അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/മുനിമണ്ഡലസമാഗമം

(മുനിമണ്ഡലസമാഗമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


ഭണ്ഡകാരണ്യതലവാസികളായ മുനി-
മണ്ഡലം ദാശരഥി വന്നതു കേട്ടുകേട്ടു
ചണ്ഡദീധിതികുലജാതനാം ജഗന്നാഥൻ
പുണ്ഡരീകാക്ഷൻതന്നെക്കാണ്മാനായ്‌ വന്നീടിനാർ.
രാമലക്ഷ്മണന്മാരും ജാനകീദേവിതാനും
മാമുനിമാരെ വീണു നമസ്‌കാരവുംചെയ്താർ.
താപസന്മാരുമാശീർവാദംചെയ്തവർകളോ-
ടാഭോഗാനന്ദവിവശന്മാരായരുൾചെയ്താർഃ
"നിന്നുടെ തത്ത്വം ഞങ്ങളിങ്ങറിഞ്ഞിരിക്കുന്നു
പന്നഗോത്തമതൽപേ പളളികൊളളുന്ന ഭവാൻ. 230
ധാതാവർത്ഥിക്കമൂലം ഭൂഭാരം കളവാനായ്‌
ജാതനായിതു ഭൂവി മാർത്താണ്ഡകുലത്തിങ്കൽ
ലക്ഷ്‌മണനാകുന്നതു ശേഷനും, സീതാദേവി
ലക്ഷ്മിയാകുന്നതല്ലോ, ഭരതശത്രുഘ്നന്മാർ
ശംഖചക്രങ്ങ,ളഭിഷേകവിഘ്നാദികളും
സങ്കടം ഞങ്ങൾക്കു തീർത്തീടുവാനെന്നു നൂനം.
നാനാതാപസകുലസേവിതാശ്രമസ്ഥലം
കാനനം കാണ്മാനാശു നീ കൂടെപ്പോന്നീടേണം
ജാനകിയോടും സുമിത്രാത്മജനോടുംകൂടി,
മാനസേ കാരുണ്യമുണ്ടായ്‌വരുമല്ലോ കണ്ടാൽ." 240
എന്നരുൾചെയ്ത മുനിശ്രേഷ്‌ഠന്മാരോടുകൂടി
ചെന്നവരോരോ മുനിപർണ്ണശാലകൾ കണ്ടാർ.
അന്നേരം തലയോടുമെല്ലുകളെല്ലാമോരോ
കുന്നുകൾപോലെ കണ്ടു രാഘവൻ ചോദ്യംചെയ്താൻഃ
"മർത്ത്യമസ്തകങ്ങളുമസ്ഥിക്കൂട്ടവുമെല്ലാ-
മത്രൈവ മൂലമെന്തോന്നിത്രയുണ്ടാവാനഹോ!"
തദ്വാക്യം കേട്ടു ചൊന്നാർ താപസജനംഃ"രാമ-
ഭദ്ര! നീ കേൾക്ക മുനിസത്തമന്മാരെക്കൊന്നു
നിർദ്ദയം രക്ഷോഗണം ഭക്ഷിക്കനിമിത്തമാ-
യിദ്ദേശമസ്ഥിവ്യാപ്തമായ്‌ ചമഞ്ഞിതു നാഥാ!" 250
ശ്രുത്വാ വൃത്താന്തമിത്ഥം കാരുണ്യപരവശ-
ചിത്തനായോരു പുരുഷോത്തമനരുൾചെയ്തുഃ
"നിഷ്‌ഠൂരതരമായ ദുഷ്ടരാക്ഷസകുല-
മൊട്ടൊഴിയാതെ കൊന്നു നഷ്‌ടമാക്കീടുവൻ ഞാൻ.
ഇഷ്ടാനുരൂപം തപോനിഷ്‌ഠയാ വസിക്ക സ-
ന്തുഷ്ട്യ‍ാ താപസകുലമിഷ്‌ടിയും ചെയ്തു നിത്യം."