അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/ശിവൻ കഥ പറയുന്നു

(ശിവൻ കഥ പറയുന്നു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ബാലകാണ്ഡം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ബാലകാണ്ഡം

അയോദ്ധ്യാകാണ്ഡം


പങ്‌ക്തികന്ധരമുഖരാക്ഷസവീരന്മാരാൽ
സന്തതം ഭാരേണ സന്തപ്തയാം ഭൂമിദേവി
ഗോരൂപംപൂണ്ടു ദേവതാപസഗണത്തോടും
സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം 380
വേദനയെല്ലാം വിധാതാവിനോടറിയിച്ചാൾ;
വേധാവും മൂഹൂർത്തമാത്രം വിചാരിച്ചശേഷം
'വേദനായകനായ നാഥനോടിവ ചെന്നു
വേദനംചെയ്‌കയെന്യേ മറ്റൊരു കഴിവില്ല.'
സാരസോത്ഭവനേവം ചിന്തിച്ചു ദേവന്മാരോ-
ടാരൂഢഖേദം നമ്മെക്കൂട്ടിക്കൊണ്ടങ്ങു പോയി
ക്ഷീരസാഗരതീരംപ്രാപിച്ചു ദേവമുനി-
മാരോടുകൂടി സ്തുതിച്ചീടിനാൻ ഭക്തിയോടെ.
ഭാവനയോടുംകൂടി പുരുഷസൂക്തംകൊണ്ടു
ദേവനെസ്സേവിച്ചിരുന്നീടിനാൻ വഴിപോലെ. 390
അന്നേരമൊരു പതിനായിരമാദിത്യന്മാ-
രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവൻതനിക്കൻപൊടു കാണായ്‌വന്നു
പത്മലോചനനായ പത്മനാഭനെ മോദാൽ.
മുക്തന്മാരായുളെളാരു സിദ്ധയോഗികളാലും
ദുർദ്ദർശമായ ഭഗവദ്രൂപം മനോഹരം
ചന്ദൃകാമന്ദസ്മിതസുന്ദരാനനപൂർണ്ണ-
ചന്ദ്രമണ്ഡലമരവിന്ദലോചനം ദേവം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര-
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം 400
വത്സലാഞ്ഞ്‌ഛനവത്സം പാദപങ്കജഭക്ത-
വത്സലം സമസ്തലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യൽകുണ്ഡലമുക്താ-
ഹാരകേയൂരാംഗദകടകകടിസൂത്ര
വലയാംഗുലീയകാദ്യഖിലവിഭൂഷണ-
കലിതകളേബരം, കമലാമനോഹരം
കരുണാകരം കണ്ടു പരമാനന്ദംപൂണ്ടു
സരസീരുഹഭവൻ മധുരസ്‌ഫുടാക്ഷരം
സരസപദങ്ങളാൽ സ്തുതിച്ചുതുടങ്ങിനാൻഃ
"പരമാനന്ദമൂർത്തേ! ഭഗവൻ! ജയജയ. 410
മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാർക്കും
സാക്ഷാൽ കാണ്മതിന്നരുതാതൊരു പാദാംബുജം
നിത്യവും നമോസ്തു തേ സകലജഗൽപതേ!
നിത്യനിർമ്മലമൂർത്തേ ! നിത്യവും നമോസ്തു തേ.
സത്യജ്ഞാനാനന്താനന്ദാമൃതാദ്വയമേകം
നിത്യവും നമോസ്തു തേ കരുണാജലനിധേ!
വിശ്വത്തെസ്സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും
വിശ്വനായക! പോറ്റീ! നിത്യവും നമോസ്തു തേ.
സ്വാദ്ധ്യായതപോദാനയജ്ഞാദികർമ്മങ്ങളാൽ
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും. 420
മുക്തിയെസ്സിദ്ധിക്കേണമെങ്കിലോ ഭവൽപാദ-
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല.
നിന്തിരുവടിയുടെ ശ്രീപാദാംബുജദ്വന്ദ്വ-
മന്തികേ കാണായ്‌വന്നിതെനിക്കു ഭാഗ്യവശാൽ.
സത്വചിത്തന്മാരായ താപസശ്രേഷ്‌ഠന്മാരാൽ
നിത്യവും ഭക്ത്യാ ബുദ്ധ്യാ ധരിക്കപ്പെട്ടോരു നിൻ-
പാദപങ്കജങ്ങളിൽ ഭക്തി സംഭവിക്കണം
ചേതസി സദാകാലം ഭക്തവത്സലാ! പോറ്റീ!
സംസാരാമയപരിതപ്തമാനസന്മാരാം
പുംസാം ത്വത്ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും 430
മരണമോർത്തു മമ മനസി പരിതാപം
കരുണാമൃതനിധേ! പെരികെ വളരുന്നു.
മരണകാലേ തവ തരുണാരുണസമ-
ചരണസരസിജസ്മരണമുണ്ടാവാനായ്‌
തരിക വരം നാഥ! കരുണാകര! പോറ്റീ!
ശരണം ദേവ! രമാരമണ! ധരാപതേ!
പരമാനന്ദമൂർത്തേ! ഭഗവൻ ജയ ജയ!
പരമ! പരമാത്മൻ! പരബ്രഹ്‌മാഖ്യ! ജയ.
പരചിന്മയ!പരാപര! പത്മാക്ഷ! ജയ
വരദ! നാരായണ! വൈകുണ്‌ഠ! ജയ ജയ." 440


