പ്രപഞ്ചവും മനുഷ്യനും/രണ്ടാം പതിപ്പിന്റെ മുഖവുര

[ 7 ] രണ്ടാം പതിപ്പിന്റെ മുഖവുര

1969-ലാണ് ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് എഴുതി തീർത്തത്. അതിനുശേഷം പലതവണ ഇതിന്റെ രണ്ടാംപതിപ്പ് ഇറക്കണം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടപ്പോഴെല്ലാം ഞാൻ അതിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അതിന് രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്, എന്റെ വീക്ഷണങ്ങളിൽ ക്രമികമായി വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ. രണ്ടാമത്, ആ മാറ്റങ്ങൾക്കനുസരിച്ച് പുസ്തകം പരിഷ്കരിക്കണമെങ്കിൽ വളരെയധികം ശ്രമം നടത്തണമെന്നുള്ളതും. അങ്ങനെ ചെയ്താൽ പുതിയൊരു പുസ്തകമായി അത് മാറുമെന്നുള്ളതും. ഇങ്ങനെ പഴയ രീതിയിൽതന്നെ പുനഃപ്രസിദ്ധീകരിക്കാനുള്ള മടിയും ആഗ്രഹിക്കുന്ന രീതിയിൽ പരിഷ്കരിക്കാനുള്ള സാവകാശമില്ലായ്മയും ആണ് പുനഃപ്രസിദ്ധീകരണം നീണ്ടുപോകാനുള്ള കാരണങ്ങൾ.

പുതിയ ധാരണകൾ അനുസരിച്ച് ഇത്തരത്തിലുള്ള പുതിയൊരു പുസ്തകത്തിനുവേണ്ടി ശ്രമിക്കുക ഇന്നത്തെ സാഹചര്യത്തിൽ അസാധ്യമാണ്. ശാസ്ത്രരംഗത്തുണ്ടായിട്ടുള്ള പുതിയ കണ്ടുപിടുത്തങ്ങളുടെ പ്രശ്നമല്ല. മറിച്ച് ശാസ്ത്രത്തോടുള്ള ദാർശനികമായ സമീപനത്തിന്റെ കാര്യത്തിലുണ്ടായിട്ടുള്ള പുതിയ പ്രശ്നങ്ങളുടെ കാര്യമാണ് ഇവിടെ വിവക്ഷ. ദീർഘകാലാടിസ്ഥാനത്തിൽ അത്തരമൊരു പദ്ധതി നടപ്പാക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും തൽക്കാലം സാധ്യമല്ല. അത് ഈ പുസ്തകത്തിന്റെ പരിഷ്കരണവുമായി ബന്ധപ്പെട്ടതല്ല. ആ നിലയ്ക്ക് ഈ പുസ്തകം പരിഷ്കരിക്കുന്നത് പഴയ ചട്ടക്കൂടിനുള്ളിൽ തന്നെ ചെയ്യുന്നതാണ് ഉചിതമെന്ന് തീരുമാനിക്കുകയാണ് ചെയ്തത്. ശാസ്ത്രരംഗത്ത് പുതുതായി ഉണ്ടായിട്ടുള്ള വികാസങ്ങളെല്ലാം ഉൾക്കൊള്ളിച്ചു പരിഷ്കരിക്കുക എന്നതും പുതിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് മാത്രമല്ല, പ്രായോഗികമായി തൽക്കാലം സാധ്യവുമല്ല. അതുകൊണ്ട്, പ്രകടമായ വസ്തുതാപരമായ തെറ്റുകളും തികച്ചും അപ്രസക്തമോ കാലഹരണം വന്നതോ ആയ പരാമർശങ്ങളും ഭാഗങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള പരിമിതമായ പരിഷ്കരണം മാത്രമാണ് കരണീയമെന്ന് തീരുമാനിച്ചു. അങ്ങനെ, ഈ പുതിയ പതിപ്പിൽ പഴയ ഘടനയും അടിസ്ഥാനസമീപനവും അതേപടി നിലനിർത്തുകയാണ് ചെയ്തിട്ടുള്ളത്.

ഇന്ന് ഞാൻ ഇങ്ങനെയൊരു പുസ്തകം എഴുതുമായിരുന്നെങ്കിൽ അതിന്റെ ഘടനയും സമീപനവും അടിസ്ഥാനപരമായി വ്യത്യസ്തമാകുമായിരുന്നു എന്നതുകൊണ്ട്, ഇതിൽ ഇപ്പോൾ നിലനില്ക്കുന്ന സമീപനം ഉരുത്തിരിഞ്ഞുവന്ന സാഹചര്യത്തെക്കുറിച്ച് അല്പം സൂചിപ്പിക്കേണ്ടതുണ്ട്. ഈ പുസ്തകമെഴുതുന്ന കാലഘട്ടത്തിൽ, വളരെ വ്യത്യസ്തങ്ങളും ചിലപ്പോൾ പരസ്പരവിരുദ്ധം പോലുമായ വീക്ഷണങ്ങളുടെ ഒരു സമ്മിശ്രമായിരുന്നു എന്റെ ലോകവീക്ഷണത്തിന്റെ ആകെത്തുക. ഒരുവശത്ത്, സ്വത [ 8 ] സിദ്ധമായ രീതിയിൽ വളർന്നുവരുന്ന സമൂഹത്തോടുള്ള പ്രതിബദ്ധതയും, ഉപരിപ്ലവമായ തലത്തിലെങ്കിലും ശക്തിപ്രാപിച്ചുവന്നിരുന്ന കമ്മ്യൂണിസ്റ്റാഭിമുഖ്യവും എന്റെ രാഷ്ട്രീയവീക്ഷണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. നക്സൽ ബാരി സമരത്തെ തുടർന്ന് ഇന്ത്യയിൽ വളർന്നുവന്ന വിപ്ലവാനുകൂല അന്തരീക്ഷത്തിൽ, വിപ്ലവത്തെക്കുറിച്ചുള്ള കാല്പനികധാരണകളിലേയ്ക്കാണ് ഇത് എന്നെ നയിച്ചത്. 69 ആരംഭത്തിൽ 'യുഗരശ്മി' മാസികയിൽ പ്രസിദ്ധീകരിച്ചതും ഈ പുസ്തകത്തിന്റെ ആദ്യപതിപ്പിൽ അവസാന അധ്യായമായി പ്രസിദ്ധീകരിച്ചതുമായ ലേഖനം ഈ കാല്പനികധാരണകളുടെയും സമ്മിശ്രവീക്ഷണങ്ങളുടേയും പ്രതിഫലനമായിരുന്നു. (ഈ പതിപ്പിൽ ആ അധ്യായം ഒഴിവാക്കുകയും പകരം അനുബന്ധമെന്ന നിലയ്ക്ക് അതേ വിഷയങ്ങൾ ഇന്നത്തെ ധാരണയുമായി ബന്ധപ്പെടുത്തി കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.)

വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽതന്നെ, വളരെ ഗഹനങ്ങളായ ദാർശനികപ്രശ്നങ്ങളിൽ തല്പരനായിരുന്ന ഞാൻ ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിരുന്ന അന്വേഷണങ്ങളിൽ ആധുനിക ശാസ്ത്രമാണ് പ്രധാന വഴികാട്ടിയായി തീർന്നത്. അങ്ങനെ സ്വന്തമായ നിലയ്ക്ക് തന്നെ ഞാൻ അന്ന് എത്തിച്ചേർന്നിരുന്ന ദാർശനിക നിലപാടുകളിൽ ബൂർഷ്വാശാസ്ത്രത്തിലൂടെ പ്രകടമാവുന്ന യാന്ത്രികവീക്ഷണങ്ങളാണ്, മുഖ്യമായും ആധിപത്യം ചെലുത്തിയിരുന്നത്. ശാസ്ത്രത്തിലുള്ള എന്റെ താല്പര്യം ദാർശനികമായിരുന്നതുകൊണ്ട് ആധുനിക (ബൂർഷ്വാ) ശാസ്ത്രവുമായി ബന്ധപ്പെട്ട് വളർന്നു വന്നിരുന്ന പുതിയ ദാർശനിക ധാരകളിലേയ്ക്കും ഞാൻ ആകൃഷ്ടനായിരുന്നു. ഇരുപതാംനൂറ്റാണ്ടിൽ ശാസ്ത്രജ്ഞന്മാരുടെയും ദാർശനികരുടെയും ഇടയ്ക്ക് വമ്പിച്ച സ്വാധീനം ചെലുത്തിയ ലോജിക്കൽ പോസിറ്റിവിസം പോലുള്ള ബൂർഷ്വാദർശനത്തിന്റെ പല നിലപാടുകളും ശരിയാണെന്ന് അന്ന് ഞാൻ കരുതാൻ തുടങ്ങിയിരുന്നു. എന്നാൽ കമ്മ്യൂണിസത്തോടും മാർക്സിയൻ ദർശനത്തോടുമുള്ള വികാരപരമായ ബന്ധം അന്നും നിലനിന്നിരുന്നതുകൊണ്ട് ലോജിക്കൽ പോസിറ്റിവിസത്തെയും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തേ‌െയും തമ്മിൽ പൊരുത്തപ്പെടുത്താൻ കഴിയുമോ എന്ന അന്വേഷണവും അന്ന് ആരംഭിച്ചിരുന്നു. 'പ്രപഞ്ചവും മനുഷ്യനും' എഴുതുന്ന കാലത്തും ഈ കടകവിരുദ്ധമായ വീക്ഷണങ്ങൾ തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. ഈ പൊരുത്തക്കേട് അതിൽ മുഴച്ചുനില്ക്കുകയും ചെയ്തു. യാന്ത്രികഭൗതികവാദത്തിന്റെ പൊതുചട്ടക്കൂട് നിലനില്ക്കുമ്പോൾ തന്നെ ലോജിക്കൽ പോസിറ്റിവിസത്തിന്റെ സ്വാധീനഫലമായ ആശയവാദവീക്ഷണങ്ങളും ഈ കൃതിയിൽ ചിതറി കിടക്കുന്നുണ്ട്. 'നിരീക്ഷിക്കുന്ന വ്യക്തിയുടെ മാനസികപ്രവർത്തനങ്ങൾ സജീവപങ്കാളിയായിക്കൊണ്ടുള്ള പ്രപഞ്ചചിത്രം' തുടങ്ങിയ പരാമർശങ്ങൾ ഇങ്ങനെയാണ് രൂപംകൊണ്ടത്. ഇത്തരം പുതിയ വീക്ഷണങ്ങളിലെ ശരിയും തെറ്റും മാർക്സിസ്റ്റു രീതി അപഗ്രഥിച്ച് കണ്ടെത്താനും വിലയിരുത്താനുമുള്ള ധാരണ അന്നെനിക്ക് ഉണ്ടായിരുന്നില്ല. [ 9 ] അത്തരമൊരു സമഗ്രധാരണ ഇപ്പോഴും ഉണ്ടെന്ന് അഭിപ്രായമില്ല. ഉള്ള ധാരണ വെച്ചുതന്നെ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് പുതിയൊരു വിലയിരുത്തൽ നടത്താൻ ഈ രണ്ടാം പതിപ്പിൽ ശ്രമിച്ചിട്ടുമില്ല. ദാർശനികതലത്തിലുള്ള വ്യാഖ്യാനങ്ങളെ സംബന്ധിച്ചിടത്തോളം സമ്മിശ്രവീക്ഷണങ്ങൾ അതേപടി ഈ പതിപ്പിലും നിലനില്ക്കുന്നുണ്ട്. എങ്കിലും ആധുനികശാസ്ത്രം നമുക്ക് നൽകിയിട്ടുള്ള വിജ്ഞാനസമ്പത്തിന്റെ പ്രാഥമികമായ ക്രോഡീകരണം എന്ന നിലയ്ക്ക് ഈ പുസ്തകത്തിന് പ്രസക്തിയുണ്ടെന്നു ഞാൻ കരുതുന്നു. അതിൽ കവിഞ്ഞ പ്രാധാന്യം ഇതിനില്ലതാനും.

യാന്ത്രിക ഭൗതികവാദവും ലോജിക്കൽ പോസിറ്റിവിസവും കൂടിക്കലർന്നുള്ള സമ്മിശ്ര വീക്ഷണത്തിൽ മാർക്സിയൻ ദർശനത്തിന്റെയും ചരിത്ര, രാഷ്ട്രീയ വീക്ഷണത്തിന്റെയും ഘടകങ്ങൾ കൂടി ചേരുകയാണുണ്ടായത്. മാർക്സിസ്റ്റു പാഠപൂസ്തകങ്ങൾ വായിച്ചിട്ടുള്ള വളരെ പ്രാഥമികവും ഉപരിപ്ലവവുമായ ധാരണ മാത്രമാണ് അന്നുണ്ടായിരുന്നത്. മാർക്സിസ്റ്റു പാഠപുസ്തകങ്ങളിൽ സാധാരണ കണ്ടുവരുന്ന യാന്ത്രികവീക്ഷണം തന്നെയാണ് ഞാനും ഉൾക്കൊണ്ടിരുന്നത്. എങ്കിലും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തെക്കുറിച്ചു അന്ന് ലഭിച്ച ധാരണകൾ വെച്ച് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ ഓരോന്നും വ്യാഖ്യാനിക്കാനുള്ള ശ്രമം അന്നു നടത്തുകയുണ്ടായില്ല. മറിച്ച്, ഏറെക്കുറെ തുറന്ന മനസ്സോടെ പുതിയ പ്രശ്നങ്ങൾ നോക്കിക്കാണാനാണ് ശ്രമിച്ചത്. ഇത്തരമൊരു സമീപനം കാരണം ചില പ്രധാന പ്രശ്നങ്ങളിലെങ്കിലും പൊതുവിൽ ശരിയായ സമീപനം സ്വീകരിക്കാൻ കഴിഞ്ഞു എന്നതും പ്രസ്താവ്യമാണ്.

ജനിതകശാസ്ത്രരംഗത്തുണ്ടായ പുതിയ കണ്ടുപിടുത്തങ്ങൾവഴി പ്രബലപ്പെട്ട മനുഷ്യനുൾപ്പെടെയുള്ള ജിവികളുടെ സ്വഭാവനിർണ്ണയത്തിൽ പാരമ്പര്യ-ജൈവഘടകങ്ങൾ പ്രധാന പങ്കു വഹിക്കുന്നു എന്ന ധാരണ സാഹചര്യമാണ് നിർണ്ണായകമെന്ന മാർക്സിയൻ വീക്ഷണത്തെ നിഷേധിക്കുകയല്ലേ എന്ന സംശയം ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും ശേഷവും കമ്മ്യുണിസ്റ്റുകാർക്കിടയിൽ വ്യാപകമായി നിലനിന്നിരുന്നു. മാർക്സിസ്റ്റു പാഠപുസ്തകങ്ങൾ, ഇങ്ങനെയുള്ള ധാരണയെ ബലപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നതും. എന്നാൽ ആധുനിക ജനിതകശാസ്ത്രത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ രൂപീകരിക്കാൻ എനിക്ക് അന്നുതന്നെ കഴിഞ്ഞിരുന്നതുകൊണ്ട്, ജൈവ-പാരമ്പര്യഘടകങ്ങളും സാഹചര്യവും തമ്മിലുള്ള പ്രതിപ്രവർത്തനത്തിലൂടെ മനുഷ്യനടക്കമുള്ള ജീവികളുടെ സ്വഭാവ രൂപീകരണം നടക്കുന്നതെങ്ങനെയാണെന്ന് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഇത് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തെ നിഷേധിക്കുകയല്ല, മറിച്ച് ബലപ്പെടുത്തുകയാണെന്നും ഉള്ള ധാരണയിൽ അന്ന് ഞാനെത്തിയിരുന്നു. അതുപോലെ, മനുഷ്യരുടെ വ്യക്തിത്വ രൂപീകരണത്തിന്, ജൈവ-പാരമ്പര്യഘടകങ്ങളും മാനസികഘടകങ്ങളും ചരിത്രസാഹചര്യങ്ങളും പരസ്പരം പ്രതിപ്രവർത്തിക്കുന്നതിനെക്കുറിച്ചും ഒരു സാമാന്യധാരണ രൂപീകരിക്കാൻ [ 10 ] അന്ന് കഴിഞ്ഞിരുന്നു. ജഞാനസിദ്ധാന്തപരമായ (epistemological) പ്രശ്നങ്ങളുമായി ബദ്ധപ്പെട്ട് മാർക്സിസ്റ്റു ചിന്തകൻമാർക്കിടയ്ക്ക് ഇന്ന് നടക്കുന്ന ചർച്ചയുടെ തലത്തിലല്ല അന്ന് ഈ പ്രശ്നങ്ങൾ ഞാൻ മനസ്സിലാക്കിയിരുന്നതെങ്കിലും, പൊതുവിൽ എന്റെ അന്വേഷണങ്ങൾ ആ ദിശയിൽ നീങ്ങിയിരുന്നു എന്നുകാണാം. ഇതുപോലെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എന്റെ അന്വേഷണങ്ങളിലെ കേന്ദ്രവിഷയമായിരുന്നു. 'പ്രപഞ്ചവും മനുഷ്യനും' എഴുതുമ്പോൾ അതിന്റെ കേന്ദ്ര കണ്ണിയായി വർത്തിച്ചതും ഇതുതന്നെയായിരുന്നു. യാന്ത്രികവാദത്തിന്റെ പൊതുസ്വാധീനം ഇക്കാര്യത്തിലും പ്രകടമാണെങ്കിലും, പലയിടതത്തും ശരിയായ ദിശയിലുള്ള നീക്കങ്ങളും പുസ്തകത്തിൽ കാണാം.

