കണ്ണൻ

രചന:കുണ്ടൂർ നാരായണമേനോൻ
[ 1 ]
കണ്ണൻ




പാലാട്ടു കോമനുടെ നന്മയുടച്ചുവാർത്ത-
പോലാറ്റു നോറ്റൊരു കിടാവുളവായി മുന്നം,
'കോലാട്ടുകണ്ണ'നവനന്നു വളർന്നു മാറ്റാർ-
ക്കോലാട്ടിനൊക്കെയൊരുവൻ പുലിതന്നെയായി.       1
                                                                   
'മണ്ണാറുകാട്ട'രചർ മുമ്പു 'കടത്തനാട്ടി'ൻ-
കണ്ണായവീടതിലൊരാണിനെ വെച്ചിടാതെ,
പെണ്ണാക്കിയൊക്കെ നിലമുള്ളതു കയ്ക്കലാക്കി-
പ്പിണ്ണാക്കുപോലെയവർതൻനില മോശമാക്കി.       2

തട്ടിപ്പറിച്ചിതരചൻ മുതൽ, നമ്പിയശ്ശൻ-
വീട്ടിൽ പിറക്കുമവർ മാറ്റലർ പണ്ടു പണ്ടേ
കട്ടിയ്ക്കടുത്തഴൽ വരും വഴിയമ്മ നേരേ
കാട്ടിക്കൊടുത്തു മകനോടൊരു നാളുരച്ചാൾ:       3

"ഓടിക്കളിക്കുമൊരു നാളുകൾ പോയ്, പയറ്റിൽ
കൂടിക്കഴിഞ്ഞു വിരുതെൻമകനേ! നിനക്ക്,
തേടിക്കയർത്തരിയ മാറ്റലർ മേലിലൊത്തു-
കൂടിക്കടുത്തടലിനെത്തുമതോർക്കണേ നീ.       4

മോടിക്കു ചേർന്ന മുതലും പടയാളിമാരും
കൂടിക്കരുത്തൊടമരുന്നൊരു തമ്പുരാനെ,
പേടിക്കണേ കരളിലുണ്ണി! നമുക്കു മണ്ണാർ-
ക്കാടിൽ കിടപ്പൊരു നിലങ്ങൾ കൊതിക്കൊലാ നീ.       5

പാട്ടിൽപ്പെടും പകവിടാത്തൊരു നമ്പിയശ്ശൻ-
വീട്ടിൽ പിറന്നവരെയെപ്പെഴുമോർക്കണേ നീ
കുട്ടിത്തമറ്റവിടെ മാറ്റലരൂറ്റമാർന്ന-
ഞ്ചെട്ടിപ്പൊഴുണ്ടവരൊടെങ്ങിനെ നീയെതിർക്കും?       6

[ 2 ]

നീയൊറ്റയെന്തു കഴിയും ? വകവെച്ചിടേണ്ടെ-
ന്നായൊട്ടമാന്തമൊടു പറ്റലർ പാർത്തിടട്ടെ
പോയൊട്ടുമായവരൊടേൽക്കരുതിപ്പൊഴാളു-
ണ്ടായൊട്ടരുക്കിവിടെയും വളരുംവരെയ്ക്കും."        7

കുറാലെയമ്മയിതു പാലലിവാർന്ന കണ്ണു-
നീരാലെ നൽക്കവിൾ നനച്ചുര ചെയ്ത നേരം
പേരാളുമായവനു മാറ്റലർപോരിനെത്ര-
പേരാകിലും പൊരുതുവാൻ കൊതിയന്നുയർന്നു.        8

മാലോലുമമ്മ മകനിൽ കനിവാലെ കണ്ണീ-
രാലോലെ വീഴ്ത്തുവതു ചെന്നു തുടച്ചു പിന്നെ,
ചേലോടു താഴ്മയെ വിടാതവളോടു മെല്ലെ-
പ്പാലോടിടഞ്ഞ മൊഴിയൊന്നു പറഞ്ഞു കണ്ണൻ.        9

'മാലാലെ മാഴ്കരുതൂ, മാറ്റലരോടെതിർക്കാ-
ഞ്ഞാലാണു നോക്കു, തകരാറിതു കേൾക്കുകമ്മേ!
മേലാലൊരുക്കുമവർ വൻപട,യന്നെതിർപ്പാൻ
മേലാതെയാമിവിടെയാളു ചുരുക്കമല്ലേ ?        10

ആളിപ്പരക്കുമെരിതീയെതിർവമ്പുപോരി-
ന്നാളിശ്ശിയുള്ളരചനുണ്ട,വരായ് പിരിഞ്ഞ്
വാളിൽ പയറ്റുകൾ വെടിഞ്ഞു തെളിഞ്ഞു മേവും
നാളിൽപ്പടയ്ക്കണകിലാപ്പടയാളി തോൽക്കും.        11

നമ്മൾക്കു തന്നെ കുറവാളുകളെന്നു വീട്ടിൽ
നന്മയ്ക്കു നൽക്കളരികേറിയവൻ പയറ്റി:
തന്മക്കളെത്ര വലുതാവുകിലും കിടാങ്ങ-
ളമ്മയ്ക്കു, മക്കളുടെയുക്കവരോർക്കയില്ല.        12

പാരിൽ പരന്ന പുകളാർന്നൊരു മന്നനോടും
കേറിപ്പിടിക്കിലിവനിന്നു മടങ്ങുകില്ല,
പോരിൽപരുങ്ങിടുകയില്ലിവനിന്നിയെത്ര-
പേരിപ്പൊളേല്ക്കുകിലുമില്ല കുലുക്കമേതും.        13

മാറ്റാരോടേല്പതിനു മന്നവനിന്നൊരുക്ക-
മറ്റാണിരിപ്പത,തുകൊണ്ടിതുനേരമേറ്റാൽ
പറ്റാതെയായ് വരികയില്ലറിയേണമമ്മേ!
മറ്റാരുമിങ്ങുതുണ വേണ്ട തനിച്ചു പോവാൻ'.        14

[ 3 ]

ആളുന്നൊരമ്മയുടെയല്ലലകറ്റുവാനായ്-
ക്കാളുന്നൊരൂക്കുടയ കണ്ണനിവണ്ണമോതി
വാളൂം പെരും പരിചയും വലുതാം നുകത്തെ
ക്കാളും കരുത്തുടയ കയ്യിലെടുത്തിറങ്ങി.        15

തെറ്റാതെ നേർവഴിയെയിങ്ങിനെയന്നുവൈലു-
മേറ്റാടലൊട്ടുടലിനാർന്നു നടന്നിടുമ്പോൾ
കാറ്റാലുലഞ്ഞൊരിലയാം വിരലാൽ, തളർച്ച-
യാറ്റാൻ വിളിക്കുമരയാലവനൊന്നു കണ്ടു.       16

കല്ലാലെ നാലുപുറവും നലമോടു കോട്ട-
മില്ലാതെ കെട്ടിയ പെരുംതറയാൽ വിളങ്ങി
നല്ലാലു നില്പതിനടുത്തൊരു പൊയ്ക പിന്നെ-
ച്ചൊല്ലാളിടുന്ന പടയാളി തെളിഞ്ഞു കണ്ടു.       17

കൊണ്ടാടിവണ്ടരിയതേൻ നുകരാൻ മുരണ്ടു-
കൊണ്ടാടലറ്റണകയാലഴകൊന്നുകൂടി
തണ്ടാർ, വിരിഞ്ഞു ചെറുകാറ്റിലുലഞ്ഞുകൊണ്ടു
കണ്ടാനതിൽ കരൾ കുളിർത്തിടുമാറു കണ്ണൻ.       18

വെള്ളപ്പളുങ്കെതിർ നിറം കലരും തെളിഞ്ഞ
വെള്ളത്തിലങ്ങരിയ ചണ്ടി കടയ്ക്കലോളം
ഉള്ളം കവർന്നു മടവാർകളഴിച്ചുലച്ചി-
ട്ടുള്ളക്കരിംകുഴൽകണക്കവനന്നു കണ്ടു.       19

ആരും പുകഴ്ത്തുമഴകുള്ളലരിട്ടുലച്ചു
ചേരുന്നൊരാച്ചെറുതിരക്കളിയന്നതിങ്കൽ
പേരുറ്റ കാർകുഴലിമാർക്കണവോരെ വെൽവാൻ
പോരുന്നതായ പുരികക്കളിപോലെ കണ്ടു.       20

തണ്ടാരണിഞ്ഞ ചെറുകാറ്റിടചേർന്നു മൂളും
വണ്ടായ ഞാണൊലി കലർന്നഴകൊത്തിണങ്ങി
കണ്ടാനിവണ്ണമെതിരറ്റൊരു പൊയ്ക കണ്ണൻ
കൊണ്ടാടിയന്നു മലരമ്പനെയെന്നപോലെ.       21

'മേലിങ്ങു പൂമണമണിച്ചെറുകാറ്റുമേറ്റെൻ-
കാലിൻകഴപ്പു വിടുവോളമിരിക്കു'കെന്നായ്
ആലിന്തറയ്ക്കു മുകളേറിയിരുന്നു കണ്ണൻ
വൈലിത്തിരിക്കുമണയാത്തൊരിടത്തിലായി       22

