ക്രിസ്തുമതനിരൂപണം/ക്രിസ്തുമതച്ഛേദനം/നിഗ്രഹാനുഗ്രഹം

ക്രിസ്തുമതനിരൂപണം/ക്രിസ്തുമതച്ഛേദനം
രചന:ചട്ടമ്പിസ്വാമികൾ
ഇനി നിഗ്രഹാനുഗ്രഹം
ക്രിസ്തുമതനിരൂപണം


ഇനി നിഗ്രഹാനുഗ്രഹം തിരുത്തുക

[ 58 ] ക്രിസ്തു ലോകാവസാനത്തു വിചാരണ ചെയ്തവനായിട്ടു വരും എന്നു നിങ്ങൾ പറയുന്നുവല്ലോ. വിചാരണകാലത്തിനുമുൻമ്പേ മരിച്ചവർ എല്ലാപേരും ചെന്നുചേരുന്നതു നരകമോക്ഷങ്ങളിലോ? വേറെവല്ല സ്ഥലത്തോ? വേറെ സ്ഥലത്താകുന്നുവെങ്കിൽ ആദം അബ്രഹാം മുതലായവരും വിചാരണകാലത്തിനുമുൻമ്പേതന്നെ മോക്ഷത്തിലും മറ്റു പല നരകത്തിലും പ്രവേശിച്ചുവെന്നു നിങ്ങളുടെ ബൈബിൾ പറയുന്നതു കള്ളമാകുന്നു.

മരിച്ചവരെല്ലാപേരും തൽക്ഷണം തന്നെ നരകത്തിലും മോക്ഷത്തിലും ചെന്നു സുഖദുഃഖങ്ങളെ അനുഭവിക്കും എന്നുവരികിൽ ലോകാവസാനകാലത്തിൽ വിചാരണചെയ്യണമെന്നില്ലല്ലോ. അതല്ല വിചാരണചെയ്യണം എങ്കിൽ ആ വിചാരണകൊണ്ട് മുക്തിയിൽ ഇരുന്നവരെ നരകത്തിലും, നരകത്തിൽ ഇരുന്നവരെ മുക്തിയിലും മാറ്റിമാറ്റി ഇരുത്തുമോ? ഇരുത്തുകയില്ലെങ്കിൽ വിചാരണ ചെയ്യുന്നതുകൊണ്ട് പ്രയോജനം യാതൊന്നുമില്ലല്ലോ. എന്നാൽ മുൻമ്പേ ഇരുന്ന പൃഅകാരംതന്നെ മുക്തിയിൽ ഇരുന്നവരെ നരകത്തിലും ഇടുമെങ്കിൽ അദ്ദേഹം നൂതനമായി വിചാരണചെയ്യുമെന്നുള്ളത് എന്തിനായിട്ട്? ആകയാൽ ലോകാവസാനത്തിൽ വിചാരണയെന്നൊന്നുണ്ടെന്നതു പറയുന്നതുതന്നെ ശുദ്ധകള്ളമാകുന്നു.

ഇനിയും അദ്ദേഹം വിചാരണ ചെയ്യുമ്പോൾ മദ്ധ്യസ്ഥനായിരിക്കുമെന്നു നിങ്ങൾ പറയുന്നല്ലോ. ആത്മാക്കൾ യാതൊരു കർമ്മവും ചെയ്യാതിരിക്കെ തന്റെ മനസ്സുപോലെ ചിലരെ സുഖഭോഗികളായിട്ടും ചിലരെ ദുഃഖാനുഭോഗികളായിട്ടും സൃഷ്ടിച്ചതുകൊണ്ട് പക്ഷപാതിയായിരിക്കുന്നവൻ മദ്ധ്യസ്ഥനാകുന്നതിനു യോഗ്യനല്ല.

