ഉമാകേരളം/പതിനാലാം സർഗ്ഗം
←പതിമൂന്നാം സർഗ്ഗം | ഉമാകേരളം (മഹാകാവ്യം) രചന: പതിനാലാം സർഗ്ഗം |
പതിനഞ്ചാം സർഗ്ഗം→ |
<poem> വാട്ടം വിട്ടൊരു ജയലക്ഷ്മിതൻ കടക്കൺ- നോട്ടത്തിനായി വിഷയീഭവിച്ചിടായ് വാൻ ഓട്ടർത്ഥിച്ചളവിൽ വിളങ്ങി വൻകടന്നൽ- ക്കൂട്ടത്തിൽകുതുകമിയന്ന കൂടിയാട്ടം 1
കാലാഗ്നിക്കുടയ കണങ്ങൾ, പോര സാക്ഷാൽ-
കാലാരിക്കനൽമിഴിതൻ കിടാങ്ങളെന്നായ്
കാലായം പെടുമതിമാത്രമ, ല്ലവൻതൻ
കാലാളും കരി തുരഗങ്ങളും കലങ്ങി. 2
കാടാരാൽക്കടുകളവെങ്ങുമില്ല കാണ്മാൻ,
കൂടാളും തരുനിരകുടിയും കഴപ്പം;
വാടാതിപ്പൊഴുതു കടന്നൽ വന്നുചേർന്നുൾ-
ച്ചൂടാർക്കും ചുണയൊടണയ്പതെന്തു മായം? 3
പട്ടാളത്തിനു മുന്നിൽപ്പിടിച്ച മഞ്ഞ-
പ്പട്ടാടിപ്പരമിളമേൽപ്പതിപ്പതെന്നായ്
പട്ടാങ്ങിൽപ്പലരുമുറച്ചിടുംവിധം കീഴ്-
പ്പട്ടാരാൽ പതഗകുലം പരന്നു പാഞ്ഞു. 4
ഭള്ളമ്പും ഭടരുടെ ജീവദീപയഷ്ടി-
ക്കൊള്ളയ്ക്കായ്ക്കൊടിയ കടന്നലൊട്ടനേകം
കള്ളം വിട്ടുനേടി പാഞ്ഞു ഗോഷ്പദത്തിൻ
വെള്ളത്തിന്നകമനലാസ്ത്രമെന്നപോലെ 5
വക്കാണിപ്പതിനു വരും ഭടന്റെ ജീവൻ
മുക്കാലും മുടിവതിനുള്ള മൂലമന്ത്രം
ധിക്കാരത്തൊടുമവയുച്ചരിച്ചിടും മ-
ട്ടക്കാലം ചിറകടിതൻ രവം വളർത്തി. 6
ചാപം, വേൽ, പരശു, മുസൃണ്ഠി, മിന്ദിപാലം,
രോപം, വാൾ മുതലെഴുമായുധങ്ങളൊന്നും
ഹാ! പറ്റാതവയൊടു ശുദ്ധവന്ധ്യമാകും
കോപം പൂണ്ടമിനിമ കുറ്റിപോലെ നിന്നു 7
കങ്കാളംവരെ മുറിവേന്തുമാറു കേറി-
ക്കൺ, കാൽ, കൈ, തല, ചെവിതൊട്ടു മെയ്യിലെത്തും
വൻകാലപ്രണിധികളും വണങ്ങിടേണ്ടും
ഹുങ്കാർന്നപ്പറവകൾ കുത്തടിച്ചു മുറ്റും 8
ആരോമൽക്കമലസുമത്തിൽ വണ്ടുപോലെ-
ന്നോരോരോ രിപുതനുവിങ്കലും കരേറി
ആ രോഷം കരകവിയും കടന്നൽ മേന്മേൽ
പ്പോരോലും മധുസമമായ് നിണം കുടിച്ചു 9
<poem> [ 147 ] <poem> നാമാബ്ധിത്തിരകളെ വേണമെങ്കിലെണ്ണാ- മീമന്നിൽപ്പെടുമുപലയങ്ങളെയുമെണ്ണാം വ്യോമത്തിൽത്തെളിയുമുഡുക്കളെയുമെണ്ണാ,- മാമട്ടല്ലവയുടെ സംഖ്യയറ്റമില്ല. 10
കട്ടിത്തംപെടുമൊരു പെട്ടിവിട്ടു ചുറ്റും-
പൊട്ടിപ്പാഞ്ഞിടുമെലിവാണമെന്നപോലെ
മുട്ടിൽപെട്ടരിനിരയമ്പരന്നു മാറും-
മട്ടിൽ തദ്വരടകൾ പാഞ്ഞു നാലുപാടും. 11
കാട്ടാനെന്തൊരു വകയുള്ളു? കുണ്ടിൽ വീണാൽ-
ക്കാട്ടാനത്തലവനുമക്കിടപ്പുതന്നെ;
കൂട്ടാക്കതരിയെ,യഴിച്ചുവിട്ട കൂറ്റൻ-
കൂട്ടായ് വാണൊരു മുകിലന്നുമുള്ളുലഞ്ഞു. 12
'പത്തിക്കോപ്പുടയൊരു പാമ്പിനാലുമീയെൻ
പത്തിക്കോർപ്പളവിടിവെത്തുവാൻ പ്രയാസം;
കത്തിക്കും കടുകണകൾക്കുമെന്തു കാട്ടാം?
