ശരണോപഹാരം
ശരണോപഹാരം രചന: |
ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ |
മഹാകാവ്യം
|
ചമ്പു
|
ഖണ്ഡകാവ്യങ്ങൾ
വഞ്ചീശഗീതി · ഒരു നേർച്ച |
കവിതാസമാഹാരങ്ങൾ
കാവ്യചന്ദ്രിക · കിരണാവലി |
ഗദ്യം
|
|
[ 1 ]
ശരണോപഹാരം |
1938 |
[ 2 ]
ശരണമയ്യപ്പാ! ശരണ,മേവരും
ശരണമെന്നടിപണിവോനേ!
ശരണമെന്നെന്നുമടിയങ്ങൾക്കങ്ങേ-
ച്ചരണതാരിണ-ഭഗവാനേ! 1
വരിക ശാസ്താവേ! വരിക സൽഗുരോ!
വരിക ധാർമ്മികപ്പെരുമാളേ!
ഒരുകുറി കനിഞ്ഞുഴിക ഞങ്ങളിൽ-
ത്തിരുമിഴിത്തെല്ലാൽ-ഭഗവാനേ! 2
(ശരണമയ്യപ്പാ)
ശബരിമാമലയുടയോനേ! ഞങ്ങൾ-
ക്കഭയമേകിയിപ്പിറവിയെ
സഫലമാക്കുവാൻ വിരുതരീശ്വര-
രപരരില്ലല്ലോ-ഭഗവാനേ! 3
(ശരണമയ്യപ്പാ)
വളരെനാളത്തേബ്‌ഭജനംകൊണ്ടുമു-
ള്ളിളകിടാത്തവരവരെല്ലാം;
ഇളകിയാൽത്തന്നെ കുശലമേകുവാൻ
ബലവും പോരാത്തോർ-ഭഗവാനേ! 4
(ശരണമയ്യപ്പാ)
കരുതിടുന്നതില്ലവരെയാരെയും
ശരണമായ് ഞങ്ങളഗതികൾ;
ശരണം നിന്തിരുവടിതാൻ ഞങ്ങൾക്കു
പരമപൂരുഷ! ഭഗവാനേ! 5
(ശരണമയ്യപ്പാ)
പരിമിതം പാരമടിയങ്ങൾക്കുള്ള
പരിമളഹീനം പദസൂനം;
പരിചയിക്കാനുമിടവന്നീലങ്ങേ-
പ്പരിചര്യാവിധി-ഭഗവാനേ! 6
(ശരണമയ്യപ്പാ)
മറകൾക്കപ്പുറം മറയുവോരങ്ങേ-
പ്പെരുമ വാഴ്ത്തുന്നു ജഡർ ഞങ്ങൾ;
ചെറുകിടാങ്ങൾതൻ മൽമൊഴിക്കച്ഛൻ
കുറവുകൂറുമോ-ഭഗവാനേ! 7
(ശരണമയ്യപ്പാ)
കലിയുഗം മുറ്റി; നെറിയെങ്ങും തെറ്റി
തലകീഴായ് മാറി സകലവും
ഉലകിടമിതു മുഴുവനിന്നൊരു
കൊലനിലമായി-ഭഗവാനേ ! 8
(ശരണമയ്യപ്പാ)
"അവരവർത്തന്നെയവരവർക്കീശർ;
ഭുവനനാഥനില്ലൊരുവനും;
വിവരമില്ലാത്തോരടിമക്കോലങ്ങ-
ളവനെക്കൂപ്പുവോർ-ഭഗവാനേ? 9
(ശരണമയ്യപ്പാ)
ദുരിതം ചെയ്തിടാമെവനും; ഭാവിയി-
ലൊരു കർമ്മത്തിനും ഫലമില്ല;
മറുപിറവിയിലതു ഭുജിക്കേണ്ട
ഭരവുമില്ലാർക്കും-ഭഗവാനേ! 10
(ശരണമയ്യപ്പാ)
ചതിയും കൊള്ളയും പകയുമെത്രനാൾ-
പ്പതിതഭാവത്തിൽക്കഴിയണം?
ഗതിയവയ്ക്കു താൻ വരണം നാം തീർക്കും
പുതിയലോകത്തിൽ-ഭഗവാനേ!" 11
(ശരണമയ്യപ്പാ)
പലരുമിങ്ങനെ മദലഹരിയിൽ
പ്രലപനം ചെയ്തു ഞെളിയുമ്പോൾ,
മലയെന്നും, മാലയിടലെന്നും, മറ്റും
ചിലമൊഴി കേൾപ്പൂ-ഭഗവാനേ! 12
(ശരണമയ്യപ്പാ)
'ശരണമയ്യപ്പ ! ശരണമെന്നുള്ള
സരളമാമങ്ങേസ്തുതിയപ്പോൾ
പരമാദ്ദുഷ്ടർതൻ ചെവിയിൽ ചെന്നെത്തി-
ക്കരളിലേറുന്നു ഭഗവാനേ! 13
(ശരണമയ്യപ്പാ)
അവരെവിട്ടുടൻ പഴയ പേക്കിനാ-
വെവിടെയോ മാറി മറയുന്നു;
ശിവദമാസ്തോത്രമവരും കേൾക്കുന്നു.
