ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
ഏഴാം സർഗ്ഗം
[ 67 ]
ഏഴാം സർഗ്ഗം

കുലശേഖരനാട്ടിലുർവരാഭ്യൽ-
കുലതന്തുക്കൾ കുമാരരാറുപേരും
നലമോടു വളർന്നു കന്തിപൂരം
കലരും സിന്ധുവിൽ മൗക്തികങ്ങൾ പോലെ.        1

ജനതയ്ക്കുരുമോദമോടു,മെന്നാൽ
വിനചെയ്യും വിമതർക്കു ഭീതിയോടും,
ദിനവും പരിവൃദ്ധി തേടി രാജ്ഞീ-
തനയന്മാർ സിതപക്ഷചന്ദ്രതുല്യം.        2

അകളങ്കഗുണൗഘരർഭകന്മാ-
രകതാർ വാടിയ റാണിയാൾക്കു നിത്യം
പ്രകടം തെളിവേകി, കാർത്തികോഡു-
പ്രകരം ദ്യോവിനു രാവിലെന്നപോലെ.        3

പുരുമാധുരിപൂണ്ട ഗീരിനാല-
പ്പുരുഷാധീശ്വര,രമ്മതൻ വിഷാദം
വിരുതിൽച്ചുവടേ പറിച്ചു, മുന്നം
ഗരുഡൻ ദിവ്യസുധാരസത്തിനാൽപോൽ.        4

നലമാർന്ന സുതാനനം പ്രഹർഷാ
കുലയായ്ത്തീർത്തു സവിത്രിയെ പ്രകാമം,
സുലഭദ്യുതിപൂണ്ടുദിച്ച ചന്ദ്രൻ
കലശാബ്ധിത്തിരമാലയെക്കണക്കെ.        5

പ്രനഷ്ടനൃപന്നുമേൽ സുതന്മാർ
ഭുവി രാജത്വമെഴാൻ കൊതിച്ച റാണി

[ 68 ]

രവിപോയ് വിധുവെ പ്രതീക്ഷചെയ്ത-
ദ്ദിവി മേവീടിന സന്ധ്യപോൽ വിളങ്ങി       6

ധരണീഭരണശ്രമത്തെ നീക്കി
നരനാഥയ്ക്കു തനുജലാളനങ്ങൾ
ജ്വരമെങ്ങു സവിത്രിമാർക്കടുക്കൽ-
ത്തരമൊത്താത്മജരാം മരുന്നിരിക്കെ?       7

അവർതൻ ശരിയാം വളർച്ച കണ്ട-
ന്നവനീനാഥ നിതാന്തമാശ്വസിച്ചാൾ
നവമാം ജലദത്തെ വർഷകാല-
ത്തവലോകിപ്പൊരു ചാതകിക്കു നേരായ്       8

കനലിൻപടി വൈരികൾക്കുമോമൽ-
ക്കനകക്കട്ടകണക്കു ബാന്ധവർക്കും
ജനനായകർതൻ തനുക്കളെന്നാ-
ളനവദ്യാഭയോടേറ്റവും വിളങ്ങി       9

ഛവിയാർന്ന കുമാരരാറിൽവച്ചും
രവിവർമ്മാഭിധപൂണ്ട മൂത്ത ബാലൻ
സവിശേഷമശേഷഹൃദ്യഭാവം
ഭുവി പൂണ്ടാൻ, മധുരം രസങ്ങളിൽപോൽ       10

മുഴുനന്മ കലർന്ന ബാലരച്ചൊ-
ല്ലെഴുമൂഴിക്കു ലഘൂകരിച്ചു താപം
പഴുതറ്റ ഗുണത്തൊടാറു പങ്കാ-
യൊഴുകും പഞ്ചനദോദകങ്ങൾപോലേ       11

കുളിർപുഞ്ചിരിവെണ്ണിലാവിനാല-
ത്തളിരൊക്കും തനു പൂണ്ട ബാലചന്ദ്രർ
വെളിവിൽജ്ജനമാനസേന്ദുകാന്ത-
ങ്ങളിലാർദ്രത്വമനുക്ഷണം കലർത്തി.       12

മതി, ശീല, മഭിഖ്യ മൂന്നുമന്നാൾ
മതിയിൽ സ്പർദ്ധ പരസ്പരം പെറുംപോൽ
സതിതൻ സുതരെ സ്വയം ഭജിച്ചു
കൊതി സദ്വസ്തുവിലാർക്കുദിക്കയില്ല?       13

കളിവിട്ടു പഠിപ്പതിന്നു പിന്നീ-
ടൊളിപൂണ്ടുള്ള കുമാരരുദ്യമിച്ചാർ
വിളിയേന്തിന ശാസ്ത്രമാറിനേയും
വെളിവിൽ ഗാത്രസമേതമാക്കുവാൻപോൽ       14

ഉരുവാം ധിഷണാവിലാസമുള്ളിൽ-
പ്പെരുകും ബാലകർതൻ നവാനുയോഗം
ഗുരുവിന്നൊരു ശിക്ഷയായ്ഭവിച്ചോ
വിരുതിൽ ശിക്ഷയതെന്നുരച്ചു വാദ്ധ്യാർ?       15

[ 69 ]

  
പ്രമദാത്ഭുതഭീതിമിശ്രമാമുൾ-
ക്കമലം‌പൂണ്ടൊരു ദേശികൾക്കു പാരം
വിമലം നിജ ശാസ്ത്രബോധമെല്ലാം
ശ്രമമറ്റന്നു കൃതാർത്ഥമായ് ഭവിച്ചു.       16

അകളങ്കഗുണങ്ങളാർന്ന ബാലർ-
ക്കകതാർ, കാണികൾ‌തൻ മുഖാബ്ജമോടും,
വികസിച്ചു പരം ഗുരുത്തമാർക്ക-
പ്രകടോദിത്വരഗോഗണം നിമിത്തം       17

ശ്രുതിയും സ്മൃതിയും ലഭിച്ച വഞ്ചി-
ക്ഷിതിപാലാർഭകരെഗ്ഗുരുക്കൾ മേലാൽ
ശ്രുതിയും സ്മൃതിയും ദ്രുതം പഠിപ്പി-
പ്പതിലുത്സാഹമിയന്നു വാണിരുന്നു       18

മതി വിസ്തരമാക്കുമാരരാറും
ദ്യുതി വായ്ക്കുന്നൊരു യൌവനം ഗ്രഹിച്ചാൽ
അതിയായ് ഗ്രഹഷൾക്കുമുച്ചമാം തൽ-
ക്ഷിതിഭാഗത്തി, നിവണ്ണമോർത്തു പൌരർ.       19