കത്തിക്കുന്നിതു കഠിനം കടന്നലുള്ളം. 13
പോരാടുന്നതിനു പൊരുത്തമില്ല; മാറി-
പ്പോരാനായ് മുതിരുകിൽ വിട്ടിടുന്നുമില്ല;
പോരാ, മെയ്യുയിരിവ വേർപെടുന്ന ദിക്കായ്;
പോരായ്മപ്പെരുവഴി കാൺക; പോക്കു മുട്ടി. 14
ഈയാമ്പാറ്റകളൊടു തോറ്റുവെന്നുവന്നാ-
ലീയാൾക്കെന്തിനിയൊരു മേന്മയുള്ളു മന്നിൽ?
പോയാൽപ്പോയ് പുക,ളുയിരെങ്കിലും കിടപ്പാ-
നായാസപ്പെടണ,മിരുന്നു കാലു നീട്ടാം. 15
നായാട്ടും നലമിയലുന്ന പോരുമായാൽ-
ക്കൈയായ്, കൈയണിവൊരു ഖഡ്ഗമാ,യെതിർപ്പോർ
ആയാസത്തോടുമകലത്തു മാറിയെൻ പേ-
രായാമിന്യനുകകരാവദാതമാക്കും. 16
ആമട്ടല്ലടവിതു, നിന്നു കൈ തിരുമ്മാ-
നാമല്ലാതൊരു കഴിവാർക്കുമില്ലശേഷം;
ഹാ! മന്ദം ചെറിയൊരു കട്ടുറുമ്പു തൊട്ടാൽ-
ക്കേമത്തം പെടുവൊരു കൊമ്പനും കുഴങ്ങും. 17
ചാരേ വന്നൊരു കൊതു സഞ്ചരിക്കിലാരും
നേരേ തൻ വലതുചെകിട്ടിൽ വച്ചുകാച്ചും;
പാരേവം പണിതതു; തുച്ഛനും ചിലപ്പോൾ-
പ്പേരേന്തും പെരിയവനെക്കുഴക്കിലാക്കാം. 18
മാലല്പം മനസി വരേണ്ട; മന്ത്രമാണി-
ഓലപ്പാമ്പിനു ശിശുവിൻകണക്കു മന്നിൽ-
ബിബാലന്നും ഭയമരുളാൻ പ്രയാസമല്ലോ 19
മോടിക്കിത്തരമവനോർത്തു കൂട്ടരോടായ്-
പ്പേടിക്കേണ്ടിതു പതിർ, ശുദ്ധ പിത്തലാട്ടം
താടിക്കാരിവിടെയുമുണ്ടു മന്ത്രമോതാ-
നോടിച്ചെന്നരികളെ വെൽവിനെന്നു ചൊന്നാൻ 20
ചൊന്നാലെന്തൊരുഫല,മദ്ദവാഗ്നി ചുറ്റും
വന്നാളുന്നളവു നടുക്കെഴും ഫണീന്ദ്രർ
ഒന്നായ് വെന്തുയിർ കളകെന്നിയേ കടിപ്പാൻ
സന്നാഹം തുടരുവതല്ല സമ്പ്രദായം 21
ഹാ! കഷ്ടം പെരികെ വിളഞ്ഞു തോടുപൊട്ടി-
പ്പാകം വന്നെഴുമൊരു മാതളമ്പഴംപോൽ
ആകമ്രം വിലസിന യോധമെയ്യശിച്ച-
ന്നാകണ്ഠം പറവകൾ തൽ പിപാസ തീർത്തു 22
ഓടും, ചെറ്റുടനെ തിരിഞ്ഞി,നിൽക്കു,മല്പം
ചാടും; വീണുരുളു,മനന്തരം കറങ്ങും
ആടും, തൽഭടതതി പേപിടിച്ചമട്ടുൾ-
ച്ചൂടുറ്റദ്ദിശി പല ഗോഷ്ടി കാട്ടിയേവം 23
ശ്രീമത്താമൊരു പുര ചുട്ട,തിന്നു ചുറ്റും
