അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ജടായുസംഗമം
(ജടായുസംഗമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- ശ്രുത്വൈതൽ സ്തോത്രസാരമഗസ്ത്യസുഭാഷിതം
- തത്വാർത്ഥസമന്വിതം രാഘവൻ തിരുവടി
- ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു
- വീണുടൻ നമസ്‌കരിച്ചഗസ്ത്യപാദാംബുജം
- യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും
- പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം,
- അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു
- പത്രിസത്തമനാകും വൃദ്ധനാം ജടായുഷം
- എത്രയും വളർന്നൊരു വിസ്‌മയംപൂണ്ടു രാമൻ
- ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാൻഃ 560
- "രക്ഷസാം പ്രവരനിക്കിടക്കുന്നതു മുനി-
- ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ!
- വില്ലിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്ലാ
- കൊല്ലുവേനിവനെ ഞാൻ വൈകാതെയിനിയിപ്പോൾ."
- ലക്ഷ്‌മണൻതന്നോടിത്ഥം രാമൻ ചൊന്നതു കേട്ടു
- പക്ഷിശ്രേഷ്‌ഠനും ഭയപീഡിതനായിച്ചൊന്നാൻഃ
- "വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
- ലെത്രയുമിഷ്‌ടനായ വയസ്യനറിഞ്ഞാലും.
- നിന്തിരുവടിക്കും ഞാനിഷ്‌ടത്തെച്ചെയ്തീടുവൻ;
- ഹന്തവ്യനല്ല ഭവഭക്തനാം ജടായു ഞാൻ." 570
- എന്നിവ കേട്ടു ബഹുസ്നേഹമുൾക്കൊണ്ടു നാഥൻ
- നന്നായാശ്ലേഷംചെയ്‌തു നൽകിനാനനുഗ്രഹംഃ
- "എങ്കിൽ ഞാനിരിപ്പതിനടുത്തു വസിക്ക നീ
- സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്ല.
- ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്‌ടം കഷ്‌ടം!
- കിങ്കരപ്രവരനായ് വാഴുക മേലിൽ ഭവാൻ."
പഞ്ചവടീപ്രവേശം
തിരുത്തുക- എന്നരുൾചെയ്‌തു ചെന്നു പുക്കിതു പഞ്ചവടി-
- തന്നിലാമ്മാറു സീതാലക്ഷ്‌മണസമേതനായ്.
- പർണ്ണശാലയും തീർത്തു ലക്ഷ്‌മണൻ മനോജ്ഞമായ്
- പർണ്ണപുഷ്പങ്ങൾകൊണ്ടു തൽപവുമുണ്ടാക്കിനാൻ. 580
- ഉത്തമഗംഗാനദിക്കുത്തരതീരേ പുരു-
- ഷോത്തമൻ വസിച്ചിതു ജാനകീദേവിയോടും.
- കദളീപനസാമ്രാദ്യഖിലഫലവൃക്ഷാ-
- വൃതകാനനേ ജനസംബാധവിവർജ്ജിതേ
- നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവിതന്നെ
- ശ്രീരാമനയോദ്ധ്യയിൽ വാണതുപോലെ വാണാൻ.
- ഫലമൂലാദികളും ലക്ഷ്‌മണനനുദിനം
- പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ.
- രാത്രിയിലുറങ്ങാതെ ചാപബാണവും ധരി-
- ച്ചാസ്ഥയാ രക്ഷാർത്ഥമായ് നിന്നീടും ഭക്തിയോടെ. 590
- സീതയെ മദ്ധ്യേയാക്കി മൂവരും പ്രാതഃകാലേ
- ഗൗതമിതന്നിൽ കുളിച്ചർഗ്‌ഘ്യവും കഴിച്ചുടൻ
- പോരുമ്പോൾ സൗമിത്രി പാനീയവും കൊണ്ടുപോരും
- വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴുംകാലം.