ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
പതിമൂന്നാം സർഗ്ഗം
[ 132 ]
പതിമ്മൂന്നാം സർഗ്ഗം


വിധുരത കലരാതെ കീർത്തിയാകും
വിധുകല പൊങ്ങുമൊരാപ്പുരാർണ്ണവത്തിൽ
മധുരിപു മഹനീയയോഗനിദ്രാ-
മധുമൊഴിയൊടൊരുമിച്ചു വാണിരുന്നു.        1

പരിണതരുചി പൂണ്ടനന്തതൽപോ-
പരി വിധു ശാരദ പർവരാത്രിയിൽപ്പോൽ
പരിചൊടു ഫണരത്നതാരജാലം
പരിസരമാർന്നു പരം ലസിച്ചിരുന്നു.        2

അരിയൊരു നിജനാമമന്യനാർന്നാ-
ലരിശമതിൽപ്പെടുമാരുമെന്നു കാ

[ 133 ]

അരികളുടെ വപുസ്സരിഞ്ഞിടുന്നോ-
തിയരികത്തതിയായത്തെളിഞ്ഞിരുന്നു.        3

തനതു കുലഗുണം വിടില്ല വമ്പൊ-
ട്ടനവധി വായ്ക്കിലുമാരുമെന്നു കാട്ടി
കനമുടയൊരു പാഞ്ചജന്യമുക്കെ-
ന്തിന പുരുഷോത്തമനുവഹിച്ചിരുന്നു.        4

പരപുരുഷനിലാശ വിട്ടു നിത്യം
പരപുരുഷങ്കൽ നിലീന ചിത്തയായി
പരമരുളിന ലക്ഷ്മി ഭർത്ത്യസേവാ-
പര ഹരിപാർശ്വമലങ്കരിച്ചിരുന്നു.        5

പതിരിനഹി ശരിപ്പെടും ഗരുത്മൽ-
പതിയുടെ പത്രയുഗം പതുക്കെ നോക്കി-
പ്പതിവിനു ഭഗവൽപ്രശസ്തി വായി-
പ്പതിനു ഇളപ്പെരുമാൾക്കുമൊത്തിരുന്നു.        6

ഗരുഡരഥഗളത്തിലുല്ലസിക്കു-
ന്നൊരു തുളസീദളമാലയോടുരുമ്മി
പൊരുളുടയൊരു പേരിയന്നു മോദം-
പെരുകിന ഗന്ധവഹൻ കളിച്ചിരുന്നു.        7

കമലനയനനെസ്സദാ വണങ്ങും
സുരതികൾതൽ ഹൃദയങ്ങളെന്നപോലെ
അമലകനകദീപമൊട്ടനേകം
സരധികഭാസ്സൊടു കത്തിനിന്നിരുന്നു.        8

മഹി മലമിയലാത്തതാക്കുവോനാ-
മഹിമണി മഞ്ചനെയേന്തി നിൽക്കമൂലം
മഹിമയിലവിടം തമസ്സു സത്താ-
മഹിമകരാംശുകണക്കകറ്റി വാണു.        9

അവനിയുടെ മദത്തിനാണിവേരായ്,
ഭവഗരളത്തിനു ഭദ്രമാം മരുന്നായ്,
ധ്രുവമവിടമനല്പമുല്ലസിച്ചു
നവമരസത്തിനു നാട്യശാലപോലെ.        10

അജനമലനനന്തനാദിതേയ-
വ്രജനതനംബുജപത്ര ജൈത്രനേത്രൻ
ഭജനപരസുരദ്ര പത്മനാഭൻ,
സുജനാസുഖത്തിനു ശുദ്ധസുതിഗേഹം.        11

ദിതിജഗള, മമന്ദഭക്തദൈന്യം,
ക്ഷിതിഭര, മിന്ദിരതൻ നിസർഗ്ഗമാനം,
പതിവിനിവയറുത്തു പന്തടിക്കു-
ന്നതിനുഴറുന്ന ചതുർഭുജങ്ങളോടും;        12

[ 134 ] <poem>

ദ്യുതിയൊടു യമുനാതടത്തിൽ മിന്നും മതികരമാർന്ന തമാലകാനനത്തെ സ്മൃതിപഥഗതമാക്കിയും സ്മിതപ്പാൽ- ക്കതിരിൽ വെളുത്ത കറുത്ത മേനിയോടും        13


ഭുവനനിഖിലകർമ്മസാക്ഷിയായും കുവലയ മോദദമായുമേറെ മെച്ചം ധ്രുവമിയലിന ലോചനദ്വയത്തിൻ നവകരുണാർദ്രകടാക്ഷമാലയോടും       14


കരിമുകിലിനെയാടിയിൽച്ചിലപ്പോൾ പരിചൊടു ചുറ്റിടിമന്തിവെയ്‌ലുപോലെ അരിയൊരു തിരുമേനി ചേർന്നു കാന്തി- ത്തരി വിതറീടിന പീതചേലയോടും,       15


ദിതിജരുടെയുരസ്സിലും ദിവൗകഃ- പതിയുടെ മൗലിയിലും ദിനങ്ങൾതോറും യതിവരഹൃദയത്തിലുംകളിക്കു- ന്നതിനണയുന്നൊരു തൃപ്പദങ്ങളോടും       16


