ചൈത്രപ്രഭാവം
ചൈത്രപ്രഭാവം (വഞ്ചിപ്പാട്ട്) രചന: (1938) |
ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ |
മഹാകാവ്യം
|
ചമ്പു
|
ഖണ്ഡകാവ്യങ്ങൾ
വഞ്ചീശഗീതി · ഒരു നേർച്ച |
കവിതാസമാഹാരങ്ങൾ
കാവ്യചന്ദ്രിക · കിരണാവലി |
ഗദ്യം
|
|
[ 2 ]
വിശ്വവിശ്രുതമായ
ക്ഷേത്രപ്രവേശവിളംബരം മൂലം
വഞ്ചിഭൂമിയുടെ
കൃതയുഗസ്രഷ്ടാവായി വാണരുളുന്ന
ശ്രീ ചിത്തിരതിരുനാൾ
പൊന്നുതമ്പുരാൻ തിനുമനസ്സിലെ
തൃപ്പാദപത്മങ്ങളിൽ
സഭക്തിപ്രശ്രയം സമർപ്പിക്കപ്പെടുന്ന
ഗാനോപഹാരം
ജയ ജയ മഹാത്മാവേ! വഞ്ചി ഭൂമിമഘവാവേ!
ജയ ജയ ബാലരാമ മഹാരാജാവേ!
ജയ ജയ ദീനജനഭാഗദധേയ വിധാതാവേ!
ജയ ജയ ഹിന്ദുമതസമുദ്ധർത്താവേ!
എത്ര ധർമ്മപ്രവക്താക്ക, ളെത്ര ജഗൽഗുരുഭൂത-
രെത്ര മഹോദാരന്മാരാം രാജർഷിവര്യർ,
വീരമാതാവെന്ന പേരിൽ വിശ്വമെങ്ങും വിളികൊള്ളും
ഭാരതാംബതൻ വയറ്റിൽപ്പണ്ടുദിച്ചീല!
അവിടത്തെ ദൂരദൃഷ്ടി,യവിടത്തെബ്‌ഭൂതദയ,-
യവിടത്തെക്കാലദേശസൂക്ഷ്മാവബോധം
അവിടത്തെക്കൃത്യനിഷ്ഠ,യവിടത്തേ മതശ്രദ്ധ-
യവിടത്തെ മാതൃഭൂമിസപര്യാസക്തി,
അവിടത്തെ മനഃസ്ഥൈര്യം- അജനൊന്നിച്ചിവയെല്ലാ-
മവർക്കാർക്കുമരുളിയില്ല മുക്തഹസ്തൻ.
ക്ഷിപ്രമവരാരെന്നാലുമല്ലയെങ്കിൽ ഭവാന്റെയി-
സ്സൽപ്രവൃത്തി പണ്ടുപണ്ടേ ചെയ്തിരുന്നേനെ.
ഭാരതത്തിൽപ്പണ്ടിരുന്ന പാവനരാമൃഷീന്ദ്രന്മാർ
ഭ്രരിദയാമൃതരസപുരിതസ്വാന്തർ,
പരബ്രഹ്മസാക്ഷാൽക്കാരപരിഹൃതദ്വന്ദ്വഭാവർ,
പരഹിതനിർവാഹണപരായണന്മാർ.
സർവചരാചരങ്ങളിൽത്തങ്ങളേയും നിരന്തരം
സർവചരാചരങ്ങളെത്തങ്ങളിലും നാം
ഒന്നുപോലെ കാണണമെന്നോർത്തുറപ്പിൽ പ്രതിഷ്ഠിച്ച
ഹിന്ദുമതം, സനാതനം, വിശ്വമോഹനം.
പരമതിൽ സർവാങ്‌ഗീണസുഷമമാം തനുവിൽപ്പ-
ണ്ടൊരു ചെറുപാണ്ടിൻപൊട്ടു തൊട്ടു ദുഷ്ക്കാലം.
ആയതിൻ പേരയിത്തം പോലാമയമതതിമാത്രം
കായമെങ്ങും പടർന്നേറി കാലക്രംത്തിൽ.
ഹന്ത! തെറ്റിദ്ധരിച്ചുപോയ് കീർത്തിയെന്നു വളരെ നാ-
ളന്ധരാം നാമതിഹേയമാമഹാരോഗം.
അകഞ്ചിനരായി നമ്മ, ളടിമകളായി കഷ്ട-
മഹർന്നിശം ഭ്രാതൃഹത്യാപാപികളായി.
അറിയുന്നീലെന്നിട്ടും നാ,മന്യദേശക്കാർക്കശേഷ-
മയിത്തക്കാരായാൽപ്പോലുമതിൻ വൈരൂപ്യം.
പതിതർ നാമഖിലരും ഭ്രാതാക്കളേ! ഭാരതീയർ-
പതിതരുമുണ്ടോ വേറേ നമുക്കിടയിൽ?
