തപ്തഹൃദയം

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1938)

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ
കൃതികൾ

മഹാകാവ്യം

ഉമാകേരളം

ചമ്പു

സുജാതോദ്വാഹം

ഖണ്ഡകാവ്യങ്ങൾ

വഞ്ചീശഗീതി · ഒരു നേർച്ച
ഗജേന്ദ്രമോക്ഷം · മംഗളമഞ്ജരി
കർണ്ണഭൂഷണം · പിങ്‌ഗള
ചിത്രശാല · ചിത്രോദയം
ഭക്തിദീപിക · മിഥ്യാപവാദം
ദീപാവലി · ചൈത്രപ്രഭാവം
ശരണോപഹാരം · അരുണോദയം

കവിതാസമാഹാരങ്ങൾ

കാവ്യചന്ദ്രിക · കിരണാവലി
താരഹാരം · തരംഗിണി
മണിമഞ്ജുഷ · ഹൃദയകൗമുദി
രത്നമാല · അമൃതധാര
കല്പശാഖി · തപ്തഹൃദയം

ഗദ്യം

വിജ്ഞാനദീപിക
കേരളസാഹിത്യചരിത്രം


[ 1 ]
തപ്തഹൃദയം
1938
[ 2 ]
വിജയപ്രാർത്ഥന[1]



കുടുംബത്തെ രണ്ടായ്‌പ്പിരിക്കിലിശ്‌ശല്ല്യ-
മൊടുങ്ങുമെന്നല്ലീ നിനച്ചിരുന്നു നാം ?
ജനനി തൻ പൂമെയ് പിളർക്കിലും കൂടി-
യിണങ്ങുമെന്നല്ലി കരുതിവാണു നാം ?
പകുത്തിട്ടെന്തായി ഫലം ? പിരിഞ്ഞോർതൻ
പകച്ചെന്തീ വീണ്ടും പടർന്നു കത്തുന്നു.
മറകൾകണ്ടൊരു മഹർഷിമാരിരു-
ന്നരുളിന പഞ്ചനദത്തിലിദ്ദിനം
ഇടതടവറ്റു നടന്നീടുന്നല്ലോ
ചുടലകാട്ടിലെപ്പിശാചതാണ്ഡവം!
എവിടെയും കൂട്ടക്കൊലയും, കൊള്ളയു-
മെവിടെയും ബലാദ്രതവും തീവെയ്പും.
ജനിച്ച ദേശവും, ഗൃഹവും, സമ്പത്തും,
തനിക്കു വാച്ചിടും സമസ്തബന്ധവും,
ത്യജിച്ചുയിർമാത്രം പുലർത്തുവാൻ കൊതി-
ച്ചജസ്രമൊട്ടുപേർ പരക്കം പായുന്നു.
അശാന്തമാഞ്ഞെത്തിപ്പിടിച്ചവരെയും
കശാപ്പുചെയ്യുന്നു പരർ മതഭ്രാന്തർ!
പ്രപഞ്ചധാതാവേ! വളരെ നീണ്ടുപോയ്
സ്വപ്നമങ്ങേയ്ക്കൊന്നുണരണേ വേഗം!
ഇവിടുത്തെ സ്ഥിതിഗതികൾ നോക്കണേ
രിവുയമിന്ദുവും മിഴികളാവോനേ!
ഭുവനങ്ങളങ്ങു ചമച്ചതാണെങ്കി-
ലവനിയുമതിൽപ്പെടുകയില്ലയോ?
ജനയിതാവിന്നു തനതപത്യത്തെ-
ക്കനിഞ്ഞു കാക്കേണ്ടും കടമയില്ലയോ?
അതോ ധരണിയെച്ചെകുത്താനായ് ശല്യ-
മൊതുങ്ങുവാനങ്ങുമുഴിഞ്ഞുതള്ളിയോ?
ഹൃദയവും കണ്ണുമുടയോരെ! കേൾപ്പി-
നുദയംചെയ്തുപോയ് നവീനമാം യുഗം.

[ 3 ]

അതിനിണങ്ങാത്ത പഴമയൊക്കെയും
പതിക്കട്ടെ ചെന്നു പടുകുഴിക്കുള്ളിൽ
ഒരു മതം മതിയിനി- പ്പരസ്നേഹ,-
മൊരുവർഗ്ഗം മതി - മനുഷ്യസംജ്ഞകം;
ഒരു രാഷ്ട്രം മതി - ധരാതലം-നമു-
ക്കൊരു ദൈവം മതി - ഹൃദിസ്ഥിതം ദീപം.
കിഴക്കു വങ്ഗത്തിൽക്കൊടുമ്പിരിക്കൊണ്ട
വഴക്കും വാശിയും വധൈകവാഞ്‌ഛയും,
ഭരതഭൂമിയിൽ സ്വതന്ത്രതാസുര-
സരിത്തൊഴുക്കിന നവഭഗീരഥൻ;
ശുഭവ്രതനസ്മൽഗുരു ദിനങ്ങൾ മൂ-
ന്നുപവസിക്കവേ മറഞ്ഞുമാഞ്ഞുപോയ്.
അതിന്നുമേലതാ! തിരിക്കയായ് പഞ്ച-
നദത്തിലേക്കുമശ്ശമപ്രവാചകൻ
അവിടെയും ജയമവിടുന്നാർജ്ജിച്ചു
ഭവികമൂഴിക്കു പരക്കെ നല്കട്ടെ !

ഇരുമ്പിന്റെ നൈരാശ്യം

പോരുമീഞെളിച്ചിലെൻ
പൊന്നുടപ്പിറപ്പേ! നീ-
യാരു, ഞാനാരെന്നൊന്നു
ശാന്തമായ്ച്ചിന്തിക്കുമോ?
സങ്കടം പരർക്കാർക്കു
മേകാതെ നീണാൾ നമ്മൾ
തങ്കമേ! പുലർന്നീലേ
പാരിതിൽപ്പണ്ടേക്കാലം?
നമ്മളന്നദൃശ്യരാ-
യേവർക്കും, വിശാലമാ-
മമ്മതൻ മടിത്തട്ടി-
ലാനന്ദിച്ചുറങ്ങീലേ?
അത്തവ്വിലെത്തിക്കുറേ-
ക്കൂട്ടായ്മക്കവർച്ചക്കാർ
സത്വരം നമ്മെക്കൊണ്ടു
മണ്ടിനാർ മുകൾപ്പാട്ടിൽ.
സ്വോപയോഗാർത്ഥം നമ്മെ-
സ്സംസ്കരിച്ചെടുത്തപ്പോൾ
ഹാ? പരം നീ മഞ്ഞയായ്,
ഞാൻ വെറും കറുപ്പുമായ്.

[ 4 ]

വർണ്ണത്തിൻ വ്യത്യാസം
കണ്ടാഹ്ളാദമാർന്നോർ; നമ്മെ-
ബ്ഭിന്നിപ്പിച്ചമർത്തുവാ-
നാവഴിക്കല്ലീ പറ്റൂ?
എന്നത്തൽ സൗകര്യങ്ങ-
ളാദ്യമായ് വർദ്ധിപ്പിക്കാൻ
സന്നദ്ധനാക്കീ; ഞാനു -
മായതിൽ കൃതാർത്ഥനായ്.
ദീനർതൻ ബുഭുക്ഷയെ-
ശ്ശീഘ്രമായ് ശമിപ്പിക്കാൻ.‌
കാനനം നാടാക്കുവാൻ,‌
കെട്ടിടം ചമയ്ക്കുവാൻ;
എത്രയോ തരത്തിൽ ഞാ-
നീമട്ടിൽപ്പണിപ്പെട്ടു
മർത്ത്യർക്കു നല്കീടിനേൻ
സൗഖ്യവും സുഭിക്ഷവും.
യാതൊന്നും പ്രയോജനം
കാണായ്കമൂലം നിന്നെ-
യാദരിക്കുവാനാശ-
യന്നവർക്കുണ്ടായീല.
പിന്നെയാണൊരേടത്തു
മേനിയും മിനുക്കിയെൻ-
പൊന്നേ! നീ മേവും കാഴ്ച
കണ്ടതപ്പൊണ്ണബ്ഭോഷർ,
പ്രീതിപൂണ്ടെടുത്തുടൻ
നിന്നെത്തദ്വധുക്കൾ തൻ-
കാതിലും കഴുത്തിലും
കയ്യിലും ഘടിപ്പിച്ചാർ.
എങ്ങുമേ സമൃദ്ധമായ്
വ്യാപിക്കും കാർകൊണ്ടൽ ഞാ-
നിങ്ങങ്ങൊരല്പം മാത്രം
ദൃശ്യയാം വിദ്യുത്തു നീ
ആകമാനവും നിന്നെ-
ക്കയ്യടക്കുവാൻ വെമ്പീ
മോഹത്താൽ സാമ്രാജ്യങ്ങൾ,
മത്സരം വിജൃംഭിച്ചു;
കാട്ടുതീക്കൊപ്പം ദ്വേഷം
മൈത്രിയെദ്ദഹിപ്പിച്ചൂ.
ജ്യേഷ്ഠനും കനിഷ്ഠനും
സുന്ദോപസുന്ദന്മാരായ്

[ 5 ]

ആയിരം സ്വരൂപത്തിൽ
വാർത്തുതേച്ചെടുത്തെന്നെ-
യായുധീകരിച്ചുകൊ-
ണ്ടന്യോന്യമങ്കം വെട്ടി‌.
ഞാനെന്തുചെയ്യും, ദീനൻ?
എൻജന്മം തുലയ്ക്കുന്നൂ
മാനുഷക്രവ്യാദർതൻ
പങ്കത്തിൽപ്പങ്കാളിയായ്
കോശമാമന്തഃപുരം
തന്നിൽ നീ മേളിക്കുന്നു
ഘോഷാസ്ത്രീക്കൊപ്പം, ഹന്ത!
ബന്ദിയായ് പ്രഭാകീടം.
പാകത്തിൽ നിന്നെക്കാത്തു
നിൽക്കുന്നൂ വെളിക്കു ഞാൻ;
ലോഹമില്ലാഞ്ഞാലാർക്കു
സുസ്ഥിരം കാർത്തസ്വരം?
കൂരിരുട്ടാകുന്ന ഞാൻ വേല
ചെയ്യുന്നൂ; ചിത്രം
സൂരബിംബമാം നീയും
സ്വാപത്തിൽ സുഖിക്കുന്നു.
ഹൃത്തിലെന്നോർക്കൂ തോഴി
നാം രണ്ടുപേരും ചേർന്നീ-
മർത്ത്യർതൻമാറാദ്ദാസ്യ-
മെത്രനാൾ ചുമക്കണം?
കൊല്ലുന്നു കൊല്ലുന്നു ഞാ-
നന്ധനാ,യെന്നെക്കൊണ്ടു
കൊല്ലിച്ചു കൊല്ലിച്ചു നീ
മൂഢയായ് രസിക്കുന്നു.
കഠിനീഭവിച്ചതാ-
മെൻകരൾത്തട്ടിൽപ്പോലും
കദനം നിറച്ചീടു-
മിദ്ദൃശ്യം സുദുസ്സഹം.
ഇമ്മഹാപാപം പോരും:
ദൈവത്തിൻകരം വീണ്ടും
നമ്മളെബ്ഭൂഗർഭത്തി
ലാഴ്ത്തുവാൻ പ്രാർത്ഥിക്ക നാം.
എത്രമേൽക്കാമ്യം നമു-
ക്കാശ്മശാനാന്തർവാസ-
മിത്തരം വ്യാപാരത്താൽ
ജീവിക്കുന്നതെക്കാളും.

[ 6 ]


ജയഭേരി
ഉണരുവിൻ സഹജരേ! ഭാരതോർവ്വീതനയരേ!
ശനിയൊഴിഞ്ഞിന്നു വീണ്ടും മനുഷ്യരായ് നാം
എഴുന്നേറ്റു നിവർന്നുയ,ർന്നെവിടെയുമിപ്പുലരി-
യൊഴുക്കുന്ന പൊൻപുഴയിൽത്തുടിച്ചു നീന്താം.
അടിമച്ചങ്ങലയെല്ലാമയഞ്ഞഴിഞ്ഞറ്റുവീണു;
തടങ്കൽക്കൽത്തുറുങ്കെങ്ങും താനേ തുറന്നു.
സ്വതന്ത്രരായ് സകലരുമീനിമിഷംമുതൽ; നമ്മൾ-
ക്കിതിൽപ്പരമൊരു ഭാഗ്യമെന്തിനിവേണ്ടൂ?
പരവശരായ്ക്കിടന്നു നരകിച്ചുപോയി നമ്മൾ
നിരവധി ദിനങ്ങളായ് നിർജ്ജീവപ്രായർ.
അറുതിപെട്ടല്ലോ വല്ലവിധവുമശ്ശാപം; നാമും
മറുകരയെത്തിയല്ലോ മാൽക്കടൽനീങ്ങി
ചിരപ്രതീക്ഷിതമാമിശ്ശുഭമുഹൂർത്തത്തെക്കാണ്മാൻ
തരംവന്ന നമ്മളെത്ര ചരിതാർത്ഥന്മാർ?

II



പരിണാമമിതെങ്ങിനെ വന്നുചേർന്നു ഭാരതത്തി-
ന്നിരുപതാംനൂറ്റാണ്ടിലെപ്പരമാശ്ചര്യം?
അശരണജനങ്ങൾതൻസുഹൃത്തൊരാളതാകാണ്മിൻ!
കൃശഗാത്ര, നർദ്ധനഗ്നൻ, ഗതവയസ്കൻ.
അപരമല്ലിതിൻഹേതു, വവിടത്തേ വരിഷ്ഠമാം
തപശ്ചര്യതൻപ്രഭാവം; സന്ദേഹമില്ല.
പിടിച്ചുവെച്ചടക്കിത്താൻ വളരെനാൾ ഭുജിച്ചതാം
സ്ഫുടരുചി തിരളുന്ന സാമ്രാജ്യശ്രീയേ,
തിരിച്ചുതത്സ്വാമിക്കേകും സ്വമനസ്സാൽ ജേതാവെന്നു
ചരിത്രത്തിലിതിന്മുൻപുകേട്ടതുണ്ടോ നാം?
അതുനമുക്കാർജ്ജിച്ചാനിന്നാതതായികളെപ്പോലു-
മനുചരരാക്കിമാറ്റുമീമഹായോഗി,
അചകിത, നസ്ഖലിത, നഭിനവതഥാഗത-
നസുലഭസിദ്ധിയുക്ത, നഖിലബന്ധു.
അപങ്കിലനവിടത്തേക്കാത്മനിഷ്ഠബലം ബല-
മപരിച്ഛിന്നമാം സത്യമാദിത്യബിംബം.
അവിടത്തേപ്പർണ്ണശാല ഭാരതോർവ്വി, യതിൽപ്പെട്ടാൽ
ഹരിപോലും ഹരിണമായ്ച്ചമഞ്ഞേപറ്റൂ
അതുകൊണ്ടാണജയ്യനാമാംഗലേയകേസരിയും
കൊതിപൂണ്ടതിവിടം വിട്ടൊഴിഞ്ഞുമാറാൻ.
പണിയുവിൻ പാണികൂപ്പിപ്പാവനനഗ്ഗുരുവിനെ-
ജ്ജനനിതൻ ദാസ്യംതീർത്ത ധീരശാന്തനെ.

[ 7 ]
III


വഴുതിവീണുപോയ് പണ്ടു ബാലിശരാം നമ്മുടയ
ബലമറ്റ കയ്യിൽനിന്നു സാമ്രാജ്യകേതു.
അനൃതമെന്നരങ്ങിൽവന്നാർജ്ജവമായ്ച്ചമഞ്ഞാടി-
യധർമ്മത്തിന്നെന്നു ധർമ്മമടിമപൂകി;
മനുഷ്യനെ മനുഷ്യനെന്നശുദ്ധനായ് മാറ്റിനിർത്തി
ധനമെന്നു സർവ്വേശൻതൻ സ്ഥാനത്തിലേറി;
മുടിഞ്ഞു നാമന്നു; പിന്നെ നമുക്കെന്നും ദിനകൃത്യം
പടവെട്ടൽ തമ്മിൽ, നാടു പരർക്കു നൽകൽ!
മതമെന്നും, വർണ്ണമെന്നും, ജാതിയെന്നും, ഭാഷയെന്നും
മദംപിടിച്ചോരോന്നോതി വഴക്കുടക്കി
തുലയ്ക്കൊല്ലേ കയ്യിൽവന്നജയശ്രീയെ വീണ്ടുംനമ്മൾ;
കുളിക്കൊല്ലേ ജനനിതൻ ചുടുകണ്ണീരിൽ!

IV



കരയേണ്ട മാതൃഭൂവിൻ കമനീയമാം വപുസ്സി-
ന്നിരുതുണ്ടായ് മുറിപെട്ടു കിടപ്പതിങ്കൽ,
ഇരിക്കട്ടെ; സാരമില്ല; കുറച്ചുനാൾച്ചെന്നാൽരണ്ടു-
മൊരുമിച്ചുകൂടു, മിപ്പുണ്ണുണങ്ങും താനെ.
ഹിമവാനാം ഹീരമുടിശിരസ്സിൽച്ചൂടിച്ചും, തെക്കേ-
സ്സമുദ്രത്തിൻ തിരകളാൽകാൽ കഴുകിച്ചും,
കരംരണ്ടും കാമരൂപഗാന്ധാരാദ്രികളിൽച്ചേർത്തും
കരുതലാർന്നഖിലേശൻ വാഴിച്ച രാജ്ഞി,
അവികൽ,യവിഭാജ്യ,യവിടത്തേത്തിരുവുട-
ലെവിടെയാർക്കെത്രനേരം പിളർത്തി നിർത്താം?
ചിരിയ്ക്കുമീയിടയ്ക്കിട്ട മണൽച്ചിറകണ്ടു ദൈവ,-
മൊരുമഴച്ചാറൽകൊണ്ടിതൊലിച്ചുപോകും.
വിരഹമാമിതു പക്ഷേ സംശ്ലഷത്തിൻ പൂർവ്വരംഗം
മറയലാം പിടിക്കും മുൻപുണ്ണികൾതമ്മിൽ!

V



ഉയരട്ടെ ഭാരതത്തിൻ പുതുവെന്നിക്കൊടിക്കൂറ
വിയത്തോളം ഭാസുരമായ് വിശ്വാഭിരാമം.
വഴിയിൽ വന്നെതിരിടും കൊടുങ്കാറ്റു തുളച്ചേറി,
മഴമുകിൽമലയ്ക്കുമേൽ പ്പറന്നുപൊങ്ങി,
ജനനിതൻ പുകൾവാഴ്ത്തിയമരനൊരിമാർപാടു-
മനഘസംഗീതംകേട്ടു തലകുലുക്കി,
രവിയോടും മതിയോടും കുശലാന്വോഷണംചെയ്തു,
സവിലാസമുഡുക്കളെസ്സഖികളാക്കി,
നടക്കട്ടെ മുന്നോട്ടേയ്ക്കു സകലസൽഗുണങ്ങൾക്കും

[ 8 ]

നടനവേദിയായ്‌മിന്നും നമ്മുടെ രാജ്യം.
ചൊരിയട്ടെ സകലർക്കും ഹൃദയത്തിൽ സുധാരസം
പരമതിൻ സനാതനശാന്തിസന്ദേശം.
ത്വരിക്കട്ടെയഹിംസയാം മന്ത്രമോതിയവരുടെ
പരസ്പരദ്വേഷമാകും വിഷമിറക്കാൻ.
പ്രപഞ്ചത്തിൻ വിധാതാവാം ഭഗവാനേ! ഭവാനോടി-
ന്നപരമൊന്നടിയങ്ങൾക്കർത്ഥനയില്ല;
അരുളുക ജനനതിൻ കൊടിപിടിക്കുവാൻ വേണ്ട
കരശക്തി. മനശ്ശുദ്ധി, കൈങ്കര്യസക്തി.

പുനരാലോചന

ഞാനന്നു നോക്കീ രാവി-
ലെൻകണ്ണാൽ വീണ്ടും വീണ്ടും
വാനത്തിൻ നാളെത്തിങ്ങി
മിന്നിടും താരങ്ങളെ-
മാനവർക്കേകാന്തത്തിൽ
സാന്ത്വനം നല്കാൻ വന്ന
ദീനബാന്ധവന്മാരാം
ദേവർതൻ ദീപങ്ങളെ.
ആദിത്യൻ മറഞ്ഞാലു-
മായതിൻമേലും മന്നിൽ
നാഥനില്ലാത്തോരല്ല
ഞങ്ങളെന്നൂഹിച്ചു ഞാൻ.
അന്നിമേഷത്തിൽദ്ദൂരെ
നിന്നെങ്ങോ വിഹായസ്സിൽ
വന്നുരുണ്ടേറുന്നുണ്ടൊ-
രഭ്രമാം കരിബ്ഭൂതം.
ആരുമില്ലെന്നോ രത്ന-
ഭണ്ഡാരക്കവർച്ചയ്ക്കു
ചാരത്തു നൂഴ്ന്നെത്തുമി-
ക്കള്ളനെത്തച്ചോടിക്കാൻ?
ഒന്നല്ല, പത്തല്ലത്രെ
കോടിയോ, തദ്രൂപത്തിൽ
വന്നുകൂടുന്നു കരിം-
കുപ്പായപ്പട്ടാളങ്ങൾ.
ദേവർതൻ സർവ്വസ്വവും
കൊള്ളച്ചെയ്യുവാൻ ദൈത്യ-

[ 9 ]

രാവതും സ്വരൂപിച്ചു
പോരിനായ്പ്പാഞ്ഞെത്തിയോ?
നീളവേ പരക്കുന്നു
വാനെങ്ങും രണം; യോധർ
വാളുലച്ചോങ്ങീടുന്നു;
പീരങ്കിപൊട്ടിക്കുന്നു.
നാരകാന്ധകാരത്തിൽ
നാടെങ്ങും മുഴുകുന്നു;
തീരെയില്ലപ്പോൾ ഭേദ-
മന്ധർക്കും കണ്ണുള്ളോർക്കും.
ആകാശത്തിങ്കൽക്കുറേ-
മുമ്പഞാനെന്തീക്ഷിച്ചു?
ഹാ! കൊടുങ്കാറ്റിൻമുൻപു
വാച്ചിടും വായുസ്തംഭം!
ശകലം മനുഷ്യരെ-
സ്സന്തുഷ്ടരായിക്കണ്ടാൽ
പ്രകൃതിക്കിത്രയ്ക്കുമേ
ലക്ഷാന്തി വളർന്നാലോ?
അങ്ങിങ്ങൊരല്പം നേരം-
സ്ത്രീചിത്തം സൂനക്രോശം-
ഞങ്ങളെക്കടക്കണ്ണാൽ
നോക്കുന്നൂ വിദ്യുത്തുകൾ;
ഉടനെ പിൻവാങ്ങുന്നൂ;
മേഘരാക്ഷസന്മാർതൻ
തടവിൽപ്പെട്ടോരാണ-
ത്തങ്കമെയ്ത്തരുണിമാർ.
പെട്ടെന്നു ഞാന്ധനായ്
മുന്നേക്കാൾ; ക്ഷുത്തേറില്ലേ
പട്ടിണിക്കാരന്നന്നം
കൈക്കൊത്തി വായ്ക്കെത്താഞ്ഞാൽ?
എന്താവാമിതൻ തത്ത്വ-
മെന്നു ഞാനന്തരം
സന്താപം വെടിഞ്ഞൊന്നു
ശാന്തമായ് നിരൂപിച്ചേൻ.
പരമാർത്ഥാവസ്ഥഞാൻ
ധരിച്ചേനുടൻതന്നെ
വരദാനോൽകയായ
കാളിയിക്കാദംബിനി.
തെല്ലൊന്നു പേടിപ്പിക്കു
മാദ്യമായ്; ഭക്തന്മാരെ

[ 10 ]

നല്ലമട്ടനുഗ്രഹി-
ച്ചപ്പുറം മറഞ്ഞീടും.
മാർത്താണ്ഡൻ മഹീതലം
നായാട്ടുകാടാക്കിത്തൻ
കൂർത്തുമൂർത്തുള്ളോരമ്പാൽ
നമ്മെയത്രനാളെയ്തു!
വ്യാപന്നർ കണ്ണാൽമാത്ര-
മല്ല, നാ, മെല്ലാ രോമ-
കൂപങ്ങളാലും തപ്ത-
ബാഷ്പമെത്രനാൾത്തൂകി!
അകലത്തദ്ദുസ്ഥിതി
മാറ്റുവാൻ കിനിഞ്ഞെത്തും
മുകിലിൻകുലത്തേ നാം
മൂഢരായ്പ്പഴിക്കയോ?
ശോഭനം ദേവന്മാർക്കായ്
ധാത്ര്യംബയാരാധിച്ച
ധൂപത്തിൻ ധൂമോൽക്കരം
നൂനമിഗ്ഘനവ്യൂഹം.
നമ്മെക്കണ്ടിരുണ്ടത-
ല്ലിവൻമുഖം; നമ്മെ-
യിമ്മട്ടിൽ ദ്രോഹിച്ചൊരാ-
സൂര്യനെസ്മരിച്ചത്രേ.
കണ്ണിമയ്ക്കുമ്പോൾപ്പെടും
കൂരിരുട്ടിനോടൊപ്പം
തന്നെയിഗ്ഘട്ടത്തിങ്കൽ
വായ്ക്കുമിത്തമിസ്രവും,
ഉത്തരക്ഷണത്തിലാ-
ത്താരങ്ങൾ മിന്നും വീണ്ടും
മർ‌ത്ത്യർതന്നാശാദേവി
ചൂടിടും വാടാപ്പൂക്കൾ.

പൂമ്പാറ്റയോട്

ചിത്രപതംഗമേ! നിന്നെ -- കണ്ടെൻ --
ചിത്തം തുടിച്ചുയരുന്നു.
വാർമഴവില്ലിന്റെ സത്താൽ--ത്തന്നെ
നാന്മുഖൻ നിൻമെയ് ചമച്ചു;
ആനന്ദത്തിന്റെ രസത്താൽ--ത്തന്നെ
മാനസംതീർത്തതിൽവച്ചു;

[ 11 ] <poem>

എന്മണിക്കുട്ടന്നു വാഴാ——നൊരു

നന്മലർത്തോട്ടവും നൽകി.

ചെന്തളിർ ചൂടും ചെടികൾ——പൂവാം

പൊന്തളികയ്ക്കകമ്നീളെ,

തേനമൃതം ചുമന്നെങ്ങും——നില്പൂ

ചേണിൽനിൻ പൈദാഹമാറ്റാൻ

ഇമ്മട്ടിലമ്മമാർ നിന്നെ——ക്കനി-

ഞ്ഞുമ്മവച്ചൂട്ടാനിരിക്കെ

മറ്റെന്തുവേണം നിനക്കി——മന്നിൽ?

മുറ്റും നിൻ ഭാഗ്യമേ ഭാഗ്യം!
II

ഓമൽച്ചിറകുകുടഞ്ഞും,——തത്തി-

ത്തൂമയിലങ്ങിങ്ങു പാഞ്ഞും,

വട്ടത്തിൽച്ചുറ്റിക്കളിച്ചും,——മന്ദം

മട്ടലരിൽച്ചെന്നണഞ്ഞും,

പൂമ്പൊടിമെയ്യിലണിഞ്ഞും,——തെല്ലു

ചാമ്പിയിടയ്ക്കിടെ നിന്നും,

തെന്നലിൽപ്പാറിപ്പറക്കും——നിന്നെ

വിണ്ണവർകൂടിക്കൊതിക്കും

പച്ചിലത്തൊത്തുകൾക്കുള്ളിൽ——പ്പുക്കു

നിശ്ചലനായ് നീയൊളിക്കെ,

കാണാതെ തെല്ലൊന്നുഴലും——നിന്നു

വാനിൽക്കതിരവൻപോലും.

പൂവണിയുന്നൊരു പൂവായ്,——മലർ-

ക്കാവിന്നു ചൂഡാമണിയായ്,

നന്മതൻ കൈപ്പൊൻവിളക്കായ്——മന്നിൽ

ജന്മമെടുത്ത സഖാവേ!

വർത്തികനിന്നെ വരയ്ക്കാ——നേതു

ചിത്രകൃത്തിന്നുണ്ടു കയ്യിൽ?

സ്വച്ഛന്ദമാടിക്കളിക്കൂ——മേലും

കൊച്ചുപറവക്കിടാവേ!
III

വായുവിലെന്തിനുകൂടെ——ക്കൂടെ

നീയിളകീടാതെ നില്പൂ?

