരുന്നില്ലെ എന്നു കൂടി ഞാൻ സംശയിക്കുന്നു. സങ്കേതസ്ഥലത്തുള്ള കൈതയോലയിന്മേൽ കണ്ട ചോരയും മറ്റുമാണു് ഈ ഊഹത്തിനടിസ്ഥാനം. എങ്ങനെയെങ്കിലും ഏഴുദിവസത്തിനകം പണിക്കരുടെ അഭീഷ്ടം സാധിപ്പിച്ചാക്കാമെന്നു പറഞ്ഞു സമാധാനപ്പെടുത്തീട്ടാണഉ് പണിക്കരെ അയച്ചതു്. അതു റിക്കാർട്ടുകൽ പരിശോധിക്കുമ്പോൾ അറിയാറാവും.'

'ഒസ്യത്തിനെപ്പറ്റി കാൎയ്യസ്ഥൻ പറഞ്ഞതും നേരാണൊ' എന്നു ഇൻസ്പെക്ടരുടെ നിരാശ പ്രകാശിച്ചു തുടങ്ങി. [ 130 ] അതെ, എട്ടാംതീയതി കോടതിപിരിഞ്ഞു വരുംവഴിയാണു് കുഞ്ഞിരാമൻനായർ ഈ കഥ എന്നോടു പറഞ്ഞതു്. അതു കേട്ടപ്പോൾ ഞാൻ പോയവഴി തെറ്റല്ലെന്നു വന്നതുകൊണ്ടു സമാധാനമായി. മേലേവീട്ടിൽ കയ്മളുടെ ശീട്ടും കുഞ്ഞിരാമൻനായർ പറഞ്ഞപോലെയാണെന്നു കണ്ടറിഞ്ഞപ്പോൾ ഒസ്യത്തിന്റെ കാൎയ്യത്തിൽ ഒട്ടുമുക്കാലും വിശ്വാസവുമായി. ഈ ദിവസം തന്നെയാണു എന്നെ കൊല്ലുവാൻ മൊയ്തുവിനെ ശട്ടംകെട്ടിയിരുന്നതു്. ശൂദ്രവേഷം ധരിച്ചുനടക്കുന്ന ഈ മൊയ്തുതന്നെയാണു് എന്റെ വീട്ടിൽവന്നു പെരണ്ടുവീണതും, ആസ്പത്രിയിലേക്കു പോകുംവഴി എന്നെ പിന്തുടൎന്നതും. പിട്ടുകൊണ്ടു താൻ പാട്ടിൽ പിടിച്ചിട്ടുള്ള സാധുസ്ത്രീയോടുകൂടി പരിവട്ടത്തു കടവിൽ സംസാരിച്ചുകൊണ്ടു നിന്നിരുന്ന അയ്യപ്പൻനായർ പെട്ടെന്നു പിരിഞ്ഞോടിപ്പോയതിനു പല കാരണങ്ങളും തോന്നുന്നുണ്ടു്. പക്ഷെ അതൊന്നും ഇവിടെ വിസ്തരിച്ചിട്ടു പ്രയോജനമില്ല. മൊയ്തുവിനെ പാലത്തിന്മേൽ കണ്ടിട്ടായിരിക്കണം പരിഭ്രമിച്ചോടിപ്പോയതു്. മൊയ്തു പാലത്തിന്റെ കിഴക്കെ കരയ്ക്കൽ വന്നിട്ടു ഫലമില്ലെന്നു അയ്യപ്പൻനായർ ഓൎത്തിരിക്കണം. എങ്ങിനെയെങ്കിലും മൊയ്തുവായിട്ടുണ്ടായ മല്ലയുദ്ധത്തിൽ എനിക്കൊരു ലക്കോട്ടു ലാഭംകിട്ടി. ഈ ലക്കോട്ടാണു് മേല്പോട്ടുള്ള തെളിവു മുഴുവനും എടുക്കുവാൻ എന്നെ സഹായിച്ചതു്.

