അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ശരഭംഗമന്ദിരപ്രവേശം
(ശരഭംഗമന്ദിരപ്രവേശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ
- ശ്രീമയമായ ശരഭംഗമന്ദിരം പുക്കാർ.
- സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു
- വീക്ഷ്യ താപസവരൻ പൂജിച്ചു ഭക്തിയോടെ.
- കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ-
- നന്ദമുൾക്കൊണ്ടു ശരഭംഗനുമരുൾചെയ്‌തുഃ
- "ഞാനനേകംനാളുണ്ടു പാർത്തിരിക്കുന്നിതത്ര
- ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ.
- ആർജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര-
- മാർജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം
- മർത്ത്യനായ് പിറന്നോരു നിനക്കു തന്നീടിനേ-
- നദ്യ ഞാൻ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ
- നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി-
- യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ
- ചിന്തിച്ചു ബഹുകാലം പാർത്തു ഞാനിരുന്നിതു
- ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേൻ."
- യോഗീന്ദ്രനായ ശരഭംഗനാം തപോധനൻ
- യോഗേശനായ രാമൻതൻപദം വണങ്ങിനാൻഃ
- "ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര-
- ജന്തുക്കളന്തർഭാഗേ വസന്തം ജഗന്നാഥം
- ശ്രീരാമം ദുർവാദളശ്യാമള മംഭോജാക്ഷം
- ചീരവാസസം ജടാമകുടം ധനുർദ്ധരം
- സൌമിത്രിസേവ്യം ജനകാത്മജാസമന്വിതം
- സൌമുഖ്യമനോഹരം കരുണാരത്നാകരം."
- കുണ്‌ഠഭാവവും നീക്കി സീതയാ രഘുനാഥം
- കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു
- ലോകേശപദം പ്രാപിച്ചീടിനാൻ തപോധന-
- നാകാശമാർഗ്ഗേ വിമാനങ്ങളും നിറഞ്ഞുതേ.
- നാകേശാദികൾ പുഷ്പവൃഷ്‌ടിയുംചെയ്തീടിനാർ
- പാകശാസനൻ പദാംഭോജവും വണങ്ങിനാൻ.
- മൈഥില്യാ സൌമിത്രിണാ താപസഗതി കണ്ടു
- കൌസല്യാതനയനും കൌതുകമുണ്ടായ്‌വന്നു
- തത്രൈവ കിഞ്ചിൽകാലം കഴിഞ്ഞോരനന്തരം
- വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ് സ്വർഗ്ഗം പുക്കാർ.