പുതുതായ് നിധി കൈവശം വരുമ്പോ-
ളതു സൂക്ഷിപ്പതിൽ നിസ്സ്വനുള്ള യത്നം
അതുലാഭ കുമാരപോഷണത്തിൽ-
ച്ചതുരക്ഷ്മാതലനാഥ പൂണ്ടിരുന്നു.       20

വഴിപാടു കഴിക്കു,മന്തണന്മാർ-
ക്കഴിവറ്റുണൊടു ദാനമെന്നുമേകും,
വഴിപൊൽത്തൊഴുമീശനെ, ശ്രമപ്പെ-
ട്ടുഴിയും,ഭസ്മമിടും ഞറുക്കു കെട്ടും.       21

പരിചാരകനൊന്നു വേണ്ട ദിക്കിൽ-
പ്പരിചാർന്നീടിന പത്തുപേരെയാക്കും;
പരിതോഷരവർക്കു ചിത്തരംഗോ-
പരി തോന്നുന്നതിനും പ്രയത്നമാളും.       22

ഒരുമട്ടിനു കീർത്തി പാരിൽ വായ്ക്കു-
ന്നൊരു കാർത്താന്തികർ, വൈദ്യർ, മാന്ത്രികന്മാർ,
ഒരുമിച്ചിവരെ ക്ഷ്ണിച്ചു മേന്മേ-
ലരുളും പാർത്തു കുമാരഭദ്രമോതാൻ.       23

ശരിയൊക്കെയുമെന്നുരയ്ക്കുവോര-
പ്പരിഷയ്ക്കാ നിമിഷത്തിൽ വേണ്ടതെല്ലാം
ഹരിണാക്ഷി കൊടുക്കു,മെന്തുചെയ്യാ-
മെമിയും വീട്ടിലെടുത്ത കൊള്ളി ലാഭം       24

നരപാർകേർതൻ രസജ്ഞയെപ്പോൽ-
പ്പരമാ വഞ്ചിധരിത്രിയും തദാനീം.

[ 70 ]

ഉര പൊങ്ങിന ശാരദാഗമത്താൽ
സ്ഫുരദഗ്ര്യപ്രഭപൂണ്ടു ലാലസിച്ചു       25

ഘനപീനപയോധരാഢ്യ വർഷാം-
ഗനതൻ ബന്ധമകന്നനേരമഭ്രം
കനമാർന്ന മുമുക്ഷുവാം ജനത്തിൻ
മനതാരിൻപടി നിർമ്മലത്വമാർന്നു       26

അവിളംബിതമായ് ശതഹ്രദാഗ്രൃശ്-
ചവി കൈവിട്ടു നദങ്ങളും നഭസ്സും
കവിയുന്ന വിധം പ്രസാദമുണ്ടായ്
സവിശേഷം ജനതയ്ക്കുമിന്ദുവിന്നും       27

ഇടിവെട്ടുകൾ നീക്കി ലോകമെല്ലാം
വടിവിൽക്കാത്തു ശരത്തു വാണിടുമ്പോൾ
ഝടിതി ത്രപ പാരമുള്ളിലേന്തും-
പടി തൻവില്ലു വലാരി പിൻവലിച്ചു.       28

ഉലകിൽശ്ശരിയായ് നിജാഭിധാനം
കലരും ഹംസമനല്പമോദമോടേ
വിലസുന്നതു കണ്ടസീയ വാച്ചോ
നിലവിട്ടന്നു രവിക്കു താപമേറി?       29

പുതിയോരാ ഹിമാംശുപോലെ മഞ്ഞ-
ക്കതിരാണ്ടീടിന ശാലിതല്ലജങ്ങൾ
മതികെട്ടു വിളങ്ങി; ഹാരിഭാവം
പതിവായ്സ്സർഗുണശാലികൾക്കു സിദ്ധം       30

അതുലപ്രഭമായ് വിടർന്ന പാല-
പ്പുതുപൂങ്കൊത്തിനെഴും മണം സമീരൻ
കുതുകേന പരത്തി നാലുപാടും
ചതുരക്ഷ്മാപതി സദൃശസ്സുപോലെ       31

ധവളാംബര, മുജ്ജ്വലേന്ദുവക്ത്രം
നവനീലോൽപലദൃഷ്ടി, താരഹാരം
ഇവയൊത്ത ശരന്നിശയ്ക്കെഴും മെയ്
പവനൻ കണ്ടു കടന്നുകൂടി മന്ദം       32

വിടിരും പുതുമല്ലിതൻ പരാഗം
വടിവോടന്നു വിയോഗികൾക്കു ഹൃത്തിൽ
പിടികൂടിന തീക്കു കുന്തിരിക്ക-
പ്പൊടിയാക്കിക്കുസുമാശുകൻ ജയിച്ചു       33

അളിമഞ്ജുളകേശ, മബ്ജവക്ത്രം
പുളിനാഭോഗനിതംബ,മന്നയാനം
ഒളിപാരമിവറ്റിനാലിണങ്ങും
നളിനിപ്പെണ്ണൊടു ഭാനുമാൻ രമിച്ചു       34

[ 71 ]

തടിനിക്കു പയസ്സു വറ്റി മേന്മേൽ
കുടി മാറുന്നൊരു ഗോവിനെന്നപോലെ;
വടിവിൽ ധനി ദുർവിധത്വമാർന്നാൽ
പ്പടി തൽ പങ്കവിമെപ്പൊഴേയ്ക്കകന്നു       35

പതിവായരയന്നമങ്ക ചെയ്‌വോ-
രതിവൈദഗ്ദ്ധ്യമെഴുന്ന ശിക്ഷയാലോ
ഗതി മന്ഥരമഞ്ജുവാക്കി മുറ്റും
പതിയെത്തേറ്റിന നിമ്നഗാവധൂടി?       36

കലഹിച്ചു കവിഞ്ഞ മാനമേന്തി-
ച്ചിലനാൾ പാർത്തു വിയോഗശക്തിമൂലം
നിലവിട്ടു ചടച്ചുപോമ്മ് സ്രവന്തീ-
കുലമോടൊത്തു ജനങ്ങൾ കൂടിയാടി       37

മലർ തെണ്ടി മരന്ദമുണ്ടു കോലാ-
ഹലമായ്ക്കുകി മദിച്ചു പോം ദ്വിരേഫം
ലലനാവദനം മുകർന്നു ചേലാ-
ഞ്ചലരോധം വകവെച്ചിടാതെ തെല്ലും       38

തരമറ്റളവും ജനത്തിനേറ്റം
വിരസത്വം വരുമാറു കേകി കൂകി
സ്വരമാണു കലാപമല്ല കാര്യം
ധരയിൽ ഗായകനെന്ന തത്വമോതി       39