'നിങ്ങൾ എങ്ങിനെയാണു് രക്ഷപ്പെട്ടതു്? അവനെവിടെപ്പോയി?' എന്നു അപ്പാത്തിക്കരി ചോദിച്ചു.

'ചെറുപ്പകാലത്തു ഞങ്ങൾ രണ്ടുപേരും ഒരു ദിക്കിൽ അഭ്യാസം പഠിച്ചുകൊണ്ടിരുന്നവരാണു്. എങ്കിലും ആദ്യം ഞങ്ങൾക്കു അന്യോന്യം മനസ്സിലായില്ല. അഭ്യാസരീതി [ 131 ] അനുഭവിച്ചറിവാൻ ഇടവന്നപ്പോഴേ മനസ്സിലായുള്ളു. മൊയ്തുവിനു വാസ്തവം മനസ്സിലായതിന്റെ ശേഷം പൊരുതുവാൻ നിന്നതുമില്ല. വെള്ളത്തിൽ ചാടി മുങ്ങുന്നതുവരെ ഞാനും കൂടെയുണ്ടായിരുന്നു. പിന്നത്തെ കഥ എന്തോ!'

'കുമാരൻനായർ ഈ സമയത്തെവിടെയായിരുന്നു? എന്നു ഇൻസ്പെക്ടരും, 'നിങ്ങൾ പിന്നെ എന്തു ചെയ്തു'വെന്നു അപ്പാത്തിക്കരിയും ഒപ്പം ചോദ്യം ചെയ്തു.