ചെവിയും കൂർപ്പിച്ചു-ഭഗവാനേ! 14
(ശരണമയ്യപ്പാ)
മുറയും വർണ്ണവും സ്വരവും തെറ്റാതെ,
നിറയും കണ്ണുമാ, യതിനുമേൽ,
കരവും കൂപ്പിനി, ന്നവരുമേറ്റേറ്റ-
ശ്ശരണം പാടുന്നു-ഭഗവാനേ! 15
(ശരണമയ്യപ്പാ)
മതിഹിത, മെത്രതവണ ചൊന്നാലും
മതിവരില്ലങ്ങേത്തിരുനാമം;
മധുരമാമതിന്നെതിരിൽ നിൽക്കുമ്പോൾ
സുധയും തിക്തകം-ഭഗവാനേ! 16
(ശരണമയ്യപ്പാ)
വരിക ശാസ്താവേ! ഭുവനശാസ്താവേ!
വരിക ഞങ്ങൾ തൻ ഹൃദയത്തിൽ
തിരുനായാട്ടിനുണ്ടഭിരുചിയെങ്കി-
ലരുതു താമസം-ഭഗവാനേ! 17
(ശരണമയ്യപ്പാ)
ശബരിമാമലയ്ക്കരികിൽ ശ്വാപദ-
മപദം ക്രൂരതയ്ക്കഖിലവും;
സഫലമാവില്ല മൃഗയ, യാനല്ലോ-
രുപവനത്തിങ്കൽ-ഭഗവാനേ! 18
(ശരണമയ്യപ്പാ)
മയിലും മാനും പൈങ്കിളിയും കോലാടും
കുയിലുമാ, യവ പുലരുന്നു;
നിയതമങ്ങേയ്ക്കച്ചരണദാസരിൽ-
ദ്ദയയുമേറുന്നു-ഭഗവാനേ! 19
(ശരണമയ്യപ്പാ)
ദുരയുമീറയും ചതിയും ഭള്ളുമി-
ത്തരമോരോ ഹിംസ്രമൃഗയൂഥം
വരദ! ഞങ്ങൾതൻ ഹൃദയത്തിൽവാണു
പൊറുതിമുട്ടിപ്പൂ-ഭഗവാനേ! 20
(ശരണമയ്യപ്പാ)
തുരഗമേറിവന്നയെയൊക്കെയും
ശരമെയ്തെതു കൊന്നതിശീഘ്രം
തിരുനായാട്ടിങ്കലവിടേയ്ക്കുള്ളൊരു
വിരുതു കാട്ടുക-ഭഗവാനേ! 21
(ശരണമയ്യപ്പാ)
വിബുധർക്കായ് സുധയുതകിയ വിഷ്ണു
സപദി പെറ്റുപോലവിടത്തേ;
ഉപകൃതി നല്ലോർക്കരുളുവോരെന്നും
സഫലജന്മാക്കൾ-ഭഗവാനേ 22
(ശരണമയ്യപ്പാ)
സനകപൂജിതൻ ഹരിയെന്നും വീര-
ജനനിയെന്നുള്ള ബിരുദത്താൽ
മനുജർ വാഴ്ത്തുവതവിടത്തേ ക്കൃപാ-
കണികകൊണ്ടല്ലീ-ഭഗവാനേ? 23
(ശരണമയ്യപ്പാ)
ഗരുഡവാഹനൻ, നിഖിലേശൻ, ഗീതാ-
ഗുരുവുമങ്ങയെ പ്രസവിക്കേ,
പുരുഷനും മാതൃപദവി കാമ്യമെ-
ന്നരുളിച്ചെയ്യുന്നു-ഭഗവാനേ! 24
(ശരണമയ്യപ്പാ)
തനതുകൃത്യമാം ഭുവനപാലനം
ഗുണഗരീഷ്ഠമായ്ച്ചമയുവാൻ
ജനയിത്രിക്കുള്ളോരനുഭവം കൂടി-
ഗ്ഘനവർണ്ണൻ നേടി-ഭഗവാനേ ! 25
(ശരണമയ്യപ്പാ)
ഇരുവർ ലാളിപ്പാൻ തനയർ പാർശ്വത്തിൽ
മരുവീടുമ്പോഴുമവിരതം,
ഹരനങ്ങേപ്പിതൃപദവിതാൻ നൽകി
പരമമാം ഹർഷം - ഭഗവാനേ! 26
(ശരണമയ്യപ്പാ)
വരികെൻ വെള്ളിമാമലയിലേക്കെന്നു
ഹരനെതിരിൽനിന്നരുൾചെയ്കേ,
വരികെന്നുണ്ണി! പാൽക്കടലിലേക്കെന്നു
ഹരി വിളിക്കുന്നു... ഭഗവാനേ! 27
(ശരണമയ്യപ്പാ)
മതി! പിതാക്കളേ ! മതി ഞാൻ കേരള-
ക്ഷിതിയിതിങ്കൽത്താൻ നിവസിപ്പൻ;
പതിതസേവനംവ്രതമെനിക്കെന്നു
സദയനങ്ങോതി-ഭഗവാനേ! 28
(ശരണമയ്യപ്പാ)
"അതിനുതാനുണ്ണിയവതിരിച്ച, ത-
ക്കഥ സുതപ്രേമലഹരിയിൽ
മതിയിലോർത്തീ" ലെന്നരുളി മാറിനാർ
വിധുവുമീശനും- ഭഗവാനേ! 29
(ശരണമയ്യപ്പാ)
ഹരിയെയും പശുപതിയെയും ലോക-
രിരുവരാണെന്നു കരുതയ്‌വാൻ
ഇരുവർക്കും കൂടിത്തനയനായ്ത്തീർന്നു