ആയാസമാറ്റുവാൻതാനോ?——പുത്തൻ

വ്യായാമം കാട്ടീടുവാനോ
<poem> [ 12 ]

ജീവിതം സ്വല്പമെന്നോർക്കെ--പ്പക്ഷേ
നീ വിലപിക്കുവതാമോ?
ആവില്ല; നീയറിവീലേ--നിന്റെ
ജീവിതപാരമ്യസാരം?
മർത്ത്യനു വായ്പതെക്കാൾ നിൻ--ജന്മ-
മെത്രയോ മേൽത്തരമല്ലീ?
പട്ടിണികൊണ്ടു പൊരിഞ്ഞും--രണ്ടു
തുട്ടിനു പൗരുഷം വിറ്റും,
പാരാണ്ടുകൊൾവാൻ കൊതിച്ചും,--വെറും
നൈരാശ്യം മാത്രം ലഭിച്ചും,
നിത്യവും പാപത്തെ നേടാൻ--സ്വന്തം
ബുദ്ധിയെക്കൈകാര്യം ചെയ്തും,
ദീനംപിടിച്ചു വലഞ്ഞും,--നെഞ്ചിൽ
പ്രാണൻ കിടന്നു പിടഞ്ഞും,
കഷ്ടത നീങ്ങാനൊടുക്കം--പാഞ്ഞു
പട്ടടത്തീയിൽപ്പതിച്ചും;
ഇങ്ങനെ ജീവിതം പോക്കും--നര-
നെങ്ങൊരു കാൽക്ഷണം സൗഖ്യം?
ആകാശനൗകയിലേറി--പ്പറ-
ന്നേകാന്തസന്തോഷമേന്തി,
നീ വിളയാടുന്നു, ധന്യൻ,--നിന്റെ
ജീവിതം ഹ്രസ്വമായാലും.
ഓടുന്നതെങ്ങു നീ കുഞ്ഞേ!--ദൂരെ?-
പ്പേടിപ്പതെന്തിനെൻ മുന്നിൽ?
ഞാനൊന്നു കണ്ടോട്ടെ വീണ്ടും--നിന്റെ
മേനി തൻ കൺകക്കും ചന്തം;
നെഞ്ചുകുളിർപ്പിച്ചിടട്ടേ--കൂടെ-
ക്കൊഞ്ചിക്കുഴഞ്ഞഴിഞ്ഞാടി
എന്നെ വെടിയൊല്ലേ നീയി-മ്മട്ടി-
ലെന്നിളന്തങ്കക്കിനാവേ!
ചിത്രശലഭമേ? നിന്നോ--ടൊത്ത
മിത്രമെനിക്കേതു വേറെ?

ആറ്റംബോംബ്

അണഞ്ഞില്ലഗ്നിയാഹവനവേദിയി-
ലവസിതമായില്ലഥർവണഹോമം.
ഇരിക്കുന്നൂ ചുറ്റും മഹാഭിചാരത്തിൻ
മറുകരകണ്ട മദാന്ധർ യാജകർ.

[ 13 ]

അവിടെയപ്പൊഴേതൊരു സത്വം കട-
ന്നവർക്കുമുന്നിൽനിന്നലറിയാർക്കുന്നു?
നെടിയ പാമ്പൊളി രസന നീട്ടിയും,
കൊടിയ വീരപ്പല്ലിളിച്ചുകാട്ടിയും.
ചൊകചൊകക്കനൽ ചൊരിയും നോട്ടവും,
പകച്ച പാരിടം തകർക്കും ചാട്ടവും,
പൊലിച്ചു കർക്കശമരണശംഖൂതി-
ക്കലിതുള്ളുന്നല്ലൊ കലിതദുർമ്മദം!
അറിയില്ലേ നിങ്ങളതാണു പുത്തനാ-
മറുകൊലപ്പിശാചാണുദഹനാസ്ത്രം
സയൻസു ദുഷ്ടനാം മനുഷ്യൻ ജഗൽ
ക്ഷയത്തിനേകിന സമൃദ്ധസമ്മാനം
വികൃതം, നിഷ്ഠുരം, വികടം, ദുശ്ശമം,
സകൃല്പ്രദീപ്തിയിൽ സമസ്തഘസ്മരം.
പരേതരാജനില്ലവണ്ണമായുധം;
ഗരളമില്ലിമ്മട്ടഹിസമ്രാട്ടിനും.

II



അടിമുടിയെങ്ങും വിറകൊണ്ടബ്ഭൂത-
മിടിയൊലിപൊന്തിച്ചിളകിയാടവേ,
അതിനെയാവാഹിച്ചഴിച്ചു വിട്ടവർ
പതറി മെയ്കുലഞ്ഞരണ്ടു നിൽക്കുന്നു
അവരുടെ ചെവിക്കകത്തപ്പേച്ചിയു-
മിവണ്ണം വാഗ്വജ്രം തുളച്ചുകേറ്റുന്നു.
"കഴിഞ്ഞു മാറ്റാർതൻകഥ,യവരിനി
മിഴി തുറക്കില്ല; തലയുയർത്തില്ല.
ഒരു ചവിട്ടിനാലൊരു പുരം ചുട്ടേൻ,
മറുചവിട്ടിനാൽ മറുനഗരവും
ഒരു പരമാണുസ്വരൂപം കൈക്കൊണ്ടു
തറയിൽ ചാടിപ്പാഞ്ഞൊരൂളിയിട്ടു ഞാൻ,
ഉരഗലോകത്തിൻ ശിരസ്സിൽ കൂത്താടി-
യിരച്ചുവീണ്ടും വന്നിളയിൽപ്പൊങ്ങിനേൻ
ഒരഗ്നികന്ദുക,മൊരുജ്ജ്വലദണ്ഡ,
മൊരാജിദേവതാനവജയധ്വജം,
ഒരു പൊട്ടിക്കത്തുമെരിമലയിമ്മ-
ട്ടുയർന്നു തീമഴ പൊഴിച്ചു ചുറ്റിലും,
തടിൽകുലങ്ങൾതൻ മിഴിയടപ്പിച്ചേ-
നുഡുഗണങ്ങളെക്കിടുകിടുക്കിച്ചേൻ.
ഇനി ഞാൻ വേണ്ടതെ,ന്തുരപ്പിനേതൊരു
ജനതയെക്കൊന്നു കുഴിച്ചുമൂടണം?

[ 14 ] <poem>

നറുമലർക്കാവേതരനിമിഷത്തിൽ മരുമണൽക്കാടായ് മറിച്ചു തള്ളണം? പടയ്ക്കു ഞാനെങ്ങു നടക്കണ,മെന്നെ- പ്പടച്ചുവിട്ടില്ലേ പകയരേ നിങ്ങൾ? വയറും വായുമീക്ഷണം നിറയണ- മുയി, രുയി, രുയിർ, നിണം, നിണം, നിണം."

III


നടുനടുങ്ങിടുമുടലൊടും തൊണ്ട- യിടറിക്കൊണ്ടവർ മറുമൊഴി ചൊല്‌വൂ. 'അണുശക്തിക്കുള്ളിലധിഷ്ഠാനം ചെയ്യു- മനന്തവൈഭവേ! മഹോഗ്രദേവതേ! അവനിക്കശ്രുതചരം ഭവതിത- ന്നവന്ധ്യമാരണപരാക്രമക്രമം, പ്രമഥനയതന്ത്രപരിചയത്താൽ തൽ സമത നേടിയൊരിവരോടും മെല്ലെ മതിയിപ്പാതകം മതിയെന്നോതുന്നു ഹൃദയദൗർബ്ബല്യം, ശ്മശാനവൈരാഗ്യം. മടങ്ങി സ്വസ്ഥാനമണഞ്ഞുകൊണ്ടല്പ- മടങ്ങി വിശ്രമിച്ചരുളണേ, ദേവി! അരികളാരാനും വരികിലക്ഷണ- മരികിലെത്തിടാനറിയിക്കാം മേലും, ഒരു തെല്ലുപ്പിടിയവരെ നീ കാട്ടി- ത്തിരിയെപ്പോന്നാലും വിജയികൾ ഞങ്ങൾ.

IV


അവരോടസ്സ്ത്വമുരയ്പുരോഷവു- മവജ്ഞയും കലർന്നിതിനു മേൽമൊഴി. 'അബദ്ധമെന്തോന്നു പുലമ്പുന്നു നിങ്ങ- ളപത്രപയൊടുമനുശയത്തൊടും? ഉറങ്ങണംപോൽ ഞാ,നുണരണംപോൽ ഞാൻ, നരകൃമികളേ! ഭുവൽഭുജിഷ്യയായ്! അവതരിച്ചതിന്നതിനല്ലോർക്കുവിൻ ഭുവനസംഹൃതിവ്രതസ്ഥയാമിവൾ. അലമുറയിട്ടാൽ ഫലമെന്തുണ്ടിനി? വിളവു കൊയ്യട്ടേ വിതച്ച കൈതന്നെ. ഒരു യമനും പണ്ടദൃശ്യമായൊരീ നരകത്തിൻനട പൊളിച്ചെറിഞ്ഞപ്പോൾ അതിനകത്തെത്രയറുകൊലപ്പറ്റം പതിയിരുപ്പുണ്ടെന്നറിഞ്ഞുവോ നിങ്ങൾ?

</poem? [ 15 ]

അവരുടെയൊരു ചെറുമുന്നോടിഞ്ഞാ-
നവരണിനിരന്നടുത്തു വന്നല്ലൊ.
അതീവദുഷ്‌ടികളവർതൻ ദൃഷ്‌ടിയിൽ
മദീയഹിംസനം മശകദംശനം!
അവരെയും ചിലർ ഭജിച്ചിരിപ്പുണ്ടാ-
മവരുമബ്‌ഭക്തർക്കഭീഷ്‌ടമേകിടാം.
അടുത്തുവന്നിടും പട നിനയ്‌ക്കിലീ-
യടരൊരുവെറും സുഹൃൽസമ്മേളനം.
ഹിരോഷിമാ പോയ വഴിയടഞ്ഞിട്ടി-
ല്ലറിവിൻ, ന്യൂയോർക്കുമതിലേ പോയിടാം.

V



പറവിൻ! ഞാൻ നിങ്ങൾക്കതിന്നുമുൻപിലി-
ദ്ധരണിയെച്ചുട്ടു പൊടിച്ചു നൽകട്ടെ?
കുരുക്കില്ലങ്ങൊരു ചെറുപുല്ലും മേലിൽ,
മറുതലപൊക്കാൻ പഴുതുണ്ടൊ പിന്നെ?
അശാന്തരായ് നിങ്ങൾക്കഹങ്കരിക്കാമ-
ശ്‌മശാനവേദിയിൽപ്പിശാചുകൾപോലെ.
വെളുപ്പു മെയ്‌ക്കു പത്തിരട്ടിവായ്‌പിക്കാ-
മളവറ്റങ്ങെഴും പുതിയ വെണ്ണീറാൽ.
അതിനൊരു പശ്ചാത്തലമായ് മിന്നിക്കാ-
മതുലമാം ഭവദപയശഃ പങ്കം.
പറവിനിന്നെന്തെൻ കടമയെന്നു; ഞാൻ
പരർക്കോ നിങ്ങൾക്കോ പദവി നൽകേണ്ടൂ
അടർക്കളത്തിൽ സ്വാദറിഞ്ഞ ഞാൻ നിങ്ങൾ-
ക്കടങ്ങി നിൽക്കയില്ലധികംനാൾ മേലിൽ,
പലതുമിത്തരമുരച്ചപ്പേച്ചി, തൻ
ബലിക്കൊടയ്‌ക്കല്‌പം വിളംബം കാണവേ
കടുകടെപല്ലു ഞെരിച്ചമറുന്നു;
ജടപറിച്ചാഞ്ഞു നിലത്തടിക്കുന്നു;
കിളർന്നു വാനിലേക്കുറഞ്ഞു ചാടുന്നു;
കുലമലകളെക്കുലുക്കി വീഴ്‌ത്തുന്നു;
ഒരുവിധം കലി നിലച്ചപോലെയ-
ക്കരു പിൻപയാതിന്നറിയിൽപ്പൂകുന്നു.
അതു തൊടുത്തുവിട്ടടരിൽ വെന്നോർ തൻ
ഹൃദയം പിന്നെയും പിടച്ചു തുള്ളുന്നു.
അവിടെനിന്നപ്പോളൊരു മൊഴി,യാദ്യ-
മവിശദം, പിന്നെ വിശദം, പൊങ്ങുന്നു.
"അരുതെന്നെത്രനാൾ വിലക്കിനേൻ ഞാനി-
ക്കരുമന? നിങ്ങളതു ചെവിക്കൊണ്ടോ?

[ 16 ]

എരിയും കൈത്തിരി ശിശുക്കളെപ്പോലെ
മരുന്നറയ്ക്കുള്ളിൽ വലിച്ചെറിഞ്ഞല്ലോ?
മുടിച്ചല്ലോ ഭൂമി മുഴുവനുമൊന്നായ്;-
ക്കെടുത്തല്ലോ ഭാവി, പലർക്കും നിങ്ങൾക്കും.
മദിച്ചു മല്ലിട്ടു മരിപ്പിനേവരും,
യദുകളേരകാതൃണത്തിനാൽപ്പോലെ
സഹജഹിംസയിൽ കുതുകിയായ് നരൻ
പ്രഹരണമെന്നു കരത്തിലേന്തിയോ,
അവന്റെ ലോകം വിട്ടകന്നു പോ,യപ്പോൾ
ഭുവനതാതനാം പുരാൻ പുരാതനൻ;
മറന്നു പോയമ്മട്ടൊരു പദാർത്ഥം താ-
നൊരിക്കൽപ്പണ്ടെന്നോ ചമച്ച വൃത്താന്തം.
സമരമെങ്ങനെ തരും സമാധാനം?
തിമിരമെങ്ങനെ വെളിച്ചമേകിടും?
പുതിയൊരിബ്ഭവദ്വിജയസാഹസം
പ്രതിവിധിയറ്റ പരമപാതകം

VI



ഒരു വഴിയുണ്ടു മനുഷ്യൻ നന്നാവാ-
നൊരേയൊരു വഴി മറുവഴിയില്ല,
ഒരു കുടുംബമായ്പ്പുലർന്നാൽ ജീവിക്കാം,
പിരിഞ്ഞു മാറിയാൽ മരിച്ചു മണ്ണാകാം
ഒരു ജനപദം മതിയിനി,യതിൽ
ശരിക്കു നീതിതൻ ഭരണവും മതി.
മതിയും, ജാതിയും, നിറവും ലോകത്തെ-
പ്‌പൃഥക്കരിച്ചതു മതി, മതി, മതി.
എളിയവരെന്നും വലിയവരെന്നു-
മിളയിൽ മേലൊരു വിഭാഗമേ വേണ്ട
സമസ്തമായിടുമവസ്ഥയിങ്കലും
സമത്വം സർവരും സമാശ്രയിക്കട്ടെ
മുരട്ടുദേശീയമനഃസ്ഥിതിയുടെ
ശിരസ്സിൽ വീഴട്ടെയണുബോംബൊക്കെയും
ശിലകണക്കുള്ളിൽക്കിടക്കും സ്വാർത്ഥത്തിൽ
തലയിലേവരും ചവിട്ടിനിൽക്കട്ടെ
അതിൽനിന്നപ്പൊഴുതുയരും ശാന്തിയാം
സതിയതീശ്വരസധർമ്മചാരിണി
നിലവിലുണ്ടല്പമിനിയും ദൈവിക-
കലയെന്നാലതു വെളിക്കു കാട്ടുവിൻ
അണുബോംബും മറ്റുമവനിനന്നാക്കാ-
നിണക്കുവിൻ; വിഷമമൃതമാക്കുവിൻ.