വമ്പെഴുമീ രക്ഷസ്സിന്നു വളരെ വീടുണ്ടെന്നാലു-
മമ്പലമാണന്തിമമാമാശ്രയസ്ഥാനം.
ഹന്ത! നമ്മൾ കുറേപ്പേരെ നമ്മളിൽ നിന്നടിച്ചോടി-
ച്ചന്തകൻതൻ മട്ടവരോടാവതും കാട്ടി.
ഉടുക്കുവാൻ തുണിയില്ല; കിടക്കുവാൻ കുടിലില്ല;
കുടിക്കുവാനൊരുതുള്ളിക്കഞ്ഞിനീരില്ല;
ഹരിയെന്നു വാതുറന്നു പറയുവാനറിയില്ല;
കരയുവാൻപോലും കാര്യവിവരമില്ല;-
വെറുമിരുക്കാലിമാട്ടിൻ നിലയിലിമ്മട്ടിലൊരു
വരവരച്ചപ്പുറത്തു ചെറുത്തുതള്ളി,
മരുവുന്നു; മറ്റുപേർക്കു മധുരമായിരിപ്പോരീ
നരലോകമവർക്കയ്യോ! ലുപ്‌ത 'ലോ' വർണ്ണം.
ദൈവമെന്നും ഭക്തിയെന്നും ക്ഷേത്രമെന്നും പൂജയെന്നു-
മേവമുള്ള വാക്കുകൾതന്നർത്ഥംഗ്രഹിപ്പാൻ
അവരല്ലീ നമ്മളെക്കാളധികാരിഭാവർന്നോ-
രഗദത്തിന്നാവശ്യക്കാരാതുരരല്ലീ?
ആരിരുന്നരുളീടുന്നു ദേവതായതനത്തിങ്ക-
ലാരണനല്ലാഢ്യമാനിയജ്ഞതാവിഷ്ടൻ.
പാരിടങ്ങൾ പതിന്നാലും കാത്തിടുന്ന പരൻ പുമാൻ,
പാമരർക്കും പണ്ഡിതർക്കും പ്രാർത്ഥിതദായി,
സത്യശിവശാന്തമൂർത്തി, സച്ചിദാനന്ദസ്വരൂപൻ,
നിത്യശുദ്ധൻ, നിത്യബുദ്ധൻ, നിത്യവിമുക്തൻ.
പൂച്ചകകൾക്കും പുഴുക്കൾക്കും പുല്ലുകൾക്കും പൂഴികൾക്കും
സ്വേച്ഛപോലെ കുടികൊൾവാനുണ്ടവകാശം;
മനുഷർക്കും മാത്രമതിൽ- മനുഷർതൻ സോദരർക്കു-
നൂണുകൂടാ പിതാവിനെ കൈകൂപ്പിപ്പോവാൻ;
അയിത്തമായ് ദേവനപ്പോ, ളഖിലവും കുട്ടിച്ചോറായ്;
ഭയദമാം ഭൂകമ്പമായ്; പ്രളയവുമായ്.
അളക്കുന്നുവല്ലോ മർത്ത്യാ! നിന്റെ പൊട്ടമുഷ്ടികൊണ്ടീ-
യുലകെങ്ങും നിറഞ്ഞൂള്ളോരുടെയോനെ നീ!
നിൻ കിടാങ്ങൾ സമീപിച്ചാൽ നീയകലാൻ മുതിർന്നിടാ-
മങ്കമവരേറിയാൽ നിൻ മുണ്ടഴുക്കാകാം;
അവർക്കു നീ പിതാവായതരോചകമായിത്തോന്നാം;
ഭുവനേശൻ ത്വത്സദൃശനല്ല ചങ്ങാതി!
അവനവൻ തൻ മനസ്സിൽ സങ്കല്പത്തിൽക്കവിഞ്ഞാർക്കു-
മവനിയിൽ ദൈവമില്ലെന്നറിയണേ നീ.
അമ്പലത്തിൻ ചടങ്ങവരറിയാത്തോർ പോലു;മവ-
ർക്കംബരവും ശരീരവും മലിനം പോലും!
ആരു ചെയ്‌ത പിഴയതു? നമ്മുടയ പൂർവ്വഗന്മാർ;
ആര, തിന്നു നികത്തേണ്ടോർ? നമ്മൾ താൻ-നമ്മൾ.
എളിയൊരു കനിഷ്ഠനെച്ചേറിൽ വീഴ്‌ത്തിത്തന്റെ മുണ്ടിൽ-
ച്ചളിതെറിച്ചതായ് ജ്യേഷ്ഠൻ പഴി ചൊല്ലുന്നു;
പുറംപൊളിച്ചിറ്റു വീഴും നിണം തന്റെ ചൂരലിന്മേൽ-
പ്പുരണ്ടതായ്ക്കണ്ടു പിന്നെക്കലികൊള്ളുന്നു;
തച്ചുകൊന്നു ശവത്തിന്റെ ചീഞ്ഞ നാറ്റം സഹിക്കാതെ
ലജ്ജവിട്ടു കരംകൊണ്ടു മൂക്കുപൊത്തുന്നു!