അതേ സമയം, മറ്റു ചില പ്രശ്നങ്ങളിൽ, യാന്ത്രിക വീക്ഷണം മൂലമുണ്ടായ തകരാറ് ഗുരുതരമായിരുന്നു. 'സ്വാതന്ത്ര്യം' എന്ന സങ്കല്പം എന്നും എന്റെ അന്വേഷണവിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു. പാഠപുസ്തകമാർക്സിസത്തിലൂടെ, ഈ വിഷയത്തെക്കുറിച്ച് ലഭിച്ച ധാരണ തികച്ചും യാന്ത്രികവാദപരമായിരുന്നു. 'അനിവാര്യതയുടെ അംഗീകരണമാണ് സ്വാതന്ത്ര്യം' എന്ന ഏംഗത്‌സ് ഉദ്ധരിക്കുന്ന ഹെഗേലിയൻ നിർവ്വചനം കുറെകൂടി യാന്ത്രികമായി മനസ്സിലാക്കുകയാണ് ചെയ്‌തത്. മാത്രമല്ല, ശാസ്ത്രവിജ്ഞാനത്തിന്റെ പിന്തുണ ഉപയോഗിച്ചുകൊണ്ട് അനിവാര്യമായ ചട്ടക്കൂടിന്റെ കെട്ടുറപ്പുള്ള ഒരു ചിത്രം അവതരിപ്പിക്കുന്ന ഒരധ്യായം ആദ്യപതിപ്പിൽ ചേർക്കുകയും ചെയ്തിരുന്നു. അടിസ്ഥാനപരമായ വീക്ഷണവൈകല്യം അതിൽ മുഴച്ചുനില്ക്കുന്നതുകൊണ്ട് ആ അധ്യായം ഈ പതിപ്പിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. പുസ്തകത്തിന്റെ പൊതുഘടനയെ അത് ബാധിക്കാത്തതുകൊണ്ട് അതിനുപകരമായി ഒന്നും ചേർത്തിട്ടുമില്ല.

'പ്രപഞ്ചവും മനുഷ്യനും' എഴുതിയ കാലത്ത്, വികലമായ വീക്ഷണത്തിന്റെ അടിസ്‌ഥാനത്തിലാണെങ്കിലും, ഉണ്ടായിരുന്ന അന്വേഷണബുദ്ധി ഗണ്യമായി പരിമിതപ്പെടുത്തപ്പെടുന്ന അന്തരീക്ഷമാണ് ഒരു പാർട്ടി പ്രവർത്തകനായതിനുശേഷം അനുഭവപ്പെട്ടത്. വിപ്ലവത്തെക്കുറിച്ചുള്ള കാല്പനികധാരണകളുടെ അടിസ്‌ഥാനത്തിൽ, വിപ്ലവപരമെന്ന് ആത്‌മാർത്‌ഥമായി വിശ്വസിച്ച പാർട്ടി ലൈനിലും അച്ചടക്കത്തിലും നിന്നുകൊണ്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്ന ഒരു രീതി കൈക്കൊണ്ടതോടെയാണ് അതുവരെ നിലനിന്നിരുന്ന തുറന്നമനസ്സോടെയുള്ള സമീപനത്തിന് വിഘാതം നേരിട്ടത്. ഇതിനെ തുടർന്നുണ്ടായ മാനസികമായ മുരടിപ്പിൽനിന്ന് മോചനം നേടാൻ പലതരത്തിലുള്ള തിരിച്ചടികളുടെ ശക്തമായ ആഘാതം തന്നെ നേരിടേണ്ടിവന്നു. സമീപനത്തെ സംബന്ധിച്ചിടത്തോളം ഗുണപരമായ മാറ്റമുണ്ടാവാൻ തുടങ്ങിയത് മാവോയുടെ നിര്യാണവും തുടർന്നുള്ള ചൈനയിലെ അട്ടിമറിയും പ്രസ്ഥാനത്തിനുള്ളിൽ ഉണർത്തിവിട്ട പ്രത്യയശാസ്ത്രവിവാദങ്ങളോടുകൂടിയാണ്. മാർക്സിയൻ ദർശനത്തിലേയ്ക്ക് ആഴത്തിലും തുറന്ന മനസ്സോടെയും ഇറങ്ങിച്ചെല്ലാനുള്ള പ്രചോദനം നൽകുന്നത് പാർട്ടി [ 11 ] ക്കുള്ളിൽ ഉയർന്നുവന്ന ഈ പുതിയ സാഹചര്യമായിരുന്നു. മാർക്സിയൻ വൈരുധ്യശാസ്ത്രത്തിന്റെ അന്തസ്സത്തയായ സമൂർത്തസാഹചര്യങ്ങളുടെ സമൂർത്തവിശകലനം എന്ന സമീപനരീതിയുടെ പ്രാധാന്യം ആഴത്തിൽ ഉൾക്കൊള്ളാൻ തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. അതോടുകൂടിയാണ് വീണ്ടും ശാസ്ത്രീയമായ സമീപനരീതി വികസിപ്പിച്ചെടുക്കാനുള്ള അന്വേഷണത്തിന് പൊതുവിൽ ശരിയായ ഒരു ദിശാബോധം ലഭിക്കാൻ തുടങ്ങിയത്. അശാസ്ത്രീയമായ സമീപനരീതിയുമായി ബന്ധപ്പെട്ടുകൊണ്ട്, പ്രസ്ഥാനത്തിന് നേരിട്ട തിരിച്ചടികളെയും നഷ്ടങ്ങളെയും വിലയിരുത്താൻ തുടങ്ങിയതോടെയാണ്, മാർക്സിയൻ ദർശനത്തിന്റെ ശാസ്ത്രീയത വീണ്ടെടുക്കാനുള്ള തീവ്രശ്രമങ്ങൾ പ്രസ്ഥാനത്തിനുള്ളിൽ തന്നെ ആരംഭിച്ചത്.

