മലബാറി
രചന:കുന്നത്തു് ജനാർദ്ദനമേനോൻ
അഞ്ചാം അദ്ധ്യായം

[ 79 ]

അഞ്ചാമദ്ധ്യായം

സമുദായപരിഷ്കൎത്താ

പ്രാപ്യസ്ഥാനത്തെ അഭിമുഖീകരിച്ചുകൊണ്ടുള്ള യാത്രയിൽ എന്തെല്ലാം ആപത്തുകൾ നേരിട്ടാലും പിന്തിരിയാതെ തന്നെ മുന്നോട്ടു ചെല്ലുന്നതിൽ മലബാറിക്കുള്ള മനസ്ഥൈര്യ മാണു് അദ്ദേഹത്തി [ 80 ] ന്റെ ജീവിതത്തെ വിജയപൂർണ്ണമാക്കിയതു്. കവിയേക്കാളും, പത്രപ്രവർത്തകനെക്കാളും, ഗ്രന്ഥകാരനേക്കാളും, അദ്ദേഹം സമുദായപരിഷ്കർത്താവിന്റെ നിലയിലാണു് സ്വരാജ്യത്തിനു് ചെയ്തിട്ടുള്ള മഹത്തായ ഗുണം. ആ ഗുണം, അകന്നിരുന്നു് കേൾക്കുന്നവർക്കു് പക്ഷെ, നിസ്സാരമായി തോന്നിയേക്കാം. ഇവിടത്തെ ആചാരബന്ധദാർഢ്യത്തെപ്പറ്റി ഏതാണ്ടെങ്കിലും ബോധമുള്ളവർക്കുമാത്രമേ, പൂർവ്വികാചാരവ്യൂഹത്തെ പിളർക്കുവാൻ മലബാറി എത്ര ഘോരതരമായ യുദ്ധമാണു് ചെയ്തിരിക്കുന്നതെന്നും, അതിൽ അദ്ദേഹം നേടിയ വിജയം എത്ര മഹത്തരമാണെന്നും മനസ്സിലാകയുള്ളു. പൂർവ്വികസമുദായബന്ധം അഭേദ്യമാണെന്ന മൂഢവിശ്വാസത്തെ പാടെ പറിച്ചുകളഞ്ഞു്, സമുദായപരിഷ്കാരത്തിനായി ആർക്കും കടന്നുചെല്ലത്തക്ക സുഗമമായ മാർഗ്ഗം നിർമ്മിച്ചുതന്നതു് മലബാറിയാണു്. അകത്തേക്കു് കടക്കുവാൻ അതുവരേയും ആർക്കുംതന്നെ ആവാതിരുന്ന കോട്ടയെ ഒരു ഭാഗം ഇടിച്ചുതകർത്തു് തുറന്നിട്ടാൽ, അതിലധികം മഹാകൃത്യമാണോ, പിന്നിൽ നിൽക്കുന്നവർ ആ ദ്വാരത്തിൽ കൂടി ഉള്ളിൽ പ്രവേശിക്കുന്നതു് ? മലബാറിയുടെ കാലത്തിനു മുൻപു് സമുദായപരിഷ്കാരത്തിൽ പ്രവേശിച്ചിട്ടുള്ളവരെല്ലാം തീരെ അപജയപ്പെട്ടു് പി [ 81 ] ന്മാറുകയേ ചെയ്തിട്ടുള്ളു. അവർക്കു് നേടിവെക്കുവാൻ കഴിഞ്ഞിട്ടുള്ളതു് കുറെ പ്രസംഗങ്ങൾ മാത്രമായിരുന്നു. ആചാരമുമുക്ഷുക്കൾക്കു് വിശ്രമാവസരത്തിൽ മനോരാജ്യസഞ്ചാരംചെയ്തു് രസിക്കുന്നതിനു മാത്രം ആ പ്രസംഗപരമ്പര ഉപകരിക്കയും ചെയ്തിരുന്നു. സമുദായപരിഷ്കാരശ്രമമെന്നതു് കേവലം പ്രസംഗവർഷമാണെന്നും,അതിൽ കാണുന്നതു് അപജയത്തിന്റേയും നൈരാശ്യത്തിന്റെയും വികൃതിമാത്രമാണെന്നും ഇന്ത്യയിൽ രൂഢമൂലമായിക്കൊണ്ടു വന്ന ബോധത്തെ നിശ്ശേഷം പ്രമാർജ്ജനം ചെയ്യാനായി മലബാറി ദൃഢവ്രതനായി സ്വജീവിതത്തെ ഉഴിഞ്ഞുവിട്ടു. ഏതെങ്കിലും ഒന്നു തീർച്ചപ്പെടുത്തിക്കഴിഞ്ഞാൽ അതു് സാധിക്കുന്നതുവരേക്കും അദ്ദേഹം അടങ്ങിയിരിക്കയില്ല.എത്രയെത്ര ദുസ്സഹക്ലേശങ്ങൾ വന്നിടയട്ടെ: അദ്ദേഹം കൂസുകയില്ല. മനുഷ്യജന്മത്തിനു് അപ്രാപ്യമായ സ്ഥാനമല്ലെന്നിരിക്കിൽ, അവിടെ അദ്ദേഹം തീർച്ചയായും ചെന്നെത്തുകതന്നെചെയ്യും. ദൈവഹതനായിപ്പോയാൽ മാത്രമല്ലാതെ അദ്ദേഹം നൈരാശ്യപ്പെടുകയില്ല. സാധാരണമായുള്ള വിഘ്നങ്ങളെല്ലാം അദ്ദേഹത്തിന്റെ ശ്രമത്തിനു് ഊക്കും ഉണർച്ചയും കൊടുക്കുന്ന ഉപകരണങ്ങളായിട്ടാണു് പരിണമിക്കുക. ശ്രമത്തിൽ കൈവെച്ചാൽ ഫലമനുഭവിച്ചല്ലാതെ വിടുകയില്ല. ഈ ധീരതകൊണ്ടുത [ 82 ] ന്നേയാണു് അസാധ്യമെന്നു് അഭിജ്ഞന്മാർപോലും വിശ്വസിച്ചിരുന്നകാര്യം അദ്ദേഹത്തിനു് സുസാധമായതും, വിജയവീരനായി അദ്ദേഹം മാതൃഭൂമിയെ ആഹ്ലാദിപ്പിച്ചതും.

മലബാറി ആദ്യമായി സമുദായപരിഷ്കാരത്തിൽ പ്രവേശിച്ചപ്പോൾ, അദ്ദേഹത്തിനു് ബുദ്ധിഭ്രമമുണ്ടോ എന്നുതന്നെയും ചിലർ സംശയിക്കയുണ്ടായി. പരിഷ്കൃതവിദ്യാഭ്യാസം സർവ്വത്ര പ്രചരിച്ചു്, മലബാറിയെപ്പോലെയുള്ള മഹാശയന്മാരുടെ പ്രയത്നഫലത്താൽ ഏതു സമുദായവും കാലോചിതം പരിഷ്കരണീയം തന്നെയെന്നു് സിദ്ധിച്ചു് പല പല ഭേദങ്ങളും സമുദായത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തുകൂടിയും പൂർവ്വികാചാരദോഷപരിഹാരത്തിനായി മുന്നിടുമ്പോഴേക്കും എത്രയെത്ര വിഘ്നങ്ങളും വിഷമതകളും വന്നിടയുന്നുവെന്നു് അനുഭവിച്ചറിഞ്ഞവർ ഏതൽപരിഷ്ക്കാരോദ്യമത്തിന്റെ ആരംഭഘട്ടത്തിൽ, വിദ്യാഭ്യാസവും ലോകപരിചയവും ദുർല്ലഭം ചിലരിൽ മാത്രം അടങ്ങിയിരുന്ന ആ കാലത്തു്, സമുദായ പരിഷ്കാരമെന്ന വാക്കുതന്നെ പുത്തരിയായിരുന്ന അന്നു് ഈ രാജ്യത്തിന്റെ സ്ഥിതി എങ്ങിനെയായിരുന്നിരിക്കാമെന്നു് തെല്ലൊന്നു ചിന്തിക്കുന്നതായാൽ, നിശ്ചയമായും, ഭയപ്പെടുകതന്നെ [ 83 ] ചെയ്തുപോകും. നിർഭയനായ മലബാറി ആക്ഷേപങ്ങളെയൊന്നും വകവെക്കാതെ, പ്രതിബന്ധങ്ങളെയെല്ലാം തകർത്തുകളഞ്ഞു് മുന്നോട്ടു കടക്കുകയാൽ, തല്ക്കാലാനുഭവത്തിനു് ഏറ്റവും ചെറിയ ഫലമേ കിട്ടിയുള്ളുവെന്നതല്ലാ, അതുവരെയും അനിരുദ്ധമായിരുന്ന പൂർവ്വികാചാരദുർഗ്ഗം ദൃഢപരിശ്രമത്തിനു് അഗമ്യമല്ലെന്നു് സാധിച്ചതാണു് ഗണനീയമായുള്ളതു്. സമുദായകാര്യത്തിലോ മതവിഷയത്തിലോ തീർച്ചയായും പ്രവേശിക്കയില്ലെന്നു പറഞ്ഞു് മാറി നിന്നിരുന്ന ഗവർമെണ്ടിനെ, ആ നില്പ് നീതിവൽകൃതമല്ലെന്നു വാദിച്ചിട്ടു് സാമർത്ഥ്യപൂർവം നിലയിളക്കിവിട്ടു്, അതു രണ്ടിലെക്കും ആദ്യമായി കാൽ വെപ്പിച്ച മലബാറിയെ ഇന്നത്തെ സമുദായപരിഷ്കാരകാംക്ഷികൾ ഭക്തിപൂർവ്വം നാളിൽ നാളിൽ സ്മരിക്കേണ്ടതല്ലയോ?