ഒരുനാൾ പ്രിയയാകുമൈന്ദ്രിതന്നെ-
ത്തരുണാബ്ജൻ പുണരുന്ന കാഴ്ച കാണ്മാൻ
അരുതാഞ്ഞു വിവർണ്ണരൂപനായി-
ട്ടരുണൻ ചെന്നു പയോധിയിൽപ്പതിച്ചു       40

പതിയാകുമഹസ്കരന്നു പറ്റും
മൃതി കാണ്മാൻ കരളിന്നു കട്ടിയെന്യേ
സതി പത്മിനി ഭൃഗകാളകൂടം
ഗതികെട്ടിണ്ടു സരോജദ്യക്കടച്ചു       41

വരുണൻ പ്രിയയെബ്ബലാൽ പുണർന്നോ-
രരുണന്നന്തമണച്ചു വാണിടുമ്പോൾ
പരുഷത്തൊടു പശ്ചിമാശ മേന്മേ-
ലരുണാസ്യത്തെ വഹിച്ചു ധൂർത്തുപോലെ       42

തരണിക്കടരില്പ്പരുക്കുപറ്റി-
പ്പരമസ്രം പുഴപോലൊലിക്കയാലോ
ചരമാചലപാർശ്വഭൂമിയപ്പോൾ
വിരവിൽക്കോകനദാഭമായ് വിളങ്ങി       43

നിജ യാത്ര ദിനാന്തവേത്രിമൂലം
ദ്വിജരാജൻ വെളിവാക്കിടുന്ന നേരം

[ 72 ]

  
ദ്വജപങ്‌കതി നടസ്ഥലത്തു ഭക്ത-
പ്രജകൾക്കൊപ്പമൊഴിഞ്ഞാതുങ്ങിനിന്നു.       44

ഇരുളെന്ന നിശാടി വന്നു കേറി-
പ്പൊരുതുമ്പൊളൊരു മിത്രസാഹ്യമെന്യേ
മരുവൊല്ല വെളിക്കു നൂനമെന്നോ
കരുതിപ്പക്ഷികൾ സാലഗർഭമാർന്നു?.       45

തരണിക്കിയലുന്ന ഗോക്കൾ തത്സ-
ഞ്ചരണം തീർന്നു നിജാലയം ഗമിക്കേ
പരമങ്ങനെതന്നെ മറ്റു ഗോവിൻ-
നിരയും ചെയ്തിതു; ഗോക്കളേവമല്ലോ.       46

മലമറ്റ മനസ്സൊടാലയിൽ‌പ്പോയ്
വിലസും നൽ‌പ്പശുപങ്‌ക്തിയെജ്ജനങ്ങൾ
പലമട്ടു സപര്യചെയ്തു; മാഹാ
കുലശുശ്രൂഷ മനുഷ്യധർമ്മമല്ലോ.       47

കാടാലിന്നക,മാഗമവ്രജം ത-
ന്നുടലാം ഭാസ്കര,നസ്തമിച്ച നേരം
തടവറ്റു തമസ്സുതന്മുഖത്തിൽ
സ്ഫുടമെങ്ങും കരി തേച്ചു കുത്തിനെത്തി.       48

പുരു രുക്കു കലർന്ന ലോകചക്ഷു-
സ്സറുതിപ്പെട്ടു കഴിഞ്ഞതിന്നുമേലോ,
ഇരുളാകുമൊരഞ്ജനത്തെ മേന്മേൽ-
പ്പെരുമാറുന്നു ദിനാന്തമൂഢവൈദ്യൻ?.       49

വെളിയിൽ പശുപത്യസന്നിധാനം
വെളിവായ്ക്കണ്ടു തദീയ ബന്ധു പൊയ്പോയ്
ഒളി മങ്ങിയ ലോകമൊക്കെ വെല്‌വാൻ
നളിനാസ്രതൻ ദ്രുതമെത്തി കാലവേദി.       50

പെരുകും മധുവാർന്നു പൂത്തുനിൽ‌ക്കു-
ന്നൊരു മുല്ലപ്പുതുപൂക്കൾ ദിഗ്ജയാർത്ഥം
വിരുതൻ സ്മരനെണ്ണയിട്ടു തേച്ചു-
ള്ളൊരു കൂരമ്പുകളെന്നപോൽ വിളങ്ങി.       51

മലരിൻ മണമേന്തി മന്ദമന്ദം
നിലയം തോറുമണഞ്ഞ മഞ്ജുവായു
ലലനാജനമാനശാഖി വേരോ-
ടുലയാനുള്ളൊരു ചണ്ഡവാതമായി.       52

നറുമാധ്വി നുക,ർന്നതിൻ സ്വഭാവം
പെറു,മോമൽ‌സ്വരമാർന്നിടും ദ്വിരേഫം
മുറുകുന്ന ധനുസ്സിൽ നിന്നനംഗൻ
ചെറുതായുള്ളോലി ചേർത്ത മൌർവിതന്നെ.       53

[ 73 ]

  

രതിവല്ലഭവഹ്നിയുള്ളിൽനിന്നും
പ്രതിബിംബിച്ചു വെളിക്കു കണ്ടപോലെ
ദ്യുതിപൂണ്ട വിളക്കു വീടുതോറും
മതിമുഗ്‌ദ്ധാനനമാർ കൊളുത്തി മന്ദം..       54

തടവറ്റു വെളിക്കു വീട്ടിലെങ്ങും
സ്ഫുടമായ്ക്കത്തിന ദീപപങ്‌ക്തി കണ്ടാൽ
ഉടനപ്പുരിമങ്ക ചാർത്തിടും പൊ-
ന്നുടഞാണെന്നു നിനച്ചുപോകുമാരും..       55

സുമസായകനാടകപ്രയോഗം
സമയാതിക്രമമെന്നിയേ തുടങ്ങാൻ
പ്രമദാനടിമാരശേഷലോക-
ഭ്രമമേകും നവവേഷമാർന്നൊരുങ്ങി..       56

മലരമ്പു വീടൊല്ല ഞാനവറ്റെ-
ത്തലയാൽത്താങ്ങി വണങ്ങി നിന്നെയെന്നായ്
അലസാക്ഷികൾ കാമനോടുണർത്തി
നലമെറും കുഴലിങ്കൽ മാല ചൂടി..       57

വളയുള്ള കരങ്ങളാർന്ന പെണ്ണിൻ
വളയും ഭ്രുലതകണ്ടു തൽ‌ഗൃഹത്തിൽ
വളരും കൊതിയാൽ വിടൻ കടന്നു
വളറും തോട്ടിയുമറ്റൊരാന പോലെ..       58

അരികത്തഭികാബ്ജനെത്തുമെന്നായ്
ത്വരിതം ദ്യോവുമകം തെളിഞ്ഞു മേന്മേൽ
പരിചോടു മുഖം മിനുക്കി മേനി-
ക്കരിമപ്പെട്ടൊരു താരഭൂഷ ചാർത്തി..       59

