കേരളോല്‌പത്തിയും മറ്റും
രചന:ഹെർമ്മൻ ഗുണ്ടർട്ട്
ആമുഖം


[ 8 ] (Malayalam)

Keralolpathiyum Mattum

Eight works published during 1843-1904
by Dr. Hermann Gundert D. Ph.

with Critical Introduction
by Prof. Scaria Zacharia
St Berchmans' College, Changanasseri

First Published April 25, 1992
Rights Reserved

Cover design: Ashok
Printed at Bethel Printers Printers, Chingavanam, Kottayam

Publishers:
DC BOOKS, KOTTAYAM - 686 001
Kerala State, India

Distributors:
CURRENT BOOKS
Kottayam, Thiruvananthapuram, Kollam, Pathanamthitta, Alappuzha,
Eranakulam, Aluva, Kozhikode, Palakkad, Thalassery, Kalpetta

ISN 81-7130-149-5

Paper back Rs 65.00
Deluxe Rs. 95.00 [ 9 ] HGS

HERMANN GUNDERT SERIES

Band 4
Hermann Gundert
Geschichtliche und literarische Werke (Kerala Ulpati)

Die Titel der ganzen Reihe (Malayalam)—
jeweils mit einer kritischen Einleitung:

Hermamm Gundert

Band I A Malayalam and English Dictionary
Band 2 Grammatische Werke
Band 3 Quellen zu seinem Leben und Werk
(3.1 Deutsch, 3.2 Englisch, 3.3 Malayalam)
Band4 Geschichtliche und literarische Werke (Kerala Ulpati)
Band 5 Christliche Literatur (Vajra Suci)
Band 6 Malayalam-Bibel

herausgegeben
von
Albrecht Frenz
und
Scaria Zacharia

Gesamtherstellung der Malayalam-Werke
D. C. Books Kottayam, Kerala, Indien

In Verbindung mit der
Dr. Hermann-Gundert-Konferenz Stuttgart
19.-23. Mai 1993 [ 10 ] HGS (Hermann Gundert Series)
ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പര

വാല്യം 4 ചരിത്രകൃതികൾ, സാഹിത്യരചനകൾ,
പഴഞ്ചൊല്ലുകൾ...

ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ വാല്യങ്ങൾ

വാല്യം 1 മലയാളം - ഇംഗ്ലീഷ് നിഘണ്ടു
വാല്യം 2 മലയാള ഭാഷാവ്യാകരണം
വാല്യം 3 ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ ജീവചരിത്രം

I ജർമൻ ഭാഷയിൽ: Hermann Gundert –Quellen zu
seinem Leben und Werk

II ഇംഗ്ലീഷിൽ: Dr. Hermann Gundert and Malayalam
Language

III മലയാളത്തിൽ: ഡോ. ഹെർമൻ ഗുണ്ടർട്ട് -
പറുദീസയിലെ ഭാഷാപണ്ഡിതൻ

വാല്യം 4 കേരളോല്പത്തിയും മറ്റും (ചരിത്രകൃതികൾ,
സാഹിത്യ രചനകൾ, പഴഞ്ചൊല്ലുകൾ)

വാല്യം 5 വജ്രസൂചി (ക്രൈസ്തവരചനകൾ)

വാല്യം 6 മലയാളം ബൈബിൾ

എഡിറ്റർമാർ
ഡോ. ആൽബ്രഷ്ട് ഫ്രൻസ്
പ്രൊഫ. സ്കറിയാ സക്കറിയ

പ്രസാധകർ
മലയാളം: ഡി. സി. ബുക്സ്, കോട്ടയം
ജർമൻ: Sueddeutsche Verlagsgesellschaft, Ulm [ 11 ] പ്രസാധകക്കുറിപ്പ്

മലയാള ഭാഷയ്ക്ക് വിലപ്പെട്ട സംഭാവന നല്കിയ ഡോ. ഹെർമൻ
ഗുണ്ടർട്ടിന്റെ 100-ാം ചരമവാർഷികത്തോടനുബന്ധിച്ച് മലയാളത്തിൽ
പ്രസിദ്ധപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയിൽ (HGS) നാലാമത്തെ
വാല്യമാണ് കേരളോല്പത്തിയും മറ്റും.

ഗുണ്ടർട്ട് കൃതികളിൽ ഏറ്റവും പ്രശസ്ത്രിയാർജിച്ചിട്ടുള്ള
വ്യാകരണവും നിഘണ്ടുവും കൂടാതെ അൻപതോളം മലയാളഗ്രന്ഥങ്ങൾ
അദ്ദേഹം രചിച്ചിട്ടുണ്ട്. ജർമൻഭാഷയിൽ അതിലധികവും. കേരളചരിത്ര
പഠനത്തിനും സാഹിത്യചരിത്രത്തിനും ഗുണ്ടട്ട് അമൂല്യമായ
സഭാവനകളാണു നല്കിയിട്ടുള്ളതെന്ന് ഈ ഗ്രന്ഥങ്ങൾ സാക്ഷ്യം
വഹിക്കുന്നു.

ഈ പരമ്പരയുടെ ഒന്നാം ഘട്ടത്തിലെ ഗ്രന്ഥങ്ങളായ
നിഘണ്ടുവും വ്യാകരണവും ഗുണ്ടർട്ടിന്റെ ജീവചരിത്രവും 1991
ഒക്ടോബർ 7-ന് തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു. രണ്ടാം
വഘട്ടത്തിലും മൂന്നു വാല്യങ്ങളുണ്ട്. കേരളോല്പത്തിയും മറ്റും,
വജ്രസചി, മലയാളം ബൈബിൾ, മൂന്നു വാല്യത്തും കൂടി 48 കൃതികൾ
പൂർണമായോ ഭാഗികമായോ ചേർത്തിട്ടുണ്ട്. എട്ടു കൃതികളാണ്
കേരളോല്പത്തിയും മറ്റും എന്ന ഈ ഗ്രന്ഥത്തിൽ
ഉൾപ്പെടുത്തിയിരിക്കുന്നത് - ആറു പുസ്തകങ്ങൾ സമ്പൂർണമായും
രണ്ടെണ്ണം ഭാഗികമായും ചരിത്രഗ്രന്ഥങ്ങളായ മലയാളരാജ്യം,
കേരളപഴമ, കേരളോല്പത്തി എന്നിവയും പഴഞ്ചൊല്ലുകളുടെ
സമാഹാരമായ ആയിരത്തിരുന്നൂറ് പഴഞ്ചൊല്ലുകളും, പാഠമാലയും
പാഠാരംഭവും പൂർണരൂപത്തിൽത്തന്നെ വായിക്കാം. നസ്രാണിക ളുടെ
പഴമയുടെ ഒന്നാം ഖണ്ഡം മാത്രമേ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ.
അതും കൈയെഴുത്തുരൂപത്തിൽ, ലൊകചരിത്രശാസ്ത്രത്തിന്റെ കുറച്ചു
ഭാഗങ്ങളേ ഈ ഗ്രന്ഥത്തിൽ സ്വീകരിച്ചിട്ടുള്ളു. (ലൊകചരിത്രശാസ്ത്രം
തന്നെ 500 ലധികം പേജ് വരും)

ഗുണ്ടർട്ടിന്റെ പ്രമുഖ കർമരംഗമായിരുന്ന തലശ്ശേരിയിൽ
ശതാബ്ദദിയാഘോങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് 1992 ഏപ്രിൽ 25-
ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ പരമ്പരയിലെ മൂന്നു വാല്യങ്ങളും
പ്രകാശിപ്പിക്കുന്നു. ഇക്കാര്യത്തിൽ ഞങ്ങൾക്കു സഹകരണം നല്കിയ
ജർമനിയിലെ സാംസ്കാരിക സ്ഥാപങ്ങളോട് ഞങ്ങൾ കൃതജ്ഞരാണ്.
ഒപ്പം പ്രശസ്ത ഇൻഡോളജിസ്റ്റും ശതാബ്ദദിയാ ഘോഷകമ്മറ്റിയുടെ
കൺവീനറുമായ ഡോ. ആൽബ്രഷ്ട് ഫ്രൻസിനും പ്രൊഫ. സ്കറിയാ
സക്കറിയയ്ക്കും.

കോട്ടയം
ഏപ്രിൽ 25, 1992 [ 12 ] കുറിപ്പ്

വിവിധകാലത്തു വിവിധ പ്രസ്സുകളിൽ അച്ചടിച്ച ഗുണ്ടർട്ടു കൃതികളാണ്
ഇവിടെ പുനരവതരിപ്പിക്കുന്നത്. അക്കാലത്തു ലിപിയിലുണ്ടായിരുന്ന
ചില്ലറ അവ്യവസ്ഥകൾ അതുപോലെതന്നെ നിലനിറുത്തിയിരിക്കുന്നു.
അകാരത്തിനും ഒകാരത്തിനുമുള്ള ഹ്രസ്വദീർഘഭേദം വൃക്ട്രമാക്കാത്ത
ലിപിവ്യവസ്ഥയുടെ മാതൃകകൾ സുലഭമാണ്. പദമധ്യത്തിലെ
എകാരത്തിന്റെ സ്ഥാനത്തു കാണുന്ന എകാരം സംവൃതോകാര
ചിഹ്നത്തിന്റെ അഭാവം എന്നിവയും പഴമയുടെ അടയാളങ്ങളാണ്.
സത്യവെദ ഇതിഹാസം, പാട്ട(പാട്ട്), കൊഴിക്കൊട്ട തുടങ്ങിയ വാക്കുകൾ
കാണുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ. ചിഹ്നനത്തിന്റെ
കാര്യത്തിലും പ്രാചീന മലയാളത്തിലുണ്ടായിരുന്ന ഉദാസീനത ഗുണ്ടർട്ടു
കൃതികളിൽ പ്രതിഫലിക്കുന്നു. [ 13 ] ഹെർമൻ ഗുണ്ടർട്ട്

1814 ഫെബ്രുവരി 4-ന് ജർമനിയിലെ ബാദൻവ്യുട്ടൻബർഗു
രാജ്യത്തു സ്റ്റുട്ഗാർട് നഗരത്തിൽ ജനിച്ചു. മരിച്ചതും ജർമനിയിൽ
തന്നെ-1893 ഏപ്രിൽ 25-ന് സ്റ്റുട്ഗാർട്ടിനു സമീപമുള്ള കാൽവ് എന്ന
കൊച്ചു പട്ടണത്തിൽ. ഇതിനിടയിൽ ഇരുപത്തി മൂന്നു വർഷം (1836-
1859) ദക്ഷിണ ഭാരതത്തിൽ ക്രിസ്തുമത പ്രചാരകനായി പ്രവർത്തിച്ചു.
ഇതിൽ ഇരുപതു വർഷം (12.4.1839 – 11.4.1859) തലശ്ശേരി, ചിറയ്ക്കൽ
എന്നിവിടങ്ങളിലായിരുന്നു താമസം. അതു മലയാളത്തിന്റെ ഭാഗ്യമായി.

മലയാളഭാഷയുടെ കരുത്തും വഴക്കങ്ങളും വെളിവാക്കുന്ന
വ്യാകരണവും (1851) നിഘണ്ടുവും (1872) അദ്ദേഹം വിരചിച്ചു. കരുത്തുറ്റ
ഈ ഭാഷാശാസ്ത്രരചനകൾ ഭാരതീയ ഭാഷാമണ്ഡലത്തിലെ
മുൻനിരയിലേക്കു കൈരളിയെ കൈപിടിച്ചു കയറ്റി നിർത്തി.
ഗുണ്ടർട്ടിന്റെ അമ്പതോളം മലയാളകൃതികളിൽ കേരളോൽപത്തി,
കേരളപ്പഴമ, പഴഞ്ചൊൽ മാലകൾ, ബൈബിൾ തുടങ്ങിയവ
കാലംകൊണ്ടു നിറം കെടാത്തവയാണ്.

കേരളത്തിൽ രാജസദസ്സുകൾ മുതൽ പണിശാലകൾ വരെ
കയറിയിറങ്ങി നടന്നു ഗുണ്ടർട്ട് ശേഖരിച്ച മലയാള കൃതികൾ
ഗവേഷകർക്കു നിധികുംഭമാണ്. അവ ഗുണ്ടർട്ടു ഗ്രന്ഥശേഖരമായി
ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്നു.
പയ്യന്നൂർപ്പാട്ട്, തലശ്ശേരി രേഖകൾ എന്നിങ്ങനെ മറ്റൊരിടത്തും
ലഭ്യമല്ലാത്ത കൈയെഴുത്തുകൾ പലതുണ്ട് ഗുണ്ടർട്ട്ഗ്രന്ഥശേഖരത്തിൽ.

ജർമനിയിലെ പ്രശസ്തങ്ങളായ വിദ്യാശാലകളിലായിരുന്നു
വിദ്യാഭ്യാസം. മൗൾബ്രോണിൽ സ്കൂൾ വിദ്യാഭ്യാസം. പ്രശസ്തമായ
ട്യൂബിങ്ങൻ സർവകലാശാലയിൽ നിന്ന് ഡോക്ടർ ബിരുദം നേടി.
മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് ഗുണ്ടർട്ട് സാരമായ
സംഭാവനകൾ നൽകി. പുതിയ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും
നടപ്പിലാക്കി. മലബാറിലെ ആദ്യത്തെ സ്കൂൾ ഇൻസ്പെക്ടറായി
അദ്ദേഹം പ്രവർത്തിച്ചു.

സ്വിസ് വംശജയും ഫ്രഞ്ചുകാരിയുമായ ജൂലിയായിരുന്നു ഭാര്യ.
ഗുണ്ടർട്ട് ദമ്പതികളുടെ മക്കളെല്ലാം കേരളത്തിൽ ജനിച്ചവരാണ്. പുത്രി
മാറിയുടെ മകനാണ് വിശ്രുത സാഹിത്യകാരനും നോബൽ സമ്മാന
ജേതാവുമായ ഹെർമൻ ഹെസ്സെ. [ 14 ] ഉള്ളടക്കം

ആമുഖ പഠനം
പ്രൊഫ. സ്കറിയാ സക്കറിയ
മലയാളരാജ്യം
കേരള പഴമ
കേരളോല്പത്തി
ആയിരത്തിരുന്നൂറ് പഴഞ്ചൊൽ
പാഠമാല (ഗദ്യപാഠങ്ങൾ)
പാഠാരംഭം
നസ്രാണികളുടെ പഴമ
ലൊകചരിത്രശാസ്ത്രം [ 15 ] മുഖവുര

ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥ പരമ്പരയിലെ (HGS) നാലാം വാല്യമാണ്
കേരളോല്പത്തിയും മറ്റും. കേരള പഴമ ഒഴികെയുള്ള കൃതികൾ കേരളത്തിൽ
പോലും അതീവ ദുർല്ലഭമായിരുന്നു. ട്യൂബിങ്ങൻ സർവകലാശാല ലൈബ്രറി,
ബാസൽ മിഷൻ രേഖാലയ (സ്വീറ്റ്സർലണ്ട്), ഡി സി ബുക്സ് എന്നിവരുടെ
ഉദാരമായ സഹകരണത്തിലാണ് ഇപ്പോൾ ഈ വാല്യത്തിലൂടെ ഗുണ്ടർട്ടിന്റെ
വിജ്ഞേയ രചനകൾ പുനരവതരിപ്പിക്കുന്നത്. ഹെർമൻ ഗുണ്ടട്ടു
ഗ്രന്ഥപരമ്പരയിലെ മറ്റെല്ലാ വാല്യങ്ങൾക്കും എന്നപോലെ ഇതിനു
ആവശ്യമായ പഠനങ്ങൾ നടത്തിയതു പ്രഫ. സ്കറിയാ സക്കറിയയാണ്.
അദ്ദേഹത്തെ ഇതിനു വേണ്ടി ജർമ്മനിയിലേക്കു ക്ഷണിച്ച അലക്സാണ്ടർ

ഫോൺ ഗുമ്പോൾട്ട് ഫൗണ ടേഷ (Alexander Von Humbolt Foundation,
Bonn)നോടും ഞങ്ങൾക്കു കടപ്പാടുണ്ട്. ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയുടെ
വിജയകരമായ പ്രസാധനം സാഹസികമായി ഏറ്റെടുത്ത ഡി സി ബുക്സിന്
പ്രത്യേകം നന്ദി.

ഹെർമൻ ഗുണ്ടർട്ടു ഗ്രന്ഥപരമ്പരയിലെ ആദ്യത്തെ രണ്ടു വാല്യത്തിനു
ഏതാനും മാസത്തിനുള്ളിൽ രണ്ടാം പതിപ്പുവേണ്ടി വന്ന കാര്യം ഞങ്ങൾ
ആഹ്ലാദപൂർവം ഓർമിപ്പിക്കുന്നു. മലയാളികൾക്കുള്ള സ്നേഹാദരങ്ങളാണ്
ഇതിൽ പ്രകടമാകുന്നത്. ഗുണ്ടർട്ടു പരമ്പരയിലെ മറ്റും വാല്യങ്ങൾക്കും നല്ല
സ്വീകരണം ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം.

1993-ൽ ഗുണ്ടർട്ടു ശതാബ്ദിയോടനുബന്ധിച്ചു ജരമ്മനിയിൽ
പ്രസിദ്ധീകരിക്കുന്ന സ്മാരകഗ്രന്ഥത്തിന്റെ ശീർഷകം ‘ഹെർമൻ ഗുണ്ടർട്ട് -
ഇന്ത്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന പാലം' എന്നാണ്. ആ
പാലത്തിനു കാലം കൊണ്ടു സംഭവിച്ചിരിക്കാവുന്ന ഓർമ്മക്കേടിന്റെ
തുരുമ്പുമാറ്റി അറ്റക്കുറ്റപ്പണികൾ ചെയ്യാനുള്ള ശ്രമമായിരുന്ന ഹെർമൻ ഗുണ്ടർട്ട്
ഗ്രന്ഥപരമ്പര. അറ്റകുറ്റപ്പണികൾ പെട്ടെന്നു നിർത്തിവയ്ക്കാനാവില്ല. അതു
തുടരേണ്ടിയിരിക്കുന്നു. ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പര ആറുവാല്യം കൊണ്ടു
അവസാനിപ്പിക്കാനല്ല, തുടരാനാണ് ഞങ്ങളുടെ ആഗ്രഹം. വായനക്കാരുടെ
പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു.

സ്നേഹം നിറഞ്ഞ കൂപ്പു കൈ!

സ്റ്റുട്ഗാർട്ട്
മാർച്ച് 14, 1992 Dr. Albrecht Frenz [ 17 ] ആമുഖ പഠനം

പ്രൊഫ. സ്കറിയാ സക്കറിയ

‘ഗുണ്ടർട്ടെന്ന പ്രബലമതിമാനിട്ട നൂലൊട്ടു കൊള്ളാം’ എന്ന കോവുണ്ണി
നെടുങ്ങാടി എഴുതിയതു (കേരള കൗമുദി) മലയാള
വ്യാകരണത്തെക്കുറിച്ചാണെങ്കിലും ഗുണ്ടർട്ടു കൈവച്ച എല്ലാ കേരള പഠന
മേഖലകളിലും ഈ പ്രസ്താവം സാധുവാണ്. കേരളോല്പത്തിയും മറ്റും എന്ന
ഈ വാല്യത്തിൽ ചരിത്രം, ഭൂമിശാസ്ത്രം, നാടോടി വിജ്ഞാനീയം,
പാഠപുസ്തകരചന, പാഠ നിരൂപണം, പ്രാചീന ഗ്രന്ഥങ്ങളുടെ സംശോധിത
സംസ്കരണം എന്നീ മണ്ഡലങ്ങളിൽ അദ്ദേഹത്തിനു ചിരപ്രതിഷ്ഠ
നേടിക്കൊടുത്ത കൃതികൾ അവതരിപ്പിക്കയാണ്. മലയാള രാജ്യം,
കേരളോല്പത്തി, ഒരു ആയിരം പഴഞ്ചൊൽ, പാഠാരംഭം, പാഠമാല,
ലോകചരിത്രശാസ്ത്രം എന്നിങ്ങനെ മലയാളികൾ പേരുകൊണ്ടുമാത്രം
അറിഞ്ഞിരുന്ന കൃതികളും അതി പ്രശസ്തമായ കേരളപഴമയും ഈ
സമാഹാരത്തിലുണ്ട്. കേരളത്തിലെ പരമ്പരാഗത ക്രൈസ്തവസമൂഹത്തിന്റെ
ആദ്യകാല ചരിത്രമാണ് ‘നസ്രാണികളുടെ പഴമ’ ആമുഖ പഠനത്തിലൂടെ
വിലപ്പെട്ട മറ്റുചില കൃതികൾകൂടി പരിചയപ്പെടുത്തുന്നു.ജോസഫ് പീറ്റിന്റെ
ഭൂമിശാസ്ത്രം (1853), പത്തൊമ്പതാം നൂറ്റാണ്ടില മൂന്നു ഇന്ത്യാ ചരിത്രങ്ങൾ
(1859, 1869, 1881), ഗുണ്ടർട്ടിന്റെ വലിയ പാഠാരംഭം, ലോകചരിത്ര സംക്ഷേപം
(1859) കോട്ടയത്തു അച്ചടിച്ച ഹിതോപദേശഃ (1847) എന്നിവ
അക്കൂട്ടത്തിൽപ്പെടും. ആമുഖ പഠനത്തിൽ ഭാഷാ ചരിത്ര വിദ്യാർത്ഥികൾക്കും
കേരള ചരിത്ര ഗവേഷകർക്കും ഏറ്റവും ആഹ്ലാദകരമാകാവുന്നത് ഒന്നര
നൂറ്റാണ്ടായി മലയാളികളുടെ കണ്ണിൽ നിന്നു മറഞ്ഞിരുന്ന പയ്യന്നൂർപ്പാട്ടിൽ
നിന്നുള്ള ഉദ്ധരണികളാവാം. പയ്യന്നൂർപ്പാട്ടിനെക്കുറിച്ചുള്ള വിശദമായ
ചർച്ചകൾക്ക് ഇതു തുടക്കം കുറിച്ചേക്കും. ട്യൂബിങ്ങനിലെ ഹെർമൻ ഗുണ്ടർട്ട്
ഗ്രന്ഥശേഖരത്തിലുള്ള തച്ചോളിപ്പാട്ടുകളിൽ നിന്നു ഒരു ഭാഗവും ആമുഖ
പഠനത്തിൽ ഉദ്ധരിക്കുന്നുണ്ട്.

ഗുണ്ടർട്ടിന്റെ ആദ്യകാല സാംസ്കാരിക പഠനങ്ങളുടെ അനശ്വര
സ്മാരകമാണ് കേരളോൽപത്തി. 1843-ൽ മംഗലാപുരത്തു ഇതു ആദ്യം
അച്ചടിച്ചു. കേരളോൽപത്തിയുടെ ഒന്നിലേറെ പകർപ്പുകൾ ഇക്കാലത്തു
അദ്ദേഹം കണ്ടിരുന്നു. കേരളമാഹാത്മ്യം,കേരളനാടകം എന്നീ പേരുകളിലുള്ള
കേരളോത്പത്തി വിവരണങ്ങളും അദ്ദേഹം വിശദമായി പരിശോധിച്ചു.
കേരളോത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ ഇത്ര വ്യാപകമായും
വിശദമായും പഠിച്ചു. മറ്റൊരു പണ്ഡിതൻ ഇന്നോളം ഉണ്ടായിട്ടില്ല.
കേരളോത്പത്തിയുടെ ഒരു ഓലപ്പകർപ്പു പണ്ടു മുതൽ
ട്യൂബിങ്ങനിലുണ്ടായിരുന്നു. രണ്ടു ഓലപ്പകർപ്പുകൾ അടുത്ത കാലത്തു (1991)
കാല്‌വിലെ ഗുണ്ടർട്ടു ഭവനത്തിൽ നിന്നു ട്യൂബിങ്ങനിൽ വന്നു ചേർന്നിട്ടുണ്ട്.
കേരള മാഹാത്മ്യം എന്ന ആറധ്യായങ്ങളും 2217 ശ്ലോകങ്ങളുമുള്ള ഗ്രന്ഥം
ഓലപ്പകർപ്പായി ഗുണ്ടർട്ടിനു ലഭിച്ചിരുന്നു. അതു ട്യൂബിങ്ങൻ സർവകലാശാലാ [ 18 ] കേരള മാഹാത്മ്യത്തെക്കുറിച്ചുള്ള ഗുണ്ടർട്ടിന്റെ കുറിപ്പുകൾ
By Courtesy of Tübingen University Library [ 19 ] ലൈബ്രറിയിലുണ്ട്. കേരള മാഹാത്മ്യം സൂക്ഷമമായി ഗുണ്ടർട്ടു പഠിച്ചു.
അതെക്കുറിച്ചു അദ്ദേഹമൊഴുതിയ കുറിപ്പുകൾ ഇപ്പോൾ ഫോട്ടോപകർപ്പായി
അച്ചടിച്ചിട്ടുണ്ട്. ഡോ. ആൽബ്രഷ്ട് ഫ്രൻസും ഈ ലേഖകനും ചേർന്നു
എഡിറ്റു ചെയ്തു അവതരിപ്പിക്കുന്ന ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥ
പരമ്പര (HGS) യിലെ വാല്യം 3.1 – Hermann Gundert: Quellen Zu Seinen
Leben und Werk കാണുക. സംസ്കൃത മൂലത്തിൽ നിന്നുള്ള ഉദ്ധരണികൾ,
മലയാള പദങ്ങൾ, ഇംഗ്ലീഷ് കുറിപ്പുകൾ എന്നിങ്ങനെ പലതും കലർത്തിയാണ്
ആ പഠനം അദ്ദേഹം രചിച്ചിരിക്കുന്നത്. അതിൽ നിന്ന് ഏതാനും പുറങ്ങൾ
ഇവിടെ ചേർക്കുന്നു.