മതമെന്നല്ലിതിന്നുപേർ; മതത്തിന്റെ മറക്കുള്ളിൽ
മദം നിന്നു കാട്ടിക്കൂട്ടും മനുഷ്യദ്രോഹം.
തന്റെ കാലം കഴിഞ്ഞോട്ടെ വല്ലമട്ടുമെന്നു ചൊല്ലി-
സ്വന്തനിലയുറപ്പിക്കും സൂത്രശാലികൾ;
പഴമയെപ്പേടിച്ചന്തഃകരണം കാട്ടിടുന്ന നേർ-
വഴിയിൽക്കാൽ കുത്തിടാത്ത പശുമതികൾ;
ഒച്ചിഴച്ചിൽ വിമാനത്തിൻ പാച്ചിലെന്നു നിനയ്ക്കുന്ന
നിശ്ചലത്വപ്രണയികൾ നിത്യസുഷുപ്തർ
പത്തുനാലായിരം വർഷം മുമ്പിരുന്ന മനുഷ്യർക്കേ
ബുദ്ധിയുള്ളൂവെന്നുറയ്ക്കും രുദ്രഭക്തർ,
അതികാമ്യം താനീലക്ഷ്യമനവാപ്യമല്ലെന്നാലെ-
ന്നധരാനുകമ്പകാട്ടുമശുദ്ധചിത്തർ;
പൂർവ്വജന്മകർമ്മഫലം ഭുജിപ്പിച്ചിടാഞ്ഞാലുണ്ടാം
ദൈവകോപമെന്നുരയ്ക്കും ദൈവജ്ഞമ്മന്യർ;
ഊരുകൂടിതീർച്ചയാക്കാനുള്ളകാര്യമൊരുവന്റെ
ഭാരമല്ലെന്നൊതുങ്ങീടും പ്രച്ഛന്നസ്വാർത്ഥർ;
അച്ഛനിലുമമ്മയിലും തന്നിലെഴുമപരാധം
വെച്ചുകെട്ടാനൊരുങ്ങുന്ന വിശ്വവഞ്ചകർ;-
പരമേവം പലപല വേഷമാർന്നു നടക്കുന്നു.
ഭാരതോർവീസമുൽഗതിപ്രതിരോധികൾ.
ഒന്നിനൊന്നു നിവർന്നുയർന്നാർത്തയിത്തപ്പിശാചിതാ!
നിന്നിടുന്നു തന്മധ്യത്തിൽ നിർഭയമായി-
ഹോയി ഹോയിയെന്നലറി മപ്പടിച്ചു കലിതുള്ളി
വായിൽ നിന്നു തീവമിച്ചു വല്ലാത്ത ഭൂതം
ഭഗവതി ഭാരതാംബ പതറി വീഴുന്നു പാവം
ശകലവും ശാന്തിക്കൊരു വഴികാണാതെ,
വലങ്കണ്ണുമിടങ്കണ്ണും മാറിമാറിത്തുറക്കുന്നു
വളരെനാളായിശ്ശൗരി പകലും രാവും.
"സൂര്യനായിക്കയർത്താലും ചന്ദ്രനായിച്ചിരിച്ചാലും
കാര്യമില്ല; സവർണ്ണർക്കു രണ്ടും സമാനം.
ദഹിപ്പിക്കാമെന്നുവെച്ചാൽത്തീക്കണ്ണില്ല; മനസ്സില്ല;
സഹിക്കാം ഞാനീയനീതി ചിലനാൾകൂടി."
എന്നു നിനച്ചടങ്ങിത്തൻ മെത്തയിന്മേൽക്കിടക്കയാ-
ണൊന്നുമറിയാത്തമട്ടിൽ ശ്രീപത്മനാഭൻ
ആന്ധ്യമത്ര കാൺകമൂലം ശ്രീവിവേകാനന്ദൻ മുന്നം
ഭ്രാന്തശാലയെന്നുചൊന്ന കേരളനാട്ടിൽ-
തൊട്ടുകൂടാ-തീണ്ടീക്കൂടാ-കണ്ടുകൂടാ-തുടങ്ങിയ
ചട്ടമിന്നും നിലനിൽക്കും ശ്വാപദക്കാട്ടിൽ-
ഘോരനാമിദ്ദുരാചാരതാരകനെക്കൊന്നൊടുക്കാ-
നേറെനാളായ് വിബുധന്മാർ ചെയ്ത തപസ്സാൽ
ശ്രീപാർവതീദേവിയുടെ തിരുവുദരത്തിലൊരു
ശോഭനനാം കുമാരൻ പോന്നവതരിച്ചു.