ത്രയിയുടെ മുരടാം മുകുന്ദ, നുർവീ- ദയിതനു മുന്നിൽ വിളങ്ങി ദീനബന്ധു വെയിലിലകമുലഞ്ഞു വാനിൽ നോക്കും മയിലിനു മുന്നിൽ വലാഹം കണക്കേ       17


പെരുമഴയിൽ മലയ്ക്കിടുക്കിൽനിന്നും വരുമരുവിക്കൊരു പൗനരുക്ത്യമേകി തുരുതുരെ മിഴി രണ്ടിൽനിന്നുമപ്പോൾ പുരുഷവരിഷ്ഠനു സമ്മദാശ്രു പാഞ്ഞു       18


എഴുവതിനു ഞാനശക്തനമ്മ- ട്ടെഴുമൊരു ഭക്തിയിലുള്ളലിഞ്ഞ മന്നൻ തൊഴുകരമൊടു താണുവീണു നിന്ന- പ്പൊഴുതു മുകുന്ദനൊടിക്കണക്കുണർത്തി       19


അരുമറയുമറിഞ്ഞിടാത്ത പാരിൻ പെരുമുരടെന്നു പുകഴ്ത്തിടും പുരാനേ! തിരുവടി കളിയാടിടുന്നു കാൽത്താർ കരുതിടുവോന്റെ കരൾക്കളത്തിലെന്നും       20


നളിനനയന! നീ കിടാങ്ങൾ മുറ്റ- ങ്ങളിൽ വരിയായ് മണലപ്പമെന്നപോലെ കളിയൊടുലകിടങ്ങൾ തീർത്തു കാത്തുൾ- ത്തളിരിൽ നിനച്ചകണക്കഴിച്ചിടുന്നു       21


കതിരവനരുളുന്ന ചൂടു മാറ്റു- ന്നതിനിടവത്തിൽ വരുന്ന കൊണ്ടൽപോലെ

<poem> [ 135 ]

പതിവിനു പെടുമാടൽ പാരിനാറ്റു—
ന്നതിനവിടുന്നുഴറുന്നിതപ്പൊഴപ്പോൾ.        22

ഉലകിനുമതിനാൽത്തനിക്കുമുണ്ടാ—
മലഘുതരശ്രുതി നാശമാശു തീർപ്പാൻ
കലയുടെ പൊരുളായ പോറ്റി ശുദ്ധം
അലനില പൂണ്ടൊരു മത്യ്സമായതില്ലേ?        23

ഉരഗശയനനായ്ജ്ജഗന്മലത്തെ—
പ്പരമൊഴിവാക്കിടുമങ്ങതിന്നുതന്നെ
ഉരഗയുതമലച്ചുമട്ടിലാശാ—
ഭരമലർമാർന്നൊരു കൂർമ്മമായതില്ലേ?        24

യതികളുമറിയാത്ത ദിവ്യകോല—
സ്ഥിതിയെഴുമീയുലകിന്നു നമ്മ നൽകാൻ
ക്ഷിതിയിതിലതിനിധന്ദ്യമായ കോല—
സ്ഥിതിയെ വഹിച്ചതു സുപ്രസിദ്ധമല്ലേ?        25

ഉര പെറുമൊരു ദേവരാജനും തൃ—
ച്ചരണായുഗം തൊഴുമങ്ങു ശങ്കയെന്യേ
ധരയുടെ ഹിതമോർത്തു തുച്ഛമാകും
നരമൃഗരാജതപോലുമാർന്നതില്ലേ?        26

ബലികുലമണിയായ് ത്രിലോകി ഭക്താ—
വലിയിലണച്ചീടുമങ്ങു നിസ്വനെപ്പോൽ
വലിയൊരു നിലവിട്ടു വൈകിയാകും
ബലിയൊരു മൂവടി മണ്ണിരന്നതില്ലേ?        27

ജയജയ! ഭുജഭൂതമകേതോ!
ജയജയ! നിർമ്മിതവാരിരാശിസേതോ!
ജയജയ! വിവിദപ്രണാാശഹേതോ!
ജയജയ! കൃഷ്ണാ ഭവത്മഹത്വമേതോ!        28

പല പല വടിവേന്തി നമ പാരി—
ന്നലമരുളും തിരുമേനിതൻ പ്രഭാവം
ഖലരിവരറിയുന്നതില്ല തെല്ലും,
ജനനിധി നിമ്നത നെയ്യുറുമ്പുപ്പൊലെ.        29

ചുടു കനൽമിഴിയൻ തുടങ്ങി മുന്നിൽ—
പരപ്പടുമിമയോരെ വെറുത്ത തയ്യലാറെ
വീടുപണി പണിവോർക്കു ചെയ്‌വതിന്നൻ—
പ്രൊടുമവിടുന്നു വിടുന്നു വീടുതോറും.        30

അഭിയനടിപിഴച്ചഴൽക്കൊടുങ്കാ—
റ്റടിയിലൊമാലിലപോലെയാടിടുന്നു!
അഭിമലരിണാവിട്ടു താങ്ങലൊന്നി
ല്ലടിയുമൊറ്റവുമറ്റ തമ്പുരാനേ!        31

[ 136 ]

