മലബാറി
രചന:കുന്നത്തു് ജനാർദ്ദനമേനോൻ
നാലാം അദ്ധ്യായം

[ 57 ]

നാലാം അദ്ധ്യായം

ഗ്രന്ഥകാരൻ

നാനാദേശങ്ങളിലുംസോത്സാഹംസഞ്ചരിച്ചുംനാനാസമുദായങ്ങളിലുംസസ്നേഹം ഇടപെട്ടുംരാജ്യത്തെയും രാജ്യനിവാസികളെയും കുറിച്ചു് മലബാറിക്കു് ആനുഭവികമായിത്തന്നെ സിദ്ധിച്ച അറിവു് അന്യാദൃശമായിരുന്നു. മറ്റു പല പത്രാധിപന്മാരേയും പോലേ പുസ്തകങ്ങളിൽ നിന്നോ പത്രങ്ങളിൽനിന്നോ കിട്ടുന്ന അറിവുകൊണ്ടുമാത്രം മലബാറി തൃപ്തിപ്പെട്ടിരുന്നില്ല. കുബേരൻ മുതൽ കുചേലൻ വരേയും, രാജാവു മുതൽ അടിമവരെയും എല്ലാത്തരക്കാരുടെയും ഇടയിൽ അതാതിനൊത്തനിലയിൽ പെരുമാറി അവരുടെ സ്ഥിതികൾ ഗ്രഹിക്കുന്നതിനു് അദ്ദേഹം സശ്രദ്ധം ഉത്സാഹിച്ചു [ 58 ] കൊണ്ടിരുന്നു. ഭരണാധികാരികളെ ചെന്നുകണ്ടു് അവരുമായി സംഭാഷണം ചെയ്തു്, അവരുടെ കൃത്യങ്ങളിൽ ദുർബോധമുണ്ടാകാതിരിക്കാൻ തക്കവണ്ണം അവരുടെ മനോഭാവം ശരിയായി ഗ്രഹിച്ചുവെക്കുന്നതിലും അദ്ദേഹം ഉത്സുകൻ തന്നെ. ഉൽകൃഷ്ടാശയങ്ങളുടെയും ഉൽകൃഷ്ടകർമ്മങ്ങളുടെയും മധ്യത്തിൽ ജനപ്രമാണികൾ, ഭരണാധികാരികൾ എന്നിവരുമായി ഇടപെട്ടുകൊണ്ടാണു് തന്റെ ജീവിതമെങ്കിലും, സാധാരണന്മാരായ നാട്ടുകാരെയാണു് അദ്ദേഹം അധികമായി സ്നേഹിക്കയും സഹായിക്കയും ചെയ്തുവന്നതു്. ഇവരുടെ ഗുണത്തിനുവേണ്ടി മാത്രമാണു് അദ്ദേഹം ഉയർന്ന നിലകളിൽ കടന്നു് പരിമാറിയതു്. ആംഗ്ലേയവിദ്യാഭ്യാസംകൊണ്ടു് ജീവിതത്തിൽ ഒട്ടെങ്കിലുമുയർച്ച കിട്ടിപ്പോയാൽ, അങ്ങിനെയുള്ളവർ സ്വന്തം നാട്ടുകാരിൽ സാധാരണന്മാരുമായി ഇടപെടുന്നതിൽ തീരെ വിമുഖരായിരിക്കുന്നതു് ഇന്നും നാം കണ്ടുവരുന്നതുതന്നെ. ഈ ദുസ്വഭാവം മലബാറിയെ ഒരിക്കലും തീണ്ടുകയുണ്ടായിട്ടില്ല. പരിഷ്കൃതവിദ്യാഭ്യാസം കൊണ്ടു് ലോകപരിചയം നേടിയവർ ആ അറിവും അനുഭവവും സ്വദേശീയരായ സാധാരണന്മാർക്കിടയിൽ പകർത്തുവാൻ ചുമതലപ്പെട്ടവരാണെന്നും, നാട്ടുകാർ വിഢ്ഢികളാണെന്നു പുഛിച്ചുതള്ളി അവരിൽനിന്നു് ഈ വിദ്യാസമ്പന്നന്മാർ അകന്നു നിൽക്കയാലാണ് ഭാരതീയരുടെ [ 59 ] അഭിവൃദ്ധി ഇത്രയേറെ ശിഥിലമായിരിക്കുന്നതെന്നും മലബാറി അറിഞ്ഞിട്ടുണ്ടു്. അദ്ദേഹത്തേപ്പോലേ സ്വദേശീയരുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും അത്ര സൂക്ഷ്മമായി ഗ്രഹിച്ച ഒരു പത്രാധിപർ അക്കാലത്തു് വേറെ ഉണ്ടായിരുന്നില്ല. മറ്റാർക്കാനും അത്രയും ജ്ഞാനമുണ്ടായിരുന്നാൽത്തന്നെ , അധികൃതന്മാരെ അറിയിച്ചു് നിവൃത്തിനേടുവാൻ അവർ ശക്തരല്ലായിരുന്നു. മലബാറി ദേശംപ്രതി സഞ്ചരിച്ചു് ദേശീയാചാരവിചാരക്രമത്തെക്കുറിച്ചു് അപ്പൊഴപ്പോൾ കിട്ടുന്ന വൈജ്ഞാനിക സമ്പത്തെല്ലാം പത്രപംക്തികളിൽ മുറയ്ക്കു് പ്രകാശിപ്പിച്ചുവന്നു. ബോംബേ റവ്യൂ, ഇൻഡ്യൻസ്പെക്ടേറ്റർ എന്നീ പത്രങ്ങളിലാണു് അത്തരം വിശിഷ്ടലേഖനങ്ങൾ അധികമായി ഉള്ളതു്. കാലദേശാചാരങ്ങളാൽ പലതു പലതായി പിരിഞ്ഞുകിടക്കുന്ന നാനാജനവർഗ്ഗങ്ങളിൽ ഭിന്നഭിന്നമായി പ്രവർത്തിക്കുന്ന മനോഭാവ വൈചിത്ര്യത്തെ ശരിയായിത്തന്നെ ഗ്രഹിച്ചുവെക്കുന്നതിനു മാത്രമല്ലാ, സ്വാനുഭവങ്ങളെ തന്മയത്തോടുകൂടി പ്രകാശിപ്പിച്ചു് പരഹൃദയത്തിൽ പകർത്തുന്നതിനും മലബാറിക്കുള്ള ബുദ്ധിസാമർത്ഥ്യം ഈ ലേഖന പരമ്പരയിൽ തെളിഞ്ഞുകണ്ടു് അഭിജ്ഞന്മാർ സന്തോഷപൂർണ്ണരായി അഭിനന്ദിച്ചിട്ടുണ്ടു്. സ്നേഹിതന്മാരിൽ പലരുടേയും നിർബന്ധപ്രകാരമാണു് ആ ലേഖനങ്ങളിൽ പലതും [ 60 ] കൂട്ടിച്ചേർത്തു് "ഗുജറത്തും ഗുജറാത്തികളും" എന്ന പേരിൽ , ലണ്ടൻ പട്ടണത്തിലെ അല്ലൻ കമ്പനിക്കാരെക്കൊണ്ടു, മലബാറി ഒരു പുസ്തകം പ്രസിദ്ധീകരിച്ചതു്. ഇംഗ്ലീഷ് സാഹിത്യകാരന്മാരുടെ പംക്തിയിൽ മലബാറിക്കു് നല്ലൊരു സ്ഥാനം നൽകിയതു് ഈ പുസ്തകമാണ്. സാഹിത്യകലാവിഭാഗത്തിൽ വേണ്ടപോലെയൊന്നും അഭ്യസിച്ചിട്ടില്ലാത്ത ഒരാൾ ഇത്രയും ഹൃദയംഗമമായ രീതിയിൽ ഗ്രന്ഥനിർമ്മാണം ചെയ്തതുകണ്ടു് പണ്ഡിതന്മാർക്കു് അത്ഭുതപ്പെടാതെ കഴിഞ്ഞില്ല. അഥവാ, വിദേശഭാഷയാണ് ഇംഗ്ലീഷെന്നിരുന്നിട്ടും തൽസാഹിത്യത്തിൽ ഇന്ത്യക്കാർ സുലഭമായി നേടുന്ന വൈദഗ്ധ്യം ഇംഗ്ലീഷ്കാരെത്തന്നെ അസൂയപ്പെടുത്തുന്നുണ്ട്. എന്നാൽ, ഇംഗ്ലീഷ് സാഹിത്യകാരന്മാരായിത്തീരുന്ന ഈ ഭാരതീയർ മാതൃഭാഷയെ തീരെ വിസ്മരിച്ചുകളയുന്നതാണ് വിഷാദകരം. സ്വകുടുംബത്തെ അനാഥമാക്കി ഉഴലുവാൻ വിട്ടു് പരകുടുംബത്തിൽ കടന്നുഭരണപാടവം പ്രകടിപ്പിക്കുന്നവർ എങ്ങിനെയാണു് അഭിനന്ദനീയന്മാരാകുന്നതെന്നു് ഈയുള്ളവർക്കറിഞ്ഞുകൂടാ. മലബാറിയാവട്ടെ മാതൃഭാഷയെ സബഹുമാനം ആദരിക്കുന്നതിനിടയ്ക്കു്, പരഭാഷാപോഷണത്തിൽക്കൂടി തനിക്കുള്ള കൂസലില്ലായ്മയെ ലോകസമക്ഷം വെളിപ്പെടുത്തുക മാത്രമാണ് ചെയ്തതു്. ഉൽകൃഷ്ടപരീക്ഷാ വിജയിയോ, അഥ [ 61 ] വാ, പരിശ്രമപൂർണ്ണമായ വിദ്യാർത്ഥി ജീവിതത്താൽ കലാവിഭവശാലിയോ അല്ലാ മലബാറി. ഗ്രന്ഥലോകത്തിൽത്തന്നെയും അദ്ദേഹം അങ്ങുമിങ്ങുമായി ഒട്ടൊട്ടു മാത്രമേ സഞ്ചരിച്ചു കണ്ടിട്ടുള്ളു. അളവും അറ്റവുമില്ലാതെ ഗംഭീരമായി പരന്നുകിടക്കുന്ന സാഹിത്യപാരാവാരത്തിൽ മുങ്ങിയും നീന്തിയും മിടുക്കു കാണിപ്പാൻ അദ്ദേഹത്തിനു് പരിചയമൊട്ടുമില്ല. വിദ്യാർത്ഥികൾ പലനാളിരുന്നു് ശ്രദ്ധാപൂർവ്വം വായിച്ചു പഠിക്കുന്ന മഹാഗ്രന്ഥങ്ങൾ തന്നെ അദ്ദേഹം സ്ഥൂലമായൊന്നു നോക്കിക്കൊണ്ടു് ഏടുകൾ മറിച്ചുതള്ളുകയേ ചെയ്തുിട്ടുള്ളു. ദുർല്ലഭമായി കിട്ടുന്ന വിശ്രമസമയം മാത്രമാണു് അദ്ദേഹം മാതൃഭാഷാപോഷണത്തിനായി വിനിയോഗിച്ചിട്ടുള്ളതു്. ഇത്രയുംകൊണ്ടുതന്നെ ഗുജറാത്തി ഭാഷയ്ക്കു് ജീവകാലമത്രയും ആകർകമായി ശോഭിക്കാവുന്ന ഉജ്വലത്തായ മണിഭൂഷണങ്ങൾ ധാരാളമായി സിദ്ധിച്ചിരിക്കുന്നു. പൊതുക്കാര്യങ്ങളിൽ ദൃഢവൃതനായും, ഒട്ടൊഴിവുകിട്ടുമ്പോഴെല്ലാം മാതൃഭാഷാപോഷണത്തിൽ ജാഗരൂകനായുമിരിക്കവേ അദ്ദേഹത്തിനു് ഇംഗ്ലീഷ് സാഹിത്യത്തിൽ ഇത്രയും പ്രശസ്തമായ രീതിയിൽ ഗ്രന്ഥനിർമ്മാണം ചെയ്വാൻ ശക്തിയുണ്ടായതു് ആ മഹാപുരുഷനിൽ അജ്ഞാതമായി കുടികൊള്ളുന്ന ഏതോ ദിവ്യ പ്രഭാവം കൊണ്ടാണെന്നു്, പരാർത്ഥപരമായ വിചാരകർമ്മങ്ങ [ 62 ] ളിൽ മഹത്തരം വിളങ്ങുന്ന ശക്തിവിശേഷത്തെപ്പറ്റി ഒന്നും തന്നെ അറിയാത്തവർ വിശ്വസിച്ചേക്കാം. ബഹുജനകാര്യാർത്ഥം സദാ പ്രവർത്തിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു് വിശ്രമസുഖം കുറവായിരുന്നതുകൊണ്ടു് അധികം പുസ്തകങ്ങളെഴുതുന്നതിനു് കഴിഞ്ഞിട്ടില്ല. പ്രസിദ്ധീകരിച്ചെടത്തോളം കൃതികളിൽ നിന്നു് ആ വിഷയത്തിൽ അദ്ദേഹത്തിനു് എത്രത്തോളം കീർത്തനീയനാകുവാൻ കഴിയുമെന്നു് വെളിവായിട്ടുണ്ട്.

