കർണ്ണഭൂഷണം (ഖണ്ഡകാവ്യം)

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1929)

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ
കൃതികൾ

മഹാകാവ്യം

ഉമാകേരളം

ചമ്പു

സുജാതോദ്വാഹം

ഖണ്ഡകാവ്യങ്ങൾ

വഞ്ചീശഗീതി · ഒരു നേർച്ച
ഗജേന്ദ്രമോക്ഷം · മംഗളമഞ്ജരി
കർണ്ണഭൂഷണം · പിങ്‌ഗള
ചിത്രശാല · ചിത്രോദയം
ഭക്തിദീപിക · മിഥ്യാപവാദം
ദീപാവലി · ചൈത്രപ്രഭാവം
ശരണോപഹാരം · അരുണോദയം

കവിതാസമാഹാരങ്ങൾ

കാവ്യചന്ദ്രിക · കിരണാവലി
താരഹാരം · തരംഗിണി
മണിമഞ്ജുഷ · ഹൃദയകൗമുദി
രത്നമാല · അമൃതധാര
കല്പശാഖി · തപ്തഹൃദയം

ഗദ്യം

വിജ്ഞാനദീപിക
കേരളസാഹിത്യചരിത്രം


[ 1 ]
മുഖവുര



'അന്നും ഇന്നും' എന്ന എന്റെ ഒരു ചെറിയ ഭാഷാ കൃതി 'ഉണ്ണിനമ്പൂരി' മാസികയിൽ ഞാൻ ആദ്യമായി പ്രസിദ്ധപ്പെടുത്തിയപ്പോൾ അതു വായിച്ച ചില സാഹിത്യരസികന്മാർ ആ കൃതിയിൽ സൂചിപ്പിക്കുക മാത്രം ചെയ്തിട്ടുള്ള പുരാണപുരുഷന്മാരിൽ ഒരു മഹാത്മാവിന്റെ ഒരപദാനത്തെയെങ്കിലും സാമാന്യമായി പ്രപഞ്ചനം ചെയ്ത് ഒരു കവിത നിർമ്മിച്ചു കണ്ടാൽ കൊള്ളാമെന്ന് എന്നോട് അപേക്ഷിക്കുകയുണ്ടായി. അവരുടെ ആകാംക്ഷയെ പൂരിപ്പിക്കുന്നതിനു വേണ്ടിയാകുന്നു കല്യാണകൃത്തായ കർണ്ണന്റെ കവചകുണ്ഡലദാനോദ്യമത്തെ വിഷയീകരിച്ചുള്ള "കർണ്ണഭൂഷണം" എന്ന ഈ ഖണ്ഡകാവ്യം ഞാൻ രചിക്കുവാൻ ഒരുമ്പെട്ടത്. വിശ്വവിദിതമായ ഒരു പുരാവൃത്തത്തിന്റെ ഉദ്ദേശരഹിതമായ ഏതോ പുനരാഖ്യാനം മാത്രമാണ് ഈ കൃതി എന്നു നാമശ്രവണത്തിൽ തോന്നുമെങ്കിലും വാസ്തവം അങ്ങനെയല്ലെന്നുള്ളതു വായനക്കാർക്കു വേഗത്തിൽ മനസിലാക്കുവാൻ കഴിയും. ഇത്തരത്തിലുള്ള ഒരു പ്രസ്ഥാനം വങ്ഗസാഹിത്യത്തിലും മറ്റും ഇപ്പോൾ ലബ്ധപ്രതിഷ്ഠമാണ്. [ 2 ] പരമപാവനിയായ കൈരളീദേവിയുടെ പാദപത്മങ്ങളിൽ ഭക്തിപുരസ്സരം സമർപ്പിക്കുന്ന ഈ കവനകുസുമത്തെപ്പറ്റി എനിക്ക് ഇതിലധികമായി ഒന്നും ഉപക്രമണികാരൂപത്തിൽ പ്രസ്താവിക്കേണ്ടതില്ല. ഭാരതീയരുടെ പ്രാക്തനങ്ങളായ പരമാദർശങ്ങൾ ജയിക്കട്ടെ; ഭഗവാൻവേദവ്യാസ മഹർഷിയുടെ ഭാരതീവിലാസത്തിനു വീണ്ടും വീണ്ടും നമസ്കാരം, വന്ദേമാതരം.

തിരുവനന്തപുരം.
1-1-1104
ഉള്ളൂർ എസ്. പരമേശ്വരയ്യർ
[ 3 ]
കർണ്ണഭൂഷണം


I

ആ രാത്രി ചേരാറായ് വാസരശ്രീയോടു
  സൂരജ വിണ്ണാറോടെന്നപോലെ.

തൂമയിൽ തൻവസു തൂകാറായ് മേൽക്കുമേൽ
  ധാമനിധിയായ ദേവൻ വീണ്ടും.

ചോപ്പങ്കവാൽത്തൊപ്പി ചാർത്തിന മൗലികൾ
  മേല്പോട്ടു നീട്ടിക്കൊണ്ടങ്ങുമിങ്ങും.

ഉച്ചത്തിലാചാരവാക്കോതി ലാത്തുന്നു
  നൽചരണായുധർ നാഗരിഗർ

വേതനത്തിന്നോരോ രാജന്യസ്തോത്രങ്ങൾ
  സാധകം ചെയ്തതാം ജിഹ്വകളെ        10

ധന്യകളാക്കുന്നു തങ്ങൾക്കു യോജിച്ച
  മന്നനെ വാഴ്ത്തുന്ന സൂതവര്യർ.

[ 4 ]


II



പന്ത്രണ്ടു വത്സരം ലുബ്ധമായ് മേവിന
  പർജ്ജന്യപങ്‌ക്തിക്കു പണ്ടേപ്പോലെ

ഏവനെദ്ദർശിച്ച മാത്രയിൽ പിന്നെയും
  കൈവന്നു ദാനധർമ്മാവബോധം:

ആദ്ദിവ്യൻ-ഉണ്ണുകയല്ലാതെ യൂട്ടുക-
  യോർത്തുമേ കാണാത്ത പാവകനെ

പായസപീയൂഷപ്പാൽക്കടലാക്കിന
  വാചംയമാഗ്രിമൻ-ഋശ്യശൃംഗൻ       20

മേളിച്ച നാൾമുതൽ മങ്‌ഗലദേവത
  ലാളിച്ചുപോറ്റീടുങ്ഗഭൂവിൽ,

മുന്നാളിൽ വഞ്ചിച്ച കൊണ്ടലിൻ മൈത്രിയെ-
  യെന്നാളും ശോധിപ്പാനെന്നപോലെ

അംബരം മുട്ടുന്നോരാകാരമേന്തിന
  പൊന്മണിമാളികതൻ നടയിൽ,

എത്തിപ്പോയല്ലോ നാം ഈ നൽകണ്ണാമൃത-
  മദ്ദിക്കിൽനിന്നല്ലോ കേട്ടിടുന്നു.


III



കേറീടാമങ്ങതിനുള്ളില്ലൊരോമന-
  നീരാളമെത്തമേൽ നിദ്രകൊൾവോൻ       30

[ 5 ]


 ധാത്രിക്കു മുത്തിനായ് ദാനനീർ വാർക്കുന്ന
   പാർത്ഥിവകുഞ്ജരർക്കഗ്രഗാമി.

 അഞ്ചിതമാകും തന്നങ്ഗത്താലാമഞ്ജു-
   മഞ്ചത്തെത്താഴ്ത്തിന മാനവേന്ദ്രൻ.

 ചെങ്കതിരോനിൽനിന്നങ്കുരിച്ചീടിന
   മംഗല്യധാമാവാം മാണവകൻ

 നീളെത്താൻ പ്രാശിച്ച ലോകത്തിൻ ദൈന്യമാം
   ക്ഷ്വേളത്തിൻ രൂപത്തിലപ്പുമാനിൽ

 കഞ്ജാതലോലംബകമ്രമായ് മിന്നുന്നു
   വിൽഞാൺതഴമ്പണി പാണിയിങ്കൽ.       40

 മണ്ഡലം വയ്ക്കുമാ രാജാവിൻ കർണ്ണങ്ങൾ
   മണ്ഡനംചെയ്തിടും കുണ്ഡലങ്ങൾ

 സേവിപ്പുപാർശ്വത്തിൽ തദ്വക്‌ത്രചന്ദ്രനെ
   ശ്രീവിശാഖോഡുക്കളെന്നപോലെ.

 തൂശിതുളച്ചവയല്ലാശ്രുതികൾ; ആ
   ബ്ഭൂഷകൾ കാരുക്കൾ തീർത്തതല്ല;

 ആഹാര്യഭാവത്താലാവിലമല്ലേതു-
   മാഗർഭാധാനം തത്സാഹചര്യം.

 അമ്മട്ടിൽ മാറിലുമമ്മഹാൻ ചാർത്തുന്നു
   പൊന്മയമായോരു പോർക്കവചം       50

[ 7 ]


 വീരശ്രീദേവിതന്നന്തഃപുരത്തിന്നു
   ചേരും യവനികയെന്നപോലെ,

 ശുദ്ധാന്തമുഗ്‌ദ്ധകളക്കർണ്ണഭൂഷകൾ
   പൊത്താനായ് നീട്ടിന കൈകൾ രണ്ടും

 ഇക്കഞ്ചുകം കണ്ടു നാണിച്ചു തങ്ങൾക്കു-
   ള്ളക്ഷികൾ മൂടുവാൻ പൊക്കുമല്ലോ.


IV




 ചാരുവാമച്ചപ്രമഞ്ചത്തിൽ മിന്നിന
   പുരുഷകാരം പുരുഷാകാരം

 ആരെന്നു ഞാനിനിയോതേണമോ ? സക്ഷാൽ
   ഭാരതമാതാവിനു ഭാസ്വൽസൂനു;

 ശ്രീമാനാമേവന്റെ ദിവ്യാഭിധാനം തൻ
   നാമത്തിൽ മാറ്റൊലിയെന്നപോലെ

 ലോകത്തിൻ കർണ്ണം കേട്ടാനന്ദമേല്പ, ത-
   ത്യാഗസാമ്രാജ്യൈകചക്രവർത്തി;

 ദ്വാപരത്തിങ്കലേദ്ദുർഗ്ഗതിധ്വാന്താർക്കൻ,
   ചാപവേദാർണ്ണവപാരഗാമി;

 അങ്ഗാരലോചനശിഷ്യശിഷ്യോത്തമ,-
   നങ്ഗാവനീരതിയ്ക്കൈന്താരമ്പൻ;

[ 8 ]


 കന്യപൃഥയ്ക്കു കടിഞ്ഞൂൽക്കിടാവായ
   കർണ്ണൻ, കരാഞ്ചിതകാളപൃഷ്ഠൻ-       70

 ആനവ്യജീമൂതവാഹന, നാരെയു-
   ണ്ടാനന്ദനർത്തനമാടിക്കാതെ !