എന്നാൽ ചൈനയിലെ മുതലാളിത്ത പുനഃസ്ഥാപനത്തോടുകൂടി, ലോകകമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ മുന്നിൽ ഉയർന്നു വന്നിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളി എന്ന നിലയ്ക്ക്, തിരുത്തൽവാദത്തെയും അതിന്റെ ദാർശനികാടിത്തറയായി നിലകൊള്ളുന്ന യാന്ത്രിക സമീപനത്തെയും തുറന്നുകാട്ടാനുള്ള ശ്രമങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഊന്നൽ നൽകപ്പെട്ടത്. ഇത്തരമൊരു പശ്ചാത്തലതതിൽ, യാന്ത്രിക ഭൗതികവാദത്തിനെതിരായ സമരത്തിൻ്റെ മറവിൽ, ആശയവാദപരമായ വീക്ഷണങ്ങൾ എങ്ങനെ പ്രധാനപ്പെട്ട ഒരു വെല്ലുവിളിയായി ഉയർന്നുവരുന്നു എന്നതിന്റെ നല്ല ദൃഷ്ടാന്തം സാർവ്വദേശീയ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ആശയസമരം തന്നെയാണ്. ഇത്തരം പ്രവണതകളെക്കുറിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള ഒരവലോകനത്തിന് മുതിരുകയല്ല ഇവിടെ. പക്ഷേ, നമ്മുടെ ചർച്ചാവിഷയമായ പുസ്തകത്തിൽ കൈകാര്യം ചെയ്യുന്ന ചില വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്നുനടക്കുന്ന ചില വിവാദങ്ങളിലേക്ക് വിരൽ ചൂണ്ടാൻ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്. മാർക്സിസവും ശാസ്ത്രവും തമ്മിലുള്ള ബന്ധം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം തുടങ്ങിയ ചില കാതലായ വിഷയങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന ചർച്ചയാണ് ഇവിടെ വിവിക്ഷ.

പ്രകൃതിശാസ്ത്രവും സാമൂഹ്യശാസ്ത്രവും

ഒക്ടോബർ വിപ്ലവത്തെ തുടർന്ന് കോമിന്റേൺ ചരിത്രവുമായി ബന്ധപ്പെട്ടുകൊണ്ട് ലോകകമ്മ്യൂണിസ്റ്റുപ്രസ്ഥാനം വളർന്നുവന്നത് അധികവും പ്രായോഗികപ്രശ്നങ്ങളോട് പ്രതികരിക്കുന്ന തരത്തിലാണ്. വിപ്ലവം നടന്ന ഭൂരിപക്ഷം രാജ്യങ്ങളിലും മുതലാളിത്ത പുനഃസ്ഥാപനപ്രക്രിയ അരങ്ങേറിയ വമ്പിച്ച പ്രതിസന്ധിയെപ്പോലും അത് നേരിട്ടത് മുഖ്യമായും പ്രായോഗികതലത്തിലായിരുന്നു. ഈ വെല്ലുവിളിക്കുള്ള മറുപടി ചൈനയിലെ സാംസ്കാരികവിപ്ലവത്തിന്റെ അനിതരസാധാരണമായ പ്രയോഗത്തിലൂടെയാണ് ഉരുത്തിരിഞ്ഞുവന്നത്. ഈ പ്രായോഗിക സമീപനത്തിന്റെ പിന്നിൽ സൈദ്ധാന്തികാന്വേഷണങ്ങളധികവും സജീവമായ [ 12 ] വർഗ്ഗസമരത്തിൻ്റെ പ്രായോഗികപ്രശ്നങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടുകൊണ്ടാണ് ഉരുത്തിരിഞ്ഞുവന്നത്.

എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായി, ലോകകമ്യൂണിസ്റ്റു പ്രസ്ഥാനത്തിറന്റെ ഈ ഔദ്യോഗിക ചരിത്രത്തിൽനിന്നു വേറിട്ടു നിന്നുകൊണ്ട്, കമ്യൂണിസ്റ്റ് പ്രസ്ഥാനവും മാർക്സിസവും നേരിടുന്ന വെല്ലുവിളികൾക്ക് സൈദ്ധാന്തികതലത്തിൽ ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങൾ ഒക്ടോബർ വിപ്ലവത്തിനുശേഷമുള്ള കാലഘട്ടത്തിൽ ഏതാണ്ട് തുടർച്ചയായി തന്നെ നടന്നിട്ടുണ്ട്. 'പാശ്ചാത്യ മാർക്സിസം' എന്നും 'നവീന ഇടതുപക്ഷം' എന്നും ഇന്ന് പലരും വിശേഷിപ്പിച്ചിരുന്ന ഒരു ധാരയാണ് ഇതിൻ്റെ ഫലമായി ജന്മമെടുത്തത്. പാശ്ചാത്യ മാർക്സിസം കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനമല്ല. വളരെ വ്യത്യസ്തങ്ങളായ വീക്ഷണഗതികളും സമീപനങ്ങളും അതിനുള്ളിലുണ്ട്. എങ്കിലും അവയെയെല്ലാം പൊതുവിൽ ബന്ധിപ്പിക്കുന്ന ചില സാമാന്യസവിശേഷതകളുണ്ട്. പ്രയോഗവുമായി ബന്ധപ്പെടുത്താതെ, ഉയർന്ന തലത്തിലുള്ള സൈദ്ധാന്തികചർച്ചയിൽ കേന്ദ്രീകരിച്ചുകൊണ്ട്, മാർക്സിസത്തിൻ്റെ പല അടിസ്ഥാന പ്രമാണങ്ങളും വിമർശനബുദ്ധ്യാ പുനഃപരിശോധിക്കാനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഈ ധാരയുടെ പൊതുസ്വഭാവമാണ്‌. പ്രയോഗത്തിൻ്റെ തത്വശാസ്ത്രമെന്ന നിലയ്ക്കാണ് മാർക്സിസം വിപ്ലവപരമായിരിക്കുന്നത് എന്ന മൗലികസത്യം വീണ്ടും തെളിയിച്ചുകൊണ്ട്‌, സാംസ്കാരികവിപ്ലവം പോലുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച ഉത്തരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായി എടുത്തുപറയത്തക്ക ഒരു സംഭാവനയും ചെയ്യാൻ ഈ സൈദ്ധാന്തികാന്വേഷണങ്ങൾക്ക് കഴിഞ്ഞില്ല എന്നു കാണാം. എങ്കിലും പ്രായോഗിക വിപ്ലവപ്രവർത്തനത്തിൻ്റെ തലത്തിൽ ഗൗരവപൂർവ്വം പ്രശ്നങ്ങളെ നേരിടാൻ ശ്രമിക്കുന്നവരെ കൂടുതൽ ജാഗരൂകരാക്കത്തക്കവിധം കാതലായ പല പുതിയ പ്രശ്നങ്ങളും ഉന്നയിക്കാൻ ഈ സൈദ്ധാന്തികാന്വേഷണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുത നിഷേധിച്ചുകൂടാ.

രണ്ടാം ഇന്റർനാഷണൽ കാലഘട്ടത്തിൽ മാർക്സിസത്തെ സാമ്പത്തികശാസ്ത്രത്തിൽ ഊന്നിനില്ക്കുന്ന വെറും ആനുഭവിക ശാസ്ത്രമാക്കി താഴ്ത്തിക്കെട്ടാൻ നടന്ന ശ്രമങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് ഈ സൈദ്ധാന്തികാന്വേഷണങ്ങൾ അധികവും ആരംഭിച്ചത്. രണ്ടാം ഇന്റർനാഷനലിന്റെ രാഷ്ട്രീയത്തെ തുറന്നുകാട്ടാനും പരാജയപ്പെടുത്താനും ലെനിനു കഴിഞ്ഞെങ്കിലും അതിൻ്റെ യാന്ത്രികവാദപരമായ അടിത്തറയെ തകർക്കാൻ ലെനിൻ കാര്യമായി ഒന്നും ചെയ്തില്ലെന്നും തന്മൂലം ലെനിനുശേഷം ആ പഴയ ദാർശനികാടിത്തറതന്നെയാണ് കോമിന്റേണിനെ നയിച്ചിരുന്നതെന്നുമുള്ള നിരീക്ഷണമാണ് ഈ അന്വേഷണങ്ങൾക്ക് അടിസ്ഥാനമായി വർത്തിച്ചത്. സാമ്പത്തികാടിത്തറയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ഉപരിഘടനയുടെ പ്രാധാന്യത്തെ അവഗണിച്ച യാന്തികസമീപനത്തെ എതിർത്തുകൊണ്ട്, ഉപരിഘടനയെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഏകപക്ഷീയമായ ഊന്നൽ [ 13 ] നൽകുന്ന ഒരു പ്രവണതയാണ് 'പാശ്ചാത്യ മാർക്സിസ'ത്തിൽ ശക്തി പ്രാപിച്ചുവന്നത്.

