പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ( നബിയേ, ) നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു.

2 നിനക്ക്‌ നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ ബോധനം നൽകപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു.

3 അല്ലാഹുവെ നീ ഭരമേൽപിക്കുകയും ചെയ്യുക. കൈകാര്യകർത്താവായി അല്ലാഹു തന്നെ മതി.

4 യാതൊരു മനുഷ്യന്നും അവൻറെ ഉള്ളിൽ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങൾ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവൻ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേർത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രൻമാരെ അവൻ നിങ്ങളുടെ പുത്രൻമാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങൾ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവൻ നേർവഴി കാണിച്ചുതരികയും ചെയ്യുന്നു.

5 നിങ്ങൾ അവരെ ( ദത്തുപുത്രൻമാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേർത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിൻറെ അടുക്കൽ ഏറ്റവും നീതിപൂർവ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങൾ അറിയില്ലെങ്കിൽ അവർ മതത്തിൽ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാൽ നിങ്ങൾ ചെയ്തു പോയതിൽ നിങ്ങൾക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങൾ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

6 പ്രവാചകൻ സത്യവിശ്വാസികൾക്ക്‌ സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിൻറെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവർ അന്യോന്യം അല്ലാഹുവിൻറെ നിയമത്തിൽ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതൽ അടുപ്പമുള്ളവരാകുന്നു. നിങ്ങൾ നിങ്ങളുടെ മിത്രങ്ങൾക്ക്‌ വല്ല ഉപകാരവും ചെയ്യുന്നുവെങ്കിൽ അത്‌ ഇതിൽ നിന്ന്‌ ഒഴിവാകുന്നു. അത്‌ വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടതാകുന്നു.

7 പ്രവാചകൻമാരിൽ നിന്ന്‌ തങ്ങളുടെ കരാർ നാം വാങ്ങിയ സന്ദർഭം ( ശ്രദ്ധേയമാണ്‌. ) നിൻറെ പക്കൽ നിന്നും നൂഹ്‌, ഇബ്രാഹീം, മൂസാ, മർയമിൻറെ മകൻ ഈസാ എന്നിവരിൽ നിന്നും ( നാം കരാർ വാങ്ങിയ സന്ദർഭം. ) ഗൗരവമുള്ള ഒരു കരാറാണ്‌ അവരിൽ നിന്നെല്ലാം നാം വാങ്ങിയത്‌.

8 അവന്‌ സത്യവാൻമാരോട്‌ അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാൻ വേണ്ടിയത്രെ അത്‌. സത്യനിഷേധികൾക്ക്‌ അവൻ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

9 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ കുറെ സൈന്യങ്ങൾ വരികയും, അപ്പോൾ അവരുടെ നേരെ ഒരു കാറ്റും, നിങ്ങൾ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദർഭത്തിൽ അല്ലാഹു നിങ്ങൾക്ക്‌ ചെയ്തു തന്ന അനുഗ്രഹം നിങ്ങൾ ഓർമിക്കുക. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു.

10 നിങ്ങളുടെ മുകൾ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവർ നിങ്ങളുടെ അടുക്കൽ വന്ന സന്ദർഭം. ദൃഷ്ടികൾ തെന്നിപ്പോകുകയും, ഹൃദയങ്ങൾ തൊണ്ടയിലെത്തുകയും, നിങ്ങൾ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച്‌ പോകുകയും ചെയ്തിരുന്ന സന്ദർഭം.

11 അവിടെ വെച്ച്‌ വിശ്വാസികൾ പരീക്ഷിക്കപ്പെടുകയും അവർ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.

12 നമ്മോട്‌ അല്ലാഹുവും അവൻറെ ദൂതനും വാഗ്ദാനം ചെയ്തത്‌ വഞ്ചനമാത്രമാണെന്ന്‌ കപടവിശ്വാസികളും ഹൃദയങ്ങളിൽ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദർഭം.

13 യഥ്‌രിബുകാരേ! നിങ്ങൾക്കു നിൽക്കക്കള്ളിയില്ല. അതിനാൽ നിങ്ങൾ മടങ്ങിക്കളയൂ. എന്ന്‌ അവരിൽ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദർഭം. ഞങ്ങളുടെ വീടുകൾ ഭദ്രതയില്ലാത്തതാകുന്നു എന്ന്‌ പറഞ്ഞു കൊണ്ട്‌ അവരിൽ ഒരു വിഭാഗം ( യുദ്ധരംഗം വിട്ടുപോകാൻ ) നബിയോട്‌ അനുവാദം തേടുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അവ ഭദ്രതയില്ലാത്തതല്ല. അവർ ഓടിക്കളയാൻ ഉദ്ദേശിക്കുന്നുവെന്ന്‌ മാത്രം.