 അപ്പുരുഷേന്ദ്രൻ തൻ പുങ്കവിളിൽപ്പുത്തൻ-
   കർപ്പൂരം പൂശിടുമല്പഹാസം

 തങ്ങളെകൈവിടൊല്ലെന്നിരന്നീടുന്ന
   പൊൻകുണ്ഡലങ്ങൾക്കു സാന്ത്വാനമോ ?

 തന്നോടു മൈത്രിയും ദ്വേഷവും കാട്ടുവാൻ
   വിണ്ണവർ തേടിടും മത്സരത്തിൽ

 ആകെത്തനിക്കു താൻ പോന്നോരദ്ധീരൻത-
   ന്നാകൂതം മിന്നിക്കും കൈവിളക്കോ ?       80



V




 അങ്ങുള്ളിലാരൊരാൾ പോവതു, ലോകത്തിൻ
   ജങ്ഗമചൈതന്യമെന്നപോലെ ?

 സൗവർണ്ണശൈലത്തിൻ സാരമോ? തൃക്കൈയിൽ
   ഗോവിന്ദനേന്തും സുദർശനമോ ?

 അല്ലല്ല; പള്ളിക്കുറുപ്പുകൊണ്ടീടുമാ-
   വില്ലാളിക്കച്ഛനീ വിപ്രവര്യൻ.

[ 9 ]


 പുണ്യാത്മാവാകിന പൂഷാവിനല്ലാതീ
   യന്യാദൃശാഭിഖ്യയാർക്കു വായ്ക്കും ?

 ആ മാനിനീമണി കുന്തിതന്നോമന-
   ക്കൗമാരഹാരിയാം പത്മിനീശൻ       90

 കണ്മണിയുണ്ണിയെകാണ്മതിനായിത്താ-
   നിമ്മഹീചംക്രമണേച്ഛ കൊൾവൂ.

 കുനുന്ത്രഭാജാത്മജയാകുമക്കുഞ്ഞൊരു
   മന്ത്രത്താൽ മാമ്പഴമെന്നപോലെ

 ആകാശവീഥിയിൽ നിന്നഹോ ! തന്നെപ്പ
   ണ്ടാകർഷിച്ചിട്ടതുമപ്പുറവും

 ഓർമ്മയിൽ വന്നതുമൂലമോ, ദേവനു
   കോൾമയിർക്കൊൾവതു മേനിയെങ്ങും ?

 അല്ലെങ്കിൽ തൻസുതനന്യാർത്ഥജീവിതൻ;
   ചൊല്ലുന്നതെങ്ങനെ വന്ന കാര്യം ?       100

 ഭൗമമെന്നാകിലും ക്ഷാത്രമത്തേജസ്സു
   ഭീമ, മെന്നുള്ളൊരു ചിന്തമൂലം

 ഉൽപന്നമായിടും കമ്പമോ ജൃംഭിപ്പ-
   തപ്രഭാതാരള്യകൈതവത്താൽ ?

 പങ്കുത്തിൽ നില്പതാം പാഴ്മലർമൊട്ടിനും
   തങ്കരത്താലോലം നൽകിടുന്നോൻ

 പുണ്യനാം പുത്രനെപ്പുൽകുവാൻ പോകുമ്പോ-
   ളിന്നമട്ടൊക്കെയാമെന്നതില്ലേ !

[ 10 ]


 ആ മട്ടിൽ മാളികയ്ക്കുള്ളിലുറങ്ങും ത-
   ന്നോമനയുണ്ണിതൻ മുന്നിൽ വേഗാൽ       110

 ചേരുകയായ് ചെന്നു നന്ദനവാത്സല്യ-
   പരവശാകുലൻ ഭാനുമാലി.


VI




 അന്നന്മണിയറയാകവേ പൂത്തോരു
   കൊന്നപൂന്തോട്ടമായ് മിന്നിനിൽക്കേ

 മഞ്ഞനീരാടിന മന്നവൻ തന്മിഴി-
   മഞ്ജുളച്ചെന്താർ മലർന്നു മെല്ലെ,

 ആഗന്തുകനൊരാൾ, അന്തണൻ, കാല്യത്തിൽ-
   ആഗമവിഗ്രഹ, നത്ഭുതാഭൻ,

 കാണികൾക്കുപ്പൂ കുളിർപ്പിക്കും ചെന്തീയായ്,
   കാഞ്ചനവർണ്ണമാം കർപ്പൂരമായ്,       120

 ചേണുറ്റ തൻ പൂർവപുണ്യത്തിൻ സൽഫലം
   പാണിയിൽ പക്വമായ് വീണപോലെ,

 ആസന്നനായതു കണ്ടെഴുന്നേറ്റെങ്ങ-
   ങ്ങാസന, മെങ്ങർഘ്യ, മെങ്ങു പാദ്യം,

 എങ്ങുമധുപർക്ക, മെന്നുരചെയ്തുകൊ-
   ണ്ടങ്ഗേശ, നാതിഥ്യജാഗരൂകൻ.

[ 11 ]

 ആ ദിവ്യനെച്ചെന്നഭിവാദനം ചെയ്താ-
   നാദിത്യൻ ചന്ദ്രനായ് മാറിയോനെ,

 കണ്ഡലമണ്ഡിതഗണ്ഡമാം തൻ ശീർഷം
   മണ്ഡലാധീശ്വരമൗലിരത്നം       130

 പാദസഹസ്രവാനാകുമതിഥിതൻ
   പാദസപര്യയ്ക്കു പത്മമാക്കി

 ദണ്ഡനമസ്കൃതി ചെയ്യവേ ലോകത്തിൻ
   ദണ്ഡമകറ്റീടും ദേവദേവൻ

 സ്മനുവിനെദ്ധന്യസാമ്രാട്ടായ് വാഴിച്ചാ-
   നാനന്ദബാഷ്പാഭിഷേചനത്താൽ,


VII




 അമ്മന്നനാദ്യമായോതിനാൻ; "അങ്ങേക്കായ്
   ബ്രഹ്മൻ ! നമസ്കാരം വീണ്ടും വീണ്ടും !!

 ശോഭനനങ്ങിങ്ങെഴുന്നള്ളി, മുന്നമാ
   വൈഭണ്ഡൻമുനിയെന്നപോലെ,       140

 വാരുറോരീയങ്ഗരാജ്യം തണുക്കുവാൻ
   കാരുണ്യവർഷം പൊഴിച്ചുവല്ലോ ?

 ചൈതന്യദാതാവേ ! സാധുവാം ഞാനൊരു
   സൂതകുലത്തിൽ ജനനമാർന്നോൻ

 രാധയെൻ തായ-യധിരഥനെൻ താത-
   നോതുന്നു കർണ്ണനെന്നെന്റെ നാമം;

[ 12 ]

 മാനധനാഗ്രണി, മന്നൻ, സുയോധനൻ,
   ദീനദയയ്ക്കൊരു ദിവ്യധാമം

 പീയൂഷഭാനുവംശാർണ്ണവകൗസ്തുഭ,-
   മീയെൻ ബഹിശ്ചരപ്രാണവായു-       150

 തേർ വിട്ടുകൊള്ളുവാൻ നോക്കാതെ ബാല്യത്തിൽ
   പോർവില്ലെടുപ്പാൻ മുതിർന്നോരെന്നെ

 മങ്ഗലകുഭാഭിഷേകത്താലേവനീ-
   യങ്ഗഭൂലക്ഷ്മിക്കധീശനാക്കി:-

 ആര്യമാമൗദാര്യ പാഠം പഠിപ്പിച്ചോ-
   രാദ്ദേശികന്നു ഞാൻ ഗർഭദാസൻ.

 ആശിപ്പതെന്തെന്നു കല്പിച്ചാലാവാക്യ-
   മാശിസ്സെന്നോർപ്പോൻ ഞാൻ ദത്തകർണ്ണൻ

 ചീളെന്നതേകുവനെൻ വലംങ്കൈയാലോ
   കാളപൃഷ്ഠത്താലോ കായത്താലോ ?       160

 ധർമ്മാധ്വാവെത്രയോ സൂക്ഷ്മത്തിൽ സൂക്ഷ്മമെ-
   ന്നമ്മഹായോഗീന്ദ്രരോതിടുന്നു;

 എതുമതെന്തെന്നു കണ്ടവനല്ല ഞാൻ
   പാതകകാപഥമാത്രപാന്ഥൻ !

 എങ്കിലുമുണ്ടൊരു ഭേഷജമെൻ കൈയി-
   ലെൻ ഗദങ്ങൾക്കെല്ലാമൊറ്റമൂലി,

[ 13 ]

 ഏവനെന്തെങ്ങെപ്പോളെന്നോടു നേർന്നാലും
   ജീവ നതല്ലതിൻ മേലെന്നാലും

 ഞാനവന്നേകുമതപ്പോൾ, എൻപങ്കുമ-
   ദ്ദാനഗംഗാബുവാൽ ധൗതമാകും.

 കൂടിക്കിടപ്പതുണ്ടിന്നന്മയൊന്നെന്നിൽ
   കോടക്കാർകൊണ്ടലിൽ മിന്നൽപോലെ."



VIII





 എന്നുരചെയ്തുകൊണ്ടാനതമൗലിയായ്
   മുന്നിൽ നിലകൊള്ളും തന്മകനെ

 ആയിരം കന്നുള്ളോരണ്ടർകോൻ തന്റെ നേ-
   ർക്കായതമായെഴുമീർഷ്യയോടെ

 മാറിടം ചേർത്തു പുണർന്നു നിറുകയിൽ
   കൂറോടു കൈയണച്ചാശിസ്സേകി

 അച്ഛനബ്ഭദ്രനു താനെന്നു പേർത്തുമോ-
   ർത്തജ്ജഗച്ചക്ഷുസ്സൊരല്പനേരം

 സർവവും വിസ്മരിച്ചങ്ങനെ നിന്നുപോയ്
   നിർവൃതി മണ്ഡലമദ്ധ്യവർത്തി

 ഹേമാസനത്തിങ്കൽ താനിരുന്നപ്പുറ-
   മാമാന്യനേയുമടുത്തിരുത്തി,

[ 14 ]

 ഓതിനാൻ ഭാസ്കരൻ ശങ്കയാൽ കണ്ഠത്തിൽ
   പാതിതടഞ്ഞൊരു വാക്കിവണ്ണം;



IX





 'ആരോമൽപൈതലേ ! ഹാ ! കഷ്ടമയ്യോ ! നീ
   യാരെന്നുരച്ചുപോയ് ഹന്ത ! നിന്നെ ?

 രാധേയനല്ല, നീ, യാധിരഥിയല്ല;
   സൂതകുലത്തിൽ ജനിച്ചോനല്ല;        190

 പാലാഴിപൈതലാം പാരിജാതത്തെയോ
   കാലിക്കുളമ്പുചാൽ പെറ്റിടുന്നു ?

 പണ്ഡാരകീർത്തിയാം നിൻജനയിത്രിയ‌-
   പ്പാണ്ഡവമാതാവാം കുന്തിദേവി !