ഇതോടു ബന്ധപ്പെട്ടുകൊണ്ടാണ് രണ്ടാം ഇൻ്റർനാഷണൽ കാലഘട്ടത്തിലെ ശാസ്ത്രമാത്രവാദത്തെ തകർക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. മനുഷ്യചരിത്രവുമായി ബന്ധപ്പെട്ട സാമൂഹ്യശാസ്ത്രവിഷയങ്ങളെയെല്ലാം പ്രകൃതിശാസ്ത്രങ്ങളാക്കി ചുരുക്കികാണാനുള്ള രണ്ടാം ഇൻ്റർനാഷണൽ കാലഘട്ടത്തിലെ ശ്രമത്തെയാണ് ശാസ്ത്രമാത്രവാദം (Scientism)എന്നു പറയുന്നത്. പ്രകൃതിശാസ്ത്രത്തിൻ്റെ വിഷയങ്ങളായ പ്രാകൃതികപ്രതിഭാസങ്ങളിൽനിന്ന് ഭിന്നമായി സാമൂഹ്യശാസ്ത്രങ്ങളുടെ വിഷയം കർതൃത്വശേഷിയുള്ള മനുഷ്യരായതുകൊണ്ട്, ഈ രണ്ടുവിഭാഗം വിജ്ഞാനശാഖകൾ മൗലികമായി വ്യത്യസ്തങ്ങളാണെന്ന നിലപാടിൽ നിന്നാണ് ഈ വിമർശനം ഉയർന്നുവന്നിട്ടുള്ളത്. മനുഷ്യചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് മാർക്സിസം കൈകാര്യം ചെയ്യുന്നതെന്നും, അതുകൊണ്ട് മാർക്സിസത്തെ പ്രകൃതിശാസ്ത്രങ്ങളുടെ തലത്തിൽ കാണാൻ പാടില്ലെന്നുമാണ് ഈ നിലപാടെടുക്കുന്നവുടെ വാദഗതി. മാത്രമല്ല, രണ്ടാം ഇൻ്റർനാഷണൽ കാലഘട്ടത്തിലെ ശാസ്ത്രമാത്രവാദത്തിന് അടിത്തറയുണ്ടാക്കിക്കൊടുത്തത് ഏംഗൽസ് തന്നെയാണെന്ന വിമർശനവും ഇവർക്കുണ്ട്. ഏംഗൽസിന്റെ 'പ്രകൃതിയുടെ വൈരുധ്യശാസ്ത്രം' തുടങ്ങിയ കൃതികൾ, പ്രകൃതിശാസ്ത്രങ്ങളെയും സാമൂഹ്യശാസ്ത്രങ്ങളെയും വൈരുധ്യശാസ്ത്രത്തിന്റെ പൊതുവായ ചട്ടക്കൂടിൽവെച്ച് വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളതെന്നാണ് ഇവരുടെ വിമർശനം. ശാസ്ത്രമാത്രവാദത്തെ ശക്തിപ്പെടുത്തുന്നതിൽ ചിലപ്പോഴെങ്കിലും മാർക്സും ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നവരും ഈ വിമർശകർക്കിടയിലുണ്ട്. ഇങ്ങനെ ശാസ്ത്രമാത്രവാദത്തിന്റെ ഉറവിടം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്യാൻ കച്ചകെട്ടിയ ചിലരെങ്കിലും, മാർക്സിസം തന്നെ ശാസ്ത്രമാത്രവാദമാണെന്ന് കണ്ടെത്തിമാർക്സിസ്റ്റു വിരുദ്ധ നിലപാടിലേക്കെത്തിയ ചരിത്രവുമുണ്ട്‌.

'പാശ്ചാത്യ മാർക്സി'സത്തിൻറെ ഒരു പൊതുസ്വഭാവമെന്ന നിലയ്ക്ക് വളർന്നുവന്ന ഈ ശാസ്ത്രമാത്രവാദത്തിനെതിരായ നിലപാട് പലപ്പോഴും ശാസ്ത്രത്തിനുതന്നെ എതിരായ സമീപനമായി അധഃപതിച്ചിട്ടുണ്ട്. പ്രകൃതിയെയും പ്രകൃതിശാസ്ത്രങ്ങളെയും എല്ലാം മനുഷ്യചരിത്രത്തിലൂടെ നോക്കിക്കാണുന്ന ഈ നിലപാട് പൊതുവിൽ ഒരു തരം ചരിത്രമാത്രവാദ(historicism)മായിത്തീരുകയാണ് ചെയ്തിട്ടുള്ളത്. സാമൂഹ്യശാസ്ത്രങ്ങളെ പ്രകൃതിശാസ്ത്രമാക്കി ചുരുക്കി എന്ന് ശാസ്ത്രവാദികൾക്കെതിരായി വിമർശനം ഉന്നയിക്കുന്ന ഇക്കൂട്ടർ തിരിച്ച് പ്രകൃതിശാസ്ത്രങ്ങളെയെല്ലാം സാമൂഹ്യശാസ്ത്രങ്ങളുടെ ഉപോല്പന്നങ്ങളാക്കി ചുരുക്കാനാണ് ശ്രമിച്ചത്.

രണ്ടാം ഇന്റർനാഷണലിന്റെ ശാസ്ത്രമാത്രവാദം യാന്ത്രിക ഭൌതികവാദത്തിൽനിന്ന് ഉടലെടുത്തതാണെങ്കിൽ ചരിത്രമാത്രവാദത്തിൻ്റെ അടിത്തറ ആശയവാദമാണ്. 'പ്രകൃതിശാസ്ത്രങ്ങളിൽ വൈരുധ്യശാസ്ത്രം പ്രയോഗി [ 14 ] ക്കാനുള്ള ഏംഗത്‌സിന്റെ ശ്രമങ്ങളെ വിമർശിച്ചികൊണ്ട് കർത്താവും വിഷയവും തമ്മിലുള്ള പ്രതിപ്രവർത്തനമുള്ളിടത്ത് മാത്രമേ വൈരുധ്യശാസ്ത്രത്തിന് പ്രസക്തിയുള്ളു എന്ന നിലപാടാണ് ചരിത്രവാദികൾ സ്വീകരിക്കുന്നത്. എന്നാൽ പ്രകൃതിശാസ്ത്രങ്ങളിൽ കർതൃനിരപേക്ഷമായ വിജ്ഞാനമാണ് രൂപീകരിക്കപ്പെടുന്നതെന്നതുകൊണ്ട് അവിടെ വൈരുധ്യശാസ്‌ത്രത്തിന്സ്ഥാനമില്ലത്രെ. കർതൃനിരപേക്ഷരങ്ങളായ പ്രകൃതിശാസ്ത്രങ്ങളെ മനുഷ്യവിജ്ഞാനസമ്പത്തായി കണക്കാക്കണമെങ്കിൽ, അവയെ മനുഷ്യചരിത്രത്തിന്റെ ഉപോല്പന്നങ്ങളെന്ന നിലയ്ക്ക് സാമൂഹ്യശാസ്ത്രങ്ങളുടെ ഭാഗമാക്കിമാറ്റണം. ഫലത്തിൽ കർത്താവിൽനിന്ന് സ്വതന്ത്രമായി നിലനില്ക്കുന്ന ബാഹ്യലോകത്തെ നിഷേധിക്കുന്ന ശുദ്ധ ആശയവാദത്തിലേയ്‌ക്കാണ് ഇത്‌ നയിക്കുന്നത്.