കാമം പാഞ്ഞിടുമരിശം തികഞ്ഞവൻപോൽ
രോമക്കാൽ മുഴുവനരിക്കു രക്തമാർന്നും
ഭീമത്വത്തൊടു പതഗങ്ങൾ പാഞ്ഞു പിൻപും 24
മുത്തിന്നായ് മുഴുകിടുവോനു കയ്യിൽ മീനൊ-
ന്നെത്തിക്കൊണ്ടീടുകിലതെത്ര മുത്തു നൽകും
ഹൃത്തിങ്കല്പ്പെടുമുയിർവിട്ടു ചോര കണ്ടാൽ-
ക്കുത്തിൽക്കെല്പുടയ കടന്നൽ തൃപ്തമാമോ? 25
ഇപ്പാരിൽക്കണ മലർപോലെ മുറ്റുമേല്പാൻ
കെല്പാളും ഭടരുടെ നെഞ്ഞിൽനിന്നു രക്തം
തപ്പാതന്നരുവികണക്കു പാഞ്ഞു മേന്മ-
ലപ്പാറപ്പുറവുമുരുക്കിളിക്കടങ്ങും 26
ഓതാനില്ലധിക,മവറ്റ തീർത്ത നവ്യ-
ശ്രീതാവും വിപുലതയുള്ള വാതിലൂടെ
സ്ഫീതാന്തർമ്മദമെഴുമബ്‌ഭടർക്കു മെയ്‌വി-
ട്ടേതാനും ഞൊടിയിടകൊണ്ടസുക്കൾ പാഞ്ഞു 27
തന്നിഷ്ടൻ ശിഖിയെ നവാവതാരവാനായ്
മുന്നിൽക്കണ്ടളവു മുതിർന്ന മുത്തുകൊണ്ടോ
ചിന്നിപ്പോം രുധിരമൊടായ് വിയോഗദുഃഖം
വന്നിട്ടോ വെളിയിലണഞ്ഞു ജീവവായു? 28
കുത്തിസ്സത്തഖിലമെടുത്ത പിൻപു കെല്പൊ- ട്ടെത്തിത്തീർന്നൊരു രിപുമൂർത്തി വെപ്പുകാരൻ മൃത്തിന്മേൽ, പ്രഥമനു പാൽ പിഴിഞ്ഞ് തേങ്ങ- ക്കൊത്തിട്ടീടിനപടി,യക്കടന്നലിട്ടു. 29
ആക്കംപൂണ്ടരിയ കടന്നലേവമേറ്റം
തൂക്കം കാണ്മൊരു കൂണപൗഘമൊട്ടനേകം
നീക്കം വിട്ടരുളി, മഹോത്സവത്തെ നായ്ക്കും
കാക്കയ്ക്കും കഴുകനുമൂളനും വളർത്തി. 30
ഊക്കിൽപ്പേരുടയ ഭടാഗ്ര്യരെക്കൊടുങ്കാ-
റ്റേൽക്കിൽപ്പെട്ടിടുമൊരു നാട്ടുമാമ്പഴംപോൽ
നോക്കിക്കണ്ടൊരു മുകിലാഖ്യപൂണ്ട മൂർഖൻ
മൂക്കിൽ കൈവിരലുകൾ മുറ്റുമന്നു തള്ളി. 31
നാനാസ്ത്രങ്ങളിൽ നവശിക്ഷയാർന്നു സാക്ഷാൽ
സേനാനിമ്മെതിർവിരുതാളുമപ്പൂമാന്നും
ആ നാളിൽ മുറവതിയായ് കടന്നൽ നല്കീ,
വാനാറ്റിന്മകനു പുരാ ശിഖണ്ഡിപോലെ. 32
കൂട്ടർക്കുള്ളൊരു വിധി കണ്ടു ദൂരെ മാറാ-
നേട്ടത്തം പെരുകിന പുള്ളി കാലുയർത്തി;
വാട്ടംവിട്ടുയിർ നിലനിർത്തുവാൻ കൊതിപ്പോ-
നോട്ടംതാനൊടുവിലൊരാപ്തബന്ധു പോരിൽ. 33
വമ്പൻ തൽപതിയൊരു കാന്ദിശീകനായി-
തമ്പത്തറ്റൊരു തുണവിട്ടു മണ്ടിടുമ്പോൾ