 ധർമ്മിഷ്ഠൻ, വില്ലാളി, ദാതാ, വനുകമ്പി-
   യിമ്മട്ടിൽ ത്രൈലോക്യം വാഴ്ത്തും നിന്നാൽ-

 സീമന്തപുത്രനാൽ വീരസൂവായവ-
   ളാമാന്യ, ഗോവിന്ദന്നച്ഛൻപെങ്ങൾ

 പാർത്ഥപുമർത്ഥങ്ങൾ നാലിലും ധർമ്മം നീ-
   പാർത്ഥയുഗങ്ങളിൽ സത്യവും നീ;        200

 അച്ഛനാരെന്നതും കാണ്മീലേ കുഞ്ഞതീ-
   പ്പശ്ചാത്താപാർത്തനാം പാപിതന്നെ !

[ 15 ]


 ചണ്ഡകരനെന്നും സർവസംഹാരിയാ
   ദണ്ഡധരന്നു ജനകനെന്നും

 നിർദ്ദയനേവനെ നിന്ദിപ്പൂ ജീവിക
   ളദ്ദിവ്യവിഗ്രഹനാസുരാത്മാ

 ഞാനാണീയെൻകണ്ണന്നാനകദുന്ദുഭ;
   നൂനമധിരഥൻ നന്ദഗോപൻ


X





 "താപസമന്ത്രത്തിൻ തത്വപരീക്ഷയാം
   പാപത്തിൽ പെട്ടുപോയ് പണ്ടു കുന്തീ !        210

 ഞാനതിൻമൂലമക്കന്യയ്ക്കു കാന്തനായ്
   കാനീനൻ കാശ്യപസൂതജൻ നീ !

 പെറ്റൊരു മാത്രയിൽ പേടിച്ചും നാണിച്ചും
   കറ്റക്കിടാവിനെക്കന്യകയാൾ

 രത്നാകരത്തിങ്കൽ ചേരേണ്ടതാവാമീ-
   രത്നപ്രകാണ്ഡമെന്നോർത്തപോലെ

 പൊങ്ങു തടികൊണ്ടു തീർത്തൊരു പെട്ടിയി-
   ലങ്ങിട്ടു വേഗമടച്ചു പൂട്ടി

[ 16 ]

 അശ്രുനദിയിലൊഴുകിനാളാദ്യമാ-
   യശ്വനദിയിലോ പിന്നെയല്ലോ !       220

 ചമ്മണ്വതിയും യമുനയു ഗംഗയും
   ചമ്പാപുരിവരെ മാറി മാറി

 വെൺനുരവൈരക്കൽക്കാപ്പണിഞ്ഞീടിന
   തന്നലക്കൈകളാൽ ത്താങ്ങിത്താങ്ങി

 എന്നിളം പൈതലിൻ മെയ്യൊളി മേൽക്കുമേൽ
   പൊന്നിറം പൂശുമപ്പേടകത്തെ

 കൊണ്ടുചെന്നപ്പുറം രാധയിൽ ചേർപ്പതു
   കണ്ടേൻ ഞാൻ ദുരസ്ഥനന്യതന്ത്രൻ.

 പഞ്ജരബദ്ധമാം പൈങ്കിളിക്കുഞ്ഞെ, ങ്ങീ
   വൻജലസ്തംഭമെ, ങ്ങെന്നു ലോകർ       230

 അത്ഭുതപ്പെട്ടിടാം; ആരു താൻ നിൻസൃഷ്ടി-
   ശില്പത്തിൻ തത്ത്വാർത്ഥം കണ്ടിരിപ്പോർ ?

 കൂടെ നിനക്കുണ്ടു മൂവരെനിക്കെന്റെ
   മാഠരപിങ്ഗലദണ്‌ഡർപോലെ;

 മിത്രാധികരവർ മേളിപ്പു നീയുമായ്
   നിത്യസഹവാസനിഷ്ഠയുള്ളോർ,

 ഒന്നിയൊളിത്തിടമ്പോമനപ്പോർച്ചട്ട;
   പിന്നെ രണ്ടീരത്നകുണ്ഡലങ്ങ

[ 17 ]

 പീയൂഷസാരത്താൽ തീർത്തൊരീബ്ഭൂഷക-
   ളായുഷ്മാനാക്കുമണിയുവോനെ.       240

 നിൻചിരജീവിതം പ്രാർത്ഥിച്ചാൾ നിന്നമ്മ;
   സഞ്ചിതമാക്കിനേൻ ഞാനതേവം

 മുന്നിലും പിന്നിലും പാർശ്വദ്വയത്തിലു-
   മിന്നിറമാർന്ന നിൻ സോദരന്മാർ

 തൂമയിൽ രാമനെക്കൈകേയീനന്ദന-
   സൗമിത്രിമാർപോലെ കാത്തിരിപ്പൂ

 ഏതെഴുത്തെങ്കിലും നെറ്റിമേൽ നാന്മുഖൻ
   ബോധിച്ചപോലെ കുറിച്ചിടട്ടെ;

 മിത്രമാം ശ്രീകൃഷ്ണനേതുമട്ടുള്ളോരു
   കൃത്രിമക്കൈകളും കാട്ടിടട്ടെ;       250

 പാശുപതമല്ല ശൂലി, പിനാകുമോ
   ഫാലാക്ഷിപോലുമോ, നൽകിടട്ടെ

 പോരിനാൽ ജിഷ്ണുവാം ഫൽഗുനൻ നിന്നോടു
   പോരിട്ടാൽ പിന്നെയും ഫൽഗുവീര്യൻ

 കർണ്ണനെന്നുണ്ണിതാൻ ജേതാവിക്കഞ്ചുക-
   കർണ്ണാവതംസങ്ങളുള്ള കാലം !

[ 18 ]
XI



 ഇത്ഥമുരച്ചിനൻ പൗരുഷശ്രീസത്മം
   പുത്രാസ്യപത്മമൊന്നുറ്റുനോക്കി,

 സാമ്പ്രതമായതിൽ പണ്ടേക്കാൾ തെല്ലൊരു
   കൂമ്പലുമില്ല വിരിവുമില്ല !       260

 വേപഥൂരോമാഞ്ചബാഷ്പങ്ങൾ പൂണ്ടു താൻ
   ഹാ ! പരമോതുമഗ്ഗൽഗദോക്തി

 താമരത്തണ്ടിലേ നല്ലിലമേൽ വീണ
   പേമഴയ്ക്കൊപ്പമായ്ത്തീർന്നുവല്ലോ !

 അന്നിർവികാരമാം വിഗ്രഹമാർന്നവൻ
   കർണ്ണനോ കർണ്ണവിഹീനൻതാനോ ?

 കേട്ടതിലില്ലൊരു കൗതുകം മറ്റെന്തോ
   കേൾപ്പതിലുൽക്കണ്ഠയുണ്ടുതാനും;

 വല്ലതുമാവട്ടെ വന്നോരു വാർത്ത താൻ
   ചൊല്ലുക, പീഠിക നിർത്തിയെന്നായ്       270

 ഭാനുമാൻ ചിന്തിച്ചു തന്നുടെ ജിഹ്വയാം
   വീണതൻ കമ്പികൾ വീണ്ടും മീട്ടി-


 
XII





 അണ്ടർകോനർജ്ജുനതാതനും ഞാനുമാ-
   യുണ്ടൊരു മത്സരം പണ്ടുപണ്ടേ.

[ 19 ]


 മത്സുതൻ സുഗ്രീവൻ പ്രാർത്ഥിച്ചു രാഘവൻ
   തൽസുതൻ ബാലിയെയെന്നു കൊന്നോ

 പാരമന്നാൾതൊട്ടു പാകാരിയെന്നോടു ?
   വൈരനിര്യാതനബദ്ധദീഷൻ

 ഇന്ദ്രന്റെ പുത്രർക്കില്ലച്യുതകൈങ്കര്യ
   മന്ദാധികാരിത്വം പോലുമൊന്നോ ?       280

 ഭാസ്കരവംശജൻ പൗലസ്ത്യ സംഹാരി
   ഭാസ്കരപുത്രനെബ്ബന്ധുവാക്കി !

 ആവട്ടെ, പിന്നെയും മന്നിൽ ജനിച്ചീടും.
   ഗോവിന്ദൻ മർത്യനായെന്നനുജൻ

 അന്നതിനുത്തരം ചോദിപ്പൻ ഞാനെന്നാ
   ണിന്ദ്രനുറച്ച, തതൊത്തുപോയി !

 കൈതവഗോപനാം കംസാരിക്കർജ്ജുനൻ
   ഹാ ! തൻ ദ്വിതിയനാമന്തരാത്മാ,

 ആ വിഷ്ണുവൈരിയാമന്ധതനൂജനു,
   നീ വലങ്കൈയായി നിൽപ്പുതാനും !       290

 ശോകിക്കൊല്ലെന്മകനിന്ദ്രനെക്കൊണ്ടെന്നോ-
   ർത്തേകിനേനീവർമ്മകുണ്ഡലങ്ങൾ.

 ദിവ്യാസ്ത്രമല്ലാതെ ദീർഘായുസ്സേതുമേ
   ശർവൻ തൻപുത്രന്നു നൽകീലല്ലോ !

[ 20 ]


 മറ്റാരുമാവട്ടേ; മാർക്കണ്ഡനല്ലവൻ;
   മുറ്റും ചിതാന്തം തജ്ജൈത്രയാനം !

 എന്നു വിടുന്നുവോ ദൂതരെയന്തകൻ-
   നിന്നുടെ സോദരൻ അങ്ങുനോക്കി !

 അന്നു ശമിക്കണം ഗാണ്ഡീവഹുംകാരം;
   അന്നുരിവെൺചാമ്പലർജ്ജുനാങ്ഗം !       300

 ഓമനേ ! കാണുമക്കാഴ്ചയൊരിക്കൽ നീ-
   യാമുക്തകുണ്ഡലഭൂഷിതാങ്ഗൻ;

 ആയതു കണ്ടിന്ദ്രൻ ഗൗതമശാപമോർ-
   ത്തായിരം പ്രാവിശ്യം മാഴ്കിടട്ടെ !


 
XIII





 'എന്നാലതീനൊരു വിഘ്നം വരുത്തിടാ-
   നിന്നു കരുതുന്നു ദേവരാജൻ.

 ഹാ ! സുതവാത്സല്യം ഭവ്യരെക്കൊണ്ടുമെ-
   ന്താസുരകൃത്യങ്ങൾ ചെയ്യിപ്പീല !