സ്തന്യപാനദശയിലും ധർമ്മവീരനന്നൃപേന്ദു-
വന്യദുഃഖമകറ്റുവാനൗത്സുക്യശാലി
കോലകത്തെഗ്ഗാനമൊന്നുമല്ല കേട്ടതവിടുന്നു,
മാലിയലുമധഃസ്ഥർതൻ തപ്തനിശ്വാസം;
കോമളമാം വസ്തുവൊന്നുമല്ല കണ്ടതവിടുന്നു,
ജാമദഗ്ന്യധരണിതൻ സവ്രീഡവക്ത്രം
അരുളീടുമനുകമ്പാവിവശനായ്ക്കൺനിറഞ്ഞു
തിരുമേനി: "ഇതെന്തൊരു നീതികേടമ്മേ?
അരയൊരു കീറക്കരിത്തുണിത്തുണ്ടുകൊണ്ടു മറ-
ച്ചരിവറ്റു കണ്ടിടാത്ത വയറുമായി
കവിളൊട്ടി, മിഴികുഴി,ഞ്ഞുടൽമെലി,ഞ്ഞെല്ലെടുത്തോ-
രിവരേവർ നമ്മെക്കണ്ടാലോടിയൊളിപ്പോർ?
ഇവരോടെന്തിതരന്മാരിത്തരത്തിൽപ്പെരുമാറാ-
നിവരുമെന്തിക്കണക്കിലൊഴിഞ്ഞുമാറാൻ?
ഇവരും ഹാ! ദയനീയർ നരരല്ലേ നമ്മെപ്പോലെ-
യിവരെയും സൃഷ്ടിച്ചതീശ്വരനല്ലേ?
പാമ്പിനേയും കാവിൽവെച്ചു കൈതൊഴുന്നു കേരളീയർ;
പാമ്പിനെക്കാൾപ്പതിതനോ പാവം മനുഷ്യൻ?"
മറുപടിയതിന്നോതും മനസ്വിനി മഹാറാണി:
"പരമാർത്ഥം നമുക്കിവർ ഭ്രാതാക്കൾതന്നെ
ഹിന്ദുധർമ്മം ചരിക്കുവോർ; ഹിന്ദുനാമം ധരിക്കുവോർ,-
എന്തുചെയ്യാ,മനുല്ലംഘ്യമന്ധവിശ്വാസം!
പിറവിയിൽത്തന്നെയിവർ പതിതർപോൽ; ഇജ്ജന്മത്തി-
ലൊരുനാളുമില്ലിവർക്കൊരുന്നമനംപോൽ!
ഏതു വിദ്യാഗങ്‌ഗയിൽച്ചെന്നെത്ര മുങ്ങിക്കുളിച്ചാലും
ജാതിപങ്കപ്രമാർജ്ജനം സാദ്ധ്യമല്ലപോൽ!
എന്നതത്രേ കെടുമാമൂൽവിധി, യതിന്നടിപെട്ടു
നിന്നുപോയി നിരാധാരർ നീണാളിക്കൂട്ടർ.
ഇപ്പുഴുക്കുത്തുള്ള കാലമില്ല വിലയീവൈരത്തി-
ന്നുപ്പുചേർന്നപായസമാർക്കുണീനുകൊള്ളാം?
നാളിൽ നാളിൽ നരർക്കേറ്റം നാശകരമായിപ്പോയി
കാളിയൻ തൻ വിഷത്താലിക്കാളിന്ദീവാരി.
ആരു കണ്ടു? കുട്ടനാവാമാനരകക്കുണ്ടിൽനിന്നി-
ബ്‌ഭാരതത്തെ യഥാപൂർവ്വം സമുദ്ധരിപ്പാൻ;
മാതൃഭൂവിൻ ചുടുകണ്ണീർമാർജ്ജനം ചെയ്താരുമങ്ങു-
മാദരവാർന്നരുളീടുമാശിസ്സുവാങ്ങാൻ;
നമ്മുടയ വഞ്ചിനാടാം ദേവിയുടെ ശിരസ്സിങ്കൽ-
പ്പൊന്മകുടം പണിതൊന്നു പുത്തനായ്ച്ചാർത്താൻ;-
ഭാഗധേയം ഭവിപ്പതു ഭാവിയിങ്കൽ;- അരുളട്ടെ
ലോകനാഥൻ വരമുണ്ണിക്കണ്ണനെ ചെയ്‌വാൻ."
ചില സംവത്സരം മേലുമുദിച്ചുയർന്നസ്തമിച്ചു;
ഫലവത്തായ് ജനങ്ങൾതൻ പ്രാർത്ഥനശാഖി;
കാലമനുകൂലമായി; വഞ്ചിഭൂവിൻ നാഥനായി
ബാലരാമവർമ്മനൃപപീയൂഷഭാനു.