മലബാറി സാധിച്ച ആചാരപരിഷ്ക്കാരം, ഭാരതീയ സമുദായ ഘടനയുടെ ദൃഢദൃഢതയും, പുരാതനത്വവും ഏതാണ്ടറിഞ്ഞിട്ടുള്ള നൈറ്റിംഗേൽ എന്ന മഹാമനസ്വിനി, ലോകത്തിലുണ്ടായ സാമുദായിക സംഭവങ്ങളിൽ വെച്ചു് മഹത്തരമായിട്ടുള്ളതാണെന്നു ഘോഷിച്ചിരിക്കുന്നു. ഈ ആചാര പരിഷ്കാരശ്രമത്തിനായി സ്വ ജീവിതത്തെ സമർപ്പിച്ചു് അതിലേക്കാ [ 84 ] യി മരിക്കുവാൻ തന്നെയും സന്നദ്ധനായി, തനിക്കുള്ള സുഖവും കീർത്തിയും തൽസിദ്ധിയിലാണു് സ്ഥിതിചെയ്യുന്നതെന്നു് നിശ്ചയിച്ചുകൊണ്ടാണു് മലബാറി ബദ്ധകങ്കണനായി ഇറങ്ങിയതു്. ഭാരതീയാചാര നിബന്ധനകളുടെ കാഠിന്യത്തെയോ, തൽപരിഷ്കാര ശ്രമത്തിൽ നേരിടാവുന്ന വിഷമതകളെയോ കുറിച്ചു് ഇന്നും വിദേശീയർക്കു് അധികമായൊന്നുമറിഞ്ഞുകൂടാ. ഭാരതീയർ തന്നെയും. പക്ഷെ, അതിൽത്തന്നെ ലയിച്ചുകിടക്കുന്നതു കൊണ്ടായിരിക്കാം, അതിന്റെ ഭയംകരതയെ സംബന്ധിച്ചു് ഇങ്ങനെ അവജ്ഞരായിരിക്കുന്നതു്. കേരളത്തിലാവട്ടെ, ആചാരബന്ധം അത്രകഠിനമോ, സാർവത്രികമോ അല്ലായ്കകൊണ്ടായിരിക്കാം-ഈ നാട്ടുകാർ സ്വരാജ്യത്തിലെ പല കോടി ജനങ്ങൾ കൂട്ടത്തോടെ അനുഭവിക്കുന്ന ഘോരദു:ഖത്തിൽ അജ്ഞരോ അശ്രദ്ധരോ ആയിത്തന്നെ കഴികയാണു്. സങ്കൽപത്തിനു തന്നെയും വിദൂരമായ അത്ര പുരാതന കാലംമുതൽക്കേ ഇന്ത്യയിൽ വിശ്വാസപൂർവ്വം അനുവർത്തിച്ചുവരുന്ന സമുദായാചാരങ്ങൾ കാലദേശാവസ്ഥാഭേദത്താൽ ദുഷിച്ചുവിഷമയമായിത്തീർന്നിട്ടും. അതിൽനിന്നു് ഒരടിയെങ്കിലും മാറി നിൽക്കുന്നതു് ജനങ്ങൾക്കാർക്കും സമ്മതമല്ല. ഏറ്റവും തുച്ഛമായ കാര്യങ്ങളിൽ കൂടിയും, അതു് ജിവിതത്തെ എത്രതന്നെ ദു:ഖപൂർണ്ണമാക്കിയാലും,ഒട്ടൊന്നു ഭേദഗതി ചെയ്വാൻ ആരാനും കയ്യൊ [ 85 ] ന്നുയർത്തിയാൽ, ജനങ്ങൾ അവനെ കൂട്ടത്തോടെ വന്നു നിന്നു ശപിക്കും. പൂർവാചാര വിശ്വാസം ഇത്രയധികം ഇന്ത്യയിലെന്നപോലെ ലോകത്തിൽ മറ്റെങ്ങും തന്നെയില്ല. ഇത്ര പഴകിച്ചീഞ്ഞ ആചാരങ്ങൾ ആ നിലയിൽ തന്നെ ഇത്ര സംതൃപ്തരായി അനുഭവിക്കുന്ന ജനതയും ലോകത്തിൽ വേറെയില്ല. സമുദായാഭിവൃദ്ധിയെ പ്രത്യക്ഷമായി പ്രതിബന്ധിക്കുന്ന ആചാരങ്ങൾ തന്നെ ആദ്യമെങ്ങിനെയോ നടപ്പായിപ്പോയാൽ,അതിനടിയിൽ ചില കല്പിതപ്രമാണങ്ങൾ കുത്തിക്കടത്തിയുറപ്പിച്ചു്വെച്ചു് സമുദായാഭിമാനധ്വജമെന്നപോലെ പ്രതിഷ്ഠ നൽകിക്കഴിയും. വഴിയേതന്നെ, അതിന്മേൽ മതമുദ്ര പതിച്ചു്, ആർക്കും അണഞ്ഞുകൂടാത്ത ദിവ്യപരിശുദ്ധ വസ്തുവാക്കി വെക്കയും ചെയ്യും. ഇന്ത്യയിലെ ഏതൊരാചാരവും, ഏതൊരുവിശ്വാസവും, സാധാരണമായുള്ള ദിനകൃത്യങ്ങൾ തന്നെയും മതാധികാരത്തിനുൾപ്പെട്ടിരിക്കുന്നു. മതമാവട്ടെ സർവ്വേശ്വരകൃതവുമാണു്. ആചാരലംഘനത്തെപ്പറ്റി വിചാരിക്കപോലും ചെയ്താൽ ഈശ്വരനിന്ദയെന്ന മഹാ പാപത്തിനു് അവർ അർഹനായി ! പാശ്ചാത്യ മത പുരോഹിതന്മാർക്കു് രാജ്യഭരണാവകാശമുണ്ടായിരുന്ന പഴയകാലത്തു് അവർക്കുതന്നെയും വിസ്മയിച്ചു പോകാവുന്ന അത്ര അധികാരശക്തി ഇവിടത്തെ വൈദികന്മാർക്കുണ്ടു്. ആചാരങ്ങളുടെയെല്ലാം സൃഷ്ടി [ 86 ] സ്ഥിതികർത്താക്കന്മാരായ അവർ സ്വാതന്ത്ര്യേച്ഛ എങ്ങാനുമൊട്ടുകണ്ടാൽ അതിനെ മുളയിൽത്തന്നെ നുള്ളിയെടുത്തെറിഞ്ഞുകളയുമ്പോൾ, അതിൽ അവരോടു് മറുത്തൊരു വാക്കു പറവാൻപോലും ധൈര്യമുള്ളവരാരുമില്ല. അജ്ഞരായ സ്ത്രീജനത്തെ കല്പിതകഥാപ്രസംഗങ്ങളാൽ വശീകരിച്ചു്, ആചാര ലംഘനത്താൽ കുടുംബത്തിൽ നേരിടാവുന്ന ഭയങ്കരമായ സുഖസമാധാന ഹാനിയെ ഉയർത്തിക്കാണിച്ചു കൊണ്ടാണു് ഇവർ വിദ്യാസമ്പന്നരായ പുരുഷന്മാരെ തലപൊക്കുവാൻവിടാതെ അമർത്തിക്കളയുന്നതു്. അംഗങ്ങളെയും, കുടുംബങ്ങളെയും , അവാന്തരവർഗ്ഗങ്ങളെയും ഉപസമുദായങ്ങളെയും കര സഹസ്രങ്ങളാൽ കെട്ടിമുറുക്കി കൂട്ടിപ്പിടിച്ചു നിൽക്കുന്ന ആചാരഭൂതത്തിന്റെ ആ നിശ്ചല സ്ഥിതി കാണുമ്പോൾ, സ്വാതന്ത്ര്യേച്ഛുവായ സാധുമനുഷ്യൻ, ഈ ബന്ധത്തിൽ നിന്നു വേർപെട്ടാൽ, താൻ പതിച്ചു പോകാവുന്ന ആ വിവിക്തവും ഘോരവുമായ പാതാളത്തെ കണ്ടു ഭയപ്പെടുന്നതിനാൽ ആവലാതിയൊന്നും കൂടാതെ സമുദായത്തിനടിമപ്പെട്ടു കഴികയേ ശരണീകരണീയമായി അവന്നു തോന്നുകയുള്ളു. ജാതിഭ്രംശം എന്ന കഠിനദണ്ഡം ആർക്കും തന്നെ സുസഹമായിട്ടുള്ളതല്ല. ഇങ്ങിനെ പലതുകൊണ്ടും, സമുദായ പരിഷ്കാരം തൽപ്രവർത്തകന്നു് ഏറ്റവും വിപൽകരമായിട്ടാണിരിക്കുന്നതു്. തുടർച്ചയായി വ [ 87 ] ന്നുചേരുന്ന വിവിധദ്രോഹങ്ങളൊന്നൊന്നും സഹിക്ക വയ്യാതെയായി എത്രയെത്രയോ പരിഷ്കർത്താക്കന്മാർ ഭഗ്നാശയരായി പിന്മാറിപ്പോകുന്നുണ്ടു്. ഉപദ്രവം തനിക്കു മാത്രമേ ബാധകമാകയുള്ളുവെങ്കിൽ, അതു് സഹിച്ചുകൊണ്ടുതന്നെ മുന്നോട്ടു ചെല്ലുവാൻ പരിഷ്ക്കാരതൽപരൻ ധൈര്യപ്പെട്ടേക്കാം. എന്നാൽ, തന്റെ കൃത്യം നിമിത്തം കുടുംബം മുഴുവൻ സ്വകുലത്തിൽ നിന്നു് ഭ്രംശിച്ചുപോകയും, അവർക്കു് ഗാർഹസ്ഥ്യ വൃത്തിയിൽ ബന്ധുമിത്രങ്ങളുമായി ഇടപെടുന്നതിനു് കഴിയാതാകയും ചെയ്തു് ജീവിത യാത്രയിൽ വിഷമിക്കുന്നതുകാണുമ്പോൾ ആ ദു:ഖം കൂടിയും സഹിക്കുവാൻ ധൈര്യപ്പെടേണമെങ്കിൽ അവൻ എത്ര വിശിഷ്ടനായ മഹാമനസ്കനായിരിക്കണം! . ഇത്തരം മഹാമനസ്കത ലോകത്തിൽ ഏതുകാലത്തും ദുർല്ലഭമായിട്ടേ കാണാറുള്ളുവല്ലോ. ഗുജറത്തിൽത്തന്നെ, കൃഷ്ണദാസ മൂലജി ആചാരപരിഷ്കൃതിയിൽ ക്ലേശങ്ങളൊന്നും വകവെക്കാതെ മുന്നോട്ടു കടന്നു ചെല്ലുവാൻ ധീരതയോടേ പുറപ്പെട്ട മാന്യന്മാരിൽ ഒരാളാണ്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതം അന്ത്യനിമിഷംവരെക്കും ദു:ഖമയമായിട്ടാണു് കഴിഞ്ഞതു്. ജാത്യാചാര സ്ഥാപനത്തിന്റെ മുമ്പിൽ സ്വ സ്വതന്ത്രജീവിതം കൃശവും ദുർബ്ബലവുമാണെന്നു് അദ്ദേഹം, ഒടുവിൽ, ഗ്രഹിക്കയും, വിഷാദിക്കയും ചെയ്തു. ജാതിഭ്രംശംകൊണ്ടു് നിരാ [ 88 ] ധാരമായി കിടക്കുന്ന തന്റെ കുടുംബത്തെനോക്കി, കണ്ണീർ ചൊരിഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യശ്വാസം. ഈ ഘോരദണ്ഡം ആ കുടുംബത്തിനു് അധികംനാൾ അനുഭവിക്കാൻ ശക്തിയുണ്ടായില്ല. അവർ ദയനീയമാംവണ്ണം പ്രായശ്ചിത്തംചെയ്തു, ജാത്യാചാരവ്യവസ്ഥയ്ക്കു് കീഴ്പെട്ടപ്പോൾ, പതിത്വത്തിൽ നിന്നു് ഉദ്ധൃതരായി. ഈ സംഭവത്താൽ, അന്ധവിശ്വാസപരമ്പരയും, മൂഢാചാര ബന്ധവും ഒന്നുകൂടി വിജയഹർഷം ചെയ്കയാണുണ്ടായതു്. ഇതെല്ലാം കണ്ടതിൽപ്പിന്നെ, കൃഷ്ണദാസനെ അനുകരിപ്പാനോ, അനുസരിപ്പാനോ ആരാണൊരുങ്ങുക! സ്വന്തം സമുദായത്തിനു് കൃഷ്ണദാസ മൂലജി ചെയ്ത ആചാരവിരുദ്ധമായ പാപം, അദ്ദേഹം കപ്പൽ കയറി ഇംഗ്ലണ്ടിലേക്കു് പോയി എന്നതാണു്. ഒരു ഹിന്തുവിനു് ആഫ്രിക്കയിലേക്കുകൂടിയും കപ്പൽ കയറിച്ചെല്ലുവാൻ ആചാരാനുമതിയുണ്ടു്.യൂറോപ്പിൽ പോയി വന്നാലാണു് ആയാൾ ഭ്രഷ്ടനാകുക. കപ്പൽയാത്ര ചെയ്യുന്നതാണു് ആചാരവിരോധമെങ്കിൽ, ആഫ്രിക്കായാത്രയെ അതു് എന്തുകൊണ്ടു് ബാധിക്കുന്നില്ല? അഥവാ അഹിന്തുരാജ്യത്തിൽ പ്രവേശിക്കുന്നതാണു് പാപകർമ്മമെങ്കിൽ ഒരു ഹിന്തുവിനു് യൂറോപ്പും ആഫ്രിക്കയും, ഒരുപോലെയല്ലയോ? കഷ്ടം! ഇത്രയേറെ യുക്തിഹീന [ 89 ] വും മൂഢമൂഢവുമായ ഒരു നീചാചാരം എത്രയെത്ര ഭാരതീയ സന്താനങ്ങളുടെ ശുഭജീവിതത്തെ ദു:ഖമഗ്നമാക്കിയിരിക്കുന്നു! കുത്സിതവും നിസ്സാരവുമായ ഈ ആചാരത്തോടുതന്നെ ഇന്ത്യയിലെ വിദ്യാസമ്പന്നന്മാർ എല്ലാവരും ചേർന്നു് ഒന്നിലധികം നൂറ്റാണ്ടായി തുടർന്നു് പൊരുതീട്ടും പൂർത്തിയായ വിജയം ഇന്നുവരെ നേടുവാൻ കഴിഞ്ഞിട്ടില്ല. കപ്പൽ യാത്രകൊണ്ടുള്ള ജാതിഭ്രംശത്തെ മലബാറി തുച്ഛമായിട്ടാണു് പരിഗണിച്ചതു്. യൂറോപ്പിൽ ചെന്നു് ഉൽകൃഷ്ടവിദ്യാസമ്പന്നരായിത്തീർന്നു് ഇന്ത്യയിൽ വന്നു് ഉയർന്നനിലയിൽ പലരും പ്രശോഭിക്കുമാറാകുമ്പോൾ , അവിടെ ജാതിഭ്രംശത്തിനു് ചെയ്വാൻ കഴിയുന്ന ഉപദ്രവത്തെ അത്ര സാരമാക്കുവാനില്ലെന്നാണ് മലബാറിയുടെ അഭിപ്രായം. സ്ത്രീജനാഭിവൃദ്ധിയെ അതിക്രൂരമായി പ്രതിബന്ധിക്കുന്ന പൂർവ്വാചാരങ്ങളുടേ നേരെയാണ് അദ്ദേഹം എതിർത്തുചെന്നതു്. കർമ്മമാർഗ്ഗം ദുർഗ്ഗമവും, ഫലലാഭം സന്നിഗ്ദ്ധവുമായ ആചാരപരിഷ്ക്കാരത്തിൽ, അതിൽ കുടികൊള്ളുന്ന നിരവധി ക്ലേശങ്ങളെയെല്ലാം കണ്ടുകൊണ്ടുതന്നെ, അദ്ദേഹം നിർഭയം പ്രവേശിച്ചു. സമുദായാഭിവൃദ്ധിക്കു് സ്ത്രീജീവിതപരിഷ്ക്കാരമാണു് മുഖ്യാവലംബം. സമുദായത്തിന്റെ ഉച്ചനീചഭാവങ്ങൾ അതിലെ സ്ത്രീജനാവസ്ഥയ്കൊത്തിരിക്കും. സ്ത്രീജീവിതം പരിഷ്കൃതമായി, സ്ത്രീഹൃദയം വികസിതമാവാതിരിക്കു [ 90 ] ന്നെടുത്തോളംകാലം സമുദായശ്രേയസ്സിനു് നിലകിട്ടുകയില്ല. അതുകൊണ്ടാണു് മലബാറി ആചാരപരിഷ്കൃതിയിൽ സ്ത്രീ ജനവിഷയത്തിൽത്തന്നെ പ്രവേശിച്ചതു്. പുരുഷന്മാർക്കിടയിൽ പരിഷ്കൃതവിദ്യാഭ്യാസം ക്രമ പ്രവൃദ്ധമായി വ്യാപിച്ചു തുടങ്ങീട്ടും പൂർവ്വാചാരങ്ങളൊന്നും നിലയിളകാതെതന്നെ നിൽക്കുന്നതു് അവയ്ക്കു് സ്ത്രീഹൃദയത്തിൽ സുരക്ഷിതസ്ഥാനം സിദ്ധിക്കകൊണ്ടാണു്. അവയെ അവിടെ നിന്നുകൂടിയും അകറ്റാതിരുന്നാൽ, പുരുഷന്മാരുടെ ഈ വക പരിശ്രമങ്ങൾകൊണ്ടു് സമുദായം നിർമ്മലമാകുമെന്നു് ആർക്കും പ്രതീക്ഷിക്കാവുന്നതല്ല. പലപലകുടുംബങ്ങൾ കൂടിയതാണല്ലോ സമുദായം. അമ്മ, ഭാര്യ എന്നീ സ്ത്രീകളെക്കൊണ്ടാണു് കുടുംബം സൃഷ്ടമായിരിക്കുന്നതു്. അവർതന്നെയാണു് അതാതുകുടുംബത്തിൽ സർവ്വാധികാരശക്തിയോടേ പരാനധീനകളായി വിജയിക്കുന്നതും. തങ്ങൾക്കുള്ള ഈ ശക്തി ആചാരബദ്ധരായ ഇവർ ദുഷ്പഥത്തിൽ വിനിയോഗിച്ചുകളയുന്നു. ദുരധികാരപ്രമത്തതയും, ദുരാചാരതല്പരതയും, രണ്ടും ചേർന്നാൽ അങ്ങിനെയുള്ളവരെ വശീകരിക്കുവാൻ പരിഷ്ക്കാരാഭിനിവേശത്തിനുണ്ടോ ശക്തി? "ചക്രവർത്തി മഹാരാജാവു തിരുമനസ്സിലേ പ്രതിപുരുഷനായ വൈസറായിയെ കൂടിയും ചിലകാര്യങ്ങളിൽ പരിഗണിക്കാതെ നില്പാൻ എനിക്കു ധൈര്യമുണ്ടു്, എന്നാൽ, ഏതുകാ [ 91 ] ൎയ്യത്തിലും എനിക്കു് എന്റെ ഭാര്യാമാതാവിനെ പരിഭവിപ്പിക്കുവാൻ ശക്തിയില്ല" എന്നൊരു സമുദായ പ്രമാണി ഒരവസരത്തിൽ പ്രസ്താവിക്കയുണ്ടായി. കുടുംബാകലിതമായ സമുദായത്തിൽ സ്ത്രീജനാധികാരത്തിനു് പരിവ്യാപ്തമായുള്ള ശക്തിയെക്കുറിച്ചു് ഏതാണ്ടെങ്കിലും അറിയുന്നവർ ഈ പ്രസ്താവത്തിൽ അതിശയോക്തിയൊട്ടുംതന്നെ കാണുന്നതല്ല. വിദ്യാഭ്യാസംകൊണ്ടു് വികസിതമതികളായി , തങ്ങൾക്കുള്ള ഈ ശക്തി സൽപഥത്തിൽ വിനിയോഗിക്കുവാൻ അവർ ശക്തരാകുന്നതുവരെക്കും, സമുദായപരിഷ്ക്കാരശ്രമം, തട്ടിൻപുറത്തു് താമരനടുന്നതുപോലേ മാത്രമേ കലാശിക്കയുള്ളു. "ഇന്ത്യയിലെ സ്ത്രീകൾ, കുടിലിലോ കൊട്ടാരത്തിലോ എവിടെ പാർക്കുന്നവരെങ്കിലുമാവട്ടേ, അവർക്കു് വീട്ടിൽ നിന്നു് വെളിയിലിറങ്ങുവാൻ പോലും സ്വാതന്ത്ര്യമില്ലെങ്കിലും, ലോകത്തിലെ മറ്റെല്ലാ സ്ത്രീജനത്തെക്കാളും, ആത്യന്തികമായ ശക്തിയോടുകൂടി സ്വകുടുംബത്തിൽ അവർ പൂർവ്വാചാരങ്ങൾ ഉറപ്പിച്ചു നിറുത്തുന്നു" വെന്നു് മിസ്സ് ഫ്‌ലാറൻസ് നൈറ്റിംഗേൽ പറഞ്ഞിരിക്കുന്നതിൽ ഓരോ അക്ഷരവും സത്യംതന്നെയാണു്. ഇതെല്ലാമോർക്കുമ്പോഴാണു്, സമുദായപരിഷ്ക്കാരം സാധിക്കുന്നതിനായി, സ്ത്രീകളിൽ കുടിക്കോള്ളുന്ന അന്ധവിശ്വാസങ്ങളെയും മൂഢാചാരങ്ങളെയും വിദ്യാഭ്യാസം കൊണ്ടു് ദൂരീകരിക്കുവാൻ എ [ 92 ] ത്രയേറെപ്രയത്നിക്കേണ്ടിയിരിക്കുന്നുവെന്നു തെളിയുക. എന്നാൽ , സ്ത്രീവിദ്യാഭായാസകാര്യത്തിൽ പ്രവേശിക്കുമ്പോൾ, അവിടെയും കാണാം അഭേദ്യമായ പ്രതിബന്ധങ്ങൾ. ഇക്കാലത്തുകൂടിയും പലെടത്തും പല സമുദായങ്ങളിലും പൂർവ്വാചാരങ്ങളാൽ പ്രതിബദ്ധമായി കിടക്കുന്ന സ്ത്രീ വിദ്യാഭ്യായാസം , മലബാറിയുടെ കാലത്തു് ഏതുനിലയിലായിരിക്കാമെന്നു് ആർക്കും ഊഹ്യമാണല്ലോ .കുടുംബത്തിൽ സ്ത്രീകൾക്കുള്ള അധികാരം എത്ര കവിഞ്ഞിരുന്നാലും സമുദായദൃഷ്ട്യാ അവർ പുരുഷൻമാരുടെ അടിമകളാണു്. സഹധർമ്മചാരിണിത്വം പുരുഷൻമാരുടെ സുഖസൗെകര്യങ്ങൾക്കാവശ്യമുള്ളെടത്തോളം മാത്രമേ അംഗീകൃതമായിട്ടുള്ളു. ഭർതൃമതം അങ്ങിനെതന്നെ അനുവർത്തിക്കയല്ലാതെ ശരീരത്തിനാവട്ടേ മനസ്സിനാവട്ടേ സ്വാതന്ത്ര്യമൊട്ടുംതന്നെ സ്ത്രീകൾക്കില്ല. വിദ്യാഭ്യാസം കുലീനകളായ സ്ത്രീകൾക്കു ഭൂഷണമല്ലെന്നാണു് വിധി. പുരാണേതിഹാസങ്ങളിൽ നിന്നു് അന്ധവിശ്വാസങ്ങൾ എത്രവേണമെങ്കിലും അവർക്കു നുകർന്നെടുക്കാം അതു പുണ്യകർമ്മംതന്നെ, എന്നാൽ , ലോകപരിചയം കൊണ്ടു് മനോവികാസമുണ്ടാകുന്നതിനായി അവർ വിദ്യാഭ്യാസത്തിൽ പ്രവേശിച്ചാൽ , ആ മഹാപാപം പ്രായശ്ചിത്തംകൊണ്ടു പോലും പരിഹരണീയമല്ലാതാകും! വൈദികവിധിക്കു് വിരോധമാണത്രേ സ്ത്രീ വിദ്യാഭ്യാസം. ഇതി [ 93 ] ലെല്ലാറ്റിലുംവെച്ചു് കൂടുതൽ അത്ഭുതം, ഈ വക മൂഢ നിബന്ധനകളിൽ, അത് തങ്ങളുടെ നന്മയെ നിശ്ശേഷം നശിപ്പിക്കുന്നതായിരുന്നിട്ടും, സ്ത്രീകൾക്കു് പുരുഷന്മാരെക്കാളധികം മർക്കട മുഷ്ടിയുള്ളതായി കാണുന്നതിലാണു്.

ഇങ്ങിനെ, ആചാരപരിഷ്കാരത്തിനു് വേറെ മാർഗ്ഗം കാണാതെ, വിദ്യാഭ്യാസത്തിൽ ചെല്ലുമ്പോൾ അവിടെ നിന്നും നാം ബഹിഷ്കൃതരാകുകയാണു് ചെയ്യുന്നതു്. ദുരാചാരബന്ധരായ സ്ത്രീകളെ ആ അടിമത്തത്തിൽ നിന്നു് മോചിപ്പിച്ചാൽ മാത്രമേ വിദ്യാഭ്യാസപ്രചാരത്തിനു് മാർഗ്ഗമുള്ളു. ദുരാചാരദുരീകരണം സാധിക്കേണമെങ്കിൽ, വിദ്യാഭ്യാസം തന്നെ വേണം താനും . ഇപ്രകാരം കാര്യവും കാരണവും ഏതേതെന്നു് നിർണ്ണയിക്കുവാൻ വിഷമമായി കൂടിക്കലർന്നു കിടക്കുന്ന വിഷയമാണു് സ്ത്രീ ജന പരിഷ്ക്കാരം. ഒന്നു് നിശ്ചയം തന്നെ; സ്ത്രീ ജനാഭിവൃദ്ധിയെ പ്രതിബന്ധിക്കുന്ന ദുരാചാരങ്ങളിൽ മുഖ്യമായവ ശൈശവവിവാഹവും വൈധവ്യാചരണവുമാണു്. ഇതു രണ്ടും തന്നെയാണു് സ്വാതന്ത്ര്യത്തെ ഹനിക്കയും വിദ്യാഭ്യാസത്തെ തടയുകയും ചെയ്യുന്നതു്. ഹിന്തുമതപ്രകാരം, വൈദികമായ വിഷിഷ്ടകർമ്മമാണല്ലോ വിവാഹം. ജീവിതത്തിൽ അതിന്മീതെ പ്രാ [ 94 ] ധാന്യമുള്ള മറ്റൊരാചാരമില്ല. പിതൃജന ധർമ്മത്തിൽ സർവ്വോപരിയായി നിൽക്കുന്നതു്, സ്വന്തം പെൺകുട്ടികളെ സ്മൃതി വിധിക്കൊത്തവണ്ണം വിവാഹം ചെയ്തു കൊടുക്കുകയെന്നതാണു്. വൈവാഹിക പ്രായം പിഴച്ചുപോയ ഒരു യുവതി പിതൃ കുടുംബത്തിൽ പാർക്കുന്നതായാൽ, ആ കുടുംബം ഘോരപാപത്തിൽ പതിച്ചു പോകുമത്രേ. ആ കന്യകയെ പിശാചികയെപ്പോലെയും ,ആ കുടുംബത്തെ നരകം പോലെയുമാണു്, പിന്നീടു്, ബന്ധുജനങ്ങൾ കരുതുക. മകൾ യഥാകാലം പരിണീതയായി, അവളിൽ സന്താനമുണ്ടാകാതിരുന്നാൽ, അച്ഛനു് ഇഹത്തിൽ മാത്രമല്ലാ പരത്തിലുമില്ലാ സ്വൈര്യം. ഈ സ്ഥിതിക്കു്, സ്വ പുത്രിയെ വിവാഹം ചെയ്തു കൊടുക്കുവാൻ പിതൃജനം അക്ഷമരായി പ്രവർത്തിച്ചു കാണുന്നതിൽ അത്ഭുതപ്പെടുവാനില്ലല്ലോ. ഈ വഴിക്കു നോക്കുന്നതായാൽ, ശൈശവ വിവാഹം ഇന്ത്യയിൽ ഇത്ര രൂഢമൂലമാകുവാനുള്ള കാരണമേതെന്നു് കണ്ടുപിടിക്കുവാൻ ആർക്കും ദൂരെയെങ്ങാനും ചെല്ലേണ്ടി വരികയില്ല. വിവാഹത്തിന്റെ വൈദികത്വവും ഫലവും അതിർ കടത്തി വെച്ചപ്പോൾ , സ്വന്തം പുത്രികൾ മാതൃപദസ്ഥിതരാകുവാൻ പ്രാപ്തരാകും മുമ്പേ തന്നെ വിവാഹത്തിനു് വട്ടം കൂട്ടുവാൻ പിതൃജനം ബദ്ധശ്രദ്ധരായി. ജാത്യാചാര നി [ 95 ] ബന്ധനകളാൽ വരലാഭം ഇവിടെ സുലഭമല്ലല്ലോ. അതും പിതൃജനത്തെ പുത്രീ വിവാഹകൃത്യത്തിനു ബദ്ധപ്പെടുത്തുവാൻ ഹേതുവായി. പെൺകുട്ടിയു്ണ്ടായ നാൾ മുതൽ വരാന്വേഷണം തന്നെയായി പിതൃജനശ്രമം. ഈ നടപ്പിൽ നിന്നായിരിക്കണം ശൈശവവിവാഹത്തെ ഒരാചാരമായി സ്മൃതികളിൽ അംഗീകൃതമായിരിക്കുന്നതു്. വൈദികകാലത്തില്ലാതിരുന്നതും, ഇടക്കാലത്തു് ചില നിസ്സാര സംഗതികളാൽ വന്നുചേർന്നതുമായ ഒരു നടപടി, പിന്നീടു്, ഒന്നുകൊണ്ടും ലംഘിച്ചുകൂടാത്ത ഒരാചാരമായിത്തീർന്നിരിക്കുന്നു.