ഇനി കൃസ്തുവാകട്ടെ വിചാരണകാലത്ത് ഏതുപ്രമാണംകൊണ്ടു വിചാരിക്കും? ബൈബിളിനെകൊണ്ടു വിചാരിക്കും എങ്കിൽ ആ പുസ്തകം അനേകകോടി മൂഖങ്ങളായി പിരിഞ്ഞു മുന്നുംപിന്നും ഒന്നിനൊന്നു വിപരീതപ്പെട്ട് ഒരു പേകൂത്തുപോലെ ഇരിക്കുന്നതിനെ നിങ്ങൾ നല്ലതിന്മണ്ണം കണ്ടിരിക്കുമല്ലോ. അതിനെകൊണ്ടുതന്നെ നീതി വിചാരിക്കുന്നതെങ്ങിനെ? അതിനെകൊണ്ടുതന്നെ ഒരുവേള വിചാരിച്ചാലും ആ ബൈബിളിനെ കണ്ടും കേട്ടും അറിയാത്ത പലപല ദേശങ്ങളിലിരിക്കുന്ന ജനങ്ങൾക്ക് ഏതിനെകൊണ്ട് നീതിവിചാരിക്കും? ഇന്നതു നല്ലത് ഇന്നതുചീത്ത എന്നു പകുത്തറിയുന്ന വിവേചനകളുള്ള മനസ്സാക്ഷിയെ [ 59 ] കൊണ്ടുവിചാരിക്കുമെങ്കിൽ മുൻപറഞ്ഞപോലെ നല്ലതും ചീത്തയും ഇന്നതിനാകുന്നു എന്ന് അറിയുന്നതിന് സമ്പ്രദായശാസ്തങ്ങൾ കൂടാതെ കഴികയില്ലാ. ആകയാൽ അവനവൻ കൈകൊണ്ടിരിക്കുന്ന സമ്പ്രദായകശാസ്ത്രങ്ങൽക്കു ചേർച്ചയായിട്ടുതന്നെ അവനവന് അറിവുണ്ടായിരിക്കും. ആ സ്ഥിതിക്ക് അവനവന്റെ അറിവാകുന്ന് മനസാക്ഷിയെക്കൊണ്ടു വിചാരിക്കേണ്ടതാണെങ്കിൽ അവനവന്റെ മതശാസ്ത്രങ്ങളെതന്നെ പ്രമാണമാക്കിക്കൊണ്ടു വിചാരിക്കേണ്ടിവരും. അങ്ങനെ വിചാരിക്കുന്ന പക്ഷം ബൈബിളിനെതന്നെ പ്രമാണമാക്കികൊണ്ടു വിചാരിക്കുമെന്നും മറ്റൂള്ള മതശാസ്ത്രങ്ങളെല്ലാം അസത്യശാസ്ത്രങ്ങളാണെന്നും നിങ്ങൾ എന്തിനുവേണ്ടിയെങ്കിലും നടന്നു ഘോഷിക്കുന്നതു വലിയ കള്ളം ആയിപ്പോകും. അവർക്കും ബൈബിളിനെകൊണ്ടുതന്നെ വിചാരിക്കുമെങ്കിൽ അവരുടെ ജനനംമുതൽ മരണംവരെയും കണ്ടുംകേട്ടും അറിയാത്ത ബൈബിൾ കൽപനകളെ അവരു കൈകൊണ്ടില്ലാ എന്ന് കോപിച്ച് അവരെ ദണ്ഡിപ്പിക്കുന്നതു മഹാകഠിനവും അന്യായവും ആയിപ്പോകും. ആയതിനാൽ ക്രിസ്തുവിനു വിചാരണ ചെയ്യുന്നതിലേക്കും പ്രമാണമേ ഇല്ലാ.

