തിരുവിതാംകൂർ ഭൂമിശാസ്ത്രം
(രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്))

രചന:സി.ആർ. കൃഷ്ണപിള്ള
അദ്ധ്യായം ൩.


[ 9 ]

അദ്ധ്യായം ൩.

തിരുത്തുക

ഈ സംസ്ഥാനം സമുദ്രത്തിനും മലകൾക്കും മദ്ധ്യേ നീളത്തിൽ കിടക്കുന്ന ഒരു ഇടുങ്ങിയ രാജ്യമാകകൊണ്ടും സമുദ്രത്തിൽ നിന്നും കിഴക്കോട്ടു വീശുന്ന ജലകണങ്ങളോടുകൂടിയ കാറ്റിനെ അപ്പുറംപോകാതെ തടുത്തു് ഇപ്പുറത്തു നിറുത്തത്തക്കവണ്ണം പൊക്കം കിഴക്കൻമലകൾക്കുള്ളതുകൊണ്ടും ഇവിടെ വർഷം ധാരാളമുണ്ടാകുന്നു. ഭൂമി പടിഞ്ഞാറോട്ടു ചരിഞ്ഞിരിക്കുന്നതുകൊണ്ടു മലകളിൽ വീഴുന്ന വെള്ളം പടിഞ്ഞാറോട്ടൊഴുകി സമുദ്രത്തിൽ ചെന്നു പതിക്കുന്നു. മലകളിൽനിന്നു വെള്ളം ഒഴുകുന്നതു് ആറുകളിൽകൂടിയാണു്. ആയതിനാൽ ആറുകൾ ഇവിടെ ധാരാളമുണ്ടു്. ഇവയുടെ ഗതി മിക്കവാറും കിഴക്കുനിന്നും പടിഞ്ഞാറോട്ടാണു്. ഉത്ഭവം മുതൽ കാട്ടുപ്രദേശങ്ങളിൽകൂടിയുള്ള നദികളുടെ ഒഴുക്കു വളരെ ശക്തിയോടുകൂടിയതാണു്. തടങ്ങളും കരകളും മിക്കവാറും പാറയായിരിക്കും. സമതലത്തിൽ എത്തിയതിൽ പിന്നീടു ഗതി മന്ദമായിട്ടുംചൊവ്വില്ലാതെവളഞ്ഞുതിരിഞ്ഞുമാണു്. പതനസ്ഥലം അടുക്കും തോറും കരയും തടവും ചെളിയായിത്തീരുന്നു. നദികൾ എല്ലാം [ 10 ] വർഷകാലത്തു കരകവിഞ്ഞു ഊക്കോടുകൂടി ഒഴുകുമെങ്കിലും വേനൽക്കാലത്തു മിക്കതിലും വെള്ളം വളരെ ചുരുക്കമായിരിക്കും. വെള്ളപ്പൊക്കകാലത്തു ആഴം ശരാശരി ൨൦ അടിയും വേനലിൽ വറ്റിക്കിടക്കുമ്പോൾ ശരാശരി മൂന്നടിയുമായിരിക്കും. ഏകദേശം രണ്ടടിവെള്ളമുണ്ടായിരുന്നാൽ വള്ളങ്ങൾക്കു സഞ്ചരിക്കാവുന്നതാണു്. മിക്ക നദികളും സമുദ്രത്തിനോടോ, കായലിനോടോ സംബന്ധിക്കപ്പെട്ടു കിടക്കുന്നു. അതുകൊണ്ടു് ഇവയിൽ ഏറ്റം ഇറക്കം മുതലായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടു്. ഏറ്റം ഉണ്ടാകുമ്പോൾ നദീമുഖങ്ങളിൽ ഉദ്ദേശം മൂന്നടിവെള്ളം പൊങ്ങുന്നു. അപ്പോൾ ഒഴുക്കു മുഖത്തുനിന്നും മേല്പോട്ടായിരിക്കുന്നതിനാൽ തക്കംനോക്കി കിഴക്കോട്ടു വള്ളം വയ്ക്കാറുണ്ടു. ഇവയിലെ ശുദ്ധജലവും ഇരുകരകളിലും തിങ്ങിനില്‌ക്കുന്ന ബഹുവിധ സസ്യവർഗ്ഗങ്ങളും അവയുടെ കാഴ്ചകളും മേൽഭാഗത്തു് അവിടവിടെയുള്ള അരുവികളും വിശിഷ്ടതരങ്ങളും മനോഹരങ്ങളുമാണു്.

തിരുവിതാംകൂറിന്റെ പടിഞ്ഞാറെഭാഗത്തെ വിളവുള്ളതാക്കിത്തീർക്കുന്നതു മിക്കവാറും മലകളിൽനിന്നു് ഈ നദികളിൽകൂടി വരുന്ന വളമാകുന്നു. മലകളിൽ നിന്നു തടി വെട്ടിയിറക്കുന്നതിനും പടിഞ്ഞാറും കിഴക്കും ദിക്കുകൾതമ്മിൽ ഗതാഗതത്തിനും, കച്ചവടം മുതലായതു നടത്തുന്നതിനും, നദികൾ വളരെ സൗകര്യത്തെ കൊടുക്കുന്നു. പ്രധാനനദികൾ താഴെ പറയപ്പെടുന്നവയാണു്.