[ 4 ]

'നല്ലാലൂ,നന്നിവിട'മെന്നു നിനച്ചു കണ്ണൻ
തെല്ലാടലാറ്റിയവിടത്തിലിരുന്നിടുമ്പോൾ
നല്ലാർകളൊക്കെ മുടിചേർത്തണയുന്ന വൈര-
കല്ലാക്കുളക്കടവി‌ൽനിന്നു കുളിച്ചുകേറി.       23

പൊന്താലി, നൂലു, വളതൊട്ടു, പകിട്ടുവിട്ടു
ചെന്താർമകന്റെ വിരുതിൻവിളയാട്ടമായി
പൊന്താരൊടൊത്തൊരുടലുള്ളവൾ തന്റെ ചന്ത-
മെന്താണുരപ്പതു? പറഞ്ഞറിയിക്കവയ്യ.        24

തോരാതുലഞ്ഞടിതൊടുമ്പടി നീണ്ട കൂന്തൽ
പാരാതെ കൈവിരലുകൊണ്ടവൾ വേർപെടുക്കെ,
നീരാർന്നു മിന്നലിടചേർന്നു മഴയ്ക്കൊരുങ്ങും-
കാണാറിതെന്നു കരുതും കരൾതന്നിലാരും.       25

നെഞ്ഞാകെയങ്ങിനെ നിറഞ്ഞണിവെള്ള റൗക്കി
പിഞ്ഞാനടുത്തപടി വിങ്ങിവളർന്നു പൊങ്ങി
കുഞ്ഞാന തോറ്റ നടയാളുടെ കൊങ്ക രണ്ടും
മഞ്ഞാൽ മറഞ്ഞ മലപോലെ തുലോം വിള‌ങ്ങി.        26

ആണായകൂട്ടരുടെയൊക്കെയുമുള്ളുലയ്ക്കും-
കോണാർന്നുകൊണ്ടു കരിമീനിണപോലെ മിന്നി
കാണായൊരാമിഴികൾ പോയവഴിക്കലൊക്കെ-
ച്ചേണാർന്നൊരാമ്പൽമലർ ചിന്നിയപോലെ തോന്നും.       27

ചണ്ടിക്കു നീണ്ട കുഴൽ, തണ്ടലരിൽ കളിക്കും
വണ്ടിന്നു നൽക്കുറുനിരക്കളി, താരിരുൾക്കോ
ചുണ്ടി, ങ്ങുലച്ച പുരികം തിരകൾ,ക്കിതെല്ലാം
കൊണ്ടിക്കരിംകുഴലിയാച്ചെറുപൊയ്കപോലെ.       28

തിണ്ണന്നു പൊയ്ക പിരിവാനരുതാഞ്ഞണഞ്ഞ-
വണ്ണം നിറഞ്ഞൊരഴകൊക്കയണിഞ്ഞുകൊണ്ട്
കണ്ണൻ നലത്തൊടെഴുമാലിനു നേർക്കു ചെന്നാ-
പ്പെണ്ണന്നു കണ്ണനുടെ കൺ‌വഴിയിൽക്കടന്നു.       29

'വേണ്ടില്ല കാർകുഴലി നന്നിവൾ നല്ലപോലെ
കണ്ടില്ല'യെന്നവളെ നോക്കി നിനച്ചു കണ്ണൻ
പണ്ടില്ലിതിൻപടിയൊരുത്തിയിവണ്ണമിന്നും
രണ്ടില്ല നല്ല മടവാരണിമുത്തു കൊള്ളാം.       30

[ 5 ]

കണ്ണോടുകൂടിയുടനെൻകരൾ കക്കുവോരി-
പ്പെണ്ണോർക്കിലേ, തുടലിതിൻപടിയാർക്കു കാണും?
മണ്ണോ? മയക്കുമഴകുള്ളിവൾ തന്റെ നാടു
വിണ്ണോ? കുറച്ചിടയിളക്കമെനിയ്ക്കെഴുന്നു.       31

പൂവമ്പഴത്തിനെതിർ മെയ്യിതു കണ്ടടുത്തുൾ
പ്പൂവമ്പ! പിന്തിരികയില്ലിനിയെന്നുരപ്പൂ
പൂവമ്പ! നിന്നടിമയായിവനിന്നി വിഡ്ഢി!
പൂവമ്പയപ്പതിനു മറ്റൊരിടത്തു നോക്കൂ!       32

കാർകൊണ്ടലൊത്ത കുഴൽ മെല്ലെയുലച്ചു തൻകൈ-
ത്താർകൊണ്ടു ചിക്കുമഴകു,ള്ളിളകുന്ന നോട്ടം,
വാർകൊണ്ട കൊങ്ക, തളിർതന്നുടെ തള്ളലിന്റെ
വേർ കണ്ട ചുണ്ടിതുകളാർക്കിതുപോലെ വേറെ?        33

ഇക്കാറണിക്കുഴലിമാരണിമുത്തുതന്നെ
വേൾക്കാനെനിയ്ക്കു തരമായിവരായ്കിലമ്മേ!
നോൽക്കാം നിനക്കരിയ നോൽമ്പുകൾ മന്നനോടൊ-
ന്നേൽക്കാൻ നിനയ്ക്കുമൊരു കുട്ടിയിനിപ്പിറപ്പാൻ.       34

വേട്ടില്ലൊരാളിവളെയെങ്കിലെനിയ്ക്കുതന്നേ
കിട്ടില്ലയെന്നു വരുമോ കരികൂന്തലാളെ?
തട്ടില്ലയോ തരിയുമുൾക്കനിവെന്റെ മാലിൻ-
മട്ടിന്നു മാൻമിഴിയൊന്നറിയിച്ചുകൊണ്ടാൽ?        35

ഏറ്റാക്കരിമ്പുലികണക്കു കയ‌ർത്തുകൊണ്ടാ-
മാറ്റാരിൽമുമ്പനലരമ്പനടുത്തിടുന്നു
മറ്റാരുമില്ലിവിടെ വല്ലതുമൊന്നടുത്തീ-
ത്തെറ്റാതെ നേർക്കു വരുവോളൊടുരയ്ക്കതന്നെ.       36

എന്നോർ‌ത്തെണിയ്ക്കെ മുടി ചിക്കൽ കഴിഞ്ഞു പൊന്നിൻ-
കുന്നോടിടഞ്ഞ മുലയാളവൾനേർക്കു നോക്കി
അന്നോർത്തിടാതരിയ കണ്ണനെയങ്ങു കണ്ടു
വന്നോരു നാണമൊടുടൻ തല താഴ്ത്തി നിന്നു.       37

മേലാകെയൊട്ടു വിറചേർന്നു വിയർത്തു നല്ല
കാലാലെ മണ്ണിലഴകോടു വരച്ചുകൊണ്ട്
മാലാളുകൾക്കറിയുമാറവളുന്നനങ്ങാൻ-
മേലാതെയായപടി നിന്നു നിനച്ചു പിന്നെ.       38

[ 6 ]

'വമ്പാർന്ന നല്ല പടയാളിതാരു' ചെന്താ-
രമ്പായ വമ്പനുടനിന്നുടൽ ചേർന്നതാമോ?
ഞാൻ പാർത്തതില്ലഴകു കേട്ടതുമില്ലിവണ്ണം
മുമ്പാ,രിതെൻകരളിവൻ കവരുന്നുവല്ലോ       39

ചൊല്ലാളിടുന്ന പടയാളികൾ മുമ്പനെന്നെ-
ക്കൊല്ലാനുറച്ചു കനിവറ്റു വരുന്നതാമോ?
വില്ലാളിയായ മലരമ്പനിൽനിന്നു പേടി-
വല്ലാതെ വാച്ചിടുമെനിയ്ക്കു തുണയ്ക്കുകില്ലേ?        40

പോരാളിടുന്ന പടയാളികളോടെതിർക്കും
പോരാളികൾക്കെളിയ പെൺകലയെന്നതോർ‌ത്താൽ
പോരായ്മയെന്നു പലരും പറയുന്നതിന്നു
നേരാക്കി മഞ്ഞുമലമങ്ക കനിഞ്ഞിടട്ടെ.'       41

കാറായ്ക്കടത്തടലിടും കുഴലാൾ കരൾത്താർ
തീറായ്ക്കൊടുത്തു നെടുവീർപ്പൊടിവണ്ണമോർത്ത്
നേരായ്ക്കൊടുംകടമിഴിക്കളി,യുള്ളു കാണു-
മാറാക്കിടുംപടി കലർന്നു പരുങ്ങിനിന്നു.       42

അക്കൺ‌മുനക്കയറുകെട്ടി വലിച്ചപോലെ
ചിക്കുന്നു കണ്ണനരയാൽത്തറവിട്ടിറങ്ങി
'തക്കം നിനയ്ക്കിലിതു നന്നിവനെ'ന്നുമോർത്താ-
മയ്ക്കണ്ണി നിന്നിടുമിടത്തിനടുത്തു ചെന്നു.       43

