സുഭാഷിതരത്നാകരം
സുഭാഷിതരത്നാകരം (കാവ്യം) രചന: (1905) രണ്ടാം ഭാഗം |
മഹാകവി കെ.സി. കേശവപിള്ള രചിച്ച് കൊല്ലവർഷം 1075 ൽ പ്രസിദ്ധീകരിച്ച വിശിഷ്ട ഗ്രന്ഥമാണ് സുഭാഷിത രത്നാകരം. സംസ്കൃതം, ഇംഗ്ളീഷ് മുതലായ ഭാഷകളിൽ നിന്ന് തർജമ ചെയ്തതും കവി സ്വന്തമായി നിർമ്മിച്ചതുമായ പദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ഇതിൽ നിന്ന് നൂറു പദ്യങ്ങൾ പ്രത്യേകമെടുത്ത് "നീതിവാക്യങ്ങൾ " എന്ന പേരിൽ തിരുവിതാംകൂറിലെ വിദ്യാലയങ്ങളിൽ പാഠപുസ്തകമാക്കിയിരുന്നു. അക്കാലത്തു തന്നെ രണ്ടു പതിപ്പുകൾ പുറത്തിറക്കി. പദ്യങ്ങളിലധികവും നീതിവാക്യങ്ങൾ എന്ന പേരിൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പക്കൽ നിന്ന് കവിക്ക് ഈ കൃതിയുടെ പേരിൽ വീരശൃംഖല ലഭിച്ചിട്ടുണ്ട്. |
വ്രണം കൊതിക്കുന്നിതു മക്ഷികൗഘം;
ധനം കൊതിക്കുന്നിതു ഭൂപരെല്ലാം;
രണം കൊതിക്കുന്നിതു നീചവർഗ്ഗം
ശമം കൊതിക്കുന്നിതു സജ്ജനങ്ങൾ.
വിദ്വാനും മൂഢനും ശക്തിയുള്ളോനും ശക്തിഹീനനും
പ്രഭുവും ദീനനും പാരിൽ മൃത്യുവിന്നൊക്കെയൊന്നുപോൽ.
അറിവില്ലാതെയൊരുത്തൻ
ചെയ്തൊരു തെറ്റിന്നു മാപ്പു നൽകേണം,
എല്ലാ വിഷയങ്ങളിലും
നല്ല പരിജ്ഞാനമാർക്കുമില്ലല്ലോ.
ഇഷ്ടം ചൊല്ലുകിലുംതെല്ലും ദുഷ്ടൻ വിശ്വാസ്യനല്ലതാൻ;
അവന്റെ നാവിൽ മധുവുണ്ടുള്ളിലോ ഘോരമാംവിഷം.
വിദ്വാനെന്നാകിലും ദുഷ്ടഹൃത്തായീടിൽ ത്യജിക്കണം
മണി ചൂടുന്നുവെന്നാലും ഫണിപാരം ഭയങ്കരൻ.
ദുഷ്ടൻ കാണിച്ചിടും സ്നേഹമൊട്ടും താൻ വിശ്വസിക്കൊലാ
കാര്യസിദ്ധികഴിഞ്ഞാലസ്നേഹം കണ്ണീർവരുത്തിടും.
കണ്ണാടിയിൽ ഛായപോലെ
കാണുമ്പോൾ യാതൊരുത്തനിൽ
സുഖദുഃഖങ്ങൾപകരു-
ന്നുറ്റബന്ധുവവൻ ദൃഢം.
അറിയാംശൂരനെപ്പോരിൽ, ദുർഭാഗ്യേഭാര്യതന്നെയും,
അന്ത്യകർമത്തിൽ മകനെ, യാപത്തിൽ ബന്ധുതന്നെയും.
കാണുമ്പോഴുംതൊടുമ്പോഴും കേൾക്കുമ്പോളരുളുമ്പൊഴും
യാതൊന്നുള്ളം ദ്രവിപ്പിക്കും, സ്നേഹമായതുതാൻദൃഢം.