കുമാരൻനായർ അയ്യപ്പൻനായരുടെ ഉടപ്പിറന്നവളുമായി ശിവൻകാട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു. ഞാൻ ഉപായത്തിൽ ചില അന്വേഷണം നടത്തുവാനുള്ള സൗകൎയ്യത്തിന്നും അയ്യപ്പൻനായരെ കബളിപ്പിക്കുവാനും വേണ്ടി ഗൂഢമായിട്ടു സഞ്ചരിക്കുവാനും തീർച്ചയാക്കി. മൊയ്തുവിന്റെ കയ്യിൽനിന്നു കിട്ടിയ ലക്കോട്ടു പരിശോധിച്ചപ്പോൾ ആനന്ദപുരം അതൃത്തിയിലുള്ള വരിയൂർ എന്ന തപാലാഫീസിലെ കൂടുതൽ മുദ്രയാണു കണ്ടതു്. അവിടുത്തെ തപാൽമാസ്റ്റർ എനിക്കു വേണ്ടീട്ടുള്ള ഒരാളാണു്. അയ്യപ്പൻനായരുടെ ആകൃതി ഞാൻ തപാൽ മാസ്റ്റരെ മനസ്സിലാക്കിയപ്പോൾ ആ ഛായയിൽ ഒരാൾ അവിടെ ചിലപ്പോൾ വരാറുണ്ടെന്നു അദ്ദേഹം പറഞ്ഞു. എന്നിട്ടു അദ്ദേഹത്തിന്റെയും എന്റെ ശിഷ്യന്റെയും സഹായത്തോടുകൂടി ആ ആഫീസിൽ വരവു ചെലവുള്ള ലക്കോട്ടുകൾ ഒക്കെ പതിവായിട്ടു പരിശോധിച്ചുകൊണ്ടുവന്നു. ആ കാലങ്ങളിൽ എന്റെ ശിഷ്യൻ തപാൽമാസ്റ്റരുടെ ശിഷ്യനായിട്ടാണു് നടിച്ചുവന്നിരുന്നതു്. പന്ത്രണ്ടാംതീയതി എളവല്ലൂൎക്കുള്ള തപാൽ പരിശോധിക്കുമ്പോൾ ഒരെഴുത്തു കണ്ടെത്തി. ലക്കോട്ടിന്റെ സമ്പ്രദായവും കൈയക്ഷരവും എന്റെ കൈയിലുണ്ടായിരുന്നതിനോടു ഒത്തിരുന്നു. പക്ഷേ, മേൽവിലാസത്തിൽ ഞാൻ [ 132 ] വിചാരിച്ചിരുന്ന പേരല്ല കണ്ടതു്. എം. കെ. ഗോവിന്ദപ്പണിക്കരെന്നായിരുന്നു. വെള്ളംതൊട്ടു നനച്ചു ലക്കോട്ടു കേടുവരാതെ നിവൎത്തിയപ്പോൾ 'എല്ലാം തെയ്യാറായി, ഇന്നുതന്നെ ഒസ്യത്തുംകൊണ്ടു പതിവുള്ള സ്ഥലത്തെത്തുമല്ലൊ' എന്ന വാചകമായിരുന്നു ഉള്ളിൽ കണ്ടതു്. ഇതിന്റെ പകർപ്പെടുത്തിട്ടു എഴുത്തു പണ്ടത്തെപ്പോലെ പശവച്ചു തപാലിലേക്കയച്ചു. അന്നു വൈകുന്നേരം വേഷച്ഛന്നനായിട്ടു എളവല്ലൂർ സ്റ്റേഷനിൽ ഹാജർകൊടുത്തു. ഗോവിന്ദപ്പണിക്കൎക്കുള്ള എഴുത്തു വാങ്ങുവാൻ ആൾ വന്നപ്പോൾ എന്റെ ഒറ്റുകാരനായ തപാൽ ശിപായി എനിക്കറിവുതന്നു. പണിക്കർ അറിയാതെ ഞാൻ അയാളെ പിന്തുടൎന്നു. ഒടുവിൽ അയാൾ ശിവൻകാട്ടിലുള്ള ഒരു അടവിയിലാണു ചെന്നുനിന്നതു്. ഞാനും ഒരു ദിക്കിൽ ഒളിച്ചുനിന്നു. കുറെ കഴിഞ്ഞപ്പോൾ അയ്യപ്പൻനായരും അവിടെ വന്നു. ഉടപ്പിറന്നവളെ വഴിപ്പെടുത്തുവാൻ ഒരു കാലത്തും സാധിക്കയില്ലെന്നു അയ്യപ്പൻനായൎക്കു തീർച്ചവന്നിട്ടുണ്ടായിരുന്നു. കാട്ടിലേക്കു പുറപ്പെടുംമുമ്പു ഉടപ്പിറന്നവളെ ദണ്ഡിപ്പിച്ചുനോക്കി. എന്നിട്ടും ഫലിച്ചില്ല. ഇതെന്നോടു ആ സ്ത്രീ തന്നെയാണു പറഞ്ഞതു്. അയ്യപ്പൻനായർ കാട്ടിൽ വന്നു പിട്ടുകൊണ്ടു പണിക്കരുടെ പക്കൽനിന്നു മരണപത്രം കൈവശപ്പെടുത്തുവാൻ നോക്കി. പറ്റിയില്ല. ബലാല്ക്കാരേണ തട്ടിപ്പറിക്കുവാൻ ഉത്സാഹിച്ചു. വടിയോങ്ങിയപ്പോൾ തിരിഞ്ഞോടുവാൻ ഭാവിച്ച പണിക്കർ വേരുതട്ടി മാറടിച്ചു വീണു. അപ്പോഴേക്കും നായരുടെ വടി വിറകുകൊള്ളികൊണ്ടെറിഞ്ഞു കയ്യിൽനിന്നു ഞാൻ തെറ്റിച്ചു. ഒളിച്ചു നിന്നിരുന്ന സ്ഥലത്തുനിന്നു ഞാൻ അവർ നിന്നിരുന്ന സ്ഥലത്തു ചെന്നപ്പോഴേക്കും അവർ [ 133 ] രണ്ടുപേരും ഓടിക്കഴിഞ്ഞു. അയ്യപ്പൻനായരുടെ വടി പണിക്കരുടെ കഴുത്തിൽ കൊണ്ടിരിക്കണമെന്നാണു തോന്നുന്നതു്. അയ്യപ്പൻനായരെന്നും ഗോവിന്ദപ്പണിക്കരെന്നും ഉള്ള പേരുകൾ വ്യാജനാമങ്ങളാണു്. ഈ പേരുവച്ചാണു് ഇവർതമ്മിൽ എഴുത്തുകുത്തു നടത്താറു്. ശേഷം എന്റെ സഹായത്തിനു വന്നിരുന്ന ശിഷ്യനും കാൺസ്റ്റബിളും പറയും എന്നു പറഞ്ഞു സ്റ്റേഷനാപ്സർ എഴുന്നേറ്റപ്പോൾ അപ്പാത്തിക്കരിയും എഴുനേറ്റു കൈ കടന്നു പിടിച്ചു.