14 അതിൻറെ ( മദീനയുടെ ) വിവിധ ഭാഗങ്ങളിലൂടെ ( ശത്രുക്കൾ ) അവരുടെ അടുത്ത്‌ കടന്നു ചെല്ലുകയും, എന്നിട്ട്‌ ( മുസ്ലിംകൾക്കെതിരിൽ ) കുഴപ്പമുണ്ടാക്കാൻ അവരോട്‌ ആവശ്യപ്പെടുകയുമാണെങ്കിൽ അവരത്‌ ചെയ്തു കൊടുക്കുന്നതാണ്‌. അവരതിന്‌ താമസം വരുത്തുകയുമില്ല. കുറച്ച്‌ മാത്രമല്ലാതെ.

15 തങ്ങൾ പിന്തിരിഞ്ഞ്‌ പോകുകയില്ലെന്ന്‌ മുമ്പ്‌ അവർ അല്ലാഹുവോട്‌ ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിൻറെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്‌.

16 ( നബിയേ, ) പറയുക: മരണത്തിൽ നിന്നോ കൊലയിൽ നിന്നോ നിങ്ങൾ ഓടിക്കളയുകയാണെങ്കിൽ ആ ഓട്ടം നിങ്ങൾക്ക്‌ പ്രയോജനപ്പെടുകയില്ല. അങ്ങനെ ( ഓടിരക്ഷപ്പെട്ടാലും ) അൽപമല്ലാതെ നിങ്ങൾക്ക്‌ ജീവിതസുഖം നൽകപ്പെടുകയില്ല.

17 പറയുക: അല്ലാഹു നിങ്ങൾക്ക്‌ വല്ല ദോഷവും വരുത്താൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ - അഥവാ അവൻ നിങ്ങൾക്ക്‌ വല്ല കാരുണ്യവും നൽകാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ - അല്ലാഹുവിൽ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കാൻ ആരാണുള്ളത്‌? തങ്ങൾക്ക്‌ അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവർ കണ്ടെത്തുകയില്ല.

18 നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട്‌ ഞങ്ങളുടെ അടുത്തേക്ക്‌ വരൂ എന്ന്‌ പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്‌. ചുരുക്കത്തിലല്ലാതെ അവർ യുദ്ധത്തിന്‌ ചെല്ലുകയില്ല.

19 നിങ്ങൾക്കെതിരിൽ പിശുക്ക്‌ കാണിക്കുന്നവരായിരിക്കും അവർ. അങ്ങനെ ( യുദ്ധ ) ഭയം വന്നാൽ അവർ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക്‌ കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകൾ കറങ്ങിക്കൊണ്ടിരിക്കും. എന്നാൽ ( യുദ്ധ ) ഭയം നീങ്ങിപ്പോയാലോ, ധനത്തിൽ ദുർമോഹം പൂണ്ടവരായിക്കൊണ്ട്‌ മൂർച്ചയേറിയ നാവുകൾ കൊണ്ട്‌ അവർ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാർ വിശ്വസിച്ചിട്ടില്ല. അതിനാൽ അല്ലാഹു അവരുടെ കർമ്മങ്ങൾ നിഷ്ഫലമാക്കിയിരിക്കുന്നു. അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.

20 സംഘടിതകക്ഷികൾ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ്‌ അവർ ( കപടൻമാർ ) വിചാരിക്കുന്നത്‌. സംഘടിതകക്ഷികൾ ( ഇനിയും ) വരികയാണെങ്കിലോ, ( യുദ്ധത്തിൽ പങ്കെടുക്കാതെ ) നിങ്ങളുടെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു കൊണ്ട്‌ ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കിൽ എന്നായിരിക്കും അവർ ( കപടൻമാർ ) കൊതിക്കുന്നത്‌. അവർ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവർ യുദ്ധം ചെയ്യുകയില്ല.

21 തീർച്ചയായും നിങ്ങൾക്ക്‌ അല്ലാഹുവിൻറെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തു വരുന്നവർക്ക്‌.