൧. പെരിയാറു്:-ഇതാണു് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നദി. ഇതു സഹ്യന്റെ ഒരു ചെറിയ ഉന്നതതടമായ ശബരിമലയുടെ കിഴക്കുഭാഗത്തു് അതിർത്തിക്കരികിലോട്ടു മാറിക്കിടക്കുന്ന ശിവഗിരിയിൽനിന്നു പുറപ്പെടുന്നു. ഏകദേശം ൧൦-മൈൽ ദൂരം നേരുവടക്കായി ഒഴുകീട്ടു മുല്ലയാറുമായി ഒരുമിച്ചു ചേരുന്നു. ഇതുകൊണ്ടാണു് ഇതിനെ മുല്ലപ്പെരിയാർ എന്നു വിളിക്കാറുള്ളതു്. ഗതി പീരുമേടുതാലൂക്കിൽ ആദ്യം പടിഞ്ഞാറോട്ടായിട്ടും പിന്നീടു ദേവികുളത്തിന്റെ പടിഞ്ഞാറേ അതിരിൽകൂടി മുതിരപ്പുഴയാറ്റിന്റെ സംഗമംവരെ വടക്കോട്ടായിട്ടുമാണു്. ആ സംഗമസ്ഥലമാണു് 'ഇടുക്കി' എന്നു പറയുന്നതു്. അവിടുന്നു ക്രമേണ ചരിഞ്ഞു ചരിഞ്ഞു തൊടുപുഴ, മുവാറ്റുപുഴ, കുന്നത്തുനാടു ഈ താലൂക്കുകളിൽകൂടി വടക്കുപടിഞ്ഞാറായി ഒഴുകി ആലുവായ്ക്കു മുകളിൽവെച്ചു രണ്ടായി പിരിയുന്നു. ഇവയിൽ വലത്തെ ശാഖ വടക്കുപടിഞ്ഞാറായി ചെന്നിട്ടു് , ഇളന്തിക്കരവച്ചു ചാലക്കുടിയാറുമായി ചേർന്നൊഴുകി കൊടുങ്ങല്ലൂർകായലിൽ [ 11 ] കൂടി സമുദ്രത്തിൽ പതിക്കുന്നു. ഇടത്തെ ശാഖ തെക്കോട്ടൊഴുകി വീണ്ടും രണ്ടായി പിരിഞ്ഞു ഒന്നു പടിഞ്ഞാറോട്ടു തിരിഞ്ഞു വരാപ്പുഴകടന്നും, മറ്റതു നേരെ തെക്കോട്ടുചെന്നു ഇടപ്പള്ളി വഴിയും കൊച്ചീസംസ്ഥാനത്തു പ്രവേശിച്ചു് വേമ്പനാടിന്റെ വടക്കൻ പിരിവുകളിൽ വീഴുന്നു.

പെരിയാറ്റിനു് ൧൪൨-മൈൽ നീളമുണ്ടു്. മലകളുടെ ഇടയിൽകൂടി വളരെ ദൂരം ഒഴുകുന്നതുകൊണ്ടു് അനേകം പോഷകനദികൾ ഇതിൽ വന്നുകൂടുന്നു. ഇവയിൽവച്ചു വലുതു വടക്കുമാറി വലത്തേക്കരയിൽ വന്നു ചേരുന്ന ഇടമലയാറാണു്. മറ്റു പോഷകനദികളിൽ പ്രധാനമായിട്ടുള്ളവ:- വലത്തേക്കരയിൽ കട്ടപ്പനയാറു്, പെരിഞ്ചാങ്കുട്ടി, മുതിരപ്പുഴ ഇവയും, ഇടത്തേക്കരയിൽ ചേർത്തോണി അല്ലെങ്കിൽ ചിറ്റാറും ആകുന്നു. മുതിരപ്പുഴയാറ്റുതീരത്താണു് പ്രസിദ്ധപ്പെട്ട പള്ളിവാസൽപദ്ധതി സ്ഥാപിച്ചിരിക്കുന്നതു്. ഇവിടുത്തെ വെള്ളച്ചാട്ടത്തെ ഉപയോഗിച്ചു വിദ്യുച്ഛക്തി സംഭരിച്ചു സംസ്ഥാനത്തിൽ വലിയ വേലകൾ നടത്താവുന്നതാണു്. പ്രധാന പോഷകനദിയായ ഇടമലയാറ്റിലും അനേകം പോഷകനദികൾ വന്നുകൂടുന്നുണ്ടു്. അവയിൽ വലിയവ ഇടത്തെക്കരയിൽ വന്നുകൂടുന്ന പൂയാംകുട്ടിയാറും കുട്ടമ്പുഴയാറുമാണു്. പൂയാംകുട്ടിയാറിന്റെ ഇടത്തേക്കരയിലുള്ള രണ്ടു പോഷകനദികളാണു് കുഞ്ചിയാറും കണ്ടൻപാറയാറും. തിരുവിതാംകൂറിലെ മറ്റു നദികളെപ്പോലെ വള്ളങ്ങൾ പെരിയാറ്റിൽ ധാരാളം സഞ്ചരിക്കുന്നില്ല. മുഖത്തുനിന്നും ൬൦-മൈൽവരെ വള്ളത്തിൽ പോകാവുന്നതാണു്.

പെരിയാറ്റിനു കുറുക്കെ വണ്ടിപ്പെരിയാർ എന്ന സ്ഥലത്തു കോട്ടയം-കുമിളി റോഡിൽ ഒരു വിശേഷമാതിരി പാലം പണിയിച്ചിട്ടുണ്ടു്. ഈ റോഡു് അതിർത്തി കടക്കുന്ന കുമളിക്കു സമീപത്താണു് പെരിയാർ കായലിൽനിന്നു പാണ്ടിയിലേയ്ക്കു വെള്ളം കൊണ്ടുപോകുന്നതിനുള്ള തുരങ്കം തീർത്തിട്ടുള്ളതു്. തുരങ്കത്തിൽ കൂടി പായുന്ന വെള്ളം വൈരവനാറുവഴിചെന്നു് വൈഗയാറ്റിൽ വീഴുന്നു. പെരിയാറ്റിനു കുറുക്കേ ആലുവായിൽ ഒരു റെയിൽപാലം ഉണ്ടു്. ഹൈറേഞ്ച്സിലേയ്ക്കുള്ള റോഡിൽ നേര്യമംഗലത്തു ഒരു വലിയ പാലം തീർത്തുകഴിഞ്ഞു.

ഇടമലയാറുവഴി ഇടിയറമേടു് എന്ന വൻവൃക്ഷങ്ങളുള്ള മലയിലേയ്ക്കു പോകാവുന്നതാണു്.

ആലുവായിലെ വെള്ളത്തിന്റെ ശുദ്ധിനിമിത്തവും ഏതാനും ലോഹസാധനങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നതുകൊണ്ടും [ 12 ] ഇതിനു വളരെ ഗുണമുണ്ടെന്നു വിചാരിക്കുന്നതിനാൽ വേനല്ക്കാലത്തു് ഇവിടെ കുളിച്ചു താമസിക്കുന്നതിനു് അനവധി ആളുകൾ എത്തുന്നുണ്ടു്. ആലുവായ്ക്കു മുകളിൽ ഏകദേശം ൪൦-മൈൽ ദൂരത്തോളം വള്ളങ്ങൾ കൊണ്ടുപോകാം.

ഈ ആറു വളഞ്ഞു വളഞ്ഞു ഒഴുകുന്നതുകൊണ്ടു് ഇതിൽ അനേകം ദ്വീപുകൾ ഉണ്ടായിരിക്കുന്നു.