നിരുപമൻ ഭവാൻ - ഭഗവാനെ! 30
(ശരണമയ്യപ്പാ)
അരിയ കർമ്മവുമറിവും ലോകത്തി-
ലൊരുമിച്ചേ ഫലമുളവാക്കു ;
പരമിത്തത്വം താനവിടത്തേജ്ജന്മ-
ചരിതത്തിൻ പൊരുൾ - ഭഗവാനേ! 31
(ശരണമയ്യപ്പാ)
അവിടെക്കാട്ടിലൊരരുമക്കൈക്കുഞ്ഞായ്
വിവശപൂണ്ടുകരയവേ,
നൃവരൻ പാണ്ഡ്യൻതൻ മിഴികളിൽപ്പെട്ടു
ഭവികദൻ ഭവാൻ - ഭഗവാനേ! 32
(ശരണമയ്യപ്പാ)
ഹരിഹയനീലമണിശിലപോലെ-
യരുളുവോരങ്ങേത്തിരുമേനി
കരൾകുളിർപ്പിക്കും മൃഗമദച്ചാറെ-
ന്നരചനുതോന്നി - ഭഗവാനേ! 33
(ശരണമയ്യപ്പാ)
അനപത്യൻ നൃപനനുരക്തൻ ഭവാൻ
തനയനായ്ത്തീർന്ന നിമിഷത്തിൽ
തനതു ജന്മത്തെസ്സഫലമെന്നോർത്താ
വനതലംവിട്ടാൻ - ഭഗവാനേ! 34
(ശരണമയ്യപ്പാ)
മധുരയാം നിജകുലപുരി പുക്കു
മധുരവാണി തൻ ദയിതയ്ക്കായ്
അതുലനങ്ങയെപ്പരിപോഷിപ്പിക്കാൻ
ക്ഷിതിധവൻ നൽകി- ഭഗവാനേ! 35
(ശരണമയ്യപ്പാ)
മണിവർണ്ണൻ മായാമനുജനായ് വൃന്ദാ-
വനതലത്തിൽപ്പണ്ടരുളീലേ?
അനഘനങ്ങുമാ നിലയിൽ ക്രീഡിച്ചു
മണികണ്ഠാഖ്യാനായ്- ഭഗവാനേ! 36
(ശരണമയ്യപ്പാ)
സകലശസ്ത്രാസ്ത്രകുശലനായ് ശുഭം
നഗരവാസികൾക്കുളവാക്കി
അകലുഷനങ്ങു വിലസി മേല്ക്കുമേൽ-
പ്പുകൾ വിളയിച്ചു - ഭഗവാനേ! 37
(ശരണമയ്യപ്പാ)
"കൊതിയെന്തുണ്ണി? ഞാൻ യുവരാജാവാക്കാം
മതിമാൻ നിന്നെ"യെന്നവനീശൻ
കഥനം ചെയ്യവേ കുതിരശ്ശേവുകം
മതെയന്നങ്ങോതി- ഭഗവാനേ! 38
(ശരണമയ്യപ്പാ)
വെറുമൊരു ഭടനവിടുന്നെങ്കിലു-
മരചനുംകൂടിബ്‌ഭയമേകി
ധരണിയിൽദ്ധർമ്മതരു തഴയ്പിച്ചു
ദുരിതമാരകൻ - ഭഗവാനേ! 39
(ശരണമയ്യപ്പാ)
ഉലകിലെങ്ങനെയവിടേയ്ക്കറിയോ
നലമെഴും പുകഴതുപോലേ
തലമകൾക്കൊണ്ടു കരളിലീർഷ്യയും
ഖലനാം മന്ത്രിക്കു- ഭഗവാനേ! 40
(ശരണമയ്യപ്പാ)
"സ്ഥവിരനീനൃപൻ മൃതനാം വേളയി-
ലവനിയെന്റേതായ്ച്ചമയായ്വാൻ
എവിടെയോനിന്നു ശനിയനെപ്പോലെ-
യിവനണഞ്ഞല്ലോ ഭഗവാനേ! 41
(ശരണമയ്യപ്പാ)
എളിയവർക്കൊരു തണലും താങ്ങുമായ്
ഞെളിയുന്നോരുടെ തലതാഴ്ത്തി,
ഇളയരചന്റെ നിലയിച്ചെക്കൻ
വിളയുമാറായി- ഭഗവാനേ! 42
(ശരണമയ്യപ്പാ)
നെറിയും നീതിയും നിലനിർത്തിക്കൊണ്ടി-
ത്തറുതലക്കാരൻ വളരുകിൽ
അറുതി തിന്മയ്ക്കു വരു,മെനിക്കുള്ള
പൊറുതിയും മുട്ടും - ഭഗവാനേ! 43
(ശരണമയ്യപ്പാ)
ശരി,യിതിന്നു ഞാൻ മറുകൈ നോക്കുമെ-
ന്നുരചെയ്താച്ചതിക്കൊലയാളി
പെരികെസ്സേവിച്ചു മഹിഷിയെത്തന്നെ
വരദായാക്കിനാൻ - ഭഗവാനേ! 44
(ശരണമയ്യപ്പാ)
കൊടിയ രോഗത്തിൻ പിടിയിൽപ്പെട്ടുതൻ
മടുമൊഴിയാളെന്നറിയവേ
ഝടിതി പാഞ്ഞെത്തി നൃപനദ്ദേവിതൻ
കിടമുറിക്കുള്ളിൽ - ഭഗവാനേ! 45
(ശരണമയ്യപ്പാ)
"തലനോവാണെനി,ക്കതുമാറാനീറ്റ-
പ്പുലിതൻ പാൽ വേണം ഹൃദയേശ!
സുലഭമല്ലതു; ഫലമെന്തോതിയാൽ?