22 സത്യവിശ്വാസികൾ സംഘടിതകക്ഷികളെ കണ്ടപ്പോൾ ഇപ്രകാരം പറഞ്ഞു: ഇത്‌ അല്ലാഹുവും അവൻറെ ദൂതനും ഞങ്ങളോട്‌ വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവൻറെ ദൂതനും സത്യമാണ്‌ പറഞ്ഞിട്ടുള്ളത്‌. അതവർക്ക്‌ വിശ്വാസവും അർപ്പണവും വർദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.

23 സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷൻമാരുണ്ട്‌. ഏതൊരു കാര്യത്തിൽ അല്ലാഹുവോട്‌ അവർ ഉടമ്പടി ചെയ്തുവോ, അതിൽ അവർ സത്യസന്ധത പുലർത്തി. അങ്ങനെ അവരിൽ ചിലർ ( രക്ത സാക്ഷിത്വത്തിലൂടെ ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരിൽ ചിലർ ( അത്‌ ) കാത്തിരിക്കുന്നു. അവർ ( ഉടമ്പടിക്ക്‌ ) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.

24 സത്യവാൻമാർക്ക്‌ തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നൽകുവാൻ വേണ്ടി. അവൻ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കിൽ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാൻ വേണ്ടിയും. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

25 സത്യനിഷേധികളെ അവരുടെ ഈർഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവർ നേടിയില്ല. സത്യവിശ്വാസികൾക്ക്‌ അല്ലാഹു യുദ്ധത്തിൻറെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.

26 വേദക്കാരിൽ നിന്ന്‌ അവർക്ക്‌ ( സത്യനിഷേധികൾക്ക്‌ ) പിന്തുണ നൽകിയവരെ അവരുടെ കോട്ടകളിൽ നിന്ന്‌ അവൻ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളിൽ അവൻ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരിൽ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങൾ തടവിലാക്കുകയും ചെയ്യുന്നു.

27 അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങൾ ( മുമ്പ്‌ ) കാലെടുത്ത്‌ വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങൾക്കവൻ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

28 നബിയേ, നിൻറെ ഭാര്യമാരോട്‌ നീ പറയുക: ഐഹികജീവിതവും അതിൻറെ അലങ്കാരവുമാണ്‌ നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾ വരൂ! നിങ്ങൾക്ക്‌ ഞാൻ ജീവിതവിഭവം നൽകുകയും, ഭംഗിയായ നിലയിൽ ഞാൻ നിങ്ങളെ മോചിപ്പിച്ച്‌ അയച്ചുതരികയും ചെയ്യാം

29 അല്ലാഹുവെയും അവൻറെ ദൂതനെയും പരലോകഭവനത്തെയുമാണ്‌ നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ കൂട്ടത്തിൽ സദ്‌വൃത്തകളായിട്ടുള്ളവർക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.

30 പ്രവാചക പത്നിമാരേ, നിങ്ങളിൽ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവൾക്ക്‌ ശിക്ഷ രണ്ടിരട്ടിയായി വർദ്ധിപ്പിക്കപ്പെടുന്നതാണ്‌. അത്‌ അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാകുന്നു.

31 നിങ്ങളിൽ ആരെങ്കിലും അല്ലാഹുവോടും അവൻറെ ദൂതനോടും താഴ്മകാണിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുന്ന പക്ഷം അവൾക്ക്‌ അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നൽകുന്നതാണ്‌. അവൾക്ക്‌ വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

32 പ്രവാചക പത്നിമാരേ, സ്ത്രീകളിൽ മറ്റു ആരെപ്പോലെയുമല്ല നിങ്ങൾ. നിങ്ങൾ ധർമ്മനിഷ്ഠ പാലിക്കുന്നുവെങ്കിൽ നിങ്ങൾ ( അന്യരോട്‌ ) അനുനയ സ്വരത്തിൽ സംസാരിക്കരുത്‌. അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങൾ പറഞ്ഞു കൊള്ളുക.

33 നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്‌. നിങ്ങൾ നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത്‌ നൽകുകയും അല്ലാഹുവെയും അവൻറെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകൻറെ ) വീട്ടുകാരേ! നിങ്ങളിൽ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.