പെരിയാറ്റിനു് ഒരു വിശേഷപ്രസിദ്ധി ഉണ്ടായിട്ടുണ്ടു്. മുല്ലപ്പെരിയാറ്റിനു് ഏകദേശം ൭-മൈൽ പടിഞ്ഞാറു് ഒരു വലിയ ഇടുക്കിൽ കൂടിയാണു് നദി ഒഴുകുന്നതു്. ഇവിടെ ഇരുവശങ്ങളിലുള്ള പൊക്കം കൂടിയ കുന്നുകളെ തമ്മിൽ യോജിപ്പിക്കുന്നതിനു് ആറ്റിനു കുറുക്കെ ഒരു അണ കെട്ടിയിട്ടുണ്ടു്. ഇതാണു് പ്രസിദ്ധപ്പെട്ട പെരിയാറണ. അണയ്ക്കു മുകളിൽ വെള്ളം കെട്ടിനിന്നു കായൽപോലെ വിസ്താരത്തിൽ പരന്നുകിടക്കുന്നു. ഇതു നിമിത്തം ഇവിടത്തെ വെള്ളത്തിന്റെ ഗതിയെ മാറ്റി നൂതനമായി വെട്ടപ്പെട്ട ഒരു കാൽവഴി കിഴക്കോട്ടു പാണ്ടിയിലേക്കു വെള്ളം കൊണ്ടു പോകപ്പെടുന്നു. ഈ കാലു് അല്ലെങ്കിൽ പുത്തനാറു മധുര ജില്ലയിലെ വൈഗയാറ്റിലാണു് ചെന്നുചേരുന്നതു്. അണയ്ക്കു ൧,൨൦൦ അടി നീളവും ൧൬൦-അടി പൊക്കവുമുണ്ടു്. പുത്തനാറു കിഴക്കോട്ടു കടക്കുന്നതു മല തുരന്നുണ്ടാക്കീട്ടുള്ള ഏകദേശം ഒരു മൈൽ നീളമുള്ള ഒരു തുരങ്കത്തിൽ കൂടിയാകുന്നു. മധുരജില്ലയിൽ മരുഭൂമികളായിക്കിടന്ന അനേകം സ്ഥലങ്ങൾ ഇതിനാൽ വിലയേറിയ കൃഷിസ്ഥലങ്ങളായി ഭവിച്ചിട്ടുണ്ടു്.

അണയ്ക്കു മുകളിൽ ൧൩൪ ച. മൈൽ സ്ഥലം കുളമായിട്ടു വെള്ളം കെട്ടിനിൽക്കുന്നു. ഇതിലേക്കായി ൮,൦൦൦ ഏക്കർ സ്ഥലം ൪൦, ൦൦൦ രൂപാ പാട്ടത്തിനു് ഇവിടുന്നു ബ്രിട്ടീഷ് ഗവണ്മെന്റിനു കൊടുത്തിട്ടുണ്ടു്.

ഇപ്പോൾ ആലുവായ്ക്കു് അല്പം മുകളിൽനിന്നു പെരിയാറ്റിലെ വെള്ളം കുഴൽവഴി കൊച്ചിയിലെ തലസ്ഥാനമായ എറണാകുളത്തു കൊണ്ടുപോകപ്പെടുന്നു.

പെരിയാറ്റിനെ സംബന്ധിച്ചു് ഒന്നുരണ്ടു വിശേഷസംഗതികൾ കൂടിയുണ്ടു്. മുതിരപ്പുഴയുമായുള്ള സംഗമത്തിനടുത്തു കൊക്കറണിപ്പാറയിൽകൂടി നൂറടിപൊക്കത്തിനു മേൽ അരുവിയായി വീഴുന്നതും അവിടന്നു കുറച്ചുകൂടി ചെന്നിട്ടു് ഒരു പാറയ്ക്കടിയിൽ കൂടി ഒഴുകി കുറേദൂരം കാഴ്ചയിൽനിന്നു മറഞ്ഞതിന്റെശേഷം മറ്റൊരു ഭാഗത്തു തിരിയെ വെളിയിൽ പുറപ്പെടുന്നതും വളരെ വിശേഷമായ കാഴ്ചകളാണു്. നേർയ്യമംഗലം, മലയാറ്റൂർ, ചേരാനല്ലൂർ, [ 13 ] കാലടി, വാഴക്കുളം, ആലുവാ ഇവയാണു് പെരിയാറ്റിന്റെ തീരത്തുള്ള പട്ടണങ്ങൾ.

൨. മൂവാറ്റുപുഴയാറു്:- തൊടുപുഴത്താലൂക്കിലുള്ള കിഴക്കൻമലകളിൽ നിന്നു മൂന്നുനദികൾ പുറപ്പെട്ടു വടക്കുപടിഞ്ഞാറായി ഒഴുകി മൂവാറ്റുപുഴവച്ചു് ഒരുമിച്ചുകൂടുന്നു. ഇവയിൽ താലൂക്കിന്റെ തെക്കുകിഴക്കുള്ള അറക്കുളം മലയിൽനിന്നു പുറപ്പെട്ടു വടക്കുപടിഞ്ഞാറായി ഒഴുകുന്ന തൊടുപുഴയാറ്റിനാണു് പ്രാധാന്യം കൂടുതൽ ഉള്ളതു്. തൊടുപുഴ കൃഷ്ണസ്വാമിക്ഷേത്രം ഇതിന്റെ തീരത്താണു്. അവിടുന്നു തെക്കുപടിഞ്ഞാറായി ഒഴുകി വൈക്കത്തിനു കുറേ കിഴക്കു വെട്ടിക്കാട്ടുമുക്കിൽ‌വച്ചു രണ്ടായി പിരിഞ്ഞു വേമ്പനാട്ടുകായലിൽ വീഴുന്നു. ഇതാണു മുവാറ്റുപുഴയാറു്. ഇതിനു കുറുക്കെ മെയിൻറോഡു കടക്കുന്നതിനു മുവാറ്റുപുഴയും, വൈക്കത്തു നിന്നു വടക്കോട്ടുള്ള റോഡു കടക്കുന്നതിനു് ഇത്തിപ്പുഴയും പാലങ്ങൾ ഉണ്ടു്. നീളം ൬൨-മൈൽ. മൂവാറ്റുപുഴ, പിറവം, വെട്ടിക്കാട്ടുമുക്കു, വടയാറു് ഇവ ഇതിന്റെ തീരസ്ഥലങ്ങളാണു്.