 ന്യൂനതയൊന്നുണ്ടു നൂനമെന്നുണ്ണിക്കു-
   ദാനധർമ്മാസക്തി പാരവശ്യം !       310

 വെണ്മതിക്കുള്ള കറുപ്പല്ലതെന്നാകിൽ
   കണ്മണിക്കുള്ളൊരു വെണ്മയാട്ടെ,

[ 21 ]


 തന്നെ മറന്നേവൻ ദാനം തുടങ്ങുന്ന-
   തന്നരനപ്രാജ്ഞനാത്മഘാതി,

 അംബുധികൂടിയും വേലയാൽ ശോഭിപ്പു
   നന്മയ്ക്കുമൊട്ടൊരു സീമവേണം;

 അസ്ഥാനത്തിങ്കലല്ലാത്മപൂജാവിധി,
   ശുദ്ധൻ നിനക്കതു രൂപമില്ല.

 കോട്ടമതൊട്ടൊട്ടു കാൺമൂ സഹസ്രാക്ഷൻ-
   കോട്ടമതിലിലെക്കൊച്ചുരന്ധ്രം !        320

 വഞ്ചകനെത്തിടും വർണ്ണിയായ് നിന്നോടു
   കഞ്ചുക കുണ്ഡലഭിക്ഷ വാങ്ങാൻ :-

 വജ്രത്തഴമ്പാർന്ന തൻവലങ്കൈയൊരു
   പിച്ചപ്പാഴ്ക്കുമ്പിളായ്ക്കോട്ടിക്കാട്ടാൻ !

 മത്തകരീന്ദ്രർതൻ മസ്തകമൗക്തിക
   മെത്രമേൽ പോകിലുമെന്തുചേതം ?

 പിന്നെയും നേടിടാം; ദംഷ്ട്രകളെന്നുപോ-
   മന്നത്രെ പഞ്ചാസ്യൻ വിശ്വഹാസ്യൻ.

 എന്തുമിവയൊഴിച്ചെന്നുണ്ണി നൽകിലും
   സ്വന്തം നിലയ്ക്കൊരു ദോഷമില്ല        330

 ഏതെല്ലം വിട്ടാലും വീഴാതെ നോക്കണം
   സോദരത്യാഗമാം പാതകത്തിൽ

[ 22 ]


വാസുകി നീർക്കോലിയാകുമെന്നോർക്കുന്നു
  വാസവൻ, ഭോഷനോ കുണ്ഡലീശൻ ?

നീരദമാകുമോ സർവജ്ഞഭൂഷയെ
  നീരദവാഹനയാച്ഞായന്ത്രം ? '


XIV




ഇത്തരം വാക്കോതിപ്പത്മാക്ഷൻ നോക്കിനാൻ
  പുത്രൻതൻ നന്മുഖമൊന്നുവീണ്ടും.

ആ മുകുരത്തിങ്കൽ വ്യക്തമായ് വീക്ഷിച്ചാ-
  നാഗാമിയാകും തന്നാശാഭങ്ഗം:        340

സ്ഫീതപ്രസാദമാമാവദനേന്ദുവി-
  ലാദിയിലല്പമാം മ്ലാനഭാവം

പേർത്തുമൊരങ്കത്തിൻ രീതിയിൽ കണ്ടതു
  വീർത്തു വിധുന്തുദരൂപമേന്തി

അത്തിങ്കളെ ഗ്രസിച്ചാർക്കുന്നു. ചീർക്കുന്നു
  മിത്രന്റെ മുന്നിൽ നിന്നന്ധകാരം !

ഇപ്പുലർവേളയെന്തന്തിയായ്, മാറുവാൻ ?
  ഇശ്ശരത്തിന്നേതു വർഷാരാത്രം ?

താൻ വേണ്ടതെന്തിനിമേലെന്നു ചിന്തിച്ചു
  പോംവഴിയൊന്നുമേ കണ്ടിടാതെ,        350

[ 23 ]


 ആജ്ജഗച്ചക്ഷുസ്സു വീണ്ടുമരുളിനാ-
   നാത്മജവാത്സല്യചാപലാന്ധൻ,


 
XV




 "ദാതാവു ദാതാവെന്നുള്ളൊരു കീർത്തിക്കാ-
   ണേതാവത്താകും നിൻ യത്നമെല്ലാം !

 കീർത്തിയോ കേവലം ജീവിച്ചിരിപ്പോർതൻ
   സാധ്വിയാളെന്നത്രേ സാധുവാദം.

 ലോകത്തിൻ ദൃഷ്ടിയിലോന്തുകൾ നാമെല്ലാം,
   ഏകമാം വർണ്ണമതെങ്ങു കാണ്മു ?

 തെറ്റെന്നു കീർത്തിയകീർത്തി, യതിന്നുച്ച
   പിറ്റേനിമിഷത്തിലർദ്ധരാത്രി        360

 നിർണ്ണയം നാളത്തെയമ്മിക്കുഴവിതാ-
   നിന്നതു കൈതൊഴും ശൈവലിങ്ഗം.

 എമ്പാടുമായതിൻ പര്യായക്രീഡകൾ
   കുംഭാഭിഷേകവും കൊള്ളിവയ്പും.

 ആകവേ പാർക്കുകിലാരുടെ കീർത്തിയും
   ലോകത്തിൻ വായിലേ ലാലാബിന്ദു !

 ആയതിൽ കാൽക്ഷണമത്തയ്യലേറിനി-
   ന്നാടിത്തകർപ്പതുപോലെ തോന്നും.

[ 24 ]


 അപ്പുറം ലോകമിറക്കിടുമൊന്നുകിൽ,
   തുപ്പിടുമല്ലെങ്കി,ലക്കണത്തെ        370

 ഗ്രസ്തമായീടിലും ക്ഷിപ്തമായീടിലു-
   മത്തുള്ളിതൻകഥയപ്പോൾ തീരും.


 
XVI





 അല്ലേ ! നരന്റെ പേർ നീർപ്പോളയ, ല്ലേതോ
   കല്ലെഴുത്തെന്നുതാൻ കല്പിക്കാം നാം,

 ആയാലുമായതു വായിപ്പാനുള്ളവ-
   നായുഷ്മാനല്ലാഞ്ഞാലെന്തു ലാഭം ?

 നമ്മുടെ പേരൊരാൾ വാഴ്ത്തിയാൽ നാമതു
   നമ്മുടെ കാതിനാൽ കേട്ടിടേണം'

 നമ്മുടെ നന്മുഖം കാട്ടുന്ന കണ്ണാടി
   നമ്മുടെ പാണിതാനേന്തിടേണം        380

 നാമങ്ങു പോകുകിലപ്പുറം നമ്മുടെ
   നാമം നിലച്ചെന്തേ ? വേർമാഞ്ഞെന്തേ ?

 രമ്യമാമേതൊരു ഭൂലോകഗാനവും
   സംയമിനിക്കുള്ളിൽ കേൾപ്പീലല്ലോ !

[ 25 ]

 നിത്യവുമോട്ടമൺപാത്രങ്ങളൂഴിയിൽ
   പുത്തനായ് നാന്മുഖൻ തീർത്തിടുന്നു;

 ഹന്ത ! തൻ ദണ്ഡത്താലായവ തച്ചുട-
   ച്ചന്തകൻ മേൽക്കുമേലാർപ്പിടുന്നു.

 ചത്ത ശവമതിൽ ചാർത്തിന പൂമാല-
   യെത്രമേൽ ഘ്രാണിപ്പാൻ ശക്തമാകും ?        390

 ലോകാന്തരസ്ഥൻ തന്നൈഹികവിഖ്യാതി-
   യാകാശശൂന്യതാഹീഹീഹാസം !

 അക്കീർത്തിതൻദ്യുതിയസ്ഥികൂടദ്യുതി-
   അക്കീർത്തിനൃത്തം കബന്ധനൃത്തം !

 ആർക്കു താൻ കാമ്യമല്ലത്യന്തദുർല്ലഭം
   ദീർഘായുർലക്ഷ്മിതൻ തൃക്കടാക്ഷം ?

 ഭിത്തിയാമായതിൽ യോഗവും ക്ഷേമവും
   ചിത്രങ്ങളായ്ച്ചേർന്നുമിന്നിടുന്നു.

 ഭങ്ഗിയിൽ നാലുപൂമർത്ഥപഥവുമ-
   ശ്‌ശൃംഗാടകത്തിങ്കൽ മേളീക്കുന്നു.        400

 വേരറ്റു വീണോരു വൃക്ഷത്തിലെന്തിന്നു
   വാരിദം വീഴ്ത്തുന്നു ബാഷ്പപൂരം ?

[ 26 ]


 ഹന്ത ! പരദ്രുവിൻ ദോഹദമക്കാഷ്ഠം-
   ഇന്ധനം ഇങ്ഗാലം-ഭസ്മം-മേലിൽ.

 ഇദ്ദാനസിന്ധുവിൽ നീ വീണു ചാകുകി-
   ലത്യാഹിതമതിന്മീതെയുണ്ടോ ?

 നീവി വിറ്റുണ്ണുന്ന നിര്യാണവാണിജ്യം
   നീ വിരഞ്ഞീടൊല്ലേ നീതിമാനേ !"


 
XVII





 ഇത്തരമൊക്കെയുമോതിത്തൻ ജിഹ്വാഗ്ര-
   നർത്തനതാന്തയാം ഭാരതിയെ        410

 വിശ്രാന്തയാക്കിനാൻ വിസ്മയസ്തബ്ധനാ
   വിശ്വൈകമങ്ഗലവിദ്യുദ്ദീപം,

 സമ്പ്രതി തന്മനം സഞ്ചയിച്ചീടിനോ-
   രമ്പുകൾ തീർന്നതാമാവനാഴി

 എങ്കിലും പിന്നെയും മിന്നിനാൻ വാഗ്മിയായ്
   തൻക്ലിഷ്ടമൗനത്താൽ സപ്തസപ്തി

 ശങ്കപൂണ്ടന്യയാം നർത്തകിയാക്കിനാൻ
   കൺകടപ്പങ്കജമങ്കയാളെ,

 അപ്പനെ മേല്ക്കുമേൽ നോക്കിനാൻ സാകൂതം
   സപ്രേമം, സസ്മിതം, സപ്രത്യാശം.       420

[ 27 ]


 കൂമ്പുന്നു കുട്ടന്റെ വക്ത്രാബ്ജമായതി-
   ലാമ്പലമൊട്ടലരെന്നപോലെ !

 നവ്യമാമച്ചിത്രമീക്ഷിച്ചാൽ സത്രാസം,
   സവ്യഥം, സത്രപം, സാനുക്രോശം.

 നിഷ്ഫലസംരംഭൻ, നിഷ്പന്നനിർവേദൻ.
   നിഷ്പിഷ്ടനിശ്ശേഷമോഹോത്സേകൻ,

 ആദിത്യൻ കർണ്ണോക്തിക്കാത്മീയകർണ്ണങ്ങ-
   ളാതിഥ്യവ്യഗ്രങ്ങളാക്കിനിന്നാൻ

 ചീളെന്നു കാറകന്നഭ്രം പ്രസന്നമായ്,
   കോളറ്റു പാൽക്കടൽ ശാന്തിയേന്തി        430

 കഞ്ചുകകർണ്ണാവതംസങ്ങൾ ബാഹ്യങ്ങൾ:
   ഗാംഭീര്യധൈര്യങ്ങളാന്തരങ്ങൾ:-

 ആജന്മഭൂഷകൾ നാലും തനിക്കെന്നാ-
   രാജന്യസത്തമൻ സ്പഷ്ടമാക്കി

 ഭാരതമാതൃസ്തനന്ധയന്നൊത്തോരു
   ഭാരതിയോതിനാൻ ഭാനുവോടായ്:-


 
XVIII





 "പ്രത്യഹമേവരും പാദങ്ങൾ കൂപ്പുമെൻ
   പ്രത്യദൈവമേ ! ഭാനുമാനേ !