കമ്പംപൂണ്ടാവനുടെ കൂട്ടരും കടന്നാർ;
കൊമ്പൻ പോയതു വഴി മേഴകൾക്കുമല്ലോ. 34
കണ്ടാലും കനമിയലുന്ന കൈത്തിറത്തെ-
ക്കൊണ്ടാർക്കും, കൊടിയൊരു കോട്ടമേകി വാണോൻ
പണ്ടാരപ്പേടി ഗതികെട്ടു വാടിയോടി-
ത്തിണ്ടാടിത്തിമിവ,തിതാണു ദൈവയോഗം. 35
ഭാവം പോയ് ഭയമൊടു പാഞ്ഞു ശാത്രവന്മാ-
രേവം പോമളവവരെത്തടുത്തു മുന്നിൽ
ദൈവംപോൽ വിലസിന പോർട്ടുഗീസ് ധ്വരയ്ക്കു-
ള്ളാ വമ്പൻപട പടഹം മുഴക്കിനിന്നു. 36
ഒട്ടേറെപ്പേരവരെയൊന്നുചേർത്തുതാനുൾ-
പ്പെട്ടേക്കാം സമിതിയിലെന്നുറച്ചുതന്നെ
ത്വിട്ടേന്തും മുനി രസമാത്മബന്ധുതന്നുൾ-
ത്തട്ടേലുന്നതിനു കടക്കയായിരുന്നു. 37
പിന്നിൽത്തീ, ശിവശിവ! മുന്നിൽ വെള്ളമോടാൻ
അന്നിമ്മട്ടരിയൊരു സൈന്യയുഗ്മമദ്ധ്യം
തന്നിൽപ്പെട്ടരിഭജർ നല്ല ഞെക്കു ഞെങ്ങി. 38
തള്ളിച്ചയ്ക്കുടവുളവാം മഹമ്മദീയ—
പ്പുള്ളീക്കാരുടെയുടൽ വാണിയന്റെ ചക്കിൽ
എള്ളിന്മട്ടുരസി,യസുക്കൾ സേവനാഴി—
ക്കുള്ളിൽപ്പെട്ടിടുമരിമാവുപോലെ ചോർന്നു. 39
ക്രൂരപ്പാമ്പിളകിവരുന്നതാം വിലത്തിൻ
ദ്വാരത്തിൽ ത്വരയൊടു വച്ച കല്ലുപോലെ
ഘോരദ്വിട്തടിനിയെയദ്രിപോൽത്തടുത്തോ—
രൗരമ്യപ്രഭവനവഹുണസേന തീർന്നു. 40
നട്ടുച്ചയ്ക്കെരിവെയിലിൻശ്ശിലാതലത്തിൽ—
പ്പെ,ട്ടുറ്റോയുയിർ കളയുന്ന മൂട്ടപോലെ
ഒട്ടും പോംവഴിയറിയാതെ ചുറ്റിടും ഹൃ—
ത്തട്ടുൾക്കൊ,ണ്ടരിനിര ചത്തുചത്തൊടുങ്ങി. 41
പാകമ്പോൽപ്പിറകിൽ നൃപന്റെ സേന, മുന്നിൽ—
പ്പാകദ്വിഡ്ബലമൊടിടഞ്ഞ ഫൂണസൈന്യം,
ശ്രീകണ്ഠാർജ്ജുനരുടെ ബാണയുഗ്മമേൽക്കും
മൂകൻപോലരിചമു രണ്ടിനും നടുക്കായ്. 42
ഭാഷിക്കേണ്ടധിക, മിനാത്മജന്റെ രാജ്യം
pഓഷിപ്പിപ്പതിനരിപങ്ക്ലി പോയി മേന്മേൽ
'വാഷിങ്ടൺ' വടിവൊടു കത്തിനിൽക്കിലുണ്ടോ
ശേഷിക്കുന്നതു സവിധത്തിലന്ധകാരം? 43
ആപ്പിംഗദ്യുതിപതഗങ്ങളോടുമേല്പാൻ
കോപ്പില്ലാത്തവരെ മുറയ്ക്കു പേയ്ക്കും ക്ലേം
കാപിക്കാമ്പടി പരർ മെയ് ഞെരിച്ചു ദന്ത—
ച്ചീപ്പിൽപ്പെട്ടിടുമൊരു പേങ്കണക്കു കൊന്നാർ. 44