[ 17 ]

വലിയ സാ‌മ്രാജ്യതിമിങ്ഗലങ്ങൾക്കീ
വഴിരുചിക്കാഞ്ഞാൽക്കുറെദ്ദിനങ്ങളിൽ
ധരണി നിർന്നരഗ്രഹങ്ങളിലൊന്നാം;
മറന്നുപോം വിശ്വമതിൻ കഥപോലും
ജനനിക്കക്ഷതി വരുത്തിവെയ്ക്കൊല്ലെ
മനുജരെ! നിങ്ങൾ മതിമാന്മാരല്ലേ?"

പ്രഭാതചിന്ത

"വരുന്നൂ ശല്യം വീണ്ടും !"
തലയിൽക്കയ്യും വച്ചു
ഭാരതോർവ്വി തൻ മക്ക-
ളഴലിൽപ്പുലമ്പുന്നു-
പിറവിക്കുരുടെന്നു
തോന്നീടും മിഴി പൂട്ടി,
മരവിച്ചമട്ടുള്ള
മെയ്നീട്ടി, യുറങ്ങുവോർ.
"വരുന്നൂ വാനത്തുപാ,-
ഞ്ഞേവനോ പൊട്ടിച്ചതാ-
മെരിതീമരുന്നുണ്ട-
യൊന്നതാ ! ചാടിച്ചാടി.
കതിരോൻ-അവന്നില്ല
മറ്റൊന്നുമെന്നോ വേല,
പതിവായ്, സ്വൈര്യക്കേടു
ഞങ്ങൾക്കു നൽകാ,നെന്ന്യേ ?
ദൂരത്തുനിന്നിശ്ശിനി
ചെന്തീയിൽപ്പഴുപ്പിച്ച
കൂരമ്പു കണ്ണിൽക്കുത്തി-
ക്കേറ്റുവാൻ വെമ്പുന്നല്ലൊ.
വിധിയില്ലാത്തോനവൻ
നിദ്രയെപ്പുൽകാനെന്നാ-
ലതിനിദ്ദൂരസ്ഥരാം
മർത്ത്യരോ പിഴച്ചവർ?
പാതിരാവാകും മുൻപ്
പാഞ്ഞണഞ്ഞല്ലോ പാപി
പാരിൽനിന്നിരുട്ടിനെ
പ്പായിപ്പാൻ പടകൂട്ടി.
ഉരുണ്ടും പിരണ്ടുമീ-
ത്തറയിൽക്കുറഞ്ഞോന്നു

[ 18 ]

ചുരുണ്ടുകൂടിക്കിട-
ന്നിറങ്ങാൻ പറ്റീലല്ലോ
കൂപ്പുകൈ നിനക്കർക്ക !
പോകണേ ഭവാൻ ;ഞങ്ങൾ
രാപ്പകൽക്കൂർക്കംവലി
ച്ചിങ്ങെങ്ങാൻ കിടന്നോട്ടെ
കോഴയായ്ക്കാകൻ പാടും
സ്തോത്രങ്ങൾ ചൊല്ലിക്കൊല്ലേ!
കോഴിതൻ കണ്ഠംകൊണ്ടു
വീരശംഖൂതിക്കൊല്ലേ."

II



അപ്പോഴേയ്ക്കേതോ ശബ്ദ-
മക്കൂട്ടർ കേൾപ്പൂ പാര
മത്ഭുതം സ്വഹൃത്തിൽനിന്നു-
ത്ഥിതം, സൽബുദ്ധിദം.
അരുതീ മഹാമോഹം
ഭാരതീയരേ ! നിങ്ങൾ
മരണത്തിനുമുൻപു
മൃതരായ്ക്കഴിഞ്ഞല്ലോ
പേറുന്നു കഷ്ടം ! കായ-
മന്യായം ശവപ്രായ-
മാരാനും വീഴ്ത്തുന്നതാം
വായ്ക്കരി കൊറിക്കുന്നു.
ഘോരയാം യമദൂതി-
തന്ദ്രവന്നപൂർവ്വമാം
നാരകം ചമയ്ക്കുന്നു
നിങ്ങൾക്കു വീട്ടിൽത്തന്നെ
കാണ്മതില്ലല്ലോ നിങ്ങ-
ളോരോരോ രാജ്യക്കാരു-
മാണ്മയിൽപ്പറക്കുന്ന-
താകാശത്തിനും മീതെ
നിദ്രയാം പെൺപാമ്പിന്റെ
കടിയിൽപ്പിടയ്ക്കായ്‌വിൻ !
നിദ്രയാം പിശാചിന്റെ
പിടിയിൽക്കുടുങ്ങായ്‌വിൻ
കൂരമ്പിൻ പരമ്പര-
യല്ലെന്റെ കതിർക്കറ്റ;
വാരൊളിത്തനിത്തങ്ക-
മാലതൻ സമുച്ചയം.

[ 19 ]

നൂനമുണ്ടെൻ കയ്യിലാ-
ബ്ഭൂഷണം സംഖ്യാതീതം;
കൈനീട്ടി വാങ്ങാമതെൻ
മുന്നിൽവന്നാർക്കും നിന്നാൽ
അന്നന്നു നേരം ചെറ്റും
തെറ്റാതെ കൃത്യം ചെയ്യു-
മെന്നിൽനിന്നൊറ്റപ്പാഠ-
മേവർക്കും പഠിച്ചിടാം
ശ്രേയസ്സിനാശിക്കുവോ-
രീശ്വരൻ കനിഞ്ഞേകു-
മായുസ്സു പാഴാക്കാതെ
പോകണം മുന്നോട്ടെന്നും
നിങ്ങൾക്കും നിവർന്നുയർ-
ന്നധ്വാനം ചെയ്താൽ നേടാം
നിങ്ങൾതൻ സനാതനം
സാമ്രാജ്യസിംഹാസനം"

കരച്ചിലോ?

കരയുന്നല്ലോ ! വരൂ!
കാര്യമെന്തെൻ ചങ്ങാതി ?
വെറുതേ കണ്ണീർമുത്തു
പാഴ്മണ്ണിൽ വീഴ്ത്തുന്നല്ലോ!
കരയാനല്ലാതെ മ-
റ്റെന്താകുമെന്നാൽ, ദൈവം
കരൾചുട്ടെരിക്കുമ്പോ,-
ളെന്നോ നിൻ മറുമൊഴി?
ആരു കാണുവാനാണി-
ച്ചൂടുവെള്ളത്തിൽക്കുളി-
യാരു കേൾക്കുമെന്നോർത്താ-
ണീമട്ടിലയ്യംവിളി ?
വാനവൻ തിരിഞ്ഞൊന്നു
നില്ക്കാനില്ലൊരാൾ വിണ്ണിൽ
മാനവൻ കുനിഞ്ഞൊന്നു
നോക്കാനുമെങ്ങും മന്നിൽ
അരു,തിപ്പിച്ചും പേയു-
മാണുങ്ങൾക്കടുത്തത-
ല്ലെരിയും ചെന്തീ കെടാ-
നെണ്ണയാരൊഴിച്ചീടും?

[ 20 ]

തുറ്റയ്‌ക്കൂ കണ്ണീർ, നിർത്തൂ
കരച്ചി, ലെത്തിപ്പിടി-
ച്ചടക്കൂ കാലക്കേടിൻ
കയ്യിലെജ്ജയക്കൊടി!

II


അറിയാം ദൈവത്തിന്നു-
മടിയാൽക്കാലും കയ്യും
മരവിച്ചിരിപ്പോന്റെ
തലയിൽക്കുതിച്ചേറാൻ;
പിണത്തിൻമുന്നിൽക്കട-
ന്നൂപ്പിടികാട്ടാൻ; കുറേ-
ച്ചുണയുള്ളോനെക്കണ്ടാൽ
ദൂരത്തുമാറിപ്പോകാൻ;
പലമട്ടിലും വന്നു
താടിയും കരിയും നി-
ന്നലറിക്കോട്ടേ; ചാടി
യരങ്ങു തകർത്തോട്ടെ.
ആടിടാൻ വരുന്നോരു
വേഷങ്ങൾകണ്ടാൽ ഞെട്ടി-
യാടൽപൂണ്ടരണ്ടിടാൻ
കൈക്കുഞ്ഞുങ്ങളോ നമ്മൾ?
വെളിച്ചത്തിലേത്തുരു-
മ്പിരുട്ടിൽപ്പാമ്പായ്‌ത്തോന്നും
വെളിച്ചത്തിലേക്കുറ്റി-
യിരുട്ടിൽപ്പിശാചയായും.
ഇരുട്ടിൻ മകളാണു
പേടി; യാ മകൾ പെറ്റു
പെരുക്കിക്കൂട്ടുന്നതാ-
ണീയഴൽക്കരിമ്പറ്റം.
പോരിക വെളിച്ചത്തു,
പകലോനൊഴുകുന്ന
വാരൊളിതങ്കച്ചാറി-
ലാറാടിസ്സുഖിക്കുവാൻ
കൈവേല നേടിത്തരും
കാശു താൻ മഹാമേരു;
മേയ്‌വിയർപ്പിങ്കൽചെയ്യും
സ്നാനംതാൻ ഗംഗാസ്നാനം.
കണ്ണുനീരൊഴുക്കുകിൽ-
ക്കദനം മാത്രം കായുക്കു,-

[ 21 ]

മന്യമാം ധാന്യത്തിന്നു
വെറിട്ടു വേണം വെള്ളം.
നമ്മൾക്കാജ്ജലം മാറ-
ത്തലയ്ക്കും കയ്യാൽക്കോരാം;
വെൺമുകിൽകുലത്തോടു
മാരിക്കാരിരന്നിടും?
വ്യാധിയേക്കാളും നര-
ർക്കാരോഗ്യം പരം കാമ്യം;
വൈരൂപ്യത്തിനെക്കാളും
സൗന്ദര്യമാകർഷകം.
പ്രാണനാശത്തെക്കാളും
ജീവിതം മനോഹരം,
പാരതന്ത്ര്യത്തെക്കാളും
സ്വാതന്ത്ര്യം സുഖപ്രദം.
ഉറക്കം തൂങ്ങാനല്ലി-
ജ്ജീവനും ശരീരവു-
മുണർന്നു വേണ്ടും കാര്യ-
മോരോന്നും നിത്യം ചെയ്‌വാൻ.
പേക്കിനാവായാലെന്തു ?
പൊൻകിനാവായലെന്തു?
പാർക്കുമ്പോഴൊപ്പം രണ്ടും;
നിഷ്ഫലം കിനാവെല്ലാം.
പരിതഃസ്ഥിതിയെ നാം
പ്രതികൂലമെന്നോർത്തു
കരയാനിരുന്നീടി-
ലതിനേ കാണു നേരം.
ദുർദ്ദിഷ്ടമേതും നമു-
ക്കിഷ്ടദൈവമായ് മാറ്റാം;
ശുദ്ധി ചെയ്തെടുക്കുമ്പോൾ
ക്ഷ്വേളവും സിദ്ധൗഷധം.

III


പിറക്കുമ്പോഴെ കൂടെ-
ക്കൊണ്ടു പോന്നിട്ടുണ്ടൊരു
വരമാം നിധി നമ്മൾ, -
ആയതെന്തെന്നോ ? - ചിരി !
ഏതിരുട്ടിലും വിള-
ക്കാവെള്ളിഗ്രഹം കാട്ടു-
മേതുകാലത്തും പൂന്തേ-
നൂറുമാപ്പിച്ചിച്ചെണ്ടിൽ

[ 22 ]

ചിരിക്കൂ ! കുറെപ്പൊട്ടി-
ച്ചിരിച്ചാലല്ലാതെയി-
ക്കരളിൻ പുണ്ണിന്നില്ല
കരിയാനേതും വഴി.
നാടകത്തിലെ‌ബ്ബഫൂൺ
പല്ലിളിച്ചീടും നേരം
കൂടവേ കാട്ടും ഗോഷ്ടി-
യല്ല ഞാൻ ചൊല്ലും ചിരി.
ചാരത്തു ദൈവം വന്നു
ശത്രുവായോരോതരം
സ്വൈര്യക്കേടുണ്ടാക്കുമ്പോൾ
വേണം നാം ചിരിക്കുവാൻ
നൂനമാ,ഹാസം കണ്ടാൽ
ദൈവവും ഹസിച്ചീടും;
വീണുപോമപ്പോളതിൻ
ദംഷ്ട്രയും മീശക്കൊമ്പും;
കൊടുക്കുന്നതേ വാങ്ങാൻ
കഴിയൂ നമ്മൾക്കെന്നും
കുടത്തിൽക്കൊള്ളുന്നതേ
കോരാവൂ കടലിലും
ചിരിയാമുറുപ്പിക
വായ്‌പ്പേകൂ ലോകത്തിന്നു;
തിരിയെത്തരും ലോകം
മുതലും പലിശയും
ദേഹമിത്തരം പുമർ-
ത്ഥാപ്തിക്കൂ ദാനം ചെയ്ത
ലോകനാഥനോടൊന്നേ
നേരേണ്ടു നമുക്കെന്നും-;
"ആപത്തുനൽകൊല്ലെന്നു
യാചിപ്പാൻ ലജ്ജിപ്പൂഞാ-
നാപത്തിൽച്ചിരിക്കുവാൻ
മാത്രമേ വേണ്ടൂ വരം."


ഗ്രാമവും നഗരവും

അരികത്തെത്തീടുന്നു
പകലും രാവും തമ്മി-
ലൊരു തെല്ലിടകണ്ടു
പിരിയേണ്ടതാം ക്ഷണം.