മുഴുതിങ്കളിനം‌ബരപ്രദേശ-
ത്തെഴുന്നള്ളത്തു പെരുത്തു മോടിയാവാൻ
പഴുതറ്റുഡുദീപയഷ്ടി വൻ മു-
ത്തെഴുമാദിത്യർ കൊളുത്തി നുറുലക്ഷം..       60

ഉര പൊങ്ങിന രാജവേഷമന്തി-
ത്തിര നീക്കി ദ്യുതമഭ്രരംഗഭുവിൽ
വരവേ വിനുധാഗ്ര്യരേകി മുറ്റും
വരപുഷ്പാഞ്ജലി താരകാമിഷത്താൽ..       61

കരയുന്നതിനങ്ങു ചക്രവാകം
സരസം ചന്ദ്രികയുണ്ണുവാൻ ചകോരം
പരമിപ്പതഗങ്ങൾ രണ്ടുമപ്പോൾ
വിരവിൽച്ചഞ്ചുപുടം തുറന്നു നിന്നു..       62

ഉടനെത്തി വിയത്തിലോമനപ്പു-
വുടലാൽ കാണികൾതൻ മനം മയക്കി.

[ 74 ]

കടലിൽക്കളിയാടിടുന്ന വിചീ-
മടവാർമുത്തിനു നട്ടുവൻ മൃഗാങ്കൻ.        63

പതിവാം കുടിലത്വമറ്റു രാത്രീ-
പാതി നൽകാന്തിയെഴും കലാകലാപം
പതിനാറുമണിഞ്ഞ തന്നിലുള്ളം
പതിയും ദ്യോവിനെ മേൽക്കുമേൽ പുണർന്നു.        64

വിലസൽസിതദീധിതിച്ഛ്ലത്താ-
ലലർബാണപ്രഭുവിൻ യശ:പ്രകാശം
നലമോടു പരത്തി നാട്ടിലെങ്ങും
ബലവാൻ തൽ ഭടനായകൻ ശശാങ്കൻ.        65

അമിതദ്യുതി ചന്ദ്രഹസമേന്തി-
ത്തിമിരത്തെക്കൊലചെയ്തൂ പർവരാത്രി,
സമിതിപ്രിയ ഭദ്രകാളി മുന്നം
നിമിഷത്താൽ മഹിഷാസുരേന്ദ്രനെപ്പോൽ .        66
 
തരുണർക്കു മനോഭവന്റെ നേർക്കു-
ള്ളോരു ഭക്തിസ്ഥിതി നോക്കി നിർണ്ണയിപ്പാൻ
വരുമിന്ദുമയൂഖചാരർ ജാലം
വിരുതിൽ ത്തേടിയകത്തണഞ്ഞു മന്ദം.        67

വിലയേറിന ചന്ദ്രകാന്തശയ്യാ -
തലമേറിക്കളിയാടിടും യുവാക്കൾ
ജലകേളി കൊതിച്ചു പോയിടായ്വാൻ
നലമോടായതു ചന്ദ്രനാർദ്രമാക്കി.        68

അവനീതനുവിന്നുദിച്ച ഭാസ്വൽ -
ഭാവമാമാതപതാപമോഷധീശൻ
ജവമോടു നിജാംശൂനാമമേന്തും
നവനീതം തടവി ക്ഷണത്തിൽ മാറ്റി.        69

വളരെദ്ദിനമായ്പ്പിരിഞ്ഞിരുന്നോ -
രിളയെശ്ശാരദപർവചന്ദ്രികാളി
അളവറ്റരികത്തണഞ്ഞു പുൽകൂ -
ന്നളവമ്മാനിനിതൻ മുഖം തെളിഞ്ഞു.        70

ഇനിയും വിവരിപ്പതില്ല ; മന്നിൽ -
ജ്ജനിയാർന്നുള്ള ജനത്തെയാകമാനം
കനിവാർന്നൊരു ചന്ദ്രനന്നു സൗഖ്യ -
പ്പനിനീർപ്പൊയ്കയിൽ മുക്കി നിന്നിരുന്നു.        71

ഉലകിന്ദുമയൂഖവാപിയിങ്കൽ -
ജ്ജലകേളിസ്പൃഹ കോലുമാക്ഷണത്തിൽ
ലലനാമണി വഞ്ചിറാണിതന്ന -
ഞ്ചലർമെയ്ക്കുട്ടികളായതിൽക്കളിച്ചു.        72

[ 75 ]

മണിയഞ്ചിനുമുൻപു ഭുക്തിചെയ്ത—
മ്മണിപോലുള്ള കുമാരരങ്കണത്തിൽ
അണിതിങ്കളിനുള്ള വെള്ളിനൂലും
പണിയും പാൽക്കതിരേറ്റുകൊണ്ടിരുന്നു.       73

സ്വമനസ്സുകണക്കു വെണ്മയേന്തും
ഹിമരുക്കിൻ പ്രഭകൾക്കു കായഭാസ്സാൽ
രമണീയത നൂറിരട്ടി കൂട്ടി—
ക്ഷമതൻ പുണ്യഫലങ്ങൾ കേളിയാടി.       74

ഒളിയും പിടിയും തുടങ്ങിയോരോ
കളി തേടിപ്പല നർമ്മവാക്യമോതി
കുളിരമ്പിളിയിൽ ദൃഗന്തമോടി—
ച്ചൊളിപൂണ്ടുള്ള കുമാരർ വാണിരുന്നു.       75

ജനനീമുഖരാം ജനങ്ങളെന്തോ
ജനനാഥാർഭകപഞ്ചകത്തിലപ്പോൾ
നിനവറ്റു വഷിച്ചു: കാലദോഷ—
ക്കനൽ കത്തുമ്പൊഴതിൽ ദഹിക്കുമാരും.       76

പരിചാരകരൊക്കെയും വിരോധി—
പ്പരിഷയ്ക്കുള്ള പണം കരസ്ഥമാക്കി
പരിണാഹിഗുണാർഭകർക്കു സാഹ്യം
പരിചിൽത്തീരെയണച്ചിടാതിരുന്നു.       77

വരുമിപ്പൊഴുതേട്ടനെന്നു ചിന്തി—
ച്ചരുമക്കുട്ടി കളങ്കണത്തിൽ നിൽക്കെ
ഒരു മർത്ത്യനണഞ്ഞു കൃഷ്ണസർപ്പം
കുരുവിക്കൂട്ടിനകം കടന്നപോലെ.       78

ഇള ചാർത്തിന രത്നപഞ്ചകത്തെ—
ക്കളവേറും രിപു രാമനാമമഠാഖ്യൻ
കളവാക്കുകളാൽ മയക്കി നിന്നാ,—
നിളമീൻകുഞ്ഞിനു ചൂണ്ടലെത്ര വേണം?       79

"തിരുമേനികൾ പൂനിലാവിലെന്താ—
ണരുളീടുന്നത്? കേളിയാടുവാനോ?
വരുവിൻ; തുണ ഞാനുമുണ്ടു; നമ്മൾ—
ക്കരുമത്തിങ്കളെ നല്ലപോലെ നോക്കാം.       80

ഇരവിങ്ങനെ മുന്നമില്ല; ചന്ദ്രൻ
വിരവിൽപ്പാരിതു പാലുപോലെയാക്കി;
പരമെന്തൊളിയാണു? കണ്ണിനുണ്ടോ
തരമിമ്മട്ടൊരു നല്ല കാഴ്ച കാണ്മാൻ?       81

ഇരുകാന്തി കലർന്ന വാനിൽ മിന്നു—
ന്നൊരു നക്ഷത്രമിതെത്ര കാണുമാവോ?