കേരളോല്പത്തിയുടെ സ്വഭാവമുള്ള രണ്ടോ മൂന്നോ രചനകൾ കൂടി
ഓലകളിലും കടലാസിലുമായി ട്യൂബിങ്ങനിൽ കാണുന്നു. കേരള നാടകം
കടലാസു പകർപ്പായി സറ്റുട്ഗാർട്ടിലുണ്ട്. കൃത്യമായ വിവരങ്ങൾക്കു
ആൽബ്രഷ്ട്ഫ്രൻസ്, സ്കറിയാ സക്കറിയ:ഡോ. ഹെർമൻ ഗുണ്ടർട്ട് 1991; 185-
186 കാണുക. (ഇനിയഞ്ചോട്ട് ഡോ. ഹെർമൻ ഗുണ്ടർട്ട് 1991 എന്ന
ചുരുക്കപ്പേരിലായിരിക്കും ഈ ഗ്രന്ഥം സൂചിപ്പിക്കുക). ഇത്രയും വിസ്തരിച്ചത്
ഗുണ്ടർട്ടിന്റെ കേരളോല്പത്തി ആദരപൂർവം വിലയിരുത്തേണ്ട
അധ്വാനഫലമാണെന്നു സൂചിപ്പിക്കാനാണ്. കൈയ്യിൽകിട്ടിയ ഒരു ഓലപ്പകർപ്പ്
അച്ചടിയിലെത്തിച്ചു എന്ന മട്ടിൽ ആ പ്രയത്നത്തെ വിലയിരുത്തിക്കൂടാ.
ഗുണ്ടർട്ടിന്റെ ജീവചരിത്രരേഖകളും ഗ്രന്ഥശേഖരവും നൽകുന്ന പുതിയ
വെളിച്ചത്തിൽ കേരളോൽപത്തി കൂടുതൽ പ്രാധാന്യം നേടുന്നു. പ്രഗല്ഭനായ
ഒരു പാഠനിരൂപകന്റെയും സംയോജകന്റെയും വൈദഗ്ദ്ധ്യം
കേരളോല്പത്തിയിൽ പ്രകടതരമാണ്. ഡോ. എൻ.എം. നമ്പൂതിരി (കേരള
പഴമ, മാതൃഭൂമി 1988;'ആമുഖപഠനം X) വ്യക്തമാക്കുന്നതുപോലെ അച്ചടിമഷി
പുരണ്ട ആദ്യ പരമ്പരാഗത കേരള ചരിത്രം എന്ന ബഹുമതി 1843-ൽ
മംഗലപുരത്തു അച്ചടിച്ച കേരളോൽപത്തിക്കാണ്. അതിൽ കാണുന്ന അധ്യായ
വിഭജനം, ശീർഷകങ്ങൾ, അങ്ങിങ്ങു വലയത്തിൽ കാണുന്ന വിശദീകരണങ്ങൾ,
പാഠഭേദങ്ങൾ എന്നിവയെല്ലാം പ്രത്യേക പരിഗണന അർഹിക്കുന്നു.
ഏതെങ്കിലും ഒരു ഓലക്കെട്ടു മാത്രം ഉപയോഗിച്ചാണ് അദ്ദേഹം ഇതു
തയ്യാറാക്കിയതെന്നു വിശ്വസിക്കാൻ മനസ്സുവരുന്നില്ല. ഇതു
ഭാവിഗവേഷകർക്കു വിട്ടുകൊടുക്കാം. കേരളോൽപത്തിയിൽ ഒരിടത്തും
ഗുണ്ടർട്ടിന്റെ മിഷണറി വ്യക്തിത്വം നുഴഞ്ഞുകയറിയതായി കാണുന്നില്ല.
പഴഞ്ചൊല്ലുകളിൽ പോലും പ്രചാരണ ലക്ഷ്യങ്ങൾ ഘടിപ്പിക്കാൻ അദ്ദേഹം
ഒരുമ്പെട്ടു. കേരളപഴമയിൽ സ്വാഭിപ്രായങ്ങൾ ഒതുക്കി നിർത്തിയിട്ടുണ്ട്.
ലോകചരിത്രം, നസ്രാണികളുടെ പഴമ തുടങ്ങിയവയിൽ മിഷണറിയായ
ഗുണ്ടർട്ട് ആഖ്യാനത്തിന്റെ ഇടവേളകളിൽ കടന്നു വരുന്നുണ്ട്.
കേരളോൽപത്തിയിലൂടെ കേരളത്തെക്കുറിച്ചുള്ള കേരളീയുടെ കാഴ്ചപ്പാട്
അവതരിപ്പിക്കാൻ ഗുണ്ടർട്ടു സന്നദ്ധനായി. ഒരു മിഷണറിയിൽ നിന്നു
സാധാരണനിലയിൽ പ്രതീക്ഷിക്കാവുന്നതല്ല ഈ മനോഭാവം. പഴഞ്ചൊൽമാല,
നളചരിതസാരശോധന തുടങ്ങിയ കൃതികൾ മതദൂഷണ സാഹിത്യമായി നിറം
മാറിപ്പോയ കാര്യം ഓർമ്മിക്കുമ്പോൾ (വിശദവിവരങ്ങൾക്ക് ഹെർമൻ ഗുണ്ടർട്ട് [ 20 ] 1843-ൽ മംഗലാപുരത്ത് അച്ചടിച്ച കേരളോല്പത്തിയുടെ ഒരു പുറം
By Courtesy of Basel Mission Archive Switzerland [ 21 ] ഗ്രന്ഥപരമ്പരയി (HGS)ലെ വജ്രസൂചി എന്ന സമാഹാരത്തിന്റെ (1992) ആമുഖ
പഠനം കാണുക) ഗുണ്ടർട്ടിന്റെ രചനകളിൽ തന്നെ ഒറ്റപ്പെട്ട കൃതിയാണ്
കേരളോൽപത്തി എന്നു രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

അദ്ദേഹം പഠിച്ചുവളർന്ന ജർമ്മൻ അക്കാദമിക് ലോകത്തു അക്കാലത്തു
ഭാരതത്തെക്കുറിച്ചുണ്ടായിരുന്ന മതിപ്പ് കേരളോല്പത്തിയുടെ പ്രസാധനത്തിൽ
ഗുണ്ടർട്ടിനെ സ്വാധീനിച്ചു. (ഇക്കാര്യത്തെക്കുറിച്ചു വജ്രസൂചി എന്ന
സമാഹാരത്തിന്റെ ആമുഖ പഠനത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
നിഘണ്ടുവിലും വ്യാകരണത്തിലും അക്കാദമിക് സ്വാധീനം കാണാവുന്നതാണ്.
എന്നാൽ വജ്രസൂചി എന്ന വാല്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന
രചനകളിലാകട്ടെ ഭക്തിപ്രസ്ഥാനക്കാരുടെ കുടുബത്തിൽ ജനിച്ചു വളർന്നു,
കാൽനൂറ്റാണ്ടു മിഷണറിയായി പ്രവർത്തിച്ച ഗുണ്ടർട്ടിന്റെ വ്യക്തിത്വം മുന്നിട്ടു
നിൽക്കുന്നു.

കേരളോൽപത്തികൾ പലതുണ്ടെന്നും അവയോരൊന്നും ഓരോരോ
രാജകുടുംബങ്ങളുടെയും നാടുവാഴികളുടെയും പെരുമ വളർത്താൻ
രചിക്കപ്പെട്ടവയാണെന്നും അതിനാൽ ചരിത്രത്തിന്റെ വളപ്പിൽ
അവയ്ക്കക്കുസ്ഥാനമേ ഇല്ല എന്നും കരുതുന്നവരാണ് നമ്മുടെ ഇന്നത്തെ
ചില ചരിത്രകാരന്മാർ. ഐതിഹ്യങ്ങളെ ഇങ്ങനെ പുച്ഛിച്ചു തള്ളാനാവില്ല എന്നാണ്
ആധുനിക പണ്ഡിതമതം. ചരിത്രം, പുരാണം, ഐതിഹ്യം എന്നിവയെല്ലാം
പൂർവകാല ദർശനത്തിനുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളും ആവിഷ്കരണ
ശൈലികളും ഉൾക്കൊള്ളുന്നു എന്നു ഇന്നത്തെ ചരിത്ര വിദ്യാർത്ഥി
മനസ്സിലാക്കുന്നു. ഒന്നര നൂറ്റാണ്ടു മുമ്പു കേരളത്തിലെത്തിയ ഗുണ്ടർട്ട്
മതപരമായ കാരണങ്ങളാൽ ഉണ്ടാകാമായിരുന്ന മുൻ വിധികൾ മാറ്റിവച്ചു
കേരളോൽപത്തി പ്രസിദ്ധീകരിച്ചതിന്റെ ചരിത്ര പ്രാധാന്യം ഇതിൽ നിന്നു
വ്യക്തമാണല്ലോ. കേരളോൽപത്തി അക്കാലത്തു തന്നെ പണ്ഡിതൻ എന്ന
നിലയിൽ ഗുണ്ടർട്ടിനു വ്യാപകമായ അംഗീകാരം നേടിക്കൊടുത്തു. 1843-ൽ
കോട്ടയം സന്ദർശനത്തെക്കുറിച്ച് എഴുതിയ കത്തിൽ അദ്ദേഹം ഇക്കാര്യം
രേഖപ്പെടുത്തുന്നു. "എനിക്ക് അർഹിക്കുന്നതിലേറെ ആദരം-എന്റെ
തർജമകളെക്കാൾ-കേരളോൽപത്തി നേടിത്തന്നിരിക്കുന്നു എന്ന കാര്യം ഞാൻ
ശ്രദ്ധിച്ചു. ബാസലിൽ സൂക്ഷിച്ചിരിക്കുന്ന (G.B) കത്ത്-9.11.1843.

കൃത്യമായ രേഖകൾ കണ്ടെത്തി ചരിത്ര രചന നടത്തുന്നതിൽ ഗുണ്ടർട്ട്
ഉത്സാഹിച്ചിരുന്നു. അതിന്ന് ഉത്തമ ദൃഷ്ടാന്തമാണ് യഹൂദ ക്രൈസ്തവ
ചെപ്പേടുകളെക്കുറിച്ചുള്ള പഠനം. ഇന്നും നമ്മുടെ ചരിത്ര വിദ്യാർത്ഥികൾക്കു
ബാലികേറാമലയായ ഈ രേഖകൾ വിദേശിയായ ഗുണ്ടർട്ടു വായിച്ചു തർജമ
ചെയ്തു. അദ്ദേഹത്തിന്റെ പാഠവും ഭാഷാന്തരവും ചരിത്രപരമായ കുറിപ്പുകളും
1844/45-ലെ The Madras Journal of Literature and Science എന്ന
ആനുകാലികത്തിൽ പ്രസിദ്ധീകരിക്കയുണ്ടായി. മുപ്പതോളം പേജുവരുന്ന ആ
ലേഖനം ഇംഗ്ലീഷിലായതുകൊണ്ടു മറ്റൊരു വാല്യത്തിലേക്കു
നീക്കിവയ്ക്കയാണ്. ചെപ്പേടുകളുടെ പഠനത്തിൽ കേരളോൽപ്പത്തയിൽ
നിന്നു ലഭിച്ച വിവരങ്ങൾ ഗുണ്ടർട്ടു ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

രേഖകളും മറ്റു തെളിവുകളും വേണ്ട, പൂർവികരുടെ പഠനങ്ങൾ [ 22 ] 58 ഇനം നെല്ലുകളുടെ പട്ടിക [ 23 ] പരിഗണിക്കയും വേണ്ട-ചരിത്രം മുഴുവൻ തങ്ങളുടെ തലയിൽ
കയറിക്കുടിയിരിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെയോ ഡോഗ്മയുടെയോ
കണക്കിന് സൃഷ്ടിച്ചുകളയാം എന്ന ഭാവത്തിൽ 'ബുദ്ധിജീവികൾ'
പ്രബന്ധങ്ങൾ ചമയ്ക്കക്കുന്ന ഇക്കാലത്തു മൗലിക ഉപാദാനങ്ങൾ തേടിപ്പിടിച്ചു
അപഗ്രഥിച്ച ഗുണ്ടർട്ടിന്റെ മാതൃക പ്രത്യേകം ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു.
വളയമില്ലാതെ ചാടുന്ന പുതിയ അഭ്യാസികൾക്കു ചെറിയ വളയത്തിലൂടെ
ചാടിയ ഗുണ്ടർട്ട് എന്ന പഴയ അഭ്യാസിയെക്കുറിച്ചു മതിപ്പു തോന്നുമോ,
ആവോ!

വിജ്ഞാനാർജനത്തിൽ ഫീൽഡു വർക്കിനുള്ള പ്രാധാന്യം
വ്യക്തികളെ നേരിൽ കണ്ടു കാര്യങ്ങൾ മനസിലാക്കേണ്ടതിന്റെ ആവശ്യകത
ഗുണ്ടർട്ടു മനസ്സിലാക്കി. ഭാഷാ പഠനത്തിൽ ഇതു കൊണ്ടുണ്ടായ നേട്ടം
നിഘണ്ടുവിൽ കാണാം. ചരിത്ര പഠനത്തിലും ഫീൽഡുവർക്കിനു പ്രാധാന്യം
നൽകി. കോട്ടയം, കൊച്ചി, കൊടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നേരിട്ടു
നടത്തുന്ന അന്വേഷണങ്ങൾ ജീവചരിത്രത്തിൽ (ഡോ. ഹെർമൻ ഗുണ്ടർട്ട്
1991) വായിക്കുക. വടക്കെ മലബാറിന്റെ ഓരോ മുക്കിലും മൂലയിലും നിന്നു
വാചിക പാരമ്പര്യങ്ങൾ അദ്ദേഹം ശേഖരിച്ചു. ഭൂസ്ഥിതി, സ്ഥലനാമം,
ആചാരങ്ങൾ, ഉത്സവങ്ങൾ, ജീവജാലങ്ങൾ എന്നിവയെക്കുറിച്ചെല്ലാം
നേരിട്ടുള്ള അന്വേഷണത്തിലൂടെയല്ലാതെ ഇത്രയേറെ വിവരങ്ങൾ
ശേഖരിക്കാനാവില്ല..പുസ്തകങ്ങളും ഗുരുനാഥന്മാരുംവഴിയാണ് എല്ലാ അറിവും
വന്നെത്തുന്നതു എന്ന ധാരണയ്ക്കു വഴിപ്പെടാതെ ജീവിതത്തിലേക്കു
ഇറങ്ങിച്ചെന്നു പഠിച്ചു എന്നതു ഗുണ്ടർട്ടിന്റെ പ്രത്യേകതയാണ്. ഒരു
ഉദാഹരണം കൊണ്ടു ഇതു വെളിവാക്കാം.

പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ എത്ര ഇനം
നെല്ലുകളുണ്ടായിരുന്നു?

അവ വിതയ്ക്കക്കുകയും കൊയ്യുകയും ചെയ്തിരുന്നതു ഏതേതു
മാസങ്ങളിലാണ്?

ഓരോ നെല്ലിനത്തിനും എത്ര മാസം വീതം മൂപ്പുണ്ടായിരുന്നു?

ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ ഏതു കേരളീയനാണ്
കഴിയുക. എന്നാൽ ഗുണ്ടർട്ടു സായിപ്പിനു സാധിക്കും. നെല്ലിനങ്ങളുടെ ഒരു
പട്ടിക ഗുണ്ടർട്ടു ശേഖരിച്ചു വച്ചിരുന്നു. മൊത്തം 58 ഇനം നെല്ലുകളുടെ
വിവരങ്ങൾ ഈ പട്ടികയിൽ കാണാം.

The German Literature Archive, Marbach am Neckar

ഇപ്പോൾ ആദ്യമായി അച്ചടിയിലെത്തുന്ന പ്രബന്ധമാണ്
നസ്രാണികളുടെ പഴമ. ആരാണ് നസ്രാണി? ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ
Nazarene, Syrian, Syro-roman, Christian എന്നു അർത്ഥം
നൽകിയിരിക്കുന്നു. ഇന്നത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗത
നാമമാണ് നസ്രാണി. നസ്രാണി എന്ന വാക്കിന്റെ നിഷ്പത്തിയെക്കുറിച്ചു
പുസ്തകങ്ങൾ പോലും മലയാളത്തിലുണ്ടായിട്ടുണ്ട്. ഇവിടെ അച്ചടിക്കുന്ന
പ്രബന്ധത്തിൽ (പുറം 340) ഗുണ്ടർട്ടു നൽകുന്ന ചിന്ത ശ്രദ്ധിക്കുക: 'ഈ
കച്ചവടക്കാർ സുറിയനാട്ടിൽനിന്നുണ്ടാക്കൊണ്ടു സുറിയാണികൾ എന്ന പേർ [ 24 ] നടപ്പായി വന്നു. നസ്രത്തെ ഊരിൽ നിന്നു പുറപ്പെട്ടുപൊന്ന യെശുവിനെ
സെവിക്കയാൽ നസ്രാണികൾ എന്ന പേര് പറവാനും കാരണം.'
മഹാപണ്ഡിതനായ ഗുണ്ടർട്ടിന് ഇക്കാര്യത്തിൽ നോട്ടപ്പിഴ സംഭവിച്ചു പോയി.
സുറിയാണികൾ എന്ന പേരിന് ഡച്ചുകാരുടെ കാലത്തിനപ്പുറം വ്യാപകമായ
പ്രചാരമുണ്ടായിരുന്നില്ല. പോർത്തുഗീസുകാരുടെ കാലത്തു പുതുതായി
ക്രിസ്തുമതം സ്വീകരിച്ചവരുടെ ആരാധന ഭാഷ ലത്തീനായിരുന്നു. അവരിൽ
നിന്ന് സാമൂഹികമായി അകന്നു നില്ക്കാൻ ജാതിചിന്തയിൽ ജനിച്ചു വളർന്ന
പരമ്പരാഗത ക്രൈസ്തവർ നിർബന്ധം കാണിച്ചു. അവരുടെ അന്നത്തെ
ആരാധന ഭാഷസുറിയാനിയായിരുന്നു. ക്രൈസ്തവസമൂഹത്തിൽ പ്രകടമായി
നിലനിന്നിരുന്ന ഈ വിഭജനം ഇരുവിഭാഗക്കാർക്കും പ്രത്യേക പേരുകൾ
നൽകാൻ വിദേശീയരെ പ്രേരിപ്പിച്ചു. ആരാധന ഭാഷ മുൻനിർത്തി ഒരു കൂട്ടരെ
സുറിയാനികൾ എന്നും മറ്റുള്ളവരെ ലത്തീൻകാർ എന്നും വിളിച്ചു.
ഡച്ചുകാരാണ് ഈ പേരുകൾക്കു വ്യാപകമായ പ്രചാരം നൽകിയത്.
ഇംഗ്ലീഷുകാർ അവ ഉറപ്പിക്കുകയും ചെയ്തു. അതിനാൽ സുറിയാനികളെ
സിറിയയുമായി ബന്ധിപ്പിക്കാനുള്ള ഗുണ്ടർട്ടിന്റെ ശ്രമം അനാവശ്യമാണ്.
പോർത്തുഗീസുകാരുടെ കാലം വരെ ഇവിടെ ഉണ്ടായിരുന്ന പഴയ ക്രൈസ്തവ
സമൂഹം നസ്രാണികൾ എന്നറിയപ്പെട്ടിരുന്നു. നസ്രാണി അറബി വാക്കാണ്.
അർത്ഥം ക്രിസ്ത്യാനി എന്നു തന്നെ! ലളിതമായ ഭാഷാ സത്യം
ഗ്രഹിക്കാഞ്ഞതിനാൽ നസ്രാണിയുടെ നിഷ്പത്തിയെച്ചൊല്ലിചരിത്രകാരന്മാർ
കഠിനാധ്വാനം ചെയ്യേണ്ടിവന്നു! ഉദയം പേരുർ സുന്നഹദോസിന്റെ
കാനോനകൾ (1599) റോസിന്റെ നിയമാവലി (1606) തുടങ്ങിയ പ്രാചീന
മലയാള രേഖകളിൽ നസ്രാണിയേ ഉള്ളൂ, സുറിയാനി ഇല്ല.

പത്തൊൻപതാം നൂറ്റാണ്ടിലെ ഗുണ്ടർട്ടും പതിനാറാം നൂറ്റാണ്ടിലെ
ആർച്ചു ബിഷപ്പ് മെനേസിസും (ഉദയംപേരൂർ സൂനഹദോസിന്റെ
സംഘാടകൻ) ഒരേ കുറ്റമാണ് നസ്രാണികളുടെ മേൽ ആരോപിക്കുന്നത്.

'നസ്രാണികൾ അപ്പൊൾ നാട്ടാചാരത്തിന്നു നീക്കം വരുത്തുവാനും
കള്ളദൈവകളെ മുടിച്ചു മെശിഹായെ മാത്രം ഉയർത്തുവാനും ഒട്ടും
മനസ്സില്ലാഞ്ഞു സത്യവൈദത്തിനും ബ്രാഹ്മണ്യവ്യാജത്തിന്നും അന്യോന്യം
പൊരില്ലാതെ ആക്കിവച്ചു. യഹൂദ്യരൊടും ബ്രാഹ്മണരൊടും ഐക്യം പ്രാപിച്ചു
എല്ലാവരും ഒരു പൊലെ ലൊകസൗഖ്യത്തിന്നായിപ്രയത്നം കഴിച്ചു വസിക്കയും
ചെയ്തു." ഏതാനും ദശകങ്ങൾ മുമ്പു വരെ പാശ്ചാത്യർക്ക് ചിന്തിക്കാൻ കൂടി
വയ്യാത്ത സഹവർത്തിത്വ മനോഭാവമാണ് ഇവിടെ അവർ കണ്ടത്.
സഹിഷ്ണുതയോടെ മതങ്ങൾ വർത്തിക്കുന്ന പാരമ്പര്യം, മിഷണറിമാർക്കു
മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല. ഇതിന്റെ വല്ലായ്മ പല
മിഷണറി രചനകളിലുമുണ്ട്. ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥ പരമ്പര (HGS) യിലെ
വജ്രസൂചി എന്ന വാല്യത്തിൽ ഇതിനു കൂടുതൽ ഉദാഹരണങ്ങളും
വിശദീകരണങ്ങളും കാണാം.

മഹാനായ ഡോക്ടർ ഹെർമൻ ഗുണ്ടർട്ടിനു പോലും
സഹിഷ്ണുതയുടെ പാഠങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇവിടെ
ഉൾപ്പെടുത്തിയിരിക്കുന്ന കൃതികളിൽ നിന്ന് ഇന്നത്തെ സാഹചര്യത്തിൽ [ 25 ] തീർത്തും അരോചകമാകാവുന്ന രണ്ടോ മൂന്നോ വാക്യങ്ങളെങ്കിലും സുജന
മര്യാദയനുസരിച്ചു എഡിറ്റർമാർ നീക്കിക്കളഞ്ഞിട്ടുണ്ട്. അതതിടങ്ങളിൽ
കുത്തുകളിട്ടു ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നു. യഹൂദർ, റോമൻ കത്തോലിക്കർ,
നസ്രാണികൾ, മുസല്മാന്മാർ, ഹിന്ദുക്കൾ എന്നിവരെല്ലാം നേർവഴി
വിട്ടുപോയവരാണെന്ന ധ്വനി അങ്ങിങ്ങു കാണുമ്പോൾ ഇതൊരു മിഷണറി
രചനയാണെന്നു ഓർമ്മിക്കാൻ വായനക്കാരൻ നിർബന്ധിതനാകും. ഇത്തരം
ദൗർബല്യങ്ങൾ ഇല്ലെന്നു ഭാവിച്ചു ഗുണ്ടർട്ടിനെ അന്ധമായി
ആരാധിക്കുന്നവരുണ്ടാകും. മഹാപണ്ഡിതനും മലയാള ഭാഷയ്ക്കക്കു മലയാളം
എന്ന പേരു കൂടി ഉറപ്പിച്ചു തന്ന ഭാഷോപാസകനുമായ (ഗുണ്ടർട്ടിന്റെ
കാലത്തു മലയാണ്മ മലയാഴ്മ, മലയാളിം എന്നിങ്ങനെ കേരള ഭാഷയ്ക്കക്കു പല
പേരുകളുണ്ടായിരുന്നു. മലയാളം എന്ന പേർ ഉറപ്പിച്ചതു ഗുണ്ടർട്ടാണ്. വ്യാകര
ണവും നിഘണ്ടുവം ആ പേരിനു ചിരപ്രതിഷ്ഠ നൽകി) ഗുണ്ടർട്ടിനെ അദ്ദേഹ
ത്തിന്റെ ശക്തി ദൗർബല്യങ്ങൾ അറിഞ്ഞു ആദരിക്കുന്നതാവും ഉത്തമം

മൗലിക ഉപാദാനങ്ങൾ തേടിപ്പിടിച്ചു ചരിത്ര രചന നടത്തുന്നതിൽ
ഗുണ്ടർട്ടിനുണ്ടായിരുന്ന നിർബന്ധബുദ്ധിക്കു നസ്രാണികളുടെ പഴമ ഉത്തമ
തെളിവാണ്. സമുദായ ചരിത്രങ്ങളിൽ അന്നും ഇന്നും കടന്നു കൂടാറുള്ള
നിരാസ്പദമായ സിദ്ധാന്തങ്ങൾ ഇതിലില്ല. ചെപ്പേടുകൾ, വിദേശ
സ്രോതസ്സുകളിൽ നിന്നു ലഭിക്കുന്ന അനന്യമായ രേഖകൾ എന്നിവയെല്ലാം
ഗുണ്ടർട്ട് ഉപയോഗിക്കുന്നു. ക്രൈസ്തവ ചരിത്രത്തിലെ താരതമ്യേന
അജ്ഞാതമായ മേഖകളിലേക്കാണ് അദ്ദേഹം നമ്മെ നയിക്കുന്നത്. സെന്റ്
തോമസ് മൗണ്ട് മദിരാശി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിൽ കാണുന്ന
പ്രാചീനമായ പേർഷ്യൻ കുരിശ് (മുകളിൽ പ്രാവും താഴെ വിടർന്ന താമരയും
ചുറ്റും പഹ്‌ലവി ലിഖിതവുമുള്ളത്) അദ്ദേഹം വിശദമായി പരിശോധിച്ചിരുന്നു.
എന്നാൽ അതെക്കുറിച്ചു ഗുണ്ടർട്ട് എന്തെങ്കിലും എഴുതിയതായി കാണുന്നില്ല.
ബർണൽ, കൊളിൻസ് തുടങ്ങിയ വിദേശ പണ്ഡിതന്മാർ ഇതെക്കുറിച്ചു
നടത്തിയ വിവാദത്തിലും (ഇന്ത്യൻ ആന്റിക്വറി) അദ്ദേഹം പങ്കെടുത്തിരുന്നില്ല.
എന്നാൽ ഇവരുടെയെല്ലാം രചനകളിൽ കോട്ടയം ചെപ്പേടിനെക്കുറിച്ചു അദ്ദേഹം
നടത്തിയ പഠനം പരാമർശിക്കപ്പെടുന്നുണ്ട്.