മറുതല തലപൊക്കി വഞ്ചിരജ്യം
പൊറുതി കെടുന്നതു പോറ്റി കാണ്മതില്ലേ?
ചെറുതൊരു തുണചെയ്തിടയ്കിലെല്ലാ-
മറുതിവരുന്നതിനൽപമല്ല യോഗം.        32

കഴിവൊരുവക വിട്ടു പോയിടേണ്ടും
വഴിയറിയാതെ കുഴങ്ങിനിൽക്കുമെന്നെ
മിഴിമുനയിണകൊണ്ടു പോറ്റി തെല്ലൊ-
ന്നൂഴിയുകിൽ ഞാനുടനൂഴിയൊക്കെ വെല്ലും.        33

തുണ തിരുവടിയെങ്കിലെന്റെ വാളി-
ന്നിള ഹരിതൻ ശതകോടികൂടിയല്ല;
ക്ഷണമതു വെടിയിൽപ്പവിക്കുണക്ക-
ത്തൃണവുമറുപ്പതെളുപ്പമല്ലൊരൽപം.        34

തിരുവടി കുലവില്ലു, വില്ലെടുക്കു-
ന്നൊരു കരമക്കരമാളുമാളുമെന്നായ്
കരുതിടുമടിയന്റെ കൈയുയർത്തി-
പ്പൊരുതുക; വെല്ലുക പോറ്റിതന്നെ പോരിൽ.        35

നരപതി നരകാരിയായ ദാമോ-
ദരനെ നിനച്ചിതുപോൽ സ്തുതിച്ചനേരം
നിരവധി ബലശാലിയായ് ഭവിച്ചാൻ,
വരസുധയുണ്ട വലപ്രമാഥിപോലെ.        36

ദിതിജരിപു കൃപാഭിധാനമാകും
ക്ഷിതികലരാത്തൊരിരുമ്പുചട്ട ചാർത്തി
ക്ഷിതിപതി രണഭൂവിലെത്തി, കോടി-
ക്കതിരവർതന്നൊളി പോംവഴിക്കു വീശി.        37

പടരുമൊരരിശത്തൊടൊത്തു സേനാ-
പടകൾ മത്സരബുദ്ധിപൂണ്ടു തമ്മിൽ
പട പൊരുതുവതിന്നുഋച്ചുകേറി-
പ്പടഹമടിച്ചു മുഴക്കി പാരമപ്പോൾ.        38

വളരുമൊരു മദത്തൊടൊത്ത ദന്താ-
വളനിരതൻ ചെവിയാട്ടിടുന്ന കാറ്റാൽ
ഇളകിയ പൊടി, യായതിന്റെ ദാന-
പ്രളയപയോനിധി പങ്കമായ്ച്ചമഞ്ഞു.        39

ഗജപരിവൃഢങ്‌ക്തി കർണ്ണതാല-
വ്യജനപരമ്പര വീശിയെത്തിടുമ്പോൾ
നിജ ചിറകുകൾ വിണ്ടുമാർന്നു ശൈല-
വ്രജമണയുംപടി ജിഷ്ണുയോധരോർത്തു.        40

തുരഗഖുരമടിച്ചടിച്ചുയർത്തി
സ്സുരപഥമോളമണഞ്ഞ രേണുജാല

[ 137 ]

തരനി കരശരം തറച്ചിടായ്‌വാൻ
ധരണിയണിഞ്ഞൊരു ചട്ടപോലെ തോന്നി.       41

ഒളിപെരുകിന വിണ്ണിലുള്ള പച്ച-
ക്കിളിമൊഴിമാർ പടം കാണുവാൻ വരുമ്പോൾ
ഒളിവിനു പൊടിയെന്ന കൈതവത്താൽ
വെളിയടയിട്ടു വിദഗധനാം സമീരൻ.        42

വിയാബലകളേപ്പുണർന്നു വാഴ്വാൻ
നിയതമുറൊച്ചൊരു സാദികൾക്കുവേണ്ടി
ഹതയതി പൊടിയാൽ ക്ഷണം ചവിട്ടി-
ക്കയറുവതിന്നൊരു കോണി തീർത്തുവച്ചോ!       43

ഇളകി രയമെഴും ഹയങ്ങൾ പായു-
ന്നളവുഅയരും പൊടി ചുറ്റിലും പരക്കെ
ഇളഭയമൊടു ഹേഷ കേട്ടു മെയ്യിൽ-
പ്പുളകനിചോളമണിഞ്ഞപോലെ തോന്നി.       44

വിളിപെരുകിന വീരർ വില്ലിൽനിന്നും
മിളതരയം വിടുമമ്പു കൊണ്ടിടായ്‌വാൻ
ഒളിവതിനു തുടർന്നു ഭാനു തങ്ക-
ത്തളികകണക്കു രജോർണ്ണവത്തിനുള്ളിൽ.       45

അതിഅരഥർ കരിപങ്‌കിയാം കരിങ്കൽ-
ത്തതിയിലിയറ്റിന കോട്ടകൾക്കു മുന്നിൽ
കുതിരയുടെ കുളമ്പു കൊണ്ട നിമ്ന-
ക്ഷീതികൾ കിടങ്ങുകളെന്നപോൽ വിളങ്ങി.       46

കൊടിയ രഥകുലത്തിൽ മിന്നി നില്ക്കും
കൊടിമരമംബരമാക്രമിച്ചു വിണ്ണിൽ
കുടിലകചകൾ നട്ട പാരിജാത-
ക്കൊടി പടരുന്നതിനുള്ളരുന്നുകമ്പായ്.       47