'അവരാണല്ലൊ ശങ്കരനെ ഇവിടെ എടുത്തുകൊണ്ടു വന്നതു്. ദേഹോപദ്രവംകൊണ്ടാണു് ശങ്കരൻ മരിച്ചതെന്നും തോന്നുന്നുണ്ടല്ലോ. ഭാസ്ക്കരമേന്നേ, എന്നെ സ്നേഹമുണ്ടെങ്കിൽ സത്യം പറയണം. ഗോവിന്ദപ്പണിക്കരെന്നു പറഞ്ഞതു ശങ്കരൻ തന്നെയാണൊ?' എന്നു മുഖത്തുനോക്കിക്കൊണ്ടു ചോദിച്ചപ്പോൾ സ്റ്റേഷനാപ്സർ തല താഴ്ത്തിക്കൊണ്ടു്, 'അതെ' എന്നുമാത്രം മറുപടിപറഞ്ഞു. ഇതു ഇൻസ്പെക്ടരുടെ ചെവികളിൽ ക്രൂരനാരായംപോലെ ചെന്നു തറച്ചതോടുകൂടി 'അയ്യൊ ചതിച്ചുവല്ലൊ ബാലകൃഷ്ണ!' എന്നു നിലവിളിച്ചുകൊണ്ടു, തന്റേടമില്ലാതെ വീണു. ദേവകിക്കുട്ടിക്കു അനുരാഗം കുമാരൻനായരിലാണെന്നും, ശങ്കരമേനവനു ദേവകിക്കുട്ടിയിൽ അനുരാഗമുണ്ടായിരുന്നുവെന്നും ബാലകൃഷ്ണമേനോൻ ശങ്കരമേനവനെക്കൊണ്ടു സംബന്ധം തുടങ്ങിക്കുവാൻ ഉത്സാഹിച്ചിരുന്നുവെന്നും, ഇൻസ്പെക്ടർ ആലോചിക്കുവാൻ തുടങ്ങീട്ടു കുറേ നേരമായതുകൊണ്ടു ഇൻസ്പെക്ടരുടെ ആശാബന്ധം മുഴുവനും അഴിച്ചു അദ്ദേഹത്തിനെ ഈ ദയനീയസ്ഥിതിയിൽ [ 134 ] അകപ്പെടൂത്തുവാൻ ശങ്കരമേനവന്റെ പേരു വിളിച്ചു പറയേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പാത്തിക്കരി കുറച്ചുനേരം അന്ധനായിട്ടൂ നിന്നുവെങ്കിലും ഒടുവിൽ ‘അവനിതു പറ്റണം’ എന്നു പറഞ്ഞു കസാലയിൽത്തന്നെ വീണു.