൩. മീനച്ചിൽആറു്:- ഇതു് അനേകം ചെറിയനദികൾ മീനച്ചൽ താലൂക്കിന്റെ കിഴക്കുള്ള മലകളിൽനിന്നു് ഉത്ഭവിച്ചു് ഈരാറ്റുപേട്ടയ്ക്കു സമീപംവച്ചു് ഒടുവിൽ ഒന്നായിച്ചേർന്നു മീനച്ചൽ, കോട്ടയം ഈ താലൂക്കുകളിൽകൂടി മിക്കവാറും പടിഞ്ഞാറായി ഒഴുകി തിരുവാർപ്പിനു സമീപത്തുവച്ചു വേമ്പനാട്ടു കായലിൽ വീഴുന്നു. ഇതിനു കുറുക്കേ കോട്ടയത്തു നാഗമ്പടത്തു പാലം കെട്ടീട്ടുണ്ട്. നീളം ൩൫-മൈൽ. തീരപ്രദേശങ്ങൾ:- പൂഞ്ഞാറു്, പാലാ, കിടങ്ങൂർ, കോട്ടയം, തിരുവാർപ്പു്. ഈ ആറുവഴി മലഞ്ചരക്കുകൾ കൊണ്ടുവരാറുണ്ടു്. കോട്ടയത്തിനു കിഴക്കു പാറമ്പുഴയ്ക്ക് സമീപത്തുനിന്നു നീലിമംഗലത്താറു് എന്നു് ഇതിലെ ഒരു ശാഖ പിരിഞ്ഞു വടക്കുമാറി പടിഞ്ഞാറോട്ടൊഴുകി പെണ്ണാറെന്ന പേരോടുകൂടി വേമ്പനാട്ടുകായലിൽ വീഴുന്നു. പാറമ്പുഴെ ഒരു സഞ്ചായം ഡിപ്പോ ഉണ്ടു്.

൪. പമ്പാനദി:-ഇതു് അനേകം തോടുകൾ ഒരുമിച്ചു ചേർന്നുണ്ടാകുന്നു. ഇവയിൽ ഏറ്റവും വിസ്താരം കൂടിയ വലിയ ആറു് അഴുതയും പമ്പയും കൂടിച്ചേർന്നു വരുന്നതാണു്. പമ്പയുടെ ഉത്ഭവം ശബരിമലയുടെ തെക്കുകിഴക്കു് നിന്നാകുന്നു. പെരിയാറ്റിന്റെ ഉല്പത്തിസ്ഥാനവും ഇവിടുന്നു വളരെ അകലെയല്ല. പമ്പയുടെ ആദ്യത്തെ ഗതി വടക്കുപടിഞ്ഞാറായി ഒരു ഭയങ്കരമായ മലയിടുക്കിൽ കൂടിയാകുന്നു. ഇവിടെ അസംഖ്യം അരുവികളുമുണ്ടു്. ഇവയിൽ വലുതു് പെരുന്തേനരുവിയാണു്. ഇതിലെ [ 14 ] വെള്ളച്ചാട്ടത്തിനു് ൯൦ അടി പൊക്കമുണ്ടു്. പിന്നീടു് റാന്നി, ആറന്മുള, ചെങ്ങന്നൂർ മുതലായ സ്ഥലങ്ങളിൽകൂടി മിക്കവാറും പടിഞ്ഞാറായി ഒഴുകി പാണ്ടനാട്ടിൽ എത്തുന്നു. അവിടെവെച്ചു രണ്ടായിപ്പിരിഞ്ഞു പടിഞ്ഞാറേശാഖ മാന്നാറു്, വീയപുരം, തകഴി, കരുമാടി ഇവയെ കടന്നു കരുമ്പാവിളവച്ചു വേമ്പനാട്ടുകായലിൽ ചേരുന്നു. കായലിൽ പതിക്കുന്നതിനുമുമ്പു് ഇതിനു് പൂക്കൈതയാറു്, പള്ളാത്തുരുത്തി എന്ന പേരുകളും ഉണ്ടു്. പാണ്ടനാട്ടിൽ വച്ചു കിഴക്കോട്ടു പിരിഞ്ഞ ശാഖ കുത്തിയതോടുവഴി ചെന്നു മണിമലയാറുമായി ചേർന്നൊഴുകി തലവടിയിൽ എത്തി വീണ്ടും രണ്ടായിപ്പിരിയുന്നു. ഇവയിൽ പടിഞ്ഞാറേ ഉപശാഖ കോഴിമുക്കു്, ചമ്പക്കുളം, ചങ്ങങ്കരി, കൈനകരി മുതലായവയിൽകൂടി കുട്ടമംഗലത്തുവച്ചു കായലിൽ വീഴുന്നു. കിഴക്കുമാറി പോകുന്ന ഉപശാഖ മുട്ടാറുവഴി രാമങ്കരിയിൽ എത്തി വീണ്ടും രണ്ടായിപ്പിരിഞ്ഞു് ഇടത്തേതു പുളിങ്കുന്നു്, മങ്കൊമ്പ്, ഈ വഴിയും, വലത്തേതു (ഏറ്റവും കിഴക്കേ ഉപശാഖ) വെളിയനാടു്, കാവാലം, ഈ വഴിയും വേമ്പനാട്ടുകായലിൽതന്നെ പതിക്കുന്നു. ഇങ്ങനെ പമ്പാനദി നാലു ശാഖകളായിട്ടാണു് കായലിൽ വീഴുന്നതു്.

ഈ ശാഖകളുടെ ഗതി അല്പം പടിഞ്ഞാറോട്ടു ചരിഞ്ഞു വടക്കോട്ടായിട്ടാണു്. കൃഷിക്കുപയോഗമുള്ള ആറുകളിൽവച്ചു് ഏറ്റവും പ്രധാനമായ ഒന്നാണു് ഈ പമ്പാനദി. ഈ ശാഖകളെ ചുറ്റിക്കിടക്കുന്ന പ്രദേശമാണു് 'കുട്ടനാടു്'. കുട്ടനാട്ടിനെ കൃഷിക്കു് ഉപയുക്ത്മാക്കിത്തീർക്കുന്നതു പമ്പാനദിയും അതിന്റെ കൈവഴികളുമാകുന്നു. മലകളിൽനിന്നും ഈ ആറുകൾവഴി കുട്ടനാട്ടിൽ വന്നിറങ്ങുന്ന എക്കൽ (വണ്ടൽ) വിലമതിക്കത്തക്കതല്ല. വർഷകാലത്തു് ആറ്റിലെ വെള്ളം നിലങ്ങളിൽ നിറഞ്ഞു് ആറും നിലവും കായലും തോടും ഒന്നും തിരിച്ചറിവാൻ പാടില്ലാത്ത വിധത്തിൽ ഒരു വലിയ ജലപ്രളയമായിരിക്കും. പമ്പാനദിയുടെ നീളം ൯൦-മൈൽ ആണു്. മുഖത്തുനിന്നു ൪൫-മൈൽ വള്ളം കൊണ്ടു പോകാം. ഇടനാടും പരുമലയും ഈ നദിയിലെ ദ്വീപുകളാകുന്നു. ഇടനാട്ടിന്റെ തെക്കുവശത്തു വളരെ ഇടുങ്ങി തൂക്കായുള്ള ചീങ്കക്കരകൾക്കിടയ്ക്കുകൂടിയാണു് ആറു് ഒഴുകുന്നതു്. അത്തിമൂടു് എന്നു വിളിക്കുന്ന ഇവിടെക്കൂടി വർഷകാലത്തു വള്ളം കൊണ്ടുപോകുന്നതു് അപകടമാണു്. ഇതിന്റെ തീരസ്ഥലങ്ങൾ:-റാന്നി, അയിരൂർ, ആറന്മുള, ചെങ്ങന്നൂർ, മാന്നാർ, വീയപുരം, പുളിംകുന്നു്. കിഴക്കുഭാഗത്തു മലകൾക്കുള്ളിലുള്ള "പമ്പാ"ക്കടവു, ശബരിമലതീർത്ഥക്കാരുടെ ഒരു പുണ്യസ്ഥലമാണു്. ഇവിടെയാണു മകര [ 15 ] വിളക്കിനു് ശബരിമലപ്പോകുന്ന അയ്യപ്പന്മാർ സദ്യയും ലക്ഷദീപവും നടത്തുന്നതു്. പമ്പാനദിക്കു പല വലിയ പോഷകനദികളുമുണ്ടു്.