[ 28 ]


 ലേഖപ്രവേകരിലേകനെ മാത്രമേ
   ലോകം സവിതാവെന്നോതുന്നുള്ളു        440

 സ്രഷടാവിന്നില്ലാത്തൊരക്കീർത്തിയങ്ങേയ്ക്കീ
   നിത്യഗോദാനം താൻ ലബ്ധമാക്കീ.

 അങ്ങയെ ഞാനും സവിതാവായ് വന്ദിപ്പു
   തിങ്ങളിൽത്തിങ്ങളിൽ സന്ധ്യതോറും

 സത്യമെന്നച്ഛനങ്ങക്കുന്നിയമ്മതൻ-
   വൃത്തം ഞാൻ കേട്ടാലും കേൾക്കാഞ്ഞാലും,

 ത്വത്സുതൻ പാർത്ഥന്റെ ജീവിതം മജ്ജൂഷ-
   യശ്വനദിയ്ക്കുള്ളിൽ വീഴുവോളം,

 രാധ വളർത്തിയോരിക്കർണ്ണൻ തൽഭിന്നൻ-
   നൂതനനാമൊരു ഗംഗാദത്തൻ.        450

 എന്നമ്മ ഭാരതഭൂമി എന്നച്ഛനോ
   നിർണ്ണയമങ്ങേയ്ക്കുമച്ഛനീശൻ !

 അക്കാലം-തെല്ലെന്നെ മിഥ്യാഭിജാത്യമാം
   പൊയ്ക്കാലിൽ നിർത്താതെ കാത്ത ദൈവം

 ഞാനതിന്നാദ്യമായഞ്ജലി കൂപ്പുന്ന
   മാനുഷകാന്വയ ജന്മധന്യൻ

 സൂതജനാവട്ടെ, സൂരജനാവട്ടെ
   മേദിനീദേവിതന്നങ്കമാർന്നോൻ.

[ 29 ]

 ആന്തരമായിവ രണ്ടിലുമോർക്കുകിൽ
   ഞാൻ "തര" ഭേദമേ കാണ്മീലല്ലോ !        460


XIX





 അദ്ധ്യായമൊന്നുണ്ടെൻ ജിവിതഗ്രന്ഥത്തിൽ-
   ശസ്ത്രാസ്ത്രശിക്ഷതന്നന്ത്യഘട്ടം:

 പൗരാണികത്വമെൻ പൈതൃകസ്വത്തല്ലേ ?
   പാരായണം ചെയ്യാം ഞാനതല്പം.

 സമ്പ്രാപ്തവിദ്യരായ് ഞങ്ങളെല്ലാമെന്നു
   കുംഭോത്ഭവൻ ഗുരുകണ്ടൊരിക്കൽ

 ആയതു ശോധിപ്പാൻ കല്പിച്ചാൽ രങ്ഗമൊ-
   ന്നായതം വിസ്തൃതമത്ഭുതാഭം.

 ആഗതനായാനങ്ങർജ്ജുനൻ മറ്റെങ്ങും
   ലോകൈകവീരരില്ലെന്നപോലെ,        470

 ഞാനുമങ്ങെത്തിനേൻ മത്സരപ്പോരിനായ്
   ബാണധനുർദ്ധരൻ ബദ്ധകക്ഷൻ.

 തൻവിറ പൂണ്ടൊരു മെയ്യുമായ് വൃദ്ധനാ-
   മെൻ വളർത്തച്ഛനുമുണ്ടു പിൻപേ.

 കോമളമാകുമപ്പൈക്കൂട്ടിൽ നിന്നൊരു
   ഗോമായുവിൻ രുദം കേട്ടിതപ്പോൾ,

[ 30 ]

 "ആരെടാ ? നീയൊരു സൂതനല്ലേ ? നിന-
   ക്കീരാജഗോഷ്ഠിയിലെന്തുകാര്യം ?

 ഇജ്ജന്യമണ്ഡപം പേക്കൂത്തുപന്തല-
   ല്ലിച്ചെറുഞാണൊലി പാഴ്പാട്ടല്ല;        480

 തോൽവാറും ചട്ടയുമേന്തേണ്ട കൈകളാൽ
   പോർവില്ലും കൂരമ്പും ഭേസിബ്‌ഭേസി

 ഏതുവരയ്ക്കും ചെന്നെത്തീടുമിച്ചെക്കൻ ?
   ചോതിപ്പാനാരുമില്ലെന്നായ് കാലം !

 ഭാരത സാമ്രാജ്യസാർവഭൗമാത്മജൻ
   വീരനാമർജ്ജുനൻ, കർണ്ണ ! നീയോ

 വാരുറ്റ തൽകീർത്തി വാഴ്ത്തേണ്ടവൻ മാത്രം:
   മാറിനി "ല്ലെന്തിനീ വ്യർത്ഥാടോപം ?"

 ആരതെന്നങ്ങോട്ടു നോക്കിനേൻ, ആ വാദി
   ശാരദ്വതാചാര്യൻ ! ശാന്തം പാപം !        490

 കാർമ്മുകസംഗീതശാസ്ത്രത്തിൽ ഞാൻ "സാരീ-
   ഗാമാ" പഠിച്ചതങ്ങാരിൽനിന്നോ;

 ആ നമ്യൻ വർഷീയാനായിപ്പോയ് മദ്ദണ്ഡ്യൻ,
   ഹാ ! നിഷ് പ്രതീകാരം തൽപ്രലാപം !

 ഇത്തരമോർത്തു ഞാൻ ലജ്ജിച്ചും ദുഃഖിച്ചും
   കർത്തവ്യമെന്തെന്നു കണ്ടീടാതെ

[ 31 ]


 താഴത്തു വീഴുന്ന താതനെപ്പാണിയാൽ
   താങ്ങിയെടുത്തുകൊണ്ടാസ്യം താഴ്ത്തി

 ഭങ്ഗത്തിൽ നിൽക്കവേ കേട്ടേനെൻ തോഴൻ തൻ
   വൻഗദാസ്ഫാലനം-അല്ല, വാക്യം;        500


XX





 "ധിക്, ധിക്കിതെന്തൊരു വാക്കോതി ദേശിക-
   നിത്രമേലേറാമോ ജാത്യുന്മാദം ?

 വ്യക്തിയും ജാതിയും തർക്കത്തിലല്ലാതെ
   യിദ്ധനുർവേദത്തിലെങ്ങിരിപ്പൂ

 ഈയപമര്യാദ ഹാ ! കാണ്ഡപൃഷ്ഠനാ-
   മായുധജീവിയങ്ങോതിയല്ലോ;

 അന്യായവാക്കിതു കേൾക്കുന്നോരെന്നച്ഛൻ
   കർണ്ണവിഹീനനല്ലോർമ്മവേണം.

 അൻപിൽ തൻ ദീപ്തിയാലാകാശവീഥിക്കു
   പൊൻപൂശും പുഷ്കലതേജഃപുഞ്ജം        510

 ചീരയല്ലങ്ങു വലിച്ചു പിഴുതിടാൻ
   വേരുതോണ്ടീടുവാൻ വൃക്ഷമല്ല.

 യാതൊരു താങ്ങുമറ്റഭ്രത്തിൽ മിന്നുമ-
   സ്വാതന്ത്ര്യ സ്വാരാജ്യരത്നദീപം

[ 32 ]

 നമ്മുടെ ഫൂൽക്കാരമേൽക്കുന്നീ, ലേൽക്കുകി-
   ലമ്മട്ടിൽ മങ്ങിക്കെടുന്നുമില്ല.

 കല്ലുരപെട്ടാലും, മെയ്മുറിഞ്ഞാലും, തീ-
   ക്കുള്ളിൽപോയ് വീണാലും, തല്ലേറ്റാലും,

 തന്നൊളി മേൽക്കുമേൽ വീശുന്ന കാഞ്ചനാ-
   മന്നല്ലാർക്കാകല്പമായേ പറ്റൂ.        520

 കോമളത്താമരപ്പൂമധുവുണ്ടിടു-
   മാ മധുരപ്രിയമായ ഭൃങ്ഗം

 സ്വല്പവും കന്ദത്തിൽ പറ്റിന പങ്കത്തെ
   സ്വപ്നത്തിൽപോലുമൊന്നോർപ്പീലല്ലോ !

 ബാഹുജവംശങ്ങൾ പണ്ടോരോവീരർതൻ
   ബാഹുക്കൾ നട്ടു തഴച്ചതല്ലീ ?

 നൂനമെൻ കർണ്ണനമബ്ബാഹുവു, ണ്ടങ്ങേ-
   യ്ക്കാനയെ കാണാനും വെള്ളെഴുത്തോ ?

 സൂതൻപോൽ ! സൂതൻപോൽ ! സൂതകുലത്തിനു
   പാതിത്യമെന്തിത്ര പറ്റിപ്പോയി ?        530

 നന്മുഖനിന്നലെസ്സൂതനായ് വാണവൻ
   നാരായണൻ നാളെസ്സൂതനാവോൻ,

 മന്നനല്ലെന്നങ്ങു ചൊന്നോരെൻ തോഴനെ
   മന്നനായ് വാഴിപ്പനിക്ഷണം ഞാൻ

[ 33 ]


 രാജാവു താൻ കർണ്ണൻ തന്മിത്രം ഭാരത-
   രാജാധിരാജകുമാരനെങ്കിൽ".



XXI





 "ഇത്തരം വാക്കുരച്ചെന്നെയെടുത്തൊരു
   ഭദ്രാസനത്തിലിരുത്തിത്തോഴർ

 ഗങ്ഗാജലത്തിനാൽ കുംഭാഭിഷേകം ചെ-
   യ്തങ്ഗാവനീശ്വരൻ ഞാനെന്നോതി        540

 പൊന്മുടി മൗലിയിൽ ചാർത്തിയും താൻതന്നെ
   വെണ്മണിച്ഛത്രം പിടിച്ചും വേഗാൽ

 ചാമരം വീശിയും നിന്നു കൃപരോടാ-
   രീമന്നനാ'രെന്നു ചോദ്യം ചെയ്താൻ.

 അങ്ഗേശ വെല്ലുക !വെല്ലുക ! സങ്ഗ്രാമ-
   രങ്ഗാലങ്കാരമണിത്തിടമ്പേ !