ഉല്പതിഷ്ണുവാമവിടുന്നുത്തമമാം മുഹൂർത്തത്തിൽ
പത്മനാഭനരുളിന പള്ളിവാൾ വാങ്ങി
ചേരമാൻപൊൻ മുടി ചൂടിത്തിരുവിതാംകൂറുകാക്കാ-
നാരംഭിച്ചു- മൂർത്തിമത്താം യുവചൈതന്യം.
പര്യടനംകൊണ്ടും ഗ്രന്ഥപാരായണംകൊണ്ടും ലോക-
ചര്യയുടെ പരമാർത്ഥം തമ്പുരാൻ കണ്ടു.
എവിടെയുമുദാത്തമാമേകയോഗക്ഷേമചിന്ത
എവിടെയുമുജ്ജ്വലമാം ദേശാഭിമാനം;
എവിടെയുമഹമഹമികകൈകൊണ്ടുന്നതിക്കാ-
യവിരതം ധീരർചെയ്യുമകുണ്ഠയത്നം.
ഒരുതെല്ലുമതുകാണ്മാൻ മിഴിയെന്ന്യേ കിടപ്പതു
ഭരതഭൂഖണ്ഡം മാത്രം പ്രക്ഷീണപുണ്യം.
എവിടെയുമുയർച്ചയ്ക്കു തടസ്ഥമില്ലേതൊരാൾക്കു-
മെവിടെയും സ്‌പൃഹണീയം മനുഷ്യജന്മം;
ശോഭനമാം ഭായിയുടെ നിർമ്മിതിക്കങ്ങാർക്കും പോരും
സ്വാഭിലാഷം, സ്വസാർമർത്ഥ്യം സ്വവ്യവസായം.
നികൃഷ്ടമല്ലാർക്കും ജന്മം; നിഷിദ്ധമല്ലേതും കർമ്മം
സുഖിക്കുവാനാർക്കുമുണ്ടു തുല്യാവകാശം.
ഭഗവതി! ഭാരതോർവി! ഭവതിയിൽ മാത്രമെന്തീ
വികൃതമാം വിധിവാക്യം, വിഷാദസ്ഥാനം?
അയിത്തമാണവിടുത്തേയഴലുകൾക്കാദിമൂല,-
മയൽവക്കക്കാർക്കശേഷമപസാസർഹം.
ഇപ്പഴങ്കൈവിലങ്ങമ്മയെത്രകാലം ചുമക്കേണ-
മിപ്പെരിയ ശാപത്തിന്നുമില്ലയോ മോക്ഷം?
ശ്രുതികളും സ്മൃതികളും ചികഞ്ഞു നോക്കുകിൽക്കാണാ-
മതിലെല്ലാമനുസ്യൂതമായൊരുതത്വം.
ഒരിക്കലുമസ്മൽപൂർവരിരുന്നവരല്ലന്നന്നു
പരിഷ്കരിച്ചിടാതെ തന്മതാചാരങ്ങൾ.
അല്ലയെങ്കിൽപ്പഴയോരീഹർമ്മ്യമെന്നേ കാലത്തിന്റെ
മല്ലുതട്ടിൽ മൺമറഞ്ഞുപോയിരുന്നേനേ.
നിയതം നാം നീളെ മേലും നിവസിക്കേണ്ടോരിസ്സൗധ-
മയിത്തപ്പാഴ്ചിതൽപ്പുറ്റായ്ക്കിടന്നുകൂടാ.
വളരെനാളായിപ്പോയി വലയടിക്കാതെ; വെള്ളം
തളിച്ചൊന്നു തറപോലും മെഴുകിടാതെ;
ഇളകിപ്പോയ് ചുവരിലെയിഷ്ടികകൾ; വിടവുക-
ള്ളകളായ്‌പ്പോ, യഹികൾക്കകത്തു നൂഴാൻ.
പറന്നുപോയ് പണ്ടു മേഞ്ഞ പഴയോല; നമ്മുടെയി-
ത്തറവാടു തകരാറായ്, തരിപ്പണമായ്.
ഉടനിതിൻ കേടുപാടു ശരിപ്പെടുത്താഞ്ഞാൽ മറി-
ഞ്ഞിടിഞ്ഞിതു വന്നുവീഴും തലയിൽത്തന്നെ.
സവർണ്ണർക്കു മാത്രമല്ല തമ്പുരാനും ജനകനു-
മവർണ്യവൈഭവനാമെന്നംഭോജനാഭൻ.
എന്തുകൊണ്ടീയഗതികൾ കൈതൊഴുവാൻ വരുമ്പോൾ നാം
ബന്ധനം ചെയ്തിരിക്കേണം ക്ഷേത്രകവാടം?
ആയവർ തൻ ഹൃദയത്തിൽ വാണരുളും ഹരിയെ നാം
ധീയകന്നു ചെറുക്കാമോ? ഹരി രണ്ടുണ്ടോ?