[ 76 ]

വരുവിൻ; തലപൊക്കിയൊക്കെ നോക്കാം;
വിരുതുള്ളോൻ വിധി; വിഷ്ടപം വിചിത്രം!       82

മലതൻ മകൾ മാലയിട്ട ദേവൻ
തലയിൽത്താങ്ങിടുമെന്റെ തമ്പുരാനെ!
പലനാളുകളിക്കിടാങ്ങളഞ്ചും
മലയാളത്തിനു മന്നരായിടട്ടെ.       83

ലയമറ്റൊരു രാജഭാ,സ്സനന്താ-
ലയവാസം, കൽ, വെണ്മ തൊട്ടതെല്ലാം
നിയമേന നിനക്കു മാത്രമല്ലി-
ജ്ജയമാളും തിരുമേനിമാർക്കുമില്ലേ?       84

മതിയായ നിനക്കു കൈയെടുക്കാം,
മതി ഞാണിൽക്കളി, താഴെ വന്നുചേർന്നാൽ
മതിശാലികൾ കൊച്ചുതമ്പുരാന്മാർ
മതിയാകുംപടി വേണ്ടതൊക്കെ നൽകും.       85

പകവിട്ടവരൊത്തു കേളിചെയ്താ-
ലകലും നിന്റെ കളങ്കമാകമാനം;
ശകലം ത്രപ വേണ്ട, തിങ്കളേ! വാ;
സകലം സത്സഹവാസസാദ്ധ്യമല്ലോ."       86

ഞൊടികൊണ്ടിതുമട്ടുരച്ചവർക്ക-
ക്കുടിലൻ പ്രത്യയപാത്രമായ് ഭവിച്ചു;
പൊടിയിട്ടു മയക്കിടുന്ന നാവി-
ന്നടിമപ്പെട്ടിടുമൂഴിയിങ്കലാരും.       87

ചതിയൻ ബത! വീണ്ടുമോതി: "നമ്മൾ-
ക്കിതിലും നല്ലൊരിടത്തിലേക്കു പോകാം;
ക്ഷിതി ചാർത്തിന പട്ടുപോലെ മിന്നും
മതി വർഷിപ്പൊരു പൂനിലാവിൽ മുങ്ങാം.       88

അരനാഴിക ദൂരമില്ല; ചെന്നാൽ-
ക്കരതിങ്ങിക്കവിയുന്ന വെള്ളമോടും
പരമുണ്ടൊരു രമ്യമാം തടാകം
ധരണിപ്പെണ്ണിനു ദർപ്പണംകണക്കെ.       89

അടിയന്റെ പഴങ്കിടാങ്ങൾ തൃക്കാൽ-
പ്പൊടിയെന്നും തലമേലണിഞ്ഞിടേണ്ടോർ
മടിയാതെയകമ്പടിക്കുകൂടി-
പ്പൊടിപാറ്റും വെടി; വേണ്ട കുത്തടിക്കും.       90

മലർ, പാ,ലവിൽ, സേവ, വത്സ,നപ്പം
പലമട്ടിൽപ്പഴമെന്നിതൊക്കെ മേണ്മേൽ
നിലവിട്ടിവിടത്തിലുണ്ടു, നാവിൽ-
ജ്ജലമൊന്നോർക്കുകിലൂറിടും വിധത്തിൽ.       91

[ 77 ]


കളവല്ലിവിടത്തിൽനിന്നു തൃക്കൈ-
വിളയാട്ടത്തിനു വേണ്ട കോപ്പശേഷം
ഇളമത്തിരുമേനികൾക്കെടുക്കാം;
കുളമെന്നാൽ കുളമല്ല കല്പവൃക്ഷം.       92

പൊളി ചൊല്ലുകയല്ല; രാമനാട്ടം,
കിളിയൻതട്ടു, മറിച്ചി,ലിന്ദ്രജാലം,
കളി വേറെയുമേറെയങ്ങു കാണാം;
നളിനിക്കുണ്ടു നവോത്സവം നടപ്പൂ.       93

കൊലകൊമ്പരൊരൻപതുണ്ടു തങ്ക-
ത്തലയിൽക്കെട്ടുമണിഞ്ഞു നിന്നിടുന്നു;
പലമാതിരി വാദ്യമുണ്ടു കേൾപ്പോർ
തലയാട്ടുന്നവിധം മുഴങ്ങിടുന്നു.       94

വരുവിൻ വരുവിൻ! മുറയ്ക്കു മുൻചെ-
ന്നൊരു നൽജ്യേഷ്ഠനുമമ്മതമ്പുരാനും
തിരുമേനികളെപ്പൊഴെത്തുമെന്നായ്-
ക്കരുതിക്കാത്തു കഴിച്ചിടുന്നു കാലം."       95

കളവാക്കിതു കേട്ടു, മേൽക്കളിപ്പാൻ
കുളമെന്നാഖ്യ ലഭിച്ച വാപിയിങ്കൽ
ഇളതൻ ഗളസൂത്രപഞ്ചകം പോയ്
വിളയാടുന്നതിനായ് നടന്നു മന്ദം.       96

കുനയാംബുധി രാമനാമഠം ത-
ത്തനയന്മാർ ചില ബാലരെത്തരത്തിൽ
ജനനായകർതൻ വയസ്യരാക്കി-
ഗ്ഘനസന്തുഷ്ടികലർന്നു പിൻതുടർന്നു.       97

കുറവറ്റ കളങ്കമുള്ളിലേന്തി-
പ്പുറമേ പുഞ്ചിരിതൂകുമക്കഠോരൻ
കറവിട്ട നിലാവൊടങ്കമാളും
നിറതിങ്കൾക്കൊരു തോഴനായ് വിളങ്ങി.       98