 ഞാനിനിയങ്ങേയ്ക്കു സൂതൻ എന്നോതിനാൻ
   ദീനൻ കൃപാചാര്യൻ സാധുവാദി.

 നിശ്ചയത്തിന്നൊട്ടും താമസിച്ചീല; ത-
   ന്നച്ഛനോടൊന്നുമേ ചോദിച്ചീല;        550

[ 34 ]


 തൊണ്ണൂറുമൊൻപതും സോദരർക്കോരോരോ
   മന്നിടം വേണമെന്നോർമ്മിച്ചീല;

 പിഞ്ഛികകൊണ്ടുള്ള ജാലം കണക്കു ഞാൻ
   കൺചിമ്മും മുന്നിലിക്കാര്യം തീർന്നു.

 ഊനമറ്റിത്തരമദ്ദിനമെന്നുടെ
   മാനത്തെ രക്ഷിച്ച മർത്ത്യസിംഹം-

 ദാനമാം നോയ്മ്പു ഞാൻ നോൽക്കുമാറെന്നെയി-
   സ്ഥാനത്തിലേറ്റിന രാജരാജൻ-

 ആ മഹാനേകനെൻ പ്രാണനിൽ പ്രാണൻ; ഞാ-
   നാമഹീഭർത്തൃപിണ്ഡോപജീവി        560

 ഈഗ്ഘട്ടമെൻ മനോഭിത്തിയിൽ നിന്നാരു
   മായ്ക്കിലും മായാത്ത ചിത്രം തന്നെ,

 ആഹാ ! ജയിപ്പൂ ! വിജയിപ്പൂ ഞങ്ങൾ തൻ
   സൗഹാർദ്ദം-സൗഭ്രാത്രം-സർവോൽകൃഷ്ടം

 എന്നോമൽതോഴരെയെന്നു ഞാൻ കാൺകിലും
   നന്ദിയാമീശന്നു നന്ദിയായി

 ലോകത്തെ മാത്രമല്ലെന്നെ മറപ്പൂ ഞാ-
   നാഹന്ത ! ദൈവത്തെ-സ്സർവത്തെയും !"

[ 35 ]
XXII



 ആ വാക്കു കേട്ടളവാദിത്യനോതിനാൻ-
   "ഈവാർത്തയൊന്നിനാൽ ഞാൻ ജയിച്ചു        570

 അങ്ങനെയുള്ള നിൻ തോഴർക്കു മേൽക്കുമേൽ
   മങ്ഗലം വന്നിടാനെങ്കിലും നീ

 ഈയടർച്ചട്ടയുമിക്കുണ്ഡലങ്ങളും
   കായത്തിൽ നിന്നു കളഞ്ഞിടൊല്ലേ !

 പ്രാണനിൽ പ്രാണനെപ്പാലിപ്പാനെന്നാലും
   പ്രാണനെപ്പാഴിൽ നീ കൈവിടൊല്ലേ ?

 ആകാലികാന്തത്തിന്നാശിപ്പതാർ ? ദൈവ-
   മാഹൂതന്മാർക്കു താനാതിഥേയൻ

 നിൻ നന്മയോർത്തു ഞാനീവരം നിന്നോടു
   പിന്നെയും പിന്നെയും നേർന്നിടുന്നേൻ"        580





XXIII





 ഓതിനാനങ്ഗേശൻ: "ഇന്നെന്നെശ്ശോധിപ്പ-
   തേതു പരീക്ഷയോ തമ്പുരാനേ !

 ലോകദൃക്കങ്ങു താൻ ദൃശ്യനാമീശ്വര-
   നാഗമവിഗ്രഹൻ കർമ്മസാക്ഷി;

[ 36 ]


 എൻ നന്മയോർപ്പവൻ മിത്രനെൻജന്മദൻ,
   കർണ്ണനും നിർണ്ണയം കർണ്ണയുക്തൻ.

 ആരുരച്ചാരിതു കേൾപ്പതോ ? ചിത്രമി-
   ക്കാരണമില്ലാത്ത കാര്യോൽപ്പത്തി !

 ദീധിതിമാലിതൻ വക്ത്രത്തിൽ നിന്നെന്തി-
   സ്ഫീതാന്ധതാമിസ്രം നിർഗ്ഗമിപ്പാൻ-        590

 പാൽ ചുരത്തീടേണ്ടോരമ്മതൻ വക്ഷോജം
   പാഴ്ക്കാളകൂടമെന്തുദ്വമിപ്പാൻ ?

 വ്യോമംവിട്ടങ്ങൊട്ടു താഴത്തിറങ്ങിയി
   ബ്ഭൂമിയെ സ്പർശിപ്പാനോർത്തിടുമ്പോൾ

 ആദർശം താവകമങ്ങേപ്പുറം പാഞ്ഞു
   പാതാളസ്പൃക്കായ് താൻ നിൽക്കയെന്നോ ?

 മൽപ്രാണബന്ധുവിന്നക്രീതദാസൻ ഞാൻ
   തൽപാപഭാഗീതാൻ തർക്കമില്ല.

 സൗഹാർദ്ദവാരുണീ പാനലഹരിയിൽ;
   സൗഹാർദ്ദചിത്തഭ്രംശാവേഗത്തിൽ,        600

 സൗഹാർദ്ദഘോരാപസ്മാരാവേശത്തിൽ ഞാൻ
   ലോകത്തിൻദൃഷ്ടിയിൽ ദുഷ്ടൻതന്നെ

 ജീവിതത്രാസിലെത്തങ്കത്തട്ടൊന്നെനി-
   ക്കാവിധം താഴുന്നു പങ്കപൂർണ്ണം,

[ 37 ]


 ആമ്മട്ടുമായതു വീഴായ്‌വാൻ ദാനത്തെ
   ഞാൻ മറ്റേത്തട്ടിലിട്ടൊപ്പിക്കുന്നു

 അന്നൃപസംസർഗ്ഗസിദ്ധമാമൈശ്വര്യ-
   മന്വഹമന്യാർത്ഥം ഞാൻ ത്യജിപ്പൂ

 ഗോവധജീവിതൻ പാതുകാദാനമെ-
   ന്നേവരുമോർത്തിടാമെന്റെ കൃത്യം.        610

 താല്പര്യവേദികളല്ലവർ; സത്യത്താ-
   ലൗല്പത്തികമെനിക്കാത്മത്യാഗം.

 ഏവൻ തൻ പാരണവാരിയമന്നവു-
   മേകിപോൽ ശ്വാവിന്നും ശ്വാപദന്നും;

 ആ രന്തിദേവന്തന്നാത്മജയാം നദി
   താരാട്ടിനാളെന്നെശ്ശൈശവത്തിൽ

 തന്നുടെ ശേവധി സർവവും തോഴനാം
   കിന്നരനാഥന്നാർ തീറെഴുതി;

 പാദങ്ങൾ കൂപ്പിൻ പർവതകന്യയ്ക്കു
   പാതിയുടലും പകുത്തു നൽകി.        620

 ആശിച്ചതേവർക്കുമേകുമദ്ദേവനെ-
   ന്നാചാര്യന്നാചാര്യനാത്മയാജി.

 തൻഭുജമാർജ്ജിച്ച് സർവോർവീചക്രവു-
   മന്വിലാരാഗന്തുവേകന്നേകി.

[ 38 ]

 പിന്നത്തേയർത്ഥിക്കു ജീവാധികങ്ങളാം
   തന്നസ്ത്ര ശസ്ത്രങ്ങൾ ദാനം ചെയ്തു;

 ആരാമനർജ്ജുനവൈരിയെന്നാചാര്യൻ-
   കേരളനിർമ്മാണകേളികാരൻ.



XXIV





 "ഈവർമ്മകുണ്ഡലദാനത്തിനാലിങ്ങു
   കൈവരും ദോഷം ഞാൻ കണ്ടുവല്ലോ !        630

 മൃത്യുവശഗനാമെന്നല്ലീ ചൊന്നത്
   ചിത്രമിബ്ഭീഷണിയെൻപിതാവേ !

 ഭൂമിയിൽ ജാതനാം ഞാനതു ചെയ്യുകിൽ
   സാമാന്യമാനുഷനാമെന്നല്ലീ ?

 ആവട്ടെ,യായതാണാശാസ്യമിന്നു ഞാൻ
   ദേവനുമമല്ല പുമാനുമല്ല !

 മാനുഷജീവിതമാഹാത്മ്യസർവസ്വം
   നൂനം തദസ്ഥിരഭാവമല്ലീ ?

 നാളെയെന്നോതുവാൻ നാവില്ലാതാക്കുന്ന
   നാന്മുഖൻ താനല്ലീ നമ്യനമ്യൻ        640

[ 39 ]


 ചെമ്മേ താൻ ചെയ്യേണ്ട കൃത്യങ്ങൾ ചെയ്തേവൻ
   ജന്മത്തിന്നാനൃണ്യം നേടിനിൽപ്പൂ

 ആദ്ധന്യൻ ഗാർഹസ്ഥ്യ മർമ്മജ്ഞനെന്നാളും
   ശ്രാദ്ധദേവാതിഥ്യ ജാഗരൂകൻ.

 ആയുസ്സിനല്ലാർക്കുമായുസ്സു, സാധന-
   മായതു, സാദ്ധ്യം പുമർത്ഥമെങ്കിൽ

 ആലക്ഷ്യമെയ്യേണ്ടുമമ്പാരുറക്കീടു-
   മാവനാഴിക്കകമായുഗാന്തം ?

 ഹാ ! പേർത്തുമെന്തിനു രംഗസ്ഥൻഞാനോർപ്പു
   നേപത്ഥ്യസംഭാരമെത്തിനോക്കാൻ ?        650

 ഏതൊരു വേഷവുമാടട്ടെ വന്നെനി-
   ക്കേതു രസത്തിലും പ്രീതിതന്നെ.

 ആനനാച്ഛാദനമായതിദേവത
   താനേതാൻ നീക്കുമെൻ മുന്നിൽ വന്നാൽ:

 സുന്ദരം താനതിൻ തൂനെറ്റിച്ചിത്രകം
   സിന്ദൂരമായാലും ചാന്തായാലും.

 ഫുല്ലാംബുജാസ്യയാൾ വാസരാധീശ്വരി
   അല്ലണിക്കൂന്തലാൾ രാത്രിദേവി:

 മേളിപ്പൂ രണ്ടോടും ഞാനെനി;ക്കാവശ്യ-
   മാലോകച്ഛായകൾ മാറി മാറി        660

[ 40 ]

 "പാത്രത്തിൽ നൽകിന ദാനത്താലിദ്ദിനം
   പേർത്തും ഞാൻ ധന്യനായാൽ

 അർത്ഥം ഗ്രഹിപ്പിച്ച വാക്യത്തിനെന്തുമേ-
   ലെത്തേണ്ടു പൂർണ്ണ വിരാമമെന്ന്യേ ?



XXV





 "പാത്രത്തിൽ ദാനമെന്നോതിനേൻ, ത്യാഗിക്കു
   പാത്രമാരിന്ദ്രന്നു തുല്യനേകൻ ?