രണ്ടാളെയും പെരിയ നന്‌മകളാൽ വരിഞ്ഞു-
കൊണ്ടാനിലയ്ക്കുടനണച്ചു കരിമ്പുവില്ലൻ
വണ്ടായ ഞാണുടയ വില്ലു കുലച്ചു കയ്യു
രണ്ടാലുമമ്പുകളയച്ചു നടുക്കു നിന്നു.       44

മുക്കാലുമുള്ളറിയുമാറു പരുങ്ങി നാണി-
ച്ചക്കാർതൊഴും കുഴലിയാളരികത്തു നിൽക്കെ,
ഉൾക്കാമ്പിലൊട്ടിടയിളക്കമകന്നു പോരി-
ലൂക്കാർന്ന കണ്ണനവളോടു കടന്നുരച്ചു;       45

'കാലിൻതളർച്ചകളവാ'നിവനിങ്ങണഞ്ഞോ-
രാലിൻതറയ്ക്കരിയ നിൻവരവോർത്തിടാതെ
കാലിൽത്തൊടും മുടിയുലച്ചൊരു നിന്നെ നോക്ക-
യാലിന്നിരുന്നതിനു മാപ്പു തരേണമേ നീ!       46

[ 7 ]

'പേരാളിയാകിലൊരിടമ്പുറമില്ലടക്കം
പോരാത്ത കൂട്ടരവരെ'ന്നു നിനയ്ക്കൊലാ നീ
നേരാണു നിന്നഴകിൽ മുങ്ങി മലച്ചൊരെന്നുൾ-
ത്താരാണിതിങ്കലിളമാന്മിഴി! തെറ്റുകാരൻ.        47

തേൻ പെയ്തിടുന്ന മൊഴി! ഞാൻ വഴിപോക്കനല്ലോ,
മുമ്പേതുമീവഴിയെ വന്നവനല്ലതാനും;
അൻപേറിയെൻപിഴ പൊറുക്കുകിതൊക്കെയോർത്തു
മാൻപേടയൊത്തമിഴിമാരണിയുന്ന മുത്തേ!        48

കോലാട്ടുകണ്ണനിവൻ-ഏ! തകരാറിതെന്തോ?
പാലായിടഞ്ഞ മൊഴി! വീഴരുതെന്നുമോതി
ചേലാർന്ന കണ്ണുകളടഞ്ഞുടലും വിയർത്തു
മാലാർന്നു വീഴുമവൾതന്നുടൽ താങ്ങി കണ്ണൻ.        49

കാർവെന്ന പൂംകുഴലുലച്ചുവിഴുന്ന പെണ്ണിൻ-
പൂവെന്നപോലെ മയമുള്ളുടലന്നെടുത്ത്
പൂവെന്ന മാതിരി കുളക്കടവോടണച്ചാൻ
തൂവെണ്ണിലാവൊടിടിടയും പുകളാർന്ന കണ്ണൻ.        50

നീരും തളിച്ചു കുറെയങ്ങിനെ വീശിയപ്പോൾ
ചേരുന്നൊരോർമയോടു കണ്ണു മിഴിച്ചുനോക്കി
'പോരും പണിപ്പെടെരുതെ'ന്നവളൊന്നെണീറ്റുൾ
ച്ചോരുന്ന നാണമോടു വീശിയ കൈ തടുത്തു.        51

'ചാറീടുമക്കടമിഴിക്കളിചേർന്നെണീറ്റു
മാറീടിൽ വീഴുമിവനിപ്പണിയല്ലലാമോ?
ചാരീടുകെന്നുടലിൽ, വീശുവനത്തലെല്ലാം
മാറീടുവോളമിനി'യെന്നു പറഞ്ഞു കണ്ണൻ.        52

'ചൊല്ലായ്‌കിവണ്ണമിവൾ മാറ്റലർവീട്ടിലുള്ള
നല്ലാരതങ്ങറികിലെന്നെ വെറുക്കുകില്ലേ?
കൊല്ലാനടുക്കുമിനിയാങ്ങളമാരറിഞ്ഞാൽ,
നില്ലായ്ക, നിൻ‌കനിവിനായിത കൈ തൊഴുന്നേൻ-        53

വല്ലാതുയർന്നു കൊതി, നിന്നുടെ വീടു കോലാ-
ട്ടല്ലായ്കിലിങ്ങു തെളിവിൻ വഴിയായിരുന്നു
എല്ലാവരും പടിവരട്ടെയിതിപ്പൊളെന്നെ-
ക്കൊല്ലാനുറച്ചമലർമകൻ തുടരുന്നതാവാം.        54

[ 8 ]

മാലാൽക്കനിഞ്ഞിവളെയങ്ങിനി വേൾക്കിലിന്നാ-
ക്കോലോട്ടുവീടരിയൊരാങ്ങളമാർ മുടിക്കും
ചേലാകയില്ലതി, നിയെന്നെ മറന്നുപോകാ-
ഞ്ഞാലാടലിന്നു വഴിയാമവിടെയ്ക്കുകൂടെ.       55

മറ്റാരുവീട്ടിലുളവായതിനാൽ വെറുപ്പു-
പറ്റാതെയങ്ങിടയിലെന്നെ നിനച്ചുവെന്നാൽ
ചെറ്റാടലാറ്റിയിനിയുള്ള കുറച്ചുനാൾ ഞാൻ
മറ്റാരേയും കരുതിടാതെ കഴിച്ചുകൂട്ടാം.'       56

മാലോടിവണ്ണമവൾ തൊണ്ട വിറച്ചു കണ്ണീ-
രോലോലെവീഴ്ത്തിയുരചെയ്തതു കേട്ട നേരം
ചേലോടടുത്തു മിഴിനീരു തുടച്ചു പുല്കി-
പ്പാലോടിടഞ്ഞ മൊഴിയോടു പറഞ്ഞു കണ്ണൻ:       57

തേനീച്ചയും കൊടുകടന്നിലുമുള്ളതോർത്തു
തേനിൽപ്പെടും കൊതിവിടുന്നൊരു വിഡ്ഢിയുണ്ടോ?
ഞാനിപ്പെരുത്ത പല നന്മകൾ കണ്ട നിന്നെ-
ഞാനിങ്ങു വേൾക്കുമണയും തടവൊക്കെ നീക്കി.       58

തേടിക്കയർത്തു പടിയിൽ പലർകൂടി വന്നാൽ-
ക്കൂടിക്കരുത്തുടയകയ്യിതു കൂസുകില്ല
മോടിക്കുവേണ്ടിയൊരു വാളിതെടുത്തതല്ലാ
പേടിയ്ക്കവേണ്ട പിടമാൻമിഴി! തെല്ലുപോലും.       59

കട്ടൂനമുക്കുടയൊരുമുതലൊക്കെ മണ്ണാർ-
ക്കാട്ടുള്ള മന്നന,തിന്നവനോടെതിർത്ത്
കാട്ടുന്നൊരൂക്കറുകിൽ നിന്നുടെ കൂട്ടർ തള്ളൽ
കെട്ടുറ്റമോതിടുകയില്ല, വഴിപ്പെടില്ലേ?       60

നിന്നിൽപ്പെടുന്ന കനിവെ,ന്നുടെയൂക്കിവറ്റി-
ലൊന്നിങ്കലാങ്ങളകൾ താന്നു വഴിപ്പെടാഞ്ഞാൽ
അന്നിങ്ങു പിന്നെ വഴിയല്ലതുമൊന്നുനോക്കാം
കുന്നിൻകുറുമ്പു കുറയും കുളുർകൊങ്കയാളേ!       61

[ 9 ]

രണ്ടാൾക്കു തമ്മിലിതുപോലെയൊരുള്ളിണക്ക-
മുണ്ടാക്കിയുൾക്കനിവുവിട്ടവരെപ്പിരിപ്പാൻ
തണ്ടാർമകൻ കരുതുകില്ലൊരുനാളു,മല്ലൽ
വേണ്ടാ,വഴിക്കു വരുമൊക്കെ നമുക്കിതിങ്കൽ.       62

മണ്ണാറുകാട്ടരചനോടടറാടിയെന്റെ
മണ്ണാകെ വാങ്ങി വരുവാനുടനിന്നയയ്ക്കു
എണ്ണായ്ക നീ തടവിതുൾക്കനിവാൽതെളിഞ്ഞ
കണ്ണാലെനോക്കുകിലിവന്നിനിയുക്കൂകൂടും.       63

മാറ്റാരെയോർത്തു കനിവറ്റിടുമാവെറുപ്പു
പറ്റാതെ കണ്ണനിതുപോലെ പറഞ്ഞിടുമ്പോൾ
ഏറ്റാടൽവിട്ടു തെളിവാലവനുള്ള കയ്യു
മാറ്റാതെ മട്ടൊടിടയുംമൊഴിയാളുരച്ചു.       64

മാറീ മുഴുത്തഴലിതെന്നെയറിഞ്ഞു മട്ടു
മാറീടുമെന്നു കരുതീട്ടുളവായതല്ലോ
ഏറീടുമിക്കറകളഞ്ഞൊരു നന്മയൊത്തി-
ട്ടാരീനിലയ്ക്കൊരുവനുഴിയിലിന്നു വേറേ ?       65