"ഗുജറത്തും ഗുജറാത്തികളും" എന്ന കൃതിയാണു് അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ വെച്ചു് പ്രചാരവും പ്രസിദ്ധിയും കൂടുതലായി നേടിയതു്. ഗുജറാത്തികളുടെ മനോഭാവാചാരങ്ങളെ ശരിയായി ഗ്രഹിച്ച് അതിൽ രസകരമായി പ്രതിപാദിച്ചിട്ടുണ്ട്. സ്ത്രീകളെയൊ പുരുഷന്മാരെയോ ഓരോ ജനവിഭാഗങ്ങളെയോ കുറിച്ചു് എഴുതീട്ടുള്ളതിലെല്ലാം മലബാറിയുടെ ഹൃദയം അതാതിൽ താദാത്മ്യം പ്രാപിച്ചിരിക്കുന്നതായി കാണാം. ഗ്രന്ഥകാരന്മാർ സാധാരണമായി ഇതരന്മാരെക്കുറിച്ചു് പ്രസ്താവിക്കുന്നതു് സ്വന്തം നിലയിലല്ലാതെ അവരുടെ നിലയിലായിരിക്കയില്ല. മനസ്സ് അതി വിപുലമായി വികസിച്ചിട്ടുള്ളവർക്കു മാത്രമേ മറ്റൊരാളെയോ [ 63 ] മറ്റൊരു വർഗ്ഗത്തെയോ കുറിച്ചു പറയുമ്പോൾ തദവസ്ഥയിൽ തൽഭാവത്തിൽത്തന്നെ നിൽക്കുവാൻ കഴികയുള്ളു. ഈ ഗുണം സവിശേഷം പ്രകാശിക്കുന്നതാണു് മലബാറിയുടെ കൃതിക്കുള്ള മികച്ച മെച്ചം. സ്വന്തം മനസ്സിൽ ദഹിച്ചു ചേർന്നിട്ടില്ലാത്ത പരാനുഭവത്തെ പച്ചയായിത്തന്നെ ഛർദ്ദിച്ചു വിടുന്ന ഗ്രന്ഥകാരന്മാരുടെ കൃതികൾ ആസ്വാദ്യമാകാത്തതിൽ അത്ഭുതപ്പെടുവാനില്ലല്ലൊ. സ്വാനുഭവ സന്താനങ്ങളാകയാലാണു് മലബാറിയുടെ കൃതികൾ ഹൃദ്യങ്ങളായി ഭവിച്ചതു്. സ്വഹൃദയത്തിന്റെ സുവ്യക്തപ്രതിബിംബമായിരിക്കണം സ്വകൃതികളെന്നു മലബാറി നിശ്ചയിക്കയും, അങ്ങിനെ സാധിക്കയും ചെയ്തിരിക്കുന്നു. ഗുജറത്തും ഗുജറാത്തികളും എന്ന കൃതിയിൽ ഫലിത രസം ധാരാളമായി കാണാം. അദ്ദേഹം സാധാരണമായി ചെയ്യുന്നസംഭാഷണങ്ങളിൽത്തന്നെ ഫലിതത്തിനു കുറവില്ല. എന്നാൽ, അദ്ദേഹത്തിന്റെ ഗുരുതരങ്ങളായ കർമ്മങ്ങൾ അകന്നു നിന്നു നോക്കുന്നവർ അദ്ദേഹത്തിൽ ഈ വിനോദഗുണം കൂടിയുണ്ടെന്നു് തീർച്ചയായും വിശ്വസിക്കയില്ല. ഉള്ളഴിഞ്ഞിണങ്ങി അടുത്തു ചേർന്ന് സഹവസിച്ചവർക്കു മാത്രമേ അദ്ദേഹത്തിൽ നിന്നു് ഈ ഫലിത രസം അനുഭവിക്കുവാൻ കഴിഞ്ഞിട്ടുള്ളു. മലബാറിയുടെ പ്രസ്തുത [ 64 ] കൃതിയെക്കുറിച്ചു് അഭിപ്രായം പുറപ്പെടുവിച്ച ഒരാൾ, അസത്യം, കൃിത്രിമഭാവം, ദുർബ്ബോധനം എന്നിവയിൽ വൈരസ്യവും, പ്രേമം, അനുകമ്പ, ഔദാര്യം എന്നിവയിൽ താല്പര്യവും, അനാഥന്മാർ, ദരിദ്രന്മാർ, പരാധീനന്മാർ എന്നിവരിൽ അനുതാപവും ഫലിതമിളിതമായ സാഹിത്യത്താൽ മനുഷ്യഹൃദയത്തിൽ വളർത്തുന്നതിൽ പാശ്ചാത്യ സാഹിത്യകാരനായ തായ്ക്കറേ എന്ന മഹാശയനെ മലബാറി അനുഗമിക്കുന്നുണ്ടെന്നു് പറഞ്ഞിരിക്കുന്നു.

മനുഷ്യവർഗ്ഗത്തിൽ ഒരംശത്തിന്റെ സൗെന്ദര്യ ലസത്തായ ചിത്രമാണു് ഗുജറത്തും ഗുജറാത്തികളും എന്ന പുസ്തകം. വിവിധ ജീവിതാചാരങ്ങൾ അതിൽ അനുക്രമം പ്രദർശിപ്പിച്ചിരിക്കുന്നു. വിവിധസമുദായങ്ങളെ അതാതിനൊത്ത ഭാഷയിൽത്തന്നെ വിദ്വത്സമക്ഷം പ്രദർശിക്കുവാൻ പ്രത്യേകവൈദഗ്ദ്ധ്യമുള്ള റുഡിയാർഡ് കിപ്പളിംഗ് എന്ന ഗ്രന്ഥകാരനോടു സദൃശനായിട്ടാണു് മനുഷ്യജീവിതാചാരവിവരണത്തിൽ മലബാറിയുടെ ഗതി. സ്വദേശീയരെക്കുറിച്ചു സ്വഭാഷയിൽത്തന്നെയാണു് കിപ്പളിംഗ് എഴുതീട്ടുള്ളതു്. മലബാറിക്കാവട്ടെ, സ്വന്തം നാട്ടുകാര്യങ്ങൾ വിദേശഭാഷയിൽ എഴുതേണ്ടിവന്നിരിക്കുന്നു. ഒരോ വർഗ്ഗത്തേയും അതാതിനൊത്ത ഭാഷയിൽത്തന്നെ പ്രദർശിപ്പിക്കു [ 65 ] മ്പോൾ അതു വിദേശഭാഷാദ്വാരേണ ചേയ്യേണ്ടിവന്നാൽ, നൈസർഗ്ഗികസൗെന്ദര്യം ഒട്ടല്ലാതെ കുറഞ്ഞുപോയേക്കും. ഈ സ്ഥിതിക്കു സ്വാഭാവികതയ്ക്കു് ഭംഗം വരാതെ, ജീവനും, രസവും ക്ഷീണിക്കാതെ സ്വദേശീയാചാരവിചാരങ്ങൾ അന്യഭാഷയിൽ പകർത്തുകയാൽ റുഡിയാർഡ് കിപ്പളിംഗനെക്കാൾ മലബാറിക്കു് സാമർത്ഥ്യം കൂടുമെന്നു പ്രശംസിക്കേണ്ടിയിരിക്കുന്നു.