അമലതരമതിൽപ്പെടും പതാകോ-
ത്തമനിര തട്ടി വരുന്ന മന്ദവായു
അമരസമുദയത്തെയഭ്രയാന-
ക്ലമരറുമാറു സപര്യചെയ്തു മേന്മേൽ.       48

ഉരപെരുകിന തേർ ചലിച്ചിടുമ്പോൾ-
പ്പരമിള താഴ്ത്തിന നേർമിതൻ നിനാദം
നിരവധികപയോദഗർജ്ജിതംപോ-
ലുരഗഭയം ബലിപത്തനത്തിൽ നല്കി.       49

കുഴൽ, പടഹ, മിടയ്ക്ക, കാളമോടും,
തഴ, കുട, ചാമര, മാലവട്ടമോടും,
ത്തഴകുടയ ചമുക്കളാജിടുവിൽ-
പ്പുഴകൾ കടൽക്കകമെന്നപോലെ പാഞ്ഞു.       50

[ 138 ]


ത്വരിതമിഷു, ശതഘിനി, മിന്ദിപാലം,
ചുരിക, ധനുസ്സു, പരശിധം, കൃപാണം,
അരി, ഗദ, മുസവം, തുടങ്ങി യോധ-
പ്പരിഷ പലേതരമായുധങ്ങളേന്തി.       51

ഇരുകരമരികത്തെഴുമ്പൊൾ വേറി-
ട്ടൊരു പരിഘത്തെയജാഗളസ്തനംപോൽ
കരുതി, യതു വെടിഞ്ഞു കൈകൾ വീശി-
പ്പൊരുതിടുവാൻ ചില യോധവീരർ പോന്നു.        52

പടരുമരിശമാർന്നു പാഞ്ഞിടുമ്പോൾ
സ്ഫുടമുയരും ഭ്രുകുടിക്കു തുല്യമായി
ഭടപരിവൃഢർകയ്യിൽ മിന്നിടുന്നോ-
രുടമ പെരുത്ത ശാരാസനം വളച്ചു.       53

പരമെഴുമരിശത്തിനാൽ സ്ഫുലിംഗോൽ-
ക്കരമുതിരുംപടി കാണുമക്ഷികോണം
കരമരുളിടുമാറു യോധർ കല്ലിൽ
ത്വരയൊടു തേച്ചിടുരമ്പു മൂർച്ചയേന്തി.       54

അരിയൊരു മഷിയാൽ തെളിഞ്ഞൊരോമൽ-
പ്പുരികുഴലാളുടെ കൺകടയ്ക്കു നേരായ്
അരിവരനികരം ഗരത്തിലഗ്രം
പരിചൊടു മുക്കിന ബാണപങ്‌ക്തി തീർന്നു.       55

പടുഭടരുടെ നേർച്ചയാൽ വെളിച്ച-
പ്പെടുമൊരു യുദ്ധപ്പിശാചികോഗ്രമൂർത്തി
കടുതരമലറുന്നപോലെ ഘോഷ-
ത്തോടു ചെറുഞാണൊലി ചുറ്റിലും മുഴങ്ങി.       56

ത്വരിതമുറയിൽനിന്നെടുത്തു യോധ-
പ്പരിഷയിളക്കിയ ഘോരബഡ്ഗപങ്‌ക്തി
അരിമയോടുമഴിച്ചുലച്ചൊരാജി-
പ്പുരികുഴലാളുടെ കൂന്തലെന്നു തോന്നി.       57

മതിയിലതുലമായ് വളർന്ന ധൂളി-
ക്കൊതിയിൽ വെളിക്കു വിലം വെടിഞ്ഞു മേന്മേൽ
ഗതിയെഴുമൊരു കൃഷ്ണപന്നഗത്തിൻ
ദ്യുതി, യുറവിട്ട കൃഷ്ണപാണമേന്തി നിന്നു.       58

അരിഹതി മറയാത്ത മാറിടത്താൽ
ശരിവരെ നിന്നു തടുക്കുവാനുറയ്ക്കെ
പരിച കടകമെന്നമട്ടു യോധർ-
ക്കരിയ കരത്തിനു ഭുഷമാത്രമായി.       59

ധരയൊരുപടി, യേതുകൊൺറ്റു തൊട്ടാൽ
ത്വരയൊടു താ, ണഹിരാജനാടലേകും:

[ 139 ]

പരമിരുവിരലാൽച്ചുഴറ്റിനാര-
പ്പരശുവെടുത്തു ഭടാഗ്രരീർക്കിൽപോലെ.        60

ഉടമയൊ,ടെതു കൈയിൽനിന്നു ചാടു-
ന്നടവിലരിക്കതു കണ്ണിൽനിന്നു ചാടും,
ഭടകരമതിലാക്കനത്ത കുന്തം
സ്ഫുടമൊരുണങ്ങിയ നായ്ങ്കണക്കു പറ്റി.        61

വടിവൊടു വിധി തന്ന ശക്തി കൊല്ല-
ക്കുടിയൊടു കൊള്ളുവതേവനെന്നു ചൊല്ലി
ചൊടിതടവിന യോധർ പാഞ്ഞു ബാണ-
പ്പടി നിജ ശക്തി കരത്തിലേന്തിടാതെ.        62