വലയുമാറായ് ഞാൻ" - ഭഗവാനേ! 46
(ശരണമയ്യപ്പാ)
അരുവയർമുത്തിൻ മൊഴിയിതിൻ തത്വ
മരചൻ പ്രേമാന്ധനറിയാതെ
അരുളിനാൻ വേണം പുലിതൻ പാലെന്നു
പരിജനത്തോടു -ഭഗവാനേ! 47
(ശരണമയ്യപ്പാ)
വിടകൊണ്ടാരവർ "തിരുമുൽക്കാഴ്ചയാ-
യുടലിൽനിന്നടർത്തുയിർ വയ്ക്കാം;
അടിയങ്ങൾക്കീറ്റപ്പുലിതൻ വായിൽച്ചെ-
ന്നടിയുവാൻ പണി" - ഭഗവാനേ! 48
(ശരണമയ്യപ്പാ)
വെളിവിലങ്ങപ്പോഴരുളി "കല്പിച്ചാ-
ലെളിയദ്ദാസനിതുനേരം
പുലിയിൽനിന്നല്ല സുരഭിയിൽനിന്നും
വിളയിക്കാം ദുഗ്ദ്ധം' - ഭഗവാനേ! 49
(ശരണമയ്യപ്പാ)
ശരിയെന്നോതുന്നു നൃപനും മന്ത്രിയു-
മിരുവർക്കും ഭാവമിരുവിധം
വിരവിൽപ്പാ,ഞ്ഞപ്പോൾപ്പുലിയും കുട്ടിയു-
മരികിലെത്തുന്നു - ഭഗവാനേ! 50
(ശരണമയ്യപ്പാ)
മലഹരൻ ദുദ്ധജലധിശായിയാ-
മളിവർണ്ണൻ പെറ്റ തിരുമകൻ,
പുലിയെക്കൊ,ണ്ടാപ്പുരിയിലോരോരോ
കളി കളിപ്പിപ്പു- ഭഗവാനേ! 51
(ശരണമയ്യപ്പാ)
വിരുതൻ മന്ത്രിതൻ കരളിൻ സ്വാദെന്തെ-
ന്നറിവതിന്നാദ്യമതുതന്നെ
കറുകറെച്ചവച്ചലറിത്തുപ്പുന്നു
വെറകൊണ്ടാപ്പുലി- ഭഗവാനേ ! 52
(ശരണമയ്യപ്പാ)
വിരികണ്ണോടുമാ വിളയാട്ടം കാണ്മാൻ
തെരവിൽക്കൂടിയ പുരുഷാരം
തെരുതെരെപ്പുലി,ക്കുയിരാൽ നൽകുന്നു
തിരുവോണസ്സദ്യ- ഭഗവാനേ! 53
(ശരണമയ്യപ്പാ)
നരകയാതനയനുഭവിക്കുന്ന
നരവരോത്തമരമണിയും
ശരണമെൻ വത്സ! ശരണമെന്നേറ്റം
മുറവിളിക്കുന്നു- ഭഗവാനേ! 54
(ശരണമയ്യപ്പാ)
നളിനനേർമിഴിക്കഭയമുളളഴി-
ഞ്ഞുലകിൻ നാഥനങ്ങുടനേകി
"കളി മതി; പോ നീ തിരിയെ" യെന്നീറ്റ -
പ്പുലിയൊടോതുന്നു- ഭഗവാനേ! 55
(ശരണമയ്യപ്പാ)
മണികണ്ഠൻ വെറും മനുജനല്ലെന്നു
നിനവു കൈവന്നു നിഖിലരും
കനിവു തേടുവാനവിടത്തേക്കഴൽ
പണിയുന്നു മേന്മേൽ - ഭഗവാനേ! 56
(ശരണമയ്യപ്പാ)
അപരമേറെയുണ്ടിനിയും താവക -
മപദാനം; നവമതിചിത്രം;
കൃപണരാം ഞങ്ങൾക്കവയെ വർണ്ണിപ്പാൻ
വിഭവമില്ലല്ലോ- ഭഗവാനേ! 57
(ശരണമയ്യപ്പാ)
മൃദിതപാഷണ്ഡനവിടുന്നപ്പുറം
മധുരമാകുമീ മലനാട്ടിൽ
സ്വതനു പഞ്ചധാ പരിലസിപ്പിച്ചു
മുദിതനായ് വാഴ്‌വൂ - ഭഗവാനേ! 58
(ശരണമയ്യപ്പാ)
ശുഭമുപോത്തമമവിടുന്നാശ്രമ-
മഭിമതം കൈക്കൊ,ണ്ടലിവോടെ
ശബരിമാമല മുകളിൽ മിന്നുന്നു
സപരിവാരനായ് - ഭഗവാനേ! 59
(ശരണമയ്യപ്പാ)
സപദി കത്തിച്ച മകരദീപത്തിൻ
പ്രഭയിൽ സ്വാമിതൻ തിരുമേനി
ശബരിയാംഗിരി കയറിക്കണ്ടവ-
രപുനസ്സംഭവർ - ഭഗവാനേ! 60
(ശരണമയ്യപ്പാ)
അവിടെ ഞങ്ങൾക്കാശ്ശുഭമുഹൂർത്തത്തി-
ലവനതരായ് വന്നണയണം;
സവിധത്തിൽക്കടന്നടിമലർകൂപ്പി-
ബ്‌ഭവികം നേടണം- ഭഗവാനേ! 61
(ശരണമയ്യപ്പാ)
അതിനു മാലയിട്ടടിയങ്ങൾ ദീർഘ-
വ്രതവും ദീക്ഷിച്ചമരുവുന്നു;
വിധിവത്തായതു നിറവേറാൻ ഭവാൻ
സദയനാകണേ - ഭഗവാനേ! 62
(ശരണമയ്യപ്പാ)
ഭജനലോലരാമടിയങ്ങൾ ചാർത്തും
വൃജിനഹീനമിഗ്ഗളദാമം
വിജയലക്ഷ്‌മിതൻ വരണമാല്യമാ-
യജിത! തീരണേ - ഭഗവാനേ! 63
(ശരണമയ്യപ്പാ)
ശരണം സ്വാമിയേ! ശരണം ശാസ്താവേ!