ഇനി, ഈ കഥ ഉപസംഹരിക്കുന്നതിനു മുമ്പു വളരെയൊന്നും വിസ്തരിപ്പാനില്ല. ഇൻസ്പെക്ടൎക്കു തന്റേടമുണ്ടായതിന്റെ ശേഷം ബാലകൃഷ്ണമേനവന്റെ ബംഗ്ലാഗിലും ശങ്കരമേനവന്റെ അകത്തും ഉണ്ടായിരുന്ന എഴുത്തുകളും കിട്ടൂണ്ണിമേനവന്റെ ഒസ്യത്തും പരിശോധിച്ചതിൽ സ്റ്റേഷനാപ്സർ എടുത്ത തെളിവിൽ കടുമാകാണിക്കു നീക്കത്തൂക്കമില്ലെന്നു എല്ലാവൎക്കും ബോദ്ധ്യം വന്നു. കാൎയ്യസ്ഥന്റെ ശിഷ്യനേയും ഗോവിന്ദനേയും വരുത്തിച്ചോദിച്ചതിൽ അവർ സത്യമൊക്കെ സമ്മതിച്ചു. ഒസ്യത്തിരുന്നിരുന്ന ലക്കോട്ടിൽ വിഷമരുന്നാക്കി ഇൻസ്പെക്ടരുടെ പക്കൽ കൊടുപ്പിച്ചതു ബാലകൃഷ്ണമേനവനാണു്. വഴിയിൽ കിടന്നു കിട്ടിയതാണെന്നു വ്യാജംപറഞ്ഞു ലക്കോട്ടു ഇൻസ്പെക്ടരുടെ കൈയിൽ കൊടുത്തതു് അദ്ദേഹത്തിനോടു ആദ്യം പൊളിപറഞ്ഞ കാൺസ്റ്റബിൾ തന്നെയാണു്. അയാളും അവസാനം വാസ്തവമെല്ലാം തുറന്നു സമ്മതിച്ചു. കാൎയ്യസ്ഥനും കുഞ്ഞിരാമൻനായരും കുമാരൻനായരും നിരപരാധികളായിട്ടൂ കേസ്സിൽനിന്നൊഴിഞ്ഞു. ബാലകൃഷ്ണമേനോൻ ചാടിപ്പോയതുകൊണ്ടു കേസ്സു നശിക്കുവാനും സംഗതിയായി.

ഇൻസ്പെക്ടർ പണി രാജിവച്ചു. ആ സ്ഥാനത്തേക്കു ഭാസ്ക്കരമേനവനാണു് കയറ്റം കിട്ടീയതു്. ബുദ്ധികൊണ്ടും [ 135 ] പഠിപ്പുകൊണ്ടും ഐശ്വൎയ്യംകൊണ്ടും ഇത്ര യോഗ്യനായ ഒരു സ്റ്റേഷനാപ്സർ ഉണ്ടാകുന്നതു് അസാധാരണയല്ല എന്നു വായനക്കാർ ശങ്കിക്കുന്നുവെങ്കിൽ ഇദ്ദേഹം ഒരു നാടുവാഴിപ്രഭുവാണെന്നും പോലീസ്സുവേലയിലുള്ള ആസക്തികൊണ്ടുമാത്രം ഈ പണിയിൽ പ്രവേശിച്ചതാണെന്നും വെളിവായി പറഞ്ഞുകൊള്ളുന്നു. കിട്ടുണ്ണിമേനവന്റെ സ്വത്തിൽ, കാൎയ്യസ്ഥനും മറ്റുള്ളവൎക്കും കൊടുത്തതുകഴിച്ചു ബാക്കിയുള്ളതു പരിവട്ടത്തുകാരും ചേരിപ്പറമ്പുകാരും നേർപകുതി വിഭജിച്ചു. വളരെ കാലതാമസംകൂടാതെ അമ്മുവിനു കൃഷ്ണൻകുട്ടിമേനവനും, ദേവകിക്കുട്ടിക്കു കുമാരൻനായരും വീട്ടുകാരുടെ അന്യോന്യമുള്ള പൂൎണ്ണസമ്മതത്തോടുകൂടി, സംബന്ധവും തുടങ്ങി.


ശുഭം.