സുഖത്തിലുണ്ടാം സഖിമാരനേകം
ദുഃഖം വരുമ്പോൾ പുനരാരുമില്ലാ,
ഖഗങ്ങൾ മാവിൽ പെരുകും വസന്തേ,
വരാ ശരത്തിങ്കലതൊന്നുപോലും.
കാവ്യശാസ്ത്രവിനോദത്താൽ
കാലംപോക്കുന്നു സത്തുക്കൾ
വ്യസനം കലഹം നിദ്ര-
യിവയാൽ മുർഖരും തഥാ.
സൽക്കുലത്തിൽ ജനിച്ചാലും മൂഢനാൽഫലമെന്തുവാൻ?
ദുഷ്കുലേ ജാതനായാലും വിദ്വാനഖിലവന്ദ്യനാം.
മഹിതസദസ്സിൽ ചെന്നാൽ
മാനം മന്ദന്നു മൗനമാണു ദൃഢം;
മിണ്ടീടാഞ്ഞാൽ മാവതിൽ
മേവും കുയിൽകാക ഭേദമാരറിവൂ!
വിദ്യയിൽ വിനയമതുളവാം;
സദ്യസമ്മതി വരുത്തിടും വിനയം;
സമ്മതിയാൽ ധന, - മതിനാൽ
ധർമ്മം, ധർമ്മത്തിനാൽവരും സുഖവും.
ഒരു ഹംസമിരിക്കുമ്പോൾ സരസ്സിന്നുളവാംപ്രഭ
തീരം തിങ്ങി നിരന്നുള്ള ബകപംക്തികളാൽ വരാ.
മഹാനുഭാവസംസർഗം മഹത്ത്വം നൽകുമേവനും;
മുത്തുപോൽ വിലസീടുന്നു പത്മപത്രസ്ഥിതം ജലം.
ഒഴിഞ്ഞിട്ടുള്ള പാത്രങ്ങളുണ്ടാക്കുന്നു മഹാരവം;
നിറഞ്ഞുള്ളോരു പാത്രത്തിലുണ്ടാകാ ശബ്ദഡംബരം. (സ്വ)
വിനയംകൂടാതുള്ളൊരു
വിദ്യനിതാന്തം വിശിഷ്ടയെന്നാലും
വിലസീടാതെ വിഗർഹണ-
വിഷയമതായിബ്ഭവിച്ചിടുംനൂനം.
മരങ്ങൾ താഴുന്നു ഫലങ്ങളാലേ;
ഘനങ്ങൾ താഴുന്നു ജലങ്ങളാലും;
ധനങ്ങളാൽ സാധുജനങ്ങളും, കേൾ,
ഗുണങ്ങളുള്ളോർകളിവണ്ണമത്രേ.
മഹാനുപദ്രവിച്ചീടുന്നവനും ഗുണമേകിടും;
ദഹിക്കും ബാഡവാഗ്നിക്കും തൃപ്തിയേകുന്നു സാഗരം.
സത്യവും പ്രിയവും ചൊൽക;
ചൊൽകൊലാ സത്യമപ്രിയം;
കള്ളമായ് പ്രിയവും ചൊല്ലാ-
യ്കിതേ ധർമം സനാതനം.
കാകൻ കറുത്തോൻ; കുയിലും കറുത്തോൻ;
ഭേദം നിനച്ചാലിരുവർക്കുമില്ലാ;
വസന്തകാലം വഴിപോലണഞ്ഞാ-
ലറിഞ്ഞിടാമായവർതൻവിശേഷം.
പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാൻ കഴിവവുള്ളവണ്ണം
ദീർഘങ്ങളാം കൈകളെ നൽകിയത്രേ
മനുഷ്യരെപ്പാരിലയച്ചതീശൻ.[1]
രസമാർന്നിടും വചനം,
സതിയായ് സാപത്യയായിടും ഭാര്യാ,
ദാനസമേതം ധനമിവ,
യുള്ള പൂമാൻ തന്റെ ജീവിതം സഫലം.