34 നിങ്ങളുടെ വീടുകളിൽ വെച്ച്‌ ഓതികേൾപിക്കപ്പെടുന്ന അല്ലാഹുവിൻറെ വചനങ്ങളും തത്വജ്ഞാനവും നിങ്ങൾ ഓർമിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

35 ( അല്ലാഹുവിന്‌ ) കീഴ്പെടുന്നവരായ പുരുഷൻമാർ, സ്ത്രീകൾ, വിശ്വാസികളായ പുരുഷൻമാർ, സ്ത്രീകൾ, ഭക്തിയുള്ളവരായ പുരുഷൻമാർ, സ്ത്രീകൾ, സത്യസന്ധരായ പുരുഷൻമാർ, സ്ത്രീകൾ, ക്ഷമാശീലരായ പുരുഷൻമാർ, സ്ത്രീകൾ വിനീതരായ പുരുഷൻമാർ, സ്ത്രീകൾ, ദാനം ചെയ്യുന്നവരായ പുരുഷൻമാർ, സ്ത്രീകൾ, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷൻമാർ, സ്ത്രീകൾ, തങ്ങളുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുന്നവരായ പുരുഷൻമാർ, സ്ത്രീകൾ, ധാരാളമായി അല്ലാഹുവെ ഓർമിക്കുന്നവരായ പുരുഷൻമാർ, സ്ത്രീകൾ - ഇവർക്ക്‌ തീർച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.

36 അല്ലാഹുവും അവൻറെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത്‌ കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവൻറെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു.

37 നിൻറെ ഭാര്യയെ നീ നിൻറെ അടുത്ത്‌ തന്നെ നിർത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദർഭം ( ഓർക്കുക. ) അല്ലാഹു വെളിപ്പെടുത്താൻ പോകുന്ന ഒരു കാര്യം നിൻറെ മനസ്സിൽ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാൽ നീ പേടിക്കുവാൻ ഏറ്റവും അർഹതയുള്ളവൻ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളിൽ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോൾ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രൻമാർ അവരുടെ ഭാര്യമാരിൽ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തിൽ സത്യവിശ്വാസികൾക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാൻ വേണ്ടിയത്രെ അത്‌. അല്ലാഹുവിൻറെ കൽപന പ്രാവർത്തികമാക്കപ്പെടുന്നതാകുന്നു.

38 തനിക്ക്‌ അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തിൽ പ്രവാചകന്‌ യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ളവരിൽ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിൻറെ കൽപന ഖണ്ഡിതമായ ഒരു വിധിയാകുന്നു.

39 അതായത്‌ അല്ലാഹുവിൻറെ സന്ദേശങ്ങൾ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള ( അല്ലാഹുവിൻറെ നടപടി. ) കണക്ക്‌ നോക്കുന്നവനായി അല്ലാഹു തന്നെ മതി.

40 മുഹമ്മദ്‌ നിങ്ങളുടെ പുരുഷൻമാരിൽ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിൻറെ ദൂതനും പ്രവാചകൻമാരിൽ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

41 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും,

42 കാലത്തും വൈകുന്നേരവും അവനെ പ്രകീർത്തിക്കുകയും ചെയ്യുവിൻ.

43 അവൻ നിങ്ങളുടെ മേൽ കരുണ ചൊരിയുന്നവനാകുന്നു. അവൻറെ മലക്കുകളും ( കരുണ കാണിക്കുന്നു. ) അന്ധകാരങ്ങളിൽ നിന്ന്‌ നിങ്ങളെ വെളിച്ചത്തിലേക്ക്‌ ആനയിക്കുന്നതിന്‌ വേണ്ടിയത്രെ അത്‌. അവൻ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാകുന്നു.

44 അവർ അവനെ കണ്ടുമുട്ടുന്ന ദിവസം അവർക്കുള്ള അഭിവാദ്യം സലാം ആയിരിക്കും.അവർക്കവൻ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.

45 നബിയേ, തീർച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാർത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട്‌ നിയോഗിച്ചിരിക്കുന്നു.

46 അല്ലാഹുവിൻറെ ഉത്തരവനുസരിച്ച്‌ അവങ്കലേക്ക്‌ ക്ഷണിക്കുന്നവനും, പ്രകാശം നൽകുന്ന ഒരു വിളക്കും ആയിക്കൊണ്ട്‌.

47 സത്യവിശ്വാസികൾക്ക്‌ അല്ലാഹുവിങ്കൽ നിന്ന്‌ വലിയ ഔദാര്യം ലഭിക്കാനുണ്ട്‌ എന്ന്‌ നീ അവരെ സന്തോഷവാർത്ത അറിയിക്കുക.