 ഏവന്റെ നാട്ടിലെക്കല്ലുകൾ ഹീരങ്ങൾ,
   കേവലം മൃൽപിണ്ഡം ശാതകുംഭം

 ധേനുക്കളൊക്കെയും കാമിതദോഗ്ധ്റികൾ,
   പാനീയം പീയൂഷയൂഷമെങ്ങും.        670

 മുത്തങ്ങപ്പുൽക്കൊടി കൂടിയും മന്ദാരം
   ഇഷ്ടികകൂടിയും ചിന്താരത്നം.

 തത്താദൃങ്മാഹാത്മ്യശാലിയാണെൻ മുന്നി-
   ലുത്താനപാണിയായ് നില്പാനോർപ്പോൻ !

 ആഗമവേദികളധ്വരവേദിയി-
   ലാഹൂതിചെയ്യുന്നതാർക്കുവേണ്ടി,

[ 41 ]


 ഏവൻ തൻ വാഹത്തിൻ കോളാമ്പിയാകയാൽ
    ഭൂവിതു സർവസസ്യാഢ്യയായി;

 അദ്ദേവൻ പ്രീതനായ് താൻതന്നെ മുന്നിൽവ-
    ന്നർത്ഥിക്കിലിപ്പുറമെന്തുവേണം ?        680

 ഭാരതഭൂതലമൗദാര്യസസ്യത്തിൻ-
    വാരുറ്റ കേദാരം പണ്ടുപണ്ടേ;

 ആമൂലമാശിഖമാത്തത്ത്വം കണുവൻ
    ജീമൂതവാഹനൻ വീണ്ടും വീണ്ടും !

 ഇദ്ദിനം തൻകരമേന്തിടും ദംഭോളി-
    യദ്ദധീചിക്കുള്ളോരസ്ഥിമാത്രം,

 വൃത്രാരി കാട്ടിടും വിഖ്യാതദോർവീര്യ ,
    മദ്ദാനശൗണ്ഡിതൻ ദാനവീര്യം:-

 ആശിച്ച മട്ടിൽ തൻ മെയ്മാംസമത്രയും-
    മൗശീനരൻ ശിബി, പത്രിരൂപൻ;        690

 ഇശ്ശക്രന്നേകിനാൻ വാൾകൊണ്ടറുത്തൊരു
    കൊച്ചരിപ്രാവിനെ കാത്തുകൊൾവാൻ

 ത്രാസവും ലജ്ജയും പൂണ്ടമ്മഹാത്മാവിൻ
    ത്രാസു താൻ കൈവിട്ട പൂർവവൃത്തം

 ഇന്ദ്രൻ മറപ്പത,ല്ലന്നത്തേതിങ്കൽനി-
    ന്നിന്നത്തേബ്ഭാരതം ഭിന്നമെന്നോ ?

[ 42 ]


 ആ മൃതസഞ്ജീവിന്യാരാമമിന്നോളം
    പാഴ്മുൾച്ചെടിക്കാടായ് മാറീട്ടില്ല;

 ആ വീരഹര്യക്ഷഗഹ്വരമിപ്പോഴു-
    മാഖുവിൻ മാളമായ്ത്തീർന്നിട്ടില്ല.        700

 എന്തവനെന്നോടു യാചിപ്പാനിച്ഛിപ്പു ?
    ഹന്ത ! മൽകഞ്ചുകകുണ്ഡലങ്ങൾ ?

 ഒന്നു ഞാൻ മുന്നമേ മാറേണ്ട പാഴ്ത്തുണി:
    ഒന്നു വധൂചിതമാഭരണം !

 ചെല്ലറില്ലാരുമേ രോഹണശൈലത്തിൽ
    വെള്ളാരങ്കല്ലിനു വേണ്ടി മാത്രം !

 ഇച്ഛിപ്പതെൻ പ്രാണനെന്നാലതിന്നെന്തി-
    നിശ്ശിരോവേഷ്ടനപ്രാണായാമം ?

 പണ്ടു ഞാൻ ഭാർഗ്ഗവശിഷ്യനായ് വാണനാൾ
    വണ്ടത്താനായ് വന്നീ വജ്രപാണി        710

 എന്നൂരുശോണിതപാനത്താൽ തീർത്തീലേ
    നന്ദനവാത്സല്യജുർത്തിദാഹം ?

 തൻകൈയിലിപ്പോഴുമദ്ദാഹം തീർക്കുവാ‌-
    നെൻകണ്ഠശോണിതമുല്ലസിക്കെ

 കഞ്ചുകകുണ്ഡലദ്രാവകമെന്തിന്നു
    സഞ്ചയിച്ചീടുന്നു സാധു ശക്രൻ ?

[ 43 ]


 നേരിട്ടു വേണ്ടതു ചോദിച്ചാൽ നൽകുവാ-
    നീരിഷ്ടിപാണിയാം ഞാനിരിക്കെ

 ഇന്ദ്രനീയാജ്ഞയാൽ നാണിപ്പിക്കുന്നതെ-
    ന്തെന്നെയുമെൻ മാതൃഭൂമിയേയും ?        720



XXVI



 "ഇദ്ദാനം ചെയ്യുകിലെങ്ങനെയെങ്ങു ഞാൻ
    മൃത്യുവശഗനാമെന്നു ചൊല്ലി ?

 അന്തകൻ-എൻ ജ്യേഷ്ഠൻ-ആരെന്നു , മായവ-
    ന്നെന്തധികാരപരിധിയെന്നും

 ചിന്തിച്ചു കണ്ടവൻ തന്നെ ഞാന,ക്കാര്യ-
    മെൻ തറവാട്ടിലെക്കാര്യമല്ലേ ?

 താൻ മുന്നിൽ വെച്ച കാൽ പിന്നോട്ടെടുക്കാതെ-
    യാൺമയിൽ മാറ്റാരോടങ്കമാടി

 പെട്ടിടും വില്ലാളിയെങ്ങുപോമെന്നു ഞാ-
    നൊട്ടൊട്ടറിഞ്ഞവൻ രാമനോതി ,        730

 അങ്ങനെ താഴത്തു വീണിടും ധന്വിയെ
    മങ് ഗലപാർഷദർ താങ്ങിത്താങ്ങി

 ആദിത്യലോകത്തിൽ-അങ്ങേത്തിരുമുമ്പിൽ
    ആനയിച്ചീടുമെന്നാപ്തർ ചൊൽവൂ

[ 44 ]

 അത്രമേലുൽഗതിനൽകിടുമാവീഴ്ച
    മൃത്യുവുമാശിപ്പാനുള്ള മൃത്യു-

 ഏകമാം ശ്വാസത്തിൻ സ്പർശത്താലപ്പുണ്യ-
    ലോകത്തിലെത്തിക്കും വ്യോമയാനം

 കിട്ടിയാൽ ധന്യനായ് ഞാൻ. എനിക്കാപ്പദം
    വിട്ടൊരു പൈതൃകസ്വത്തെന്തുള്ളു ?        740

 ദേവി ജയലക്ഷ്മി പുൽകുവോന്നുർവ്വര
    ജീവിതത്യാഗിക്കു വീരസ്വർഗ്ഗം.

 കാന്ദിശീകന്നു നിരയവു; മേകിടും
    പോർനിലം വില്ലാളിക്കേകലക്ഷ്യം;

 മറ്റുള്ള ജീവികൾ ചാകിലും നൽകുന്നു
    മുറ്റും തദ്ദേഹത്താൽ ലോകാഭീഷ്ടം ,

 രോമവും , ചർമ്മവും , ശൃംഗവും മറ്റും - ത-
    ദാമിഷംപോലും നമുക്കു കാമ്യം ,

 പട്ടടക്കുണ്ടിനുപാഴ് വളമാവതു
    കഷ്ടമേ ! മർത്ത്യന്റെ കായം മാത്രം        750

 പ്രസ്പഷ്ടമോതുന്നുണ്ടന്യർക്കായ് ജീവിപ്പാൻ
    ഹൃൽസ്പന്ദവ്യാജത്താലന്തര്യാമി

 കേവലമെങ്ങു ഞാൻ പോകിലും കേൾക്കുന്ന-
    താവാക്കിൻ മാറ്റൊലിയൊന്നുമാത്രം ,

[ 45 ]


 കീർത്തിലതാവാസേകാർത്ഥിയായല്ല
    പേർത്തും ഞാൻ വാർപ്പതുദാനതോയം

 ഇക്കാര്യം കൊണ്ടെനിക്കപ്ഫലമെത്തുന്നു
    നിഷ്കാമഭക്തനു മുക്തിപോലെ.

 കീർത്തിയെ-ഈശനും മൗലിയിൽ ചൂടുന്നോ-
    രാദ്ദിവ്യഗംഗയെ ആർ പഴിക്കും ?        760

 യാതൊരു പുഷ്കലഹീരത്തിൻ സൂതിയാൽ
    മേദിനി രത്നഗർഭാഖ്യയായി;

 യാതൊരു ശ്വാശ്വതകർപ്പൂരദീപ്തിയാൽ
    മേദിനി ദിവ്യഗന്ധാഢ്യയായി;

 അക്കീർത്തിസഞ്ചയം ഭാരത്താൽ വീഴാതെ-
    യിക്ഷിതി താങ്ങുമനന്തമൂർത്തി,

 കാലത്താലമ് ളമായ്ത്തീരാത്തപീയൂഷം.
    കാലത്താൽ വാടാത്ത കല്പമാല്യം:

 കാലമാം സ്വർഭാനു തീണ്ടാത്ത രാകേന്ദു;
    കാലമാം കാലന്നു കൈലാസേശൻ:-        770

 അച്ഛാ ! ഞാനായതു നേടുകിൽ നേടിനേ
    നക്ഷയപാത്രസ്യമന്തകങ്ങൾ !

[ 46 ]
XXVII



 "ആ മഹാൻ പ്രഹ്ലാദപൌത്രൻ ബലിയോടു
    വാമനനായൊരു ദാനം വാങ്ങാൻ

 ഇന്ദ്രാജാനുജൻ പണ്ടു വന്നാൻ ; തടസ്ഥമായ്
    നിന്നാൻ ഗ്രഹോത്തമൻ ശുക്രാചാര്യൻ,

 ദാതാവു ഞാനിന്നു, യാചകൻ ദേവേന്ദ്രൻ;
    ബാധകൻ സാക്ഷാൽ നവഗ്രഹേശൻ  !

 സാധുക്കളായുള്ള ഞങ്ങളെയീമട്ടിൽ
    ജോതിഷ് പ്രകാണ്ഡങ്ങൾ ശോധിച്ചാലോ       780

 മുറ്റുമിബ്ഭുദേവി ധർമിഷ്ഠയായ് ത്തീർന്നാൽ
    മറ്റുള്ള ഗോളങ്ങൾക്കെന്തു ചേതം ?