വയോവൃദ്ധൻ തപോവൃദ്ധൻ ജ്ഞാനവൃദ്ധനുമങ്ങനെ
ധനവൃദ്ധന്റെ വാതുക്കൽ കാത്തുനില്ക്കുന്നു സർവദാ.
ഗോവിന്ദൻഗോക്കളോടൊത്തുകളിച്ചെന്നോർത്തുതാർമകൾ
ഗോസമന്മാരൊടൊത്തിന്നും കളിക്കുന്നു പതിവ്രതാ.
മരിച്ചിടുംനേരവുമാശു പിൻപേ
തിരിച്ചിടും ധർമമതാണു ബന്ധു;
മറ്റുള്ളതെല്ലാമിഹ ദേഹനാശം
പറ്റുന്നകാലത്തു നശിച്ചിടുന്നു.
അശക്തനത്രേ ബലശാലിതാനും,
ദരിദ്രനത്രേ ധനവാനുമപ്പോൾ,
മൂഢാശയൻ പണ്ഡിതനും ജഗത്തിൽ,
ധർമ്മാശയില്ലെന്നു വരുന്നതാകിൽ.
ആപത്തിങ്കൽ ബന്ധുപരീക്ഷാ;
യുദ്ധത്തിങ്കൽ ശൂരപരീക്ഷാ;
വിനയത്തിൽത്താൻ വംശപരീക്ഷാ;
യുവതിപരീക്ഷാ ധനഹീനനിലും.
മറ്റുള്ളവർക്ക് ഹിതനായ സുമാനുഷൻ താ-
നറ്റീടിലും കരുതുകില്ല വിരോധമേതും;
ചുറ്റും മുറിക്കുമൊരു വെണ്മഴുവിൻ മുഖത്തിൽ
തെറ്റെന്നു ചന്ദനമരം മണമേറ്റിടുന്നു.
പൊന്നിൻ കുണ്ഡലമല്ല ശാസ്ത്രമതുതാൻ
കർണത്തിൽ നൽഭൂഷണം;
മിന്നും കങ്കണമല്ല ദാനമതുതാൻ
പാണിക്കു നൽഭൂഷണം;
ചിന്നീടും കൃപകൊണ്ടലിഞ്ഞവർകൾതൻ
ദേഹത്തിൽ നൽഭൂഷണം
നന്നായുള്ള പരോപകാരമതു താ;
നല്ലേതുമേ ചന്ദനം.
ഒട്ടേറെനാൾ നിലവിളിച്ചു കരഞ്ഞുഖേദ-
പെട്ടാലുമിങ്ങു വരികില്ല മരിച്ച മർത്യൻ;
നൂനം നമുക്കുമതുതാൻഗതി; വാഴ്വുതുച്ഛം;
ദാനാനുഭോഗസുഖമാർന്നു വസിച്ചുകൊൾക.
ഇല്ല മാതൃസമം ദൈവ;മില്ല താതസമൻ ഗുരു;
കർമണാ മനസാ വാചാ തൽപ്രിയം ചെയ്ക സന്തതം.
പ്രത്യക്ഷമായി പ്രിയമേറ്റമോതി
പ്പരോക്ഷമായ് ദൂഷണമാചരിക്കും
സുഹൃത്തിനെദ്ദൂരെ വെടിഞ്ഞിടേണം
മുഖത്തുപാലാർന്ന വിഷക്കുടം പോൽ.
മധ്യാഹ്നത്തിനു മുൻപിലുള്ള നിഴൽപോ-
ലാരംഭകാലത്തു താ-
നത്യന്തം വലുതായ്ക്രമേണ കുറയും
ദുഷ്ടർക്കെഴും സൗഹൃദം;
മധ്യാഹ്നത്തിനു പിൻപിലുള്ള നിഴൽപോ-
ലാരംഭകാലത്തിലി-
ങ്ങത്യന്തം ചെറുതായ് ക്രമേണ വലുതാം
സത്തർക്കെഴും സൗഹൃദം.