അടർനിലമിഭഗർജ്ജിതത്തൊടശ്വോൽ-
ക്കടതരഹേഷിതവേദ്യമായിരിക്കെ
ഭടർ പടഹമടിച്ചു പണ്ടുപണ്ടേ
നടപടി തെറ്റരുതെന്നുവച്ചുമാത്രം.        63

ഒരു ദനൂജഹതിക്കുമംബുജാക്ഷൻ
തിരുവടിയന്നവതാരമാർന്നിടാഞ്ഞും
ഉരുതര നരസിംഹനാദഘോഷം
തെരുതെരെയങ്ങുമഭംഗമായ് മുഴങ്ങി.        64

അവനിയിലലസാക്ഷിമാർക്കു ഗർഭ-
സ്രവമരുളുന്ന കഠോരകംബുനാദം
നവ സമിതിനതാംഗിയിൽക്കൊതിക്കു-
ന്നവർ മധുവിൽപ്പികഗീതിപോലെ കേട്ടു.        65

കനിവൊടു പുണരാൻ വരും ജയശ്രീ
വനിത ഭയത്തൊടു മാറിടായ്‌വതിന്നോ
തുനിവൊടു ചില യോധരെത്തി യുദ്ധാ-
വനിയിലൊരായുധവും ധരിച്ചിടാതെ?        66

അതിബലികൾ ഭടാഗ്ര്യർ പോർക്കളത്തിൽ
ക്ഷതികലരാത്തൊരു മെയ്ക്കു ചട്ടപോലും
അതിനെ വിജയിയെന്നു ലോകരോതു-
ന്നതിനിട വന്നിടുമെന്നുവച്ചൊഴിച്ചു.        67

എതിരിലെഴുമരീഭപങ്‌ക്തിയാകും
പുതിയ ശിലാവരണത്തിലെത്തി മേന്മേൽ
ധൃതിയൊടു തടഘാതലീലചെയ്യു-
ന്നതിനു മുതിർന്നു മതംഗജാധിപന്മാർ.        68

കരിവരരുടെ കൂർത്ത കൊ,മ്പെതിർപ്പോ-
രരിഭടർതൻ ശില തോറ്റ മാറിടത്തിൽ
പരിണതകദലീഫലത്തിനുള്ളിൽ-
ശ്ശരിവരെ രാജത സൂചിപോലെ കേറി.        69

[ 140 ]


പ്രതിഭടതനുശോണിതത്തിൽ മുങ്ങി—
ദ്യുതി കരിതന്റെ രദത്തിനൊന്നു മാറി,
പുതിയൊരു മഴനാളി,ലാത്തധാതു—
ക്ഷിതിധരനിർഗ്ഗതനിത്ധരത്തിനൊപ്പം.        70

ക്ഷണമതിനുടെ കൊമ്പു തുമ്പിനോളം
പിണനിരകൊണ്ടു നിറഞ്ഞുപോയിടുമ്പോൾ
ചുണയൊടതു വലിച്ചെടുപ്പതിന്നായ്—
ക്ഷണപധരോപരി വെച്ചു തേച്ചു ദന്തി.        71

കരിഗളഭുവി യന്ത്യഹസ്തമേന്തും
പെരിയ കൊടിക്കരിബാണമേറ്റു ഭംഗം
വരികിലുമതു തോന്നിടാത്ത മട്ടിൽ
ത്വരിതമുയർന്നു തദീശ ദീർഘപുച്ഛം.        72

നിരവധി രിപുരോപമേറ്റനേരം
ദ്വിരദശിരസ്സു വമിച്ച മൗക്ലികാളി
പടഹതഭടരെപ്പുണർന്നു പൊട്ടും
സുരവധുവിങ്കുചഹാരമെന്നു തോന്നി.        73

ദ്യുതതരമിഭമസ്തകത്തിൽനിന്നും
ക്ഷതജകണത്തെയുതിർത്തിടും ശരങ്ങൾ
ചിതമൊടു ചെവിമൂലതന്നിൽ വായ്ക്കും
പതകരികൾക്കു ചുവപ്പുചായമിട്ടു.        74

നവരുധിരപടങ്ങൾ മൂടുമാന—
ച്ചുവടുകളാം ഗജബന്ധിനീഗണത്തിൽ
ശിവശിവ!! രിപുയോധകുഞ്ജരന്മാർ—
ജവമൊടണഞ്ഞു മറിഞ്ഞടിച്ചു വീണു.        75

അരികിലടരിനായ് വരുന്ന യോധ—
പ്പരിഷകളെക്കഴല്പൊക്കിയുഴിമേലും.
കരി,യതിനുടെ പേരു തേച്ചു സേനാ—
പരിവൃഢർതൻ മുഖപങ്ക്ലിമേലു, മൊപ്പം.        76

അമരിലരികളെജ്ജയിക്കവേ തൽ—
ക്ഷമയുടെ നാഥത തന്നധീശ്വരങ്കൽ
ശ്രമരഹിതമണഞ്ഞതോർത്തു ചെയ്തു
വമഥുവിനാൽക്കരി മംഗളാഭിഷേകം.        77