[ 23 ]

വാനിൽനിന്നുരുക്കുപൊ-
ന്നാറ്റുനീരൊഴുക്കുന്നു
താണൊരീയൂഴിക്കുമേൽ
ത്യാഗിയാം കതിരവൻ.
മാനവന്മാരോ മേന്മേൽ
മത്സരിച്ചാവുന്നോളം
ദീനർതൻ സർവസ്വവും
കൊള്ളചെയ്തടക്കുന്നു.
അങ്ങതാ കമ്പോളമൊ,-
ന്നായതിൽത്താർമാതിന്റെ
ചങ്ങലക്കിലുക്കമോ
കേൾപ്പതക്കോലാഹലം?
നിരത്തൊന്നതിൻ മദ്ധ്യ-
ഭാഗത്താപ്പുരത്തിന്റെ
വിരിമാറിടംപോലെ-
വായ്‌ക്കുന്നു വിശാലമായ്.
പന്തി രണ്ടായിട്ടതിൻ-
പിൻപുറം പലേമട്ടിൽ
പണ്ടങ്ങൾ തിങ്ങീടുന്ന
പീടികപ്പൊന്മേടകൾ
വിണ്ടൽത്തോളം ഞെളി-
ഞ്ഞുയർന്നു നിന്നുംകൊണ്ടു
കൊണ്ടലിൻകുലത്തോടു
കുശലംചോദിക്കുന്നു,
തൻ നെടും മടിശ്ശീല-
യൊഴിയും വരയ്ക്കുമ-
പ്പുണ്യവീഥിയിൽപ്പുക്കാ-
ലാശിപ്പതാർക്കും നേടാം.

II


പാഞ്ഞടുക്കുന്നു പുത്തൻ
മോട്ടോർകാറൊന്ന, ങ്ങൊരു
കാഞ്ചനപ്പണ്ടം വിൽക്കും
ശാലതൻ പുരോഭൂവിൽ,
ആഢ്യനോടൊപ്പം, വഴി-
ക്കാരെയും കണ്ടാൽ ദൂരെ-
യാട്ടിയോടിപ്പോരതി-
ന്നാർഭാടം നിലയ്ക്കുന്നു
ആ രഥത്തിങ്കൽനിന്നു
താഴത്തേയ്‌ക്കിറങ്ങുന്നു.

[ 24 ]

ഭാരതീയനാമൊരാൾ,
സായിപ്പായ്‌ച്ചമഞ്ഞവൻ,
കൈകൊടുത്തനന്തരം
ഭൂസ്പർശം ചെയ്യിപ്പൂ തൻ
നാകലോകാധീശിത്രി-
യായീടും വധൂടിയെ.
മുഖത്തു വെള്ളപ്പൗഡർ,
മൂക്കിന്മേൽപ്പൊൻകണ്ണട,
ചുകപ്പുകൂട്ടാൻ ചുണ്ടിൽ-
പ്പുരട്ടിടിന ചായം;
ഇടത്തേമണിക്കെട്ടിൽ
ബന്ധിച്ചഘടികാരം;
വലത്തേക്കയിൽത്തൂങ്ങി-
ക്കിടക്കും തുകൽ സഞ്ചി;
'ഫാഷൺ' മെയ്യലങ്കരി-
ച്ചരങ്ങത്താടൻ വിട്ട
വേഷമൊന്നിമ്മട്ടേറേ
മോടിയും പകിട്ടുമായ്
നോക്കിലും സ്മിതത്തിലും,
വാക്കിലും നടപ്പിലും,
നീക്കമറ്റനല്പമാം
കൃത്രിമക്കൈകാണിച്ചും
കണ്മുനജ്ജാലം വീശി
കാൺമോരെക്കുരിക്കിയും,
തൻ മണാളൻതൻ മെയ്യിൽ
മെയ്‌ചാരി നിന്നീടുന്നു.
തന്റെയാണസ്സൗന്ദര്യ-
ധാമമെന്നോർക്കെപ്പൊങ്ങി-
യന്തമറ്റാവിഡ്ഢിക്കു
വിണ്ണോളമന്തർമ്മദം.

III


അങ്ങടുത്തോരെടത്തൊ-
ട്ടൊതുങ്ങി നിൽക്കുന്നുണ്ടോ-
രങ്‌ഗനാരത്നം, മേനി-
യാടൽത്തീവരട്ടിയോൾ.
അത്തയ്യൽ പേറീടുന്നു
തീവ്രമാം നൈരാശ്യത്തിൽ
മുദ്രകൾ മിഴിയിലും,
ചുണ്ടിലും കവിളിലും,

[ 25 ]

അമ്പലത്തിങ്കൽ സന്ധ്യ-
യ്ക്കംബയെക്കൂപ്പിത്തൊഴാൻ
വെമ്പലിൽപ്പൂത്തട്ടവും
കയ്യുമായ് മുഖം താഴ്ത്തി
പോകവേ പിന്നിൽക്കൂടി-
പ്പാഞ്ഞണഞ്ഞീടും കാറിൻ
കൂകൽ കേട്ടൊരറ്റത്തു
മാറിനിൽക്കയാണവൾ.
നാരിതൻമുഖത്തിങ്ക-
ലപ്പുമാൻ തൻകണ്ണുമാ-
പുരുഷൻ തൻവക്ത്രത്തിൽ
മങ്കയാൾ തൻ നേത്രവും,
അങ്ങുമിങ്ങുമായ്‌പ്പാഞ്ഞു
മുട്ടിക്കൊണ്ടല്പം നിന്നു
ചങ്ങലക്കെട്ടിൽപ്പെട്ട-
മട്ടിൽത്തെല്ലനങ്ങാതെ,
മൺമറഞ്ഞതാമോർമ്മ-
യപ്പൊഴൊന്നവൻ തന്റെ
ഹൃന്മരുശ്മശാനത്തിൽ
നിന്നുയിർത്തെഴുന്നേറ്റു.
ഹാ ! ശുഭേ ! ശുഭേ ! നീയോ ?
നിന്നെയോ ഞാൻ കാണ്മതെ-
ന്നാശു വാക്കഞ്ചാറവൻ
വാ തുറന്നോതും മുന്നേ.
നെടുവീർപ്പിട്ടാൾ, ക്കൂപ്പി-
ത്തൊഴുതാ, ളൊന്നപ്പുറ-
മെടുത്താൾ മുന്നോട്ടേക്കോ
രോട്ടമത്തപസ്വിനി.
നിറഞ്ഞു മിഴി രണ്ടും
വിയർത്തു നെറ്റിത്തടം:
കറങ്ങീ തല : യവ-
ന്നുയർന്നു തുടിപ്പുള്ളിൽ.

IV


തൻമദാമ്മതൻകാര്യം
സർവ്വവും മറന്നുള്ളോ-
രമ്മുഗ്ധൻ തൻമേൽ ക്രൂര
ദൃഷ്ടിയാം കൂരമൂന്നീ

[ 26 ]

ആരതാരതെന്നുടൻ
ചോദിച്ചാളമർഷത്താൽ
മാരണപ്പിശാചായി
മാറിയോരത്തയ്യലാൾ.
"ഓമനേ ! കേൾക്കു ! പണ്ടെൻ
ഗ്രാമത്തിലന്നല്ലാരെൻ
കോമളക്കുട്ടിക്കളി-
ത്തോഴിയായ് വളർന്നവൾ,"
"അവളും പിന്നീടങ്ങും
തമ്മിലെന്തുണ്ടായ് ? ഞാനാ
വിവരം ധരിക്കട്ടേ
മുഴുവൻ യഥാർത്ഥമായ് , "
എന്നലട്ടവേ വീണ്ടു-
മമ്മങ്ക, ചൊന്നാൻ സോമ-
"നെന്നെ നീ വിടില്ലെന്നു
തന്നെയോ? ചൊല്ലാമെല്ലാം.
അന്നു ഞാൻ ജായാപദം
നൽകുവാൻ സത്യം ചെയ്തോ-
ളിന്നു നാമകസ്മാത്തായ്-
ക്കണ്ടോരാ മനസ്വിനി.
ടൗണിൽ ഞാൻ പ്രഭേ! പോന്നു
പിന്നീടു; നിന്നെക്കണ്ടു
ചേണിൽ നിൻ വിലാസത്താൽ
ക്രീതനായ്; നിൻ ദാസനായ്
വിഗ്രഹസ്ഥാനത്തിൽ ഞാൻ
വർണ്ണത്താൾപ്പടം വച്ചു;
ചിക്കെന്നു തുളസിതൻ
മാടത്തിൽ കോട്ടൺ നട്ടു;
ഇന്നു നീയിരിക്കുമെൻ
സാമ്രാജ്യപീഠത്തിങ്ക-
ലന്നല്ലാരിരുന്നേനേ-
മറക്കാമക്കാര്യം നാം
ഏറെനാൾക്കഴിഞ്ഞൊന്നു
കണ്ടപ്പോളെന്തോ തോന്നി;-
പോരുമോ യഥാർത്ഥം ഞാൻ
ചൊന്നതും നീ കേട്ടതും."

V


വായ്‌പെഴും രുട്ടാർന്നതി-
നുത്തരം പ്രക്ഷേപിച്ചാ-

[ 27 ]

ളപ്പച്ചപ്പരിഷ്ക്കാര-
ക്കാരിയാം ദൊരശ്ശിണി:
"എന്തങ്ങുചൊല്ലീ പിച്ചി,-
താരോടു ചൊല്ലീ? ചെട-
'ക്കൺട്രി'യക്കാമിച്ചോരു
കാടനോ ഭവാൻ മൂഢൻ?
നിങ്ങൾതൻ സൂട്ടും,റ്റെയും
കോളറും ഹാറ്റും കണ്ടു
കൺകെട്ടിൽക്കുടുങ്ങി ഞാൻ
നിങ്ങളെ പ്രേയാനാക്കി.
ഓടയിൽക്കിടക്കേണ്ട
കീടത്തെപ്പിടിച്ചു ഞാൻ
മേടയിൽക്കിടത്തിനേ,-
നായതെൻ കുറ്റം തന്നെ.
നന്നുനന്നീരഥ്യയിൽ-
ത്തന്നയ 'മ്മലം' പൂസാം'
പെണ്ണുമായ്‌ക്കുഴഞ്ഞാടി-
ക്കാണികൾക്കേകൂ രസം !
ആണുങ്ങളില്ലാതായി-
ല്ലത്രമേൽ; കൂട്ടിന്നോരാൾ
കാണുമോ വേറിട്ടെന്നു
ഞാനുമൊന്നൻവേഷിക്കാം."
എന്നുരച്ചത്താന്തോന്നി
മോട്ടോറിൽച്ചാടിക്കേറി-
പ്പിന്നെയും കുറേശ്ശീമ-
ബ്‌ഭർത്സനം ചീറ്റിത്തുപ്പി,
ശ്വാവിനെച്ചുംബിച്ചു തൻ
പാർശ്വത്തിൽവച്ചുംകൊണ്ടാ-
പ്പാവത്തെ ത്യജിച്ചു കാ,
റോടിച്ചു താനേ പോയാൾ
താനെന്തുവേണ്ടൂ മേലെ,-
ന്നോർത്തൊന്നും തോന്നീടാതെ
ദീനനായവൻ നിന്നാൻ
താടിയിൽക്കയ്യും കുത്തി
"പ്രഭയും തൽകന്തനും
ചരിക്കും ഗൃഹധർമ്മം
സഫലീഭവിക്കുവാൻ വര-
മേകണേ! ദേവീ."
കപടം തിണ്ടീടാത്ത
ഹൃത്തുമായ്ക്കരംകൂപ്പി-

[ 28 ]

ശ്ശുഭയിമ്മട്ടിൽപ്പരാ-
ശക്തിയെ പ്രാർത്ഥിക്കുന്നു
തെളിഞ്ഞു പണ്ടത്തേക്കാൾ
പ്രഭയും ചാഞ്ചാടുന്നു
കളിയും ചിരിയുമായ് ക്ലബ്ബിലെ
റ്റെന്നീസ് കോർട്ടിൽ.

കോടതിയുടെ കോപം

കോർട്ടീലേസ്സമൻ കിട്ടി
സാക്ഷിയായ്‌ചെല്ലാൻ; പക്ഷേ
വീട്ടിൽനിന്നിറങ്ങേണ്ട
മട്ടേതെന്നറിഞ്ഞീല.
പൊറുതിക്കൊരേടത്തും
പോംവഴി കാണ്മാനില്ല,
വറുതിപ്പിശാചിന്റെ
വായ്ക്കകത്തായി പാവം.
കാശില്ല കല്ലും നെല്ലും
റേഷണായ് വാങ്ങാൻ കയ്യിൽ;
കാറ്റുണ്ടു ജീവിക്കുവാൻ
പാമ്പായും പറന്നീല.
കച്ചയും താനും തമ്മിൽ-
ക്കണ്ടിട്ടു മാസം രണ്ടായ്;
പിച്ചയ്ക്കും പിറന്നോരു
മട്ടിലാർക്കിറങ്ങാവൂ ?
കൂരിരുട്ടായാൽക്കുറേ-
ത്തെണ്ടിനോക്കീടും; കേൾപ്പാ-
നാരുണ്ടു? വിത്തേശനും
ഭക്ഷണം മുക്കാൽപങ്കായ്.
പഞ്ഞ, മേതിനും പഞ്ഞ,-
മാവിഷക്കൊടുങ്കാറ്റു
പഞ്ഞിയായ്‌പ്പറപ്പിപ്പു
പർവ്വതങ്ങളെപ്പോലും
വെട്ടൊന്നു കണ്ടം രണ്ടു
പേ, രിനിദ്ദുർഭൂതത്തിൻ
മട്ടത, ല്ലല്പാല്പമായ്-
ത്തിന്നൊടുക്കണം പ്രാണൻ.
തൻവരണ്ടിടും തൊണ്ട
കണ്ണിരാൽ നനച്ചുകൊ-

[ 29 ]

ണ്ടൻവഹം കിടക്കയാ-
ണദ്ദീനൻ മൃതപ്രായൻ

II


കോർട്ടിലേസ്സമൻ മറു-
ത്തീടുകിൽപ്പോല്ലീസുകാർ
വേട്ടനായ്ക്കളെപ്പോലെ
പാഞ്ഞെത്തും പിടിക്കുവാൻ.
എന്തു ചെയ്തീടാം! - ചെന്നേ
പറ്റിടൂ;പക്ഷേ ചെല്ലാ-
നെന്തടുത്തരയ്ക്കവൻ
ചുറ്റാനാണെൻ ദൈവമേ!
ഉടയും പുതപ്പുമാ-
യുപയോഗിക്കാറുണ്ടൊ-
രടിപൊത്തതാം പഴ-
ഞ്ചാക്കിന്റെ തുണ്ടം മാത്രം
നൂറിടം കീറിപ്പറി-
ഞ്ഞോട്ടയായ്ത്തൻ മൺകുടിൽ-
ക്കൂരയെക്കാളുംകൂടി-
ജ്ജീർണ്ണമാപ്പടച്ചരം
അതുകൊണ്ടല്പാല്പം ത-
ന്നസ്ഥികൂടമാം മെയ്യ-
ഗ്ഗതികെട്ടവൻ മറ-
ച്ചെത്തിനാൻ കച്ചേരിയിൽ.
ചാലവേ ഞെളിഞ്ഞങ്ങു
പീഠത്തിൽ വാഴ്വു ജഡ്ജി;
'നാലുകയ്യുടുപ്പുകാർ,'
മുന്നിലും, വക്കീലന്മാർ
സാക്ഷിയെക്കൂട്ടിൽക്കേറ്റാൻ
ഭൃത്യന്മാർ വിളിക്കുന്നു;
സൂക്ഷിഹ്ചുനോക്കീടുന്നു
തദ്രുപം ന്യായാധിപൻ.
കാഴ്ചബംഗ്ലാവിൽപ്പെട്ടോ-
രാൾക്കുരങ്ങനോ? തെറ്റി-
ക്കാട്ടിൽനിന്നോടിപ്പോന്നോ-
രുള്ളാറക്കിടാത്തനോ?
ഉന്നതസ്ഥിതിക്കൊത്ത
ശമ്പളക്കൊഴുപ്പിനാൽ-
ക്കണ്ണിണയ്ക്കാന്ധ്യം വാച്ചൊ
രക്കേമൻ ഗർജ്ജിക്കയായ്;

[ 30 ]

"ആരെടാ, നീയാരെന്റെ
മുന്നിലിപ്പഴഞ്ചാക്കിൽ-
ക്കേറിവന്നിക്കോർട്ടിന്റെ
മാനത്തെക്കെടുപ്പവൻ?
ധാർഷ്‌ട്യമിമ്മട്ടെന്നോടു
കാട്ടിടും നിന്മേലിതാ
കോർട്ടലക്ഷ്യമെന്നുള്ള
കുറ്റം ഞാൻ ചുമത്തുന്നു.