ഗാത്രത്തെ നൽപ്പൊന്മയമാക്കിയാലും,
കൊക്കിങ്കൽ മാണിക്യമമുഴ്ത്തിയാലും,
പത്രങ്ങൾതോറും മണികെട്ടിയാലും,
കാകന്നു ഹംസപ്രഭ സംഭവിക്കാ.
അന്യനിൽ ചേർന്നിടും ലക്ഷ്മി; യന്യനിൽ ചേർന്നിടും മഹി;
അനന്യാശ്രയയായ് നിൽക്കും കീർത്തിതന്നെ പതിവ്രതാ
യുക്തിയുള്ള വചനങ്ങൾ ബാലനോ
തത്തയോ പറവതും ഗ്രഹിച്ചിടാം;
യുക്തിഹീന മൊഴിയെ ഗ്രഹിക്കൊലാ
ദേവദേശികനുരച്ചുവെങ്കിലും.
നേരിട്ടെതിർക്കുമൊരു വാഗ്മിയെയും ക്ഷണത്തിൽ
നേരേയടക്കു,മതുപോലനുകൂലഭാഗേ
ചേരുന്ന മന്ദനെയുമുന്നതനാക്കിവയ്ക്കും
സൂരിക്കെഴുന്ന മൊഴിതന്നുടെ മട്ടിവണ്ണം.
പൊന്നും നന്മണിജാലവും ഭവനവും
ദ്രവ്യങ്ങളും തേടിവ-
ച്ചെന്നാലും നിലനിൽക്കയില്ലവ; യിതിൽ
സന്ദേഹമില്ലേതുമേ;
മിന്നീടുന്നൊരു വിദ്യകൊണ്ടു വഴിപോ-
ലാർജ്ജിക്ക പാരംയശ-
"സ്സെന്നെന്നേയ്ക്കുമതൊന്നു തന്നെ നിലനി-
ല്ക്കും നീക്കമില്ലോർക്കുവിൻ.”
അന്നം താമരയെപ്പോൽ
വിദ്വാൻ വിദ്വാനെയാഗ്രഹിക്കുന്നു;
കാകൻ ശവമെന്നോണം
മുഢൻ തിരയുന്നു മൂഢനെത്തന്നെ.
നന്നായാലോചിച്ചാൽ
മന്നനിലും മഹിമ ബുധനു കൂടുന്നു.
തന്നുടെദേശേമാത്രം
മന്നനു ബഹുമതി, ബുധന്നു സർവത്ര.
കൈതയ്ക്കകത്തുള്ളൊരു ചാരുപഷ്പം
മണത്തിനാൽ വണ്ടറിയുന്നപോലെ
വിദ്വാൻ പരന്മാരുടെ ഹൃൽഗതത്തെ-
ബ്ഭാവത്തിനാൽ തന്നെയറിഞ്ഞിടുന്നു.
പറഞ്ഞ കാര്യം പശുവും ഗ്രഹിച്ചിടും;
ഹയാദി ഭാരങ്ങളെടുപ്പതില്ലയോ?
പറഞ്ഞിടാതേയുമറിഞ്ഞിടും ബുധൻ;
പരേംഗിതജ്ഞാനമതിന്നു ബുദ്ധികൾ.
ഗ്രഹിക്കണം വന്നണയുന്നതെല്ലാം;
ത്യജിക്കണം പോവതുമപ്രകാരം;
രസിക്ക ദുഃഖിക്കയുമെന്തിനോർത്താൽ?
വിധിക്കു നീക്കം വരികില്ല തെല്ലും.
നെല്ലിനുവിട്ടൊരുവെള്ളം
പുല്ലിനുമൊഴുകിത്തഴയ്പൂ നൽകുന്നു
നല്ലവനായ് പെയ്യും മഴ-
യെല്ലാവർക്കും ഫലം കൊടുക്കുന്നു.
വദനം പ്രസാദസദനം
സദയം ഹൃദയം, സുധാസമം വാക്യം,
കരണം പരോപകരണം;
പറയുന്നിവ പുരുഷന്റെ പാരമ്യം.
കുറിപ്പുകൾ
തിരുത്തുക- ↑ ഇംഗ്ലീഷ് തർജമ