മനുഷ്യസ്വഭാവവൈചിത്ര്യത്തെ പല പല അവസ്ഥാന്തരങ്ങളിലേതെല്ലാം പ്രത്യേകം പ്രത്യേകം വർണ്ണിക്കുവാൻ മലബാറി ശ്രമിച്ചിട്ടുണ്ട്. വിവിധകൃത്യങ്ങളിലും, വിവിധസ്ഥിതികളിലും വർത്തിക്കുന്ന മനുഷ്യരെ അവരുടെ ഭിന്നഭിന്നാചാരവിചാരങ്ങളോടുകൂടി ആ രൂപത്തിൽത്തന്നെ അദ്ദേഹം തന്റെ പുസ്തകത്തിൽ കാണിച്ചിരിക്കുന്നു. ഗുജറാത്തികളിൽ ഓരോ വർഗ്ഗത്തിന്റെയും ദൈനന്ദിനകൃത്യങ്ങൾ, പരമ്പരാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, അഭിപ്രായഭേദങ്ങൾ, ദുർബോധദുഷ്ക്കർമ്മങ്ങൾ എന്നിവയെക്കുറിച്ചു അതാതിൽത്തന്നെ ലയിച്ചുനിന്നുകൊണ്ടു ചെയ്യുന്ന വിവരണമാണു് പ്രസ്തുത കൃതിയിലെ വിഷയം. മനുഷ്യമനോഭാവനിരീക്ഷണം അസാമാന്യബുദ്ധിമാന്മാർക്കു തന്നെയും സുകരമായ കൃത്യ [ 66 ] മല്ല. നമ്മുടെ നിത്യപരിചിതന്മാരെക്കുറിച്ചുതന്നെ-അവരുടെ പ്രവൃത്തികളെല്ലാം നാം ശരിയായി കണ്ടുകൊണ്ടിരുന്നിട്ടും, നാം അവരുമായി പല കാര്യങ്ങളിലും ഇടപെട്ടിരുന്നിട്ടും- മനോഭാവത്തെ സംബന്ധിച്ചു ഏതാനുമെങ്ങാനുമല്ലാതെ തികവായൊരറിവും നമുക്കുണ്ടാകാറില്ല. പരസ്പരബോധം മനുഷ്യനും മനുഷ്യനും തമ്മിലുണ്ടെങ്കിൽ ലോകത്തിൽ ഇത്രയേറെ വിഷമതകൾക്കു് ഹേതുവെന്ത്? തന്നെത്താനറിവാൻ പോലും കഴിവില്ലാത്തവനാണു് മനുഷ്യൻ. എന്നാൽ, ജാതിമതഭാഷാദേശഭേദങ്ങളാൽ അകന്നു കിടക്കുന്നവരെ നോക്കി, അവരുടെ ഹൃദയത്തെ അങ്ങിനെതന്നെ ഗ്രഹിക്കുന്നവൻ മഹാശയന്മാരിൽ അഗ്രഗണ്യനല്ലയോ!

ഇന്ത്യയിൽ ഭരണാധികാരികളായി വരുന്ന ഇംഗ്ലീഷുകാർ ഈ നാട്ടുകാരുടെ സ്വഭാവാചാരങ്ങൾ ശരിയായി ഗ്രഹിക്കുവാൻ വഴികാണാതെ പലപ്പൊഴും വിഷമിച്ചുപോകാറുണ്ടു്. അവരുടെ ഭരണകൃത്യങ്ങൾ ചിലതു പിഴച്ചുപോകുന്നതും, ചിലതു ദുർവ്യാഖ്യാനവിഷയമാകുന്നതും അവർക്കു ഈ നാട്ടുകാർ എങ്ങനെയുള്ളവരെന്നു് അറിവാൻ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാകുന്നു. ഭരണാധികാരികൾക്കു് നഗരവാസികളുമായി മാത്രമേ ഒട്ടൊട്ടെങ്കിലും സഹവസിക്കുന്നതിനു ഇടയാകാറുള്ളു. ആ നാഗരിക [ 67 ] ന്മാർ ദേശീയതയിൽ നിന്നകന്നു് പാശ്ചാത്യപരിഷ്ക്കാരത്തിന്റെ തനിക്കോമരങ്ങളായിരിക്കയാൽ അവരെ നോക്കി നാട്ടുകാരുടെ സ്വഭാവം നിർണ്ണയിച്ചാൽ അബദ്ധം പറ്റുകയേയുള്ളു. ഈ പൗെരന്മാർ തന്നെ സ്വാർത്ഥതയാൽ സ്വാഭാവികത മറച്ചു് സ്ഥിരമെന്ന ഭാവത്തിൽ കൃതൃിമഭാവമണിഞ്ഞുകൊണ്ടാണു്, സാധാരണമായി, അധികൃതസമക്ഷം ചെല്ലാറുള്ളതു്. നാട്ടിമ്പുറങ്ങളിലാണു് അവ്യാജഭാരതീയപ്രകൃതി കുടികൊള്ളുന്നതെങ്കിൽ, അവിടങ്ങളിൽ ഓണം പോലെയോ, മാമാങ്കം പോലെയൊ അതാതാണ്ടിലോ, പന്തീരാണ്ടു കൂടുമ്പോഴോ അധികൃതന്മാരിലാരാനും വന്നുചേരുമ്പോൾ, അതിഥിസൽകാരാഡംബരബഹളം കൊണ്ടു് നൈസർഗ്ഗികപ്രകൃതി തിരസ്കൃതയാകുകയാണു്ചെയ്യുന്നതു്. എന്നുതന്നെയല്ലാ, സാധാരണന്മാർ ഭീരുത്വം കൊണ്ടും കുലീനന്മാർ ആചാരബന്ധം കൊണ്ടും ഇംഗ്ലീഷുകാരുമായി മുക്തഹൃദയം ഇടപെടുന്നതിനാവാതെ നിൽക്കയും ചെയ്യുന്നു. വാസ്തവം ഇങ്ങനെയെല്ലാമിരിക്കെ, ഇംഗ്ലീഷധികാരികളുടെ ഭരണകൃത്യങ്ങളിൽ ബാധിച്ചുകാണുന്ന കുറ്റങ്ങളും കുറവുകളും അവർ ദുഷ്ടതകൊണ്ടൊ, ഗർവം കൊണ്ടോ ചെയ്യുന്നവയാണെന്നു വ്യാഖ്യാനിക്കുന്നവരെ മലബാറി നിർദ്ദയം ആക്ഷേപിക്കയും, ആ ഭരണദോഷങ്ങൾ ഭരണീയ [ 68 ] രെക്കുറിച്ചുള്ള അജ്ഞതയുടെ ഫലമാണെന്നു തെളിയിക്കയും ചെയ്തിരിക്കുന്നു. അദ്ദേഹമെഴുതിയ പുസ്തകം കൊണ്ടു ഗുജറത്തിന്റെ വാസ്തവപ്രകൃതി ദൂരെ നിന്നുകൊണ്ടു് വിദേശീയഭരണാധികാരികൾക്കു കാണാവുന്നതാണു്. അവർ അടുത്തണഞ്ഞു പരിചയിക്കുന്നതായാൽ കൂടിയും മനസ്സിലാകുവാൻ കഴിയാത്തതായ പല വിചാരകർമ്മങ്ങളും മലബാറിയുടെ കൃതിയിൽ സുഗമമാക്കി വെച്ചിട്ടുണ്ടു്. സ്വാർത്ഥപരന്മാരായ കീഴുദ്യോഗസ്ഥന്മാരാണു് വിദേശീയാധികാരികളുടെയും