III


വല്ലതും സമാധാന-
മുണ്ടെങ്കിൽക്കേൾക്കട്ടെ; നീ,
യല്ലെങ്കിൽത്തിരിച്ചു നിൻ
വീട്ടിിന്നെത്തിക്കൂടാ."
ഓതിനാൻ നാലഞ്ചാറു
നിശ്വസിച്ചിതിന്നവൻ;
നീതിതൻ ദണ്ഡേന്തുന്ന
നേതാവേ ! നമസ്കാരം
ഇന്നത്തെപ്പഞ്ഞപ്പാടു
കേട്ടറിഞ്ഞിട്ടില്ലങ്ങു;
നിർണ്ണയം പാലാഴിയാ-
ണീയൂഴിയങ്ങേയ്ക്കിനുന്നും.
ഇക്കണക്കല്ലെങ്കില-
ങ്ങെന്തിനിന്നാർപ്പൂ, കാള
ര്കതമാം വസ്ത്രം കണ്ടാൽ
മുക്രയിട്ടോയും പോലെ?
ആവട്ടെ; നീണാൾ ഭവാൻ
സമ്പത്തിൻ മദത്തിനാ-
ലാവതും സാധുക്കളെ
ദ്രോഹിച്ചു ജീവിച്ചാലും.
കോർട്ടലക്ഷ്യമല്ലെങ്കിൽ
വേറിട്ടൊന്നാട്ടേ കുറ്റം;
വീട്ടിലേക്കയ്ക്കയക്കാഞ്ഞാൽ -
പ്പോരും ഞാൻ കൃതാർത്ഥനായ്.
മറ്റൊരേടത്തും തന്നെ
കിട്ടാത്ത ചോറും മുണ്ടും
പറ്റിടാം കുറ്റക്കാര-
നായി ഞാൻ ജെയ്ലിൽപ്പോയാൽ
ആദ്ധർമ്മം സർക്കാരിന്നു
നല്കുവാൻ ഞാനും കൂടി -

[ 31 ]

പ്പാത്രമായ്ഭവിക്കട്ടെ-
യങ്ങയാൽ ദയാനിധേ!
നിന്നിടേണ്ടനേകംനാ,-
മൊന്നുകിൽക്കാലം മാറു-
മല്ലെങ്കിൽക്കാലൻ വരും,
ശ്രമമുണ്ടീയൂളിതൻ
മട്ടൊരു നരകത്തെ
യമലോകത്തിങ്കലും
കണ്ടിടാനെന്നൻമതം.
കല്പിക്കൂ വേഗം ശിക്ഷ,
രാജകീയാതിഥ്യം ഞാ-
നിപ്പെഴന്നാലും ലഭി-
ച്ചാശ്വാസമാർന്നീടട്ടെ."

മതവും മദ്യവും

ഇതെന്തു കൂത്തെന്റെ സഹോരന്മാരേ?
മദിരാശിമന്്രിധുരന്ധരന്മാരേ?
മലബാർ ജില്ലയിൽ മദിരതൻ പാനം
വിലക്കിയോരല്ലീ വിവേകികൾ നിങ്ങൾ?
പിടിക്കയോ വീണ്ടും കരു ചിലേടത്ത-
ക്കുടിപ്പിശാചിനെക്കുടിയിരുത്തുവാൻ ?
മുറയ്കുമേലിലും നടന്നിടാമെന്നോ
നരന്നപേയമായ് വിധിച്ചൊരാദ്രാവം ?
ഒരു കൈകൊണ്ടോന്നു കൊടുത്തതായ്ക്കാട്ടി
മറുകൌ കൊണ്ടതു തിരിച്ചെടുക്കയോ ‍?
മതത്തിൻ പേർ ചൊല്ലിയൊഴിഞ്ഞുമാറുവാൻ
മറുനാട്ടിങ്കലേ ധ്വരകളോ നിങ്ങൾ ?
മതത്തിൽ വാച്ചിടും പുഴുക്കുത്തായതിൻ
മഹാർഹഭൂഷയായ്ക്കരുതിടുന്നുവോ?
കുനിക്കുവിൻ തല, കുമാർഗ്ഗനേതൃത്വം
തനിക്കുതാൻ പോന്നോർക്കുചിതമാകുമോ ?
അറയ്കുമീമാമൂൽ പുലർത്തണമെന്നു
ഹരജി മന്ത്രിമാര്‌ക്കയച്ചുപോൽ ചിലർ‌ !

[ 32 ]

ഇരുപതാംനൂറ്റാണ്ടിതെന്നറിയാത്ത
വിരുതർ താനവർ വികലദൃഷ്ടികൾ
നിനച്ചിടുന്നുവോ മദിരയർപ്പിച്ചു
ജനനിതൻ മനം മയക്കുവാൻ നിങ്ങൾ?
മതിഭ്രമംവന്നേ തരൂ വരം ദേവി
പതിതരായ്‌‌പ്പോയോ ഭവാൻമാരത്രമേൽ?
പിറപ്പുനിങ്ങൾക്കിപ്‌‌പൃഥ്വിയിൽത്തന്ന
മറപ്പൊരുളിനെ ബ്‌‌ഭജിപ്പതിമ്മട്ടോ?
നരനെദ്ദൈവംതൻവടിവിൽത്തീർത്തതായ്
പ്പറയുന്നുചിലർ; യഥാർത്ഥമാർകണ്ടു?
നരൻ ചമയ്പ്പുതൻവടിവിൽത്തീർത്തതായ്
പ്പരമതേവരുമറിഞ്ഞിടും സത്യം.
കുടിയനു ദൈവം കുടിയൻ; മർത്ത്യരെ-
ക്കടിച്ചുതിന്മോനു കടിച്ചുതിന്നുവോൻ!
വളരെയായില്ലേ സമകൾ , നിങ്ങളി-
ക്കളങ്കപൂർണ്ണമാം വ്രതം ചരിക്കുന്നു?
ഭഗവതിയുടെ മറയിൽ നിന്നെന്നും
നൃഗണനിന്ദ്യമാം മദിര മോന്തുന്നു?
സ്വബുദ്ധിയെക്കുത്തിക്കവരും ചോരനെ
സ്വജിഹ്വതൻ വഴിക്കകത്തുകേറ്റുന്നു?
അവിടത്തേക്കതു വിശപ്പും ദാഹവു-
മവിടത്തേബ്‌‌ഭോജ്യം ഭുജിപ്പതു നിങ്ങൾ.
സുരാപർ ദണ്ഡ്യരെന്നധീശരിന്നോതി-
ദ്ദുരാപമാം ഹർഷം ജനത്തിനേകവേ,
ക്ഷിതിതലമെങ്ങും മഹാത്മഗാന്ധിതൻ
സദുപദേശത്താൽ മുഖരമാകവെ,
സ്വതന്ത്രഭാരതമുണർന്നുയർന്നു നി-
ന്നതന്ദ്രമായതിൻ പ്രഭാവം കാട്ടവേ,
സനാതനമസ്‌‌മന്മത, മതിൻ പല
വിനാശഹേതുക്കൾ പരിഹരിക്കവേ,
പുതുപുളകം നാമണഞ്ഞിടും വണ്ണ-
മതിന്റെ ദിഗ്‌‌ജയധ്വജം ലസിക്കവേ,
ഇനിയുമിക്കെടുചടങ്ങുവേണമോ
മനുജരായ്മന്നിൽ മന്നിൽ ജനിച്ച നിങ്ങൾക്കും?
അറുത്തെറിവിനിദ്ദുഷിച്ചൊരാചാരം
പരിഷ്കരിക്കുവിൻ നിവേദനക്രമം.
കടൽ കയറുമോ മലയ്ക്കുമേൽ? മാന-
മടർന്നു വീഴുമോ തലയിൽ? നോക്കുവിൻ.

[ 33 ]

ഭഗവതിക്കെങ്ങു പകവരും, നിങ്ങൾ
മൃഗത്വം കൈവിട്ടു മനുഷ്യരാവതിൽ?
അനഘസാത്വികസപര്യയാൽ വേണ-
മനുഗ്രഹശക്തിയവിടേയ്ക്കേറുവാൻ.


ലക്ഷ്മിയും ഭക്തനും

'എത്രനാളിമ്മട്ടിൽ ഞാൻ
കാത്തിരിക്കണം  ? വന്നൊ-
ന്നെത്തിനോക്കുവാനെന്തി-
ത്താമസം ലക്ഷ്മീദേവീ?
അർച്ചനം , നമസ്കാരം,
നാമോച്ചാരണം , ധ്യാന-
മിച്ചൊന്നതൊന്നും കൊണ്ടു
സംതൃപ്‌‌തിയങ്ങില്ലെന്നോ?
അപ്പോഴേക്കശരീരി-
വാക്കൊന്നു കേട്ടാൻ ഭക്തൻ
"ഇപ്പിട്ടുകൊണ്ടെന്തായീ?
ഭൂഷതാൻ സ്ത്രീകൾക്കിഷ്ടം .
ഒരു മുത്തുമാല നിൻ
സ്വേദബിന്ദുവാൽ കോർത്തു
തിരുമുല് ക്കാഴ്‌‌ചവെച്ചാ-
ലതു ഞാൻ വാങ്ങാൻ വരാം.
അന്നന്നീ മുക്താസരം
നീയെനിക്കേകാമെങ്കി-
ലന്നന്നെൻ പ്രസാദം ഞാൻ
നൽകിടാം നിൻകയ്യിലും.
ഒരിടത്തൊരിക്കലു -
മുറപ്പിക്കുന്നോളല്ലെൻ
പൊറുതി, ഞാൻ നിത്യവും
സർവത്ര സഞ്ചാരിണി.
നിൻ പാട്ടിൽ ഞാൻ നില്ക്കണം
നീളെനാളെന്നാലതി-
ന്നെൻ പ്രസാദത്തെപ്പങ്കി-
ട്ടന്യർക്കുമേകാൻ നോക്കൂ !
ക്ഷിപ്രം ഞാൻ ചാടിപ്പോകു-
മല്ലെങ്കിൽത്തൽപാർശ്വത്തിൽ
ഷൾപ്പദം പുഷ്പം വിട്ടു
പുഷ്പത്തിൽപ്പായും പോലെ.

[ 34 ]

എന്നെനീയടുപ്പിച്ചും
ദൂരെനിർത്തിയും വേണം
നിന്നുകൊള്ളുവാൻ നിത്യ,
മല്ലെങ്കിലാപത്തുണ്ടാം..
ദീപികാസമാന ഞാൻ
ധ്വാന്തദുഷ്ടമാം ഭൂവിൽ
നീ പിടിച്ചീടാം കയ്യിൽ;
മാറിൽച്ചേർത്തണയ്‌‌ക്കാമോ?
തടവിൽപ്പാർപ്പിക്കുവാ-
നോർക്കേണ്ട; വരുമപ്പോൾ
വിടുവിക്കുവാനെന്നെ-
യെന്മകൻ സുമാശുഗൻ.
നിൻമെയ്യിൽക്കുരമ്പെയ്യും
നാലുഭാഗത്തുംനിന്നു;
നിൻമനം പൊളിച്ചീടും
നിൻകണ്ണൂപൊട്ടിച്ചീടും,
അത്തക്കം കണ്ടെത്തീടും
കൂടവേ വലിഞ്ഞേറി,
മത്താർക്കും വളർത്തീടും
വാരുണി മൽസോദരി.
ഒന്നിച്ചുവാഴ്‌‌വോരല്ല
ഞങ്ങ,ളാശ്ശവം വന്നാ-
ലന്നു ഞാൻ ദൂരപ്പായു-
മത്രയ്‌‌ക്കുണ്ടതിൻ നറ്റം .
പിറകേവരും താനും
നിനക്കു നൽകാനെന്റെ
തറവാട്ടമ്മ മൂത്ത-
ചേട്ടത്തി പിച്ചച്ചട്ടി
എന്നെനീയിതൊക്കെയും
ചിന്തിച്ചുസേവിച്ചാലു-
മെന്നാൽ നീ സമ്പന്നനാം ;
സമ്പത്തല്ലല്ലോ സുഖം.
നിന്നെ ഞാൻ സൃഷ്ടിച്ചീല,
നിൻമനശ്ശാന്തിക്കു നീ
പിന്നെയും സേവിക്കണം
സ്രഷ്ടാവിൻ ദാരങ്ങളെ
തദ്വാരാമൃതാസ്വാദ-
വേളയിൽത്തത്വജ്ഞൻ നീ
തിക്തകം ഞാനേകുമി-
ച്ചില്ലിയെന്നറിഞ്ഞീടും."
 