 വൈരോചനാദിത്യ മത്സര ക്രീഡയി-
    ലാരു ജയിച്ചവ, നാരു തോറ്റോൻ ?

 ദർപ്പത്തിൽ തൻ കുഴൽ വെച്ചാൻ ത്രിവിക്രമ -
    നബ്ബലിതന്നുടെ മൌലിയിന്മേൽ;

 എങ്കിലെ, ന്തക്കഴൽ നൂതനസ്വാരാജ്യ -
    ത്തങ്കക്കിരീടമായ് തത്ര മിന്നി,

 അക്കാഴ്ചകണ്ടുകണ്ടാശ്ചര്യവാദിയായ്
    ചിൽക്കാതൽ നിൽക്കവേ ദേവലോകം        790

 പാതാളത്തട്ടോളം താണുപോ, യെന്നല്ല
    പാതാളം വിണ്ണോളം പൊങ്ങിതാനും

[ 47 ]

 സത്യവാക്കാകുകമത്യാഗൈകശേവധി
    മദ്ധ്യമലോകത്തിൽ വാടാദ്ദീപം

 ഇന്നലെശ്ശക്രനായ്, നാളെയും ശക്രനാം
    ഇന്നു യശ്ശസ്സിനാൽ ശക്രശക്രൻ.

 കാമമിന്നർജ്ജുനതാതനും കർണ്ണനെ-
    യാമട്ടിൽ തോല്പിപ്പാനാശിക്കുന്നു

 ഈയാച്ഞയൊന്നിനാൽ മാത്രം വിജിതനായ്-
    പ്പോയാൽ ധനഞ്ജയൽ നൂനമെന്നാൽ.       800

 നേരിട്ടാൽ നിശ്ചയം തോൽവിയെന്നോതിനാൻ :-
    വേറിട്ടു പോരിനി വേണ്ടതുണ്ടോ ?

 താനേ വന്നിങ്ങു യാചിച്ചാൽപോലും ഞാൻ
    പ്രാണനും ദേഹവും നൽകിയേനേ,

 അർജ്ജുനന്നാസ്ഥിതിക്കങ്ങെങ്ങോ ദൂരെ നി-
    ന്നച്ഛനെയാനയിച്ചെന്തുകാര്യം ?

 ജ്യേഷ്ഠനു കൈയിലൊരുത്തമപാത്രത്തെ-
    ച്ചേർത്താനവരജൻ ദാനം നൽകാൻ

 എന്നതു ചിന്തിച്ചാൽ കാര്യജ്ഞനാമ-
    നെന്നുത്തമർണ്ണനാണെന്നു വന്നു.       810

 ഞാനും സുയോധനരാജകുമാരനും
    നൂനം പരസ്പരപ്രേമബദ്ധർ.

[ 48 ]

 എന്നാലുമെൻദാനവാർദ്ധിക്കു വേലയ-
   ല്ലെന്നോമൽതോഴർതൻ മൈത്രീലക്ഷ്മി.

 എൻവ്രതം ഭഞ്ജിച്ചു ധന്യയായ് തീരുവാൻ
   ജന്മം നയിപ്പീലമ്മോഹിനിയാൾ.

 നാലു തടിനികൾ പോറ്റുകമൂലമായ്
   ബാലകൻ ഞാനൊരു രാജാവായി ;

 ആക്കംപൂണ്ടെത്രനാൾ വാഴ്കിലുമന്ത്യത്തി ,
   ലാക്കല്പസിന്ധുവിൽ മുങ്ങും താനും.       820

 മദ്ധ്യത്തിലെന്നുടെ ദാനാഭിധാനയാം
   മുക്തിദായകിയാ ജാഹ്നവിയിൽ

 ആഹാ ! ഞാനെൻ പുകൾവെൺതാമരയ്ക്കൊരു
   ദോഹദമായ് വീണാലാർക്കു നഷ്ടം ?"


 
XXVIII



 "അക്ഷമനായി ഞാനാഖണ്ഡലന്നെന്റെ
    ഭിക്ഷ നൽകീട്ടൊരു മർത്യനാവാൻ

 വ്യർത്ഥമെൻ കുണ്ഡലം രണ്ടും ശതക്രതു
    വൃദ്ധശ്രവസ്സിങ്കൽ ചേർന്നിടട്ടെ-

 മാർഗ്ഗണരോധകമാകുമെൻ കഞ്ചുകം
    മാർഗ്ഗണപാണിയിൽ വീണിടട്ടേ.

[ 49 ]


 മത്താത ! മൽഗുരോ ! മൽപ്രഥമാതിഥേ !
    മദ്ദേവ ! മാർത്താണ്ഡ ! കൈതൊഴുന്നേൻ ;

 കൈവണങ്ങീടുന്നേനീനൽസുദിനത്തെ-
    യാവേദനം ചെയ്തോരങ്ങെ മേന്മേൽ.

 ഇന്ദ്രനു ഞാനെന്നുമിദ്ദാനം നല്കിടൊ-
    ല്ലെന്നല്ലീ നേർന്നതു ഭിക്ഷയായി ?

 അബ്ഭിക്ഷ കൂടാതെ തീരില്ലെന്നുണ്ടെങ്കിൽ
    കല്പിച്ചുകൊണ്ടാലും കാരുണ്യാത്മൻ!

 എൻവലങ്കയ്യുണ്ടു വാളുണ്ടു , കണ്ഠമു-
    ണ്ടന്വഹം മൂന്നും ഭവാന്നധീനം.        840

 ഇത്തമോവല്ലികയിക്ഷണമിബ്ബാല-
    മിത്രരക്താംശുവാൽ ദീപ്തമാകും.

 ഉച്ചൈശ്ശ്രവസ്സൊരു കൂർമ്മമായ് മാറിന
    വജ്രിക്കെൻ കഞ്ചുകകുണ്ഡലങ്ങൾ

 ഏകട്ടെ-എൻചിതാവേദി ഹവിസ്സുകൾ-
    വേഗത്തിൽകൊണ്ടുപോയ് ഹവ്യവാഹൻ.


XXIX





 എന്നോതിഖഡ്ഗവും കൈയുമായ് നിൽക്കുന്ന
    തന്നോമൽതങ്കത്തെദ്ധാമരാശി

[ 50 ]

 പൗരുഷരൂപനെ, പ്രഖ്യാതിവിത്തനെ-
   ബ് ഭാരതമേദിനീസന്താനത്തെ-        850

 

 വീണ്ടുമേ വീണ്ടുമേ വീക്ഷിച്ചു ചൊല്ലിനാൻ
   "വേണ്ടപ്പൻ ! നിൻഭിക്ഷ വേണ്ട വേണ്ട !

 വൈരോചനൻതന്നെ നീ മകനേ ! ദാനം -
   വീരോചിതംതന്നെ നിന്റെ വാക്യം.

 പുത്രിയായ്തീർന്നേൻ ഞാൻ നിന്നാൽ ;എൻവർച്ചസ്സു
   വർദ്ധിക്കുമാറായി നീ നിമിത്തം.

 നിൻപാദം നില്പതു പാംസുവിലെങ്കിലും
   നിൻമൗലിക്കിന്ദുതാൻ ചൂഡാരത്നം ,

 ആരിൽ താനങ്കമില്ലായതു കാണുന്നു
   സൂരനാമെന്നിലും സുക്ഷ്മദർശി.        860

 നിൻകീർത്തി പൊങ്ങുക; നിൻപേർ വിളങ്ങുക
   നിർവിഘ്നം വെൽക നിൻ ദാനധർമ്മം

 ഇക്കർണ്ണം കൈവിടും കഞ്ചുകം ലോകത്തിൻ
   നൽക്കർണ്ണഭൂഷണമായ് ലസിക്കും

 ഈമാറു കൈവിടും കഞ്ചുകം ലോകത്തിൻ
   രോമാഞ്ചകഞ്ചുകമായ് വിളങ്ങും"

 എന്നോതിബ് ഭാസ്കരൻ പിന്നെയും കർണ്ണനെ-
   ത്തന്നോടു ചേർത്തണച്ചാശ്ലേഷിക്കെ

[ 51 ]

 അങ്ങുടനകാശവീഥിയിൽ നിന്നുണ്ടായ്
   മങ്ഗലമാമൊരു പുഷ്പവർഷം       870

 വജ്രിക്കു മുന്നിലകമ്പടിവന്നതാ
   മസ്സുമനസ്സുകളംഗഭൂവിൽ;

 അല്ലെങ്കിൽ വിണ്ണിലേ വൃക്ഷങ്ങൾ പൂക്കളാ-
   ലർച്ചിച്ചതാവാമപ്പുണ്യവാനെ !


XXX





 തൻദിനകാര്യാതിപാതത്താൽ മുന്നോട്ടും
   നന്ദനപ്രേമത്താൽ പിന്നിലോട്ടും

 ഒന്നുപോലപ്പുറമാകൃഷ്ടനായ് നിന്നാ-
   നന്വർത്ഥനാമാവാം ചിത്രഭാനു ,

 നക്ഷത്രയാമികർപൂർവാശാവക്ത്രത്തെ-
   യക്ഷമരായ് നിന്നു നോക്കിടുന്നു ,       880

 ഊരുക്കളില്ലാത്ത സൂതനു വൈകല്യം
   വേറിട്ടും മെയ്ക്കേതാൻ പറ്റുകയോ ?

 പംഗുക്കളാകയോ പച്ചക്കുതിരക-
   ളെങ്ങർക്കൻ സാമയികാഗ്രയായി ?

 പുത്രനെക്കാണ്മാൻ താൻപോകയോ ചെയ്തതീ
   നിദ്രയ്ക്കു ജാഗരം വന്നീലല്ലോ"

[ 52 ]

 ഇത്തരമോരോന്നു വാനത്തിൽ പത്രികൾ
   തദ്രുതവ്യാജത്താലോതിയോതി

 തങ്ങളിൽ നോക്കുന്നു; പേർത്തും പതങ്ഗൗഘ
   സങ്കടം താൻ പതങ്ഗാന്തർദ്ധാനം        890

 അർക്കനെന്തിത്രമേൽ വൈകുവാൻ ഹേതുവെ-
   ന്നുൽക്കണ്ഠ കൈക്കൊണ്ടു നോക്കിനോക്കി

 മേൽക്കുമേൽ കൂകുന്നു 'കൊക്കൊക്കോ' വദ്ദേവൻ
   കേൾക്കുമാറുച്ചത്തിൽ കുക്കുടങ്ങൾ

 പിന്നെയും പുത്രനെയാലിങ്ഗനം ചെയ്തു
   ധന്യരിൽ ധന്യനായ്ത്തന്നെയെണ്ണി

 അച്ഛനാമാദിത്യനാകാശമെത്തിനാൻ
   പശ്ചാദ്വിലോകനലോലനേത്രൻ        907

ശുഭം
"https://ml.wikisource.org/w/index.php?title=കർണ്ണഭൂഷണം&oldid=64572" എന്ന താളിൽനിന്ന് ശേഖരിച്ചത്