ഒന്നായി നമ്മളീനിയീയൊരു 'കൊച്ചു'തന്നെ
നന്നായ് നിനച്ചു പടയിൽ പെരുമാറിടേണം
ഊന്നായിനിൽക്കുമവിടെയ്ക്കഴലൊന്നുവന്നു-
വെന്നാലതിന്നിയിരുപേർക്കൊരുപോലെ പറ്റും.       66

വെള്ളം കുടിക്കുവതിനായ് വഴിപോക്കനെന്ന
കള്ളംപറഞ്ഞു വരികൊന്നിനിയെന്റെ വീട്ടിൽ
ഉള്ളംതെളിഞ്ഞരിയ നിൻപുകളിൻവെളുപ്പാർ-
ന്നുള്ളക്കുറുക്കിയൊരുപാലു കുടിച്ചു പോവാം.       67

ഇങ്ങുള്ള കത്തിനുടെയജ്ജനൽ കാണണം ഞാൻ
വിങ്ങുന്നൊരുൾക്കൊതിയൊടിങ്ങിരവിങ്കൽനിൽക്കാം
മങ്ങുന്നൊരുള്ളു തെളിവാൻ വരികായതിൻനേർ-
ക്കങ്ങും, പകല്ക്കുടയവൻ കടലിൽ കടന്നാൽ.       68

അമ്മായിതൊട്ടു മടവാർ ചിലരുണ്ട,തല്ലാ-
തമ്മാമനാങ്ങളകളെന്നിവരില്ല വീട്ടിൽ
ചുമ്മാ വരാം,വിടുക, മുമ്പിൽ നടക്കുവാൻ ഞാ-
നിമ്മാതിരിയ്ക്കു നില നോക്കിനി രാവിലാവാം.       69

[ 10 ]

ഓർക്കാതെ തീണ്ടിയൊരു നൽച്ചെറുമിക്കു മാലു
തീർക്കാൻ തെളിഞ്ഞു ചിലതൊക്കെയുടൻകൊടുത്ത്
പാർക്കാതെ പാലിവളെടുത്തുവരുമ്പൊഴെയ്ക്കും
നേർക്കാപ്പടിയ്ക്കൽ വരികിൽത്തരമാകുമെല്ലാം.'       70

ഓർക്കാതെവന്ന തെളിവാലവൾ നാണമേതും
നോക്കാതെ കണ്ണനടലിന്നുടനാടലാറ്റി
ഊക്കാർന്നിടുന്നതിനിവണ്ണമുരച്ചു പുല്‌കി
നിൽക്കാതെ കൺമുനയവങ്കലണച്ചുപോയി.        71

കണ്ണ,ന്നമൊത്ത നടയാളിടയിൽ തിരിച്ചാ-
ക്കണ്ണന്നു നേർക്കടവൊടങ്ങിനെ നോക്കി നോക്കി
തിണ്ണന്നു തന്നുടയവീടൊടടുത്തുചെന്നാ-
പ്പെണ്ണന്നുടൻ പടികടന്നു മറഞ്ഞു പിന്നെ.        72

അന്നപ്പടിക്കു നടകൊണ്ടൊരവൾക്കു പിമ്പേ
പിന്നെപ്പടിക്കുലുഴലാതെ നടന്നു കണ്ണൻ
ചെന്നപ്പൊഴെയ്ക്കുമവൾ പാലുമെടുത്തുകൊണ്ടു-
വന്നപ്പടയ്ക്കു നടകൊൾവവനായ്‍ക്കൊടുത്തു.        73

വേണ്ടുന്നതൊക്കയവർ തമ്മിലുരച്ചു വീണ്ടും
വീണ്ടും മിഴിത്തലകളാലെ പുണർന്നു പിന്നെ
മണ്ടുന്നനേര, 'മിനിയിന്നിരവിങ്കലെ'ന്നുൾ-
ക്കൊണ്ടുള്ള നൽക്കൊതിയോടോതി നടന്നു കണ്ണൻ.        74

നല്ലാരിൽമുത്തരിയകണ്‌മുനയെത്തുണയ്ക്കായ്-
ച്ചെല്ലാനയച്ചതിലുയർന്ന മിടുക്കിനോടും
നില്ലാതെ പോയരിയമാറ്റലർനാട്ടിലെത്തി
ചൊല്ലാളിടുന്ന പടയാളി തളർന്നിടാതെ.        75

കാട്ടിക്കൊടുത്തു ചിലർ, മന്നനടക്കി മണ്ണാർ-
ക്കാട്ടിൽപ്പെടുന്നൊരവനുള്ള നിലങ്ങളപ്പോൾ
ആട്ടിക്കളഞ്ഞിതവിടെപ്പണി ചെയ്യുവോരെ-
പ്പൊട്ടിപ്പൊടിച്ചുയരുമീറയൊടേറ്റു കണ്ണൻ.        76

പേടിച്ചുമണ്ടുമവർ ചൊല്ലിയറിഞ്ഞു കൂട്ടർ
കൂടിച്ചൊടിച്ചരചനുക്കെഴുമാനയിന‍‍്മേൽ
മോടിപ്പകിട്ടൊടു കരേറീയടല‍‍്‍ക്കു വട്ടം
കൂടിപ്പുകഴ്ന്നൊരെതിരാളിയൊടന്നടുത്തു.        77

[ 11 ]

പോരാളിമാരരിവാളുമെടുത്തു പത്തു-
നൂറാളൊടൊത്തരചനിങ്ങിനെ പോർക്കടുക്കേ,
മാറാതെ വാൾപ്പിടി പിടിച്ചുറതന്നിൽനിന്ന-
തൂരാതെ നിന്നു മലപോലിളകാതെ കണ്ണൻ:        78

'ആരിക്കുറുമ്പുടയ പോക്കിരിയെന്റെ വേല-
ക്കാരിൽ കടന്നു തകരാറുകൾ ചെയ്തിടുന്നോൻ?
നേരിട്ടു കൊൽകിവനെ' യെന്നരുൾ ചെയ്തിടുന്ന
പാരിൻമണാളനൊടു കണ്ണനുരച്ചിതപ്പോൾ:        79

'കോലാട്ടെയീ മുതൽ പിടിച്ചുപറിച്ചതൊട്ടും
ചേലായതില്ലറികൊരാണവിടെപ്പിറന്നു
മേലാലുമിങ്ങനെ നടക്കുകവയിതേകാ-
ഞ്ഞാലാടലാ,മടലിൽ നിൻ‌തല ഞാനെടുക്കും.        80

പോരെങ്കിലായതിനൊരുങ്ങിടുകാളു തെല്ലു
പോരെങ്കിലൊട്ടിനിയുമിങ്ങുടനേ വരുത്തു
നേരെങ്കലുണ്ടരിയവാളിതുമുണ്ടു, നേരി-
ട്ടാരെങ്കിലും വരികിനിക്കളയായ്ക നേരം.'        81

എന്നോതി വാളുമുറയൂരിയുലച്ചു മഞ്ഞിൻ-
കുന്നോടിടഞ്ഞുടുമുറപ്പുടയോരു കണ്ണൻ
നിന്നോരുനേരമൊരു നൂറെതിരാളിമാരൊ-
ത്തന്നോടിയെത്തിയടലിന്നുടനങ്ങെതിർത്തു.        82

ഒന്നായിവണ്ണമവരാടുകളൊത്തൊരൂക്കൻ-
ചെന്നായയോടെതിരിടുന്നതിനെന്നപോലെ,
ചെന്നായവന്നരികിലായതു കണ്ടു വാളും
നന്നായുലച്ചവരോടന്നടലാടി കണ്ണൻ.        83

വട്ടമ്പെടും പരിചയാലവരന്നു വെട്ടും
വെട്ടന്നു വാട്ടമണയാതെ തടുത്തടുത്ത്
കൂട്ടത്തൊടെത്തുമവർതന്തല കൊയ്തൊരമ്മാ-
നാട്ടംതുടങ്ങിയടവിൽ പിഴയാതെ വമ്പൻ.        84

നേരിട്ടെതിർത്തൊരവർതൻ തല വെട്ടി നീളെ-
പ്പാരിൽ പരത്തിയവനങ്ങു വിളങ്ങിടുമ്പോൾ
പോരിന്നു പേടികലരാതെഴുമാനയിൻ‌മേ-
ലേറിക്കടുത്തടലിനോടിയടുത്തു മന്നൻ.        85

[ 12 ]

കുത്തുന്നതിന്നരചനങ്ങിനെ കാലു കാട്ടി-
യെത്തുന്ന കൊമ്പനുടെ തുമ്പിയറുത്തുവീഴ്ത്തി
കത്തുന്നൊരീറയൊടുമേല്ക്കുമതിന്റെ കാൽ വ-
മ്പൊത്തുള്ളൊരായവനരിഞ്ഞിതു വാഴപോലെ.        86

താണീടുമൂക്കൊടിതുമട്ടു പരിക്കുമേറ്റു
കേണീടുമാനയടിതെറ്റിയടൽക്കളത്തിൽ
വീണീടിനാനരിയകണ്ണനോടപ്പൊളൂഴി
വാണീടുവോനുടനിറങ്ങിയിവണ്ണമോതി:        87