ഓരോമട്ടനുചരോടിയും ഫലിക്കാ—
ഞ്ഞാരോമൽത്തനു കളയുന്ന കാഴ്ച കാട്ടി
താരോളം മുകിലനിൽ വാച്ച ഭർപ്പവൃക്ഷം
വേരോടും പിഴുതു വിധി പ്രചണ്ഡവാതം. 45
കൽപ്ത്തിൽക്കമലവിലോചനൻ കിടക്കും
തല്പംപോൽ ശിവശിവ! താൻ തനിച്ചു മുറ്റും
കെൽപ്റ്റഗ്ഗഹനപരാർണ്ണവത്തിൽ നിൽക്കുക്ം
നില്പമ്പോ! നിരുപമ,കാർക്കു നോക്കിടാവു? 46
മുറ്റും ഹൃത്തളിരിൽ നിരാശനായി മൂഡൻ
ചുറ്റും തന്മിഴികളെ വളമിട്ടിടുമ്പോൾ
ഉറ്റുള്ളോർ കുടിവതൊരുക്കാകുള്ളിനേറ്റം
പറ്റും അഭ്രിപുഗണകാർപ്പാതാശു കണ്ടാൻ. 47
വൈവർണ്യം വദനമിയന്നു, വമ്പു മാറി- പ്പാവം ഹാ! പരർ ചുഴലും പടക്കളത്തിൽ ദൈവത്തിൻ ദയ ലഭിയാഞ്ഞു ദീനനായ് നി- ന്നീവണ്ണം പലതുമകക്കുരുന്നിലോർത്തു: 48
'അയ്യോ! ഞാനപകടമേ,മറിഞ്ഞു കുണ്ടിൽ;
കൈയോടും കയറു കഴുത്തിലിട്ടു കള്ളർ;
വയ്യോർത്താൽ വരുവതു വാശ്ശതും പൊറുപ്പാൻ;
മെയ്യോടില്ലുയിരിനു മേൽപ്പൊരുത്തമേതും. 49
തോറ്റില്ലെന്നൊരു ഗുണമുണ്ടു മെയ്രണത്തിൽ-
പ്പോറ്റിക്കോൾവതിനുഴറാതെ ചത്തു വീണാൽ;
കാറ്റിൽ ഭീ കരിയില പൂണ്ടു പാഞ്ഞൊടുക്കം
മാറ്റിത്തം പെടുമൊരു തീയിലോ ചതിച്ചു? 50
ചേണുറ്റുള്ളൊരു മമ യോധരെസ്സമീപം
കാണുന്നില്ലവരുടെ നാഥരും മറഞ്ഞു;
ആണുങ്ങൾക്കഹഹ! പൊളിച്ച പന്തലിൻ നൽ-
ത്തൂണുണ്ടോ പിഴുതു നിലത്തിടാൻ ഞെരുക്കം? 51
മാറാതെൻ ചെലവിനു തങ്കമുട്ട നൽകും
താറാവിൻ വയറു തുരന്നു നോക്കിടും ഞാൻ
ആറാതുള്ളൊരു ദുരയാം പിശാചു തീണ്ടി-
ക്കൂറാളും വിധിയെ വിരോധിയാക്കിയല്ലോ. 52
ധാരാളം ധരണി ലഭിച്ചുമാശ തെല്ലും
തീരാഞ്ഞാൽ ദൃഢമിതുതാൻ കലാശമാർക്കും;
പാരാകിൽ ശരിയതുവിട്ടു ലാത്തിനില്പാൻ
വാരാശിക്കകമണവോൻ കുടിച്ചുചാകും. 53'
വാട്ടംവിട്ടഹഹ! വളർത്തിവന്നൊരാട്ടിൻ-
കൂട്ടത്തെക്കൊടിയ കശാപ്പുകാരനായി
ഏട്ടത്തംപെടുമുടമസ്ഥനേകിടുമ്പോൽ
രാട്ടയ്യോ! ഭടരെ മൃതിക്കു വിട്ടിടാമോ? 54
തക്കംവിട്ടനുചരരെപ്പടായ്ക്കു വിട്ടോ-
രിക്കന്നന്നിയലുമിളപ്പമറ്റ പാപം