ഗുണ്ടർട്ട് എന്ന ചരിത്രകാരനെ പൂർണ്ണമായി മനസ്സിലാക്കാൻ
അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിലേക്കു കണ്ണോടിക്കണം. ഒരു വ്യക്തി
എന്തായിത്തീരാൻ ആഗ്രഹിച്ചു എന്നറിയാൻ അയാളുടെ ഗ്രന്ഥശേഖരം
പരിശോധിച്ചാൽ മതി എന്ന പഴമൊഴി ഓർമ്മിക്കുക. അമൂല്യമായ കേരളചരിത്ര
രേഖകളുടെ നിധികുംഭം എന്നു ട്യൂബിങ്ങൻ സർവകലശാലയിലെ ഗുണ്ടർട്ടു
ഗ്രന്ഥശേഖരത്തെ വിശേഷിപ്പിക്കാം. ബാസലിലും സ്റ്റുട്ഗാർട്ടിലും കാല്‌വിലും
ഒട്ടും അപ്രധാനമല്ലാത്ത ചുരുക്കം ചില രേഖകളുണ്ട്. (ഇവയുടെ പട്ടിക ഡോ.
ഹെർമൻ ഗുണ്ടർട്ട് 1991; 185-188-ൽ കാണുക). ഇക്കൂട്ടത്തിൽ 1790-1800
വരെയുള്ള ഉത്തരമലബാറിന്റെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന തലശ്ശേരി
രേഖകൾ (4448 പുറം) പ്രാചീന കേരളത്തിലെ മനുസ്മൃതിയായ വ്യവഹാരമാല
(628 പുറം), കേരളാ ചാരസംക്ഷെപം, കേരള നാടകം, പയ്യന്നൂർപ്പാട്ട്,
തച്ചൊളിപ്പാട്ടുകൾ (226 പുറം) എന്നിവ അതീവ ശ്രദ്ധേയങ്ങളാണ്. തലശ്ശെരി [ 26 ] കേരളനാടകം — ഗുണ്ടർട്ടിന്റെ പകർപ്പ്
By Courtesy of Tübingen University Library [ 27 ] രേഖകളുടെ സാമാന്യസ്വഭാവത്തെക്കുറിച്ചു ചർച്ചയും പൂരണവും എന്ന
അനുബന്ധത്തിൽ (മലയാള സാഹിത്യവും ക്രിസ്ത്യാനികളും ഡി.സി.ബി.
പതിപ്പ് 1989:398-401) ഈ ലേഖകൻ എഴുതിയിട്ടുണ്ട്. വിശദവിവരങ്ങൾ ഇവിടെ
ചേർക്കാൻ നിവൃത്തിയില്ല. വ്യവഹാരമാലയുടെ രൂപഭേദങ്ങൾ
സംസ്കൃതത്തിലും മലയാളത്തിലും (ഗദ്യത്തിലും പദ്യത്തിലും) കേരളത്തിൽ
ലഭ്യമാണ് ശ്രീമൂലം മലയാള ഗ്രന്ഥാവലിയിലെ 9-ാം നമ്പരായി ഉള്ളൂർ 1925-ൽ
പ്രസിദ്ധീകരിച്ച വ്യവഹാരമാല പഴയ ഗ്രന്ഥശേഖരങ്ങളിലുണ്ട്. ഇതു
ഗുണ്ടർട്ടിന്റെ പകർപ്പുമായി ഒത്തു നോക്കേണ്ടിയിരിക്കുന്നു. കേരളനാടകം
മംഗലാപുരത്തു അച്ചടിച്ചിട്ടുണ്ട്. ട്യൂബിങ്ങനിൽ സൂക്ഷിച്ചിരിക്കുന്ന
കൈയെഴുത്തു പ്രതിയിൽ അങ്ങിങ്ങ് ഗുണ്ടർട്ടിന്റെ കുറിപ്പുകളും കാണാം.
അനാചാര സംക്ഷേപത്തിന്റെ രത്നച്ചുരുക്കം ഗുണ്ടർട്ടിന്റെ
ഡയറിക്കുറിപ്പുകളുടെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് — Albrecht Frenz
(Ed.): Hermann Gundert-Schriften Und Berichte aus Malabar, Ulm
1983:120-126. അറുപത്തിനാലു ആചാരങ്ങളുടെ പട്ടികയാണിത്.

അതിപ്രശസ്തങ്ങളായ വടക്കൻ പാട്ടുകളാണ് പയ്യന്നൂർപ്പാട്ടും
തച്ചൊളിപ്പാട്ടുകളും. അവ ഗുണ്ടർട്ട് തേടിപ്പിടിച്ചു. ജനജീവിതത്തിന്റെ ചരിത്രം
കണ്ടെത്തുന്നതിൽ നാടോടിപ്പാട്ടുകൾക്കുള്ളപ്രാധാന്യം അദ്ദേഹം കണ്ടറിഞ്ഞു.
അതിനുള്ള ഉപാദാനങ്ങളായിരുന്നു തച്ചോളിപ്പാട്ടുകളും പയ്യന്നൂർപ്പാട്ടും
മാപ്പിളപ്പാട്ടുകളും. കേരളത്തിന്റെ പ്രാചീന വാണിജ്യ ബന്ധങ്ങളെക്കുറിച്ചു,
വിശിഷ്യ ഉത്തര കേരളത്തിൽ നിന്നു വിദേശത്തേക്കു പോയിരുന്ന
വണിക്കുകളെക്കുറിച്ചുപാട്ടുകൾ അറിവു നൽകുന്നു. അതു സാരമായി
പ്രയോജനപ്പെടുത്തിയ ഏകചരിത്രകാരൻ ഗുണ്ടർട്ടാണ്. നാട്ടാചാരങ്ങളെ
ക്കുറിച്ചുള്ള വിശദമായ പരാമർശങ്ങളും പാട്ടുകളിലുണ്ട്.

നൂറ്റമ്പതോളം വർഷത്തെ ഇടവേളയ്ക്കക്കു ശേഷം പയ്യന്നൂർപ്പാട്ട്
ഇപ്പോൾ മലയാളികളുടെ ദൃഷ്ടിപഥത്തിലെത്തിയിരിക്കുന്നു. ഇതുവരെ അതു
ട്യൂബിങ്ങൻ സർവകലാശാലയിൽ ഉണ്ടായിരുന്നെങ്കിലും മലയാളികളുടെ
കണ്ണിൽപ്പെട്ടിരുന്നില്ല. ഗുണ്ടർട്ട് സ്വജീവിതകാലത്ത് ലൈബ്രറിക്കു സമ്മാനിച്ച
ഓലക്കെട്ടാണിത്. (മറ്റു പല കൃതികളും അദ്ദേഹത്തിന്റെ മരണശേഷം
കുടുംബാംഗങ്ങളാണു ലൈബ്രറിക്കു നൽകിയത്. അവ ഇനം തിരിക്കാതെ
സൂക്ഷിച്ചിരിക്കയായിരുന്നു. 1986ലെ ബർലിൻ ലോകമലയാള സമ്മേളനത്തിനു
ശേഷം ട്യൂബിങ്ങനിലെത്തിയ ഈ ലേഖകനാണ് ആ രേഖകൾ ഇനം തിരിച്ചു
ലൈബ്രറി രേഖകളിൽ ചേർക്കാൻ ഭാഗ്യമുണ്ടായത്. ഇത്രയും കാലം കാല്‌വിലെ
സൂക്ഷിച്ചിരുന്ന ഓലക്കെട്ടുകൾ കൂടി 1991-ൽ ഡോ. ഫ്രൻസിന്റെയും ഈ
ലേഖകന്റെയും അഭ്യർത്ഥന മാനിച്ചു ഗുണ്ടർട്ടു കുടുംബം ട്യൂബിങ്ങൻ
ലൈബ്രറിക്കു സമ്മാനിച്ചു. (അതിൽ 104 പാട്ടുകളുണ്ട്. തളിപ്പറമ്പിൽ നിന്നു
ലഭിച്ച ഓലക്കെട്ടിൽ മറ്റു ചില കൃതികൾ കൂടി കാണാം. അവയെല്ലാം
വേർതിരിച്ചു ഗുണ്ടർട്ടു നൽകിയ വിവരങ്ങൾ പഴയ ജർമ്മൻ കാറ്റലോഗിൽ
(1899) ചേർത്തിട്ടുമുണ്ട്. എന്നിട്ടും എന്തുകൊണ്ടോ ഈ കൃതി നമ്മുടെ
ദൃഷ്ടിയിൽ പെട്ടില്ല. ഉള്ളൂർ മഹാകവി എഴുതുന്നു. പയ്യന്നൂർ പാട്ട് എന്നൊരു
കൃതിയെപ്പറ്റി ഡോക്ടർ ഗുണ്ടർട്ട് ചിലതെല്ലാം പ്രസ്താവിച്ചിട്ടുണ്ട്. ആ [ 28 ] ഗ്രന്ഥത്തിന്റെ യാതൊരു പ്രതിയും മറ്റുള്ളവർക്കു കിട്ടീട്ടില്ല. ഗുണ്ടർട്ടിനു
തന്നെ ആദ്യത്തെ നൂറ്റിനാലു ഈരടികളേ ലഭിച്ചിരുന്നുള്ളൂ. ഗുണ്ടർട്ടിന്റെ
കൈവശമുണ്ടായിരുന്ന ഏട്ടിന്റെ പോക്കിനെപ്പറ്റി യാതൊരറിവുമില്ല. (കേരള
സാഹിത്യചരിത്രം, വാല്യം 1, 1967:398).

തുടർന്ന് പയ്യന്നൂർപ്പാട്ടിലെ കഥയുടെ രത്നച്ചുരുകം നൽകി ഏതാനും
പാട്ടുകൾ ഉള്ളൂർ ഉദ്ധരിക്കുന്നുണ്ട്. ഇവ എവിടെ നിന്നു ലഭിച്ചു എന്ന
ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകുന്നതുമില്ല. ഇപ്പോൾ അതിന്റെ സ്രോതസ്സ്
കണ്ടെത്തിയിരിക്കുന്നു 1844 ഏപ്രിലിലെ Madras Journal of Literature and
Science ൽ ഗുണ്ടർട്ട് എഴുതിയ ലേഖനമാണ് ഉള്ളൂരിന്റെ അവലംബം.
മലബാർ മാനുവലിലും കേരളസാഹിത്യചരിത്രത്തിലും
പയ്യന്നൂർപ്പാട്ടിനെക്കുറിച്ചു കാണുന്നതെല്ലാം ഗുണ്ടർട്ടിന്റെ ലേഖനത്തിൽ
നിന്നു എടുത്തിട്ടുള്ളതാണ്. ആ ലേഖനത്തിന്റെ പ്രസക്ത ഭാഗം ഇവിടെ
ഉദ്ധരിക്കാം:

The Legend of Payanur

Nilakesi, a woman of good family, an inhabitant of a place
called Sivaperur (Trichoor?) a town famous for female beauty, could
not obtain a son though married to several men. She resolves therefore
to do penance by wandering about as a beggar, and comes to the
famous emporium Cachilpatnam (near Mount Dilli), where the chief
of the place, a merchant named Nambu Chetti, or Chombu Chetti,
enters into conversation with her, advises her to perform certain
vows, and then takes her to his palace as his lawful wife. A son is born,
and receives the name of Nambusari Aren, and a feast of rejoicing
is celebrated on the 41st day on the plain of Payanur. At that time
Nilakesi's brothers happened to go up the coast in a ship. They hear
the music, an disembark to see the play. But as they climb up a wall
of the temple, some spectators expostulate with them. They call
themselves Culavanier (merchants) who cannot be expected to know
the customs of the place, and appeal to the chief. He comes but applies
his rod to the head of one, a scuffle ensues, and the strangers are killed.

Nilakesi when acquainted with the murder of her brothers,
leaves the palace and her son, and again wanders forth begging. The
son grows up and is instructed by his father in all the arts of trade
and ship-building (given in interesting detail, full of obsolete words). The
ship being at length launched and manned with Vappurawas (?)
Pandias, Chonakas, Cholias, and also with one Yavanaka, the mer
chants start fearlessly on a voyage first to Pumpatna, round Mt. Eli,
then passing the Mala (-Dives) into the Tan-punull-aru (river) to the
town Puvenkapatna, proceed farther on to the Cavari, from whence
they sail into another sea to other shores, till they reach the gold [ 29 ] mountains (ponmala) where they exchange all their cargo for gold,
return and land their goods in Cachilpatnam, store them in a new
magazine, and dismiss the mariners with their shares. After this, when
the father and son are amusing themselves with playing chess, a
female devotee is announced who is not satisfied with alms, but wants
to see the young merchant. Then follows a long and mysterious
conversation. She invites him urgently to be present at a night feast
of women at Payanur. He promises, but cannot afterwards persuade
his father to give him leave, who fears a plot and danger; but the son
persisting in importuning him, and at last prostrating himself, he
consents.

Here follows an extract, as a specimen:

നില്ലാതെ വീണു നമസ്കരിച്ചാൻ
നിന്നാണതമ്മപ്പാപൊകുന്നെന്നെ
"I swear by thee, O father, I must go."
പൊവാൻവിലക്കിനെൻ എത്തിരയും
പൊക്കൊഴിപ്പാൻ അരുതാഞ്ഞുതതിപ്പൊൾ
ചാവാള രെപ്പൊലെ നീ അകലപ്പൊവും
ചങ്ങാതം വെണം പെരികയിപ്പൊൾ
കൊവാതലച്ചെട്ടി അഞ്ചുവണ്ണം
കൂട്ടും മണിക്കിരാമത്താർമക്കൾ
നമ്മളാൽ നാലുനികരത്തിലും
നാലരെക്കൊൾകു കുടിക്കു ചെർന്നൊർ

The Father: "I have opposed thee to the utmost, but now I must
not prevent thy going—thou goest far away like dying men
strongguards (or companions) are now required—take the children of
the Govatala Chetti, of Anjuwannam and of the Manigrama, people
who, together with ourselves, are the four (classes of) colonists in the
four towns." (കൂട്ടും perhaps കൂട്ടം or കൂട്ടാം?)

നാലർകുടിക്കു ചെർന്നൊരെ കൊണ്ടാർ
അന്നാട്ടിൽ വട്ടിണ സ്വാമി മക്കൾ
തൊഴർപതിനാലുവങ്കരിയം
തൊല്പിപ്പാനില്ലാ ഇന്നാട്ടിൽ ആരും
കാലെപിടിച്ചിഴക്കിലും ഞാൻ
കച്ചില്പട്ടിൽ വന്നെന്നിക്കണ്ണുറങ്ങെൻ

"They took of the four classes of colonists, the Sons (of
servants) of the town-lord in that country, fourteen companions, a
noble household, not to be outwitted (or defeated) by any in this
country (and, says the son) "though I should be dragged by the foot
I shall return (to-morrow) to Cachilpatnam, nor shall this eye sleep [ 30 ] (to night)".

Upon this the father advises them to take some merchandize
along with them in the ship as for a fair, and the poem evidently a
fragment closes in the 104th Sloka, with an enumeration of wares,
replete with obscure terms, free from any anachronisms.

I believe that the people of Anjuwannam and Manigrammam
here mentioned as belonging to yonder country, can only mean Jews
and Christains, (or Manicheans) who, for commerce sake, settled also
beyond the Perumal's territories. It would be interesting to know who
the two other classes are. In the mean time, the existence of four
trading communities in the old Kerala seems to be proved, and the
നാലുചെരി of the 1st Syrian document, receives some elucidation from
this incidental allusion.

ഗുണ്ടർട്ടിന്റെ ലേഖനവും ഉള്ളൂരിന്റെ ഉദ്ധരണികളും ട്യൂബിങ്ങനിലെ
ഓലകളുടെ മൈക്രോഫിലിം പകർപ്പുകളും വിശദമായി പരിശോധിച്ചു
യുവഗവേഷകനായ പി. ആന്റണി തയ്യാറാക്കിയ കുറിപ്പ് ഇവിടെ ഉദ്ധരിക്കാം.

ഗുണ്ടർട്ട് ഉദ്ധരിച്ചിട്ടുള്ള വരികൾ മുഴുവനും താനും ഉദ്ധരിച്ചിട്ടുണ്ടെന്നും
ചില തെറ്റുകൾ തിരുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും മഹാകവി പ്രസ്താവിക്കുന്നു.
ഈ പ്രസ്താവം ശരിയാണ്. എന്നാൽ നേരിൽ കണ്ടിട്ടില്ലാത്ത പ്രാചീന
കൃതിയിൽ പരിഷ്ക്കാരം വരുത്തുന്നതിനു എന്താണ് നീതീകരണം എന്ന
ചോദ്യത്തിനു പ്രസക്തിയുണ്ട്. ഉള്ളൂർ വരുത്തിയ മാറ്റങ്ങൾ
വൃത്തപൂർണതയ്ക്കക്കും അർത്ഥവ്യക്തതയ്ക്കും ഉതകുന്നുണ്ട്. പ്രാചീന
കൃതികളുടെ കാര്യത്തിൽ ഇത്തരം സമീപനം അപകടകരമാണ്. ഗുണ്ടർട്ടു
തന്നെയും മൂലകൃതിയിലെ ഭാഷാസ്വരൂപത്തിൽ ചില്ലറ മാറ്റങ്ങൾ
വരുത്തിയാണ് ലേഖനത്തിൽ ചേർത്തിരിക്കുന്നത്. താളിയോലയിൽ
കാണുന്നതുപോലെ പ്രസ്തുത ശീലുകൾ ഇവിടെ ചേർക്കാം. ബ്രായ്ക്കറ്റിൽ
കൊടുത്തിരിക്കുന്ന സംഖ്യകൾ ഓലയിൽ കാണുന്ന ക്രമനമ്പരുകളാണ്.

നില്ലാതെ വീണു നമസ്കരിച്ചാൽ
നിന്നാണ തമ്മപ്പാ പൊകുന്നെനെ (91)
പൊവാൻ ബിലക്കിനെനെത്തിരെയും
പൊക്കൊഴിപ്പാനരുതാഞ്ഞുതിപ്പൊൾ
ചാവളരെപ്പൊലെനീയലപൊവും
ചങ്ങാത ബെണം പെരികെയിപ്പൊൾ
കൊവാതലച്ചെട്ടി അഞ്ചുവണ്ണം
കൂട്ടും മ്മണിക്കിരാമത്താർ മക്കെൾ
നമ്മളാൽ നാലു നകെരത്തിലും
ന്നാലെരക്കൊൾക കുടിക്കു ചെർന്നൊ (92)
നാലെർ കുടിക്കു ചെർന്നൊരക്കൊണ്ടാർ
അന്നാട്ടിൽ പട്ടിണ സ്വാമി മക്കെൾ
തൊഴെർ പതിനാലു വൻ കിരീയം [ 31 ] തൊല്പിപ്പാനില്ലെ യിന്നാട്ടിലാരും
കാലെ പിടിച്ചിട്ടിഴക്കിലും ഞ്ഞാൻ
കച്ചിൽ പട്ടിൽ വന്നെന്നിക്കണ്ണറങ്ങെൻ (93)

മഹാകവി ഉള്ളൂർ "തെറ്റുകൾ തിരുത്തി' ഉദ്ധരിക്കുന്നത്.

നില്ലാതെ വീണു നമസ്കരിച്ചാൻ
നിന്നാണെ തമ്മപ്പാ പോകുന്നേനെ
പൊകാൻ വിലക്കിനേനെത്തിരയും
പോക്കൊഴിപ്പാനരുതാഞ്ഞുതിപ്പൊൾ
ചാവാളരെപ്പോൽ നീയകലപ്പോവു
ചങ്ങാതം വേണം പെരികെയിപ്പോൾ
കോവാതലച്ചെട്ടിയഞ്ചുവണ്ണം
കൂടും മണിക്കിരാമത്താർ മക്കൾ
നമ്മളാൽ നാലു നകരത്തിലും
നാലരെക്കൊൾക കുടിക്കു ചേർന്നൊർ
നാലർ കുടിക്കു ചേർന്നോരൊക്കൊണ്ടാർ
നാട്ടിലെപ്പട്ടിണ സ്വാമിമക്കൾ
തോഴർ പതിനാലു വൻകിരിയം
തോല്പിപ്പാനില്ലായീ നാട്ടിലാരും
കാലേപ്പിടിച്ചങ്ങിഴയ്ക്കിലും ഞാൻ
കച്ചിൽപ്പട്ടിൽ വന്നെന്നിക്കണ്ണൂറങ്ങേൻ

ഭാഷയുടെ ആധുനിക സ്വരൂപത്തിൽ നിന്നു വ്യത്യസ്തമായി
കാണപ്പെടുന്ന ചില വർണ്ണവ്യതിയാനങ്ങൾ തിരുത്തുവാനാണ് ഉള്ളൂര്
ശ്രമിച്ചിട്ടുള്ളത്. വകാരത്തിനു പകരം ബകാരം പ്രയോഗിക്കുക, പദമധ്യത്തിൽ
അ കാരത്തിനു പകരം എ കാരം ചേർക്കുക എന്നിങ്ങനെ ആധുനിക
വീക്ഷണത്തിൽ വിലക്ഷണമായി തോന്നുന്ന വർണ്ണ വ്യതിയാനങ്ങൾ അദ്ദേഹം
തിരുത്തിയിരിക്കുന്നു.

പയ്യന്നൂർ പാട്ടിന്റെ ഭാഷാസ്വരൂപം ഗ്രഹിക്കാൻ ഏതാനും ശീലുകൾ
കൂടി താളിയോല ഗ്രന്ഥത്തിൽ നിന്നു ചേർക്കുന്നു. ഗുണ്ടർട്ടും ഉള്ളൂരും
ഉദ്ധരിച്ചതിന്റെ തുടർച്ചയായി കാണുന്നവയാണ് ഈ പാട്ടുകൾ.

കണ്ടവർ പോംബണ്ണമല്ല പൊവൂ
കരുത്തെരായ്‌വാണിയം ഞ്ചെയ്കവെണം
മിണ്ടാതെ നിണ്ടെങ്ങളുരൂവം പകർന്നു
വിശ്വസിക്കെല്ലെയൊരുത്തെരെയും
പണ്ടാരം മിക്കുവയും പക്കെടും
പലരുറങ്ങാതെ കാത്തുകൊൾവിൻ
കൊണ്ടാരത്തിന്നു പതിനൊനാകീന്നെറ്റി
ക്കെല്പരായി വാണിയം ബിറ്റു കൊൾവിൻ (94)
ബിക്കുന്നതെന്തന്നഗെരിലെറെ
വിളെയാടി വീര്യമായ്ക്കൊൾവതെന്തു
എന്തു ഞാൻ ബാണിയം കൊണ്ടു പൊവു [ 32 ] യെന്നെയുവപ്പെനെ തമ്മപ്പാചൊൽ
അനിയമെന്നിയെ ചൊല്ല വെണം
ആശ്വെരിയമായി ഞാൻ പുറപ്പെടും പൊൾ
മന്നർക്കു തക്ക മണിപ്പണ്ടാരം
മറ്റും പലതരം ബാണിയങ്ങെൾ
യിന്നതരം ബില കൊണ്ടുപൊവിൻ
യിതമാക്കി വിക്കുന്ന വാണിയത്താൽ (95)
ബാണിയം ഞ്ചൊല്ലാം പലതരവും
പഴെയെന്നുർ വിക്കുന്ന വാണിയെങ്ങെൾ
കാണുന്ന കല്ലും കനകങ്ങളും
കൈക്കിടും മ്മൊതിരം കാറ, കം പി
കണ്ടാൽ ഞാന്മെയ്ത്താലി കാതു കാപ്പു
മുത്തു വൈര മാണിക്ക രെത്നങ്ങളും
മ്മൂവുലൊകെം പെറും വയിര മാല
മിച്ചിരി കൈക്കാണമെന്നി മറ്റെതും ബെണ്ടാ
വിലെയില്ലാതൊ ചില പൂന്തുകിലും
മിച്ചിരി വെള്ളിവെൺഞ്ചാമെരെയും
പണ്ടാരൂമ്മിട്ട പയിമ്പക്കെട്ടും
കരുത്തെരായ്ക്കെട്ടു പൊപ്പാനാകി
വണ്ടാർ മണിമൂടിമാടത്തിങ്കീഴു
മന്നെഞ്ചൊങ്കിമകെനുണ്ണിച്ചിങ്ങെൻ
കെട്ടു പൊറുപ്പാനും കൂട്ടിക്കൊണ്ടു
കെട്ടൊന്നിലൊന്നിൽ കുറവെന്നിയെ (96)

പാട്ടിന്റെ ആദ്യഭാഗത്ത്, നമ്പൂസരി അരന്റെ ജനനത്തോടനുബന്ധിച്ച്
പയ്യന്നൂർ മൈതാനത്ത് നടത്തിയ ആഘോഷം വർണിക്കുന്നു.