ഇവിടെ നമ്മുടെ മുന്നിൽ ഉയർന്നുവരുന്ന കാതലായ പ്രശ്നം പ്രകൃതിശാസ്ത്രങ്ങളും സാമൂഹ്യശാസ്‌ത്രങ്ങളും തമ്മിൽ നിലവിലുള്ള സമാനതകളും അന്തരങ്ങളും കൃത്യമായി കണ്ടെത്തുക എന്നതാണ്. പ്രകൃതിശാസ്ത്രങ്ങളുടെ പൊതുവായ പ്രധാനപ്പെട്ട സവിശേഷത, അവയുല്പാദിപ്പിക്കുന്നവിജ്ഞാനത്തിൽനിന്നു സ്വതന്ത്രമായി അതിനാധാരമായ വസ്തുക്കളും പ്രതിഭാസങ്ങളും നിലനില്‌ക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണ്. പ്രതിഭാസങ്ങളെക്കുറിച്ച് രൂപീകരിക്കുന്ന വിജ്ഞാനം അവയുമായി പൊരുത്തപ്പെടുന്നതാണോ എന്ന് പരീക്ഷണങ്ങളിലൂടെ പരിശോധിച്ചറിയാനും അങ്ങനെ അവ തമ്മിലുള്ള ആന്തരികബന്ധങ്ങൾ കണ്ടെത്താനും പ്രകൃതിശാസ്ത്രങ്ങളുടെ രീതി ഉപയുക്തമാവുന്നു. സാമൂഹ്യശാസ്ത്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ രീതി എത്രത്തോളം പ്രസക്തമാണെന്നാണ്‌ പരിശോധിക്കാനുള്ളത്.

സ്വതന്ത്രമായ അസ്തിത്വമുള്ള ഒരു പ്രതിഭാസമാണോ സമൂഹം എന്നകാര്യമാണ് ആദ്യം തീരുമാനിക്കേണ്ടത്. ചരിത്രമാത്രവാദികൾ പൊതുവെ, വ്യക്തിനിഷ്‌ഠങ്ങളായ കർതൃത്വങ്ങളുടെ ആകത്തുകയായിട്ടാണ് സമൂഹത്തെ കാണുന്നത്. ഫലത്തിൽ, വ്യക്തിനിഷ്‌ഠമായ കർതൃത്വങ്ങളിൽനിന്ന് ഗുണപരമായി ഭിന്നമായ പുതിയൊരു സത്തയായി സമൂഹത്തെ അവർ കാണുന്നില്ല. അങ്ങനെ വരുമ്പോൾ, സമൂഹത്തിലെ അംഗങ്ങളായ വ്യക്തികളുടെ മാനസിക വ്യാപാരത്തിൽനിന്ന് സ്വതന്ത്രമായ ഒരു സാമൂഹ്യയാഥാർത്‌ഥ്യത്തെ അവർ അംഗീകരിക്കുന്നില്ലെന്ന് കാണാം. അപ്പോൾ, പ്രകൃതിശാസ്ത്രങ്ങളുടെ മാനദണ്‌ഡം സാമൂഹ്യശാസ്ത്രതലത്തിൽ പ്രായോഗികമല്ലെന്ന് വരുന്നു. എന്നാൽ ഈ വാദഗതി മൗലികമായ സാമൂഹ്യയാഥാർത്‌ഥ്യത്തെ നിഷേധിച്ചുകൊണ്ടാണ് കെട്ടിപ്പൊക്കിയിട്ടുള്ളത്. വ്യക്തിയും സമൂഹവും മൗലികമായി വ്യത്യസ്തതലത്തിൽ നിലകൊള്ളുന്ന ഭിന്ന യാഥാർത്‌ഥ്യങ്ങളാണ്.വ്യക്തികളുടെ ഒരു സഞ്ചയമല്ല മനുഷ്യസമൂഹം. ഒറ്റപ്പെട്ട വ്യക്തികൾക്ക്ഒരിക്കലും രൂപീകരിക്കാൻ കഴിയാത്ത സാമൂഹ്യബന്ധങ്ങളുടെ ആകത്തുകയാണ് സമൂഹം. വ്യക്തിത്വങ്ങളുടെ തലത്തിൽനിന്ന്, ഗുണപരമായി [ 15 ] തുലോം ഭിന്നമായ ഒരു യാഥാർത്‌ഥ്യമാണ് സാമൂഹ്യതലത്തിൽ സൃഷ്‌ടിക്കപ്പെടുന്നത്. വ്യക്തികളുടെ മാനസികവ്യാപാരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ, അതിൽനിന്ന് സ്വതന്ത്രമായ സാമൂഹ്യസത്തയുടെ സാന്നിദ്ധ്യം, സാമൂഹ്യശാസ്ത്രങ്ങളെ പ്രകൃതിശാസ്ത്രങ്ങളുടെ തലത്തിൽ കൈകാര്യം ചെയ്യാനുള്ള കളമൊരുക്കുന്നു.

എന്നാൽ ഈ സാദൃശ്യത്തോടൊപ്പം കാതലായ ചില അന്തരങ്ങളും നാം കാണേണ്ടതുണ്ട്. സാമൂഹ്യസത്തയുടെ അസ്തിത്വം, വസ്തുനിഷ്ഠമായി ഗോചരീയമല്ല. സാമൂഹ്യഘടനയുടെ പ്രവര്ത്തനങ്ങളിലൂടെയാണ് നമുക്ക് അത്അനുഭവവേദ്യമാകുന്നത്. മറ്റു പ്രാകൃതിക പ്രതിഭാസങ്ങളിൽ നിന്ന് വ്യത്യസ്തമായി, സാമൂഹ്യഘടനയ്ക്ക് അതിന്റെ പ്രവർത്തനങ്ങളിൽനിന്ന് സ്വതന്ത്രമായി നിലനില്‌ക്കുക സാധ്യമല്ല. കാരണം ഈ പ്രവർത്തനങ്ങളിലൂടെ മാത്രമാണ് സാമൂഹ്യഘടനയുടെ അസ്തിത്വംതന്നെ സ്‌ഥാപിക്കപ്പെടുന്നത്. ഈ സാമൂഹ്യഘടന, സാമൂഹ്യസൃഷ്‌ടിയുമാണ്. ഈ സാമൂഹ്യോല്പാദനം നിരന്തരം നടക്കുന്ന പ്രക്രിയയായതുകൊണ്ട് സാമൂഹ്യഘടനയുടെ സ്വഭാവവും നിരന്തരമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കും. പ്രകൃതിശാസ്ത്രത്തിന് കണ്ടെത്താൻ കഴിയുന്ന വിധത്തിൽ കൂടുതൽ സ്‌ഥായീസ്വഭാവമുള്ള നിയമങ്ങൾ കണ്ടെത്താൻ സാമൂഹ്യശാസ്ത്രങ്ങളിൽ സാധ്യമല്ലെന്നാണ് ഇതു കാണിക്കുന്നത്. പക്ഷേ, ഈ സവിശേഷതകൾ സാമൂഹ്യശാസ്ത്രങ്ങളെ പ്രകൃതിശാസ്ത്രങ്ങളിൽനിന്ന് തുലോം വിഭിന്നമാക്കുന്നില്ല. പ്രകൃതിശാസ്ത്രങ്ങളുടെ പൊതുവായ ചട്ടക്കൂടിനുള്ളിൽ, വ്യത്യസ്ത ശാസ്ത്രശാഖകൾക്ക്അവയുടെ മേഖലയുടെ സവിശേഷതകൾക്കനുസരിച്ച് വ്യത്യസ്ത സമ്പ്രദായങ്ങൾ സ്വീകരിക്കേണ്ടതായി വരും. സാമൂഹ്യശാസ്ത്രങ്ങളുടെ സ്‌ഥിതിയും ആ രീതിയിലാണ് കാണേണ്ടത്. മറ്റു പ്രകൃതിശാസ്ത്രങ്ങളുടെ തലത്തിലേക്ക് സാമൂഹ്യശാസ്ത്രങ്ങളെ ചുരുക്കാൻ ശ്രമിക്കുന്നത് സാമൂഹ്യശാസ്ത്രങ്ങളുടെ സവിശേഷതകൾ കണക്കിലെടുക്കാത്ത സമീപനത്തിന്റെ ഫലമാണ്. ശാസ്ത്രമാത്രവാദത്തിന്റേയും ചരിത്രമാത്രവാദത്തിന്റേയും ഏകപക്ഷീയതകൾ ഒഴിവാക്കിക്കൊണ്ട് യാഥാർത്‌ഥ്യബോധത്തോടുകൂടിയ ഒരു സമീപനമാണ്ആവശ്യം.