അവ:-

(എ) മണിമലയാറു്: ഇതു് അമൃതുമലയ്ക്കു തെക്കുള്ള മലകളിൽനിന്നു പുറപ്പെട്ടു തെക്കുപടിഞ്ഞാറായി മിക്കവാറും ചങ്ങനാശ്ശേരി, തിരുവല്ലാ ഈ താലൂക്കുകളിൽകൂടി ഒഴുകി പുളിക്കീഴിനല്പം മുകളിൽവച്ചു പമ്പാനദിയുടെ വലത്തേഭാഗത്തു ചേരുന്നു. നീളം ൬൨-മൈൽ. തീരസ്ഥലങ്ങൾ:-മുണ്ടക്കയം, മണിമലാ, മല്ലപ്പള്ളി, കല്ലൂപ്പാറ, കവിയൂർ, തിരുവല്ല. ചിറ്റാറു് ഇതിന്റെ ഒരു പോഷകനദിയാണു്. ഇതിന്റെ തീരത്താകുന്നു കാഞ്ഞിരപ്പള്ളി.

(ബി) കൊല്ലകടവാറു് അല്ലെങ്കിൽ അച്ചൻകോവിൽ ആറു്:-ഇതു ചെങ്കോട്ടയുടെ അതിരിലുള്ള അച്ചൻകോവിൽ മലകളിൽനിന്നും പുറപ്പെട്ടു വടക്കു പടിഞ്ഞാറായി പത്തനംതിട്ട, തിരുവല്ല, മാവേലിക്കര, കാർത്തികപ്പള്ളി ഈ താലൂക്കുകളിൽകൂടി ഒഴുകി വീയപുരത്തുവച്ചു പമ്പാനദിയിൽ ഇടത്തുവശത്തു ചേരുന്നു. നീളം ൭൦-മൈൽ. ൪൦-മൈൽ വരെ വള്ളം സഞ്ചരിക്കും. തീരസ്ഥലങ്ങൾ:-കോന്നി, പന്തളം, കൊല്ലകടവു്, മാവേലിക്കര, കണ്ടിയൂർ. ഇതിനെ കുളക്കടയാറെന്നു പറഞ്ഞു വരുന്നതു് അബദ്ധമാണു്. 'കുളക്കട' കല്ലടയാറ്റിന്റെ തീരത്താകുന്നു.

(സി) കല്ലാറു അല്ലെങ്കിൽ കുമരം‌പേരൂരാറു്.-ഇതു പമ്പയുടെ ഇടത്തേക്കരയിൽ വടശ്ശേരിക്കര വച്ചു കൂടുന്നു.

(ഡി) കക്കാട്ടാറു്-ഇതു അല്പംകൂടി വടക്കുമാറി ഒഴുകി ഇടത്തേക്കരയിൽത്തന്നെ പെരിനാട്ടുവച്ചു കൂടുന്നു.

മെയിൻറോഡു് കടക്കുന്നതിനു് അച്ചൻകോവിലാറ്റിൽ പന്തളത്തും പമ്പയാറ്റിൽ ചെങ്ങന്നൂരിനടുത്തു ഇറപ്പുഴയും മണിമലയാറ്റിൽ തോണ്ടറയും പാലങ്ങൾ ഉണ്ടു്. മണിമലയാറ്റിൽ കിഴക്കുമാറി വള്ളംകുളത്തും മണിമലയിലും പാലങ്ങൾ കെട്ടിയിട്ടുണ്ടു്.

പെരിയാറ്റിനു നീളവും വീതിയും കൂടുതലുണ്ടെങ്കിലും ഉപയോഗം നോക്കിയാൽ പ്രാധാന്യം പമ്പാനദിക്കും അതിന്റെ പോഷകനദികൾക്കും ആണു്. ആലുവാവെള്ളത്തിനേക്കാൾ അധികം കുറഞ്ഞതരത്തിലുള്ളതല്ല, ആറന്മുളയ്ക്കു താഴെയുള്ള പമ്പയുടെ മാലക്കരനെട്ടായത്തിലെ വെള്ളം. വേനൽക്കാലത്തു കുളിച്ചു താമസിക്കുന്നതിനു വളരെ ആളുകൾ ഇവിടെയും എത്തുന്നുണ്ടു്. ആറന്മുള വള്ളംകളിക്കു പ്രസിദ്ധപ്പെട്ട ഒരു സ്ഥലമാണു്. കളിക്കുപ [ 16 ] യോഗിക്കുന്നതു വിശേഷമാതിരിയിൽ ഉണ്ടാക്കിയിട്ടുള്ള "ചുണ്ടൻ വള്ള" മാണു്. ചിങ്ങമാസത്തിലെ ഉത്തൃട്ടാതിയാണു് ഇതിലേക്കുള്ള പ്രധാന ദിവസം. ആറന്മുളയ്ക്കു പടിഞ്ഞാറുള്ള മാലക്കരനെട്ടായം ഒരേ ചൊവ്വായി ഏകദേശം ൩ നാഴിക നീളത്തിൽ പരന്നുകിടക്കുന്നു. തടം നല്ല വൃത്തിയുള്ള മണലും ചെറിയ ചരലും കലർന്നിട്ടുള്ളതാണു്. ഒഴുക്കും നല്ലവണ്ണ്മുണ്ടു്. സഞ്ചായംഡിപ്പാർട്ടുമന്റുവക പ്രസിദ്ധപ്പെട്ട തേക്കുംതോട്ടമുള്ള കോന്നി കൊല്ലകടവാറ്റിന്റെ മേൽഭാഗത്തും തടികൾ വെട്ടിയിറക്കുന്നതിനു പ്രസിദ്ധപ്പെട്ട റാന്നി പമ്പയുടെ മേൽഭാഗത്തുമാണു്. പമ്പ, മണിമല, കുളക്കട ഈ ആറുകൾ വഴിയാണു സഞ്ചായം ഡിപ്പാർട്ടുമെന്റിലെ ഒട്ടുമുക്കാൽ തടികളും വെട്ടിയിറക്കപ്പെടുന്നതു്. ഏതുവഴി വന്നാലും തടിശേഖരിക്കുന്നതിനു വീയപുരത്തു ഒരുഡിപ്പോ ഉണ്ടു്. ഈ ആറുകളുടെ മേൽഭാഗത്തു യൂറോപ്യന്മാരും മറ്റും സ്ഥാപിച്ചുവന്ന റബ്ബർതോട്ടങ്ങൾക്കു് ഈയിട അഭിവൃദ്ധി കുറവാണു്. ളാക, ചിറ്റാർ, കല്ലേലി ഇവയാണു് ഇപ്പോഴത്തെ പ്രധാനതോട്ടങ്ങൾ.