പുലെര പുലെരപ്പൊവിനുടൊ
പൊൽക്കുത്താടുവാൻ ശാങ്കിമാരെ
അലസാതെ ചെന്നപ്പെരുർനഗരിൽ
ലൈയ്യെനെരിങ്കൊയിൽ പുക്കെല്ലീയരും
ചെലെരെക്കൂത്തിനു കൽപ്പിച്ചാർക്കാൻ
ദെവിയും മ്മകൈനും താനും പൊയി
പുലെരച്ചെന്നതിലുളവായാർ
പൊൽക്കൂത്താട്ടുമുത്യത്തീനരെ
കുത്തിനു കൊട്ടും മിഴാവൊലിയും
കുമിനകൂമിറ കുടുകുടിന
ച്ചാത്തിര നീതിയുടെ വഴിപൊമ്പൊൾ
ത്തകിടിടിത്തകിടിടി തകിടിടി
നാവദ്യമുഴക്കമിതെന്തിതു പൊൽ
വരുവതീനുള്ളൊരു കാരെണ -(0)
മെന്തെന്നൊർത്തൂടെ നവ്വഴിനെടി[ 33 ] ച്ചെന്നിട്ടുളവാകും ബാഴീകെട്ടിനാരെ (20)
കെട്ടിന പൊഴെ പഴെയെന്നുർനഴരിൽ
കെൽപ്പൊടു നിൽക്കടെലൊടപ്പൊയാർ
നീട്ടിനവിരെലിനു പൊന്നണിയിപ്പാൻ
നീലകെശിക്കുടെയാങ്ങെളമാർ
വട്ടമതെന്ന മരക്കലമെറി
പ്പലതുറ പൂക്കു വാണിയം ചൈതാർ
നാട്ടിൽ മികെച്ചു പഴെയനൂർ നഗെരിൽ
ന്നലമൊടു പുക്കാരങ്ങളമാരൊ (21)
അങ്ങെളമാർ വ്വന്നണെങ്ങിന്നെരം
അറിയാഞ്ഞാർ വഴി ഗൊപുര വാതിൽ
താങ്ങി പിന്നൊരു കൽമതിലെറി
തന്നരികെയൊരു ഭാഗമിരിന്നാർ
ബാങ്ങുവിനിക്കൈയെരാർ കുലമെന്ന
പറെയാഞ്ഞാർ വഴിപൊക്കെരിതെ
ന്നെളാങ്ങിയ കൂത്തിനു പാങ്ങറിയാത്ത വെ
രൊപ്പമിരിപ്പതു കുഴയല്ലെയൊ താൻ (22)

പാട്ടിലെ നായകനായ നമ്പൂസരി അരൻ സ്വന്തമായി നിർമ്മിച്ച
കപ്പലിലേറി വ്യാപാരത്തിനുവേണ്ടി ദേശസഞ്ചാരം നടത്തുന്നതു വിവരിക്കുന്ന
ഏതാനും ശീലുകൾ കൂടി ചേർക്കുന്നു.

നെല്ലൊരു നെരത്തു കപ്പലെറി
നായെകൻഞ്ചെകൊർ മരക്കായെൻമ്മാർ
യില്ലാ കുറവൊന്നു തന്നിലൊട്ടും
യിച്ചെയിൽ കപ്പെലൊ പാഴ്കൊളുതി
കല്ലു കടെലും കടെൽ ഭയവും
കാറ്റുപെരു തിരിയുമൊളം
അല്ലെൽ ഭയമൊന്നും കണ്ടുതില്ലെ
അഴകീയ പൂമ്പട്ടിണത്തു ചെന്നു കപ്പെൽ (43)
കാശീനരികൊണ്ടു കപ്പെലെറി
കാണാകുംന്നെരമെ യൂൺ കഴിച്ചാർ
താഴുന്നതെഴിമുകൾക്കു നെരെ
താണമാലക്കൂമൊരു പുറമെ
പൊയാർ തനിപ്പുനലാറ്റിനുടെ
പുവെങ്കാ പട്ടണമെ കാണ്‌മൂന്നു
നായെൻന്നഗരിലെ ചെല്ലുതെന്നു
നാട്ടാറ്റിലൊടത്തുടങ്ങീനാരെ (44)
കടെലൊടങ്ങിടിപൊടി (?)
കാവെരി പെരുകി വരും
ബടിവൊടു മലവമറിയ്‌വിൽ
മറുകടെൽ മരുകരമെൽ [ 34 ] നെടുനെട വിളിയിടുവാർ
നെടുവര നിഴലുഴവാർ
ഉടലൊടങ്ങുയിരതുപൊയ്
കുതുകുലമെന്നാർ (45)

ട്യൂബിങ്ങൻ സർവകലാശാലയിലെ ഹെർമൻ ഗുണ്ടർട്ട്
ഗ്രന്ഥശേഖരത്തിലുള്ള പ്രധാനപ്പെട്ട ഒരിനമാണ് തച്ചോളിപ്പാട്ടുകൾ. 226
പുറമുള്ള പ്രസ്തുത സമാഹാരത്തിന്റെ മൂല്യം ഗവേഷകർ
നിർണയിക്കേണ്ടിയിരിക്കുന്നു. ചേലനാട്ട് അച്യുതമേനോൻ വടക്കൻ പാട്ടുകൾ
സമാഹരിക്കുന്നതിനു (1935) വളരെ മുമ്പു തന്നെ ഗുണ്ടർട്ടു ശേഖരിച്ചവയാണ്
ഈ പാട്ടുകൾ. അവയുടെ ഭാഷാപരവും ചരിത്രപരവുമായപ്രാധാന്യം പ്രത്യേകം
വാദിച്ചു സമർത്ഥിക്കേണ്ടതില്ല. മാതൃകയ്ക്കു ഒരു പാട്ടിന്റെ ഭാഗം ഉദ്ധരിക്കാം.

തിരുവോണനാൾ അടുത്തതോടെ തച്ചൊളഒതേനൻ 'ഓണത്തരയിന്
പോകുവാൻ ഏട്ടൻ കോമക്കുറുപ്പിന്റെ ഉറുമി ചോദിക്കുന്നു. തന്റെ ഉറുമിക്കും
ഒതേനനും ചൊവ്വ ഉണ്ടെന്നും അതുകൊണ്ട്, പടിഞ്ഞാറ്റിയിൽ വച്ചിരിക്കുന്ന
ഉറുമികളിൽ ഒന്ന് എടുത്തുകൊള്ളാൻ കോമക്കുറുപ്പു പറയുന്നു. പിന്നീട് താൻ
ഈ ഉറുമികൾ നേടിയതെങ്ങനെയെന്ന് ഏട്ടൻ വിശദീകരിക്കുന്നു. ഈ
അവസരത്തിലാണ് കുഞ്ഞാലിമരയ്ക്കാരെ സംബന്ധിച്ചുള്ള പരാമർശം.
കുഞ്ഞാലിമരയ്ക്കാരും സുഹൃത്തും കൂടി നിർമിച്ച കപ്പലിന് പാമരം
സംഘടിപ്പിക്കാൻ കോമക്കുറുപ്പ് സഹായിക്കുന്നതോടെയാണ് അവർ
സൗഹൃദത്തിലാകുന്നത്. മരയ്ക്കാരും സുഹൃത്തും കൂടി നാലുവർഷം കപ്പലിൽ
വ്യാപാരം നടത്തി. പിന്നീട് കപ്പലിലെ ചരക്ക് പങ്കുവെക്കുവാൻ തീരുമാനിച്ചു.
എന്നാൽ ചരക്കു വിഭജിച്ചപ്പോൾ മരയ്ക്കാർക്ക് മീശം (വീതം) തെളിഞ്ഞില്ല.
അതുകൊണ്ട് ചരക്കുവീതം വെക്കാൻ തച്ചൊളി കോമക്കുറുപ്പ് ക്ഷണിക്കപ്പെട്ടു.
കോമക്കുറുപ്പിന്റെ വിഭജനത്തിൽ മരയ്ക്കാർ സന്തുഷ്ടനായി. പ്രതിഫലമായി
കോമക്കുറുപ്പ് സ്വീകരിച്ചത് കുറെ ഉറുമികളായിരുന്നു.

ഉറുമിയുമായി ഒതേനൻ ഓണത്തരയിനു പോകുന്നതും ചീനം വീട്
കോയിലകത്തെ വാഴുന്നവരുമായി ഒന്നും രണ്ടും പറഞ്ഞ് ഇടയുന്നതും മറ്റും
വിവരിക്കുന്ന കാവ്യഭാഗം താഴെ ചേർക്കുന്നു. പുരാതന കേരളത്തിലെ കുറ്റ
പരീക്ഷയുടെ വിശദമായ ചിത്രങ്ങളോടു കൂടി കുങ്കിബില്യാരിയുടെ ദുരന്തകഥ
പറയുന്ന ഈ പാട്ട് വിജ്ഞേയവും ഭാവനിർഭരവുമായി അനുഭവപ്പെട്ടു.

തച്ചൊളിക്കുഞ്ഞനൂതയനനും
കണ്ടാച്ചൊരി കുഞ്ഞിയ്യാപ്പനൂ ആന
അന്നടത്താലെ നടന്നവര്
ചീനംബീട്ട കൊയിലൊത്ത ചൊല്ലുന്നല്ലെ
ചീനം ബീട്ടകൊയിലൊത്ത ചെല്ലുന്നെരം
ചീനം ബീട്ട തങ്ങളെ ബാഉന്നൊറും
അഞ്ഞുറകം പടി ചൊറ്റ് കാരും
അരിയള യിനങ്ങിര് ന്നിക്കിത
അന്നെരഞ്ചെന്നെല്ലെ കുഞ്ഞ്യുതെനൻ
കണ്ണാലെ കണ്ടിത ബാഉന്നൊറ് [ 35 ] എവിടെന്ന ബന്നെന്നും ചൊതിച്ചില്ല
എന്തിന ബന്നെന്നും ചൊതിച്ചില്ല
പൊത്തനെയാടെ ഇരുന്നൊതെനൻ
അരിയളവൊക്കെയും തീറ്ന്നാരെ
പറയുന്നുണ്ടന്നെരം ബാഉന്നൊറ്
തച്ചൊളി നല്ലൊമന കുഞ്ഞുതെന
ബന്നു എന്റോമന കുഞ്ഞുതെന
ഉടനെ പറഞ്ഞല്ലൊ കുഞ്ഞിഒതെനൻ
ചീനം ബീടത്തങ്ങളെ ബാ ഉന്നൊറെ
വന്നെടം പണ്ടെ ബയിക്കയിഞ്ഞു
ഉടനെ പറഞ്ഞല്ലൊ ബാ ഉന്നൊറ്
ചന്തിമുറിയയില്ലെ ബാ ഉന്നൊറെ
പാളാട മൂലക്കച്ചാരു ആ നൊ
ചൂലല്ലാലൊ മൂലക്കച്ചാരു ആ നൊ
ആചരം ചെയിതാട നിക്കുതെന
അതിനെട്ടങ്കൊമക്കുറുപ്പുണ്ടെല്ലൊ
ചിത്തിരത്തുണചാരിനിക്കുതെന
കൊതിക്കെന്റെ മെപ്പയിലുണ്ടല്ലത
ബളയൂമ്പിടിച്ചാടനിക്കുതെന
കൊതിക്കെന്റെ മെപ്പയിത്തട്ടീറ്റുണ്ട്
ഉടനെ പറഞ്ഞല്ലൊ ബാ ഉന്നൊറ്
ഇത്തിര കീറ്ത്തുള്ള കുഞ്ഞ്യൊതെന
നിന്റമ്മ തന്നെ മരിച്ചൊണ്ടിറെ
പെനയറയിറ്റൂട യങ്ങനെ കൂടി നല്ലെ
ചീനം ബീട്ടിലുള്ളൊരു പെണ്ണങ്ങക്ക്
ചൌനെ കറിക്കുട്ടീറ്റുണ്ടും കൂടാ
കാടിയും ചീരയും കുടിച്ചും കൂട
ഉടനെ പറഞ്ഞല്ലൊ കുഞ്ഞിയുതെനൻ
ചീനം ബിട്ടത്തങ്ങള് ബാളന്നൊറെ
എനക്കൊരു തൊലിയത്തരം കണ്ടിന
നിങ്ങെക്കെതും തൊലിയ ഇല്ലെ പാ ഉന്നൊറെ
ഉടനെ പറഞ്ഞല്ലൊ പാ ഉന്നൊറ്
എനക്കെന്ത തൊലിയത്തര ഉതെന
ഒന്നെന്നാലെണ്ണിപ്പറയരുതൊ
ഉടനെ പറഞ്ഞല്ലൊ കുഞ്ഞിഒതെനൻ
മീത്തലെടുത്ത കുങ്കിബീല്യാരിക്ക്
ബില്ലിക്ക ക്കുങ്കമ്മണവാളന്റെ
ഒന്റെ അമരാതം ബില്യാരിക്ക
അത്തുരം കെട്ടുള്ള നായിമ്മാറ്
അരിയും പണഉഒക്കചാടിയൂട്ടൂന്ന് [ 36 ] ഞമ്മക്കിപ്പാ ഊന്റരിയും വെണ്ട
ഞാക്കൊട്ടിപ്പൊ ഊന്റെ പണഉം വെണ്ട
ഉടനെ പറഞ്ഞല്ലൊ പാഉന്നൊറ്
മീത്തലെടത്ത കുങ്കി ബില്ലിയാരി
ഒതെനമ്പാറഞ്ഞത കെട്ടൊ നീയെ
എന്താ നെന്റൊമന കുഞ്ഞിയമ്മൊമ്മ
ബില്ലിക്ക കുങ്കമ്മണവാളനും
ഞാനും കൂടിയാനെന്റെ കുഞ്ഞ്യംമ്മൊമ്മ
ബില്ലിക്ക കുങ്കമ്മണവാളന്നും
ഞാനും കൂടിയാനെന്റെ കുഞ്ഞ്യംമ്മൊമ്മ
ബില്ലിക്ക കുങ്കമ്മണവാളനും
ഞാനും കൂടിയാനെന്റെ കുഞ്ഞ്യംമ്മൊമ്മ
മതിലൂക്കുരിക്കളെ ഉത്ത അള്ളീല്
എഅ്ത് ആനെപ്പരം പൊഉം ഞാള്
എഅ്ത് ആനെ ഉത്ത് അള്ളിച്ചെന്നൊണ്ടാല്
തൊടമ്മന്തൊടവെച്ചെ ഉതും ഞാള്
എഅ്ത് ആനെ ഉത്ത് അള്ളിച്ചെന്നൊണ്ടാല്
തൊടമ്മന്തൊട വെച്ചെ ഉതും ഞാള്
എന്നൊരമരാത ഉണ്ടെനക്ക
എഅ്തിക്കയരി ഞാളപൊരുന്നെരം
തെങ്ങിട്ട പാലം കടക്കുന്നെരം
പാലം മുറിഞ്ഞ് ഞാളെടെയിപ്പീണ്
ചൊടെയും മെലെയും ബീണമ്മൊമ്മ
എന്നൊരമരാതം ഉണ്ടെനക്ക
ഉടനെപ്പറഞ്ഞൊണ്ടപ്പാ ഉന്നൊറ്
നെയിക്കയി മൂക്കണം ബില്ലിയാരി
കുഞ്ഞിക്കയി പൊള്ളുല്ലെ കുഞ്ഞിയമ്മൊമ്മ
ഓന്റെ അമരാതം ഇല്ലെങ്കില്
നിന്റെ കയിയൊട്ടും പൊള്ള ഇല്ല
നെയിക്കയി മുക്കാം ഞാങ്കുഞ്ഞ്യാമ്മൊമ്മ
ഉടനെ പറഞ്ഞല്ലൊ പാ ഉന്നൊറ്
തച്ചൊളി നല്ലൊമനകുഞ്ഞിയൂതെന
നെയികയിമുക്കാലൊ കുഞ്ഞിയൊതെന
ഉടനെ പറഞ്ഞല്ലൊ കുഞ്ഞ്യുതെനൻ
മെലില് വരും നൂമ്പും ഞാറായിച്ച
ഞാറായിച്ച നല്ല ദിവസത്തിന
നെയിക്കയി മുക്കി തെളിഞ്ഞും കൊട്ടെ
തമ്മലിപ്പറഞ്ഞിപിരിഞ്ഞും പൊയി
ഞാറായിച്ച നല്ല ദിവസത്തിന
നാലനാട്ടിലൊലയെ ഉതി ഒതെനൻ [ 37 ] നാല് നാട്ടിലുള്ളൊരു നായിമ്മാറും
ചീനം ബീട്ടക്കൊയിലൊത്തങ്ങെത്തിയൊറ്
മീത്തെലെടത്തക്കുങ്കി ബില്ലിയാരി
കുടിമ്മയിപ്പൊരുന്ന ബില്ലിയാരി
മീത്തെലെടത്ത് കുങ്കമ്മണവാളന്റെ
അവന്റുടെ വീട്ടി ചെല്ലുന്നല്ലെ
ചൊദിക്കുന്നുന്നെരം കുഞ്ഞികുങ്കൻ
മീത്തലെടത്തുക്കുങ്കി ബില്ലിയാറി
എന്തുമുതലായി പൊന്നുഞ്ഞനെ
ഉടനെ പറയുന്നു ബില്ലിയാരി
കെട്ട തരിക്കണ് കുഞ്ഞികുങ്ക
തച്ചൊളി ഒതെനമ്പറഞ്ഞത കെട്ടൊ
നിന്റെ അമരാത്ത ഉണ്ടെനക്ക
എന്ന പറയുന്ന കുഞ്ഞ്യുതെൻ
നെയിക്കയി മുക്കി തെളിയുവാനും
കുഞ്ഞിക്കയി പൊള്ളുല്ലെ കുഞ്ഞികുങ്ക
അതിന വെമ്പണ്ട നീ കുഞ്ഞനെ
പച്ചമരന്ന് കൊടുക്കുന്നൊനൊ
മുടിക്കെട്ടിൽ വെച്ചും കയിമുക്കിക്കൊ
മരന്നും കൊണ്ടൊളിങ്ങ് പൊരുന്നല്ലെ
ചീനംബീട്ടക്കൊയിലൊത്ത ചെല്ലുന്നല്ലെ
പറയുന്നുണ്ടെന്നെരം ബില്ലിയാരി
കെട്ട് തരിക്കണം കുഞ്ഞിയമ്മൊമ്മ
നെയിക്കയിമുക്കട്ടെ ഞാനമ്മൊമ്മ
എണ്ണയുരുളിയും അടുപ്പത്താക്കി
എണ്ണക്ക തീയല്ലെ കത്തിക്കണ്
എണ്ണ പതച്ച മറിയുന്നെരം
പറയുന്നുണ്ടെന്നെരം ബില്ലിയാരി
തച്ചൊളി നല്ലൊമന കുഞ്ഞ്യുതെന
നെയിക്കയി മുക്കട്ടെ ഞാനുതെന
അത്തിരെ വെണ്ടു എന്റെ ബില്ലിയാരി
നെയി ക്കയി മുക്കുന്ന ബില്ലിയാരി
നെയി ക്കയ്‌മുക്കി തെളിഞ്ഞു കുഞ്ഞൻ
ഉടനെ പറയുന്ന കുഞ്ഞു ഒതെനൻ
ബില്ലിക്കക്കുങ്കമ്മണവാളന്റെ
പച്ചമരന്നിന്റെ വീരിയം ഇത
മൌചുട്ടെടുക്കണം ബില്ലിയാരി
മൌചുട്ടെടുക്കും ഞാങ്കൂഞ്ഞിഒതെന
മെലിൽ വരുന്നുമ്പും ഞാറായിച്ച
ഞാറായിച്ച നല്ല ദിവസത്തിന [ 38 ] മൌചുട്ടെടുക്കണം ബില്ലിയാരി
പിന്നെയും പറയുന്ന കുഞ്ഞ്യൊതെനൻ
കെട്ടതരിക്കെണന്നായിമ്മാറെ
മെലിൽ വരുന്നുമ്പും ഞാറായിച്ച
ഞാറായിച നല്ല ദിവസത്തിന്ന്
ചീനം ബീട്ടക്കൊയിലൊത്ത വന്ന്യെക്കണം
തമ്മലിപ്പറഞ്ഞ പിരിഞ്ഞും പൊയി
മെലിൽ വരുന്നുമ്പും ഞാറായിച്ച
ഞാറായ്ച നല്ല ദിവസത്തിന്ന്
ചീനം ബീട്ട ക്കൊയിലൊത്ത പൊരുന്നല്ലെ
ചീനംബിട്ട കൊയിലൊത്ത ബന്നത്തിരെ-
ക്കണ്ണാലെ കണ്ടിന ബില്ലിയാരി
കടുമ്മയിപ്പൊരുന്ന ബില്ലിയാരി
ബില്ലിക്കക്കുങ്ക മണവാളന്റെ
അവന്റൂടെ ബീട്ടിന് ചെല്ലുന്നല്ലെ
വർത്താനം ചെന്നു പറയുന്നൊള്
ബില്ലിക്കക്കുങ്കമ്മണവാളന്റെ
പച്ചമരന്ന കൊടുക്കുന്നല്ലെ
മുടിക്കെട്ടിൽ വെച്ചിങ്ങെടുത്തൊ കുഞ്ഞന്നെ
മരന്നും കൊണ്ടൊളിഞ്ഞ പൊരുന്നല്ലൊ
ചീനംബീട്ടികൊയിലൊത്ത ചെല്ലുന്നല്ലെ
ചൊദിക്കുന്നന്നെരം ബില്ലിയാരി
തച്ചൊളി നല്ലൊമനക്കുഞ്ഞ്യുതെന
മൌചുട്ടെടുക്കെട്ടെ ഞാനൊതെന
അത്തരെ ബെണ്ടു എന്റെ ബില്ലിയാരി
മൌചുട്ടെടുക്കുന്ന ബില്ലിയാരി
'എനിയെന്ത വെണ്ട്വെന്റെ കുഞ്ഞി ഒതെന'
ഉടനെ പറയുന്നു. കുഞ്ഞ്യൊതെനൻ
ബില്ലിക്കക്കുങ്കമ്മണവാളന്റെ
പച്ചമരന്നിന്റെ വീരിയം ഇത.
പെരിങ്ങളൊ നാണ്ട പൊയ നീന്തണം
അതിന്നും മയക്കില്ല കുഞ്ഞ്യൊതെന
മെലില് വരുന്നുമ്പും ഞാറായിച്ച
ഞാറായിച്ച നല്ല ദിവസത്തിന്
പെരിങ്ങള്ളൊ നാണ്ട പൊയ നീന്തണം
തമ്മലിപ്പറഞ്ഞ പിരിഞ്ഞും പൊന്ന്
ഞാറായിച്ച വന്നും പൊലരുന്നെരം
തച്ചൊളി ഒതെന്നും നായിമ്മാറും
പൊയക്കലിന്നങ്ങനെ പൊരുന്നൊല്
തച്ചൊളിച്യുപ്പാട്ട്യെളം പൈതലും [ 39 ] എഴുപതിരുത്ത്യൊളും കുഞ്ഞനുമാനെ
ഓളും പൊയിക്കലെല്ലെ പൊരുന്നത്
വീത്തലെടത്ത കുങ്കി ബില്ലിയാരി
കടുമ്മയിപ്പൊരുന്ന് ബില്ലിയാരി
ബില്ലിക്കക്കുങ്കമ്മണവാളന്റെ
അവന്റുടെ ബീട്ടിന ചെല്ലുന്നല്ലെ
അവന്റുടെ ബീട്ടിന ചെല്ലുഞ്ചിത
വറത്താനം ചെന്ന പറയുന്നല്ലെ
ബില്ലിക്കക്കുങ്കമ്മണവാളനൊ
പച്ചമരുന്ന കൊടുക്കുന്നല്ലെ
മുടിക്കെട്ടിൽ വെച്ചി നീ നീന്തൂഞ്ഞനെ
മയ്യയിക്കുങ്കമ്പിടി മുതല
നിന്നെ മൊതലയൊട്ട കാണുകയില്ല
മരുന്നും മാങ്ങിപ്പെക്കും പൊരുന്നൊള്
പെരിങ്ങള്ളൊ നാണ്ട പൊയക്ക ചെന്ന്
പറയുന്നുണ്ടന്നെരം ബില്ലിയാരി
തച്ചൊളി നല്ലൊമന കുഞ്ഞിയുതെന
പൊയ നീന്തി മൂന്നമറി വെക്കട്ടെ
അത്തിരെ വെണ്ടെന്റെ ബില്ലിയാരി
പൊയ നീന്തി മൂന്നമറിവെച്ചൊള്
എനി എന്ത വെണ്ടെന്റെ കുഞ്ഞ്യുതെന
പറയുന്നുണ്ടനെരം കുഞ്ഞ്യുതെനൻ
ഒന്നും പറയെണ്ട ബില്ലിയാരി
ബില്ലിക്കക്കുങ്കമ്മണവാളന്റെ
പച്ചമരന്നിന്റെ വീരിയം ഇത്
മുടിക്കെട്ട കയച്ചിറ്റ് നീന്ത്വവെണം
കെട്ട തരിക്കണം കുഞ്ഞ്യുതെന
മുടിക്കെട്ട കയിച്ചിഞാനീന്നീന്തണ്ടീക്കിൽ
തച്ചൊളിച്യുണിച്ചിരനങ്ങിയാറ്
കുഞ്ഞുന്നുടി എന്റേറാടി നീന്ത്വവെണം
ഉടനെ പറയുന്ന നങ്ങിയാറ്
തച്ചൊളി ഒതെയറ നെരാങ്ങളെ
ഞാങ്കുടി നീന്തട്ടെ നെരങ്ങളെ
ഞാനൊരികുറ്റം ചെയിതിനെങ്കിൽ
എന്നെയും മൊതല കൊണ്ടത്തിന്നും കൊട്ടെ
അത്തിരെ വെണ്ടെന്റെ നേര് പെങ്ങളെ
കുഞ്ഞനും തറ്റിങ്ങുടുക്കുന്നല്ലെ
മുടിക്കെട്ട കയിച്ചിററും നീന്തുന്നൊല്
പൊയ നീന്തി മൂന്നു മറിവെക്കുമ്മം
മീത്തലെടത്തകുങ്കി ബില്ലിയാരി [ 40 ] കുങ്കിനയും കൊണ്ടമൊതല പൊയി
ഉരുളിയും കൊണ്ട ചൂയിപ്പും പൊയി
തച്ചൊളിച്യണിച്ചിരനങ്ങിയാറ്
പൊയ നീന്തി മൂന്നു മറിയും വെച്ച്
തച്ചൊളി ഒതെനനുന്നായിമ്മാറും
ആർത്തുവിളിച്ചിറ്റബരും പൊയി.
ചീനം ബീട്ടത്തങ്ങള് പാഉന്നൊറ്
തലയിത്തൂണിയിട്ടബറും പൊയി