സാമൂഹ്യഘടന അതിന്റെ അസ്തിത്വം സ്ഥാപിക്കുന്നത് സമൂഹത്തിലെ വ്യക്തികളുടെ ബോധപരമായ പ്രവർത്തനങ്ങളിലൂടെയാണ് എന്ന വസ്തുത വീണ്ടും വ്യക്തികളുടെ ആത്‌മനിഷ്‌ഠ പ്രവർത്തനങ്ങളാണ് സമൂഹത്തിന്റെ അടിത്തറ എന്ന വാദഗതിയെ ബലപ്പെടുത്തുന്നു എന്നു തോന്നിച്ചേക്കാം. വ്യക്തികളുടെ ആത്‌മനിഷ്‌ഠ പ്രവർത്തനങ്ങൾ കൂടിച്ചേർന്നാൽ സമൂഹത്തിന്റെ ആത്‌മനിഷ്‌ഠത സൃഷ്‌ടിക്കപ്പെടുകയില്ലെന്നതാണ് കാതലായ കാര്യം. വ്യക്തികളുടെ ഇഷ്‌ടാനിഷ്‌ടങ്ങളിൽ നിന്ന് ഭിന്നമായ ഒരു വസ്തുനിഷ്‌ഠതയാണ് സാമൂഹികതലത്തിൽ രൂപംകൊള്ളുന്നത്. ആത്‌മനിഷ്‌ഠതയെ സാമൂഹ്യതലത്തിലേക്ക് വ്യാപരിപ്പിച്ചുകൊണ്ട് ചർച്ചചെയ്യുമ്പോഴാണ് ആശയവാദത്തിന്റെ പടുകുഴിയിൽ നിപതിക്കുന്നത്. വ്യക്തിനിഷ്‌ഠതല [ 16 ] ത്തിൽനിന്ന് അതീതമായി, സാമൂഹ്യഘടന വസ്തുനിഷ്ഠസ്വഭാവം കൈവരിക്കുന്നതുകൊണ്ടാണ്, സാമൂഹ്യഘടനയുടെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്ന സാമൂഹ്യശാസ്ത്രങ്ങൾ പ്രസക്തമായിരിക്കുന്നത്. മറ്റു പ്രകൃതിശാസ്ത്രങ്ങൾ കണ്ടെത്തുന്ന നിയമങ്ങളുടെ സഹായത്തോടെ വിവിധ മണ്ഡലങ്ങളെ നിയന്ത്രണാധീനമാക്കാൻ കഴിയുന്നതുപോലെതന്നെയാണ് സാമൂഹ്യശാസ്ത്രനിയമങ്ങൾ കണ്ടെത്തുകവഴി, സാമൂഹ്യഘടനയെയും അതിന്റെ ചലനങ്ങളേയും നിയന്ത്രിക്കാൻ നമുക്കു കഴിയുന്നത്. വ്യക്തികളുടെ ആത്മനിഷ്ഠമായ മാനസിക വ്യപാരങ്ങൾ മനശാസ്ത്രത്തിന്റെ വിഷയമാണ്. വസ്തുനിഷ്ഠ സ്വഭാവം കൈകൊള്ളുന്ന സാമൂഹ്യഘടനയുടെ പ്രശ്നങ്ങൾ സാമൂഹ്യശാസ്ത്രത്തിന്റെ വിഷയങ്ങളും.

പ്രകൃതിശാസ്ത്രങ്ങളുടെ ഉത്ഭവവും വളർച്ചയും പ്രവർത്തനരീതിയുമെല്ലാം സാമൂഹ്യശാസ്ത്ര വിഷയങ്ങളാണ്. എന്നാൽ പ്രകൃതിശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളാകട്ടെ സമൂഹബാഹ്യവുമാണ്. എന്നാൽ സാമൂഹ്യശാസ്ത്രങ്ങളെ സംബന്ധിച്ചിടത്തോളം അവയുടെ വിഷയങ്ങളും അവയുടെ ആന്തരികഘടനയും സാമൂഹ്യശാസ്ത്രങ്ങളുടെ വിഷയങ്ങൾ തന്നെയാണ്. അതായത്, പ്രകൃതിശാസ്ത്രങ്ങൾ സാമൂഹ്യശാസ്ത്രങ്ങളെ സംബന്ധിച്ചടത്തോളം ബാഹ്യവിഷയങ്ങളായിരിക്കുമ്പോൾ, സാമൂഹ്യശാസ്ത്രങ്ങൾ അവയുടെതന്നെ ആന്തരികഘടനയുടെ പ്രശ്നങ്ങളായി മാറുന്നു. പക്ഷേ, ഈ സവിശേഷത പ്രകൃതിശാസ്ത്രങ്ങളുടെ പൊതുചട്ടക്കൂടിൽ സാമൂഹ്യശാസ്ത്രങ്ങൾ ഉൾപ്പെടുന്നതിന് തടസ്സമാകുന്നില്ല.

പ്രകൃതിയും മനുഷ്യനും

പ്രകൃതിശാസ്ത്ര-സാമൂഹ്യശാസ്ത്രങ്ങളുമായി അഭേദ്യമായ ബന്ധപ്പെട്ട ചില കാര്യങ്ങൾ തന്നെയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ ഉയർന്നുവരുന്നത്. 'പാശ്ചാത്യ മാർക്സിസം' വളർത്തിക്കൊണ്ടുവന്ന ചരിത്രമാത്രവാദവുമായി ബന്ധപ്പെട്ട ആശയവാദത്തിനെതിരായി ഫലപ്രദമായ ഒരു സമരം പാശ്ചാത്യ മാർക്സിസത്തിനുള്ളിൽത്തന്നെ വളർന്നു വരികയുണ്ടായി. ഈ സമരത്തിന്റെ ഭാഗമായിട്ടാണ് ഇതുവരെ മാർക്സിസത്തിന്റെ ചട്ടകൂടിനുള്ളിൽ നിന്നുകൊണ്ട് നടന്നിട്ടില്ലാത്ത ഒരു ചർച്ച, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, അടുത്തകാലമായി ഉയർന്നുവന്നിട്ടുള്ളത്. 'പാശ്ചാത്യ മാർക്സിസ'ത്തിന്റെ ആശയവാദത്തോടുള്ള കലാപമെന്ന നിലയ്ക്ക് ആരംഭിച്ച ഈ സമരം, ചിലപ്പോഴൊക്കെ മറുകണ്ടംചാടി യാന്ത്രിക ഭൗതികവാദത്തിലേയ്ക്ക് വഴുതി വീഴുന്നുണ്ടെങ്കിലും, പൊതുവിൽ ആരോഗ്യകരമായ ഒരു സംവാദമാണ് ഇതിലൂടെ വളർന്നുവന്നിട്ടുള്ളത്.

മനുഷ്യസമൂഹത്തിന്റെ ജീവശാസ്ത്രപരമായ അടിത്തറയെക്കറിച്ച് മാർക്സിനും ഏംഗത്സിനും യാതൊരു സംശയവുമുണ്ടായിരുന്നില്ലെങ്കിലും, മനുഷ്യസമൂഹത്തെ വിശകലനം ചെയ്യാൻ ചരിത്രപരവും സാമ്പത്തികശാസ്ത്രപരവുമായ ഉപാധികളാണ് അവർ മുഖ്യമായും ഉപയോഗപ്പെടുത്തിയത് [ 17 ] എന്നതുകൊണ്ട്, പിൽക്കാലത്ത് ജീവശാസ്ത്രപരവും മറ്റുമായ ഘടകങ്ങൾ ഇത്തരം വിശകലനത്തിൽനിന്ന് പൂർണ്ണമായി ഒഴിവാക്കി നിർത്തപ്പെടുകയുണ്ടായി. ഡാർവിന്റെ പരിണാമസിദ്ധാന്തത്തിലെ പ്രധാന ഘടകമായ 'അർഹതയുള്ളവയുടെ അതിജീവനം' എന്ന തത്വത്തെ മുതലാളിത്ത ചൂഷണസമ്പ്രദായത്തെ സാധൂകരിക്കാനായി ബൂർഷ്വാചിന്തകൻമാർ ഉപയോഗപ്പെടുത്തിയതും, ജനിതകശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ വംശീയവാദത്തെ ന്യായീകരിക്കാൻ മറയാക്കിയതുമെല്ലാം തന്നെ ജീവശാസ്ത്രപരമായ സമീപനത്തോട് വമ്പിച്ച എതിർപ്പുളവാക്കാൻ കാരണമായിരുന്നു. എങ്കിലും ജീവശാസ്ത്ര, മനശ്ശാസ്ത്ര പ്രശ്നങ്ങളോടെല്ലാമുള്ള അവഗണന, മനുഷ്യസമൂഹത്തെക്കുറിച്ചുള്ള സമഗ്ര ധാരണ രൂപീകരിക്കാൻ മാർക്സിസത്തെ സഹായിക്കുകയല്ല ചെയ്തത്. ചരിത്രപരവും സാമ്പത്തികവുമായ ഘടകങ്ങളിൽ മാത്രം ഊന്നുന്ന സമ്പ്രദായം സമഗ്രധാരണ രൂപീകരിക്കുന്നതിന് വിഘാതമായി തീരുകയാണുണ്ടായത്. മനുഷ്യസമൂഹത്തിന്റെ ഗതിവിഗതികൾ മനസ്സിലാക്കുന്നതിന് ചരിത്രപരവും സാമ്പത്തികവുമായ ഘടകങ്ങളെ തന്നെയാണ് മുഖ്യമായും ആശ്രയിക്കേണ്ടത് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. അന്വേഷണമണ്ഡലം. ആ മേഖലയിൽ മാത്രമായി പരിമിതപ്പെടുത്തുന്നതാണ് പ്രശ്നം.