ക്രിസ്തു, തന്നെ വിചാരിക്കാത്തവരെ നിത്യനരകത്തിൽ തള്ളികളയുമെന്നു നിങ്ങൾ പറയുന്നുവല്ലോ. ഗർഭത്തിൽ ഇരിക്കുമ്പോഴും ജനിക്കുമ്പോഴും ജനിച്ചതിന്റെ ശേഷം ശിശുപ്രായത്തിലും മരിച്ചുപോയ ആത്മാക്കളും, കുരുടും ചെകിടും ആയിരുന്നു, മരിച്ചുപോയവരും ക്രിസ്തുമതം നടപ്പാകാത്ത ദേശങ്ങളിൽ ഇരുന്ന് അവനവന്റെ മതശാസ്തംകൊണ്ടു സിദ്ദിച്ച അറിവിൻപ്രകാരം സന്മാർഗ്ഗികളായിരുന്നു മരിച്ചുപോയവരും ക്രിസ്തുവിനെ അറിഞ്ഞും വിശ്വസിച്ചും ഇരിക്കയില്ല.

ബൈബിളിനെ പഠിച്ചറിഞ്ഞിട്ടും അതു ദൈവശാസ്തം എന്നും വിശ്വാസം വരാതെ താൻ കൈകൊണ്ടിരിക്കുന്ന മതത്തിൽ തന്നെ ഇരുന്നുമരിച്ചവരും ക്രിസ്തുവിനെ വിശ്വ്വസിച്ചിരിക്കയില്ലല്ലോ. അപ്പോൾ ആ ആത്മാക്കളെ നരകത്തിൽ തള്ളുമോ മുക്തിയിൽ ചേർക്കുമോ? നരകത്തിൽ തള്ളിമെങ്കിൽ അതുപോലെത്തെ അന്യായം വേറെ ഒന്നും ഇല്ല. മുക്തിയിൽ ഇരുത്തുമെങ്കിൽ, തന്നെ വിശ്വസിക്കാത്തവരെ നരകത്തിൽ തള്ളികളയുമെന്നു പറയുന്നത് ഒട്ടും ചേരുകയും ഇല്ലാ.

നിങ്ങളുടെ ദൈവം ആത്മാകളെ ഇടക്കാലത്തു സൃഷ്ടിക്കുകയും അവരോടുകൂടിതന്നെ അശുദ്ധമതത്തേയും ശുദ്ധം ഇല്ലാത്ത കരണാദികളെയും കാമക്രോധലോഭമോഹമദമാത്സര്യഗുണങ്ങളെയും അദ്ദേഹത്തിനാൽ അല്ലാതെ മനുഷ്യരിൽ ഒരുവരാലും അനുഷ്ടിക്കപ്പെടുവാൻ കഴി [ 60 ] യാത്തതും യാതൊരു പ്രയോജനമില്ലാത്തതും ആയ ഒരു നീതി വിധിയെ നിയമിച്ചു നടത്തിക്കയും ചെയ്തേച്ച് പിന്നെ വിചാരണകാലത്ത് ആ ആത്മാക്കളെ കുറ്റവാളികളാക്കിതീർക്കുന്നത് എന്തു നീതിയാണ്?

യഹോവാ ആത്മാക്കളെ അശുദ്ധന്മാരായിട്ടു സൃഷ്ടിച്ചില്ലാ എങ്കിൽ ആത്മാക്കൾ അശുദ്ധകാരണാദികളെ താന്താങ്ങളായിട്ട് ഉണ്ടാക്കിക്കൊണ്ടോ? അങ്ങിനെ ഉണ്ടാക്കിയില്ലാ എന്നുള്ളതിനു പ്രമാണമായിട്ടു കോപം മുതലായ ദുഃർഗ്ഗുണങ്ങളെല്ലാം ജനിച്ച ഉടനെ കാണപ്പെടുന്നല്ലോ. അവ ജന്മപാപം കൊണ്ടാകുന്നുവെങ്കിൽ ആദി ആത്മാവുചെയ്ത പാപം കൊണ്ടുണ്ടായി എങ്കിൽ ആ പാപം ചെയ്യുന്നതിനു കാരണമായ വിപരീതജ്ഞാനം ഉണ്ടായത് എങ്ങിനെ? ആകയാൽ ആത്മാക്കളെ അശുദ്ധന്മാരായിട്ടുതന്നെസൃഷ്ടിച്ചുവെന്നു തെളിവാകുന്നു.