'വാനോരൊടൊത്ത വിരുതുണ്ടു നിനക്കു തന്നെ-
ത്താനോർക്കിലെൻപടയെ വമ്പൊടു നീ മുടിച്ചു
ഞാനോ തെളിഞ്ഞിതൊരുനല്ലെതിരാളിയോടേ-
ല്പാനോർത്തിരിക്കുമളവീ വരവസ്സലായി!        88

ചൊല്ലാളുമൂക്കൊടുടനെൻ പടയാളിമാരെ-
യെല്ലാം മുടിച്ചൊരുശിരാൽ തെളിവേകിയാലും
കൊല്ലാതെകണ്ടുകഴിയില്ലിനി നിന്നെ,മങ്ങു-
മല്ലായ്കിലെൻപുകളതെങ്ങിനെ ഞാൻ പൊറുക്കും ?        89

ഏറ്റൂക്കൊടൊട്ടു പടവെട്ടിയെഴും തളർച്ച
മാറ്റൂ! മുറയ്ക്കരിയവാളിനു മൂർച്ചകൂട്ടൂ!
തോറ്റൂ പയറ്റു തിരിയാത്തവർ, നീ കുറുമ്പു-
മാറ്റൂ! മിടുക്കടലിലൊന്നിവന്നോടു കാട്ടൂ!'        90

തിണ്ണന്നു തൻ പുകളിനൊത്തൊരുമാതിരിയ്ക്കീ-
വണ്ണം നലത്തൊടരുൾചെയ്തൊരു വാളെടുത്ത്
'വിണ്ണന്നു കാണണമൊരാളതിലെ'ന്നുറച്ചാ-
ക്കണ്ണന്നുനേർക്കു കറ മൂത്തു കയർത്തടുത്താൻ'        91

നന്നീപ്പയറ്റുമുറയെന്നിരുപേർക്കുമുള്ളിൽ
തോന്നീടുമാറു തടവിൽ പിഴ പറ്റിടാതെ
നിന്നീടിനാർ പൊരുതിയൊട്ടിട പിന്നെ വാട്ടം
വന്നീല വമ്പുടയ രണ്ടെതിരാളിമാർക്കും.        92

'പോരായ്മയാണൊരുവനെന്നൊടിവണ്ണമേറെ-
പ്പോരാടിനില്ക്കിലിവനെക്കൊല ചെയ്വനെ'ന്നായ്
പാരാതെ നല്ലടവിടയ്ക്കിടെ മാറി മാറി-
പ്പോരാളിമാരുടൽ മറന്നവർ പോരടിച്ചു.        93

[ 13 ]

ചെറ്റിപ്പടിയ്ക്കൽനടന്നവളിൽ പയറ്റു
തെറ്റിത്തുടങിയരചനു പരിക്കുപറ്റി
'തോറ്റിട്ടടങ്ങിടുകയില്ലവനെ'ന്നൊരുണ്ട
യേറ്റിട്ടടുത്ത പുലിപോലമർ ചെയ്തു മന്നൻ        94

മാറ്റാർ വിറയ്ക്കുമുശിരാർന്നു പയറ്റു തെറ്റു-
പറ്റാതെ കാട്ടിയടലാടിയ കണ്ണനപ്പോൾ
ചൊറാടലാർന്നുഴലുവോരരചന്റെ മെയ്യിൽ
തെറ്റാതെ വാളു കടയോളമുടൻ കടത്തീ.        95

കുത്തേറ്റുവീഴുമവന,പ്പടയാളിമാരിൽ
മുത്തേതുമേ കരുതിടാതെയടുത്തുനിൽക്കേ,
ഉൾത്തേടുമീറയൊടു കണ്ണനെയപ്പൊളൊപ്പം
വീഴ്ത്തേണമെന്നകൊതിയോടൊരു കുത്തു കുത്തീ.        96

കുത്താലെ ചോരയുമണിഞ്ഞു നിലത്തു വീണു
ചത്താൻ ചതിപ്പണിയതിങ്ങനെ ചെയ്തു മന്നൻ
ചത്താൾകണക്കരിയകണ്ണനുമന്നു വല്ലാ-
തുൾത്താരുഴന്നടൽ നിലത്തു മറിഞ്ഞു വീണു.        97

പന്തിൽക്കവിഞ്ഞൊരഴകുമുള്ളൊരു കൊങ്ക പുൽകാൻ
പന്തിയ്ക്കു കണ്ണനവിടെയ്ക്കണയായ്കയാലേ.
എന്തിക്കണക്കിലൊരമാന്തമിതെന്നുമോർത്ത-
ന്നന്തിയ്ക്കവന്റെ മടവാരഴലാർന്നുഴന്നൂ.        98

'പോരാടവേ ചില പരിക്കുകളേൽക്കകൊണ്ടു
പോരാൻ ഞെരുങ്ങിയവിടെക്കണവൻ കിടന്നാൽ
ആരാളവന്നവിടെ ? ഞാനിവിടത്തിൽ വാണാൽ
പോരാ പുറപ്പെടുവനെ'ന്നവളോർത്തുറച്ചു.        99

നല്ലാരിൽമുത്തരിയൊരാൺവടിവാർന്നുവീട്ടി-
ലെല്ലാവരും മുറികൾപൂക്കു കിടന്നനേരം
വല്ലാത്ത മാലൊടുമിറങ്ങി, യൊരുത്തരോടും
ചൊല്ലാതെ ചെന്നുടനടുത്തിതടൽക്കളത്തിൽ.        100

പാലാഴിചേർന്നുടനുറങ്ങിയ കണ്ണനെന്ന-
പോലാ, നിലാവു നിറയുന്നൊരടൽക്കളത്തിൽ
ചേലാർന്ന കണ്ണിണയടച്ചുകിടന്നിരുന്ന
കോലാട്ടു കണ്ണനെയടുത്തവളന്നു കണ്ടു.        101

[ 14 ]

'അയ്യോ! ചതിച്ചു തകരാറു പിണഞ്ഞിതെ'ന്നായ്
തിയ്യോടിടഞ്ഞഴലിലുൾത്തളിർ വെന്തുരച്ചു
കയ്യോടെ കൊച്ചു കരൾ മങ്ങിയ കണ്ണനുള്ള
മെയ്യോടണഞ്ഞു തടിപോലെ മറിഞ്ഞുവീണു.        102

ഇമ്മാതിരിക്കകമുഴന്നുനടന്നു കണ്ണൻ-
തൻമാറിൽ വീണു കുറെയങ്ങു കിടന്നുണർന്നു
പൊന്മാനിനൊത്ത മിഴിയാളഴലാലെ കണ്ണീർ
വന്മാരിയെന്നപടി വാർത്തു കരഞ്ഞുരച്ചു:        103

'പെട്ടെന്നുകണ്ടളവു തമ്മിലിയന്ന വേഴ്ച-
യൊട്ടല്ല,തെൻകണവ! നീയുടനേ മറന്നു
വേട്ടന്നുതന്നെ കനിവറ്റിതുപോലെയെന്നെ
വിട്ടങ്ങു പോവതു കുറച്ചു കടുപ്പമല്ലേ?        104

വീടെന്റെയാങ്ങളകളമ്മതുടങ്ങിയോരെ-
ക്കൂടെക്കളഞ്ഞടിമപോലണയുന്നൊരെന്നെ,
നാടെങ്ങുമേ പുകൾ പരത്തിയെരങ്ങിവണ്ണം
കേടെന്തു കണ്ടു പറയാതെ വെടിഞ്ഞിടുന്നു?        105

മറ്റൊരുവീട്ടിലുടയോളിവളെങ്കിലും മാൽ
മാറ്റാനുറച്ചിവളിലങ്ങു കനിഞ്ഞപോലെ
മറ്റാരു ചെയ്യു,മലിവോടതുനേരമെൻമാ-
ലാറ്റാനെടുത്ത പണിയെങ്ങിനെ ഞാൻ മറക്കും ?        106

ചൊല്ലാളുമിപ്പെരിയ നന്മകളാർന്നൊരങ്ങു
വല്ലാതെ വാൾമുന തറച്ചിവിടെക്കിടക്കെ,
നില്ലാതെ മാലിലിവൾ വെന്തുരുകാത്തതെന്തു ?
നല്ലാർക്കെഴുംകരൾ കടുത്തൊരിരിമ്പുതന്നെ.        107

കണ്ണന്റെ തോഴരുടെയുണ്ണികണക്കുതാനെ
തിണ്ണനെതിർത്ത പല മാറ്റലരെപ്പൊതുക്കി
വിണ്ണങ്ങണഞ്ഞതു നിനച്ചു കരഞ്ഞീടാതി-
പെണ്ണങ്ങു പോയ വഴി നോക്കിയിതാ വരുന്നൂ.'        108

ചാവാനുറച്ചിതുമുരച്ചവൾ കണ്ണനേറ്റ
കൈവാൾ പറിക്കെ, മുറി നോവുകയാലുമൊപ്പം
മാൽവാച്ച കൊച്ചു മിഴിനീരു തളിക്കയാലും
പൂവായിടഞ്ഞ മിഴിയൊന്നു തുറന്നൂ കണ്ണൻ.        109