൫. കല്ലടയാറ് (കുളക്കടയാറു്):-ഇതിന്റെ ഉൽപത്തി നെടുമങ്ങാട്ടുതാലൂക്കിൽ പൊന്മുടിക്കു വടക്കുകിഴക്കുള്ള മലഞ്ചരിവിലാണു്. ആദ്യം വടക്കുപടിഞ്ഞാറായി ഒഴുകി പത്തനാപുരംതാലൂക്കിൽ കുളത്തുപ്പുഴ ചെല്ലുന്നു. അവിടന്നു കുറച്ചു ദൂരം വടക്കോട്ടൊഴുകിയിട്ടു പടിഞ്ഞാറോട്ടു ചരിഞ്ഞു് കൊട്ടാരക്കര താലൂക്കിൽ കുളക്കട എത്തുന്നു. പിന്നീടു തെക്കുപടിഞ്ഞാറായിത്തിരുഞ്ഞു കുന്നത്തൂർതാലൂക്കിന്റെ തെക്കേ അതിർത്തിയിൽകൂടി ഒഴുകി കല്ലടവച്ചു് അഷ്ടമുടിക്കായലിൽ പതിക്കുന്നു. നീളം ൭൦-മൈൽ. മീൻമുട്ടി ഇതിന്റെ ഒരു പ്രധാന പോഷകനദിയാണു്. തീരസ്ഥലങ്ങൾ:- പുനലൂർ, പത്തനാപുരം, കുളക്കട, മണ്ണടി, കുന്നത്തൂർ, കരിമ്പുമ്പുഴ, കല്ലട. കുളക്കട ഇതിന്റെ തീരത്താകകൊണ്ടു ഇതിനെയാണു് കുളക്കടയാറു് എന്നു പറയേണ്ടതു്. അച്ചൻകോവിലാറിനെ അല്ല. മെയിൻറോഡു കടക്കുന്നതിനു ഇതിനു കുറുക്കെ അടൂരിനു തെക്കു ഏനാത്തു ഒരുപാലംകെട്ടിയിട്ടുണ്ടു്. ഈ ആറ്റിനു ഒരു പ്രത്യേക പ്രസിദ്ധിയുള്ളതു് ഇതിൽ കുറുക്കെ പുനലൂരുള്ള തൂക്കുപാലം നിമിത്തമാണു്. ൧൦൫൪-ആമാണ്ടു് ആയില്യം തിരുനാൾ തിരുമനസ്സിലെ കാലത്തു ദിവാൻ നാണുപ്പിള്ളയാണു് ഈ പാലം കെട്ടിച്ചതു്. ഈമാതിരിപ്പാലം തിരുവിതാംകൂറിൽ മറ്റെങ്ങുമില്ലെന്നു മാത്രമല്ല ഇൻഡ്യയിലും ചുരുക്കമാണു്. ഒഴുക്കിന്റെ ശക്തികൊണ്ടു മറ്റുമാതിരി പാലങ്ങൾ ഉറയ്ക്കുകയില്ലെന്നു കണ്ടിട്ടാണു് ഇങ്ങനത്തെ ഒരു [ 17 ] പാലം ഇവിടെ പണിയിച്ചതു്. പാലത്തിനു് സമീപം ആറ്റുതീരത്തു ഒരു കടലാസു നിർമ്മാണശാല സ്ഥാപിച്ചിരിക്കുന്നു. ഈ ആറ്റിന്റെ മേൽഭാഗത്തുള്ള മലഞ്ചരുവുകളിൽ തേയിലത്തോട്ടങ്ങൾ ഉണ്ടു. "പത്തേനാസ്" എന്ന ഉന്നതതടം ഇവിടെയാണു്.

൬. ഇത്തിക്കരയാറു്:-ഇതു കൊട്ടാരക്കര അതിർത്തിയിൽ പത്തനാപുരവും നെടുമങ്ങാടും കൂടിതൊടുന്ന്തിനടുത്തുള്ള മാഞ്ഞൂർ മലകളിൽനിന്നും പുറപ്പെട്ടു വളഞ്ഞുവളഞ്ഞു മിക്കവാറും പടിഞ്ഞാറോട്ടൊഴുകി കൊല്ലംതാലൂക്കിലുള്ള പരവൂർക്കായലിൽ വീഴുന്നു. നീളം ൩൦-മൈൽ. തീരസ്ഥലങ്ങൾ:-ആയൂർ, പള്ളിക്കൽ, ഇത്തിക്കര, ചാത്തന്നൂർ. ഇതിന്റെ മുഖത്തു വളരെ പാറക്കൂട്ടങ്ങൾ ഉള്ളതുകൊണ്ടു് ഇതിൽകൂടി വള്ളങ്ങൾ അധികം സഞ്ചരിക്കുന്നില്ല. മെയിൻറോഡു കിടക്കുന്നതു ആയൂർ പാലത്തിൽ കൂടിയാണു്. തിരുവനന്തപുരം-കൊല്ലം റോഡിൽ ഇത്തിക്കരയും പാലമുണ്ട്.

൭. ആറ്റുങ്ങൽ (വാമനപുരം) ആറു്:-പൊന്മുടിക്കു തെക്കുകിഴക്കുള്ള മലകളിൽനിന്നും പുറപ്പെട്ടു നെടുമങ്ങാട്ടും ചിറയിൻകീഴിലുംകൂടി പടിഞ്ഞാറോട്ടൊഴുകി അഞ്ചുതെങ്ങു കായലിൽ വീഴുന്നു. നീളം ൩൫-മൈൽ. തീരസ്ഥലങ്ങൾ:- വാമനപുരം, ആറ്റുങ്ങൽ, ചിറയിൻകീഴു്. ഇതിൽ കുറുക്കെ ആറ്റുങ്ങലിനടുത്ത് പൂവമ്പാറെ ഒരു വിശേഷമാതിരിപ്പാലം തീർത്തിട്ടുണ്ടു്. മെയിൻ റോഡു കടക്കുന്നതു കിഴക്കുമാറിയുള്ള വാമനപുരം പാലത്തിൽ കൂടിയാണു്.

൮. കരമനയാറു്:-ഇതു് അഗസ്ത്യകൂടത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തുനിന്നു പുറപ്പെട്ടു തെക്കുപടിഞ്ഞാറായി നെടുമങ്ങാട്ടും തിരുവനന്തപുരത്തുംകൂടി ഒഴുകി രണ്ടു ശാഖകളായി പിരിഞ്ഞു പൂന്തുറയ്ക്കു സമീപംവച്ചു സമുദ്രത്തിൽ ചേരുന്നു. നീളം ൪൧-മൈൽ. ഇതിൽ കുറുക്കെ തിരുവനന്തപുരത്തിനു സമീപം കെട്ടപ്പെട്ടിട്ടുള്ള കരമനപ്പാലം ഏറ്റവും ഉറപ്പുള്ളതാണു്. ഏകദേശം ൭൦-കൊല്ലത്തെ പഴക്കമുണ്ടെങ്കിലും ഇതേവരെ യാതൊരു കേടും സംഭവിച്ചിട്ടില്ല. കുണ്ടാങ്കടവിലും തിരുവല്ലത്തും ഓരോ പുതിയ പാലവും കെട്ടിയിട്ടുണ്ടു്. നെടുമങ്ങാട്ടിനു സമീപം അരുവിക്കര എന്ന സ്ഥലത്തുള്ള ഇതിലെ അരുവി പ്രസിദ്ധപ്പെട്ടതാണു്. ഇവിടുന്നു തിരുവനന്തപുരം പട്ടണത്തിലേക്കു കുഴൽവഴി നല്ല ശുദ്ധവെള്ളം കൊണ്ടുപോകുന്നുണ്ടു്. തീരസ്ഥലങ്ങൾ:-ആര്യനാടു്, അരുവിക്കര വട്ടിയൂർക്കാവു, തിരുവനന്തപുരം, കരമനഗ്രാമം, തിരുവല്ലം. ഇതിന്റെ തെക്കോട്ടുള്ള ശാഖയുടെ മുഖത്താണു് കോവളം. കിള്ളിയാറു് ഇതിന്റെ ഒരു പോഷകനദിയാണു്. [ 18 ]

൯. കിള്ളിയാറു്:-ഇതു നെടുമങ്ങാട്ടിനു സമീപമുള്ള പച്ചമലയിൽനിന്നും പുറപ്പെട്ടു തെക്കോട്ടൊഴുകി തിരുവനന്തപുരത്തിനു തെക്കു തിരുവല്ലത്തിനു സമീപംവച്ചു കരമനയാറ്റിൽ ചേരുന്നു. കൃഷിക്കുപയോഗമായി ഇതിൽ അനേകം അണകൾ തീർത്തിട്ടുണ്ടു്. പാലങ്ങളും വളരെയുണ്ടു്. മരുതംകുഴി അണയിൽ നിന്നാണു് കോട്ടയ്ക്കകത്തു് പത്മതീർത്ഥത്തിലേയ്ക്കു വെള്ളംകൊണ്ടുപോകുന്നതിനുള്ള കൊച്ചാറു് വെട്ടപ്പെട്ടിട്ടുള്ളതു്. നീളം ൧൫-മൈൽ. വേനൽക്കാലത്തു് ഈ ആറ്റിൽ വെള്ളം വളരെ ചുരുക്കമാണു്. എങ്കിലും വർഷകാലത്തു് ഇതിലെ വെള്ളപ്പൊക്കം നിമിത്തം പട്ടണത്തിൽ നാശം സംഭവിക്കാറുണ്ടു്.

൧൦. നെയ്യാറു്:-ഇതു് അഗസ്ത്യകൂടത്തിന്റെ തെക്കുകിഴക്കേ ചരുവിൽനിന്നാണുപുറപ്പെടുന്നതു്. ഗതി മിക്കമാറും തെക്കായിട്ടാണു്. ഉല്പത്തിമുതൽ ഏകദേശം നെയ്യാറ്റിൻകരെ എത്തുന്നതുവരെ അരുവികളോടുകൂടി ശക്തിയായിട്ടാണു് ഒഴുകുന്നതു്. അരുവിപ്പുറത്തു് ഇരുവശത്തും പൊക്കമുള്ള മലകളുണ്ടു്. മലകളുടെ നടുക്കുള്ള ഒരു ഇടുക്കിൽ കൂടിയാണു് ആറു ഒഴുകുന്നതു്. കൃഷിക്കുപയോഗത്തിനായി ഇവിടെ ഒരു അണയ്ക്കും കാലിനും മുമ്പൊരിക്കൽ അടിസ്ഥാനമിട്ടിട്ടുണ്ടായിരുന്നു. അരുവിപ്പുറം കഴിഞ്ഞാൽ ഗതി മന്ദമായിട്ടാണു്. പൂവാറ്റിനു സമീപംവച്ചു് ഇതു കടലിൽചേരുന്നു. ആകെ നീളം ൩൫-മൈൽ. പൂവാറ്റിലുള്ള ഇതിന്റെ മുഖം പരന്നു ഒരു ചെറിയ കായലുപോലെ കിടക്കുന്നു. ഇവിടുന്നാണു തെക്കുകിഴക്കോട്ടുള്ള അനന്തവിക്ടോറിയാമാർത്താണ്ഡൻ തോടു വെട്ടപ്പെട്ടിട്ടുള്ളതു്. തീരസ്ഥലങ്ങൾ-പെരുങ്കടവിള, നെയ്യാറ്റുങ്കര, പൂവാർ.