മനുഷ്യസമൂഹത്തിന്റെ സാമ്പത്തികജീവിതത്തിന്റെ ആധാരമായ ഉല്പാദനപ്രക്രിയ മനുഷ്യന്റെ ജീവശാസ്ത്രപരമായ കഴിവുകളുമായി അഭേദ്യമായി ബന്ധപ്പെട്ടുകൊണ്ടാണ് ഉടലെടുത്തതും വികസിച്ചതും. വിശപ്പും ദാഹവുംപോലുള്ള മൗലിക ജൈവപ്രേരണകൾ, ഉല്പാദനപ്രക്രിയയ്ക്ക് എന്നും പ്രചോദനമേകുന്ന ഘടകങ്ങളാണെങ്കിലും, അതിന്റെ സാമൂഹ്യസ്വഭാവം നിർണ്ണയിക്കപ്പെടുന്നത് ചരിത്രപരവും സാമ്പത്തികവുമായ നിയമങ്ങളാലാണെന്നത് വസ്തുതയാണ്. എങ്കിലും, ഇത്തരം ജൈവഘടകങ്ങളും മറ്റു പ്രകൃതിദത്തമായ സാഹചര്യങ്ങളും, ചരിത്ര സാമ്പത്തികഘടകങ്ങളുമായി പ്രതിപ്രവർത്തിച്ചുകൊണ്ട് നിർദ്ദിഷ്ട സാഹചര്യത്തിൽ ഉല്പാദനപ്രക്രിയ സമൂർത്തരൂപം കൈകൊള്ളുന്നത് എങ്ങനെയാണെന്ന് വിശകലനം ചെയ്യണ്ടതുണ്ട്.

ഉപരിഘടനയെ നിർണ്ണയിക്കുന്നത് സാമ്പത്തികാടിത്തറയാണെന്ന ലളിതവും യാന്ത്രികവുമായ ധാരണയുടെ അപര്യാപ്തത ഇന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ യാന്ത്രികവീക്ഷണത്തിനെതിരായ സമരം പലപ്പോഴും സാംസ്കാരിക പ്രശ്നങ്ങളിൽ ഏകപക്ഷീയമായി ഊന്നുന്നതിലേയ്ക്കും, ചരിത്രമാത്രവാദത്തിലേയ്ക്കും നയിച്ചിട്ടുണ്ട്. സാമ്പത്തികനിർണ്ണയവാദത്തിനെതിരായി സമരം ചെയ്തുകൊണ്ട് ഉപരിഘടനയുടെയും പൊതുവിൽ സാംസ്കാരികമണ്ഡലത്തിന്റെയും സവിശേഷതയിൽ ഊന്നേണ്ടത് ആവശ്യമായിരുന്നു. പക്ഷേ, അപ്പോഴും സമഗ്രമായ വീക്ഷണം രൂപീകരിക്കുന്നതിനാവശ്യമായ എല്ലാ ഘടകങ്ങളും ഒത്തുചേർന്നില്ല. അതുകൊണ്ടാണ് ഇത്തരം സംരംഭങ്ങൾ പലതും ആശയവാദത്തിലേയ്ക്കും മറ്റും വഴുതിപ്പോകുന്നത്. ദർശനം, ശാസ്ത്രം, കല തുടങ്ങിയ ഉപരിഘട [ 18 ] നയിലെ മേഖലകൾക്ക് പ്രചോദനമേകുന്നത് ചരിത്ര, സാമൂഹ്യാന്തരീക്ഷം മാത്രമല്ല, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും സമരവും ഇത്തരം മേഖലകളെ ഗണ്യമായ സ്വാധീനിക്കുന്നുണ്ട്. ഈ വിവിധ മേഖലകൾ തമ്മിലുള്ള പരസ്പരബന്ധവും പ്രതിപ്രവർത്തനവും സമൂർത്തമായ പഠനത്തിനു വിധേയമാക്കിയാലേ കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കൂ.

ചരിത്ര സാമ്പത്തികഘടകങ്ങളിൽ ഊന്നുന്ന വിശകലന രീതിയെ ആശയിക്കുകനിമിത്തം, ഏറെക്കുറെ ഒരേ സാമൂഹ്യസാഹചര്യത്തിൽ തന്നെ വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾ വളർന്നുവരുന്നതെങ്ങനെയാണെന്ന പ്രശ്നം, മാർക്സിസ്റ്റുകൾ പൊതുവിൽ അവഗണിക്കുകയാണ് ചെയ്തുപോന്നിട്ടുള്ളത്. ബുർഷ്വാചിന്തകൻമാർക്ക് നല്ല വിളനിലമായി ഇത്തരം മേഖലകൾ വിട്ടുകൊടുക്കുകയാണ് മാർക്സിസ്റ്റുകൾ ചെയ്തത്. ചരിത്ര സാമ്പത്തിക സാഹചര്യങ്ങളോടൊപ്പം ജീവശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ ഘടകങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു വിശകലനരീതി വളർത്തിയെടുത്താലേ വ്യക്തിത്വ രൂപീകരണത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ച് സമഗ്രധാരണ രൂപീകരിക്കാൻ കഴിയു. വിവിധ മേഖലകളെ വെള്ളം കേറാത്ത അറകളാക്കിതിരിച്ച് വിശകലനം ചെയ്യുന്ന രീതിക്കുപകരം, അവയെല്ലാം തമ്മിലുള്ള പ്രതിപ്രവർത്തനത്തിന്റെ സങ്കീർണ്ണത ഉൾക്കൊള്ളാൻ കഴിയുന്ന വിശകലനരീതിയാണ് വളർത്തിയെടുക്കേണ്ടത്.

****


മുകളിൽ സൂചിപ്പിച്ചപോലെ സമഗ്ര ധാരണ രൂപീകരിക്കാൻ ഈ പുസ്തകത്തിന്റെ ഇന്നത്തെ ഘടന സഹായകമല്ല. എങ്കിലും, വിവിധ ശാസ്ത്രശാഖകളുമായി ബന്ധപ്പെട്ട് വിശദീകരിച്ചിട്ടുള്ള വിജ്ഞാനശകലങ്ങൾ, ഒരു സമഗ്രധാരണ രൂപീകരിക്കുന്നതിനുള്ള അസംസ്കൃതഘടകങ്ങളായി ഉപയോഗിക്കാവുന്നതാണ്. അത്തരമൊരു പരിമിതമായ ലക്ഷ്യം മാത്രം വെച്ചുകൊണ്ട് ഈപുസ്തകത്തെ സമീപിച്ചാൽ നിരാശപ്പെടേണ്ടി വരില്ല.

സെപ്റ്റംബർ, 1984 കെ. വേണു