മക്കത്തും പരമതിന്നപ്പുറത്തുപോലും
പൊക്കം പോയ്ക്കഴുകുകിൽ മാഞ്ഞിടുന്ന കാര്യം. 55
പറ്റുന്നില്ലടവുകളൊന്നു,മുള്ള മാനം
വിറ്റുണ്ണേണ്ടൊരു നില വന്നുകൂടി, മേലാൽ
മുറ്റും ഹാ! മുകിലനെ മുഗ്ദ്ധബുദ്ധിയെന്നായ്
മറ്റുള്ളോർ മഹിയിലുരയ്ക്കിലെന്തബദ്ധം? 56'
കോഴിക്കുഞ്ഞഹിയുടെ കൂട്ടിനുള്ളിൽ വീണാൽ-
ക്കോഴിക്കുന്നതിനതു നോക്കിടുന്ന നോട്ടം [ 152 ] <poem>
ചൂഴിക്കാണ്മൊരു ഭടർ ചുറ്റുപാടുമെന്മേൽ
വീഴിക്കുന്നളവുടൽ വിണ്ടു കീറിടുന്നു 57
വല്ലാതെൻ തല തിരിയുന്നു; കണ്ണു മങ്ങീ-
ട്ടെല്ലാം കൂരിരുളിൽ മറഞ്ഞു മാഞ്ഞിടുന്നൂ;
അല്ലാവേ! മതിമതി ജീവനോടെയെന്നെ-
ക്കൊല്ലായ്കെ'ന്നവനുരചെയ്തു താഴെ വീണു. 58
ആണും താൻ ശിവശിവ! പെണ്ണുമല്ല, ശുദ്ധം
തൂണും തോറ്റിടുമൊരനക്കമറ്റ മട്ടിൽ
കാണുമ്പോൾക്കറ കലരുന്ന കൂട്ടർ കൂടി-
ക്കേണുംകൊണ്ടരികിൽ വരുംവിധം കിടന്നു. 59
ആയിപ്പോയ് കഥ, മുകിലൻ പെരുത്തൊരത്തൽ-
ത്തീയിൽ തന്നുടലെരിചെയ്തുവെന്നു കാണ്മോർ
സ്ഥായിക്കോർപ്പളവിലിലെക്ട്രിസിറ്റി മെയ്യിൽ-
പ്പായിച്ചാൽപ്പടിയെഴുനേറ്റു പാപി വീണ്ടും. 60
മോഹത്താൽക്കുരുവിജയത്തിനോർത്തുപത്മ-
വ്യൂഹത്തിൽ കയറിന പാർത്ഥപുത്രനെപ്പോൽ
ദേഹത്തെശ്ശമനനുഴിഞ്ഞുവയ്ക്കിലും സ-
ന്ദേഹംവിട്ടവനെഴുനേറ്റതെന്തിനാവോ 61
രണ്ടസ്സൽച്ചുരിക വിളങ്ങിടുന്ന തൻ കൈ-
ത്തണ്ടമ്പിൽത്തെരുതെരെയോങ്ങി രണ്ടു പാടും,
തുണ്ടംവച്ചരികളെ, നേർക്കു തോക്കുവിട്ടോ-
രുണ്ടക്കൊത്തുടനൊരു പാച്ചിൽ പാഞ്ഞു വീരൻ. 62
യന്താവിൻ മൃതതനു കൊമ്പിലേറ്റി മണ്ടും
വന്താദൃക്പ്രതിഭയമത്തയൂഥനാഥൻ
എന്താക്കും നില പഥിക,ർക്കതിന്റെ മട്ടിൽ
സന്താപം രിപുപൃതനയ്ക്കവൻ വളർത്തി. 63
വാട്ടം വിട്ടലറി വരുന്നവൻ നിണക്കെ-
ട്ടാട്ടത്തിൽച്ചെറിയ കിടാങ്ങളിൽക്കണക്കെ
ഓട്ടംപൂണ്ടെതിരിലണഞ്ഞിടും മുസൽമാൻ
കൂട്ടത്തോടരികളിലേകി രോമഹർഷം. 64
വെട്ടീടും ചുരികകൾ വീശിയുള്ളമാർക്കും
മട്ടീടും ബലമിയലും മഹമ്മദീയൻ