48 സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിച്ചു പോകരുത്‌. അവരുടെ ദ്രോഹം നീ അവഗണിക്കുകയും, അല്ലാഹുവെ ഭരമേൽപിക്കുകയും ചെയ്യുക. കൈകാര്യകർത്താവായി അല്ലാഹു തന്നെ മതി.

49 സത്യവിശ്വാസികളേ, നിങ്ങൾ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട്‌ നിങ്ങളവരെ സ്പർശിക്കുന്നതിന്‌ മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താൽ നിങ്ങൾ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവർക്കു നിങ്ങളോടില്ല. എന്നാൽ നിങ്ങൾ അവർക്ക്‌ മതാഅ്‌ നൽകുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക.

50 നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിൻറെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തിൽ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തിൽ നിൻറെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിൻറെ പിതൃവ്യൻറെ പുത്രിമാർ, നിൻറെ പിതൃസഹോദരിമാരുടെ പുത്രിമാർ, നിൻറെ അമ്മാവൻറെ പുത്രിമാർ, നിൻറെ മാതൃസഹോദരിമാരുടെ പുത്രിമാർ എന്നിവരെയും ( വിവാഹം ചെയ്യാൻ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകൾ ഉടമപ്പെടുത്തിയവരുടേയും കാര്യത്തിൽ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാൻ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

51 അവരിൽ നിന്ന്‌ നീ ഉദ്ദേശിക്കുന്നവരെ നിനക്ക്‌ മാറ്റി നിർത്താം. നീ ഉദ്ദേശിക്കുന്നവരെ നിൻറെ അടുക്കലേക്ക്‌ അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിർത്തിയവരിൽ നിന്ന്‌ വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കിൽ നിനക്ക്‌ കുറ്റമില്ല. അവരുടെ കണ്ണുകൾ കുളിർക്കുവാനും, അവർ ദുഃഖിക്കാതിരിക്കുവാനും, നീ അവർക്ക്‌ നൽകിയതിൽ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാർഗമാകുന്നു അത്‌. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ അല്ലാഹു അറിയുന്നു. അല്ലാഹു സർവ്വജ്ഞനും സഹനശീലനുമാകുന്നു.

52 ഇനിമേൽ നിനക്ക്‌ ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവാദമില്ല. ഇവർക്ക്‌ പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൗന്ദര്യം നിനക്ക്‌ കൗതുകം തോന്നിച്ചാലും ശരി. നിൻറെ വലതുകൈ ഉടമപ്പെടുത്തിയവർ ( അടിമസ്ത്രീകൾ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

53 സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങൾക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളിൽ നിങ്ങൾ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങൾ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങൾ ക്ഷണിക്കപ്പെട്ടാൽ നിങ്ങൾ കടന്ന്‌ ചെല്ലുക. നിങ്ങൾ ഭക്ഷണം കഴിച്ചാൽ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങൾ വർത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീർച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാൽ നിങ്ങളോട്‌ ( അത്‌ പറയാൻ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിൻറെ കാര്യത്തിൽ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങൾ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങളവരോട്‌ മറയുടെ പിന്നിൽ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിൻറെ ദൂതന്‌ ശല്യമുണ്ടാക്കാൻ നിങ്ങൾക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിൻറെ ഭാര്യമാരെ നിങ്ങൾ വിവാഹം കഴിക്കാനും പാടില്ല. തീർച്ചയായും അതൊക്കെ അല്ലാഹുവിങ്കൽ ഗൗരവമുള്ള കാര്യമാകുന്നു.

54 നിങ്ങൾ എന്തെങ്കിലും വെളിപ്പെടുത്തുകയാണെങ്കിലും അത്‌ മറച്ചു വെക്കുകയാണെങ്കിലും തീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

55 ആ സ്ത്രീകൾക്ക്‌ തങ്ങളുടെ പിതാക്കളുമായോ, പുത്രൻമാരുമായോ, സഹോദരൻമാരുമായോ, സഹോദരപുത്രൻമാരുമായോ, സഹോദരീ പുത്രൻമാരുമായോ, തങ്ങളുടെ കൂട്ടത്തിൽപെട്ട സ്ത്രീകളുമായോ, തങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന്‌ വിരോധമില്ല. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

56 തീർച്ചയായും അല്ലാഹുവും അവൻറെ മലക്കുകളും നബിയോട്‌ കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങൾ അദ്ദേഹത്തിൻറെ മേൽ ( അല്ലാഹുവിൻറെ ) കാരുണ്യവും ശാന്തിയുമുണ്ടാകാൻ പ്രാർത്ഥിക്കുക.