ശരണമത്ഭുതമഹിമാവേ!
ശരണമില്ലൊന്നുമടിയങ്ങൾക്കങ്ങേ-
ച്ചരണമല്ലാതെ- ഭഗവാനേ! 64
(ശരണമയ്യപ്പാ)
പെരുമാറ്റത്തിന്റെ പിശകിനാലെന്നും
ദുരിതം തേടിന രസനകൾ
പരമാപ്പാപത്തിൻ പരിഹാരത്തിന്നു
ശരണം ചൊല്ലട്ടേ- ഭഗവാനേ! 65
(ശരണമയ്യപ്പാ)
ഹൃദയശുദ്ധിതൻ തണലിൽ മണ്ഡല-
വ്രതവിധിയെല്ലാം നിറവേറ്റി
ധൃതിയൊടും ഞങ്ങൾ മലയിലേക്കുള്ള
ഗതി തുടങ്ങുന്നു- ഭഗവാനേ! 66
(ശരണമയ്യപ്പാ)
ഇരുമുടിക്കെട്ടു തലയിലേറുമ്പോൾ-
പ്പെരുകിടുമങ്ങേക്കരുണയാൽ
ഇരുളിൻകൂമ്പാരമകമേനിന്നെങ്ങോ
പറപറക്കുന്നു ഭഗവാനേ! 67
(ശരണമയ്യപ്പാ)
തലയിലിച്ചുമടടിയങ്ങൾക്കൊരു
മലരൊടൊത്തിടും ലഘുതയിൽ
വിലസിടുന്നതുവിപുലമാമങ്ങേ-
യലിവിൻ വൈഭവം-ഭഗവാനേ! 68
(ശരണമയ്യപ്പാ)
കരിമുകിൽനിറം കലരും ചേലയൊ-
ന്നരയിൽചാർത്തിക്കൊണ്ടടിയങ്ങൾ
വിരവിൽപ്പോകുന്നു ശരണവുംപാടി-
ഗ്ഗിരിയെലാക്കാക്കി - ഭഗവാനേ! 69
(ശരണമയ്യപ്പാ)
"വിരസനായിടും ജലധി വേഴ്ചയ്ക്കു
തരമല്ലെന്നോർത്തു തടിനികൾ
ഗിരിദരികളിൽ ഭജനം ചെയ്യുവാൻ
തിരിയെപോരുന്നോ? - ഭഗവാനേ! 70
(ശരണമയ്യപ്പാ)
പലമട്ടിത്തരമമരർ ചിന്തിച്ചു
നിലവിട്ടത്ഭുതമിയലവേ
വലിയ സംഘംചേർന്നവിടത്തേദ്ദാസർ
ചലനം ചെയ്യുന്നു - ഭഗവാനേ! 71
(ശരണമയ്യപ്പാ)
എരുമേലിപ്പേട്ട വരെയും പോയിടാ-
മൊരുവിധം ലോക,ർക്കതിനുമേൽ
ഗിരിയും ഘോരമാം വിപിനവും നീളെ-
ത്തരണം ചെയ്യണം - ഭഗവാനേ! 72
(ശരണമയ്യപ്പാ)
ഒരിടം വാനിൻമെയ് തടവുന്നു; വേറി-
ട്ടൊരിടം കീഴുലകിടയുനു
മരവിക്കുന്നു കാൽ കയറിയും നീളെ-
പ്പരമിറങ്ങിയും - ഭാഗവാനേ! 73
(ശരണമയ്യപ്പാ)
അലറുന്നു കടന്നെതിരിൽ വൻപുലി;
നിലവിളിക്കുന്നു കൊലകൊമ്പൻ;
പലതരം ദുഷ്ടമൃഗകുലം തമ്മിൽ-
ക്കലശൽകൂടുന്നു - ഭഗവാനേ! 74
(ശരണമയ്യപ്പാ)
ഇരുളിൻ കോയിമ്മ പുലരുമക്കാട്ടിൽ- പ്പെരികെ മെയ് നീണ്ടും വളവാർന്നും ഒരു വഴിത്താര കിടകൊൾവൂ മുന്നിൽ- ക്കരുനാഗംപോലെ - ഭഗവാനേ! 75 (ശരണമയ്യപ്പാ)
ഘൃണവെടിഞ്ഞെങ്ങും, പ്രകൃതി തൻ വേലിൻ
മുനകൾ മുള്ളുകൾ - നെടുനീളെ
അണിനിരത്തിടുമതിലേ പോകുവാൻ
തുനിവെവർക്കുണ്ടാം? ഭഗവാനേ! 76
(ശരണമയ്യപ്പാ)
ഇതൊരു സാമാന്യവിധിയെന്നാകിലും
ജിതഭയരങ്ങേപ്പദഭക്തർ
അതിനെത്താൻ ഘണ്ടാപഥമായ്ക്കല്‌പിച്ചു
ഗതി തുടരുന്നു - ഭഗവാനേ! 77
(ശരണമയ്യപ്പാ)
അകലുഷരങ്ങേച്ചരണദാസർക്കു