നാട്ടുകാരുടേയും നടുവിൽ പരസ്പരം കണ്ടറിയുവാൻ കഴിയാത്തവണ്ണം തടിച്ച തിരശ്ശീലയായി നിൽക്കുന്നതു്. ഇവരുടെ കൃത്രിമഭാവവും, ദുർബോധനങ്ങളും ഏറ്റവും രസകരമായ രീതിയിൽ തന്റെ പുസ്തകത്തിൽ മലബാറി വിവരിച്ചിരിക്കുന്നു. സ്വന്തം നാട്ടിനെയും നാട്ടുകാരെയും മറച്ചുവെച്ചു്, അതും അവരുമെല്ലാം തന്നിൽ കാണുന്ന ഭാവം പോലെ തന്നെയെന്നു് തോന്നിപ്പിക്കുവാനായി കൃത്രിമപ്രയോഗ കുശലതയോടേ പലപല ചായമണിഞ്ഞു് അധികൃത സമക്ഷം ചെന്നു നിൽക്കുന്ന സ്വാർത്ഥപരന്മാരായ കീഴുദ്യോഗസ്ഥന്മാരുടെ ആ ദുർജ്ജീവിതം, ഗുജറത്തിനെ സംബന്ധിച്ചെടത്തോളം, മലബാറിയുടെ വാഗ്ഗ്ദാ പ്രഹരത്താൽ തകർന്നു് ചിതറീട്ടുണ്ടു്. [ 69 ]

പ്രസ്തുതഗ്രന്ഥത്തിനു് വളരെ വളരെ പ്രചാരമുണ്ടായി. അതിൽ നിന്നു് മലബാറിക്കു് പൊരുളും പുകഴും ധാരാളമായി നേടുവാനാകയും ചെയ്തു. ഗുജറത്തിനെപ്പോലേ, മറ്റു ദേശങ്ങളെയും ഇതേമട്ടിൽ ചിത്രവൽകരിക്കുവാൻ സ്നേഹിതന്മാർ പലരും നിർബന്ധിച്ചുവെങ്കിലും, സ്വദേശത്തിലെന്നപോലെ അത്ര തികഞ്ഞു തെളിഞ്ഞ പരിചയം തനിക്കു് മറ്റു ദേശങ്ങളിൽ ഇല്ലെന്നുകരുതി മലബാറി ആ ഉദ്യമത്തിൽ പ്രവേശിച്ചില്ല. പക്ഷെ, തുടർച്ചയായുള്ള ദേശസഞ്ചാരംകൊണ്ടു്, ഇന്ത്യയിലെ നാനാപ്രദേശങ്ങളെയും കുറിച്ചുള്ള അറിവു മലബാറിക്കു ഉള്ളെടത്തോളം അന്നു് മറ്റാർക്കുമുണ്ടായിരുന്നില്ലെന്നാണു് പറയേണ്ടതു്. ഗ്രന്ഥനിർമ്മാണത്തിനായി വിവിധമനോഭാവനിരീക്ഷണത്തെ ഉദ്ദേശിച്ചായിരുന്നില്ലാ, എന്നാൽ, ദേഹാരോഗ്യത്തിനോ താൽക്കാലികവിനോദത്തിനോ വേണ്ടിയുമല്ലാ, ബഹുജനങ്ങളുടെ സ്ഥിതിഗതികൾ നേരിൽ കണ്ടറിഞ്ഞു്, അവരുടെ ആവശ്യനിവൃത്തിക്കും, അവകാശ രക്ഷയ്ക്കും അധികൃതസമക്ഷം വാദിക്കേണ്ടതു് എങ്ങിനെയെല്ലാമെന്നു് നിർണ്ണയിക്കുവാൻ വേണ്ടിയാണു്, അദ്ദേഹം ദേശസഞ്ചാരം ചെയ്തുവന്നതു്. രാജ്യാഭിവൃദ്ധിയെ ധരിച്ചു നിൽക്കുന്ന ഭരണസ്വാതന്ത്ര്യത്തിനു് ഏകാവലംബമായുള്ള ബഹുജനാഭിപ്രായം, താൻ നിനയ്ക്കുന്നെടത്തെല്ലാം തനിയേവന്നു വീഴുമെ [ 70 ] ന്നു സ്വയംനേതൃപദാഭിഷിക്തൻ മോഹിക്കേണ്ടാ. ആത്മപരിത്യാഗധീരതയോടേ, നാടുനാടായിനടന്നു് ബുദ്ധിപൂർവകം വിളിച്ചുണർത്തുകയും, വീടുവീടായിചെന്നു് സ്നേഹപൂർവകം ഉപദേശിക്കയും, കക്ഷികൾതോറും സംബന്ധിച്ചു് സാമർത്ഥ്യപൂർവ്വം വശീകരിക്കയും ചെയ്തുകൊണ്ടു് വീരദേശാഭിമാനികൾചെയ്യുന്ന നിരന്തരപ്രയത്നത്തിൽ നിന്നാണ് ബഹുജനാഭിപ്രായം സംജാതമാകേണ്ടതു്. അതിലേക്കു തന്നെയാണു് , അങ്ങിനെതന്നെയാണു് മലബാറിചെയ്ത ദേശസഞ്ചാരം. അദ്ദേഹം ക്ഷീണശരീരനാകയാൽ സഞ്ചാരത്തിലുണ്ടാകുന്ന കാലാവസ്ഥാഭേദത്താൽ പലപ്പോഴും രോഗശയ്യയിൽ വീഴേണ്ടിവന്നിട്ടുണ്ടെങ്കിലും, ചിലപ്പോൾ പലനാളെക്കു തന്നെ ആ ശയ്യയിൽ നിന്നു് എഴുന്നേൽക്കുവാൻ ആവാതെയായിട്ടുണ്ടെങ്കിലും, അതൊന്നും അദ്ദേഹത്തിന്റെ പരാർത്ഥപരമായ ദൃഢവ്രതത്തെ ചലിപ്പിക്കുവാൻ ശക്തമായിട്ടില്ല. അദ്ദേഹം ആദ്യമായി ചെയ്ത ദേശസഞ്ചാരം, ആത്മമിത്രമായ മിസ്റ്റർ മാർട്ടിൻ വുഡ്ഡിന്റെ പത്രത്തിനുവേണ്ടിയായിരുന്നു. പിന്നീടുണ്ടായതു്, പ്രഫസ്സർ മാക്സ് മുള്ളർ ഭാരതീയമതതത്വങ്ങളെ ഉദാഹരിച്ചുകൊണ്ടു് മതത്തിന്റെ സമുദയസമുൽകർഷങ്ങളെക്കുറിച്ചു് രചിച്ചിട്ടുള്ള വിശിഷ്ടകൃതി ഇന്ത്യയിലെ എല്ലാഭാഷകളിലും പരിഭാഷപ്പെടുത്തുന്നതിനായി ചെയ്ത ദീർഘസഞ്ചാരമാണു്. പാ [ 71 ] ശ്ചാത്യരെയും ഭാരതീയരെയും പരസ്പരബോധത്താൽ സ്നേഹബദ്ധരാക്കേണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മലബാറി ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തുവാൻ തുനിഞ്ഞതു്. ഈ ഉദ്ദേശ്യം ബാല്യത്തിൽത്തന്നെ അദ്ദേഹത്തിൽ അംകുരിച്ചിരുന്നു. അദ്ദേഹത്തിന്റെ എല്ലാകൃതികളിലും എല്ലാകാര്യങ്ങളിലും, ഈ ഉദ്ദേശ്യം രക്തനാഡിപോലേ വർത്തിക്കുന്നതായികാണാം. പാശ്ചാത്യരുടെ വിചാരകർമ്മസംപ്രദായങ്ങളിൽ ഭാരതീയരെ പരിചിതരാക്കുവാൻവേണ്ടി, മാക്സ് മുള്ളരുടെ പ്രസ്തുതകൃതിയും, അതുപോലെയുള്ള മറ്റു പല പുസ്തകങ്ങളും ഇന്ത്യയിലെ നാനാഭാഷകളിലും പരിഭാഷപ്പെടുത്തുവാൻ പണ്ഡിതന്മാരെ അദ്ദേഹം പ്രേരിപ്പിച്ചുകൊണ്ടാണ് അന്നു പലെടത്തും സഞ്ചരിച്ചതു്. കേശവ ചന്ദ്രസേനൻ, രാജേന്ദ്രലാലമിത്രൻ എന്നീ മഹാശയന്മാർ അന്നു് ഈ ഉദ്ദേശ്യത്തിലും ഉദ്യോഗത്തിലും മലബാറിയെ സഹകരിച്ചിട്ടുള്ളവരാണു്. മതസംബന്ധമായ അന്ധവിശ്വാസങ്ങൾ നീങ്ങി, ലോകത്തിൽ ഏകമതം പ്രബലപ്പെട്ടു് മനുഷ്യവർഗ്ഗം ഒരേ കുടുംബമാകുന്നതിനായി ചെയ്യുന്ന ഇത്തരം മഹാകൃത്യം ഫലസ്ഥാനം പ്രാപിക്കുന്നതിനു് പലനൂറ്റാണ്ടുകൾ തന്നെ വേണ്ടി വന്നേക്കാമെങ്കിലും, അതിലേക്കായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിപ്പാൻ മതപ്രവർത്തകന്മാർക്കുള്ള ധർമ്മത്തെ ഇങ്ങിനെ ഇടയ്ക്കിടെയെങ്കിലും ഓർമ്മപ്പെടുത്തു [ 72 ] വാൻ ചിലർ ജാതരാകുന്നതു് ഈശ്വര കാരുണ്യംതന്നെ എന്നു് സന്തോഷിക്കയും സമാധാനിക്കയും വേണ്ടതാണല്ലോ. മഹാമഹോദ്ദേശമൊന്നു് സാധിപ്പാൻ വേണ്ടിയുള്ള പ്രയത്നപരമ്പരയിൽ ഒരേ ഒരു പുസ്തകം തർജ്ജമചെയ്തു് പ്രചരിപ്പിക്കുവാൻ ഉത്സാഹിച്ചിട്ടു് മലബാറിക്കു് ഏറ്റവും നിസ്സാരമായ ഫലം മാത്രമേ നേടുവാൻ കഴിഞ്ഞുള്ളു. അതെ: ഇങ്ങിനെ പലതുള്ളിയായിത്തന്നെ വേണം ആ ഫലം പെരുവെള്ളം പോലെ വർദ്ധിക്കുവാൻ. മാക്സ്മുള്ളരുടെ ആ കൃതിയോടു കൂടി മലബാറി ഇന്ത്യയിൽ പലപല ദേശങ്ങളിൽ സഞ്ചരിച്ചു. തൽസംബന്ധമായി പലപല ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. പല പല പൊതുയോഗങ്ങളിൽ ദീർഘദീർഘം പ്രസംഗിച്ചു. വിദ്വാന്മാർ , വിത്തവാന്മാർ, ജനപ്രമാണികൾ, നാടുവാഴികൾ, എന്നിവരിൽ പലരെയും കണ്ടു് അഭിമുഖസംഭാഷണം ചെയ്കയുമുണ്ടായി. ഇതിന്റെയെല്ലാം ഫലമായി സിദ്ധിച്ചതു്, ആ പുസ്തകം ഗുജറാത്തി, മറാട്ടി, ബങ്കാളി, ഹിന്തി എന്നീ നാലുഭാഷകളിൽ മാത്രം പരിഭാഷപ്പെടുത്തിയതാണു്. ആ ഗ്രന്ഥത്തിലെ ആശയങ്ങൾ വിശ്വാസയോഗ്യമല്ലെന്നുവാദിച്ചു് സംസ്കൃതപണ്ഡിതന്മാർ നിരാകരിച്ചു കളഞ്ഞു. തമിഴിൽ ചെയ്ത പരിഭാഷയെ പ്രസിദ്ധീകരിക്കുവാൻ ആർക്കുമുണ്ടായില്ല ഉത്സാ [ 73 ] ഹം. സാധാരണന്മാരെക്കൊണ്ടുതന്നെ അധികം പണച്ചെലവുകൂടാതെ നടത്താവുന്ന ഈ കാര്യം കൂടിയും, സന്മതന്മാരായ ജനപ്രമാണികൾ മുൻകടന്നു നിന്നിട്ടും വേണ്ടുന്നത്ര പണം കിട്ടായ്കകൊണ്ടു് ഇങ്ങിനെ അലസിപ്പോയതു്, പൊതുക്കാര്യത്തിൽ ഭാരതീയർക്കു് അന്നുണ്ടായിരുന്ന അശ്രദ്ധയ്ക്കു് മറ്റൊരുദാഹരണമാണു്.

മതൈക്യപരമായ ഇത്തരം കൃതികൾ പരിഭാഷപ്പെടുത്തി പ്രചരിപ്പിക്കുന്നതിൽ, സർ. വില്ല്യം ഹണ്ടർ മലബാറിയെ സർവ്വഥാ സഹകരിക്കുവാൻ സന്നദ്ധനായിരുന്നു. അദ്ദേഹവും ഇക്കാര്യത്തിൽ പല മട്ടും ശ്രമിച്ചിട്ടുണ്ടു്. മലബാറിയുടെ സുഹൃന്മണികളിൽ ഒരാളാണു് വില്ല്യം ഹണ്ടർ. പ്രയത്നത്തിൽ നൈരാശ്യം ബാധിക്കാതിരിപ്പാൻ അദ്ദേഹം മലബാറിയെ പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ടു്. മലബാറിയുടെ ഉദ്ദേശ്യസാഫല്യത്തിനായുള്ള പ്രയത്നത്തെ തന്നാലാവുന്നെടത്തോളം ലഘൂകരിക്കുവാൻ വേണ്ടി അദ്ദേഹം പല ലേഖനങ്ങളും പത്രങ്ങളിൽ പ്രസിദ്ധീകരിക്കതന്നെയല്ലാ, ഭരണസഭയിൽ പ്രസംഗിച്ചു് അതിലെ അംഗങ്ങളെ സ്വാധീനപ്പെടുത്തുവാൻ ഉത്സാഹിക്കയും ചെയ്തിട്ടുണ്ടു്. "ഈ മാന്യ മഹാശയന്നുള്ള സ്നേഹാർദ്രമായ അനുതാപം ന [ 74 ] ല്ലൊരു പിന്തുണയായി എന്നെ സഹകരിച്ചില്ലെന്നിരിക്കിൽ എന്റെ പ്രയത്നം ഇടയ്ക്കു വെച്ചു മുറിഞ്ഞു വീണുപോയിയെന്നുവരുവാൻ ഒന്നിലധികം പ്രാവശ്യം സംഗതിയായിട്ടുണ്ടു് " എന്നാണു് മലബാറി വില്ല്യം ഹണ്ടരെപ്പറ്റി ഒരിടത്തു് പ്രസ്താവിച്ചിരിക്കുന്നതു്.