ഗുണ്ടർട്ടിന്റെ ഏറ്റവും പ്രശസ്തമായ ചരിത്രഗ്രന്ഥം കേരളപഴമയാണ്.
അനേകം വിദേശരേഖകൾ ഉപയോഗിച്ചെഴുതിയ കേരളപഴമയിൽ
ഗ്രന്ഥകർത്താവ് ആദ്യവസാനം പുലർത്തുന്ന വീക്ഷണകോണം കേരളീയമാണ്.
പോർത്തുഗീസുകാരുടെ വരവോടെ ചരിത്ര ഗ്രന്ഥം തുടങ്ങുന്നു. കേരള
പഴമയുടെ ഘടനയും മൗലികതയും ഡോ. എൻ. എം. നമ്പൂതിരി (കേരളപഴമ,
മാതൃഭൂമിപ്പതിപ്പ്, ആമുഖപഠനം 1988) ഭംഗിയായി വിശദീകരിച്ചിട്ടുള്ളതിനാൽ
അതിലേക്കു ഇവിടെ കടക്കുന്നില്ല. 1847-ൽ തലശ്ശേരിയിൽ നിന്നു പ്രസാധനം
ചെയ്തു തുടങ്ങിയ പശ്ചിമോദയത്തിലാണ് കേരളപഴമ ഖണ്ഡശ്ശ
പ്രസിദ്ധീകരിച്ചത്. ഒരു പൊതുപ്രസിദ്ധീകരണത്തിനുവേണ്ടി തയ്യാറാക്കിയതു
കൊണ്ടാവാം അത്യന്തം ആകർഷകമാണ് കേരളപഴമയുടെ ആഖ്യാന ശൈലി.
ചരിത്ര സിനിമയോ നാടകമോ ആസ്വദിക്കുന്നതുപോലെ രംഗബോധത്തോടു
കൂടി ഉൾക്കൊള്ളാവുന്ന കൃതിയാണിത്. ജനകീയതയ്ക്കക്കുവേണ്ടി ശാസ്ത്രീയത
ബലികഴിച്ചിട്ടില്ലതാനും. 1845-46 ഘട്ടത്തിൽ ജർമ്മനിയിലായിരുന്ന ഗുണ്ടർട്ട്
അവിടത്തെ ഗ്രന്ഥാലയങ്ങളിലിരുന്ന അനേകം പോർത്തുഗീസ് ഗ്രന്ഥങ്ങൾ
വായിച്ചതായി മനസ്സിലാക്കാം. അന്നു കുറിപ്പുകളെഴുതിയ ചിലനോട്ടു
ബുക്കുകൾ ഇപ്പോൾ ട്യൂബിങ്ങനിലും ബാസലിലും സൂക്ഷിച്ചിട്ടുണ്ട്. ഇവയിൽ
ചിലതെല്ലാം ഒന്ന് ഓടിച്ചുനോക്കാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിലും ഇവയിൽ
കാണുന്ന ഓരോ ഗ്രന്ഥവും കേരളപഴമയുടെ ഏതേതു ഭാഗത്തു എത്രത്തോളം
നിഴലിക്കുന്നു എന്നു പറയാൻ ഈ ലേഖകനു നിവൃത്തിയില്ല. അതു പുതിയ
ഗവേഷകർ കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം. മലബാർ തീരത്തെ
ജനജീവിതത്തെയും വിദേശീയരുടെ ബലപരീക്ഷയെയും കുറിച്ചു അനേകം
പ്രാചീന ഗ്രന്ഥങ്ങൾ യൂറോപ്പിലെ പ്രശസ്തഗ്രന്ഥാലയങ്ങളിലുണ്ട്.
പോർത്തുഗീസ്, ഡച്ച് തുടങ്ങിയ ഭാഷകളിൽ അവഗാഹം നേടിയ
ഗവേഷകർക്കുമാത്രം തുറന്നു കിട്ടുന്ന വിജ്ഞാന കുംഭങ്ങളാണ് അവ. മൂല
ഗ്രന്ഥങ്ങൾ കാണാതെ സ്വാധീനത്തെക്കുറിച്ചു സംസാരിച്ചു എന്തിനു
വഷളാകണം!ഇന്നത്തെ നിലയിൽ പറഞ്ഞാൽ, മലയാളികൾക്കു വളരെയധികം
ഇഷ്ടപ്പെട്ട കേരളചരിത്രഗ്രന്ഥമാണ് കേരളപഴമ. 1868-ൽ ഇതു മംഗലാപുരത്തു
പുസ്തകരൂപത്തിൽ അച്ചടിച്ചു. 1869-ൽ പുതിയ പതിപ്പ് അവിടെ നിന്നു തന്നെ
ഉണ്ടായി. 1983-ൽ കോട്ടയത്തും 1988-ൽ കോഴിക്കോട്ടും പുതിയ പതിപ്പുകൾ
അച്ചടിച്ചു. ബർലിനിലെ കൂറ്റൻ ലൈബ്രറിയിൽ കേരളപഴമയുടെ ഒരു
പകർപ്പുണ്ട്. അതു ഓലയിലാണ്! 134 ഓലയിൽ 1871-ൽ കണ്ണൂർ പുല്ലെകണ്ടത്തി
കൃഷ്ണമാരിയാർ എഴുതിയ പകർപ്പാണിത്. ജി.ജി. പിയേഴ്സ് എന്ന സായ്പാണ് [ 41 ] ഈ കുസൃതിപ്പണിചെയ്യിച്ചതെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

പാഠപുസ്തകങ്ങളെന്ന നിലയിൽ ഗുണ്ടർട്ടു രചിച്ച രണ്ടു ചരിത്ര
ഗ്രന്ഥങ്ങളുണ്ട്. 1849-51 ഘട്ടത്തിൽ തലശ്ശേരിയിലെ കല്ലച്ചിൽ തയ്യാറാക്കിയ 407
പുറമുള്ളഗ്രന്ഥമാണ് ലൊകചരിത്രശാസ്ത്രം. അതു പൂർണ രൂപത്തിൽ ഇവിടെ
പുനർമുദ്രണം ചെയ്യാൻ സാധിക്കയില്ല. ഏതാനും ഭാഗങ്ങൾ തിരഞ്ഞെടുത്തു
ചേർക്കുന്നു. ലൊകചരിത്രശാസ്ത്രം ഗുണ്ടർട്ടിന്റെ കൃതികളുടെ പട്ടികയിൽ
നിന്ന് എങ്ങനെയോ പുറത്തായിപ്പോയി. ഉള്ളൂർ, ഡോ. പി.ജെ.തോമസ്, എ.ഡി
ഹരിശർമ്മ തുടങ്ങിയവരൊന്നും ഈ കൃതിയെക്കുറിച്ചു അറിഞ്ഞിരുന്നില്ല.
കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച ഗുണ്ടർട്ട്ഗ്രന്ഥസൂചി (ഡോ.ഹെർമൻ ഗുണ്ടർട്ട്,
1991) യിലൂടെയാണ് ഈ ബൃഹത്കൃതി പൊതുശ്രദ്ധയിലെത്തിയത്. ബാസൽ
മിഷന്റെ വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന കുട്ടികൾക്കു വേണ്ടിയാണ് ഇതു
രചിച്ചതെന്നു ഊഹിക്കാം. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള രാജ്യങ്ങൾ,
ജനതകൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായ അറിവു നൽകുന്ന ഈ ഗ്രന്ഥം
സ്വതന്ത്രകൃതിയോ സ്വതന്ത്രതർജമയോ എന്നു വ്യക്തമായി നിർണയിക്കാൻ
കഴിയുന്നില്ല. 1859-ൽ മദിരാശി സർക്കാരിന്റെ അഭ്യർത്ഥനയനുസരിച്ചു
ഗുണ്ടർട്ടു തയ്യാറാക്കിയ പാഠ പുസ്തകമാണ് ലൊകചരിത്രസംക്ഷെപം.

ലോകചരിത്ര സംക്ഷെപത്തിന്റെ തുടക്കം:

ലോകചരിത്രാർത്ഥം

ലോകചരിത്രം എന്നത് ലൊകത്തിൽ ചരിച്ചതിന്റെ വിവരമേത്രെ. ആയത
എന്തന്നാൽ ഭൂമിയിൽ ഉണ്ടായതിന്റെ വിവരം അല്ലാതെ പരലൊകത്തിലുള്ള
നടപ്പുകൾ എങ്കിലും മനുഷ്യജാതിയുടെ ക്രിയകളല്ലാതെ സുരാസുരന്മാരുടെ
കഥകൾ എങ്കിലും ഈ വിദ്യയിൽ അടങ്ങിയിരിക്കുന്നില്ല. ഈ ഭൂലോകത്തിൽ
മനുഷ്യർ ഓരൊകാലത്തിൽ പ്രവൃത്തിച്ചതിനെമാത്രം ഇതിൽ
കഥിപ്പാൽനൊക്കുന്നു.

എങ്കിലും എല്ലാമനുഷ്യരും അതാതഊരുകളിലും നാടുകളിലും
പ്രവൃത്തിച്ചത ഒക്കയും എഴുതുവാൻ സ്ഥലം പോരാ അതിന പ്രയൊജനവും
ഇല്ല. ആയിരംവർഷം മുമ്പെ കണ്ടൻ എന്ന മുക്കുവൻ ഒരു വലിയ ശ്രാവിനെ
പിടിച്ചു എന്നും മൂവായിരം വർഷം മുമ്പെ ഇന്ന ഊരിൽ ഇന്നവൾ മൂന്നു പെറ്റു
എന്നും മറ്റും വിശേഷങ്ങളെ എഴുതുകയും വായിക്കയും ചെയ്താൽ ഫലം
എന്ത. അതുകൊണ്ട അതാതമനുഷ്യരുടെ വിശെഷങ്ങൾ അല്ല ഓരോരൊ
മഹാവംശങ്ങളുടെ നടപ്പുകളെയും വൃത്താന്തങ്ങളെയും മാത്രം അറിയിക്കുന്നു.
മഹാവംശം എന്നതൊ ജനസംഖ്യ അധികമുള്ള വംശം തന്നെയല്ല
അതിമഹത്തായ ക്രിയകളെ നടത്തിയ കൂട്ടം എന്നത്രെ.

ചരിത്രത്തിന്റെ ഉറവുകൾ

ഉണ്ടായത എങ്ങിനെ അറിയാം എന്നു ചോദിച്ചാൽ താൻ കണ്ടു എങ്കിൽ
ബോധിച്ചു എന്നുണ്ടല്ലൊ. ദൂരത്തിൽ ഉണ്ടായതും പുരാണകാലത്തിൽ
ഉണ്ടായതും ഓരോന്നു കണ്ടു കേട്ടവരുടെ സാക്ഷ്യത്താൽ അത്രെ
അറിയായ്വരും. അതിൽ ചിലത പാരമ്പര്യമായി ചൊല്ലിവരുന്നത. ഇങ്ങിനെ
കുലപാരമ്പര്യം വംശപാരമ്പര്യം സ്ഥലപാരമ്പര്യം മുതലായതുണ്ട. അതിന്റെ
ദൃഷ്ടാന്തം കേരള ഉൽപത്തി എന്ന ഗ്രന്ഥം തന്നെ. അതിൽ കേരളബ്രാഹ്മണൻ [ 42 ] പണ്ടു ചൊല്ലി പോന്ന പാരമ്പര്യങ്ങൾ അല്ലാതെ അതാത സാക്ഷികൾ
കണ്ടെഴുതിയ വിശേഷങ്ങൾ ഒന്നും വായിപ്പാൻ ഇല്ല. ഇങ്ങനത്തെ പാരമ്പര്യം
ആരാഞ്ഞുന്നൊക്കീട്ടെ വിശ്വസിക്കാവു. പണ്ട് ഒരാൾ പറഞ്ഞപോലെ എന്ന
പഴഞ്ചൽ ഉണ്ടല്ലൊ.

രണ്ടാമത ഉറവാകുന്നത പുരാണസാധനങ്ങൾ തന്നെ. മലയാള
ക്ഷേത്രങ്ങളിലും മറ്റും ഒരൊകല്ലെഴുത്തുകൾ ഉണ്ട. ആ വക എല്ലാം വായിച്ച
അർത്ഥം ഗ്രഹിച്ച ആരാഞ്ഞുകൊണ്ടാൽ കേരളപ്പഴമ ഏകദേശം തെളിയും.
എങ്ങിനെ ആയാലും പല പാരമ്പര്യങ്ങളിലും ചൊല്ലിയതിനെക്കാൾ ഒരു
കല്ലിൽ എഴുതിക്കണ്ടത ഏറെ സാരം. സന്തതികളെ ബോധിപ്പിപ്പാൻ ഉണ്ടാക്കിയ
സാധനങ്ങൾ ആവിതു പുരാണചിത്രങ്ങളും ശില്പപണികളും ശിലാതാമ്രാദി
ശാസനങ്ങളും മുദ്രകളും തന്നെ. മറ്റപലതും ആരുടെ താല്പര്യവിചാരവും
കൂടാതെ സ്മരണാർത്ഥമായി ശേഷിച്ചു കിടക്കുന്നു. ആവക ആകുന്നിതു
പൊന്നു വെള്ളി മുതലായതു കൊണ്ടുള്ള പഴയ നാണിയങ്ങൾ കല്ലറകളിൽ
കണ്ട ആയുധപാത്രാദികൾ ഇടിഞ്ഞുകിടക്കുന്ന കോട്ടകൾ അമ്പലങ്ങൾ
മുതലായവ. സൈന്ധവത്തിലും മറ്റും യവനവീരന്മാർ വാണതിന്റെ
വിശെഷങ്ങൾ അവിടവിടെ കണ്ടുകിട്ടിയ നാണിയങ്ങളാൽ
അത്രെപ്രസിദ്ധമായ്‌വന്നിത, അശ്ശൂർ രാജ്യത്തിന്റെ പഴമ ഗ്രഹിപ്പാൻ ഈ
അഞ്ചു പത്തുവർഷംകൊണ്ടുമാത്രം സംഗതി വന്നതു പണ്ടു ദഹിച്ചടിഞ്ഞു
മണ്മറഞ്ഞുകിടക്കുന്ന അരമനകളെ തുരന്നുനോക്കി ഓടുകല്ലുകളിലും
പാത്രങ്ങളിലും കണ്ട എഴുത്തുകളെ ആരാഞ്ഞുപഠിക്കയാൽതന്നെ.

മൂന്നാമതു ഉറവു ശാസ്ത്രംതന്നെ. ആയതിന്റെ വിലെക്കു വളരെ
താരതമ്യം ഉണ്ട. ചരിത്രശാസ്ത്രികളിൽ മികെച്ചവർ ശുദ്ധസത്യം പറവാൻ
പ്രാപ്തിയും മനസ്സും ഉള്ളവരത്രെ. നല്ല ശ്ലോകം ചമെക്കുന്നവർ അതിനു പോരാ.
ഒട്ടുംകൂട്ടി വെക്കാതെയും കുറച്ചുകളയാതെയും താൻകണ്ടതൊ ചെയ്തതൊ
ഉള്ള വണ്ണം വിവരിച്ചെഴുതുന്ന സാക്ഷികൾ മുമ്പെ തന്നെ വേണ്ടത. പല
സാക്ഷികൾ ഉണ്ടെങ്കിൽ ശാസ്ത്രി അവരുടെ സത്യാസത്യംഗ്രഹിക്കേണ്ടതിന്നു
ഓരോന്നിനെ ഒത്തുനോക്കി ഗൌരവ ലാഘവങ്ങളെ സൂക്ഷ്മത്തോടെ തൂക്കി
നിദാനിക്കേണ്ടത. മൂലസാക്ഷികളും കേട്ടസാക്ഷികളും കേട്ടവരിൽനിന്നു
കേട്ടതിനെ പരിഗ്രഹിച്ച ഉപസാക്ഷികളും മറ്റും ഉണ്ട. സംശയങ്ങളും
പക്ഷപാതങ്ങളും ഒന്നും ശേഷിക്കാതെ ശുദ്ധസത്യം നിറയുന്ന
ചരിത്രശാസ്ത്രംചമെപ്പാൻ ദൈവസഹായം കൂടാതെ പാടുള്ളതല്ല നിശ്ചയം.'

ഗുണ്ടർട്ടിന്റെ കൃതികളിലൂടെ നവീന ചരിത്രശൈലി മലയാളത്തിൽ
വികാസം പ്രാപിച്ചു എന്നു അവകാശപ്പെടാം. അക്കാലത്തു
ചരിത്രഗ്രന്ഥമെഴുതിയവരിൽ ‘കൊഴിക്കൊട്ട ഗവർമെണ്ട പാഠകശാലയിൽ 1-
ാം മുനിഷി അയ്മനം പി. ജൊൻ' പ്രത്യേക പരാമർശം അർഹിക്കുന്നു. ഹെൻറി
മോറിസ് സായ്പിന്റെ ഇംഗ്ലീഷ് ഗ്രന്ഥത്തെ അവലംബമാക്കി ജോൺ രചിച്ച
235 പുറമുള്ള ഇന്ത്യയുടെ ചരിത്രം 1859-ൽ കോട്ടയത്തു അച്ചടിച്ചു. "ഈ
പുസ്തകം പ്രത്യെകം എല്ലാവക പള്ളിക്കുടങ്ങളുടെയും ഉപകാരത്തിന്നായിട്ട
ഉണ്ടാക്കിയിരിക്കുന്നു. ഇന്ത്യാചരിത്രം ഇപ്പൊൾ പുതിയ നിയമപ്രകാരമുള്ള
പരീക്ഷയിൽ ഒരു മുഖ്യ പുസ്തകമായി വെച്ചിരിക്കകൊണ്ട, ആ വക പരീക്ഷ [ 43 ] കൊടുപ്പാൻ വിചാരിക്കുന്നവർക്കും ഇത വളരെ ഉപയൊഗമായി വരുമെന്ന
ഇഛിക്കുന്നു." എന്നുഗ്രന്ഥകർത്താവ് അവതാരികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ജോണിന്റെ ശൈലി മനസ്സിലാക്കാൻ ഗ്രന്ഥാരംഭം ഉദ്ധരിക്കാം.

ഇന്ത്യയുടെ ചരിത്രം

ഇന്ത്യയുടെ പുരാണ ചരിത്രത്തെ കുറിച്ച അധികമായിട്ടുള്ള അറിവ
കിട്ടീട്ടില്ലെങ്കിലും അല്പമായിട്ട കിട്ടീട്ടുള്ളതിൽ നിന്ന പണ്ടത്തെ ഇന്ത്യക്കാർ
നല്ല പഠിപ്പും അറിവും മര്യാദയുള്ളവരും ധനവാന്മാരും ആയിരുന്നു എന്ന
നിശ്ചയിക്കെണ്ടതിന്ന ഇടയുണ്ട. അവർ ജാത്യാൽ മിക്കവാറും ധൈര്യവും
ഉറപ്പും ഇല്ലാത്തവർ ആയിരുന്നതുകൊണ്ട അധികമധികം വർദ്ധിക്കണമെന്നുള്ള
വിചാരം ഒട്ടും കൂടാതെ മടിയന്മാരായി തീർന്ന ആ വർദ്ധിച്ച സ്ഥിതിയിൽതന്നെ
ഇരുന്നതെയുള്ളൂ. അതുകാരണത്താൽ അന്യദെശക്കാർ വന്ന അവരെ ജയിച്ച
അവരുടെ ധനംകൊണ്ട ധനവാന്മാരായി തീർന്നു.

ക്രിസ്തുക്കാലം ഏകദേശം 550 ഒറയുസ ഫിസ്കാപീസ എന്ന
പാർസിയിലെ രാജാവ ഇന്ത്യയുടെ ഏതാനും ഭാഗങ്ങളെ ജയിച്ചു.
അതിന്റെശെഷം ഗ്രെക്കരുടെ രാജാവായ അലക്സസന്തർ വടക്കെ ഇന്ത്യ
മിക്കവാറും ജയിച്ച അവനും അവന്റെ ശെഷമുണ്ടായ രാജാക്കന്മാരും ഏകദെശം
100 കൊല്ലത്തിൽ അധികം അതിനെ അടക്കി അനുഭവിച്ചു. അതിൽ പിന്നെ
മുഹമ്മദവെദക്കാർ ഇന്ത്യ പിടിച്ച കൈവശമാക്കി അതിൽ ഏറിയകാലം
രാജാക്കന്മാരായി വാഴുകയും ചെയ്തു ഇവരിൽ ഒന്നാമത്തവർ ഇന്ത്യയുടെ
വടക്കുപടിഞ്ഞാറുള്ള കാബൂൽരാജ്യത്തിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായ
ഗാസിനിയിലെ രാജാവായ മുഹമ്മദ ആയിരുന്നു. അവൻ ഇന്ത്യയുടെ നെരെ
പന്ത്രണ്ടുപ്രാവശ്യം യുദ്ധം ചെയ്തകയും ഓരൊരൊ ജയത്തിന്റെ ശേഷം
അനവധി ദ്രവ്യം തന്റെ ദെശത്തെക്ക കൊണ്ടുപൊകയും ചെയ്തു. എന്നാൽ
പന്ത്രണ്ടാമത്തെ അവന അപകടമുള്ളതായി തീർന്നു. അത ബൊംബായിക്ക
വടക്ക ഗുജരാത്ത എന്ന രാജ്യത്തുള്ള സൊമനാഥ എന്ന ക്ഷെത്രത്തിന്റെ
നെരെ ആയിരുന്നു. ഇത ഏറ്റവും ഉറപ്പും ശ്രുതിയും അസംഖ്യധനവുമുള്ള ഒരു
പുണ്യസ്ഥലം ആയിരുന്നു. ഇന്ത്യയിൽ എത്രയും ധൈര്യശാലികളായ
രജപുത്രന്മാർ അയലത്തുള്ള ചില രാജാക്കന്മാരുടെ സഹായത്തൊടു കൂടെ
ഏറ്റവും ശൌര്യത്തൊടെ യുദ്ധം ചെയ്തതുകൊണ്ട മഹമ്മദുകാർ തൊറ്റ
ഓടുവാൻ തുടങ്ങി. അപ്പൊൾ മുഹമ്മദ കുതിരപ്പുറത്തുനിന്ന ഇറങ്ങി തന്റെ
പടയാളികളെ ധൈര്യപ്പെടുത്തിയതിനാൽ അവർ സാഹസത്തൊടുകൂടെ
യുദ്ധംചെയ്ത ഇന്ത്യക്കാരെ തൊല്പിച്ച കടൽവഴിയായി ഓടിച്ചുകളഞ്ഞതിന്റെ
ശെഷം അവൻ ക്ഷെത്രത്തിൽ കയറി തന്റെ കയ്യിലുണ്ടായിരുന്ന ഗദകൊണ്ട
വിഗ്രഹത്തെ തകർത്തു എന്നും അതിനുള്ളിൽ അസംഖ്യ വിലയെറിയ
വൈരക്കല്ലുകളും മുത്തുകളും സംഗ്രഹിച്ച വെച്ചിരുന്നത ഒക്കെയും
എടുത്തുകൊണ്ടുപൊയി എന്നും ഒരു ചരിത്രമെഴുത്തുകാരൻ പറയുന്നു. ഈ
ജയത്തിന്റെ ശെഷം ഗുജരാത്തിൽ തന്റെ അധികാരം നടത്തെണ്ടതിന്ന
വെണ്ടി ഒരു രാജാവിനെ നിശ്ചയിച്ചും വെച്ച അവൻ ഗാസിനിയിലെക്കുതന്നെ
മടങ്ങി എങ്കിലും അവൻ പൊകുംവഴിയിൽ ഗുജരാത്തിന്ന വടക്കുള്ള
അജമെരിലെ രാജാവ ഒരു വലിയ സൈന്യത്തൊടുകൂടെ നിന്നിരുന്നതുകൊണ്ട [ 44 ] അതിന്ന പടിഞ്ഞാറ സിണ്ടിയുടെ കിഴക്കുഭാഗത്തുള്ള വനപ്രദെശങ്ങളിൽ കൂടെ
അവനും അവന്റെ സൈന്യവും പൊകേണ്ടിവന്നു. അതിനാൽ ചൂടും ദാഹവും
ക്ഷീണവും കൊണ്ട അവന്റെ സൈന്യങ്ങൾ മിക്കവാറും നശിച്ചുപൊയി.
അവന്റെ വംശക്കാർ 100 കൊല്ലം വരെയും രാജ്യഭാരം ചെയ്തതിന്റെ ശെഷം
ഇന്ത്യയുടെ തുലൊം വടക്കു പടിഞ്ഞാറുള്ള കൊക്കെസസ എന്ന
പർവതത്തിലുള്ള ഗൊർ എന്ന രാജ്യത്തെ സ്ഥാപിച്ചവനായ മുഹമ്മദ ഗാസിനി
യുടെ വംശക്കാരെ ജയിച്ചു. ഇവൻ ഇന്ത്യയുടെ വടക്കുഭാഗത്തുള്ള ദൽഹി,
അതിന്ന തെക്കുപടിഞ്ഞാറുള്ള അജമെർ എന്ന രാജ്യങ്ങളെ ഒക്കെയും കീഴടക്കി.

അവൻ മരിച്ചശെഷം അവന്റെ ദാസനും സൈന്യത്തിനൊക്കയും
അധിപതിയുമായ കട്ടബടിയൻ എന്നവൻ രാജാവായിതീർന്നു അവന്റെ
വംശക്കാർ ഒക്കെയും അടിമരാജാക്കന്മാരെന്ന വിളിക്കപ്പെട്ടിരുന്നു. അവരുടെ
ശെഷം കിൽജിയുടെ വംശക്കാര രാജ്യഭാരം ചെയ്തു അവരുടെ കാലത്ത
മുഹമ്മദുകാർ തെക്കെ ഇന്ത്യ ഒക്കെയും കീഴടക്കി.'

ഹെൻറി മൊറിസ് സായ്വിന്റെ ഇന്ത്യ ചരിത്രത്തിനു 1869-ൽ
മംഗലാപുരത്തുനിന്ന് ഒരു തർജമപ്രസിദ്ധീകരിച്ചു. മലയാളത്തിൽ സർക്കാരാൽ
നടത്തിവരുന്ന എഴുത്തുപള്ളികളുടെ പ്രയോജനത്തിന്നായി ഭാഷാന്തരം
ചെയ്തത എന്ന പുറംചട്ടയിൽ കാണുന്നു. തർജമക്കാരൻ ക്രിസ്റ്റ്യാൻ മ്യൂളർ
എന്ന ജർമൻ മിഷണറിയാണ്.