ഒന്നുകൊണ്ടും വേർപെടുത്തുവാൻ വയ്യാത്ത അത്ര ദൃഢവും സ്ഥിരവുമായ ജീവിതബന്ധമാണല്ലോ വിവാഹം. എന്നാൽ , സ്ത്രീകളെ സംബന്ധിച്ചു മാത്രമേ ഈ ബന്ധം അതിന്റെ പൂർണ്ണശക്തിയോടേ പ്രവർത്തിച്ചുവരുന്നുള്ളു. വിവാഹം കഴിഞ്ഞു് പിറ്റെന്നാൾ തന്നെ ഭർത്താവു് മരിച്ചുപോയാലും സ്ത്രീക്കു് പര ദർശനം പോലും വയ്യ തന്നെ. പുരുഷനാവട്ടേ, പുനർവിവാഹത്തിനും, ചിലെടത്തു് അനേകഭാര്യാത്വത്തിനും അവകാശമുണ്ടു് താനും. ഇങ്ങിനെ, സ്ത്രീയിലും പുരുഷനിലും വിവാഹബന്ധം ഭിന്നഭിന്നമായി വർത്തിച്ചുകൊണ്ടിരിക്കുമ്പോൾ, അ [ 96 ] വിടെ ശൈശവ വിവാഹത്തിനു കൂടിയും സ്ഥാനം കിട്ടിയാൽ അതിൽ നിന്നുണ്ടാകുന്ന അളവിടാനാവാത്ത ആപത്തുകൾ കൊണ്ടു് ഹിന്തു സമുദായം ഇങ്ങിനെ ക്ഷീണവും ദീനവുമായി കിടക്കാതിരിക്കുന്നതെങ്ങിനെ? പത്തു വയസ്സിനു താഴെയുള്ള ഒരു ബാലികയെ അമ്പതോ അതിലധികമോ വയസ്സായ ഒരു വൃദ്ധൻ വിവാഹം ചെയ്തിട്ടു്, അതിൽ ദാമ്പത്യസുഖം പോലും ! ഇത്തരം ശൈശവ വിവാഹം തന്നെയാണു് വിധവകളുടെ സംഖ്യ ഇത്രയേറെ വർദ്ധിപ്പിച്ചിരിക്കുന്നതു്. യൗെവനത്തിനു ശേഷമുള്ള വൈധവ്യം അത്ര ദോഷാസ്പദമല്ലെന്നു സമ്മതിക്കാം. എന്നാൽ ബാല്യത്തിൽത്തന്നെയും , യൗെവ്വനാരംഭത്തിലും വൈധവ്യം ഭവിക്കുന്ന ദുർഭഗകളാൽ സമുദായഭാവം എത്രയേറെയാണു് ബീഭത്സമായിത്തീരുന്നതു. ഒരു വിധവയെ സമുദായത്തിലെ ഒരംഗമായിത്തന്നെ ഗണിക്കുന്നില്ല. അവളെ എങ്ങാനുമൊന്നു കണ്ടു പോയാൽത്തന്നെ അശുഭമായി. ലൗെകികസുഖമൊന്നുംതന്നെ അവൾക്കനുഭവിച്ചുകൂടാ. പ്രകൃതിദത്തമായ ശരീരത്തെക്കൂടിയും അവൾ വികൃതമാക്കി വെക്കണം. സ്വാദുള്ള ഭക്ഷണ സാധനങ്ങൾ പോലും അവൾ വർജ്ജിക്കണം. ദേശത്തിലെയോ കുടുംബത്തിലേയോ മംഗളകർമ്മങ്ങളിലൊന്നും അവൾ സംബന്ധിച്ചുകൂടാ. കഷ്ടം ! ഈ ദുർജീവിതത്തിനു് അ [ 97 ] വൾ എന്തപരാധംചെയ്തു! ഇത്തരം നിഷ്ഫലവും, ദുഖമയവുമായ ജീവിതങ്ങൾ സംഖ്യയില്ലാതെ ചുമന്നു് വിഷമിക്കുന്നതിനു് സമുദായം എന്തപരാധം ചെയ്തു!

ബാല്യവൈധവ്യത്തിൽ നിന്നു ദുർവിചാരങ്ങളും ദുഷ്ക്രിയകളും ഗൂഢമാർഗ്ഗേണ പരന്നു നിറഞ്ഞു് സമുദായത്തെ പല രീതിയിലും ദുഷിപ്പിക്കുന്നുണ്ടു്. ശൈശവവിവാഹമാകട്ടെ സമുദായത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഒരു ബാലയിൽ ജാതനാകുന്ന സന്താനം എങ്ങിനെ അരോഗദൃഢഗാത്രനാകും ! അച്ഛനമ്മമാർ ഉള്ളിണങ്ങിയവരും പ്രായചേർച്ചയുള്ളവരുമല്ലെങ്കിൽ, അമ്മ ശിശു സംരക്ഷണത്തിൽസമർത്ഥയല്ലെങ്കിൽ, മക്കളെല്ലാം ശരീരത്തിനും മനസ്സിനും തെല്ലുമുറപ്പില്ലാത്തവരായിട്ടേ തീരുകയുള്ളു. ഭാരതഭൂമിയിൽ ധൈര്യവും സ്ഥൈര്യവും ക്ഷയിച്ചുപൊയതും, ഭീരുക്കളും ദുർബലന്മാരും ഇത്രയും നിറഞ്ഞതും ഈ ശൈശവവിവാഹം കൊണ്ടാണു്. ജീവിതയുദ്ധത്തിൽ അമിതപരാക്രമികളായ ഭടന്മാർ കൂടിയും കുടുംബഭരണത്തിൽ തോറ്റുപോകാറുണ്ടു്. ഇങ്ങിനെയിരിക്കേ, ലോകമെന്തെന്നറിഞ്ഞിട്ടില്ലാത്ത ബാലികാ ബാലന്മാർ ദാമ്പത്യബദ്ധരായി കുടുംബഭാരം വഹിക്കുമാറായാൽ അവരിൽ നിന്നു് സമുദായം എന്തുഗുണമാണു് പ്രതീക്ഷിക്കുവാനുള്ളതു്! [ 98 ] മലബാറിയുടെ കാലത്തും അതിന്മുമ്പായിത്തന്നെയും, ബാല്യവിവാഹം, ബാല്യവൈധവ്യം എന്നീ രണ്ടു ഭയംകരദോഷങ്ങളിൽ നിന്നു് സമുദായത്തെ മുക്തമാക്കുവാൻ വിദ്യാസമ്പന്നരായ ഹിന്തു പ്രമാണികൾ ശ്രമിച്ചു വന്നിട്ടുണ്ടു്. ഈ വക ആചാരങ്ങൾ വേദോക്തമല്ലെന്നും, സ്മൃതികളിൽ ചിലതു തന്നെയും ഇവയെ അനാദരിക്കുന്നുണ്ടെന്നും കാലോചിതം ആചാരങ്ങൾ പരിഷ്ക്കരിക്കാവുന്നതാണെന്നു് ശ്രുതിയും സ്മൃതിയും അനുവദിച്ചിട്ടുണ്ടെന്നും അവർ യുക്തിപൂർവം വാദിച്ചിരിക്കുന്നു. എന്നാൽ അവരുടെ ശ്രമം, വൈദികന്മാരെ ക്ഷോഭിപ്പിച്ചു് ആചാരങ്ങളെ ഒന്നുകൂടി മുറുക്കിപ്പിടിപ്പിക്കുവാൻ മാത്രമേ അക്കാലത്തു ഉതകിയുള്ളു. വിധവാ വിവാഹം ശാസ്ത്രോക്തം തന്നെയെന്നു് വാദിച്ചു് അതിൽ ഒട്ടെങ്കിലും ഫലം നേടുവാൻ കഴിഞ്ഞതു് ഈശ്വരചന്ദ്രവിദ്യാസാഗരന്നാണു്. അദ്ദേഹം അന്നുചെയ്ത മഹോപകാരം ഭാരതഭൂമി ഏതുകാലത്തും വിസ്മരിക്കുന്നതല്ല. പല നാൾ പാടുപെട്ടു് പണിയെടുത്തിട്ടു് വിധവാ വിവാഹം നിഷിദ്ധകർമ്മമല്ലെന്ന ബോധം അദ്ദേഹം വിദ്യാസമ്പന്നന്മാരിൽ പരത്തുകയാലാണു് ഇന്നു ദുർല്ലഭമായിട്ടെങ്കിലും അങ്ങുമിങ്ങുമായി അത്തരം വിവാഹം നടന്നു കാണുന്നതു്. ആ മഹാപുരുഷൻ ഇന്ത്യയിലെ സമുദായ പരിഷ്ക്കർത്താക്കളിൽ അഗ്രഗണ്യ [ 99 ] നായിത്തന്നെ അനശ്വരയശശ്ശരീരനായി ശോഭിക്കുന്നു.

ഹിന്തുജന സമുദായത്തിൽ രൂഢമൂലമായി ബാധിച്ചിരിക്കുന്ന ദോഷങ്ങൾ കണ്ടു്, മലബാറി ബാല്യത്തിൽത്തന്നെ അനുശോചിക്കാറുണ്ടു്. ദേശാഭിമാന പൂർണ്ണനായ ആ പാർസീവീരൻ ഹിന്തുസമുദായം സ്വസമുദായത്തിൽ നിന്നു് ഭിന്നമാണെന്നു് കരുതീട്ടില്ല. ഗുജറാത്തിഭാഷ ഹിന്തുഗുജറാത്തിയെന്നും , പാർസിഗുജറാത്തിയെന്നും രണ്ടു ശാഖകളായി പിരിഞ്ഞിട്ടുണ്ടു്. മലബാറിയുടെ കൃതികളെല്ലാം ഹിന്തുഗുജറാത്തിയിലാണെന്നതുതന്നെ അദ്ദേഹത്തിനു് ഹിന്തുസമുദായത്തോടു പ്രത്യേകമെന്തോ പ്രതിപത്തിയുണ്ടെന്നതിനു് നല്ലൊരു ലക്ഷണമാണല്ലോ. അഥവാ, ഹിന്തുസമുദായ പരിഷ്കാരത്തിനായി ഹിന്തുക്കളിലാരാനും മുന്നിടുമ്പോൾ അവർ വൈദികന്മാരുടെ ഘോരതരമായ കോപത്തിനും ശാപത്തിനും പാത്രമായി ജാതിഭ്രഷ്ടരാകുന്നതുകൊണ്ടു് , പിന്നീടു് സമുദായത്തിൽ കടന്നു് ആരബ്ധ ശ്രമം തുടരുവാൻ ശക്തരല്ലാതായി പോകുന്നതുകണ്ടു്, വൈദികാധികാരത്തെ ഗണ്യമാക്കാതെ പരിശ്രമിച്ചു് ഹിന്തുസമുദായ പരിഷ്കാരദ്വാരം ആദ്യം തുറന്നിടേണ്ടതിലേക്കു് അന്യ സമുദായത്തിൽ നിന്നു് ഒരു ധീര പുരുഷൻ തന്നെ മുന്നിടേണ്ടതായിരിക്കുന്നുവെന്നു വെ [ 100 ] ചു് ഭാരത മാതാവുതന്നെ തെളിഞ്ഞനുഗ്രഹിച്ചു് വിട്ട വീരസന്താനമായിരിക്കാം മലബാറി. അദ്ദേഹത്തിന്റെഅമ്മയായ ബിക്കിബായിക്കു് ഹിന്തുക്കളുമായി സഹവസിക്കുന്നതിലാണു് അധികം താല്പര്യമുണ്ടായിരുന്നതു്. ആ സാധ്വി ഹിന്തുവിധവകളെ സമാശ്വസിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധയായിരുന്നു. ചുറ്റുമുള്ള ഹിന്തുകുടുംബങ്ങളെല്ലാം ബിക്കിബായിയെ ആപ്തമിത്രം പോലെയാണു് ആദരിച്ചും സ്നേഹിച്ചും വന്നതു്. അമ്മയുടെ ഈ സ്വഭാവംതന്നെ മകനിലും പകർന്നു. ഹിന്തു വിധവകളുടെ ദുർജീവിതം മലബാറിയെ അത്യധികം പരിതപിപ്പിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ കൃതിയിൽതന്നെ ഈ അനുതാപം ഹൃദയംഗമമായി പ്രകടിതമായിട്ടുണ്ടു്. പൂർവ്വികവീരന്മാരെ പോലെ, സമുദായത്തെ ഈ ഭയങ്കരമായ ആപത്തിൽ നിന്നു് ഉദ്ധരിക്കുവാൻ താൻ ശ്രമിക്കുന്നതാണെന്നു സത്യവ്രതനായ അദ്ദേഹം ബാല്യത്തിൽത്തന്നെ ആ കൃതിയിൽ ഭീഷ്മശപഥം ചെയ്തിരിക്കുന്നതായും കാണാം. ശൈശവവിവാഹംകൊണ്ടും, ബാല്യവൈധവ്യംകൊണ്ടുമുണ്ടാകുന്ന മർമ്മഭേദകമായ ദു:ഖാനുഭവങ്ങളിൽ ഒട്ടെങ്കിലും പരിചയിച്ചിട്ടുള്ള ഒരു ദേശാഭിമാനി, സ്വജീവിതത്തെ ആ ദു:ഖത്തിൽനിന്നു് അബലകളെ മുക്തരാക്കുവാനുള്ള തീവ്ര പ്രയത്നപരമ്പരയിലേക്കായി സമർപ്പിക്കാതിരുന്നാൽ, [ 101 ] അതാണത്ഭുതജനകം. ഈ വിധവകളെ ഓർത്തു് മലബാറി രാപ്പകലൊഴിയാതെ ഖേദിച്ചുകൊണ്ടിരുന്നു. "ഈ അനുഭവം എന്റെ ഹൃദയത്തെ ഭസ്മീകരിക്കുന്നു" എന്നും ; "വൈധവ്യദു:ഖം എത്ര ഘോരമാണെന്നു ഞാനറിയുന്നുണ്ടെന്നോ, അതിൽ ഞാൻ അനുതപിക്കുന്നുണ്ടെന്നോ പറഞ്ഞാൽ എന്റെ മനോഭാവം ആ പ്രസ്താവത്തിൽ നിഴലിച്ചിട്ടുപോലുമുണ്ടാകയില്ല; ആ ദു:ഖം അതിന്റെ പൂർണ്ണരൂപത്തിൽത്തന്നെ ഞാൻ അനുഭവിക്കയാണു ചെയ്യുന്നതു്; ആ സമയത്തെല്ലാം എന്റെ തോന്നൽ ഞാനും ഒരു വിധവയാണെന്നാണു്" എന്നും അദ്ദേഹം ഓരോ അവസരത്തിൽ തന്റെ സ്നേഹിതന്മാരോടു തുറന്നുപറകയുണ്ടായിട്ടുണ്ടു്. ഉദ്യുക്തകർമ്മത്തിൽ മനസ്സു മുഴുവൻ സുദൃഢം ചെലുത്തുന്ന ആ മഹാത്മാവിന്റെ അവ്യാജഭാവം ഇങ്ങിനെയല്ലാതെ മറിച്ചായി വരുന്നതല്ലല്ലോ. പരഗുണത്തിനായി ഈ രീതിയിൽ പ്രവർത്തിക്കുവാൻ അദ്ദേഹത്തിനുള്ള മനോദാർഢ്യംകൊണ്ടാണു് അദ്ദേഹം വീരപുരുഷനായി പ്രകീർത്തനായതു്. ധർമ്മനിഷ്ഠയിൽ അദ്ദേഹം അദ്വിതീയൻ തന്നെയായിരുന്നു. ആ ധർമ്മം പ്രഭുക്കന്മാർ ആർക്കാനുമെപ്പോഴെങ്കിലും വല്ലതുമൊട്ടു ദാനം ചെയ്യുന്നതുപോലെയല്ല. ദുഖാകുലന്മാർക്കായി തന്റെ സുഖവും തന്റെ പണവും അതുമാത്രമല്ലാ, തന്റെ അറിവും , തന്റെ കഴിവും [ 102 ] നിശ്ശേഷം ദാനം ചെയ്തതിലാണു് മലബാറിയുടെ ധർമ്മനിഷ്ഠ നിലകൊള്ളുന്നതു്. ബാലകുടുംബിനികളുടെയും ബാലവിധവകളുടെയും രക്ഷയ്ക്കുവേണ്ടി അദ്ദേഹം ഉദ്യമിച്ചുതുടങ്ങിയപ്പോൾ ആ കൃത്യം പരസമുദായത്തിനു വേണ്ടിയാണെന്ന താൽക്കാലികാവിചാരം തന്നെയും അദ്ദേഹത്തിനുണ്ടായിട്ടില്ല. ഈശ്വരസന്നിധാനത്തിൽ ക്രീഡിക്കുന്ന അനുഗൃഹീതപുരുഷന്മാർക്കു്, മനുഷ്യരെല്ലാം ഒരേ ശക്തിയുടെ സന്താനങ്ങളാകയാൽ സർവ്വരും സഹോദരങ്ങൾ തന്നെയെന്ന കാരണശരീരപരമായ ആത്മികബന്ധമല്ലാതെ, സൂക്ഷ്മശരീരപരമായ മനോബന്ധത്തെക്കാളും താണു കിടക്കുന്ന സ്ഥൂലശരീരപരമായ രക്തബന്ധമോ, മതബന്ധമോ ആദരണീയമാകുന്നതാണോ? സാക്ഷാൽ ധർമ്മസഹസ്രകിരണന്റെ മുമ്പിൽ മതബന്ധം, സമുദായബന്ധം, രക്തബന്ധം എന്നിവയെല്ലാം തീരെ നിഷപ്രഭങ്ങളാണു്. സ്വബന്ധുവിന്നോ, സ്വസമുദായാംഗത്തിനോ ഒരു മഹാപുരുഷന്റെ സ്വധർമ്മകൃത്യത്തിൽ അനുഭവാവകാശം പ്രത്യേകിച്ചൊന്നും തന്നെയില്ല. "ആ ധർമ്മം ആവശ്യപ്പെടുന്നവരാരോ, ആരുടെ സ്ഥിതി തദ്ധർമ്മകൃത്യത്തിൽ പ്രേരകമായിരുന്നുവോ അവർ തന്നെയാണു് അതിനവകാശികൾ" എന്നു മലബാറി ഒരിക്കൽ പറഞ്ഞിട്ടുണ്ടു്. ഹിന്തുവോ, പാർസിയോ, മുസ്ലീമോ, ക്രിസ്ത്യനോ ആരോ [ 103 ] ആവട്ടെ, ദുഖം കാണുന്നേടത്തെല്ലാം അനുതാപം പ്രവേശിക്കതന്നെ ചെയ്യും. ദുഖനിവാരണശ്രമത്തിൽ മതഭേദമെന്തു്, സമുദായഭേദമെന്തു്?

വിത്തം,കീർത്തി,സുഖസമ്പത്തു്, അധികാരശക്തി എന്നിതെല്ലാം തന്റെ മുമ്പിൽത്തന്നെ വർഷിക്കുന്ന വിധം അത്രസ്വാധീനവും പരിപക്വവുമായിരുന്ന സാഹിത്യപരിശ്രമത്തെയും രാജ്യകാര്യവ്യവഹാരത്തെയും സന്തുഷ്ടിയോടെ പരിത്യജിച്ചു്, ശാപവും താപവും നിറഞ്ഞുകിടക്കുന്നതായ സമുദായ പരിഷ്കാരമാർഗ്ഗത്തിൽ അദ്ദേഹം ധീരതയോടെ പ്രവേശിച്ചു. സാഹിത്യപരിശ്രമം അദ്ദേഹം കൈവിടാതിരുന്നുവെന്നിരിക്കിൽ പ്രഖ്യാതപണ്ഡിതനായി വന്ദ്യയജമാനനായി അദ്ദേഹത്തിനു് സുഖിക്കാമായിരുന്നു. രാജ്യകാര്യത്തിൽത്തന്നെ ഉറച്ചുനിന്നുവെങ്കിലാവട്ടെ, അധികാരപ്രതാപത്താൽ കീർത്തനീയജനനേതാവായി അദ്ദേഹം ശോഭിക്കാതിരിക്കയില്ല. അനുതാപാകുലനായ അദ്ദേഹം, അതുരണ്ടും വേണ്ടെന്നുവെച്ചു് ദുരാചാര ബദ്ധർക്കുള്ള ദു:ഖശതങ്ങൾ മുഴുവൻതന്നെ കൈയേറ്റു് തൽപരിഹാരത്തിനായി മരണം വരെ ക്ലേശിക്കുവാനാണു് പുറപ്പെട്ടതു്. ഉദ്ദിഷ്ടസ്ഥാനത്തിൽ ചെന്നെത്തേണ്ടതിലേക്കു് തന്റെ ജീവിതത്തിൽ ഒന്നൊന്നും ഏറ്റവും വിലയേറിയതായ മൂവായിരത്തിഅഞ്ഞുറ്റിയറുപതുദിവസങ്ങൾ ഒന്നൊഴിയാതെ ത [ 104 ] ന്നെ അദ്ദേഹത്തിന് ചെലവിടേണ്ടി വന്നു. ൧൮൯൪- ലാണ് ബാല്യവിവാഹത്തേയും നിർബദ്ധവെെധവ്യത്തെയും കുറിച്ച് ആക്ഷേപിച്ചു കൊണ്ടു അദ്ദേഹം ആദ്യമായി ഒരുപന്യാസം എഴുതിയതു്.ഈ ദുരാചാര ശൃംഖലയിൽ നിന്നു് സമുദായത്തെ മോചിപ്പിക്കുവാൻ അദ്ദേഹം ആദ്യമായി ത്തന്നെ ഗവൺമെണ്ടിനോടാവശ്യപ്പെടുകയല്ലാ ചെയ്തത്. ബഹുജനാഭിപ്രായം രൂപവൽകൃതമാകുന്നതിനു മുൻപ് ഈ വിഷയത്തിൽ ഗവൺമെണ്ടിന് ഒന്നും തന്നെ ചെയ്യാൻ കഴികിയില്ലെന്ന് അദ്ദേഹത്തിനറിയാം. ആ ലഘുലേഖ അദ്ദേഹം സർക്കാരധികൃതന്മാർക്കും, ജനപ്രമാണികൾക്കും അഭിപ്രായത്തിനായി അയച്ചുകൊടുത്തു. അന്നത്തെ വെെസറോയിയും, അദ്ദേഹത്തിൻറെ ഭരണസഭാംഗങ്ങളും, ഗവർണർമാരും മറ്റും മലബാറിയെ അഭിനന്ദിക്കയും ആചാര പരിഷ്കാരത്തിനായുള്ള ഈ ഉദ്യമം അനുമോദനാർഹമാണെന്ന് സമത്തിക്കുകയും, എന്നാൽ തൽക്കാലം ഇക്കാര്യത്തിൽ ഗവർമെണ്ടിന് പ്രവേശിക്കുവാൻ വയ്യെന്ന് വിഷാദിക്കയും ചെയ്തു. ബഹുജനാഭിപ്രായത്തിനനുസരിച്ച് വിവിധ കക്ഷി പ്രതിനിധികൾ ഏകോപിച്ചു നിന്നു് ആവശ്യപ്പെടുന്നതായാലല്ലാതെ, ഗവർമെണ്ടിന് ഒന്നും ചെയ്തു കൂടായ്കയാൽ, ജനസാമാന്യത്തിൽ പരിഷ്കാരാഭിനിവേശം വളർത്തുന്നതാണു് കാര്യസിദ്ധിക്കു് ശരിയായ മാർഗ്ഗമെന്നു [ 105 ] അവർ അഭിപ്രായപ്പെടുകയുണ്ടായി. അതിനനുസരിച്ചു തന്നെയായിരുന്നു മലബാറിയുടെ പിന്നീടുള്ള ശ്രമം. അദ്ദേഹം പലപത്രങ്ങളിലും തുടർച്ചയായി എഴുതുവാനും, പലെടത്തും ഇടവിടാതെ സഞ്ചരിച്ചു പ്രസംഗിക്കുവാനും തുടങ്ങി. പൊതുയോഗങ്ങൾ നാനാദേശങ്ങളിലും വിളിച്ചു കൂട്ടി, പ്രസംഗം കൊണ്ടു് സദസ്യരെ വശീകരിച്ചു്, പരിഷ്കാരം ആവശ്യം തന്നെയെന്നു സമ്മതിച്ചു് ഗവൺമെണ്ടിലേക്കു ഹർജികളയപ്പിക്കുകയും ചെയ്തു. അക്കാലത്ത് സാമുദായികമായി ഇന്ത്യയിലുണ്ടായ ഇളക്കവും മുഴക്കവും ചരിത്ര പ്രസിദ്ധമായിട്ടുള്ളതാണു്. അതുവരെയും പ്രയത്നമാർഗ്ഗം കാണാതെയും , വൈദികന്മാരെ ഭയപ്പെട്ടും അടങ്ങിയൊതുങ്ങിയിരുന്ന പരിഷ്കാരതല്പരന്മാർ അവസരോചിതം മലബാറിയെ പിന്തുടരുകയുമുണ്ടായി. നക്ഷത്രസഹസ്രങ്ങളുടെ മധ്യത്തിൽ ചന്ദ്രനെന്നതു പോലെയാണു് അന്നു സമുദായ പരിഷ്ക്കർത്താക്കൾക്കിടയിൽ മലബാറി ശോഭിച്ചിരുന്നതു്. പഞ്ചാബ് മുതൽ മദ്രാസ് വരെ സർവത്ര സഞ്ചരിച്ചു് അദ്ദേഹം ജനങ്ങളെ ഉണർത്തി വിട്ടിരിക്കുന്നു.