ചതുരാനനനിതി സ്തുതിചെയ്തൊരുനേരം
മധുരതരമതിവിശദസ്മിതപൂർവം
അരുളിച്ചെയ്തു നാഥ "നെന്തിപ്പോളെല്ലാവരു-
മൊരുമിച്ചെന്നെക്കാണ്മാനിവിടേക്കുഴറ്റോടെ
വരുവാൻ മൂലമതു ചൊല്ലുകെ"ന്നതു കേട്ടു
സരസീരുഹഭവനീവണ്ണമുണർത്തിച്ചുഃ
"നിന്തിരുവടിതിരുവുളളത്തിലേറാതെക-
ണ്ടെന്തൊരു വസ്തു ലോകത്തിങ്കലുളളതു പോറ്റീ!
എങ്കിലുമുണർത്തിക്കാം മൂന്നു ലോകത്തിങ്കലും
സങ്കടം മുഴുത്തിരിക്കുന്നിതിക്കാലം നാഥ! 450
പൌലസ്ത്യ‍തനയനാം രാവണൻതന്നാലിപ്പോൾ
ത്രെയിലോക്യം നശിച്ചിതു മിക്കതും ജഗൽപതേ!
മദ്ദത്തവരബലദർപ്പിതനായിട്ടതി-
നിർദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!
ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-
നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.
പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു
നാകശാസനവും ചെയ്തീടിനാൻ ദശാനനൻ.
യാഗാദികർമ്മങ്ങളും മുടക്കിയത്രയല്ല
യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു. 460
ധർമ്മപത്നികളേയും പിടിച്ചുകൊണ്ടുപോയാൻ
ധർമ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.
മർത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
മൃത്യുവെന്നതും മുന്നേ കൽപിതം ജഗൽപതേ!
നിന്തിരുവടിതന്നെ മർത്ത്യനായ്പിറന്നിനി
പങ്‌ക്തികന്ധരൻതന്നെക്കൊല്ലണം ദയാനിധേ!
സന്തതം നമസ്‌കാരമതിനു മധുരിപോ!
ചെന്തളിരടിയിണ ചിന്തിക്കായ്‌വരേണമേ!"
പത്മസംഭവനിത്ഥമുണർത്തിച്ചതുനേരം
പത്മലോചനൻ ചിരിച്ചരുളിച്ചെയ്താനേവംഃ 470


"ചിത്തശുദ്ധിയോടെന്നെസ്സേവിച്ചു ചിരകാലം
പുത്രലാഭാർത്ഥം പുരാ കശ്യപപ്രജാപതി.
ദത്തമായിതു വരം സുപ്രസന്നേന മയാ
തദ്വചസ്സത്യം കർത്തുമുദ്യോഗമദ്യൈവ മേ.
കശ്യപൻ ദശരഥനാംനാ രാജന്യേന്ദ്രനായ്‌
കാശ്യപീതലേ തിഷ്‌ഠത്യധുനാ വിധാതാവേ!
തസ്യ വല്ലഭയാകുമദിതി കൌസല്യയും
തസ്യാമാത്മജനായി വന്നു ഞാൻ ജനിച്ചീടും.
മത്സഹോദരന്മാരായ്‌ മൂന്നുപേരുണ്ടായ്‌വരും
ചിത്സ്വരൂപിണി മമ ശക്തിയാം വിശ്വേശ്വരി 480
യോഗമായാദേവിയും ജനകാലയേ വന്നു
കീകസാത്മജകുലനാശകാരിണിയായി
മേദിനിതന്നിലയോനിജയായുണ്ടായ്‌വരു-
മാദിതേയന്മാർ കപിവീരരായ്പിറക്കേണം.
മേദിനീദേവിക്കതിഭാരംകൊണ്ടുണ്ടായൊരു
വേദന തീർപ്പനെന്നാ"ലെന്നരുൾചെയ്തു നാഥൻ
വേദനായകനെയുമയച്ചു മറഞ്ഞപ്പോൾ
വേധാവും നമസ്‌കരിച്ചീടിനാൻ ഭക്തിയോടെ.
ആദിതേയന്മാരെല്ലാമാധിതീർന്നതുനേര-
മാദിനായകൻ മറഞ്ഞീടിനോരാശനോക്കി 490
ഖേദവുമകന്നുളളിൽ പ്രീതിപൂണ്ടുടനുടൻ
മേദിനിതന്നിൽ വീണു നമസ്‌കാരവുംചെയ്താർ.
മേദിനീദേവിയേയുമാശ്വസിപ്പിച്ചശേഷം
വേധാവും ദേവകളോടരുളിച്ചെയ്താനേവം.
"ദാനവാരാതി കരുണാനിധി ലക്ഷ്മീപതി
മാനവപ്രവരനായ്‌വന്നവതരിച്ചീടും
വാസരാധീശാന്വയേ സാദരമയോദ്ധ്യയിൽ;
വാസവാദികളായ നിങ്ങളുമൊന്നുവേണം.
വാസുദേവനെപ്പരിചരിച്ചുകൊൾവാനായി-
ദ്ദാസഭാവേന ഭൂമീമണ്ഡലേ പിറക്കേണം, 500
മാനിയാം ദശാനനഭൃത്യന്മാരാകും യാതു-
ധാനവീരന്മാരോടു യുദ്ധം ചെയ്‌വതിന്നോരോ
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങൾതോറും
വാനരപ്രവരന്മാരായേതും വൈകിടാതെ."
സുത്രാമാദികളോടു പത്മസംഭവൻ നിജ
ഭർത്തൃശാസനമരുൾചെയ്തുടൻ കൃതാർത്ഥനായ്‌
സത്യലോകവും പുക്കു സത്വരം ധരിത്രിയു-
മസ്തസന്താപമതിസ്വസ്ഥയായ്‌ മരുവിനാൾ.
തൽക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ-
രൊക്കവേ ഹരിരൂപധാരികളായാരല്ലോ. 510
മാനുഷഹരിസഹായാർത്ഥമായ്‌ തതസ്തതോ
മാനുഷഹരിസമവേഗവിക്രമത്തോടെ
പർവതവൃക്ഷോപലയോധികളായുന്നത-
പർവതതുല്യശരീരന്മാരായനാരതം
ഈശ്വരം പ്രതീക്ഷമാണന്മാരായ്‌ പ്ലവഗവൃ-
ന്ദേശ്വരന്മാരും ഭൂവി സുഖിച്ചു വാണാരല്ലോ.