Translated into Malayalam and adapted to the Vernacular
schools of the Madras Presidency by order of the director of Public
instructions എന്ന ഇംഗ്ലീഷ് കുറിപ്പ് പുസ്തകത്തിന്റെ ഔദ്യോഗിക സ്വഭാവം
വ്യക്തമാക്കുന്നു. മലയാള പാഠപുസ്തകചരിത്രം പഠിക്കുന്നവർക്കു ഇതു ഒരു
കാരണവശാലും അവഗണിക്കാനാവില്ല! 385 പുറമുള്ള ഈ ഗ്രന്ഥത്തിൽ നിന്നു
തർജമ ശൈലി വ്യക്തമാക്കാൻ പ്രാരംഭഭാഗം ഉദ്ധരിക്കുന്നു.

ഭാരതഖണ്ഡമാകുന്ന ഇന്ത്യ-കിഴക്കു, അസ്സാംഖായിഗദേശങ്ങളും
ബങ്കാള സമുദ്രവും; തെക്കു, ഹിന്ദുസമുദ്രവും; പടിഞ്ഞാറു അറവിസമുദ്രവും
സുലെമാൻ പർവതവും, വടക്കു ഹിമാലയ പർവതവും-എന്നീ നാലു
അതിർക്കകപ്പെട്ടു, കന്യാകുമാരി മുതൽ ഹിമാലയ പര്യന്തം 400 യോജന
വീതിയും, സിന്ധുനദിയുടെ അഴിമുഖത്തു നിന്നും മഹാഗംഗ, ബങ്കാള
സമുദ്രത്തിൽ കൂടുന്ന ഭൂമിയോളം 330 യോജനനീളവും, 81200 ചതുരശ്രയോജന
വിസ്താരവുമുള്ള ഒരു അർദ്ധദ്വീപു ആകുന്നു.

'ഭാരതഖണ്ഡം വിന്ധ്യാമലപ്രദേശങ്ങളാൽ രണ്ടു വലിയ
അംശങ്ങളാക്കി വിഭാഗിക്കപ്പെട്ടിരിക്കുന്നു. വടക്കു അംശത്തിന്നു
ഹിന്ദുസ്ഥാനവും ഉത്തരഖണ്ഡവും, തെക്കു അംശത്തിന്നു ദക്ഷിണഖണ്ഡവും
എന്ന പേരുകൾ നടപ്പായിരിക്കുന്നു. പലരും ഭാരത ഖണ്ഡം മുഴുവനെ
ഹിന്ദുസ്ഥാനം എന്ന പേർ വിളിക്കയും ചെയ്യുന്നു.

സിന്ധുഗംഗാനദികളുടെ കുഴിനാടുകൾ, സിന്ധുനദിയുടെ കിഴക്കുള്ള
മഹാമരു, വിന്ധ്യമലയോളം പരന്നു കിടക്കുന്ന സമഭൂമി-എന്നിവ
ഹിന്ദുസ്ഥാനത്തിന്റെ അംശങ്ങളാകുന്നു; സിന്ധുനദിയിൽ കൂടുന്ന അഞ്ചു
പുഴകളുടെ നാടായ പഞ്ചനദവും ബെലുചിസ്ഥാൻ രാജ്യത്തിന്റെ അതിരായ [ 45 ] സൈന്ധവദേശവും സിന്ധുനദിയുടെ കുഴിനാട്ടിൽ അടങ്ങിയിരിക്കുന്നു.

ഗംഗാനദിയുടെ കുഴിനാടു എത്രയും സൌഭാഗ്യവും ധനപുഷ്ടിയുള്ള
ദേശം ആകുന്നു. ഹിന്ദുക്കളുടെ ആദ്യപാർപ്പിടവും അവരുടെ പ്രധാന
ക്ഷേത്രങ്ങളും തീർത്ഥം മുതലായ പുണ്യസ്ഥലങ്ങളും മനോഹരമുള്ള
നഗരങ്ങളും മഹാരമ്യമായ ഗംഗാനദിയുടെ ഇപ്പോഴത്തെ സർക്കാരിന്റെ
രാജധാനിയും മറ്റും അവിടെ തന്നെ ഇരിക്കുന്നു.

മഹാമരു സൈന്ധവരാജ്യത്തിന്റെ കിഴക്കിൽ പരന്നു കിടക്കുന്നു.
വിന്ധ്യമലയുടെ വടക്കെ അതിരോളം നീണ്ടിരിക്കുന്ന മദ്ധ്യഖണ്ഡത്തിലെ
മലപ്പരപ്പുദേശം ചുറ്റുമുള്ള താണ നാടുകളേക്കാൾ സുഖകരമായ
ഭൂമിയാകുന്നു.

ദക്ഷിണഖണ്ഡത്തിന്റെ ഉയർന്ന ഭൂമി ത്രികോണ സ്വരൂപമായിരി
ക്കുന്നു. മൂന്നു അറ്റങ്ങളിൽ തുടർമ്മലകൾ അതിനെ ചുറ്റിക്കിടക്കുന്നു.
മലപ്രദേശത്തെക്കു കയറി പോകുവാൻ പല കണ്ടിവാതിലുകളും നദികൾ
ഇറങ്ങിതാണഭൂമിയിൽ കൂടി സമുദ്രത്തിൽ ഒഴുകി ചേരുവാൻ പലതാഴ്വരകളും
ഉണ്ടു. പടിഞ്ഞാറെ അറ്റത്തിന്നും *സഹ്യമലയും കിഴക്കെത്തിന്നും

അമരഖണ്ഡവും വടക്കെ പുറത്തുനിന്നും വിന്ധ്യമലയും എന്ന
പേരുകൾ നടപ്പായ്‌വന്നതു. ഈ മൂന്നു അതിരുകൾക്കകത്തു പല പേരുള്ള
ഉയർന്ന ഭൂമികൾ വിസ്താരേണ കിടക്കുന്നു. അതിരുകൾക്കു പുറത്തു പല
താണനാടുകളും കടല്പുറങ്ങളും വ്യാപിച്ചിരിക്കുന്നു. പടിഞ്ഞാറെ
അതിരാകുന്ന സഹ്യമല, തപതി, നർമ്മദാനദികൾ ഒഴുകുന്ന ഖണ്ഡെശനാടു
മുതൽ ചങ്ങാലാകേരണ കിഴക്കു തെക്കായി നീലഗിരിയോളം പരന്നു. അതിന്നു
തെക്കെ വെരാറു ഒഴുകുന്ന താണഭൂമിയുടെ തെക്കുനിന്നു പിന്നെയും ഉയർന്നു
കന്യാകുമാരിപര്യന്തം ചെന്നെത്തി നില്ക്കുന്നു. കിഴക്കെ അതിരാകുന്ന
പവിഴമല, കൃഷ്ണാനദി തുടങ്ങി മദ്രാസി നഗരത്തിന്റെ തൂക്കംവരെയും,
കിഴക്കൻകരക്കു സമാന്തരമായി തെക്കോട്ടു നീങ്ങി കിടക്കയും, അവിടെനിന്നും
പടിഞ്ഞാറോട്ടു തിരിഞ്ഞു, എത്രയും ഉയർന്ന പർവതമായ നീലഗിരിയിൽ
കൂടുകയും ചെയ്യുന്നു. അതിന്റെ വടക്കു അംശം കൃഷ്ണാനദി തുടങ്ങി
കട്ടക്കനഗരത്തിന്റെ തൂക്കത്തോളം വടക്കോട്ടു ചെന്നെത്തി, പല
കണ്ടിവാതിലുകളും താഴ്ചവരകളും കൊണ്ടു വികടമായി കിടക്കുന്നു.'

ഗുണ്ടർട്ടുതുടങ്ങിവച്ച ചരിത്രരചന മലബാർ പ്രദേശത്തു വളരെ വേഗം
വികാസം പ്രാപിച്ചു. മലബാറിലെ ഗദ്യശൈലിക്ക് വിശിഷ്യമിഷണറിഗദ്യത്തിന്,
മൊത്തത്തിലുണ്ടായിരുന്ന ഋജുത്വവും തെളിമയും ചരിത്രഗ്രന്ഥങ്ങൾക്ക്
നന്നായി ഇണങ്ങി. 1881-ൽ ബാസൽമിഷൻ പ്രസിദ്ധീകരിച്ച പി.ഒ. പോത്തന്റെ
ഇന്ത്യാചരിത്രത്തിൽ നിന്ന് ഒരു ഭാഗം ഉദ്ധരിച്ചു ചരിത്രശൈലിയിലെ ഗുണ്ടർട്ടു
പാരമ്പര്യത്തെക്കുറിച്ചുള്ള ഈ പ്രകരണം സമാപിപ്പിക്കാം. [ 46 ] പൂർവികഭാഗങ്ങൾ

ഹിമവാൻ മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന
ഭാരതഖണ്ഡമെന്ന ഇന്ത്യാരാജ്യത്തിൽ ആദ്യകാലങ്ങളിൽ ഹിന്ദുസ്ഥാനം,
ദക്ഷിണരാജ്യം എന്നീ രണ്ടു ഖണ്ഡങ്ങളെ ഉണ്ടായിരുന്നുളളു.
വിന്ധ്യാമലകളുടെ വടക്കുള്ള ദേശത്തിന്നു ഹിന്തുസ്ഥാനമെന്നും,
തെക്കുള്ളതിന്നു ദക്ഷിണരാജ്യമെന്നും പേരായിരുന്നു.

പൂർവചരിത്രം

ഇന്ത്യയുടെ പുരാണചരിത്രത്തെകുറിച്ചു ഒന്നുംതന്നെ ക്ലിപ്തപ്പെടുത്തി
പറയുന്നതിന്നു പാടില്ല. പൂർവത്തിൽ നടന്നതിനെ കുറിച്ചു, മഹാഭാരതം
രാമായണം മുതലായ ഗ്രന്ഥങ്ങളിൽ കാണുന്നതിനെ, അല്പം മാത്രമെ
വിശ്വസിപ്പാൻ പാടുള്ളൂ. കവീശ്വരന്മാരായിരുന്ന ഗ്രന്ഥകർത്താക്കൾ കർണ്ണരസം
മനോരസം മുതലായവയെ ജനിപ്പിപ്പാൻ, ഉള്ളതും ഇല്ലാത്തതും കൂട്ടിക്കെട്ടി
ചേർത്തു കേമമായി വർണ്ണിച്ചിരിക്കുന്ന സംഗതികളെ, ആരാഞ്ഞു
നോക്കിയതിൽ വിശ്വാസയോഗ്യമായവ എത്രയോ ചുരുക്കുമെന്നു
കണ്ടിരിക്കുന്നു.

ആര്യാഗമം

മദ്ധ്യാസയിൽ നിന്നു പൂർവത്തിൽ ഏതോ ഒരു കാലത്തു, പടിഞ്ഞാറോ
ട്ടും തെക്കോട്ടും കുടിയിരിപ്പാനായി പോയ ഗോത്രക്കാരിൽ ഒരു കൂട്ടർ
ഇന്ത്യയിൽ വന്നു. പൂർവ നിവാസികളെ മലകളിലും കാടുകളിലും
ഓടിച്ചുകളഞ്ഞു, ഹിന്ദുസ്ഥാനത്തിൽ പാർത്ത പ്രകാരം ചരിത്രങ്ങളിൽ
കാണുന്നു. പടിഞ്ഞാറോട്ടുപോയവർ യവന, ഗർമ്മാന്യ മുതലായ രാജ്യങ്ങളിൽ
കുടിയേറി പാർത്തു. തെക്കുകിഴക്കോട്ടു പോയവരാകുന്നു ആര്യഗോത്രക്കാർ.
ഇവരുടെ ഭാഷയായിരുന്നു സംസ്കൃതം. ഇവർ പഞ്ചനദത്തിൽ കുടിയിരുന്നു.
കാലപ്പഴക്കം ചെന്നപ്പോൾ ഇവരിൽ സൂര്യവംശം എന്നും ചന്ദ്രവംശം എന്നും
രണ്ടു രാജസ്വരൂപങ്ങൾ ഉണ്ടായി. ഇവർ അയോദ്ധ്യയിലും മിഥിലരാജ്യത്തിലും
വാണുകൊണ്ടു. അന്യോന്യം പൊരുതുജയിച്ചു. ഇക്കാലത്തു നടന്ന
യുദ്ധങ്ങളത്രേ മഹാഭാരതരാമായണങ്ങളിൽ വർണ്ണിച്ചു കിടക്കുന്നതു.

മഹാഭാരതയുദ്ധം

ഹസ്തതിനാപുരി കൈവശമാക്കുവാനായി പാണ്ഡവരും നൂറ്റവരും
തമ്മിൽ ഉണ്ടായ കഠോരപോരിൽ പാണ്ഡവർ ജയിച്ചു; എങ്കിലും അവർ തപസ്സു
ചെയ്വാനായി മലകളിലേക്കു പൊയ്ക്കളഞ്ഞു. ഈ യുദ്ധം നടന്നതു
ക്രിസ്താബ്ദത്തിന്നുമുമ്പു 1300-ൽ ആയിരുന്നു; എങ്കിലും വിശേഷകൃതിയായി
ഈ ഭാരതം ആയിരം സംവത്സരം കഴിഞ്ഞ ശേഷം ഉണ്ടായ വേദവ്യാസൻ അത്രേ
ചമെച്ചതു. പാണ്ഡവവിക്രമവീരരിൽ പ്രധാന നായകൻ ശ്രീകൃഷ്ണൻ
ആയിരുന്നു. പാണ്ഡവരുടെ അനന്തരവർ പിന്നേ വളരെകാലം ഇന്ദ്രപ്രസ്ഥം
എന്ന ദിൽഹിയിൽ വാണുകൊണ്ടിരുന്നു.

രാമായണയുദ്ധം 1200 ക്രി. മു.

ഭാരതയുദ്ധം കഴിഞ്ഞാൽ പിന്നേ പ്രധാനമായതു രാമായണത്തിൽ
വർണ്ണിച്ചിരിക്കുന്ന രാവണവധമാണ. അയോധ്യാ രാജാവായ ദശരഥന്റെ
മകനായ ശ്രീരാമൻ ദക്ഷിണരാജ്യത്തിൽ കടന്നു വാനരരെന്നു പറയുന്ന കാട്ടാള [ 47 ] ജാതികളെ പടചേർത്തു. ലങ്കയിൽ പോയി യുദ്ധം ചെയ്തു, രാവണനെ ജയിച്ചു.
ഈ യുദ്ധം ക്രിസ്താബ്ദത്തിനു മുമ്പു 1200-ൽ നടന്നു എങ്കിലും ഈ ഗ്രന്ഥം
ആയിരംകൊല്ലം കഴിഞ്ഞശേഷം ഉണ്ടായ കവിശ്രേഷ്ഠനായ വാന്മീകി
ചമെച്ചതാണ്.

മാനവധർമ്മശാസ്ത്രം

ക്രിസ്താബ്ദത്തിനു മുമ്പു 900-ൽ ഉണ്ടായ മാനവധർമ്മശാസ്ത്രം
ഹിന്ദുജാതി ധർമ്മങ്ങളെയും മര്യാദകളെയും വിവരിക്കുന്നു. ബ്രഹ്മ, ക്ഷത്ര്യ,
വൈശ്യ, ശൂദ്രകുലങ്ങളെയും അവരുടെ ജാതിപ്രവൃത്തികളെയും കുറിച്ചു ഇതിൽ
വിവരമായി പറയുന്നുണ്ടു. ഇതിൽ പിന്നേ സംഭവിച്ച സംഗതികളെ പറ്റി
അല്പമായൊരു അറിവുപോലും കിട്ടീട്ടില്ല. ആ ഇടയിൽ വാണ രാജാക്കളുടെ
പേരുകൾ ഓരോ പഴയ നാണിയങ്ങളിലും ചില അപൂർവ്വകല്കൊത്തുകളിലും
കാണ്മാനുണ്ടു.

ബുദ്ധമുനി ക്രി.മു.

ക്രിസ്താബ്ദത്തിന്നു മുമ്പു. 598-543ൽ ബുദ്ധമതനിർമ്മിതനായ
ശാക്യമുനി ജീവിച്ചിരുന്നു. അവൻ ജാതിഭേദം വിഗ്രഹസേവ മുതലായ
അനാചാരങ്ങളെ ഇല്ലായ്മ ചെയ്തവാൻ ഉത്സാഹിച്ചു തന്റെ മതം പലനാടുകളിൽ
പരത്തുവാൻ ശ്രമിച്ചു.

ദാര്യാക്രമം

ക്രിസ്താബ്ദം 521-ൽ പാർസ്യരാജാവായ ദാര്യൻ ഇന്ത്യയെ ആക്രമിച്ചു.
ഇതത്രേ അന്യജാതിക്കാരുടെ ആക്രമങ്ങളിൽ ഒന്നാമത്തേതു. ഇവൻ കാബൂൾ
രാജ്യത്തെ കൈവശമാക്കിയശേഷം ഇന്ത്യയിലേക്കു കടന്നു പഞ്ചനദം, സിന്ധ്യ
എന്ന രാജ്യങ്ങളെ സ്വാധീനപ്പെടുത്തി, ആ നാടുകളിലേ രാജാക്കന്മാരോടു
കപ്പംവാങ്ങി പോന്നു. ഈ ദാര്യൻ ഇന്ത്യയിൽ നിന്നു സിന്ധുനദിയൂടെ
ഹിന്ദുസമുദ്രത്തിലേക്കു കടന്നു അറബിയെ ചുറ്റി ചെങ്കടൽ വരെ
കപ്പൽവഴിയായി മടങ്ങി പോയി.'

കേരള ഗസറ്റിയർ എഡിറ്റർ ഡോ. കെ.എൻ. ഗണേശ് കേരള
സർക്കാരിന്റെ സാംസ്കാരിക വകുപ്പുവഴി പ്രസിദ്ധീകരിച്ച കേരളത്തിന്റെ
ഇന്നലെകൾ (1990) എന്ന ചരിത്രഗ്രന്ഥത്തിൽ ഇങ്ങനെ കാണുന്നു.
'കേരളീയന്റെ ഭൂമിശാസ്ത്രപരമായ ജ്ഞാനം പരിമിതമായിരുന്നു.
മറ്റുനാടുകളിൽനിന്ന് കച്ചവടക്കാരും കുടിയേറ്റക്കാരും കേരളത്തിൽ
വന്നതല്ലാതെ കേരളീയർ കാര്യമായി പുറത്തു പോകാത്തതുകൊണ്ടാകാം
അത്.' കേരളത്തിൽ നിന്നുള്ള കപ്പലോട്ടക്കാരെയും വണിക്കുകളെയും
കുറിച്ചുള്ള വ്യക്തമായ അറിവുകൾ ലഭ്യമായിരിക്കെ ഭൂമിശാസ്ത്രപരമായ
അജ്ഞതയ്ക്കു മറ്റു കാരണങ്ങൾ കണ്ടെത്തേണ്ടി വന്നേക്കും. ഏതായാലും
ഇന്നു നാം പഠിക്കുന്ന തരത്തിലുള്ള ഭൂമിശാസ്ത്രം വിദേശത്തുനിന്നു ഇറക്കുമതി
ചെയ്തതാണ്. അതു പരിചയപ്പെടുത്തിത്തന്നത് ആദ്യകാല വിദ്യാഭ്യാസ
പ്രവർത്തകരായ മിഷണറിമാരാണ്. 1853-ൽ കോട്ടയം ചർച്ചു മിഷൻ പ്രസിൽ
222 പുറമുള്ള ഭൂമിശാസ്ത്രം അച്ചടിച്ചു. പ്രശസ്തനായ ജോസഫ് പീറ്റായിരുന്നു
ഗ്രന്ഥകർത്താവ്. ആനുഷംഗികമായി സൂചിപ്പിക്കട്ടെ, കോട്ടയത്തു പ്രവർത്തിച്ച
മിഷണറിമാരിൽ മലയാള ഭാഷയ്ക്കു വളരെയേറെ വിലപ്പെട്ട സേവനം [ 48 ] 1853-ൽ കോട്ടയം CMS പ്രസിൽ അച്ചടിച്ച പീറ്റിന്റെ ഭൂമിശാസ്ത്രം
By Courtesy of Tübingen University Library [ 49 ] അനുഷ്ഠിച്ച വ്യക്തിയാണ് പീറ്റ്. ഫുൽമോനി എന്നും കോരുണ എന്നും
പേരായ രണ്ട് സ്തീകളുടെ കഥ, ഒന്നിലേറെ മലയാളവ്യാകരണങ്ങൾ, ഇപ്പോൾ
സൂചിപ്പിച്ച ഭൂമിശാസ്ത്രം എന്നിവ മാത്രം പരിഗണിച്ചാൽ മതി അദ്ദേഹത്തിനു
മലയാള ഭാഷാ ചരിത്രത്തിൽ ആചാര്യപദവി നൽകാൻ. യൂറോപ്പിലെയും
ഏഷ്യയിലെയും രാജ്യങ്ങളെക്കുറിച്ചു വിശദമായ വിവരങ്ങൾ പീറ്റിന്റെ
ഗ്രന്ഥത്തിലുണ്ട്. പീറ്റിന്റെ ഗദ്യശൈലി സരളവും പ്രസന്നവുമാണ്.
ഗ്രന്ഥശൈലി വ്യക്തമാക്കാൻ സ്വിറ്റ്സർലണ്ടിനെക്കുറിച്ചുള്ള ഭാഗം ഇവിടെ
ഉദ്ധരിക്കാം.

സിർത്ത്സർല്ലാണ്ട എന്ന ദേശത്തെ കുറിച്ച

അതിരുകൾ: സിർത്ത്സർല്ലാണ്ട എന്ന ദേശത്തിന്റെ വടക്കെ ഭാഗം
ജെർമനിയാലും കിഴക്ക ഓസ്ട്രിയയാലും തെക്ക് ഇത്തലിയാലും പടിഞ്ഞാറ
ഫ്രാൻസിനാലും അത്യത്തിയാക്കപ്പെട്ടിരിക്കുന്നു.

പ്രധാന അംശങ്ങൾ—ബേർൻ എന്നും ഫ്രുബുർഗ്ഗ എന്നും സൊലഥൻ
എന്നും ബാസൽ എന്നും ലൂസെർൻ എന്നു ഉണ്ടേർവാൽദെൻ എന്നും ഉറി
എന്നും ഷപ്ടസ എന്നും സൂറിക്ക എന്നും സുഗ്ഗ എന്നും ഗ്ലറുസ്സ എന്നും
അപ്പെൻസൽ എന്നും ഷാഫ്ഹാസെൻ എന്നും ഗ്രിസൊൻസ എന്നും വലായിസ
എന്നും ജെനവാ എന്നും നിയഫ്ഗ്ദാത്തെൽ എന്നും സന്തഗാൽ എന്നും
കൊൻസ്കാൾസ എന്നും അർഹൊവിയാ എന്നും വാഡ അല്ലെങ്കിൽ ലിമാൻ
എന്നും തെസ്സിൻ എന്നും ആകുന്നു.

പ്രധാന നഗരികൾ—ഓരോ പ്രധാന അംശത്തിൽ ഓരോ നഗരി ഉണ്ട്.
അവയുടെ പേരുകൾ മിക്കവയും അംശങ്ങളുടെ പേരുകളെ പോലെ ആകുന്നു.

മലകൾ—യൂറോപ്പിലുള്ള എല്ലാം ദേശങ്ങളെക്കാളും സിർത്ത്സർല്ലാണ്ട
തുലോം മലമ്പ്രദേശം ആകുന്നു. ആ മലകളിൽ ഏറ്റവും ഉയരമുള്ളവയുടെ
പേരുകൾ റീത്യാൻ ആൽപ്സ എന്നും ഹെൽവിത്യൻ അൽപ്സ എന്നും
സന്തഗൊരുഡ എന്നും മോന്തബ്ലാങ്ക എന്നും സന്തബെർന്നാഡ എന്നും
മൌന്തജുറാ എന്നും ആകുന്നു.

കായലുകൾ—കൊൻസ്കാൻസ, ജെനെവാ എന്നും നിയഫ്ശർത്തെൽ
എന്നും ലൂസെൻ എന്നും സുഗ്ഗ എന്നും വാല്ലെൻസ്കാഡ എന്നും ബ്ലൈയന്ത്സ
എന്നും തുൻ എന്നും ആകുന്നു.

ആറുകൾ—രീൻ എന്നും രോൻ എന്നും ആർ എന്നു റുസ്സ എന്നു ലിമ്മാത്ത
എന്നും തെസ്സിനൊ എന്നും ഇൻ എന്നും ആകുന്നു.

ദേശരൂപം—എല്ലാ ദേശങ്ങളിൽ ഉള്ളതിനെക്കാളും സിർത്ത്സർല്ലാ
ണ്ടിലുള്ള ദിക്കുകളുടെ കാഴ്ച തുലോം വ്യത്യാസമുള്ളതാകുന്നു. ചിലദിക്കുകൾ
എല്ലായ്പോഴും ഹിമം കൊണ്ടു മൂടപ്പെട്ടിരിക്കുന്നു. പല സ്ഥലങ്ങളിൽ
ഗ്ലസ്തീയസ എന്ന പേർ പറയുന്ന ഉറച്ച നീർ കിടക്കുന്നു. ഇതിനെ കണ്ടാൽ
സമുദ്രം പെരുങ്കാറ്റകൊണ്ട അടച്ചിരിക്കുന്ന സമയത്ത് ഉറച്ച പോയി എന്ന
തോന്നും. ചിലദിക്കുകൾ മുന്തിരിങ്ങാത്തോട്ടങ്ങളും കൃഷിസ്ഥലങ്ങളും നല്ല
തരമായ വൃക്ഷങ്ങളും കൊണ്ട നിറഞ്ഞിരിക്കുന്നു. ഈ വ്യത്യാസമുള്ള
പ്രദേശങ്ങൾ അടുത്തടുത്തിരിക്കകൊണ്ട അവയെ കണ്ടാൽ ബഹു അതിശയം
തോന്നുന്നതിന്ന ഇടയുണ്ട. [ 50 ] ക്ലൈമെട്ട—ദേശരൂപം എന്ന പോലെ സ്വിർത്ത്സർല്ലാണ്ടിലെ ക്ലൈമെട്ട
പൊരുത്ത വ്യത്യാസഉള്ളതാകുന്നു. ചില ദിക്കുകളിലെ ശീതോഷ്ണം
തക്കതായുള്ളതും ചില സ്ഥലങ്ങളിലേത് ബഹു തണുപ്പുള്ളതും ആകുന്നു.