സ്നേഹബുദ്ധിയോടുകൂടിയാഗമിക്കും സഹജരിൽ
ദ്രോഹവൃത്തി തുടങ്ങുവോർ ദുഷ്ടരിൽ ദുഷ്ടർ.
ഹരിജനസേവനം താൻ ഹരിയുടെ സേവനമെ-
ന്നറിയുന്നു വേദശാസ്ത്രപുരാണവിജ്ഞർ.
കായനാശം മനുഷ്യർക്കു സാരമില്ല; കായമൊന്നു
പോയാൽ പോകും; വരും വീണ്ടും മറ്റൊരു കായം;
അഭിമാനഹാനിവന്നാലരുന്തുദമാമാവ്രണ-
മപവർഗംവരെ നിൽക്കുമന്തരംഗത്തിൽ
മനംതന്നിലേവമോർത്തു മഹനീയൻ മഹീനാഥ-
നനന്തരകരണീയവിധാനവ്യഗ്രൻ
സചിവോത്തമൻ സർ സീ. പി. രാമസ്വാമിയയ്യരോടു
രചിക്കുവാനരുൾചെയ്തു രാജശാസനം
ഒരു മഹാശ്ചര്യമെന്തുണ്ടിൽപ്പരം? വഞ്ചിനാട്ടി-
ലൊരു നരവരൻ നവയൗവനാരൂഢൻ-
ഒരു വെള്ളക്കടലാസു തിരുമുമ്പിൽ-അതിനുള്ളി-
ലൊരു ചെറുവിളംബരമോങ്കാരപ്രായം-
ഒരു പേന മേശമേൽനിന്നെടുക്കൽ-ആ വിളംബര-
മൊരു കുറി വഴിപോലെ വായിച്ചു നോക്കൽ-
ഒരു സന്തോഷാശ്രുധാര തിരുമിഴിവിട്ടൊഴുകൽ-
ഒരു സർവാങ്ഗീണമാകും കോൾമയിർക്കൊള്ളൽ
ഒരു തൃക്കൈവിളയാട്ടം-;ലഭിക്കുകയായ് ജഗതി-
ക്കൊരു കൃതയുഗത്തിന്റെ ശുഭാവതാരം!
തിരുവിതാംകൂറിലേതു രാജകീയക്ഷേത്രത്തിലു-
മൊരു ഹിന്ദുവിന്നു കേറിത്തൊഴുവാൻ മേലിൽ
ഒരു തടസ്ഥവുമില്ല ജാതികൊണ്ടെന്നുൽഘോഷിക്കു-
മൊരു ദിവ്യനിദേശമാണാ വിളംബരം;
ഒരു വിശിഷ്ടോപനിഷ,ത്തീശാവാസ്യപ്രതീകാശ,-
മൊരുധർമ്മദിഗ്വിജയദുന്ദുഭിധ്വാനം,
ഒരു പൂർവദുരാചാരപരമ്പരാധ്വംസമന്ത്ര-
മൊരു നവ്യസപ്തതന്തുസാമഗഗാനം
സ്ഫുടമതു കൃഷ്ണവർണം തനുരൂപമനല്പാർത്ഥം
വടപത്രശായിയായ ഹരികണക്കെ
ഒരുതെല്ലും പതറിയില്ലവിടത്തെക്കരൾത്തട-
മൊരുശങ്കാദോലയിലുമൂയലാടീല;
വരയ്ക്കുകയത്രേചെയ്തു തൂലികകൊണ്ടവിടുന്നു
ഭാരതഭൂദേവിയുടെ യഥാർത്ഥചിത്രം
കുറിക്കുകയത്രേ ചെയ്തൂഗുണനിധി ഭാഗധേയ-
ഗരിഷ്ഠമാം കേരളത്തിൻ കീർത്തിജാതകം;
തിരുത്തുകയത്രേ ചെയ്തു ഹരിജനനിടിലത്തിൽ-
പ്പരമേഷ്ഠി വിന്യസിച്ച ദുരക്ഷരങ്ങൾ
ഒരു തുള്ളിമഷി ഹിന്ദുമതഭഗവതിയുടെ
തിരുനെറ്റിയിൽക്കസ്തൂരിതിലകമായി;
തിരുമിഴിക്കഴകെഴുമഞ്ജനമായ്; തൃക്കഴുത്തി-
ന്നരിയോരു നീലരത്നപ്പതക്കമായി.