ശിഖിരിയയ്യപ്പൻ, ചെറുപുല്ലും;
ദ്രുഹിണനയ്യപ്പൻ, കൃമിയുമയ്യപ്പൻ
സകലമയ്യപ്പൻ; - ഭഗവാനേ! 78
(ശരണമയ്യപ്പാ)
വടിവെഴും ധ്വാന്തവസനം ചാർത്തിക്കൊ-
ണ്ടടവിയും ഭക്തിവിവശയായ്
അടിയങ്ങൾക്കൊപ്പമവിടത്തെക്കൂപ്പാ-
നടനം ചെയ്യുന്നോ - ഭഗവാനേ! 79
(ശരണമയ്യപ്പാ)
ഇരുൾ ഞങ്ങൾക്കിതു മിഴികൾക്കഞ്ജനം;
ദ്വിരദബൃംഹിതം ശുഭഗീതം;
ചരണശോണിതം സരണി പൂശിടും
സുരഭികുങ്കുമം - ഭഗവാനേ! 80
(ശരണമയ്യപ്പാ)
ധനുവാം മാസത്തിൽ പ്രകൃതി ഞങ്ങളി-
ലനിശം തൂകിടും ഹിമബിന്ദു
ഗണനം ചെയ്യുന്നു സുരർ തളിക്കുന്ന
പനിനീരായ് ഞങ്ങൾ - ഭഗവാനേ! 81
(ശരണമയ്യപ്പാ)
സദയനായ് മുന്നിൽ നടകൊൾവോരങ്ങേ-
ക്കുതിരതൻ കുളമ്പടിപോലേ
പഥികർ വയ്പോരു വെടി മുഴുങ്ങുന്നു
കതിനയിൽനിന്നു ഭഗവാനേ! 82
(ശരണമയ്യപ്പാ)
<poem> [ 15 ] <poem>
കഴലിലേക്കഴപ്പൊഴിയുമാറു മെയ്
തഴുകും തെന്നലിൻ തുണപറ്റി
അഴകിൽ ഞങ്ങളൊഴുകും പമ്പയാം
പുഴയിലെത്തുന്നു - ഭഗവാനേ! 83
(ശരണമയ്യപ്പാ)
മലയമായിടുമചലം മാർഗ്ഗത്തിൽ,
സുലഭമായങ്ങേക്കൃപനേടാൻ,
വലതുകയ്യാമിപ്പുഴയാൽ ഭക്തർക്കു
തെളിനീർ നൽകുന്നോ? ഭഗവാനേ! 84
(ശരണമയ്യപ്പാ)
മലരും മാലയദ്രവവുമായ്ക്കാന്ത-
മലയാലങ്ങയെ വിബുധന്മാർ
ഒളിവിൽഗങ്ഗകൊണ്ടഭിഷേകംചെയ്തു
ജലമോ കാണ്മതു - ഭഗവാനേ! 85
(ശരണമയ്യപ്പാ)
ഉരുളൻപാറക്കൽമുഴകളിൽത്തട്ട്-
ത്തരിപെടും തണ്ണീർക്കണികകൾ
പരിസരസ്ഥലിക്കണിയിപ്പൂ ഹാരം
ചെറുമുത്താൽ മാറിൽ - ഭഗവാനേ! 86
(ശരണമയ്യപ്പാ)
പറവകളുടെ രുതവുമങ്ങെഴും
കരിയിലകൾതൻ സ്വനിതവും
'ശരണമയ്യപ്പാശരണ'മെന്നതിൻ
തരഭേദം താനോ? - ഭഗവാനേ! 87
(ശരണമയ്യപ്പാ)
മൃഗവും പമ്പയാമവിടത്തേക്കൃപാ-
ലഹരിയിലൊന്നു മുഴുകിയാൽ
വിഗതതൃഷ്ണമായ്ച്ചമയുമെന്നല്ലീ
മിഗമം ചൊല്‌വതു? - ഭഗവാനേ! 88
(ശരണമയ്യപ്പാ)
തടവറ്റപ്പുണ്യനദിയിലും, ഭക്തി-
തടിനിയിങ്കലുമൊരുപോലെ
അടിയങ്ങൾ മുങ്ങിബ്ബഹിരന്തശ്ശുദ്ധർ
നടകൊൾവൂ വീണ്ടും - ഭഗവാനേ! 89
(ശരണമയ്യപ്പാ)
പതിനെട്ടാംപടി - പരമദ്ദീർഘമാം
പദവിതന്നന്തം, പരിപൂതം
അതിൽവന്നെത്തിപ്പോ, യതിൽവന്നെത്തിപ്പോയ്
കൃതകൃത്യർ ഞങ്ങൾ - ഭഗവാനേ! 90
(ശരണമയ്യപ്പാ)
അവിടെത്താവകസഹചരൻ വാവർ
നിവസിക്കും കോവിലണയുമ്പോൾ
അവിഷമം 'ഹിന്ദു മുസൽമാൻ' മൈത്രിയെ-
ന്നെവനും ബോധ്യമാം - ഭഗവാനേ! 91
(ശരണമയ്യപ്പാ)
പലനിറംപെടും സ്ഫടികദീപങ്ങൾ