ആംഗ്ലേയരെയും ഭാരതീയരെയും പരസ്പരബോധത്താൽ സ്നേഹബദ്ധരാക്കുന്നതിനു് ഭാരതീയ വിചാരാചാരക്രമം ആംഗ്ലേയരെയെന്നപോലെ, ആംഗ്ലേയ ജീവിതസമ്പ്രദായം ഭാരതീയരെയും ഗ്രഹിപ്പിക്കേണ്ടതാണല്ലോ. മലബാറി ഓരോ ആവശ്യത്തിനായി ഇംഗ്ലണ്ടിലേക്കു പൊയപ്പോഴെല്ലാം ആ നാട്ടുകാരുടെ ആത്മികവും, ശാരീരികവുമായ ജീവിതക്രമം സുക്ഷ്മനിരീക്ഷണം ചെയ്തറിഞ്ഞു് അനുക്രമം കുറിച്ചുവെച്ചിരുന്നതു്, പിന്നീടു് " ഭാരതീയദൃഷ്ട്യാ ആംഗ്ലേയജീവിതക്രമം " എന്ന പേരോടുകൂടി ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ്കാരെയും ഇംഗ്ലീഷാചാരങ്ങളേയും കുറിച്ചു് കാര്യകാരണഗതിക്കൊത്തവണ്ണം ഒരു വിദേശീയന്നു് ഇത്രയും രസകരമായി എഴുതുവാൻ ഇതിന്മുമ്പു കഴിഞ്ഞിട്ടില്ലെന്നു് അഭിജ്ഞന്മാർ സമ്മതിച്ചിരിക്കുന്നു. ഇതിലെ വിചിന്തനങ്ങളിലും ‌വിവരണങ്ങളിലും ചിലതു് അംഗ്ലേയദൃഷ്ട്യാ പിഴച്ചു [ 75 ] പോയതായി കണ്ടിട്ടുണ്ടെങ്കിലും, അതിൽ മലബാറിയെ അപരാധിയാക്കുവാൻ ആരും ധൈര്യപ്പെട്ടിട്ടില്ല. വിപുലാശയനും കുശാഗ്രബുദ്ധിയുമായ അദ്ദേഹം ആംഗ്ലേയജീവിതത്തിലെ അന്തർഭാഗത്തിൽ പ്രവേശിച്ചു്, സത്യം തെളിഞ്ഞുകണ്ടു് സംശയമകന്ന സംഗതികളാണു് സദുദ്ദേശ്യപ്രേരിതനായി പുറത്തെടുത്തു കാണിച്ചിരിക്കുന്നതു്. പ്രകൃത്യാ, പരാക്ഷേപത്തിൽ വിമുഖനാണു് മലബാറി. അഭിനന്ദനീയ കർമ്മമെന്നു് സ്വാനുഭവം സമ്മതിച്ചാൽ അതിനെ മുക്തകണ്ഠം സ്തുതിക്കാതിരിപ്പാൻ അദ്ദേഹത്തിനു വയ്യ. പൊതുഗുണത്തിനുവേണ്ടി സത്യം വിളിച്ചുപറയുമ്പോൾ അതിൽ ചിലതു് ചിലർക്കു അപ്രിയത്തിനിടയാക്കുമെന്നു കണ്ടാൽ, അവിടെ താൻ പ്രയോഗിക്കുന്ന ഉദാരപ്രേമത്താൽ, ആ ചിലർക്കു് തന്റെ ആ അപ്രിയകർമ്മം തന്നെയും അനുഹിതമായി തോന്നുമാറാക്കുന്നതിനു് മലബാറിക്കുള്ള സാമർത്ഥ്യം അന്യാദൃശമാണു്. അതുകൊണ്ടു്, അംഗ്ലേയരുടെ ആചാരോപചാരങ്ങളിൽ ചിലതിനെപ്പറ്റി അദ്ദേഹം ചെയ്തിട്ടുള്ള പ്രസ്താവം ആംഗ്ലേയദൃഷ്ട്യാ അയുക്തമായിട്ടാണ് വന്നതെങ്കിലും, അവർക്കുതന്നെയും അതിൽ അഹിതമുണ്ടായിട്ടില്ല.