പടുതയൊടു ഗജം ദ്വിഷൽബലത്തിൻ
നടുവിൽ വരാൻ കുതിരയ്ക്കു പാത വെട്ടി,
ചടുചടെ റയിലിന്നു പായുവാൻ വ—
മ്പൊടു മലകൾക്കകഭിഞ്ചിനിയർപോലെ.        78

ഉടമയൊടു ഹയം പുറത്തുകേരും
ഭടനുടെ ഹൃത്തൊടു വച്ച പന്തയത്തെ

[ 141 ]


അടവിൽ നിജ കരസ്ഥമാക്കുവാനോ
പടനിലമെത്തി നിനയ്പതിന്നു മുന്നേ?        79

എതിരിൽ വരുമരിക്കു തൻ‌ഖുരത്താൽ
ക്ഷതിയരുളി, ക്കടുഹേഷിതച്ഛലത്താൽ
കുതിരകൾ യജമാനർ കാഴ്ചകണ്ടാൽ
മതി, യവ പോരിനു പോരു, മെന്നുരച്ചു.        80

അശനിസമശഹാഭിഘാതമേറ്റ—
റ്റശരണമാം പിണമായ യോധദേഹം
ഭൃശമിളയൊടു ചേർപ്പതിന്നു വജ്ര—
പ്പശയുടെ ലീല, യതിൽനിണം വഹിച്ചു.        81

പരിസരഭുവി വീണ യോധനെത്തൽ
കരികരശീകരശീതളോപചാരം
ശരിയവരെയരുളിത്തളർച്ച മാറ്റി—
ത്തിരിയെ രണത്തിനു ശക്തനാക്കി നിർത്തി.        82

അപരനു കരി കർണ്ണതാലവൃന്തം
കൃപയിലിളക്കി, യസുക്കൾ നൽകിയപ്പോൾ
ത്രപയൊടു കുചശാടി നാകകൂർ‌മ്മ—
പ്രപദകൾ വീണതു വീണ്ടുമിട്ടു മാറിൽ.        83

പരമൊരുവനു തന്റെ മെയ്യുയർത്തി—
ദ്വരദവരൻ ബലമോടെറിഞ്ഞനേരം
സുരയുവതികൾതൻ മുഖങ്ങൾ കാണ്മാൻ
തരമുളവായി മരിപ്പതിന്നുമുന്നേ.        84

പരനവനിയെയോ സമജ്ഞയെയോ
വിരവൊടു പുൽകിടുവാൻ തരപ്പെടാതെ
ദ്വിരദരദനിവിഷ്ടനായ്ത്ത്രിശങ്കു—
സ്മരണമിയന്നു നടുക്കു ബുദ്ധിമുട്ടി.        85

പരിചൊടു ഭരവീരർ കാർമ്മുകത്തെ—
പ്പുരികമൊടൊത്തു വള, ച്ചതിങ്കൽനിന്നും
അരിതനുവിലയയ്ക്കുമ, മ്പവർക്കു—
ള്ളരിയ മിഴിക്കു സമാനമായ്, ച്ചുവന്നു.        86

ഇട ശകലമില്ലാതെ വില്ലിൽനിന്നു-—
ക്കുടയ നിഷംഗികൾ വിട്ടിടും ശരൌഘം
അടവൊടുമിരുകൈനിലയ്ക്കു തമ്മിൽ
ഘടനമിയറ്റിന കമ്പിപോലെ തോന്നി.        87

ശരമിഷുധിയിൽനിന്നെടുപ്പതും തൽ‌—
പരമതു വില്ലിലണയ്പതും ധരിപ്പാൻ
പരനയനമശക്തമായ് പ്രയോഗ—
ത്വരയിൽ, മഹാത്ഭുതജാലവിദ്യയിൽപ്പോൽ.        88

[ 142 ]

ഒരുവനരിഹയവ്രജത്തെ വെട്ട്-
ത്തെരുതെരെ വീഴ്ത്തി കൃപണേപാണിയായി
അരുണജനുടെ കിങ്കരർക്കു ശീഘ്രം
വരുവതിനേകിയ വാഹനങ്ങൾപോലെ        89

ഒരു ഭടനൊരു ഘോരകുഞ്ജരത്തി-
ന്നിരുകരവും കഴലും മുറിച്ചു ശീഘ്രം
വിരുതൊടു കതിനയ്ക്കു തീകൊളുത്തും
പുരുഷനൊടൊപ്പമകന്നു വാങ്ങിനിന്നു        90

ഇതര ഭടനടർക്കളത്തിലൊറ്റ-
ക്ഷതവുമെഴാത്ത തനിക്കു ദൃഷ്ടിദോഷം
ബത! വരുവതൊഴിപ്പതിന്നുവേണ്ടി-
ദ്രുതമധരം രദനങ്ങളാൽ മുറിച്ചു        91

ചുണയെഴുമപരൻ ദ്വിഷല്പൃഷർക്ക-
വ്രണഗത രക്തകണവ്രജത്തെ നൂനം
ക്ഷണമരികൾ പഠിപ്പതിന്നു തൻമെയ്-
ക്കിണലിപിമേൽ മഷിയിട്ടുപോൽ നിനച്ചു        92

പരനൊരുവനരാതിതൻ തനുത്രം
നിരവധി കീറി, യതിൻ വളർക്ഷ്ക്ഷതൂലം
ത്വരയൊടു നിജ കീർത്തിപോലെ വിശ്വം
ഭരയിലടിച്ചു പരത്തി നാലുപാടും        93