[ 15 ]

കൂത്താനുറച്ചു.മറ്റവാർമുടി ചേർന്നു മിന്നും
മുത്താമുലക്കിടയിൽ വാൾമുന വച്ചിടുമ്പൊൾ
കൈത്താർപിടിച്ചതിലെ വാളു കളഞ്ഞു വല്ലാ-
തുൾത്താർ കുളുർത്തരിയ കണ്ണനുടൻ പറഞ്ഞൂ:        110

'അയ്യോ! കടുപ്പമരചന്നു തുണയ്‌ക്കുവാനോ
നിയ്യോർപ്പ'തീയിവനെ മാന്‌മിഴി! കൊന്നിടല്ലേ
പൊയ്യോമലേ! പറകയല്ലിവനെ,ന്റുയിപ്പൂ-
മെയ്യോടു വാളണികിലെൻ പണിയന്നു തീർന്നൂ.        111

കൂർകൊണ്ടു നീയിവനു തേന്‌മൊഴി, തീറുതന്ന
പോർകൊങ്കമേലരിയമാറ്റലർ തന്റെ വാൾ നീ
കാർകൊണ്ടൽ നേർകുഴലി,യെന്നെ മറന്നുചേർത്താൽ
പേർകൊണ്ട നിൻപുകളിനെത്ര കുറച്ചിലാകും ?        112

ചാവുന്നമട്ടു മുറിയേറ്റരചൻ വിഴാനായ്-
പോവുമ്പോൾ നീട്ടിയൊരു വാളിവനേറ്റു വീണേൻ
വേവുന്നൊരുള്ളൊടിതിനാൽ കരയായ്ക കൊൽവാ-
നാവും പടിക്കൊരു പരിക്കിവനേറ്റതില്ല.'        113

എന്നും പറഞ്ഞു മടവാർമുടിമുത്തുതന്റെ
പൊന്നും‌മലർക്കുകിടയാമുടൽ ചേർത്തു പുല്‌കി
അന്നുള്ളലിഞ്ഞു മുറി ചോര വരാതെ കെട്ടി-
യൊന്നുംവിടാതവളൊടന്നു നടന്നതോതി.        114

എണ്ണാൻ കുഴങ്ങുവൊരുവൻപടയൊത്തെതിർത്ത
മണ്ണാറുകാട്ടരചനെക്കൊല ചെയ്തപ്പോൾ
കണ്ണാലെ കണ്ടു തെളിവാൽ മിഴിനീർ പൊഴിച്ച
കണ്ണാലെ നോക്കിയവൾ കണ്ണനൊടൊന്നുരച്ചു :        115

'ഓർക്കാവതല്ലരിയൊരൂക്കിവിടുത്തെ നേരെ
നോക്കാനൊരാളുമിനിയില്ലതു തീർച്ചതന്നെ
വക്കാണമേറ്റണയുമാങ്ങളമാരെയീമ-
ട്ടാക്കാതിരിക്കണമതിന്നു കനിഞ്ഞിടേണം.        116

നിൽക്കേണ്ട, പോവുക നമുക്കൊരു തോഴിയുണ്ടി-
ങ്ങോർക്കേണമെന്നുടയ വീടിനടുത്തുതന്നേ
അക്കേമിയീ മുറിവുണക്കുമതേവരെയ്ക്കും
പാർക്കേണമങ്ങു പിടയാതവളോടുകൂടെ.'        117

[ 16 ]

എന്നോതിയക്കണവനേയുമടുത്തുതാങ്ങി-
ക്കുന്നോടിടഞ്ഞ മുലയാളവൾ കൊണ്ടുപോയി
'ഒന്നോർത്തുണക്കണക്കണമുടൻ മുറി'വെന്നു തോഴി-
തന്നോടിരന്നൊളിവിലന്നവിടത്തിലാക്കി.        118

കണ്ണങ്കലാക്കരളുമാക്കിയുടൻ നടന്നാ-
പ്പെണ്ണെന്നു പാതിരയിലപ്പുറമായനേരം
തിണ്ണന്നു തൻമുറിയിലാരുമറിഞ്ഞിടാത-
വണ്ണം കടന്നു തെളിവാർന്നു കിടന്നുറങ്ങീ.        119

നാലഞ്ചുനാൾക്കിടയിലാമുറി മാറി നല്ല
പാലഞ്ചിടുംമൊഴിയെയോർത്തൊരുരാവു കണ്ണൻ
മാലറ്റു കൊച്ചിനുടയോരുടൽ പുല്‌കുവാൻ മേ-
ന്‌മേലറ്റമറ്റ മലരമ്പുകളേറ്റിറങ്ങീ.        120

അച്ചിന്നമാന്‌മിഴിപൊഴിപ്പൊരു പുഞ്ചിരിയ്ക്കൊ-
ത്തുൾച്ചിന്നിടും വെളിവിയന്ന നിലാവുമേറ്റ്
കൊച്ചിന്നിണങ്ങുമുടൽചേർന്നഴകേറിടുന്ന
മച്ചിന്നെഴുന്ന ജനൽ നോക്കി നടന്നു കണ്ണൻ.        121

കാണായനേരമവളാജ്ജനൽചേർന്നു കണ്ണിൻ-
കോണാലെ കണ്ണനുടെ മെയ് കൊതിയോടു നോക്കി
ആണായ കൂട്ടരുടെയൊക്കെയുമുള്ളലിക്കും
ചേണാർന്ന പുഞ്ചിരിനറും‌മലർ തൂകിനിന്നു.        122

പട്ടുംപുകഴ്ത്തുമുടലാൾ ജനൽ ചേർന്നുകെട്ടി
നീട്ടുന്നൊരക്കയർപിടിച്ചവനൊട്ടുകേറി
തട്ടുന്നൊരുൾത്തെളിവുകൂടിയ കൊച്ചു നീട്ടി-
ക്കാട്ടുന്ന കൈത്തളിർ പിടിച്ചു കടന്നു മച്ചിൽ.        123

കുന്നിന്റെ കുഞ്ഞൊടൊരുമിച്ചഴകാർന്ന വെള്ളി-
ക്കുന്നിങ്കലമ്പിളിയണിഞ്ഞവനെന്നപോലെ
ഒന്നിച്ചുകൂടിയവരന്നു നിലാവുനീളെ-
ച്ചിന്നിത്തെളിഞ്ഞ പുതുമാളികലേൽ വിളങ്ങി.        124

ചേലാർന്നുപൂവൊളിനിലാവണിമച്ചിലന്നു
മാലാമെവിട്ടരിയ കൊച്ചൊടുചേർന്നു കണ്ണൻ,
പാലാഴിമങ്കയൊടുമൊത്തു തെളിഞ്ഞു കണ്ണൻ
പാലാഴിയിങ്കലരുളുന്നൊരുമട്ടിലായി.        125

[ 17 ]

നാലഞ്ചുനാളിടവിടാതെ കൊതിച്ചിരുന്ന-
പോലന്നുചേർന്നിവരും തെളിവേറ്റമേന്തി
മാലറ്റു ചെയ്ത പണിയൊക്കെ മുറയ്ക്കുചൊല്ലി-
യാലറ്റമെത്തിടുവതിന്നു ഞെരുങ്ങുമല്ലോ.        126

മറ്റുള്ളതപ്പടി മറന്നലരമ്പനറ്റ-
മറ്റുള്ള പൂങ്കണപൊഴിപ്പതുമേറ്റുകൂടി
മുറ്റംനലത്തൊടവർ കാട്ടിയ കുത്തു വാഴ്ത്താൻ
പറ്റുന്നതല്ല തലയായിരമുള്ളവന്നും.        127

മോടിപ്പകിട്ടുടയ കൊച്ചവൾ കണ്ണനോടു-
കൂടിപ്പരുങ്ങൽ കലരാതുടനന്നു രാവിൽ
തേടിപ്പടയ്ക്കണയുമാമലരമ്പനായ് പോ-
രാടിപ്പതുക്കെയവനുള്ള മിടുക്കടക്കി.        128

മറ്റുള്ളവർക്കുടയ മട്ടുകൾ വിട്ടു നല്ല-
മാറ്റുള്ള നന്മകലരുന്നതവർതൻകളിക്കും
മറ്റുള്ളകൂട്ടരുടെ മട്ടുകൾ വിട്ടൊരറ്റ-
മറ്റുള്ള നല്ലൊരു പകിട്ടുകൾ ചേർന്നിണങ്ങി.        129

മിന്നുന്നമിന്നലിനുമൊട്ടഴകേറിടുന്ന
പൊന്നുംചെടിക്കുടയ നൽപ്പവിഴത്തിലെല്ലാം
ചിന്നുംനിറംകലരുമത്തളിരൊത്ത മുത്തു-
ചേർന്നുള്ളിണങ്ങിയപടിക്കു പരിക്കു ചേർത്തു.       130

തണ്ടാരിനുള്ളിതളുകൾക്കുടയോരു തുമ്പു-
കൊണ്ടാടലറ്റ മുറിയേറ്റു പനമ്പഴങ്ങൾ
തിണ്ടാടിവാതലൊടണഞ്ഞു ചതഞ്ഞുവെന്നു
കണ്ടാളുമുൾക്കൊതിവിടാതവിടെക്കളിച്ചു.       131

വമ്പുള്ള വാനവമരത്തളിർ മെല്ലെ നാലു-
കൊമ്പുള്ളൊരാനയുടെ തുമ്പിയിലെത്തിടുമ്പോൾ
മുമ്പുള്ള നാണമവളറ്റുവളർന്നുകൊച്ചു-
കൊമ്പു,ള്ളഴിഞ്ഞചെടിനീട്ടിയുടൻതടുത്തു.       132


• ഒന്നാം പാദത്തിലെ നിസ്സാരമായ വ്യത്യാസമൊഴിച്ചാൽ ഇത് കോമപ്പനിലെ 70-ാം ശ്ലോകത്തിനു തുല്യം തന്നെ. ഒന്നാം പാദത്തിലെ മാറ്റം പരിഗണിച്ച് വെട്ടിമാറ്റിയില്ല.