ഇത്രയുമായതിൽ പിന്നെയാണു് സഹചരന്മാരായ ജനപ്രമാണികളോടുകൂടി ഗവർണ്മെണ്ടിന്റെ നേരെ മലബാറി ചെന്നതു്. ഇതിൻമുമ്പു് അനുതാ [ 106 ] പം മാത്രം കാണിച്ചു്, ഒഴിഞ്ഞുനിന്ന ഗവർണ്മെണ്ടിനു്, ഇപ്പോൾ എങ്ങിനെയുമെന്തെങ്കിലും പ്രവർത്തിക്കാതിരിപ്പാൻ നിർവ്വാഹമില്ലെന്ന ബോധമുണ്ടായി. എന്നാൽ ബഹുജനാഭിപ്രായം ഉച്ചൈസ്തരം മുഴങ്ങിനിന്നിട്ടും ഗവർണ്മെണ്ടു് പിന്നെയും സംശയിച്ചു നിൽക്കയാണുചെയ്തതു്. ഇതിലിടയ്ക്കു് പരിഷ്കാര വിമുഖമായ ആ പ്രതികൂലശക്തി യഥാക്രമം രൂപവൽകൃതമായി ഗവർമ്മെണ്ടിന്റെയും ഉൽപതിഷ്ണുക്കളുടെയും നേരെ പരസ്യമായിത്തന്നെ ഇടഞ്ഞു പുറപ്പെടുകയും ചെയ്തു. ശൈശവവിവാഹം മുതലായ ആചാരങ്ങൾ മതസംബന്ധമായ വൈദികക്രിയകളാണെന്നും അതിൽ വല്ല മാറ്റവും ചെയ്യുന്നതു് ഈശ്വരകോപത്തിനർഹമായ അപരാധമാണെന്നും, ഹിന്തുമതത്തെ നശിപ്പിച്ചു കളഞ്ഞു് ഇവിടെ പരമതം സ്ഥാപിക്കുവാൻ വേണ്ടി ചില കുടിലാശയന്മാർ സ്വാർത്ഥപരന്മാരായ ഏതാനും ഹിന്തുവിദ്വാന്മാരെ വശീകരിച്ചു ചെയ്യുന്ന ദുഷ്കൃത്യങ്ങളാണിവയെന്നും മറ്റും പറഞ്ഞു പറഞ്ഞു് യാഥാസ്ഥിതികന്മാർ ജനങ്ങളെയെല്ലാം ദുർബോധനത്താൽ മയക്കുവാൻ തുടങ്ങി. എന്നുതന്നെയല്ലാ മതസംബന്ധമായ വിധികളിൽ ഗവർമെണ്ടു് കൈകടത്തിയാൽ തീർച്ചയായും ലഹളയുണ്ടാക്കുമെന്നു പറഞ്ഞു അവർ ഗവർമെണ്ടിനെ ഭയപ്പെടുത്തുവാനും മടിച്ചില്ല. പിപാസാർത്തന്നു് പലമട്ടുപണി [ 107 ] പ്പെട്ടു കിട്ടിയ ജലം ചുണ്ടോളമെത്തിയതു് പെട്ടെന്നു് താഴേവീണു പോയാലുണ്ടാ കാവുന്നെടത്തോളം മനോവേദന ഈ ഘട്ടത്തിൽ മലബാറിക്കുമുണ്ടായി. ഒട്ടൊട്ടിണങ്ങി വന്നിരുന്ന ഗവർമെണ്ടു്, ജനക്ഷോഭം കണ്ടു് തീരെ പിന്തിരിഞ്ഞുപോകുകതന്നെ ചെയ്തു. എന്നാൽ ഇതുകൊണ്ടൊന്നും ധൈര്യം വിടാതെ മലബാറി മുറയ്ക്കു് യത്നിച്ചുകൊണ്ടു തന്നെയിരുന്നു. യാഥാസ്ഥിതിക സൈന്യം ഏറ്റവും വമ്പിച്ചതായിരുന്നിട്ടും, അവരുടെ മുമ്പിൽ അദ്ദേഹം ഒരടിപോലും മാറിക്കൊടുത്തില്ല. അവരുടെ അന്ധവിശ്വാസപരമായ ദുർവാദങ്ങളെയും, ആധാരഹീനമായ ഭീഷണികളെയുമെല്ലാം അദ്ദേഹം ബാക്കിവെക്കാതെ തകർത്തുകളഞ്ഞു. ആ ധീരന്റെ ആറുകൊല്ലത്തെ നിരന്തര ശ്രമത്താൽ, യുക്തിവാദ സമരത്തിൽ യാഥാസ്ഥിതികന്മാർക്കു് ഒരിടത്തും നിലകിട്ടാതെ വിഷമിക്കുകതന്നെ വേണ്ടിവന്നു. ഇനി , ഇംഗ്ലണ്ടിൽ ചെന്നു പരിശ്രമിച്ചു് അവിടത്തെ ധീമാന്മാരെക്കൊണ്ടു് നിർബന്ധിപ്പിച്ചു് ഇന്ത്യാ ഗവർമെണ്ടിനെ ഉണർത്തിവിടുകയാണു് വേണ്ടതെന്നറിഞ്ഞു്, അദ്ദേഹം ആ വഴിക്കു തിരിഞ്ഞു. ഇംഗ്ലണ്ടിൽ, മുഖ്യമായി സ്ത്രീജനത്തെയാണ് കൂട്ടു പിടിക്കുവാൻ‌ നിശ്ചയിച്ചതു്. തന്റെ ശ്രമം സ്ത്രീവിഷയകമായ പരിഷ്കാരത്തിലാകകൊണ്ടു് ഇംഗ്ലീഷ് മഹിളാമണികൾ ഇതിൽ സഹകരിക്കാതിരിക്കയില്ലെന്ന വിശ്വാസം [ 108 ] അദ്ദേഹത്തിനുണ്ടായിരുന്നു. എന്നു തന്നെയല്ലാ, ബ്രിട്ടീഷ് ഭരണവിഭാഗത്തിൽ ഇംഗ്ലീഷ് സ്ത്രീ ജനത്തിനുള്ള സ്വാധീനശക്തി ഗണനാതീതമാണെന്നു് അദ്ദേഹത്തിനറികയും ചെയ്യാം. ആ ശക്തിയെ ഗവർമെണ്ടിന്റെ നേരെ തിരിച്ചുവിടുവാൻ കഴിഞ്ഞാൽ വിജയസിദ്ധി തീർച്ചതന്നെയെന്നു് അദ്ദേഹം ഉറച്ചു. ഇതിലേക്കായി മാത്രം അദ്ദേഹം മൂന്നു പ്രാവശ്യം ഇംഗ്ലണ്ടിലേക്കു പോയിട്ടുണ്ടു്. പല പല ആംഗ്ലേയമഹതികളെ കണ്ടു് സംഭാഷണം ചെയ്കയും , പലെടത്തും പ്രസംഗിക്കയും, ലേഖനങ്ങൾ പലതും പ്രസിദ്ധീകരിക്കയും ചെയ്തപ്പോൾ ഇംഗ്ലണ്ടിനു് ഉണരാതിരിപ്പാൻ കഴിഞ്ഞില്ല. അതിനുമുമ്പൊരിക്കലും തന്നെ സംഭവിച്ചിട്ടില്ലാത്ത വിധം ഇംഗ്ലീഷ് പത്രങ്ങളൊന്നൊഴിയാതെ ഈ ഇന്ത്യൻ കാര്യത്തിൽ മലബാറിക്കനുകൂലമായി വാദിച്ചിരിക്കുന്നു. അവിടെ ചില മഹാശയന്മാർ ഇതിൽ ആദ്യം വിരോധിച്ചു നിൽക്കയുണ്ടായെങ്കിലും, വാദത്തിൽ ഒടുക്കം മലബാറിയുടെ പക്ഷത്തിലേക്കുതന്നെ അവർക്കു് ചായേണ്ടിവന്നു. ഇവരിലൊരാളാണു് മഹാപുരുഷനായ ഫേർബർട്ടു് സ്പെൻസർ. ഇത്രയുമായതിൽപ്പിന്നെ, ആചാര പരിഷ്കാരത്തിനനുസരിച്ചു നിയമ നിർമ്മാണം ചെയ്വാനായി ഇന്ത്യാ ഗവർമെണ്ടിനെ നിർബന്ധിക്കേണ്ടതിലേക്കു് ലണ്ടൻ പട്ടണത്തിൽ ഒരു സമാജം സ്ഥാപിതമായി. ഇംഗ്ലണ്ടി [ 109 ] ൽ ഇവരുടെയും ഇന്ത്യയിൽ പല പല സമാജങ്ങളുടെയും ശ്രമത്താൽ ലാൻഡ്സ് ഡൗെൺ പ്രഭുവിന്റെ കാലത്തു് ൧൮൯൧-ൽ വൈവാഹിക നിശ്ചിത പ്രായം ൧൦ വയസ്സിൽനിന്നു് ൧൨ വയസ്സിലേക്കു് മാറ്റുന്നതായ ഒരു നിയമം ഗവർമെണ്ടിനാൽ നിർമ്മിതമാകുക തന്നെ ചെയ്തു. ആംഗ്ലേയ മഹാശയന്മാരുടെ അഭിപ്രായം , ഇത്ര നിസ്സാരമായ പരിഷ്കാരംകൊണ്ടു് തൃപ്തിപ്പെട്ടുകൂടെന്നും , നിശ്ചിതപ്രായം, ചുരുങ്ങിയതു ൧൪ വയസ്സെങ്കിലുമാക്കേണമെന്നുമായിരുന്നുവെങ്കിലും ജനക്ഷോഭത്തിനിടകൊടുക്കാതെ, പതുക്കെപ്പതുക്കേ മുന്നോട്ടു കടന്നാൽ മതിയെന്നാണു് മലബാറി സമാധാനിച്ചതു്. ഇന്ത്യയിലെ പൊതുജനാഭിപ്രായം അങ്ങിനെ ആയിരുന്നതുകൊണ്ടു്, അതിനപ്പുറം തൽക്കാലം കടക്കുവാൻ ഇഷ്ടപ്പെടാതിരുന്ന മലബാറിക്കു് കുതിച്ചു ചാട്ടത്തിൽ നിന്നു് തന്റെ ഇംഗ്ലീഷ് സ്നേഹിതന്മാരെ പിടിച്ചമർത്തി നിർത്തുന്നതിനു് അവരെ ഇക്കാര്യത്തിൽ ഉത്സാഹിപ്പിച്ചിറക്കുവാൻ വേണ്ടിവന്നതിലധികം ശ്രമമുണ്ടായിട്ടുണ്ടു്. തന്റെ പരിശ്രമകാലത്തു്, ഗവർമെണ്ടിന്റെ ഔദാസീന്യം, തന്നെ പലപ്പൊഴും വിഷാദമഗ്നനാക്കീട്ടുണ്ടെങ്കിലും അതിൽ അദ്ദേഹം ഗവർമെണ്ടിനെ നിന്ദിക്കയോ വിഷമിപ്പിക്കയോ ഒരിക്കലും ചെയ്തിട്ടില്ല. സമുദായ പരിഷ്കാരസംബന്ധമായ നിയമ നിർമ്മാണത്തിൽ ഗവർമെണ്ടിന്റെ [ 110 ] ഔദാസീന്യം സഹേതുകമാണെന്നും, സമുദായം തന്നെയാണു് ഇതിൽ ആദ്യന്തം പ്രയത്നിക്കുവാൻ ചുമതലപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹത്തിനറിയാം.

മലബാറിയുടെ കാലത്തിനു മുമ്പു്, പത്തുവയസ്സുതികയുമ്പോഴേക്കും ബാലികകളെ വീവാഹം ചെയ്തുകൊടുക്കേണമെന്നായിരുന്നു ആചാരവിധി. ആ നിശ്ചയപ്രായമാണു് പന്ത്രണ്ടു വയസ്സുവരെ ഇപ്പോൾ നീട്ടിക്കിട്ടിയിരിക്കുന്നതു്. ആരോഗ്യ സംബന്ധമായി നോക്കുന്നതായാൽ, ഭാരതീയസ്ത്രീകളുടെ ജീവിതത്തിൽ പത്തും പന്ത്രണ്ടും വയസ്സിനിടയ്ക്കുള്ള കാലം കുറേ ആപൽക്കരമായിട്ടുള്ളതാണു്. അക്കാലത്തും ആ ബാലികയിലുണ്ടാകുന്ന സന്താനത്തിന്റെ ജീവിതം സന്നിഗ്ദ്ധമായിട്ടെ കലാശിക്കാറുള്ളു. എന്നുതന്നെയല്ലാ, ആകാലത്തു് ആ ഇളം മനസ്സിനു് ദാമ്പത്യ ജീവിതം ദുർഭരമായിത്തീരുന്നതിനാൽ ആ ബാലികയുടെ മാനസികമായ വളർച്ച നിലച്ചുപോകയും ചെയ്യുന്നു. ഇത്രയധികം ദോഷം പന്ത്രണ്ടും പതിന്നാലും വയസ്സിനിടയ്ക്കുണ്ടാകാറില്ല. അക്കാലത്തു് ശാരീരികമായ വളർച്ച പുതിയൊരു ഘട്ടത്തിലേക്കു തിരിഞ്ഞുകഴിയും . മനസ്സിനു് ഒട്ടൊട്ടു നിലയുറപ്പ് കിട്ടീട്ടുമുണ്ടാകും. ഒന്നുമില്ലെങ്കിലും , ഭാര്യാഭർത്തൃ ബന്ധമെന്നാൽ എന്തെന്നുള്ള ബോധം ആ ബാലികയിൽ സൂക്ഷ്മ [ 111 ] തരമായെങ്കിലും അക്കാലത്തു അങ്കുരിച്ചിരിക്കുമല്ലോ . അതുകൊണ്ടു് നിശ്ചിതവയസ്സ് പത്തിൽ നിന്നു് പന്ത്രണ്ടിലേക്കു് നീട്ടിക്കിട്ടിയതു് പ്രത്യകഷാനുഭവത്തിലും ഗണനീയമായ പരിഷ്കാരം തന്നെയാണു്. ഈ സിദ്ധിയുടെ മഹത്വം മുഴുവനും പരോക്ഷമായിട്ടാണു് സ്ഥിതിചെയ്യുന്നതു്. സമുദായ പരിഷ്കാരത്തിൽ ഭൂരിപക്ഷമനുസരിച്ചു് നിയമനിർമ്മാണം ചെയ്വാൻ ഗവർമെണ്ടിനു് അധികാരവും ചുമതലയുമുണ്ടെന്നു് ഈ പരിഷ്കാരം കൊണ്ടു് സിദ്ധിച്ചിരിക്കയാൽ, ശ്രമത്തിനു് ഒരതിരെങ്ങും കാണാതെ പരിഭ്രമിച്ചു നിന്നിരുന്ന പരിഷ്ക്കർത്താക്കന്മാർക്കു് ഫലലാഭത്തിൽ ആശയോടുകൂടി പ്രവർത്തിക്കാമെന്നായിട്ടുണ്ടു്. പൂർവ്വാചാരങ്ങൾ മതസംബന്ധമാകയാൽ അതെല്ലാം അലംഘനീയമാണെന്ന ദുർബോധം ഈ പരിഷ്കാരത്താൽ നീങ്ങിപ്പോയതോടുകൂടി സമുദായ പരിഷ്കാരത്തിൽ പരക്കേ ഉത്സാഹം വർദ്ധിക്കയുമുണ്ടായിരിക്കുന്നു. ഇത്രയും തന്നെയായിരുന്നു മലബാറിയുടെ ഉദ്ദേശ്യം. എത്രയെത്രയോ കാലം മുമ്പു മുതൽക്കേ സുസ്ഥിരം നടന്നു വരുന്ന ആചാരങ്ങൾ മുഴുവൻ തന്റെ ചുരുങ്ങിയ ജീവകാലം കൊണ്ടു് മാറ്റി മറിച്ചിടണമെന്ന ദുർമ്മോഹം അദ്ദേഹത്തിനുണ്ടായിട്ടില്ല. പലർ കൂടി പലകാലം പരിശ്രമിച്ചാൽ മാത്രമേ ഇതിൽ ഏതാനുമെങ്കിലും ഫലം നേടുവാൻ കഴികയുള്ളുവെന്നു് [ 112 ] അദ്ദേഹത്തിനറിയാം. തന്റെ ജീവിതം കൊണ്ടു സാധിക്കേണ്ടതു്, ദുരാചാര ധ്വംസനത്തിനു് മാർഗ്ഗവും സ്ഥാനവും നിർമ്മിച്ചുകൊടുത്തു് അനന്തരകാലീനന്മാർക്കു് ഉത്സാഹം വളർത്തുക എന്നതായിരിക്കേണമെന്നു് അദ്ദേഹം ഉദ്ദേശിക്കയും ആ യത്നത്തിൽ പൂർണ്ണ വിജയം നേടുകയും ചെയ്തു. ശ്രമഫലം എത്രയെന്നു് അളന്നു നോക്കിയല്ലാ, അത്രയും ഫലം നേടുന്നതിലേക്കു് എത്രയേറെ കഷ്ടനഷ്ടങ്ങൾ അനുഭവിക്കയും, എത്ര വലിയ പ്രതി ബന്ധങ്ങൾ തകർത്തു കളയുകയും ചെയ്തിരിക്കുന്നുവെന്നു് ഗണിച്ചുനോക്കിയാണു് യഥാർത്ഥമഹത്വത്തെ ഗ്രഹിക്കേണ്ടതെങ്കിൽ, സമുദായപരിഷ്കാരികളിൽ പ്രധാനിയും പ്രമാണിയുമായ മലബാറി തീർച്ചയായും ഒരു മഹാപുരുഷൻ തന്നെയാണെന്നു സമ്മതി ക്കണം. സ്ഥിരോത്സാഹം കൊണ്ടും നിരന്തര പരിശ്രമം കൊണ്ടും ഒരു മനുഷ്യന്നു എത്രയെത്ര വിജയം നേടുവാൻ കഴിയുമെന്നു മലബാറിയുടെ ജീവി തത്തിൽ കാണാം.