യഹോവാ ഇന്നാർക്ക് ഇന്നപ്രകാരം നടത്തണനെന്ന് ആരംഭത്തിൽതന്നെ നിയമിച്ചില്ലാ എന്നു പറയുന്നുവെങ്കിൽ നടക്കാൻപോകുന്നവയെ നിയമിക്കാത്തപ്പോഴേ അവയെ അറിഞ്ഞുമിരിക്കയില്ലാ. അങ്ങനെയല്ല അറിഞ്ഞുതന്നെയിരിക്കും എങ്കിൽ നിയമിച്ചുമിരിക്കും. നിയമിച്ചിട്ടും അപ്രകാരം നടക്കാതെ തെറ്റിപ്പോയി എങ്കിൽ കർത്തൃത്വം ഇല്ലെന്നുവരും. അതുകൊണ്ടു യഹോവായുടെ നിയമപ്രകാരം അല്ലാതെ വേറെ ഒരുവിധത്തിലും ഒന്നും നടക്കുകയില്ല എന്നു സമ്മതിക്കേണ്ടതായിട്ടുതീരും.

ആകയാൽ അദ്ദേഹം തന്നത്താനെ ആത്മാവിനെയും അശുദ്ധതയെയും വിഷവൃക്ഷത്തെയും യാതൊരു പ്രയോജനവും ഇല്ലാതെ ഒരു വിധിയേയും പിശാചിനെയും നിർമ്മിച്ച് ഒടുക്കം തന്റെ ഈ വല്ലാത്ത ചെയ്വനക്ളെകൊണ്ടു പാപം ഉണ്ടായപ്പോൾ തന്റെ കുറ്റത്തെ അന്യന്മാരിൽ സ്ഥാപിക്കുകയും താൻ ദയവുള്ളവനെപ്പോലെ വെളിയിൽ കാണിക്കുന്നതിനുവേണ്ടി രണ്ടാമതും ആ പാപത്തെ തന്നിൽവഹിച്ചും താൻ വേദപ്പെടുന്നവനെന്നപോലെ ഭാവിക്കയും തന്നോടുകൂടിയ മനുഷ്യത്വത്തെ മാത്രം വേദനപ്പെടുത്തുകയും താൻ രക്ഷകനെന്നു പേരെടുത്തു കൊള്ളുകയും ചെയ്തുകൊണ്ട് ഒന്നും അറിയാത്തവനെയും ചെയ്യാത്തവനെയും പോലെ വന്ന് നീതിവിചാരണകഴിച്ച് ആത്മാക്കളെ കുറ്റവാളികളാക്കി തീർക്കുന്നതു മഹാ അനീതിയാണെന്നു കുഞ്ഞുങ്ങൾക്കുപോലും അറിയാവുന്നതാണ്. ആകയാൽ അദ്ദേഹം യാതൊരുത്തരേയും കുറ്റവാളികളാക്കി തീർപ്പാൻ ന്യായം ഇല്ലാ.

ക്രിസ്തുവുനെ ഒരുവൻ വിശ്വസിക്കാതെ ഇരിക്കുന്നതു പാപമാകുന്നുവെന്നു നിങ്ങൾ തന്നെത്താനെ പറകകോണ്ടും ക്രിസ്തു മുന്നുംപിന്നും ഉള്ള സകല പാപങ്ങൾക്കുമായിട്ടു പാടുപെട്ടു എന്നു കാണുകകൊണ്ടും വിശ്വസിക്കാത്തതായ പാപത്തിനും ക്രിസ്തു അനുഭവിച്ച വേദനതന്നെ പ്രാശ്ചിത്തമായിട്ടു തീരും. ആകയാൽ ക്രിസ്തു താൻ മാത്രം നരവേദന അനുഭവിക്കയല്ലാതെ മറ്റൂള്ളവരെയുംകൂടി അനുഭവിപ്പിക്കയെന്നുള്ളതുനീതിയാകയില്ല. ഇങ്ങനെ നിഗ്രഹാനുഗ്രഹത്തെക്കൂറിച്ച് വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു തെളിവായിരിക്കുന്നു.