അടരിടുമപരന്റെ മെയ്യിലത്യുൽ-
ക്കടശരമൊന്നുമശേഷമേറ്റതില്ല
സ്ഫുടതരമൊരു പുത്തനായ ശീല-
ക്കുടയുടെമേൽ മഴവെള്ളമെന്നപോലെ        94

പരനൊരുവനുരസ്സിലേറ്റൊരമ്പാൽ
മരണമണഞ്ഞുമവന്റെ വാജിയിന്മേൽ
പരമസി കടിഞാണിവറ്റയേന്തും
കരമൊടു മേവി സജീവനെന്നപോലെ        95

കുതുകമൊടു യമൻ മറച്ചതാം ത-
ന്നതുലഹയത്തിനെ വീണ്ടുകൊൾവതിന്നോ
ചതുരനൊരു ഭടാഗ്ര്യനശ്വമേധ-
ക്രതു തുടരായ്കിലുമോടിയെത്തി പിൻപേ?        96

പരനരിയുടെ നെഞ്ഞു ജീവനെന്യേ
സുരതരുണീപ്രണയം തനിച്ചു താങ്ങാൻ
സരഭസമവതൻ ഗതാഗതാർത്ഥം
ശരമുനകൊണ്ടതിൻ വാതിലൊന്നു തീർത്തു        97

തെരുതെരെയെതിരാളിമാരയയ്ക്കു-
ന്നൊരു ഖഗപങ്‌ക്തിയൊടുള്ള ചേർച്ചമൂലം

[ 143 ] <poem>

ഒരുമയൊടുയരെപ്പറന്നുപോവാൻ വിരുതു വിശൃംഖലമായസുക്കൾ നേടി.        98


എതിരിലണയുവോർക്കു വാനിലേറു- ന്നതിനു ശരാസമെളുപ്പമേറ്റമേകി; പതിവിനു ഗുണി നൂനമാർക്കുമുച്ചൈർ- ഗ്ഗതിയരുളുന്നു സമക്ഷമാർന്നിടുമ്പോൾ.        99


ഉരുവിലൊരിഷു പാഞ്ഞിടുമ്പോഴെന്തി- ന്നിരുതരമാശുഗമായതങ്കിലെന്നായ് കരുതി, യതിഥിയെത്തനിച്ചു വാഴ്കെ- ന്നരുളി വെളിക്കു കടന്നു ജീവവായു.        100


തൊലി, കുടൽ, വപ, യസ്ഥി, മജ്ജ, ഗുന്മാ- വലി, തല, കൈ, കരൾ, കാ, ലസൃക്കു, മാംസം, കലിതരസമിവറ്റപൂണ്ടു കാണായ് കലി കളിയാടിന കാശ്യപീവിഭാഗം        101


തരുണികൾ ദിവി സംഭരിച്ചുവെച്ചു- ള്ളൊരു ഹരിചന്ദനമാല തീരുവോളം അരുളണമിഷു തന്റെ യോധനെന്നായ്- ക്കരുതി നിഷംഗഭംഗമായ് വിളങ്ങി.        102


കുതുകമൊടു തനിക്കൊരൊറ്റയമ്പേൽ- പ്പതുമെളുതല്ലതുകൊണ്ടുരസ്സുതന്മേൽ അതുലപരിഭവം കലർന്നു മുറ്റും മുതുകു ഭടർക്കു വിരിഞ്ചനെപ്പഴിച്ചു.        103


നിണമുടലിൽ മുഴുക്കെയാർന്നു മിന്നൽ- പ്പിണരൊളിപൂണ്ടൊരു വാളിളക്കി യോധർ ചുണയൊടരിശിര, സ്സിരമ്മദത്തി- ന്നിണപെടുമൊച്ചയൊടൊത്തു വീഴ്ത്തി മന്നിൽ.        104


അടർതുടരുമിടയ്ക്കു മുന്നിൽ നില്ക്കും ഭടർ മൃതരായൊരു കാഴ്ച പിന്നിൽ നില്പോർ പടനടുവിലവർക്കു കൈക്കലായോ- രിടമകതാരിൽ നിനയ്ക്കയാൽ സഹിച്ചു.        105


ജയമുടയ ഭടന്റെയല്ല, വാന- ക്കയൽമിഴിയാളുടെ, കൈകൾതാൻ കഴച്ചു; നിയതമവനിലല്ല വാച്ചതന്തർ- ഭയ, മിള താങ്ങിന സർപ്പരാട്ടിലത്രേ.        106


അടരിടുമിനജന്നു മണ്ടയോടാ- മുടമ പെരുത്തൊരു വീരപാണപാത്രം സ്ഫുടമരുളി വിശിഷ്ടരക്തമദ്യം ഭടരതിനുള്ളിൽ നിറച്ചൊഴിച്ചുവെച്ചു.        107 [ 144 ] <poem> ഇരുവശവുമിളച്ചിടാതിവണ്ണം തെരുതെരെ യോധരെയാജിദേവതയ്ക്കായ് തിരുതകൃതിയിൽ മത്സരിച്ചു തമ്മിൽ- ക്കുരുതികൊടുത്തു ഭടഗ്ര്യർ ഘോരഘോരം.        108