പൊട്ടീടും കനൽമലതൻ പ്രവാഹമാടൽ-
പ്പെട്ടീടുംപടി തടവറ്റു നേർക്കു പാഞ്ഞു. 65
പേരമ്പും ഗരിതഹയത്തിലിന്ദ്രജാല-
ക്കാരൻ പാഞ്ഞിടുകിലതത്ഭുതപ്പെടാതെ
ആരമ്പോ! തടയു,മതിൻകണക്കു കാണ്മോർ
വീരൻ പോം, വിരുതു മിഴിച്ചു നോക്കിനിന്നു. 66
[ 153 ] <poem>
സഞ്ചായപ്പരിഷ മഹാവനത്തിലാദ്യം
സഞ്ചാരത്തിനു വഴി വെട്ടിടുന്ന മട്ടിൽ
അഞ്ചാതുള്ളരിചമുവിൻ നടുക്കുകൂടി-
ത്തൻ ചാട്ടം തരമൊടു ചെയ്തു ധൈര്യശാലി 67
തുമിന്നൽക്കൊടിയുടെ ലീല കാട്ടിയപ്പോൾ
ഭൂമിത്തട്ടുദധി മരുൽസുതൻകണക്കെ,
നാരിമെട്ടെഴുവതിന്നു മുൻപിലാരും
കാമിക്കും കരബലമോടവൻ കടന്നു. 68
ഹാ! തന്മെയ്‍നടുവിൽ മുറിഞ്ഞു രണ്ടു തുണ്ടാ-
യാതങ്കപ്പെടുമഹി ചെറ്റിഴഞ്ഞു പോയാൽ
ഏതറ്റംവരെയിഴയും? വരച്ചയാരും
ഹ്രീ തങ്കേണ്ടിതിലിതി ഭൂപയോധർ ചൊന്നാർ 69
ഒന്നായ് നാമൊരു രിപൂവിന്റെ പിമ്പു പാഞ്ഞാൽ
നന്നാവി,ല്ലനുചരനൊക്കെ നിൽക്ക; വേഗാൽ
ഇന്നാമേ മുകിലനെ വെന്നു ബന്ദിയാക്കാ-
മെന്നാരാൽ ക്ഷിതിപതി കേരളാഖ്യനോതി. 70
മൗനത്താലനുമതി കൂട്ടർ നൽകിയപ്പോ-
ളാനന്ദത്തൊടു പുരളീമഹീമഹേന്ദ്രന്ഡ
ഊനംവിട്ടുഴറി മുയൽക്കിടാവുതൻ പി-
മ്പേനം കണ്ടിളകിന വിശ്വകദ്രൂപോലെ. 71
വമ്പാളും നൃപതി വമൊല്ലയെന്നുരച്ചും,
തമ്പാർശ്വം തടവുപെടാതെ കാത്തു കൊൾവാൻ
അമ്പാമ്മാറകരതിലാർന്നു പിന്തുടർന്നാർ
തമ്പാനും തരമൊടു ധൈര്യമുള്ള സായ്പും 72
ആ വമ്പർക്കുടയ ഹയങ്ങളെജ്ജയിപ്പാൻ
ദൈവം തൽ പദയുഗളിക്കു വേഗമേകി
വൈവശ്യം വളരുകിലും നിനച്ച കാര്യം
കൈവന്നാ പ്രഭു ശിബിരത്തിനുള്ളിലെത്തി 73
കൊന്നാലും ശരി കതകാരുമേ തുറക്കൊ-
ല്ലെന്നായ് തൽഭടമൊരു പത്തുപേരൊടോതി
തന്നാശച്ചെടിയിലെഴും ഫലം പറിപ്പാൻ
ചെന്നാനക്കുടിലനകത്തു ദൈന്യമെന്യേ 74
വേഗത്തിലാക്കതകടച്ചതി ദുഷ്ടദൈവ-
യോഗത്തിനാലുമകതാർ തെളിയാത്ത പാപി
ഭോഗത്തിലാശയൊടു പാഞ്ഞു, വിടർക്കലങ്ഗ-
രോഗത്തിനന്തകനൊഴിഞ്ഞൊരു വൈദ്യനുണ്ടോ? 75
പതിന്നാലാം സർഗ്ഗം സമാപ്തം