അയിത്തമാം വിന്ധ്യനെത്തൻ പദപ്രഹാരത്താൽത്താഴ്ത്തി-
യയത്നമീനരവരനഗസ്ത്യകല്പൻ;
അയിത്തമാം ബലിക്കേകി, യഹിലോകവാസം ഹരി-
ഹയസഹോദരനാമീ വാമനോപമൻ
അതുവരെയധഃസ്ഥരായശുദ്ധരായെവിടെയോ
ഗതികെട്ടു കിടന്നോരു ഹരിജനങ്ങൾ
സവർണർതൻ ക്ഷേത്രംകണ്ടാൽ ശത്രുദുർഗ്ഗമെന്നുകല്പി-
ച്ചവശരായരണ്ടോടുമശരണന്മാർ
കുളിച്ചോരോകുറിയിട്ടു വെളുത്തമുണ്ടുടുത്തതാ
വിളംബരവിമാനത്തിൽക്കയറി നീളേ
തൊഴുകൈപ്പൂമൊട്ടുയർത്തി മിഴിയിണയിങ്കൽനിന്നു
വഴിയുന്ന വിൺപുഴയിൽ വീണ്ടും മുഴുകി
അണിനിര,ന്നഴിനിലയക,ന്നകതളിർ തെളി-
ഞ്ഞണയുന്നു ദേവസേവയ്ക്കനന്യതന്ത്രർ
'വരുവിനിങ്ങോട്ടു;വേഗം വരുവിൻ നിങ്ങളെക്കാത്തു
മരുവുന്നു ഞങ്ങ'ളെന്നു സവർണമുഖ്യർ
പറയുന്നു; നയിക്കുന്നു ഭഗവാന്റെ തിരുമുമ്പിൽ
പരിചയിപ്പിച്ചിടുന്നു പരിസരങ്ങൾ
മൂർത്തിയേതെന്നറിവാനും കീർത്തനത്താൽ സ്തുതിക്കാനും
ക്ഷേത്രമര്യാദകൾ പേർത്തും ഗ്രഹിക്കുവാനും
അവർ പഠിച്ചവരല്ലെന്നിരിക്കിലെന്തൊരു ഹാനി?-
യവയൊന്നുമല്ലയല്ലോ യഥാർത്ഥഭക്തി.
അവർക്കില്ല കാണിക്കയ്ക്കു പണമെങ്കിൽ വേണ്ട; ദേവ-
ന്നവർകാഴ്ചവെയ്പതന്തഃകരണരത്നം
അന്തണനുമന്ത്യജനുമൊന്നുചേർന്നു കൈകൾകോർത്തു
ബന്ധുതപൂണ്ടമ്പലത്തിനകത്തുകേറി
താണു ജഗദീശ്വരനെക്കൈതൊഴുതു പോരും കാഴ്ച
കാണുമെന്റെ കണ്ണേ; നിനക്കെന്തു മേൽക്കാമ്യം?
ഇതുതാനോ നാമിന്നോളമിരുന്നതാം ലോകം? മാറ്റ-
മിതിന്നൊരുനിമിഷം കൊണ്ടിത്ര വരാമോ?
ഗാന്ധിജിക്കുപോലുമൊരു മോഹനമാം ദിവാസ്വപ്നം;
ഭ്രാന്തരാകും കവികൾക്കു ഭാവനാചിത്രം
വിപ്ലവത്തിൻ വിദൂരമാം വിഹായസമണ്ഡലത്തി-
ന്നപ്പുറത്തുള്ളൊരു ഗോള, മസ്പഷ്ടദൃശ്യം;-
അതിനെയിങ്ങാകർഷിച്ചു ഹസ്തഗതമാക്കിയല്ലോ
വിധിവത്താ,യൊരുസൂക്തമോതിയിദ്ദേവൻ
തന്നുടയ തൂലികയാം യോഗദണ്ഡം നിലത്തൂന്നി-
ത്തന്നുവല്ലോ നാകമൊന്നീ നവ്യഗാധേയൻ
വളരെവർഷങ്ങളായിസ്സഹസ്രശാഖകൾ വാച്ചു
വളർന്നീടുമയിത്തമാം വിഷവൃക്ഷത്തെ
ഒരുവെട്ടാഞ്ഞോങ്ങിവെട്ടി മുറിച്ചിട്ടുവല്ലോ താഴെ-
പ്പരശുരാമോർവിയിലിപ്പരശുരാമൻ
വിരൽചൂണ്ടിക്കാട്ടി ലോകം ചിരിക്കും കല്ലായിരുന്ന
ഭരതക്ഷ്മാഭിധയാകുമഹല്യയാളെ
ശ്രീലമാം തൻ പുരാതനരൂപമേകിക്കാത്തുവല്ലോ
ബാലരാമചന്ദ്രനാകുമിബ്ബാഹുജശ്രേഷ്ഠൻ.
ലോകഗുരു ശങ്കരനുജന്മദാത്രി വഞ്ചിഭൂമി
കാകവന്ധ്യയല്ലയെന്നു കാണിച്ചു കാലം.
തെക്കറ്റത്താണിരിപ്പതിദ്ദേവതയെന്നാലു; മില്ല
തർക്ക,മിന്നു സർവോത്തരമായി തൽസ്ഥാനം.
ഈ മലയവായുവിന്റെ വെന്നിക്കൊടിക്കൂറ പാറും
സോമചൂഡശ്വശുരൻതൻ ശിരസ്സിൽപ്പോലും.