എരിയുമൊരു കടുത്ത കാട്ടുതീയിൽ- ക്കരിയിലകൾക്കുസമം രണാങ്കണത്തിൽ കരിഹയരഥപത്തിയുക്തസൈന്യം വരിവരിയായ് വളരെപ്പതിച്ചൊടുങ്ങി.        109


കൊടിയൊരു പടയിത്തരത്തിലെത്തും- പിടിയുമെഴാതെ കുറേക്കഴിഞ്ഞശേഷം ഇടിവു പുരളിതൻപതിക്കു പറ്റും- പടി ചില കാഴ്ചകൾ കാണുവാൻ തുടങ്ങി.        110


അധികമകമുലഞ്ഞു ശക്തി പോരാ- ഞ്ഞധിസമരാവനി നിന്ന തൻബലത്തെ വിധിവിധുരത പാർത്തുമബ്ബലാംഭോ- നിധി നൃവരൻ വ്യസനംപെടാതെ കണ്ടു.        111


വെടിയുടലിനു പറ്റിടാതെ മുന്നിൽ- ച്ചൊടിയൊടു ചാടിന കാട്ടുപോത്തുപോലെ ഞൊടിയിടയിലിളാധിപന്റെ നേരേ പടിമപെടും മുകിലൻ കുതിച്ചിടുന്നു.        112


അശനിഹൃദയനാമവന്റെ പാതി- ശ്ശശധരചിഹ്നമിയന്ന വൈജയന്തി ഭൃശമരിയുടെയർദ്ധകീർത്തിയെത്തൻ വശഗതമാക്കിയപോലെ മിന്നിടുന്നു.        113


പിടിമുതൽ മുനയോളവും നിണത്തിൽ ഝടിതി കുളിപ്പിനാശപൂണ്ട ഖഡ്ഗം തടിയവനിളക്കിടുന്നു മേന്മേൽ- ക്കൊടിയൊരു പേയുടെ നീണ്ട നാക്കുപോലെ        114


മഴയിലണയടിച്ചുടച്ചു പായും പുഴയൊടു തുല്യമവന്റെ ഘോരസൈന്യം അഴകിലെതിരിടുന്നു മുന്നിൽമുന്നിൽ- ക്കഴലുകൾ വെച്ചു; തടുക്കുവോൻ പരേതൻ.        115


ദവദഹനനെ നേർക്കു കണ്ടു പിന്നിൽ- ജ്ജവമൊടു മാറുമിളംമൃഗാളിപോലെ അവനെയരികിലന്നു നോക്കിയയ്യോ! നൃവരബലം പുറകോട്ടു നീങ്ങിടുന്നു.        116

[ 145 ]

പലതരമശുഭങ്ങൾ കണ്ടുമബ്ഭൂ-
വലമഥനന്നു മനസ്സിടിഞ്ഞതില്ല;
ഇല മുഴുവനിളക്കിടുന്ന കാറ്റും
ചലദലമൂലമുലച്ചിടുന്നതുണ്ടോ?        117

സ്ഫുടമകമലർ ദൈവചിന്തയെന്യേ
ചുടനിലപ്പടി ശുദ്ധശൂന്യമേതോ
നടനമവിടെയാണു ഭീതിശങ്കാ-
പടലി തകർപ്പതു ഭൂതപാളിപോലെ.        118

ഒരു മനമഖിലേശഭക്തിയെന്നു-
ള്ളരുവി നനച്ചു ഫലിച്ചിടാത്തതേതോ,
മരുവതിലഴൽ വേനലിന്റെ ചൂടി-
ന്നൊരുപൊഴുതും ശമനം വരുന്നതല്ല.        119

ചരമചരമശേഷമുള്ളിലേന്തും
പരമപുമാനൊരു പർവതം കണക്കേ
പരമരുളിടുമന്തരംഗമാളും
നരവരെനെങ്ങനെയെന്തിനായ്‌ച്ചലിപ്പൂ?        120

ക്ഷിതിധവനൊരുറച്ച കട്ടിലോഹ-
പ്രതിമകണക്കു തനിച്ചു പോർക്കളത്തിൽ
മതിധൃതിയൊടു നിന്നുകൊണ്ടു ലക്ഷ്മീ-
പതിയുടെ കാൽത്തളിരുൾത്തടത്തിലോർത്തു.        121

ശിവശിവശിവനേ! മഹാത്ഭുതത്തി-
ന്നവധിയിതെന്നു പുകഴ്ത്തിടേണ്ടമട്ടിൽ
നവമഹിതമഹേന്ദ്രജാലമൊന്ന-
ബ്ഭുവനപിതാവു പുറത്തെടുത്തുകാട്ടി.        122

പാ, രോജസ്സു ബലം തുടങ്ങിയവതൻ
കൈയ്ക്കുള്ളിൽ നിൽക്കുന്നതാ-
യോരോ വിഡ്ഢികളോതിടുന്നതു വെറും
ലാക്കറ്റ ഭോഷ്കല്ലയോ?
നേരോർത്താൽ സകലേശ്വരൻ വിലസുമീ-
ലോകം പതിന്നാലിനും
വേരോടാൻ തറ 'നീതി'യെന്നറിയണം
സത്തുക്കൾ നിസ്തർക്കമായ്.        123

പതിമ്മൂന്നാം സർഗ്ഗം സമാപ്തം