പലമട്ടിൽക്കത്തിയെരികിലും
അലഘുദീപ്തിപൂണ്ടവയിൽ മിന്നിടും
ജ്വലമൊന്നല്ലീ? - ഭഗവാനേ! 92
(ശരണമയ്യപ്പാ)
"ഒരു മതം നിങ്ങൾക്കൊരു ദൈവം" - ഭവാൻ
നരരൊടിത്തത്വമരുൾ ചെയ്‌വാൻ
കരുതി വാവരെ പ്രിയസുഹൃത്റ്റാക്കി-
പ്പരിലസിക്കുന്നു - ഭഗവാനേ! 93
(ശരണമയ്യപ്പാ)
വടിവിൽ മാളികബ്ഭഗവതിതന്റെ
യടിമലർകൂപ്പിയടിയങ്ങൾ
പടികളോരോന്നായ്പ്പതിനെട്ടും കേറി
നടയിലെത്തുന്നു - ഭഗവാനേ! 94
(ശരണമയ്യപ്പാ)
പതിനെട്ടായ്ത്തിരിച്ചുപചാരങ്ങളെ
വിദിതവേദ്യന്മാർ വിവരിപ്പു
വിധിവത്തായി ഞങ്ങളവതാൻ ചെയ്‌വതീ-
പ്പദവിന്യാസത്താൽ - ഭഗവാനേ! 95
(ശരണമയ്യപ്പാ)
പതിനെട്ടുണ്ടു പോ, ലുലകിൽ വിദ്യക-
ളതിലഘുക്കൾ താനവയെല്ലാം
ത്വദുപസേവിക്കെന്നറിവൂ ലോകരി-
പ്പദവിക്ഷേപത്താൽ - ഭഗവാനേ! 96
(ശരണമയ്യപ്പാ)
അവിടത്തേത്തിരുനടയിലെത്തിന
ഭവികസമ്പന്നരടിയങ്ങൾ
നവനിധീശനെപ്പരമദാരിദ്ര്യ-
വിവശനായ്ക്കാണ്മു - ഭഗവാനേ! 97
(ശരണമയ്യപ്പാ)
എവിടെയുമങ്ങു ജയജയോൽഘോഷ-
മെവിടെയും ഭക്ത 'ശരണോ'ക്തി
എവിടെയും സുധാമധുരസങ്ഗീതം
ശ്രവണമോഹനം - ഭഗവാനേ! 98
(ശരണമയ്യപ്പാ)
സുകൃതം വെല്ലുന്നു ഭവദീയം;ഗിരി-
ഗുഹകളേ! നിങ്ങളിവമൂലം
മുഖരിതങ്ങളായ് സ്തുതിചെയ്യുന്നല്ലോ
നിഖിലനാഥനെ- ഭഗവാനേ! 99
(ശരണമയ്യപ്പാ)
തപനനൻ തൻ പങ്കമകലുമാറുപോ-
യപരസിന്ധുവിൽ മുഴുകുന്നു.
ശബരിമാമലമകരദീപത്തെ-
സ്സപദിവന്ദിപ്പാൻ- ഭഗവാനേ! 100
(ശരണമയ്യപ്പാ)
കതിരവാ! നീ വാ പഴുതേ ഖദ്യോത-
പദവിപോയതിൽപ്പതറാതെ;
ദ്രുതമിങ്ങെത്തുക പരമനാം പ്രഭാ-
പതിയെക്കൂപ്പുവാൻ- ഭഗവാനേ! 101
(ശരണമയ്യപ്പാ)
ഭുവനമങ്‌ഗലമണിദീപം ഗർഭ-
ഭവനത്തിൽ ജ്വലിച്ചിളകൊൾവു
നിവിരെത്തുമഞ്ഞപ്പുതുനീരാടിച്ചു
സവിധഭൂമിയെ- ഭഗവാനേ! 102
(ശരണമയ്യപ്പാ)
അനവധി ഭക്തരവിടെ നിർമ്മിച്ച
ഘനസാരശ്വേതശിഖരികൾ
അനലസമ്പർക്കം തടവിടുന്നേരം
കനകശൈലങ്ങൾ!- ഭഗവാനേ 103
(ശരണമയ്യപ്പാ)
പരിചൊടദ്ദിക്കിലെരിയും കർപ്പൂര-
ത്തരികളാം സിദ്ധർ, പരിശുദ്ധർ,
അറുതിയിൽച്ചേരും പരമാത്മാവാം നി-
ന്തിരുവടിയോടു- ഭഗവാനേ! 104
(ശരണമയ്യപ്പാ)
അവിടെക്കാണ്മതെന്തെതിരിൽ നാം? സാക്ഷാൽ
സവിതൃകോടിതന്നുദയമോ?
ഭുവനശില്പിതൻ കരനൈപുണ്യത്തി-
ന്നവധിരേഖയോ?- ഭഗവാനേ! 105
(ശരണമയ്യപ്പാ)
കടമിഴിക്കോണിൻ ചലനത്താൽ വിശ്വം
നടനം ചെയ്യിക്കും പ്രഭുതയോ?