കമനീയഗുണം കലർന്ന ശീമ-
ക്കമലത്തിൽപ്പണിചെയ്തൊരാതപത്രം
ശ്രമമറ്റു പിടിച്ചു കൊച്ചു മന്നർ-
ക്കമലാഭ്രം ഹിമദീദിധിച്ഛലത്താൽ.       99

പ്രമുഖദ്യുതികൊണ്ടു യാമിനീശൻ
കുമുദാഭോഗമിയറ്റി രണ്ടുമട്ടിൽ,
സമുദഞ്ചിതദീപമദ്ധരിത്രീ-
നമുചിദ്വേഷി കുമാരകർക്കു കാട്ടി.       100

അതുമട്ടിനു തിങ്കളെന്ന വെള്ള-
പ്പുതുമത്താപ്പു തെളിഞ്ഞു കത്തിനില്ക്കേ

[ 78 ]

അതുലപ്രഭർ ബാലർ വാപിയെക്ക—
ണ്ടിതു വൈവസ്വതവക്ത്രമെന്നപോലെ.        101

വടിവൊത്ത തറയ്ക്കു നല്ല ശീമ—
സ്ഫടികക്കല്ലു പതിച്ചുവച്ചപോലെ
അടിയപ്പടി കാണുമാറു വാപീ—
മുടിമുക്താമണി മുറ്റുമന്നു മിന്നി.        102

ഒളിയാർന്ന വിയൽപ്പടത്തിനോമൽ—
ക്കുളിർക്കണ്ണാടിയിൽ മുടിയിട്ടപോലെ
നളിനീമണി, തന്നടിക്കു താരാ—
മിളിതാബ്ജാദിപദാർത്ഥമേന്തി മിന്നി.        103

ദിനവൃത്തി കഴിഞ്ഞു നിദ്രയിൽത്താൻ
നിനവായ് ശയ്യയണഞ്ഞവങ്കണക്കെ
അനഘപ്രഭമത്തടാകമേതും
സ്വനമില്ലാതെയനക്കമറ്റിരുന്നു.        104

ഇളക്കൊല്ല ഗഭീരരാകിലെന്നോ
വിളയാട്ടത്തിനതല്ല കാലമെന്നോ
ഇളതൻ വരരോടു നിശ്ചലസീ—
വിളയും വാപി കഥിച്ചപോലെ തോന്നി.        105

നളിനാനനമാകെ വാടിയോള—
ക്കളിവിട്ടതൽ മുഴുത്തു ചത്തമട്ടിൽ
കുളിർവാപി കുമാരർതന്നുദർക്കം
തെളിവായ്ക്കണ്ടതുപ്പൊൽ മയങ്ങി വാണു.        106

ഖലനെത്തി കരയ്ക്ക, വൻ തുടങ്ങും
പലദുഷ്കർമ്മവുമായതൊക്കെ നോക്കാൻ
ബലമില്ല മനസ്സിനെന്നുവച്ചോ
ജലഞന്തുക്കളകത്തു പോയ്മറഞ്ഞു?        107

അഗമങ്ങളനങ്ങിയില്ല ലേശം;
മൃഗവും പക്ഷിയുമൊച്ചവച്ചതില്ല;
ഗഗനത്തിന്നുമൂർവരയ്ക്കുമൊപ്പം
വിഗളത്തായ് ഢൃതിയെന്നപോലെ തോന്നി.       108

നൃവരാർഭകർ വാപി നോക്കിടുമ്പോ—
ളവർതന്നോലകൾ നോക്കി ചിത്രഗുപ്തൻ;
ജവമോടവർ നീറ്റിലേക്കിറങ്ങി
ദിവസേശാത്മജഭൂതർ ഭൂവിലേക്കും.       109

ഒളിയേന്തിടുമക്കിടാങ്ങളേയും
കുളിർത്തിങ്കൾക്കിയലും നിലാവിനേയും
നളിനം വിരിയാത്ത പൊയ്കയേയും
വെളിവിൽക്കണ്ടരി നീചനേവമോർത്താൻ:        110

[ 79 ]


‘ശിവനേ! മതിയായി; ശുദ്ധജീവ—
ച്ഛവമായ് ഞാൻ; തരമില്ല പോക്കു മുട്ടി;
ഇവരെത്തൊടുവാനെനിക്കു പറ്റി—
ല്ലിവരെന്നെക്കൊലചെയ്യു, മില്ല വാദം.        111

നവകൌമുദിയെന്ന കൈതവത്താ—
ലിവനെപ്പാർത്തു ഹസിച്ചിടുന്നു ചന്ദ്രൻ;
ലവവും ചലനം പെടാതെ പാർക്കും
പവനൻ ചേതസി ഭീതി നൽകിടുന്നു.        112

അരുതിപ്പണി, ശുദ്ധ വൈരമെന്നോർ—
ത്തൊരു മച്ചിത്തമുരച്ചു നോക്കിടുമ്പോൾ
പെരുവേനലിൽ മഞ്ഞുകട്ടിയെപ്പോ—
ലുരുകീടുന്നു; നിവൃത്തിയില്ല, ചുറ്റി.        113

ഇലപോലുമനങ്ങിടാത്തതാകും
നിലയേന്തി ക്ഷിതി ചിത്രതുല്യയാക്കി
വിലസും പ്രകൃതിക്കെഴും പ്രതാപം
ചലമാക്കുന്നു മദീയ ഹൃത്തുമാത്രം.        114

മടയർ‌ക്കണിമൌലി ശുദ്ധ പേടി—
ക്കുടലെന്നൊക്കെയുമെന്നെ വേണമെങ്കിൽ
സ്ഫുടമന്യർ ഹസിച്ചിടട്ടെ; പച്ച—
ച്ചുടലപ്പേയ്ക്കുമിതിന്നു കൈയറയ്ക്കും.        115

കുഴൽ നീണ്ടു ചുരുണ്ടിരുണ്ടഴിക്കെ—
ക്കഴൽ‌പറ്റിത്തറമേലിഴഞ്ഞിടുന്നു;
അഴകിൽക്കമലം കുളി‌ർപ്പുതുത്തേൻ
മഴപോൽ തൂമൊഴി തൂകിടുന്നു വക്ത്രം.        116

അളകങ്ങൾ കളിച്ചിടുന്ന നെറ്റി—
ക്കളരിത്തട്ടു വിയത്തിലന്തിയായാൽ
ഇളതാം കരികൊണ്ടൽ വന്നു മൂടും
വളർ‌തിങ്കൾപ്പൊളിപോൽ വിളങ്ങിടുന്നു.        117

വരിവണ്ടുകണക്കിരുണ്ടു രോമം
പെരികെത്തിങ്ങി വളഞ്ഞ ചില്ലിയോടും
അരിയോരു കുമാരകർക്കു കാതി—
ന്നരികോളം മിഴി നീണ്ടു കണ്ടിരുന്നു.        118