[ 35 ]

മുന്നോട്ട്

പോകുക മുന്നോട്ടു വേഗം;-പാരം
വൈകുന്നു, കാണ്മീലേ, നേരം?
യാതൊന്നും കാണാത്തോരായോ- നമ്മൾ
സോദരീസോദരന്മാരേ!
ആഴിയിൽത്താഴുമാറായി -വാനിൽ
താഴികപ്പൊൽക്കുടം , സൂര്യൻ .
കാലത്തുറക്കമുണർത്തി -നമ്മൾ-
ക്കാലസ്യമാറ്റിന ദേവൻ;
ചേണുറ്റപദ്ധതിയെന്തെ -ന്നാർകും
കാണിച്ചുതന്നൊരു വന്ദ്യൻ;-
എങ്ങനെ നമ്മളെത്തള്ളും -വഴി-
ക്കെങ്ങനെ തള്ളാതിരിക്കും?
ഇല്ലംവരയ്‌‌ക്കും നയിച്ചു -യാത്ര
ച്ചൊല്ലിപ്പിരിവാൻ കൊതിപ്പൂ;
നാമറിയാതെ നിൽപ്പൂ -പല
പാമരപ്പേക്കൂത്തും കാട്ടി.
കൂരിരുൾ വായ്‌‌ക്കുമാറായി -വന്നി-
പ്പാരിടം വായ്‌‌ക്കകത്താക്കാൻ.
ലക്ഷമണഞ്ഞു മുഹൂർത്തം -നമ്മെ
ലക്ഷ്യത്തിൽ കൊണ്ടുചെന്നാക്കാൻ.
നോക്കീലതൊന്നും നാ,മെല്ലാം വന്ന-
വാക്കിനു പാഞ്ഞങ്ങുപോയി.
ചേരിതിരിഞ്ഞടികൂടി -നമ്മൾ
ശൂരരെന്നോർത്തു ഞെളിഞ്ഞു;
മായതൻ കള്ളക്കൺകെട്ടിൽ -പെട്ടു
തീയതു നല്ലതായ് കണ്ടു;
കണ്ണുകൾ കൈകൊണ്ടടർത്തു -രണ്ടും
പിന്നിൽവച്ചാണി തറച്ചു;
ഞോണ്ടുവാൻ നോക്കും കാൽരണ്ടും -പടു-
കുണ്ടുകുഴിച്ചതിൽപ്പൂഴ്‌‌ത്തി.
പായുന്നു പിന്നിട്ടു നമ്മെ --ത്തുലോം
വായുവിൻ വേഗത്തിൽക്കാലം
ആര്ക്കണകെട്ടിത്തടുക്കാ- മതിൻ
ശീഗ്രതരമാം പ്രവാഹം?
ചെല്ലാതെ ചെല്ലേണ്ട ദിക്കിൽ -ശേഷ-
മുള്ളപകലും കളഞ്ഞാല്'
അല്ലിൻപിടി മുറുകുമ്പോ-ളാരെ-
ച്ചൊല്ലിവിളിച്ചു കരയാം  ?

[ 36 ]

വീടതാ കാണ്മൂ ചെന്നെത്താ- മങ്ങു
ചോടുകുറേക്കൂടി വെച്ചാൽ.
അങ്ങണഞ്ഞിട്ടു തിരുമ്മാം -കഴ-
ലിങ്‌‌ഗിതമൊക്കെയും നേടാം.
അന്തിവിളക്കുകൊളുത്താം -ശ്രീതൻ
പൊൻതിരുമംഗല്യം പോലെ.
പിന്നെ മറഞ്ഞോട്ടെ നമ്മെ -ക്കണ്ടു
ധന്യതകൈക്കൊണ്ടു മിത്രൻ.
പോകുക മുന്നോട്ടു വേഗം  !-വേഗം  !
വൈകുന്നു, വൈകിപ്പോയ്, നേരം .

മലകേറൽ

ഉയരുവിൻ വേഗം , കയറുവിൻ മല;
നിയതിതൻ തീർപ്പു മറിച്ചെഴുതുവിൻ.
ചിറകില്ലാത്തവർ പറന്നുപൊങ്ങുവാ-
നൊരുവരറ്റവർ പിടിച്ചു കേറ്റുവാൻ;
ശവക്കുഴിവിട്ടു പലദിനങ്ങൾകൊ-
മിവിടത്തോളവു മിഴഞ്ഞുവന്നോർനാം.
ഉയരട്ടേ കഴൽ ശിലകളിൽ മുട്ടി,
മുറിയട്ടെ മുള്ളിൻ മുനകളിൽത്തട്ടി.
പെരുവഴിയെങ്ങും തുറന്നിരിപ്പീല;
നറുമലരാരും വിരിച്ചും കാണ്മീല;
നമുക്കുപോയല്ലേകഴിയൂ മുന്നോട്ടു
പുമർത്ഥം നേടുവാൻ? മുറയ്ക്കു പോക നാം.
തപസ്സുചെയ്‌‌വോർക്കു തടസ്ഥമുണ്ടാക്കാൻ
വിബുധരുച്ചസ്ഥർ കുതുകികളെന്നും,
അമൃതം മറ്റാരുമശിക്കരുതെന്നു
സമദമാം ഹൃത്തിൽ സദാ കരുതുവോർ;
സ്വഹിതം നേടുവാൻ പ്രലോഭനം കൊണ്ടു
മഹർഷിമാരേയും വശീകരിക്കുവോർ;
അവരിൽനിന്നെന്തു നമുക്കുണ്ടാശിപ്പാ-
നവർക്കവർതുണ; നമുക്കു നമ്മളും.
അടിപതറാതെ, യടുക്കുതെറ്റാതെ,
മുടി കുനിയാതെ, കൊടി വഴുതതെ,
കരങ്ങളേവരും പരസ്പരം കോർത്തു-
മൊരേതരം ജയരവം മുഴക്കിയും ,
എതിരിടും വിഘ്‌‌നശതങ്ങളെ ദൂരെ-
പ്പതിരിൻ മട്ടുതിപ്പറപറപ്പിച്ചും,

[ 37 ]

അണിനിരന്നൊപ്പം പുരോഗമിക്കുവി-
നണയുവിൻ ശീഘ്രമഭീഷ്‌‌ടലക്ഷ്യ‌‌ത്തിൽ .
ഇരിക്കിലും കൊള്ളാം ; മരിക്കിലും കൊള്ളാം ;
കരുത്തുള്ളോർക്കെന്നും കരസ്ഥം കാമിതം
ഭയമെന്നോതിടും പിശാചിനെ നമ്മൾ
സ്വയം ജനിപ്പിച്ചോർ; സ്വയം മരിപ്പിക്കാം.
ഒരമ്മതൻ മക്കൾ സഹോദരർ നമ്മൾ
പരസ്‌‌പരം മല്ലിട്ടൊടുങ്ങിടുന്നല്ലോ!
കൊലയും കൊള്ളിയും കൊടിയ തീവെപ്പും
പലവിധമെങ്ങും പരത്തിടുന്നല്ലോ!
ഇതിനുതാനോ നാം സ്വതന്ത്രരായത-
സ്സുധയെയിമ്മട്ടിൽ ഗരളമാക്കുവാൻ?
പടക്കൊടുങ്കാറ്റിൽകരിയിലപോലെ
പറന്നു നാം താഴെപ്പതിക്കയോ വീണ്ടും?
ഇതേതു ദൈവത്തിന്നഭിമതമാകു-
മിതാർക്കു മുത്തേകും രിപുക്കൾക്കെന്നിയേ?
ഇതെന്തൊരുന്മാദമിതെന്തൊരുൽപാത-
മിതോ ഭരതഭൂദശാവിപര്യം?
ഉദയശൈലത്തിൻ മുകളിൽ നിന്നുണ്ണി-
ക്കതിരവനതാ, കനകം വർഷിപ്പൂ.
തൃണങ്ങൾതൻ കണ്ണീർകരങ്ങളാൽ മാച്ചു-
മുണർച്ച താണതാം കൃമിക്കുമേകിയും
ഇരുളിൻപറ്റത്തെയകലെപ്പായിച്ചും ,
ചെറുകാറ്റാൽ മലർമണം പരത്തിച്ചും,
"കടലിലിന്നലെപ്പതിച്ച ഞാനിതാ!
കടന്നു പിന്നെയും കയറി വാനത്തിൽ.
മതിയിൽ മിന്നിടും വിവേകമാം ദീപ-
മതിപ്രഭകൊണ്ടെൻ വഴി തെളിക്കവേ,
മറിതിരകണ്ടു കുലുങ്ങിയില്ല ഞാൻ;
മകരമത്സ്യത്തിന്നശനമായില്ല.
പവിഴവും മുത്തും പെറുക്കാൻ നിന്നില്ല;
സവിധദീപത്തിലുറങ്ങാൻ ചെന്നില്ല.
എനിക്കെൻ പ്രാപ്യമം പദത്തിലെത്തണം ;
നിനവിതൊന്നാൻ ഞാനിവിടെപ്പാഞ്ഞെത്തി. "
ഇവണ്ണമോരോരോ പറവകളെക്കൊ-
ണ്ടവിതഥം നിജചരിതം ചൊല്ലിച്ചും ,
ഇനനതാ! മുന്നിൽപ്പരിലസിക്കുന്നു ,
തനിക്കുതാൻപോന്ന മനുഷ്യനാദർശം.
ക്ഷിതിയിലെത്തമസ്സശേഷം നമ്മുടെ
ഹൃദയമാം ഗുഹക്കകത്തു കേറിപ്പോയ്.

[ 38 ]

പരനെ വെട്ടുംവാൾ കലികൊണ്ടപ്പുറം
തിരിഞ്ഞുനമ്മെയുമരിഞ്ഞു തള്ളില്ലേ?
മറക്കുവിൻ കീഴിൽക്കഴിഞ്ഞ, തുള്ളറ
തുറക്കുവിൻ കാറ്റും വെളിച്ചവും കേറാൻ.
നടക്കുവിൻ മുന്നോട്ടഭിന്നലക്ഷ്യരായ്
പടർത്തുവിൻ നീളെ പരസ്പരസ്നേഹം .
തനതുഭാരത്തെ പ്പരരിലേറ്റാതെ,-
യിണങ്ങിടേണ്ടോരെപ്പിണക്കി നിർത്താതെ,
അധികസഖ്യരെന്നഹങ്കരിക്കാതെ ,
അധസ്ഥവർഗ്ഗത്തോടവജ്ഞ കാട്ടാതെ,
പുരോഗമിപ്പോർക്കു ശിലമലരാകു,-
മിരുൾവിളക്കാകും; ഘനമുഡുവാകും.
തനതു വീര്യത്തിൽ വിശങ്ക തോന്നാത്ത
ജനതയെക്കണ്ടാൽ നടുങ്ങും ദൈവവും.

തൃപ്പാദങ്ങളിൽ
(നതോന്നത)

തിരുവിതാംകൂറേ, കനിഞ്ഞടിയങ്ങളേവരേയു-
മരിമയിൽപ്പെറ്റു പോറ്റി വളർത്തും തായേ!
ഉടലിന്നുമുയിരിന്നുമുടമപൂണ്ടവിടുന്നീ-
ബ്‌‌ഭടരുടെ ഹൃദയത്തിൽ പ്രതിഷ്ഠ കൊൾവൂ.
പറന്നുയർന്നമ്മയുടെ പള്ളിവെന്നിക്കൊടിയാട
പരിചയിക്കുന്നു വേഴ്‌‌ച വിബുധരുമായ്;
മലയജക്കുഴമ്പുതൻ മണം പുണർന്നണഞ്ഞീടു-
മിളങ്കാറ്റിലൊളി മിന്നിച്ചൂയലാടുന്നു.
അറുപതിൽപ്പരം ലക്ഷം ജനങ്ങൾക്കീ വൈജയന്തി-
യറിയിപ്പൂ ഭവതിതന്നുത്സവാഘോഷം ,
ഇതു ജ്ഞങ്ങളുറപ്പിച്ചു പിടിക്കുന്നു നിധിപോലെ-
യിതുപോരും ഞങ്ങൾക്കേകാനീപ്സിതമേതും.

II



അറിഞ്ഞിട്ടുണ്ടവിടത്തെയപദാനപരമ്പര-
യഭിമാനപുളകിതശരീരർ ഞങ്ങൾ.
അടുത്തെത്തുമരികളെക്കൊടുമുടിക്കൈകൾ പൊക്കി
മടുപ്പിച്ചു കാവൽനിൽക്കും മലനിരയും,
അരികത്തു മാറ്റലർതൻ മരക്കലം വരൊല്ലെന്നു
പെരുമ്പറയടിച്ചോതുമലകടലും,
അതിരാകും ഭവതിയെയടിമയാക്കുവാൻ പണ്ടു

[ 39 ]

മുതിർന്നെത്തിപോലും ചില വെള്ളക്കൊള്ളക്കാർ !
തെരുതെരെയവരുടെ പടവുകൾ പാഞ്ഞടുത്തു
ചിറകുകൾ വിരുത്തിയ ഗിരികൾപോലെ.
കരയ്‌‌ക്കുവന്നിറങ്ങവേ ഭവതിതൻ തനയരാ-
ദ്ദൊരകൾതന്നുയിർപ്പൊരുൾ ചുങ്കമായ്‌‌ക്കൊണ്ടു.
അരഞൊടിയിടകൊണ്ടാപ്പടക്കപ്പലശേഷവും
നുരകൾതൻമട്ടിൽച്ചിന്നി നുറുനുറുങ്ങി.
അവശിഷ്ടർ സമുദ്രത്തിൽ നിമഗ്നരായ്, താണുപോയോ-
രഭിമാനമെവിടായെന്നയ്‌‌വാൻപോലെ.

III



"ഇതുമൊരുനാടുപോലുമിടുങ്ങിയ വഴിത്താര-
യിതുകാക്കും കോട്ടപോലുമീമുളവേലി;
എതിരിടും പോലുമെന്നെയെട്ടോപത്തോ ചെവകക്കാർ;-
പുതുമയൊന്നുതിന്നമേൽ ഭൂമിയിലുണ്ടോ?
കഥയെന്തെന്നറിയാതെ കളിക്കുന്നു വഞ്ചി, മൈസൂർ-
ക്കടുവയോ, ടുണക്കില തീയോടുപോലെ,
ശരി, യെന്നാലിതിനെ ഞാൻ കൊള്ളയിടും, ചുട്ടെരിക്കു-
മരികളെ വെട്ടിക്കൊല്ലുമാബാലവൃദ്ധം !!
ഇടിയൊലിയിതുമട്ടിൽ മുഴക്കിയ ടിപ്പുസുൽത്താൻ
കിടങ്ങിൽവീണൊരുകാലിൽ മുടന്തുമേന്തി,
പടക്കൊറ്റി ഭവതിക്കായ് പ്രായശ്ചിത്തംപോലെ നൽകി
മടങ്ങിപോൽ മലനാടു മറന്നിടാതെ.