മലബാറിയുടെ ഈ കൃതിയിൽ ആംഗ്ലേയരുടെ ഗാർഹികവും, സാമുദായികവുമായ ജീവിത [ 76 ] ക്രമം അങ്ങിനെതന്നെ ചിത്രവൽകൃതമായിട്ടുണ്ടു്. സൂക്ഷ്മദൃക്കും, മഹാശയനുമായ ഒരു വിദേശീയൻ, തങ്ങളെ വീട്ടിലും വെളിയിലും ഏതേതു രീതിയിലാണു് കാണുന്നതെന്നറിവാൻ ഇംഗ്ളീഷ്കാർക്കു് ഈ പുസ്തകം ഉപകരിക്കും. ഭാരതീയരടക്കമുള്ള വിദേശീയർക്കാവട്ടേ, അകന്നിരുന്നുതന്നെ, ആംഗ്ലേയരുടെ ബാഹ്യവും ആന്തരീകവുമായ എല്ലാ ജീവീതാവസ്ഥകളിലും നിർബാധം കടന്നു ചെന്നു നോക്കുന്നതിനു് ഈ കൃതികൊണ്ടു് സാധിക്കയും ചെയ്യും. ഇത്രയും വൈശിഷ്ട്യമുള്ള ഈ ഗ്രന്ഥത്തെ ഇന്ത്യയിലും ഇംഗ്ലണ്ടിലും ഫ്രാൻസിലുമുള്ള പത്രങ്ങൾ ധാരാളമായി കൊണ്ടാടിയതും, അതിനു് ആദ്യത്തേ കൊല്ലം തന്നെ മൂന്നു പതിപ്പുകൾ വേണ്ടി വന്നതും അതു ശരിയായി അർഹിക്കുന്ന അന്തസ്സു തന്നെയാണല്ലോ. ഫ്രാൻസിൽ ആംഗ്ലേയ ജീവിതരീതിയെക്കുറിച്ചു് അക്കാലത്തു ആദരണീയമായി രണ്ടു പുസ്തകങ്ങളായിരുന്നു ഉണ്ടായിരുന്നതു്. പരാക്ഷേപതൽപരനായ മിസ്റ്റർ വോൾട്ടയർ ആംഗ്ലേയ ജീവിതസൗെധത്തിന്റെ അന്തർഭാഗത്തിൽ പ്രവേശിക്കാതെ, ബാഹ്യസൗെന്ദര്യത്തിൽ മാത്രമേ തന്റെ സൂക്ഷ്മബുദ്ധി ചെലുത്തീട്ടുള്ളു. മിസ്റ്റർ മോൺഷിയർ ടെയിൻ വെളിയിൽത്തന്നെ [ 77 ] നിൽക്കാതെ തനിക്കാവുന്നെടത്തോളം അകത്തേക്കു കടന്നു നോക്കീട്ടുണ്ടു്. സ്വദേശീയ ഗ്രന്ഥകാരന്മാരുടെ ഈ രണ്ടു കൃതികളേക്കാൾ ഫ്രഞ്ചുകാർക്കു് അധികം രസകരമായിത്തീർന്നതു മലബാറിയുടെ പുസ്തകമാണു്. ഇതിലാണു് വിചിന്തനങ്ങൾക്കുള്ള കാര്യകാരണബന്ധവും, വിവരണങ്ങൾക്കുള്ള തന്മയത്വവും കൂടുതലായി കണ്ടിരിക്കുന്നതു്. അനുതാപമല്ലാതെ, അപഹാസമല്ലാ മലബാറി ചെയ്തിട്ടുള്ള ദുരാചാര നിരൂപണത്തിലെ ജീവൻ. അധ്യാപന മാർഗ്ഗേണ നോക്കുമ്പോൾ പ്രസ്തുതകൃതി ഏറ്റവും ഉൽകൃഷ്ട സ്ഥാനത്താണിരിക്കുന്നതു്. ഇതിലെ ഭാഷാരീതി സുഗമവും ലളിതവുമാണു്; ചിലെടത്തു പ്രൗെഢഗംഭീരമായിരിക്കുന്നതുമുണ്ടു്. ഇങ്ങിനെ ഗുണങ്ങൾ പലതും വിളങ്ങുന്നുണ്ടെങ്കിലും, ആംഗ്ലേയ ജീവിത സമ്പ്രദായത്തിലെ ശ്രദ്ധാർഹമായ ചില ഭാഗങ്ങൾ പ്രമാദത്താൽ വിട്ടുകളഞ്ഞിരിക്കുന്നതു് ഈ ഗ്രന്ഥത്തിൽ ആർക്കും കാണാവുന്ന പുഴുക്കുത്തായിത്തീർന്നിരിക്കുന്നു. ഈ ന്യൂനത മലബാറിയുടെ എല്ലാ കൃതികളിലും കാണാം. കാര്യാലോചനയിലും, ഫലാനുഭവത്തിലും അദ്ദേഹത്തെപ്പോലേ അത്രയേറെ ക്ഷമ മറ്റാർക്കുമില്ലെന്നിരിക്കിലും, കർമ്മത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ തദന്തം കാണ്മാനുള്ള ദ്രുതഗതി കുറെയേറെയുള്ളതിനാൽ അതിൽ ചിലെടത്തു് താഴ്ചയോ വീഴ്ചയോ പ [ 78 ] റ്റിപ്പോകുന്നതു സാരമാക്കാതെ തള്ളിക്കളയുന്നതുകൊണ്ടു് തൽക്കർമ്മഫലം, സുഖാസ്വാദ്യം തന്നെയെങ്കിലും, മധുര രസൈകപൂർണ്ണമായിരിക്കാതെ, അല്പമൊരു പുളിപ്പ് കലർന്നിരിക്കുന്നതായി പലതിലും കാണാം. അദ്ദേഹത്തിന്റെ ബാല്യ ജീവിതഗതി അനിയന്ത്രിതമായിരുന്നതിന്റെ ഫലമായിരിക്കാം ഇതു്.

മലബാറി പിന്നീടു് രചിച്ച കൃതി, സ്വാനുഭവസംഗ്രഹമായ "ആനുഭവിക" എന്ന പദ്യകാവ്യമാണു്. കൃത്യാകൃത്യോപദേശം തന്നെയാണു് ഇതിലും നിറഞ്ഞു കാണുന്നതു്. മാതൃദേശത്തെക്കുറിച്ചു് അദ്ദേഹത്തിനു നിസ്സീമമായ ബഹുമാനവും അഭിമാനവുമുള്ളതു ഈ കൃതിയിലും വഴിഞ്ഞൊഴുകുന്നുണ്ടു്. ഇംഗ്ലണ്ടിൽ വെച്ചു ഭാരതീയ ഭരണരീതിയെക്കുറിച്ചെഴുതിയിട്ടുള്ളതാണു് അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകം. ബ്രിട്ടീഷധികാരികളിൽ ചിലരുമായി സംഭാഷണം ചെയ്തു് അവരിൽനിന്നു പകർത്തെടുത്ത ഉദ്ദേശ്യങ്ങളും ആശയങ്ങളും ഇതിൽ അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു. ആംഗ്ലേയ വിദ്യാഭ്യാസക്രമവും ആംഗ്ലേയാചാരരീതിയും ഇന്ത്യയിൽ നടപ്പാക്കുന്നതുകൊണ്ടു് ഭരണഗതിയിൽ വിഷമതകൾ വർദ്ധിക്കയേയുള്ളുവെന്നും, ഭാരതീയ ജീവിതം എന്നും അങ്ങിനെ തന്നെ കലർപ്പില്ലാതെ നിൽക്കയാണു [ 79 ] വേണ്ടതെന്നും , പാശ്ചാത്യപരിഷ്കാരവ്യാപ്തിയാൽ നാട്ടുകാർ തമ്മിൽത്തന്നെയും , ഇന്ത്യാക്കാരും ഇംഗ്ലീഷ്കാരും തമ്മിലും അവിശ്വാസവും അകൽച്ചയും വർദ്ധിച്ചു വരികയാണു് ചെയ്യുന്നതെന്നും മറ്റും അദ്ദേഹം യുക്തിപൂർവ്വം വാദിച്ചിട്ടുണ്ടു്. ഉദ്യോഗസ്ഥന്മാരോടും, അവരെ ആക്ഷേപിക്കുന്ന പത്രപ്രവർത്തകന്മാരോടും പരസ്പരം മൈത്രിയോടേ വർത്തിക്കുവാൻ ചെയ്യുന്ന സ്നേഹപൂർവ്വമായ ഉപദേശങ്ങളും ഊ കൃതിയിൽ പ്രകാശിക്കുന്നു. ഇതും അധികൃതന്മാരുടെയും ജനപ്രമാണികളുടെയും ഉദാരാദരത്തിനു് വിഷയമായ ഗ്രന്ഥമാണു്.

"https://ml.wikisource.org/w/index.php?title=മലബാറി/നാലാം_അദ്ധ്യായം&oldid=152542" എന്ന താളിൽനിന്ന് ശേഖരിച്ചത്