ഉരുകാന്തിയെഴും രദങ്ങളാകു—
ന്നൊരു താരങ്ങളെ നേർക്കു നോക്കിടുമ്പോൾ
ഇരുളൊക്കെയുമുള്ളിൽ നിന്നു നീങ്ങി—
പ്പുരുവേഗത്തൊടു കണ്ണിലെത്തിടുന്നു.        119

മുടിയട്ടെ മുടിഞ്ഞ,തീയിളഞ്ചെ—
ഞ്ചെടിതൊട്ടുള്ളവകോലുമാസ്യമഞ്ചും

[ 80 ]

  
മടിവിട്ടിവനുമ്മവയ്ക്കയല്ലോ-
തടിതട്ടി,ല്ലിവ കള്ളുകുപ്പിയല്ല.       120

ഇളതാം കുളിർകാറ്റടിച്ചിടുമ്പോ-
ളിളകും താളിനു പറ്റുമിഗ്ഗളങ്ങൾ
ഇള ചുട്ടുപൊടിക്കുമെന്റെ കൈവാൾ-
പ്പിളർ മിന്നൽ‌പ്പിണരേതുമട്ടു തിണ്ടും?.       121

കരമെങ്ങനെ കത്തിയോങ്ങുമോ? ഞാൻ
കരയാറാ,യിവർകാന്തിസാഗരത്തിൽ
കരവിട്ടു കടന്നിവന്റെ കണ്ണും
കരളും കട്ടു കളിച്ചിടുന്നുവല്ലോ.       122

ഇതി ചിന്തകളാർന്നു ഹന്ത! ദുഷ്ടൻ
മതിയിൽ ഭ്രാന്തുപിടിച്ചവൻ‌കണക്കെ
മതി, ബാലകർ, താൻ കുളം, സമീപ-
ക്ഷിതി, വാനെന്നിവ നോക്കി നോക്കി നിന്നാൻ.       123

തടവടൊരു വാസനാബലത്തോ-
ടിടയും മാനസസാക്ഷിയാൽ തദാനീം
സ്ഫുടമക്കുടിലന്റെ ഹൃത്തു മേക്ഷ-
പ്പടയിൽ ജംബുകമെന്നപോലെ തീർന്നു.       124

തിരുവുത്സവ,മട്ട,മാന കേളി-
ക്കരു വാദ്യം പലഹാരമിന്ദ്രജാലം
ഒരുവസ്തുവുമക്കുമാരർ കാണാ-
ഞ്ഞുരുവാം ശങ്കയൊടീവിധം കഥിച്ചു;       125

‘ഇനിയെത്ര നടന്നീടേണ,മയ്യോ!
തനിയേ പൊന്നതിനമ്മ തല്ലുമല്ലോ;
പനിയോ കുളിരോ പെടാതെയങ്ങേ-
ക്കനിവുണ്ടെങ്കിലുടൻ തിരിച്ചു പോകാം.       126

കണികാണ്മതിനില്ല കാഴ്ചയൊന്നും;
ഗുണിയാമേട്ടനൊടമ്മയെങ്ങിരിപ്പൂ?
മണി പത്തു കഴിഞ്ഞു; നൂനമേതോ
പണി പറ്റുന്നതുപോലെ തോന്നിടുന്നു.       127

വളരുന്നു ഭയം; കഴക്കു മുന്നോ-
ട്ടിളകാൻ വയ്യ; മിഴിക്കു മങ്ങൽ‌പറ്റി;
തളരുന്നു വിയർത്തു മെയ്; പെരുത്തുൾ-
ക്കളമൊടുന്നു; കിടാങ്ങളെന്തു കാട്ടും?.       128

മതി കാഴ്ച്ചകൾ കണ്ട,തമ്മ പോരു-
ന്നതിനായെന്തിനു താ‍മസിപ്പൂ ഞങ്ങൾ?
പതിവിൻ‌പടി ചെന്നുറഞ്ഞിടട്ടേ;
ചതി സാധുക്കൾ ശിശുക്കൾ പോര താങ്ങാൻ’.       129

[ 81 ]


മറിമായമശേഷമിന്നമട്ടെ—
ന്നറിയാതേവമുരച്ചരിക്കു നേരെ
ചെറിയൊരു കിടാങ്ങൾ ധാര തെല്ലും
മുറിയാതശ്രു വഴിഞ്ഞ കണ്ണയച്ചു.        130

കരുണത്വമൊടാസ്യമൊട്ടുയർത്തി—
പ്പെരുകും മാലൊടു മാൻ‌കിടാങ്ങൾപോലെ
മരുവും നൃപബാലരെ ശണം ഹൃ—
ത്തുരുകിക്കണ്ടരിയമ്പരന്നു നിന്നു.       131

‘കഴിയില്ലൊരു വസ്തു, വന്നതാകും
വഴിയേ ബാലരുമായ് തിരിച്ചുപോകാം?
പഴി കൂട്ടരൊടേൽക്കിലെന്തിനിക്കി—
ത്തൊഴിൽചെയ്‌വാൻ പണി’യെന്നവർ നിനച്ചു.       132

നൃപമാരണമഗ്നിസാക്ഷിയായ്ത്താൻ
ശപഥം ചെയ്തതു ചെറ്റു തെറ്റിയെന്നാൽ
കൃപവിട്ടിടുമഷ്ടരെന്നു പിന്നീ—
ടുപലംപോലെഴുമുള്ളിലോർത്തു പാപി:       133

‘ദുരിതം കൊലയെങ്കിലെ,ന്തതെല്ലാം
ശരി; ഞാനേറ്റതു ചെയ്കതന്നെ വേണം;
വരികില്ലൊരു തെറ്റെനിക്കു ചൊന്നാ—
ലെരിതീക്കുണ്ടിലെടുത്തു ചാടുവാനും.       134

ഒരു സംഗതിയൊന്നുചേർന്നുറച്ചാൽ
കരുതും ഞങ്ങളതന്നു തീർന്നുവെന്നായ്;
വിരുതുള്ളവരെട്ടുവീട,രീ ഞാ—
നൊരുവന്മാത്രമിവണ്ണമാകെയെന്നോ?       135

ഇതിലപ്പുറമുള്ള കൃത്യവും ഞാൻ
മതി ചെയ്യുന്നതിനെന്നു കൂട്ടരോർക്കെ
ഗതികെട്ടൊരു പെൺകിടാവുപോൽ പാർ‌—
പ്പതിനന്ത:കരണം കഥിച്ചിടുന്നോ?       136

കഥമിദ്ദയ, നല്ലകാര്യ,മെന്തോ
കഥ, ഞാനാ,രിവരാ,രിതെന്തു കഷ്ടം?
പ്രഥനം കൊലതൊട്ടവയ്ക്കു പാരിൽ
പ്രഥമൻ ഞാൻ പശുവെന്നു വന്നുപോയോ?       137