ഉത്ഭവങ്ങൾ—മലകളുടെ ചരിവുകളിൽ നല്ല മുന്തിരിങ്ങാ തോട്ടങ്ങളും
വൃക്ഷാദികളും ധാന്യങ്ങളും ഉണ്ട. എന്നാൽ കൃഷിക്ക ആദേശം അത്ര നല്ലതല്ല.
മേച്ചിലിന്നായിട്ട നന്നുതന്നെ. കാട്ടുമൃഗങ്ങളിൽ പ്രത്യേകമായിട്ടുള്ളവ
ഐബക്സ എന്ന പേർ പറയുന്ന ഒരുമാതിരി ആടും ഷെമൊയിസ എന്ന പേർ
പറയുന്ന ഒരുമാതിരി ആടും മാർമ്മോട്ട എന്ന പേർ പറയുന്ന ഒരു മാതിരി
എലിയും ആകുന്നു. ഇവ കൂടാതെ യൂറോപ്പിലുള്ള മറ്റ ദേശങ്ങളിലെ പോലെ
നാല്ക്കാലിമൃഗങ്ങളും പക്ഷികളും ഉണ്ട. വെള്ളിയും ചെമ്പും ഈ ഇരിമ്പും
ഉള്ള തുരങ്കങ്ങളും ഉണ്ട. കണ്ണാടിയുടെ തെളിവുപോലെയുള്ള
സ്ഫടിക്കക്കല്ലുകളും മറ്റ രത്നക്കല്ലുകളും മലകളിൽ നിന്ന കിളച്ച
എടുക്കുന്നുണ്ട്.

കൈവേലകളും വ്യാപാരവും—സന്തഗാൽ എന്ന പ്രദേശത്തിൽ
ചണശീലത്തരങ്ങൾ ഉണ്ടാക്കപ്പെടുന്നു. ജെനെവായിൽ ഉണ്ടാക്കുന്ന ചെറിയ
നാഴികമണികൾ ശ്രുതിപ്പെട്ടതാകുന്നു. ചില ദിക്കുകളിൽ പട്ടും അച്ചടിച്ച
പഞ്ഞിശീലത്തരങ്ങളും ഉണ്ടാക്കപ്പെടുന്നു. വ്യാപാരം വിശേഷമായിട്ടില്ല.

പഠിത്വവും മതവും—പഠിത്വവും ജ്ഞാനവും ഉള്ളവർ ഈ ദേശത്തിൽ
വളരെ ഉണ്ട. ചില ആളുകൾ പ്രൊത്തസ്താന്തകാരും മറ്റുചിലർ റോമ മതക്കാരും
ആകുന്നു.

വിശേഷാദികൾ—പണ്ടത്തെ കാലങ്ങളിൽ ഈ ദേശത്തിന്റെ പേർ
ഹെൽവിത്യാ എന്ന ആയിരുന്നു. കാലക്രമം കൊണ്ട അത ഓസ്ടിയ
രാജാവിന്റെ അധികാരത്തിന്ന കീഴിൽ അകപ്പെട്ടുപോയി. എന്നാൽ 500
ചില്വാനം സംവത്സരം മുമ്പെ ഓസ്ട്രിയക്കാരനായ ഗ്ലൈസ്ലർ എന്ന പേരുള്ള
നാടുവാഴി സ്വിർത്തർല്ലാണ്ടിനെ ഭിരിച്ചു. അവൻ മഹാ ഡംഭുള്ളവനും ജനങ്ങളെ
നശിപ്പിച്ചവനും ആയിരുന്നു. അവൻ തന്റെ തൊപ്പി ഒരു കുറ്റിയിന്മേൽ വെച്ച
കുടിയാന്മാർ അവനെ വണങ്ങി മാനിച്ചു വന്ന പ്രകാരം തന്നെ ആ തൊപ്പിയെ
മാനിക്കെണം എന്ന വിളംബരം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. എന്നാൽ
വില്ലിയം തെൽ എന്ന പേരുള്ളവൻ അതിനെ അനുസരിച്ചില്ല. അതകൊണ്ട
അവന്റെ പേരിൽ ആവലാധി ബോധിപ്പിച്ചാറെ വില്ലിയംതെൽ തന്റെ മകന്റെ
തലയിന്മേൽ അപ്പൾ എന്ന ഒരു ചെറിയ പഴം വെച്ച അപ്പൻ തന്നെ അതിനെ
അമ്പ എയ്ത ഖണ്ഡിക്കെണം എന്ന നാടുവാഴി തീർപ്പാക്കുകയും ചെയ്തു.
അപ്രകാരം വില്ലിയംതെൽ തന്റെ മകന്ന ഒരു ദോഷം പോലും വരാതെ ആ
പഴത്തെ എയ്ത രണ്ടായിട്ടു പിളർക്കയും ചെയ്തു. എന്നാൽ അവന്റെ
ആവനാഴികയിൽ ഒരു അമ്പു കൂടെ ഉണ്ടെന്ന കണ്ടിട്ട അത് എന്തിന്ന എന്ന
നാടുവാഴി ചോദിച്ചപ്പോൾ മറ്റെ അമ്പകൊണ്ട എന്റെ മകനെ ഞാൻ
കൊന്നുപോയി എന്നവരികിൽ ഇതകൊണ്ട നിന്നെയും കൊന്നുകളയെണം
എന്ന ഞാൻ ഉറപ്പായിട്ട നിശ്ചയിച്ചിരുന്നു എന്ന വില്ലിയംതെൽ ഉത്തരമായിട്ടു
പറഞ്ഞു. അത് കേട്ടാന്റെ നാടുവാഴി കോപം പൂണ്ട അവനെ കൂട്ടികൊണ്ടു
പൊയി പാറാവ ഗുഹയിൽ ആക്കെണം എന്ന കല്പിച്ചാറെ വില്ലിയംതെൽ [ 51 ] വഴിയിൽ വെച്ച ഓടിപൊയ്ക്കളഞ്ഞു. പിന്നെ കുടിയാന്മാർ എല്ലാവരും മത്സരിച്ച
ഓസ്ട്രിയ രാജാവിന്റെ അധികാരത്തെ ഉപേക്ഷിച്ചു കളഞ്ഞു. അന്ന മുതൽ
സ്വിർത്ത്സർല്ലാണ്ടിൽ രാജാധികാരം ഇല്ലാതെ ജനാധിപത്യം തന്നെ
ആയിരിക്കുന്നു. അത എന്തെന്നാൽ മേൽ പറഞ്ഞ പല പ്രദേശങ്ങളിൽ
ഓരോന്നിൽ ജനങ്ങൾ തങ്ങളിൽ നിന്ന തന്നെ അധികാരികളെ നിശ്ചയിച്ച
ആക്കി അവരെകൊണ്ട തന്നെ ആതാത പ്രദേശങ്ങളിലെ കാര്യങ്ങളെ നടത്തിച്ച
വരുന്നു. എന്നാൽ സ്വിർത്ത്സർല്ലാണ്ട എന്ന ദേശം എല്ലാ രക്ഷിപ്പാനായിട്ടും
എല്ലാം പ്രദേശങ്ങളിലുമുള്ളവർക്ക ഒരുപോലെ വേണ്ടുന്ന ചില കാര്യങ്ങളെ
നടത്തിപ്പാനായിട്ടും ഓരോരൊ പ്രദേശത്തിൽ ആളിനെ നിശ്ചയിക്കയും ആ
നിശ്ചയിക്കപ്പെട്ട ആളുകളെ കൊണ്ട പൊതുവിലുള്ള കാര്യങ്ങളെ
നടത്തിക്കുകയും ചെയ്തവരുന്നു. ആ ആലോചന സഭയ്ക്ക് ഡൈയെട്ട എന്ന
പേർ പറഞ്ഞുവരുന്നു.

സ്വിർത്ത്സർല്ലാണ്ടിൽ അവലാണ്സ ഉണ്ട്. അത് എന്തെന്നാൽ
മലകളുടെ മേൽ കിടക്കുന്ന ഹിമം ചിലപ്പോൾ വലിയ കൂട്ടങ്ങളായിട്ട താഴത്തേക്ക്
ഉരുണ്ടു വീഴും ഉരുണ്ട വരുന്തോറും പിണ്ഡഭാഷയായിട്ട തീർന്ന ചുറ്റും
കിടക്കുന്ന ഹിമവും ഉറച്ച നീരും കൂടടെകൂടീട്ട വലുതായി വലുതായി ഭവിക്കയും
ചെയ്തിട്ട മനുഷ്യരെയും മൃഗാദികളെയും ചിലപ്പോൾ വലിയ ഗ്രാമങ്ങളെയും
മൂടി നശിപ്പിക്കയും ചെയ്യും. സ്വിർത്ത്സർല്ലാണ്ടുകാർ ധൈര്യത്തിന്നും
പരമാർത്ഥത്തിന്നും തങ്ങളുടെ ദേശത്തെ കുറിച്ചുള്ള സ്നേഹത്തിന്നുമായിട്ട
കീർത്തിപ്പെട്ടവരാകുന്നു.'

കേരളത്തിലെത്തിയ കാലംമുതൽ ഹെർമൻ ഗുണ്ടർട്ടു
ദേശചരിത്രത്തിൽ സജീവതാല്പര്യം പുലർത്തിയിരുന്നു. അതിന്റെ ഭാഗമായി
അദ്ദേഹം ശേഖരിച്ച വിവരങ്ങൾ പാഠപുസ്തകരൂപത്തിൽ അവതരിപ്പിച്ചതാണ്
മലയാള രാജ്യം-ചരിത്രത്തോടുകൂടിയ ഭൂമിശാസ്ത്രം. 1869-ൽ മംഗലാപുരത്ത്
അച്ചടിച്ച പകർപ്പാണ് ഇതെഴുതുന്നയാൾ കണ്ടിട്ടുള്ളത്. ബാസൽ മിഷൻ
റിപ്പോർട്ടിൽ കാണുന്നതനുസരിച്ച് (Report of the Basel Evangelical
Missionary Society for 1869, Mangalore 1870:27) ഇതാണ് ആദ്യപതിപ്പ്.
അന്ന് 3000 കോപ്പി അച്ചടിച്ചതായി കാണുന്നതിനാൽ ഇതു പാഠപുസ്തകമായി
ഉപയോഗിച്ചിരുന്നു എന്നുകരുതണം. പാഠപദ്ധതിക്കു പാശ്ചാത്യരീതിയിലുള്ള
ശാസ്ത്രീയത നൽകണം എന്ന ഉദ്ദേശത്തോടുകൂടി തയ്യാറാക്കിയതാണ് മലയാള
രാജ്യം എന്ന എ.ഡി. ഹരിശർമ്മ സാക്ഷ്യപ്പെടുത്തുകയും (കെ. പി. വറീദ്.
ഡോ. ഹെർമൻ ഗുണ്ടർട്ട് 1973; 127) ചെയ്യുന്നു. മദിരാശിയിലെ
പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ആർബത്‌നോട്ടിനു ഗുണ്ടർട്ട് എഴുതിയ
കത്തിൽ ഭൂമിശാസ്ത്രത്തെ കുറിച്ചു പരാമർശമുണ്ട്: ലൊകചരിത്ര
സംക്ഷെപവും ഭൂമിശാസ്ത്രവും ഇനിയൊരു ആലോചനയും കൂടാതെ
ചെയ്യാവുന്നതാണ്. (ഡോ. ഹെർമൻ ഗുണ്ടർട്ട്, ഡിസിബി 1991:136) ഇവിടെ
സൂചിപ്പിക്കുന്ന ഭൂമിശാസ്ത്രത്തിന്റെ വികസിത രൂപമായിരിക്കില്ലേ മലയാള
രാജ്യം? മംഗലാപുരത്തു നിന്നും ഭൂമിശാസ്ത്രം എന്ന പേരിൽ പല പുസ്തകങ്ങൾ
പ്രസിദ്ധീകരിച്ചതായി അക്കാലത്തെ റിപ്പോർട്ടുകളിൽ കാണാം. മലയാള രാജ്യം
പ്രസിദ്ധീകരിച്ച 1869-ൽ ഭൂമിശാസ്ത്രം എന്ന ശീർഷകത്തിൽ 136 പുറമുള്ള [ 53 ] മറ്റൊരു ഗ്രന്ഥം കൂടി പ്രകാശിതമായി. Clifts Geography in Malayalam
എന്ന ഇംഗ്ലീഷ് ശീർഷകം അതിനുണ്ട്. അതിൽ ശബ്ദാവലി പ്രത്യേകം
ചേർത്തിരിക്കുന്നു. മലയാള പള്ളിക്കുടങ്ങളുടെ പ്രയോജനത്തിന്ന എന്നു പുറം
ചട്ടയിൽ കാണാം.

ചരിത്രവും ഭൂമിശാസ്ത്രവും ഗുണ്ടർട്ടിനു ചെറുപ്പംമുതൽ താല്പര്യമുള്ള
വിഷയങ്ങളായിരുന്നു. മൗൾബ്രോണിലെ സ്കൂളിലും ട്യൂബിങ്ങൻ
സർവകലാശാലയിലും അദ്ദേഹം ഈ വിഷയങ്ങൾ പഠിച്ചു. ഇങ്ങനെ ലഭിച്ച
സാങ്കേതിക പരിശീലനം അദ്ദേഹത്തിന് കേരളത്തിൽ പ്രയോജനപ്പെട്ടു. ഭൂപടം
വരച്ചുണ്ടാക്കുന്നതിൽ സമർത്ഥനായിരുന്നു ഗുണ്ടർട്ട്. അദ്ദേഹത്തിന്റെ
കത്തുകളിലും ഡയറിയിലും പെട്ടെന്നു വരച്ച ഭൂപടങ്ങൾ കാണാം.
കർണ്ണാടകത്തിലെ ഉഡുപ്പി ജില്ലയുടെയും മലബാറിന്റെയും വിശദാംശങ്ങൾ
ഉൾപ്പെടുത്തിക്കൊണ്ട് അദ്ദേഹം വരച്ച ഭൂപടങ്ങൾ ശ്രദ്ധേയങ്ങളാണ്.

മലയാള രാജ്യം ഇവിടെ പൂർണ്ണരൂപത്തിൽ ചേർക്കുന്നു. ഇങ്ങനെ
തീരുമാനിക്കാൻ പല കാരണങ്ങളുണ്ട്. ഒന്നാമത് കേരളത്തിൽ അത്യന്ത
വിരളമാണ് ഇതിന്റെ പകർപ്പുകൾ. ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രത്തിൽ
പോലും ഇതേക്കുറിച്ചു പരാമർശമില്ല. 1869-ലെ പകർപ്പ് മദിരാശി
ആർക്കെവസിലും 1877 ലെ പകർപ്പ് കേരള സാഹിത്യ അക്കാദമിയിലെ
കൃഷ്ണ കല്യാണി ഗ്രന്ഥശേഖരത്തിലും ഉള്ളതായി മലയാള ഗ്രന്ഥസൂചിയിൽ
കാണുന്നു. 1887-ൽ ഇതിനു മറ്റൊരു പതിപ്പുണ്ടായി.

ഒതുക്കമുള്ള കേരള ചരിത്രമാണ് മലയാള രാജ്യത്തിലുള്ളത്.
ദേശചരിത്രം മാത്രമല്ല അന്നത്തെ കേരളത്തിൽ, വിശിഷ്യ
മലബാറിലുണ്ടായിരുന്ന പട്ടണങ്ങൾ, അങ്ങാടികൾ, വിഭവങ്ങൾ, ജീവജാലങ്ങൾ
എന്നിവയെക്കുറിച്ചെല്ലാമുള്ള റഫറൻസ് ഗ്രന്ഥം കൂടിയാണ് മലയാള രാജ്യം.
ജനതയുടെ ചരിത്രം തേടുന്നവർക്കും മലയാള രാജ്യം പ്രയോജനപ്പെടും.
ഗുണ്ടർട്ടു നൽകുന്ന വിവരങ്ങൾ എത്രത്തോളം ശാസ്ത്രീയവും
കൃത്യവുമായിട്ടുണ്ട് എന്നു ഭാവി ഗവേഷകർ തീരുമാനിക്കട്ടെ. പെട്ടെന്നുള്ള
മൂല്യനിർണയനത്തിനു വഴങ്ങുന്ന തരത്തിലല്ല ഗ്രന്ഥത്തിന്റെ പരിപ്രേക്ഷ്യം.

സമൂഹഭാവനയും ചിന്താരീതിയും പ്രതിഫലിപ്പിക്കുന്ന പഴഞ്ചൊല്ലുകൾ
സമാഹരിച്ച് ഉപയോഗിക്കാൻ ഗുണ്ടർട്ടു നടത്തിയ ശ്രമങ്ങൾ വിശദമായ
പരിഗണന അർഹിക്കുന്നു. ക്രിസ്തുമത പ്രചാരണത്തിനു മലയാള
പഴഞ്ചൊല്ലുകൾ ഉപയോഗിക്കാനുള്ള ശ്രമമാണ് 1845-ൽ തലശ്ശേരിയിൽ
അച്ചടിച്ച പഴഞ്ചൊൽമാലയിൽകാണുന്നത്. പഴഞ്ചൊൽമാലപൂർണ്ണരൂപത്തിൽ,
ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ വജ്രസൂചി (1992) എന്ന വാല്യത്തിൽ
ചേർത്തിട്ടുണ്ട്. 1846-ൽ അറുനൂറു പഴഞ്ചൊൽ തലശ്ശേരിയിൽ അച്ചടിച്ചു.
ഇതിന്റെ പകർപ്പു കണ്ടിട്ടില്ല. 1850ൽ തലശ്ശെരിയിലെ 'ഛാപിത'ത്തിൽ നിന്നു
ഒര ആയിരം പഴഞ്ചൊൽ അച്ചടിച്ചിറക്കി. 1868-ൽ മംഗലാപുരത്തുനിന്ന് ഒരു
ആയിരം പഴഞ്ചൊൽ പ്രസിദ്ധീകരിച്ചു. തലശ്ശേരിയിലും മംഗലാപുരത്തും
അച്ചടിച്ച പതിപ്പുകളിൽ തൊള്ളായിരത്തി തൊണ്ണൂറു പഴഞ്ചൊൽ വീതമേ
ഉള്ളൂ. തലശ്ശേരിയിൽ അച്ചടിച്ച പുസ്തകത്തിൽ 678 കഴിഞ്ഞു 689 വരെയുള്ള
പത്തു നമ്പറുകൾ വിട്ടുപോയി. മംഗലാപുരം പതിപ്പിൽ ഈ പിഴ [ 54 ] ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എങ്കിലും ഗ്രന്ഥനാമത്തിൽ മാറ്റം വരുത്തിയില്ല. മലയാളം
അച്ചടി, ലിപിപരിണാമം എന്നിവയെക്കുറിച്ചെല്ലാം വിശദമായി പഠിക്കുന്നവർക്കു
പ്രയോജനപ്പെടുന്നവയാണ് പഴഞ്ചൊല്ലിന്റെ തലശ്ശെരി-
മംഗലാപുരം പതിപ്പുകൾ. വിശദവിവരങ്ങൾക്കും താരതമ്യപഠനത്തിനും
ചർച്ചയും പൂരണവും 1989:469 - 472 കാണുക. പിൽക്കാലത്തു കൂടുതൽ
പഴഞ്ചൊല്ലുകൾ കൂട്ടിച്ചേർത്ത് മംഗലാപുരത്തു നിന്ന് ആയിരത്തിരുന്നൂറ്
പഴഞ്ചൊൽ പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ ഒന്നാം ഭാഗത്തു അകാരാദി
ക്രമത്തിൽ ഒര ആയിരം പഴഞ്ചൊല്ലിലെ തൊള്ളായിരത്തി തൊണ്ണൂറു
പഴഞ്ചൊല്ലുകൾ ചേർത്തിരിക്കുന്നു; തുടർന്നു പുതുതായി ചേർത്ത
ഇരുന്നൂറ്റിപ്പത്തു പഴഞ്ചൊല്ലുകളും. പുതിയതായി ചേർത്തു കാണുന്ന
പഴഞ്ചൊല്ലുകൾ ശേഖരിക്കുന്നതിൽ ഗുണ്ടർട്ടിനു എന്തെങ്കിലും
പങ്കുണ്ടായിരുന്നോ എന്നു നിർണ്ണയിക്കാനാവുന്നില്ല. ഏതായാലും ഈ
സമാഹാരത്തിൽ ആയിരത്തിരുന്നുറു പഴഞ്ചൊൽ ചേർത്തിരിക്കുന്നു.

പഴഞ്ചൊല്ലുകൾ ക്രോഡീകരിക്കുക മാത്രമല്ല അർഥം മുൻനിർത്തിയും
ഭാഷാപരമായ സവിശേഷതകൾ പരിഗണിച്ചും വിശദമായി അപഗ്രഥിക്കാൻ
ഗുണ്ടർട്ട് ഒരുമ്പെട്ടു. സമാനാർത്ഥകങ്ങളായ പഴഞ്ചൊല്ലുകൾ ഒര ആയിരം
പഴഞ്ചൊല്ലിൽ ബ്രായ്ക്കറ്റിൽ കൊടുത്തിരിക്കുന്ന ക്രമസംഖ്യകൾ കൊണ്ടു
കണ്ടെത്താം. പഴഞ്ചൊല്ലുകൾ അക്ഷരമാല ക്രമത്തിൽ അടുക്കുന്നതോടെ
ജോലി തീർന്നു എന്നു കരുതുന്നവരാണ് പിൽക്കാലത്തെ സമ്പാദകർ. ആശയ
സമാനത, പരസ്പര പൂരകത്വം എന്നിവ പരിഗണിച്ചു പഴഞ്ചൊല്ലുകൾ
വർഗീകരിക്കാനും വ്യാഖാനിക്കാനുമാണ് പഴഞ്ചൊൽ മാലയിൽ
ശ്രമിച്ചിരിക്കുന്നത്. ഇപ്പോൾ ലഭ്യമായ അയ്യായിരത്തോളം പഴഞ്ചൊല്ലുകൾ
ഇത്രത്തോളമെങ്കിലും അപഗ്രഥിച്ചു പഠിക്കാൻ ഇന്നു നമുക്കു കഴിഞ്ഞിട്ടില്ല!
പഴഞ്ചൊല്ലുകളുടെ വാചികഘടന, ആശയഘടന എന്നിവ മുൻനിറുത്തി
മലയാളിയുടെ സാമൂഹിക മനസ്സിന്റെ ആഴങ്ങളിലേക്കു കടക്കുന്ന കാര്യം
നാം ചിന്തിച്ചിട്ടുപോലുമില്ല. ആർ, ആരോട്, എപ്പോൾ, എങ്ങനെ പഴഞ്ചൊല്ലു
പറയുന്നു എന്നതും വിശദമായ പഠനം അർഹിക്കുന്നുണ്ട്. പഴഞ്ചൊല്ലുകളെ
മുൻനിറുത്തി നടത്തുന്ന ഇത്തരം പഠനങ്ങൾക്കു വിവിധ സാമൂഹിക
ശാസ്ത്രങ്ങളിലും മാനവിക വിജ്ഞാനീയങ്ങളിലും പ്രസക്തിയുണ്ടെന്നു
നമ്മുടെ പണ്ഡിതന്മാർ ഇനിയും മനസ്സിലാക്കിയിട്ടില്ല. പഴഞ്ചൊല്ലുകളിലെ
സാമ്യ കല്പനകളിലൂടെ കടന്നു ചെന്നാൽ സാഹിത്യ രസികനും ശൈലീ
പണ്ഡിതനും സാഹിത്യത്തിന്റെ ഉറവക്കണ്ണുകൾ കണ്ടെത്താൻ കഴിഞ്ഞേക്കും.
കൂടുതൽ വിവരങ്ങൾക്ക് Claus, Peter Jetal. Indian Folklore, Central
Institute of Indian Languages, Mysore Part I and II കാണുക.
പഴമൊഴികളിലും ജനകീയ പാരമ്പര്യങ്ങളിലും മറഞ്ഞുകിടക്കുന്ന
വിജ്ഞാനശകലങ്ങൾ തേടിപ്പിടിച്ചു മനുഷ്യനന്മയ്ക്കു വിനിയോഗിക്കാൻ ഇന്നു
ഊർജിത ശ്രമങ്ങൾ നടക്കുന്നുണ്ട്. G.E.R. Lloyad: Science Folklore and
Ideology, Cambridge University Press 1983 എന്ന ഗ്രന്ഥത്തിൽ പുരാതന
ഗ്രീസിലെ ജീവശാസ്ത്ര സിദ്ധാന്തങ്ങൾ നാടോടിപ്പാരമ്പര്യങ്ങളിൽ നിന്ന്
എങ്ങനെ കണ്ടെത്താം എന്നു പ്രതിപാദിച്ചിരിക്കുന്നു! നാടോടിപ്പാരമ്പര്യങ്ങളുടെ [ 55 ] പ്രാധാന്യം മലയാളിക്കു ബോധ്യപ്പെടുത്തി തന്നെ ഗുണ്ടർട്ടിന്റെ മഹിമ കാലം
ചെല്ലുംതോറും വർധിക്കയാണ്. ഗുണ്ടർട്ടിന്റെ സമാഹാരത്തിലെ
പഴഞ്ചൊല്ലുകളിൽ കാണുന്ന പല വാക്കുകളും ഇന്നു വായനക്കാരനെക്കൊണ്ടു
നിഘണ്ടു എടുപ്പിക്കുന്നു! അതും ഗുണ്ടർട്ടു നിഘണ്ടുതന്നെ വേണം. മലയാള
ഭാഷയിലെ അനേകം പ്രാചീന പദങ്ങൾ അദ്ദേഹം സമാഹരിച്ച
പഴഞ്ചൊല്ലുകളിലൂടെ ഇന്നു മലയാളിക്കു ലഭ്യമായിരിക്കുന്നു. അവയിൽ
ദേശ്യപദങ്ങളും ഉണ്ടാകാം. അതും പഴഞ്ചാൽ സമാഹാരങ്ങളുടെ പ്രാധാന്യം
വർധിപ്പിക്കുന്നു.