-എഡിറ്റർ

[ 18 ]

വണ്ടാൽ വിളങ്ങി വിലയറ്റു വിരിഞ്ഞു മിന്നും
തണ്ടാരു കണ്ടു കരളിൽക്കൊതി വായ്ക്കയാലേ
കൊണ്ടാടി നല്ല മുഴുതിങ്കളടുത്തതിൻ തേ-
നുണ്ടാനിലയ്ക്കുപിരിവാനരുതാതെകൂടീ.        133

അന്നക്കരുത്തുടയ കൊമ്പുകളാലടുത്തൂ
ചെന്നങ്ങുവാനവമരത്തടിചേർത്തമർക്കേ,
അന്നപ്പിടയ്ക്കുകിടയാമ്നടയാർന്നുമിന്നും
മിന്നൽക്കൊടിക്കുടയകുന്നുകളൊന്നുമങ്ങീ.        134

കണ്ണാലെകാണ്കിലതാരുലയുന്ന കാർ,മീൻ,
കണ്ണാടി, തിങ്കൾമുറി, ചെന്തളിർ, പന്തിവറ്റിൽ
മണ്ണാടലറ്റതെളിവിൻമികവാലെ നല്ല
വിണ്ണാക്കുമാറു പവിഴക്കൊടി പോയ്ക്കളിച്ചു.        135

ഒന്നുള്ളഴിഞ്ഞൊരരയന്നമടുത്തുകൂടി-
മിന്നുന്നതണ്ടലരണിപ്പുതുപൊയ്കയപ്പോൾ,
ചിന്നുന്ന ചണ്ടി വരിവണ്ടിവയും പരിക്കു
ചേർന്നുള്ള തണ്ടലരുമൊത്തു തെളിഞ്ഞുലഞ്ഞു.        136

കാറന്നഴിഞ്ഞലർപൊഴിഞ്ഞിതു, കുന്നുലഞ്ഞൂ,
പാരം വിയർത്തു മുഴുതിങ്കൾ, പിറാവു കൂകീ,
താരമ്പനീയരിയ ചെപ്പടികാട്ടിയൊട്ടു-
നേരംകഴിഞ്ഞളവിലാമ്പലുലഞ്ഞുകൂമ്പി.        137

താരമ്പനാർക്കളിയിലൊട്ടുമയങ്ങിമേവു-
ന്നോരക്കരിങ്കഴലിതൻപുതുമേനി പുല്‌കി
നേരംപുലർന്നിടുവതിന്നു കുറച്ചുമുമ്പിൽ
പാരം‌പുകൾപ്പൊലിമയുള്ളൊരു കണ്ണനോതി:        138

'വൈകുന്നു നേരമകതാരിവിടത്തിൽ‌വെച്ചു
പോകുന്നു കാർകുഴൽതൊഴും കരികൂന്തലാളേ!
മാഴ്കുന്നതെന്തി?രവിൽവന്നിനി വേർപെടാതെ-
യാകുന്നതിന്നു വഴിയോർത്തു നമുക്കുറയ്ക്കാം.'        139

എന്നും പറഞ്ഞു മിഴിനീരു തുടച്ചു കൊങ്ക-
ക്കുന്നുംപുണർന്നഴലവൾക്കു കുറച്ചുപിന്നെ
വന്നുള്ളൊരാവഴിയെ മെല്ലെയിറങ്ങിയാട-
ലൊന്നുംപെടാതരിയ കണ്ണനണഞ്ഞു വീട്ടിൽ.        140

[ 19 ]

അമ്മാതിരിയ്ക്കരിയ കണ്ണനകന്നെഴുന്ന
വന്മാൽ കുറപ്പതിനു കൊച്ചുപരിക്കു നോക്കി
തന്മാർനിറഞ്ഞ മൂലമേൽ മിഴിചേർത്തിരിക്കെ-
യമ്മായിചെന്നവളിരിപ്പൊരു മച്ചിലെത്തി.        141

പട്ടിട്ടു നല്ലൊരു പരുങ്ങൽകലർന്നു കൊങ്ക-
മൊട്ടിന്‌മല, ച്ചൊടികൾകൊച്ചുമറച്ചുകയ്യാൽ
പാട്ടിൽതെളിഞ്ഞിരവിലെപ്പണിയിപ്പരുങ്ങൽ
കാട്ടിക്കൊടുത്തു കിഴവിയ്ക്കു പറഞ്ഞപോലെ.        142

മെത്തപ്പുറത്തുടയ കൂത്തുമകത്തു മുമ്പി-
ല്ലാത്തത്തരത്തിലൊരു മോടിയുമൊക്കെനോക്കി
അത്തവ്വു മുത്തിയവൾതന്റെനടപ്പിലുണ്ടു
ചീത്തമെന്നുടനുറച്ചവിടം വെടിഞ്ഞു.        143

തൻതോഴിയോടിതുകളോതിയ കൊച്ചു പിന്നെ-
യെന്തോവരുന്നതിനിയെന്നൊരുപേടിയാലേ
വെന്തോരകത്തളിരൊടന്നു കുളിച്ചുപോയി-
പ്പന്തോടിടഞ്ഞമുലയാൾ തെളിവറ്റുവാണൂ.        144

അമ്മായികണ്ടതുടനെയെത്തിയുരച്ചുകേട്ടോ-
രമ്മാമനന്നു മരുമക്കളെയും വരുത്തി
വന്‌മാലൊടൊക്കെയറിയിച്ചു 'നമുക്കുവിട്ടി-
ലിമ്മാതിരിപ്പണികൾ നിർത്തണ'മെന്നുറച്ചൂ.        145

'ഈച്ചീത്തയാകിയ നടപ്പു തുടങ്ങിയോരു
കൊച്ചീനിലയ്ക്കമരുകിൽ തറവാടു കെട്ടു
വെച്ചീടൊലാ കഴുവിലേറ്റണ'മെന്നുമീറ-
വാച്ചീടുവോരു മരുമക്കളുമെന്നുരച്ചൂ.        146

മാലാർന്നു പിന്നെയവർ കൊച്ചൊടു 'നേരു ചൊല്ലാ-
ഞ്ഞാലാടലാം പറയുകെ'ന്നുര ചെയ്ത നേരം
'കോലാട്ടുകണ്ണനിവളിൽ കനിവാണ്ടിതെ'ന്നാ-
പ്പാലായിടഞ്ഞ മൊഴിയാളുമുറച്ചുരച്ചു.        147

കോലാട്ടുകണ്ണനൊടു പെങ്ങളണഞ്ഞതോർത്തു
മാലാർന്നു തെല്ലിടയിരുന്നവരീറയോടേ
'ചേലാകയില്ല കൊല ചെയ്യണമിപ്പോളല്ലാ-
ഞ്ഞാലാടലോകമിവളിത്തറവാട്ടിനെ'ന്നാർ        148

ചൊന്നാളതിന്നരിയ കൊച്ചിതു പന്തിയല്ല
നന്നായ് നിനച്ചു തറവാടിതു കാത്തുകൊൾവിൻ!