IV


പല വിരുതുകൾ പഴവന്മാരിക്കണക്കിൽ
പരമ്പരയായ് ലഭിച്ചോർ പടക്കളത്തിൽ.
അവർ ഞങ്ങൾക്കരുളിയ പൈതൃകസ്വത്തൊന്നുമാത്ര-
മളവറ്റു പൊന്തിടുന്ന ദേശാഭിമാനം.
അതു ഞങ്ങൾ നിറവിളക്കെന്നപോലെ സംരക്ഷിക്കു-
മതുഞങ്ങൾക്കനുദിനം നേർവഴികാട്ടും.
അതു ഞങ്ങൾ പലേടത്തുമിക്കഴിഞ്ഞ കൊടുമ്പോരിൽ
ഹൃദയരക്തത്തിൽ മുക്കിയെഴുതിക്കാട്ടി.
അധർമ്മത്തിൻ മസ്തകത്തെയടിച്ചുടച്ചമർത്താനു-
മശരണർക്കവലംബമരുളുവാനും.,
ഉലകത്തിലുപശാന്തിസുഭഗതവളർത്താനും ,
കുലധനമായ മാനം പുലർത്തുവാനും,
അഭിനവഭാരതത്തിൻ ഘടനയിൽ ഭവതിതൻ
വിപുലമാം കർത്തവ്യത്തിൽപ്പങ്കുകൊള്ളാനും.

[ 40 ]

അനലസ, രചഞ്ചല; രർത്ഥകാമസ്പൃഹയ്റ്റോർ.
വിനയത്താൽ വിഭൂഷിതർ വിശ്വബന്ധുക്കൾ.
നൃപനെയും നാട്ടിനെയും നിരന്തരം സേവചെയ്തു
സഫലജീവിതരാവാൻ ശ്രമിക്കും ഞങ്ങൾ
ഒരു നിശ്വസിതം കൊണ്ടുവേണ്ടിവന്നാൽ സമാർജ്ജിക്കു-
മൊരിക്കലുമഴിവറ്റ യശഃകൈലാസം.
നമസ്കാരം ജനയിത്രി ! ഭവതിതൻ പദത്തിങ്കൽ
വിമലമാം ഭക്തിസുമമർപ്പിപ്പൂ ഞങ്ങൾ.
അനുഗ്രഹിക്കുമാറാക ഭവതി ഞങ്ങളെപ്പേർത്തു-
മനുക്ഷണം ജയലക്ഷമീയധീനയാവാൻ.


ആ ചുടലക്കളം
ന്ധകാരത്തിൻ വായിൽ
വീണുപോയല്ലോ ലോകം
ഹന്ത ! നാമത്രയ്ക്കുമേൽ
ശപ്തരോ സഖാക്കളേ ?
പോയല്ലോ നമുക്കുള്ള
പൂതമാം പുരാപുണ്യൃ
മായല്ലോ നാമിമ്മട്ടു
നിസ്വരാ,യനാഥരായ്.
കരഞ്ഞാൽ ഫലമെന്തു ?
കൺമിഴിപ്പതിൻമുമ്പു
മറഞ്ഞുവല്ലോ നമ്മെ-
കൈവെടിഞ്ഞസ്മൽഗുരു.
ഉയിരുണ്ടെന്നേയുള്ളു
ശവങ്ങളായി നമ്മൾ:
ഉടലുണ്ടെന്നേയുള്ളു-
പട്ടടപ്പാഴ്ച്ചാമ്പലായ്,
അവനിക്കെന്തുണ്ടിനി
വരുവാനത്യാഹിത-
മെവിടെക്കഴുകിയാൽ
മായുമീ മാറാപ്പങ്കം ?

II


രാഷ്ട്രീയോൽബോധനത്തിൽ
വിജ്ഞാനപ്രദാനത്തില്-
ലീള്വരസപര്യ‌ യിൽ,
സർവസത്ത്വോദ്ധ്വാരത്തിൽ,

[ 41 ] <poem>

സൂക്ഷമദൃഗ്‌വ്യാപാരത്തിൽ, സുനുതോക്തിയിൽ, തുല്യ- മീക്ഷയിൽ, ശശ്വദ്ധർമ്മ- സ്ഥാപനവൈയഗ്ര്യത്തിൽ, ശാന്തിയിൽ, സൗഭ്രാത്രത്തിൽ, ത്യാഗത്തിൽ,ത്തപസസിൽ നാം ഗാന്ധിജിക്കൊപ്പം ചൊൽവാ നന്യനെക്കണ്ടിട്ടുണ്ടോ ? ആസ്സിദ്ധൻ, വയോവൃദ്ധൻ, ജീർണ്ണാങ്ഗൻ സ്വരാജ്യത്തെ- യീർച്ചവാളിനാൽ രണ്ടു തുണ്ടായ് നാം പിളർക്കവേ. അക്കാഴ്ചകണ്ടുണ്ടായ യാതനക്കടിപ്പെട്ടു നില്ക്കയായ് കർത്തവ്യതാ- മൂഢനായ്, നിർവിണ്ണനായ്. "അകത്തുകടപ്പോരെ ഞാനൊന്നു ശോധിക്കട്ടെ; പകച്ചുകൊത്തും പാമ്പു പച്ചിലയിലും തങ്ങാം" "പാടില്ല സർദാർ, പോരും ദൈവത്തിനെന്നാ, ലാർക്കു കേടുറ്റൊരെൻ ജീവിതം നീട്ടാം ? ഞാൻ തൽപാണിസ്ഥൻ. "

III

എമ്മട്ടിൽ നിൽക്കും വാനി- ലന്തിയാകുന്നു നേര മെമ്മട്ടിൽ കർമ്മസാക്ഷി മുന്നോട്ടു കാൽവെച്ചിടും ? ഇടറും തന്മെയ് മെല്ലെ- പ്പൗത്രിമാർ താങ്ങിത്താങ്ങിീ നടപ്പൂ തൽപ്രാർത്ഥനാ- യോഗത്തിലെത്താൻ ഗുരു, ഞൊടികൊണ്ടപ്പോളയ്യോ, പാഞ്ഞിടുന്നല്ലോ മൂന്നു വെടിയാ മഹാത്മാവിൻ നെഞ്ഞത്തും വയറ്റത്തും. അങ്ങുവന്നതു പിന്നെ-

ക്കൊള്ളുന്നുവല്ലോ കേറി [ 42 ]

ഞങ്ങൾ തൻ ഹൃദയത്തിൽ.
വിശ്വത്തിൻ സർവസ്വത്തിൽ
രണ്ടുവാക്കല്ലാതൊന്നു,
മോതീല "ഹാ റാം! ഹാ റാം!"
ഹന്ത! നീയിത്രയ്ക്കുമേൽ
ക്രൂരതയോ വർഗ്ഗീയതേ?

IV



ദാരിദ്ര്യം ശമിപ്പിക്കാൻ
നഗ്നനായ് ജീവിക്കുന്നു;
സമ്പത്തു വർദ്ധിപ്പിക്കാൻ
ചർക്കയിൽ നൂൽനൂൽക്കുന്നു,
ഊതിയാൽപ്പറക്കുന്നോ,-
രസ്ഥികൂടംകൊണ്ടാർക്കു
മൂഹിപ്പാനാവാത്തതാം
കാര്യങ്ങൾ സാധിക്കുന്നു
എവിടെക്കാണുംനമ്മ-
ളിതുമട്ടുദാത്തമാം
ഭുവനോദ്ധൃതിക്കുള്ള
പൂജ്യമാം നിത്യാധ്വരം?
എവിടെക്കേൾക്കും നമ്മ,-
ളിമ്മട്ടിലഭൗമമാം
വിവിധതത്വരത്ന-
ഭൂഷണം പ്രഭാഷണം?
ലോകസംഗ്രഹത്തിനായ്
ജനിച്ച ജീവന്മുക്തൻ
ശോകമോഹാർണ്ണവങ്ങൾ
കടന്ന ജിതേന്ദ്രിയൻ,
നിത്യത്തെ നേരിൽക്കണ്ട
നിർമ്മമൻ, നിഷ്കല്മഷൻ
ശത്രുവേപ്പോലും മിത്ര-
മാക്കിടും തപോരാശി,
ശ്വാപദങ്ങളെക്കൂടി
മാൻകിടാങ്ങളായ് മാറ്റാൻ
വൈഭവം വായ്ക്കും വ്യക്ത-
വൈശിഷ്ട്യൻ, യതീശ്വരൻ,
സത്യമാം പടവാളു,-
മഹിംസപ്പോർച്ചട്ടയും
ദുഷ്ടതാജയത്തിനായ്-
ക്കൈക്കൊള്ളും മഹാരഥൻ.

[ 43 ]

ആയുധം സ്പർശിക്കാതെ
യാങ്ഗ്ലേയസിംഹത്തിനെ
യാഴിയിൽപ്പിന്നോട്ടേക്കു
പായിച്ചോരമോഘാസ്ത്രൻ,
ഭൂവിലിന്നെവിടെയും
സർവഥാ സർവോൽകൃഷ്ട-
നേവർക്കുമെപ്പോഴുമെ-
ന്നെല്ലാരും പുകഴ്ത്തുവോൻ.
ഹിന്ദുവും മുസൽമാനും-
ക്രിസ്ത്യനുമെല്ലാം തന്നെ-
യൊന്നായ്ത്താൻ നിനയ്ക്കുവോൻ
ചൊല്ലുവോൻ, പ്രവർത്തിപ്പോൻ
കണ്ടിട്ടില്ലൊരുത്തനെ-
യദ്ദിവ്യൻ പാപിഷ്ഠനെ-
ക്കേട്ടിട്ടില്ലൊരിക്കലും
ഭീതിയെന്നൊരു ശബ്ദം.
ഇരുന്നാലതുംകൊള്ളാ,
മിറന്നാലതും കൊള്ളാം;
പരർക്കായ് ജീവിക്കണ,
മല്ലെങ്കിൽ മരിക്കണം.
ആ മഹാൻ കൂടെക്കൂടെ-
യാഹാരം കഴിക്കാതെ-
യാതിഥ്യം വാങ്ങിപ്പോകാൻ
വിളിക്കും കൃതാന്തനെ;
കണ്ണീരിൽ സ്നാനംചെയ്തു
കാണുമ്പോൾക്കഴൽക്കൂപ്പി
പിന്നാക്കം പേടിച്ചോടും
ഭീഷണൻ പ്രാണാന്തകൻ

V



നമ്മൾതൻ നവോൽപന്ന
സ്വാതന്ത്ര്യജനകനെ
നന്മതാൻ മനുഷ്യനായ്
ജനിച്ചോരമരനെ,
ആർഷഭൂവണിഞ്ഞീടു-
മാദർശരത്നത്തിനെ,-
യാർക്കുംതൻ ജന്മത്തിന്നു-
ധന്യത്വം വളർപ്പോനെ,
ഭാരതീയനാമൊരാ,-
ളഭ്യസ്തവിദ്യൻ, ഹാ! ഹാ!

[ 44 ]

കാരിരുമ്പുണ്ടകൊണ്ടു
തീർത്തല്ലോ ഗതാസുവായ്
അവനെപ്പേരെന്തോതി
വിളിച്ചിടേണ്ടു നമ്മ-
ളവമാനത്താൽ മുഖം
നമ്മൾക്കു കുനിപ്പോനെ?
അരുതത്തരം ചിന്ത
യരുൾചെയ്തിട്ടുണ്ടസ്മൽ
ഗുരു"നന്മയാൽ വേണം
തിന്മയെക്കാൽക്കീഴാക്കാൻ."
സോക്രട്ടീസിനെക്കൊൽവാൻ
ഗരളം കുടിപ്പിച്ചു;
യേശുവിൻ ശരീരത്തെ-
ക്കുരിശിൽത്തറച്ചു നാം;
കൃഷ്ണൻതൻ പാദത്തിനെ
കൂർത്തുമൂർത്തമ്പാൽ കീറി;
കൃത്സനമാം വർഗ്ഗഭ്രാന്തേ!
നീയിപ്പോളിതും ചെയ്തു
അത്യന്തം കൃതഘ്നങ്ങൾ
നീചങ്ങൾ ബീഭത്സങ്ങൾ
മർത്യർ തൻ മത ജാതി
വർഗ്ഗാദി ദൗരാത്മ്യങ്ങൾ

VI


ആ മഹോപദേശകൻ
പട്ടടത്തീയിൽക്കത്തി
വ്യോമത്തിൽനിന്നും കൃപാ-
രശ്മികൾ ചൊരിഞ്ഞിടും
അശ്മശാനത്തിൽ നിന്നു
ഭക്തന്മാർ സമർപ്പിക്കും
ഭസ്മത്താൽ പൂർവ്വാധികം
പൂതയാം ഗംഗാനദി
അസ്ഥലത്തുനിന്നോരോ
വീട്ടിലും പ്രസാദമായ്
സൂക്ഷിക്കപ്പെടുന്നൊർ
ശുദ്ധമാം ചെമ്മൺകളി
മാണിക്യക്കെടാവിള-
ക്കായിടും പുമർത്ഥങ്ങൾ
മാനുഷർക്കെല്ലാനാളും
നിധിയായ് രക്ഷിക്കുവാൻ.

[ 45 ]

ഈക്കൊടും പരസ്പര-
ദ്വേഷമാം പിശാചിനെ-
യാക്കുഴിക്കകം നമ്മ-
ളാഴത്തിൽത്താഴ്ത്തീടാവൂ!
നവമാം സാഹോദര്യ
സന്താനവൃക്ഷത്തിനെ-
യിവിടെ വളർത്താവൂ
നമ്മുടെ ബാഷ്പാംബുവാൽ!
ജീവിതക്കാറ്റാൽപ്പാതി-
യുയർന്ന ധർമ്മക്ഷേത്രം
ജീവിതരക്തത്താൽപ്പൂർണ്ണ-
മാക്കട്ടേ ജഗൽക്കാരു;
ആവശ്യപ്പെടാമതി-
ന്നവിടെയ്ക്കദ്ദേഹത്തിൻ
പാവനാംഗത്തിൽപ്പെടും
ചാരവുമെല്ലും നീരും

കുറിപ്പുകൾ

തിരുത്തുക
  1. മഹാത്മജി പഞ്ചാബിലേക്കു പുറപ്പെടുവാൻ ഒരുങ്ങിയപ്പോൾ
"https://ml.wikisource.org/w/index.php?title=തപ്തഹൃദയം&oldid=63863" എന്ന താളിൽനിന്ന് ശേഖരിച്ചത്