൧൧. താമ്രവർണ്ണി-ഇതിന്റെ മേൽഭാഗത്തിനു പറളിയാറു് എന്നും കീഴ്ഭാഗത്തിനു കുഴിത്തുറയാറു് എന്നും പേരുകൾ ഉണ്ടു്. മഹേന്ദ്രഗിരിയുടെ വടക്കുകിഴക്കു ഭാഗത്തുനിന്നു പുറപ്പെട്ടു തെക്കുപടിഞ്ഞാറായി കൽക്കുളം വിളവംകോടു് ഈ താലൂക്കുകളിൽകൂടി ഒഴുകി തേങ്ങാപ്പട്ടണത്തിനു സമീപത്തുവച്ചു സമുദ്രത്തിൽവീഴുന്നു. നീളം ൩൭-മൈൽ. തീരസ്ഥലങ്ങൾ:-പൊന്മന, തിരുവട്ടാറു്, കുഴിത്തുറ, മൂഞ്ചിറ. കൃഷിക്കുപയോഗമായി അണകൾ ഇതിലുണ്ടു്. അവയിൽ പ്രസിദ്ധം പൊൻമന അണയും പാണ്ഡ്യൻ അണയുമാണു്. നാഞ്ചിനാടു മുതലായ സ്ഥലങ്ങളിലേയ്ക്കു വെള്ളം കൊണ്ടുപോകുന്നതിനു് ഇവിടുന്നു കാലുകൾ വെട്ടപ്പെട്ടിട്ടുണ്ടു്. [ 19 ] താമ്രവർണ്ണിയിൽ കുഴിത്തുറയും തിരുവട്ടാറ്റും പൊന്മനയും പാലങ്ങൾ പണിയിച്ചിട്ടുണ്ടു്.

൧൨. കോതയാറു്:-താമ്രവർണ്ണിയുടെ പോഷകനദിയാണു് കോതയാറു്. ഇതു മൊട്ടച്ചിമലയ്ക്കു മുകളിലുള്ള മുത്തുക്കുഴിവയൽ ഉന്നതതടത്തിന്റെ ചരുവിൽനിന്നും പുറപ്പെട്ടു വിളവൻകോടുതാലൂക്കിൽകൂടി ഒഴുകി തിരുവട്ടാറ്റിനു് അല്പം പടിഞ്ഞാറുവച്ചു താമ്രവർണ്ണിയിൽ ചേരുന്നു. ഇതിലെ ഒഴുക്കു ബഹുശക്തിയായിട്ടുള്ളതാണു്. അരുവികൾ ധാരാളമുണ്ടു്. തൃപ്പരപ്പിനു സമീപത്തു വിശേഷപ്പെട്ടതായ ഒരു അരുവിയുണ്ടു്. ഇതിന്റെ പേർ ഭദ്രകാളി അരുവി എന്നാണു്. തെക്കൻഡിവിഷനിലെ കൃഷിക്കു വേണ്ട വെള്ളത്തിനു് ഇപ്പോൾ കെട്ടപ്പെട്ടിട്ടുള്ള പേച്ചിപ്പാറഅണ ഈ ആറ്റിന്റെ മേൽഭാഗത്താണു്. അണയ്ക്കു് ഏകദേശം ൧൪൦൦ (ആയിരത്തിനാനൂറു്) അടി നീളവും ൧൧൫ അടി പൊക്കവുമുണ്ടു്. മുകളിൽ ഉദ്ദേശം നാലു ചതുരശ്രമൈൽ വെള്ളം കെട്ടി വലിയ തടാകമായിക്കിടക്കുന്നു. ഇതിന്റെ ഇടത്തെ ചാൽവഴി വെള്ളം പൊന്മന അണയിലേയ്ക്കും അവിടുന്നു നാഞ്ചിനാട്ടേയ്ക്കും കൊണ്ടുപോകപ്പെടുന്നു. ഈ അണനിമിത്തം കോതയാറ്റിലെ വെള്ളം അധികം നിഷ്ഫലമായി പോകുന്നില്ല. നീളം ൨൦-മൈൽ. തീരസ്ഥലങ്ങൾ:-കളിയൽ, തൃപ്പരപ്പ്, അരുമന. നാടുനീങ്ങിയ വിശാഖം തിരുനാൾ തിരുമനസ്സുകൊണ്ടു് കല്പിച്ചു പണികഴിപ്പിച്ചിട്ടുള്ള ഒരു മണ്ഡപം തൃപ്പരപ്പിനു സമീപത്തു് ആറ്റിന്റെ നടുവിലായിട്ടുണ്ടു്.

൧൩. പഴയാറു് അല്ലെങ്കിൽ വടശ്ശേരിയാറു്:-ഇതു മഹേന്ദ്രഗിരിയുടെ താഴ്വരയിലുള്ള രണ്ടാംവരി മലകളിൽ നിന്നും പുറപ്പെട്ടു് തോവാള, അഗസ്തീശ്വരം ഈ താലൂക്കുകളിൽക്കൂടി മിക്കവാറും തെക്കോട്ടായി ഒഴുകി മണക്കുടിക്കായലിൽ ചെന്നുചേരുന്നു. ഇതിലെ വെള്ളം ഒട്ടുമിക്കവാറും കൃഷിക്കുപയോഗമായി ഭവിക്കുന്നുണ്ടു്. താമ്രവർണ്ണിയുടെ അണകളിൽനിന്നു ചാലുകൾവെട്ടി ഇതിലേയ്ക്കു വെള്ളം പായിക്കുന്നു. പ്രധാന ചാലാണു് പാണ്ടിയൻകാലു്. പഴയാറും കായലുകളും ഉൾപ്പെട്ട പ്രദേശത്തെ 'നാഞ്ചിനാടു്' എന്നുവിളിക്കുന്നു. ഈആറ്റിലെ വെള്ളമാണു് നാഞ്ചിനാട്ടിലെ വിളവിനു മുഖ്യകാരണമായി ഭവിക്കുന്നതു്. ഇതിലെ വെള്ളം മതിയാകാത്തതുകൊണ്ടു മറ്റു നദികളിലും അണകൾ കെട്ടി ഇതിലേക്കു വെള്ളം പായിക്കുന്നതിനു വേലകൾ ചെയ്തിരിക്കുന്നു. നീളം ൨൩-മൈൽ--തീരസ്ഥലങ്ങൾ:-ഭൂതപ്പാണ്ടി, ഒഴുകിണശ്ശേരി, നാഗർകോവിൽ, കോട്ടാറു്, ശുചീന്ദ്രം, താമരക്കുളം. [ 20 ] മെയിൻ റോഡു കടക്കുന്നിടത്തു് ഒഴുകിണശ്ശേരിയിലും കന്യാകുമാരിറോഡിൽ ശുചീന്ദ്രത്തും ഭൂതപ്പാണ്ടിക്കുവടക്കു ദർശനംകോപ്പിലും പാലങ്ങൾ പണിയിച്ചിട്ടുണ്ടു്.‌ ‌