[ 20 ]

ഇന്നാളുമീറയൊടുമെത്തിയെതിർക്കുമെന്നെ-
ക്കൊന്നാൽ കുരുത്തുടയകണ്ണനതോർത്തിടേണം.       149

കൊണ്ടാടിടുന്ന പതിനെട്ടടവും തിരിഞ്ഞു-
കൊണ്ടാണിരിപ്പതു പടയ്ക്കു മിടുക്കെഴുന്നോൻ
തിണ്ടാടി നേർക്കുമെതിരാളികളെത്രകൂടി-
ക്കൊണ്ടാലുമാ മിടുമിടുക്കനു പുല്ലുപോലെ.       150

പണ്ടാരുമീ നിലയിലുള്ളഴകോടുകൂടി-
യുണ്ടായതില്ലരിയൊരപ്പടയാളിതന്നെ
തണ്ടാരിടഞ്ഞ മിഴിമാരൊരു കണ്ണുനോക്കി-
ക്കണ്ടാൽ മയങ്ങൂ, മിവളിൽപ്പിഴവെന്തു പിന്നെ?       151

നന്നായിതൊക്കെയുടനോർത്തിവൾ തന്നെ വേൾക്കു-
കെന്നായ്ക്കൊടുത്തിടുക കണ്ണനു നിങ്ങളിപ്പോൾ
എന്നാൽ നമുക്കു തറവാടിനു വാട്ടമറ്റോ-
രുന്നായി വന്നിടുമടർക്കടവുള്ള കണ്ണൻ.       152

നല്ലാരിൽമുത്തിനുടെ മാറ്റലരെപ്പുകഴ്ത്തും
ചൊല്ലാലെ നെയ്യു പകരുന്നൊരു തിയ്യുപോലെ
വല്ലാതെ വാച്ചിടുമൊരീറയൊടന്നു തന്നേ
കൊല്ലാനയച്ചിതവരാക്കരികൂന്തലാളെ.       153

കൈവന്നൊരീറയൊടുമിങ്ങിനെ കൊച്ചുതന്നെ-
ക്കാവൽക്കുവേണ്ട പടയാളികളോടുകൂടെ
ആ വമ്പരും കൊലനിലത്തിനയച്ചു കണ്ണ-
നായ്വമ്പടയ്ക്കുടനിറങ്ങണമെന്നുറച്ചു.       154

നില്ലാതെ കൊച്ചിനെയുടൻ കഴുവിന്മേലേറ്റി-
കൊല്ലാനുറച്ചു പലരിങ്ങനെ വാളുമേന്തി
വല്ലാത്ത കൂട്ടരവർ പോയ്ക്കഴിവുള്ളിടത്തു
ചെല്ലാനടുത്തളവിലന്നൊരു കാഴ്ച കണ്ടു.       155

പോരാളിമാരരിയവാളുമെടുത്തു പത്തു
പേരാളുമുങ്കൊടണയുന്നതിനൊട്ടു മുമ്പിൽ
പേരാടിടുന്ന പടയാളിയൊരുത്തനോടി-
പ്പാരാതെ മാന്മിഴിയെഴുന്നൊരിടത്തിലെത്തി.       156

കയ്യും പിടിച്ചവളെയുക്കൊടു പിന്നിലാക്കി-
'ചെയ്യും നിനക്കു തുണയെന്നുടെ കൂട്ടരെ'ന്നായ്
പെയ്യുന്നൊരുൾക്കനിവൊടായവളോടുരച്ചു
തിയ്യും തൊഴുന്നൊരു മിടുക്കൊടടർക്കടുത്തു.       157

[ 21 ]

ഒറ്റയ്ക്കിവണ്ണമെതിരിട്ടവനോടു പാര-
മുറ്റംകലർന്നൊരെതിരാളികളാർത്തെതിർത്തു
അറ്ററ്റു മന്നിൽ നിറയും തലയാലെ തന്റെ
കുറ്റങ്ങളെറ്റൊരടവപ്പടയാളി കാട്ടി.        158

കാളും കുറുമ്പൊടവനന്നു തുണയ്ക്കു മറ്റൊ-
രാളും വരാതെ തനിയേ പലരോടുമേറ്റ്
ആളുന്ന തിയ്യൊടെതിർവമ്പു വെളിപ്പെടുത്തി
വാളും തുടച്ചരിയകൊച്ചൊടടുത്തുരച്ചു:        159

കൂറാലെ നിന്നുടയ തോഴി പുലർച്ചയോടി-
ച്ചോരാളണഞ്ഞറിവു തന്നൊരു നേരമേ ഞാൻ
പേരാളിമാർ ചിലരൊടൊത്തുടനോടിവന്നേൻ
പേരാളിടുന്ന കടവാർമുടി ചേർന്ന മുത്തേ!        160

'ഇന്നിപ്പുറപ്പെടുക'യെന്നു പറഞ്ഞു കൈവാൾ-
തന്നിൽപ്പെടുന്ന ചുടുചോര തുടച്ചുനിൽക്കേ
മന്നിൽപ്പുകഴ്ന്നൊരവനൊട്ടകലത്തു കണ്ടൂ
മുന്നിൽപ്പടയ്ക്കു പലരൊത്തു വരുന്ന വട്ടം.        161

'വാളേ! തെളിഞ്ഞിടുക നിൻപണി തീർന്നതില്ല
നാളേയ്ക്കു നീട്ടീടുക നിന്റെയുറക്കമെല്ലാം
ആളേറെയുണ്ടിത പടയ്ക്കു വരുന്നു തേൽചൊ-
ല്ലാളേ! നിനക്കിനിയുമിന്നൊരു കാഴ്ച കാണാം'.        162

എന്നും പറഞ്ഞരിയകണ്ണനവന്റെകൂടെ
വന്നുള്ള കൂട്ടരെയവൾക്കു തുണയ്ക്കു നിർത്തി
മിന്നുന്നൊരാക്കൊടിയ വാളുമുലച്ചു നേരേ
ചെന്നുൾക്കുറുമ്പൊടണയും പടയിൽക്കടന്നു.        163

ചുറ്റും നിറഞ്ഞ പടയാളികളമ്പരന്നു
ചുറ്റുംപടിക്കു ചില നല്ലടവന്നു കാട്ടി
ചെറ്റും പരിക്കുകളുടൽക്കു പെടാതെ പോരി-
നേറ്റുള്ള കൂട്ടരുടെ വെട്ടു തടുത്തുനിന്നു.        164

ആളേറെയൊത്തുടലിലൊക്കെ മടുത്തു വെട്ടും
വാളേറെയൂക്കോടു കടയ്ക്കൽ മുറിക്കയാലേ


കോമപ്പനിലെ ശ്ലോകം 107 ആവർത്തിച്ചിരിക്കുന്നു. അന്വയത്തിനു ഭംഗം വരുമെന്നതിനാൽ എടുത്തുമാറ്റിയിട്ടില്ല.

--എഡിറ്റർ

[ 22 ]

നീളെത്തെറിച്ചു പലമാതിരി പൊങ്ങി വീണു
വാളേറുമാപ്പടയിൽവെച്ചു കളിച്ചു കണ്ണൻ:        165

മാറ്റാരടൽക്കുശിരോടേന്തിയ വാൾ കടയ്‌ക്ക-
ലറ്റാനിലയ്‌ക്കകമുഴന്നു പരുങ്ങിടുമ്പോൾ
തെറ്റാതെ നല്ലടവിനാലുടലിൽ പരിക്കു
പറ്റാതെയൊന്നുടനകന്നു പറഞ്ഞു കണ്ണൻ:        166

'കൊല്ലായ്‌കിവൾക്കുടയൊരാങ്ങളമാരെ'യെന്നു
നല്ലാരണിഞ്ഞൊരലരാമിവൾ ചൊൽകയാലേ
കൊല്ലാതെ വാളുകൾ മുറിച്ചു കളിച്ചു താർത്തേൻ-
ചൊല്ലാളിലുള്ളൊരലിവാലിവനിന്നിവണ്ണം.        167

മണ്ണാറുകാട്ടരചനെന്നൊടെതിർത്തു ചത്തു
മണ്ണായതീയിടയിലാണറിഞ്ഞതില്ലേ?
എണ്ണായ്‌ക മുൻപിയലുമുൾക്കറയൊന്നുമീമാൻ-
കണ്ണാൾ വഴിക്കിനി നമുക്കൊരു രാജിയാവാം.        168

ആവാമതെന്നവനെഴുന്നൊരു വമ്പറിഞ്ഞുൾ
പ്പൂവാലെ കൊച്ചിനുടെയാങ്ങളമാരുറച്ചു
കൂർ വാച്ചു കൊച്ചിനെയവന്നു കൊടുത്തു നാട്ടു-
കാർ വാഴ്ത്തുമാറിരിവരും കറ വിട്ടിണങ്ങി.        190

മണ്ണാർക്കാടരചനോടേറ്റവന്നു പാർപ്പാൻ
വിണ്ണാക്കിപ്പകയരെ വെന്നു പാട്ടിലാക്കി
മണ്ണായും, കറയുടയൊരു വീട്ടിലുള്ളാ-
പ്പെണ്ണായും മുതലുകൾ കയ്‌ക്കലാക്കി കണ്ണൻ.        170

തിണ്ണം നൽപ്പുകൾ മലയാളമൊക്കെയെത്തും
കണ്ണൻ പെൺകുയിൽമൊഴിയാളൊടൊത്തു പിന്നെ
കണ്ണൻതൻകനിവൊടുമേറെനാൾ തെളിഞ്ഞീ-
വണ്ണം വാണിതു പടകൾക്കു മുമ്പനായി.        171

അല്ലീടറ്റു തൊഴുന്ന വാർകുഴലി! നീ-
 മൂലം സഹേലം കുറ-
ച്ചല്ലീനേരമലട്ടിടുന്നതിഹ മാം
 മല്ലീമതല്ലീശരൻ
സല്ലീലാപരയായ് സരോജനയനേ!
 നീതാനുമേവം ലസൽ-
ചില്ലീവല്ലികളാലിനിത്തെരുതെരെ-
 ത്തല്ലീടുകിൽത്തോറ്റു ഞാൻ.        172

"https://ml.wikisource.org/w/index.php?title=കണ്ണൻ&oldid=78076" എന്ന താളിൽനിന്ന് ശേഖരിച്ചത്