ചടുല ഗാത്രിയാം ഭൃഗുസുതോർവിതൻ
നെടിയ ഭാഗ്യമോ? -ഭഗവാനേ! 106
(ശരണമയ്യപ്പാ)
മുടികൾ തങ്ങളിൽ, ച്ചടുചടെത്തട്ടി-
യുടയുമാ, റുമ്പർ തിരുമുൻപിൽ
വടികളായ് വീണു പൊടികൾ ചൂടിടു-
മടിമലരിണ- ഭഗവാനേ! 107
(ശരണമയ്യപ്പാ)
കഴൽ പണിഞ്ഞീടും നരർതന്നുള്ളിൽനി-
ന്നൊഴിയും കൂരിരുൾനിര തിങ്ങി
ചുഴലവേ തൊഴും വടിവെഴും ചേല
തഴുകുവോരര- ഭഗവാനേ! 108
(ശരണമയ്യപ്പാ)
മഴവില്ലിന്നു, മാൺമയിലിൻ പീലിക്കും
പിഴ മുഴുപ്പിച്ചു പലമട്ടിൽ
മിഴി കവർന്നിടും മണിയണിപ്പുഴ-
യൊഴുകും മാറിടും- ഭഗവാനേ! 109
(ശരണമയ്യപ്പാ)
വനതലത്തിലേ മൃഗഭയം തീർത്തു
മുനിജനങ്ങൾതന്നഴൽ പോക്കാൻ
കണയും വില്ലുമായ്ത്തിരുനായാട്ടിനു
തുണനില്‌ക്കും കൈകൾ - ഭഗവാനേ! 110
(ശരണമയ്യപ്പാ)
ഒഴിയെഴുന്നപൽക്കൂറുമൊഴികൾ വി-
ട്ടിളകിച്ചെഞ്ചൊടിമലരിങ്കൽ
വിളയും തേൻ നുകർന്നിനിമയാർന്നെത്തും
കുളിവെൺപുഞ്ചിരി- ഭഗവാനേ! 111
(ശരണമയ്യപ്പാ)
കരുണയെന്നപേർ കലരും വിൺപുഴ-
യ്ക്കുറവയായ് ലോകമഖിലവും
കുറവറക്കാത്തു പരിലസിച്ചിടും
തിരുമിഴി രണ്ടും- ഭഗവാനേ! 112
(ശരണമയ്യപ്പാ)
നിറമതിയൊടു പടവെട്ടിപട്ടു-
പരിവട്ടം കൊണ്ടതിരുമുഖം
കരളിൽ വണ്ടിണ്ടയ്ക്കിടർവളർത്തിടും
പുരികുഴൽത്തഴ- ഭഗവാനേ! 113
(ശരണമയ്യപ്പാ)
മുടിയിൽക്കട്ടിപ്പൊൻമുകുടം; പീഠത്തി-
ന്നടിയിൽ നൽച്ചെന്നീർമടുമലർ;
ഇടയിലിത്തരമവിടത്തേപ്പൂമെയ്
വടിവിൽ മിന്നുന്നു-ഭഗവാനേ! 114
(ശരണമയ്യപ്പാ)
അടിമുതൽ രമ്യം മുടിയോളം ഹാഹാ!
മുടിമുതൽക്കാന്തമടിയോളം
അടിയങ്ങൾക്കേതൊരവയവം കാണ്മാൻ
പടുതയുണ്ടിതിൽ? -ഭഗവാനേ! 115
(ശരണമയ്യപ്പാ)
ത്രിദശനായ്കൻ തൃണസമൻ; പക്ഷേ
മധുരമാമങ്ങേത്തിരുമേനി
പതിവായ്ക്കാണ്മാൻ തന്നയനലാഭത്തിൽ-
ക്കൊതിയുള്ളോർ ഞങ്ങൾ- ഭഗവാനേ! 116
(ശരണമയ്യപ്പാ)
ഒഴിവില്ലാതെയിപ്പിറവിയാഴിയിൽ
മുഴുകുന്നു ഞങ്ങളുയരുന്നു.
കുഴയുന്നു കൈകാ,ലവിടുന്നേയുള്ളു
തുഴയും തോണിയും - ഭഗവാനോ! 117
(ശരണമയ്യപ്പാ)
ശബരിമേട്ടിൽവാണരുളീടും പോലെ
ചപലർ ഞങ്ങൾതന്നകമേയും
വിഭുതയിൽ വാണു വിഹിതമേകുവാൻ
കൃപ പുലമ്പണേ - ഭഗവാനേ! 118
(ശരണമയ്യപ്പാ)
ധരയിതൊക്കെയും ശബരിമേടെന്നും
സ്ഥിരചരവ്യൂഹമഖിലവും
ഹരിഹരാത്മജമയമെന്നും കാണ്മാൻ
തരണമേ മിഴി-ഭഗവാനേ! 119
(ശരണമയ്യപ്പാ)
പരരും ഞങ്ങളും പലരല്ലേകരി-
പ്പരമതത്വമാം പടവേറി
ത്വരിതം ഞങ്ങളിപ്പിറവിയാം കടൽ
തരണംചെയ്യണേ-ഭഗവാനേ! 120
(ശരണമയ്യപ്പാ)
കരുതിടേണ്ടൊരു വിഷയവും ഭവാൻ;
കരുതിടുന്നോനും ഗുരുഭവാൻ!
കരുതുവാനുള്ളപദവിയുമ്മ് ഭവാൻ;
കരുതലും ഭവാൻ-ഭഗവാനേ! 121
(ശരണമയ്യപ്പാ)
ശരണമയ്യപ്പാ! ശരണ,മേതുമോ-
ന്നറിയപ്പോകാത്തൊരടിയങ്ങൾ
പരമങ്ങേക്കൊണ്ടു പലതും ജല്‌പിച്ചു;
പരിഭവിക്കൊല്ലേ-ഭഗവാനേ! 122
(ശരണമയ്യപ്പാ)
ശരണമയ്യപ്പാ! വിബുധനേതാവേ!
ശരണം സത്യകജനിതാവേ!
ശരണം വില്ലാളിമുടിമണിപ്പൂൺപേ!
ശരണം സർവ്വേശ! - ഭഗവാനേ! 123
(ശരണമയ്യപ്പാ)
ശരണമയ്യപ്പാ സഗുണബ്രഹ്മമേ!
ശരണം ത്രൈലോക്യസുകൃതമേ!
ശരണം ധർമ്മത്തിൻ സതതഗോപ്താവേ!
ശരണം ശാസ്താവേ! - ഭഗവാനേ! 124
(ശരണമയ്യപ്പാ)
ശരണമയ്യപ്പാ! ശബരിമാമല
ശരണമാം സാധുജനബന്ധോ!
ശരണമാത്മജ്ഞ വിനുതസൽക്കീർത്തേ!
ശരണം ചിന്മൂർത്തേ! - ഭഗവാനേ! 125
(ശരണമയ്യപ്പാ)