57 അല്ലാഹുവെയും അവൻറെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവർക്കുവേണ്ടി അപമാനകരമായ ശിക്ഷ അവൻ ഒരുക്കിവെച്ചിട്ടുമുണ്ട്‌.

58 സത്യവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും അവർ ( തെറ്റായ ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്‌.

59 നബിയേ, നിൻറെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക: അവർ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

60 കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളിൽ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച്‌ മദീനയിൽ കുഴപ്പം ഇളക്കിവിടുന്നവരും ( അതിൽ നിന്ന്‌ ) വിരമിക്കാത്ത പക്ഷം അവർക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവർക്ക്‌ നിൻറെ അയൽവാസികളായി അൽപം മാത്രമേ അവിടെ കഴിക്കാനൊക്കൂ.

61 അവർ ശാപം ബാധിച്ച നിലയിലായിരിക്കും. എവിടെ വെച്ച്‌ കണ്ടുമുട്ടിയാലും അവർ പിടിക്കപ്പെടുകയും, കൊന്നൊടുക്കപ്പെടുകയും ചെയ്യും.

62 മുമ്പ്‌ കഴിഞ്ഞുപോയവരുടെ കാര്യത്തിൽ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിൻറെ നടപടിക്രമത്തിന്‌ യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല.

63 ജനങ്ങൾ അന്ത്യസമയത്തെപ്പറ്റി നിന്നോട്‌ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ്‌ അല്ലാഹുവിങ്കൽ മാത്രമാകുന്നു. നിനക്ക്‌ ( അതിനെപ്പറ്റി ) അറിവുനൽകുന്ന എന്തൊന്നാണുള്ളത്‌? അന്ത്യസമയം ഒരു വേള സമീപസ്ഥമായിരിക്കാം.

64 തീർച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവർക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

65 എന്നെന്നും അവരതിൽ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവർ കണ്ടെത്തുകയില്ല.

66 അവരുടെ മുഖങ്ങൾ നരകത്തിൽ കീഴ്മേൽ മറിക്കപ്പെടുന്ന ദിവസം. അവർ പറയും: ഞങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ!

67 അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളുടെ നേതാക്കൻമാരെയും പ്രമുഖൻമാരെയും അനുസരിക്കുകയും, അങ്ങനെ അവർ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌.

68 ഞങ്ങളുടെ രക്ഷിതാവേ, അവർക്ക്‌ നീ രണ്ടിരട്ടി ശിക്ഷ നൽകുകയും അവർക്ക്‌ നീ വൻ ശാപം ഏൽപിക്കുകയും ചെയ്യണമേ ( എന്നും അവർ പറയും. )

69 സത്യവിശ്വാസികളേ, നിങ്ങൾ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്‌. എന്നിട്ട്‌ അല്ലാഹു അവർ പറഞ്ഞതിൽ നിന്ന്‌ അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിൻറെ അടുക്കൽ ഉൽകൃഷ്ടനായിരിക്കുന്നു.

70 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക്‌ പറയുകയും ചെയ്യുക.

71 എങ്കിൽ അവൻ നിങ്ങൾക്ക്‌ നിങ്ങളുടെ കർമ്മങ്ങൾ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങൾ അവൻ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവൻറെ ദൂതനെയും ആർ അനുസരിക്കുന്നുവോ അവൻ മഹത്തായ വിജയം നേടിയിരിക്കുന്നു.

72 തീർച്ചയായും നാം ആ വിശ്വസ്ത ദൗത്യം ( ഉത്തരവാദിത്തം ) ആകാശങ്ങളുടെയും ഭൂമിയുടെയും പർവ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാൽ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക്‌ പേടി തോന്നുകയും ചെയ്തു. മനുഷ്യൻ അത്‌ ഏറ്റെടുത്തു. തീർച്ചയായും അവൻ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.

73 കപടവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളേയും, ബഹുദൈവവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാനും, സത്യവിശ്വാസികളായ പുരുഷൻമാരുടെയും, സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുവാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/അഹ്സാബ്&oldid=52291" എന്ന താളിൽനിന്ന് ശേഖരിച്ചത്