മലയാള ഭാഷയിലെ പാഠപുസ്തകങ്ങളുടെ കഥ പറയുന്ന പല
പണ്ഡിതന്മാരും 1868-ൽ നിന്നു തുടങ്ങുന്നു. ആ വർഷമാണ് കേരളവർമയുടെ
നേതൃത്വത്തിൽ തിരുവനന്തപുരത്തു പാഠപുസ്തക സമിതി പ്രവർത്തിച്ചു
തുടങ്ങിയത്. കേരളവർമ വലിയകോയിത്തമ്പുരാൻ മലയാള ഭാഷയുടെയും
സാഹിത്യത്തിന്റെയും പുരോഗതിക്കു വിലപ്പെട്ട സേവനങ്ങൾ നൽകിയിട്ടുണ്ട്.
പാഠപുസ്തക സമിതി അധ്യക്ഷൻ എന്ന നിലയിൽ തിരുവിതാംകൂറിലെ
പാഠ്യപദ്ധതി നവീകരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. എന്നാൽ നവീന
പാഠപുസ്തകങ്ങൾ അദ്ദേഹത്തിന്റെ കാലത്താണ് ഉണ്ടായതു എന്ന ധാരണ
തിരുത്തിയേ തീരു. അതിനു മുമ്പ് മംഗലാപുരത്തും തലശ്ശേരിയിലും
കോട്ടയത്തും അച്ചടിച്ച ബഹുവിഷയകവും ശാസ്ത്രീയവുമായ
പാഠപുസ്തകങ്ങൾ കണ്ടിട്ടുള്ളവർക്ക് ഇതംഗീകരിക്കാൻ നിവൃത്തിയില്ല.
പാഠപുസ്തകരംഗത്തേക്കു തിരുവിതാംകൂർ സർക്കാർ ശ്രദ്ധ തിരിച്ചത്
ഇക്കാലത്താണെന്നു കണക്കാക്കുക. സർക്കാർ കടന്നുവരുമ്പോൾ മാത്രമാണ്
ഏതു മണ്ഡലത്തിലും ചരിത്രം തുടങ്ങുക എന്ന സങ്കല്പം വികലമാണല്ലോ.
മിഷണറിമാരും വ്യക്തികളും നടത്തിയ അനൗദ്യോഗിക ശ്രമങ്ങൾ
അവഗണിക്കാവുന്ന തോതിലും തരത്തിലുമായിരുന്നില്ല. പഴയ ചരിത്രങ്ങളെല്ലാം
രാജചരിത്രങ്ങളായിപ്പോയി എന്നും ജനകീയ സംരംഭങ്ങളൊന്നും അവയിൽ
നിഴലിക്കുന്നില്ലെന്നും ആക്ഷേപിക്കുന്ന നവീനർ പോലും ഉപാദാനങ്ങൾ
ശേഖരിക്കാനുള്ള വൈമനസ്യം നിമിത്തമായിരിക്കാം പാഠപുസ്തക
രംഗത്തുണ്ടായ അനൗദ്യോഗിക പരിശ്രമങ്ങളെ അവഗണിക്കുന്നു.
മാതൃഭാഷയിലൂടെയുള്ള ശാസ്ത്രപഠനം ആദ്യമായി സാധ്യമാക്കിയതു ടെക്സ്
ബുക്ക് കമ്മറ്റിക്കാരുടെ പരിശ്രമങ്ങളാണ് എന്ന കെ.എൻ. ഗണേഷിന്റെ
പ്രസ്താവം (കേരളത്തിന്റെ ഇന്നലെകൾ, സാംസ്കാരിക പ്രസിദ്ധീകരണ
വകുപ്പ്, കേരള സർക്കാർ, 1990:285) ഒരു ഉദാഹരണം മാത്രം! ടെക്സ്റ്റ് ബുക്ക്
കമ്മറ്റിയുടെ കാലത്തിനുമുമ്പ് മലയാളനാട്ടിൽ പ്രചാരത്തിലിരുന്ന ഒന്നാംതരം
പാഠപുസ്തകങ്ങൾ നമ്മുടെ പണ്ഡിതർ കണ്ടിരിക്കയില്ല! മലബാറിലും
തിരുവിതാംകൂറിലും 1868 നു മുമ്പു പ്രചാരത്തിലിരുന്ന മികച്ച
പാഠപുസ്തകങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ചർച്ചയും പൂരണവും 1989
എന്ന പ്രബന്ധത്തിൽ നൽകിയിട്ടുണ്ട്. അതിവിടെ ആവർത്തിക്കുന്നില്ല. മലയാള [ 56 ] പാഠപുസ്തക രചനയിൽ ഗുണ്ടർട്ടു നൽകിയ മാർഗദർശനം അല്പമൊന്നു
വിവരിക്കേണ്ടിയിരിക്കുന്നു. 1845-ൽ അതായത് കേരളവർമ്മ ജനിക്കുന്നതിനു
രണ്ടുവർഷം മുമ്പ്—തലശ്ശേരിയിലെ കല്ലച്ചിൽമുദ്രണം ചെയ്തു ഗുണ്ടർട്ടിന്റെ
പാഠാരംഭം പ്രസിദ്ധീകരിച്ചു. നവീന സമ്പ്രദായത്തിലുള്ള ആദ്യത്തെ മലയാള
പാഠപുസ്തകം ഇതായിരിക്കണം. 1851-ൽ തലശ്ശെരിയിൽ അച്ചടിച്ച പാഠാരംഭം
ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറിയിലുണ്ട്. അത് ഇവിടെ ഫോട്ടോ
പകർപ്പായി അച്ചടിച്ചു ചേർത്തിരിക്കുന്നു. അക്ഷരമാലയിൽ തുടങ്ങി
മഹാഭാരതം കിളിപ്പാട്ടോളം എത്തുന്ന ഈ പാഠപുസ്തകത്തിന്റെ സമഗ്രതയും
ദർശനവും, കേരളീയതയും ഭാരതീയതയും ഗുണ്ടർട്ടെന്ന മഹാപ്രതിഭയ്ക്കു
മലയാള പാഠപുസ്തക ചരിത്രത്തിൽ അഗ്രിമ സ്ഥാനം കല്പിക്കാൻ നമ്മെ
നിർബന്ധിതരാക്കുന്നു. ഈ സ്ഥാനത്തുനിന്നു അദ്ദേഹത്തെ
ഒഴിവാക്കണമെങ്കിൽ മലബാർ പ്രദേശം കേരളത്തിന്റെ ഭാഗമല്ലെന്നു
തെളിയിക്കേണ്ടി വരും! പാഠാരംഭത്തിന്റെ വികസിത രൂപമാണ് വലിയ
പാഠാരംഭം. മംഗലാപുരം പ്രസ്സിൽ അച്ചടിച്ച 1871-ലെ പതിനൊന്നാം പതിപ്പും
ട്യൂബിങ്ങൻ ലൈബ്രറിയിലും 1882-ലെ പതിമൂന്നാം പതിപ്പ് സ്വിറ്റ്സർലണ്ടിലെ
ബാസൽ മിഷൻ ഗ്രന്ഥശേഖരത്തിലും ഈ ലേഖകൻ കണ്ടു. 1896-ൽ
മംഗലാപുരത്തുപ്രസിദ്ധീകരിച്ച ഗുണ്ടർത്തുപണ്ഡിതരുടെ ജീവചരിത്രത്തിന്റെ
പുറംചട്ടയിൽ, അദ്ദേഹത്തിന്റെ കൃതികളുടെ പട്ടികയിൽ, Malayalam
Spelling and Reading Book, വലിയ പാഠാരംഭം, 39 പുറം, വില 2 അണ എന്നു
കാണുന്നു. വലിയ പാഠാരംഭത്തിന്റെ ശാസ്ത്രീയത ബോധ്യപ്പെടുത്താൻ
അതിലെ ആദ്യത്തെ ഏതാനും പുറങ്ങൾ ഇവിടെ ചേർക്കാം. അധ്യാപകർക്കുള്ള
മാർഗ്ഗനിർദ്ദേശങ്ങളാണിത്.

പേജ് 53/60 കാണുക) [ 57 ] വലിയ പാഠാരംഭം
By Courtesy of Basel Mission Archive Switzerland [ 58 ] വലിയ പാഠാരംഭം
By Courtesy of Basel Mission Archive Switzerland [ 59 ] വലിയ പാഠാരംഭം
By Courtesy of Basel Mission Archive Switzerland [ 60 ] വലിയ പാഠാരംഭം
By Courtesy of Basel Mission Archive Switzerland [ 61 ] വലിയ പാഠാരംഭം
By Courtesy of Basel Mission Archive Switzerland [ 62 ] വലിയ പാഠാരംഭം
By Courtesy of Basel Mission Archive Switzerland [ 63 ] വലിയ പാഠാരംഭം
By Courtesy of Basel Mission Archive Switzerland [ 64 ] വലിയ പാഠാരംഭം
By Courtesy of Basel Mission Archive Switzerland [ 65 ] മലയാള പാഠപുസ്തക നിർമ്മാണത്തിനു ഗുണ്ടർട്ടു നൽകിയ മറ്റൊരു
കനപ്പെട്ട സംഭാവനയാണ് സ്കൂൾ പഞ്ചതന്ത്രം. ഇന്ത്യയിലെത്തിയ
പാശ്ചാത്യർക്കു മൊത്തത്തിൽ പ്രിയങ്കരങ്ങളായിരുന്നു പഞ്ചതന്ത്ര കഥകൾ.
തിയൊഡൊർ ബെൻഫെയുടെ പഞ്ചതന്ത്ര പഠന (ജർമ്മൻ, 1859)ത്തിൽ
നൽകുന്ന വിവരങ്ങളനുസരിച്ചാണെങ്കിൽ പ്രശസ്തമായ ഗ്രിം കഥകളിൽ
പോലും പഞ്ചതന്ത്ര സ്വാധീനമുണ്ട്. ഭാരതത്തിൽ നിന്നു മറ്റു
ഭൂഖണ്ഡങ്ങളിലേക്കു കുടിയേറിയവയാണ് പഞ്ചതന്ത്രകഥകൾ. അവയുടെ
സാർവലൗകികതയായിരിക്കാം പാശ്ചാത്യരെ പെട്ടെന്ന് ആകർഷിച്ചത്.
മൂല്യനിഷ്ഠമെങ്കിലും മതേതരമായ ഉള്ളടക്കമുള്ള പഞ്ചതന്ത്രം നിർബാധം
പാഠപുസ്തകമായി ഉപയോഗിക്കാം എന്നു പാശ്ചാത്യർ തീരുമാനിച്ചു. 1847-
ൽ കോട്ടയത്തു ഹിതോപദേശം അച്ചടിച്ചു-സംസ്കൃത മൂലം മലയാള
ലിപിയിൽ.

'പഞ്ചതന്ത്രപ്രദൃതി നീതിശാസ്ത്രോ ദ്ധൃതഃ
മിത്രലാഭ-സഗൃഹത്ഭേദ-
വിഗ്രഹ-സന്ധ്യവയവാന്വിതഃ
ഹിതോപദേശഃ
വിഷ്ണുശർമ്മണാ സംഗൃഹീതഃ
ഛാത്രാണാം ഹിതാർത്ഥം
ഇംഗ്ലണ്ഡീയ വങ്ഗയകതിപ്യപണ്ഡിതൈഃ ശോധിതഃ
കൊട്ടയ നാമ്നിന്നഗരേ മിശൻയന്ത്രാലയേ മുദ്രാങ്കിതശ്ച

എന്നു കവർ പേജിൽ കാണുന്നു.

പാഠപുസ്തകരംഗത്തു ശ്രദ്ധയൂന്നിയ ഗുണ്ടർട്ട് പ്രാദേശിക
സാഹിത്യത്തിന്റെ മേന്മയിലും പ്രാധാന്യത്തിലുമാണ് വിശ്വസിച്ചിരുന്നത്.
അതിനാൽ കേരളത്തിൽ അന്നു പ്രചാരം നേടിയിരുന്ന പഞ്ചതന്ത്രം കിളിപ്പാട്ട്
അദ്ദേഹം വിദഗ്ദദ്ധമായി പരിശോധിച്ചു. 1850-51-ൽ 133 പുറമുള്ള പഞ്ചതന്ത്രം
തലശ്ശേരിയിൽ നിന്ന് അച്ചടിച്ചിറക്കി. പാഠപുസ്തക ചരിത്രത്തിലെ ഒരു
നാഴികക്കല്ലാണ് ഗുണ്ടർട്ടിന്റെ പഞ്ചതന്ത്രം. ഇതിന്നു 1857-ൽ തലശ്ശേരിയിൽ
നിന്നു മറ്റൊരു പതിപ്പുണ്ടായി. തുടർന്നുള്ള ഏതാനും ദശകങ്ങളിൽ
പഞ്ചതന്ത്രം മലയാള പാഠപദ്ധതിയുടെ അനുപേക്ഷണീയഭാഗമായി പല
രൂപത്തിൽ തുടർന്നു. [ 66 ] 1847-ൽ കോട്ടയം CMS പ്രസിൽ അച്ചടിച്ച ഹിതോപദേശം
By Courtesy of Tübingen University Library [ 67 ] 1857-ൽ തലശ്ശേരിയിൽ അച്ചടിച്ച പഞ്ചതന്ത്രം അവസാനപുറം
By Courtesy of Tübingen University Library [ 68 ] ഗുണ്ടർട്ടിന്റെ ഏറ്റവും പ്രശസ്തമായ മലയാള പാഠപുസ്തകം 1860-
ൽ മദിരാശി സർക്കാർ പ്രസിദ്ധീകരിച്ച പാഠമാല എന്ന ഗദ്യപദ്യ സമാഹാരമാണ്.
ആദ്യത്തെ ലക്ഷണയുക്തമായ മലയാള പാഠാവലി എന്ന് ഇതിനെ
വിശേഷിപ്പിക്കാറുണ്ട്. മുന്നൂറോളം പുറമുള്ള ഈ ഗ്രന്ഥത്തിൽ സിംഹഭാഗവും
കേരളത്തിൽ പ്രചാരത്തിലിരുന്ന കൃതികളിൽ നിന്ന് തെരഞ്ഞെടുത്തു
ചേർത്തതാണ്. രാമചരിതം, ഭാരതം കിളിപ്പാട്ട്, ഭാഗവതം കിളിപ്പാട്ട്,
മുദ്രാരാക്ഷസം കിളിപ്പാട്ട്, പഞ്ചതന്ത്രം കിളിപ്പാട്ട്, ഉത്തര രാമായണം,
ശ്രീകൃഷ്ണചരിതം, കേരളവർമ്മരാമായണം, വൈരാഗ്യ ചന്ദ്രോദയം,
ജ്ഞാനപ്പാന തുടങ്ങിയവയിൽനിന്നെല്ലാമുള്ള ഭാഗങ്ങൾ
പാഠമാലയിലുണ്ടായിരുന്നു. വൈജ്ഞാനിക സാഹിത്യത്തിനുപോലും
പാഠമാലയിൽ മാന്യമായ സ്ഥാനം ലഭിച്ചു. ഭാഷയുടെ ശൈലീ വൈവിധ്യവും
വിവിധ ആഖ്യാനമാതൃകകളും വിദ്യാർത്ഥികൾക്കു പരിചയപ്പെടാൻ അവസരം
നൽകുന്ന തരത്തിലായിരുന്നു ഗ്രന്ഥ സംവിധാനം. ചാഠമാലയിലെ മൂന്നു
പാഠങ്ങൾ ഇവിടെ ഉദ്ധരിക്കാം.

24. വൈദ്യശാസ്ത്രത്തിലെ നിദാനം

രാജയക്ഷമാവണയുമ്പോൾ മുക്കുവാല്ക ചുമെക്കയും-തലിനൊന്തീടു
മന്നത്തിൽ രുചിയില്ലായ്കയും വരും സ്വരസാദവുമെന്നെല്ലാം പലദണ്ഡങ്ങളും
വരും-രാജയക്ഷമാവുവർദ്ധിച്ചാൽ ചുമച്ചീട്ടുള്ള തുപ്പലു ചുവന്നിട്ടും കറുത്തിട്ടും
ചലംപോലെയിരിക്കിലും ബലക്ഷയംപനി ചുമമെല്ലെന്നൊച്ചയടക്കിലും അവൻ
ജീവിക്കയില്ലെന്നു നിർണ്ണയിക്ക ഭിഷക്കുകൾ* നന്നായി ചോറും ചെന്നീടും
ശോഷിക്കും ദേഹമേറ്റവും അങ്ങിനെയുള്ള യക്ഷമാവും ശമിപ്പാൻ
ദണ്ഡമായ്വരും-വികാരങ്ങൾ കുറഞ്ഞിട്ട ബലദേഹക്ഷയങ്ങളും
വ്യാധിപീഡസഹിപ്പാ നൊട്ടെളുതല്ലാതെ യാകിലും മരുന്നു സേവിപ്പാൻ
ദണ്ഡമെന്നാ ലതു മസാദ്ധ്യമാം-പ്രാണന്റെ ബലമുണ്ടായി ദോഷം
കോപിച്ചിരിക്കിലൊ രാജയക്ഷ്മാവിനീവണ്ണം ചെയ്തീടേണം ചികിത്സകൾ-
സ്നേഹസ്വേദങ്ങൾ ചെയ്യേണം കർശനങ്ങളെയെന്നിയെ പ്രയോഗിച്ചിട്ടു
ചെയ്യിപ്പുവമനംമലശോധനം സ്നേഹസേദങ്ങളാകുന്ന തെണ്ണതെക്കവി
യർക്കയും.

മസൂരി മുമ്പിലുണ്ടാകും പനിയും വാവരൾച്ചയും മേൽനോം
കഴപ്പുസന്ധക്കൾ തളരുംതലനോകയും കോൾമയിർ കൊൾകയരുചി
മൂക്കുവാലുകയും പുനഃ കണ്ണിനും ദണ്ണമുണ്ടാകും പിന്നെ മെല്ലെപുറപ്പെടും-
ഉഷ്ണം വിറയലും നോവു മതിസാരഞ്ചദാഹവും ഇക്കിളും കാസ' മരുചി
മോഹവും കൂടിയുള്ളതു പുറത്തുകാണ്മാൻ കുറയും അകത്തോട്ടു മുഖങ്ങളാം
അങ്ങിനെയുള്ളതൊട്ടേറെ കാലംചെല്ലുന്നതായ്‌വരും-മസൂരിയുടെകൂടത്തൊ
ക്കെ ധിക്കരിച്ചുനടക്കിലും അക്കാലത്തു നടുക്കംതാൻ ഭയംതാൻ സംഭവിക്കിലും
ഉണ്ടാമാഗന്തുകവ്യാധി യതിന്റെ വരവിങ്കലെ ലക്ഷണം കണ്ടറിഞ്ഞിട്ടു
ചികിത്സിക്കേണമിങ്ങിനെ-ഉപവാസം നടെപിന്നെ വമനഞ്ചവിരേചനം
ഉഷ്ണം വർദ്ധിച്ചുവരികിൽ ചോരനീക്കേണമഞ്ജസാ... [ 69 ] പിന്നെഗുണപാഠത്തിൽ നിന്നു

വെള്ളം കൂടാതെ കണ്ടാർക്കും പൊറുക്കാവില്ലൊരിക്കലും-
അതുകൊണ്ടിത്ര നന്നായിട്ടില്ല. മറ്റൊന്നും ഭൂമിയിൽ-ദാഹമുഷ്ണം വിഷംഭ്രാന്തി
മോഹാലസ്യാദിനാശനം ത്രിദോഷശമനം രക്തപ്രസാദത്തിനുമുത്തമം.

കൊതമ്പേറ്റം തണുത്തുള്ളൂ വ്യഷ്യം ഹിമധുരംരസം-
ബലത്തെയേറ്റമുണ്ടാക്കും പ്രാണങ്ങൾക്കും വിപുസ്സിനും 2

വ്യവഹാരമാലയിൽ നിന്നു

വിവാദത്തിൽ വിളിച്ചേവം ചോദിക്കേണം നൃപാജ്ഞയാ-ചിന്തിച്ചകാര്യം
എന്തെന്നും- എന്തുചൊല്ലി വിവാദവും അന്തർഗ്ഗതങ്ങൾ എല്ലാമെ
ഹന്തസത്യേനചൊല്ലുവിൻ-വൃത്താന്തം അറിയിക്കുമ്പോൾ വാക്കിന്റെ
ഗതിഭേദവും-സ്ഥിതിയും ഭാവവും തദ്വൽ3 ദൃഷ്ടിചേഷ്ടയുമോർക്കണം-
സത്യമായ വചസെങ്കിൽ യുക്തിചേർന്നു യഥാക്രമം-മുഖപ്രസാദവും കാണാം
പ്രകൃതിസ്ഥിതിയും തഥാ-സത്യം കൈവിട്ടവാക്കെന്ന ചിത്തെ ബോധിച്ചു
കൊള്ളുവാൻ-ശിരസ്സിൽ ചൊറിയും പിന്നെ സ്വരത്തിൽ ഭേദമായ്ക്കവരും നിടില4
ത്തിൽവിയർത്തീടും നെടുവീർപ്പുളവായ്‌വരും കായം ആകവിറെച്ചീടും
വായിൽനീരുവറണ്ടുപോം അധരത്തെ ഭുജിച്ചീടും അധൊദൃഷ്ടികളായ്വരും—
ഇടനെഞ്ചു വിറെച്ചിട്ടങ്ങിടറീടുന്നവാക്യവും-സ്വല്പനേരം പറഞ്ഞിട്ടു
നിർജ്ജനെ ചെന്നു നില്ക്കയും-പുച്ഛകന്മാർ5 വിളിക്കുമ്പോൾ
ക്രുദ്ധഭാവംനടിക്കയും മദ്ധ്യെ മദ്ധ്യെ വരും പിന്നെ സത്വരം നീങ്ങിനില്ക്കയും
സ്ഥിതിക്കിളക്കം മാറീടാ വാടീടും മുഖശോഭയും ഇത്ഥംപ്രകൃതി
കൈവിട്ടങ്ങപ്പോൾ വികൃതിയും തഥാ ഉഭയോർ6 ഭാവവാക്യങ്ങൾ ഓർത്തുവേറെ
വിളിച്ചഥ-രണ്ടോന്നാകിൽ അതൊന്നിച്ചെ സമക്ഷം പറയാവിതു.

അവസ്ത കേട്ടിട്ടു വിചാരകാര്യം ചോദിച്ചു പിന്നെ വൃഥഗേവപിമ്പാൽ-
മഹീപത്തീടെ മനവും ധരിച്ചാൽ വിധിച്ചകാര്യം പറയാം സമക്ഷെ.

പുഥ്വീപദീശൻ7 അതിർനീക്കി അടക്കിവർ പത്തായിരം കഴികിലും
ഖരഭാഗധേയാൽ ദൃഷ്ടംതദാകരണം എങ്കിൽ അഹോതദാനി8 ഭുക്തിക്കുമുക്തി
അപരം പ്രബലൈവരേഖാ.

ജ്യോതിഷ ശാസ്ത്രത്തിൽ നിന്നു

ഭൂമിക്കു നേരെ നടുവെ ദക്ഷിണോത്തരമായൊരു രേഖ
കല്പിച്ചുകൊളെളണം സമരേഖയതായതു

ലങ്കാവാത്സ്യപുരാവന്തി സ്ഥാനേശ്വരന്നുരാല
യാൽ അവഗാഹിച്ചു നില്പൊന്നു സമരേഖയ്ക്കുമദ്ധ്യ
മെ-ഇച്ചൊന്ന സമരേഖക്കു കിഴക്കുള്ളോർക്കതൊക്ക
വെ ആദിത്യസ്യൊദയം മുമ്പിൽ പശ്ചിമെ പിന്നെ
യായിടും.

(ഭദ്രദീപ,-1, 31, 33 ഈ സമരേഖക്കു സൂക്ഷ്മപ്രകാരം മദ്ധ്യാഹ്നരേഖ
എന്നുള്ള പേർ കൊള്ളും-ലങ്ക,തുടങ്ങി സ്ഥാനേശ്വരവരെയുള്ള രേഖയൊ
വ്യത്യാസംകൂടാതെ തെക്കു വടക്കുള്ളത എന്നു ചൊല്ലുക്കുടാ). [ 70 ] പയ്യന്നൂർ പാട്ടിലെ രണ്ടു പാട്ടുകൾ (54, 55) ഓലപകർപ്പ്
By Courtesy of Tübingen University Library [ 71 ] ഖമദ്ധ്യെമെ നില്പിതു ഭൂമിതന്റെ കക്ഷ്യാന്തരെ ധാരണകൊണ്ടുരെച്ചു-
ഉരുണ്ടുടനാരങ്ങവദാ കൃതിം പൂണ്ടീശാനാടി യോജനതുല്യമദ്ധ്യാഃ-ഭദ്രദീപ.
2, 1)

പാഠമാലയിലെ ഗദ്യപാഠങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്നു.
അവയിലെ കഥകളും മറ്റും ഗുണ്ടർട്ടിന്റെ സ്വന്തം രചനകളാണ്. ഗദ്യപാഠങ്ങൾ
ഈ സമാഹാരത്തിൽ ചേർത്തിട്ടുണ്ട്.

ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ ഓരോ വാല്യത്തിനുമുള്ള
ആമുഖപഠനത്തിൽ കൃതികളുടെ വിശദമായ അപഗ്രഥനത്തിനോ
മൂല്യനിർണ്ണയനത്തിനോ എഡിറ്റർമാർ ഒരുമ്പെടുന്നില്ല. അതിനുള്ള പ്രാപ്തി
ഞങ്ങൾക്കില്ലതാനും. സമാഹാരത്തിൽ ഉൾപ്പെടുത്താൻ കഴിയാത്ത കൃതികൾ
പരിചയപ്പെടുത്തുക, ഗുണ്ടർട്ടു ഗ്രന്ഥശേഖരത്തിന്റെ ഭാഗമായി യൂറോപ്പിലെ
രേഖാലയങ്ങളിലും ലൈബ്രറികളിലും കാണുന്ന കൗതുകകരമായ രചനകൾ
ചൂണ്ടിക്കാണിക്കുക, ഗുണ്ടർട്ടിന്റെ വ്യക്തിത്വവുമായി കൃതികൾക്കുള്ള ബന്ധം
വിശദീകരിക്കുക എന്നീ പരിമിത ലക്ഷ്യങ്ങളേ ആമുഖ പഠനത്തിനുള്ളൂ.

ഏപ്രിൽ 14, വിഷു 1992