വിടുവിഡ്ഡി സദസ്സിൽ ഞാൻ വെറും കൈ—
യൊടു ചെന്നെത്തി മുരിക്കുപോലെ നിന്നാൽ
കൊടുംതാമസികൾക്കു ശീഘ്രമെന്മയ്—
ച്ചുടുചോരപ്പുതുകാപ്പി കൂട്ടരേകും.       138

അതിനല്ലിതുനാൾവരയ്ക്കുമോരോ
ചതിയും ദൌഷ്ട്യവുമഭ്യസിച്ചതീ ഞാൻ;

[ 82 ]

മതി ശങ്ക,യബദ്ധമെന്റെ കൈയാൽ
ക്ഷിതിപാലാർഭകർ ചത്തുതന്നെ പോട്ടെ.        139

മദിരേ! ജഠരത്തിൽ നീ നടത്തും
സദിരേവന്നുമണച്ചിടുന്നു സൗഖ്യം;
ഹൃദി നീ കനിയും ദിനം നിതാന്തം
സുദിനം മർത്യനു സൂക്ഷ്മതത്വമോർത്താൽ        140

മറയത്തു മറഞ്ഞു മാറി മായും
മറ മർത്യന്നരുളുന്ന മാലശേഷം;
പറയുന്നതുപോൽ പ്രവൃത്തിചെയ്‌‌വാൻ
തിറമുണ്ടാം ദൃഢമേതു ഭീരുവിന്നും        141

ധര മാനവർ നാകമെന്നു ചൊൽവാൻ
തമോടോപമൊടേകുമോമനേ! നീ
പരമാരെയുമിട്ടു മിക്കിടുന്നു
പരമാനന്ദപയഃപയോധിതന്നിൽ.        142

പലമട്ടഴൽ വാച്ച നാളമീയെൻ
നില മുട്ടാത്തതു നീനിമിത്തമല്ലോ;
നലമെട്ടു ഗൃഹത്തിനും വരുത്താൻ
ബലമൊട്ടല്ല നിനക്കു ജീവനാഥേ!        143

മലതൻ മകൾപോലുമിപ്പതിന്നാ-
ലുലകിന്നും പ്രസു! കുന്നിനേതു കുഞ്ഞോ?
കുലദൈവതമേ! തുണയ്ക്കു നീയി-
ത്തല താഴ്ത്തുന്നൊരു രാമനാമഠത്തേ.        144

അരികത്തു വരൂ! വിചാരവായ്പാർ-
ന്നെരിയും ഹൃത്തു സുധാഭിഷിക്തമാക്കൂ!
ത്വരിതം പടവെട്ടിയുള്ളിലൂള്ളോ-
രരി,യന്തഃകരണത്തിനന്തമേകൂ!        145

ഇതി ദുഷ്ടനവൻ നിനച്ചു ജീവ‌‌-
പ്രതിമം മദ്യമനല്പമുള്ളിലാക്കി
ക്ഷിതിപാർഭകമാരണം നടത്താൻ
മതിയിൽ ഭീതിവെടിഞ്ഞുറച്ചുരച്ചാൻ        146

'കരയേണ്ട, കുളത്തിനപ്പുറത്തേ-
ക്കരയിൽക്കാത്തരുളുന്നു തമ്പുരാട്ടി;
വിരവോടവിടത്തിലെത്തിവേണം
നിരവദ്യോത്സവഘോഷധാടി കാണ്മാൻ.        147

ഭയമെന്തിനു, നിങ്ങളെന്റെ തോളിൽ
ക്കയറിക്കൊള്ളുകിലൊറ്റയൊറ്റയായ് ഞാൻ.
അയഥാർത്ഥമുരയ്ക്കയല്ല, തോയാ‌‌‌‌-
ശയപാരത്തിലണയ്പനിക്ഷണത്തിൽ.        148

[ 83 ]


ചതുരാസ്യകരോരുദുര്യശസ്സിൻ
പുതുവിത്താപ്പുരുഷാദമൻ നയത്തിൽ.
ഇതുമട്ടവരോടുരച്ചു കാല-
ക്രതുവിന്നുള്ളൊരു കാപ്പുകെട്ടി നിന്നു       149

കുളം കടത്തുന്നൊരു കൈതവത്താൽ
ജളൻ ജലത്തിൽ ശിശുപഞ്ചകത്തെ
മിളന്മദം താഴ്ത്തി, രുജാർണ്ണവത്തി-
ലിളയ്ക്കകം വാഴ്വവർതന്മനസ്സും       150

വാപിക്കകം നൃപകുമാരരെ മുക്കി നിന്ന
പാപിക്കു ചിത്തമൊരു ലേശമലിഞ്ഞതില്ല
വേപിച്ചിടാതെ നിജ പുത്രരെ നീറ്റിനുള്ളിൽ-
ക്ഷേപിച്ചു പാർത്ത സുരശൈവലിനിക്കുപോലെ       151

ആരോമലാമൊരു സരസ്സിനു മദ്ധ്യഭാഗ-
ത്തോരോ കുമാരരെയുമൊറ്റതിരിച്ചു മുക്കി
ഹാ! രോദനത്തിനിളയെബ്‌ബത! പാത്രമാക്കി
സ്ഫാരോദ്ധതൻ നൃവരശത്രു കൃതാർത്ഥനായാൻ       152

'ഒരുവിധമവസാനം കണ്ടു ഞാൻ, വേണ്ടുകില്ലി-
പ്പെരുവഴി; മൃതി നൽകാൻ ചോര കാണാതെ പറ്റി;
ഒരുവനുമറിയില്ലെൻ കള്ളി; കൂട്ടർക്കു വായ്ക്കും
പുരുരസ,മിവനോളം ധന്യനായന്യനുണ്ടോ?       153

എന്നും മറ്റും നിനച്ചു, ഹൃദി ഭയമൊഴിവാ
നേറെ മദ്യം കഴിച്ചും
മുന്നു പിന്നും മറന്നും, മുഴുമതിയെ ഹഠാൽ-
പ്പോർക്കു നേർക്കാൻ വിളിച്ചും
ചിന്നും ഹാസം കലർന്നും, ചിലപൊഴുതിളമേൽ
വീണു, മപ്പാപി പിന്നീ-
ടന്നുന്മത്തൻകണക്കെസ്സുതരൊടുമൊരുമി-
ച്ചാത്മഗേഹം ഗമിച്ചാൻ       154

ഏഴാം സർഗ്ഗം സമാപ്തം

"https://ml.wikisource.org/w/index.php?title=ഉമാകേരളം/ഏഴാം_സർഗ്ഗം&oldid=71384" എന്ന താളിൽനിന്ന് ശേഖരിച്ചത്