മറയുമിച്ചന്ദനത്തിൻ പരിമളത്തിങ്കൽ മേലി-
ദ്ധരയിലെദ്ദുരാചാരപൂതിഗന്ധങ്ങൾ.
മഞ്ജുളാംഗി! ഭരതോർവി! ഭവതിയിന്നർഹയായി
മഞ്ഞമലവൈരമുടി മൗലിയിൽച്ചൂടാൻ;
വിൺപുഴയാം മുത്തുമാല മാറിടത്തിലണിയുവാ-
നുമ്പർപോലുമൃഷിമാതാവെന്നു പുകഴ്ത്താൻ.
ചിലരുണ്ടാമങ്ങുമിങ്ങുമിതിലരോചകികളാ,-
യുലകമാം വെണ്മതിക്കെന്നില്ലിക്കളങ്കം?
സാധ്യമല്ല കല്പകാലസാഗരത്തിൻ തിരകൾക്കു-
മാർദ്രമാക്കാനവർ പേറുമശ്മഹൃദയം.
വരം തരാൻ ഹരിവന്നാൽ നിറംകണ്ടു വിരണ്ടോടി-
യൊരുജലാശയത്തിൽപോയ് മുഴുകിനിൽപോർ;
പരബ്രഹ്മത്തോടുചേർന്നു ലയിച്ചിടുമ്പൊഴുമതി-
ന്നൊരുശുദ്ധികർമ്മം ചെയ്‌വാനുറച്ചിരിപ്പോർ;-
ഇരുന്നുകൊള്ളട്ടെ നമുക്കവർകൂടിസ്സമീപത്തിൽ-
പരിഷ്കാരചിത്രങ്ങൾ തൻ പശ്ചാത്തലങ്ങൾ.
ഹരിജനപരമ്പരയവിരതം സന്ദർശിക്കും
തിരുപ്പതിയിനിത്തിരുവനന്തപുരം,
ചിദംബരം തിരുവൈക്കും, മധുര കുമാരീക്ഷേത്രം;
ശ്രുതിസുഖദമാം ശബ്ദം ദ്വ്യക്ഷരി വഞ്ചി.
ജയ ജയ ചിത്രോദയ! വഞ്ചിഭൂമീകമിതാവേ!
ജയ ജയ സാധുജനശർമ്മദാതാവേ!
ജയ ജയ ദുരാചാരധ്വാന്തബാലസവിതാവേ!
ജയ ജയ ഹിന്ദുധർമ്മമർമ്മവേത്താവേ!
അവിടുത്തേ ഹൃദയത്തിൻ വിരിവിനുമുറപ്പിന്നു-
മവികലം ധന്യവാദമരുളുമാരും;
അവിടുത്തേ മഹത്താമീയപദാനം ഭക്തിപൂർവ്വ-
മെവിടെയും വാഴ്ത്തും ലോകമേതുകാലത്തും;
അവിടത്തേത്തിരുനാമമവനിയിലായുഗാന്ത-
മെവിടെയും പ്രകാശിക്കുമേകാന്തശോഭം.
അവിടത്തേക്കവധിവിട്ടരുളുവാൻ കനിയട്ടെ
ഭവികങ്ങൾ പരാർദ്ധ്യങ്ങൾ പഥോജനാഭൻ.
അവിടേയ്ക്കീയനിതരസുലഭമാം ഗുണഗണ-
മെവിടുന്നുളവായെന്നേവർ കാണ്മീല!
അവിടത്തെ പ്രിയതമാ, വനശ്വരയശസ്വിനി,
വിവിധസൽകലാവലീവിലാസഹർമ്മ്യം;
സരസ്വതീദേവിയുടെ സമഗ്രമാമവതാര,-
മരിവയർകുലം ചാർത്തുമനഘരത്നം;
പാരിടത്തിൻ പ്രതിനവഭാഗ്യതാര,മവിടുന്നി-
പ്പാരിജാതലതയിലെ പ്രഫുല്ലപുഷ്പം.
അവിടത്തേ മന്ത്രിവര്യനനവദ്യവിദ്യാരാശി,
ദിവിഷദാചാര്യകല്പൻ, ദീനദയാലു,
അഭിനവരാജ്യതന്ത്രജ്ഞാഗ്രയായി, ഭാരതത്തി-
ന്നഭിമാനധ്വജസ്തംഭ, മത്ഭുതചര്യൻ,
രാജാരാമമോഹനാദികുർമ്മശൂരസമശീർഷൻ,
രാജമാനയശസ്തോമൻ, രാമസ്വാമ്യാര്യൻ.
മഹതിയാമവിടത്തെജ്ജനനിക്കും സഹജയ്ക്കും
സഹജനും സചിവനും ബാന്ധവന്മാർക്കും
അരുളട്ടെ പകലിരവനുഗ്രഹമതിമാത്രം
നിരുപമകൃപാസിന്ധു നീരജനേത്രൻ.